പ്രിയംവദയുടെ നീതി പോരാട്ടം; നെരിപ്പോടെരിയുന്ന ഒമ്പത് വര്‍ഷങ്ങള്‍

കണ്ണൂര്‍ താഴേ ചൊവ്വ സ്വദേശി എം.സി. പ്രിയംവദയ്ക്ക് ഉന്നത വിദ്യാഭ്യാസമുണ്ട്, അഭിഭാഷകയാണ്, കനറാ ബാങ്കില്‍ ലോ ഓഫീസറായിരുന്നു. പക്ഷേ, ഒന്‍പതു വര്‍ഷമായി ജോലിയില്ല
പ്രിയംവദ/ ഫോട്ടോ: പ്രസൂൺ കിരൺ
പ്രിയംവദ/ ഫോട്ടോ: പ്രസൂൺ കിരൺ

ണ്ണൂര്‍ താഴേ ചൊവ്വ സ്വദേശി എം.സി. പ്രിയംവദയ്ക്ക് ഉന്നത വിദ്യാഭ്യാസമുണ്ട്, അഭിഭാഷകയാണ്, കനറാ ബാങ്കില്‍ ലോ ഓഫീസറായിരുന്നു. പക്ഷേ, ഒന്‍പതു വര്‍ഷമായി ജോലിയില്ല. കോടികളുടെ വായ്പാ തട്ടിപ്പു കണ്ടെത്തിയതിനു പിന്നാലെ ആദ്യം സസ്പെന്‍ഷനും പിന്നീടു പിരിച്ചുവിടലും. മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ യോഗ്യയല്ല എന്നു ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്തു. നിയമപോരാട്ടത്തിലാണ് പ്രിയംവദ. ഹൈക്കോടതിയില്‍ വര്‍ഷങ്ങളായി കേസ് നടക്കുന്നു. അതുവരെ ജീവിതം ബാക്കിയുണ്ടാകുമോ എന്നുമറിയില്ല. അച്ഛന്‍ മനസ്സു കൈവിട്ടുപോയ ഏതോ നിമിഷത്തില്‍ ജീവിതം അവസാനിപ്പിച്ചു..  ജീവിതം എന്താകുമെന്നും എവിടെ എത്തുമെന്നും. അറിയില്ല.  സഹോദരങ്ങളും ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ധൈര്യം പകരുന്നുണ്ട്. 

കനറാ ബാങ്കിന്റെ മംഗലാപുരം ഓഫീസില്‍ ലോ ഓഫീസറായിരിക്കെ പതിനഞ്ചര കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പാണ് പ്രിയംവദ കണ്ടുപിടിച്ചത്. അന്നു തുടങ്ങി ദുരിതകാലം. പിന്നീട് ഈ വിവരങ്ങള്‍ സി.ബി.ഐയേയും കേന്ദ്ര വിജിലന്‍സ് കമ്മിഷനേയും റിസര്‍വ്വ് ബാങ്കിനേയും അറിയിച്ചു. ഒന്നും സംഭവിച്ചില്ല. പക്ഷേ, ബാങ്കിനു കുറേ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ ആ ഇടപെടല്‍ മൂലം കഴിഞ്ഞു. എന്നാല്‍, ഗോവയിലെ സ്വകാര്യ സ്ഥാപനത്തിന്റെ 14 കോടി വായ്പാ കുടിശിക നിയമവിരുദ്ധമായി എഴുതിത്തള്ളാന്‍ ശ്രമിച്ചവര്‍ക്ക് അതു സാധിച്ചില്ല. ഏഴു കോടി രൂപ ഈടാക്കേണ്ടിവന്നു. പക്ഷേ, മറ്റൊരു തട്ടിപ്പു കേസ് വേണ്ടപ്പെട്ടവര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍പ്രകാരം ഒത്തുതീര്‍പ്പാക്കി. വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് പിരിച്ചുവിട്ടത്. അതിനു വേറെ കാരണം ഉണ്ടാക്കിയെടുക്കുകയായിരുന്നു. 

സസ്പെന്റ് ചെയ്തത് 2011 ഒക്ടോബര്‍ 12-ന്. മേലുദ്യോഗസ്ഥരുടെ സത്യസന്ധതയേയും സ്ത്രീത്വത്തേയും അവഹേളിക്കുന്ന വിധം മോശം പരാമര്‍ശങ്ങള്‍ നടത്തിയതായി കോഴിക്കോട് സര്‍ക്കിള്‍ ഓഫീസ് ആര്‍ ആന്റ് എല്‍ വിഭാഗത്തിലെ രണ്ടു സീനിയര്‍ മാനേജര്‍മാരും രണ്ടു മാനേജര്‍മാരും ഒരു ഓഫീസറും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മറ്റുള്ളവര്‍ നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ഒച്ചവെച്ചു ശല്യം ചെയ്യുന്നു എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവിലെ മറ്റൊരു ആരോപണം. ഏല്പിക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുകയും മേലുദ്യോഗസ്ഥരോട് ബഹുമാനമില്ലാതെ പെരുമാറുകയും ചെയ്യുന്നു എന്നു മൂന്നാമത്തെ കുറ്റം. അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്ന കാര്യങ്ങള്‍ ഇവയാണ്: 

