ആരോപണങ്ങളെല്ലാം കത്തിനിന്നിട്ടും പിണറായി വിജയനെ ജനങ്ങള്‍ അംഗീകരിച്ചില്ലേ? പി.എസ്.ശ്രീധരന്‍ പിള്ള ചോദിക്കുന്നു

അഭിമുഖത്തിന്റെ പൂര്‍ണരൂപം
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

മുതിര്‍ന്ന രാഷ്ട്രീയ നേതാവും അഭിഭാഷകനും കേരളത്തിലെ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ്. ശ്രീധരന്‍പിള്ള മിസോറാമിലും പിന്നീട് ഗോവയിലും ഗവര്‍ണറായ ശേഷം ഇത്ര തുറന്ന് രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുന്നത് ഇതാദ്യം.

Q

ഗവര്‍ണര്‍ക്കു കക്ഷിരാഷ്ട്രീയം പറയാനും ഇടപെടാനും പരിമിതിയുണ്ടെങ്കിലും കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ താങ്കള്‍ക്ക് ഈ നിര്‍ണ്ണായക ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പറയാനുള്ളത് കേള്‍ക്കാന്‍ താല്പര്യമുണ്ട്?

A

രാഷ്ട്രീയം ഒരു കലയാണ്. അതില്‍ മനുഷ്യമനസ്സുകളെ അപഗ്രഥിക്കാനും സാഹചര്യങ്ങള്‍ വിലയിരുത്താനും അത് ഉചിതമായവിധത്തില്‍ രാജ്യതാല്പര്യങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനും സാധിക്കണം. അതിന് അജന്‍ഡ സെറ്റ് ചെയ്യുന്നവര്‍ക്കാണ് പ്രാധാന്യം. ഗവര്‍ണര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോള്‍ രാഷ്ട്രീയമില്ലെങ്കിലും 2004-ലും 2019-ലും കേരളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ അത്തരം അജന്‍ഡകളിലേക്കു സാഹചര്യങ്ങള്‍ എത്തിയതുകൊണ്ടാവാം അന്നത്തെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു മികച്ച പ്രകടനം സാധിച്ചത്. 2004-ല്‍ 13 ശതമാനം വോട്ടും കേരളത്തില്‍ ഒരു സീറ്റിലും കേരളനേതൃത്വത്തിനു കീഴിലായിരുന്ന ലക്ഷദ്വീപിലും എന്‍.ഡി.എയ്ക്കു വിജയിക്കാന്‍ കഴിഞ്ഞു. 2019 കേരളത്തിലെ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു. 16 ശതമാനത്തോളം വോട്ടുകള്‍ കിട്ടി. ഏതായാലും ഒരു അജന്‍ഡ സെറ്റ് ചെയ്യുന്ന പാര്‍ട്ടിയാണ്, ആ അജന്‍ഡയ്ക്ക് എതിരാളികളെക്കൊണ്ട് മറുപടി പറയിക്കുമ്പോഴാണ് രാഷ്ട്രീയം വിജയിക്കുന്നത്. അതില്‍ കേരളത്തിലെ ബി.ജെ.പി വിജയിച്ചോ പരാജയപ്പെട്ടോ എന്ന വിഷയത്തിലേക്കൊന്നും ഞാന്‍ പോകുന്നില്ല. അതു പറയാന്‍ ഇപ്പോള്‍ പരിമിതിയുണ്ട്. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ ഒരു സാഹചര്യം രാഷ്ട്രീയവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ കാണുന്നുണ്ട്. കേരളത്തില്‍ അത് വളരെ പ്രകടമാണ്. വളരെ താല്പര്യത്തോടെ ഈ വികസനപ്രക്രിയ അതുപോലെ തുടരണം, നരേന്ദ്ര മോദിയുടെ മോഡല്‍ രാജ്യത്തു മുന്നോട്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകളെ കാണാന്‍ സാധിച്ചു. ഇതാണ് വസ്തുത. വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ എനിക്കൊരു കാര്യം ഉറപ്പിച്ചു പറയാന്‍ സാധിക്കും: വലിയ ഒരു മാറ്റം എല്ലാവരുടെ മനസ്സിലും ഉണ്ടാകും. കേരളം ഇന്നു വലിയ കടക്കെണിയിലാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷേ, കേരളത്തിന് എന്തുകൊണ്ട് കൂടുതല്‍ വികസനത്തിലേക്കു പോകാന്‍ സാധിക്കുന്നില്ല? അതിനുവേണ്ടിയുള്ള സമന്വയം, എല്ലാവരും തമ്മില്‍ - വ്യത്യസ്ത പാര്‍ട്ടികള്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍, വ്യത്യസ്തമായ സാഹിത്യ, സാംസ്‌കാരിക മേഖലകള്‍ ഒക്കെ ഉള്‍പ്പെടുത്തി - ഉണ്ടായാല്‍ നന്ന് എന്നു കരുതുന്ന ഒരാളാണ് ഞാന്‍.

Q

മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ രാഷ്ട്രീയ പ്രബുദ്ധര്‍ കൂടുതലുള്ള നാടാണ് എന്നാണല്ലോ കേരളം ചര്‍ച്ച ചെയ്യപ്പെടാറ്. ഈ രാഷ്ട്രീയബോധമാണ് ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നത് എന്ന വാദത്തോട് എന്താണ് പ്രതികരണം?

