കലയുടെ മാനവീകതയും സാംസ്‌കാരിക ഇടങ്ങളുടെ നിര്‍മ്മിതിയും

ഫാ. ഡോ. കെ.എം. ജോര്‍ജ്ജിന്റെ ഏകാംഗ ചിത്രപ്രദര്‍ശനങ്ങളെക്കുറിച്ച്
ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്
ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്

എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് നല്ലൊരു ചിത്രകലോപാസകനുമാണ് എന്നു തെളിയിക്കുന്നതായിരുന്നു 'സിനാപ്‌സ് 77' എന്ന പേരില്‍ കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ 'കാനായി കുഞ്ഞിരാമന്‍ ആര്‍ട്ട് ഗ്യാലറി'യില്‍ നടത്തപ്പെട്ട അദ്ദേഹത്തിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം. അക്കാദമിക ചട്ടക്കൂടില്‍നിന്നു തീര്‍ത്തും വിട്ട് സര്‍ഗ്ഗഭാവനയുടെ സ്വാതന്ത്ര്യത്തില്‍ ഉരുത്തിരിഞ്ഞ അന്‍പതോളം കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ചിത്രപ്രദര്‍ശനത്തിന്റെ സാധാരണ മാമൂലുകളെ ഭേദിച്ചുകൊണ്ട് സാംസ്‌കാരികമായ ഒരിടത്തെ സൃഷ്ടിക്കുന്നതില്‍ ഈ ചിത്രപ്രദര്‍ശനം സവിശേഷശ്രദ്ധ കൈവരിച്ചു. ദാര്‍ശനിക, ദൈവശാസ്ത്ര, സാഹിത്യപഠനങ്ങളിലും ചിന്തകളിലും അവഗാഹമുള്ള കെ.എം. ജോര്‍ജ്ജിന്റെ ധൈഷണിക ഭാവാത്മകതയുടെ ഭാഗമായിട്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രകലാസപര്യയെ കാണാം. ഗൗരവമായി ചിത്രകലയില്‍ വ്യാപൃതനായി സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളെ കലയിലൂടെ വിചിന്തന വിമര്‍ശനവിധേയമാക്കുന്നു ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് (കെ.എം.ജി).

എല്ലാ വിഭജനങ്ങള്‍ക്കും അതീതമായ മാനവികതയുടെ ദര്‍ശനമാണ് കെ.എം. ജോര്‍ജ്ജച്ചന്റെ ചിന്തകളിലും വാക്കുകളിലും കലാസൃഷ്ടികളിലും ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ മാനവിക സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ് പ്രകൃതി. മനുഷ്യനും പ്രകൃതിയും അവയുടെ ആന്തരിക പ്രകൃതിയും തമ്മിലുള്ള സംവേദനവിനിമയങ്ങളെ സൂചിപ്പിക്കുന്ന വാക്കായിട്ടാണ് 'സിനാപ്‌സ് 77' എന്ന പേര് ചിത്രപ്രദര്‍ശനത്തിന് അദ്ദേഹം കൊടുത്തത്. ശരീരം മൊത്തം നടക്കുന്ന ആശയവിനിമയ ശൃംഖല സാധ്യമാക്കുന്നത് തലച്ചോറിലെ ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന സിനാപ്‌സ് എന്ന ഘടകമാണ്. കലയിലൂടെ പുതിയ അനുഭവങ്ങളോടും ക്രിയാത്മക സംവേദനങ്ങളോടുമുള്ള തുറവിയെ സൂചിപ്പിക്കുന്നതിനുകൂടിയാണ് സിനാപ്‌സ് എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. ചിത്രപ്രദര്‍ശന ദിനങ്ങളിലൊക്കെ ഈ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള കൂട്ടായ്മയും ചര്‍ച്ചകളും ആശയവിനിമയങ്ങളും ഒരു സാധാരണ ചിത്രകലാ പ്രദര്‍ശനത്തിനപ്പുറമായി നടന്നു.

ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ നോക്കി പെട്ടെന്നു കടന്നുപോകുന്ന രീതിയാണ് സാധാരണ ചിത്രപ്രദര്‍ശനങ്ങളില്‍ കാണാറുള്ളത്. വളരെ ചുരുക്കം ആളുകളൊഴിച്ച്, ധ്യാനപൂര്‍വ്വം ചിത്രങ്ങള്‍ക്കു മുന്‍പില്‍നിന്ന് ആരും അതു മനനം ചെയ്യാന്‍ മുതിരുന്നില്ല. വിദേശ ഗ്യാലറികളില്‍ സമയം എടുത്ത് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ തക്കവിധം ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. സ്വസ്ഥമായി ഇരുന്നു ധ്യാനാത്മകമായി ചിത്രങ്ങള്‍ കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സജ്ജീകരണം. അങ്ങനെ ചിത്രങ്ങള്‍ മനനം ചെയ്യുമ്പോഴാണ് പുതിയ ഉള്‍ക്കാഴ്ചകള്‍ നമുക്കു കിട്ടുന്നതും കല നമ്മുടെ ആന്തരികതയെ സ്വാധീനിക്കുന്നതും. ഇങ്ങനെ ധ്യാനാത്മകമായി കാണുമ്പോഴാണ് ചിത്രത്തിന്റെ പല ധ്വനികളെ നാം മനസ്സിലാക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

The fish Entangled
The fish Entangled

കലയുടെ

ആദ്ധ്യാത്മികത

ഒരു കലാസൃഷ്ടി ഉരുവെടുക്കുന്ന പശ്ചാത്തലം, സാഹചര്യം, കാലം എന്നിവയില്‍നിന്നെല്ലാം ഉരുത്തിരിയുന്ന ഒരു ആദ്ധ്യാത്മിക ഭാവമുണ്ട്. അത് ഏതെങ്കിലും മതത്തോടോ ആചാരാനുഷ്ഠാനങ്ങളോടോ ബന്ധപ്പെട്ടു നില്‍ക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ആദ്ധ്യാത്മികതയാണ്. കലയ്ക്ക് മതങ്ങളുടേയും രാജ്യങ്ങളുടേയും ഒക്കെ അതിര്‍ത്തികളെ ഭേദിക്കാന്‍ കഴിയും. നല്ല കലയ്ക്ക് ഭിന്നതകള്‍ക്കതീതമായി പോകാനുള്ള സാധ്യതയുണ്ട്. കലയുടേയും സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും ഈ ആദ്ധ്യാത്മിക ഭാവമാണ് നല്ല ഭാവിയുടെ അടയാളമായിട്ട് സ്വീകരിക്കാവുന്നത് എന്നാണ് കെ.എം.ജിയുടെ പക്ഷം. മതങ്ങളും ആദ്ധ്യാത്മിക ധാരകളും കലയെ അവരുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. എങ്കിലും കലയ്ക്ക് അതിന്റേതായ ഒരു അസ്തിത്വമുണ്ട്. അത് എല്ലാത്തരം അതിരുകളേയും ലംഘിക്കുന്നതാണ്. ഇന്ത്യയിലും വിദേശത്തും വേദശാസ്ത്ര അദ്ധ്യാപകന്‍, ആത്മീയാചാര്യന്‍, ജനീവയിലെ ലോക് സഭാ കൗണ്‍സിലിന്റെ സെന്‍ട്രല്‍ കമ്മറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച കെ.എം. ജോര്‍ജ്ജ് അറുപത്തിയഞ്ച് വയസ്സിനുശേഷമാണ് ഗൗരവമായി ചിത്രരചനയിലേയ്ക്ക് തിരിയുന്നത്. 1970-കളില്‍ പാരീസില്‍ വേദശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ചിത്രകല പഠിക്കാന്‍ തുടങ്ങിയെങ്കിലും എഴുപതു വയസ്സോടെയാണ് വലിയ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയത്. എഴുപത്തിയേഴിലാണ് ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം 'സിനാപ്‌സ് 77.' ഈ കാലയളവില്‍ കാര്‍പ്പ് (C.A.R.P) എന്ന കലാകൂട്ടായ്മയുടെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ''കാര്‍പ്പ് (Company of Artists for Radiance of Peace) എന്ന കലാകൂട്ടായ്മയുമായുള്ള ബന്ധമാണ് എനിക്കുണ്ടായ വലിയൊരു ഭാഗ്യം. ചിത്രരചനയില്‍ വലിയൊരു പ്രോത്സാഹനമായിരുന്നു ഈ കൂട്ടായ്മ. ഒറ്റയ്ക്കിരുന്നു വരയ്ക്കുന്നതിനേക്കാള്‍ ഒന്നിച്ചിരുന്നു വരയ്ക്കുന്നതില്‍ വലിയ വ്യത്യാസമുളവാക്കുന്നതായിരുന്നു കാര്‍പ്പ് ഗ്രൂപ്പിന്റെ കലാക്യാമ്പുകള്‍. അത് സൗഹൃദത്തിന്റേയും പാരസ്പര്യത്തിന്റേയും ആഘോഷം കൂടിയായിരുന്നു. സ്‌നേഹത്തോടും താല്പര്യത്തോടും കൂടി ചിത്രരചനയെ പ്രോത്സാഹിപ്പിക്കുകയും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യം വലിയ സ്വാധീനമാണ് എന്നിലുണ്ടാക്കിയത്. കാര്‍പ്പ് കലാകൂട്ടായ്മയില്‍ പരസ്പരം മത്സരമോ സ്പര്‍ദ്ധയോ ഇല്ല. ശരിക്കും തെളിഞ്ഞ സൗഹൃദത്തിന്റെ കൂട്ടായ്മയാണത്. അവിടെ മറ്റു വിഷയങ്ങളൊന്നും രാഷ്ട്രീയമോ മതപരമോ ആയതൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ഈ കാര്‍പ്പ് കൂട്ടായ്മ എന്റെ സമീപകാല ചിത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ സമീപകാല ചിത്രങ്ങളില്‍ പലതും കാര്‍പ്പ് കലാക്യാമ്പില്‍ വരച്ചതാണ്.''

