സുന്നി വിഭാഗീയത മുസ്‌ലിം രാഷ്ട്രീയത്തില്‍ അമര്‍ന്നു കത്തുമ്പോള്‍

നിര്‍ഭാഗ്യവശാല്‍, മുസ്‌ലിങ്ങളായവര്‍ തന്നെ ഇരകളും അക്രമികളുമായി തിരിച്ചറിയപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നടക്കാറുള്ളത് എന്നും കൂടി പറയേണ്ടതുണ്ട്
മൻസൂറിന്റെ മൃതശരീരം ആശുപത്രിയിൽ എത്തിച്ചപ്പോൾ പികെ കുഞ്ഞാലിക്കുട്ടിയും ലീ​ഗ് നേതാക്കളും സമീപം
മൻസൂറിന്റെ മൃതശരീരം ആശുപത്രിയിൽ എത്തിച്ചപ്പോൾ പികെ കുഞ്ഞാലിക്കുട്ടിയും ലീ​ഗ് നേതാക്കളും സമീപം

കേരളത്തിലെ പ്രബല മതന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കിടയിലെ രണ്ടു പ്രമുഖ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റേയും ഐക്യപ്പെടാനുള്ള ദാഹത്തിന്റേയും ചരിത്രം നമ്മുടെ മാധ്യമങ്ങള്‍ ഇടയ്ക്കിടയ്ക്ക് പൊതുജനത്തെ ഓര്‍മ്മപ്പെടുത്താറുണ്ട്. നിര്‍ഭാഗ്യവശാല്‍, മുസ്‌ലിങ്ങളായവര്‍ തന്നെ ഇരകളും അക്രമികളുമായി തിരിച്ചറിയപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നടക്കാറുള്ളത് എന്നും കൂടി പറയേണ്ടതുണ്ട്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന അക്രമങ്ങളുടെ ഭാഗമായി കാസര്‍കോട്ട് ഔഫ് എന്ന ചെറുപ്പക്കാരനും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ പുല്ലൂക്കരയില്‍ മന്‍സൂര്‍ എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ട സംഭവങ്ങളില്‍ ഈ രണ്ടു പ്രബല സുന്നിവിഭാഗങ്ങളുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കാനിടവന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് ആധാരം. പ്രാദേശികമായ കക്ഷിരാഷ്ട്രീയ വഴക്കുകളില്‍ അറിഞ്ഞോ അറിയാതേയോ ഇരയാക്കപ്പെട്ട ഈ ചെറുപ്പക്കാര്‍ക്ക് സുന്നി സംഘടനകളുമായുള്ള ബന്ധമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ഈ രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ ഒരുകാലത്തു നിലനിന്നിരുന്ന വൈരത്തിന്റെ ഭാഗമായാണോ, അതോ രാഷ്ട്രീയമായ താല്പര്യസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയിലാണോ ഈ ചെറുപ്പക്കാര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെടുന്നത് എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിലടക്കം ഉയരുമ്പോള്‍ ഇരുസംഘടനകളുടേയും ചിരപുരാതന വൈരവും ഐക്യപ്പെടാനുള്ള ആഗ്രഹവും അതിനെ ലാക്കാക്കി നടന്ന നീക്കങ്ങളും രാഷ്ട്രീയകക്ഷികളില്‍ അവര്‍ക്കുള്ള പങ്കാളിത്തവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയാണ്. 

