തുറമുഖമില്ല, തീരവും; കടലില്‍ കല്ലിടുന്ന അദാനി

ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റില്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഗൗതം എസ്. അദാനി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചത്
ശംഖുമുഖം കടൽത്തീരം. വിഴിഞ്ഞം തുറമുഖം നിർമാണം തുടങ്ങിയ ശേഷമാണ് ഇത്രയും തീരം ഇല്ലാതായത്
ശംഖുമുഖം കടൽത്തീരം. വിഴിഞ്ഞം തുറമുഖം നിർമാണം തുടങ്ങിയ ശേഷമാണ് ഇത്രയും തീരം ഇല്ലാതായത്

യിരം ദിവസമെന്ന പ്രഖ്യാപിത തീയതിക്കും അതിനുശേഷം നീട്ടിക്കൊടുത്ത കാലയളവിലും ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാനാവാതെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര പദ്ധതി കേരളത്തിനു നല്‍കിയത് നഷ്ടങ്ങള്‍ മാത്രം. അശാസ്ത്രീയമായ തുറമുഖ നിര്‍മ്മാണം തെക്കന്‍ കേരളത്തിന്റെ തീരപ്രദേശത്ത് കടലെടുപ്പിന് ആക്കം കൂട്ടുമ്പോഴും പദ്ധതി എങ്ങുമെത്തിയില്ല. സമയപരിധി പാലിക്കാത്തതിനാല്‍ ആര്‍ബിട്രേഷന്‍ (മധ്യസ്ഥ നിര്‍ണ്ണയം) നടപടിയിലേക്ക് കടക്കുകയും ചെയ്തു. തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പോര്‍ട്ട് മാനേജ്‌മെന്റ് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനം മാത്രമാണ് അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനും അവകാശപ്പെടാവുന്ന ഏക നേട്ടം. 

ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റില്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഗൗതം എസ്. അദാനി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചത്. പിന്നീട്, 2019 ഡിസംബര്‍ മൂന്ന് എന്ന സമയപരിധിയും പൂര്‍ത്തീകരിക്കാന്‍ അദാനിക്കായില്ല. പറഞ്ഞ സമയപരിധി ലംഘിച്ചാല്‍ അദാനിയില്‍നിന്ന് ഈടാക്കേണ്ട നഷ്ടപരിഹാര തുകയെച്ചൊല്ലി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍ബിട്രേഷന്‍ നടപടിയിലേക്ക് കടന്നത്. പദ്ധതിയെച്ചൊല്ലി തര്‍ക്കമുണ്ടായാല്‍ ആദ്യം അനുരഞ്ജന ചര്‍ച്ച, അതും പരാജയപ്പെട്ടാല്‍ ആര്‍ബിട്രേഷന്‍ നടപടി എന്നതായിരുന്നു കരാര്‍ വ്യവസ്ഥ. 

വിഴിഞ്ഞത്തെ നിർമാണ പ്രവൃത്തികൾ. തുറമുഖത്തിന്റെ നിർമാണ കാലാവധി തീർന്നതിനെ തുടർന്ന് അ​ദാനി ​ഗ്രൂപ്പിന് നോട്ടീസ് നൽകിയിരുന്നു. നിർമാണം വൈകുന്നതിന്റെ പേരിൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യമില്ലെന്നാണ് അദാനിയുടെ വാദം
വിഴിഞ്ഞത്തെ നിർമാണ പ്രവൃത്തികൾ. തുറമുഖത്തിന്റെ നിർമാണ കാലാവധി തീർന്നതിനെ തുടർന്ന് അ​ദാനി ​ഗ്രൂപ്പിന് നോട്ടീസ് നൽകിയിരുന്നു. നിർമാണം വൈകുന്നതിന്റെ പേരിൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യമില്ലെന്നാണ് അദാനിയുടെ വാദം