A

ബി.ജെ.പിയെ എന്തുകൊണ്ട് അകറ്റിനിര്‍ത്തുന്നു എന്നുള്ളതിന്റെ ഒരു വിശകലനത്തിനു ഞാന്‍ മുതിരുന്നില്ല. കേരളത്തിലെ ആളുകളുടെ രാഷ്ട്രീയപ്രബുദ്ധതയെക്കുറിച്ചു പറഞ്ഞതിനോട് എനിക്കു വിയോജിപ്പാണുള്ളത്. കേരള രാഷ്ട്രീയത്തിലെ രൂപപരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ജാതി അടിസ്ഥാനത്തില്‍ രാഷ്ട്രീയം കത്തിജ്വലിച്ചുനിന്ന അന്‍പതുകളിലെ തിരുവിതാംകൂര്‍ - കൊച്ചിയെക്കുറിച്ചു പറയേണ്ടിവരും. അന്നത്തെ ഒരു ഉപതെരഞ്ഞെടുപ്പ് ഓര്‍ക്കുന്നു; നെടുമങ്ങാടും നെയ്യാറ്റിന്‍കരയും. അതില്‍ നെഹ്റുവിന്റെ നെഞ്ചിലേക്ക് ഉണ്ട പായിച്ചത് കേരളത്തില്‍നിന്നാണ്. മന്നത്തു പത്മനാഭനും അദ്ദേഹം ഉള്‍പ്പെടുന്ന രാഷ്ട്രീയ സംവിധാനവും ആര്‍. ശങ്കറും അദ്ദേഹത്തിന്റെ രാഷ്ട്രീയ സംവിധാനവും പട്ടം താണുപിള്ളയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയും. രണ്ടിടത്തും കോണ്‍ഗ്രസ്സിനെ മുട്ടുകുത്തിച്ചു. അതില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പക്ഷേ, ജാതിരാഷ്ട്രീയമാണ് പ്രതിഫലിച്ചത്. ജാതിരാഷ്ട്രീയം അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആഘാതം സൃഷ്ടിച്ച നാടാണ് കേരളം. പെട്ടെന്ന് ഇടപെട്ടു, അവര്‍ തിരുത്തി. ആരെയും രാഷ്ട്രീയമായി പഴിക്കാനല്ല ഇതു പറയുന്നത്.

1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം കിട്ടി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഇടതുപക്ഷ ചിന്തകനും രാഷ്ട്രീയ നേതാവുമായ റാം മനോഹര്‍ ലോഹ്യയുടെ തെരഞ്ഞെടുത്ത ലേഖന സമാഹാരത്തില്‍ ഒരു അദ്ധ്യായം തന്നെ 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെപ്പറ്റിയാണ്. അതില്‍ അദ്ദേഹം കൊടുത്ത നിര്‍വ്വചനം, ''ഇതു രാഷ്ട്രീയ വിജയമല്ല; കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദുയിസമാണ്; ഇവിടുത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം ക്രിസ്ത്യാനിസമാണ്'' എന്നാണ്. ഇത് ഞാന്‍ പറയുന്നതല്ല, എന്റെ പഴയ പാര്‍ട്ടി പറയുന്നതല്ല, റാം മനോഹര്‍ ലോഹ്യയുടെ വാക്കുകളാണ്. ഇതിന് ഉപോല്‍ബലകമായി ഒരു കാര്യം കൂടി ഞാന്‍ പറയാം: കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ മന്നത്തു പത്മനാഭനെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ത്തന്നെ മന്നത്തിന്റെ ജന്മദിനത്തിനു ക്ഷണമില്ലാതിരുന്നിട്ടും പെരുന്നയില്‍ പോയി; ഭക്ഷണം കഴിച്ചു, സന്തോഷവും പങ്കിട്ടു; 1955-ലോ 1956-ലോ ആണ്. എന്നിട്ട്, നമ്മുടെ നായന്മാര് പിള്ളേര് ഇവിടൊക്കെ തെരഞ്ഞെടുപ്പിനു നില്‍ക്കുന്നുണ്ട് എന്നു പറഞ്ഞു. അഞ്ചു പേരെ മന്നം പിന്തുണച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും ഏറ്റവും വലിയ അഭിഭാഷകരിലൊരാളുമായിരുന്ന സി.ജി. ജനാര്‍ദനക്കുറുപ്പ് സാര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇത് എഴുതിയിട്ടുണ്ട്.

ഒരു രസകരമായ കാര്യം കൂടി അതോടു ചേര്‍ത്തുപറയാം. പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ അന്ന് മത്സരിച്ചത് തോപ്പില്‍ ഭാസിയാണ്. എനിക്ക് മന്നത്തിന്റെ ജാതീയതയുടേയും നായരിസത്തിന്റേയുമൊന്നും വോട്ട് വേണ്ട, അത് ഞാന്‍ പ്രഖ്യാപിക്കുകയാണ് എന്ന് തോപ്പില്‍ ഭാസി പറഞ്ഞു. അതിനു മന്നം കൊടുത്ത മറുപടി, അവനാണ് അച്ഛനു പിറന്ന നായര്; അതുകൊണ്ട് അവനെ ജയിപ്പിക്കണം എന്നാണ്. ഇങ്ങനെ നാലഞ്ചു സീറ്റിലെ വസ്തുതയിലേക്ക് ഞാന്‍ വിരല്‍ചൂണ്ടുന്നത് 1950-കളിലെ നമ്മുടെ രാഷ്ട്രീയത്തെപ്പറ്റി പറയാനാണ്. അന്ന് ജനസംഘമൊന്നും ഇവിടെ കാര്യമായി ഇല്ലല്ലോ. അപ്പോള്‍, കേരള രാഷ്ട്രീയത്തിന്റെ അടിത്തറ ഇതിലാണ്. എന്നിട്ടാണോ നമ്മള്‍ രാഷ്ട്രീയബോധത്തെക്കുറിച്ചു പറയുന്നത്.

