''മരണവെപ്രാളത്തിനിടയില്‍ അവള്‍ പറഞ്ഞു: അങ്കിളേ വെള്ളം വേണം'' ജീവന്‍ മിടിക്കുന്ന ഫ്രെയിമുകളുടെ ഓര്‍മ്മകള്‍

ഏറ്റവും നല്ല വാര്‍ത്താച്ചിത്രതാച്ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ് കാരം അതിനു കിട്ടി. ആ തുകയുമായി ഞാന്‍ ആ പെണ് കുട്ടിയുടെ വീട്ടില്‍ പോയി. പക്ഷേ, അവര്‍ ആ കാശ് വാങ്ങിയില്ല. ജയിംസ് ക്യാ്യാമറയില് പകര്‍ത്തിയ ചിത്രങ്ങള് പറയുന്ന കഥകള് ...
ജയിംസ് ആര്‍പ്പൂക്കര
ജയിംസ് ആര്‍പ്പൂക്കര

ലയാള മനോരമയില്‍നിന്ന് ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ച ജയിംസ് ആര്‍പ്പൂക്കര 1975 മുതല്‍ 2016 വരെ നാല് പതിറ്റാണ്ടിലേറെ വാര്‍ത്താലോകത്തായിരുന്നു. എഴുത്തിലും വായനയിലും സിനിമയിലുമായിരുന്നു താല്പര്യം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. ഏറെ കഷ്ടപ്പാടുകള്‍ നേരിടേണ്ടിവന്നു. അങ്ങനെ ഫോട്ടോഗ്രാഫറായി.

അദ്ദേഹം ഇങ്ങനെ പറയുന്നു- മലയാള മനോരമയില്‍ കഥകളും മിനിക്കഥകളും കേരളഭൂഷണം പത്രത്തില്‍ നോവലെറ്റുമെഴുതി. അക്കാലത്തെഴുതിയ ഒരു മിനിക്കഥയെ പ്രകീര്‍ത്തിച്ച് എം. കൃഷ്ണന്‍ നായര്‍ 'സാഹിത്യവാരഫല'ത്തില്‍ കുറിപ്പെഴുതി. അദ്ദേഹം മനോരമയില്‍ വന്നപ്പോള്‍, കെ.എം. മാത്യു എന്നെ പരിചയപ്പെടുത്തിക്കൊടുത്തതും ധന്യമായ ഓര്‍മ്മയാണ്. മാത്തുക്കുട്ടിച്ചായന്‍ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു. എഴുത്ത് തുടരണമെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞതും വലിയ പ്രചോദനങ്ങളായി.

വാര്‍ത്താച്ചിത്രങ്ങളെടുക്കുന്നതില്‍ ഫിറോസ് ബാബു, വിക്ടര്‍ ജോര്‍ജ്, പി.എം. നാരായണന്‍, എല്‍. ശങ്കര്‍ തുടങ്ങിയ മനോരമയിലെ ഫോട്ടോഗ്രാഫര്‍മാരുടെ പിന്തുണയും പ്രോല്‍സാഹനവും കിട്ടി. അവിസ്മരണീയമായ ഒട്ടേറെ അനുഭവങ്ങളുണ്ട്. ചിലതൊക്കെ നൊമ്പരങ്ങളായി അവശേഷിക്കുന്നു. 1996-ല്‍ കൊല്ലം എഡിഷന്‍ ആരംഭിക്കുന്നതിനു മുന്‍പ് അവിടെ നിയമിക്കപ്പെട്ടു. ചിന്നക്കടയിലെ ഓവര്‍ബ്രിഡ്ജില്‍ വലിയൊരു അപകടം നടന്നുവെന്ന് അറിഞ്ഞത് വെളുപ്പിനാണ്. അവിടെയെത്തിയപ്പോള്‍, പാചകവാതകം കയറ്റിവന്ന കൂറ്റന്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ഒരു ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുറച്ചുപേര്‍ മരിച്ചുകിടക്കുന്നത് കണ്ടു. നേരം വെളുത്തിട്ടില്ല. എല്‍.പി.ജി ലീക്ക് ചെയ്തിരുന്നതിനാല്‍ ഫ്‌ലാഷടിച്ച് പടമെടുക്കരുതെന്ന് മുന്നറിയിപ്പു കിട്ടി. ലോറിക്കടിയിലേക്ക് നോക്കിയപ്പോള്‍, ഞരക്കം കേട്ടു. ടയറിനടിയില്‍പ്പെട്ട് അരയ്ക്കുതാഴെ തകര്‍ന്ന ഒരു പെണ്‍കുട്ടി കമിഴ്ന്നുകിടക്കുന്നു. മരണവെപ്രാളത്തിനിടയില്‍ അവള്‍ പറഞ്ഞു: അങ്കിളേ വെള്ളം വേണം. പിന്നാലെ ഫയര്‍ സര്‍വ്വീസുകാരും ഡോക്ടര്‍മാരുമെത്തി. തലയിലെ മുറിവ് വെച്ചുകെട്ടിയപ്പോള്‍ അവള്‍ തലയുയര്‍ത്തി നോക്കി. ആ ചിത്രമെടുത്തു. അവള്‍ക്ക് വെള്ളം കൊടുത്തു. ഒരിക്കല്‍ക്കൂടി അവള്‍ തല ഉയര്‍ത്തി. ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റാതെ അവളെ രക്ഷിക്കാനാവുമായിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ക്രെയിന്‍ എത്തി അവളെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും മുന്‍പ് അവള്‍ മരിച്ചു.

