എന്തിനാണ് മറ്റപ്പള്ളിക്കാര്‍ രാവും പകലും സമരം ചെയ്യുന്നത്?

പത്തനംതിട്ട ജില്ലയോട് ചേര്‍ന്ന് ആലപ്പുഴ ജില്ലയുടെ കിഴക്ക് ഭാഗത്തായിട്ടാണ് മറ്റപ്പള്ളി മലയും ആദിക്കാട്ടുകുളങ്ങര മലയും ഞവരക്കുന്നും പുലിക്കുന്നും.
എന്തിനാണ് മറ്റപ്പള്ളിക്കാര്‍ രാവും പകലും സമരം ചെയ്യുന്നത്?

സ്വന്തം മണ്ണില്‍നിന്ന് വേരറ്റുപോകാന്‍ തയ്യാറാകാത്ത ഒരു കൂട്ടം മനുഷ്യരുടെ പോരാട്ടമാണ് നൂറനാട് പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയിലേത്. ദേശീയപാതാ വികസനത്തിനായി മറ്റപ്പള്ളിയിലെ നാലു മലനിരകളൊന്നോടെ ഇടിച്ചുനിരത്താന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 10-ന് നാട്ടുകാര്‍ കായംകുളം-പുനലൂര്‍ റോഡ് ഉപരോധിച്ചു. സമരത്തില്‍നിന്നും പിന്മാറാന്‍ തയ്യാറല്ലാത്ത സ്ത്രീകളെ ഉള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു. മാവേലിക്കര എം.എല്‍.എ എം.എസ് അരുണ്‍കുമാറിനടക്കം ജനപ്രതിനിധികള്‍ക്കും സമരപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതോടെയാണ് ‘മറ്റപ്പള്ളി’ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊതു ആവശ്യങ്ങളുടെ പേരില്‍, വികസനത്തിന്റെ പേരു പറഞ്ഞ് നീതികരിക്കുന്ന ഒരു കുറ്റകൃത്യത്തിന് സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും കൂട്ടുനില്‍ക്കുന്നു. നിയമവ്യവസ്ഥയുടെ പഴുതുകളിലൂടെ സാമൂഹികനീതി നിഷേധിക്കപ്പെടുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ചെറുത്തുനില്‍പ്പുമായി തെരുവിലിറങ്ങിയത്.

പാലമേല്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകളിലായിട്ടാണ് മറ്റപ്പള്ളിയിലെ നാലു മലനിരകളുള്ളത്. പത്തനംതിട്ട ജില്ലയോട് ചേര്‍ന്ന് ആലപ്പുഴ ജില്ലയുടെ കിഴക്ക് ഭാഗത്തായിട്ടാണ് മറ്റപ്പള്ളി മലയും ആദിക്കാട്ടുകുളങ്ങര മലയും ഞവരക്കുന്നും പുലിക്കുന്നും. വീട്ടാവശ്യങ്ങള്‍ക്കുള്‍പ്പെടെ ചെറിയതോതില്‍ മണ്ണെടുപ്പ് മുന്‍പും ഈ മലകളില്‍ നടന്നിട്ടുണ്ട്. പക്ഷേ, ഇത്രവ്യാപകമായി വസ്തു വാങ്ങിക്കൂട്ടി മണ്ണെടുത്ത് മലയൊന്നാകെ ഇടിച്ചുനിരത്താന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടത്. രണ്ടര ഏക്കര്‍ വസ്തുവിലെ മണ്ണാണ് തുടക്കത്തില്‍ എടുത്തുതുടങ്ങിയത്. ഖനന കമ്പനിയായ കൂട്ടിക്കല്‍ കണ്‍സ്‌ട്രക്‌ഷന്‍സാണ് ഈ രണ്ടര ഏക്കറിലെ മണ്ണെടുപ്പിന് പെര്‍മിറ്റ് നേടിയത്. ഇപ്പൊ മണ്ണെടുക്കുന്ന ഭൂമിയുടെ മുകളിലേക്ക് പതിന്നാല് ഏക്കറോളം ഭൂമി ഇവര്‍ വാങ്ങിക്കൂട്ടി.

