കുട്ടികളുടെ കാര്യത്തിൽ ഭയം വേണോ, ജാഗ്രത മതിയോ?

കുട്ടികളുടെ കാര്യത്തിൽ ഭയം വേണോ, ജാഗ്രത മതിയോ?

കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ ഇതാദ്യമാണെന്ന് കൊല്ലം ഓയൂരിലെ ആറു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം പുറത്തു വന്നതുമുതൽ പലരും ഉല്‍ക്കണ്ഠപ്പെടുന്നുണ്ടായിരുന്നു. പൊലീസും പറയുന്നത് അതുതന്നെയാണ്. പക്ഷേ, അതത്രയ്ക്കു ശരിയല്ലെന്നാണ് വ്യക്തമാകുന്നത്. കൺമുന്നിൽനിന്നു കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്ന അനുഭവങ്ങൾ ഇല്ലെന്നു പറയുന്നതാകും ശരി. അതല്ലാതെ കേരളത്തിൽനിന്നു ബാല്യം വിടാത്ത കുട്ടികളേയും കൗമാരക്കാരേയും കാണാതാകുന്നുണ്ട്. അവരിൽ ബഹുഭൂരിപക്ഷത്തേയും ആരെങ്കിലുമൊക്കെ പിടിച്ചുകൊണ്ടോ കൂട്ടിക്കൊണ്ടോ പോകുന്നതുമാണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേരള പൊലീസിന്റെ വെബ്‌സൈറ്റിലുള്ള വിവരങ്ങളിലും കിഡ്‌നാപ്പിംഗ് ആന്റ് അബ്ഡക്ഷൻ എന്ന ഒരു വിഭാഗമുണ്ട്: അതായത് തട്ടിക്കൊണ്ടുപോകലും അപഹരണവും!

അതുപ്രകാരം 2023-ൽ ഒക്ടോബർ വരെ 121 കുട്ടികൾ തട്ടിക്കൊണ്ടുപോകലിനോ ‘അപഹരണ’ത്തിനോ വിധേയരായിട്ടുണ്ട്. 2022-ൽ ഇത് 269-ഉം 2011-257-ഉം 2010-200-ഉം 2019-280-ഉം ആയിരുന്നു. 2018-205, 2017-184, 2016-157. കുറയുകയല്ല കൂടി വരികയാണ്. കുട്ടികൾക്കെതിരായ പത്ത് കുറ്റകൃത്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് 11-ാമതായി, കുട്ടികൾക്കെതിരായ മറ്റു കുറ്റകൃത്യങ്ങൾ എന്നൊരു വിഭാഗം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പ്രത്യേകമായി നിർവ്വചിക്കപ്പെടാത്ത അത്തരം കുറ്റകൃത്യങ്ങൾക്കു വിധേയരായ കുട്ടികൾ മാത്രം ഈ വർഷം ഒക്ടോബർ വരെ 2682 ആണ്. ക്രമേണ കൂടിവരിക തന്നെയാണ് ഇതും; പേടിപ്പിക്കുന്നവിധം. ബാലവിവാഹം, ലൈംഗിക ദുരുപയോഗത്തിനായി പെൺകുട്ടികളെ വിൽക്കൽ, ഇതേ ആവശ്യത്തിനു പെൺകുട്ടികളെ വാങ്ങൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വേശ്യാവൃത്തി, ഉപേക്ഷിച്ചുപോകൽ, ആത്മഹത്യാപ്രേരണ, ഭ്രൂണഹത്യ, പോക്സോ കേസുകൾ, ശിശുഹത്യ എന്നിവയാണ് മറ്റു കുറ്റകൃത്യങ്ങൾ. ഇതിൽ വാങ്ങലും വിൽക്കലും മാത്രമാണ് പൊലീസ് കണക്കുപ്രകാരം തീരെ ഇല്ലാത്തത്. ബാക്കി എല്ലാം ഏറിയും കുറഞ്ഞും നടക്കുന്നു. എന്നിട്ടാണ് ആറു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവർ 21 മണിക്കൂർ കഴിഞ്ഞ് സ്വയം ആ കുട്ടിയെ ഉപേക്ഷിച്ചു പോകുമ്പോൾ കേരളം പൊലീസിന് സല്യൂട്ടടിക്കുന്നത്; തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായി റിമാന്റിലായ യൂ ട്യൂബർ യുവതിയെ അവരുടെ മികച്ച ഇംഗ്ലീഷിന്റേയും ‘മിടുക്കിന്റേയും’ പേരിൽ എ.ഡി.ജി.പി പ്രകീർത്തിക്കുന്നത്. കുട്ടികൾ ഇരകളാക്കപ്പെടുന്ന കുറ്റകൃത്യങ്ങളോട് കേരളീയ സമൂഹവും കേരള പൊലീസും വേണ്ടത്ര ഗൗരവവും ഉത്തരവാദിത്വവുമുള്ളവരല്ലെന്നാണ് ഇതു കാണിക്കുന്നത്. കുട്ടികൾക്കെതിരായി തിരിച്ചറിയപ്പെട്ട ആകെ കുറ്റകൃത്യങ്ങൾ ഈ വർഷം ഒക്ടോബർ വരെ മാത്രം 4254 ആണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് 2016-2879 ആയിരുന്നു; 2017-3562, 2018-4253, 2019-4754, 2020-3941, 2021-4536, കഴിഞ്ഞ വർഷം 5315.

