ഇങ്ങോട്ട് വിളിച്ച് പണം കടം തരും; പല ഇരട്ടി തിരിച്ചടച്ചാലും എവിടെയോ ഇരുന്നു ചോദ്യങ്ങള്‍, ഭീഷണി...

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നമ്മുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലും ക്യാമറയിലും ഗ്യാലറിയിലും ഉള്‍പ്പെടെ കയറാന്‍ അനുമതി ചോദിക്കുന്നത് എന്തിനാണ് എന്ന് ആലോചിക്കാതെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്
ഇങ്ങോട്ട് വിളിച്ച് പണം കടം തരും; പല ഇരട്ടി തിരിച്ചടച്ചാലും എവിടെയോ ഇരുന്നു ചോദ്യങ്ങള്‍, ഭീഷണി...

ടക്കെണിയുടെ പല ഘട്ടങ്ങള്‍ നേരിട്ട കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഇതൊരു പുതിയ ഘട്ടമാണ്. ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വഴി കടമെടുക്കുന്നവര്‍ പല ഇരട്ടി തിരിച്ചടച്ചിട്ടും പിന്നെയും എവിടെയോ ഇരുന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുന്നവരുടെ ഇരകളായി മാറുന്നു. ഒരു വായ്പയുടെ പേരില്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്ര ക്രൂരമായി വേട്ടയാടുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം? തല വെട്ടിയൊട്ടിച്ച നഗ്‌നചിത്രം പ്രചരിച്ചാല്‍ മാനം പോകുമെന്ന് പേടിക്കുന്നവര്‍ക്ക് കേരളം നല്‍കേണ്ട കരുതല്‍ ഏതുവിധം?
...

ഇങ്ങോട്ടു വിളിച്ച് ആവശ്യക്കാര്‍ക്ക് പണം കടം തന്നിട്ട് അമിത തിരിച്ചടവ് മുടങ്ങിയപ്പോള്‍ നഗ്‌നചിത്രങ്ങളില്‍ തലമാറ്റി ഒട്ടിച്ച് അയച്ചു ഭീഷണിപ്പെടുത്തിയവര്‍ക്ക് തിരുവനന്തപുരത്തെ തീരദേശ ജനത കൊടുത്ത കിടിലന്‍ പണിയാണ് മറുപടി. ആശയം പൊലീസിന്റേത്; ഗംഭീരമായി നടപ്പാക്കിയത് സ്ത്രീകളുടേയും വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും കൂട്ടായ്മകള്‍. വാങ്ങിയ പണവും കൂടുതലും തിരിച്ചുകൊടുത്തിട്ടും വലിയ പലിശ ചേര്‍ത്ത് പിന്നെയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു; അങ്ങനെ കൊടുക്കാതിരുന്നപ്പോഴാണ് ഭീഷണി തുടങ്ങിയത്. ഇതോടെ ഇതേ ലോണ്‍ ആപ്പുകളില്‍നിന്ന് പ്രദേശത്തെ നിരവധിയാളുകള്‍ വായ്പയെടുക്കാന്‍ തുടങ്ങി; പക്ഷേ, തിരിച്ചടച്ചില്ല. ചോദ്യവും പറച്ചിലും പതിവു ഭീഷണിയുമായപ്പോള്‍ നാട്ടുകാര്‍ ഒന്നൊന്നായി പൊലീസില്‍ പരാതി കൊടുത്തു. ഭാര്യയുടേയും മകളുടേയും മറ്റും നഗ്‌നചിത്രങ്ങള്‍ നാട്ടുകാര്‍ക്ക് അയയ്ക്കുമെന്ന സന്ദേശം വന്ന വാട്സാപ്പ് നമ്പറുകളിലേക്ക് ഈ പരാതികള്‍ക്ക് പൊലീസ് നല്‍കിയ രസീതാണ് തിരിച്ചുകൊടുത്തത്. ഫോട്ടോ ഇട്ടോ, ഞങ്ങള്‍ ബാക്കി നോക്കിക്കൊള്ളാം എന്നു തന്റേടത്തോടെ പറയുകയും ചെയ്തു. പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ട് എന്ന സന്ദേശവും കൊടുത്തു. ഇതൊരു 'മാസ് മൂവ്മെന്റ്' ആയതോടെ തട്ടിപ്പുകാര്‍ പെട്ടു. ഭീഷണി വിളികളും സന്ദേശങ്ങളും നിന്നു. ക്രമേണ പരാതികള്‍ കുറഞ്ഞുവരികയും ചെയ്തു. ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ തിരുവനന്തപുരം സിറ്റിലെ ക്രമസമാധാന ചുമതലയുള്ള മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ വി. അജിത്തും സഹപ്രവര്‍ത്തകരുമാണ് പ്രതിസന്ധിഘട്ടത്തില്‍ നാട്ടുകാര്‍ക്ക് ധൈര്യം കൊടുത്തു കൂടെ നിന്നത്. പൊലീസിന്റെ ഉപദേശമനുസരിച്ചു മാത്രമാണ് ഓരോ ഘട്ടത്തിലും ആളുകള്‍ പ്രവര്‍ത്തിച്ചത്. വിളികള്‍ വന്ന നമ്പറുകളുടെ വിലാസം ഝാര്‍ഖണ്ഡിലും യു. പിയിലും മറ്റുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഓണ്‍ലൈന്‍ വായ്പാ സംഘങ്ങളും അവരുടെ ചതിക്കുഴികളും കേരളത്തില്‍ നിരവധി ആളുകളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും പലരുടേയും ജീവനെടുക്കുകയും ചെയ്യുമ്പോഴാണ് 'ഈ മാതൃക' പ്രസക്തമാകുന്നത്. മുഖമില്ലാത്ത, നേരിട്ടു വരാത്തവരുടെ നിയമവിരുദ്ധ ഇടപെടലുകളെ ചെറുത്തുതോല്‍പിക്കാനൊരു വഴി പരീക്ഷിച്ചു വിജയിക്കുകയായിരുന്നു അവര്‍. പക്ഷേ, എല്ലായിടത്തും എപ്പോഴും ഈ രീതി വിജയിക്കണമെന്നില്ല; പരീക്ഷിക്കാന്‍ പോലും സാവകാശം കിട്ടണമെന്നുമില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പലതരം ഇരകളുടെ കണ്ണീര്‍ വീഴുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍, പരിചയമില്ലാത്തവര്‍ക്ക് സ്വന്തം വ്യക്തിഗത വിവരങ്ങളും അവയുടെ രേഖകളും ഫോണ്‍വഴി നല്‍കി പണം സ്വീകരിക്കാന്‍ തയ്യാറാകുന്നതിന്റെ കൂടുതല്‍ ദുരന്തഫലങ്ങള്‍ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്നതേയുള്ളു.

