മലയിറങ്ങുന്ന കുടിയേറ്റ കര്‍ഷകര്‍

കര്‍ഷക കൂട്ടായ്മകളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ മലയോരം സമരത്തിലാണ്
പ്രക‌ൃതിക്ഷോഭത്തിൽ തകർന്ന കർഷക സ്വപ്നം
പ്രക‌ൃതിക്ഷോഭത്തിൽ തകർന്ന കർഷക സ്വപ്നം

കോഴിക്കോട്-വയനാട് ജില്ലകളിലെ മലയോര കര്‍ഷകര്‍ ഒരു സമരത്തിലാണി പ്പോള്‍. മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം വന്നുകഴിഞ്ഞു. വനാതിര്‍ത്തിക്കു ചുറ്റും ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ബഫര്‍ സോണായി മാറും. കോഴിക്കോട് കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ, ചെമ്പനോട വില്ലേജുകളിലായാണ് മലബാര്‍ വന്യജീവി സങ്കേതം. 74.22 ചതുരശ്ര കിലോമീറ്ററാണ് വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി. അതിനുചുറ്റും 53.6 ചതുരശ്ര കിലോമീറ്ററാണ് ബഫര്‍ സോണായി മാറ്റുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളിലായുള്ള ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും ഇതിലുള്‍പ്പെടും. കര്‍ഷക കൂട്ടായ്മകളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ മലയോരം സമരത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയിലാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

പരിസ്ഥിതിലോല പ്രദേശമാകുന്നതോടെ റോഡ് ബലപ്പെടുത്താനോ നിര്‍മ്മാണങ്ങളോ പറ്റില്ല. ഇപ്പോഴുള്ള പല കൃഷികളും പറ്റില്ല. കിണര്‍ കുഴിക്കാന്‍ പോലും അനുമതി തേടണം. ചെറുകിട കൃഷി-വ്യവസായങ്ങള്‍ക്കുള്ള നിര്‍മ്മാണങ്ങളും ബുദ്ധിമുട്ടിലാകും. ഫാമുകള്‍ക്ക് നിയന്ത്രണം വരും. റബ്ബറും തെങ്ങുമടക്കമുള്ള ഇടതൂര്‍ന്ന കൃഷിസ്ഥലങ്ങളാണ് ഇവയിലേറെയും. പഞ്ചായത്തുകളുമായും ജനങ്ങളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ നല്‍കിയത് എന്നു പറയുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ പ്രാദേശിക തലത്തില്‍ ഇത്തരം ചര്‍ച്ചകളൊന്നുംതന്നെ നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ 5500 പേരെയെ ബാധിക്കുകയുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഇത് ശരിയല്ലെന്ന് മലയോര കര്‍ഷകര്‍ വാദിക്കുന്നു. കര്‍ഷകസംഘടനകള്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയില്‍ ഒറ്റ വില്ലേജില്‍ മാത്രം 4500-ലധികം വീടുകളുണ്ട്. ഒരു വില്ലേജില്‍ മാത്രം ആയിരത്തിലധികം കടകള്‍, മറ്റ് ഓഫീസുകള്‍, ആരാധനാലയങ്ങള്‍, റബ്ബര്‍, തെങ്ങ്, കവുങ്ങ്, കൊക്കോ, ഇഞ്ചി തുടങ്ങി എല്ലാവിധ കൃഷി സ്ഥലങ്ങളും പെടുന്നുണ്ട്. ഇതുപോലെ 13 വില്ലേജുകളിലായാണ് ബഫര്‍സോണ്‍ വരുന്നത്. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, പേരാമ്പ്ര, ചെമ്പനോട, ചക്കിട്ടപാറ, കൂരാച്ചുണ്ട്, കാന്തലോട്, കട്ടിപ്പാറ, ഇടവൂര്‍, പുതുപ്പാടി, വയനാട്ടിലെ തരിയോട്, കുന്നത്തിടവക, അച്ചൂരണം എന്നിവയാണ് ഇതിന് ചുറ്റും വരുന്നത്. സംരക്ഷിത മേഖലയില്‍ ക്വാറികളുള്ള ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ 100 മീറ്ററാക്കി ചുരുക്കിയെന്നും ആരോപണമുണ്ട്. അതിര്‍ത്തി തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നും ചിലയിടങ്ങളില്‍ ദൂരപരിധിയില്‍ വ്യത്യാസം വരുത്തുകയും കര്‍ഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കര്‍ഷക കൂട്ടായ്മകള്‍ ആരോപിക്കുന്നു.

