കനപ്പെട്ട  ഒരു ജീവിതം

പതിനെട്ടു വയസ്സാകാൻ കാത്തിരുന്ന് പാർട്ടി അംഗമായ ആളാണ് കാനം രാജേന്ദ്രൻ.
കനപ്പെട്ട  ഒരു ജീവിതം

ടതുപക്ഷ ജനാധിപത്യമുന്നണിയെ രാഷ്ട്രീയമായ ഒരു ആവശ്യമായാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തുക എന്നത് മുന്നണിയുടെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ട് ചെയ്യേണ്ടതാണ്. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ ഒരുമിച്ചു നിൽക്കുകയും ബി.ജെ.പിക്ക് എതിരായി ബദൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടാണ് ഞങ്ങൾ ഈ മുന്നണിയിൽ നിൽക്കുന്നത്. അതിൽനിന്നു വ്യത്യസ്തമായ നിലപാടുകൾ ഉണ്ടാകുമ്പോൾ അത് തുറന്നുപറയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. അതുകൊണ്ടാണ് രാഷ്ട്രീയപ്രശ്‌നങ്ങൾ അങ്ങനെ പറയുന്നത്. ഭരണത്തിലെ മറ്റേതെങ്കിലും പ്രശ്‌നത്തെക്കുറിച്ച് ഇതുപോലെ പറയാറില്ല. ഞങ്ങൾക്ക് ഏതെങ്കിലും പരിഗണന കിട്ടിയില്ലെന്നോ മറ്റോ പരസ്യമായി പറയാറില്ല. അതൊക്കെ മുന്നണിക്കകത്താണ് പറയുന്നത്. പക്ഷേ, രാഷ്ട്രീയ കാര്യങ്ങൾ സി.പി.ഐയും സി.പി.എമ്മും ചർച്ച ചെയ്യുകതന്നെ വേണം. ചിലപ്പോൾ മുന്നണിക്കകത്ത് ചർച്ച ചെയ്യും. അതു പോരാ എന്നു തോന്നുകയാണെങ്കിൽ പുറത്തും ചർച്ച ചെയ്യും”, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ‘മലയാളം വാരിക’യുമായുള്ള അഭിമുഖത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അത് അതേവിധം ഇപ്പോൾ അദ്ദേഹത്തിന്റെ അഭാവത്തിൽ ആവർത്തിക്കുന്നതിനു രാഷ്ട്രീയ പ്രസക്തിയുണ്ട്. കാരണം, കാനം ജീവിച്ച കേരള സമൂഹം അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗശേഷം അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന കാര്യം രാഷ്ട്രീയമായി ഇത്രയ്ക്ക് ഉൾക്കനമുള്ള ഒരു ഇടതുപക്ഷ നേതാവിനെ പുതിയകാലത്തും കേരളം പ്രതിനിധീകരിച്ചിരുന്നു എന്നതാണ്. “മുൻകാലങ്ങളിലേക്കാൾ ഭരണത്തിലിരിക്കുമ്പോൾ രാഷ്ട്രീയ വിയോജിപ്പുകൾ തുറന്നുപറയുന്ന രീതി സംഘടനാപരമായി പാർട്ടിക്കു ഗുണം ചെയ്യുന്നുണ്ടോ” എന്ന ചോദ്യത്തോടായിരുന്നു ഈ മറുപടി.

