നഷ്ടത്തിന്റെ കൃഷിപാഠങ്ങള്‍

അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കാതെ വരുന്നു എന്നതുതൊട്ട് മണ്ണും കിടപ്പാടവും നഷ്ടമാകുന്നതില്‍ വരെ സാധാരണ മനുഷ്യരുടെ അനുഭവങ്ങള്‍ എത്തിനില്‍ക്കുന്നു
നഷ്ടത്തിന്റെ കൃഷിപാഠങ്ങള്‍

കാടുകളില്‍ തലമുറകളായി കഴിയുന്നവനും കടലോരം മീന്‍പിടിച്ചു കഴിയുന്നവനും കാടോരം കൃഷിചെയ്തു ജീവിക്കുന്നവനും മണ്ണുഴുതു വിത്തിട്ടു വിളകൊയ്തു കഴിയുന്നവനും നാട്ടിലും നഗരത്തിലും അദ്ധ്വാനം വിറ്റു ജീവിക്കുന്നവനും കൊവിഡിനും ഏറെ മുന്‍പേതന്നെ കമ്പോളവല്‍ക്കരണം എന്ന മഹാമാരി സമൂഹത്തെ ബാധിച്ച നാളുകള്‍ തൊട്ട് അനുഭവിക്കുന്ന പ്രതിസന്ധി അതിജീവനത്തിന്റേതാണ്. അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കാതെ വരുന്നു എന്നതുതൊട്ട് മണ്ണും കിടപ്പാടവും നഷ്ടമാകുന്നതില്‍ വരെ സാധാരണ മനുഷ്യരുടെ അനുഭവങ്ങള്‍ എത്തിനില്‍ക്കുന്നു. ഇന്ത്യന്‍ ജനതയില്‍ 65 ശതമാനവും ഉപജീവനത്തിനായി ആശ്രയിക്കുന്നത് കാര്‍ഷികവേലയെയാണ് എന്നറിയുമ്പോള്‍ നമ്മുടെ ജീവിതപ്രതിസന്ധി എത്ര ഭീതിദമായിരിക്കും എന്നാലോചിക്കണം.

സാമ്പത്തികരംഗത്തെ അഴിച്ചുപണികളുടേയും ആഗോളക്കരാറുകളുടേയുമെല്ലാം ആഘാതം ആത്യന്തികമായി ഏറ്റുവാങ്ങുന്ന വിഭാഗമാണ് നമ്മുടെ കൃഷിക്കാര്‍. തീര്‍ച്ചയായും അവരുടെ അവസ്ഥ ഇന്ന് ഇതര ദുര്‍ബ്ബല വിഭാഗങ്ങളുടേതിനു സമാനമാണ്. കാര്‍ഷികോല്പന്നത്തിനു കൃഷിക്കാരനു കിട്ടുന്ന വില ഉല്പാദനച്ചെലവിനേക്കാള്‍ ഏറെ താഴെയാണ് എന്നതുതൊട്ടു വിയര്‍പ്പൊഴുക്കി നട്ടുനനച്ചുണ്ടാക്കുന്ന വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരുന്നു എന്നതുവരെ കൃഷിക്കാരന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്.