വന്യജീവികളുടെ അക്രമം, കൃഷിനാ ശം, വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്ന മലയോര കര്‍ഷകര്‍ക്ക് മറ്റൊരു ആഘാതമായിരിക്കുകയാണ് മലബാര്‍ വന്യജീവിസങ്കേതത്തിന്റെ സംരക്ഷിത മേഖല.
''റവന്യു ഭൂമിയിലേയ്ക്കിറങ്ങി ബഫര്‍സോണ്‍ പ്രഖ്യാപിക്കാന്‍ പാടില്ലാത്തതാണ്. അത് സങ്കേതത്തിനുള്ളില്‍ നിര്‍ത്തണം. കേരളത്തിന്റെ റവന്യുഭൂമി വനംവകുപ്പിനു വിട്ടുകൊടുത്ത് കേരളത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നത് ഒഴിവാക്കണം. പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കും. പക്ഷേ, ആത്യന്തികമായി ഇതിന്റെ ഫലം അനുഭവിക്കേണ്ടത് കര്‍ഷകരാണ്'' -പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും കര്‍ഷക സംയുക്ത രക്ഷാസമിതി ഭാരവാഹിയുമായ ഡോ. ചാക്കോ കാളമ്പറമ്പില്‍ പറയുന്നു.

വനംവകുപ്പിന്റെ മര്‍ദ്ദനം

വനം, കൃഷി, റവന്യൂ എന്നിവയാണ് മലയോര കര്‍ഷകരെ നേരിട്ട് ബാധിക്കുന്ന മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍. ഈ വകുപ്പുകളിലെ പാളിച്ചകള്‍ തന്നെയാണ് കാലങ്ങളായി മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാത്തതിന്റേയും കാരണം. ഭൂമിയിലുള്ള തര്‍ക്കവും വനാതിര്‍ത്തികള്‍ കൃത്യമായി തിട്ടപ്പെടുത്തി സംരക്ഷിക്കുകയും വന്യജീവികളുടെ വരവിനെ തടയുകയും കൃഷിക്ക് ആവശ്യമായ കാര്യങ്ങളും വിലയും വിപണനവും സാധ്യമാക്കുകയും ചെയ്താല്‍ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ മലയോരത്തിന്റെ പ്രശ്നങ്ങള്‍. ഈ മൂന്നു വകുപ്പുകളുമെടുത്താല്‍ ശത്രുതാമനോഭാവത്തില്‍ പെരുമാറുന്നത് വനംവകുപ്പാണെന്ന് കര്‍ഷകര്‍ പറയുന്നു. വനംവകുപ്പുദ്യോഗസ്ഥരും കര്‍ഷകരും എതിര്‍ ചേരികളിലാണ് മലയോരങ്ങളില്‍. നിയമം നടപ്പാക്കുന്നു എന്ന് വനംവകുപ്പും മനുഷ്യാവകാശങ്ങളെ കാറ്റില്‍പ്പറത്തി ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് കര്‍ഷകരും ആരോപിക്കുന്നു. മലബാര്‍ മേഖലയില്‍ വനപാലകരുടെ ക്രൂരതകള്‍ക്കും മര്‍ദ്ദനത്തിനും ഇരയായ കര്‍ഷകരുടെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്.

