'ഇനി വിശ്രമം?'- വിഎസ് മാറി നില്‍ക്കുന്ന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാകും

ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നെങ്കിലും ഇനി വിശ്രമജീവിതത്തിനാണ് വി.എസ്. ഒരുങ്ങുന്നതെന്ന സൂചന വ്യക്തമായി
വി.എസ്. അച്യുതാനന്ദന്‍
വി.എസ്. അച്യുതാനന്ദന്‍

''​സര്‍, വനിതാ എം.എല്‍.എമാര്‍ക്കു നേരെ നടന്ന പൊലീസ് കയ്യേറ്റത്തെപ്പറ്റി ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി നാളെ പ്രഖ്യാപനം നടത്തുമെന്ന് ഇന്നലെ പറഞ്ഞു. നാളെ... നാളെ... എന്നുള്ള നിലയില്‍ ഗവണ്‍മെന്റും ആഭ്യന്തരമന്ത്രിയും പോകുമെന്നു കരുതുന്നില്ല.'' പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ സംസാരിക്കുകയാണ്. വി.എസ്സിന്റെ പതിവു നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലെ നാളെ... നാളെ... സഭയില്‍ ചിരിയല്ല പടര്‍ത്തിയത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷനിരയില്‍നിന്ന് ഷെയിം ഷെയിം വിളികള്‍ ഉയര്‍ന്നു. പ്രതിപക്ഷനേതാവിനു മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നാക്കു പിഴയ്ക്കുന്നതും അതില്‍പിടിച്ച് സഭ ഇളകിമറിയുന്നതുമാണ് പിന്നെ കണ്ടത്. ''വാചകീയ അന്വേഷണത്തിന് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്'' എന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇതെന്ത് അന്വേഷണമാണെന്നും ഇതെവിടുത്തെ മലയാളമാണെന്നുമുള്ള ചോദ്യത്തിനും ബഹളത്തിനും ഇടയില്‍ വി.എസ്. വീണ്ടും എഴുന്നേറ്റു നിന്നു. ''വാചകീയം എന്ന വാക്കാണോ പ്രശ്‌നം?'' എന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ചോദ്യം. ബഹുമാനപ്പെട്ട ചെയറിനു വാചകീയം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലായെങ്കില്‍ അങ്ങ് അതു ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും മതി എന്ന് വി.എസ്. പറഞ്ഞതോടെ കാര്‍ത്തികേയന്‍ കുടുങ്ങിയ മട്ടായി.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ വനിതാ എം.എല്‍.എമാര്‍ക്കു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് 2013 ഫെബ്രുവരി രണ്ടിന് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു ഇത്. നിയമസഭയിലും മറ്റെവിടെയും ഇടപെടലിന്റെ ആദ്യ നിമിഷം മുതല്‍ മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന 'മാന്ത്രികതയുടെ' നിരവധി അനുഭവങ്ങളില്‍ ഒന്നുമാത്രം. കെ.എം. മാണിയുടെ ആക്റ്റ് അദ്ദേഹത്തിന്റെ കയ്യില്‍ ഇരുന്നോട്ടെ എന്നായിരുന്നു ഒരിക്കല്‍ വിഎസിന്റെ മറുപടി. സൂര്യനെല്ലി കേസിലെ പ്രതി ധര്‍മ്മരാജന്‍ പി.ജെ. കുര്യനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ നിയമസഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു അത്. കുര്യനെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം. മാണിയും വാദങ്ങള്‍ നിരത്തി. 

''വി.എസ്സിന് ഇനിയെന്തിനാണ് ഒരു ഔദ്യോഗിക പദവി?'' ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന സമയത്ത് ഒരു പൊതുപരിപാടിക്കിടെ ചോദിച്ചത് സുഗതകുമാരിയാണ്. ഔദ്യോഗിക പദവികള്‍ക്കൊക്കെ മുകളിലാണ് ജനമനസ്സുകളില്‍ വി.എസ്സിന്റെ സ്ഥാനം എന്നുകൂടി അവര്‍ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന നാലാമനാണ് വി.എസ്. ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു ആദ്യ ചെയര്‍മാന്‍. 1965ല്‍ എം.കെ. വെള്ളോടിയും 1996ല്‍ ഇ.കെ. നയനാരുമാണ് പിന്നീട് അധ്യക്ഷന്‍മാരായത്. നിയമസഭാംഗമായ വി.എസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കുമ്പോഴുള്ള ഇരട്ടപ്പദവി പ്രശ്‌നം പരിഹരിക്കുന്നതിന് നിയമനിര്‍മാണവും നടത്തിയിരുന്നു. ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നെങ്കിലും ഇനി വിശ്രമജീവിതത്തിനാണ് വി.എസ്. ഒരുങ്ങുന്നതെന്ന സൂചന വ്യക്തമായി. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി ഒഴിയുന്ന അറിയിപ്പു വന്നു. മകന്റെ വീട്ടിലേക്കു താമസം മാറി. ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമിക്കാനാണ് തീരുമാനം.