കേരളത്തിലെ നിരവധി കുടുംബങ്ങളെ വേട്ടയാടുകയും ജീവനെടുക്കുകയും ചെയ്ത ബ്ലേഡ് മാഫിയക്കെതിരെ കുറേയൊക്കെ ശക്തമായ നടപടികളെടുക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നു. ഒരു വശത്ത് പൊലീസും ബ്ലേഡുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടിനെക്കുറിച്ചുള്ള പരാതികള്‍ വരുമ്പോഴും ബഹുഭൂരിപക്ഷം അങ്ങനെയായിരുന്നില്ല. അവര്‍ ശക്തമായ നിയമനടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ഓപ്പറേഷന്‍ കുബേരപോലുള്ള നടപടികള്‍ ഉദാഹരണം. പക്ഷേ, പഴയതുപോലെ വ്യാപകമല്ലെങ്കിലും ബ്ലേഡുകാര്‍ ഇപ്പോഴും കേരളത്തില്‍ സജീവമാണ്; ഭീഷണിയും ഗൂണ്ടായിസവുമൊക്കെ ഇടയ്‌ക്കെങ്കിലും പുറത്തുവരുന്നുമുണ്ട്. 

കടമക്കുടിയിൽ ആത്മഹത്യ ചെയ്ത നിജോയും കുടുംബവും
കടമക്കുടിയിൽ ആത്മഹത്യ ചെയ്ത നിജോയും കുടുംബവും

കടമക്കുടിയിലെ ദുരന്തം 

സെപ്റ്റംബര്‍ 13-നാണ് എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബം ജീവിതം അവസാനിപ്പിച്ചത്. കാരണം ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകാരുടെ ഭീഷണിയും മാനംകെടുത്തലും. 39 വയസ്സുള്ള നിജോ, ഭാര്യ ശില്പ (29), മക്കള്‍ ഏയ്ഞ്ചല്‍ (7), ആരോണ്‍ (5) എന്നിവരുള്‍പ്പെട്ട കുടുംബത്തിന്റെ വിയോഗം കേരളത്തെ ഞെട്ടിച്ചു എന്നു പറയുന്നത് ശരിയായിരിക്കില്ല. കാരണം, കാരണങ്ങള്‍ പലതാണെങ്കിലും കുടുംബങ്ങളുടെ കൂട്ട ആത്മഹത്യകള്‍ മിക്കപ്പോഴും കാണുകയാണ്. അതില്‍തന്നെ ഒട്ടുമിക്ക സംഭവങ്ങളിലേയും പോലെ മക്കളെ കൊന്ന് അച്ഛനും അമ്മയും മരിക്കുകയാണ് ചെയ്തത്. ഓണ്‍ലൈന്‍ വായ്പ എടുത്തവരും അതിന്റെ പ്രത്യാഘാതം പലവിധത്തില്‍ അനുഭവിക്കുന്നവരുമായ നിരവധിയാളുകള്‍ ഉണ്ട് എന്നത് പുതിയ ഒരു അറിവു പോലെ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങി. എന്നാല്‍ കൊവിഡ് മഹാമാരി തുടങ്ങിയ 2019 ഡിസംബറിനു ശേഷം എണ്ണം വളരെ കൂടിയെങ്കിലും അതിനു മുന്‍പേ തന്നെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സജീവമാണ്. നിരവധിയാളുകള്‍ കുടുങ്ങുകയും കുഴപ്പത്തിലാവുകയും ചെയ്തിട്ടുണ്ട്. കുറേപ്പേര്‍ പൊലീസില്‍ പരാതി കൊടുത്തു; എല്ലാവരുമല്ല. കിട്ടിയ പരാതികളില്‍തന്നെ വളരെക്കുറച്ചെണ്ണത്തില്‍ മാത്രമേ പൊലീസിന് അന്വേഷണം കുറച്ചെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളു. അന്വേഷണം പാതിവഴിക്കെന്നല്ല, തുടങ്ങുമ്പോള്‍തന്നെ നിന്നു പോകുന്നതിന്റെ പ്രധാന കാരണം, വായ്പ കൊടുക്കാമെന്നു പ്രലോഭിപ്പിച്ചു വിളിച്ചവരും വായ്പയ്ക്കായി ആളുകള്‍ അപേക്ഷയും വ്യക്തിഗത വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്തുകൊടുത്ത ആപ്പുകള്‍ക്കു പിന്നിലുള്ളവരും കേരളത്തിലോ ഇന്ത്യയില്‍പോലുമോ അല്ല ഉള്ളത് എന്നതാണ്. ആപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് വിദേശത്തുനിന്നാണ്. അവരുടെ ഇന്ത്യയിലേയോ കേരളത്തിലേയോ ബന്ധങ്ങള്‍ കൃത്യമായി കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. പക്ഷേ, കഴിയാതെ വരില്ലെന്നും പിടികൂടാനുള്ള ശ്രമം വിജയിക്കുമെന്നുമുള്ള പ്രതീക്ഷയില്‍ നീങ്ങുകയാണ് പൊലീസ്. 

നിജോ വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായായിരുന്നു. കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശില്‍പയുടെ മുഖമുള്ള നഗ്‌നചിത്രങ്ങള്‍ അവര്‍ക്കും രണ്ടുപേരുടേയും സുഹൃത്തുക്കള്‍ക്കും അയച്ചു. വായ്പയെടുത്തത് നിജോ ആണെങ്കിലും അയാളുടെ നമ്പറില്‍നിന്ന് ശില്പയുടെ ഉള്‍പ്പെടെ ഫോണ്‍ കോണ്ടാക്ടിലെ മുഴുവന്‍ നമ്പറുകളും ഫോണിലെ ചിത്രങ്ങളും വാട്സാപ്പ് ഡി.പികളും മറ്റും തട്ടിപ്പു സംഘം സംഘടിപ്പിച്ചിരുന്നു എന്നാണ് പൊലീസിനു മനസ്സിലായത്. ഇത്തരം സംഘങ്ങള്‍ ഇങ്ങനെ ആയിരക്കണക്കിനാളുകള്‍ക്ക് വായ്പ കൊടുക്കുകയും പല ഇരട്ടി തിരിച്ചുവാങ്ങുകയും തിരിച്ചടവ് മുടങ്ങിയാല്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ടെന്നും സംശയിക്കുന്നു. പരാതികള്‍ തന്നെ ആയിരത്തിലേറെയാണ്. പരാതി നല്‍കാത്തവര്‍ അതിലുമേറെയും. കടമക്കുടിക്കു പിന്നാലെ നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ വയനാട്ടില്‍ ഒരു മരണം കൂടി ഉണ്ടായി. 
 