ജീവൻ വിടും മുൻപ്;1986ൽ കൊല്ലം ചിന്നക്കടയിൽ ടാങ്കർ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം
ജീവൻ വിടും മുൻപ്;1986ൽ കൊല്ലം ചിന്നക്കടയിൽ ടാങ്കർ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടംഫോട്ടോ: ജയിംസ് ആര്‍പ്പൂക്കര
ജയിംസ് ആര്‍പ്പൂക്കര
'അയാള്‍ പുറത്തെടുത്തത് മകന്‍റെ ജീവനറ്റ ശരീരമായിരുന്നു'; ക്യാമറ സാക്ഷ്യപ്പെടുത്തിയ ചരിത്രമുഹൂര്‍ത്തങ്ങള്‍

ആ ചിത്രം ബ്യൂറോ ചീഫ് സിബി കാട്ടാമ്പള്ളി കോട്ടയത്തേക്ക് കൊടുത്തയച്ചു. 'ജീവന്‍ വിടും മുന്‍പേ' എന്ന അടിക്കുറിപ്പോടെ ഒന്നാം പേജില്‍ വന്ന ആ പടം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്മിത എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് നേഴ്സിങ്ങ് പ്രവേശനപരീക്ഷ എഴുതാന്‍ ട്രെയിനില്‍ പുറപ്പെട്ടതാണ്. കൊല്ലത്തെത്തിയപ്പോള്‍ വണ്ടി തകരാറായി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്.

ആ ഫോട്ടോയ്ക്ക് ധാരാളം അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും കിട്ടി. അത് വന്ന ദിവസം മറ്റൊരു ദുരന്തത്തിന്റെ ഫോട്ടോയും എടുക്കേണ്ടിവന്നു. അച്ചന്‍കോവിലില്‍ ജീപ്പ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ആ ഫോട്ടോകളെടുത്ത് തിരിച്ചെത്തിയപ്പോള്‍ കോട്ടയത്തുനിന്ന് എക്സിക്യൂട്ടീവ് എഡിറ്റര്‍ മാമന്‍ മാത്യു വിളിച്ചു. ആ ചിത്രത്തിന് ഒരു പാരിതോഷികം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അക്കൊല്ലത്തെ ഏറ്റവും നല്ല വാര്‍ത്താച്ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അതിനു കിട്ടി. ആ അവാര്‍ഡ് തുകയുമായി ഞാന്‍ ആ കുട്ടിയുടെ വീട്ടില്‍ പോയി. പക്ഷേ, അവര്‍ ആ കാശ് വാങ്ങിയില്ല. കൊല്ലത്ത് ഒരു ക്രെയിനുണ്ടായിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല.

കൊച്ചിയിലെത്തിയ മദര്‍ തെരേസ താമസിച്ചത് കച്ചേരിപ്പടിയിലെ കോണ്‍വെന്റില്‍. അവിടെയെത്തിയപ്പോള്‍ മുറിയില്‍ പോകാനുള്ള അനുവാദം കിട്ടി. അകത്തേക്ക് നോക്കിയപ്പോള്‍ ആദ്യം ആരെയും കണ്ടില്ല. സാരിയില്‍നിന്ന് പോയ പിന്‍ അവര്‍ നിലത്ത് തപ്പുകയായിരുന്നു. ആ ചിത്രങ്ങളെടുത്തു. തിരിച്ചു വരുമ്പോള്‍, മക്കള്‍ക്കു നല്‍കാനായി ഒരു കൊന്ത അവര്‍ സമ്മാനിച്ചു. അടുത്ത ദിവസത്തെ പത്രം പുറത്തിറങ്ങിയത് അവരുടെ ആ കൗതുക ചിത്രങ്ങളുമായാണ്.