ലോക്ക്ഡൗണ്‍ കാലയളവില്‍ പണിമുടങ്ങി എന്ന വാദം കമ്പനി ഉന്നയിച്ചതോടെ 34 ദിവസം ആ ഇനത്തില്‍ സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയിരുന്നു. അതുകഴിഞ്ഞ് ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. കരാറിലെ സമയപരിധി ലംഘിച്ചാല്‍ ഒരു ദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നല്‍കി. എന്നാല്‍ ഓഖി ചുഴലിക്കാറ്റ്, വലിയ തിരമാല, ക്വാറികളുടെ ക്ഷാമം, പാറയുടെ ലഭ്യതയില്ലായ്മ, കൊവിഡ്  തുടങ്ങി 21 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായില്ല. കരാറില്‍ പറയുന്ന പ്രകാരം സ്റ്റുപ് സര്‍വ്വീസ് കണ്‍സള്‍ട്ടന്‍സി പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടും അദാനി ഗ്രൂപ്പ് അംഗീകരിച്ചില്ല. പകരം സമയപരിധി ഇനിയും നീട്ടണമെന്ന ആവശ്യമാണ് അവരുന്നയിച്ചത്. 

ഇതിനുശേഷം തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദാനി പോര്‍ട്സ് ചെയര്‍മാനുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, ഈ ചര്‍ച്ചകളൊന്നും സമവായത്തില്‍ എത്തിയില്ല. തുടര്‍ന്നാണ് ആര്‍ബിട്രേഷന്‍ നടപടികള്‍ തുടങ്ങിയത്. അദാനി ഗ്രൂപ്പ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ ആര്‍ബിട്രേറ്ററായി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനേയും. ഇവര്‍ രണ്ടുപേരും ചേര്‍ന്ന്  മൂന്നാമത് ആര്‍ബിട്രേറ്ററെ നിര്‍ദ്ദേശിക്കും. തുടര്‍ന്നാണ് ആര്‍ബിട്രേഷന്‍ നടപടി ആരംഭിക്കുക.  മധ്യസ്ഥന്റെ വിധി അന്തിമമായിരിക്കും.  

സംസ്ഥാനത്തിന്റെ നഷ്ടക്കണക്കുകള്‍

കേരളത്തിലെ ഭരണകക്ഷികളും പ്രതിപക്ഷവും ബി.ജെ.പി ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളും വിഴിഞ്ഞം പദ്ധതിക്ക് അനുകൂല നിലപാടായിരുന്നു പൊതുവില്‍ സ്വീകരിച്ചത്. 7,525 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ 2,454 കോടി രൂപ അദാനിഗ്രൂപ്പിന്റെ സ്വന്തം ഫണ്ടാണ്. 1,635 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള വിഹിതം 3,436 കോടി രൂപയാണ്. അതായത്, ഒരു രൂപ പോലും കൈയില്‍നിന്ന് മുടക്കാതെ 7,525 കോടി രൂപയുടെ ആസ്തി കരാറുകളാണ് അദാനിക്ക് കിട്ടുക. ഏറ്റവും കുറഞ്ഞത് 40 വര്‍ഷത്തേക്കെങ്കിലും. സാധാരണ ഇത്തരം വലിയ പദ്ധതികള്‍ ദൈര്‍ഘ്യമേറിയ കാലയളവിലേക്കാണ് കരാറുകള്‍ ഒപ്പിടുക. 

പദ്ധതി രേഖകള്‍ പറയുന്നത് പ്രകാരം, രാജ്യത്തിന്റെ 80 ശതമാനം ചരക്ക് കൈമാറ്റവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖമാണിത്. കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് തുറമുഖം പ്രവര്‍ത്തിപ്പിക്കാം; ഇത് 20 വര്‍ഷം കൂടി നീട്ടുകയും ചെയ്യാം; 15 വര്‍ഷത്തിനു ശേഷം സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും. ഇത് സാധാരണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍നിന്നു വ്യത്യസ്തമായ രീതിയാണെന്ന് അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാധാരണ സര്‍ക്കാര്‍ നല്‍കുന്ന വി.ജി.എഫ്. എന്ന ധനസഹായം പദ്ധതിയുടെ ഒരു ഘട്ടം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അതിന്റെ വിടവു നികത്താന്‍ കരാറുകാര്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്. പദ്ധതി പാതിവഴിയില്‍ അവര്‍ ഉപേക്ഷിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ സര്‍ക്കാര്‍ മുതല്‍മുടക്കെല്ലാം ആദ്യംതന്നെ വേണ്ടിവരുന്നു എന്നതാണ് പോരായ്മ.  എന്നാല്‍, ഇതൊക്കെ അവഗണിച്ച് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് ചെയ്തത്.