 

ആത്മഹത്യ ചെയ്ത അജയരാജ്
ആത്മഹത്യ ചെയ്ത അജയരാജ്

5000 രൂപയ്ക്ക് ഒരു ജീവന്‍ 

വയനാട്ടില്‍ പൂതാടി താഴെമുണ്ടയിലാണ് 44-കാരന്‍ അജയരാജ് മരിച്ചത്. അയ്യപ്പ ക്ഷേത്രത്തിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. വൃക്ക രോഗത്തിനു ചികിത്സയിലായിരുന്നു. വ്യക്തികളില്‍നിന്നും ബാങ്കില്‍നിന്നുമൊക്കെയായി എട്ടു ലക്ഷത്തോളം രൂപ വായ്പയെടുത്ത് ചികിത്സിച്ചു. ഭാര്യയും രോഗിയായതോടെ പണത്തിന് ആവശ്യങ്ങള്‍ കൂടി. അങ്ങനെയാണ് ലോണ്‍ ആപ്പു വഴി വായ്പ എടുത്തത്. ഇത് വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്. തിരിച്ചടവു മുടങ്ങിയതോടെ അവരുടെ ഭീഷണിയുണ്ടായി. അതോടെയാണ് ഭാര്യയും മറ്റും അറിഞ്ഞത്. ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണ് മരണകാരണം എന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 

അജയരാജിന്റെ മകന്റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍നിന്ന് പെണ്‍സുഹൃത്തിന്റെ നമ്പര്‍ എടുത്ത് പെണ്‍കുട്ടിയുടേയും അജയരാജിന്റേയും ചിത്രങ്ങള്‍ ചേര്‍ത്ത് അശ്ലീല ചിത്രമാക്കി രൂപം മാറ്റിയിട്ടുണ്ടെന്നും അത് പെണ്‍കുട്ടിക്കുള്‍പ്പെടെ അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയത്രേ. ഉടന്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ കോണ്‍ടാക്ട് ലിസ്റ്റിലെ 570 പേര്‍ക്ക് ചിത്രങ്ങള്‍ അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. സഹോദരന്‍ ജയരാജന്‍ പിന്നീട് പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതാണ് ഇത്. അജയരാജ് മരിച്ചതിന്റെ പിറ്റേന്ന് ജയരാജന്റെ ഫോണിലേക്കും ആപ്പുകാരുടെ വിളി വന്നിരുന്നു. മൂന്നു സുഹൃത്തുക്കളുടെ ഫോണിലേക്ക് നഗ്‌നചിത്രങ്ങളും വന്നു. ഇതോടെയാണ് മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. ഈ നമ്പറിലേക്ക് അജയരാജന്‍ മരിച്ച വിവരം അറിയിച്ചപ്പോള്‍ 'ഗുഡ് ജോക്ക്' എന്നായിരുന്നു പ്രതികരണം. ആപ്പു വഴി 5000 രൂപ കടമെടുത്തതായാണ് അജയരാജിന്റെ ഫോണിലെ വിവരങ്ങളില്‍നിന്നു മനസ്സിലായത്. 

ഇതിനു മുന്‍പാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് വിദ്യാര്‍ത്ഥികളെ കരുവാക്കിയതും പുറത്തുവന്നത്. കോഴിക്കോട് എളേറ്റില്‍ വട്ടോളിക്കാരായ നാല് ഐ.ടി.ഐ വിദ്യാര്‍ത്ഥികളെയാണ് കേരളത്തിനു പുറത്തുള്ളവര്‍ എന്നു കരുതുന്ന സംഘം പ്രലോഭിപ്പിച്ച് തങ്ങളുടെ ശൃംഖലയുടെ ഭാഗമാക്കാന്‍ ശ്രമിച്ചത്. അവരുടെ അക്കൗണ്ടുകള്‍ വഴി 25 ലക്ഷം രൂപയോളം ഇടപാട് നടത്തുകയും ചെയ്തു. സ്വകാര്യ ബാങ്കിന്റെ കുന്ദമംഗലം ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് ഇവ. രാജസ്ഥാന്‍ പൊലീസാണ് തട്ടിപ്പ് കണ്ടെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധസംഘടനയുടെ ഇടപാടുകള്‍ക്കുവേണ്ടി എന്നു പറഞ്ഞാണ് വിദ്യാര്‍ത്ഥികളില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയത്. ഇവരുടെ പേരില്‍ അക്കൗണ്ട് തുടങ്ങി തട്ടിപ്പുസംഘത്തിന്റെ ഏജന്റും നാട്ടുകാരനുമായ മറ്റൊരാള്‍ ഉപയോഗിക്കുകയായിരുന്നു. ഇതിനു പ്രതിഫലമായി കുട്ടികള്‍ക്ക് 3000 രൂപയും കൊടുത്തു. പേടിക്കാനൊന്നുമില്ലെന്നും എന്‍.ജി.ഒയില്‍ ജോലി കിട്ടുമെന്നും തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പ്രേരിപ്പിച്ചത് ഇയാള്‍ തന്നെ. രാജസ്ഥാന്‍ പൊലീസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് കേരള പൊലീസ് സംഗതി അറിയുന്നതും വിദ്യാര്‍ത്ഥികള്‍ ഗൗരവം മനസ്സിലാക്കുന്നതും. രാജസ്ഥാനിലെ കോട്ട പൊലീസും കോഴിക്കോട് കൊടുവള്ളി പൊലീസും ചേര്‍ന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. താമരശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മറ്റും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതുപക്ഷേ, ഇപ്പോഴത്തെ തട്ടിപ്പിന്റെ കാര്യത്തിലല്ല. നേരത്തേ പുറത്തുവന്ന ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് അന്വേഷിക്കുന്നതിനാണ് ആദ്യ പരിഗണന. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി ഒരുകോടി നഷ്ടപ്പെട്ടത് കൊല്ലം സ്വദേശിക്കാണ്. ചൈനക്കാരാണ് തട്ടിപ്പിനു പിന്നിലെന്നും ചൈനയിലെ ബാങ്കുകളിലേക്കാണ് പണം പോയതെന്നും കണ്ടെത്തിയിരുന്നു. ''ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ സാങ്കേതികമായി വേണ്ടത് വിവിധ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ ചേര്‍ന്നുള്ള അന്വേഷണമാണ്. പക്ഷേ, അത് പ്രായോഗികമായി എത്രത്തോളം സാധ്യമാകും എന്നറിയില്ല; എന്തായാലും എളുപ്പമല്ല'' ശ്രദ്ധ നേടിയ സൈബര്‍ ക്രൈം അന്വേഷക ധന്യാ മേനോന്‍ പറയുന്നു. 