ഏല്പിക്കുന്ന ജോലികള്‍ ചെയ്യാത്തതുകൊണ്ട് ബാങ്കിനു വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായി, മേലുദ്യോഗസ്ഥന്റെ മുട്ടുകാല്‍ തല്ലിയൊടിക്കും എന്നു ഭീഷണിപ്പെടുത്തി. സഹ ഉദ്യോഗസ്ഥയുടെ സദാചാരം ചോദ്യം ചെയ്തു. യഥാര്‍ത്ഥത്തില്‍ സംഭവിച്ച മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ച് 2011 ജനുവരി 31-നു ദേശീയ മനുഷ്യാവകാശ കമ്മിഷന് പ്രിയംവദ പരാതി നല്‍കിയിരുന്നു. ആരോപണവിധേയനായ ഒരു ഉദ്യോഗസ്ഥനില്‍നിന്ന് അതിന്റെ അടുത്ത ദിവസം ഭീഷണിയുണ്ടായി: ''മലബാര്‍ സിമന്റ്സിലെ ശശീന്ദ്രന്റേയും മക്കളുടേയും അനുഭവം ഉണ്ടാകും.'' 2011 ജനുവരി 24-ന് ആയിരുന്നു മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രനേയും രണ്ട് മക്കളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവര്‍ കൊല്ലപ്പെട്ടതാണെന്നു പിന്നീട് തെളിഞ്ഞു. ഇങ്ങനെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചു എന്നും കള്ളപ്പരാതി ഉണ്ടാക്കി. പിന്നീട്, രണ്ടുപേര്‍ വീടിനു മുന്നില്‍ വന്നു ഭീഷണിപ്പെടുത്തി. പ്രിയംവദയുടെ പിരിച്ചുവിടലിനെതിരെ നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് കനറാ ബാങ്കിനു മുന്നില്‍ സമരം ചെയ്തു. 2013 ജനുവരി 19-നു പിരിച്ചുവിടല്‍ പ്രാബല്യത്തിലായി. 

ജീവിതം മാറുന്നു 

1999 നവംബറിലാണ് കനറാ ബാങ്കില്‍ ലോ ഓഫീസറായി ജോലി കിട്ടുന്നത്. അതുവരെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആദ്യ നിയമനം ചെന്നൈയില്‍. പിന്നെ ബെംഗളൂരു, മംഗലാപുരം, കോഴിക്കോട്. 2004-ല്‍ മംഗലാപുരം സര്‍ക്കിള്‍ ഓഫീസില്‍ റിക്കവറി ആന്റ് ലീഗല്‍ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോള്‍ ഗോവയിലെ പനാജി ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിന്റെ വായ്പാകുടിശിക കിട്ടാക്കടമായി എഴുതിത്തള്ളാനുള്ള നിര്‍ദ്ദേശം പരിശോധനയ്ക്കു വന്നതു മുതലാണ് ജീവിതം മാറിപ്പോയത്. ആല്‍ഫാ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എടുത്ത ഏഴു കോടി വായ്പ പലിശയും പിഴപ്പലിശയുമെല്ലാം ചേര്‍ന്നു 14 കോടിയോളമായി മാറിയിരുന്നു. അതു കിട്ടാക്കടമായി എഴുതിത്തള്ളാനാണ് തീരുമാനിച്ചത്. വായ്പ എടുത്തവരുടെ പണയവസ്തുവില്‍നിന്ന് ഈടാക്കാനോ ജപ്തി ചെയ്യാനോ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഒരു വായ്പ എഴുതിത്തള്ളുന്നത്. തിരിച്ചുകിട്ടാന്‍ ഒരു രക്ഷയുമില്ല എന്നു ബാങ്കിനു ബോധ്യപ്പെടുമ്പോഴാണ് ഇത്. പക്ഷേ, അതിന് അനുകൂലമായി ലോ ഓഫീസറുടെ നിയമോപദേശം വേണം. ഗോവ ശാഖയുടെ കണ്‍ട്രോളിംഗ് ഓഫീസ് മംഗലാപുരത്തായിരുന്നതുകൊണ്ടാണ് അത് പ്രിയംവദയ്ക്കു മുന്നിലെത്തിയത്. വായ്പ എടുത്തതിന്റെ രേഖകള്‍ നോക്കിയപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് ഏഴു കോടി നല്‍കിയിരിക്കുന്നത് എന്നു മനസ്സിലായി. സ്വാഭാവികമായും അതിനേക്കുറിച്ചു സംശയം തോന്നി. എങ്ങനെയാണ് വാടകക്കെട്ടിടം ഈടുവച്ച് ഇത്ര വലിയ തുക വായ്പ നല്‍കിയത് എന്നറിയാന്‍ പഴയ ഫയലുകള്‍ പരിശോധിച്ചു. 