''കൃഷിക്കാരന് അവന്റെ ഉല്പന്നത്തിന് ന്യായവില കിട്ടണം എന്നത് കാലാകാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ആവശ്യമാണ്. ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നത് കൃഷിക്കാരന് വിളയുടെ ഉല്പാദനച്ചെലവിനേക്കാള്‍ ഒന്നര ഇരട്ടിയെങ്കിലും വില ലഭിക്കേണ്ടതുണ്ട് എന്നാണ്. എന്നാല്‍, മിക്കപ്പോഴും കൃഷിക്കാരന് ഉല്പാദനച്ചെലവിനു താഴെയാണ് വിലയായി കിട്ടുന്നത് എന്നതാണ് അനുഭവം.'' തോമസ് ചാഴിക്കാടന്‍ എം.പി പറയുന്നു. ഉദാഹരണത്തിന് റബ്ബര്‍ ഒരു കിലോ ഉല്പാദിപ്പിക്കാന്‍ 172 രൂപ ചെലവു വരുമ്പോള്‍ മേല്‍പ്പറഞ്ഞ കണക്കുകൂട്ടല്‍ അനുസരിച്ചാണെങ്കില്‍ ന്യായവിലയായി 280 രൂപയെങ്കിലും കിട്ടേണ്ടതാണ്. എന്നാല്‍ ഇന്ന് കൃഷിക്കാരനു കിട്ടുന്നതാകട്ടെ, 120-ഓ 130-ഓ രൂപയും. കേരളത്തില്‍ കരക്കൃഷികളില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കൃഷി ചെയ്യപ്പെടുന്നവയില്‍ ഒന്നാണ് റബ്ബര്‍ എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ കര്‍ഷക ജനസാമാന്യത്തിന്റെ പരിതാപകരമായ അവസ്ഥ ബോധ്യപ്പെടും.

''റബ്ബറിന്റെ വിലത്തകര്‍ച്ച സാരമായി ബാധിച്ചിട്ടുള്ള കോട്ടയം ജില്ലയില്‍ സ്ഥിതിഗതി കൂടുതല്‍ ഗുരുതരമാണ്. ഭരണാധികാരികളുടെ സത്വരശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.'' ചാഴിക്കാടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കാലാകാലങ്ങളില്‍ കാര്‍ഷികോല്പന്നങ്ങളുടെ വിലകളില്‍ ചാഞ്ചാട്ടം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഗവണ്‍മെന്റുകള്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ചും സബ്‌സിഡികള്‍ നല്‍കിയുമാണ് സാധാരണഗതിയില്‍ കര്‍ഷകനെ സഹായിച്ചു പോരാറുള്ളത്. എന്നാല്‍, നവ ഉദാരവല്‍ക്കരണത്തിന്റെ വരവോടെ ഗവണ്‍മെന്റുകളുടെ റോളുകളില്‍ മാറ്റം വന്നു. ക്രമസമാധാനപാലനം, അതിര്‍ത്തി സംരക്ഷണം, വ്യവസായ നടത്തിപ്പിനു സൗകര്യം ചെയ്തു കൊടുക്കല്‍ എന്നീ മൂന്നു കാര്യങ്ങളിലൊതുങ്ങണം ഗവണ്‍മെന്റിന്റെ ചുമതലകള്‍ എന്നതായി മുദ്രാവാക്യം. തുടര്‍ന്ന് കാര്‍ഷികമേഖലയോടും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ജനസമൂഹങ്ങളോടുമുള്ള സമീപനത്തിലും വലിയ മാറ്റങ്ങളുണ്ടായി. സബ്‌സിഡികള്‍ വെട്ടിച്ചുരുക്കുകയോ സബ്‌സിഡി വിതരണം ടാര്‍ഗറ്റഡ് സബ്‌സിഡി സമ്പ്രദായത്തിലേക്കു മാറുകയോ ചെയ്തു. കൃഷിക്കാരനു നല്‍കുന്ന സഹായങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ മാത്രം പ്രദര്‍ശിപ്പിക്കപ്പെടുന്ന ഔദാര്യ പ്രകടനങ്ങള്‍ മാത്രമായി മാറി.

കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കി എന്നതായിരുന്നു ആദ്യ രണ്ടു വര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലുണ്ടാക്കിയ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ ഒരു സംഗതി. എന്നാല്‍, 2018-ലേയും 2019-ലേയും പ്രളയവും ഉരുള്‍പൊട്ടലുകളും കാര്‍ഷികമേഖലയിലും വലിയ നാശനഷ്ടമാണ് വിതച്ചത്. 2018-ലെ പ്രകൃതിക്ഷോഭങ്ങള്‍ക്കുശേഷം കേരളത്തില്‍ കര്‍ഷക ആത്മഹത്യകളെ സംബന്ധിച്ച വാര്‍ത്തകള്‍ വീണ്ടും പത്രങ്ങളില്‍ വന്നുതുടങ്ങി. അന്നത്തെ പ്രളയത്തില്‍ 116,000-ത്തിലേറെ ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചുവെന്നാണ് സംസ്ഥാന കൃഷിവകുപ്പിന്റെ കണക്ക്. 19,000 കോടി രൂപയുടെ കൃഷിനാശമുണ്ടായതായും പറയുന്നു. തൊട്ടടുത്ത വര്‍ഷം കാലവര്‍ഷം ശക്തിപ്പെട്ട മാസങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. കൃഷിനാശം വ്യാപകമായി ഉണ്ടായി. എന്നാല്‍, വേണ്ട രീതിയില്‍ സര്‍ക്കാരുകളുടെ പക്ഷത്തു നിന്നു സഹായം ഉണ്ടായില്ലെന്നു മാത്രമല്ല, കര്‍ഷകരുടെ അവസ്ഥ കൊവിഡിന്റെ വരവോടെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലാവുകയും ചെയ്തു. സംഭരണ വിലയും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും സമയത്തു ലഭിക്കാതെ വന്ന നെല്‍ക്കൃഷിക്കാരുടെ കഷ്ടപ്പാടുകള്‍ തുടര്‍ക്കഥയായി.

റബ്ബര്‍ കൃഷിക്കാരനെ സഹായിക്കാനാണെങ്കില്‍ വില സ്ഥിരതാ ഫണ്ട് എന്നൊരു സംവിധാനമുണ്ട്. റബ്ബര്‍ ബോര്‍ഡ് ദിവസവും പ്രഖ്യാപിക്കുന്ന മാര്‍ക്കറ്റ് വിലയും അടിസ്ഥാന വിലയായി കണക്കാക്കിയിട്ടുള്ള 150 രൂപയും തമ്മിലുള്ള അന്തരം സബ്‌സിഡിയായി ഈ ഫണ്ടില്‍നിന്നാണ് കൃഷിക്കാര്‍ക്ക് നല്‍കിപ്പോരുന്നത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സബ്‌സിഡി മുടങ്ങി. കൊവിഡും ലോക്ഡൗണും കണ്‍ടെയ്ന്‍മെന്റ് നടപടികളും നിമിത്തം റബ്ബര്‍ വില്പനയും അവതാളത്തിലായി. സംസ്ഥാന ഗവണ്‍മെന്റിന്റെ റബ്ബര്‍ ഉല്പാദന പ്രോത്സാഹന പദ്ധതി അനുസരിച്ച് ഈ വര്‍ഷം മെയ് വരെയുള്ള കര്‍ഷകരുടെ ബില്ലുകളിന്മേല്‍ ആകെ 100 കോടി രൂപ സബ്‌സിഡിയിനത്തില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്. എന്നാല്‍, ഇനിയും അതു കിട്ടാത്തവരുണ്ടെന്നാണ് പരാതി.

റബ്ബര്‍ ഇറക്കുമതിയിലുണ്ടായ ക്രമാതീതമായ വര്‍ദ്ധന നിമിത്തം ആഭ്യന്തരവിപണിയില്‍ വിലയിടിവുണ്ടായി. റബ്ബറിന്റെ വില 120-130 രൂപ എന്ന നിലയിലാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ റബ്ബറിന്റെ ഡിമാന്റിലും അന്തര്‍ദ്ദേശീയ വിലയിലും ഇടിവുണ്ടായിരിക്കുന്നു. ഒരുകാലത്ത് റബ്ബര്‍ വില 250 രൂപയോളമായിരുന്നു. അന്ന് ചെറുകിട കര്‍ഷകരുടെ ജീവിതവും മെച്ചപ്പെട്ടിരുന്നു. പുതിയ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും മികച്ച തൊഴിലുകള്‍ കണ്ടെത്താനുമൊക്കെ റബ്ബര്‍ക്കൃഷി അവരെ സഹായിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ചിത്രമാകെ മാറി.