ഇനി മറ്റൊരു പ്രതികരണം കൂടി കേൾക്കണം; അത് 2017-ലേതാണ്. “എൽ.ഡി.എഫ് സർക്കാരിന് ഒരു വർഷം തികയാറായപ്പോഴേക്കും സി.പി.ഐ കേരളഘടകത്തിനും സംസ്ഥാന സെക്രട്ടറിക്കും ഇടതുമുന്നണിയിലെ പ്രതിപക്ഷത്തിന്റെ റോൾ വന്നു ചേർന്നിട്ടുണ്ടോ” എന്ന് അന്നു ചോദിച്ചു: “ഇല്ല, അങ്ങനെയൊരു റോൾ ഞങ്ങൾ എടുക്കുന്നില്ല. ഞങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള റോളാണ് എടുക്കുന്നത്. എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുക, ഇടത് ഐക്യം ദൃഢമാക്കുക, ഇതാണ് ഞങ്ങളുടെ ലക്ഷ്യം” എന്നായിരുന്നു കാനത്തിന്റെ മറുപടി. യാദൃച്ഛികമായാണെങ്കിലും കേരളത്തിനു മുന്നിലുള്ളത് എൽ.ഡി.എഫ് സർക്കാരിനു തിരുത്തൽ ശക്തിയാകുന്നവിധം പ്രതിപക്ഷ ദൗത്യത്തിലേക്ക് എത്തിയ സി.പി.ഐ ആണ് എന്നു ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹത്തിൽനിന്ന് ഉണ്ടായ വിശദീകരണത്തിൽ, കഴിഞ്ഞ എട്ടു വർഷവും എൽ.ഡി.എഫ് സർക്കാരിനോട് കാനത്തിന്റെ നേതൃത്വത്തിൽ സി.പി.ഐ എടുത്ത നിലപാടിന്റെ മാറ്റുരച്ച കൃത്യതയുണ്ടായിരുന്നു. “അങ്ങനെയൊരു നിലപാട് ഞങ്ങൾ ഒരു കാര്യത്തിലും എടുക്കുന്നില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കണം, ആ കാര്യത്തിനാണ് മുന്നണിയുള്ളത്. അതിനു പുറത്ത് പല വിഷയങ്ങളുമുണ്ടാകും. ആ വിഷയങ്ങളിൽ രണ്ടു പാർട്ടികൾക്കും സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും.” ഇങ്ങനെ, താനും പാർട്ടിയും ഇടതുമുന്നണിയിലും സർക്കാരിലും ഉന്നയിക്കുന്ന ഗൗരവമുള്ള വിമർശനങ്ങളെ പ്രതിപക്ഷസ്വരമായി മനസ്സിലാക്കിയവരെ തിരുത്തുന്നതിൽ കാനത്തിനു നല്ല ശ്രദ്ധ ഉണ്ടായിരുന്നു. അത് ശരിയായി മനസ്സിലാകാത്തവർ പിന്നെയും അദ്ദേഹത്തെ ‘ഇടതുമുന്നണിക്കുള്ളിലെ പ്രതിപക്ഷ നേതാവ്’ എന്നു പറഞ്ഞു; അദ്ദേഹത്തിന്റെ വിയോഗവേളയിൽപോലും പറഞ്ഞു: “ഈ കേരളത്തിൽ നിന്നാണ് ഒരു ബദൽ വളർന്നുവരേണ്ടത് എന്ന കാര്യം സി.പി.ഐയും സി.പി.എമ്മും ചിന്തിക്കുമ്പോൾ ആ ബദൽ നയങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനം ഈ സർക്കാരിനുണ്ടായാൽ അത് തിരുത്തേണ്ടത് ഞങ്ങളുടേയുംകൂടി ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം ഞങ്ങൾ നിർവ്വഹിക്കുന്നു എന്നു മാത്രം അതിനെ കണ്ടാൽ മതി. സി.പി.എമ്മിനും ആ ഉത്തരവാദിത്വമുണ്ട്.” ഈ വാക്കുകളിലുണ്ട് അതിനെല്ലാമുള്ള കാനം രാജേന്ദ്രന്റെ മറുപടി; ഒന്നല്ല, പല മുഴം മുന്‍പേ.

കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

വാക്കും പ്രതീക്ഷയും

പതിനെട്ടു വയസ്സാകാൻ കാത്തിരുന്ന് പാർട്ടി അംഗമായ ആളാണ് കാനം രാജേന്ദ്രൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അക്കാലത്ത് കോട്ടയം ജില്ലയിലെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാൾ. പതിന്നാല് വയസ്സു മുതൽ എ..എസ്.എഫ് പ്രവർത്തകനും പ്രാദേശിക, ജില്ലാ ഭാരവാഹിയുമായിരുന്ന പയ്യന്റെ രാഷ്ട്രീയബോധ്യം ഉറപ്പായ പാർട്ടി നേതൃത്വം പതിനെട്ടു വയസ്സായപ്പോൾത്തന്നെ അംഗത്വം കൊടുത്തു. അങ്ങനെയാണ്, ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ ഐക്യകേരളത്തിൽ അധികാരമേൽക്കുന്നതിന് ഏഴു വർഷം മുന്‍പ്, 1950 നവംബർ 10-ന് ജനിച്ച രാജേന്ദ്രൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷമുള്ള ആദ്യ ഇടതു ഗവൺമെന്റ് അധികാരത്തിൽ എത്തിയതിന്റെ പിറ്റേ വർഷം, 1968-ൽ പാർട്ടി അംഗമായത്. തൊട്ടടുത്ത വർഷം തന്നെ എ..എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി; പത്തൊന്‍പതാം വയസ്സിൽ. ഇരുപതു വയസ്സിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, 23-ാം വയസ്സിൽ യുവജന വിഭാഗം എ..വൈ.എഫ് സംസ്ഥാന സെക്രട്ടറി. രണ്ടു തവണ നിയമസഭയിലേക്കു ജയിക്കുകയും മൂന്നു വട്ടം ജയിക്കാതിരിക്കുകയും ചെയ്‌തെങ്കിലും 18-ാം വയസ്സിൽ പാർട്ടി അംഗമായ പക്വത രാഷ്ട്രീയ, സംഘടനാബോധത്തിന് അടിത്തറപാകിയതുകൊണ്ട് 60 തികയും മുന്‍പ് പാർലമെന്ററി പ്രവർത്തനമോഹം അവസാനിപ്പിച്ച് സംഘടനയിലേക്ക് ‘ചുരുങ്ങി’; കൂടുതൽ പടർന്നു. പിന്നീട് പല നേതാക്കളും എൺപതിനടുത്തുപോലും പ്രായപരിധിയുടെ പേരിൽ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നപ്പോൾ കാനത്തിനെ കുറ്റം പറഞ്ഞിട്ടുണ്ട്; പ്രായപരിധിയുടെ പാർട്ടി നിർദ്ദേശം കർശനമായി പാലിക്കാൻ നേതൃത്വം നൽകിയതിന്. പക്ഷേ, 2006-ലെ തോൽവിയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അവസാനിപ്പിച്ച കാനം പിന്നീട് തനിക്കു സ്ഥാനത്തിനുവേണ്ടി ആ വഴിക്കു പോയിട്ടില്ല. വേണമെങ്കിൽ 2015-ൽ സെക്രട്ടറിയാകുന്നതിനു മുന്‍പ് മത്സരിക്കാൻ ഒരു അവസരം കൂടി അദ്ദേഹത്തിന് കിട്ടിക്കൂട എന്നില്ലായിരുന്നു. വാഴൂർ അല്ലാതെ ഇടതുമുന്നണിക്കു വിജയം ഉറപ്പുള്ള സി.പി.ഐയുടെ സീറ്റുകളിലേതിലെങ്കിലും മത്സരിക്കാനും കഴിയുമായിരുന്നു. 2006-ൽത്തന്നെ അതുചെയ്തിരുന്നെങ്കിൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ സി.പി.ഐ മന്ത്രിമാരുടെ നായകൻ കാനം ആകുമായിരുന്നു. 2011-ൽ അങ്ങനെ ചെയ്‌തെങ്കിൽ പ്രതിപക്ഷ നേതൃനിരയിൽ സഭയിലെ ശ്രദ്ധേയനാകുമായിരുന്നു. പക്ഷേ, അങ്ങനെയൊന്നും അധികാരത്തിനു പിന്നാലെ പോകുന്ന നേതാവായിരുന്നില്ല കാനം. ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ തെരഞ്ഞെടുക്കപ്പെടാനുള്ള അവസരങ്ങളും സ്വന്തമായി പ്രയോജനപ്പെടുത്താൻ ഒരു വിരൽപോലും കാനം അനക്കിയില്ല.

