ഫലവത്താകുമോ ഇന്ത്യ മുന്നണി

ഭോപ്പാലിനു പകരം ആദ്യ റാലി എവിടെയെന്ന് ഇന്ത്യ മുന്നണി ഇനിയും തീരുമാനിച്ചിട്ടില്ല
ഫലവത്താകുമോ ഇന്ത്യ മുന്നണി

ങ്കത്തിനു മുന്‍പേ പോര്‍ത്തട്ടില്‍ എടുത്തടിയും ഏറുകളും അടിതട ചവിട്ടുമൊക്കെ തുടങ്ങി. ഒറ്റച്ചുവടും കൂട്ടച്ചുവടുമായി ബി.ജെ.പിയെ നേരിടാനൊരുങ്ങിയ ഇന്ത്യ മുന്നണിക്ക് കാര്യങ്ങള്‍ പിഴയ്ക്കുന്നുണ്ടോ? പഴുതടച്ച പ്രതിരോധത്തിലൂടെ, കൂട്ടുത്തരവാദിത്വത്തോടെ ഹിന്ദുവലതു വര്‍ഗ്ഗീയതയെ നേരിടാന്‍ പ്രാപ്തമാണോ 23 പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ മുന്നണി? ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ (ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്ന പ്രചാരണ മുദ്രാവാക്യത്തിലൊതുങ്ങുമോ മുന്നണിയുടെ ഊര്‍ജ്ജം? നിതീഷ് കുമാറിനു പിന്നാലെ ജമ്മു - കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ്  നേതാവായ ഒമര്‍ അബ്ദുള്ളയുമാണ് മുന്നണിയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായ രീതിയിലല്ലെന്ന് പരസ്യപ്രസ്താവന നടത്തിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമെന്ന് ഏവരും വിശേഷിപ്പിക്കുന്ന മത്സരമാണ് അഞ്ച് സംസ്ഥാനങ്ങളിലായി ഇപ്പോള്‍ നടന്നത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റേയും ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന സഖ്യത്തിന്റേയും ശക്തിയളക്കുന്ന പ്രധാന പോരാട്ടമാണ് ഇത്.

ശോഷിച്ച പാര്‍ട്ടി അടിത്തറയും നേതൃത്വവുമായി ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന കോണ്‍ഗ്രസ്സിന്റെ തിരിച്ചറിവില്‍നിന്നാണ് ഇന്ത്യ മുന്നണി രൂപീകരണത്തിന്റെ തുടക്കം. ശക്തി തെളിയിച്ച സ്വന്തം സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്കും ബി.ജെ.പി വെല്ലുവിളിയായതോടെയാണ് 23 പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യത്തിനു രൂപം നല്‍കിയത്. ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ മോദിയേയോ ബി.ജെ.പിയോ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇവരൊന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. പേര് തന്നെയായിരുന്നു ആദ്യ വിവാദം. 'ഇന്ത്യ' എന്ന പേരിലൂടെ ഈ മുന്നണി ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ടെന്നും അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം. ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷം പരാജയപ്പെട്ട അവശരായ പ്രതീക്ഷയറ്റ കൂട്ടമാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തവരാണ് ഇന്ത്യ മുന്നണിയെന്ന് അമിത്ഷായും വിമര്‍ശിച്ചു. സാധാരണ പ്രതിപക്ഷ പാര്‍ട്ടികളെ അവഗണിച്ച് ഇല്ലാതാക്കുന്നതാണ് ബി.ജെ.പിയുടെ രീതി. എന്നാല്‍, ഇന്ത്യ മുന്നണിയുടെ കാര്യത്തില്‍ അവരെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ബി.ജെ.പി തുടങ്ങി. മതേതര ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തില്‍ ബി.ജെ.പി ഭയക്കുന്നു എന്നതിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടാന്‍ തുടങ്ങി. 

''സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുന്നണിയാണ് ഇന്ത്യ. രാജ്യ സംസ്‌കാരത്തിനും പൗരന്മാര്‍ക്കും അത് ഭീഷണിയാണ്''- സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് മോദി പ്രതികരിച്ചതിങ്ങനെ. പിന്നീടങ്ങോട്ട് ഓരോ വിവാദങ്ങളിലൂടെയും ഇന്ത്യ മുന്നണിയേയും അതിലെ പാര്‍ട്ടികളേയും നേരിട്ട് ആക്രമിക്കുകയായിരുന്നു ബി.ജെ.പിയും മോദിയും. ഘമാണ്ഡിയ സഖ്യം എന്നവര്‍ അതിനു വിളിപ്പേര് നല്‍കി. 'ഘമാണ്ഡിയ' എന്നാല്‍, അഹങ്കാരം. ''ഘമാണ്ഡിയ സഖ്യത്തിലെ പാര്‍ട്ടികളെല്ലാം 'പരിവാര്‍വാദികള്‍' ആണ്. ചിലര്‍ക്ക് മകനെ പ്രധാനമന്ത്രിയാക്കണം, ചിലര്‍ക്ക് മകനെ അന്വേഷണ ഏജന്‍സികളില്‍നിന്നു രക്ഷിക്കണം. ചിലര്‍ക്കു മകനെ മുഖ്യമന്ത്രിയാക്കണം. ചിലര്‍ക്ക് മാഡത്തിന്റെ വിശ്വസ്തരാകണം'' എന്നിങ്ങനെയായിരുന്നു അമിത്ഷായുടെ വിമര്‍ശനം.


മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതായിരുന്നു ഇന്ത്യ മുന്നണിയുടെ ആദ്യ നീക്കം. മിസ്റ്റര്‍ മോദി, നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ 'ഇന്ത്യ'യാണ്. മണിപ്പൂരിന്റെ മുറിവുണക്കും. അതുവഴി അവിടുത്തെ സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണീരൊപ്പും. മണിപ്പൂരില്‍ സ്‌നേഹവും സന്തോഷവും പുനഃസ്ഥാപിക്കും. മണിപ്പൂരില്‍ 'ഇന്ത്യ' എന്ന ആശയം പുനര്‍നിര്‍മ്മിക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. കറുത്ത വസ്ത്രമണിഞ്ഞും കരിങ്കൊടികളുയര്‍ത്തിയും ഇന്ത്യ മുന്നണി അംഗങ്ങള്‍ പാര്‍ലമെന്റിലെത്തി. അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ മൗനം പാലിച്ചിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ നിര്‍ബ്ബന്ധിതനായത് ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ വിജയമായി പ്രതിപക്ഷം കണക്കുകൂട്ടുന്നു.


യഥാര്‍ത്ഥത്തില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതകളും അപ്പോള്‍ത്തന്നെ തുടങ്ങിയിരുന്നു. ഇതിനിടയില്‍ ഗുജറാത്തില്‍ ആംആദ്മി സഖ്യം പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് അത് തള്ളിക്കളഞ്ഞു. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലത്തിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞതോടെ ആംആദ്മി അടുത്ത ഇന്ത്യ യോഗത്തിനുണ്ടാകുന്ന കാര്യം പുനഃപരിശോധിക്കേണ്ടിവരുമെന്നും വ്യക്തമാക്കി. 

ഭിന്നസ്വരങ്ങളുടെ കൂട്ടായ്മയില്‍ പൊട്ടിത്തെറികള്‍ പ്രതീക്ഷിതമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ള പാര്‍ട്ടികള്‍ തമ്മിലുള്ള ചേര്‍ച്ചക്കുറവും ഉരസലുമൊക്കെ ഏവരും പ്രതീക്ഷിച്ചിരുന്നു. നാലു മാസത്തിനുശേഷം രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതാണ് ഇന്ത്യ മുന്നണിക്ക് ആവേശം പകര്‍ന്ന മറ്റൊരു സംഭവം. ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറങ്ങിയ ശേഷം പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി അംഗങ്ങള്‍ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതോടെ, കേന്ദ്ര സര്‍ക്കാരിനെതിരായ അടുത്ത പോരാട്ടത്തിനു തയ്യാറെടുപ്പുമായി ഇന്ത്യ തയ്യാറെടുത്തു. കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി ഉന്നയിക്കാവുന്ന കൂടുതല്‍ വിഷയങ്ങള്‍ കണ്ടെത്തി അവയില്‍ സംയുക്ത പ്രക്ഷോഭം നടത്താനായിരുന്നു നീക്കം. 

ഇതിനിടെ 'ഇന്ത്യ' എന്ന പേരുമാറ്റി 'ഭാരതം' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ജി20 ഉച്ചകോടിയില്‍ 'ഭാരത്' എന്നെഴുതിയ നെയിം പ്ലേറ്റാണ് പ്രധാനമന്ത്രി ധരിച്ചത്. ജി20 നേതാക്കള്‍ക്കുള്ള അത്താഴവിരുന്നിലേക്ക് 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയ ക്ഷണക്കത്താണ് നല്‍കിയത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരതം' എന്നാക്കി മാറ്റാന്‍ എന്‍.സി.ഇ.ആര്‍.ടി സമിതി ശുപാര്‍ശ ചെയ്തു. ഇതിനിടെ, പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേരു നല്‍കിയതില്‍ ഇടപെടാനാകില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഇതുകൊണ്ടൊന്നും ഇന്ത്യ മുന്നണിയോടുള്ള ബി.ജെ.പിയുടെ പരിഹാസം അവസാനിച്ചില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ ബി.ജെ.പി പരിഹസിച്ചത് ദുരന്തത്തിലേക്കുള്ള ടിക്കറ്റ് എന്നാണ്.

ഇതിനിടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായോ 'ഇന്ത്യ' മുന്നണിയുമായോ സഖ്യത്തിനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ പ്രമേയം പാസ്സാക്കിയാണ് ഇന്ത്യ മുന്നണിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗം പിരിഞ്ഞത്. എന്നാല്‍, സീറ്റ് വിഭജനം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി, ആര്‍.ജെ.ഡി, സമാജ്വാദി, ജനതാദള്‍ പാര്‍ട്ടികള്‍ അതൃപ്തരായിരുന്നു. യോഗത്തില്‍, സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ എത്രയും വേഗത്തില്‍ തീരുമാനം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. പിന്നാലെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 440 സീറ്റില്‍ ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ 'ഇന്ത്യ' മുന്നണി തീരുമാനിച്ചു. 

ബി.ജെ.പി ഭരണപക്ഷമോ മുഖ്യ പ്രതിപക്ഷമോ ആയ സംസ്ഥാനങ്ങളിലാണ് മുന്നണി പൊതു സ്ഥാനാര്‍ത്ഥിയുണ്ടാകുക. കേരളത്തിലും പഞ്ചാബിലും പൊതു സ്ഥാനാര്‍ത്ഥികളുണ്ടാകില്ല. ബംഗാളില്‍ തങ്ങളുടെ ആളുകളെ പൊതു സ്ഥാനാര്‍ത്ഥികളാക്കണമെന്ന തൃണമൂലിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് അനുകൂലമാണ്. എന്നാല്‍, സി.പി.എം ഇത് അംഗീകരിച്ചിട്ടില്ല. ഇങ്ങനെ വന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നൂറിലധികം സീറ്റുകളില്‍ പൊതു സ്ഥാനാര്‍ത്ഥികളുണ്ടായേക്കില്ല.

ജാതി സെന്‍സസ് സംബന്ധിച്ച വിഷയത്തിലും കക്ഷികള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ജെ.ഡി.യു, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവ ജാതി സെന്‍സസ് ആവശ്യവുമായി മുന്നോട്ടു വന്നപ്പോള്‍, മമത ബാനര്‍ജി ഇതില്‍ നിലപാടു വ്യക്തമാക്കിയില്ല. ജൂലൈയില്‍ ബംഗളൂരുവില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ ജാതി സെന്‍സസിന് അനുകൂലമായ പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനിടെ, ഒരു കൂട്ടം ടെലിവിഷന്‍ പരിപാടികളും ടെലിവിഷന്‍ അവതാരകരേയും ബഹിഷ്‌കരിക്കാന്‍ മുന്നണി തീരുമാനിച്ചു. ബഹിഷ്‌കരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടേയും അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയും പട്ടിക പ്രതിപക്ഷ നേതാക്കള്‍ പുറത്തിറക്കി. ഇതിനിടെ ഏകോപന സമിതിയുടെ രൂപീകരണത്തിലും അഭിപ്രായ വ്യത്യാസം പ്രകടമായി. സി.പി.എമ്മാണ് ഭിന്നത അറിയിച്ചത്. ഒരു മുന്നണിയുടെ രൂപഘടനയിലേക്കും സംഘടിത സംവിധാനത്തിലേക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ഈ ഘട്ടത്തില്‍ പോകേണ്ടതില്ല എന്നാണ് സി.പി.എം നിലപാട്. 

ഓരോ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരം. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു മുന്നണി സംവിധാനം ആവശ്യമില്ലെന്നാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്. ഭോപ്പാലില്‍ റാലി സംഘടിപ്പിക്കാനുള്ള ഏകോപന സമിതിയുടെ തീരുമാനത്തെ, സമിതി അംഗമല്ലാത്ത കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എതിര്‍ത്തതും സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന പരാമര്‍ശം മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക മൂലമാണ് കമല്‍നാഥ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഏകോപനസമിതിയുടെ തീരുമാനത്തെ ഇത്തരത്തില്‍ നേതാക്കള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സമിതിയുടെ പ്രസക്തിയെന്താണെന്ന് സി.പി.എം ചോദിക്കുന്നു. 

