'പടയണി'- പ്രതീക്ഷയുടെ മൊഴിയും ചുവടുകളും

അതിപ്രാചീനമായ ആചാരവിശ്വാസങ്ങളെ അടിസ്ഥാനമാക്കി നാട്ടുകൂട്ടത്തിന്റെ സജീവ പങ്കാളിത്തം പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുന്ന അനുഷ്ഠാനകലയാണ് പടയണി
'പടയണി'- പ്രതീക്ഷയുടെ മൊഴിയും ചുവടുകളും

കേരളത്തിന്റെ തനതു പാരമ്പര്യമെന്ന് അവകാശപ്പെടാവുന്ന അനേകം കലാരൂപങ്ങള്‍ നമുക്കുണ്ടെങ്കിലും അതിപ്രാചീനമായ ആചാരവിശ്വാസങ്ങളെ അടിസ്ഥാനമാക്കി നാട്ടുകൂട്ടത്തിന്റെ സജീവ പങ്കാളിത്തം പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുന്ന അനുഷ്ഠാനകലയാണ് പടയണി. ഒരു ഗ്രാമവലയവും ക്ഷേത്രസങ്കേതവും അനാദിയായ വംശസ്മൃതികളും മാത്രമല്ല പടയണി സംസ്‌കാരം. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെട്ട ആള്‍ക്കാരുടെ ജീവിതസമ്പ്രദായങ്ങളുടെ ഭാഷാഭേദങ്ങളുടെ അവസ്ഥാവിശേഷങ്ങളുടെ സങ്കലനം അതിലുണ്ട്. മതവും കലയും ആചാരവും കായികസംസ്‌കാരവും വിനോദവും എല്ലാം ചേരുന്ന പ്രകൃതിയുടെ ഉത്സവം. ജനതയുടെ സ്വത്താണ് മിത്ത്. ഈ മിത്തുകളുടെ രംഗാവിഷ്‌കാരം കൂടിയാണ് പടയണി. ഈ  സംസ്‌കാരവിശേഷത്തെ നിലനിര്‍ത്തുന്നതിനാണ് കടമനിട്ട ദേശക്കാര്‍ പടയണി ഗ്രാമത്തിനു തുടക്കം കുറിച്ചത്. പുതുതലമുറയ്ക്ക് പടയണിയെപ്പറ്റി അറിയാനും പഠിക്കാനും അനുബന്ധ കലാരൂപങ്ങള്‍ക്കു പരിശീലനം നല്‍കാനും വേണ്ടിയാണ് കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിനു സമീപം അവര്‍ ഗ്രാമം ഒരുക്കിയത്. 

പരിശീലനകളരി എന്നതിലുപരി ഒരു ഗവേഷണകേന്ദ്രം എന്നതായിരുന്നു ഈ പ്രൊജക്റ്റിന്റെ അടിസ്ഥാന ലക്ഷ്യം. 2007-ല്‍ അന്നത്തെ ആഭ്യന്തരവകുപ്പ്-ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പദ്ധതിക്കു തറക്കല്ലിട്ടത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ വി. വേണു അന്ന് ടൂറിസം സെക്രട്ടറിയായിരുന്നു. ഘട്ടംഘട്ടമായി പദ്ധതികള്‍ പലത് ആസൂത്രണം ചെയ്യപ്പെട്ടെങ്കിലും അതൊന്നും പൂര്‍ത്തീകരിക്കാനോ പദ്ധതി വിഭാവനം ചെയ്തതുപോലെ നടപ്പാക്കാനോ സര്‍ക്കാരിനോ ഏജന്‍സികള്‍ക്കോ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാമം തുടങ്ങി 16 കൊല്ലം പിന്നിടുമ്പോഴും റിസേര്‍ച്ച് സെന്റര്‍ എന്ന ലക്ഷ്യം അകലെയാണ്. രണ്ടു ഘട്ടങ്ങളിലായി ഒന്നരക്കോടി ചെലവഴിച്ചിട്ടും ആര്‍ക്കൈവ്സോ മ്യൂസിയമോ ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പടയണിയെക്കുറിച്ച് അറിയാനെത്തുന്നവര്‍ക്ക് കാണാനാകുക വികലമായ ചില നിര്‍മ്മിതികളാണ്. 

നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ  രണ്ടര ഏക്കറോളം വരുന്ന പദ്ധതി പ്രദേശം ഇന്ന് കാട് മൂടിക്കിടക്കുന്നു. കടമ്മനിട്ട ഗോത്രകലാ കളരിയും പടയണി ഗ്രാമം ഏകോപനസമിതിയും സ്വന്തം ചെലവിലാണ് ഇപ്പോള്‍ ഈ പ്രദേശം പരിപാലിക്കുന്നത്. സാമ്പത്തിക പരിമിതികള്‍ കാരണം ഇതുപോലും ബുദ്ധിമുട്ടാണെന്നു പറയുന്നു കളരിയംഗങ്ങള്‍.  65 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ടത്തില്‍ തീര്‍ത്ത കളരിയിലാണ് ഇപ്പോള്‍ പരിശീലനം. കളരിയിലേക്കുള്ള വഴി ചെളിയില്‍ പുതഞ്ഞുകിടക്കുന്നു. അശാസ്ത്രീയമായ നിര്‍മ്മാണരീതികളാകട്ടെ , പ്രശ്നം ഗുരുതരമാക്കുകയും ചെയ്തു. 
 
ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേനയാണ് നിര്‍മ്മാണം നടത്തിയത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷനായിരുന്നു ഇതിന്റെ ചുമതല. മൂന്നു വര്‍ഷം കൊണ്ട് ഗ്രാമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഫണ്ട് ലഭ്യതക്കുറവും മറ്റുമായി ആദ്യഘട്ടം തന്നെ വൈകി. ഏഴു വര്‍ഷം പിന്നിട്ടപ്പോഴാണ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. അലങ്കാര ഗോപുരവും മണ്ഡപവും കുളം നവീകരണവും കളരിയും ശുചിമുറികളും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായി. വൈദ്യുതീകരണവും നടത്തി. എന്നാല്‍, പടയണിക്കുവേണ്ടിയുള്ള അടച്ചുറപ്പുള്ള പരിശീലനക്കളരി എന്നത് നടപ്പായില്ലെങ്കിലും പരിശീലനം നടത്താന്‍ ആദ്യഘട്ടത്തില്‍ കളരിയായി. രണ്ടാംഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഓഫീസ് കെട്ടിടവും മ്യൂസിയവും ലൈബ്രറിയും ഗസ്റ്റ് ഹൗസും സ്ഥാപിച്ചത്. എന്നാല്‍, ഈ നിര്‍മ്മാണങ്ങളൊന്നും ശാസ്ത്രീയമായിരുന്നില്ലെന്ന് പറയുന്നു ഗോത്രകലാസമിതി അംഗങ്ങള്‍. ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഈ നിര്‍മ്മിതികളെല്ലാം നല്‍കിയത്. 

ഇക്കാര്യങ്ങളെക്കുറിച്ച് ഗോത്രകലാസമിതിയുടെ മുന്‍നിരപ്രവര്‍ത്തകനായ കടമ്മനിട്ട രഘുകുമാര്‍ പറയുന്നതിങ്ങനെ: പടയണിയും അനുബന്ധ കലകളുടേയും ഒരു പഠനഗവേഷണ കേന്ദ്രമെന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. കഴിയുമെങ്കില്‍ കേരളത്തിലെ എല്ലാ നാട്ടുപാരമ്പര്യങ്ങളേയും ഉള്‍ക്കൊള്ളിക്കണം എന്ന വിശാല കാഴ്ചപ്പാടോടെയാണ് ഞങ്ങളിത് വിഭാവനം ചെയ്തത്. പടയണിയില്‍ തുടക്കമിട്ടു. അതാണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്. ഭൂമി കിട്ടുമെങ്കില്‍ ഗ്രാമം നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കരക്കാര്‍ പിരിവിട്ടും അല്ലാതെയും ഭൂമി വാങ്ങി സര്‍ക്കാരിനു കൈമാറുകയും ചെയ്തു. ആദ്യഘട്ടത്തിലേ അടച്ചുകെട്ടിയ കളരി എന്നതുണ്ടായിരുന്നു. പാരമ്പര്യമനുസരിച്ച് പടയണി പരിശീലിക്കുന്നത് അടച്ചുകെട്ടിയ കളരിയിലാണ്. ഗ്രാമം തുടങ്ങി 16 കൊല്ലം പിന്നിടുമ്പോഴും അത്തരമൊരു സംവിധാനം ആയിട്ടില്ല. പടയണിയെക്കുറിച്ചും മറ്റു കലാരൂപങ്ങളെക്കുറിച്ചുമുള്ള പ്രോഗ്രാമുകള്‍ നടത്താനും വേദിയില്ല. സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടത്താന്‍ സംവിധാനം വേണമെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു. ഇതിനൊപ്പം ഒരു ഓപ്പണ്‍ മണ്ഡപവും വിഭാവനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. ആദ്യഘട്ടത്തില്‍ നടപ്പിലായ കളരിയിലാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്. 

മ്യൂസിയത്തിനു വേണ്ടി ഉണക്കപ്പാളയിൽ കോലം വരയ്ക്കുന്ന പടയണി കലാകാരൻ കെആർ രഞ്ജിത്ത്
മ്യൂസിയത്തിനു വേണ്ടി ഉണക്കപ്പാളയിൽ കോലം വരയ്ക്കുന്ന പടയണി കലാകാരൻ കെആർ രഞ്ജിത്ത്