കാര്‍ഷികമേഖലയില്‍ കുത്തകകളുടെ പാട്ടക്കൃഷിക്ക് അവസരം പാര്‍ത്തിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് റബ്ബറുള്‍പ്പെടെയുള്ള നാണ്യവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാനോ കര്‍ഷകര്‍ക്കു മാന്യമായ ഉല്പന്ന വില ഉറപ്പുവരുത്താനോ ഒരു നീക്കവും നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ഇതിനിടയില്‍ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ റബ്ബര്‍ ബോര്‍ഡിനുള്ള സാമ്പത്തിക സഹായത്തില്‍ 40 ശതമാനം വെട്ടിക്കുറവാണ് കേന്ദ്ര ഗവണ്‍മെന്റ് വരുത്തിയത്. ആവര്‍ത്തന, പുതു കൃഷിക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡി ഇതോടെ നിലയ്ക്കുകയാണ്. ''ഇറക്കുമതിയുടേയും മറ്റും മേല്‍ റബ്ബര്‍ ബോര്‍ഡിന് ഉണ്ടായിരുന്ന ഉപദേശ അധികാരംപോലും ഇല്ലാതാക്കുന്നതിനുവേണ്ടി റബ്ബര്‍ ബോര്‍ഡ് നിയമം തന്നെ പൊളിച്ചെഴുതാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രം. റബര്‍ സെസ് ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡില്‍നിന്നും കിട്ടുന്ന സബ്‌സിഡിയും മറ്റും ഇല്ലാതാകും. ഇതുകൊണ്ടൊന്നും തൃപ്തി വരാതെ റബ്ബര്‍ ബോര്‍ഡിനുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചിരിക്കുകയാണ്. റബ്ബര്‍ ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം ശോഷിക്കുന്നത് ബോര്‍ഡിന്റെ കാര്യക്ഷമതയേയും ബാധിച്ചിട്ടുണ്ട്'' -തോമസ് ഐസക് പറയുന്നു.

ഇതിനിടയില്‍ 1947-ലെ റബ്ബര്‍ ആക്ട് റദ്ദാക്കാനും നീക്കം നടക്കുന്നു. റബ്ബറിനു പ്രത്യേക പരിരക്ഷ നല്‍കുന്ന 1947-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ റബ്ബര്‍ ആക്ടിനു നിരവധി ഭേദഗതികള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്.
 
റബ്ബര്‍ ആക്ട് റദ്ദാക്കിയാല്‍ വില, വാണിജ്യം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കുമേല്‍ എന്തെങ്കിലും നിയന്ത്രണമോ മേല്‍നോട്ടമോ ഉണ്ടാവില്ല. റബ്ബര്‍ മേഖലയില്‍ കൃഷി, വ്യാപാരം, കയറ്റുമതി എന്നിവയ്‌ക്കൊന്നും ഇനി പ്രത്യേകമായ ലൈസന്‍സും ആവശ്യമായി വരികയില്ല. അതതു ദിവസത്തെ റബ്ബര്‍ വിലയോ വാര്‍ഷിക ഉല്പാദനമോ ഇറക്കുമതി, കയറ്റുമതി നിരക്കോ ഒന്നും പുറത്തറിയില്ല. റബ്ബര്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന റബ്ബര്‍ ബോര്‍ഡ് എന്ന സംവിധാനം തന്നെ ഇല്ലാതാകുമ്പോള്‍ ഈ മേഖലയില്‍ ഇനി മുതല്‍ ഗവേഷണം, സബ്‌സിഡി, കൃഷി വ്യാപനം, സാങ്കേതിക സഹായം എന്നിവയൊന്നുമുണ്ടാകില്ല. അവശ്യ സാഹചര്യത്തില്‍ റബ്ബറിനു തറവിലയോ താങ്ങുവിലയോ നിശ്ചയിക്കാനുള്ള സാധ്യതയും ഇല്ലാതാകും.