എന്താണ് സത്യം?

കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ പ്രതികൾ ഉണ്ടാകാറില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു; ഈ ഒരു കേസ് ഒഴികെ അതാണു സ്ഥിതി. അച്ഛനമ്മമാരോട് പിണങ്ങിയോ അല്ലെങ്കിൽ സ്കൂളിലെ എന്തെങ്കിലും വിഷയങ്ങളുടെ ഭാഗമായോ ഒരു വല്ലാത്തതരം മനോഭാവത്തിലേക്ക് എത്തി കൂട്ടുകാരുമായി ചേർന്നു നാടുകാണാൻ പോവുകയോ ഒക്കെയാണ് ചെയ്യുന്നത്. കുട്ടികൾ സ്വയം വിട്ടുപോകുന്നവരായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അവരെ മുഴുവൻ കണ്ടെത്തി. ഏറ്റവും അവസാനം കാണാതായ വട്ടപ്പാറയിലെ മൂന്ന് കുട്ടികളെയടക്കം 24 മണിക്കൂറിനുള്ളിൽ പൊലീസ് കന്യാകുമാരിയിൽനിന്നു കണ്ടെത്തി വീട്ടുകാരെ ഏല്പിച്ചു. അത് തട്ടിക്കൊണ്ട് പോകലല്ല. ഒരു കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയിട്ട് ഞാനിന്ന് സ്കൂളിൽ പോകുന്നില്ല എന്നു തീരുമാനിച്ച് നേരെ കിട്ടുന്ന ബസിൽ കയറിപ്പോകാൻ സ്വയം തീരുമാനിച്ചാൽ അത് പൊലീസിന്റെ കുറ്റമല്ലെന്നും പൊലീസ് വാദിക്കുന്നു. “അങ്ങനെ ഒരു ഇഷ്യു ഉണ്ടായിക്കഴിഞ്ഞാൽ അവരെ കണ്ടെത്തുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. അവരെ 100 ശതമാനവും കണ്ടെത്തി കുടുംബത്തെ ഏല്പിച്ചിട്ടുണ്ട്. അതിൽ ഒരു പ്രതി ഉണ്ടാകുന്ന സാഹചര്യം നാളിതുവരെ ഉണ്ടായിട്ടില്ല” എന്നാണ് വിശദീകരണം. അങ്ങനെയെങ്കിൽ കുട്ടികളോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം വർദ്ധിക്കുകയാണോ, അതനുസരിച്ചുള്ള ഉത്തരവാദിത്വം സമൂഹം കാണിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രസക്തമായി മാറുന്നത്. പക്ഷേ, ബാലനീതി നിയമത്തിന്റെ 92-ാം ചട്ടത്തിൽ ഒരു കുട്ടിയെ കാണാതായാൽ എന്തൊക്കെ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നു കൃത്യമായി പറയുന്നുണ്ട്. ഉടനേതന്നെ എഫ്‌..ആർ രജിസ്റ്റർ ചെയ്യണം, കുട്ടികളെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും സഹിതം എല്ലായിടത്തും ജാഗ്രതാ നിർദ്ദേശം കൊടുക്കണം തുടങ്ങിയ കാര്യങ്ങൾ അക്കമിട്ടു പറയുന്നു. എഫ്‌..ആറിന്റെ പകർപ്പ് ജില്ലാ നിയമസഹായ സമിതിക്ക് (ഡി.എൽ.എസ്.) കൊടുക്കണം. എങ്കിലും ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ പല പൊലീസ് സ്റ്റേഷനുകളിലും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. അത് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരുടെ പതിവ് അനുഭവവുമാണ്. “പ്രത്യേകിച്ചും 16, 17 വയസ്സുള്ള പെൺകുട്ടികളുടെ തിരോധാനം റിപ്പോർട്ട് ചെയ്താൽപ്പോലും അതിൽ മറ്റു പല കാഴ്ചപ്പാടുകളുംകൊണ്ട് എഫ്‌..ആർ വളരെ വൈകുന്ന സാഹചര്യമുണ്ട്. 