''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു

സ്‌നേഹവും അനുകമ്പയുംകൊണ്ടു ജനഹൃദയങ്ങളില്‍ കുടിയേറിയ ഉമ്മന്‍ ചാണ്ടിയെ സി.ബി.ഐ കുറ്റവിമുക്തനാക്കി. ആരുടെയൊക്കെയോ പാപഭാരം തലയിലേറ്റി ക്രിസ്തുവിനെ എന്നപോലെ ചെയ്യാത്ത കുറ്റത്തിനു ക്രൂശിച്ചുവെന്ന് അന്തിമനാളുകളില്‍ ജനം വിധിയെഴുതി.
''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു

രു പതിറ്റാണ്ടായി കേരള രാഷ്ട്രീയത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത് രണ്ടു വനിതകളാണ്. അവര്‍ രാഷ്ട്രീയക്കാരല്ല. സാമൂഹിക പ്രവര്‍ത്തകരോ സമുദായ നേതാക്കളോ അല്ല. ജീവിതമാര്‍ഗ്ഗം തേടി എങ്ങുനിന്നോ അനന്തപുരിയില്‍ എത്തിപ്പെട്ടവര്‍. അറിഞ്ഞും അറിയാതേയും അവര്‍ കേരള രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നിര്‍ണ്ണായക ശക്തികളായി മാറുകയായിരുന്നു. സരിത എസ്. നായരും സ്വപ്ന സുരേഷും.

ഇവരില്‍ ഒരാള്‍, ഒരു സര്‍ക്കാരിന്റെ തിരിച്ചുവരവിനെ തടയുകയും മറ്റൊരു സര്‍ക്കാരിനെ രണ്ടു വട്ടം അധികാരത്തിലേറ്റാന്‍ കരുനീക്കുകയും ചെയ്തു.

എത്രയോ പ്രഗത്ഭമതികളായ നേതാക്കള്‍ നയിച്ച സര്‍ക്കാരുകളെയാണ് ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത ഈ വനിതകള്‍ വട്ടം ചുറ്റിച്ചത്.

സരിത എസ്. നായര്‍ ഒരു സംരംഭകയായി വന്ന് അനന്തപുരിയുടെ ഉന്നതശ്രേണികളില്‍ ബന്ധം സ്ഥാപിച്ചു. ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി ഒരു പതിറ്റാണ്ട് വാര്‍ത്തകളില്‍ നിറഞ്ഞാടി. സരിത അവരുടെ റോള്‍ അഭിനയിച്ചു തീര്‍ത്ത് അണിയറയിലേയ്ക്ക് പിന്‍വാങ്ങിക്കഴിഞ്ഞു. എന്നാല്‍, ഒരു മുഖ്യമന്ത്രിയുടെ ഓഫീസിനെ കൈവെള്ളയില്‍ നിര്‍ത്തി സ്വപ്ന സുരേഷ് ആട്ടം തുടരുന്നു. അവര്‍ എയ്യുന്ന അമ്പുകളേറ്റ് അധികാരികള്‍ പുളയുന്നു. അപ്പോഴും ജനം ചോദിക്കുന്നു. ഒരു പെണ്ണ് വിചാരിച്ചാല്‍ ഇത്രയൊക്കെ നടക്കുമോ? ഇവര്‍ ഒറ്റയ്ക്കാണോ? ഇവരുടെ പിന്നില്‍ ആരൊക്കെയാണ് ചരട് വലിച്ചത്?

ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് സൂചന നല്‍കിയും ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയും സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ന്നു. അത്രതന്നെ വേഗത്തില്‍ അത് അസ്തമിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലില്‍ എല്ലാവരും യോജിച്ചു. ക്രിമിനല്‍ കുറ്റം ഉണ്ടായെങ്കില്‍ കുറ്റവാളിയും ഉണ്ട്. പക്ഷേ, അതാരാണെന്നു കണ്ടെത്താന്‍ അന്വേഷണമില്ല. ആകെ അവശേഷിക്കുന്നത് സുധീര്‍ ജേക്കബ് ഹര്‍ജിക്കാരനായി കൊട്ടാരക്കര കോടതിയില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായി പരിഗണനയിലിരിക്കുന്ന ഒരു കേസ് മാത്രം.

സോളാര്‍ പ്രതിഷേധം 2013-ല്‍ കൊച്ചി നഗരത്തില്‍ മഹാളാസംഘം പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടേയും സരിതാനായരുടേയും ചിത്രങ്ങള്‍ കത്തിക്കുന്നു
സോളാര്‍ പ്രതിഷേധം 2013-ല്‍ കൊച്ചി നഗരത്തില്‍ മഹാളാസംഘം പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടേയും സരിതാനായരുടേയും ചിത്രങ്ങള്‍ കത്തിക്കുന്നു
ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് സൂചന നല്‍കിയും ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയും സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ന്നു. അത്രതന്നെ വേഗത്തില്‍ അത് അസ്തമിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലില്‍ എല്ലാവരും യോജിച്ചു.

ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നു സൂചന നല്‍കുന്നവിധം പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്നു പേരുടെ ഫോണ്‍കോള്‍ ലിസ്റ്റുകള്‍ പുറത്തുവരുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ഏതാനും മന്ത്രിമാരുടെ ഓഫീസും സംശയത്തിന്റെ നിഴലിലായി. എന്നാല്‍, തനിക്ക് സരിതയുമായി ഒരു ബന്ധവുമില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതിനിടെ ഒരു പൊതുചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയോട് സരിത ചെവിയില്‍ അടക്കം പറയുന്ന ചിത്രം പുറത്തുവന്നതോടെ വിവാദം കത്തിക്കാളി. ഉമ്മന്‍ ചാണ്ടി തനിക്ക് പിതൃതുല്യനാണെന്ന് ആദ്യം നിലപാടെടുത്ത സരിത പിന്നീട് മലക്കം മറിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലുള്ള ആശ്രിതന് 1.9 കോടി രൂപ കോഴ നല്‍കിയെന്ന് ആരോപണം കൂടിവന്നതോടെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിക്കായി വ്യാപകമായ സമരം അഴിച്ചുവിട്ടു. സമരത്തെത്തുടര്‍ന്നു പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സോളാര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി സര്‍ക്കാര്‍ നിയമിച്ചു. എന്നാല്‍, ശിവരാജന്‍ കമ്മിഷന്‍ തുടക്കം മുതലേ അന്വേഷണ കമ്മിഷന്റെ അധികാരപരിധിവിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്ന് ആക്ഷേപം ഉയര്‍ന്നു. കമ്മിഷന്‍ ഓഫ് എന്‍ക്വയറി നിയമപ്രകാരം ഒരു കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടതിനു ചില നിബന്ധനകളും കീഴ്വഴക്കങ്ങളും ഉണ്ട്. അന്വേഷണവിഷയങ്ങളില്‍ സ്വമേധയാ മാറ്റം വരുത്താന്‍ പാടില്ല. സമാന്തരമായി നടക്കുന്ന പൊലീസ് അന്വേഷണത്തിനു തടസ്സമുണ്ടാകുന്ന വിധത്തിലുള്ള ഇടപെടീല്‍ പാടില്ല. പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതും അതിലെ സാക്ഷിമൊഴികളെ ആധാരമാക്കി ഉദ്യോഗസ്ഥരെ സംശയനിഴലില്‍ നിര്‍ത്തിയതും ചോദ്യം ചെയ്യപ്പെട്ടു. അന്വേഷണവിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍ബ്ബന്ധിക്കാന്‍ പാടില്ല. എന്നാല്‍, ഇതിലെല്ലാം കമ്മിഷന്‍ അതിരുകടന്നു പ്രവര്‍ത്തിച്ചു എന്നാണ് ആക്ഷേപം.

സ്‌നേഹവും അനുകമ്പയുംകൊണ്ടു ജനഹൃദയങ്ങളില്‍ കുടിയേറിയ ഉമ്മന്‍ ചാണ്ടിയെ സി.ബി.ഐ കുറ്റവിമുക്തനാക്കി. ആരുടെയൊക്കെയോ പാപഭാരം തലയിലേറ്റി ക്രിസ്തുവിനെ എന്നപോലെ ചെയ്യാത്ത കുറ്റത്തിനു ക്രൂശിച്ചുവെന്ന് അന്തിമനാളുകളില്‍ ജനം വിധിയെഴുതി. ലൈംഗിക പീഡനത്തിന്റെ മുള്‍ക്കിരീടം ചൂടി തെരുവിലൂടെ വലിച്ചിഴച്ചപ്പോള്‍ ജനനായകനെ സ്‌നേഹിച്ചവര്‍ കുരിശിന്റെ വഴിയില്‍നിന്നു കണ്ണീര്‍ വാര്‍ത്തു. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ഇതിനു പിന്നില്‍ ചിലരുടെ കണക്കുകൂട്ടലുകളുണ്ടായിരുന്നുവെന്നും അനുബന്ധ സംഭവങ്ങള്‍ സൂചന നല്‍കുന്നു. അരനൂറ്റാണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന് സാധാരണക്കാരനുമായി താദാത്മ്യം പ്രാപിച്ച ഉമ്മന്‍ ചാണ്ടിയെ തകര്‍ത്താലേ കേരളത്തില്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കഴിയൂ എന്ന് എതിര്‍പക്ഷം കണ്ടു. അതിനായി കരുക്കള്‍ നീക്കി. എവിടെയൊക്കെയോ ഗൂഢാലോചനകള്‍ നടന്നു.