പെരുവണ്ണാമൂഴിയില്‍ മീന്‍ പിടിക്കാന്‍ പോയ കൃഷിക്കാരെ പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കക്കയം റിസര്‍വോയറില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു ഇവര്‍. വെള്ളത്തിനു കുറുകെ വലയിട്ടു. അഞ്ചോ ആറോ മണിക്കൂര്‍ കാത്തിരിക്കണം. അതുകൊണ്ട് സമീപത്തുള്ള പാറക്കെട്ടില്‍ കിടന്നുറങ്ങി. രാത്രിയാണ്. ഉറങ്ങുന്ന സമയത്ത് ആന വന്ന് ഒരാളുടെ കാലില്‍ ചവിട്ടി. അലര്‍ച്ച കേട്ട് എല്ലാവരും എണീറ്റ് ഓടി. അഞ്ചു പേരുണ്ടായിരുന്നു. ആനയുടെ ചവിട്ടേറ്റയാള്‍ മരിച്ചുപോയെന്നാണ് മറ്റുള്ളവര്‍ കരുതിയത്. അങ്ങനെ രാത്രി ഓടിക്കിതച്ച് കക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ പറഞ്ഞു. വിവരം പറഞ്ഞ നാലുപേരെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കാലിനു പരിക്കേറ്റ നിലയില്‍ മറ്റേയാളെ കണ്ടെത്തി ആശുപത്രിയിലാക്കി. രണ്ട് ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. മൃഗവേട്ടയ്ക്ക് പോയതാണ് എന്നാണ് ചാര്‍ജെഴുതിയത്. വനത്തിനു തീയിടാന്‍ ശ്രമിച്ചു എന്ന കേസും കൂടി ചേര്‍ത്തു. ഭക്ഷണമുണ്ടാക്കി കഴിച്ചതാണ് തീയിടലായി മാറിയതെന്ന് കര്‍ഷകര്‍ പറയുന്നു. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു. അതിലൊരാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവര്‍ മര്‍ദ്ദനത്തിനെതിരെ കൊടുത്ത പരാതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

നിലമ്പൂര്‍ കരുളായി വില്ലേജിലെ കൃഷിക്കാരനെ മര്‍ദ്ദിച്ച കേസും നടന്നുകൊണ്ടിരിക്കുകയാണ്. പത്തേക്കറോളം ഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകനേയും മകനേയുമാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. ഈ ഭൂമിയില്‍ ഒരു മൃഗത്തിന്റെ തലയോട്ടി വെച്ചിട്ടുണ്ട് എന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മര്‍ദ്ദിക്കുന്നത് കണ്ട മകന്‍ റേഞ്ചറെ പിടിച്ചുതള്ളി. അതിന്റെ പേരില്‍ മകനേയും കസ്റ്റഡിയിലെടുത്തു. പിന്നീട് ദിവസങ്ങളോളം ക്രൂരമര്‍ദ്ദനമായിരുന്നു. വനംവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ മര്‍ദ്ദനത്തിന്റെ പേരില്‍ ഇവര്‍ കൊടുത്ത കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിനു കീഴില്‍ നടന്ന മരംമുറി തര്‍ക്കവും വനംവകുപ്പിന്റെ പിടിവാശിയായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. വീടിനു മുകളിലേയ്ക്ക് വീഴാന്‍ നിന്നിരുന്ന ഒരു മരം മുറിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. മുറിച്ച മരം അവിടെനിന്നും നീക്കം ചെയ്യാന്‍ കര്‍ഷകന്‍ അപേക്ഷ കൊടുത്തപ്പോള്‍ വനംവകുപ്പ് അനുമതി കൊടുത്തില്ല. പിന്നീട് പ്രദേശത്ത് സമരങ്ങളായി. സമരക്കാരായ കര്‍ഷകരേയും ഡി.എഫ്.ഒയേയും കോഴിക്കോട് ജില്ലാകളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചയില്‍ അനുമതി കൊടുക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനുമതി നല്‍കാന്‍ വനംവകുപ്പ് പിന്നെയും തയ്യാറായില്ല. പരാതി പരിഹരിക്കപ്പെടാതെ നീണ്ടു. പിന്നീട് കളക്ടര്‍ വിളിച്ച യോഗത്തില്‍ വനംവകുപ്പുദ്യോഗസ്ഥന്‍ ഹാജരായില്ല. സഹികെട്ട് കൃഷിക്കാരന്‍ വനംവകുപ്പിന്റെ ഓഫീസില്‍ ആത്മഹത്യാഭീഷണി മുഴക്കിയപ്പോള്‍ വീണ്ടും കളക്ടര്‍ ഇടപെടുകയും വനംവകുപ്പുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അതിന് അനുമതി കിട്ടിയത്. പെരുവണ്ണാമൂഴി ഡാമിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തപ്പോള്‍ പകരം കിട്ടിയ ഭൂമിയിലാണ് ഈ തര്‍ക്കം നടന്നത്. ഭൂമി കൈമാറിയതിന്റെ എല്ലാ രേഖകളും ഉത്തരവുകളും കൈവശമുണ്ട്. പ്രത്യേക പട്ടയം ഈ ഭൂമിക്കില്ല. ഈ കാരണത്താലാണ് വനംവകുപ്പിന്റെ അധികാരത്തര്‍ക്കം. ആ ഭൂമിക്കു പട്ടയം നിര്‍ബ്ബന്ധമാണെങ്കില്‍ തന്നെ അത് നല്‍കേണ്ട ബാധ്യത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്.