അറിയാമല്ലോ, ഉത്തരേന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ (പശു ബെല്‍റ്റ് എന്ന് ഇപ്പോള്‍ പറയുന്നത്) 230 സീറ്റുകളില്‍ 221 ഉം 1971-ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിനും കോണ്‍ഗ്രസ്സിനും നല്‍കി. പാകിസ്താനെതിരെ ബംഗ്ലാദേശ് മോചനത്തിനുവേണ്ടി നടത്തിയ യുദ്ധം ജയിച്ചതിന്റെ തുടര്‍ച്ചയായിരുന്നു അത്. എന്നാല്‍, അടിയന്തരാവസ്ഥ കഴിഞ്ഞ് 1977-ലെ തെരഞ്ഞെടുപ്പില്‍ അതേ ജനങ്ങള്‍ മൂന്നു സീറ്റ് ഒഴികെ ഒന്നും കോണ്‍ഗ്രസ്സിനു കൊടുത്തില്ല. അങ്ങനെയാണല്ലോ രാജ്യത്ത് ഭരണമാറ്റം ഉണ്ടായത്. അന്ന് കേരളത്തിലെ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ്സിനാണ് കൊടുത്തത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് സഖ്യകക്ഷി എ.ഐ.എ.ഡി.എം.കെയ്ക്ക് തൊണ്ണൂറു ശതമാനം സീറ്റുകളും കിട്ടി. കര്‍ണാടകത്തില്‍ 28-ല്‍ 26 സീറ്റും ഇന്ദിരാഗാന്ധിക്കു കൊടുത്തു. ആന്ധ്രപ്രദേശിലും വലിയ ഭൂരിപക്ഷം കിട്ടി. അങ്ങനെ ഏകാധിപത്യത്തെ അരിയിട്ടു വാഴ്ത്തി. അതേസമയത്താണ്, ഉടുതുണിക്കു മറുതുണി ഇല്ലാത്ത, എഴുത്തും വായനയും അറിയാത്തവര്‍ രാഷ്ട്രീയമായി ചിന്തിച്ചതും രാജ്യത്ത് രാഷ്ട്രീയ മാറ്റം ഉണ്ടായതും. ആ വസ്തുത അംഗീകരിച്ചാണ് നമ്മളെ എല്ലാവരും മദര്‍ ഓഫ് ഡെമോക്രസി എന്നു വിളിക്കുന്നത്. അപ്പോള്‍, രാഷ്ട്രീയപ്രബുദ്ധത ഇവിടെയാണോ അവിടെയാണോ? തര്‍ക്കത്തിനില്ല. എങ്കിലും ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.

രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മയെക്കുറിച്ചു പറയാം. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയാകുമ്പോള്‍ ജ്യോതിബസു മുഖ്യമന്ത്രിയായിരുന്നു. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രിക്കു സ്വീകരണം കൊടുത്തപ്പോള്‍ ഞാന്‍ പങ്കെടുക്കില്ല, വേദി പങ്കിടില്ല എന്നു പറഞ്ഞു. ആ ആളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എവിടെത്തി? ശിവഗിരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം വരികയും ചെയ്തതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ബഹിഷ്‌കരിച്ചല്ലോ. അന്ന് ബഹിഷ്‌കരിച്ചവര്‍ അതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ ഒരു കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടാനും സൗഹാര്‍ദ്ദത്തിനും അന്യോന്യമൊന്ന് പുഞ്ചിരി കൈമാറാനും കാത്തുകെട്ടി കിടക്കേണ്ടിവന്നില്ലേ. പ്രായോഗികമായി കേരളം ശരിയാണോ എന്ന് ഇവരൊക്കെയൊന്ന് ചിന്തിക്കട്ടെ. അങ്ങനെയാണെങ്കില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും നൂറുശതമാനം ഗവര്‍ണര്‍മാരും തൊട്ടുകൂടാത്തവരല്ലേ? വേദി പങ്കിടാന്‍ പാടില്ലാത്തവരല്ലേ? പക്ഷേ, അതിന് എനിക്കൊരു ഉത്തരമുണ്ട്. ഞാന്‍ എന്റെ ഒരു മാസത്തെ പരിപാടി കേരള ഗവണ്‍മെന്റിനു കൊടുത്തു, മുഖ്യമന്ത്രിയുടെ മറുപടിക്ക്. ഞങ്ങളെ ഉള്‍ക്കൊള്ളുന്നു മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നില്ല. ഞാന്‍ രാഷ്ട്രീയം പറയുകയല്ല; പക്ഷേ, എന്റെ സ്‌കൂള്‍ ഓഫ് തോട്ടിനു കിട്ടിയ മറുപടിയാണത്. കോട്ടയത്ത് ഞാന്‍ പങ്കെടുത്ത മാര്‍ത്തോമാ സഭയുടെ വലിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് അനഭിമതനെന്ന് പറഞ്ഞ് ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന കേരള ഗവര്‍ണറാണ്. രാഷ്ട്രീയത്തില്‍ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പറയും. അതൊക്കെ ജനാധിപത്യത്തില്‍ നല്ല കാര്യങ്ങളാണ്. പക്ഷേ, കേരളത്തിന്റെ വികസന കാര്യത്തില്‍, സമുദായ സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍, പൊതുപ്രശ്നങ്ങളെ നേരിടേണ്ട കാര്യത്തില്‍ എല്ലാവരും തമ്മില്‍ യോജിപ്പ് ഉണ്ടാകണം. കേരളത്തില്‍ ജീവിച്ച് അനുഭവ സമ്പത്തുള്ള ഡോ. എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായ ശേഷം കേരള നിയമസഭയെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞത് രാഷ്ട്രീയ അതിപ്രസരം കേരളത്തിന്റെ എല്ലാ മേഖലയിലും ഒഴിവാക്കണം എന്നാണ്. രാഷ്ട്രീയം വേണം. വൈവിധ്യം വേണം. പക്ഷേ, പൊതുവായ കാര്യങ്ങളില്‍ യോജിച്ചുനില്‍ക്കുന്ന ഒരു പോസിറ്റീവ് അപ്രോച്ച് ഉണ്ടാകണം.