18 വയസ്സിനു താഴെയുള്ള ഏത് കുട്ടി ആയാലും കാണാതായെന്നു വിവരം കിട്ടിയാൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. പത്തനംതിട്ടയിൽ മൂന്നു കുട്ടികൾ മരിച്ച സംഭവത്തിൽ കൃത്യമായി അന്വേഷണം ഉണ്ടാകാത്തതുകൊണ്ട് അവരെ പിന്നീട് മരിച്ച നിലയിലാണ് കിട്ടിയത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്ന് വളരെ ചർച്ച ചെയ്യപ്പെട്ടതാണ്. പക്ഷേ, പിന്നെയും കാര്യമായ മുന്നോട്ടുപോക്ക് ഉണ്ടായിട്ടില്ലെന്നാണ് ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം. എപ്പോഴാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുക എന്ന് ഒരു രൂപവുമില്ല. മുൻകൂട്ടി അറിയിച്ചുകൊണ്ടല്ലല്ലോ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് പൊലീസിന് ഇതിനെക്കുറിച്ച് എത്രത്തോളം ഗ്രാഹ്യമുണ്ട് എന്നതിനെക്കുറിച്ച് വകുപ്പ് കൃത്യമായി ഒരു പരിശോധന നടത്തേണ്ടതാണ്. കൃത്യമായും നടപടിക്രമങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്” എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഓയൂരിൽനിന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ആളുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണെങ്കിലും കുട്ടികളാകെ അരക്ഷിതരാണെന്ന തരത്തിൽ ഭീതി പടർത്തുന്നത് ഗുണകരമല്ലെന്ന വാദവും ശക്തമാണ്. “കേരളത്തിലെ പൊതുസമൂഹം ഉയർന്ന മാനവികമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതാണ് ഓയൂർ സംഭവത്തിൽനിന്നും വ്യക്തമാകുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ സ്വപ്നംപോലും കാണാൻ കഴിയാത്ത ജനകീയ ഇടപെടലാണ് നമ്മൾ കണ്ടത്. പക്ഷേ, അതവിടെ അവസാനിക്കരുത്. സർക്കാർ സംവിധാനങ്ങൾ മാത്രമല്ല, സമസ്ത മേഖലയിലുള്ള ജനങ്ങളും കുട്ടികളെ സംരക്ഷിക്കുന്നതിനും കുട്ടികളുടെ ഉത്തമ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ബാധ്യസ്ഥരാണെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും അതാവർത്തിക്കാൻ അനുവദിക്കരുത്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ മാത്രമല്ല, കുട്ടികൾക്കെതിരെയുള്ള വിവിധ തരത്തിലുള്ള അതിക്രമങ്ങളുടെ കണക്കുകളും ഒട്ടും ആശാവഹമല്ല. കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ചും കുട്ടികൾക്കായുള്ള നിയമ പരിരക്ഷകളെക്കുറിച്ചും വ്യാപകമായ ജനകീയ അവബോധം സൃഷ്ടിച്ചെടുക്കുകയും അതോടൊപ്പം തന്നെ കുറ്റവാളികൾക്കി മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്തുകയും ചെയ്തെങ്കിൽ മാത്രമേ കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ കഴിയൂ” -ബാലാവകാശ പ്രവർത്തകർ പറയുന്നു.