ട്രേഡ് യൂണിയൻ മേഖലയിൽ കാനം പ്രവർത്തിച്ചു തുടങ്ങിയത് എ..എസ്.എഫ്, ..വൈ.എഫ് കാലത്തിനു സമാന്തരമായിത്തന്നെയാണ്. അതു നൽകിയ അനുഭവസമ്പത്ത് ചെറുതല്ല. വിദ്യാർത്ഥി, യുവജന നേതാക്കളെപ്പോലെ തോട്ടം മേഖലയുമായി വ്യക്തിപരമായിത്തന്നെ അടുത്ത ബന്ധമുണ്ടായിരുന്നു. അത് തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽ അത് കൂടുതൽ കരുത്തുനൽകി. ട്രേഡ് യൂണിയൻ മേഖല പലപ്പോഴും ആവശ്യപ്പെടുന്ന കർക്കശഭാവം എപ്പോഴും എടുത്തണിയാത്ത, തൊഴിലാളി നേതാവെന്നാൽ അശ്ലീലവും തെറിയും വിടുവായത്തം പറയലുമാണെന്നു ധരിക്കാത്ത കാനം രീതിക്ക് തോട്ടം മേഖലയിൽ മാത്രമല്ല, സിനിമാത്തൊഴിലാളികളുടെ സംഘടനാപ്രവർത്തനം വരെ വിവിധ മേഖലകളിൽ അനുയായികളെ നൽകി; ആരാധകരേയും. 2006-ലാണ് എ..ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയായത്. അക്ഷരാർത്ഥത്തിൽ കേരളത്തിലെ എ..ടി.യു.സിയുടെ മികച്ച കാലം. അതിന്റെ തുടർച്ചയായാണ് 2015-ൽ പാർട്ടി സെക്രട്ടറിയായത്; അതും കോട്ടയത്തു ചേർന്ന സമ്മേളനത്തിൽ. 2018-ലും 2022-ലും വീണ്ടും സെക്രട്ടറി.

കാനം രാജേന്ദ്രനു പ്രമേഹരോഗം ആദ്യം ഒരു കാൽപ്പാദവും പിന്നീട് മുട്ടിനു താഴെയും നഷ്ടപ്പെടുത്തിയത് ഇപ്പോൾ കേരളത്തിന് അറിയാം. അതിലൊന്നും പതറാതെ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരാനും ജയ്‌പൂർ കാലിന്റെ പിന്തുണയിൽ നേരേ നിൽക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. നല്ല മനക്കരുത്തുമുണ്ടായിരുന്നു. പക്ഷേ, പെട്ടെന്നാണ് ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന സി.പി.ഐക്കാർ അല്ലാത്തവരും ഇടതുപക്ഷ അനുഭാവികൾ അല്ലാത്തവരുമുണ്ട് എന്ന് ഈ ദിവസങ്ങളിലെ പ്രതികരണങ്ങൾ പലതും കാണിച്ചുതന്നു. അത് കാനം രാജേന്ദ്രൻ പ്രതിനിധീകരിച്ച ജനപക്ഷ രാഷ്ട്രീയ നിലപാടുകൾക്കു ലഭിച്ച പിന്തുണയാണ്. നിസ്സാരമല്ല കാര്യം. നാലു മന്ത്രിമാരുള്ള, അധികാരത്തിലിരിക്കുന്ന മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയുടെ ഒന്നാമത്തെ നേതാവ് എപ്പോഴൊക്കെയോ കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായി എന്ന് അവർക്കു തോന്നി. അധികം നേതാക്കൾക്കു കിട്ടാ ഇടം. ആ തെരഞ്ഞെടുപ്പിൽ കാനത്തിനു മികച്ച ഭൂരിപക്ഷത്തോടെയാണ് ജയം.