സ്മാര്‍ട്ട് സിറ്റി, ഐസ്‌ക്രീം പാര്‍ലര്‍, കോവളം കൊട്ടാരം, മതികെട്ടാന്‍, മൂന്നാര്‍, ഇടമലയാര്‍, മുല്ലപ്പെരിയാര്‍, പാമോയില്‍ കേസ് എന്നൊക്കെ കേട്ടാല്‍ വി.എസ്സാണ് മനസ്സില്‍ വരിക. പൊതുസ്വത്ത് ചുളുവില്‍ തട്ടിയെടുക്കുകയും തൊഴിലിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന കരാര്‍ പൊളിച്ചെഴുതിയാണ് സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ വി.എസ്. അടങ്ങിയത്. പണവും അധികാരവും ഉപയോഗിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തു ജീവിതം നശിപ്പിക്കുന്ന മാഫിയകളുടെ തലപ്പത്ത് ആരായാലും വച്ചുപൊറുപ്പിക്കാനാകില്ല എന്നുറച്ചു നടത്തിയ നിയമ, രാഷ്ട്രീയ പോരാട്ടമാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്. സ്വകാര്യ മുതലാളിയുടെ ആസക്തിയില്‍നിന്നു പൊതുസ്വത്ത് സംരക്ഷിക്കാനുള്ള പോരാട്ടത്തിനു വി.എസ്. നടുനായകത്വം വഹിച്ചത് കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ കേരളം കണ്ടു. കുന്നുകളും മലകളും കയ്യേറി ഇടിച്ചുനിരത്തി സ്വകാര്യ സ്വത്താക്കിയ ഭൂമാഫിയയ്ക്കും അവരുടെ രാഷ്ട്രീയ സംരക്ഷകര്‍ക്കും എതിരെ വി.എസ്. കയറിയിറങ്ങിയ കാടും മലകളും കുറച്ചൊന്നുമല്ല; മതികെട്ടാനും മൂന്നാറും ഇതിനു വ്യത്യസ്ത ഉദാഹരണങ്ങള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ തകരുമെന്നു പ്രചരിപ്പിച്ചല്ല വി.എസ്. അതിനെ സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തിയത്. ഭീതി കൂടാതെ ജീവിക്കാനുള്ള കേരളത്തിന്റെ അവകാശമാണ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും ഉയര്‍ത്തിപ്പിടിച്ചത്. ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതിയില്‍നിന്നു തടവുശിക്ഷ വാങ്ങിക്കൊടുത്തത് വി.എസ്സിന്റെ ഇടപെടലിലാണ്. പാമോയില്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ഒഴിവാക്കുന്നതിനെതിരെ ഇടപെട്ടു വിജയിച്ചു.

അഴിമതിക്കെതിരായ നിയമപോരാട്ടങ്ങളില്‍ ദേശീയതലത്തില്‍ത്തന്നെ മാതൃക സൃഷ്ടിച്ച ഇടപെടലുകളായി ഇടമലയാറും പാമോയില്‍ കേസും ചരിത്രത്തില്‍ ഇടംപിടിച്ചു. ''അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന വിധികള്‍ക്ക് വി.എസ്സിന്റെ ഇടപെടലുകള്‍ കരുത്തു പകര്‍ന്നു'' -പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ജോയി കൈതാരത്ത് പറയുന്നു. ''ഇടമലയാര്‍, പാമോയില്‍ കേസുകള്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുക മാത്രമല്ല, ഇടതുപക്ഷത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ആ രാഷ്ട്രീയ അവബോധം പിന്തുടരുന്നതില്‍ ഇടതുപക്ഷത്തിനുപോലും പിന്നീടു കാലിടറി.'' 