ഒറ്റയടിക്കുള്ള ഖനനത്തിന് ജിയോളജി വകുപ്പ് അനുമതി നല്‍കാത്തതിനാല്‍ ഘട്ടംഘട്ടമായി ഈ മലയൊന്നാകെ എടുക്കാനായിരുന്നു ഈ കമ്പനിയുടെ പദ്ധതി. അങ്ങനെ, നാലു മലകളിലായി 124 ഏക്കര്‍ ഭൂമി വിവിധ വ്യക്തികള്‍ അല്ലെങ്കില്‍ കമ്പനികള്‍ വസ്തുക്കള്‍ കരാറെഴുതിയിട്ടുണ്ടെന്ന് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാര്‍ പറയുന്നു. എഗ്രിമെന്റ് എഴുതിയിട്ടുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്; പക്ഷേ, അത് നിയമത്തിനു മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ തെളിവുകളില്ല. ദേശീയപാതകളുള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതികളൊന്നും ആവശ്യമില്ലെന്ന പുതിയ നിയമവും മണ്ണെടുക്കുന്നവര്‍ക്കു സഹായകമാകുന്നു. 300 മീറ്റർ വരെയുള്ള മണ്ണെടുപ്പുകൾക്ക് പഞ്ചായത്തു സെക്രട്ടറിമാർ അനുവാദം നൽകാം എന്ന സംസ്ഥാന സർക്കാർ നിർദ്ദേശവും കേന്ദ്ര സർക്കാർ Ease of Doing Business-ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുമൊക്കെ ഇത്തരം അനധികൃത മണ്ണെടുപ്പിനു സഹായകരമാകുന്നു.

ദേശീയപാതാ നിര്‍മ്മാണത്തിനു വേണ്ടിയല്ല മണ്ണെടുക്കുന്നതെന്നാണ് പ്രദേശവാസികളുടെ പക്ഷം. ഇക്കാര്യം സ്ഥലം എം.എല്‍.എ എം.എസ്. അരുണ്‍കുമാറും ഉന്നയിച്ചിരുന്നു. എന്നാല്‍, ജില്ലയില്‍ 17 സ്ഥലങ്ങളില്‍നിന്നാണ് ദേശീയപാതയുടെ നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിന് പരിഗണന വന്നുവെന്നും 2023 മേയ് മാസം മറ്റപ്പള്ളിയില്‍നിന്ന് മണ്ണെടുക്കുന്നതിന് അനുമതി നല്‍കിയതെന്നുമാണ് ജിയോളജി വകുപ്പ് പറയുന്നത്. നാലു സ്ഥലങ്ങളില്‍നിന്ന് മണ്ണെടുക്കാനാണ് തീരുമാനം അതിലാദ്യത്തേതാണ് മറ്റപ്പള്ളി. ദേശീയപാതയോട് ഏറ്റവും സമീപമുള്ള മലകളാണ് മറ്റപ്പള്ളിയിലേത്. ആലപ്പുഴ ജില്ലയിലെ ആകെയുള്ള രണ്ട് മലനിരകളിലൊന്നാണ് മറ്റപ്പള്ളിയിലേതെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊന്ന് മുളക്കുഴയിലാണ്. ഈ കുന്നുകളില്‍നിന്ന് ഇതിനകം പകുതിയിലേറെ മണ്ണെടുത്തു കഴിഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ രണ്ട് മലനിരകളും ഇല്ലാതാകുമെന്നുറപ്പാണ്.

അതായത് തുടക്കത്തില്‍ അനുമതിയുള്ള രണ്ടര ഏക്കറില്‍ മണ്ണെടുക്കുക, പിന്നാലെ ബാക്കിയുള്ള വസ്തുക്കളില്‍നിന്നും മണ്ണെടുക്കാനാണ് അവരുടെ ലക്ഷ്യം. ഇത് മുന്നില്‍ കണ്ടാണ് പഞ്ചായത്തും സമരസമിതിയും മണ്ണെടുപ്പ് തടഞ്ഞതെന്ന് പറയുന്നു പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാര്‍.

ദേശീയപാതാ വികസനത്തിന്റെ പേരില്‍ മണ്ണെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ കമ്പനി ജിയോളജി വകുപ്പിന്റെ പെര്‍മിറ്റുമായി പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് അനുമതി നല്‍കിയില്ല. ഇതിനെ മറികടന്ന് മണ്ണെടുക്കുമെന്നുള്ള സൂചന കിട്ടിയതോടെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചാണ് നാട്ടുകാര്‍ പ്രതിരോധിച്ചത്. എന്നിട്ടും അനുകൂലമായ ഹൈക്കോടതി ഉത്തരവിലൂടെ പൊലീസ് സംരക്ഷണത്തില്‍ മണ്ണെടുക്കാന്‍ രണ്ടാഴ്ച ലോറികള്‍ എത്തി. നാട്ടുകാരുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ അതു തടസ്സപ്പെട്ടു. തുടര്‍ന്നു ജനപ്രതിനിധികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അതിനിടെ കഴിഞ്ഞ മാസം 26-ന് മണ്ണെടുക്കാന്‍ വന്നെങ്കിലും ജനങ്ങള്‍ തടഞ്ഞു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഡിവിഷന്‍ ബെഞ്ച് വിധി വരുന്നതുവരെ മണ്ണെടുക്കരുതെന്നു തീരുമാനിച്ചു. കേസ് വിധി പറയാനായി ഡിവിഷന്‍ ബെഞ്ച് ഡിസംബര്‍ 9-ലേക്ക് മാറ്റി. തുടര്‍ന്നാണ് വീണ്ടും പൊലീസ് സംരക്ഷണത്തില്‍ മണ്ണെടുപ്പ് നടത്തിയത്.