''മലയോര ഗ്രാമങ്ങളിലെല്ലാം ആളുകള്‍ കൃഷി ഉപേക്ഷിച്ചു പോകുകയാണ്. വനംവകുപ്പ് ഒരു മാഫിയയായി മാറിയിരിക്കുകയാണ്. കൃഷിക്കാരുടെ ഭൂമി പിടിച്ചെടുക്കുകയാണവര്‍. മലയോര കര്‍ഷകര്‍ക്ക് ഏറ്റവും വലിയ പ്രശ്നം വനംവകുപ്പിന്റെ അധീനതയിലുള്ള മൃഗങ്ങളും അവരുടെ ഉദ്യോഗസ്ഥരുമാണ്''- വീഫാം കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ പറയുന്നു. ''ഒരു കര്‍ഷകനെ കൊന്ന് കിണറ്റില്‍ തള്ളിയിട്ട് യാതൊരു പ്രശ്നവും ഇല്ല. ഇത് കര്‍ഷകര്‍ക്കു നല്‍കുന്ന സന്ദേശം എന്താണ്. ഭൂമി വിട്ട് പോയിക്കോളൂ അല്ലെങ്കില്‍ മത്തായിയുടെ സ്ഥിതിയായിരിക്കും എന്നതാണ്. സി.പി.ഐ എല്ലാവരുടേയും മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കുന്ന സംഘടനയാണ്. സി.പി.ഐ ഭരിക്കുന്ന വകുപ്പില്‍ നടന്ന ഈ അനീതിക്കെതിരെ എന്ത് നടപടിയാണ് അവരെടുത്തത്. ഒരു പ്രസ്താവനയെങ്കിലും ഇറക്കാന്‍ തയ്യാറായോ? സി.പി.ഐ ആണ് എല്‍.ഡി.എഫിന്റെ കാലത്ത് കാലാകാലങ്ങളായി ഈ മൂന്നുവകുപ്പും ഭരിക്കുന്നത്. വനംവകുപ്പിലേയ്ക്ക് വരുന്ന ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്''- അദ്ദേഹം പറയുന്നു.

കര്‍ഷകരെ കുടിയിറക്കുന്ന ക്വാറികള്‍

മലമുകളിലെ ക്വാറികളും റിസോര്‍ട്ടുകളും മലയോര കര്‍ഷകര്‍ കൃഷിഭൂമി ഉപേക്ഷിച്ച് കുടിയിറങ്ങാന്‍ കാരണമാകുകയാണ്. ഏക്കര്‍ കണക്കിനു മലയില്‍ അനധികൃത ക്വാറികള്‍ നിറയുമ്പോള്‍ അതിനു ചുറ്റുമുള്ള കര്‍ഷകര്‍ക്കു കൃഷിയും ജീവിതവും അസാധ്യമാകുകയാണ്. മലയോര കര്‍ഷകര്‍ ക്വാറികള്‍ക്കെതിരെയുള്ള സമരത്തിലാണ് മലബാറില്‍ പലയിടങ്ങളിലും. മാധവ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കത്തുന്ന പ്രതിഷേധങ്ങള്‍ നടന്ന സ്ഥലങ്ങളാണ് മലബാറിന്റെ മലയോര മേഖല. കേളകം, കൊട്ടിയൂര്‍, ആറളം, പെരിങ്ങോം തുടങ്ങി കണ്ണൂര്‍ ജില്ലയിലെ മലയോരങ്ങളിലും പ്രതിഷേധം അലയടിച്ചു. എന്നാല്‍ രണ്ട് പ്രളയങ്ങളും ക്വാറി-റിസോര്‍ട്ട് മാഫിയയുടെ അനധികൃത പ്രവര്‍ത്തനങ്ങളും മലയോര കര്‍ഷകരെ മാറ്റി ചിന്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