ഇടമലയാര്‍ കേസിന്റെ തുടക്കത്തില്‍ വി.എസ്. കക്ഷിയല്ലായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പരാതിക്കാരോ കക്ഷിയോ അല്ലാത്ത ആള്‍ക്ക് കോടതിയില്‍ കക്ഷിചേരാന്‍ അവകാശമുണ്ടായത് ഈ കേസിലെ വി.എസ്സിന്റെ ഇടപെടലിന്റെ തുടര്‍ച്ചയാണ്. നിരവധി കേസുകളില്‍ അത്തരം ഇടപെടലുകള്‍ക്കു പലരും പല തലങ്ങളില്‍ ശ്രമിച്ചിരുന്നു. പക്ഷേ, 'മൂന്നാംകക്ഷിയെ' ഇടപെടാന്‍ കോടതി അനുവദിച്ചിരുന്നില്ല. ഇടമലയാര്‍ കേസില്‍ കീഴ്ക്കോടതി ആര്‍. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചു. ജസ്റ്റിസ് നടരാജന്റേതായിരുന്നു വിധി. ഹൈക്കോടതി ആ ശിക്ഷ റദ്ദാക്കി. അതിനെതിരെയാണ് വി.എസ്. സുപ്രീംകോടതിയില്‍ പോയത്. അതും കാലപരിധി കഴിഞ്ഞ ശേഷം. 

വിഎസും പിണറായിയും
വിഎസും പിണറായിയും

സുപ്രീംകോടതി ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ പരസ്യ പരാമര്‍ശം നടത്തിയ കാലം. വി.എസ്. ശാന്തിഭൂഷണുമായി ബന്ധപ്പെട്ടു. കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവയ്ക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ അദ്ദേഹം തയ്യാറായി. അന്ന് വി.എസ്സുമായി അടുത്തു നിന്നവര്‍ ഉപദേശിച്ചത് ആ കേസ് വേണ്ട എന്നായിരുന്നു. ഇതില്‍ കാര്യമില്ലെന്നും കോടതി അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്നും താക്കീതു ചെയ്തു. പക്ഷേ, വി.എസ്. വിട്ടുകൊടുത്തില്ല.

ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അസാധാരണമായ ചരിത്രവിധിയുണ്ടായി. കേസില്‍ കക്ഷിയല്ലെങ്കിലും പൊതുസ്വത്തിനോടു പ്രതിബദ്ധതയുള്ള പൗരന്‍ എന്ന നിലയില്‍ ഇടപെടാന്‍ വി.എസ്സിന് അനുമതി നല്‍കി. അതോടെ ആര്‍. ബാലകൃഷ്ണ പിള്ള-വി.എസ്. അച്യുതാനന്ദന്‍ എന്ന കേസ് രാജ്യത്തെ അഴിമതിക്കേസുകളില്‍ വഴികാട്ടിയായി. മലബാര്‍ സിമന്റ്സ് കേസില്‍ മുന്‍ എം.ഡിമാരെ കുറ്റമുക്തരാക്കി 2011-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച അസാധാരണ ഉത്തരവിനെതിരെ കക്ഷിചേരാന്‍ തനിക്കു കഴിഞ്ഞത് സുപ്രീംകോടതി വിധിയുടെ ബലത്തിലാണെന്ന് ജോയി കൈതാരത്ത് ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ രക്ഷപ്പെടുമെന്ന ഘട്ടത്തില്‍ വിജിലന്‍സ് കോടതിയില്‍ കക്ഷിചേരാന്‍ ശ്രമിച്ച ജോയി കൈതാരത്തിനെ കോടതി ആദ്യം അനുവദിച്ചിരുന്നില്ല. പാമോയില്‍ കേസില്‍ ജിജി തോംസണെ ഒഴിവാക്കാനുള്ള ഹര്‍ജിയില്‍ വി.എസ്. കക്ഷി ചേര്‍ന്നതും ഇടമലയാര്‍ കേസ് വിധിയുടെ അടിസ്ഥാനത്തില്‍. രാഷ്ട്രീയ വൈരനിര്യാതനബുദ്ധി എന്നു കുറ്റപ്പെടുത്തി വി.എസ്സിനെ രാഷ്ട്രീയ പ്രതിയോഗികള്‍ ആക്രമിച്ചു. എന്നാല്‍, വി.എസ്സിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് തെളിവായാണ് ആ ഇടപെടലുകളും അതിന്റെ ഫലവും മാറിയത്.