സമുദ്രത്തില്‍നിന്ന് 130 ഏക്കര്‍ നികത്തിയെടുക്കാന്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയതിനു പുറമേ 360 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ സംഭാവന ചെയ്തു. സര്‍ക്കാര്‍ മുതല്‍മുടക്കിനുശേഷം മാത്രമേ അദാനിഗ്രൂപ്പിന്റെ നിക്ഷേപം ആരംഭിക്കൂവെന്നതാണ് വസ്തുത. അതായത്, സ്ഥലം ഏറ്റെടുക്കലും കപ്പല്‍ച്ചാലിന് ആഴംകൂട്ടലും യാര്‍ഡ് നിര്‍മ്മാണവും പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് അദാനിക്ക് പാര്‍പ്പിട സമുച്ചയവും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും നിര്‍മ്മിക്കുക. ഇത്തരം യുക്തിരഹിതമായ പല കാര്യങ്ങളും പദ്ധതി കരാറിലുണ്ടെന്ന് 2017-ലെ സി. എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 40 വര്‍ഷത്തെ ഇളവ് കാലാവധി അവസാനിക്കുമ്പോള്‍ പദ്ധതിക്ക് 5,608 കോടി രൂപയുടെ നഷ്ടമാകും സംഭവിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ സമാന തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തം പദ്ധതിച്ചെലവില്‍ വരെ കാര്യമായ പിഴവുകളും സി.എ.ജി കണ്ടെത്തിയിരുന്നു. ഇതെല്ലാം ചര്‍ച്ചയായിട്ടും പദ്ധതിയില്‍നിന്ന് പിറകോട്ട് പോയില്ലെന്നു മാത്രമല്ല, ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്.

ആകെ നിര്‍മ്മിക്കേണ്ട 4.5 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിതിയുടെ വെറും 800 മീറ്റര്‍ മാത്രമാണ് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒരു കിലോമീറ്റര്‍ കടലിലേക്ക് ഇറക്കിയാണ് പുലിമുട്ട് ഇടേണ്ടിയിരുന്നത്. ഓഖി വന്നപ്പോഴും 2019-ലെ കടല്‍ ക്ഷോഭത്തിലുമായി നിര്‍മ്മിച്ചതില്‍ ഏകദേശം 700 മീറ്റര്‍ നിര്‍മ്മിതി കടല്‍ കൊണ്ടുപോയി. പശ്ചിമഘട്ട മലനിരകള്‍ പൊട്ടിച്ചെടുത്ത് കൊണ്ടുവന്ന ലക്ഷകണക്കിന് ടണ്‍ കരിങ്കല്ല് അക്ഷരാര്‍ത്ഥത്തില്‍  കടലില്‍ കളയുകയായിരുന്നു. ജനുവരിയില്‍ നിയമസഭയില്‍ തുറമുഖ വ്യവസായമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നല്‍കിയ മറുപടിയില്‍ തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ടെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് നല്‍കിയത്. നിര്‍മ്മാണം മുഖ്യമന്ത്രിയും വകുപ്പ്മന്ത്രിയും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും വിലയിരുത്തുന്നുണ്ടെന്നും ഓരോ മാസവും അവലോകനം ചെയ്യുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്റെ മറുപടി. ഇതിനായി ഒരു സ്പെഷ്യല്‍ പ്രൊജക്ട് ഡയറക്ടറെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പ്, 2020 ഫെബ്രുവരിയില്‍ മന്ത്രിസഭയില്‍ വ്യക്തമാക്കിയത് അനുസരിച്ച് 3100 മീറ്റര്‍ വരുന്ന പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായത് 20 ശതമാനം മാത്രമാണ്. ഡ്രെഡ്ജിങ്ങും റിക്ലമേഷനും നടന്നത് 40 ശതമാനം മാത്രം. തുറമുഖത്തിനാവശ്യമായ എട്ട് ക്രെയിനുകള്‍ക്ക് നിര്‍മ്മാണക്കരാര്‍ നല്‍കിയിട്ടുണ്ടെന്നും അന്ന് മന്ത്രിസഭയില്‍ അറിയിച്ചിരുന്നു. 