കൃഷിനാശം ക്വാറികള്‍ക്ക് അനുഗ്രഹമാകുകയാണ്. കൃഷി നശിച്ച ഭൂമിയാണ് ക്വാറി ഉടമകള്‍ ആദ്യം സ്വന്തമാക്കുന്നത്. പിന്നീട് അതിനു ചുറ്റിനുമുള്ള സ്ഥലങ്ങള്‍ വിറ്റൊഴിയാന്‍ ബാക്കിയുള്ള കര്‍ഷകരും നിര്‍ബ്ബന്ധിതരാകും. കാര്‍ഷിക ഭൂമിയുടെ ഉടമസ്ഥാവകാശം ക്വാറി-റിസോര്‍ട്ട് ബിസിനസുകാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ് മലയോരങ്ങളില്‍. കണ്ണൂര്‍ ജില്ലയില്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ക്വാറികളുള്ളത്. ഏഴ് ക്വാറികള്‍ക്ക് അനുമതിയുള്ള ഇവിടെ നാല്‍പ്പതോളം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വടക്കേക്കളം മിച്ചഭൂമി സമരം നടന്ന പ്രദേശമാണ് തൃപ്പങ്ങോട്ടൂര്‍. മിച്ചഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്തിയ കൃഷിക്കാരെയെല്ലാം ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു. എന്നാല്‍, അനധികൃത ക്വാറികള്‍ ഇതേ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ക്വാറികള്‍ക്കെതിരെ സമരം നടക്കുകയാണിവിടെ.

ക്വാറികളുടെ കൈവശം വന്‍തോതില്‍ ഭൂമിയുണ്ടാകും. ഒരു ക്വാറി വരുന്നതോടെ ഒന്നുകില്‍ ആ ക്വാറിയെ ആശ്രയിച്ചു ജീവിക്കുക എന്നതിലേക്ക് മാറണം. ഇല്ലെങ്കില്‍ ആ സ്ഥലം ഉപേക്ഷിച്ച് പോകേണ്ടിവരും. ക്വാറിയുള്ള പ്രദേശത്തെ മനുഷ്യര്‍ പേടിച്ചാണ് ജീവിക്കുന്നത്. വിട്ടുപോകാന്‍ നിവൃത്തിയില്ലാത്തവരൊക്കെ സമരങ്ങളും സഹനങ്ങളുമായി കഴിയുകയാണ് മലയോരത്ത്. വന്യജീവികളുടെ അക്രമത്തിനും ക്വാറികള്‍ കാരണമാകുന്നു എന്നു പറയേണ്ടിവരും. ക്വാറികള്‍ക്ക് ഏക്കര്‍ കണക്കിനു സ്ഥലം സ്വന്തമായി ഉണ്ടാകും. ആലക്കോട് പരപ്പയില്‍ ഒരു ക്വാറിക്കായി ഉള്ളത് 200 ഏക്കറാണ്. എത്ര ചുരുക്കിയാലും പത്തേക്കറെങ്കിലും ഭൂമി ഒരു ക്വാറിയുമായി ബന്ധപ്പെട്ട് ഉണ്ടാകും. ക്വാറി ഒഴിച്ചുള്ള ബാക്കി സ്ഥലങ്ങളെല്ലാം കാടുപിടിച്ചു കിടക്കും. ഇവിടങ്ങള്‍ വന്യജീവികള്‍ക്കു താവളമാണ്. റിസോര്‍ട്ടിനും ഇതുപോലെ ഏക്കര്‍കണക്കിനു ഭൂമിയുണ്ടാകും. പയ്യാവൂരും പാലക്കയം തട്ടിനോട് ചേര്‍ന്നുള്ള മഞ്ഞുമലയിലും പെരിങ്ങോം പെടേനയിലും കര്‍ഷകരുടെ സമരങ്ങള്‍ നടക്കുന്നുണ്ട്.