ഇതോടെ പത്തരലക്ഷം വരുന്ന റബ്ബര്‍ കര്‍ഷകരുടെ ജീവിതവും പന്ത്രണ്ടു സംസ്ഥാനങ്ങളിലെ റബ്ബര്‍ കൃഷിയുമാണ് കൂടുതല്‍ അവതാളത്തിലാകാന്‍ പോകുന്നത്. മുന്‍പും റബ്ബര്‍ ആക്ട് റദ്ദാക്കാന്‍ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. അന്നെല്ലാം ശക്തമായ ചെറുത്തുനില്‍പ്പ് കര്‍ഷക-രാഷ്ട്രീയ സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടായതിനെത്തുടര്‍ന്ന് അവയില്‍നിന്നും അധികാരികള്‍ പിന്തിരിയുകയായിരുന്നു. തൊഴില്‍ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും വിദ്യാഭ്യാസനയവും കൊവിഡിന്റെ മറവില്‍ മാറ്റിത്തീര്‍ത്തതുപോലെ റബ്ബര്‍ ആക്ട് ഇല്ലാതാക്കുന്നതുപോലുള്ള കര്‍ഷകവിരുദ്ധ നീക്കങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് കോപ്പുകൂട്ടുകയാണ്.

നഷ്ടക്കണക്കിൽ ഏലം കൃഷി
നഷ്ടക്കണക്കിൽ ഏലം കൃഷി

റബ്ബര്‍ മാത്രമല്ല, കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിള കൃഷികളെല്ലാം തന്നെ ഗുരുതരമായ വിലയിടിവിനെ നേരിടുകയാണ്. മലയോര കര്‍ഷകന്റെ ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ ആഹ്ലാദവും സുഗന്ധവും പരത്തുന്നതില്‍ ഏറെക്കുറെ സഹായിച്ചു പോന്നിട്ടുള്ള ഏലത്തിനുവരെ വിലയിടിവു നേരിട്ട കാലമാണ് കടന്നുപോകുന്നത്. കടക്കെണിയില്‍നിന്നും പലരെയും രക്ഷിച്ചെടുത്ത ഈ സുഗന്ധവ്യഞ്ജനത്തിന്റെ വിലയിടിവു നിമിത്തം ഏലക്കൃഷിയും ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ്.

ഒരു വര്‍ഷമായി തുടരുന്ന വിലയിടിവും ഉയരുന്ന ഉല്പാദനച്ചെലവുമാണ് ആശങ്കകള്‍ക്കു പിറകില്‍. വില ഉയര്‍ന്ന സമയത്ത് സംഭരിച്ച ഏലയ്ക്കാ കൈവശമിരിക്കുന്നത് വ്യാപാരികള്‍ക്കും ആശങ്കയാണ് സമ്മാനിക്കുന്നത്.

2019-ല്‍ പുറ്റടി സ്‌പൈസ് പാര്‍ക്കിലും കട്ടപ്പന കമ്പോളത്തിലും അയ്യായിരത്തിലപ്പുറം രൂപ വില കിട്ടിയ ഏലത്തിനു ഈ വര്‍ഷം ജനുവരി മുതല്‍ വിലയിടിഞ്ഞു തുടങ്ങി. 1500-നും 1800-നും ഇടയിലായി വില. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉത്തരേന്ത്യന്‍ വിപണിയില്‍ തകര്‍ച്ച ഉണ്ടായതും തുടര്‍ച്ചയായി ഇ-ലേലം മുടങ്ങിയതുമാണ് ഏലം വിപണിയെ ബാധിച്ചത്. ഏലം വില കുതിച്ചുയരുമെന്ന പ്രതീക്ഷയില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വന്‍വിലയ്ക്ക് സംഭരിച്ചവര്‍ ഏലക്കായ വിറ്റഴിച്ചതും വിലയിടിവിനു കാരണമായിട്ടുണ്ട്. ഡിസംബര്‍ വരെ മികച്ച വിളവ് പ്രതീക്ഷിക്കാമെന്നും കൂടുതല്‍ ഏലക്കായ വിപണിയില്‍ എത്തുന്നതോടെ വില ഇനിയും താഴ്ന്നേക്കാമെന്നും വ്യാപാരികള്‍ പറയുന്നു. കയറ്റുമതിയില്‍ ഇടിവുണ്ടായാല്‍ വില ഇനിയും ക്രമാതീതമായി താഴ്ന്നേക്കാമെന്നാണ് ഭയം.