കൂപ്പുകൈകളോടെ;കാലടിയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ശങ്കർദയാൽ ശർമ്മയ്ക്കൊപ്പം തൊഴുന്ന ഇ.കെ നായനാർ.
കൂപ്പുകൈകളോടെ;കാലടിയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ശങ്കർദയാൽ ശർമ്മയ്ക്കൊപ്പം തൊഴുന്ന ഇ.കെ നായനാർ.ഫോട്ടോ: ജയിംസ് ആര്‍പ്പൂക്കര

കെന്നഡിയുടെ ഭാര്യയുടെ

രഹസ്യസന്ദര്‍ശനം

ഒരിക്കല്‍ കേരളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തുന്ന ജാക്വിലീന്‍ കെന്നഡിയെ കണ്ടെത്തി ഫോട്ടോയെടുക്കാന്‍ എല്ലാ യൂണിറ്റുകളിലേയും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നിര്‍ദ്ദേശം കിട്ടി. അന്ന് കൊച്ചി ബ്യൂറോയിലായിരുന്നു. ചീഫ് റിപ്പോര്‍ട്ടര്‍ മാര്‍ക്കോസ് എബ്രഹാമുമൊത്ത് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ, ഹില്‍പാലസിലെത്തി. അവിടെ മൂന്നു നാലു മദാമ്മമാരെ കണ്ടപ്പോള്‍ സംശയം തോന്നി ക്ലിക്ക് ചെയ്തു. ഫോട്ടോയെടുക്കുന്നത് കണ്ടതോടെ ഒരാള്‍ തൊപ്പികൊണ്ട് മുഖം മറച്ച് കാറില്‍ കയറിപ്പോയി. അവര്‍ കെന്നഡിയുടെ ഭാര്യതന്നെയാണെന്ന് എങ്ങനെ ഉറപ്പിക്കും? എല്ലാ പടങ്ങളുടേയും നെഗറ്റീവ് നോക്കിയപ്പോള്‍ അവര്‍ പോയ കാറിന്റെ നമ്പര്‍ കിട്ടി. ഏറെ പരിശ്രമിച്ച ശേഷം ഫോര്‍ട്ടുകൊച്ചിയിലുള്ള കാര്‍ ഡ്രൈവറെ കണ്ടെത്തി. അയാള്‍ ആദ്യമൊന്നും സമ്മതിച്ചില്ല. ആരോടും ഒന്നും പറയരുതെന്ന് അധികൃതര്‍ അവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. അത് ജാക്വിലീന്‍ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ഫോട്ടോ ചീഫ് ന്യൂസ് എഡിറ്റര്‍ മാത്യൂസ് വര്‍ഗ്ഗീസിനു നല്‍കി. അടുത്ത ദിവസം ഒന്നാം പേജിലെ എക്സ്‌ക്ലുസീവായിരുന്നു അത്.

'കൂപ്പുകൈകളോടെ' എന്ന ക്യാപ്ഷനില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ക്ഷേത്രദര്‍ശനം നടത്തുന്ന പടം പ്രസിദ്ധീകരിക്കപ്പെട്ടത് വിവാദമുണ്ടാക്കി. ഒരു ഔദ്യോഗിക പരിപാടിക്കെത്തിയ ഉപരാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ കാലടി ക്ഷേത്രത്തില്‍ തൊഴാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചു. ഇ.എം.എസ്, ടി.കെ. രാമകൃഷ്ണന്‍, നായനാര്‍ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. ഇ.എം.എസ് അമ്പലത്തിലേക്ക് വരുന്നില്ലെന്ന് പറഞ്ഞു. മുഖ്യമന്ത്രിയായതിനാല്‍, തനിക്ക് കൂടെ പോകാതിരിക്കാനാവില്ലെന്ന് പറഞ്ഞ് നായനാര്‍ അദ്ദേഹത്തെ അനുഗമിച്ചു. ശങ്കര്‍ ദയാല്‍ ശര്‍മ കൈകൂപ്പി തൊഴുതപ്പോള്‍ നായനാരും കൈകൂപ്പി. അത് ക്യാമറയിലാക്കി. പൊലീസുകാരന്‍ ക്യാമറ വാങ്ങി ഫിലിം പരിശോധിച്ചെങ്കിലും അതിനിടെ ഞാനാ റോള്‍ ഫിലിം അടിവസ്ത്രത്തിലേക്ക് മാറ്റിയിരുന്നു. പിറ്റേ ദിവസം ഒന്നാം പേജില്‍ അത് അച്ചടിച്ചുവന്നു.