''അതെന്റെ തലവിധി മാറ്റി'' എന്ന് പ്രിയംവദ. ഫയലുകളുടെ വലിയ കെട്ടില്‍നിന്ന് ഏറ്റവും താഴത്തെ ഫയല്‍ എടുത്തു. ബാങ്കില്‍ ചേരുമ്പോള്‍ ദൊരൈസ്വാമി എന്ന സീനിയര്‍ ഓഫീസര്‍ പറഞ്ഞുതന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു അത്: ഒരു അക്കൗണ്ടില്‍ പിന്നീട് എന്തൊക്കെ നടന്നാലും ആദ്യത്തെ രണ്ടോ മൂന്നോ ഫയലുകള്‍ സത്യം വിളിച്ചുപറയും. ഏഴുകോടി വിപണി വിലയുള്ള സ്വന്തം കെട്ടിടമുണ്ട് എന്നാണ് ആദ്യ ഫയലില്‍ കണ്ടത്. ഏഴുകോടി വായ്പ കൊടുക്കണമെങ്കില്‍ പത്തര കോടിയെങ്കിലും ആസ്തിയുണ്ടായിരിക്കണം. എന്നാല്‍, ഏഴു കോടി ആസ്തി ഈടുവച്ച് അത്രതന്നെ തുക നല്‍കിയിരിക്കുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ ആ ഏഴു കോടിയുടെ ആസ്തി മറ്റാരുടേതോ ആണ്; സ്ഥാപനത്തിനു സ്വന്തമായി ഒന്നുമില്ലെന്നും വാടകക്കെട്ടിടമാണെന്നും വ്യക്തമായി. 

വായ്പയെടുത്തത് പനാജി ശാഖയില്‍നിന്നായതുകൊണ്ടു ബന്ധപ്പെട്ട രേഖകളെല്ലാം ആ ശാഖയിലാണുള്ളത്. രേഖകളില്‍ തട്ടിപ്പു കണ്ടപ്പോള്‍ ബാങ്കിനെ കബളിപ്പിച്ചതാണെന്നു കരുതി. മംഗലാപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ മധുകറിനെ കണ്ടു കാര്യം പറഞ്ഞു. അദ്ദേഹം തികഞ്ഞ സത്യസന്ധനായ ഓഫീസറായിരുന്നു. 14 കോടിയുടെ തട്ടിപ്പു വ്യക്തമായതോടെ അദ്ദേഹം അമ്പരന്നു. വായ്പയെടുത്ത് രണ്ടു മാസം കഴിഞ്ഞു സ്ഥാപനം പൂട്ടിപ്പോയിരിക്കുന്നു, തിരിച്ചടവ് ഉണ്ടായിട്ടേയില്ല. ഈ വായ്പയെടുക്കാന്‍ മാത്രമായി ഉണ്ടാക്കിയ സ്ഥാപനമാണെന്നും തട്ടിപ്പ് ആസൂത്രിതമാണെന്നും വ്യക്തം. ബന്ധപ്പെട്ട എന്തൊക്കെ രേഖകളാണ് പനാജിയില്‍നിന്ന് ആവശ്യപ്പെടേണ്ടത് എന്ന് പ്രിയംവദയോട് എഴുതിവാങ്ങി അദ്ദേഹം ഒപ്പിട്ടു പനാജിക്ക് അടിയന്തര ഫാക്‌സ് സന്ദേശം അയച്ചു. 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ സൂക്ഷ്മപരിശോധനയ്ക്ക് ലോ ഓഫീസര്‍ക്ക് എത്തിക്കണം എന്ന് ഫോണിലും നിര്‍ദ്ദേശം നല്‍കി.
 