                             മൻസൂർ
                             മൻസൂർ

മുസ്ലിം ലീഗും സുന്നി ഐക്യവും 

വ്യത്യസ്ത ചേരികളിലായി നിലയുറപ്പിച്ചിട്ടുള്ള സുന്നികളിലെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഇപ്പോള്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നും സുന്നികളോടു ലീഗിനു ശത്രുതയുണ്ടെന്നും കാന്തപുരം വിഭാഗത്തില്‍പ്പെട്ടവര്‍ വാദിക്കുമ്പോള്‍ സുന്നി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമില്ലെന്ന് ഇ.കെ. വിഭാഗത്തില്‍പ്പെട്ടവരുംസമ്മതിക്കുന്നു. എന്നാല്‍, ഔഫിന്റേയും മന്‍സൂറിന്റേയും കൊലപാതകങ്ങള്‍ക്ക് സുന്നിസംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങളുമായി പ്രത്യക്ഷബന്ധമില്ലെന്ന് ഇരുകൂട്ടരും ഒരുപോലെ അംഗീകരിക്കുന്നുമുണ്ട്. ഔഫിന്റെ കൊലപാതകത്തില്‍ ഒരുഭാഗത്ത് ലീഗും മന്‍സൂറിന്റെ കൊലപാതകത്തില്‍ സി.പി.എമ്മുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തകര്‍ ഇരകളാക്കപ്പെടുകയോ അക്രമികളായി വിലയിരുത്തപ്പെടുകയോ ചെയ്തത് അവരുടെ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ഉള്ള പരോക്ഷമോ പ്രത്യക്ഷമോ ആയ ബന്ധം നിമിത്തമാണ് എന്നും രണ്ടു സംഘടനകളും പറയുന്നു. 

സുന്നികള്‍ക്കും മുസ്ലിം ലീഗിനും ഇടയ്ക്ക് ശത്രുതയില്ലെന്ന് ലീഗ് പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഇ.കെ. വിഭാഗത്തിലുള്ളവര്‍ പറയുമ്പോള്‍ ലീഗിനും സുന്നികള്‍ക്കും ഇടയില്‍ ഇപ്പോഴും വലിയ വിയോജിപ്പു നിലനില്‍ക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വിഭാഗം വ്യക്തമാക്കുന്നു. അതേസമയം സുന്നി സംഘടനകള്‍ ഇപ്പോള്‍ യോജിപ്പിന്റെ പാതയിലാണെന്നും കൂടുതല്‍ രചനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ സമയം വിനിയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.  അതേസമയം, ലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങളെ അപലപിക്കാനും പരസ്യമായി പേരെടുത്തുപറഞ്ഞു വിമര്‍ശിക്കാനും തയ്യാറുള്ള എ.പി. അബൂബക്കര്‍ മുസലിയാര്‍ എന്തുകൊണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അക്രമങ്ങളെ പേരെടുത്തു പറഞ്ഞു അപലപിക്കുന്നില്ല എന്ന ചോദ്യം ലീഗ് പക്ഷത്തുനില്‍ക്കുന്ന സുന്നിസംഘടനകളുടെ ആളുകള്‍ ഉയര്‍ത്തുന്നുണ്ട്. അബ്ദുറഹ്മാന്‍ ഔഫ് എന്ന എസ്.എസ്.എഫ് - ഇടത് പ്രവര്‍ത്തകനെ മുസ്‌ലിം ലീഗുകാര്‍ വെട്ടിക്കൊന്നപ്പോള്‍ ലീഗുകാര്‍ കഠാരരാഷ്ട്രീയം വെടിയണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ ഒരു പ്രസ്താവന ഉണ്ടായി. എന്നാല്‍, മന്‍സൂറിന്റെ കാര്യത്തില്‍ എന്തുകൊണ്ട് അതുണ്ടായില്ല എന്നതാണ് ചോദ്യമെന്നും അവര്‍ വിമര്‍ശനം ഉന്നയിക്കുന്നു. ഔഫിന്റെ കൊലപാതകത്തിനെ തുടര്‍ന്ന് ലീഗിനെതിരേയും കൊലപാതക രാഷ്ട്രീയത്തിനെതിരേയും കാന്തപുരം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വമ്പന്‍ പ്രചാരണപരിപാടികളാണ് നടന്നത്. എന്നാല്‍, മന്‍സൂറിന്റെ കൊലപാതകം മുന്‍നിര്‍ത്തി സി.പി.എമ്മിനെതിരെ അത്തരമൊരു ക്യാംപെയിനിന് കാന്തപുരം വിഭാഗം തയ്യാറുണ്ടോ എന്നും അവര്‍ ആരായുന്നു. സി.പി.എമ്മിനാല്‍ കൊല്ലപ്പെടുന്ന പ്രാസ്ഥാനിക കുടുംബങ്ങളില്‍പ്പെട്ടവരുടെ ജീവനുപോലും എ.പി. വിഭാഗം വിലകുറച്ചു കാണുന്നത് എന്തുകൊണ്ടാകും എന്നും അവര്‍ ചോദിക്കുന്നുണ്ട്. 

