'അയാള്‍ പുറത്തെടുത്തത് മകന്‍റെ ജീവനറ്റ ശരീരമായിരുന്നു'; ക്യാമറ സാക്ഷ്യപ്പെടുത്തിയ ചരിത്രമുഹൂര്‍ത്തങ്ങള്‍

ദേശീയ രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ പി. മുസ്തഫയുടെ ക്യാമറ ജീവിതത്തിന് അരനൂറ്റാണ്ട് പിന്നിട്ടു
പി. മുസ്തഫ
പി. മുസ്തഫ

ക്യാമറയുമായുള്ള പി. മുസ്തഫയുടെ സഹവാസത്തിന് 2023-ല്‍ അന്‍പത് വര്‍ഷം. ചരിത്രത്തെ ക്യാമറക്കണ്ണുകളിലൂടെ ആലേഖനം ചെയ്ത അരനൂറ്റാണ്ട്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പി. മുസ്തഫ ആദ്യമായി ഫോട്ടോയെടുത്തത്. ഒരു സ്ത്രീ ഓല മെടയുന്ന ചിത്രം. സുഹൃത്തായ എന്‍.സി. അസീസ് കൊണ്ടുവന്ന ക്ലിക്ക് ത്രീയുടെ 120 ഫിലിം ക്യാമറയിലായിരുന്നു, അത്. അന്ന് അതിന്റെ വില 35 രൂപ. ഫിലിമിനു വലിയ വിലയുള്ള കാലം.

കോഴിക്കോട് ചാലപ്പുറം മൂരിയാട്ട്, കല്ലായിപ്പുഴയുടെ തീരത്ത്, രണ്ടുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ ആറുമക്കളില്‍ മൂത്തവനായി പിറന്ന മുസ്തഫ ആറിലും ഏഴിലും പിന്നെ പത്തിലും തോറ്റ്, പഠിപ്പുനിര്‍ത്തി. വോളിബോളും നാടകവും കളിച്ചു നടന്നപ്പോഴും ക്യാമറ ഹരമായി. നടനും നാടകകൃത്തും സംവിധായകനുമൊക്കെയായ ശ്രീധരന്‍ നടത്തിയിരുന്ന കോഴിക്കോട്ടെ സംഗം തീയേറ്ററിനടുത്ത് ദിനകര്‍ സ്റ്റുഡിയോയില്‍ സഹായിയായി കൂടി, ഫോട്ടോയെടുപ്പിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. കല്യാണപ്പടങ്ങളായിരുന്നു മുഖ്യം. പക്ഷേ, ശ്രീധരേട്ടന്‍ പ്രധാനപ്പെട്ട സംഭവങ്ങളൊന്നും കാണിച്ചുതരില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന കര്‍ണ്ണന്‍, ശ്രീധരന്‍ ഇല്ലാത്ത സമയങ്ങളില്‍ മുസ്തഫയെ രഹസ്യമായി ഡാര്‍ക്ക് റൂമില്‍ കയറ്റി, കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.

1980കളിൽ കണ്ണൂരിൽ നടന്ന സി.പി.എം റാലിയിൽ ജ്യോതി ബസു, ഇ.എം.എസ്,ഇ.കെ. നായനാർ
1980കളിൽ കണ്ണൂരിൽ നടന്ന സി.പി.എം റാലിയിൽ ജ്യോതി ബസു, ഇ.എം.എസ്,ഇ.കെ. നായനാർ ++++++
പി. മുസ്തഫ
രാജന്‍ പൊതുവാള്‍: വാര്‍ത്താമുറിയിലെ ഫോട്ടോ ആര്‍ട്ടിസ്റ്റ്

പിന്നെ കുറച്ചുകാലം മിഠായിത്തെരുവിലെ ദര്‍ശന്‍ സ്റ്റുഡിയോയില്‍ സഹായിയായി. വലിയ ക്യാമറകള്‍ ഉണ്ടായിരുന്ന അവിടെയായിരുന്നു പത്രഫോട്ടോഗ്രാഫര്‍മാര്‍ ഫിലിം ഡെവലപ് ചെയ്യാന്‍ കൊണ്ടുവന്നിരുന്നത്. ടി.നാരായണന്‍ (മലയാള മനോരമ), രാമാനുജന്‍ (ദേശാഭിമാനി) തുടങ്ങിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുമായി പരിചയത്തിലായി. പത്ര ഫോട്ടോഗ്രാഫറാകണമെന്ന ആഗ്രഹം മൊട്ടിട്ടു. പിന്നെ, സ്വതന്ത്ര ഫോട്ടോഗ്രാഫറായി. അക്കാലത്തെടുത്ത ഫോട്ടോകള്‍ പല പത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. യാഷികയുടെ 120 ബോക്സ് ക്യാമറ സ്വന്തമായി. അതില്‍ ഫിലിമിട്ടാല്‍ 12 ഫോട്ടോകളെടുക്കാം. 1976-ല്‍ കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഫോട്ടോകളെടുത്തു. പിന്നെ, എത്രയോ യുവജനോത്സവങ്ങള്‍. അക്കാലത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്.

കിഷോര്‍ കുമാറിനൊപ്പം വേദിയില്‍ നൃത്തം ചെയ്ത അനുഭവവുമുണ്ട്, പി. മുസ്തഫയ്ക്ക്. 1981-ല്‍ അദ്ദേഹം കോഴിക്കോട് വന്നപ്പോഴായിരുന്നു അത്. തീരെ ചെറിയൊരു സ്റ്റേജ്. മുഹമ്മദ് റഫി മരിച്ചതിന് അടുത്ത നാളുകളിലായിരുന്നു അത്. കിഷോര്‍ റഫിക്കുവേണ്ടി ഒരു പാട്ടുപാടി. വേറെയും രണ്ട് പാട്ടുകള്‍ പാടി. അടുത്ത പാട്ടില്‍ എന്റെ കൂടെ ഡാന്‍സ് ചെയ്യണം, അദ്ദേഹം സദസിനോട് ആവശ്യപ്പെട്ടു. കിഷോര്‍ സ്റ്റേജില്‍ പാടി ഡാന്‍സ് ചെയ്ത് അങ്ങനെ പോകും. ആകെ നാല് പത്രഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പമുണ്ട്. ഞങ്ങള്‍ സ്റ്റേജില്‍തന്നെ നില്‍ക്കുകയാണ്. കിഷോര്‍ പാടി തുടങ്ങിയപ്പോള്‍ ആരും ഡാന്‍സ് ചെയ്യാന്‍ മുന്നോട്ടുവന്നില്ല. ആദ്യത്തെ രണ്ടു വരി കഴിഞ്ഞപ്പോള്‍ ഞാന്‍ ക്യാമറ സുഹൃത്തിന്റെ കയ്യില്‍ കൊടുത്ത് കിഷോറിനൊപ്പം ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയെന്ന് മുസ്തഫ പറയുന്നു. സ്റ്റേജിലേക്ക് അതോടെ നാലഞ്ച് പയ്യന്മാര്‍ കയറിവന്നു. അവരുടെ പടം എടുത്തു. എന്നാല്‍ ആ പടം ആരും എടുത്തില്ല.