പക്ഷേ, ജനറല്‍ മാനേജര്‍ വിളിച്ചുപറഞ്ഞ കാര്യമായിട്ടും 24 മണിക്കൂര്‍ പോയിട്ട് മൂന്നു ദിവസമായിട്ടും രേഖകള്‍ എത്തിയില്ല. മധുകര്‍ പലവട്ടം വിളിക്കുകയും റിമൈന്‍ഡര്‍ അയയ്ക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. മൂന്നാം ദിവസവും രേഖകള്‍ കിട്ടാതിരുന്നപ്പോള്‍, മറ്റെന്നാള്‍ താന്‍ തന്നെ പനാജിയില്‍ പോയി രേഖകള്‍ എടുത്തുകൊണ്ടുവരും എന്ന് മധുകര്‍ പ്രിയംവദയോടു പറഞ്ഞു. അത് അദ്ദേഹം സ്വാഭാവികമായും ഗോവയിലും അറിയിച്ചിട്ടുണ്ടാകണം. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ സ്ഥലംമാറ്റി ഉത്തരവു വന്നു. അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്കാണ്. സ്ഥലംമാറ്റത്തിന്റെ സമയമല്ല. എന്നിട്ടും അതു സംഭവിച്ചപ്പോള്‍ മുകളില്‍ വലിയ സ്വാധീനമുള്ളവരാണ് വായ്പാ തട്ടിപ്പിനു പിന്നില്‍ എന്നു വ്യക്തമായി. പ്രിയംവദ പിന്നീടും മൂന്നോ നാലോ റിമൈന്‍ഡര്‍ അയച്ചു. മറുപടിയുണ്ടായില്ല. പകരം വന്ന മാനേജര്‍ ആ വിഷയത്തില്‍ താല്പര്യമെടുക്കരുത് എന്നു നിര്‍ബ്ബന്ധമുള്ള ആളെപ്പോലെയാണ് പെരുമാറിയത്. അദ്ദേഹം വന്നശേഷം പ്രിയംവദയ്‌ക്കെതിരെ വിചിത്രമായ പരാതിയും അതിന്മേല്‍ നടപടിയുമുണ്ടായി. ജനുവരിയായിരുന്നു, തണുപ്പുകാലം. സൈനസൈറ്റിസിന്റെ അസുഖമുള്ളതുകൊണ്ട് ഫാനിന്റെ കാറ്റ് അല്പം കുറയ്ക്കാമോ എന്നു സഹപ്രവര്‍ത്തകയോടു ചോദിച്ചതിനെത്തുടര്‍ന്ന് അവരുമായി വഴക്കുണ്ടാക്കി എന്ന പരാതിയാണ് ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ വിഭാഗത്തില്‍നിന്നു മാറ്റി. അതോടെ വിവാദ പനാജി ഫയല്‍ പ്രിയംവദയുടെ ഉത്തരവാദിത്വത്തിനും അധികാരപരിധിക്കും പുറത്തായി. ഇല്ലാത്ത പരാതിയുടേയും മാറ്റലിന്റേയും ലക്ഷ്യം കൃത്യമായിരുന്നു. പുറമേ, വഴക്കുണ്ടാക്കരുത് എന്നൊരു രേഖാമൂലമുള്ള താക്കീതും. 

വായ്പാ തട്ടിപ്പു കണ്ടപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തകരില്‍ ചിലരോട് അതേക്കുറിച്ചു പറഞ്ഞിരുന്നു. ബാങ്കിനെ സ്വകാര്യസ്ഥാപനം കബളിപ്പിക്കുന്നു എന്നായിരുന്നു ധാരണ. അതിനപ്പുറമാണ് സംഗതിയുടെ മാനങ്ങള്‍ എന്നു മനസ്സിലാക്കാന്‍ വൈകി. വിവരങ്ങള്‍ മനസ്സിലാക്കിയ മലയാളിയായ ഒരു ഓഫീസര്‍ സ്‌നേഹത്തോടെ പറഞ്ഞു: ''ഇവിടെനിന്ന് എത്രയും വേഗം സ്ഥലംമാറ്റത്തിനു ശ്രമിക്കുക. അതുവരെ വിഡ്ഢിവേഷം കെട്ടുക. ഒന്നും മനസ്സിലാകാത്തതുപോലെ ഭാവിക്കുക. അല്ലെങ്കില്‍ അപകടമാണ്.'' അതിനിടയില്‍ പ്രിയംവദയെ ഗോവയിലേക്കു മാറ്റി ഉത്തരവു വന്നു. ''എന്നെ എന്തോ കാര്യമായി ചെയ്യാന്‍ ഉദ്ദേശിച്ചുതന്നെ ആയിരിക്കണം അത്'' എന്ന് അവര്‍ വിശ്വസിക്കുന്നു. സൈനസൈറ്റിസ് ഉള്ളയാള്‍ക്കു ഗോവയിലെ കാലാവസ്ഥ പിടിക്കില്ലെന്നും കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതുകൊണ്ടാണ് ആ മാറ്റം നടക്കാതെ പോയത്. മലയാളി ഓഫീസര്‍ പ്രത്യേകം ശ്രമിച്ച് കോഴിക്കോട്ടേയ്ക്കു മാറ്റം വാങ്ങിക്കൊടുത്തു. എങ്കിലും അതിനിടയില്‍ കിട്ടിയ കാലംകൊണ്ട് മാനസികമായി വളരെയധികം ബുദ്ധിമുട്ടിക്കാനും ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി. ലോ മാനേജരായി സ്ഥാനക്കയറ്റം കിട്ടുന്നതിനുള്ള പരീക്ഷ മികച്ച മാര്‍ക്കോടെ പാസ്സായിട്ടും കയറ്റം നല്‍കിയില്ല. മാര്‍ക്കു കുറഞ്ഞ മറ്റു പലര്‍ക്കും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. രണ്ടുവട്ടം ഇത് ആവര്‍ത്തിച്ചപ്പോള്‍ പരീക്ഷ എഴുതുന്നതുതന്നെ നിര്‍ത്തി. 