എന്നാല്‍, കൂത്തുപറമ്പ് പുല്ലൂക്കരയിലുണ്ടായ അക്രമത്തേയും കൊലപാതകത്തേയും തങ്ങള്‍ വ്യക്തമായും അപലപിച്ചിട്ടുണ്ടെന്ന് കാന്തപുരം എ.പി. വിഭാഗം ചൂണ്ടിക്കാട്ടുന്നു. മന്‍സൂറിന്റെ കൊലപാതകത്തെ അപലപിച്ചതുകൊണ്ടും അതിലുള്‍പ്പെട്ട പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞതുകൊണ്ടും ആയില്ലെന്നും അവരെ നിയമത്തിനു മുന്‍പാകെ കൊണ്ടുവന്നാല്‍ മാത്രമേ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥത സി.പി.ഐ.എമ്മിനു തെളിയിക്കാനാകുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടി ഇറക്കിയ പ്രസ്താവന അവര്‍ തെളിവായി ഉദാഹരിക്കുന്നു. പ്രാസ്ഥാനിക കുടുംബത്തെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വം സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന പ്രവര്‍ത്തകനെ നേരത്തേ സംഘടനയില്‍നിന്നും പുറത്താക്കിയിട്ടുള്ളതാണ്. 

എന്നാല്‍, ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഔഫിന്റേയും മന്‍സൂറിന്റേയും കൊലപാതകങ്ങളെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള വാദപ്രതിവാദങ്ങള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴും പ്രബലങ്ങളായ ഇരുസുന്നിവിഭാഗങ്ങളുടേയും ഇടയില്‍ അഭിപ്രായ ഐക്യം ദൂരെയാണ് എന്നുതന്നെയാണ്. ഇരു സംഘടനകളുടേയും രാഷ്ട്രീയമായ ബന്ധങ്ങള്‍ പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു. വിശേഷിച്ചും ലീഗുമായും സി.പി.എമ്മുമായും രണ്ടു സംഘടനകളുടേയും ബന്ധം. മുസ്‌ലിം ലീഗുമായി സജീവ ബന്ധം പുലര്‍ത്തുന്ന ഇ.കെ. വിഭാഗത്തെ ലീഗിന്റെ ബി ടീമെന്നുപോലും എ.പി. വിഭാഗം വിശേഷിപ്പിക്കുമ്പോള്‍ കമ്യൂണിസത്തെ നിരീശ്വര നിര്‍മ്മത പ്രസ്ഥാനം എന്നു വിളിക്കുന്ന എ.പി. വിഭാഗം സുന്നികള്‍ക്ക് 'അരിവാള്‍ സുന്നികള്‍' എന്നതാണ് വിശേഷണം. കടുത്ത ലീഗ് വിരോധം മൂലം പൊതുവേ എ.പി. വിഭാഗം സുന്നികള്‍ക്ക് സി.പി.ഐ.എമ്മുമായി ചേര്‍ന്നുനില്‍ക്കാന്‍ മടിയില്ല എന്ന വസ്തുതയായിരുന്നു അതിനു പിന്നില്‍. രാഷ്ട്രീയമായ ഈ ചേരിചേരല്‍ മിക്കപ്പോഴും രക്തരൂഷിതമായ അന്ത്യങ്ങളില്‍ കലാശിക്കുന്ന കക്ഷിവഴക്കുകളുടെ ചരിത്രമാണ് ഉണ്ടാക്കിയെടുത്തത് എന്നതിന് കാലത്തിന്റെ സാക്ഷ്യവുമുണ്ട്. മുസ്‌ലിം ലീഗിനു ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ കൂട്ടായി, ഉണ്യാല്‍ തുടങ്ങിയ ഇടങ്ങളിലും മണ്ണാര്‍ക്കാട്ടും കാസര്‍കോട്ടുമൊക്കെ ഇടതുചേരിയില്‍ നിന്നുകൊ ണ്ട്  ലീഗിനെ ചെറുക്കാന്‍ എ.പി. വിഭാഗം നടത്തിയ ശ്രമങ്ങള്‍ വലിയ സംഘര്‍ഷങ്ങളാണ് ഉണ്ടാക്കിയത്. പലയിടങ്ങളിലും അത് ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍, ആര്‍.എസ്.എസ്-സി.പി.എം വഴക്കുകളുടെ സന്ദര്‍ഭത്തില്‍ ''ഇരുപക്ഷത്തായാലും കൊല്ലപ്പെടുന്നത് ഹിന്ദു ചെറുപ്പക്കാരാണ്'' എന്ന് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ പ്രചരിപ്പിച്ചിരുന്നതുപോലെ ഇരുവിഭാഗങ്ങളിലുമുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത് എന്ന് ഉറക്കെ ചിന്തിക്കുന്ന സി.പി.എം വിരുദ്ധരും ലീഗ് പക്ഷപാതികളുമായ നേതാക്കളുമുണ്ട്. 

