രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്നതിനുള്ള ഉപാധി, മോദി സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം

മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ സാംസ്‌കാരികവും സാമൂഹികവുമായ മണ്ഡലങ്ങളില്‍ ദൂരവ്യാപകമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്
രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്നതിനുള്ള ഉപാധി, മോദി സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം

രേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ സാംസ്‌കാരികവും സാമൂഹികവുമായ മണ്ഡലങ്ങളില്‍ ദൂരവ്യാപകമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 1950 ജനുവരി 26-നു നിലവില്‍ വന്ന റിപ്പബ്ലിക്കിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വൈവിദ്ധ്യത്തെ ഇല്ലായ്മ ചെയ്യുകയും വിശ്വാസം, ഭാഷ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏകീകരണം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ പരിഷ്‌കാരങ്ങളുടെ കാതല്‍. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ അദ്ധ്യയന മാദ്ധ്യമം ഇംഗ്ലീഷിനു പകരം ഹിന്ദിയാക്കുകയും ഹിന്ദിയൊഴികെയുള്ള പ്രാദേശിക-പ്രാദേശികേതര ഭാഷകളുടെ പ്രാധാന്യം കുറച്ചുകൊണ്ടുവരികയും ചെയ്യുക എന്ന ദ്വിമുഖ സമീപനമാണ് യൂണിയന്‍ ഗവണ്‍മെന്റ് ഈ രംഗത്ത് അവലംബിക്കുന്നത്. 

2022 ഒക്ടോബര്‍ മാസത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷയെ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി സാങ്കേതികവും അല്ലാത്തതുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍വ്വകലാശാലകളിലും നിര്‍ബ്ബന്ധമായും ഹിന്ദിയായിരിക്കണം ബോധനമാദ്ധ്യമം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച നടപടിയേയും ഈ പശ്ചാത്തലത്തില്‍ വേണം ഒരു രാഷ്ട്രീയ വായനയ്ക്ക് വിധേയമാക്കാന്‍. 

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹിന്ദി നിര്‍ബ്ബന്ധമായും അദ്ധ്യയന മാദ്ധ്യമമാക്കണമെന്നും ഇംഗ്ലീഷ് ഓപ്ഷണല്‍ ആക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ട സാങ്കേതിക സ്ഥാപനങ്ങളില്‍ ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയും സാങ്കേതികേതര സ്ഥാപനങ്ങളില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, കേന്ദ്ര വാഴ്‌സിറ്റികള്‍ എന്നിവയും പെടുന്നു. 1963-ലെ ഔദ്യോഗിക ഭാഷാ ആക്ട് പ്രകാരം 1976-ലാണ് ആദ്യമായി കമ്മിറ്റി സ്ഥാപിക്കപ്പെടുന്നത്. ഔദ്യോഗിക ഭാഷാ കാര്യത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിനും നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായാണ് ഈ പാനല്‍. എന്നാല്‍, ഹിന്ദി ഭാഷ ഭരണതലത്തില്‍ ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷയാക്കുന്ന കാര്യത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിനും കൂടുതല്‍ നടപടികള്‍ക്കു നിര്‍ദ്ദേശിക്കുന്നതിനുമായുള്ള ഈ പാനലിനു അധികാരമെന്നും അദ്ധ്യയന മാദ്ധ്യമം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കാര്യങ്ങളില്‍ നിര്‍ദ്ദേശത്തിനു അധികാരമില്ലെന്നും ഭരണഘടനാവിദഗ്ദ്ധരും നിയമവൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് ധാരണയില്ലാത്തതുകൊണ്ടല്ല, മറിച്ച് തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്നതിന് ഈ പാനലിന്റെ പ്രവര്‍ത്തനങ്ങളെ ഉപാധിയാക്കുക എന്നതാണ് മോദി ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് ഈ നീക്കത്തില്‍നിന്നും വ്യക്തം. 

ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയില്‍ നടന്ന ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കണമെന്നും ഇംഗ്ലീഷ് അടുത്ത 15 വര്‍ഷങ്ങള്‍ കൂടി ഔദ്യോഗിക ഭാഷയായി തുടരണമെന്നും തീരുമാനിക്കപ്പെട്ടതാണ്. എന്നാല്‍, പിന്നീട് 1963-ലെ ഔദ്യോഗിക ഭാഷാ ആക്ട് ഹിന്ദിയോടൊപ്പം ഇംഗ്ലീഷ് ഭാഷ കൂടി അനന്തകാലത്തേക്ക് ഔദ്യോഗിക ഭാഷാപദവിയില്‍ തുടരണമെന്നു നിഷ്‌കര്‍ഷിച്ചു. ഔദ്യോഗിക ഭാഷാകാര്യത്തില്‍ ഭരണഘടനയുടെ 344(3) വകുപ്പ് പ്രകാരം പൊതുജന സേവനവുമായി ബന്ധപ്പെട്ട് ഹിന്ദി ഇതര പ്രദേശങ്ങളിലെ വ്യക്തികളുടെ നീതീകരിക്കാവുന്ന അവകാശവാദങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും കൂടി അര്‍ഹമായ പരിഗണന നല്‍കണമെന്ന് അനുശാസിക്കുന്നുണ്ട്. ഈ വസ്തുതകളൊന്നും കണക്കിലെടുക്കാതെ തന്നെയാണ് അദ്ധ്യയന മാദ്ധ്യമം ഹിന്ദിയാക്കണമെന്ന നിര്‍ദ്ദേശങ്ങളും നടപടികളുമായി ഭരണാധികാരികള്‍ മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ കേരളത്തിലുള്‍പ്പെടെ കലാലയ വിദ്യാഭ്യാസരംഗത്ത് പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ഭാഷാപഠന രംഗത്തു കൂടി വരുത്തുന്ന പരിഷ്‌കാരങ്ങള്‍ ഇങ്ങനെ ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത, ഒരൊറ്റ ഭാഷ എന്ന ബൃഹത്തായ ഏകീകരണ അജന്‍ഡയുടെ ഭാഗമായിട്ടുവേണം വിലയിരുത്താന്‍. 
 
നടപ്പാക്കാന്‍ പോകുന്നത് കമ്മിഷന്‍ റിപ്പോര്‍ട്ടോ എന്‍.ഇ.പിയോ? 

യൂണിയന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഡിഗ്രി കോഴ്‌സുകളും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാലു വര്‍ഷമാക്കാന്‍ പോകുകയാണ്. അതിന്റെ ഭാഗമായി ഡിഗ്രി കോഴ്‌സുകളില്‍ നിലവില്‍ ഒന്നാം ഭാഷ ഇംഗ്ലീഷും രണ്ടാം ഭാഷകളായ മലയാളം, ഹിന്ദി, സംസ്‌കൃതം, അറബി തുടങ്ങിയ വിഷയങ്ങളെ രണ്ട് വര്‍ഷത്തില്‍ (നാലു സെമസ്റ്റര്‍) നിന്നും ഒരു വര്‍ഷമായി (രണ്ടു സെമസ്റ്റര്‍) ചുരുക്കാനും തീരുമാനമുണ്ടെന്നാണ് അറിയുന്നത്. ഉന്നത വിദ്യാഭ്യാസമണ്ഡലത്തില്‍ അദ്ധ്യയന മാദ്ധ്യമമെന്ന നിലയ്ക്ക് ഹിന്ദിക്കു പ്രാധാന്യം ക്രമേണ വര്‍ദ്ധിപ്പിച്ചുകൊണ്ടുവരാനാണ് കേന്ദ്ര തീരുമാനമെന്നതുകൊണ്ട് ഭാവിയില്‍ ഇതുകൊണ്ടുള്ള നഷ്ടം പ്രാദേശിക ഭാഷയായ മലയാളത്തിനും അറബിക്കിനും മാത്രമായിരിക്കുമെന്നു നിഗമനത്തിലെത്താന്‍ വലിയ പ്രയാസമൊന്നുമില്ല. ഈ നീക്കംകൊണ്ട് ഭാഷയുടെ വിനിമയമൂല്യത്തിനു മാത്രം പ്രാധാന്യം നല്‍കുകയും അതിന്റെ സാഹിത്യത്തിനും സാംസ്‌കാരികമായ ഈടുവെയ്പ് എന്ന നിലയിലുള്ള ഭാഷയുടെ സവിശേഷതയ്ക്കുമുള്ള പ്രാധാന്യം നഷ്ടമാക്കുകയും ചെയ്യുക എന്ന നിലപാട് ഹിന്ദിക്കും ബാധകമാകുമെന്നു മാത്രം. സംസ്‌കൃതത്തിനും വലിയ പരിക്കൊന്നും പ്രതീക്ഷിച്ചുകൂടാ. എന്തെന്നാല്‍ പുത്തന്‍ വിദ്യാഭ്യാസനയത്തില്‍ നയരൂപീകരണം നടത്തിയവര്‍ സംസ്‌കൃതത്തിനു നല്‍കിയ പ്രാധാന്യം നേരത്തെ തന്നെ നിരീക്ഷകരും വിമര്‍ശകരും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. സാഹിത്യമെന്ന നിലയില്‍ ഇനി നയരേഖയില്‍ പറഞ്ഞിട്ടുള്ളതുപോലെ ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളേക്കാള്‍ ഈടുവെയ്പുകളുള്ള സംസ്‌കൃത സാഹിത്യം മാത്രം പഠിച്ചാല്‍ മതിയാകും. 