മ്യൂസിയം തുറക്കാന്‍ പരീക്ഷണം

അങ്ങനെയിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് രണ്ടാംഘട്ടം തുടങ്ങിയത്. മ്യൂസിയം, ഓഫീസ്, ഗസ്റ്റ്ഹൗസ്, ലൈബ്രറി എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍. അതില്‍ പലതും അശാസ്ത്രീയമായിരുന്നു. പരിസ്ഥിതിസൗഹൃദമാകണം എന്നതിന്റെ പേരില്‍ ട്രീറ്റ് ചെയ്ത മുള ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. അടിസ്ഥാനം കെട്ടാതെ, മണ്ണോട് ചേര്‍ത്ത് മുള വച്ചാണ് ഗസ്റ്റ്ഹൗസുകള്‍ തീര്‍ത്തത്. മേല്‍ക്കൂരയ്ക്ക് താഴെ അടച്ചുറപ്പുള്ളതാക്കാന്‍ പോലും കഴിഞ്ഞില്ല. സമിതിയംഗങ്ങള്‍ ബഹളം വച്ചപ്പോഴാണ് കരാറുകാര്‍ അതെങ്കിലും ചെയ്തത്. മേല്‍കൂര ഇതിനകം ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. പൈപ്പ് കണക്ഷന്‍ ഇട്ട് നല്‍കിയെങ്കിലും കിണറ് കുഴിച്ചില്ല. സെപ്റ്റിങ്ങ് ടാങ്കുകള്‍ പലയിടത്തായി കുഴിച്ചിട്ടതുകൊണ്ട് കിണറ് കുത്താനും പറ്റില്ല. ഗസ്റ്റ്ഹൗസിനോട് ചേര്‍ന്ന് കാട് പടര്‍ന്നുകയറി . ഇങ്ങനെ അശാസ്ത്രീയ നിര്‍മ്മിതികളുടെ ദൂഷ്യവശം അനുഭവിക്കുകയാണ് ഞങ്ങള്‍. രണ്ടാംഘട്ടം പൂര്‍ത്തിയായതിനു ശേഷം പ്രശ്നങ്ങള്‍ പലതവണ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും അനക്കമൊന്നുമുണ്ടായില്ല. പിന്നിതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നതാണ് ശരി. 

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമാകാത്തതുകൊണ്ടാണ് കളരി അംഗങ്ങള്‍ നേരിട്ട് രംഗത്തിറങ്ങിയത്. അംഗങ്ങള്‍ തന്നെ പിരിവെടുത്ത് ഗ്രാമം പൂര്‍ത്തിയാക്കാമെന്നു കരുതി. അതിന്റെ ആദ്യഘട്ടമാണ് കാട് തെളിച്ചിട്ട് മ്യൂസിയം പൂര്‍ത്തിയാക്കുക എന്നത്. മ്യൂസിയത്തില്‍ പടയണി കോലങ്ങള്‍ ക്രമീകരിക്കാനാണ് തീരുമാനം. ഓഫ് സീസണിലും ഇതുവഴി സന്ദര്‍ശകര്‍ക്കും ഗവേഷകര്‍ക്കുമൊക്കെ അത് ഉപകരിക്കും. സാധാരണ പടയണി കോലങ്ങളുണ്ടാക്കുന്നത് പച്ചപ്പാളയിലാണ്. അത് രണ്ട് ദിവസത്തില്‍കൂടുതല്‍ ഇരിക്കില്ല. പാളയിലല്ലാതെ കോലങ്ങളുണ്ടാക്കാനുമാകില്ല. അങ്ങനെയിരിക്കെ ട്രീറ്റ് ചെയ്തെടുത്ത ഉണക്കപ്പാളയില്‍ കോലങ്ങളുണ്ടാക്കാമെന്ന ആശയം വന്നു. ഉണക്കപ്പാള സംസ്‌കരിച്ചെടുത്ത് തനതുഛായം നല്‍കി ഞങ്ങള്‍ കോലങ്ങള്‍ വരച്ചെടുത്തു. ഒരുപക്ഷേ, ചരിത്രത്തിലാദ്യമായിട്ടാകും മ്യൂസിയത്തിനുവേണ്ടി പാളയില്‍തന്നെ കോലങ്ങളൊരുക്കുന്നത്. ഫോക്ലോര്‍ അക്കാദമിയിലടക്കം കോലങ്ങള്‍ തയ്യാറാക്കിവച്ചിരിക്കുന്നത് തകിടിലാണ്. എന്നാല്‍, പാരമ്പര്യത്തനിമ ചോരരുത് എന്നു കരുതിയാണ് പാളയില്‍ കോലങ്ങളൊരുക്കാന്‍ തീരുമാനിച്ചത്. എത്രകാലം നില്‍ക്കുമെന്നറിയില്ല, നില്‍ക്കുന്നിടത്തോളം പോകട്ടെ. അതുകഴിഞ്ഞ് വീണ്ടുമുണ്ടാക്കാമെന്നു കരുതുന്നു. അതാകുമ്പോള്‍ ഒരു പരിശീലനവുമാകും- രഘുകുമാര്‍ പറയുന്നു. 
ജൂലൈ ആദ്യവാരത്തോടെ മ്യൂസിയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പെയിന്റിങ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. പടയണിയുടെ അഞ്ച് നിറങ്ങളില്‍ സര്‍പ്പക്കെട്ട് ചിത്രീകരിക്കുന്ന മ്യൂസിയത്തിനു ശേഷം ഗാര്‍ഡനിങ്ങും ശില്പങ്ങളും ഒരുക്കാനാണ് കളരിക്കൂട്ടായ്മയുടെ ശ്രമം. സന്ദര്‍ശകര്‍ക്കു വേദിയൊരുക്കുകയും ഭാവിയില്‍ അതില്‍നിന്നുള്ള വരുമാനവും പ്രതീക്ഷിക്കുന്നു. അല്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ലെന്ന് സമിതിയംഗങ്ങള്‍ പറയുന്നു. എന്നാല്‍, അതിനൊക്കെ പരിമിതികളുണ്ട്. വലിയ തുക വേണ്ടിവരുന്ന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം വേണ്ടിവരും. അല്ലാതെ അതിര് കെട്ടിത്തിരിക്കലൊന്നും നടക്കില്ലെന്നും ഇവര്‍ പറയുന്നു. വെള്ളം കുത്തിയൊഴുകാതിരിക്കാന്‍ പഞ്ചായത്ത് മതില്‍കെട്ടിയിരുന്നു. വെള്ളപ്പാച്ചിലില്‍ അതിന്റെ ഒരുഭാഗം ഇടിഞ്ഞു. അത് ശരിയാക്കാന്‍ പോലും പഞ്ചായത്ത് തയ്യാറായിട്ടില്ല. കാട് പിടിച്ചുകിടക്കുന്ന ഈ ഭൂമി ഉപയോഗപ്പെടുത്താനായിട്ടില്ല. വലിയ കളരിയും ഓപ്പണ്‍ തിയേറ്ററും ചെറിയ കളരിയും ഇനി വേണം. സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കാന്‍ ഫെന്‍സിങ്ങും. ഇതെല്ലാം പരിഹരിക്കപ്പെടുന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോകുകയാണ് ഞങ്ങള്‍-സമിതിയംഗങ്ങള്‍ പറയുന്നു.