സ്ത്രീപക്ഷത്തു വിട്ടുവീഴ്ചയില്ലാതെ 

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സത്യസന്ധമായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ വഴികളിലേക്കു കേരളത്തെ നയിച്ച വി.എസ്. മുഖ്യമന്ത്രിയായ ശേഷവും ആ നിലപാടുകളില്‍ത്തന്നെ ഉറച്ചുനിന്നു. എന്നാല്‍, കക്ഷിരാഷ്ട്രീയ പ്രേരിതമായ പ്രതിഷേധങ്ങളില്‍ ചിലതിനോട് സ്വീകരിച്ച സമീപനത്തില്‍ അദ്ദേഹത്തിനു വിമര്‍ശനവും നേരിടേണ്ടിവന്നു. ഭരണത്തിലെ പാര്‍ട്ടി ഇടപെടലുകളെ പരസ്യമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്ന് ആഗ്രഹിച്ചവരെ തൃപ്തിപ്പെടുത്താന്‍ വിസമ്മതിച്ചതുകൂടിയായിരുന്നു കാരണം. അതേസമയം, പാര്‍ട്ടിയേയും മുന്നണിയേയും മാത്രം വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നീതിക്കൊപ്പം ഉറച്ചുനിന്ന അനുഭവങ്ങള്‍ നിരവധി. ആരുടേയും ശുപാര്‍ശയും ഇടപെടലുകളുമില്ലാതിരുന്നിട്ടും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തനിക്കു നീതി നടപ്പാക്കിത്തന്ന അനുഭവമാണ് പ്രമുഖ സ്ത്രീപക്ഷ സാമൂഹിക പ്രവര്‍ത്തകയും മഹിള സമഖ്യ സൊസൈറ്റി മുന്‍ ഡയറക്ടറുമായ പി.ഇ. ഉഷയ്ക്കു പറയാനുള്ളത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്മെന്റ് സൊസൈറ്റി (അഹാഡ്സ്) അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ ഉഷയെ തിരിച്ചയയ്ക്കണം എന്നു പ്രാദേശിക എല്‍.ഡി.എഫ് നേതൃത്വം കടുത്ത നിലപാടെടുത്തു. ഉഷ ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളായിരുന്നു പ്രകോപനം. അതിനെ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച എം.ബി. രാജേഷിന്റെ തെരഞ്ഞെടുപ്പുമായിപ്പോലും ചേര്‍ത്താണ് അവര്‍ നേതൃത്വത്തിനു മുന്നിലെത്തിച്ചത്. ഇവരെ ഇങ്ങനെ വിട്ടാല്‍ രാജേഷ് ജയിക്കില്ല എന്നു ഘടകകക്ഷികളില്‍ ചിലതിന്റെ പ്രാദേശിക നേതൃത്വം തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രി അതു കണക്കിലെടുത്തില്ല. തദ്ദേശ സ്വയംഭരണ സെക്രട്ടറിയും അഹാഡ്സ് ചെയര്‍മാനുമായിരുന്ന എസ്.എം. വിജയാനന്ദിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ആരോപണങ്ങള്‍ തെറ്റാണെന്നു വിശദമാക്കുന്ന റിപ്പോര്‍ട്ടാണ് വിജയാനന്ദ് നല്‍കിയത്. മാത്രമല്ല, ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നല്ല പ്രവര്‍ത്തനങ്ങളാണ് ഉഷയും മറ്റും അട്ടപ്പാടിയില്‍ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. വി.എസ്. അതാണ് കണക്കിലെടുത്തത്. ക്ലിഫ് ഹൗസില്‍ പോയിക്കണ്ടു നിവേദനം കൊടുത്തപ്പോള്‍ 'അന്വേഷിക്കാം' എന്ന ഒറ്റവാക്കിനപ്പുറം ഒന്നും പറയാതിരുന്ന മുഖ്യമന്ത്രിയാണ് ആ വാക്കു പാലിച്ചതും നീതി ഉറപ്പാക്കിയതും. വാക്കിലല്ല, പ്രവൃത്തിയിലാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്നതിനു സാക്ഷ്യം.