Noah's Ark
Noah's Ark

ഉരുത്തിരിയുന്ന

ശില്പങ്ങള്‍

കെ.എം.ജിയുടെ ശില്പങ്ങള്‍ കൊത്തി എടുത്തതോ നിര്‍മ്മിച്ചതോ അല്ല. ഉപേക്ഷിക്കപ്പെട്ട തടിക്കഷണങ്ങളും പാറക്കല്ലുകളും എടുത്ത് അതില്‍ രൂപം ആരോപിച്ച് ചിത്രപ്പണികള്‍ നടത്തിയവയാണ്. അവയുടെ സ്വാഭാവിക ആകൃതി അതേപടി നിലനിര്‍ത്തി സ്വാഭാവികമായി അതില്‍ പ്രത്യക്ഷപ്പെടുന്ന രൂപങ്ങളെ നിറങ്ങള്‍ കൊടുത്ത് തെളിയിച്ചെടുക്കുന്നു. കുട്ടികളുടെ അത്ഭുതഭാവത്തോടെ പ്രകൃതിയെ നിരീക്ഷിക്കുകയും എല്ലാറ്റിലും കാവ്യാത്മക സൗന്ദര്യം കാണുകയും ചെയ്യുന്ന പതിവ് അദ്ദേഹത്തിനുണ്ട്. പ്രകൃതിയിലൂടെയുള്ള നടത്തം ആനന്ദകരവും ക്രിയാത്മകവുമായ അനുഭവമാണ്. ഏകാന്തനടത്തം (Solitary Walk) എന്ന ഓണ്‍ലൈന്‍ പരമ്പരയും 'ലാവണ്യദര്‍ശനം' എന്ന ലേഖനപരമ്പരയും ഇപ്പോഴും തുടരുന്നു. പ്രകൃതിയിലെ നിസ്സാരമെന്നു കരുതുന്ന, മറ്റുള്ളവര്‍ അധികം ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും അതു കാവ്യാത്മകവും ദാര്‍ശനികവുമായ ചിന്തകള്‍ക്കു നിമിത്തമാകുകയും ചെയ്യുന്നു. ഈ പ്രകൃതി മുഴുവന്‍ കലാത്മകമാണ് കെ.എം.ജിയുടെ കാഴ്ചപ്പാടില്‍. സര്‍ഗ്ഗഭാവനയുടേയും ജീവിതദര്‍ശനങ്ങളുടേയും സ്പഷ്ടമായ പ്രകാശനങ്ങളാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍.