ഉമ്മന്‍ ചാണ്ടിക്കെതിരെ മൂന്നുതവണയായി അത് തുടര്‍ ഓപ്പറേഷനായിരുന്നു. 2013-ല്‍, 2016-ല്‍, ഒടുവില്‍ 2021-ല്‍. ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ പ്രതിച്ഛായ തകര്‍ക്കാതെ കോണ്‍ഗ്രസ്സിനെ തകര്‍ക്കാനാവില്ല എന്നവര്‍ മനസ്സിലാക്കി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ എളുപ്പം വ്യക്തിഹത്യ ആണെന്നും കണക്കുകൂട്ടി. ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയെ തകര്‍ത്താല്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ തകര്‍ക്കാം. രണ്ടും ഒരു പരിധിവരെ വിജയകരമായി നടപ്പാക്കി.

2013-ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആദ്യം കൊണ്ടുവന്നത് ഒരു ക്രിമിനല്‍ തട്ടിപ്പുകേസിലെ പ്രതിയെ മുന്നില്‍നിര്‍ത്തി നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളുന്നയിച്ചുള്ള ആരോപണമായിരുന്നു. 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കൂടി ലക്ഷ്യം വെച്ചായിരുന്നു അത്.

പക്ഷേ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആരോപണങ്ങള്‍ ഏശിയില്ല. 20-ല്‍ 12 സീറ്റു നേടി യു.ഡി.എഫ് ആധിപത്യമുറപ്പിച്ചു. അതോടെ ആരോപണത്തിന്റെ ശൈലി മാറി. അഴിമതി ആരോപണം പൊടുന്നനെ ലൈംഗിക ആരോപണമായി. അതുവരെ പറയാത്ത ലൈംഗിക ആരോപണവുമായി 2016-ല്‍ നിയമസഭാ തെരഞ്ഞടുപ്പിനു തൊട്ടു മുന്‍പായി സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായര്‍ രംഗപ്രവശനം ചെയ്യുന്നു. ആ അരങ്ങേറ്റത്തിനു പിന്നില്‍ ആരൊക്കെയായിരുന്നു എന്നാണ് സി.ബി.ഐ പുറത്തുകൊണ്ടുവന്നത്. കേസിന്റെ വിചാരണയ്ക്കിടയില്‍ എപ്പോഴോ കണ്ടപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനോട് ഉമ്മന്‍ ചാണ്ടി ചോദിച്ചു: ''അവരെന്തിനാണ് എന്റെ പേര് പറഞ്ഞത്?'' ഫെനി ബാലകൃഷ്ണന്‍ അതിനുത്തരം പറഞ്ഞില്ല. ''ആ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി പൊതുജീവിതത്തില്‍ തന്റേതായി കൊണ്ടുനടന്ന വിശ്വാസത്തിന്റെ തകര്‍ച്ചയുടെ ഭാരമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ആ ചോദ്യത്തിനുള്ള മറുപടി സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്.

സോളാര്‍ കേസില്‍ ഉടനീളം ഉമ്മന്‍ ചാണ്ടി സ്വതസിദ്ധമായ നിസ്സംഗതയോടെയുള്ള സമീപനമാണ് എടുത്തത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും സത്യം ജയിക്കും എന്നും അദ്ദേഹം വിശ്വസിച്ചു. സോളാര്‍ കമ്മിഷനെ തീരുമാനിച്ചപ്പോള്‍ രാഷ്ട്രീയ ചായ്വിനെച്ചൊല്ലിയുള്ള ചില സംശയങ്ങള്‍ മുന്‍ നിര്‍ത്തി ശിവരാജനെ കമ്മിഷനായി വയ്ക്കുന്നതില്‍ മന്ത്രിസഭയ്ക്ക് അകത്തും പുറത്തും ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അപ്പോഴൊക്കെ ''ആര് അന്വേഷിച്ചാലെന്ത് സത്യമല്ലേ പുറത്തുകൊണ്ടു വരാനാകൂ?'' എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. കമ്മിഷന്‍ അന്വേഷണവിഷയങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വിപുലീകരിച്ചപ്പോഴും കാലാവധി നീട്ടി ചോദിച്ചപ്പോഴും അതിനെയൊന്നും എതിര്‍ക്കാതെ ഈ ഉദാസീന നിലപാട് തുടര്‍ന്നു.