ന്യൂഡൽഹിയിലെത്തിയ യാസർ അരാഫത്തിനെ രാഷ്ട്രപതി ആർ.വെങ്കിടരാമനും പ്രധാനമന്ത്രി പി.വി നരസിംഹറാവുവും സ്വീകരിക്കുന്നു(നവംബർ 20,1997).
ന്യൂഡൽഹിയിലെത്തിയ യാസർ അരാഫത്തിനെ രാഷ്ട്രപതി ആർ.വെങ്കിടരാമനും പ്രധാനമന്ത്രി പി.വി നരസിംഹറാവുവും സ്വീകരിക്കുന്നു(നവംബർ 20,1997).ഫോട്ടോ പി. മുസ്തഫ

1983-ല്‍ കേരളകൗമുദിയുടെ കോഴിക്കോട് യൂണിറ്റില്‍നിന്നാണ് പി. മുസ്തഫയുടെ മാധ്യമജീവിതം തുടങ്ങുന്നത്. ഓഫ്സെറ്റ് പ്രിന്റിങ്ങും വയര്‍ ഫോട്ടോയും അടക്കമുള്ള ആധുനിക സംവിധാനങ്ങളും ഊര്‍ജ്ജസ്വലരായ ഒരു കൂട്ടം യുവപത്രപ്രവര്‍ത്തകരുമായി മലബാറില്‍നിന്ന് കേരള കൗമുദി തുടങ്ങുന്ന സമയം. പരിചയസമ്പന്നനായ പി.ജെ. മാത്യുവാണ് ന്യൂസ് എഡിറ്റര്‍. അദ്ദേഹം പ്രോത്സാഹിപ്പിച്ചതിനാല്‍ ധാരാളം അവസരങ്ങള്‍ കിട്ടി.

1986 ഫെബ്രുവരി 28 വെള്ളിയാഴ്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് കാണാന്‍ തൊടടുത്ത റെയില്‍വേ ട്രാക്കില്‍ നിന്നവരുടെ ഇടയിലേക്ക് പുലര്‍ച്ചെ എക്സ്പ്രസ് ട്രെയിന്‍ പാഞ്ഞുകയറി, 27 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ജഗന്നാഥ ടെമ്പിള്‍ ഗേറ്റ് സ്റ്റേഷന്‍ കഴിഞ്ഞുള്ള ചെറിയ വളവിലെ ട്രാക്കില്‍ നിന്നവര്‍ വെടിക്കെട്ടിന്റെ ശബ്ദത്തില്‍ വണ്ടി വരുന്നതറിഞ്ഞില്ല. ശരീരഭാഗങ്ങള്‍ അറ്റുപോയ മൃതദേഹങ്ങള്‍. ചതഞ്ഞരഞ്ഞവര്‍. ആ ദൃശ്യങ്ങള്‍ ഇപ്പോഴും ഉള്ളില്‍ നൊമ്പരമായി കിടക്കുന്നുണ്ട്. ദുരന്തങ്ങളാണ് എപ്പോഴും വലിയ വാര്‍ത്തകള്‍.''

1988 ജൂലൈ 8-ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന ഐലന്റ് എക്സ്പ്രസ് കൊല്ലത്തിനടുത്ത് പെരുമണ്‍ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്ക് വീണു 105 പേര്‍ മരിച്ചു. വൈകുന്നേരമാണ് ആ വാര്‍ത്ത അറിഞ്ഞത്. അങ്ങോട്ട് പോകാന്‍ മാത്യുസാറിന്റെ അനുമതി ചോദിച്ചു. അദ്ദേഹം പത്രാധിപര്‍ മണിസാറുമായി സംസാരിച്ചപ്പോള്‍ അവിടെനിന്ന് ഫോട്ടോഗ്രാഫര്‍ ശങ്കരന്‍കുട്ടിയെ അയയ്ക്കുന്നുണ്ടെന്ന മറുപടിയാണു കിട്ടിയത്. ഞാന്‍ പോയാല്‍ നല്ല പടങ്ങള്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അക്കാര്യം തിരുവനന്തപുരത്ത് അറിയിച്ചപ്പോള്‍, ഫോട്ടോ എടുത്തുകഴിഞ്ഞ് അങ്ങോട്ട് ചെല്ലാന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, ഞാന്‍ അതിനോടകം പുറപ്പെട്ടു എന്ന് അദ്ദേഹം അറിയിച്ചു.

അടുത്ത ദിവസം രാവിലെ കൊല്ലത്തെത്തി. ഒരു ഓട്ടോറിക്ഷ പിടിച്ച് ദുരന്തസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. കായലില്‍ ചൂണ്ടയിടുന്നവര്‍ ഉപയോഗിക്കുന്ന ഒരു ചെറിയ തോണിയുണ്ടായിരുന്നു. നീന്തല്‍ അറിയാവുന്നതിനാല്‍ അതില്‍ കയറി, ചിത്രങ്ങളെടുത്തു. ഒരു കൊച്ചുകുട്ടിയുടെ ജഡം ബനിയനില്‍ പിടിച്ച് എടുത്തുകൊണ്ടുവരുന്നതു കണ്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അതേ പ്രായത്തിലുള്ള എന്റെ ഇരട്ടക്കുട്ടികളെ ഓര്‍മ്മവന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബോഗികള്‍ മുറിച്ച് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനിടയില്‍ ഒരാള്‍ നിലവിളിക്കുന്നത് കണ്ട് ഫോട്ടോയെടുത്തു. അയാളെ മറ്റുള്ളവര്‍ ആശ്വസിപ്പിക്കുന്നു. ചെല്ലപ്പന്‍ എന്ന ആ ഉദ്യോഗസ്ഥന്റെ മകന്‍ ജലജകുമാറിന്റെ മൃതദേഹമായിരുന്നു അതിലൊന്ന്. ബാംഗ്ലൂരില്‍ പോയിരുന്ന മകന്‍ അടുത്ത ദിവസമായിരുന്നു വരേണ്ടിയിരുന്നത്. നേരത്തെയാക്കിയ യാത്ര മരണത്തിലേക്കായിരുന്നു.