പിന്നീട്, ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി നിഷേധാത്മക നിലപാടെടുത്തപ്പോഴും മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. ധനകാര്യ വകുപ്പും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും നിസ്സഹായത പ്രകടിപ്പിക്കുകയാണു ചെയ്തത്. വഴികളെല്ലാം അടഞ്ഞപ്പോഴാണ് വി.എസ്സിനെ കണ്ടത്. വിഷയം വാര്‍ത്തയും ചര്‍ച്ചയുമായി മാറിയിരുന്നു. മന്ത്രിസഭായോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വി.എസ്സിനോട് അതേക്കുറിച്ചു ചോദിക്കുകയും ചെയ്തു. ''ആ കാര്യത്തില്‍ നീതിരഹിതമായ നടപടി ഉണ്ടായിട്ടുണ്ട്. അത് തിരുത്തും'' എന്ന് ഒഴിഞ്ഞുമാറാതെ മുഖ്യമന്ത്രി പറഞ്ഞു. തിരുത്തുകയും ചെയ്തു. 

വ്യക്തിയല്ല വി.എസ്.  

വി.എസ്സിന്റെ ഇടപെടലുകള്‍ വി.എസ്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സ്വാഭാവിക ഭാഗമാണ് എന്നു കരുതുന്നവരും അല്ലാത്തവരുമുണ്ട്. വി. എസ്. 2001-ല്‍ പ്രതിപക്ഷ നേതാവായ ശേഷം പരിസ്ഥിതി, സ്ത്രീ വിഷയങ്ങളിലൂന്നി നടത്തിയ പോരാട്ടങ്ങളാണ് കേരളത്തിന്റെ ആദരം ഏറ്റുവാങ്ങുന്ന ഇന്നത്തെ വി.എസ്സിനെ സൃഷ്ടിച്ചത് എന്നാണ് ഒരു വാദം. എന്നാല്‍, പുന്നപ്ര വയലാര്‍ മുതല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയും പിന്നീട് സി.പി.ഐ.എമ്മും നടത്തിയ ജനപക്ഷ, തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയമാണ് വി.എസ്സിനെ രൂപപ്പെടുത്തിയത് എന്നു മറുവാദം. പാര്‍ട്ടിയിലും പുറത്തും ഈ രണ്ടു പക്ഷക്കാരുമുണ്ട്. 2001-ല്‍ വി.എസ്. പ്രതിപക്ഷ നേതാവായപ്പോള്‍ സ്റ്റാഫിലെ പ്രമുഖരായിരുന്ന ചിലരെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി വി.എസ്സിന്റെ 'മാറ്റ'ത്തെക്കുറിച്ചു പലരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. വി.എസ്സിന്റെ 'മാറ്റത്തിനു' പിന്നില്‍ അവരാണെന്നും ഓരോ ഇടപെടലിനു പിന്നിലും അവരാണ് എന്നുമാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പിന്നീട് ഇവര്‍ സി.പി.എമ്മില്‍നിന്നു പുറത്തായി. മാത്രമല്ല, അവരിലെ പ്രധാനിയായ കെ.എം. ഷാജഹാന്‍ വി.എസ്സിന്റേതന്നെ ശത്രുവായി മാറി. വി.എസ്സിനെതിരെ പരസ്യവിമര്‍ശനങ്ങള്‍ക്കു മടിച്ചുമില്ല. ''വി.എസ്. നടത്തിയ പോരാട്ടങ്ങളെ പരാജയപ്പെടുത്താന്‍ അദ്ദേഹം മുഖ്യമന്ത്രിയായതിനു പാര്‍ട്ടി നേതൃത്വം കണ്ണില്‍ എണ്ണയൊഴിച്ച് ഇരിക്കുകയായിരുന്നു എന്ന കാര്യം മറക്കുന്നില്ല. പരിമിതികള്‍ മാത്രമേ വി.എസ്സിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ആ പരിമിതികള്‍ക്കുള്ളില്‍നിന്നു ചെയ്യാന്‍ കഴിയുന്ന കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ആ കാര്യങ്ങളെല്ലാം ചെയ്യാന്‍ വി.എസ്. ശ്രമിച്ചോ? ഇല്ലെന്നാണ് എന്റെ ഉത്തരം.'' 2011-ല്‍ പുറത്തിറങ്ങിയ 'ചുവന്ന അടയാളങ്ങള്‍' എന്ന പുസ്തകത്തില്‍ ഷാജഹാന്‍ എഴുതി. എന്നാല്‍ വി.എസ്. ഉയര്‍ത്തിയ വിവിധ പ്രശ്‌നങ്ങള്‍ എന്നും പ്രസക്തമാണെന്ന് പ്രമുഖ ഇടതുപക്ഷ ചിന്തകന്‍ ഡോ. ജെ. പ്രഭാഷ് ചൂണ്ടിക്കാട്ടുന്നു. ''കേരളത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളായാലും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളായാലും എന്നും പ്രസക്തമാണ്. വി.എസ്. ഒരു വ്യക്തിയല്ലെന്നും 'ഇഷ്യു''' ആണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ''സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ചുരുങ്ങിപ്പോകുന്ന അവസ്ഥയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിലെ വൈരുദ്ധ്യങ്ങള്‍ മാറ്റിവച്ച് വെറും ഭൗതികവാദം മാത്രമായി മാറുന്നു എന്നതുമാണ് വി.എസ്. ചൂണ്ടിക്കാട്ടിയത്. ഡയലറ്റിക്‌സ് പോയാല്‍പ്പിന്നെ കിട്ടുന്നത് അധികാരത്തിന്റേയും സമ്പത്തിന്റേയും പിന്നാലെയുള്ള പോക്കാണ്. ആ പ്രശ്‌നം ഇന്നും കൃത്യമായി പാര്‍ട്ടിക്കുള്ളിലുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം ചുരുങ്ങുന്നു. ജനാധിപത്യം തെരഞ്ഞെടുപ്പു മാത്രമല്ലല്ലോ. ശരിയായ ആശയസംഘര്‍ഷത്തിലൂടെയും തെരഞ്ഞെടുപ്പിലൂടെയുമല്ല പാര്‍ട്ടി ഇന്നും പോകുന്നത്. വി.എസ്. മാറിയാലും അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടി എന്നും ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്'' -ജെ. പ്രഭാഷ് വിശദീകരിക്കുന്നു. വി.എസ്. ഉയര്‍ത്തിയ വിഷയങ്ങള്‍ ഒരു ഗ്രൂപ്പിന്റെ പ്രശ്‌നമായല്ല കാണേണ്ടത് എന്ന അഭിപ്രായം ശക്തമായാണ് ജെ. പ്രഭാഷ് ഉന്നയിക്കുന്നത്. ''അത് അങ്ങനെയായിരുന്നില്ല, ആ വിഷയത്തിന്റെ മെറിറ്റിലായിരുന്നു അഭിമുഖീകരിക്കേണ്ടിയിരുന്നത്. ഗ്രൂപ്പായി കണ്ടപ്പോള്‍ അധികാരം ഉള്ളവര്‍ക്കൊപ്പം ആളുകള്‍ നിന്നു, യഥാര്‍ത്ഥ വിഷയങ്ങള്‍ അഭിമുഖീകരിക്കാതിരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനം നേരിടുന്ന വിഷയങ്ങളുടെ മൂലകാരണം അതാണ്.'' 