മനുഷ്യഭാവിയുടെ

അടരുകള്‍

'പണി തീരാത്ത മനുഷ്യപുത്രന്‍ (The Unfinished Son of Man)' എന്ന സൃഷ്ടി പ്രദര്‍ശനത്തിലെ ഒരു പ്രധാന ചിത്രമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച വസ്തുക്കള്‍, ഉണങ്ങിയ വേര്, മരത്തിന്റെ തൊലി, വിത്തുകള്‍, ഉണങ്ങിയ ഇലകള്‍, ചുള്ളിക്കമ്പുകള്‍ തുടങ്ങിയവകൊണ്ട് നിര്‍മ്മിച്ച ചിത്രമാണിത്. കുട്ടികള്‍ ഉള്‍പ്പെടെ അതിന്റെ സൃഷ്ടിയില്‍ പലരും പങ്കുകാരായിട്ടുണ്ട്. ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ''ഈ ചിത്രം പൂര്‍ത്തിയായിട്ടില്ല. പ്രദര്‍ശനശേഷം, ഈയിടെ ഒരാള്‍ കുറച്ച് നെല്‍ക്കതിര്‍ കൊണ്ടുവന്നു, ചിത്രത്തില്‍ ചേര്‍ക്കാന്‍. ചിത്രത്തിന്റെ അഖണ്ഡതയ്ക്ക് ഭംഗംവരാതെ പുതിയ വസ്തുക്കള്‍ ഇനിയും കൂട്ടിച്ചേര്‍ക്കപ്പെടും. മനുഷ്യന്‍ പൂര്‍ത്തിയാക്കപ്പെടാത്ത യാഥാര്‍ത്ഥ്യമാണ്. പുതിയ സാങ്കേതികവിദ്യകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു. എ.ഐ ഉള്‍പ്പെടെയുള്ള പുതിയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യജീവിതത്തിന്റെ സ്വഭാവങ്ങളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. 'മനുഷ്യപുത്രന്‍' നിരന്തരം ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയിലാണ്. പ്രപഞ്ചവും നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നതാണല്ലോ.