തിരുവനന്തപുരത്ത് കൽക്ഷേഭത്തിൽ തകർന്ന വീട്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
തിരുവനന്തപുരത്ത് കൽക്ഷേഭത്തിൽ തകർന്ന വീട്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

തീരങ്ങളെടുത്ത വികസനം

പുലിമുട്ട് നിര്‍മ്മാണം ആരംഭിച്ചതോടെ വിഴിഞ്ഞം മുതല്‍ തെക്കോട്ട് 40 കിലോമീറ്ററിലധികം തീരപ്രദേശം കടലെടുത്തു തുടങ്ങി. ആദ്യം മണല്‍ത്തിട്ടകളാണ് അപ്രത്യക്ഷമായതെങ്കില്‍ പിന്നീട് കര തന്നെ അപ്രത്യക്ഷമായി. പല തീരവും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം കടലിനടിയിലായി. ചില സ്ഥലങ്ങള്‍ ഉണ്ടായിരുന്നെന്ന് ബോധ്യപ്പെടാന്‍ പഴയ ചിത്രങ്ങള്‍ തന്നെ വേണ്ടിവരും. ശംഖുമുഖം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിനെ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വലിയൊരു ഭാഗമുള്‍പ്പെടെ ഇതിനോടകം പൂര്‍ണ്ണമായും കടലെടുത്തുകഴിഞ്ഞു. കോവളം, വിഴിഞ്ഞം, വേളി, കല്ലുമൂട്, മുട്ടത്തറ, ബീമാ പള്ളി തുടങ്ങിയ പ്രദേശങ്ങളെല്ലാം സമീപഭാവിയില്‍ അപ്രത്യക്ഷമാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പോര്‍ട്ടുകളുടേയും ഹാര്‍ബറുകളുടേയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 2010-ല്‍ പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത മാര്‍ഗ്ഗരേഖയില്‍ പുലിമുട്ടിന്റെ നിര്‍മ്മാണവും സമുദ്രത്തിലെ ഡ്രഡ്ജിങ് അടക്കമുള്ള പ്രവൃത്തികള്‍ ശക്തമായ കടല്‍ക്ഷോഭത്തിനു കാരണമാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍, തീരശോഷണം സംബന്ധിച്ച ഈ ആരോപണങ്ങളെ അദാനി തള്ളിക്കളയുന്നത് എല്‍&ടി നടത്തിയ മാത്തമാറ്റിക് മോഡലിങ്ങ് പഠനത്തെ ആധാരമാക്കിയാണ്. നിക്ഷിപ്ത താല്പര്യങ്ങളാണ് എല്‍&ടിയെ ഈ റിപ്പോര്‍ട്ടുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നു വ്യക്തം. 2011-ല്‍ പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കുവേണ്ടി കേരളം കേന്ദ്രത്തെ സമീപിച്ചപ്പോള്‍ കേന്ദ്ര വിദഗ്ദ്ധസമിതി ഒരുതരത്തിലുമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് നിര്‍ദ്ദേശിച്ച സ്ഥലത്താണ് 66 ഹെക്ടര്‍ പാറയിട്ട് കടല്‍ നികത്തിയെടുക്കുന്നത്. 

