കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക് ഉത്തരവാദിയാര്?

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തേയും കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാര്യമായി ബാധിച്ചു.
കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക് ഉത്തരവാദിയാര്?

2016 മെയ് മാസത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത്. ആ സര്‍ക്കാരിന് അസ്ഥിരമായ ഒരു സമ്പദ്ഘടനയാണ് മുന്‍ സര്‍ക്കാര്‍ കൈമാറിയത്. മുന്‍ സര്‍ക്കാര്‍ ട്രഷറിയില്‍ അവശേഷിപ്പിച്ചത് 173.46 കോടി രൂപയുടെ കടമായിരുന്നു. കൂടാതെ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് വരുത്തിയ 6,000 കോടി രൂപയുടെ കുടിശ്ശിക എന്ന വലിയ ബാധ്യതയോടൊപ്പം 4,300 കോടി രൂപയുടെ ബജറ്റിനു പുറത്തുള്ള ഹ്രസ്വകാല കടബാധ്യതയും ആ ഗവണ്‍മെന്റിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് സ്വീകരിച്ച നികുതി നയങ്ങളുടെ ഫലമായി ജനങ്ങളുടെ വരുമാനത്തിലും ക്രയശേഷിയിലുമുണ്ടായ തകര്‍ച്ചയുടെ ബാധ്യത മറികടക്കേണ്ടതിന്റെ ഭാരം കൂടി ആ ഗവണ്‍മെന്റിന്റെ ചുമലിലായിരുന്നു. 2010-'11 മുതല്‍ 2015-'16 വരെയുള്ള നികുതി വളര്‍ച്ചയിലെ വസ്തുതകള്‍ നികുതി നിര്‍വ്വഹണത്തിലെ കെടുകാര്യസ്ഥത വെളിവാക്കുന്നുണ്ടെന്ന് ആദ്യത്തെ പിണറായി ഗവണ്‍മെന്റ് അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടത്തിയ സാമ്പത്തികാവലോകനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ആഗോളീകരണത്തോടുകൂടി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറെക്കുറെ ആഗോള സമ്പദ്‌വ്യവസ്ഥയോടു ഉദ്ഗ്രഥിതമാകയാല്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടങ്ങളും ഇടവേളകളില്‍ നമ്മുടെ സാമ്പത്തിക മേഖലയേയും ബാധിച്ചുപോന്നു. പുറമേ, പിണറായി വിജയന്റെ ആദ്യ ഗവണ്‍മെന്റിന്റെ അഞ്ചുവര്‍ഷം നേരിട്ട വെല്ലുവിളികള്‍ - ഓഖി, രണ്ടു പ്രളയങ്ങള്‍, കൊവിഡ് തുടങ്ങിയ ഘടകങ്ങള്‍ സമ്പദ്ഘടനയെ ബാധിക്കുകതന്നെ ചെയ്തു. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനു കുറേയേറെ സഹായകമായത് സമ്പദ്ഘടനയില്‍ ഗവണ്‍മെന്റ് നടത്തിയ ഇടപെടലുകളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തേയും കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാര്യമായി ബാധിച്ചു. വിദേശത്ത് തൊഴില്‍ തേടിപ്പോയ ലക്ഷക്കണക്കിന് കേരളീയര്‍ നാട്ടിലേക്കു തിരിച്ചെത്തി. ഗവണ്‍മെന്റ് ജീവനക്കാരും സ്വകാര്യമേഖലയിലെ സ്ഥിരം തൊഴിലെടുക്കുന്നവരും ഒഴിച്ചാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്കു തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഇത് സമ്പദ്‌വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കുന്നതിന് ആ മേഖലയില്‍ ഗവണ്‍മെന്റ് ഇടപെടലുകള്‍ അനിവാര്യമായി. ഈ ഇടപെടലുകള്‍ പര്യാപ്തമാംവിധം തുടര്‍ന്നുകൊണ്ടുപോകുന്നതിനാണ് ധനകാര്യ പ്രതിസന്ധി തടസ്സമായിരിക്കുന്നത്. 