അതേസമയം, ഇന്റര്‍പോള്‍ ഏറ്റെടുക്കുന്നു എന്നൊക്കെ പറയുന്നതിനു പിന്നില്‍ പലപ്പോഴും തെറ്റിദ്ധാരണകളാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്റര്‍പോള്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഒരു ഏകോപിപ്പിക്കല്‍ സംവിധാനമാണ്. ഉദാഹരണത്തിന്, ഇന്ത്യ അന്വേഷിക്കുന്ന ഒരു കുറ്റവാളി ഇന്റര്‍പോള്‍ അംഗമായ ഏതെങ്കിലും രാജ്യത്ത് ഉണ്ടെങ്കില്‍ അത് ഇന്റര്‍പോള്‍ വഴി അവിടുത്തെ പൊലീസിനെ അലെര്‍ട്ട് ചെയ്യാം. അങ്ങനെയാണ് പിടിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട ബന്ധവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. അവിടെയുള്ള ഒരു സംഘം വിദഗ്ദ്ധ പൊലീസ് ഉദ്യോഗസ്ഥര്‍ ഈ കേസിനു പിറകെ പോയി അന്താരാഷ്ട്ര ക്രിമിനലിനെ പിടികൂടുക എന്നതൊന്നും സാധാരണഗതിയില്‍ നടക്കാറില്ല. ആവശ്യക്കാരായ രാജ്യം സ്വന്തം അഭിമാനപ്രശ്‌നമായി എടുത്ത് അതിശക്തമായി ഇടപെടുന്ന വളരെ അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് അത്തരം ഇടപെടലുകള്‍ നടക്കാറ്. കേരളത്തില്‍ ക്രൈംബ്രാഞ്ചാണ് സി.ബി.ഐയുമായി കേസുകള്‍ ഏകോപിപ്പിക്കുന്നത്; സി.ബി.ഐയാണ് ഇന്റര്‍പോളുമായുള്ള ഏകോപന ചുമതലയുള്ള ഇന്ത്യയിലെ അന്വേഷണ ഏജന്‍സി. ഇന്ത്യയ്ക്കുള്ളില്‍തന്നെ അന്വേഷണം ഏകോപിപ്പിക്കുക അനായാസം ചെയ്യാവുന്ന കാര്യമല്ല. മറ്റു സംസ്ഥാനങ്ങളില്‍ വേരുകളുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത് ഉദാഹരണമാണ്. പക്ഷേ, എല്ലാ കുറ്റവാളികളും രക്ഷപ്പെടുന്നില്ല. ഇവിടുത്തെ അന്വേഷണ ഏജന്‍സികള്‍ നിരന്തര അന്വേഷണത്തിലുള്ളതാണ് കാരണം. രാജ്യത്തിനു പുറത്തുള്ള കുറ്റവാളികള്‍ ഉള്‍പ്പെട്ട കേസുകളിലെ മറ്റൊരു പ്രശ്‌നം, ഒരു കുടുംബം ഒന്നടങ്കം ഇല്ലാതെയാകുന്നതും ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന യുവാവ് ആത്മഹത്യ ചെയ്യുന്നതുമൊക്കെ നമുക്ക് വലിയ ദുരന്തങ്ങളാണെങ്കിലും ഒരു അന്താരാഷ്ട്ര ഏജന്‍സിക്കു മുന്നില്‍ അതൊരു വലിയ സംഭവമായിക്കൊള്ളമെന്നില്ല എന്നതാണ്.

വണ്‍, ടൂ, ത്രീ... തട്ടിപ്പുകള്‍ പലവിധം

കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ കൂടിവരുന്നതിനേക്കുറിച്ച് പൊലീസ് പ്രാഥമികമായി വിശദമായിത്തന്നെ അന്വേഷണം നടത്തുകയും വിവിധ ഇനം തട്ടിപ്പുകളെക്കുറിച്ചു പ്രത്യേകം പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ മുകളിലേക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തൊഴില്‍ തട്ടിപ്പ്, ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്, ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ്, ഹണിട്രാപ്പ്, ഒഎല്‍എക്സ് തട്ടിപ്പ് എന്നിവയാണ് കൂടുതലായി കണ്ടുവരുന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെട്ട് ഇരയാകുന്നത് സ്ത്രീകളാണ്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലിചെയ്ത് വരുമാനം നേടാം എന്ന് കരുതിയാണ് സ്ത്രീകള്‍ ഇത്തരം ജോലികള്‍ തേടി പോകുന്നതും തട്ടിപ്പിനിരയാകുന്നതും.

ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്താണ് ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ നടത്തുന്നത്. തട്ടിപ്പുകാര്‍ നിര്‍മ്മിച്ചിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളിലെ ലിങ്കുകള്‍ വഴിയോ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയോ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും തട്ടിപ്പുകാര്‍ക്കു ഫോണിലേക്ക് 'യൂസര്‍ ആക്‌സസ്സ്' ലഭിക്കുകയും ചെയ്യും. ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ മറ്റു വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവ ഇതുവഴി കിട്ടുകയും ചെയ്യുന്നു. വായ്പയ്ക്കു വലിയ പലിശ ഈടാക്കുന്ന ഇത്തരം ആപ്പുകള്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങിയാലും മുതലും പലിശയും തിരിച്ചടച്ചു തീര്‍ന്നാല്‍ പോലും പിന്നെയും പണം ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളും പലതരത്തില്‍ മോശമായി എഡിറ്റ് ചെയ്ത ഫോട്ടോയും ഫോണിലുള്ള മറ്റു നമ്പറുകളിലേക്ക് അയച്ചുകൊടുത്ത് അപകീര്‍ത്തിപ്പെടുത്തും. കൂടുതല്‍ തിരിച്ചടവിനായി ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഇ-മെയില്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റും കിട്ടുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ, ബാങ്കിങ് വിവരങ്ങളും മറ്റു ഡേറ്റകളും തട്ടിപ്പുകാരുടെ കയ്യിലെത്തിപ്പെടാന്‍ ഇടയുണ്ടെന്ന് പൊലീസ് താക്കീതു ചെയ്യുന്നു. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്തവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

1
റിമോട്ട് ആക്‌സസ് ആപ്ലിക്കേഷന്‍ 

മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ റിമോട്ട് ആക്‌സസ് ലഭിക്കുന്നതിന്, ഹാക്കര്‍മാര്‍ ബാങ്ക് അല്ലെങ്കില്‍ പേയ്മന്റ് ആപ്പ് ജീവനക്കാരോ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസില്‍നിന്നു ഉള്ളവരാണെന്നോ വിശ്വസിപ്പിച്ച് ഫോണില്‍ ബന്ധപ്പെടുന്നു. ശേഷം അവരുടെ സേവനത്തിനായി സ്‌ക്രീന്‍ പങ്കിടല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കുന്നു. ഇതോടെ നമ്മുടെ മൊബൈല്‍ ഫോണിന്റെ അല്ലെങ്കില്‍ കംപ്യൂട്ടറിന്റെ പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകുന്നു. അതുപയോഗിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കും. ഇതാണ് റിമോട്ട് ആക്‌സസ് ആപ്ലിക്കേഷന്‍ തട്ടിപ്പ്. 
ആപ്പുകളുടെ ലിങ്കുകള്‍ അജ്ഞാത ഉറവിടങ്ങളില്‍നിന്നു ലഭിച്ചാല്‍ ക്ലിക്ക് ചെയ്യരുത് എന്ന് പൊലീസ് താക്കീതു ചെയ്യുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന വിളികള്‍ വന്നാല്‍ പൊലീസിനെ അറിയിക്കണം. അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി, പിന്‍ നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ബാങ്കുകളില്‍നിന്നു ശരിയായ ഫോണ്‍വിളി വരില്ല എന്ന കാര്യം ആദ്യം തിരിച്ചറിയണം. ഇത്തരം സാഹചര്യങ്ങളില്‍ ബാങ്ക് ശാഖയുമായും നേരിട്ടു ബന്ധപ്പെട്ട് സംശയം നീക്കണം.

2
ഹണിട്രാപ്പ് 

സമൂഹമാധ്യമം വഴിയും മറ്റു ചാറ്റ് ആപ്പുകള്‍ വഴിയും സൗഹൃദം സ്ഥാപിച്ചിട്ട് സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിച്ച് വീഡിയോ കോള്‍ ചെയ്യുന്നു. കോള്‍ എടുക്കുമ്പോള്‍തന്നെ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയും വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അതിവേഗം ചെയ്യും. ഇവയും മോര്‍ഫ് ചെയ്ത ഫോട്ടോകളും സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. അതുവഴി പണം തട്ടിയെടുക്കുകയാണ് ലക്ഷ്യം. 