സോളാര്‍ ആരോപണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നല്‍കുന്നു
സോളാര്‍ ആരോപണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നല്‍കുന്നു

സര്‍ക്കാര്‍ നിശ്ചയിച്ച ആറ് അന്വേഷണവിഷയങ്ങള്‍ക്കു പുറമേ മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെ അന്വേഷണ കമ്മിഷന്‍ സ്വമേധയാ അന്വേഷണവിഷയങ്ങള്‍ കൊണ്ടുവന്നതിനെ ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുള്ളവര്‍ സംശയദൃഷ്ടിയോടെയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിനക്കൂടി അന്വേഷണവിഷയത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ''എന്തും അന്വേഷിക്കട്ടെ എനിക്കൊന്നും മറയ്ക്കാനില്ല'' എന്ന പഴയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അന്വേഷണവിഷയങ്ങള്‍ തയ്യാറാക്കിയവര്‍ക്കു സംഭവിച്ച വീഴ്ചയും കമ്മിഷന് അന്വേഷണ വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള പഴുത് സ്വയം അറിയാതെ ഉണ്ടാക്കിക്കൊടുത്തു. നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന ആരോപണങ്ങള്‍ എന്ന ആദ്യത്തെ അന്വേഷണവിഷയത്തെ വ്യാഖ്യാനിച്ചാണ് കമ്മിഷന്‍ സരിതയുടെ കത്ത് അന്വേഷണവിഷയമാക്കിയത്.

സരിത എസ്. നായരേയും ഉമ്മന്‍ ചാണ്ടിയേയും തമ്മില്‍ താരതമ്യം ചെയ്ത് ഇവരില്‍ ആര്‍ക്കാണ് വിശ്വാസ്യത എന്ന് കമ്മിഷന്‍ പരിശോധിച്ചില്ല. പരാതിക്കാരിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇക്കാര്യത്തില്‍ കമ്മിഷന്‍ കണ്ടതേയില്ല. സാമാന്യനീതി അനുസരിച്ചുള്ള സ്വാഭാവിക നടപടിക്രമത്തിന്റെ ആനുകൂല്യം കമ്മിഷന്‍ ആദ്യം തന്നെ ഉമ്മന്‍ ചാണ്ടിക്കു നിഷേധിച്ചു. അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതവും വഹിച്ച പദവികളും സാമൂഹിക അംഗീകാരവും പശ്ചാത്തലവും ഒന്നും കമ്മിഷന്റെ പരിഗണനയില്‍ വന്നില്ല.

കമ്മിഷന്‍ ഓഫ് എന്‍ക്വയറി നിയമത്തിന്റെ 8 ബി വകുപ്പ് പ്രകാരം അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും അപകീര്‍ത്തി ഉണ്ടാക്കുന്ന നിഗമനത്തില്‍ എത്തുന്നതിനു മുന്‍പ് പ്രസ്തുത വ്യക്തിക്ക് നോട്ടീസ് അയക്കണം. കുറ്റാരോപണ പത്രികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കമ്മിഷന്‍ ഇങ്ങനെ നോട്ടീസ് നല്‍കി. പത്രികയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്കു മറുപടിയും തെളിവുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, വിചിത്രമായ സംഗതി ആ നോട്ടീസില്‍ കുറ്റാരോപിതനായ വ്യക്തി പരാതിക്കാരിയെ മാനഭംഗപ്പെടുത്തി എന്ന നിര്‍ണ്ണായക പരാതി പരാമര്‍ശിച്ചിട്ടില്ല എന്നതാണ്. നോട്ടീസില്‍ മാനഭംഗപ്പെടുത്തിയെന്നത് പറയാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ എങ്ങനെ നോട്ടീസില്‍ ഇല്ലാത്ത ലൈംഗിക ആരോപണം ഖണ്ഡിക്കും എന്ന ചോദ്യമുണ്ട്. ചുരുക്കത്തില്‍ കമ്മിഷന്‍ തയ്യാറാക്കിയ കുറ്റാരോപണ പത്രികയിലോ 8 ബി നോട്ടീസിലോ പരാമര്‍ശിക്കാത്ത മാനഭംഗ ആരോപണം അന്വേഷണവിധേയമാക്കിയതും മാനഭംഗം നടന്നു എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതും നിയമവിരുദ്ധവും സാമാന്യനീതിയുടെ ലംഘനവും ആണെന്നു നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സത്യം ജയിക്കും എന്ന് ഉമ്മന്‍ ചാണ്ടിയുടെ നിലപാട് അന്തിമമായി തോറ്റില്ല. പക്ഷേ, അസത്യത്തിന്റെ താല്‍ക്കാലിക ജയത്തിനും സത്യത്തിന്റെ അന്തിമ ജയത്തിനും ഇടയില്‍ ഉമ്മന്‍ ചാണ്ടിക്കു വലിയ വില കൊടുക്കേണ്ടിവന്നു. ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനഭംഗ കേസില്‍ പ്രതിയാക്കി കേസെടുക്കാന്‍ ഇടതു സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയപ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ല എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച തീരുമാനം. അറസ്റ്റ് ഉണ്ടാവും എന്ന പ്രചാരണം ശക്തമായപ്പോള്‍ മന്ത്രിമാരായ കെ.സി. ജോസഫ്, അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ പോയി കണ്ടു മുന്‍കൂര്‍ ജാമ്യം എടുക്കുന്നതാവും നല്ലത് എന്ന് അഭിപ്രായപ്പെട്ടു. ''മുന്‍കൂര്‍ ജാമ്യത്തിനു ഞാന്‍ പോവില്ല. അവര്‍ അറസ്റ്റ് ചെയ്യട്ടെ.'' നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് കെ.സി. ജോസഫ് ഓര്‍ക്കുന്നു. നിയമവിദഗ്ദ്ധരും മുന്‍കൂര്‍ ജാമ്യം എടുക്കുന്നതാവും നല്ലതെന്ന് ഉപദേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മനസ്സിളകിയില്ല. ആ തീരുമാനം ശരിയായിരുന്നു എന്നു കാലം തെളിയിച്ചു. അന്നു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നെങ്കില്‍ അദ്ദേഹം കുറച്ചെങ്കിലും സംശയത്തിന്റെ നിഴലിലാകുമായിരുന്നു.