പുലിമുട്ട് നിര്‍മ്മാണത്തിനായി ഇതിനകം ആറു ലക്ഷം ടണ്‍ കരിങ്കല്ല് കടലില്‍ നിക്ഷേപിച്ചിട്ടുണ്ട്.  ഇതില്‍ ഭൂരിഭാഗവും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍നിന്നാണ്.  ഒരു കോടി ടണ്‍ കരിങ്കല്ലെങ്കിലുമുണ്ടെങ്കില്‍ മാത്രമാണ് പദ്ധതി പൂര്‍ത്തിയാക്കാനാവുക. ഈ ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയും. കടലാക്രമണം രൂക്ഷമായാല്‍ ഈ നിര്‍മ്മിതികളൊന്നും ശാശ്വതവുമല്ല. അങ്ങനെ കണക്കുകൂട്ടിയാല്‍  ഒരു കോടി ടണ്‍ കരിങ്കല്‍ വേണ്ടിടത്ത്, അതിന്റെ ഇരട്ടിയെങ്കിലും പാറ ഇനിയും വേണ്ടിവരും. അതോടൊപ്പം പണി പൂര്‍ത്തിയാകുന്ന ഓരോ കിലോമീറ്റര്‍ നീളത്തിനും അഞ്ചു മുതല്‍ 10 കിലോമീറ്റര്‍ നീളത്തില്‍ തിരുവനന്തപുരം ജില്ലയുടെ തീരം കടലെടുക്കും. ആ പ്രദേശങ്ങളെ രക്ഷിക്കാന്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ വേറെയും ലക്ഷക്കണക്കിന് ടണ്‍ പാറ കണ്ടെത്തേണ്ടിയും വരും. നിലവിലെ അവസ്ഥയില്‍ തന്നെ വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുപോലും കണ്ടെത്താന്‍ അദാനിക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. ഭാവിയില്‍ തെക്കന്‍ തീരപ്രദേശം മുഴുവന്‍ കടലാക്രമണം രൂക്ഷമാകുകയും തീരജനത ദുരിതത്തിലാവുകയും ചെയ്യും.

രണ്ട് പതിറ്റാണ്ടുകാലം വിഴിഞ്ഞം ഒരു വികസന സ്വപ്നമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. പല മേഖലകളില്‍നിന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സമ്മര്‍ദവുമുണ്ടായിരുന്നു. തെക്കന്‍ കേരളത്തിന് ഗുണകരമാകുമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. എന്നാല്‍, പദ്ധതിയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് പഠിച്ച ഏണസ്റ്റ് ആന്‍ഡ് യങ് എന്തെങ്കിലും നേട്ടം സംസ്ഥാനത്തിനുണ്ടാകുമെന്ന് പറഞ്ഞിരുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. പദ്ധതിക്കായി വിളിച്ച ആദ്യ ടെന്‍ഡറില്‍ ഒരു കമ്പനിയും പങ്കെടുത്തിരുന്നില്ല. പിന്നീട് അദാനി ഗ്രൂപ്പ് മാത്രമേയുണ്ടായിരുന്നുള്ളൂ. അതായത്, ലാഭകരമല്ലാത്ത പദ്ധതിക്കുവേണ്ടി അദാനി ഗ്രൂപ്പ് രംഗത്ത് ഇറങ്ങിയത് അവര്‍ക്ക് നേട്ടമുണ്ടാക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രം. 

സംസ്ഥാനത്തിന് ഒരു നേട്ടവുമില്ലാത്ത പദ്ധതിക്കുവേണ്ടി എന്തിനിത്രയും തുക മുടക്കാന്‍ തുനിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. അതൊട്ട് ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷവും തയ്യാറായില്ല. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി ഏറ്റെടുത്ത വസ്തുവും ആസ്തിയും പണയം വച്ച് കിട്ടുന്ന തുകകൊണ്ട് ഹോട്ടലുകളും റിയല്‍ എസ്റ്റേറ്റും നിര്‍മ്മിച്ച് ലാഭം നേടാനുള്ള അവസരമാണ് അദാനിക്ക് നമ്മുടെ സര്‍ക്കാരുകള്‍ ഒരുക്കിക്കൊടുത്തത്. 

2016-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ അഭിമാന പദ്ധതിയാണ് ഇതെന്നാണ് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. മാത്രമല്ല, വിഴിഞ്ഞത്തുനിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുളച്ചലില്‍ തുറമുഖത്തിന് അനുമതി നല്‍കിയതിലുള്ള ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ എത്ര ആശങ്കപ്പെട്ടിട്ടും കാര്യമില്ല; പദ്ധതി ലാഭത്തിലെത്തില്ലെന്ന് വയബിലിറ്റി റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. അതുകൊണ്ടാണ് പോര്‍ട്ട് എസ്റ്റേറ്റ് വികസിപ്പിച്ച് പണം കണ്ടെത്തേണ്ടത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞത്.