Q

രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുതന്നെ എല്ലാ വിഭാഗങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന നേതാവായാണ് താങ്കള്‍ എല്ലാക്കാലത്തും അറിയപ്പെട്ടിട്ടുള്ളത്. അതൊരു വസ്തുതയാണുതാനും. കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന വിയോജിപ്പുകളേയും 'സംഘര്‍ഷ'ത്തേയും കുറിച്ച് എന്താണ് പ്രതികരണം?

A

ഗോവ കേരളത്തില്‍നിന്ന് കുറേയധികം ദൂരെയാണ് (പൊട്ടിച്ചിരി). ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍, രണ്ടു കൂട്ടരും തമ്മില്‍ സൗഹാര്‍ദ്ദമുണ്ടാകുന്ന അന്തരീക്ഷം ഉണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

Q

2020 നവംബറില്‍ രാഷ്ട്രപതിഭവനില്‍ നടന്ന ഗവര്‍ണര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗമുണ്ടല്ലോ. അതിലെ ആഹ്വാനമനുസരിച്ച് രാജ്ഭവനില്‍ ഒതുങ്ങിയിരിക്കാതെ ഗവര്‍ണര്‍ സജീവമാകുന്നതാണോ കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ കാണുന്നത്. താങ്കള്‍ ആ ആഹ്വാനം എങ്ങനെയാണ് നടപ്പാക്കുന്നത്?

A

പ്രധാനമന്ത്രി പറഞ്ഞത് ഓര്‍മ്മയുണ്ട്. ജനങ്ങളുടെ ഇടയില്‍ സജീവമാകണം; രാജ്യപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കണം. അതുകൊണ്ടാണ് ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും യാത്ര ചെയ്യാന്‍ എനിക്കു സാധിച്ചപ്പോള്‍ ഗവര്‍ണര്‍ക്കു കിട്ടുന്ന പേഴ്സണല്‍ ഫണ്ട് അവിടുത്തെ 47 ഹിന്ദു ചാരിറ്റബിള്‍ സ്ഥാപനങ്ങളിലും 33 ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും മുസ്ലിം സ്ഥാപനങ്ങളിലും (അവ കുറവാണ്; അഞ്ചെണ്ണമോ മറ്റോ ഉള്ളു) നേരിട്ടു ചെന്നു നല്‍കിയത്. അതോടൊപ്പം തന്നെ മറ്റൊന്നുകൂടി ചെയ്തു. ചരിത്രപ്രാധാന്യമുള്ള, നാനൂറു കൊല്ലം പഴക്കമുള്ള വലിയ ബംഗ്ലാവായ രാജ്ഭവനില്‍ ഗവര്‍ണര്‍ താമസിക്കുമ്പോള്‍ സുരക്ഷാച്ചട്ടങ്ങള്‍ പ്രകാരം പൊതുജനങ്ങളുടെ സന്ദര്‍ശനം അനുവദിക്കില്ല. അതുകൊണ്ട് എന്റെ താമസം പുറത്ത് മറ്റൊരു സ്ഥലത്തേക്കു ഞാന്‍ മാറ്റി. ഗോവ രാജ്ഭവന്‍ ലോക്ഭവനാണ് എന്ന് അവിടെ സന്ദര്‍ശിച്ച ബീഹാര്‍ ഗവര്‍ണര്‍ പറഞ്ഞത് വലിയ വാര്‍ത്തയായത് അങ്ങനെയാണ്. എല്ലാ ഗവര്‍ണര്‍മാരും അങ്ങനെ ചെയ്യുന്നുണ്ടോ എന്നറിയില്ല. മുതിര്‍ന്ന പ്രതിഭകളൊക്കെയാണ് മിക്ക ഗവര്‍ണര്‍മാരും. അവരുടെ മേലേയൊക്കെ ഒരു ചാട്ടവാര്‍കൊണ്ട് അത് അടിച്ചേല്പിക്കാന്‍ സാധിച്ചെന്നു വരില്ല. ഹു ഈസ് സുപ്രീം? പീപ്പിള്‍ ആര്‍ സുപ്രീം. നോട്ട് ഗവര്‍ണര്‍ ഈസ് സുപ്രീം, നോട്ട് സുപ്രീംകോര്‍ട്ട് ഈസ് സുപ്രീം, നോട്ട് പാര്‍ലമെന്റ് ഈസ് സുപ്രീം; പീപ്പിള്‍ ആര്‍ സുപ്രീം. അവരെ സേവിക്കാനുള്ള ബാധ്യതയാണ് ഗവര്‍ണര്‍ക്കായാലും മുഖ്യമന്ത്രിക്കായാലും ബ്യൂറോക്രാറ്റുകള്‍ക്കായാലും ന്യായാധിപന്‍മാര്‍ക്കായാലും മാധ്യമങ്ങള്‍ക്കായാലും ബാര്‍ അസോസിയേഷനായാലും എല്ലാം ഉള്ളത്. അതുകൊണ്ട് അവരവരുടെ ഡ്യൂട്ടി എല്ലാവരും ചെയ്യണം.