സമരസമിതിയുടെ ആശങ്കകള്‍ ശരിവയ്ക്കുംവിധമാണ് കാര്യങ്ങള്‍ പിന്നീട് നടന്നത്. സമരം ലാത്തിച്ചാര്‍ജ്ജില്‍ കലാശിച്ചപ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ താല്‍ക്കാലികമായി മണ്ണെടുപ്പ് നിര്‍ത്തി. സ്ഥലവാസികൂടിയായ മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗവും നടന്നു. അനുമതിയില്ലാത്ത ഭൂമിയില്‍നിന്നാണു മണ്ണെടുത്തതെന്നും മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നതില്‍ ജിയോളജി വകുപ്പിനു വീഴ്ചയുണ്ടായെന്നു സര്‍വ്വകക്ഷിയോഗത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. മണ്ണെടുക്കാന്‍ അനുമതിയുള്ള ഭൂമിയില്‍നിന്നുതന്നെയാണ് മണ്ണെടുത്തത് എന്ന് കളക്ടര്‍ റിപ്പോര്‍ട്ട് കരാറുകാരന് അനുകൂലമായി നല്‍കുകയും ചെയ്തു. എന്നാല്‍, നാട്ടുകാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ പരിഹാരമായതുമില്ല. നിയമത്തിന്റെ പഴുതുകളിലൂടെ മണ്ണെടുപ്പ് വീണ്ടും തുടരാനാണ് കരാര്‍ കമ്പനിയുടെ ശ്രമം. സ്റ്റോപ്പ് മെമ്മോ കിട്ടിയില്ലെന്ന വാദത്തില്‍ നവംബര്‍ 27-ാം തീയതി തിങ്കളാഴ്ച പുലര്‍ച്ചെ മണ്ണെടുപ്പ് പുനരാരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധവും തുടങ്ങി. ഇപ്പോള്‍ രാപ്പകല്‍ സമരത്തിലാണ് പ്രദേശവാസികള്‍.

ആശങ്കകള്‍ പ്രശ്‌നങ്ങള്‍

പാലമേല്‍ പ്രദേശത്തെ ഈ മലകള്‍ സംരക്ഷിച്ചില്ലെങ്കില്‍ ജൈവവൈവിധ്യനാശം മൂലമുള്ള പ്രതിസന്ധി രൂക്ഷമാകുമെന്നതാണ് ആശങ്ക. ഈ ആശങ്ക സെസിന്റെ പഠനവും ശരിവയ്ക്കുന്നു. മലയെടുത്താല്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. ഓണാട്ടുകരയുടെ വലിയൊരു ഭാഗം മണല്‍പുരയിടങ്ങളാണ്. എന്നാല്‍, പാലമേല്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ കുന്നുകളാണു ജലം സംരക്ഷിച്ചു നിര്‍ത്തുന്നത്. മല ഇല്ലാതായാല്‍ ഇവിടത്തെ ജലസംഭരണി എന്ന് വിശേഷിപ്പിക്കാവുന്ന കരിങ്ങാലില്‍ചാല്‍ പുഞ്ച വറ്റിവരളും. പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട്ടെ വിശേഷപ്പെട്ട ഇനം പക്ഷികളുടെ വംശനാശത്തിനും ഇതു കാരണമാകാം. റെഡ് ഡേറ്റാ ബുക്കില്‍ വരെ ഇടം പിടിച്ചിട്ടുണ്ട് ഇവിടം. ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയ്ക്കാകെ കോട്ടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് സെസിന്റെ റിപ്പോര്‍ട്ടില്‍ നടപടിയൊന്നും ഉണ്ടായില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നയതീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