അതേസമയം, ഓയൂർ സംഭവത്തിൽ പ്രതിയെ പിടിച്ചില്ലെന്ന ആക്ഷേപം തുടക്കം മുതൽ പല രൂപത്തിൽ ഉണ്ടായത് പൊലീസ് ഇത്തരം അന്വേഷണമേഖലകളിൽ ചില പ്രതിസന്ധികൾ അനുഭവിക്കുന്നതിന്റെ ഭാഗമാണ് എന്ന വിശദീകരണം പൊലീസുമായി ബന്ധപ്പെട്ട ചിലരിൽനിന്ന് അനൗപചാരികമായി ഉണ്ടായിരുന്നു. അത് സാമൂഹിക പ്രതിബദ്ധതയുടേയും ആ കുടുംബത്തോടുള്ള മാനുഷികതയ്ക്കു പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നതിന്റേയും സ്വാഭാവിക തുടർച്ചയാണെന്നും പറഞ്ഞു. പക്ഷേ, പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിങ്ങനെ കുട്ടിയുടെ കുടുംബവുമായി ബന്ധമില്ലാത്തവർ അറസ്റ്റിലായതോടെ അത്തരം വിശദീകരണങ്ങൾ നൽകിയവർ പെട്ടെന്നു നിശ്ശബ്ദരായി. ഇങ്ങനെയായിരുന്നു ആ വിശദീകരണത്തിന്റെ സ്വഭാവം: “കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വിവരം അറിയുമ്പോൾ അതിന്റെ വസ്തുതകൾ അന്വേഷിക്കാൻ ആ കുട്ടിയുടെ അച്ഛനമ്മമാരോടുൾപ്പെടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസ്സിലാക്കേണ്ടിവരും. തട്ടിക്കൊണ്ടുപോകാൻ ഇടയുള്ളത് ആരാണെന്നു മനസ്സിലാകുമ്പോൾ ആ വീടുമായി ബന്ധപ്പെട്ടും ചില സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യം വരാം. കുട്ടിയെ കണ്ടെത്തുന്നതിനു മുൻപ് അത്തരം ഒരു ചോദ്യം ചെയ്യലിലേക്കു പോയാൽ ഒരുപക്ഷേ, അതു സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതികരണം, മാധ്യമങ്ങളിലൂടെ വരാൻപോകുന്ന വാർത്ത തുടങ്ങിയതെല്ലാം പൊലീസിന് എതിരായി മാറാൻ സാധ്യതയുണ്ട്. കാരണം കുട്ടി നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന രക്ഷിതാക്കളെ പൊലീസ് ക്രൂരമായി ചോദ്യം ചെയ്യുന്നു എന്നായിരിക്കും ചിത്രീകരിക്കപ്പെടുക. കൊല്ലം ജില്ലയിലെത്തന്നെ കുണ്ടറയിൽ 2017-ൽ പത്തു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. അതിന്റെ പ്രതിയിലേക്ക് പൊലീസ് ആദ്യം തന്നെ എത്തിയിരുന്നു. ആ കുട്ടിയുടെ മുത്തച്ഛനാണ് ഇതു ചെയ്തതെന്ന സംശയത്തിലേക്കു വന്നു. പക്ഷേ, കുട്ടിയുടെ മരണാനന്തരചടങ്ങുകളടക്കം നടക്കുന്നതിനു മുൻപ് പൊലീസ് അനുഭവിച്ച ടെൻഷൻ വളരെ വലുതാണ്. കഷ്ടകാലത്തിനു ചോദ്യം ചെയ്യുമ്പോൾ പൊലീസിന്റെ കണ്ടെത്തൽ ശരിയല്ലെന്നു വന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിന് അല്പം സാവകാശമെടുത്തു. ചടങ്ങുകൾക്കുശേഷം ചോദ്യം ചെയ്തപ്പോൾ കുറ്റവാളി മുത്തച്ഛൻ വിക്ടർ ആണെന്നു തെളിഞ്ഞു. അയാൾ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. ഏതു രൂപത്തിലുള്ള കേസായാലും പ്രതി ആ കുടുംബവുമായി ബന്ധപ്പെട്ട ആളാണെങ്കിൽ അതിനനുസരിച്ച് സമയവും സാവകാശവും എടുത്തല്ലാതെ, എല്ലാ തെളിവുകളും രേഖകളും കണ്ടെത്തിക്കൊണ്ടല്ലാതെ മുന്നോട്ട് പോകാൻ പൊലീസിനു കഴിയില്ല. ആ രൂപത്തിൽ ചില സാവകാശം ഈ കേസിന്റെ ഭാഗമായിട്ടും അതിന്റെ വസ്തുത മനസ്സിലാക്കാൻ വേണ്ടിയുള്ള സാവകാശം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി.”