ജാതി രാഷ്ട്രീയവും മുന്നണിയും 

യു.പി, ബിഹാര്‍ അടക്കം ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളിലെ ഒ.ബി.സി (ഇതര പിന്നാക്ക വിഭാഗം) വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കു പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയും കോണ്‍ഗ്രസ്സും വേഗം കൂട്ടിയിട്ടുണ്ട്. ജാതി സെന്‍സസ്, ഒ.ബി.സികളുടെ സംവരണപരിധി ഉയര്‍ത്തല്‍ എന്നിവയ്ക്കു പുറമേ, വനിതാ സംവരണത്തില്‍ ഒ.ബി.സികള്‍ക്കു പ്രത്യേക സംവരണം വേണമെന്ന ആവശ്യവും ഉന്നയിച്ച പ്രതിപക്ഷം ബി.ജെ.പിയെ വീഴ്ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായാണ് ജാതി രാഷ്ട്രീയത്തെ കാണുന്നത്. അതേസമയം, ജാതി രാഷ്ട്രീയം ബംഗാളിലെ മുന്നാക്ക ഹിന്ദുവോട്ടുകള്‍ എതിരാക്കുമെന്നു കണക്കുകൂട്ടുന്ന തൃണമൂല്‍ അതില്‍ തൊടുന്നില്ല. ഒ.ബി.സികളെ കാര്യമായി ഗൗനിക്കാതെ പതിറ്റാണ്ടുകളോളം പയറ്റിയ രാഷ്ട്രീയത്തില്‍നിന്നു കോണ്‍ഗ്രസ് വ്യതിചലിക്കുന്നുവെന്നതാണ് പ്രതിപക്ഷ നിരയിലുണ്ടായ ഏറ്റവും വലിയ മാറ്റം. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 54 ശതമാനത്തോളമുള്ള ഒ.ബി.സികളെ ചേര്‍ത്തുനിര്‍ത്താതെ ദേശീയ രാഷ്ട്രീയത്തില്‍ ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലെന്നു വിലയിരുത്തിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ സുഖ്പാല്‍ സിങ് ഖൈറയെ അറസ്റ്റ് ചെയ്തത് ഇന്ത്യ മുന്നണി മര്യാദയ്ക്കു നിരക്കാത്ത നടപടിയായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, മുന്നണിയില്‍നിന്നു തങ്ങള്‍ വിട്ടുപോകില്ലെന്നും സഖ്യധര്‍മ്മം പാലിക്കുമെന്നുമാണ് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. മുംബൈ സമ്മേളനം വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീങ്ങിയതാണ്. മുന്നണിയുടെ ആദ്യ മഹാറാലി ഭോപ്പാലില്‍ നടത്താമെന്ന് ഏകോപന സമിതി തീരുമാനിച്ചു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്‍നാഥാണ് ആ തീരുമാനം അട്ടിമറിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് മോഡല്‍ നടപ്പാക്കി ബി.ജെ.പിയെ തോല്‍പ്പിക്കാമെന്ന ഉറപ്പിലാണ് കമല്‍നാഥ്. അത്തരമൊരു സാഹചര്യത്തിലേക്ക്, സനാതന ധര്‍മ്മ വിരുദ്ധത പറയുന്നവരെയൊക്കെ കൂട്ടി മുന്നണി വന്നാല്‍ അത് തിരിച്ചടിയാകുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആ വാദത്തിനു വഴങ്ങിയതോടെ 'ഇന്ത്യ'യ്ക്ക് അത് അംഗീകരിക്കേണ്ടിവന്നു. 

ഭോപ്പാലിനു പകരം ആദ്യ റാലി എവിടെയെന്ന് ഇന്ത്യ മുന്നണി ഇനിയും തീരുമാനിച്ചിട്ടില്ല. ഇതിനിടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ '80-ല്‍ 65 സീറ്റില്‍ സമാജ്വാദി പാര്‍ട്ടി മത്സരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ ഭാഗമായി സംസ്ഥാനത്തു ചുരുങ്ങിയത് 20 സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കവേ ആയിരുന്നു അഖിലേഷിന്റെ ഈ നിലപാട്. ബാക്കിയുള്ള 15 സീറ്റ് കോണ്‍ഗ്രസ്സിനും ആര്‍.എല്‍.ഡിക്കും അപ്നാദളിനും (കൃഷ്ണ പട്ടേല്‍ വിഭാഗം) നല്‍കാമെന്ന അഖിലേഷിന്റെ വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിക്കാന്‍ എസ്.പി താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ്സുമായുള്ള സീറ്റ് ചര്‍ച്ച ഫലം കണ്ടിരുന്നില്ല. മധ്യപ്രദേശില്‍ സീറ്റ് നല്‍കാന്‍ വിമുഖത കാട്ടിയ കോണ്‍ഗ്രസ്സിനുള്ള തിരിച്ചടിയായാണ് അഖിലേഷിന്റെ നീക്കം. പകരത്തിനു പകരം! ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് ശരദ് പവാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. 