പദ്ധതി നടപ്പാക്കി പതിനഞ്ചാം വര്‍ഷം  വരുമാനത്തിന്റെ ഒരു ശതമാനമാണ് സര്‍ക്കാരിന് വാഗ്ദാനം ചെയ്യുന്നത്. അതായത് 2027-ല്‍ 640 കോടി രൂപയുടെ വരുമാനം ഉണ്ടാവുകയും 140 കോടി ലാഭത്തിലെത്തുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിന് അതിന്റെ ഒരു ശതമാനം ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ ശതമാനം വീതം അധികം തുകയും ലഭിക്കും. ഇനി 640 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തണമെങ്കില്‍ പന്ത്രണ്ടര ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ ലഭിക്കണം. 

അതെത്രമാത്രം പ്രായോഗികമാണെന്നതാണ് സംശയം. വല്ലാര്‍പാടം പത്തുവര്‍ഷംകൊണ്ട് കൈകാര്യം ചെയ്തത് 46 ലക്ഷം കണ്ടെയ്നറുകളാണ്. കഴിഞ്ഞ ജനുവരിയില്‍ ആദ്യമായി കണ്ടെയ്നറുകളുടെ എണ്ണം 70,000 കടന്നു. മൂന്നര ലക്ഷത്തിലും നാലര ലക്ഷത്തിനുമിടയില്‍ മാത്രം കൈകാര്യം ചെയ്ത് വല്ലാര്‍പാടം നില്‍ക്കുന്നു. 41 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ത്തന്നെ ശേഷിയുള്ള കൊളംബോയോടാണ് 2053-ല്‍ 12.5 ലക്ഷം കണ്ടെയ്നര്‍ മാത്രം കൈകാര്യം ചെയ്യാന്‍ പോകുന്ന വിഴിഞ്ഞം മത്സരിക്കുക.

ഈ തുറമുഖം ഏറ്റെടുക്കുന്ന അദാനിക്കുതന്നെ ഇന്ത്യയില്‍ ആറു തുറമുഖങ്ങള്‍ സ്വന്തമായുണ്ട്. ഇന്ത്യയിലെ ആ തുറമുഖങ്ങളിലെ കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തേക്ക് വരാതിരിക്കാന്‍ കൂടിയുള്ള അദാനി ഗ്രൂപ്പിന്റെ മുന്‍കരുതലായി വേണം വിഴിഞ്ഞത്തുള്ള താല്പര്യത്തെ കാണാന്‍. കാരണം, റിയല്‍ എസ്റ്റേറ്റ് പദ്ധതിയായി വിഴിഞ്ഞം വികസിപ്പിച്ചാല്‍ ഇന്ത്യയിലെ മറ്റ് തുറമുഖങ്ങള്‍ക്ക് ഭീഷണി ഉണ്ടാകില്ലെന്ന കണക്കുകൂട്ടല്‍. മാത്രവുമല്ല, വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് വികസിപ്പിക്കാന്‍ പോകുന്ന ടൂറിസം വാണിജ്യ സംവിധാനങ്ങള്‍ എത്രമാത്രം ലാഭകരമാകും എന്ന സംശയവും ഫീസിബിലിറ്റി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 

ശംഖുമുഖം ബീച്ചിന് സമീപമുള്ള റോഡിൽ നിന്ന് കേബിളുകൾ മാറ്റുന്ന കെഎസ്ഇബി അധികൃതർ. രാജ്യാന്തര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്കും വലിയതുറയിലേക്കും പോകുന്ന റോഡ് കടലെടുത്തു
ശംഖുമുഖം ബീച്ചിന് സമീപമുള്ള റോഡിൽ നിന്ന് കേബിളുകൾ മാറ്റുന്ന കെഎസ്ഇബി അധികൃതർ. രാജ്യാന്തര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്കും വലിയതുറയിലേക്കും പോകുന്ന റോഡ് കടലെടുത്തു

