ലീഗും സമസ്തയും രാഷ്ട്രീയതന്ത്രങ്ങളുടെ എഴുതാപ്പുറം

വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗിന്റെ പ്രതിഷേധത്തിനൊപ്പം നില്‍ക്കാതെ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നു
ലീഗും സമസ്തയും രാഷ്ട്രീയതന്ത്രങ്ങളുടെ എഴുതാപ്പുറം

ല്ലാക്കാലത്തും മുസ്ലിം ലീഗിനൊപ്പമായിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സംഘടന ലീഗിന്റെ രാഷ്ട്രീയ സംരക്ഷണത്തില്‍നിന്ന് മാറി നടക്കുകയാണോ അതോ ലീഗിനു നല്‍കിവന്ന രാഷ്ട്രീയ പിന്തുണ അവര്‍ പിന്‍വലിക്കുകയാണോ എന്നീ രണ്ടു ചോദ്യങ്ങളുണ്ട്. ആദ്യത്തേതും ശരി, രണ്ടാമത്തേതും ശരി എന്നാണ് ഉത്തരം. അതാകട്ടെ, ഇന്നോ ഇന്നലെയോ അല്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് അനുപാത വിഷയത്തിലോ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലോ തുടങ്ങിയതല്ല. ഭിന്നതയുടെ വേരുകള്‍ അന്വേഷിച്ച് ആറു വര്‍ഷവും എട്ടുമാസവും പിന്നോട്ടു പോകേണ്ടിവരും. 2015 ഏപ്രില്‍ നാലിലെ ലീഗ് ഉന്നതാധികാര സമിതി യോഗവും പിറ്റേന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനവും മറക്കാന്‍ ലീഗിനും സമസ്തയ്ക്കും മാത്രമല്ല, കേരള രാഷ്ട്രീയം കാര്യമായി ശ്രദ്ധിക്കുന്ന ആര്‍ക്കും കഴിയില്ല. കെ.പി.എ മജീദിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും ഇ.ടി. മുഹമ്മദ് ബഷീറിന്റേയും നിര്‍ദ്ദേശം മറികടന്ന് പി.വി. അബ്ദുല്‍ വഹാബിന്റെ പേര് ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഇ. അഹമ്മദും കൂടി നിര്‍ദ്ദേശിച്ചത് ആ യോഗത്തിലാണ്. അതാണ് തീരുമാനമെന്ന് ഏപ്രില്‍ 5-ന് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ലീഗ് ഞെട്ടിയ ഞെട്ടലിന്റെ തുടര്‍ചലനങ്ങളാണ് പിന്നീട് ഉണ്ടായതെല്ലാം. 

സമസ്തയ്ക്കും ലീഗിനും ഇടയില്‍ സംഭവിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അനുപാത വിവാദത്തില്‍ സമസ്ത വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെട്ട് മാറ്റിവയ്പിക്കുന്നു, മാസങ്ങള്‍ക്കുള്ളില്‍ കിട്ടിയ ആദ്യ അവസരത്തില്‍ വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗിന്റെ പ്രതിഷേധത്തിനൊപ്പം നില്‍ക്കാതെ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നു; അതിനു തുടര്‍ച്ചയായി, കാര്യങ്ങള്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ക്കും സമസ്തയുടെ മറ്റു നേതാക്കള്‍ക്കും ബോധ്യപ്പെട്ടു എന്നു മാത്രല്ല, ലീഗിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നുകൂടി മുഖ്യമന്ത്രി പൊതുസമ്മേളനത്തില്‍ വെട്ടിത്തുറന്നു പറയുന്നു. ഇതിനിടയില്‍ പ്രധാനപ്പെട്ട മറ്റൊന്നുകൂടി ഉണ്ടായി. സമസ്ത നേതാക്കളെ സന്ദര്‍ശിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാക്കളോട് അവര്‍ പറഞ്ഞത് നമുക്കിനിയും നേരിട്ടു സംസാരിക്കാമെന്നും ലീഗ് വഴി വരണ്ട എന്നുമാണ്. കോണ്‍ഗ്രസ് അതില്‍ പ്രതീക്ഷ വയ്ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം സമസ്തയിലേക്ക് വഴി തുറക്കുക കോണ്‍ഗ്രസ്സിന് എളുപ്പമല്ല. 

വിഖ്യാത പണ്ഡിതനും സമസ്തയുടെ ഉന്നത നേതാവും ജിഫ്രി തങ്ങളുടേയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടേയും ഉള്‍പ്പെടെ ഗുരുവുമായിരുന്ന ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ക്കു ശേഷം സമസ്തയുടെ സ്വതന്ത്ര വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന നേതാവായി പ്രകീര്‍ത്തിക്കപ്പെടുകയാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ പ്രമുഖ നേതാക്കളായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അബ്ദുസമദ് പൂക്കോട്ടോരും പ്രതിനിധീകരിക്കുന്ന ലീഗ് വിധേയത്വം ജിഫ്രി തങ്ങള്‍ക്കില്ല. 