പരിചയമില്ലാത്ത വ്യക്തികള്‍ക്ക് യാതൊരു കാരണവശാലും നിങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കരുതെന്നും അപരിചിത നമ്പറുകളില്‍നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്നും പൊലീസ് താക്കീത് ചെയ്യുന്നു. അപരിചിതര്‍ ഓണ്‍ലൈന്‍ വഴി പ്രണയാഭ്യര്‍ത്ഥനയുടെ രീതിയില്‍ സമീപിച്ചാല്‍ നിരുത്സാഹപ്പെടുത്തുക. സോഷ്യല്‍ മീഡിയ, ഡേറ്റിംഗ് ആപ്പുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പരമാവധി ഒഴിവാക്കുക.

3
ഒ.എല്‍.എക്‌സ് 

ഒ.എല്‍.എക്‌സ് ആപ്പിലൂടെ വിവിധ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുണ്ടെന്ന രീതിയില്‍ വ്യാജ വിവരങ്ങള്‍ നല്‍കി ആളുകളെ കബളിപ്പിക്കുന്നു. ഉദാഹരണമായി സി.ഐ.എസ്.എഫ്, ആര്‍മി ഉദ്യോഗസ്ഥര്‍ എന്നൊക്കെ പരിചയപ്പെടുത്തി അവരുടെ വാഹനങ്ങളും ഗൃഹോപകരണങ്ങളും വില്‍ക്കാനുണ്ടെന്ന് പരസ്യങ്ങള്‍ നല്‍കി കബിളിപ്പിച്ചു പണം തട്ടിയെടുക്കുന്നു. ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കാന്‍ വ്യാജമായി നിര്‍മ്മിച്ച ആര്‍മി ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് അയയ്ക്കുകയും വാഹനത്തിന്റെ ഉടമസ്ഥതയും മറ്റു രേഖകളും മാറ്റുന്നതിനുള്ള രേഖകളും വാഹനം തന്നെയും അയച്ചതായും രേഖകള്‍ കാണിക്കുകയും ചെയ്യും. യു.പി.ഐ ഇടപാടു വഴി പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി. 
ഒ.എല്‍.എക്‌സിലൂടെ വാങ്ങാനുള്ള സാധനം നേരില്‍ കണ്ട് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ പണമിടപാടുകള്‍ നടത്താവൂ എന്ന് പൊലീസ് നിര്‍ദ്ദേശിക്കുന്നു. ക്യുആര്‍ കോഡ് വഴിയും മറ്റുമുള്ള പണമിടപാടുകള്‍ ഒഴിവാക്കുക. നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്നതിന് നമുക്ക് മാത്രം അറിയാവുന്ന യു.പി.ഐ പിന്‍ ആരുമായും പങ്കുവയ്ക്കരുത്.

4
തൊഴില്‍ തട്ടിപ്പുകാര്‍ക്ക് എല്ലാക്കാലത്തും കൊയ്ത്താണ്. ക്രിപ്റ്റോ കറന്‍സി ട്രേഡിങ്, ഷെയര്‍ ട്രേഡിങ്, പാര്‍ട്ട്ടൈം ജോലി, ഡാറ്റ എന്‍ട്രി ജോലി, വിദേശ രാജ്യങ്ങളിലും കപ്പലിലും മറ്റും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ എന്നിവ ഇ-മെയില്‍ വഴിയും എസ്.എം.എസ് സന്ദേശങ്ങള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങളിലേക്കു എത്തിക്കുകയും യുട്യൂബ് ചാനലുകള്‍ ലൈക്ക് ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനമുണ്ടാക്കാമെന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്‌കുകളിലൂടെ പണം ലഭിക്കുമെന്ന് ബോധ്യപ്പെടുത്തി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇവരുടെ പരസ്യത്തില്‍പെട്ട് വിസ പ്രോസസിങ്, ഡോക്യുമെന്റേഷന്‍ ഫീ, പ്രോസസ്സിംഗ് ഫീ, രജിസ്‌ട്രേഷന്‍ ഫീ തുടങ്ങിയ ഇനങ്ങളില്‍ പണം നല്‍കുകയും ചെയ്യുന്നു. പാര്‍ട് ടൈം ജോലി, ഷെയര്‍ ട്രേഡിങ്, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങുന്നവരില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഐടി പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും കച്ചവടക്കാരും മറ്റും ഉള്‍പ്പെടുന്നു എന്നാണ് പൊലീസിനു കിട്ടിയ പരാതികളില്‍ വ്യക്തമാകുന്നത്. 

പരിചയമില്ലാത്ത ജോബ് സെര്‍ച്ച് വെബ്സൈറ്റുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു പണം നല്‍കരുതെന്ന് പൊലീസ് നിര്‍ദ്ദേശിക്കുന്നു. യഥാര്‍ത്ഥ കമ്പനികള്‍ ജോലി വാഗ്ദാനം ചെയ്യുന്ന സമയത്തുതന്നെ പണം ആവശ്യപ്പെടാറില്ല എന്ന കാര്യം എപ്പോഴും ഓര്‍ത്തിരിക്കുക. നിങ്ങളുടെ തൊഴില്‍ പരിചയം, യോഗ്യതാ രേഖകള്‍ എന്നിവ പോലും ആവശ്യപ്പെടാതെ ജോലി വാഗ്ദാനം ചെയ്യുക, ചെറിയ ജോലികള്‍ക്ക് ആനുപാതികമല്ലാത്ത വലിയ ശമ്പളം വാഗ്ദാനം ചെയ്യുക, വ്യക്തിഗതമായ സാമ്പത്തിക വിവരങ്ങള്‍ മുമ്പേ ആവശ്യപ്പെടുന്നത് തുടങ്ങിയവ ശ്രദ്ധിക്കുക. 

5
വ്യാജ ഫേസ്ബുക്ക്/വാട്സാപ്/ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തട്ടിപ്പുകാരുടെ ഇരകളായ പലരുമുണ്ട്. ഉന്നത പദവിയിലുള്ളവര്‍, ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വ്യാജ സമൂഹമാധ്യമ പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുക്കളില്‍നിന്നു പണം തട്ടുന്ന രീതിയാണിത്. ഇവരുടെ യഥാര്‍ത്ഥ പ്രൊഫൈലുകളില്‍നിന്നു സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യാജ പ്രൊഫൈലില്‍നിന്നു മെസ്സേജ് അയച്ചു പണം ആവശ്യപ്പെടുകയുമാണ് രീതി. 