ധനകാര്യ പ്രതിസന്ധി
ജനജീവിതത്തെ ബാധിക്കുമ്പോള്‍
 

കേരളത്തില്‍ ധനകാര്യ പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. അത് ജനജീവിതത്തെ ബാധിക്കുംവിധം രൂക്ഷമാകുന്നു എന്നതിന്റെ സൂചനകളും വ്യാപകമായുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വേതനവിതരണത്തേയും മറ്റും അതു ബാധിച്ചുകഴിഞ്ഞു. തനതു സ്രോതസ്സുകളില്‍നിന്നും അല്ലാതേയുമുള്ള പൊതു വിഭവസമാഹരണത്തേയും കേന്ദ്രനികുതി വിഹിതത്തേയും കേന്ദ്രത്തില്‍നിന്നുള്ള സവിശേഷ ധനസഹായത്തേയും ആശ്രയിച്ചാണ് സംസ്ഥാന ഗവണ്‍മെന്റുകള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഫെഡറല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തെ ഒരു സംസ്ഥാനമാണ് നമ്മുടേത്. ആ നിലയില്‍ കേരളത്തിനു പൊതുവിഭവ സമാഹരണത്തിനു പരിമിതികള്‍ നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസരിച്ചു മാത്രമേ സംസ്ഥാനത്തിനു പൊതുവിഭവ സമാഹരണം സാദ്ധ്യമാകുക. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നികുതി-നികുതിയിതര സ്രോതസ്സുകളിലൂടെ സമാഹരിക്കാവുന്ന പൊതുവിഭവങ്ങള്‍ പരമാവധി സമാഹരിക്കുക എന്നതാണ് നമുക്കു ചെയ്യാനാകുന്ന കാര്യം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ പൊതുവിഭവ സമാഹരണത്തില്‍ നമ്മുടെ സംസ്ഥാനം താഴോട്ടു പോകുകയായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

 1957-'58 മുതല്‍ 1966-'67 വരെയുള്ള ഒരു ദശക കാലയളവില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിച്ച പൊതുവിഭവങ്ങളില്‍ കേരളത്തിന്റെ ഓഹരി 4.45 ശതമാനമാണെന്നും 50 വര്‍ഷം കഴിഞ്ഞ് 2007-'08 മുതല്‍ 2016-'17 വരെയുള്ള 10 വര്‍ഷം കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ ഓഹരി 4.50 ശതമാനമായി മാത്രം വര്‍ദ്ധിച്ചുള്ളൂവെന്നും സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ 60 വര്‍ഷത്തിനിടെ നികുതി നല്‍കാനുള്ള ശേഷിയില്‍ (ഠമഃമയഹല ഇമുമരശ്യേ) അഭൂതപൂര്‍വ്വമായ വര്‍ദ്ധന സംസ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും. 1972-'73-ല്‍ ആളോഹരി ഉപഭോഗത്തില്‍ കേരളം എട്ടാം സ്ഥാനത്തായിരുന്നെങ്കില്‍ ഗള്‍ഫ് പണത്തിന്റെ വരവോടെ ഇത് 1983 ആയപ്പോഴേയ്ക്കും മൂന്നാം സ്ഥാനത്തേയ്ക്കും 1999-2000 ആയപ്പോഴേയ്ക്ക് ഒന്നാംസ്ഥാനത്തേയ്ക്കും ഉയര്‍ന്നു. കേരളം ഇപ്പോഴും ഒന്നാംസ്ഥാനത്ത് തുടരുകയാണെന്നും അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 
എന്നാല്‍, തനതു വിഭവ സമാഹരണ കാര്യത്തില്‍ കേരളത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഒരു പ്രധാന കാഴ്ചപ്പാട് കേരളം ഇക്കാര്യത്തില്‍ മുന്നിലാണ് എന്നതാണ്. കേരളം ഇക്കാര്യത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് എന്നും അവകാശവാദമുണ്ട്. തനതു വരുമാനം ഉയര്‍ത്തിയും കര്‍ക്കശമായ ധനകാര്യ മാനേജ്മെന്റിലൂടെയും പ്രതിസന്ധികളെ മറികടക്കാനാണ് ഇപ്പോഴത്തെ സംസ്ഥാന ഗവണ്‍മെന്റ് ശ്രമിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം തനതു വരുമാനം വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വ്വഹിച്ചത്. ഈ വര്‍ഷവും ചെലവിന്റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 18 ശതമാനം മാത്രമാണ് നികുതിവിഹിതമായും ഗ്രാന്റായും യൂണിയന്‍ ഗവണ്‍മെന്റില്‍നിന്നാണ് ലഭിച്ചത്. ആകെ റവന്യൂ വരുമാനമായ 45,540 കോടിയില്‍ 38,509 കോടിയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണെന്നും ഗവണ്‍മെന്റ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ ഇരട്ടിയിലേറെയാണ് കേന്ദ്രവിഹിതമായി ലഭിച്ചതെന്നും. നികുതി വിഹിതത്തിലും ഗ്രാന്റിലും കേരളത്തോട് ശത്രുതാപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നത് എന്നതിന് ഉദാഹരണമായി ഈ വ്യത്യാസം ഗവണ്‍മെന്റ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