2012 സെപ്റ്റംബര്‍ 12-നുണ്ടായ ഭൂചലനത്തില്‍ ഈ മലകളിലെ ഇരുന്നൂറോളം വീടുകള്‍ക്ക് വിള്ളലുകളുണ്ടായി. തൊട്ടടുത്ത ജില്ലയായ പത്തനംതിട്ടയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. 2018-ല്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കുന്നിടിച്ച് ഒരു വലിയ പ്രകൃതിദുരന്തത്തെ വിളിച്ചുവരുത്തരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓണാട്ടുകരയുടെ കുടിവെള്ളസംഭരണിയെന്ന് വിശേഷിപ്പിക്കാവുന്നതാണ് കരിങ്ങാലില്‍ പുഞ്ച്. കുന്നുകള്‍ ഇല്ലാതായാല്‍ സ്വാഭാവികമായും നീരൊഴുക്കില്ലാതാകുന്നതോടെ പുഞ്ച വറ്റിവരളും. മൂന്നു പഞ്ചായത്തുകളുടെ കുടിവെള്ളവും കൃഷിയും ഇല്ലാതാകും. പാലമേല്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ ജനങ്ങള്‍ക്കും വാര്‍ഡുകളിലേക്കും എട്ടരലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിക്കേണ്ട ജലസംഭരണിയും ഈ മലയുടെ മുകളിലാണ്. മണ്ണെടുക്കുന്നതോടെ ഈ ടാങ്ക് പൊളിക്കേണ്ടി വരും. പുതുതായി ടാങ്ക് നിര്‍മ്മിക്കാനുമാകില്ല.

മുന്‍പും ഖനന ശ്രമങ്ങള്‍

ഇതാദ്യമല്ല മറ്റപ്പള്ളി മലകളില്‍നിന്ന് മണ്ണെടുക്കാനുള്ള ശ്രമങ്ങള്‍. മുന്‍പു റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ പേരിലായിരുന്നു അന്ന് മണ്ണുകൊള്ള. അന്ന് ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുടേയും ശക്തമായ ഇടപെടലുണ്ടായി. ഭരണാധികാരികളുടെ ഒത്താശയോടെ നടന്ന ഈ നീക്കത്തിനെതിരേ താലൂക്ക് വികസനസമിതി യോഗങ്ങളില്‍ വിമര്‍ശനമുണ്ടായി. ഇതോടെ മണ്ണെടുപ്പ് നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രാദേശിക വികസന സമിതികള്‍ രൂപീകരിക്കാന്‍ ജില്ലാ വികസനസമിതി തീരുമാനിച്ചു. അങ്ങനെ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വില്ലേജ് ഓഫീസര്‍ കണ്‍വീനറുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമടങ്ങുന്ന കമ്മിറ്റികള്‍ നിലവില്‍ വന്നു. വീടുവയ്ക്കുന്നതിനു ഭൂമി നിരപ്പാക്കേണ്ട ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇതിന് ഇളവ് നല്‍കിയിരുന്നത്. ഒരുപരിധിവരെ അനിയന്ത്രിതമായ മണ്ണെടുപ്പ് നിയന്ത്രിക്കാന്‍ ഈ സമിതികള്‍ക്കു കഴിഞ്ഞു. പുലിക്കുന്ന് മല തന്നെ പൂര്‍ണ്ണമായും എടുക്കാന്‍ വന്നവരെ പഞ്ചായത്ത് കമ്മിറ്റിയും ജനങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്ത ചരിത്രം കൂടി മറ്റപ്പള്ളിക്കാര്‍ക്കുണ്ട്.

എന്നാല്‍, കാലത്തിനനുസരിച്ച് പാരിസ്ഥിതിക നിയമങ്ങള്‍ ദുര്‍ബ്ബലമാക്കിയതോടെ പഴുതുകളിലൂടെ വികസനവാദം ഉന്നയിച്ചെത്തിയവര്‍ മണ്ണെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. പ്രാദേശിക സമിതികള്‍ നിയമപരമല്ല എന്ന് വാദിച്ച് ജിയോളജി വകുപ്പിന്റെ ഒത്താശയോടെ കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. നിയമം അനുശാസിക്കുന്നത് ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇത് മണ്ണെടുക്കാനുള്ള അനുമതിയായി തെറ്റിദ്ധരിപ്പിച്ച് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പുലിക്കുന്നിലെ മല മുഴുവന്‍ ഖനനം നല്‍കാന്‍ ജിയോളജിവകുപ്പ് അനുമതിയും നല്‍കി. ഇതിനെതിരേ പഞ്ചായത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി ഈ മലകളുടെ പരിസ്ഥിതി പ്രാധാന്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെസിനോട് (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) ആവശ്യപ്പെട്ടു. നേരിട്ടും ജി.പി.എസും വഴി പഠനം നടത്തിയ സംഘം ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുമെന്ന് കാണിച്ച് റിപ്പോര്‍ട്ട് കോടതിക്കു നല്‍കി. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണെന്നും യന്ത്രം ഉപയോഗിച്ചുള്ള ഖനനം ശാസ്ത്രീയമായ പഠനങ്ങള്‍ക്കു ശേഷമേ പാടുള്ളൂവെന്നുമായിരുന്നു സെസിന്റെ കണ്ടെത്തല്‍.

ഈ റിപ്പോർട്ട് കൂടി വായിക്കാം
ജീവിതം നിരന്തര സമരവും വേദനയുമാകുന്ന കാഴ്ച

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com