ലീഗിന്റെ വോട്ട് ബാങ്കും അവരുടെ ശക്തികേന്ദ്രങ്ങളിലെ ജനകീയ അടിത്തറയും പ്രധാനമായും സമസ്തയുടെ പ്രവര്‍ത്തകര്‍ തന്നെയാണ്. അതേ സമസ്ത അണികള്‍ക്ക് ജിഫ്രി തങ്ങളോടുള്ളത് കലര്‍പ്പില്ലാത്ത സ്നേഹാദരങ്ങളുമാണ്. അതുകൊണ്ട് തങ്ങളെ തള്ളിക്കളയാന്‍ ലീഗിനു കഴിയില്ല. അദ്ദേഹത്തിന്റെ നിലപാടുകളും തീരുമാനങ്ങളും ശക്തമായ കരിഷ്മയും നിശ്ശബ്ദം അംഗീകരിക്കുകയേ വഴിയുള്ളു. ഇസ്ലാമിക പണ്ഡിതന്‍ എന്ന നിലയിലും മതനിരപേക്ഷ പ്രതിബദ്ധതയില്‍ അടിയുറച്ചു നില്‍ക്കുന്ന നേതാവ് എന്ന നിലയിലും ജിഫ്രി തങ്ങള്‍ കരുത്തനാണ്. മുന്‍പ് സമസ്ത ട്രഷററായിരുന്നു. അദ്ദേഹത്തെ നന്നായി അറിയാവുന്നതുകൊണ്ട് സമസ്ത അധ്യക്ഷനാക്കാതിരിക്കാനും പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരേയോ പ്രമുഖ പണ്ഡിതന്‍ കോട്ടുമല ബാപ്പു മുസ്ലിയാരേയോ (അദ്ദേഹം ഇന്നില്ല) അധ്യക്ഷനാക്കാനും ലീഗ് നേതൃത്വം ശ്രമിച്ചിരുന്നു.
 
 

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നതിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീ​ഗ് സംഘടിപ്പിച്ച റാലിയെ അഭിവാദ്യം ചെയ്യുന്ന നേതാക്കൾ
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നതിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീ​ഗ് സംഘടിപ്പിച്ച റാലിയെ അഭിവാദ്യം ചെയ്യുന്ന നേതാക്കൾ

സമസ്തയ്ക്കു പകരമോ ജമാഅത്തെ ഇസ്ലാമി?

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ തുടങ്ങിയ അകല്‍ച്ച ക്രമേണ കൂടിക്കൂടി വന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളേയും വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന സയ്യിദ് റഷീദലി തങ്ങളേയും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് സമസ്ത നേതൃത്വം വിലക്കിയത് വലിയ ചര്‍ച്ചയായി. ഇരുവരേയും ക്ഷണിച്ചത് ലീഗിന്റെ ആഗ്രഹപ്രകാരം കൂടിയായിരുന്നു. സമസ്തയുടെ വിലക്ക് അവര്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തായി. മുനവ്വറലിക്കും റഷീദലിക്കും എതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സമസ്ത നീക്കം തുടങ്ങുന്ന സ്ഥിതിവരെ ഉണ്ടായി. അതിനു മുന്നോടിയായി അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് രണ്ടുപേരെക്കൊണ്ടും ഖേദപ്രകടനം നടത്തി തലയൂരേണ്ടിവന്നു ലീഗിന്. ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും സമസ്തയുടെ വിഷമം ഉള്‍ക്കൊള്ളുന്നുവെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുനവ്വറലി തങ്ങള്‍ പിന്നീടു പറഞ്ഞത്. 

മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളതുപോലെ നയരേഖയോ പാര്‍ട്ടിപരിപാടിയോ ഇല്ലാത്ത പാര്‍ട്ടിയാണ് ലീഗ്. ഇതു രണ്ടും ഉണ്ടാക്കാനുള്ള ശ്രമം 2005-ല്‍ തുടങ്ങിവച്ചെങ്കിലും ഒരിടത്തുമെത്തിയില്ല. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെ മതമൗലികവാദ സ്വഭാവമുള്ള സംഘടനകളെ മുസ്ലിം സമുദായത്തിന്റെ മുഖ്യധാരയില്‍ ഒറ്റപ്പെടുത്താനുള്ള ഔപചാരിക ശ്രമം കൂടിയാണ് നയരേഖ തയ്യാറാക്കുമ്പോള്‍ ലീഗ് തുടങ്ങിവച്ചത്. പക്ഷേ, രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിവന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള തൊട്ടുകൂടായ്മ ലീഗിനും ലീഗിനോടുള്ള വിരോധം ജമാഅത്തിനും ഇല്ലാതെയായി. സി.പി.എം വിരോധമെന്ന കാര്യപരിപാടിയില്‍ രണ്ടു കൂട്ടരും ഐക്യപ്പെട്ടു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും 2021 ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ കൈകോര്‍ത്തു. ബി.ജെ.പി വിരുദ്ധ, മോദി വിരുദ്ധ വികാരം കോണ്‍ഗ്രസ്സിന് കേരളത്തില്‍ അനുകൂലമായി മാറിയ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വലിയ വിജയത്തിന്റെ ക്രെഡിറ്റ് ജമാഅത്തിനു കൂടി നല്‍കാന്‍ ലീഗ് തയ്യാറായി. പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ തരംഗമുണ്ടായതോടെ അത് പൊളിഞ്ഞുപോവുകയും ചെയ്തു. എന്നിട്ടും ലീഗ് - ജമാഅത്തെ ഇസ്ലാമി സൗഹൃദം തുടരുകയാണ്. ഇതും സമസ്തയുടെ അകല്‍ച്ച കൂട്ടാന്‍ ഇടയാക്കിയ കാരണങ്ങളിലുണ്ട്.

ലീഗ് നേതാക്കള്‍ക്കൊപ്പമല്ലാതെ മുന്‍പൊരിക്കലും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയേയോ മന്ത്രിമാരേയോ കാണാന്‍ പോയിരുന്നില്ല. യു.ഡി.എഫ് ഭരണത്തിലും എല്‍.ഡി.എഫ് ഭരണത്തിലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ ഇപ്പോള്‍ ലീഗ് നേതാക്കളെ കൂട്ടാതെയാണ് അത്തരം സന്ദര്‍ശനങ്ങള്‍. മുന്‍പ് ലീഗുമായി കൂടിയാലോചിച്ചു മാത്രം നടത്തിയിരുന്ന നിയമപരമായ നീക്കങ്ങളെല്ലാം സ്വന്തമായി നിയമോപദേഷ്ടാവിനെ വച്ച് സമസ്ത തന്നെ നടത്തുന്നു. തീരുമാനങ്ങളെടുക്കാന്‍ അവര്‍ ആരെയും കാത്തുനില്‍ക്കുന്നില്ല. 

ലീഗ് മുസ്ലിം സമുദായത്തിലെ മറ്റു സംഘടനകളെയെല്ലാം അകറ്റിനിര്‍ത്തുകയും തങ്ങളോടു മാത്രം അടുപ്പം പുലര്‍ത്തുകയും വേണം എന്നതായിരുന്നു ഒരുകാലത്ത് സമസ്തയുടെ നിലപാട്. എന്നാല്‍, അത് അംഗീകരിക്കാന്‍ തയ്യാറാകാത്ത ലീഗ് നേതാക്കളുണ്ട്. കെ.പി.എ. മജീദ് അവരില്‍ പ്രധാനിയുമാണ്. സമസ്ത പറയുന്നതുപോലെ പ്രവര്‍ത്തിക്കാനല്ല ലീഗ് എന്നത് മജീദ് മറച്ചുവയ്ക്കാറില്ല. കാന്തപുരവും ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളുമായി മാത്രമല്ല, എം.ഇ.എസും എം.എസ്.എസും ദക്ഷിണ കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ തെക്കന്‍ കേരളത്തിലെ സംഘടനകളുമായും നല്ല ബന്ധം വേണമെന്ന മജീദിന്റെ അഭിപ്രായം ക്രമേണ ലീഗില്‍ മേല്‍ക്കൈ നേടുകയും ചെയ്തു. ലീഗിന്റെ നിലനില്‍പ്പ് സമസ്തയുടെ ഔദാര്യത്തിലാകരുത് എന്ന ഈ സമീപനത്തിന് അടുത്തകാലത്ത് സ്വീകാര്യത കൂടി. ലീഗ് ജമാഅത്തുമായി അടുത്തതും സമസ്തയെ പ്രകോപിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുന്നതും യാദൃച്ഛികമല്ല. ജമാഅത്തെ ഇസ്ലാമിയുമായി ഇപ്പോഴാണ് അടുപ്പമെങ്കില്‍ കാന്തപുരം വിഭാഗവുമായി അടുക്കാന്‍ മുന്‍പേതന്നെ പല വഴിക്ക് ലീഗ് ശ്രമിക്കുന്നു എന്ന പരാതി സമസ്തയ്ക്കു നേരത്തേ തന്നെയുണ്ട്. 