ഭൂമി വാങ്ങിയ കോര്‍പ്പറേറ്റ് കൊള്ള

സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത് വിഴിഞ്ഞത്ത് റിയല്‍ എസ്റ്റേറ്റ് താല്പര്യം 4,000 കോടി രൂപയുടേതാണെന്നാണ്. ഭൂമിയുടെ വിപണി വില സെന്റിന് 20 ലക്ഷം രൂപ വരെയാണ്. സെന്റിന് 10 മുതല്‍ 12 ലക്ഷം രൂപ വരെ മാത്രം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. അപ്പോള്‍ 4,000 കോടി രൂപ മുടക്കി അദാനി ഗ്രൂപ്പിന് കൈമാറുന്നത് കുറഞ്ഞത് 6,000 കോടി രൂപ വിലയുള്ള ആസ്തിയാണ്. ലാഭകരമല്ലെന്ന് ബോധ്യപ്പെട്ടിട്ടും കരാറുമായി മുന്നോട്ടുപോയതിനെ  അന്ന് വി.എസ്. അച്യുതാനന്ദന്‍  എതിര്‍ത്തിരുന്നു. കരാറില്‍ ദുരൂഹതയുണ്ടെന്നും മാറ്റം വരുത്തണമെന്നും വി.എസ്. നിയമസഭയില്‍ ആവശ്യപ്പെട്ടു. വി.എസിന്റെ അഭിപ്രായം തന്നെയായിരുന്നു  പാര്‍ട്ടിക്കും. 7522 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി വരെ പിണറായി അന്ന് ആരോപിച്ചു. പിന്നീട് ഈ നിലപാട് മലക്കം മറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യു.ഡി.എഫിന്റെ കരാര്‍ അതേപടി നടപ്പാക്കുമെന്നായിരുന്നു പ്രസ്താവന. 

തുറമുഖത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനു വേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയെക്കുറിച്ച്  കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതി.  പക്ഷേ, പിണറായി വിജയന്റെ മലക്കംമറിച്ചിലിനു ശേഷം പാര്‍ട്ടിയില്‍നിന്ന് കാര്യമായ എതിര്‍പ്പ് അദാനിക്കെതിരേയുണ്ടായില്ല. കരാറിനെ എതിര്‍ത്ത  തോമസ് ഐസക്കും ഇക്കാര്യത്തില്‍ മൗനംപാലിച്ചു. പദ്ധതി പണത്തിന്റെ 60 ശതമാനം വി.ജി.എഫ് ആയി നല്‍കുകയും വല്ലാര്‍പാടം, കൊളംബോ തുറമുഖങ്ങളേക്കാള്‍ 35 ശതമാനം നിരക്ക് കുറച്ച് ഈടാക്കുകയും ചെയ്താല്‍ പദ്ധതി ലാഭത്തിലെത്തും എന്നാണ് കരാര്‍ തിരുത്തിയെഴുതിയത്. ഇതനുസരിച്ചാണ് 2027-ല്‍ ലാഭവിഹിതം കിട്ടും എന്ന് പറയുന്നത്. 

ഒരു പി.പി.പി. പദ്ധതിയുടേയും 40 ശതമാനത്തില്‍ കൂടിയ തുക വി.ജി.എഫ് ആയി മുടക്കാന്‍ ഇന്ത്യയില്‍ അനുവാദമില്ല.  വികസിത രാജ്യങ്ങളില്‍ ഇത് 20 ശതമാനം മാത്രവുമാണ്. ഈ നിയമത്തെ മറികടക്കാനാണ് പോര്‍ട്ട് എസ്റ്റേറ്റ് വികസനം എന്ന പേരില്‍ ഹോട്ടല്‍ സമുച്ചയവും പാര്‍പ്പിട സമുച്ചയവും പണിത് വരുമാനം കണ്ടെത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവയെല്ലാം നിര്‍മിച്ചത് വരുമാനം വര്‍ദ്ധിച്ചാലും സര്‍ക്കാര്‍ വി.ജി.എഫ് ആയി 40.7 ശതമാനം പണം മുടക്കണം. അതാണ് യാഥാര്‍ത്ഥ്യം. ചുരുക്കത്തില്‍ വികസനത്തിന്റെ പേരില്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി പൊതുസമ്പത്ത് എങ്ങനെ കോര്‍പ്പറേറ്റ് വിഭവക്കൊള്ളയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിന് തെളിവായിത്തീര്‍ന്നിരിക്കുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com