ഇരു സുന്നിവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിനു വലിയ ചരിത്രമുണ്ട്. സലഫി ആശയങ്ങള്‍ക്ക് സ്വാധീനമുള്ളവരുടെ മേല്‍ക്കൈ നിലനില്‍ക്കുന്ന മുസ്‌ലിം ലീഗ് സുന്നികളെ ഒരു വോട്ടുബാങ്കായി മാത്രമേ കാണുന്നുള്ളൂ എന്ന ആരോപണത്തോളം പഴക്കവും. കേരളത്തിലെ മുസ്‌ലിം സംഘടനകളില്‍ ലീഗിനോട് ഇഞ്ചോടിഞ്ച് പൊരുതി ജയിച്ചവര്‍ തങ്ങള്‍ മാത്രമാണെന്നും അതുകൊണ്ട് ലീഗിന് എല്ലാക്കാലത്തും തങ്ങളോടു വിരോധമുണ്ടെന്നും എ.പി. വിഭാഗം കുറേക്കാലമായി ചൂണ്ടിക്കാണിച്ചുപോരുന്നതാണ്. അതേസമയം എ.പി. വിഭാഗത്തിന്റെ സി.പി.എം വിധേയത്വം സ്വന്തം പ്രവര്‍ത്തകരെ നിരീശ്വര നിര്‍മത പ്രസ്ഥാനമായ കമ്യൂണിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നിടത്തോളമായിരിക്കുന്നു എന്ന് ഇ.കെ. വിഭാഗത്തോടു കൂറുപുലര്‍ത്തുന്നവര്‍ ആരോപിക്കുന്നു. 1926-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ പിളര്‍ന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊള്ളുന്നത്. മുല്ലക്കോയ തങ്ങള്‍, അബ്ദുള്‍ ഖാദര്‍ മുസലിയാര്‍, അബ്ദുറഹ്മാന്‍ മുസലിയാര്‍, ശിഹാബുദ്ദീന്‍ അഹമ്മദ് കോയ ശാലിയാതി, അബ്ദുള്‍ഖാദര്‍ ഫള്ഹരി തുടങ്ങിയവര്‍ 1926 ജൂണ്‍ 26-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ രൂപീകരിച്ച കേരളത്തിലെ സുന്നിമത പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

1986-ല്‍ മുസ്ലിം വ്യക്തിനിയമ വിവാദവും ഷാ ബാനു കേസുമായും ബന്ധപ്പെട്ടാണ് ദീര്‍ഘകാലം ആ സംഘടനയുടെ അധ്യക്ഷനായിരുന്ന ഇ.കെ. അബൂബക്കര്‍ മുസലിയാര്‍ മുസ്ലിം ലീഗിനോട് അടുക്കുന്നത്. ലീഗ്വിരുദ്ധ ചേരിയുടെ നേതൃത്വം കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ക്കും ലീഗ് ചേരിയുടെ നേതൃത്വം ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ക്കുമായി. അങ്ങനെയാണ് സുന്നികള്‍ എ.പി., ഇ.കെ. ഗ്രൂപ്പുകളായി മാറുന്നത്. രണ്ടു ഗ്രൂപ്പുകളായി നിലനിന്നെങ്കിലും സമസ്ത പിളര്‍ന്ന് രണ്ടു സംഘടനയായി മാറുന്നത് 1989-ലാണ്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ.യുടെ കൂടെ നിന്നപ്പോള്‍ സുന്നി യുവജന സംഘവും (എസ്.വൈ.എസ്) സ്റ്റുഡന്റ് ഫെഡറേഷനും (എസ്.എസ്.എഫ്) മറ്റ് അനുബന്ധ സംഘടനകളും കാന്തപുരത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