സാഹിത്യമെന്ന നിലയിലും ഭാഷയെന്ന നിലയിലും സംസ്‌കൃതം പഠിക്കേണ്ടതുതന്നെ. എന്നാല്‍, സംസ്‌കൃതം മാത്രം പഠിച്ചാല്‍ മതിയാകില്ല. സംസ്‌കൃതം ആരും ഇന്ന് ആശയവിനിമയം നടത്താന്‍ ഉദ്ദേശിച്ചു പഠിക്കുന്നില്ല. തീര്‍ച്ചയായും ഭാഷാപഠനം ആശയവിനിമയരംഗത്തു വിദ്യാര്‍ത്ഥികളുടെ കഴിവു വളര്‍ത്തുക മാത്രം ഉദ്ദേശിച്ചുള്ളതല്ല. അവരില്‍ മാനുഷികവും നൈതികവുമായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ജീവിതാവബോധവും സഹജീവികളുടെ മാനസിക ഭാവങ്ങളെ ആഴത്തില്‍ അറിയുന്നതിനുള്ള കഴിവും സാഹിത്യം സഹായകമാകുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും മാനവികത വളര്‍ത്തുന്നതിലും സവിശേഷമായ പങ്കുവഹിക്കുന്ന ഒന്നാണ് സാഹിത്യപഠനം. എന്നാല്‍, രണ്ടു സെമസ്റ്ററില്‍ മാത്രമായി ഭാഷാപഠനം ചുരുക്കുന്ന പുതിയ പരിഷ്‌കാരം ആത്യന്തികമായി ചിന്താപരമായ മുരടിപ്പിനു വഴിവെയ്ക്കുകയും ഭാഷാപഠനത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളെ അട്ടിമറിക്കുകയും ചെയ്യുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാഷ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ് ഇതുവഴി സംഭവിക്കുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

നമ്മുടെ കോളേജുകളില്‍ രണ്ടാം ഭാഷാ അദ്ധ്യാപകരില്‍ പലരുടേയും ജോലിഭാരം ഇപ്പോള്‍ തന്നെ കുറവാണ്. അടുത്ത വര്‍ഷം മുതല്‍ ഡിഗ്രിക്കു ഭാഷാവിഷയങ്ങള്‍ രണ്ടു വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമാക്കുന്നതിലൂടെ പുതിയ ഒഴിവുകള്‍ ഇല്ലാതാകുന്നതോടൊപ്പം പല സ്ഥിരാദ്ധ്യാപകരുടേയും നിലനില്‍പ്പുതന്നെ ഭീഷണിയിലാകുമെന്ന ഭയവും ഉണ്ട്. ഭാവിയില്‍ സ്ഥിര നിയമനത്തിനു കാത്തുനില്‍ക്കുന്ന അനേകം ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴില്‍ നേടാനുള്ള അവസരവും ഇതോടെ നഷ്ടമായേക്കും.

പുത്തന്‍ വിദ്യാഭ്യാസനയത്തിനു അനുസൃതമായിട്ടായിരിക്കും സര്‍വ്വകലാശാലകളില്‍ ഇനി പുതിയ കോഴ്‌സുകളില്‍ പുന:സംഘടന നടക്കുകയെന്നും ആരോപണമുണ്ട്. എന്നാല്‍, കാലാനുസൃതമായി കോഴ്‌സുകളെ നവീകരിക്കുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ശ്യാം ബി. മേനോന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. പുത്തന്‍ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചായിരിക്കില്ല. അതേസമയം, നമ്മുടെ ബിരുദ കോഴ്‌സുകളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്. ഭാഷാ ഇതര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ മുഖ്യവിഷയത്തിനാണ് നല്‍കേണ്ടത്. ആശയവിനിമയത്തിനു വിദ്യാര്‍ത്ഥിയെ പ്രാപ്തമാക്കുന്ന രീതിയില്‍ പന്ത്രണ്ടാം ക്ലാസ്സുവരെ അദ്ധ്യയനം നടക്കുന്നുണ്ട്. ബിരുദതലമാകുമ്പോള്‍ വിദ്യാര്‍ത്ഥി സാഹിത്യം പഠിച്ചാല്‍ മതിയാകും. അതേസമയം, മുഖ്യവിഷയത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ആഴത്തിലുള്ള അറിവിനും വിജ്ഞാനോല്പാദനത്തിനും മുന്‍ഗണന നല്‍കുന്ന രീതിയില്‍ കോഴ്‌സിന്റെ ഘടന മാറേണ്ടതുമുണ്ട്. കൂടുതല്‍ സമയം മുഖ്യവിഷയത്തിനു നല്‍കേണ്ടിവരും. അപ്പോള്‍ ഭാഷാപഠനത്തിനുള്ള സമയം കുറയുകയും ഫലത്തില്‍ രണ്ടു സെമസ്റ്ററുകളിലേക്ക് ഭാഷാപഠനം ചുരുങ്ങുകയും ചെയ്യും. പുത്തന്‍ വിദ്യാഭ്യാസനയത്തിന്റെ കാഴ്ചപ്പാടും ഭാഷാപഠനത്തിനു സമയം കുറയ്ക്കണം എന്നതുതന്നെയാണ്. 