ഇടപെടലുകൾ

കാനം രാജേന്ദ്രൻ കോട്ടയംകാരനാണ് എന്ന്, വാഴൂരിനടുത്തുള്ള നാട്ടുമ്പുറത്തിന്റെ പേരാണ് കാനം എന്ന് അറിയാത്ത നിരവധിയാളുകളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹൃദയമായ ആലപ്പുഴയിൽനിന്നോ സി.പി.ഐക്ക് ഇപ്പോഴും തലയെടുപ്പു ബാക്കിയുള്ള കൊല്ലത്തു നിന്നോ ആണെന്നു കരുതിയവർ. പക്ഷേ, കോട്ടയം ജില്ലയിൽനിന്ന് പി.കെ. വാസുദേവൻ നായർക്കു ശേഷം സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രേൻ ആ ജീവിത പശ്ചാത്തലത്തെക്കുറിച്ച് ഒരല്പം അവകാശവാദത്തോടെ പറഞ്ഞ സന്ദർഭമുണ്ട്. മൂന്നാർ പാപ്പാത്തിമലയിലെ കുരിശ് വിവാദമായപ്പോഴായിരുന്നു അത്. സ്‌പിരിറ്റ് ഇൻ ജീസസ് എന്ന സ്വകാര്യ പ്രാർത്ഥനാഗ്രൂപ്പ് പാപ്പാത്തിമലയിൽ കയ്യേറിയ സ്വത്തില്‍ സ്ഥാപിച്ച കുരിശ് സബ്കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാർ പിഴുതുമാറ്റി. അതിനെതിരെ മുഖ്യമന്ത്രി പരസ്യമായി പൊതുയോഗത്തിലും സി.പി.ഐക്കാരനായ റവന്യൂമന്ത്രി ഉൾപ്പെട്ട യോഗത്തിലും പൊട്ടിത്തെറിക്കുന്നു. പക്ഷേ, കുരിശ് നീക്കിയത് റവന്യൂമന്ത്രിയും പാർട്ടിയും എതിർക്കുന്നുമില്ല. ഇതേക്കുറിച്ച് കാനം പറഞ്ഞത് വലിയ വാർത്തയും ചർച്ചയുമായി. “അദ്ദേഹത്തിന് (മുഖ്യമന്ത്രി പിണറായി വിജയന്) കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ അറിയാൻ പാടില്ലാത്തതുകൊണ്ട് പറഞ്ഞതാണ്. ആ സമൂഹത്തിന്റെ മനസ്സ് അദ്ദേഹത്തിന് അറിയില്ല. ഞങ്ങളൊക്കെ ആ പ്രദേശത്തു നിന്നു വരുന്നവരാണ്, ആ മനസ്സ് അറിയാം, അവരുടെ നിലപാടുകളെക്കുറിച്ച് ധാരണയുണ്ട്. അവരുടെ മനസ്സുമായി സംവദിക്കാൻ ഞങ്ങൾക്കു മധ്യസ്ഥന്മാരുടെ ആവശ്യമില്ല”.

എൻജിനീയറിങ് വിദ്യാർത്ഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മ മഹിജയുടെ നിരാഹാര സമരം നിർത്താൻ ഇടപെട്ടു വിജയിച്ചത് കാനം ആയിരുന്നു. അദ്ദേഹവും അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും നടത്തിയ ആശയവിനിമയവും ഇടപെടലുകളുമാണ് ഫലം കണ്ടത്. പ്രകടനപത്രികയിൽ പറയാത്ത ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വൈദ്യുതിമന്ത്രി എം.എം. മണി നടത്തിയ പ്രഖ്യാപനത്തിനെതിരായ പ്രതികരണം, നിലമ്പൂർക്കാട്ടിൽ പൊലീസ് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നപ്പോൾ ഏറ്റുമുട്ടൽ കൊലയ്‌ക്കെതിരായ പരസ്യപ്രതികരണം, യു..പി.എയ്‌ക്കെതിരേ ദേശീയതലത്തിൽ നിലപാടെടുത്ത ശേഷം ഇവിടെ ചില കേസുകളിൽ അത് ചേർത്തത് പരസ്യമായി ചോദ്യം ചെയ്തു തിരുത്തിച്ചത് തുടങ്ങി കാനവും സി.പി.ഐയും ഇടതുമുന്നണി സർക്കാരിലെ തിരുത്തലിന്റെ പേരു തന്നെയായി മാറിയ കാലമാണ് കാനം എന്ന സംസ്ഥാന സെക്രട്ടറിയുടെ കനം വർദ്ധിപ്പിച്ചത്.