ആ അന്വേഷണം നടന്നില്ല

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി ഏതാനും നാളുകള്‍ക്കുശേഷമാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ പിണറായി സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനം വരുന്നത്. ഒരു മുഖ്യമന്ത്രിയുടെ പതിവ് കാബിനറ്റ് ബ്രീഫിങ്ങില്‍ കേട്ട ഏറ്റവും നടുക്കിയ അറിയിപ്പ്. അതും ഒരു ഉപതെരഞ്ഞടുപ്പിന്റെ പോളിങ് ദിനത്തില്‍.

പിണറായി വിജയന്‍
പിണറായി വിജയന്‍ Manu R Mavelil

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഒരു സാധാരണ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിക്കുന്നതുപോലെ വളരെ യാന്ത്രികമായായിരുന്നു. പക്ഷേ, അപ്രതീക്ഷിത പ്രഖ്യാപനം മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ചു. പലരും വിശ്വസിക്കാനാവാതെ തരിച്ചിരുന്നു പോയി. പത്രസമ്മേളനം കഴിഞ്ഞിട്ടും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പ്രതി മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയില്ല. അതിന്റെ രത്‌നച്ചുരുക്കംപോലും നല്‍കിയില്ല. പകരം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മന്ത്രിസഭാ തീരുമാനം അറിയിക്കുക മാത്രമായിരുന്നു. അന്വേഷണത്തെ സ്വാഗതം ചെയ്ത ഉമ്മന്‍ ചാണ്ടിയാകട്ടെ, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെല്ലുവിളിച്ചു, ഭരണം മാറുമ്പോള്‍ മുഖ്യമന്ത്രിമാര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളിന്മേല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നത് രാജ്യത്ത് ആദ്യം. ചോദ്യം ചോദിക്കാന്‍ പോലും കഴിയാത്തവിധം അമ്പരപ്പായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍. അതും തെളിവുകളുടെ പിന്‍ബലമില്ലാത്ത ഒരു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രഖ്യാപനം.

ബിജു രാധാകൃഷ്ണന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍
ബിജു രാധാകൃഷ്ണന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ BP DEEPU----TVM

കാബിനറ്റ് ബ്രീഫിങ്ങിന്റെ ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു: മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കമ്മിഷന്റെ അന്വേഷണപരിധിയില്‍ കൊണ്ടുവരാതെ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കമ്മിഷന്‍ മുന്‍പാകെ ലഭിച്ച തെളിവുകളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ തട്ടിപ്പില്‍ ഉത്തരവാദികള്‍ ആണെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെടുന്നവിധം തെളിവുകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രതി സരിത എസ്. നായരുമായി കൂട്ടുചേര്‍ന്നു ടീം സോളാര്‍ കമ്പനിയുടെ മറവില്‍ ജനങ്ങളെ വഞ്ചിച്ചതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കേസെടുക്കും. സരിത എസ്. നായരുടെ കത്തില്‍ പരാമര്‍ശിക്കുന്ന, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ആളുകളുടെ പേരില്‍ ബലാത്സംഗ കുറ്റത്തിനു കേസെടുത്ത് അന്വേഷിക്കും.