കഷ്ടിച്ച് ഒന്നരമണിക്കൂര്‍ മാത്രമേ ഞാന്‍ പെരുമണ്ണില്‍ നിന്നുള്ളൂ. ഫോട്ടോകളുമായി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തി. അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളകൗമുദിയില്‍ ആ ഫോട്ടോകള്‍ വന്നു. കലാകൗമുദി ആ ദുരന്തത്തെക്കുറിച്ചിറക്കിയ പ്രത്യേക പതിപ്പിലും ആ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഡൽഹിയിൽ നടന്ന ഒരു സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലേക്ക് ഇ.എം.എസും ജ്യോതിബാസുവും എത്തിയപ്പോൾ,അവരുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫർമാർക്കു നടുവിലിരുന്ന് പാർട്ടി പ്രസിദ്ധീകരണം വായിക്കുന്ന ഇ.കെ നായനാർ,എ.ബി വാജ്പേയി ഡൽഹിയിൽ  നിന്ന് ഫോട്ടോ പി. മുസ്തഫയുടെ രണ്ട് ചിത്രങ്ങള്‍
ഡൽഹിയിൽ നടന്ന ഒരു സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലേക്ക് ഇ.എം.എസും ജ്യോതിബാസുവും എത്തിയപ്പോൾ,അവരുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫർമാർക്കു നടുവിലിരുന്ന് പാർട്ടി പ്രസിദ്ധീകരണം വായിക്കുന്ന ഇ.കെ നായനാർ,എ.ബി വാജ്പേയി ഡൽഹിയിൽ നിന്ന് ഫോട്ടോ പി. മുസ്തഫയുടെ രണ്ട് ചിത്രങ്ങള്‍
വാജ്പേയിയുടെ കൂടെയുള്ള യാത്രകളില്‍ ഏറെ രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വീട്ടില്‍ ചായ ഉണ്ടാക്കുന്നതിന്റെ ചിത്രവും എടുത്തിട്ടുണ്ട്. 1990 മുതല്‍ 1997 അവസാനം വരെ അഞ്ച് പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നു എന്നുള്ളതാണ് എനിക്കു കിട്ടിയ ഭാഗ്യം. അവരുടെ സത്യപ്രതിജ്ഞകളുടെ ഫോട്ടോകളുമെടുത്തു. ഡല്‍ഹിയിലെ അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്.
ഡൽഹിയിൽ നടന്ന ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ ഒരു യോഗത്തിൽ ,രാഷ്ട്രപതിയുടെ പ്രസംഗം നീണ്ടപ്പോൾ, കോട്ടുവായിടുന്ന പ്രധാനമന്ത്രി പി.വി നരസിംഹറാവു.
ഡൽഹിയിൽ നടന്ന ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ ഒരു യോഗത്തിൽ ,രാഷ്ട്രപതിയുടെ പ്രസംഗം നീണ്ടപ്പോൾ, കോട്ടുവായിടുന്ന പ്രധാനമന്ത്രി പി.വി നരസിംഹറാവു. ഫോട്ടോ പി. മുസ്തഫ

1988 മാര്‍ച്ച് ആദ്യം കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ പങ്കെടുത്ത ഒരു പുസ്തകപ്രകാശന ചടങ്ങിന്റെ ഫോട്ടോയുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവമുണ്ട്, മുസ്തഫയ്ക്ക്. അന്ന് ബഷീര്‍ക്കായുടെ വീട്ടില്‍ ഫോണ്‍ ഇല്ല. ഫോണ്‍ വേണ്ട എന്ന് തീരുമാനമെടുത്തതാണ് കാരണം. ആയിടെ എനിക്ക്, 1988 മാര്‍ച്ച് 13-ാം തീയതിവെച്ച് അദ്ദേഹം എഴുതിയ ഒരു കത്ത് കിട്ടി. കെ. ജയകുമാര്‍, ഒ.എന്‍.വി കുറുപ്പ്, ഞാന്‍ (ബഷീര്‍) എന്നിവരുമൊത്ത് മുസ്തഫ എടുത്ത ഫോട്ടോ കേരളകൗമുദിയില്‍ കണ്ടു. ഗ്ലെയ്സ്ഡ് പേപ്പറില്‍ പോസ്റ്റ് കാര്‍ഡ് സൈസില്‍ 10 കോപ്പി വേണം. അതുംകൊണ്ട് ഇവിടെ വരുമ്പോള്‍ മുസ്തഫക്ക് 50 രൂപ ഞാന്‍ തരുന്നതാണ്. പോരെങ്കില്‍ പോരാത്തതും. ലൈലയെ ചോദിച്ചതായി പറയണം. അതാണ് ബഷീര്‍.