സമസ്തയും പോഷക സംഘടനകളും ലീഗിന്റെ ഭാഗമാണെന്ന തരത്തിലാണ് ലീഗ് നേതാക്കള്‍ പലപ്പോഴും സംസാരിക്കാറ്. അത് അങ്ങനെയല്ലെന്ന് സമസ്ത നേതൃത്വം വാശിപിടിച്ചിരുന്നുമില്ല; ഔദ്യോഗികമായി സമസ്തയും അനുബന്ധ സംഘടനകളും ലീഗിന്റെ ഭാഗമല്ലെങ്കിലും. പക്ഷേ, സമസ്ത പോക്കറ്റിലുണ്ടെന്നും മറ്റുള്ളവരെ കൂടെ നിര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നുമുള്ള ലീഗ് നേതൃത്വത്തിന്റെ മനസ്സിലിരിപ്പ് ഇപ്പോഴത്തെ അകല്‍ച്ചയില്‍ വലിയ പങ്കാണ് വഹിച്ചത്. ''ലീഗ് അണികളില്‍ ബഹുഭൂരിപക്ഷവും സമസ്ത പ്രവര്‍ത്തകരാണ്; ലീഗ് ഏറ്റവും കൂടുതല്‍ തഴയുന്നതും ഞങ്ങളെത്തന്നെ'' എന്ന് രാജ്യസഭാ സീറ്റ് വിവാദകാലത്ത് പ്രമുഖ സമസ്ത നേതാവ് പറഞ്ഞതില്‍ അവരുടെ മനസ്സുണ്ട്. സമസ്ത പിളര്‍ന്നുപോയി രൂപീകരിച്ച സംഘടനയാണ് കാന്തപുരം വിഭാഗം. അവര്‍ സി.പി.എമ്മുമായുള്ള അടുപ്പം മറച്ചുവയ്ക്കാറുമില്ല. എന്നാല്‍ ലീഗ് നേതാക്കളില്‍ പലര്‍ക്കും കൂടുതല്‍ അടുപ്പം കാന്തപുരം വിഭാഗത്തോടാണ് എന്ന പരാതി സമസ്ത പല ഘട്ടങ്ങളിലും അകമേ പ്രകടിപ്പിച്ചിരുന്നു. പിന്നീടത് പരസ്യമായും പറഞ്ഞു. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ (ഇന്നത്തെ മലപ്പുറം മണ്ഡലം) ലീഗിനെ തോല്‍പ്പിക്കാന്‍ കാന്തപുരം വിഭാഗം തീവ്രശ്രമം നടത്തി ഫലം കണ്ടതോടെ ഈ വിമര്‍ശനം രൂക്ഷമായി.

കാന്തപുരം എപി അബൂബക്കർ മുസ് ലിയാർ
കാന്തപുരം എപി അബൂബക്കർ മുസ് ലിയാർ

കുതികാല്‍വെട്ടലുകള്‍

കാന്തപുരത്തോടുള്ള ലീഗിന്റെ അടുപ്പം തുടര്‍ന്നപ്പോള്‍ അതിലെ വിയോജിപ്പു പ്രകടിപ്പിക്കാനാണ് സി.പി.എമ്മുമായി സമസ്ത അടുപ്പം കാണിക്കാന്‍ തുടങ്ങിയത്. അന്ന് ലീഗിന്റെ സൗഹൃദ പട്ടികയില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല. സി.പി.എമ്മിനോടുള്ള അടുപ്പത്തെ പരിഹസിച്ച് കാന്തപുരം വിഭാഗത്തെ 'അരിവാള്‍ സുന്നികള്‍' എന്നു പരിഹസിച്ചിരുന്ന സമസ്ത അവരുടെ കോഴിക്കോട്ടെ ഒരു പ്രധാന പൊതുപരിപാടിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ചു. ലീഗ് ഞെട്ടിയ തീരുമാനമായിരുന്നു അത്. പക്ഷേ, ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങളും മാത്രം ഞെട്ടിയില്ല. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നായിരുന്നു സമസ്ത നേതാക്കള്‍ കൂടിയായ അവരുടെ നിലപാട്. അവര്‍കൂടി ആലോചിച്ചാണ് ആ തീരുമാനമെടുത്തതും. സമസ്തയുടെ പരിപാടിയില്‍ ആദ്യമായി പങ്കെടുക്കുന്നതിലെ ആഹ്ലാദം മറച്ചുവയ്ക്കാതെയാണ് അന്ന് കോടിയേരി പ്രസംഗിച്ചത്. നിങ്ങള്‍ കാന്തപുരത്തെ കൊണ്ടുനടന്നാല്‍ ഞങ്ങളെ കൊണ്ടുനടക്കാന്‍ സി.പി.എം ഉണ്ടാകും എന്ന ആ മുന്നറിയിപ്പ് തന്നെയാണ് മറ്റൊരു വിധത്തില്‍ ഇപ്പോള്‍ സമസ്ത ആവര്‍ത്തിക്കുന്നത്. ''ലീഗ് ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്നാല്‍ ഞങ്ങള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കും'' എന്ന്. കാന്തപുരവുമായി ഇടക്കാലത്തുണ്ടായ അടുപ്പം ലീഗിന് ഇപ്പോഴില്ല. മാത്രമല്ല, സമസ്തയും കാന്തപുരം വിഭാഗവും തമ്മിലുള്ള അകലം മുന്‍പത്തെയത്ര ഇല്ലതാനും. രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ഐക്യചര്‍ച്ചകളെ ലീഗ് ഇടങ്കോലിട്ട് പൊളിച്ചെങ്കിലും കൂടുതല്‍ അകലാതിരിക്കാനുള്ള ജാഗ്രത രണ്ടു വിഭാഗത്തിനുമുണ്ട്. മാത്രമല്ല, കാന്തപുരത്തിന്റെ സി.പി.എം അനുകൂല നയം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. അവിടേക്ക് സമസ്ത കൂടി ചെല്ലുന്നതിന്റെ രാഷ്ട്രീയ സാധ്യതകള്‍ ശരിയായി മനസ്സിലാക്കുന്നതില്‍ സി.പി.എം വിജയിച്ചു. അതുകൊണ്ടാണ് ജിഫ്രി തങ്ങള്‍ നിയോഗിച്ച പ്രതിനിധിസംഘവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വഖഫ് ബോര്‍ഡ് വിഷയത്തില്‍ അവര്‍ മയപ്പെട്ടത്. 