എന്നാല്‍, മോദി സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ് കാലടി സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദതലത്തില്‍ പുന:സംഘടനകള്‍ക്ക് തുടക്കമിട്ടിട്ടുള്ളതെന്ന് ആരോപണമുണ്ട്. കേരളത്തില്‍ ആദ്യമായി ഇങ്ങനെയൊരു പുന:സംഘടന ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാകുന്നതും കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലാണ്. അടുത്ത അധ്യയനവര്‍ഷത്തോടെ കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകള്‍ പുതിയ രീതിയിലേക്ക് മാറും. അതോടെ നിലവിലുള്ള പല ഡിപ്പാര്‍ട്ടുമെന്റുകളും ചുരുങ്ങും. പകരം പുതിയ ചില ഡിപ്പാര്‍ട്ടുമെന്റുകളും ഉണ്ടാകും. ഇങ്ങനെ ചുരുങ്ങുന്ന വിഭാഗങ്ങളില്‍ മലയാളവുമുണ്ട്. നിലവില്‍ കാലടിയില്‍ ഉള്‍പ്പെടെ എട്ടു സെന്ററുകളിലാണ് മലയാളം ഡിപാര്‍ട്ട്‌മെന്റുകളുള്ളത്. പയ്യന്നൂര്‍, കൊയിലാണ്ടി, തിരൂര്‍, പന്മന, ഏറ്റുമാനൂര്‍, തുറവൂര്‍, തിരുവനന്തപുരം, കാലടി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സെന്ററുകള്‍ ഉള്ളത്. ഇതില്‍ രണ്ടു സെന്ററുകള്‍ ഇതോടെ പൂര്‍ണ്ണമായി അടച്ചുപൂട്ടേണ്ടിവരുമെന്നും ആശങ്കയുണ്ട്. അടുത്ത ഘട്ടം എന്ന നിലയില്‍ എം.എ കോഴ്‌സുകള്‍ കാലടിയിലും മറ്റു സെന്ററുകളില്‍ ഏതെങ്കിലും ഒന്നിലും എന്ന രീതിയില്‍ ചുരുങ്ങും. എട്ടു സെന്ററുകളിലുണ്ടായിരുന്ന മലയാളം കോഴ്‌സ് ഇനി രണ്ടിലേക്കും ചുരുങ്ങും.

പരിഷ്‌കാരങ്ങള്‍ ആലോചിച്ചു മാത്രമേ ഉണ്ടാകൂ

പി.പി. പ്രകാശന്‍ 
(പ്രസിഡന്റ്, എ.കെ.ജി.സി.ടി)

കേരളത്തില്‍ കലാലയ വിദ്യാഭ്യാസരംഗത്തു ഇപ്പോള്‍ നടേ സൂചിപ്പിച്ച ഒരു പരിഷ്‌കാരവും നടപ്പായിട്ടില്ല. തീര്‍ച്ചയായും ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ശ്യാം ബി. മേനോന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു എന്നതുകൊണ്ട് അതിലെ എല്ലാ ശിപാര്‍ശകളും നടപ്പാക്കണമെന്നില്ല. വേണ്ടത്ര ആലോചന കൂടാതെ ഒരു പരിഷ്‌കാരവും സര്‍ക്കാര്‍ നടപ്പാക്കുകയില്ല എന്നുറപ്പിച്ചു പറയാം.

കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാഭ്യാസമേഖല പ്രാപ്തമാകണം 

ഡോ. എം.വി. നാരായണന്‍ 
(വൈസ് ചാന്‍സലര്‍, കാലടി സര്‍വകലാശാല)

കാലടി സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന പുന:സംഘടനയ്ക്ക് പുത്തന്‍ വിദ്യാഭ്യാസ നയവുമായി ബന്ധമൊന്നുമില്ല. സര്‍വ്വകലാശാലയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവ നല്‍കുക എന്നതുപോലും ബുദ്ധിമുട്ടായി കഴിഞ്ഞു. ഈ അവസ്ഥയില്‍ എക്കണോമിക്കലി വയബ്ള്‍ ആകണം പ്രവര്‍ത്തനം. അതിനനുസരിച്ചുള്ള റീ സ്ട്രക്ചറിംഗ് ആണ് സര്‍വ്വകലാശാലയില്‍ നടക്കുന്നത്. ഇതുകൊണ്ട് ഒരു സെന്ററും അടച്ചുപൂട്ടാന്‍ പോകുന്നില്ല. കൂടുതല്‍ സെന്ററുകളില്‍ നടക്കുന്ന ചില കോഴ്‌സുകള്‍ ഇതിന്റെ ഭാഗമായി ഏതാനും ചില സെന്ററുകളിലേക്ക് ചുരുങ്ങും. പക്ഷേ, സീറ്റുകളുടെ എണ്ണം കുറയില്ല. ഡിപ്പാര്‍ട്ടുമെന്റുകളുടെ എണ്ണവും ചുരുങ്ങുകയില്ല. പ്രോഗ്രാമുകളുടെ റാഷണലൈസേഷന്‍ എന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ ബാലമോഹന്‍ തമ്പി റിപ്പോര്‍ട്ടില്‍ തന്നെ ഇതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ 220 സാങ്ഷന്‍ഡ് പോസ്റ്റുകളും 290 ഗസ്റ്റ് അദ്ധ്യാപകരും ഉണ്ട്. കോടതിവിധിയും യു.ജി.സി റഗുലേഷന്‍സും അനുസരിച്ച് സാങ്ഷന്‍ഡ് പോസ്റ്റുകളുടെ പത്തു ശതമാനമേ ഗസ്റ്റ് അദ്ധ്യാപകരായി പാടുള്ളൂ. അതുപ്രകാരം 245 അദ്ധ്യാപകര്‍ മാത്രമേ പാടുള്ളൂ. ഇപ്പോള്‍ കേരളത്തിലെ മറ്റേതു സര്‍വ്വകലാശാലയിലും ഉള്ളതിനേക്കാള്‍ അദ്ധ്യാപകര്‍ ഇവിടെ ഉണ്ട്.  ഇപ്പോള്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍ ഇവിടെ ഒതുങ്ങുകയില്ല. സമഗ്രമായ രീതിയിലുള്ള ഒരു പരിഷ്‌കാരമാണ് നടക്കുക. പ്രൊജക്ട് മോഡിലും സെല്‍ഫ് സസ്റ്റേനിംഗ് രീതിയിലും ഉള്ള ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. നമ്മുടെ ഭാഷാപഠന കോഴ്‌സുകള്‍ പഴയ രീതിയില്‍ തുടര്‍ന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.

ശ്യാം ബി. മേനോന്‍ കമ്മിഷന്‍ അംഗമാണ് ഞാനും. കമ്മിഷന്‍ കേരളത്തിലെ സാഹചര്യങ്ങള്‍ മുന്‍പില്‍ കണ്ടുകൊണ്ടാണ് ശിപാര്‍ശകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നാഷണല്‍ എജുക്കേഷന്‍ പോളിസി ഫ്രെയിംവര്‍ക്കിനെ വിമര്‍ശിക്കുമ്പോള്‍ തന്നെ അതിനൊരു സാധ്യതയും ഉണ്ട്. അതു കാണാതെ പോകരുത്. ഇപ്പോള്‍ തന്നെ കേരളത്തിലെ കുട്ടികളെ എങ്ങനെ അടുപ്പിക്കാതിരിക്കാമെന്നാണ് ഹൈദരാബാദിലും ഡല്‍ഹിയിലുമൊക്കെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആലോചിക്കുന്നത്. ആ അവസ്ഥയെ മറികടക്കാന്‍ നമുക്കു കഴിയണം. 

സംസ്‌കൃതം, ഹിന്ദി തുടങ്ങിയ ഭാഷകളെ കള്‍ച്ചറല്‍ നാഷണലിസം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആ ഭാഷയെ അടിസ്ഥാനപ്പെടുത്തിയ കോഴ്‌സുകളെ മറ്റൊരു പരിപ്രേക്ഷ്യത്തില്‍ രൂപപ്പെടുത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. അതവര്‍ക്ക് വിട്ടുകൊടുക്കയല്ല വേണ്ടത്. അതിനുള്ള ശ്രമമാണ് കാലടി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com