1988 ഒക്ടോബറില്‍ മലയാള മനോരമയില്‍ ചേര്‍ന്നു. ആദ്യം കോട്ടയത്ത്. എനിക്ക് അവിടുത്തെ ജീവിതം തീരെ ഇഷ്ടമായില്ല. സ്ഥലം മാറ്റം ചോദിച്ചുവാങ്ങി. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലേക്കും എന്നെ അയച്ചു. പിന്നെ, വിക്ടര്‍ ജോര്‍ജ് നാട്ടിലേക്കു വന്ന ഒഴിവില്‍ ഡല്‍ഹിയില്‍ നിയമിക്കപ്പെട്ടു. 1989 മുതല്‍ 1997 വരെ നീണ്ട ഏഴു വര്‍ഷം അവിടെ. ഏറ്റവും കൂടുതല്‍ ഫോട്ടോകളെടുത്തത് അക്കാലത്താണ്. പത്ത് പ്രധാനമന്ത്രിമാരുടെ അപൂര്‍വ്വങ്ങളായ ചിത്രങ്ങള്‍ അതിലുണ്ട്. ഡല്‍ഹിയില്‍നിന്ന് ഭോപ്പാലിലേക്കുള്ള ഒരു വിമാനയാത്രയില്‍ 16 സീറ്റ് മാത്രമുള്ള ചെറിയ വിമാനത്തിലിരുന്ന് എ.ബി. വാജ്പേയി ഉറങ്ങുന്ന കൗതുകക്കാഴ്ചയുണ്ട്. തലസ്ഥാനത്ത് നടന്ന ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ ഒരു യോഗത്തില്‍, രാഷ്ട്രപതിയുടെ പ്രസംഗം നീണ്ടപ്പോള്‍ പി.വി. നരസിംഹറാവു കോട്ടുവായിടുന്ന ചിത്രം വലിയ രാഷ്ട്രീയമാനങ്ങള്‍ കൈവരിച്ച് ചരിത്രത്തില്‍ അവിസ്മരണീയമായിത്തീര്‍ന്നു. തീരുമാനങ്ങള്‍ നീട്ടിക്കൊണ്ടുപോയ നരസിംഹറാവു സര്‍ക്കാരിന്റെ ഏറ്റവും മൗലികമായ ലോഗോയാണിത്. മുസ്തഫയുടെ ഏറ്റവും നല്ല ചിത്രവും ഇതാണ്. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് പറയുന്നു.

വാജ്പേയിയുടെ കൂടെയുള്ള യാത്രകളില്‍ ഏറെ രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വീട്ടില്‍ ചായ ഉണ്ടാക്കുന്നതിന്റെ ചിത്രവും എടുത്തിട്ടുണ്ട്. 1990 മുതല്‍ 1997 അവസാനം വരെ അഞ്ച് പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നു എന്നുള്ളതാണ് എനിക്കു കിട്ടിയ ഭാഗ്യം. അവരുടെ സത്യപ്രതിജ്ഞകളുടെ ഫോട്ടോകളുമെടുത്തു. ഡല്‍ഹിയിലെ അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്.

നരേന്ദ്ര മോദിയുടെ താടിയും മീശയും ഇല്ലാത്ത ചെറുപ്പകാലത്തെ ചിത്രം എടുത്തിട്ടുണ്ട്. അതെടുക്കുമ്പോള്‍ അദ്ദേഹം പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്നു കരുതിയിരുന്നില്ല. മുരളി മനോഹര്‍ ജോഷി ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ 1991 ഡിസംബര്‍ 11 മുതല്‍ 1992 ജനുവരി 26 വരെ കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കു നടത്തിയ ഏകതായാത്രയുടെ കണ്‍വീനറായിരുന്നു നരേന്ദ്ര മോദി. ഞങ്ങള്‍ കുറെയേറെ പത്രക്കാര്‍ യാത്ര റിപ്പോര്‍ട്ട് ചെയ്യാന്‍ ഒപ്പം സഞ്ചരിച്ചു. 41 വയസ്സുള്ള മോദിയുടെ ഫോട്ടോ അന്നെടുത്തതാണ്. ഭാവിയില്‍ നേതാവായേക്കും എന്ന് വിചാരിച്ച് അത് സൂക്ഷിച്ചുവച്ചു. ഫോട്ടോഗ്രാഫര്‍ക്ക് എപ്പോഴും അത്തരം ഭാഗ്യങ്ങള്‍ ഉണ്ടാകും. കളറില്‍ ട്രാന്‍സ്പേരന്‍സി ഫിലിമിലായിരുന്നു അത് എടുത്തത്. മോദി പ്രധാനമന്ത്രിയായ ശേഷം, സംശയം തോന്നി ചിത്രം എടുത്തു നോക്കി. അത് അദ്ദേഹത്തിന്റെ ചിത്രം തന്നെയായിരുന്നു. ആ പ്രായത്തിലുള്ള മോദിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍പോലും അപൂര്‍വ്വമാണ്.

മുരളി മനോഹർ ജോഷി ബിജെപിയുടെ അഖിലേന്ത്യ പ്രസിഡൻ്റായിരിക്കുമ്പോൾ 1991 ഡിസംബർ 11 മുതൽ 1992 ജനുവരി 26 വരെ കന്യാകുമാരിയിൽ നിന്ന് കാഷ്മീരിലേയിലേക്ക് നടത്തിയ ഏകതായാത്രയ്ക്കിടെ,അതിൻ്റെ കൺവീനറായിരുന്ന നരേന്ദ്ര മോദി.പി. മുസ്തഫ എടുത്ത അപൂര്‍വ്വ ചിത്രം
മുരളി മനോഹർ ജോഷി ബിജെപിയുടെ അഖിലേന്ത്യ പ്രസിഡൻ്റായിരിക്കുമ്പോൾ 1991 ഡിസംബർ 11 മുതൽ 1992 ജനുവരി 26 വരെ കന്യാകുമാരിയിൽ നിന്ന് കാഷ്മീരിലേയിലേക്ക് നടത്തിയ ഏകതായാത്രയ്ക്കിടെ,അതിൻ്റെ കൺവീനറായിരുന്ന നരേന്ദ്ര മോദി.പി. മുസ്തഫ എടുത്ത അപൂര്‍വ്വ ചിത്രം