കാലത്തിന്റെ മാറ്റത്തില്‍ പടയണിക്കും കലാരൂപങ്ങളോടുമുള്ള മനോഭാവത്തിലും മാറ്റമുണ്ടായിട്ടുണ്ടെന്നു തുറന്നുപറയുന്നു രഘുകുമാര്‍. ഇപ്പോള്‍ കളരിയില്‍ വരുന്നതിലധികവും കുട്ടികളാണ്. മുന്‍പൊക്കെ രക്ഷിതാക്കള്‍ക്കു പരിശീലനത്തിന് കുട്ടികളെ വിടാന്‍ താല്പര്യമായിരുന്നു. അതൊക്കെ മാറി. പുതിയ തലമുറയില്‍പ്പെട്ട പലര്‍ക്കും താല്പര്യമുണ്ടെങ്കിലും അര്‍പ്പണബോധവും കല പഠിച്ചെടുക്കണമെന്ന സജീവ താല്പര്യവുമില്ല. പുതിയ തലമുറയുടെ അസാന്നിധ്യം മറ്റൊരു വെല്ലുവിളിയാണ്. കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി മറ്റിടങ്ങളിലേക്കു പോകും. ചെറുപ്പക്കാരാണെങ്കില്‍ തൊഴില്‍ തേടിയും. നാട്ടില്‍ ആള്‍ക്കാരില്ല എന്നതാണ് സ്ഥിതി. കുറഞ്ഞപക്ഷം ഇതൊക്കെ ആര്‍ക്കൈവ്സായി സൂക്ഷിച്ചാല്‍ ഭാവിതലമുറയ്ക്ക് അതൊരു ഉപകാരപ്രദമാകും. 20 വര്‍ഷം കഴിഞ്ഞ് അന്നത്തെ തലമുറ പടയണിയെ ഗൗരവമായി സമീപിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പലരും അത് തുറന്നുപറയുന്നില്ലെന്നു മാത്രം. ഈ ഗ്രാമവും ആര്‍ക്കൈവ്സുമുണ്ടെങ്കില്‍ നാട്ടുകലാപാരമ്പര്യത്തിന്റെ അറിവുകള്‍ കുറച്ചെങ്കിലും നിലനില്‍ക്കുമെന്ന കരുതുന്നു. അതാണ് ഈ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ഞങ്ങള്‍ സ്വപ്നം കാണുന്നതിന് കാരണവും. സാംസ്‌കാരിക ചരിത്രവുമായി ബന്ധപ്പെട്ട റഫറന്‍സ് വേണ്ടേ. ഏതെങ്കിലും കാലത്ത് ആര്‍ക്കെങ്കിലും ഇത് പരിശോധിക്കണമെന്നു തോന്നിയാല്‍ അതിനൊരു അടിസ്ഥാനം വേണം. ഭാവിതലമുറയെ ആകര്‍ഷിക്കണമെങ്കില്‍ ഇതാവണം അതിനു തുടക്കം. അതാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞങ്ങളുടെ സ്വപ്നം- രഘുകുമാര്‍ പറഞ്ഞുനിര്‍ത്തി.