2008-ല്‍ ആണ് കോഴിക്കോട്ട് എത്തിയത്. ''ഒരാള്‍ വരുന്നുണ്ട്. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ആളാണ്'' എന്ന് മംഗലാപുരത്തുനിന്നു മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇതു പിന്നീട് കോഴിക്കോട്ടെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞാണ് അറിഞ്ഞത്. ലോ ഓഫീസറാണെങ്കിലും ആ ജോലിയുടെ പരിധിയില്‍ വരാത്ത ജോലികള്‍പോലും ഏല്പിച്ചു ബുദ്ധിമുട്ടിച്ചു. അത് മംഗലാപുരം നിര്‍ദ്ദേശത്തിന്റെ പ്രത്യാഘാതമായിരുന്നു. 

ആല്‍ഫാ ഇംപെക്‌സിന്റെ മാത്രമല്ല, മറ്റു രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ കൂടി വായ്പാ തട്ടിപ്പ് അതേ കാലയളവില്‍ കണ്ടെത്തിയിരുന്നു. തുക അത്രയ്ക്കില്ലെന്നു മാത്രം. ഗോവാ സ്റ്റീല്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് മറ്റൊന്ന്. മൂന്നു കോടിയാണ് അവരുടെ വായ്പ; പലിശയും പിഴയുമെല്ലാം ചേര്‍ത്തു നാലരക്കോടിയോളം രൂപ തിരിച്ചടയ്ക്കണം. ഒന്നരക്കോടി രൂപ വാങ്ങി ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഒരു നിര്‍ദ്ദേശം കൊണ്ടുവന്നു. ഗോവയില്‍ ഈ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റിന്റെ വിവരമൊക്കെ മറച്ചുവെച്ചിട്ടാണ് ഒന്നരക്കോടിക്ക് തീര്‍ക്കാന്‍ പ്രപ്പോസല്‍. അതും അംഗീകരിക്കാതെ പ്രിയംവദ പിടിച്ചുവച്ചു. 

ഷിമോഗ ആസ്ഥാനമായ യുണൈറ്റഡ് ഓട്ടോ മൊബൈല്‍സിന്റെ തട്ടിപ്പാണ് മൂന്നാമതായി കണ്ടെത്തിയത്. ഭാഗം വയ്ക്കാത്ത ഒരു സ്ഥലം ആദ്യം പണയംവച്ചു വായ്പ എടുത്തു. പിന്നീട് ഭാഗത്തിനുശേഷവും മറ്റൊരു കമ്പനിയുടെ പേരില്‍ അതേ സ്ഥലം പണയം വച്ചു വായ്പയെടുത്തു. അതു പക്ഷേ, തുക ചെറുതാണ്, അഞ്ചുലക്ഷം രൂപ. പനാജിയില്‍ ബ്രാഞ്ച് മാനേജരായിരുന്ന എ.ജി.എം ആണ് പിന്നീട് മംഗലാപുരം സര്‍ക്കിളില്‍ എച്ച്.ആര്‍ മാനേജരായി വന്നത്. പ്രിയംവദ മംഗലാപുരത്ത് ജോലി ചെയ്യുമ്പോള്‍ അദ്ദേഹം അവിടെയുണ്ട്. അതായത് പനാജിയിലെ ക്രമക്കേടുകള്‍ കണ്ടുപിടിച്ച് ഇടപെടുമ്പോള്‍, ക്രമക്കേടിന്റെ കാലത്ത് പനാജിയില്‍ പ്രധാന തസ്തികയിലുണ്ടായിരുന്ന ആള്‍ തലയ്ക്കു മുകളിലിരുന്ന് എല്ലാം കാണുകയായിരുന്നു. കരുക്കള്‍ നീക്കിയത് മുഴുവന്‍ അദ്ദേഹമായിരുന്നു. അതുകൊണ്ട് പ്രിയംവദയെ ഒതുക്കേണ്ടതും അദ്ദേഹത്തിന്റേയും കൂട്ടു ഗുണഭോക്താക്കളുടേയും ആവശ്യമായി മാറി. ബെംഗളൂരുവില്‍ സഹപ്രവര്‍ത്തകയായിരുന്ന മലയാളി ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകനുമായുള്ള സൗഹൃദത്തെ ബാങ്ക് മാനേജ്മെന്റ് താക്കീതു ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നു. ആ കാര്യം അന്നുമിന്നും താനായിട്ട് ഒരാളോടും പറഞ്ഞു നടന്നിട്ടില്ലെന്ന് പ്രിയംവദ പറയുന്നു. എന്നാല്‍, മറ്റാരോടെങ്കിലും പറഞ്ഞോ എന്ന് ആ ഉദ്യോഗസ്ഥ സംശയിച്ചു. അവര്‍ പല സ്ഥലംമാറ്റങ്ങള്‍ക്കുശേഷം കോഴിക്കോട്ട് ലോ മാനേജരായി എത്തി. സസ്പെന്‍ഷനും പിരിച്ചുവിടലും ഉണ്ടായപ്പോള്‍ അവര്‍ അതു മനസ്സില്‍വച്ച് ഈ നീക്കങ്ങളെ ഒരുകൈ സഹായിക്കുകയും ചെയ്തു. 