അച്ചടിക്കാതെ പോയ

ചിത്രങ്ങള്‍

കൂടുതല്‍ യാത്രചെയ്തത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കൂടെയാണ്. അദ്ദേഹത്തിന്റെ പല സന്ദര്‍ശനങ്ങളിലും ദിവസവും മുഴുവന്‍ കൂടെയുണ്ടാകും. രാജീവ് ഗാന്ധിയും സോണിയയും ഒരു പൊതുവേദിയില്‍ ഒന്നിച്ചുനില്‍ക്കുന്നത് അപൂര്‍വ്വം. 1991-ല്‍ അത്തരം ഒരു ചിത്രം എടുത്തിട്ടുണ്ട്. കൗമാരക്കാരനായ രാഹുല്‍ ഗാന്ധിയുടെ ചിത്രവും പി. മുസ്തഫയുടെ ക്യാമറയില്‍ ചരിത്രചിത്രമായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1990 മെയ് 20-ന് ഹരിയാനയിലെ മേഹം ജില്ലയിലെ മദീനയില്‍ കോണ്‍ഗ്രസ് നടത്തിയ പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ്. ഒരു ജിപ്സി സ്വയം ഓടിച്ചായിരുന്നു രാജീവ് ഗാന്ധി എത്തിയത്. അദ്ദേഹം വേദിയിലേക്ക് പോയപ്പോള്‍ വാഹനത്തിനകത്ത് രാഹുല്‍ ഇരിക്കുന്നത് കണ്ടു. ഗ്ലാസില്‍ മുട്ടി, പുറത്തേക്കിറങ്ങി വരുവാന്‍ അഭ്യര്‍ത്ഥിച്ചു. മനോരമയ്ക്കുവേണ്ടി ഫോട്ടോയെടുക്കാനാണെന്ന് പല പ്രാവശ്യം പറഞ്ഞപ്പോള്‍ രാഹുല്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. കുറേ ചിത്രങ്ങളെടുത്തപ്പോഴേക്കും ആളുകള്‍ കൂടി. അദ്ദേഹം വീണ്ടും വണ്ടിയില്‍ കയറി. എടുത്ത പടം പത്രത്തില്‍ പ്രസിദ്ധീകരിച്ചുവരുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഗ്രഹം. ഏറ്റവുമധികം റിസ്‌ക് എടുത്ത് ചെയ്ത ഫോട്ടോകള്‍, പക്ഷേ, പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നില്ല എന്ന സങ്കടം ബാക്കിയുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കുന്ന പടമാണത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു, അത്. 1992 ഡിസംബര്‍ 6-ന്, അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരുമടക്കം ഇരുനൂറോളം പേര്‍ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ മനോരമയ്ക്കും 'ദ് വീക്കി'നും വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍. പ്രസന്നനാണ് വന്നത്. ടി. അജിത് കുമാര്‍ (മാതൃഭൂമി), ആര്‍. സുഭാഷ് (മാധ്യമം), വെങ്കിടേഷ് രാമകൃഷ്ണന്‍ (ദ ഹിന്ദു, ഫ്രണ്ട് ലൈന്‍) ജോണ്‍ ബ്രിട്ടാസ് (ദേശാഭിമാനി), തോമസ് (അസോസിയേറ്റ് പ്രസ്) തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. മലയാളിയായ അനിത പ്രതാപ് വിദേശ പത്രക്കാരുടെ കൂടെയാണ് അന്ന് ഉണ്ടായിരുന്നത്.

പത്തു കിലോമീറ്റര്‍ അകലെ ഫൈസാബാദിലെ ഒരു ചെറിയ ഹോട്ടലിലായിരുന്നു പ്രസന്നനും മുസ്തഫയ്ക്കും മുറി കിട്ടിയത്. ഹോട്ടല്‍ ഉടമ കര്‍സേവകര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന ആളായിരുന്നതിനാല്‍, മുസ്തഫയെ പ്രസന്നന്‍ മുത്തുവാക്കി. ഞാന്‍ അസ്വസ്ഥനായി. എന്തും സംഭവിക്കാമെന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും മസ്ജിദിലേക്ക് പോകാനുള്ള പാസ്സിനായി വിശ്വഹിന്ദു പരിഷത്ത് ഓഫീസില്‍ ഞാന്‍ യഥാര്‍ത്ഥ പേരു തന്നെ നല്‍കി.

പി. മുസ്തഫ
ക്യാമറ കണ്ട ജീവിതവൈവിദ്ധ്യങ്ങള്‍

ഏതാണ്ട് ഒരു ലക്ഷത്തിലധികം കര്‍സേവകര്‍ അന്ന് അയോദ്ധ്യയില്‍ എത്തിയിരുന്നു. പരിശീലനം ലഭിച്ചവരായിരുന്നു ഭൂരിപക്ഷവും. പള്ളിയുടെ അകത്ത് അവസാനം കയറുന്നത് ഞങ്ങള്‍, മലയാളി പത്രപ്രവര്‍ത്തകരുടെ സംഘമായിരുന്നു. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരൊക്കെ പള്ളിയില്‍ കയറി. പള്ളിയുടെ തൊട്ട് എതിര്‍വശത്തുള്ള കെട്ടിടത്തില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനുള്ള സജ്ജീകരണം ഞാന്‍ നേരത്തെ ചെയ്തിരുന്നു. പള്ളി തകര്‍ക്കപ്പെടുമെന്ന് ഞങ്ങളാരും വിചാരിച്ചിരുന്നില്ല. കുറച്ചുപേര്‍ക്ക് രഹസ്യം അറിയാമായിരുന്നെങ്കിലും പൊതുവില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നില്ല. പൊലീസുകാരെയൊക്കെ പരിസരത്തുനിന്ന് ഓടിച്ചുകഴിഞ്ഞ്, കര്‍സേവകര്‍ പള്ളിക്കു മുകളില്‍ കയറുന്നത് കണ്ടു. ഡോമുകള്‍ പിക് ആക്സും പാരയും കൊണ്ട് പൊളിച്ചുതുടങ്ങിയപ്പോള്‍ തന്നെ കര്‍സേവകര്‍ ഫോട്ടോഗ്രാഫര്‍മാരെ തെരഞ്ഞുപിടിച്ച് തല്ലുന്നത് കാണാമായിരുന്നു. 35 ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അന്ന് പരിക്കുപറ്റി. മസ്ജിദിനെതിരെയുള്ള 200-300 അടി ഉയരമുള്ള ഒരു കെട്ടിടത്തിന്റെ ടെറസ്സിലാണ് ഞാന്‍ ഇരുന്നത്. സൂം ലെന്‍സ് ഉപയോഗിച്ച് മനോഹരമായ പടങ്ങള്‍ എടുക്കാന്‍ പറ്റിയ സ്ഥലം.

ബാക്കി ഫോട്ടോഗ്രാഫര്‍മാര്‍ താഴെ പല സ്ഥലങ്ങളിലായിട്ടാണ് നിന്നിരുന്നത്. മൂന്ന് ഡോമുകളും കൂടി അവര്‍ പൊളിച്ചപ്പോഴേക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരായ ആക്രമണം രൂക്ഷമായി. വളരെ ആസൂത്രിതമായിരുന്നു അതെല്ലാം എന്നു തോന്നി. അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ ഇവരെല്ലാം കണ്ടുകഴിഞ്ഞതിനുശേഷം വിഗ്രഹം തന്ത്രപൂര്‍വ്വം അവിടെ നിന്ന് മാറ്റി. അതിനും മുന്‍പു തന്നെ പൊലീസുകാരെ അടിച്ചോടിച്ചിരുന്നു. പൊലീസുകാരില്‍ കുറച്ചുപേര്‍ക്ക് പള്ളിപൊളിക്കലിനെക്കുറിച്ച് അറിയില്ലായിരുന്നു. അവര്‍ മാത്രം കര്‍സേവകരെ തടയാന്‍ നോക്കി. മറ്റുള്ളവര്‍ പെട്ടെന്നുതന്നെ പിന്മാറി.