Q

രാഷ്ട്രീയമായി വിയോജിക്കുന്നവരോടും നീതികാണിക്കേണ്ടവരാണ് ഭരണാധികാരികള്‍. പക്ഷേ, മൂന്നാമതൊരിക്കല്‍ക്കൂടി മോദി സര്‍ക്കാര്‍ വരും എന്ന പ്രതീതി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നതൊരു വസ്തുതയല്ലേ? മതന്യൂനപക്ഷങ്ങളുടെ ഈ ആശങ്ക മുതലെടുക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളും സജീവമാണ്. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

പിണറായി വിജയനും ഒ.രാജഗോപാലിനും ഒപ്പം
പിണറായി വിജയനും ഒ.രാജഗോപാലിനും ഒപ്പം
A

ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഏതു കാലഘട്ടത്തിലും ഒരു ജനാധിപത്യ രാജ്യത്ത് ഭരിക്കുന്നവരും മറുഭാഗത്തുള്ളവരും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം തെളിയിക്കാന്‍ ശ്രമിക്കും. ഭൂരിപക്ഷം കിട്ടിയവര്‍ ഭരിക്കും. ജനവിധിയില്‍ പ്രതിപക്ഷത്തായിപ്പോയവര്‍ അഞ്ചു വര്‍ഷം മാതൃകാ പ്രവര്‍ത്തനം നടത്തി അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ ശ്രമിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇവിടെ അങ്ങനെയല്ല; പ്രശ്നാധിഷ്ഠിതമല്ല. പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല. അത് വ്യക്തിനിഷ്ഠമാണ്. അതല്ലാതെ നരേന്ദ്ര മോദി ഏതെങ്കിലും മതവിഭാഗത്തിനെതിരെ, അവരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിച്ച ഒരു സംഭവവും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകില്ല. എന്നിട്ടും ആശങ്ക പടര്‍ത്തുന്നു; അത് ജനാധിപത്യത്തിന്റെ വികലമായ ഭാവത്തെയാണ് വളര്‍ത്തുന്നത്. വോട്ട് ചെയ്യുന്നവരോടും ചെയ്യാത്തവരോടും ഒരുപോലെ താല്പര്യം കാണിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദി.

Q

പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യ യജമാനന്‍ ആകുന്നത് മതേതരത്വത്തില്‍ വിശ്വസിക്കുന്ന ആളുകളെ വിഷമിപ്പിക്കില്ലേ. അത് അറിയാത്തതല്ലല്ലോ അദ്ദേഹത്തിന്?