പ്രിയംവദ/ ഫോട്ടോ: പ്രസൂൺ കിരൺ
പ്രിയംവദ/ ഫോട്ടോ: പ്രസൂൺ കിരൺ

വീഴാതെ പ്രതീക്ഷയോടെ 

പനാജി തട്ടിപ്പുകാലത്തു ബ്രാഞ്ച് മാനേജരായിരുന്ന, പിന്നീട് ബുദ്ധിമുട്ടിക്കാന്‍ നേതൃത്വം നല്‍കിയ ആള്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചാലുടന്‍ ഈ ക്രമക്കേടുകളുടെ വിവരം സി.ബി.ഐയെ അറിയിക്കണമെന്ന് ബാങ്കിലെത്തന്നെ ചിലര്‍ പ്രിയംവദയോടു പറഞ്ഞു. അറിയിച്ചില്ലെങ്കില്‍ എവിടെയെങ്കിലും വച്ചു വീഴ്ത്താനിടയുണ്ട് എന്നും ചൂണ്ടിക്കാട്ടി. 2010 മാര്‍ച്ചില്‍ ആ വിരമിക്കല്‍ സംഭവിച്ചു. അതേമാസം തന്നെ കൊച്ചിയിലെ സി.ബി.ഐ ഓഫീസിനെ വിശദമായി വിവരങ്ങള്‍ എഴുതി അറിയിച്ചു. അതില്‍ മൂന്നു തട്ടിപ്പുകളെക്കുറിച്ചും പറഞ്ഞിരുന്നു. അതിന്റെ പകര്‍പ്പാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷനും റിസര്‍വ്വ് ബാങ്കിനും അയച്ചത്. സമാധാനമില്ലാത്ത ദിനങ്ങളായിരുന്നു അത്. ആ മേലുദ്യോഗസ്ഥന്‍ പോയശേഷവും സ്ഥിതിക്കു മാറ്റം വന്നില്ല. എങ്ങനെയെങ്കിലും പ്രിയംവദയെ പുറത്താക്കുക എന്ന ലക്ഷ്യംവച്ചുള്ള മാനസിക പീഡനങ്ങള്‍. ''അവയ്‌ക്കൊടുവില്‍ എല്ലാം വലിച്ചെറിഞ്ഞുപോകും എന്നായിരിക്കാം അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ, പൊരുതാനായിരുന്നു എന്റെ തീരുമാനം'' പ്രിയംവദ പറയുന്നു. ദിവസവും വിവിധ ശാഖകളില്‍നിന്നു നിയമോപദേശം ചോദിച്ച് അന്വേഷണങ്ങള്‍ വന്നുകൊണ്ടേയിരിക്കും. പക്ഷേ, പൊടുന്നനെ അതു നിലച്ചു. ഒന്നോ രണ്ടോ ഒക്കെ വന്നാലായി. എന്താണ് അങ്ങനെ എന്ന് ആലോചിക്കുന്നതിനിടെ പല ശാഖകളില്‍നിന്നും വിളിച്ചു നിയമോപദേശം ചോദിച്ചിട്ടു മറുപടി കിട്ടാത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. ശാഖകളില്‍നിന്നു വരുന്നതൊക്കെ തനിക്കു തരാതെ മാറ്റിവയ്ക്കുകയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്. ഇതൊന്നും നോക്കുന്നില്ല, ജോലി ചെയ്യുന്നില്ല എന്നു വരുത്തി അച്ചടക്ക നടപടിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. കാര്യം പിടി കിട്ടിയതോടെ, വിവരാവകാശ നിയമപ്രകാരം വിവരം അന്വേഷിച്ചു. ഇന്ന ദിവസം മുതല്‍ ഇന്ന ദിവസം വരെ നിയമോപദേശം തേടി എത്ര കത്തുകള്‍ വന്നിരുന്നു എന്നായിരുന്നു ചോദിച്ചത്. സംഗതി തങ്ങള്‍ക്കു തിരിച്ചടിയാകും എന്നു മനസ്സിലായപ്പോള്‍ പിടിച്ചുവച്ചിരുന്നതെല്ലാം ഏല്പിച്ചു. 