അക്കാലം തൊട്ടാരംഭിക്കുന്നു ഇരുകൂട്ടരും തമ്മിലുള്ള വൈരത്തിന്റെ ചരിത്രം. മഹല്ലുകളിലെ ആധിപത്യത്തേയും പള്ളികളുടെ അവകാശത്തേയും ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും വരെ കലാശിച്ചപ്പോള്‍ ഇരുകൂട്ടരുടേയും രക്ഷാകര്‍ത്തൃത്വം മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, സംസ്ഥാനത്തെ മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കുന്നതിനു തരാതരം പോലെ വിവിധ ഇസ്‌ലാമിക സംഘടനകള്‍ക്കിടയില്‍ ഐക്യത്തിന്റേയും ഛിദ്രത്തിന്റേയും തന്ത്രങ്ങള്‍ മുസ്‌ലിം ലീഗ് കൈക്കൊണ്ടിട്ടുണ്ടെന്ന് സമുദായത്തിലെ ലീഗ് വിമര്‍ശകര്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ഒരു സുന്നി മുസ്‌ലിം അവരോധിക്കപ്പെടുന്നതുപോലും സലഫിസ്റ്റ് ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ലീഗിലുള്ള സ്വാധീനം മറച്ചുപിടിക്കാനും സമുദായത്തിലെ എല്ലാ വിഭാഗം ആളുകളുടേയും രാഷ്ട്രീയകക്ഷിയായി അതിനെ രൂപപ്പെടുത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

2017-ല്‍ ഇത്തരത്തില്‍ സുന്നി സംഘടനകളുടെ ഐക്യം എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് രംഗത്തുവന്ന സന്ദര്‍ഭത്തിലും ഇതേ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഒരു പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന, ലീഗിനെപ്പോലെ പാണക്കാട് കുടുംബത്തില്‍നിന്നുള്ള തങ്ങള്‍മാര്‍ തന്നെ നയിക്കുന്ന സമസ്ത ഐക്യദൗത്യവുമായി രംഗത്തിറങ്ങിയപ്പോള്‍ അന്ന് ആ ശ്രമം വ്യാഖ്യാനിക്കപ്പെട്ടത് ഡല്‍ഹിയില്‍ ഫാസിസത്തെ നേരിടാനായി മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എ.പി. സുന്നി വിഭാഗത്തിന്റെ വോട്ട് ലഭിക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിട്ടാണ്. അങ്ങനെയെങ്കിലും ഐക്യം ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇരുപക്ഷത്തും ഉണ്ടായിരുന്നു എന്നാല്‍പ്പോലും.

ഔഫ് 
ഔഫ് 

സുന്നി സംഘടനകളുടേത് രചനാത്മക രാഷ്ട്രീയം; സംഘര്‍ഷമില്ല

ഉമര്‍ മേല്‍മുറി 

വിവിധ സുന്നിഗ്രൂപ്പുകള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്ന തോതിലുള്ള വൈരമൊന്നും ഇപ്പോഴില്ല. പണ്ട് മഹല്ലുകളിലെ അധികാരം സംബന്ധിച്ചായിരുന്നു സുന്നിഗ്രൂപ്പുകള്‍ക്കിടയിലെ തര്‍ക്കങ്ങളൊക്കെയും. ആ തര്‍ക്കങ്ങള്‍ രൂക്ഷമായ സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് മുസ്‌ലിംലീഗിന്റെ റോള്‍ കടന്നുവരുന്നത്. ഇന്ന് അത്തരം തര്‍ക്കങ്ങളൊക്കെയും കാലംകൊണ്ട് ഏറെക്കുറെ പരിഹരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പഴയരീതിയിലുള്ള വൈരമൊന്നും പ്രബലങ്ങളായ സുന്നിഗ്രൂപ്പുകള്‍ക്കിടയിലില്ല. 