A

ഒരാളും അതില്‍ വിഷമം പ്രകടിപ്പിച്ചിട്ടില്ല. ന്യൂനപക്ഷ സമുദായം അതിനോട് പ്രതികരിച്ച രീതി നോക്കിയാല്‍ അറിയാം. സുപ്രീംകോടതിയുടെ അന്തിമവിധി പ്രഖ്യാപിക്കുകയും ആ വിധിയനുസരിച്ച് നടപ്പാക്കുകയുമാണ്. പലര്‍ക്കും അറിയാതെ പോകുന്ന ഒരു വസ്തുതയുണ്ട്; ആ കേസ് നടക്കുമ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഹിന്ദു സന്ന്യാസിമാരുടെ യോഗം പോലും അഭ്യര്‍ത്ഥിച്ചു. എന്നാല്‍, നിയമപരമായി പരിഹാരം കാണണം അല്ലെങ്കില്‍ ഒത്തുതീര്‍പ്പിലൂടെ പരിഹാരം കാണണം എന്നായിരുന്നു നരേന്ദ്ര മോദിയുടെ നിലപാട്. ഈ രണ്ടു തലവും വന്നു. കോടതി വിധിച്ചു; ആ വിധിക്കനുസരിച്ച് എല്ലാവരേയും വിളിച്ചുവരുത്തി സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടായി. നമുക്കറിയാം, ഒരു ശുദ്ധ സന്ന്യാസിയുടെ ജീവിതം നയിക്കുന്ന ആളാണ് നരേന്ദ്ര മോദി. അദ്ദേഹത്തെ സന്ന്യാസിമാര്‍ പ്രാണപ്രതിഷ്ഠയ്ക്കുവേണ്ടി നിയോഗിച്ചു. എല്ലാവരേയും ക്ഷണിച്ചു. പ്രതിപക്ഷത്തെ ഉള്‍പ്പെടെ പല രാഷ്ട്രീയകക്ഷികളും അവരുടെ തീരുമാനത്തില്‍നിന്നു വ്യതിചലിച്ച് അവിടെ എത്തി. ആസേതുഹിമാചലം എല്ലാവരും ഒന്നിച്ച ഒരു പ്രാണപ്രതിഷ്ഠയാണ് നടന്നത്. നമ്മുടെ ഭരണഘടനയില്‍ മൗലികാവകാശങ്ങളെക്കുറിച്ചു പറയുന്നിടത്തെ ഇല്ലസ്ട്രേഷന്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനും ധര്‍മ്മപത്‌നിയും കൂടി പോകുന്നതാണ് എന്ന വസ്തുത ഓര്‍ക്കുക കൂടി ചെയ്യണം ഈ അവസരത്തില്‍. ഇങ്ങനയൊരു രാജ്യത്ത് ഭരണഘടനയില്‍ ഇത് എഴുതിവച്ചത് മതത്തിന്റെ അടിസ്ഥാനത്തിലാണോ? അങ്ങനെയാണെങ്കില്‍ എല്ലാ മതങ്ങളുടേയും ഇല്ലസ്ട്രേഷന്‍ വരണ്ടേ? ഡയറക്റ്റീവ് പ്രിന്‍സിപ്പിള്‍സ് പറയുന്നിടത്തെ ഇല്ലസ്ട്രേഷന്‍ ഗീതോപദേശം കൊടുക്കുന്നതല്ലേ. ഇത് പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. അതിനെക്കുറിച്ച് ഈ നിലയില്‍ പറയുന്നവര്‍ ഭരണഘടനയെ തുടക്കത്തില്‍ തള്ളിപ്പറഞ്ഞ, സ്വാതന്ത്ര്യദിനത്തോടും റിപ്പബ്ലിക് ദിനത്തോടും രണ്ടുകൊല്ലം നിസ്സഹകരിച്ച പശ്ചാത്തലമുള്ളവരാണ്. അന്‍പതുകളിലെ ആദ്യത്തെ പ്രതിപക്ഷത്തിന് ഇപ്പോള്‍ എത്ര സീറ്റുണ്ട്? ജനങ്ങള്‍ ഇതല്ലാം മനസ്സിലാക്കണം. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവുമെല്ലാം ഉള്‍ക്കൊള്ളുന്നതിനെ അങ്ങനെ മനസ്സിലാക്കണം.

Q

പക്ഷേ, ഭഗവാന്‍ ശ്രീരാമചന്ദ്രനെ ഇന്ത്യയുടെ പുരാതന സംസ്‌കാരമോ ആധുനിക കാലത്ത് ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയുള്ള ഭരണാധികാരികളും നേതാക്കളോ കണ്ടതുപോലെയാണോ സംഘപരിവാര്‍ കാണുന്നത്; അവര്‍ക്ക് അതൊരു രാഷ്ട്രീയ ഉപകരണം മാത്രമല്ലേ. അതല്ലേ വിമര്‍ശനം?

A

ഞാന്‍ അങ്ങനെ കരുതുന്നില്ല.

Q

കേരളത്തിലെ രാഷ്ട്രീയം മാറുന്ന രീതികള്‍ പറഞ്ഞല്ലോ. ഒന്നാം കേരളനിയമസഭയിലേക്കു നടന്ന തെരഞ്ഞൈടുപ്പില്‍ മുസ്ലിം ലീഗിനെ അടുപ്പിക്കരുത് എന്നായിരുന്നല്ലോ എ.ഐ.സി.സി തീരുമാനവും കെ.പി.സി.സിക്കുള്ള നിര്‍ദ്ദേശവും. പക്ഷേ, ലീഗ് ഇന്ന് യു.ഡി.എഫിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയായി എന്നു വിമര്‍ശിക്കുന്ന തരത്തിലേക്ക് ആ പാര്‍ട്ടിയുടെ സ്റ്റാറ്റസ് മാറി എന്ന ആക്ഷേപം ബി.ജെ.പിയാണ് ഉന്നയിക്കാറ്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗ് കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കേരളം കണ്ടു. എന്താണ് അഭിപ്രായം?

A

എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. പക്ഷേ, ഗവര്‍ണര്‍ എന്ന നിലയില്‍ പറയാന്‍ പാടില്ല.

Q

കേരളത്തിലെ മുന്നണി രാഷ്ട്രീയം കടന്നുപോകുന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് എന്നു കരുതുന്നുണ്ടോ?