പി. മുസ്തഫ എടുത്ത ദേശീയ രാഷ്ട്രീയത്തിലെ രണ്ടു ചിത്രങ്ങള്‍1. എസ്.ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കേ എടുത്ത ചിത്രം
2.1990 മെയ് 20നു  രാഹുൽ ഗാന്ധി ഹര്യാനയിലെ മേഹത്ത്
പി. മുസ്തഫ എടുത്ത ദേശീയ രാഷ്ട്രീയത്തിലെ രണ്ടു ചിത്രങ്ങള്‍1. എസ്.ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കേ എടുത്ത ചിത്രം 2.1990 മെയ് 20നു രാഹുൽ ഗാന്ധി ഹര്യാനയിലെ മേഹത്ത്

അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ റേഷനും (എ.ബി.സി) ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനും (ബി.ബി.സി) ഇന്ത്യന്‍ മാധ്യമങ്ങളില്‍നിന്നുള്ള ഏതാനും പേരും ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന്റെ വീഡിയോ എടുക്കുന്നതു കണ്ടു. പള്ളി തകര്‍ക്കുന്ന ചിത്രങ്ങള്‍ കിട്ടാവുന്നത്ര എടുത്തു. രണ്ട് ക്യാമറ കയ്യില്‍ ഉണ്ടായിരുന്നു. മുകളില്‍നിന്ന് ഞാന്‍ ഫോട്ടോ എടുക്കുന്നത് താഴെയുള്ള കര്‍സേവകര്‍ കണ്ടിരുന്നു. അവര്‍ എന്നെയും ആക്രമിക്കുമെന്ന് ഭയപ്പെട്ടു. ഞാന്‍ രണ്ടിലേയും ഫിലിമുകള്‍ എടുത്ത് റീവൈന്‍ഡ് ചെയ്ത്, സോക്സിനുള്ളില്‍ വെച്ചു. അതിനുശേഷം എന്റെ ഐഡി കാര്‍ഡ് സുരക്ഷിതമാക്കി വച്ചു. ഞാന്‍ മുസ്ലിം ആയതിന്റെ വലിയ പേടി ഉണ്ടായിരുന്നു. പേര് വെളിപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എന്ത് സംഭവിക്കും എന്ന് അറിയില്ലായിരുന്നു. എന്നെ സുരക്ഷിതമാക്കി എത്തിക്കുക എന്നുള്ളത് കൂടെയുള്ളവരുടെ ഉത്തരവാദിത്വം കൂടിയായി. 'റാം റാം' എന്ന് ആലേഖനം ചെയ്ത മഞ്ഞത്തുണി എല്ലാവരും കെട്ടിയിരുന്നു. മറ്റു പത്രക്കാര്‍ എന്നെ അവരുടെ നടുവില്‍ നിര്‍ത്തിയാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും കെട്ടിടത്തിന്റെ മുകളിലേക്ക് കര്‍സേവകര്‍ ഓടിവരുന്നത് കണ്ടു. ഞങ്ങള്‍ അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ടു.

രണ്ട് ക്യാമറകള്‍ അടങ്ങിയ ബാഗുമായി യാത്രചെയ്യുന്നത് അപകടകരമായിരുന്നു. അത് വയ്ക്കാന്‍ അനുവാദം ചോദിച്ച് രണ്ടു വീടുകളില്‍ കയറിയെങ്കിലും അവര്‍ സമ്മതിച്ചില്ല. തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബാഗ് ഒരു വീട്ടില്‍ ഏല്പിച്ചു (കുറച്ചു ദിവസം കഴിഞ്ഞ് അയോദ്ധ്യ സന്ദര്‍ശിച്ച വെങ്കിടേഷ് രാമകൃഷ്ണനും എം.കെ. അജിത് കുമാറുമാണ് ആ ബാഗ് തിരിച്ചെടുത്ത് നല്‍കിയത്).

ഫൈസാബാദിലെത്തി സ്റ്റുഡിയോ തുറപ്പിച്ച് പ്രിന്റ് എടുത്ത്, ട്രാന്‍സ്മിറ്റര്‍ വഴി ഫോട്ടോകളെല്ലാം അയച്ചു. പക്ഷേ, ആ അപൂര്‍വ്വ ചിത്രങ്ങള്‍ മലയാള മനോരമയില്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല. അവ അച്ചടിച്ചുവന്നാല്‍ കേരളത്തില്‍ സമുദായസ്പര്‍ദ്ധയും കലാപങ്ങളും ഉണ്ടായേക്കുമെന്ന ആശങ്കയാല്‍ പത്രാധിപസമിതി ആ പടങ്ങള്‍ കൊടുക്കേണ്ടെന്ന തീരുമാനമെടുത്തതായി അറിഞ്ഞു. പിന്നീട് അഞ്ചു തവണയെങ്കിലും അയോദ്ധ്യയില്‍ പോയിട്ടുണ്ട്.

ഇരുപത്തിയേഴു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ്, 1990-ല്‍ ഇന്ത്യയിലെത്തിയ നെല്‍സണ്‍ മണ്ടേലയുടെ ചിത്രങ്ങളെടുത്തതാണ് മറക്കാനാകാത്ത മറ്റൊരു അനുഭവം. ഒരുപാട് ആരാധിച്ചിരുന്ന ഒരാള്‍ തൊട്ടുമുന്‍പില്‍. അതുകഴിഞ്ഞ് രാഷ്ട്രപതിഭവനില്‍ നടന്ന ഡിന്നറിന് എനിക്കും ക്ഷണം ഉണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല. വളരെ അപൂര്‍വ്വമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുക. തൊട്ടടുത്തുനിന്ന് അദ്ദേഹം ചായ കുടിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാന്‍ കഴിയുക എന്നതുതന്നെ വലിയ കാര്യം. വല്ലാത്ത അനുഭൂതി ആയിരുന്നു. യാസര്‍ അറാഫത്ത് ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോകളുമെടുത്തു. ഇങ്ങനെ ഒട്ടേറെ ലോക നേതാക്കളുടെ ചിത്രങ്ങളും പി. മുസ്തഫ എടുത്തിട്ടുണ്ട്.