ബംഗാളില്‍ ഇടതുപക്ഷവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കരുതെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. സി.പി.എം ഏകോപനസമിതിയില്‍നിന്നു വിട്ടുനില്‍ക്കുമ്പോള്‍ സി.പി.ഐ അതിന്റെ ഭാഗമാണ്. എല്ലാ സമിതിയിലും പങ്കെടുക്കുമെന്നും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സി.പി.ഐ പറയുന്നു. 'ഇന്ത്യ' മുന്നണിയെക്കാള്‍ കോണ്‍ഗ്രസ്സിനു താല്‍പ്പര്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ തുറന്നടിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രതിപക്ഷ മുന്നണിക്കു പുരോഗതിയുണ്ടാകുന്നില്ലെന്നും ഐക്യനീക്കങ്ങള്‍ നടക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു. കോണ്‍ഗ്രസ്സിനെ മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ്സിനു മുന്നണിയെക്കുറിച്ചു ചിന്തയില്ലെന്നാണ് നിതീഷിന്റെ ആരോപണം. 

കൂട്ടുകക്ഷി ഭരണ ചരിത്രം 

1977 മുതല്‍ 1999 വരെയുള്ള ഘട്ടം കൂട്ടുകക്ഷി സര്‍ക്കാരുകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ കാലഘട്ടമായിരുന്നു. 1980-'89 കാലയളവിലെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, '91-'96-ലെ നരസിംഹറാവു എന്നീ സര്‍ക്കാരുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഏഴ് കൂട്ടുകക്ഷി സര്‍ക്കാരുകളാണ് കാലാവധി പൂര്‍ത്തിയാക്കാതെ പോയത്. ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൊറാര്‍ജി ദേശായ് ഭരിച്ചത് രണ്ട് വര്‍ഷം നാല് മാസവും മാത്രമാണ്. ജനതാ പാര്‍ട്ടി (സെക്കുലര്‍)ക്കാരനായ ചരണ്‍ സിങ് ഏകദേശം 20 ദിവസം കഷ്ടിച്ച് പിടിച്ചുനിന്നു. വി.പി. സിങ് നയിച്ച ജനതാദള്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നാലെയെത്തിയ ചന്ദ്രശേഖറിന്റെ സമാജ്വാദി ജനതാ പാര്‍ട്ടിക്ക് ഏഴു മാസം മാത്രമാണ് നിലനിന്നത്. ജനതാദള്‍ - ദേവഗൗഡ-10 മാസം, ജനതാദള്‍ - ഗുജ്റാള്‍-11 മാസം, എന്‍.ഡി.എ വാജ്പേയി- ഒരു വര്‍ഷം ഏഴ് മാസം എന്നിങ്ങനെയാണ് പിന്നീടെത്തിയവരുടെ അധികാര കാലയളവ്. ഇതിനിടയില്‍ 16 ദിവസം മാത്രം നീണ്ടുനിന്ന ഒരു ബി.ജെ.പി വാജ്പേയി സര്‍ക്കാരുമുണ്ട്. പിന്നീട് 1999-2004-ലെ എന്‍.ഡി.എ വാജ്പേയി സര്‍ക്കാര്‍, 2004-'09-ലേയും 2009-'14-ലേയും യു.പി.എ മന്‍മോഹന്‍ സിങ് സര്‍ക്കാരുകള്‍, 2014 മുതല്‍ മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരുകള്‍ എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ യാഥാര്‍ത്ഥ്യമായിരുന്നു. അതായത് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുമെന്ന കാലം കഴിഞ്ഞെന്നതായിരുന്നു അത്. 
എന്നാല്‍, 2019-ല്‍ 436 മണ്ഡലങ്ങളില്‍ 300 സീറ്റുകള്‍ ബി.ജെ.പി നേടി. പകുതിയിലധികം മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ടു വിഹിതം പാര്‍ട്ടിക്ക് നേടാനുമായി. 1984-നുശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് നേടിയതാണ് ഈ വോട്ടു വിഹിതം. ഒരു കൂട്ടുകക്ഷി മുന്നണിയിലൂടെയല്ലാതെ ഒറ്റയ്ക്ക് ഭരിക്കാമെന്നത് ബി.ജെ.പി ഇപ്പോള്‍ സ്വപ്നം കാണുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com