എന്നാല്‍, സുന്നികളില്‍ ഇ.കെ വിഭാഗത്തിന്റെ പ്രവര്‍ത്തകരില്‍ 95 ശതമാനവും മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നത് ശരിയാണ്. അതേസമയം, കാന്തപുരം നയിക്കുന്ന സുന്നിവിഭാഗത്തിന്റെ പ്രവര്‍ത്തകരില്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നവര്‍ 50 ശതമാനത്തില്‍ താഴെ മാത്രമേ വരൂ. അവര്‍ക്ക് സംഘടനാപരമായ പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ താല്പര്യം. ധൈഷണികരംഗത്തും അവര്‍ക്ക് സജീവ താല്പര്യങ്ങളുണ്ട്. അവര്‍ യുവ വ്‌ലോഗേഴ്‌സിന്റെ കൂടിച്ചേരലുകള്‍ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ഇടപെടലുകള്‍ സജീവമാക്കുന്നു. ചരിത്രത്തില്‍ ആഴമുള്ള അന്വേഷണങ്ങള്‍ നടത്തുന്നു. ഇങ്ങനെ നിരവധി 'പ്രൊഡക്ടീവാ'യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമയം വിനിയോഗിക്കാനാണ് അവര്‍ താല്പര്യമെടുക്കുന്നത്.

പുല്ലൂക്കരയിലെ നിര്‍ഭാഗ്യകരമായ സംഭവമൊക്കെ ഒറ്റപ്പെട്ട ഒന്നാണ്. കാന്തപുരവും സമസ്തയുടെ പ്രസിഡന്റും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു വേദിയില്‍ ഒരുമിച്ചുണ്ടായത്. ഒരുപക്ഷേ, സുന്നി സംഘര്‍ഷത്തെക്കുറിച്ചൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന വിമര്‍ശകര്‍ അതൊന്നും ശ്രദ്ധിച്ചുകാണില്ല. ചരിത്രത്തില്‍ കാണാവുന്ന അഭിപ്രായവൈജാത്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ പഴയ മൂര്‍ച്ചയില്ല.

ലീഗും സുന്നികളും തമ്മിലാണ് സംഘര്‍ഷം 

എ. സൈഫുദ്ദീന്‍ ഹാജി 
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി

കാസര്‍കോട്ടെ ഔഫിന്റേയും കൂത്തുപറമ്പിലെ മന്‍സൂറിന്റേയും കൊലപാതകങ്ങളെ ചൂണ്ടിക്കാണിച്ച് സുന്നി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നു എന്നു പറയുന്നത് ശരിയല്ല. പഴയകാലത്തേക്കാള്‍ കൂടുതല്‍ ഇരുസംഘടനകളും, വിശേഷിച്ച് നേതൃത്വങ്ങള്‍ തമ്മില്‍ അടുത്തിരിക്കുന്ന കാലമാണ് ഇത് എന്നുവേണം പറയാന്‍. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും ജിഫ്രി മുത്തുക്കോയ തങ്ങളും വേദി പങ്കിട്ടത്. എന്നാല്‍, ഇതൊക്കെ മറച്ചുവെയ്ക്കാനും രണ്ടു സംഘടനകളും വീണ്ടും സംഘര്‍ഷത്തിന്റെ പാതയിലാണെന്നു ഔഫിന്റേയും മന്‍സൂറിന്റേയും കൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ ശ്രമിക്കുന്നതും നിര്‍ഭാഗ്യകരമാണ്. 