കടമെടുപ്പിനു നിയന്ത്രണം 
വരുമ്പോള്‍ 

2003-ലാണ് യൂണിയന്‍ ഗവണ്‍മെന്റ് ധന ഉത്തരവാദിത്വ നിയമം  പാസ്സാക്കുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങളുടെ കടമെടുപ്പിനുമേല്‍ നിയന്ത്രണമുണ്ടായി. ഈ നിയമം വന്നില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന കടബാധ്യത വലിയതാകുമായിരുന്നെന്നാണ് ഈ നിയമത്തെ പിന്താങ്ങുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കേരളമുള്‍പ്പെടെ കുറേ സംസ്ഥാനങ്ങള്‍ കിഫ്ബി പോലുള്ള സംവിധാനങ്ങളിലൂടെ കടമെടുപ്പിന്മേലുള്ള നിയന്ത്രണം സമര്‍ത്ഥമായി മറികടക്കാന്‍ ശ്രമിച്ചതിനെ യൂണിയന്‍ ഗവണ്‍മെന്റ് നേരിടുന്നതില്‍ കുറ്റം കാണാനാകില്ലെന്നാണ് സംസ്ഥാനങ്ങളുടെ അനിയന്ത്രിതമായ കടമെടുപ്പ് ആശാസ്യമല്ലെന്നു വാദിക്കുന്നവര്‍ പറയുന്നത്. 
കിഫ്ബിയുടേതുപോലുള്ള വായ്പകള്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതും കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിക്ക് ആഴം കൂട്ടുന്നു. യൂണിയന്‍ ഗവണ്‍മെന്റിന്റെ ഈ പുതിയ നിബന്ധന സംസ്ഥാനത്തോടുള്ള വിവേചനമായിട്ടാണ് സംസ്ഥാനം ഭരിക്കുന്നവര്‍ വിശേഷിപ്പിക്കുന്നത്. യൂണിയന്‍ ഗവണ്‍മെന്റ് ന്യായമായും നല്‍കേണ്ടുന്ന ധനസഹായങ്ങളിലും മറ്റും വെട്ടിക്കുറവു വരുത്തുകയും വായ്പാ പരിധിയില്‍ കുറവു വരുത്തുകയും ചെയ്യുമ്പോള്‍ അപകടത്തിലാകുന്നത് കേരളത്തിന്റെ അതിജീവന ശ്രമങ്ങളും.