പിണറായി ലക്ഷ്യമിട്ടത് നാലു കേസ്

കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലിന്റേയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റേയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതും, വേങ്ങര ഉപതെരഞ്ഞെടുപ്പു നാളില്‍. അന്നാണ് ''ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും ബലാത്സംഗകേസും എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. അന്നത്തെ പ്രഖ്യാപന പ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ നാല് കേസുകളെങ്കിലും എടുക്കേണ്ടി വരുമായിരുന്നു. നേരിട്ടും മറ്റുള്ളവര്‍ മുഖേനയും വലിയ തുകകള്‍ കൈക്കൂലി വാങ്ങിയതിനു അഴിമതി നിരോധന നിയമപ്രകാരമായിരുന്നു ഒരു കേസ്. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലും കോന്നി പൊലീസ് സ്റ്റേഷനിലും ഉള്ള രണ്ട് കേസുകളില്‍ ക്രിമിനല്‍ നടപടി പ്രകാരം രണ്ടാമതൊരു കേസ്. മാനഭംഗപ്പെടുത്തലിനു മൂന്നാമത്തെ കേസ്: ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി അഴിമതിനിരോധന നിയമപ്രകാരം നാലാമത്തെ കേസ്. എന്നാല്‍, ഈ കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം നീക്കങ്ങള്‍ നടത്തിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും മന്ത്രിസഭയില്‍ തന്നെ എതിരഭിപ്രായം ഉണ്ടായിരുന്നുവെന്നാണ് പിന്നീടു കേട്ടത്. ഇതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി ജസ്റ്റിസ് അരിജിത്ത് പസായത്തില്‍നിന്നു നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചതോടെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ച നാല് കേസുകളില്‍ മൂന്നും ആവിയായിപ്പോയി. ഒടുവില്‍ സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയ്ക്കു മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതൊന്നുമില്ലായിരുന്നു. കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നു മാത്രമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്.

നേരത്തെ പത്രസമ്മേളനം നടത്തിയ ദിവസം മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പില്‍ ഉടനെ കേസ് എടുക്കും എന്നു പറഞ്ഞിരുന്നുവല്ലോ എന്നും എന്തുകൊണ്ട് കേസെടുത്തില്ല എന്നും പിന്നീടാരും ചോദിച്ചില്ല.

എന്തായാലും സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിശദമായി പഠിക്കാതെ തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയന്റെ തീരുമാനം അങ്ങേയറ്റം അപക്വമായിപ്പോയി എന്നു കാലം വിലയിരുത്തി. നിയമജ്ഞരുമായി ചര്‍ച്ചപോലും നടത്താതെ, പ്രഖ്യാപനത്തിന്റെ വരുംവരായ്കകള്‍ ആലോചിക്കാതെ രാഷ്ട്രീയ ലാഭം മാത്രം നോക്കിയുള്ള പ്രഖ്യാപനമായിപ്പോയി അതെന്നു തെളിഞ്ഞു. ആ അവിവേകത്തിനുള്ള മറുപടിയാണ് ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ വാക്കുകള്‍. ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി കൈക്കൊള്ളണം എന്നത് സംബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടിയത്.

ജസ്റ്റിസ് അരിജിത്ത് പസായത്ത് പറഞ്ഞത്

കമ്മിഷന്‍ ഓഫ് എന്‍ക്വയറി നിയമപ്രകാരം ഒരു കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വാദിയോ പ്രതിയോ വിചാരണയ്ക്കുള്ള കുറ്റപത്രമോ ഉണ്ടാവില്ല എന്ന് ജസ്റ്റിസ് പസായത്ത് നിരീക്ഷിച്ചു. കമ്മിഷന്‍ അന്വേഷണം ആരിലെങ്കിലും കുറ്റം ചുമത്തുന്നതിനല്ല, മറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനു മാത്രമാണ്. ഇത്തരം ഒരു റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ബ്ബന്ധമില്ല. അന്വേഷണ കമ്മിഷന്‍ ആരായാലും അദ്ദേഹത്തിനു ജുഡീഷ്യല്‍ പദവി ഇല്ല; തനിക്കു കിട്ടുന്ന വസ്തുതകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൊടുക്കുക എന്നതു മാത്രമാണ് കമ്മിഷന്റെ ഉത്തരവാദിത്വം. കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിനെ വിവരശേഖരണമായി മാത്രമേ സര്‍ക്കാര്‍ കാണേണ്ടതുള്ളൂ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണ ഏജന്‍സിക്ക് ഇതേക്കുറിച്ച് അന്വേഷണം നടത്താം. വസ്തുതകള്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ക്കു നിരക്കുന്ന തരത്തിലല്ലെങ്കില്‍ വസ്തുതയനുസരിച്ച് മാത്രം തീരുമാനമെടുക്കണം. കമ്മിഷന്റെ കണ്ടെത്തലുകള്‍ അതേപടി അംഗീകരിക്കാനുള്ള ഒരു ഉത്തരവാദിത്വവും സര്‍ക്കാരിനില്ല. കമ്മിഷന്റെ കണ്ടെത്തലുകള്‍ക്കു തനതായി കോടതിയില്‍ നിലനില്‍പ്പില്ല. ഏതെങ്കിലും വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യാനോ ചോദ്യം ചെയ്യാനോ നിര്‍ദ്ദേശം നല്‍കാന്‍ കമ്മിഷന് അധികാരമില്ല. അതേസമയം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും വിഷയം പ്രത്യേകമായി പരിഗണിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാരിനു തോന്നിയാല്‍ ആ ഭാഗം അംഗീകരിച്ച് നടപടിയിലേക്കു നീങ്ങാം. ഇനി കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍ തന്നെ അതിനുമുന്‍പായി നിയമം നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് കണ്ടെത്തലുകളുടെ നിയമസാധുത പരിശോധിക്കണം. അതായത് കമ്മിഷന്റെ കണ്ടെത്തലുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് നടപടികളിലേയ്ക്ക് കടക്കാവുന്നതാണ് എന്നു കണ്ടെത്തണം. സോളാര്‍ കേസിന്റെ കാര്യത്തില്‍ പ്രതികള്‍ ഉള്‍പ്പെട്ട 33 കേസുകള്‍ വിവിധ കോടതിയുടെ വിചാരണയിലാണ് എന്നതിനാല്‍ ഇതു പ്രസക്തമാണെന്ന് ജസ്റ്റിസ് അരിജിത്ത് പസായത്ത് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് പസായത്തിന്റെ ഈ നിയമോപദേശം സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കി.