സ്വന്തം പേരില്‍ വ്യാജ അക്കൗണ്ട് ശ്രദ്ധയില്‍പെട്ടാല്‍ അതേ സമൂഹമാധ്യമത്തില്‍തന്നെയുള്ള ഫേക് പ്രൊഫൈല്‍ റിപ്പോര്‍ട്ടിംഗ് സൗകര്യം ഉപയോഗിക്കാം. യഥാര്‍ത്ഥ അക്കൗണ്ട് വഴി ഈ വിവരം സുഹൃത്തുക്കളെ അറിയിക്കുക. അവരില്‍നിന്നു പണം തട്ടിയെടുക്കാതിരിക്കാന്‍ ഇതു സഹായകമാകും. ആവശ്യമെങ്കില്‍ നമ്മുടെ അക്കൗണ്ടിലുളള ഫോട്ടോ, മറ്റു വ്യക്തിഗത വിവരങ്ങള്‍ എന്നിവ വിശ്വസ്തരായ വ്യക്തികള്‍ക്കു മാത്രം ലഭിക്കുന്ന രീതിയില്‍ പ്രൊഫൈല്‍ സെറ്റിംഗ്സ് ക്രമീകരിക്കണം.

6
മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചും പൊലീസ് താക്കീത് ചെയ്യുന്നു: വിവാഹ ആലോചനകള്‍ ക്ഷണിച്ച് പരസ്യം നല്‍കുന്ന യുവതികളുടെ പ്രൊഫൈല്‍ പരിശോധിച്ച് വ്യക്തിഗത വിവരങ്ങള്‍ എടുത്ത് അവരുമായി നവമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു വിശ്വാസത്തിലെടുത്ത് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന വെബ്സൈറ്റ് വിശ്വാസ്യമാണോ അല്ലയോ എന്നു വക്തമായതിനുശേഷം മാത്രം മുന്നോട്ടു പോകണമെന്ന് പൊലീസ് ഉപദേശിക്കുന്നു. ഒരാളുടേയും സമൂഹമാധ്യമ പ്രൊഫൈല്‍ കണ്ട് അയാളെക്കുറിച്ച് വിലയിരുത്തരുത്. സ്വകാര്യവിവരങ്ങള്‍, അനാവശ്യ ഫോട്ടോകള്‍ കൊടുക്കരുത്. തുടക്കത്തില്‍തന്നെ സാമ്പത്തിക സ്ഥിതി അന്വേഷിക്കുക, പെട്ടെന്ന് സ്‌നേഹം പ്രകടിപ്പിക്കുക, പല നമ്പരുകളും ഉപയോഗിച്ച് കോള്‍ ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരെക്കുറിച്ചു കൂടുതലായി അന്വേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അനാവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടുകയാണെങ്കില്‍ ചതിക്കുഴിയാണെന്നു മനസ്സിലാക്കുക. വിവേകപൂര്‍വ്വമായ അന്വേഷണത്തിലൂടെ മാത്രം നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്തണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു.

അന്വേഷണത്തില്‍ നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും പൊലീസിനു പറയാനുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പലപ്പോഴും രാജസ്ഥാന്‍, ബംഗാള്‍, യു.പി, ബീഹാര്‍, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലും അവരുടെ മേല്‍വിലാസങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന വിദൂര സ്ഥലങ്ങളില്‍പോയി ഇവരെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്; മൊബൈല്‍ നമ്പറിനായി നല്‍കിയിരിക്കുന്ന വിലാസം വേറെ സംസ്ഥാനത്തിലേതും. അതേസമയം മൊബൈലിന്റെ ലൊക്കേഷന്‍ വിവിധ സംസ്ഥാനങ്ങളിലാണ് പലപ്പോഴും കാണിക്കുന്നത്. പലപ്പോഴും ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുമ്പോള്‍ ഝാര്‍ഖണ്ഡ്, കശ്മീര്‍, പാക് അതിര്‍ത്തി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് കാണുന്നത്. ഇത്തരം പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതുതന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ബാങ്ക് അക്കൗണ്ടു തുടങ്ങാനും മൊബൈല്‍ കണക്ഷന്‍ എടുക്കാനും നല്‍കിയിരിക്കുന്ന രേഖകളെല്ലാം തന്നെ വ്യാജം. പലതും ഒരാഴ്ച മാത്രം ഉപയോഗിച്ചതിനുശേഷം കളയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാലും മറ്റു സംസ്ഥാനങ്ങളിലെ പൊലീസില്‍നിന്നും ബന്ധപ്പെട്ട കോടതിയില്‍നിന്നും ആവശ്യമായ സഹായം പലപ്പോഴും കാര്യമായി ലഭിക്കാറില്ല എന്ന പരാതിയും കേരള പൊലീസിനുണ്ട്. ട്രാന്‍സിറ്റ് വാറന്റില്‍ പ്രതികളെ നാട്ടിലെത്തിക്കുന്നത് അതീവ ദുഷ്‌കരം; അത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചാലും പ്രതികള്‍ക്കു വേഗത്തില്‍ ജാമ്യം കിട്ടുന്ന സ്ഥിതി വേറെ. കൂടാതെ കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ, അക്കൗണ്ടിലെ തുക തിരകെ ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമനടപടികള്‍ നിരവധിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണത്തിനായി പോകുന്ന പൊലീസ് സംഘത്തിന് യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടും അതിലേറെ വലിയ സാമ്പത്തിക ചെലവുകളും ബാധ്യതയുമായി മാറുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ ശൃംഖല വ്യാപിച്ചു കിടക്കുന്നത് ഒന്നിലധികം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായതിനാല്‍ അന്വേഷണ ഏജന്‍സികളുടെ ദേശീയ തലത്തിലുള്ള ഏകോപനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സജീവ ശ്രമമുണ്ട്. പക്ഷേ, ഓരോ ദിവസവുമെന്നതുപോലെ പുതിയതരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകളുണ്ടാവുകയും ആത്മഹത്യകള്‍ സംഭവിക്കുകയും ചെയ്യുന്നു. 

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ സ്ഥിരം ഹെല്‍പ് ലൈന്‍, സ്ഥിരം ഉന്നത തല അന്വേഷണ സംവിധാനം, മുഴുവന്‍ സമയ പ്രചാരണ പരിപാടി എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുന്ന ശ്രമങ്ങള്‍ക്കാണ് കേരളത്തിന്റെ ആദ്യ പരിഗണന. വൈകാതെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങും. ഇപ്പോള്‍തന്നെ പൊലീസില്‍ പ്രത്യേക സംഘങ്ങളാണ് ഇത്തരം കേസുകള്‍ അന്വേഷിക്കുന്നത്, അവയ്ക്ക് ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടച്ചുമതല നല്‍കും. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ എന്ന യാഥാര്‍ത്ഥ്യത്തെ നിയമപരമായി മാത്രമല്ല, സാമൂഹിക തിരിച്ചറിവിലൂടെയുമാണ് നേരിടേണ്ടത് എന്നു കേരളത്തിനു മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നത്. സാങ്കേതിക വിദ്യയിലും മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ സാക്ഷരതയിലും മുന്നിലുള്ള കേരളത്തിന് ആ കുതിപ്പ് തിരിച്ചടിയായി മാറാതിരിക്കാനുതകുന്ന ക്യാംപെയ്നാണ് ഒരുങ്ങുന്നത്.