പിണറായി വിജയൻ നയിച്ച നവ കേരള മാർച്ചിന്റെ സമാപനത്തിൽ വിഎസ് പാർട്ടി അണികളെ അഭിവാദ്യം ചെയ്യുന്നു/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
പിണറായി വിജയൻ നയിച്ച നവ കേരള മാർച്ചിന്റെ സമാപനത്തിൽ വിഎസ് പാർട്ടി അണികളെ അഭിവാദ്യം ചെയ്യുന്നു/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

വി.എസ്സിന്റെ ഇടപെടലുകള്‍ക്ക് ഇന്നും വളരെ പ്രസക്തിയുണ്ടെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറും അടിവരയിടുന്നു: ''ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് പ്രധാനമാണ്. പ്രായവും ആരോഗ്യപ്രശ്‌നവും മൂലമാണ് ഇപ്പോള്‍ ഉത്തരവാദിത്വം വേണ്ടെന്നു വയ്ക്കുന്നത്. പക്ഷേ, വി.എസ്. മാറിനില്‍ക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം കേരളം കണ്ടുതന്നെ മനസ്സിലാക്കേണ്ടിവരും.'' ഇടതുപക്ഷ മൂല്യങ്ങളുടെ കാവല്‍ക്കാരന്‍ എന്നാണ് ശശികുമാര്‍ വി.എസ്സിനെ വിശേഷിപ്പിക്കുന്നത്. ''വി.എസ്സിന്റെ ഇടതുപക്ഷ കൂറും ഉത്തരവാദിത്വവും ജനപക്ഷ രാഷ്ട്രീയത്തില്‍ അദ്ദേഹം വഹിച്ച ഉജ്ജ്വലമായ പങ്കും ആരും നിഷേധിക്കില്ല. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പല വിഷയങ്ങളിലും അദ്ദേഹത്തോടു പുലര്‍ത്തുന്നതു വലിയ ആദരമാണ്.''