പൊതുവിഭവ സമാഹരണത്തിലെ 'നീതീകരിക്കാനാകാത്ത' പരാജയമാണ് കേരളത്തെ കടമെടുപ്പിലേയ്ക്ക് നയിച്ചതെന്നും അതുകൊണ്ടുതന്നെ ആ കടമെടുപ്പിനു കടിഞ്ഞാണിടേണ്ടത് അനിവാര്യമാണെന്നും വാദമുണ്ട്. ആളോഹരി ഉപഭോഗത്തില്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കടമെടുപ്പും കേരളത്തിന്റെ കടമെടുപ്പും തമ്മില്‍ സത്യത്തില്‍ താരതമ്യപ്പെടുത്തുന്നതുതന്നെ ശരിയല്ലെന്നും അതുകൊണ്ട് കേരളത്തിന്റെ കടം അത്ര കൂടുതലല്ല എന്ന വാദത്തില്‍ കഴമ്പില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേമത്തിലും വികസനത്തിലും ആളോഹരി വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ അര്‍ഹമായ നികുതിവിഹിതം നിഷേധിച്ചും കടമെടുക്കാനുള്ള പരിധി കുറച്ചും മോദി ഗവണ്‍മെന്റ് കേരളീയരെ ശിക്ഷിക്കുകയാണെന്നാണ് സംസ്ഥാനം ഭരിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നത്. 
കേന്ദ്രനികുതി വിഹിതവും കേന്ദ്രത്തില്‍നിന്നുള്ള സവിശേഷ ധനസഹായവുമാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ മറ്റു ഉറവിടങ്ങള്‍. ഈ വര്‍ഷം കേന്ദ്രത്തില്‍നിന്നും ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണ് ഒറ്റയടിക്കുണ്ടായത്. അര്‍ഹതപ്പെട്ട വായ്പയില്‍ 19,000 കോടി രൂപയാണ് നിഷേധിച്ചത്. റവന്യൂ കമ്മി ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടിയുടെ കുറവുണ്ടായെന്നും ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടുന്ന 12,000 കോടി ഇല്ലാതായെന്നും സംസ്ഥാന ഗവണ്‍മെന്റ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതരമേഖലകളിലും വന്‍തോതില്‍ കുറവുണ്ടായി. 


കേരളീയത്തില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സെമിനാറില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത് കേരളം ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഉത്തരമില്ലെന്നും ഉത്തരം രാഷ്ട്രീയത്തിലാണ് എന്നുമാണ്. കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിവേചനമാണ് നമ്മുടെ ധനകാര്യ പ്രതിസന്ധിക്കു കാരണമായി സംസ്ഥാനം ഭരിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

15-ാം ധനകമ്മിഷന്‍ പറയുന്നതനുസരിച്ച് രാജ്യത്തെ മൊത്തം ചെലവിന്റെ (ദേശീയ ചെലവ്) 62 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. അതേസമയം, മൊത്തം റവന്യൂ വരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 37 ശതമാനം മാത്രം. അതായത്, മൊത്തം റവന്യൂ വരുമാനത്തിന്റെ 63 ശതമാനവും യൂണിയന്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരിക്കുന്നു. നികുതി വരുമാനത്തിന്റെ 41 ശതമാനം യൂണിയന്‍ ഗവണ്‍മെന്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍, 2021'22-ലെ പുതുക്കിയ കണക്കുപ്രകാരം ഇത് യഥാര്‍ത്ഥത്തില്‍ 30 ശതമാനത്തില്‍ താഴെയാണ്. നികുതി വരുമാനത്തിലെ സെസുകളും സര്‍ചാര്‍ജ്ജും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കില്ല. അതായത് സംസ്ഥാന വിഹിതം കുറയുന്നു. 2021-'22-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം നികുതി വരുമാനത്തില്‍ 23 ശതമാനം സെസും സര്‍ചാര്‍ജ്ജുമാണ്. 2009'10 കാലത്ത് ഇത് 6.5 ശതമാനമായിരുന്നു. അതായത്, 12 വര്‍ഷത്തിനിടെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത കേന്ദ്രനികുതി വരുമാനം നാലിരട്ടി വര്‍ദ്ധിച്ചുവെന്നര്‍ത്ഥം.