കാസര്‍കോട്ട് കൊല്ലപ്പെട്ട ഔഫോ കൂത്തുപറമ്പ് പൂല്ലൂക്കരയില്‍ കൊല്ലപ്പെട്ട മന്‍സൂറോ യഥാര്‍ത്ഥത്തില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഔഫ് ഐ.എന്‍.എല്ലിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്നത് ശരിയാണ്. ലീഗ് തോറ്റുപോയതും ശരിയാണ്. അവര്‍ രാഷ്ട്രീയമായ പക തീര്‍ക്കാനും മുതിര്‍ന്നു. എന്നാല്‍ സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനോ എസ്.എഫ്.ഐ പ്രവര്‍ത്തകനോ ഒന്നുമല്ലാതിരുന്ന, എസ്.എസ്.എഫുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഔഫ് കൊല്ലപ്പെട്ടപ്പോള്‍ സി.പി.എമ്മുകാര്‍ മരണാനന്തര ചടങ്ങുകള്‍ക്കു മുന്നോടിയായി ചെങ്കൊടി പുതപ്പിച്ചു. അതുതന്നെയാണ് മന്‍സൂറിന്റെ കാര്യത്തിലും സംഭവിച്ചത്. ലീഗ് പ്രവര്‍ത്തകനായ സഹോദരനെ രക്ഷിക്കാന്‍ ഇടപെട്ടപ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്നുമില്ലാതിരുന്ന, പ്രാസ്ഥാനിക കുടുംബാംഗമായ മന്‍സൂര്‍ കൊല്ലപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കു മുന്‍പായി ലീഗ് പതാക പുതപ്പിക്കുകയായിരുന്നു. ആരു കൊല്ലപ്പെട്ടാലും അതു അപലപനീയമാണ്. മന്‍സൂറിന്റെ കൊലപാതകികളെന്ന് കരുതുന്നവരില്‍ എസ്.എസ്.എഫുമായി ബന്ധമുള്ളവരും ഉണ്ടെന്നു സ്ഥാപിച്ച് സുന്നി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. 

കൂട്ടായി ഉണ്യാലിലും താനൂരിലുമൊക്കെയുള്ള സംഘര്‍ഷങ്ങളും സുന്നി സംഘടനകള്‍ തമ്മിലല്ല. ലീഗും ലീഗു രാഷ്ട്രീയവുമായി വിയോജിക്കുന്നവരും തമ്മിലാണ്. പഴയകാലം തൊട്ടേ മുസ്‌ലിം ലീഗ് സലഫികളുടെ സ്വാധീനത്തിലാണ്. സുന്നികള്‍ക്ക് എതിരുമാണ്. എന്തു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായാലും അതിനു മുന്‍പിലേക്ക് അവരോടു ചേര്‍ന്നുനില്‍ക്കുന്ന സുന്നി വിഭാഗത്തെ പിടിച്ചിടുക പതിവാണ്. മുസ്‌ലിം ലീഗിന്റെ ഒരു ബി ടീം എന്ന നിലയില്‍ ആണ് അവരെ ലീഗ് കാണുന്നത്. എന്നാല്‍, ആ വിഭാഗം ലീഗുമായി പല കാര്യങ്ങളിലും അകന്നിട്ടുണ്ട്. ലീഗിന്റെ താല്പര്യങ്ങള്‍ക്കും അധീശത്വത്തിനും എതിരെ നില്‍ക്കുന്നവരെ അവര്‍ എപ്പോഴും ശത്രുക്കളായി കാണുകയും അപ്രസക്തരാക്കാന്‍ ശ്രമിക്കുകയും ചെയ്യും. മന്ത്രി ജലീലിനോടും ശ്രീരാമകൃഷ്ണനോടുമൊക്കെയുള്ള സമീപനങ്ങള്‍ തന്നെ ഉദാഹരണം. മുസ്ലിം ലീഗിന്റെ അധികാരം ക്ഷയിപ്പിക്കുന്ന ഒന്നിനേയും അവര്‍ അനുവദിക്കുകയില്ല.