വാനരപ്പടയ്ക്ക് സദ്യയൊരുക്കുന്ന കാപ്പിക്കൃഷി
 
ഇടുക്കി ജില്ലയില്‍ വിളവെടുക്കാതെ ഉപേക്ഷിക്കപ്പെട്ട കാപ്പിക്കുരു കുരങ്ങന്‍മാര്‍ക്ക് ഭക്ഷണമായ വാര്‍ത്ത കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്നിരുന്നു. ഏക്കര്‍ കണക്കിനു തോട്ടങ്ങളിലെ കാപ്പിക്കുരുവാണത്രെ വാനരപ്പട തിന്നുതീര്‍ത്തത്. ആ സമയത്ത് കാപ്പിപ്പരിപ്പിന് 62 മുതല്‍ 70 വരെയായിരുന്നു വില. ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ കാപ്പിക്കൃഷി നടത്തുന്ന പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാമക്കല്‍മേട്-കരുണാപുരം തുടങ്ങിയിടങ്ങളിലാണ് കാപ്പിക്കുരു പഴുത്ത് പാകമായിട്ടും വിളവെടുക്കാതെ ഉപേക്ഷിച്ചത്. കാപ്പിക്കുരു പറിക്കുന്നതിന് ഒരാളെ ഏര്‍പ്പാടാക്കുന്നതിനുള്ള കൂലിപോലും വിലയായി ലഭിക്കില്ല എന്നതിനാലാണ് കര്‍ഷകര്‍ വിളവെടുപ്പ് ഉപേക്ഷിച്ചതെന്നും പറയുന്നു. കാപ്പിക്കു ന്യായവില ലഭിക്കാത്ത അവസ്ഥ തുടരുന്നപക്ഷം കൂടുതല്‍ പേര്‍ ഏലക്കൃഷിയിലേക്കു മാറുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഇടുക്കി ജില്ലയില്‍ ചെറുകിട-ഇടത്തരം കൃഷിക്കാര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ''ഇടുക്കിയില്‍ മാത്രമല്ല, ഏറെക്കാലമായി പൊതുവേ നമ്മുടെ കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. ചിലപ്പോഴൊക്കെ ജനാഭിമുഖ്യവും പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരികളുടെ ഇടപെടലുകള്‍ ഉണ്ടാകുന്നതുകൊണ്ട് കാര്‍ഷികമേഖലയും കര്‍ഷകരും നിലനിന്നുപോരുന്നുവെന്നുമാത്രം. ഇടുക്കിയില്‍ 52 പഞ്ചായത്തുകളില്‍ 20 പഞ്ചായത്തുകളില്‍ മാത്രമാണ് റബ്ബര്‍ കൃഷിയുള്ളത്. ബാക്കിയുള്ളവയില്‍ മിക്കവാറും കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ കാര്‍ഷികവിളകളാണ് ഉള്ളത്. ഈ ഉല്പന്നങ്ങളെല്ലാം വലിയ വിലയിടിവിനെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ഇതുമൂലം പ്രദേശത്തെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. പ്രത്യേകിച്ചും കുരുമുളക് കൃഷിയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട കൃഷിക്കാര്‍.'' ഇടുക്കിയെ പാര്‍ലമെന്റില്‍ ഒരു തവണ പ്രതിനിധീകരിച്ചയാളും പ്രദേശത്തെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകനുമായ അഡ്വ. ജോയ്‌സ് ജോര്‍ജ് പറയുന്നു.