പലതവണ പടയണിയുമായി ഡോക്യുമെന്റേഷന്‍ നടന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. പ്രശസ്ത ഫോക്ലോര്‍ ഗവേഷകന്‍ കൂടിയായ രാഘവന്‍ പയ്യനാട് പ്രൊജക്റ്റ് ഡയറക്ടറായ കാളി കണ്‍സെപ്റ്റ് ഇന്‍ കേരള എന്ന പ്രൊജക്റ്റുണ്ടായിരുന്നു. സെമിനാറുകളൊക്കെ സംഘടിപ്പിച്ച പടയണി നടന്ന സ്ഥലങ്ങളില്‍ ഫീല്‍ഡ് വര്‍ക്ക് നടത്തി എല്ലാം ഡോക്യുമെന്റ് ചെയ്തു. രാഘവന്‍ സാര്‍ വിരമിച്ചതോടെ ഡോക്യുമെന്റേഷന്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അന്നെടുത്ത വിവരങ്ങള്‍ എവിടെയെന്നു പോലുമറിയില്ല. തൊണ്ണൂറുകളുടെ അവസാനം ഇന്‍ഫര്‍മേഷന്‍ വകുപ്പും ഇത്തരത്തിലൊരു ഓഡിയോ ഡോക്യുമെന്റേഷന്‍ നടത്തി. കളക്ട്രേറ്റില്‍ അതുണ്ടായിരുന്നു. അതിന്റെ ഒരു കോപ്പി ചോദിച്ചിട്ട് ഇന്നേവരെ കിട്ടിയില്ല. അതും കൈമോശം വന്നു. അത് എവിടെയാണെന്നുപോലും ഇന്നാര്‍ക്കുമറിയില്ല. അങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ ഇതാദ്യമല്ല. പടയണിയെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരളത്തിനൊരു ചരിത്രമില്ല. മധ്യതിരുവിതാകൂറിന്റെ സംസ്‌കൃതിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക കൊടുക്കല്‍വാങ്ങലുകള്‍ സംബന്ധിച്ച് പഠനവും നടന്നിട്ടില്ല. അത് നടക്കണമെങ്കില്‍ ഒരു അടിസ്ഥാനം വേണ്ടേ. അതിനാണ് ഞങ്ങളുടെ ശ്രമം. ഇല്ലെങ്കില്‍ ഒന്നോ രണ്ടോ തലമുറയോടെ അതും മണ്ണടിഞ്ഞുപോകും- രഘുകുമാര്‍ പറയുന്നു.  

കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും പടയണിക്കാലത്ത് കാര്യങ്ങള്‍ മാറും. പ്രകൃതി തന്നെ ചൂടും ചൂരും തരും. വിദേശങ്ങളിലും മറ്റുമുള്ള കരക്കാര്‍ സീസണില്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഇവിടെയെത്തും. അതാണ് പടയണിയുടെ പ്രത്യേകത- രഘുകുമാറിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശം തെളിയുന്നു. യുവാക്കളില്‍ പലരും കളരിയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. പുതിയ തലമുറയ്ക്ക് കലയെക്കുറിച്ചറിയണമെങ്കില്‍ ആശയവിനിമയം സാധ്യമാകണം. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേണം, തിരുത്തുകളുണ്ടാകണം, പഠിക്കണം. അതാണ് വേണ്ടതെന്ന് പറയുന്നു പടയണി കലാകാരനായ കെ.ആര്‍. രഞ്ജിത്ത്. ടാക്സി ഓട്ടം കഴിഞ്ഞ് ബാക്കിയുള്ള സമയമാണ് കോലം വരയ്ക്കാന്‍ രഞ്ജിത്ത് നീക്കിവയ്ക്കുന്നത്. ഫൈനാര്‍ട്സില്‍ ഫെല്ലോഷിപ്പ് നേടിയ രഞ്ജിത്തിനെപ്പോലെയുള്ളവരിലാണ് പഴയ തലമുറയുടെ പ്രതീക്ഷയുടെ മൊഴിയും ചുവടുകളും.

അശാസ്ത്രീയ നിര്‍മ്മിതി കൊണ്ടു ഉപയോ​ഗശൂന്യമായ ​ഗസ്റ്റ് ​ഹൗസ്
അശാസ്ത്രീയ നിര്‍മ്മിതി കൊണ്ടു ഉപയോ​ഗശൂന്യമായ ​ഗസ്റ്റ് ​ഹൗസ്

പടയണിയും വെല്ലുവിളികളും 

പഴയ കാലത്ത് 28 ദിവസം വരെ നീണ്ടുനിന്നിരുന്ന പടയണി ഉത്സവങ്ങള്‍ ഇന്ന് ലോപിച്ച് പത്തുദിവസത്തേക്കും എട്ടു ദിവസത്തേക്കും ചുരുങ്ങിയിട്ടുണ്ട്. ആദ്യ ദിവസം ചൂട്ടുവെപ്പാണ്. ചൂട്ടുകറ്റ കെട്ടി ദേവിയുടെ നടയ്ക്കല്‍ ചെന്ന് ശ്രീകോവിലില്‍നിന്നു തീ കൊളുത്തി വാങ്ങി പടയണിക്കളത്തിലേക്ക് കൊണ്ടുവരും. പിന്നെ പച്ചത്തപ്പുകൊട്ടി ദേവിയെ വിളിച്ചിറക്കും. പിന്നെ കാച്ചികൊട്ട്. വിളക്ക് വെച്ച് മേളം. ഗണപതിക്കോലവും ചെറിയ കോലങ്ങളും എഴുന്നെള്ളും. ഏഴു ദിവസം വരെ ഇത് തുടരും. എട്ടാം ദിവസം വലിയ പടയണിയാണ്. അന്ന് ഭൈരവിക്കോലവും വലിയ കോലങ്ങളുമെഴുന്നെള്ളും. പിറ്റേന്ന് പകല്‍ പടയണിയോടെ സമാപനം. അടവിയും പാനയും പൂപ്പടയും തുടങ്ങി ആചാരചടങ്ങുകള്‍ ഈ ഉത്സവത്തിന്റെ ഭാഗമാണ്. എന്നാല്‍, വിരലിലെണ്ണാവുന്ന കാവുകളില്‍ മാത്രമാണ് ഇന്ന് പടയണി നടക്കാറുള്ളത്. പലയിടങ്ങളിലും ഇത് പരിപൂര്‍ണ്ണമായി നിര്‍ത്തിവച്ചു. പടയണി അതിന്റെ സമഗ്രരൂപത്തില്‍ ഇന്ന് ഒരു കാവിലും നിലനില്‍ക്കുന്നില്ലെന്ന് കടമ്മനിട്ട വാസുദേവന്‍പിള്ള പടേനി എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ പറഞ്ഞിട്ടുണ്ട്. നിലനില്‍ക്കുന്നയിടങ്ങളില്‍ അവ അപൂര്‍ണ്ണമോ അര്‍ദ്ധപൂര്‍ണ്ണമോ ആണ്. അവതരിപ്പിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള എല്ലാ ഇനങ്ങളും അപ്രത്യക്ഷമായി. തപ്പുമേളം പലയിടത്തും മണ്‍മറഞ്ഞുപോയി. ഏഴാം മാത്രകണക്ക് കാണാനേയില്ല. പഴയ പാട്ടുകള്‍ പലതും വിസ്മൃതിയിലായി. വിനോദയിനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന കലാകാരന്‍മാരുടെ എണ്ണവും ചുരുങ്ങി. കോലമെഴുത്തിലെ സങ്കീര്‍ണ്ണങ്ങളായ പല സങ്കേതങ്ങളും ആളില്ലായ്മകൊണ്ടും സര്‍വ്വോപരി അലംഭാവംകൊണ്ടും നഷ്ടമായെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.