പറയാതെ പോയ ബ്ലാക്ക്‌മെയിലിങ് കഥ

നാലു പതിറ്റാണ്ടിനിടെ ഉമ്മന്‍ ചാണ്ടിയെ വ്യക്തി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അകന്നും അടുത്തുനിന്നും കണ്ടിട്ടുണ്ട്. എത്രയോ തവണ ജീവിതവഴികളില്‍ സഹായം തേടിയെത്തിയ ആരെയൊക്കെയോ അദ്ദേഹത്തിന്റെ മുന്നിലെത്തിച്ചിട്ടുണ്ട്. ഒരിക്കലും എവിടെയും രേഖപ്പെടുത്താതെ പോയ കാരുണ്യസ്പര്‍ശത്തിന്റെ എത്രയോ കഥകള്‍. വ്യക്തിജീവിതത്തില്‍ ഒരിക്കലും പോറല്‍ ഏല്‍ക്കാത്ത സ്വഭാവശുദ്ധി. ലാളിത്യം, സുതാര്യത. ജീവിതത്തിലെ നല്ല പ്രായത്തില്‍പോലും കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത ലൈംഗിക ആരോപണം 74-ാം വയസ്സില്‍ പേറേണ്ടിവന്നതിന്റെ മനോവ്യഥ എത്ര വലുതാണെന്ന് ആലോചിച്ചു. ഒരിക്കലും അദ്ദേഹം അതു പുറത്ത് പ്രകടിപ്പിച്ചിട്ടില്ല.

സരിത പൊലീസ് കസ്റ്റഡിയില്‍
സരിത പൊലീസ് കസ്റ്റഡിയില്‍

ഇങ്ങനെയൊരു കേസ് ഉമ്മന്‍ ചാണ്ടിയുടെ മേല്‍ ചാര്‍ത്താനുള്ള സാഹചര്യമെന്താണ്?എങ്ങനെയായിരിക്കും അദ്ദേഹവും കുടുംബവും ആരോപണത്തെ നേരിടുക? അന്നു വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു നേരെ പോയത് ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക്. വീട് ശോകമൂകമായിരുന്നു. വീട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മക്കളായ മറിയയും ചാണ്ടി ഉമ്മനും ഒരു ബന്ധുവും മാത്രം. ആ സമയം സ്വീകരണമുറിയിലെ ടി.വിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്ന രംഗങ്ങള്‍ തെളിഞ്ഞു. അദ്ദേഹം അക്ഷോഭ്യനായിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും എന്ത് അന്വേഷണത്തേയും നേരിടാമെന്നും അചഞ്ചലനായി അദ്ദഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തില്‍ കയറി. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വിമാനമിറങ്ങി പുതുപ്പള്ളി ഹൗസില്‍ എത്തുന്നതുവരെ ഞാന്‍ അവിടെയിരുന്നു. ഒരു സാധാരണ ദൂരയാത്ര കഴിഞ്ഞു വരുന്നതുപോലെ ഉമ്മന്‍ ചാണ്ടി പടികയറി വന്നു.

അദ്ദേഹം ക്ഷീണിതനായിരുന്നു. എങ്കിലും ആ മുഖത്ത് അപ്പോഴും പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു. സോളാര്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ പിണറായിയുടെ മുഖത്തെ ഇരുളിമയെക്കുറിച്ചാണ് ഓര്‍ത്തത്. ഉമ്മന്‍ ചാണ്ടിയുമായി അല്പസമയം കേസിനെക്കുറിച്ചു സംസാരിച്ചു.

''എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് പേര്‍ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നേവരെ അത്തരം ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി'' -അദ്ദേഹം ആത്മഗതം എന്നവണ്ണം പറഞ്ഞു. അതാരാണെന്നു ഞാന്‍ ചോദിച്ചെങ്കിലും അദ്ദേഹം പറഞ്ഞില്ല. ''ഒരു നടപടിയേയും ഭയപ്പെടുന്നില്ല. ഒന്നും മറച്ചുവയ്ക്കാനില്ല. 60 വര്‍ഷമായി രാഷ്ട്രീയത്തിലെത്തിയിട്ട്. ഇന്നുവരെ അഴിമതിക്കോ ലൈംഗിക ആരോപണത്തിനോ ഇടവരുത്തിയിട്ടില്ല. അങ്ങനെ വല്ല ബലഹീനതയും ഉണ്ടെങ്കില്‍ ജനം പണ്ടേ മനസ്സിലാക്കുമായിരുന്നു. ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെന്നു വന്നാല്‍ പിന്നെ പൊതുജീവിതത്തില്‍ ഉണ്ടാവില്ല'' -അദ്ദേഹം പറഞ്ഞു.