കാന്തപുരം വിഭാഗത്തോട് ലീഗ് നേതൃത്വം ഇടക്കാലത്തു മൃദുസമീപനം സ്വീകരിച്ചത് സമുദായത്തില്‍ ഐക്യം വേണമെന്ന സദുദ്ദേശ്യംകൊണ്ടൊന്നുമല്ല. 'മഞ്ചേരി ഇഫക്ട്' എന്നാണ് അതിനെ കാന്തപുരം വിഭാഗം വിശേഷിപ്പിച്ചിരുന്നത്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ കെ.പി.എ മജീദിനെ തോല്‍പ്പിച്ചത് അവരുടെ പ്രതികാരമായിരുന്നു. 2001-ലെ എ. കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡിലും ഹജ്ജ് കമ്മിറ്റിയിലും പ്രാതിനിധ്യം നല്‍കാതിരുന്നതുമായി ബന്ധപ്പെട്ട അപമാനമായിരുന്നു കാരണം. ജമാഅത്തെ ഇസ്ലാമിയുടേയും മുജാഹിദുകളുടേയും വരെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയെങ്കിലും കാന്തപുരം വിഭാഗത്തെ അകറ്റിനിര്‍ത്തി. ഹജ്ജ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശം ചോദ്യം ചെയ്യാതെ അനുസരിച്ചു. കാന്തപുരം വിഭാഗം കൂടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാനായിരിക്കാന്‍ തന്നെ കിട്ടില്ല എന്ന് ഉമറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോടു പറഞ്ഞു എന്നാണ് പിന്നീട് വ്യക്തമായത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേരിട്ടും അദ്ദേഹത്തിന്റെ പ്രതിനിധികളും എ.കെ. ആന്റണിയേയും കുഞ്ഞാലിക്കുട്ടിയേയും പലവട്ടം കണ്ടെങ്കിലും ഫലമുണ്ടായില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അതിനു പകരം ചോദിക്കാന്‍ കാന്തപുരം വിഭാഗം തീരുമാനിച്ചെങ്കിലും ലീഗും സമസ്തയും അത് കാര്യമായെടുത്തില്ല. പക്ഷേ, കാന്തപുരം വിഭാഗം ഇറങ്ങി പ്രവര്‍ത്തിച്ചു. ലീഗിന്റെ കുത്തക സീറ്റുകളിലൊന്നായിരുന്ന മഞ്ചേരിയില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു. ജയിച്ചത് സി.പി.എം സ്ഥാനാര്‍ത്ഥി ടി.കെ. ഹംസയാണ്. പിന്നീട് 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് കെ.ടി. ജലീലിനെ വിജയിപ്പിച്ചതും മങ്കടയില്‍ അന്ന് സി.പി.എം സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലി ഡോ. എം.കെ. മുനീറിനെ തോല്‍പ്പിച്ചതുമൊക്കെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത് കാന്തപുരം വിഭാഗം പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് അവരെ അകറ്റിനിര്‍ത്തുകയല്ല വേണ്ടത് എന്ന നിലപാടിലേക്ക് ലീഗ് നേതൃത്വത്തിലെ പ്രധാനികള്‍ എത്തിയത്; മഞ്ഞളാംകുഴി അലിക്കുവേണ്ടി 2001-ല്‍ മങ്കടയില്‍ തന്നെ തോല്‍പ്പിക്കാന്‍ കാന്തപുരം വിഭാഗം ശ്രമിച്ചു എന്ന് അറിയാവുന്ന കെ.പി.എ. മജീദ് പിന്നീട് ജനറല്‍ സെക്രട്ടറിയായപ്പോള്‍ അതിനു മുന്‍കൈ എടുക്കുകകൂടി ചെയ്തു. പക്ഷേ, അതിനുള്ള കണക്ക് സമസ്ത അദ്ദേഹത്തോട് തീര്‍ത്തത് രാജ്യസഭാ സീറ്റ് തട്ടിത്തെറിപ്പിച്ച് പി.വി.എ. വഹാബിനൊപ്പം നിന്നുകൊണ്ടാണ്. 