സുന്നികള്‍ തമ്മില്‍ സംഘര്‍ഷമില്ല 

സത്താര്‍ പന്തല്ലൂര്‍ 
എസ്.കെ.എസ്.എസ്.എഫ് 
സംസ്ഥാന ജനറല്‍ സെക്രട്ടറി

ഔഫിന്റേയും മന്‍സൂറിന്റേയും കൊലപാതകങ്ങളൊന്നും സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായി ഉണ്ടായതല്ല. അതെല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അവര്‍ ഇരുവരും കൊല ചെയ്യപ്പെട്ടത്. ഇന്ന് മുന്‍പെന്നത്തേക്കാളുമധികം സുന്നി സംഘടനകള്‍ തമ്മില്‍ ഐക്യപ്പെട്ടുവരുന്നതായാണ് അനുഭവം. ഇരുസംഘടനകളും സംഘടനാപരമായ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ഒരുമിച്ചു നില്‍ക്കുന്നതാണ് ഇന്നു നാം കാണുന്നത്. ഇരു സംഘടനകളുടേയും നേതാക്കള്‍ ഒരുമിച്ചു വേദികള്‍ പങ്കിടാനും തയ്യാറാകുന്നുണ്ട്. ലീഗും സുന്നികളും തമ്മില്‍ സംഘര്‍ഷമൊന്നുമില്ല. അതേസമയം, ലീഗും കാന്തപുരം വിഭാഗവും തമ്മില്‍ യോജിപ്പില്ല എന്നത് ശരിയാണ്. എ.പി. വിഭാഗവും സമസ്തയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുമൊക്കെ ഉള്‍പ്പെടെയുള്ള എല്ലാ സുന്നി സംഘടനകളും പൂര്‍വ്വാധികം യോജിപ്പോടെയാണ് ഇന്ന് മുന്നോട്ടു നീങ്ങുന്നത്.
 
ലീഗുമായി സമസ്ത അകലുന്നു എന്നു പറയുന്നതില്‍ കഴമ്പൊന്നുമില്ല. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരിന്റെ സുന്നിസംഘടനകളോടുള്ള സമീപനം മുന്‍ ഗവണ്മെന്റുകളുടേതില്‍ നിന്നു വ്യത്യസ്തമാണെന്ന് വിലയിരുത്തലുണ്ട് എന്നു സമ്മതിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ ആകമാനമുള്ള പിന്തുണ ലഭിച്ചതുകൊണ്ടുകൂടിയാണ് 2016-ല്‍ അധികാരത്തില്‍ വരാനായത് എന്ന ബോധ്യം കൊണ്ടാകണം എല്ലാ സമുദായസംഘടനകളോടും ഏറെക്കുറെ ഒരേപോലുള്ള സമീപനമാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. സാധാരണഗതിയില്‍ ഏതു സര്‍ക്കാര്‍ വന്നാലും എ.പി. സുന്നി വിഭാഗത്തിനു മാത്രമായിരുന്നു നേട്ടം. മലപ്പുറം ജില്ലയിലെ പ്രത്യേക രാഷ്ട്രീയസ്ഥിതി മുന്‍നിര്‍ത്തി ആര്യാടനെപ്പോലുള്ളവരുടെ ഇടപെടല്‍ നിമിത്തം യു.ഡി.എഫ് വന്നാലും സി.പി.എമ്മിനോടു അടുത്തുനില്‍ക്കുന്നതുകൊണ്ട് എല്‍.ഡി.എഫ് വന്നാലും എ.പി. വിഭാഗത്തിനു മാത്രമാണ് വലിയ പരിഗണന ലഭിച്ചുപോന്നിരുന്നത്. യോഗങ്ങളൊക്കെ വിളിക്കുമ്പോഴും കാര്യമായ പ്രാതിനിധ്യം അവര്‍ക്കു മാത്രം കിട്ടും. ആ അവസ്ഥ ഈ സര്‍ക്കാരിനു കീഴില്‍ മാറി. തുല്യപരിഗണന ഞങ്ങള്‍ക്കും ലഭിച്ചു. ഞങ്ങള്‍ക്കു പറയാനുള്ളത് പറയാന്‍ വേദികള്‍ കിട്ടി. മദ്രസ്സ ക്ഷേമബോര്‍ഡായാലും ഹജ്ജ് കമ്മിറ്റിയായാലും വഖഫ് ബോര്‍ഡായാലും സമസ്തയ്ക്കും പ്രാതിനിധ്യം കിട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com