മഹിജയുമായി പിണറായി ഫോണിൽ സംസാരിച്ചത് ആദ്യമേ ചെയ്തിരുന്നെങ്കിൽ പ്രശ്‌നം തീരുമായിരുന്നു എന്നും പ്രശ്‌നം ആർക്കും ഉണ്ടാക്കാം അത് പരിഹരിക്കുന്നതിലാണ് ഒരു ഭരണാധികാരിയുടെ കഴിവ് എന്നും പറയാനുള്ള ആർജ്ജവം കാനത്തിനുണ്ടായി; മറ്റാർക്കും ഉണ്ടായതുമില്ല. “വന്ദ്യവയോധികനായ പൊതുപ്രവർത്തകൻ സഖാവ് എം.എൻ. രാവുണ്ണിക്കെതിരെ യു..പി.എ ചുമത്തി കേസെടുത്തു. അദ്ദേഹം ചെയ്ത കുറ്റമെന്താ” എന്നു ചോദിച്ചത് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് എന്നത് ആ ചോദ്യത്തിന്റെ മുനയ്ക്ക് കുറച്ചൊന്നുമല്ല മൂർച്ചകൂട്ടിയത്.

കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

സഭയിലെ സ്വരം

1982-1987 കാലയളവിലെ ഏഴാം കേരള നിയമസഭ. 1984 ജൂലൈ 27-നാണ് സാലി കൊലക്കേസിലെ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട സബ്മിഷൻ കാനം രാജേന്ദ്രൻ സഭയിൽ ഉന്നയിച്ചത്. വയലാർ രവി ആയിരുന്നു ആഭ്യന്തരമന്ത്രി. കേരളത്തെ പിടിച്ചുകുലുക്കിയ സാലി വധക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കാനം നിരാഹാരസമരം നടത്തിയിട്ടാണ് കെ. കരുണാകരൻ സർക്കാർ വിദ്യാധരൻ കമ്മിഷനെ വച്ചത്. പക്ഷേ, കമ്മിഷൻ റിപ്പോർട്ടു സമർപ്പിച്ച് രണ്ടു മാസമായിട്ടും അതിൽ തുടർനടപടികൾ ഉണ്ടായില്ല. “പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റമുണ്ടെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ കമ്മിഷൻ റിപ്പോർട്ട് ഈ സഭയുടെ മേശപ്പുറത്തുവയ്ക്കണം. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റും ആഭ്യന്തരമന്ത്രിയും വേണ്ട നടപടികൾ സ്വീകരിക്കണം” - കാനം ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടികൾ സ്വീകരിക്കും എന്ന ഉറപ്പിൽ വയലാർ രവി അവസാനിപ്പിച്ചില്ല. പ്രതിപക്ഷത്തെ യുവ സാമാജികന്റെ അതിശക്തമായ ഇടപെടലിനെ നേരിൽ അഭിനന്ദിക്കുകയും ചെയ്തു.

എട്ടാം നിയമസഭയിൽ 1987 ആഗസ്റ്റ് 12-ന് ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് കാനം രാജേന്ദ്രൻ നടത്തിയ പ്രസംഗം 36 വർഷങ്ങൾക്കു ശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിന്റെ കാര്യത്തിലും എത്രയോ പ്രസക്തമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് അദ്ദേഹത്തിലെ രാഷ്ട്രീയ നേതാവിന്റെ ഉൾക്കനം കൂടുതൽ വ്യക്തമാവുക. കോൺഗ്രസ്സാണ് അന്ന് കേന്ദ്രത്തിൽ; കേരളത്തിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ.

സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട വരുമാനം കുറയ്ക്കുന്നതിനുവേണ്ടി എന്തെല്ലാം സംവിധാനങ്ങൾ ആവിഷ്‌കരിക്കാമോ അതെല്ലാം കേന്ദ്രഗവൺമെന്റ് ഓരോ കാലത്തും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്” - കാനം പറഞ്ഞു. “വിലവർദ്ധനവുണ്ടാക്കുന്ന തെറ്റായ സാമ്പത്തികനയങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു രാജ്യത്തിന്റെ ചട്ടക്കൂടിൽനിന്നുകൊണ്ടു മാത്രമാണ് ഈ സംസ്ഥാന ഗവൺമെന്റ് ബജറ്റ് അവതരിപ്പിച്ചത്. എന്താണ് സംസ്ഥാന ഗവൺമെന്റുകൾക്ക് ആകെ അവശേഷിച്ചിട്ടുള്ളത്? ബേസിക് ടാക്‌സ്, ഭൂനികുതി തുടങ്ങിയ കാര്യങ്ങൾ മാത്രമാണ്. അതുകഴിഞ്ഞാൽ പിന്നെയുള്ളത് കമ്മോഡിറ്റി ടാക്‌സാണ്. അതിന്റെ കാര്യത്തിലും കേന്ദ്ര ഗവൺമെന്റ് കയ്യിട്ടുവാരുന്ന അനുഭവം ഉണ്ട്.” സംസ്ഥാനത്തിന് അർഹമായ നികുതിവരുമാന വിഹിതം കിട്ടാത്തത് തുറന്നുകാട്ടി നടത്തിയ അതിശക്തമായ ആ പ്രസംഗം കാലത്തെ അതിജീവിക്കുന്ന രാഷ്ട്രീയ പ്രാധാന്യത്തോടെ നിൽക്കുന്നു. ഏഴ്, എട്ട് നിയമസഭകളിലായി ഒമ്പതുവർഷം മാത്രമാണ് അദ്ദേഹം സഭാംഗമായിരുന്നത്. 1987-1992 കാലയളവിലെ എട്ടാം നിയമസഭ കാലാവധി തികയുന്നതിന് ഒരു വർഷം മുന്‍പ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 1991-ലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിലെ ഗംഭീര ഇടതുവിജയവും ഒരു വർഷം മുന്‍പേ നിമസഭാ തെരഞ്ഞെടുപ്പ് നടത്തിയതിലെ പ്രതീക്ഷയും രാജീവ് ഗാന്ധി വധത്തെത്തുടർന്നുണ്ടായ സഹതാപതരംഗം യു.ഡി.എഫിനെ വിജയിപ്പിച്ചതും ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. ഏതായാലും സഭയിലെ രണ്ടാമൂഴം ഒരു വർഷം മുന്‍പേ അവസാനിപ്പിക്കാൻ കാനം നിർബ്ബന്ധിതനായി. അന്ന് കാനത്തോട് തോറ്റ പി.സി. തോമസ് പിന്നീട് കുറേക്കാലം ഇടതുസഹയാത്രികനായിരുന്നു. 2006-ൽ കാനത്തെ തോൽപ്പിച്ച എൻ. ജയരാജ് ഉൾപ്പെട്ട കേരള കോൺഗ്രസ് എം. ഇപ്പോൾ ഇടതുമുന്നണി ഘടകകക്ഷിയാണ്. കാലം സാക്ഷി.