The emigration
The emigration

ലോകത്തിന്റെ പരിണാമവും മനുഷ്യന്റെ Human Enhancement തുടങ്ങിയ ശാസ്ത്രസാങ്കേതിക സാധ്യതകളും കണക്കിലെടുത്തുകൊണ്ടുള്ള ചിത്രമാണ് 'ദി അണ്‍ഫിനിഷ്ഡ് സണ്‍ ഓഫ് മാന്‍.' മറ്റൊരു ശ്രദ്ധേയ ചിത്രം 'ഫിഷ് ബോഡി' (Fish - Body) ആണ്. കൊവിഡിന്റെ കാലത്ത് രചിച്ച ചിത്രമാണിത്. ചെറുമീനുകളെല്ലാം, ഒരു ശരീരമായി മാറി വലിയൊരു മീനിന്റെ ആകൃതിയില്‍ പ്രകാശവും ശുദ്ധവായുവും ഉള്ള അന്തരീക്ഷത്തിലേയ്ക്ക് ഉയരുകയാണ്. ലോകത്തില്‍ വലിയ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ മനുഷ്യര്‍ എല്ലാം ഒരുമയോടെ പ്രകാശവും വായുവും തേടുന്നു. നാമെല്ലാം ഒരു ശരീരമാണ് എന്ന ബോധ്യത്താല്‍ പ്രതിസന്ധികളെ ഒരുമിച്ച് തരണം ചെയ്യാന്‍ കഴിയും എന്നതുകൊണ്ട് മനുഷ്യസമൂഹത്തിന്റെ പ്രതീകമെന്നോണമാണ് 'ഫിഷ് ബോഡി' ചിത്രം രചിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഖ്യാതമായ കര്‍ഷകസമരത്തിന്റെ സമയത്താണ്, 'പുരുഷ ആന്റ് പ്രകൃതി' എന്ന ചിത്രം രചിച്ചത്. വിഷാദഭാവത്തിലുള്ള കര്‍ഷകദമ്പതിമാര്‍ പരസ്പരം തുണയാകുന്ന പ്രമേയമാണിത്. സര്‍ദാര്‍ജി കര്‍ഷകന്റെ താടി നീണ്ട് ഒരു ധാന്യപ്പുരയായി മാറുന്നു. സ്ത്രീയുടെ ദുപ്പട്ട വളര്‍ന്ന് ഗര്‍ഭപാത്രമായി മാറി അതില്‍ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു. പശ്ചാത്തലം വിശാലമായ ഗോതമ്പുപാടമാണ്. പ്രതിസന്ധികളെ തരണംചെയ്യുന്ന ജീവന്റെ തുടര്‍ച്ചയാണ് ഭാവി സൃഷ്ടിക്കുന്നത്.

ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്
ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്
ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്
സാമൂതിരി സഭയിലെ പാതിരിയും പാക്കനാരും

മറ്റൊരു ശ്രദ്ധേയ ചിത്രം 'മീനാക്ഷി' ആണ്. പല അടരുകളുള്ള മുഖംമൂടിയാണതില്‍. അതിനിടയില്‍ മീനിന്റെ കണ്ണ്. എപ്പോഴും തുറന്നിരിക്കുന്ന മീനിന്റെ കണ്ണ് നിതാന്ത ജാഗ്രതയെക്കുറിക്കുന്നതാണ്. വ്യവഹാരിക ലോകത്തിന്റെ മൂടുപടങ്ങള്‍ക്കിടയിലെ ജ്ഞാനദീപ്തമായ (enlightened) കണ്ണാണിത്. മായാലോകത്തിലെ മൂടുപടത്തിനുള്ളിലുള്ള മനുഷ്യര്‍ക്കു ശരിയായ ബോധജ്ഞാനം സംഭവിക്കുന്നില്ല. ഇന്നത്തെ സംഘടിത മതത്തിന്റെ അനുഷ്ഠാനങ്ങള്‍ പലതും അതിനു സഹായകരമാകുന്നില്ല എന്നാണ് കെ.എം.ജിയുടെ അഭിപ്രായം. ''മതങ്ങളിലും സഭകളിലും വ്യവഹാരിക ലോകത്തിന്റെതന്നെ മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ലോകത്തിന് അനുരൂപരാകരുത് എന്ന് സെന്റ് പോള്‍ പറയുന്നുണ്ടെങ്കിലും പള്ളിയുടെ ആര്‍ക്കിടെക്ചറും ഗായകസംഘവും തുടങ്ങി എല്ലാം 'മെഗാ'യാണ്. എത്ര കോടി പണം മുടക്കുന്നുവോ അത്രയ്ക്ക് മൂല്യം കൂടുന്നു എന്ന ചിന്തയാണുള്ളത്. പള്ളികളില്‍ നാം പ്രതീക്ഷിക്കുന്ന ശാന്തതയില്ല, ബഹളമയമാണ്. കലയ്ക്ക് അത്യാധുനിക കാര്യങ്ങള്‍ നിര്‍ബ്ബന്ധമില്ല. ശുദ്ധമായ സര്‍ഗ്ഗവൃത്തി സംഭവിക്കുന്നത് ഇതൊന്നും കൂടാതെയാണ്.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com