സി.പി.എമ്മില്‍ ജനാധിപത്യം ഇല്ല എന്നത് തെറ്റിദ്ധാരണയാണ് എന്നുകൂടി വിശദീകരിച്ചാണ് വി.എസ്സിന്റെ കാലത്തെ ശശികുമാര്‍ അടയാളപ്പെടുത്തുന്നത്. അവിടെ ഒരുപാട് അഭിപ്രായങ്ങള്‍ ഉണ്ടാകും. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മില്‍ ഫാസിസത്തെക്കുറിച്ച് ഭിന്നാഭിപ്രായമില്ലേ. അതിനര്‍ത്ഥം അവര്‍ ഒരുമിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്നല്ലല്ലോ. അതുപോലതന്നെയാണ് കേരളത്തിലെ പാര്‍ട്ടിയിലും. അതിനെ ഊതിവീര്‍പ്പിച്ചു സി.പി.എമ്മിലെ ഗ്രൂപ്പുകളാക്കി മാറ്റി. പക്ഷേ, വി.എസ്സിന്റെ റോള്‍ പിണറായി ശരിയായി മനസ്സിലാക്കിയിരുന്നു. നയപരമായും ആശയകാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അത് സര്‍ഗ്ഗാത്മകമായ ആശയസമരമാണ്. അതില്ലെങ്കില്‍ സി.പി.എം ഒരു വരണ്ട പാര്‍ട്ടിയാകും. ചോദ്യം ചെയ്യാന്‍ ആളു വേണം. അതുണ്ടാക്കുന്നത് ക്രിയേറ്റീവ് ടെന്‍ഷനാണ്; അതില്ലാതിരിക്കാന്‍ പറ്റില്ല'' -ശശികുമാറിന്റെ വാക്കുകള്‍. 

വിഎസ് ഔദ്യോ​ഗിക വസതിയിൽ/ ഫയൽ ചിത്രം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ് 
വിഎസ് ഔദ്യോ​ഗിക വസതിയിൽ/ ഫയൽ ചിത്രം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ് 

ദൃക്സാക്ഷി 

കേരളപ്പിറവിയുടെ വജ്രജൂബിലിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ട ആഘോഷം ഇടതു മന്ത്രിസഭ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു വി.എസ്സിന്റെ തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍. മാധ്യമങ്ങളിലേറെയും ജന്മദിന വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ട് 'വി.എസ്സിനു തൊണ്ണൂറ്റിമൂന്നിന്റെ യൗവ്വനം' എന്നായിരുന്നു. പിറ്റേന്ന് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതംഗീകരിക്കുന്ന ചെറുപുഞ്ചിരിയായിരുന്നു പ്രതികരണം. എന്നിട്ടു പറഞ്ഞുതുടങ്ങിയത് 1956-ല്‍നിന്നല്ല; അതിനും പത്ത് വര്‍ഷം മുന്‍പു നിന്നാണ് പുന്നപ്ര- വയലാറില്‍നിന്ന്; കമ്യൂണിസ്റ്റ് പാര്‍ട്ടിയും താനും നാടാകെത്തന്നെയും പ്രക്ഷുബ്ധമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകളില്‍നിന്ന്. വി.എസ്. ഓര്‍മ്മിച്ചെടുത്ത പോരാട്ടഗാഥ ഇന്നലത്തെപ്പോലെ കണ്‍മുന്നിലുണ്ട്. കേരളത്തിനു പരിചിതമായ ചരിത്രമാണ്. പക്ഷേ, ചരിത്രത്തിനൊപ്പം നടന്ന വി.എസ്. പറയുമ്പോള്‍ അതിനു ദൃക്സാക്ഷി വിവരണത്തിന്റെ തെളിച്ചമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com