1980 മുതല്‍ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മങ്കടയില്‍നിന്ന് ജയിച്ചത് കെ.പി.എ. മജീദ് ആയിരുന്നു. പക്ഷേ,  മന്ത്രിയാകാന്‍ സാധിച്ചില്ല. പി. സീതിഹാജി അന്തരിച്ച ഒഴിവില്‍ 1991 ഡിസംബര്‍ മുതല്‍ 1996 മെയ് വരെ ഗവണ്‍മെന്റ് ചീഫ് വിപ്പായി. 2001-ല്‍ വിജയിച്ചിരുന്നെങ്കില്‍ ആന്റണി സര്‍ക്കാരില്‍ മന്ത്രിയാകേണ്ടിയിരുന്നയാള്‍ പുറത്തുനിന്നു. അതിനു പകരമായി ലീഗ് നല്‍കിയതാണ് മഞ്ചേരി ലോക്സഭാ സീറ്റ്. ലീഗിനോടുള്ള കാന്തപുരത്തിന്റെ പകവീട്ടലും മജീദിന്റെ സ്ഥാനാര്‍ത്ഥിത്വവും യാദൃച്ഛികമായി ഒന്നിച്ചുവന്നു. മങ്കടയില്‍ മജീദിനെ ഒരിക്കല്‍ തോല്‍പ്പിച്ച കാന്തപുരം വിഭാഗത്തിന് 2004-ല്‍ വീണ്ടും മജീദിലൂടെത്തന്നെയാകണം ലീഗിനെ പാഠം പഠിപ്പിക്കേണ്ടത് എന്നു നിര്‍ബ്ബന്ധമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, 1991 മുതല്‍ തുടര്‍ച്ചയായി മഞ്ചേരിയില്‍ മത്സരിച്ചിരുന്ന ഇ. അഹമ്മദ് 2004-ല്‍ തന്ത്രപൂര്‍വ്വം പൊന്നാനിയിലേക്കു മാറി. പിന്നീട് മലപ്പുറമായി മാറിയ അതേ മണ്ഡലത്തിലേക്ക് തൊട്ടടുത്ത 2009-ലെ തെരഞ്ഞെടുപ്പില്‍ അഹമ്മദ് തിരിച്ചുവന്നുവെന്നു കൂടി മനസ്സിലാക്കുമ്പോഴാണ് മഞ്ചേരി ഇഫക്ട് മജീദിനുവേണ്ടി തീരുമാനിച്ചുറച്ചതായിരുന്നു എന്ന പ്രതീതി ഉണ്ടാകുന്നത്. അഹമ്മദിന്റെ 2004-ലെ മണ്ഡലം മാറ്റം സമസ്തയുടെ ഒത്താശയോടെയായിരുന്നു. 2009-ലും പിന്നീട് 2014-ലും അഹമ്മദ് മലപ്പുറത്തുതന്നെ വിജയിക്കുകയും ചെയ്തു. മജീദിനും കുഞ്ഞാലിക്കുട്ടിക്കും മുന്‍പ് ജനറല്‍ സെക്രട്ടറിയായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജി 2003 മെയ് 12-ന് അന്തരിക്കുമ്പോള്‍ രാജ്യസഭാംഗമായിരുന്നു. അതിനുശേഷം 2004-ല്‍ ലീഗിനു ലഭിച്ച രാജ്യസഭാ പ്രാതിനിധ്യമാണ് പി.വി. അബ്ദുല്‍ വഹാബിനു കൊടുത്തത്. 

വഹാബിന് വീണ്ടും അവസരം നല്‍കുക എന്നതിനേക്കാള്‍ മജീദിനെ ഒഴിവാക്കുക എന്ന സമസ്തയുടെ തീരുമാനമാണ് 2015-ല്‍ നടപ്പായത്. വഹാബിനെ 2004-ല്‍ എം.പിയാക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. രണ്ടാംവട്ടം കുഞ്ഞാലിക്കുട്ടി മനസ്സുവയ്ക്കാതിരുന്നത് അവര്‍ തമ്മില്‍ ഇടക്കാലത്തുണ്ടായ അകല്‍ച്ച കാരണവുമായിരുന്നു. അതായത് മജീദിനെ സമസ്ത ലക്ഷ്യമിട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഉന്നം വഹാബായി എന്നുമാത്രം. 