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ തിരിമറി നടത്തി ഒരു ശാഖയില്‍നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത സംഭവം പിടികൂടിയത് ആയിടയ്ക്കാണ്. ഒരു ലക്ഷം രൂപയ്ക്കു മുകളിലെ ക്രമക്കേട് 24 മണിക്കൂറിനുള്ളില്‍ ക്രൈംബ്രാഞ്ചിനേയും ഒരു കോടിക്കു മുകളിലാണെങ്കില്‍ സി.ബി.ഐയേയും അറിയിക്കണം എന്നത് ബാങ്കുകള്‍ക്കുള്ള നിയമപരമായ കര്‍ശന നിര്‍ദ്ദേശമാണ്. തട്ടിപ്പു കണ്ടെത്തിയ ശേഷം പലിശയടക്കം മുഴുവന്‍ തുകയും തിരിച്ചടച്ചാല്‍പ്പോലും ക്രിമിനല്‍ കുറ്റം അങ്ങനെയല്ലാതാകില്ല. വ്യാജരേഖ ഉണ്ടാക്കി വായ്പയെടുത്തതിനെക്കുറിച്ച് പൊലീസിനു പരാതി ലഭിച്ചു. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ചുള്ള നിയമോപദേശം ശാഖയെ അറിയിക്കാന്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എ.ജി.എമ്മിനെ ഏല്പിപ്പിച്ചു. പിറ്റേന്ന് അദ്ദേഹം പറഞ്ഞത് ആ റിപ്പോര്‍ട്ട് കാണുന്നില്ല എന്നാണ്. കണ്‍ട്രോളിംഗ് ഓഫീസില്‍നിന്നുള്ള നിയമോപദേശം ഔപചാരികം മാത്രമാണെന്നും ബന്ധപ്പെട്ട ശാഖതന്നെ 24 മണിക്കൂറിനകം നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയംവദ ശാഖയെ അറിയിച്ചിരുന്നു. നിയമോപദേശം ഉള്‍പ്പെടുന്ന ഫയല്‍ പോയ വഴിയില്ല. കുറേ ദിവസമായിട്ടും അതു കിട്ടാതെ വന്നപ്പോള്‍ അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഫയല്‍ ഒപ്പിടുവിക്കാന്‍ എ.ജി.എമ്മിന്റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹം ഒറിജിനല്‍ പുറത്തെടുത്തു. എന്നിട്ട് ആ ഫയലില്‍ എഴുതിയത് ക്രമക്കേടിനെക്കുറിച്ചു വകുപ്പുതല അന്വേഷണം നടത്തണമെന്നാണ്. സാധാരണയായി സര്‍ക്കിള്‍ ഓഫീസില്‍നിന്നാണ് വകുപ്പുതല അന്വേഷണം നടത്താറ്. പക്ഷേ, ഇതില്‍ പ്രിയംവദയെ അന്വേഷണ ഉദ്യോഗസ്ഥയായി ചുമതലപ്പെടുത്തി.