പടയണി പരിശീലനം നടക്കുന്ന കളരിക്കു മുന്നിൽ കടമ്മനിട്ട രഘുകുമാറും കെആർ രഞ്ജിത്തും
പടയണി പരിശീലനം നടക്കുന്ന കളരിക്കു മുന്നിൽ കടമ്മനിട്ട രഘുകുമാറും കെആർ രഞ്ജിത്തും

ഉണക്കപ്പാളയിലെ പരീക്ഷണം

സാധാരണയായി പച്ചപ്പാളയിലാണ് കോലമെഴുത്ത്. ഗോത്രകലാകളരിയുടെ നേതൃത്വത്തില്‍ കടമ്മനിട്ട പടയണി ഗ്രാമത്തിലെ മ്യൂസിയത്തില്‍ വെയ്ക്കാനാണ് ഉണക്കപ്പാളയില്‍ കോലമെഴുത്ത് പരീക്ഷണാര്‍ത്ഥത്തില്‍ തുടങ്ങിയത്. ഭൈരവിക്കോലം പൂര്‍ത്തിയായി. തുടര്‍ന്ന് അന്തരയക്ഷി, അരക്കയക്ഷി, നാഗയക്ഷി, മറുത, കാലന്‍, ഗണപതി, പിശാച് തുടങ്ങിയ കോലങ്ങളും തയ്യാറാക്കും. ഉണങ്ങിയപാള പുഴുങ്ങിയെടുത്ത് വെയിലത്ത് ഉണക്കും. പിന്നെ, കോലരൂപത്തില്‍ ഓരോന്നും വെട്ടിയെടുക്കും. പിന്നീട് ചേര്‍ത്തുവെക്കും. കോലത്തിന് നിറംനല്‍കുന്നതിന് കറുപ്പ് മാത്രമാണ് അക്രലിക് ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം തന്നെ പ്രകൃതിദത്തവര്‍ണങ്ങളാണ്. മഞ്ഞളാണ് മഞ്ഞനിറത്തിന് ഉപയോഗിക്കുന്നത്. ചുവപ്പിന് ചെങ്കല്ലും വെള്ളയ്ക്ക് നീറ്റുകക്കയുമാണ് ഉപയോഗിക്കുന്നത്. ആദ്യം വെള്ളനിറം പൂശിയിട്ടാണ് കോലമെഴുത്തിലേക്ക് കടക്കുക. സാധാരണ കോലത്തില്‍ അല്ലിയായി വയ്ക്കുന്നത് പച്ച കുരുത്തോലയാണെങ്കില്‍ ഉണക്കപ്പായയില്‍ അത് പനയോല ഉണക്കിയെടുത്താണ്. ഇരുമ്പുതകിടില്‍ നിര്‍മിച്ച കോലങ്ങളുണ്ടെങ്കിലും ഉണക്കപ്പാളയില്‍ കോലം എഴുതുന്നത് കേരളത്തിലാദ്യമെന്ന് പറയുന്നു പിന്നണിയിലുള്ളവര്‍.