ഓയൂർ കേസിൽ പൊലീസ് തിരക്കഥ ഉണ്ടാക്കി എന്ന വിമർശനം നിലനിൽക്കുമ്പോൾ ഈ വിശദീകരണം ഭാവിയിലും പ്രസക്തമാവുകയാണ്.

കുട്ടികളോട് അനീതികൾ പലവിധം

ഇടുക്കിയിലെ ഒരു ആൺകുട്ടിക്ക് രണ്ടാനച്ഛനിൽനിന്നും അമ്മയിൽനിന്നും ക്രൂര മർദ്ദനമേറ്റത് കേരളം ഗൗരവത്തിലെടുത്ത് ഇടപെട്ട കേസുകളിലൊന്നാണ്. ഏതാനും വർഷങ്ങൾക്കു മുന്‍പായിരുന്നു സംഭവം. അന്നത്തെ സാമൂഹികനീതി മന്ത്രി എം.കെ. മുനീർ മുൻകയ്യെടുത്തു സർക്കാർ നിയോഗിച്ച സമിതി കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ചില മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ സുരക്ഷയ്ക്ക് ഒരു മാതൃകാ പെരുമാറ്റച്ചട്ടം തന്നെ ഉണ്ടാക്കാനുള്ള ആ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു; അതിന്റെ ഭാഗമായി ഒരു സമഗ്രരേഖ പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഒന്നുമുണ്ടായില്ല. ‘ബാലസുരക്ഷാ പ്രോട്ടോക്കോൾ’ ഇപ്പോഴും കടലാസിലാണ്.

ശാരീരികമോ മാനസികമോ ആയ മുറിവേൽപ്പിക്കൽ, ലൈംഗിക അതിക്രമം, ചൂഷണം, അവഗണന എന്നിവയാണ് കേരളത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ അതിക്രമമായി റിപ്പോർട്ടിൽ പറയുന്നത്. ഇരയ്ക്ക് ജീവിതത്തിലുടനീളം ശാരീരികമായും മാനസികമായും നിലനിൽക്കുന്നതരം പ്രത്യാഘാതമുണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്നമാണ് കുട്ടികളോടുള്ള അതിക്രമം എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അതിക്രമത്തിന്റെ ഇനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചെത്തിയാലും തുടരുമെന്ന് ഓയൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടുന്നതും പ്രധാനമാണ്.

ദുരുദ്ദേശ്യത്തോടെ ലാളിക്കുന്നതും കുട്ടികളുടെ സ്വകാര്യതയിലേക്ക് അവരുടെ ഇഷ്ടമില്ലാതെ നോക്കുന്നതും ലൈംഗിക സംതൃപ്തിക്കുവേണ്ടി കുട്ടിയെ ചൂഷണം ചെയ്യുന്നതും ബാലവേശ്യാവൃത്തി ചെയ്യിക്കൽ, കുട്ടികളെക്കൊണ്ട് അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കലും തുടങ്ങി കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമമാണ്. ശാരീരിക അതിക്രമം എന്നാൽ അടി, ഭയപ്പെടുത്തൽ, പൊള്ളിക്കൽ, മനുഷ്യരുടെ കടി, അടിച്ചമർത്തൽ എന്നിവ. മാനസികമായ അവഗണയാകട്ടെ, കുട്ടിക്കു ശരിയായ പിന്തുണയും ശ്രദ്ധയും വാത്സല്യവും നൽകുന്നതിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന സ്ഥിരമായ വീഴ്ചയും. കുട്ടിയെ താഴ്ത്തിക്കെട്ടുകയോ അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നത് മാനസിക പീഡനം. വേണ്ടത്ര വിഭവങ്ങൾ ഉണ്ടായിട്ടും ആരോഗ്യം, വിദ്യാഭ്യാസം, മാനസിക വികാസം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളിൽ ശരിയായതു ചെയ്യുന്നതിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന പരാജയം അവഗണനയാണ്. കുട്ടികൾക്ക് മദ്യവും മയക്കുമരുന്നും കൊടുക്കുന്നതും അവരെക്കൊണ്ട് അവ വിൽപ്പിക്കുന്നതും അവരോടുള്ള അതിക്രമം തന്നെ.