വി.എസ് അച്ച്യുതാനന്ദൻ ഇടുക്കിയിൽ
വി.എസ് അച്ച്യുതാനന്ദൻ ഇടുക്കിയിൽഫോട്ടോ: ജയിംസ് ആര്‍പ്പൂക്കര

തിരുവനന്തപുരത്തെ ഒരു ലോക്കപ്പില്‍ ഒരാള്‍, അടിവസ്ത്രത്തിന്റെ വള്ളി കഴുത്തില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടത് വിവാദമായി നില്‍ക്കുന്ന കാലത്ത് മുഖ്യമന്ത്രി കെ. കരുണാകരന്‍ തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തി. ചടങ്ങ് കഴിഞ്ഞപ്പോള്‍, ലോക്കപ്പ് കണ്ടില്ലല്ലോ എന്ന് സി.എമ്മിനോട് പറഞ്ഞു. ഉടന്‍ തന്നെ കരുണാകരന്‍ ലോക്കപ്പില്‍ കയറി, അഴികളില്‍ പിടിച്ച്, കെട്ട് ഇങ്ങനെ, ഇതുപോലെ എന്ന് അഭിനയിച്ചു കാണിച്ചു. ഒപ്പം കെ. ബാബു എം.എല്‍.എയും. മുഖ്യമന്ത്രി ലോക്കപ്പില്‍ നില്‍ക്കുന്ന പടം ആ അടിക്കുറിപ്പോടെയാണ് പത്രത്തില്‍ വന്നത്. അദ്ദേഹത്തിനു പത്രക്കാരോട് വലിയ സ്നേഹമായിരുന്നു. ഒരു തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയ അദ്ദേഹത്തിനൊപ്പം ജങ്കാറില്‍ വൈപ്പിനിലിറങ്ങി. അദ്ദേഹത്തിന്റെ അന്നത്തെ മൂന്നു യോഗങ്ങള്‍ കൂടി കവര്‍ ചെയ്യാനുണ്ടായിരുന്നു. എനിക്ക് വണ്ടിയില്ലെന്നറിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ എസ്.പിയുടെ വണ്ടിയില്‍ കയറ്റി വിട്ടു. പെരുമ്പാവൂരില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനു പറവൂരില്‍നിന്ന് എന്നെയും കൂട്ടിയാണ് അദ്ദേഹം പോയത്. ആ വേദിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ വീഴാന്‍പോയ കരുണാകരനെ പിടിച്ചുകയറ്റുന്ന ചിത്രം കിട്ടി.

‘കെട്ട് ഇങ്ങനെ,ഇതുപോലെ’,കെ.കരുണാകരൻ തൃക്കാക്കര പൊലീസ് സ്റ്റേഷലിലെ ലോക്ക് അപ്പ് സന്ദർശിച്ചപ്പോൾ.ഒപ്പം കെ.ബാബു.
‘കെട്ട് ഇങ്ങനെ,ഇതുപോലെ’,കെ.കരുണാകരൻ തൃക്കാക്കര പൊലീസ് സ്റ്റേഷലിലെ ലോക്ക് അപ്പ് സന്ദർശിച്ചപ്പോൾ.ഒപ്പം കെ.ബാബു.ഫോട്ടോ: ജയിംസ് ആര്‍പ്പൂക്കര

മാളയിലുള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തേയും പരിചയമുള്ള ആളുകളെക്കുറിച്ച് പറയും. ഇടയ്ക്ക് സംസ്‌കൃതശ്ലോകങ്ങള്‍ ചൊല്ലും. മാളയില്‍ ആളുകളുടെ പേരെടുത്തു പറഞ്ഞ് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിട്ടയര്‍മെന്റിനുശേഷം യാത്രയും എഴുത്തും സജീവമായി. മുന്‍പ് എഴുതിയ കഥകള്‍ സമാഹരിച്ച് പുറത്തിറക്കിയത് കൊവിഡ് കാലത്താണ്. അത് എഡിറ്റ് ചെയ്തത് സി. രാധാകൃഷ്ണനാണ്. ന്യൂസിലന്‍ഡിലുള്ള മകളെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവരുമൊത്ത്, ആദിവാസിമേഖലകളുള്ള കിഴക്കന്‍പ്രദേശങ്ങളിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണ് 'ന്യൂസിലന്‍ഡ്: വെള്ളമേഘങ്ങളുടെ നാട്.'ഒരു വലിയ കാലയളവില്‍ ഒട്ടേറെ അനുഭവങ്ങളുമായി ന്യൂസ് ഫോട്ടോഗ്രഫിയുടെ അവിസ്മരണീയ നിമിഷങ്ങള്‍ക്കിടയില്‍ ജീവിക്കാനായതില്‍ കൃതജ്ഞതയുണ്ട്, ജയിംസ് ആര്‍പ്പൂക്കരയ്ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com