അടിക്കടി വന്ന പ്രകൃതിദുരന്തങ്ങളും കൊവിഡും കാര്‍ഷികമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മേഖലയുടെ ഉല്പാദനക്ഷമതയില്‍ സാരമായി ഇടിവുണ്ടാക്കിയിട്ടുണ്ട്. വിലയിലും കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, നവ ഉദാരവല്‍ക്കരണത്തോടെ അതിലുമപ്പുറം രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ ഉണ്ടായ മാറ്റങ്ങളും ഇറക്കുമതി നയങ്ങളും അന്താരാഷ്ട്ര കരാറുകളുമാണ് കാര്‍ഷികമേഖലയെ സാരമായി ബാധിച്ചത്. സാധാരണഗതിയില്‍ ഉല്പാദനം കുറയുമ്പോള്‍ ഉല്പന്നങ്ങളുടെ ലഭ്യത കുറയുകയും വില കൂടുകയുമാണ് വേണ്ടത്. എന്നാല്‍, അങ്ങനെയല്ല സംഭവിക്കുന്നത്.

അതായത് ഉല്പന്നങ്ങളുടെ വിലയിടിവിനു കാരണം നമ്മുടെ ഇറക്കുമതി നയവും ആസിയാന്‍, സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ്, ഇന്ത്യ-ശ്രീലങ്ക ഫ്രീ ട്രേഡ് എഗ്രിമെന്റ് തുടങ്ങിയവയാണ്. അന്താരാഷ്ട്ര കരാറുകളിലെ വകുപ്പുകളെ ദുരുപയോഗം ചെയ്ത് ആഭ്യന്തരവിപണിയില്‍ വിലക്കുറവ് സൃഷ്ടിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാക്കി വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നവര്‍ ലാഭം കൊയ്യുന്നു. ഉദാഹരണത്തിനു നമ്മുടെ രാജ്യത്തുണ്ടാകുന്ന കുരുമുളകിനേക്കാള്‍ ഗുണനിലവാരം കുറഞ്ഞ കുരുമുളക് ശ്രീലങ്കയില്‍നിന്നും മറ്റും ഇറക്കുമതി ചെയ്യുക വഴി കുരുമുളക് വിപണിയെ തകര്‍ക്കുന്നു. റബ്ബറും കാപ്പിയും തേയിലയുമൊക്കെ പ്ലാന്റേഷനുകളിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ കുരുമുളക് വീട്ടുവളപ്പിലും വളര്‍ത്താവുന്നതാണ്. അതുകൊണ്ടുതന്നെ കുരുമുളക് കൃഷി ചെയ്യുന്നവര്‍ അധികവും ചെറുകിടക്കാരാണ്. ഈ ചെറുകിടക്കാരെയാണ് അന്താരാഷ്ട്രകരാറുകളും അനിയന്ത്രിതമായ ഇറക്കുമതിയുമൊക്കെ സാരമായി ബാധിക്കുന്നത്. കുരുമുളകിനു മാത്രമല്ല, ഏലം തുടങ്ങിയ ഉല്‍പ്പന്നങ്ങളും വിലയിടിവു നേരിടുന്നുണ്ട്. കൊവിഡിനു മുന്‍പ് 4000-4500 വരെ വില ലഭിച്ചിരുന്ന ഏലത്തിന് ഇന്ന് 1750 രൂപയാണ്.

അന്താരാഷ്ട്ര കരാറുകൾ തകർത്ത കുരുമുളക് കൃഷി
അന്താരാഷ്ട്ര കരാറുകൾ തകർത്ത കുരുമുളക് കൃഷി

തൊഴിലാളികളുടെ ലഭ്യതക്കുറവാണ് കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഈ കുറവ് നികത്തിയിരുന്നത്. എന്നാല്‍, കൊവിഡ് പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ വരവ് ഏതാണ്ട് നിലച്ചു. ഇത് കാര്‍ഷിക പരിചരണത്തേയും വിളവെടുപ്പിനേയുമൊക്കെ ബാധിച്ചു. സമയത്തിനു വിളവെടുപ്പ് സാധ്യമല്ലാതായത് ഉല്പന്നങ്ങള്‍ നശിച്ചുപോകുന്നതിനും ഗുണക്കുറവിനും വിലയിടിവിനും കാരണമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com