ഉമ്മൻ ചാണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ,എ.കെ ആൻ്റണി ഡൽഹിയിലെ വസതിയിൽ മക്കൾക്കൊപ്പം
ഉമ്മൻ ചാണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ,എ.കെ ആൻ്റണി ഡൽഹിയിലെ വസതിയിൽ മക്കൾക്കൊപ്പംഫോട്ടോ പി. മുസ്തഫ

എം.ടിയുടെ

സ്വന്തം മുസ്തഫ

രാഷ്ട്രീയപ്രാധാന്യമുള്ള നിരവധി സംഭവങ്ങളുടെ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഡല്‍ഹിയിലുള്‍പ്പെടെ ബോംബുസ്ഫോടന പരമ്പരകള്‍ തന്നെയുണ്ടായി. പഞ്ചാബ്, കശ്മീര്‍ കലാപങ്ങളും ചിത്രീകരിക്കാനായി. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ ലാത്തൂര്‍ ഭൂകമ്പം (സെപ്തംബര്‍ 30, 1993) പകര്‍ത്താന്‍ പോകുമ്പോള്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളും കൂടെയുണ്ടായിരുന്നു. അവിടെ ശവങ്ങള്‍ കൂട്ടിയിട്ട് ദഹിപ്പിക്കുന്നതിന്റെ ദുര്‍ഗന്ധം ഒരു മാസക്കാലത്തോളം മൂക്കിലുണ്ടായിരുന്നു.

1996 നവംബര്‍ രണ്ടിന് ഹരിയാനയിലെ ചര്‍ഖി ദാദിയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിമുട്ടി, അവയില്‍ സഞ്ചരിച്ചിരുന്ന 349 പേരും കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങളെടുത്തത് നടുക്കുന്ന ഓര്‍മ്മയാണ്. ഖസാക്കിസ്ഥാനില്‍നിന്ന് ഡല്‍ഹിക്കു വന്ന വിമാനവും ഡല്‍ഹിയില്‍നിന്ന് സൗദി അറേബ്യയിലേക്കു പോയ ബോയിങ്ങ് വിമാനവും ആകാശത്ത് കൂട്ടിമുട്ടി കത്തി, അവശിഷ്ടങ്ങള്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ ചിന്നിച്ചിതറിക്കിടക്കുകയായിരുന്നു. ''ജോലികഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, അടിയന്തരമായി ഓഫീസുമായി ബന്ധപ്പെടാന്‍ പേജറിലൂടെ ഒരു സന്ദേശം കിട്ടി. ഫോണില്‍ തിരിച്ചുവിളിച്ചപ്പോഴാണ് ആ ദുരന്തവാര്‍ത്ത അറിഞ്ഞത്. സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വിജയമോഹനുമൊത്ത് അവിടേക്ക് തിരിച്ചു. ഗ്രാമങ്ങളിലെ ഗോതമ്പുപാടങ്ങളില്‍ അവിടവിടെ മൃതദേഹഭാഗങ്ങള്‍. അപ്പോഴും കത്തിത്തീരാത്ത വിമാനഭാഗങ്ങളുടെ വെളിച്ചത്തില്‍ ഫോട്ടോകളെടുത്തു. വെളിച്ചക്കുറവില്‍ പലപ്പോഴും, അറിയാതെ ശരീരഭാഗങ്ങളില്‍ ചവിട്ടിയിട്ടുണ്ട്. ഗള്‍ഫിലേക്ക് പോയ വിമാനത്തിലുണ്ടായിരുന്ന മലയാളികളും മരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കു നല്‍കാനായി അവര്‍ കൊണ്ടുപോയ കത്തുകളുടെ ഒരു കൂട്ടവും അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായിരുന്നു. മൃതദേഹങ്ങളെല്ലാം ലോറിയില്‍ കൂട്ടിയിട്ട് കൊണ്ടുപോവുകയായിരുന്നു.

മൈക്കിള്‍ ജാക്സന്റെ ചിത്രങ്ങളെടുത്തത് അവിസ്മരണീയമായ മറ്റൊരനുഭവം. മുംബൈയിലെ അദ്ദേഹത്തിന്റെ സംഗീതപരിപാടിയില്‍ വച്ചായിരുന്നു, അത്. താജ്മഹലിനെ പശ്ചാത്തലത്തില്‍ ഗ്രീക്ക് സംഗീതജ്ഞന്‍ യാഹ്നി ക്രിസ്സോമാലിസ് പാടുന്നതിന്റെ ഫോട്ടോ എടുക്കാനും അവസരം കിട്ടി. പണ്ഡിറ്റ് രവിശങ്കര്‍, ബിസ്മില്ലാഖാന്‍, സാകിര്‍ ഹുസൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമെടുത്തു. എം.എസ്. സുബ്ബലക്ഷ്മിയുടെ ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. എ.ആര്‍. റഹ്മാന്‍ തൊണ്ണൂറില്‍ ഡല്‍ഹിയില്‍ വന്നപ്പോഴത്തെ മുതലുള്ള പടങ്ങളുമുണ്ട്. തലത്ത് മുഹമൂദ്, യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, തമിഴ് ഗായകന്‍ ടി.എം സൗന്ദര്‍ രാജന്‍, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിങ്ങനെ പ്രമുഖ സംഗീതജ്ഞരുടെ ചിത്രങ്ങളും കയ്യിലുണ്ട്. അവയുടെ പ്രദര്‍ശനം കോഴിക്കോടും ഗള്‍ഫ് രാജ്യങ്ങളിലും നടത്തിയിരുന്നു. സംഗീതത്തോടുള്ള ആഭിമുഖ്യം ചെറുപ്പകാലത്തേ തുടങ്ങിയതാണ്. ഹിന്ദി, മലയാളം ഗാനങ്ങള്‍ എല്ലാം പ്രിയം തന്നെ. വീട്ടില്‍ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ നിരവധി ഉണ്ടായിരുന്നു. ഉമ്മയ്ക്കൊക്കെ പഴയ മലയാളം, ഹിന്ദി പാട്ടുകള്‍ വളരെ ഇഷ്ടമായിരുന്നു.

ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത് പി.ടി. ഉഷയുടേതാണ്. 1982-ല്‍ കോഴിക്കോട് നടന്ന ദേശീയ അത്ലറ്റിക് മീറ്റിന്റെ ഫോട്ടോ എടുത്താണ് തുടക്കം. അന്നു മുതല്‍ ഇപ്പോള്‍ രാജ്യസഭാ എം.പി. ആയതുവരെയുള്ള ഉഷയുടെ ജീവിതഘട്ടങ്ങളുടെ ചിത്രങ്ങളുണ്ട്. അവരുടെ കല്യാണം മാത്രമാണ് ഒഴിവാക്കപ്പെട്ടത്. ജോലിത്തിരക്കിലായതിനാല്‍ അതിനു കഴിഞ്ഞില്ല. നാല്പതു വര്‍ഷം ഫോട്ടോഗ്രാഫര്‍ ഒരാളെ പിന്തുടരുക അത്യപൂര്‍വ്വമാണ്. അങ്ങനെ ഉഷയുടെ ഫോട്ടോ എടുത്ത് ഞാന്‍ ഭാഗ്യവാനായി. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ഏറ്റവും മുകളിലാണ് അവരുടെ സ്ഥാനം. വളരെ ഡെഡിക്കേറ്റഡാണ്. അങ്ങനെ ഒരാള്‍ വേറെ കാണില്ല. അടുത്തറിയുമ്പോള്‍ അത്ഭുതം തോന്നും. ചെയ്യുന്ന ജോലിയോട്, സ്‌കൂളിനോട്, അത്ലറ്റിക്സിനോട്, കുടുംബത്തോട്, നാടിനോട് ഒക്കെ ഇത്രയേറെ ആത്മാര്‍ത്ഥത കാണിക്കുന്ന വേറെ ആരുമില്ല.''

പി.ടി ഉഷ പയ്യോളി കടപ്പുറത്ത് പരിശീലനത്തിൽ
പി.ടി ഉഷ പയ്യോളി കടപ്പുറത്ത് പരിശീലനത്തിൽഫോട്ടോ പി. മുസ്തഫ

മുസ്തഫയും എം.ടിയെ 'വാസ്വേട്ടന്‍' എന്നാണ് വിളിക്കുക. ''എം.ടി. ഒരാളെ അത്ര ഇഷ്ടമുണ്ടെങ്കിലേ അടുപ്പിക്കുകയുള്ളൂ. പാവപ്പെട്ട പലരേയും സ്വകാര്യമായി സഹായിക്കുന്ന ആളാണ് അദ്ദേഹം. എം.ടിയുടെ പി.എ. ആണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ഒരുപാട് പേരെ സഹായിക്കും, പക്ഷേ, പുറത്തുപറയില്ല. നന്മയുള്ള മനുഷ്യന്‍. എഴുത്തുകാരുമായി വലിയ ബന്ധമുണ്ട്. മുന്‍കാല പത്രപ്രവര്‍ത്തകരും എഴുത്തുകാരും ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരായിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍, പ്രത്യേകിച്ച് പത്രഫോട്ടോഗ്രാഫര്‍മാര്‍ ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് സംഭവങ്ങളെ അടുത്ത് കാണാന്‍ സാധിക്കുന്നു''. മുസ്തഫ പറയുന്നു. ലോകകപ്പ് വേദിയില്‍ കളിക്കാര്‍ കഴിഞ്ഞാല്‍ തൊട്ടടുത്തുള്ളത് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരുമാണ്. കളിക്കാര്‍ ആദ്യം എത്തുന്നതും ഫോട്ടോഗ്രാഫര്‍മാരുടെ അടുത്തേക്കാണ്. ചിത്രീകരിക്കപ്പെടുന്ന വ്യക്തികളുടെ സകല വികാരങ്ങളും കാണാനും അനുഭവിക്കാനും ഫോട്ടോഗ്രാഫര്‍മാര്‍ക്കു കഴിയും. 100 മീറ്റര്‍ ഓടി എത്തുന്ന അത്ലറ്റിന്റെ ഹൃദയമിടിപ്പ് തൊട്ടടുത്തുനിന്നു കേള്‍ക്കുന്നത് മുതല്‍ അവരുടെ ഹൃദയവികാരങ്ങള്‍ വരെ അവര്‍ അറിയുന്നു. അതേസമയം, മിക്കപ്പോഴും ഭക്ഷണമോ ഉറക്കമോ ശരിയായ സമയത്തുണ്ടാകില്ല. പടം കിട്ടാന്‍ ഒരുപാട് കാത്തുനില്‍ക്കേണ്ടതായിവരും. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും ഒരു പടമെടുത്ത് കഴിഞ്ഞ്, അത് അടിച്ചുകാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. എല്ലാ ജോലിയെക്കാളും മനോഹരമാണ് ഫോട്ടോഗ്രാഫറുടെ ജോലി. കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ സ്ഥാനം ഏറെ മുകളിലാണ്. ദേശീയ പത്രങ്ങളിലും ഏജന്‍സികളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരേസമയം നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതില്ല. സ്പോര്‍ട്സ് ചെയ്യുന്നവര്‍ക്ക് അക്കാര്യം മാത്രം ചെയ്താല്‍ മതി. അതില്‍ത്തന്നെ ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ നോക്കുന്നവര്‍ക്കു അതുമാത്രം ചെയ്യാം. എന്നാല്‍ മലയാള പത്രങ്ങളില്‍ അതല്ല സ്ഥിതി. കേരളത്തിലുള്ള എല്ലാ പരിപാടികള്‍ക്കും പോകുന്നത് ഒരേ ഫോട്ടോഗ്രാഫര്‍ തന്നെയായിരിക്കും.

ഇന്ത്യയിലെതന്നെ മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തിലാണെന്നാണ് എന്റെ അഭിപ്രായം. തന്റെ മാധ്യമജീവിതം തുടങ്ങിയ കോഴിക്കോട് നിന്നാണ് പി. മുസ്തഫ 2011 ഡിസംബറില്‍ മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ചത്. അതിനുശേഷവും ക്യാമറ കൈവിട്ടിട്ടില്ല. അദ്ധ്യാപകനായും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും കര്‍മ്മപഥത്തില്‍ സജീവം. പുതിയ ക്യാമറയുമായി പക്ഷികളെ തിരഞ്ഞുനടക്കുകയാണിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com