നേതാവ്

തലസ്ഥാനത്ത്, തൈക്കാട് സംഗീത കോളേജിലേക്കുള്ള വഴിയിൽ സി.പി.ഐ ആസ്ഥാനം എം.എൻ. സ്മാരകത്തിന്റെ അന്തരീക്ഷം എപ്പോഴും പ്രശാന്തമായിരിക്കും. അധികാരമുള്ളപ്പോഴും അല്ലാത്തപ്പോഴും അത് അങ്ങനെയാണ്. അധികാരമുള്ള കാലത്ത് സി.പി.ഐയുടെ ചില മന്ത്രിമാരുടെ വീട്ടിലും എം.എൽ.എ ഹോസ്റ്റലിലുമുള്ള തിരക്ക് പാർട്ടി കേന്ദ്രത്തേയും വിഴുങ്ങാതെ ഓരോ നേതാവും ശ്രദ്ധിക്കുന്നു എന്നാണ് തോന്നുക. അതൊരു ശീലമാകാം. കാനം സെക്രട്ടറിയായിരിക്കുമ്പോഴും അതിനു മാറ്റം വന്നില്ല. പക്ഷേ, അകത്തു സെക്രട്ടറിയുണ്ട് എന്നതിന്റെ പേരിൽ പുറത്ത് ആളുകൾ ശ്വാസംപിടിച്ചിരിക്കുന്നത് കാനത്തിന്റെ കാലത്ത് കാണാറില്ലായിരുന്നു. അവിടെ മുന്‍പത്തേക്കാൾ ഉറക്കെ വർത്തമാനവും ഉച്ചത്തിൽ ചിരിയുമൊക്കെ കേട്ടു. കാനം സൗമ്യമായ ആ പതിവു ചിരികൊണ്ട് സ്വന്തം സാന്നിധ്യം പ്രസന്നമാക്കി. അദ്ദേഹത്തെ കാണാൻ വരുന്ന സാധാരണക്കാർക്ക് അധികം കാത്തിരിക്കേണ്ടി വരാതെ കണ്ട് കാര്യം പറഞ്ഞ് മടങ്ങാനും ഇടപെടൽ ആവശ്യമെങ്കിൽ അത് ഉറപ്പാക്കാനും കഴിഞ്ഞിരുന്നു. ഈയിടെ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും എം.എൻ. സ്മാരകത്തിൽ കാനത്തിന്റെ വലംകൈയുമായിരുന്ന യു. വിക്രമൻ അക്കാര്യത്തിൽ കാനത്തിന്റെ രീതി അറിഞ്ഞു പെരുമാറി. എം.എൻ. സ്മാരകത്തിലെ ‘ഓഫീസ് അധികാരകേന്ദ്രങ്ങളി’ൽ അലോസരമുണ്ടാക്കാതെത്തന്നെ കാനം വരുത്തിയ മാറ്റങ്ങൾ ആ ഓഫീസിനെ കൂടുതൽ ജനസൗഹൃദപരമാക്കി.

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിൽ ഈയിടെ മാത്രം സ്വന്തം വീടുവച്ചു താമസം മാറിയ കാനത്തിന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ. സ്മാരകത്തിനു പുതിയ കെട്ടിടം പണിതു തീരുന്നതു കാണാൻ കഴിഞ്ഞില്ല. എം.എൻ. സ്മാരകം പുതുക്കിപ്പണിയാൻ പൊളിച്ചതുകൊണ്ട് പട്ടത്തെ പി.എസ്. സ്മാരകത്തിലാണ് നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ മൃതശരീരം അന്ത്യാഭിവാദ്യത്തിനു വച്ചതും അവിടെ. സി.പി.ഐയുടെ ഹൃദയം പിളർന്നുകൊണ്ട് ഒരു നേതാവ് എഴുപത്തിമൂന്നാം വയസ്സിൽ ഓർക്കാപ്പുറത്ത് യാത്രയാകുന്നത് എവിടെനിന്നായാലെന്ത്. തല ഉയർത്തിപ്പിടിച്ച് അഭിമാനം കൈവിടാതെ നിൽക്കാൻ കേരളത്തിലെ സി.പി.ഐയെ പ്രാപ്തമാക്കിയ നേതാക്കളുടെ നിരയിലെ കണ്ണിയാണ് അറ്റുപോകുന്നത്. സി.പി.ഐക്കാരുടെ കണ്ണീരിനുപോലും അതാണ് ഇത്ര ചുവപ്പു നിറം.

കാലം ചെല്ലുമ്പോൾ വെറും ബഹളം മാത്രമായിപ്പോകുന്ന ചില മുദ്രാവാക്യങ്ങൾ പൊടുന്നനെ അർത്ഥപൂർണ്ണമാകുന്ന അനുഭവങ്ങളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഉള്ള കാലത്തോളം കാനത്തിന്റെ ഓർമ്മകൾ മരിക്കില്ല എന്നത് മുദ്രാവാക്യത്തിനും പ്രതീക്ഷയ്ക്കും അപ്പുറം സി.പി.ഐയുടെ വാഗ്‌ദാനമാണ്. ആ പാർട്ടി കേരളത്തിനു നൽകുന്ന വാക്ക്.

ഈ റിപ്പോർട്ട് കൂടി വായിക്കാം
കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com