''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു
ആരോപണങ്ങളെല്ലാം കത്തിനിന്നിട്ടും പിണറായി വിജയനെ ജനങ്ങള്‍ അംഗീകരിച്ചില്ലേ? പി.എസ്.ശ്രീധരന്‍ പിള്ള ചോദിക്കുന്നു

''ശിവരാജന്‍ കമ്മിഷന്‍ എന്തുകൊണ്ടാവും അങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തത്?'' -ഞാന്‍ ചോദിച്ചു.

''കമ്മിഷന്റെ പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നു തോന്നുന്നു. ഭരണം മാറിയപ്പോള്‍ മുതല്‍ കമ്മിഷന്റെ സമീപനത്തില്‍ മാറ്റം ഉണ്ടായിരുന്നു'' -അദ്ദേഹം പറഞ്ഞു.

ഒരു നിമിഷത്തെ മൗനത്തിനുശേഷം അദ്ദേഹം തുടര്‍ന്നു: ''ലൈംഗിക പീഡനംപോലുള്ള കാര്യങ്ങളില്‍ ഒരാള്‍ കള്ളം പറയുമെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല. അന്വേഷണം നടക്കട്ടെ. അവസാനം സത്യം പുറത്തുവരും.''

അകത്ത് മറിയാമ്മ കഞ്ഞി വിളമ്പിവെച്ചു. ഞാന്‍ യാത്ര പറഞ്ഞ് പുതുപ്പള്ളി ഹൗസിന്റെ മേല്‍ വീണ ഇരുട്ടിനെ മുറിച്ച് റോഡിലേക്കിറങ്ങി. അപ്പോള്‍ ടി.വിയില്‍ സോളാറിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ച കത്തിക്കയറുന്നുണ്ടായിരുന്നു.

തിരികെ വീട്ടിലേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റൊന്നാണാലോചിച്ചത്.

ഒരിക്കല്‍ മാത്രം ബ്ലാക്ക്‌മെയിലിങ്ങിനു വിധേയനായി എന്നു പറഞ്ഞത് ആരെ ഉദ്ദേശിച്ചാവും. അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു കള്ളമാണോ ഉമ്മന്‍ ചാണ്ടിക്കു വിനയായത്. സരിത എസ്. നായരെ താന്‍ കണ്ടിട്ടേയില്ല എന്ന് ഉമ്മന്‍ ചാണ്ടി എന്തിനാണ് പറഞ്ഞത്. സത്യത്തില്‍ ടീം സോളാര്‍ കമ്പനിയുടെ പ്രതിനിധി എന്ന നിലയില്‍ സരിതയെ കണ്ടത് ഉമ്മന്‍ ചാണ്ടിക്കു മറച്ചുവയ്‌ക്കേണ്ട കാര്യമില്ലായിരുന്നു. പിന്നീട് ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന ഒരാളെ നേരത്തെ കണ്ടുവെന്നത് ഒരു കുറ്റമല്ലല്ലോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച മറച്ചുവയ്ക്കാനായിരിക്കാം അദ്ദേഹം ആ നിലപാടില്‍ തന്നെ ഉറച്ചുനിന്നത് എന്നു ചിന്തിച്ചു. ബിജു രാധാകൃഷ്ണന്‍ പറഞ്ഞ, ഗണേഷ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കാനാണല്ലോ ഉമ്മന്‍ ചാണ്ടി സരിതയെ കാണുന്നത്. സരിതയെ കണ്ടു എന്നു പറഞ്ഞാല്‍ എറണാകുളത്തെ കൂടിക്കാഴ്ചയെക്കുറിച്ചും പുറത്തു പറയേണ്ടിവരും. അത് ഒരു കുടുംബത്തെ മാത്രമല്ല, രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കും എന്നതാകാം കാരണമെന്നു ഞാന്‍ കരുതി.

എന്നാല്‍, അദ്ദേഹം അതിനെ പിന്നീട് വിശദീകരിച്ചത് ഇങ്ങനെ: സോളര്‍ പദ്ധതിയുമായി തന്നെ വന്നു കണ്ടയാളാണ് അറസ്റ്റ് ചെയ്യപ്പെട്ട സരിത എസ്. നായര്‍ എന്നറിയുമായിരുന്നില്ല. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് രണ്ടും ഒരാളാണെന്നറിയുന്നത്.?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com