കുട്ടികൾക്കുവേണ്ടി എന്ന പേരിൽ വിവിധ വകുപ്പുകൾ നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതായി അവകാശവാദങ്ങളുണ്ട്. അവയിൽ ഇടപെട്ട് ശക്തിപ്പെടുത്തുകയും ദൗർബ്ബല്യങ്ങളും വിടവുകളും പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ അധികം പണം ലഭ്യമാക്കുകയും വേണം. അതിക്രമങ്ങളിൽനിന്നു പ്രതിരോധം, സുരക്ഷ, പുനരധിവാസം എന്നിവ നൽകുന്നതിന് ഉയർന്ന പരിഗണന നൽകി അവർക്ക് നീതി ഉറപ്പാക്കാനുള്ള ശുപാർശകൾ എന്നായിരുന്നു ആ സമിതിയുടെ അവകാശവാദം.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കാൻ പറ്റുന്നവയാണ്. അതിന് അതിക്രമങ്ങൾക്കെതിരേ നടപടികളെടുക്കണം, കേസ് മനസ്സിലാക്കി വേഗത്തിൽ ഇടപെടണം, ഇരയ്ക്ക് ശ്രദ്ധയും സുരക്ഷയും നൽകണം, അതിക്രമം ആവർത്തിക്കാതിരിക്കാൻ നോക്കണം. പോക്സോ നിയമത്തെക്കുറിച്ച് ബോധവൽക്കരണം വ്യാപിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് കർമ്മരേഖയിൽ ഉണ്ടായിരുന്നത്. ജനകീയ ബോധവൽക്കരണ പരിപാടിയും അതിക്രമങ്ങളോട് പൊറുക്കാത്ത നിയമനടപടികളും വീട്ടിലും സ്കൂളിലും അച്ചടക്കത്തിനു പോസിറ്റീവായ രീതികൾ മാത്രം, കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സാംസ്കാരിക രീതികളുടെ മാറ്റം തുടങ്ങി പ്രതീക്ഷ നൽകിയ ഒട്ടേറെ കാര്യങ്ങൾ.

സാമൂഹികനീതി, പൊതുവിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, ആഭ്യന്തരം എന്നീ വകുപ്പുകൾ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങൾക്കൊപ്പം ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (സി.ഡബ്ല്യു.സി) സാമൂഹികനീതി വകുപ്പ് ശക്തിപ്പെടുത്തുകയും വേണം. കാണാതാകൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമ കേസുകളിൽ സമയബന്ധിതമായ ഇടപെടലാണ് ആദ്യം വേണ്ടത്. മാധ്യമങ്ങളെ കുറ്റം പറയുന്നതു പിന്നെയാകാം; അതേ മാധ്യമശ്രദ്ധയ്ക്കുവേണ്ടിയുള്ളതാണ് പിന്നീടുള്ള തിടുക്കം എന്നതും കാണേണ്ടതു തന്നെയാണ്.

കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യവും അന്തസ്സും ഉള്ള പരിതസ്ഥിതിയിലും വളർന്നുവരാനുള്ള അവസരങ്ങളും സൗകര്യങ്ങളും നൽകുകയും ചൂഷണത്തിൽനിന്നും സാൻമാർഗ്ഗികവും ഭൗതികവുമായ പരിത്യജനത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുക” എന്ന ഭരണഘടനാ (ആർട്ടിക്കിൾ 39 എഫ്) നിർദ്ദേശം കുട്ടികൾക്കുള്ള വാഗ്ദാനം കൂടിയാണ്. അതു പാലിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്” നിയമജ്ഞരും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാണിക്കുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കാം
മുസ്‌ലിം ലീഗിന്റെ പക്ഷമേത്?

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com