പടയണിയുടെ പ്രത്യേകതയും പ്രതിസന്ധിയും

വിനു മോഹനന്‍ കുരമ്പാല
പടയണി കലാകാരന്‍, മാധ്യമപ്രവര്‍ത്തകന്‍

ഒറ്റ അവതരണത്തിന് വേണ്ടി മാത്രം വേഷങ്ങളൊരുക്കുക. അതും പ്രകൃതിയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് . ഒരു രാത്രിയിലെ അവതരണതിന് ശേഷം അവ ഉപേക്ഷിക്കുന്നു. ഇങ്ങനെയൊരു കല ഒരു പക്ഷേ പടയണി മാത്രമേ കാണൂ. ഒരു രാത്രിയിലെ പടയണിക്കായി കുറഞ്ഞത് രണ്ടോ മൂന്നോ  ദിവസത്തെ അധ്വാനം. ഒരു ദിവസം കമുകില്‍ നിന്ന് പാളയെടുക്കാനും തെങ്ങില്‍ നിന്ന് കുരുത്തോല എടുക്കാനും. ഒരു പടയണിക്ക് നൂറു പാള വേണമെങ്കില്‍ നൂറു കമുകില്‍ കയറണം . അടുത്ത ദിവസം പച്ചപ്പാളയുടെ പച്ചനിറമുള്ള ഭാഗം ചീകി പാള വെട്ടി കോലം വരച്ചെടുക്കാനും കമുകിന്‍ തടി കീറിയുണ്ടാക്കുന്ന ചട്ടത്തില്‍ വരച്ചെടുത്ത കോലങ്ങള്‍ പിടിപ്പിക്കാനും . കുരുത്തോലയുടെ ഈര്‍ക്കിലാണ് പടയണിയുടെ സൂചിയും നൂലും.

പടയണിക്ക് വേണ്ടത് പച്ചപ്പാള, കുരുത്തോല, കമുകിന്‍ തടി, കുരുത്തോലയുടെ മടല്‍ കീറി ചതച്ചെടുക്കുന്ന ബ്രഷ്, തടിക്കീറുകള്‍ കെട്ടാന്‍ വാഴനാര് . നിറത്തിന് അരച്ചെടുത്ത കരിയും, ചെങ്കല്ലും , മഞ്ഞളും. പ്രകൃതിജന്യമായ ഇത്രയും സാധനങ്ങള്‍ വേണം ഒരു പാളയിലുള്ളത് മുതല്‍  1001 പാളയില്‍ വരയ്ക്കുന്ന ഭീമാകാരമായ കോലങ്ങള്‍ വരെ തയാറാക്കണമെങ്കില്‍. ഇത്രയും അധ്വാനിച്ച് വരച്ചെടുക്കുന്ന കോലത്തിന്റെ   ആയുസ് ഒരു രാത്രിയാണ്. അടുത്ത ദിവസത്തേക്ക് ഇത് ഉണങ്ങി നശിക്കും. ഇതാണ് പടയണിയുടെ പ്രത്യേകതയും അതേ സമയം പ്രതിസന്ധിയും .പടയണിയെ അറിയണമെങ്കില്‍ പടയണിക്കാവുകളിലേക്ക് വരണം. പടയണിക്കാലം ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്. മിക്കയിടത്തും രാത്രി 12 മണിയോടെയാകും പടയണി തുടങ്ങുക. 

വിദേശത്തുനിന്ന് എത്തുന്ന സഞ്ചാരികള്‍, പത്തനംതിട്ടയിലെത്തുന്ന മറ്റു ദേശക്കാര്‍ തുടങ്ങിയവര്‍ക്ക് പടയണിയെ അറിയാനുള്ള വേദിയാകും പടയണി മ്യൂസിയം. നിലവില്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍ കലാമ്യൂസിയത്തിലും പടയണിക്കോലങ്ങളുണ്ട്. ഗണപതിക്കോലം മുതല്‍ വലിയ ഭൈരവിക്കോലം വരെ തയാറാക്കിയിരിക്കുന്നത് അലൂമിനിയം തകിടിലാണ്. ഇരുപത് വര്‍ഷം മുമ്പ് തയ്യാറാക്കിയ ആ കോലങ്ങള്‍ ഇന്നും കണ്ണൂരിലെ അക്കാദമി മ്യൂസിയത്തില്‍ ഉണ്ട് . മറ്റുചില സ്വകാര്യ മ്യൂസിയങ്ങളിലും തകിടില്‍ തയ്യാറാക്കിയ കോലങ്ങള്‍ കാണാം. ഇങ്ങനെ കോലങ്ങള്‍ കണ്ടു പോകാം എന്നുള്ളതല്ലാതെ പടയണിയെ കുറിച്ചുള്ള വ്യക്തമായ ഒരു ധാരണ ഇതില്‍ നിന്ന് കിട്ടില്ല. പടയണിയുടെ പിന്നിലെ അധ്വാനത്തെക്കുറിച്ചോ പ്രകൃതിയുമായുള്ള ബന്ധം തുടങ്ങിവയിലൊന്നും വ്യക്തത ഉണ്ടാവില്ല. അവിടെയാണ് കടമ്മനിട്ടയിലെ മ്യൂസിയം വ്യത്യസ്തമാകുന്നത്. പടയണി എന്നു കേള്‍ക്കുമ്പോഴെ ജനങ്ങളുടെ മനസില്‍ എത്തുന്ന പടയണിക്കര കടമ്മനിട്ടയാണ്. പടയണിയെ കേരളം കൂടുതല്‍ അറിഞ്ഞത് തന്നെ കാവ്യാസ്വാദകര്‍ കവി കടമ്മനിട്ട രാമകൃഷ്ണന്റെ  കവിതകളിലെ ബിംബങ്ങളുടെ സ്രോതസ് തേടിയപ്പോഴാണ്. കോലങ്ങളുടെ തനത് കാന്‍വാസായ പാളയില്‍ സ്വാഭാവിക നിറങ്ങള്‍ ചാലിച്ചാണ് മ്യൂസിയത്തിലെ കോലങ്ങള്‍ ഒരുങ്ങുന്നത്. അതിനായി പ്രത്യേകമായി പാള സംസ്‌കരിച്ചെടുത്താണ് കോലം വരച്ചത്.  പടയണിയെന്നത് എത്ര വിശാലമായ ലോകമാണെന്ന് വരുന്നവരെ ബോധ്യപ്പെടുത്താനുള്ള സംവിധാനവുമുണ്ടാകും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി മുപ്പതോളം കാവുകളില്‍ അനുഷ്ഠാനമായി ആണ്ടോടാണ്ട് പടയണി ഉണ്ട്. പത്തനംതിട്ട ജില്ല വിട്ടാല്‍ പടയണിയെക്കുറിച്ച് ധാരണയുള്ളവര്‍ കുറവാണ്. തെയ്യത്തിനുള്ളത്ര പേരും പെരുമയും പടയണിക്ക് കിട്ടിയിട്ടില്ല. 
 