പരുന്തു മുതല്‍ ജംതാര വരെ

ജംതാര-സബ്കാ നമ്പര്‍ ആയേഗാ എന്ന പേരില്‍ സൗമേന്ദ്ര പഥി 2020-ല്‍ സംവിധാനം ചെയ്ത ഹിറ്റ് വെബ് സീരീസ് നെറ്റ്ഫ്‌ലക്‌സില്‍ ഉണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു കുപ്രസിദ്ധമായ ഝാര്‍ഖണ്ഡിലെ ജംതാര എന്ന സ്ഥലത്തിന്റെ പേരുപോലും മാറ്റാതെ ഉപയോഗിച്ച പരമ്പര. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത് എന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കിക്കൊണ്ടാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന രീതികള്‍ വെളിപ്പെടുത്തുന്നത്. 

ലോഹിതദാസിന്റെ കുഞ്ചാക്കോ ബോബന്‍-മീരാ ജാസ്മിന്‍ സിനിമ 'കസ്തൂരിമാന്‍' ഇറങ്ങിയത് 2003-ല്‍ ആണ്. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ നിസ്സഹായനായിപ്പോകുന്ന ജോസഫ് ആലുക്കയെ ബ്ലേഡ് പലിശക്കാരന്‍ ലോനപ്പന്‍ വിളിക്കുന്ന കണ്ണുപൊട്ടുന്ന തെറിയും നാണംകെടുത്തുന്ന ചേഷ്ടകളും പ്രേക്ഷകരെ ഞെട്ടിക്കുകതന്നെ ചെയ്തു. വീട്ടില്‍ ഗൂണ്ടകളുമായി കയറി ഫര്‍ണീച്ചറുകള്‍ എടുത്തുകൊണ്ടുപോകുന്നതുള്‍പ്പെടെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന പ്രവൃത്തികളായിരുന്നു ലോനപ്പന്റേത്. ഒടുവില്‍, വീട് വിറ്റ് കടം വീട്ടുകയാണ് ജോസഫ്. വാടക വീട്ടിലാണെങ്കിലും കടക്കാരെ പേടിക്കാതെ കിടക്കാമല്ലോ എന്ന് അയാള്‍ പറയുന്നുമുണ്ട്. കേരളത്തില്‍ ഒരുകാലത്ത് വ്യാപകമായി പിടിമുറുക്കിയ ബ്ലേഡ് പലിശക്കാര്‍ പണം തിരിച്ചുകിട്ടാന്‍ സ്വീകരിച്ചിരുന്ന രീതികളുടെ നേരനുഭവം തന്നെയായിരുന്നു ലോനപ്പനിലൂടെ കണ്ടത്. 2008-ല്‍ റിലീസ് ചെയ്ത എം. പദ്മകുമാറിന്റെ മമ്മൂട്ടിച്ചിത്രം 'പരുന്ത്' നീചസ്വഭാവമുള്ള പരുന്ത് പുരുഷു എന്ന ബ്ലേഡുകാരനെയാണ് കാണിച്ചുതന്നത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരും വീട്ടില്‍ കയറി മേയുന്നവരുമായ ബ്ലേഡുകാരുള്ള വേറെയും സിനിമകളുണ്ട് മലയാളത്തില്‍. ഇനി വരാനുള്ളത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ മലയാളി അനുഭവങ്ങളുടെ കഥയാണ്. പക്ഷേ, 2009-ല്‍തന്നെ ജോഷിയുടെ പൃഥ്വിരാജ്-നരേന്‍-ഭാവന ചിത്രം റോബിന്‍ഹുഡ് വന്നിട്ടുണ്ട്. വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉണ്ടാക്കി ഉപയോഗിക്കുന്ന വെങ്കിടേഷ് ആണ് ആ സിനിമയിലെ പൃഥ്വിരാജ് കഥാപാത്രം. വര്‍ഷങ്ങള്‍ കഴിഞ്ഞ് സൈബര്‍ സുരക്ഷയെക്കുറിച്ച് 2018-ല്‍ തിരുവനന്തപുരത്ത് പൊലീസ് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി എത്തിയത് പൃഥ്വിരാജ് ആണ്. എ.ടി.എം തട്ടിപ്പൊക്കെ നടക്കുമോ എന്ന് റോബിന്‍ഹുഡ് ചെയ്ത സമയത്ത് നിര്‍മ്മാതാവ് സംശയം പ്രകടിപ്പിച്ചത് ഓര്‍ക്കുകയും ഇന്നിപ്പോള്‍ തട്ടിപ്പുകള്‍ അടുത്ത ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് എന്ന് അദ്ദേഹം അന്നു പറയുകയും ചെയ്തു.

ഇരകള്‍ക്ക് സാമൂഹിക പിന്തുണ വേണം

എ. ഹേമചന്ദ്രന്‍ 

അടിസ്ഥാനപരമായി ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സാമൂഹികപ്രശ്‌നമായിത്തന്നെ എടുക്കണം. സമൂഹത്തിന്റെ പങ്കാളിത്തവും സാമൂഹിക പിന്തുണയും ഗവണ്‍മെന്റ് മിഷനറിയുടെ പിന്തുണയും ഇരകള്‍ക്കൊപ്പം ഉണ്ടായിരിക്കണം. ഇതിലെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം ആളുകള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ എങ്ങനെ അഭിമുഖീകരിക്കണം എന്ന അവബോധം വേണ്ടത്ര ഇല്ല എന്നുള്ളതാണ്. ഇപ്പോള്‍ ചില ആത്മഹത്യകള്‍ ഉണ്ടായി; പക്ഷേ, അടുത്ത വീട്ടുകാര്‍ പണം ആവശ്യം വരുമ്പോള്‍ ഇതേ തട്ടിപ്പില്‍ ചെന്നു പെടാം. ആളുകള്‍ അവരവരിലേക്കു ചുരുങ്ങുമ്പോള്‍ ഇങ്ങനെ ചിലത് ഉണ്ടാകുന്നുണ്ട് എന്നുപോലും പലരും അറിയുന്നില്ല. ഒരു പരിഹാരമാര്‍ഗ്ഗം എന്ന നിലയില്‍ സമൂഹത്തെ എങ്ങനെ ബോധവല്‍കരിക്കാം സമൂഹത്തിന്റെ പിന്തുണ ഇങ്ങനെ ഉറപ്പാക്കാം എന്നത് പ്രധാനമാണ്. കുടുംബത്തില്‍ ഒരാള്‍ ഇത്തരമൊന്നില്‍ പെട്ടാല്‍തന്നെ ഇതിപ്പോള്‍ സാധാരണമാണ്, പലര്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട് എന്ന പ്രതികരണമാണ് മറ്റുള്ളവരില്‍നിന്നുണ്ടാകേണ്ടത്. ഭീഷണിയെക്കുറിച്ച് പൊലീസിനോടു പറയാമെന്നും പൊലീസിന്റെ പിന്തുണ കിട്ടുമെന്നും ആളുകള്‍ക്കു തോന്നണം. 

ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ ഭാഗമായ ഭീഷണി, ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുത്തിട്ടുള്ള ഭീഷണി ഇതിലൊക്കെയുള്ള അടിസ്ഥാന മനശ്ശാസ്ത്രം ഇരയെ അപമാനിക്കുക എന്നതാണ്; കടം വാങ്ങിയവരെ മാനസികമായി നശിപ്പിക്കുക. മുന്‍പ് അതു നേരിട്ടായിരുന്നു, ഇപ്പോള്‍ രീതി മാറി എന്നുമാത്രം. സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് ആളുകളെ ചതിച്ച് പണമുണ്ടാക്കുന്നു. അതിന്റെ സാധ്യത കൂടുതല്‍ വലുതായി. അപ്പോള്‍ നമ്മളും സമൂഹത്തിന്റേയും നിയമസംവിധാനങ്ങളുടേയും പിന്തുണയോടുകൂടി പൊരുതിയെങ്കില്‍ മാത്രമേ വിജയിക്കുകയുള്ളൂ. നേരത്തേ, സംഘടിതമായ വലിയ പലിശസംഘങ്ങളേയും മാഫിയകളേയുമൊക്കെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്നതും അങ്ങനെ തന്നെയാണ്. സാമൂഹിക മുന്നേറ്റമായി വരികയും പൊലീസും കൂടെയുണ്ട് എന്ന ശക്തമായ സന്ദേശം ഉണ്ടാവുകയും ചെയ്യണം. ഇത് ഇരകളാക്കപ്പെടുന്നവരുടെ വ്യക്തിപരമായ അഭിമാനപ്രശ്‌നമല്ല, സമൂഹത്തിലാകെ നടക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയില്‍ പൊലീസിനെ സമീപിക്കാന്‍ ധൈര്യം കൊടുക്കണം. കാര്യമായ അപമാനത്തിന്റെ പ്രശ്‌നമായി കാണരുത്. കടമക്കുടിയിലെ കുടുംബത്തെപ്പോലെ ചെറുപ്പക്കാരായ ഭാര്യയും ഭര്‍ത്താവും കുട്ടികളുമൊക്കെയുള്ള സാധാരണ കുടുംബങ്ങള്‍ ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ അടിപതറിപ്പോകും. ഇതിന്റെ അടിസ്ഥാന വിഷയം മനശ്ശാസ്ത്രപരമാണ്. ആദ്യം ഭീഷണിപ്പെടുത്തും. ബ്ലേഡുകാരുടെ രീതിയും അതായിരുന്നു. അവന്റെയൊരു ഫോണ്‍ വിളി വരുമ്പോള്‍തന്നെ ഇവര്‍ വിറച്ചുതുടങ്ങും. അങ്ങനെയൊരു മാനസികാവസ്ഥയില്‍ രണ്ടു മൂന്നു മെസ്സേജുകള്‍ വരുന്നു, അതിനുശേഷം സ്ത്രീയുടെ ശരീരഭാഗങ്ങളുടെ ചിത്രവും നമ്മുടെ വേണ്ടപ്പെട്ടവരുടേതാണെന്നു തോന്നിക്കുന്നവിധം വന്നാല്‍ ഇവരങ്ങ് കീഴ്പെട്ടു പോകും. ഒരു തരം മാനസിക അടിമത്തത്തിലേക്ക് ഇര പെട്ടുപോകും. ഞാന്‍ അയാള്‍ക്ക് പണം കൊടുക്കാനുണ്ടല്ലോ, കുറ്റം എന്റെ ഭാഗത്താണല്ലോ എന്ന മനോഭാവത്തിലേക്കു മാറും. ഇരയുടെ മനോഭാവത്തിലല്ല ആ സമയത്തുള്ളത്. കടം വാങ്ങിയ ആളാണ് കുറ്റക്കാരന്‍ അല്ലെങ്കില്‍ കുറ്റക്കാരി എന്ന തോന്നലിലാണ്. ഇവര്‍ ഇരയാകുന്നത് ആത്മഹത്യ ചെയ്തു കഴിഞ്ഞ് മാധ്യമങ്ങളില്‍ വരുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് സാങ്കേതികവിദ്യ വളര്‍ന്ന കാലത്ത് അതുപയോഗിച്ചുള്ള ഒരു വലിയ തട്ടിപ്പ് എന്ന നിലയില്‍ ഇതിനെതിരേ വലിയ ക്യാംപെയ്ന്‍ നടന്നില്ലെങ്കില്‍ ഭയങ്കരമായി കൂടും.

വിരല്‍ത്തുമ്പിലെ അപകടം

വിനോദ് ഭട്ടതിരിപ്പാട് 
(സൈബര്‍ കുറ്റാന്വേഷണ ഉപദേശകന്‍)

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നമ്മുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലും ക്യാമറയിലും ഗ്യാലറിയിലും ഉള്‍പ്പെടെ കയറാന്‍ അനുമതി ചോദിക്കുന്നത് എന്തിനാണ് എന്ന് ആലോചിക്കാതെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എന്ന് സൈബര്‍ കുറ്റാന്വേഷണ ഉപദേശകന്‍ പി. വിനോദ് ഭട്ടതിരിപ്പാട്. ''ആ സമയത്തെ നമ്മുടെ ആവശ്യം മാത്രമാണ് അപ്പോള്‍ പ്രധാനമായി കാണുന്നത്. പക്ഷേ, നമ്മുടെ ഫോണിലെ അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും മറ്റും ഉള്‍പ്പെടെ ഫോട്ടോകള്‍ എടുക്കാന്‍ അവര്‍ക്കു കഴിയുന്നു. പണം തരുമ്പോള്‍ അവര്‍ നമ്മെക്കൊണ്ട് ഒപ്പിട്ടു തിരികെ അപ്ലോഡ് ചെയ്യിക്കുന്ന രേഖയിലുള്ള വായ്പാ കാലാവധിയും യഥാര്‍ത്ഥത്തില്‍ പറഞ്ഞ കാലാവധിയും വ്യത്യസ്തമായിരിക്കും. ഫലത്തില്‍ മൂന്നു മാസത്തെ കാലാവധി പ്രതീക്ഷിച്ചാണ് വായ്പ എടുക്കുന്നതെങ്കില്‍ രേഖയില്‍ അത് ഒരു മാസം പോലും ഉണ്ടാകണമെന്നില്ല. ഈ ചെറിയ കാലാവധി കഴിഞ്ഞാല്‍ അവര്‍ വലിയ തോതില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങും. 30-35 ശതമാനം പലിശയ്ക്ക് (അതുതന്നെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്കു വിരുദ്ധമായ അമിത പലിശയാണ്) കടമെടുത്ത് മൂന്നുമാസം കഴിയുമ്പോള്‍ നൂറും ഇരുന്നൂറും ശതമാനവും ആറു മാസമൊക്കെ കഴിയുമ്പോള്‍ ആയിരവും രണ്ടായിരവുമൊക്കെ ശതമാനവുമായി പലിശ വര്‍ദ്ധിച്ചിരിക്കും. അങ്ങനെയാണ് മുപ്പതിനായിരമോ നാല്‍പതിനായിരമോ കടമെടുത്തയാള്‍ മാസങ്ങള്‍ക്കുള്ളില്‍ നാലും അഞ്ചും ലക്ഷത്തിന്റെ കടക്കാരനാകുന്നത് എന്നും പി. വിനോദ് ഭട്ടതിരിപ്പാട് ചൂണ്ടിക്കാട്ടുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com