ഇങ്ങനെ കേന്ദ്രത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ വിഹിതങ്ങളും സഹായങ്ങളുമെല്ലാം കുറയ്ക്കുന്നു. വിശേഷിച്ചും ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ. ഇതാണ് സംസ്ഥാന ഗവണ്‍മെന്റിനെ നയിക്കുന്നവരുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും വാദം. 
എന്നാല്‍, ഇന്ന് രാജ്യത്തു നിലവിലുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പ്രകാരം കേന്ദ്ര നികുതികളില്‍നിന്നും ഗ്രാന്റുകള്‍ വഴിയായും ഉള്ള വിഭവങ്ങളുടെ ഒഴുക്ക് താരതമ്യേന ദരിദ്ര സംസ്ഥാനങ്ങളിലേയ്ക്കാകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് ഡോ. ജോസ് സെബാസ്റ്റ്യനെ പോലുള്ള ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷി സംബന്ധമായ സൂചകങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് ഒരേ നിലവാരത്തിലാക്കുക എന്നതാണ് കേന്ദ്ര ധനകാര്യ കമ്മിഷനുകളുടെ ആത്യന്തിക ലക്ഷ്യമെന്നതാണ് കാരണം. അതുകൊണ്ടുതന്നെ, 'ബിമാരു സംസ്ഥാനങ്ങള്‍' എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ബീഹാര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് യൂണിയന്‍ ഗവണ്‍മെന്റില്‍നിന്നും കൂടുതല്‍ വിഭവങ്ങള്‍ ഒഴുകുന്നത് സ്വാഭാവികമാണ്. മാനവ വികസന സൂചികകളിലും ജീവിത ഗുണനിലവാരത്തിലും ഒക്കെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തിനു കേന്ദ്രത്തില്‍ നിന്നുള്ള വിഭവങ്ങള്‍ കുറഞ്ഞുവരുന്നതില്‍ അതുകൊണ്ടു അത്ഭുതമില്ലായെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് അദ്ദേഹം.


സംസ്ഥാനങ്ങള്‍ സാമന്തന്മാരല്ല

എം. ഗോപകുമാര്‍ 

സംസ്ഥാനത്തിന്റെ ആരോഗ്യ ബജറ്റ് 10,000 കോടി രൂപയാണ്. ദേശീയ ആരോഗ്യ ബജറ്റ് എന്ന കേന്ദ്ര പദ്ധതിയില്‍ നമുക്കു കിട്ടുന്നത് 361 കോടി രൂപയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ബജറ്റ് 28,000 കോടി രൂപ. എസ്.എസ്.എ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കേന്ദ്രവിഹിതം 600 കോടി രൂപ. നമ്മുടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും പള്ളിക്കൂടത്തിനും അവരുടെ നിറവും പടവും ഇട്ടില്ല എന്നു പറഞ്ഞ് ഇതുപോലും തടഞ്ഞുവെയ്ക്കുന്നതാണ് മോദി ഗവണ്‍മെന്റിന്റെ രീതി. പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതവും കേന്ദ്രവിഹിതവും കേരളം ചെലവിടണം. നിറവും പടവും പറഞ്ഞു തടയുന്ന കുരുക്കാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സൃഷ്ടിക്കുന്നത്. 
മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടാം. ഈ സാമ്പത്തിക വര്‍ഷം 2023 സെപ്തംബര്‍ വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകള്‍ പ്രകാരം, പ്രധാന സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തില്‍ സംസ്ഥാനങ്ങളുടെ തനതു വരുമാനവും കേന്ദ്രനികുതിയും ഗ്രാന്റും വഴിയുള്ള കൈമാറ്റവും എത്ര വരുമെന്നത് കണക്കുകൂട്ടുക. എന്നിട്ട് അതില്‍ കേന്ദ്ര കൈമാറ്റത്തിന്റെ ശതമാനം ശ്രദ്ധിക്കുക. പശ്ചിമ ബംഗാള്‍-49. 4 ശതമാനം, ബീഹാര്‍ 42.8 ശതമാനം, രാജസ്ഥാന്‍ 40.8 ശതമാനം, ആന്ധ്ര 40.2 ശതമാനം, ഉത്തര്‍പ്രദേശ് 35.7 ശതമാനം, ഒഡീഷ 36.3 ശതമാനം, പഞ്ചാബ് 33.8 ശതമാനം, ഗുജറാത്ത് 30.1 ശതമാനം, തമിഴ്നാട് 26.1 ശതമാനം. കേരളത്തിന് ഈ കാലയളവില്‍ നമ്മുടെ റവന്യൂ വരുമാനത്തിന്റെ 18 ശതമാനം മാത്രമാണ് നികുതിവിഹിതമായും ഗ്രാന്റായും കിട്ടിയ കേന്ദ്രവിഹിതം. ആകെ റവന്യൂ വരുമാനമായ 45,540 കോടി രൂപയില്‍ 38,509 കോടി രൂപയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5588 കോടി രൂപയും ഗ്രാന്റായി 44.41 കോടി രൂപയുമാണ് ആകെ കേന്ദ്ര കൈമാറ്റമായി വന്നത്. റവന്യൂ വരുമാനത്തിന്റെ 82 ശതമാനവും നമ്മുടെ തനതു വരുമാനമാണ്. കര്‍ണാടകയാണ് സമാനമായ സ്ഥിതി നേരിടുന്ന സംസ്ഥാനം. നികുതി വിഹിതത്തിലും ഗ്രാന്റിലും സംസ്ഥാനത്തോട് ശത്രുതാപരമായ വിവേചനമാണ് മോദി ഗവണ്‍മെന്റിന്റേത്. ഇവിടെനിന്നും യൂണിയന്‍ ഗവണ്‍മെന്റ് പിരിക്കുന്ന നികുതിയുടെ വിഹിതമല്ലേ സംസ്ഥാന ഗവണ്‍മെന്റ് ചോദിക്കുന്നത്. ആരുടേയും ഔദാര്യമൊന്നുമല്ലല്ലോ.