പടയണി അവതരണം ദേശം വിട്ടോ രാജ്യം വിട്ടോ വളരാന്‍ വൈകുന്നതിന്റെ പ്രധാന കാരണവും കോലങ്ങള്‍ തയാറാക്കാന്‍ വേണ്ട സാധനങ്ങള്‍ സംഘടിപ്പിച്ച് കോലം വരച്ചെടുക്കാന്‍ വേണ്ടി വരുന്ന അധ്വാനവും കാലതാമസവുമാണ്. 2015 ല്‍ ഗോത്രകലാ പടയണി ഫൗണ്ടേഷന്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ പടയണി അവതരിപ്പിച്ചപ്പോള്‍ പേപ്പറിലാണ് കോലങ്ങള്‍ വരച്ചത്. തുടരെ നാലു ദിവസം നാലു ഭൈരവിക്കോലം വേണ്ട സാഹചര്യത്തിലാണ് പേപ്പര്‍ വേണ്ടി വന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പടയണി കലാകാരന്‍മാരുടെ കൂട്ടായ്മ കേരളത്തില്‍ നിന്ന് പാള എത്തിച്ച് കോലം വരച്ച് പടയണി ചെയ്തിട്ടുണ്ട്.

മ്യൂസിയത്തില്‍ പടയണിയില്‍ ഇറങ്ങുന്ന എല്ലാ കോലങ്ങളും സ്വാഭാവികരീതിയില്‍ കാണാം. പടയണിയുടെ വാദ്യങ്ങളടക്കം ഉണ്ടാകും . കടമ്മനിട്ടയിലാണ് മ്യൂസിയമെങ്കിലും എല്ലാ കരകളേയും പ്രതിനിധീകരിച്ച് സമഗ്രസ്വഭാവത്തിലാവും പ്രവര്‍ത്തനം. പടയണി  അറിയാനെത്തുന്നവര്‍ക്ക് മുന്നില്‍ അവതരണങ്ങള്‍ അടക്കം ഉണ്ടാവും. പടയണിയുടെ അധ്വാനവും  ഭാരിച്ച ചെലവും കാഴ്ചക്കാര്‍ക്ക് മനസിലാക്കാനും കഴിയും. ഏഴാം ക്ലാസ്സ് മലയാളം പുസ്തകത്തിലടക്കം പടയണി പാഠ്യവിഷയമാണ്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് മ്യൂസിയവും ഗ്രാമവും സഹായകമാകും. പടയണിയുമായി ബന്ധപ്പെട്ട ഗവേഷകര്‍ക്കും മ്യൂസിയം വഴി കാട്ടും. 

പടയണിപ്പാട്ട്, നിറങ്ങള്‍, വിനോദ നാടകങ്ങള്‍ തുടങ്ങി പടയണിയിലെ പല മേഖലകളെക്കുറിച്ചും പഠനം നടത്തി പി.എച്ച് .ഡി. നേടിയവരുണ്ട്. ഇനി വരുന്ന കാലത്തെ ഗവേഷകര്‍ക്ക് പടയണിയെ എങ്ങനെ സമീപിക്കണമെന്നതില്‍ വ്യക്തത വരുത്താന്‍ കഴിയും പടയണിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍. അനുബന്ധമായി ചേര്‍ത്തു വായിക്കേണ്ട പുസ്തകങ്ങള്‍ തുടങ്ങിയവയുടെ ശേഖരവും റഫറന്‍സും ആവശ്യമാണ്. വിവര ശേഖരണത്തിന് ബന്ധപ്പെടാവുന്ന ആശാന്‍മാരിലേക്കും വഴി കാട്ടും. ഓരോ ദേശത്തേയും പടയണി ഡോക്യുമെന്റ് ചെയ്യപ്പെടേണ്ടത് വരും തലമുറയ്ക്ക് വേണ്ടിയാണ്. കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നടക്കം പലവിധ പ്രൊജക്ടുകളുടെ ഭാഗമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും വിദേശത്ത് നിന്ന് ഗവേഷണത്തിനെത്തുന്നവര്‍ക്കും മ്യൂസിയം ഗുണപ്പെടും.

ഈ റിപ്പോർട്ട് കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com