ജിഫ്രി തങ്ങൾ
ജിഫ്രി തങ്ങൾ

ലീഗും ദീനും ഒന്നല്ല

1989-ല്‍ സമസ്തയില്‍ ഉണ്ടായ പിളര്‍പ്പാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്ന ദേശീയ നേതാവിനെ സൃഷ്ടിച്ചതെങ്കില്‍ സമസ്തയോട് ഏറ്റുമുട്ടി മറ്റൊരു കാന്തപുരത്തെക്കൂടി സൃഷ്ടിക്കുകയാണ് ലീഗ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എന്നു ചൂണ്ടിക്കാണിച്ചാണ് സ്‌കോളര്‍ഷിപ്പ് അനുപാത വിഷയത്തില്‍ സമസ്ത വിളിച്ച യോഗം ലീഗ് മാറ്റിവയ്പ്പിച്ചത്. എന്നിട്ട് ലീഗ് അതേ വിഷയത്തില്‍ വേറെ യോഗം വിളിക്കുകയും ചെയ്തു. മുസ്ലിം വിഷയങ്ങളില്‍ സമുദായത്തിലെ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിന്റെ 'കുത്തക' കയ്യില്‍നിന്ന് പോകാതിരിക്കാനായിരുന്നു ലീഗിന്റെ ഈ തന്ത്രം. അതേസമയം, വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ഏഴംഗ സമസ്ത സംഘത്തില്‍ സമസ്തയുടെ ഭാഗമായ ലീഗ് നേതാക്കളെക്കൂടി കൂട്ടാന്‍ സമസ്ത നേതൃത്വം ശ്രദ്ധിക്കുകയും ചെയ്തു. ലീഗ് നേതാവും ലീഗ് പോഷക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) പ്രസിഡന്റുമായ മോയിന്‍കുട്ടി മുസ്ലിയാര്‍ ഉദാഹരണം. സമുദായത്തിനുള്ളില്‍ സ്വാധീനമുള്ള നേതാക്കളായിരുന്നു ആ ഏഴുപേരും. അവരില്‍ ലീഗ് വിധേയര്‍ക്കായിരുന്നില്ല ഭൂരിപക്ഷം. ജിഫ്രി തങ്ങളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചതിനു തുടര്‍ച്ചയായാണ് ഇവര്‍ നേരിട്ടു ചര്‍ച്ച നടത്തിയത്. 

സമസ്തയുമായി പഴയതുപോലെ ഭിന്നിച്ച് മുന്നോട്ടു പോകണ്ട എന്നാണ് കാന്തപുരം വിഭാഗത്തിന്റെ ഉറച്ച നിലപാട്. ഐക്യവും ലയനവും നടന്നേക്കില്ലെങ്കിലും അകല്‍ച്ച കുറയ്ക്കുക, സംഘര്‍ഷം ഒഴിവാക്കുക എന്ന സമീപനം. അത് രാഷ്ട്രീയം എന്നതിനേക്കാള്‍ മതപരമാണ്. മതപരമായ വിഷയങ്ങളില്‍ സമാന നിലപാടുകളുള്ളവര്‍ എന്തിന് പരസ്പരം ശത്രുക്കളായി പെരുമാറണം എന്ന തിരിച്ചറിവ്. മാത്രമല്ല, സമസ്തയും ലീഗുമായുള്ള അകല്‍ച്ച കടുക്കുന്നത് കാന്തപുരം സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. '89-ലെ എസ്.വൈ.എസ് എറണാകുളം സമ്മേളനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിന് ശിഹാബ് തങ്ങളുടെ നേരിട്ടുള്ള വിലക്കാണ് ഉണ്ടായിരുന്നത്. അതായത് രാഷ്ട്രീയപ്പാര്‍ട്ടിയായ ലീഗിന്റെ അധ്യക്ഷന്‍ മത സംഘടനയായ എസ്.വൈ.എസിന്റെ ആഭ്യന്തര കാര്യത്തില്‍ നടത്തിയ തുറന്ന ഇടപെടല്‍. അന്ന് കാന്തപുരം ചൂണ്ടിക്കാട്ടിയത് 'ലീഗും ദീനും ഒന്നല്ല' എന്നാണ്. കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ അതങ്ങ് ഏറ്റെടുത്തു പ്രചരിപ്പിച്ചു. ദീന്‍ എന്നാല്‍ മതം. കാന്തപുരം ഇപ്പോള്‍ അതു വീണ്ടും ആവര്‍ത്തിക്കുന്നു എന്നതും സമസ്ത അതേ ഡയലോഗ് പറയാതെ പറയുന്നു എന്നതും ശ്രദ്ധേയമാണ്: ലീഗും ദീനും ഒന്നല്ല. 