ധനകാര്യ പ്രതിസന്ധിക്കു കാരണം കേന്ദ്രനയങ്ങള്‍

സന്തോഷ് ടി. വര്‍ഗ്ഗീസ് 

നതു വിഭവസമാഹരണം, കേന്ദ്രനികുതി വിഹിതം, സവിശേഷ ധനസഹായം എന്നിവയാണ് സംസ്ഥാനങ്ങളുടെ സുപ്രധാന വരുമാന ഉറവിടങ്ങള്‍. നികുതിശേഖരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അര്‍ഹമായ കേന്ദ്രനികുതിവിഹിതം തരാതിരിക്കുന്നതുകൊണ്ടും സവിശേഷ ധനസഹായത്തില്‍ വെട്ടിക്കുറവ് വരുത്തുന്നതുകൊണ്ടും നമ്മുടെ വായ്പാപരിധിയില്‍ കിഫ്ബിയടക്കമുള്ള പദ്ധതികള്‍ കൊണ്ടുവന്നതുമാണ് പ്രതിസന്ധിക്കു കാരണമായത്. ധനകാര്യ കമ്മിഷന്‍ വഴി ലഭിക്കുന്ന വിഹിതത്തില്‍ കാര്യമായ കുറവു വന്നു. 1971-ലെ ജനസംഖ്യാ കണക്കനുസരിച്ച് 3.9 ശതമാനമാണ് ലഭിച്ചിരുന്നത്. പത്താം ധനകമ്മിഷന്‍ സംസ്ഥാനത്തിനു നിശ്ചയിച്ച കേന്ദ്രവിഹിതം 3.9 ശതമാനമായിരുന്നു.  തമിഴ്നാടിന് 6.6 ശതമാനവും കര്‍ണാടകത്തിന് 5.3 ശതമാനവും അനുവദിച്ചു. 15-ാം ധന കമ്മിഷനായപ്പോഴേക്കും കേരളത്തിന്റെ വിഹിതം 1.9 ശതമാനമായും തമിഴ്നാടിന് 4.1 ശതമാനമായും കര്‍ണാടകത്തിനു 3.7 ശതമാനമായും കുറഞ്ഞു. കേരളത്തിനു പകുതിയിലേറെ കുറവാണ് വന്നത്. 
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കാര്യത്തിലും മോദി ഗവണ്‍മെന്റ് ഉദാസീന സമീപനമാണ് കൈക്കൊള്ളുന്നത്. കൃത്യമായ സമയത്തു വിഹിതം തരാതേയും വെട്ടിക്കുറവു വരുത്തിയും മറ്റും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com