ഫെബ്രുവരി 10-ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. അന്വേഷണത്തിനു ശാഖ സന്ദര്‍ശിക്കുന്ന കാര്യം അറിയിക്കാന്‍ എ.ജി.എമ്മിന്റെ ക്യാബിനില്‍ ചെന്നപ്പോള്‍ അദ്ദേഹം അതു വിലക്കുകയാണ് ചെയ്തത്. മാത്രമല്ല, ഈ വായ്പാ തട്ടിപ്പു വിവരം ബാങ്കിലെ വിജിലന്‍സ് വിഭാഗത്തിനു റിപ്പോര്‍ട്ടു ചെയ്യേണ്ടെന്നു വാക്കാല്‍ അറിയിക്കാനും ആവശ്യപ്പെട്ടു. ശാഖയില്‍ പോയി അന്വേഷിക്കുന്നതിനേക്കുറിച്ചു മറ്റൊരു എ.ജി.എമ്മിന്റെ കൂടി അനുവാദം തേടാനും ആവശ്യപ്പെട്ടു. അദ്ദേഹവും ശാഖാ സന്ദര്‍ശനം വിലക്കി. ഹെഡ്ഡോഫീസില്‍നിന്നു കൃത്യമായ നിര്‍ദ്ദേശമുണ്ടാകുന്നതു വരെ വിജിലന്‍സ് വിഭാഗത്തെ അറിയിക്കേണ്ട എന്നു നിര്‍ദ്ദേശിക്കാനാണ് അദ്ദേഹവും പറഞ്ഞത്. അത് എഴുതിത്തരണം എന്ന് പ്രിയംവദ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. മാത്രമല്ല, വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ മുഴുവന്‍ രേഖകളും അവരുടെ മുന്നില്‍വച്ചു നശിപ്പിക്കണം എന്നു രണ്ടുപേരും കൂട്ടായി ആവശ്യപ്പെട്ടു. പ്രിയംവദ വഴങ്ങിയില്ല. റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്യേണ്ട കേസാണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതിനുശേഷം എ.ജി.എമ്മിന്റെ ഭാഗത്തുനിന്നു പീഡന പരമ്പരയായിരുന്നു. പ്രിയംവദയ്ക്ക് ഗര്‍ഭാശയത്തില്‍ ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. പെട്ടെന്നു ചെയ്യണം എന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. അതിനുവേണ്ടി അവധിക്ക് അപേക്ഷ കൊടുത്തു. ജോലികള്‍ മുഴുവന്‍ തീര്‍ത്തിട്ട് അവധി തരാം എന്നായിരുന്നു പ്രതികരണം. ജോലികള്‍ ഒരിക്കലും തീരില്ല എന്നതാണ് വസ്തുത; വന്നുകൊണ്ടേയിരിക്കും. ജോലികളെല്ലാം തീര്‍ത്തിട്ടാണ് അവധി നല്‍കിയത്. മാര്‍ച്ച് 25-ന് ശസ്ത്രക്രിയ കഴിഞ്ഞ പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. കമ്മിഷന്‍ നിര്‍ദ്ദേശപ്രകാരം ബാങ്ക് ഒരു അന്വേഷണം നടത്തി. വനിതാ ഡിവിഷണല്‍ മാനേജര്‍ ആയിരുന്നു അന്വേഷണോദ്യോ ഗസ്ഥ. പരാതി പിന്‍വലിച്ചില്ലെങ്കില്‍ വളരെധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും എന്നു ഭീഷണിപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. എന്തും നേരിടാന്‍ തയ്യാറാണെന്ന് പ്രിയംവദ പ്രതികരിച്ചു. റിസര്‍വ്വ് ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബാങ്കിനു അഭിഭാഷക പാനല്‍ രൂപീകരിക്കുകയും അതിലുള്‍പ്പെടാന്‍ അര്‍ഹയായ പ്രിയംവദയെ ഒഴിവാക്കുകയും ചെയ്തു. ''ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച ചെയ്യാത്ത വനിതാ ഉദ്യോഗസ്ഥര്‍ക്കും സത്യസന്ധത പണയം വയ്ക്കാത്ത മുഴുവന്‍ ജീവനക്കാര്‍ക്കും കനറാ ബാങ്കില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു'' എന്ന് റിസര്‍വ്വ് ബാങ്കിനു നല്‍കിയ പരാതിയില്‍ പ്രിയംവദ അറിയിച്ചു. വനിതാ ലോ മാനേജരുടേയും രണ്ട് എ.ജി.എമ്മുമാരുടേയും പീഡനം തനിക്ക് ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. സ്വന്തം സുരക്ഷയെക്കുറിച്ചു പോലും ഭയമുണ്ട്- പരാതിയില്‍ പറയുന്നു. ജാതിപ്പേര് വിളിച്ചു എന്ന ആരോപണം മുതല്‍ ഏതുവിധത്തിലും അവഹേളിക്കുക എന്ന കുതന്ത്രങ്ങള്‍ വരെ പയറ്റിയിട്ടും പ്രിയംവദ സത്യത്തിന്റേയും നീതിയുടേയും പക്ഷത്തിനു വിജയം ഉണ്ടാവുകതന്നെ ചെയ്യും എന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല. 

മാറ്റങ്ങള്‍ വരുത്താനും കഷ്ടപ്പാടുകളും പ്രയാസങ്ങളും നീക്കംചെയ്യാനുമുള്ള ലക്ഷ്യത്തോടെ സഹജീവികളോടും ചുറ്റുപാടുകളോടും സംവേദനക്ഷമതയോടെ പെരുമാറുക എന്നത് 1906-ല്‍ സ്ഥാപിച്ച കനറാ ബാങ്കിന്റെ പ്രഖ്യാപിത മാര്‍ഗ്ഗനിര്‍ദ്ദേശക തത്ത്വങ്ങളില്‍പ്പെട്ടതാണ്. അതിനോടു യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവര്‍ അതിന്റെ തലപ്പത്ത് ചിലപ്പോഴെങ്കിലും പിന്നീട് വന്നതായി സ്വന്തം അനുഭവങ്ങളില്‍നിന്നു പ്രിയംവദ പറയുന്നു. പക്ഷേ, തളര്‍ന്നുവീണുപോകാന്‍ ഇടയാക്കുന്ന അനുഭവങ്ങളുടെ നിരതന്നെ ഉണ്ടായിട്ടും കോടതിയുടെ നീതിയില്‍ ഉറച്ച പ്രതീക്ഷയോടെയാണ് പ്രിയംവദ കാത്തിരിക്കുന്നത്. അടുത്ത മുറിയില്‍ തളര്‍ന്നു കിടക്കുന്ന അമ്മയ്ക്കും അവര്‍ ആ പ്രതീക്ഷയുടെ നാളം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com