A

രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ അഭിപ്രായത്തില്‍, രാഷ്ട്രീയാടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞുവരികയാണ്. ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പില്‍ ഇരട്ടക്കാളകള്‍, അരിവാള്‍ നെല്‍ക്കതിര്‍, ദീപം എന്നിങ്ങനെ നാമമാത്രമായ ചിഹ്നങ്ങളാണ് ഉണ്ടായിരുന്നത്. ആ പെട്ടി നോക്കി വോട്ട് ഇട്ടിരുന്ന ജനതയാണ്. രാഷ്ട്രീയമായിരുന്നു മാനദണ്ഡം. അതു മാറി മാറി വന്നിട്ട് ശക്തമായ കേഡര്‍ പാര്‍ട്ടികളായവര്‍ക്കുപോലും നൂറു ശതമാനവും ഇതു തങ്ങളുടെ നിയോജകമണ്ഡലമാണ് എന്ന് ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതിയാണ്. അങ്ങനെ ജയിക്കാന്‍ കഴിയുന്ന ഒരു നിയോജകമണ്ഡലവും ഇല്ലാത്ത സ്ഥിതിയിലേക്ക് ഇന്ന് കേരളം എത്തിനില്‍ക്കുന്നു. ഇത് പഠിക്കേണ്ട വിഷയമാണ്. 2004-ല്‍ മുസ്ലിം ലീഗ് മഞ്ചേരിയില്‍ തോറ്റില്ലേ? ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നു പറഞ്ഞിരുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാവരും തോറ്റില്ലേ? എവിടെപ്പോയി അവരുടെ സുരക്ഷിത മണ്ഡലം? ഇതുതന്നെ മറുഭാഗത്തുള്ള, ഇപ്പോള്‍ കേരളം ഭരിക്കുന്ന കക്ഷിയെ എടുത്ത് നോക്കിക്കൊള്ളൂ. പ്രധാന പ്രതിപക്ഷത്തെ നോക്കിക്കൊള്ളൂ. ഇന്ന് ജനങ്ങള്‍ വിലയിരുത്തുന്നത്; പൊതുസമൂഹത്തിന്റെ വിലയിരുത്തലിനു കൂടുതല്‍ പ്രാധാന്യം കിട്ടുന്ന സമൂഹമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കേരളം പരിശോധിക്കുമ്പോള്‍, ഏറ്റവും വലിയ ആക്ഷേപം, സ്വര്‍ണ്ണക്കള്ളക്കടത്തുമൊക്കെയായി ബന്ധപ്പെട്ട സമരങ്ങളുടെ പോര്‍ക്കളമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പ്രധാന പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമെല്ലാം ഒരു ഭാഗത്ത്. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും മീഡിയകളുമെല്ലാം അതില്‍ പങ്കുവഹിച്ചിട്ടും ജനങ്ങള്‍ മാന്‍ഡേറ്റ് കൊടുക്കേണ്ടിവന്നപ്പോള്‍ കൂടുതല്‍ അംഗീകാരം കേരളത്തിലെ മുഖ്യമന്ത്രിക്കു കൊടുത്തില്ലേ? കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. ഇങ്ങനെ ചില കാര്യങ്ങള്‍ വരുമ്പോള്‍, ഇതെല്ലാം ഇന്‍ഡിക്കേഷന്‍സ് ആണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രചാരണങ്ങളേക്കാള്‍ അപ്പുറം വസ്തുതകളെ വിലയിരുത്തുകയാണ്. ആ വിലയിരുത്തുന്നതില്‍ കൂടുതല്‍ കേന്ദ്രീകരിച്ച്, വസ്തുതകളെ വസ്തുതകളായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണം.

കേന്ദ്രത്തിന്റെ ഓരോ പദ്ധതികളും കേരളത്തിലെത്തുമ്പോള്‍ അതിനെക്കുറിച്ച് വേണ്ടത്ര ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചോ? ഞാന്‍ അതിന്റെ തര്‍ക്കവിതര്‍ക്കങ്ങളിലേക്കു കടക്കുന്നില്ല. അവബോധമുള്ളവരാണ് ജനങ്ങള്‍. ഉദാഹരണത്തിന് മണിപ്പൂര്‍ സംഭവം.

Q

മണിപ്പൂരില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നാണ് പറയുന്നത്?