മതം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നുതന്നെയാണ് ജിഫ്രി തങ്ങള്‍ പറയുന്നതിന്റെ സാരം. ലീഗ് മതസംഘടനയാണോ അതോ രാഷ്ട്രീയപ്പാര്‍ട്ടിയാണോ എന്ന് വ്യക്തമാക്കണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം പ്രസക്തമാകുന്നത് ഈ നിലയ്ക്കു കൂടിയാണ്.

ചോദിക്കുന്നത് പിണറായി ആണെങ്കിലും കാന്തപുരത്തിന്റേയും ജിഫ്രി തങ്ങളുടേയും അവര്‍ക്കൊപ്പം നില്‍ക്കുന്ന മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റേയും കൂടി ചോദ്യമായി മാറുന്നു അത്.

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

സമസ്തയുടെ രാഷ്ട്രീയം

കേരളത്തിലെ മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിതസഭ എന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വയം വിശേഷിപ്പിക്കുന്നത്. പിളര്‍ന്നുപോയി വേറെ സംഘടന രൂപീകരിച്ച കാന്തപുരം വിഭാഗത്തെ വിഘടിതര്‍ എന്നേ പരാമര്‍ശിക്കാറുണ്ടായിരുന്നുള്ളു. ആ പക രണ്ടു സംഘടനകളുടേയും ആഭ്യന്തര കാര്യം എന്നതിനപ്പുറം തെരുവുയുദ്ധമായി മാറിയിട്ടുമുണ്ട്. 

1954-ല്‍ ആണ് സമസ്തയുടെ യുവജനവിഭാഗമായി സുന്നി യുവജന സംഘം (എസ്.വൈ.എസ്) രൂപീകരിച്ചത്. പിന്നീടെന്നും എസ്.വൈ.എസിന്റെ കൈയില്‍ തന്നെയായി മാതൃസംഘടനയുടെ നിയന്ത്രണം. സുന്നികള്‍ക്ക് പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്ന് ആവശ്യപ്പെട്ട് 1979-ല്‍ എസ്.വൈ.എസ് നേതൃത്വം സമസ്തയ്ക്ക് നിവേദനം നല്‍കിയതാണ് പിളര്‍പ്പിന് ഇടയാക്കിയ സംഭവങ്ങളുടെ തുടക്കം. ''ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രത്യേകം ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.'' ഇതായിരുന്നു നിവേദനത്തിലെ ആവശ്യം. അത് അംഗീകരിക്കാന്‍ സമസ്ത തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് എസ്.വൈ.എസിന്റെ എറണാകുളം സമ്മേളനം നടക്കുന്നത്. സമസ്ത നേതാക്കളുമായി ആലോചിക്കാതെയായിരുന്നു സമ്മേളനം തീരുമാനിച്ചത്. മാത്രമല്ല, പാണക്കാട്ടെ തങ്ങള്‍ കുടുംബത്തില്‍നിന്ന് ഒരാളെപ്പോലും പങ്കെടുപ്പിച്ചുമില്ല. മറുപക്ഷം സമാന്തരമായി വേറെ സമ്മേളനത്തിന് ഒരുക്കം കൂട്ടി. പിളര്‍പ്പ് മുന്നില്‍ കണ്ട സമസ്ത നേതാക്കള്‍ രണ്ടുകൂട്ടരേയും വിളിച്ചു ചേര്‍ത്തു. രണ്ടു സമ്മേളനവും നിര്‍ത്തിവച്ച് സംയുക്ത സമ്മേളനം നടത്തണം എന്നായിരുന്നു ആവശ്യം. അതനുസരിച്ച് തീരുമാനവുമുണ്ടായി. അതിനു സ്വാഗതസംഘം രൂപീകരിക്കാന്‍ ഉന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന് കാന്തപുരവും അദ്ദേഹത്തിന്റെ ആളുകളും എത്തിയില്ല. അവര്‍ നേരത്തെ തീരുമാനിച്ച സമ്മേളനം നടത്തുകയും ചെയ്തു. 1989 ആഗസ്റ്റില്‍ സമസ്ത വേറെ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചതോടെ പിളര്‍പ്പ് പൂര്‍ണ്ണമാവുകയും ചെയ്തു. ആ കമ്മിറ്റിയുടെ പ്രസിഡന്റാക്കിയത് ഹൈദരലി തങ്ങളെയാണ്. പിന്നീട് ലീഗിന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ആയപ്പോഴൊന്നും ആ പദവി അദ്ദേഹം ഉപേക്ഷിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com