''ക്വാറികള്‍ വരുന്നതോടെ കൃഷിചെയ്ത് ജീവിക്കാന്‍ പറ്റാതാവും. എല്ലാ മലമുകളിലും കെട്ടിടങ്ങളും റോഡുകളും വരുന്നു. റെഡ് കാറ്റഗറിയില്‍ വരുന്ന വ്യവസായങ്ങളൊന്നും പാടില്ല എന്നാണ് ഗാഡ്ഗില്‍ പറഞ്ഞത്. ക്വാറി ഒക്കെ അതില്‍ വരുന്നതാണ്. കര്‍ഷകര്‍ക്കു ദോഷം വരുന്ന കാര്യങ്ങളൊന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലില്ല. ആളുകള്‍ക്ക് ആ തിരിച്ചറിവ് വരുന്നുണ്ട്. ആ റിപ്പോര്‍ട്ട് അപകടകരമായിരുന്നില്ല എന്ന് കര്‍ഷര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടുവരുന്നുണ്ട്. ഗാഡ്ഗില്‍ അല്ലായിരുന്നു പ്രശ്നം, ക്വാറികളും മറ്റുമായിരുന്നു എന്ന് തിരിച്ചറിയുന്നുണ്ട്. കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്നാണ് ഗാഡ്ഗില്‍ പറഞ്ഞത്. അതിന്റെ മാംസം ഉപയോഗിച്ച് കുടില്‍ വ്യവസായങ്ങള്‍ ഉണ്ടാക്കാം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാത്രമല്ല, വനംവകുപ്പിനെ ഇതിന്റെ മേല്‍നോട്ട ചുമതല ഏല്പിക്കരുതെന്നും പറഞ്ഞു. വനംവകുപ്പിനെ ഏല്പിച്ചാലാണ് ജനങ്ങള്‍ക്ക് ദുരിതമുണ്ടാകുക എന്നറിഞ്ഞതുകൊണ്ടാണ്. ആ സംഗതികള്‍ ക്രമേണ ആളുകള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. കൃഷിക്കാരന്‍ കൃഷിചെയ്യുന്നതോ വീടുവെയ്ക്കുന്നതോ അല്ല വികസനപ്രവര്‍ത്തനമായി കണക്കാക്കുന്നത്. അതിനു വലിയ തടസ്സങ്ങളൊന്നുമില്ല. റോഡ്, പാലം, മരമില്ല്, ക്വാറി എന്നിവയ്ക്കാണ് പ്രശ്നം. മൈനിങ്ങിലും റിസോര്‍ട്ടിനുമാണ് മലയോരത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്നത്''- കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ നോബിള്‍ പൈക്കട പറയുന്നു.

''വന്യജീവികളുടെ അക്രമവും പ്രകൃതിദുരന്തവും കാരണം കൃഷി നശിച്ചാലും അതിനുള്ള നഷ്ടപരിഹാരം കിട്ടാന്‍ വര്‍ഷങ്ങളെടുക്കും. കിട്ടുന്നതും ചെറിയ തുകയാണ്. ഇതിനു പുറമെ മലയോര കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്കു വിപണനം ഉറപ്പാക്കാന്‍ പരാജയപ്പെടുന്നതും കര്‍ഷകര്‍ക്കു ദുരിതമാണ്. വിപണനത്തിനു കാര്യമായി ഒന്നും വകുപ്പില്‍നിന്ന് ഉണ്ടാകുന്നില്ല-  ഇരിട്ടി മാടത്തിയിലെ കര്‍ഷകനായ ജോണി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com