A

മണിപ്പൂരിലെ സംഭവത്തില്‍ പൊളിറ്റിക്കലായിട്ട് തെറ്റുണ്ടാകാം. അതില്‍ ഇടപെട്ടില്ല എന്നൊക്കെയുള്ള രാഷ്ട്രീയ വിമര്‍ശനം നമുക്കു മനസ്സിലാക്കാം. പക്ഷേ, അതൊരു വര്‍ഗ്ഗീയ കലാപമായി ചിത്രീകരിച്ചത് കേരളം മാത്രമല്ലേയുള്ളു? ഞാന്‍ അതിനെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചു. കത്തോലിക്കാ സഭയുടെ മുംബൈയിലെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍മാരുടെ കൂട്ടത്തില്‍ സീനിയറാണ് എന്നു മാത്രമല്ല, മാര്‍പാപ്പയുടെ ഉപദേശകരായ എട്ടു പേരില്‍ ഒരാളാണ്. ഞാനുമായി നല്ല അടുപ്പമുണ്ട്. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, തിരുമേനീ ഇങ്ങനെയല്ലേ കാര്യം? അദ്ദേഹം അന്വേഷിച്ചു. മണിപ്പൂരിലെ അവരുടെ ബിഷപ്പിനോട് അന്വേഷിച്ചു. അവിടെ നടന്നത് വംശീയകലാപമാണ്. ഞാന്‍ അത് ഫേസ്ബുക്കില്‍ എഴുതി. അതിന് ഉപോല്‍ബലകമായി ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. ഹൈക്കോടതി വിധിയിലൂടെ ഇപ്പോള്‍ തെറ്റ് തിരുത്തിയില്ലേ. അവിടെ 14 ശതമാനമാണ് കുക്കികള്‍. ഇവരുടെ കൈയിലാണ് 80 ശതമാനം ഭൂമിയും. പ്രഖ്യാപിത പട്ടികവര്‍ഗ്ഗ സംസ്ഥാനമായതുകൊണ്ട് വേറെ ആര്‍ക്കും ഭൂമി വാങ്ങാന്‍ പറ്റില്ല. അത് അവിടുത്തെ പ്രശ്നമാണ്. ആ പ്രശ്നത്തിന് മതപരമായ തലം കൊടുക്കാന്‍ സാധിക്കില്ല. ഒറ്റ ഉദാഹരണം പറയാം. കുക്കികളില്‍ 96 ശതമാനവും ക്രിസ്ത്യാനികളാണ്. 100 ശതമാനം ക്രിസ്തുമത വിശ്വാസികളായ നാഗന്മാര്‍ അവിടെ 24 ശതമാനമുണ്ട്. 52 ശതമാനം ഹിന്ദുക്കളായ മെയ്തികള്‍, ആറു ശതമാനം മുസ്ലിങ്ങളായ മെയ്തികള്‍, ഒരു ശതമാനം ക്രിസ്ത്യാനികളായ മെയ്തികള്‍. ഇതാണ് അവിടുത്തെ ഇക്വേഷന്‍. അത് നില്‍ക്കുമ്പോള്‍, അവിടെ എക്കാലത്തും കലാപമുള്ളത് നാഗാസും കുക്കികളും തമ്മിലാണ്; 24ഉം 14ഉം തമ്മിലാണ്. 1027 കുക്കികള്‍ 18 കൊല്ലത്തിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജാപ്പി കൂട്ടക്കൊല എന്ന് അറിയപ്പെടുന്ന സംഭവത്തിന്റെ ഓര്‍മ്മയ്ക്ക് അവിടെ എല്ലാക്കൊല്ലവും സെപ്റ്റംബറില്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് നടക്കാറുണ്ട്. ഈ പ്രശ്നം പരിഹരിച്ചത് ആരാണ്? നരേന്ദ്ര മോദി വന്ന ശേഷം നാഗന്മാരായ സായുധകലാപം നടത്തുന്ന ആളുകളെ വിളിച്ച് ആയുധം വച്ച് കീഴടങ്ങാന്‍ സാഹചര്യം ഉണ്ടാക്കി. ശരിയാണ്, കുക്കികളുടെ ക്രിസ്ത്യന്‍ ദേവാലയങ്ങളെല്ലാം തകര്‍ത്തു എന്നത് സത്യമാണ്. ബൈ ഹും? ഹിന്ദു തീവ്രവാദി സംഘടനകളോ മറ്റോ ആണോ? വര്‍ഗ്ഗീയ കലാപമായിരുന്നെങ്കില്‍ നാഗാ ക്രിസ്ത്യാനികളുടെ ഒരൊറ്റ പള്ളിയെങ്കിലും തകര്‍ത്തോ? പക്ഷേ, കേരളത്തിലെ അരങ്ങ്തകര്‍ത്ത പ്രചരണം എന്തായിരുന്നു? ഈ പള്ളികള്‍ പൊളിച്ചതെല്ലാം കാണിച്ചിട്ട് അവസാനത്തെ ക്രിസ്ത്യന്‍ വീട്ടില്‍ വരെ പ്രചരിപ്പിച്ചത് ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലയ്ക്കാണ്. ജനങ്ങളെ പഠിപ്പിക്കുകയല്ല ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. നികൃഷ്ടമായ വിദ്വേഷത്തിന്റെ വിളവെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നുള്ളതാണ് മലയാളിയായ എന്റെ ദുഖം.

Q

അപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് എഴുതിയത് തെറ്റായിരുന്നോ?

A

ദേശീയ മാധ്യമങ്ങള്‍ എന്നു പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പറഞ്ഞത്. അവരെ പഴിക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ, പത്രങ്ങളെ ആശ്രയിച്ചാണോ ഇന്ത്യയിലെ രാഷ്ട്രീയം പോകുന്നത്? ഹൈക്കോടതി ഇപ്പോള്‍ പിന്‍വലിച്ചതെന്താണ്. 14 ശതമാനം ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഭൂ അവകാശം പിന്‍വലിച്ചില്ലേ. അവരെ ആദിവാസി പട്ടികയില്‍പ്പെടുത്തിയാല്‍പ്പിന്നെ ഭൂമി അവരുടേതായി. കുക്കി സമുദായം ഇസ്രയേലിന്റെ സൈന്യത്തില്‍ റിസര്‍വേഷനുള്ളവരാണ്. അറിയാമോ? ഇതൊന്നും കേരളത്തില്‍ ആരും പഠിക്കുന്നില്ല. മാധ്യമങ്ങളെ ആശ്രയിച്ച് ഒരു രാജ്യത്തിനു മുന്നോട്ടുപോകാന്‍ സാധിക്കില്ല. സാധിക്കണമെങ്കില്‍ നെഹ്റുജി പറഞ്ഞതുപോലെ, പൊളിറ്റീഷ്യന്‍ ആന്റ് മീഡിയ ഷുഡ് ടീച്ച് ദ പീപ്പിള്‍. അതുണ്ടാകുന്നില്ല. എന്റെ വാദം ബലപ്പെടുത്തുന്ന ഒരു കാര്യം കൂടി പറയാം. മെയ്തി വിഭാഗത്തെ സംവരണത്തില്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തോട് ശുപാര്‍ശ ചെയ്തത് എപ്പോഴാണ്? 2013-ല്‍. അത് പെന്‍ഡിംഗിലായിരുന്നു. ഇത്രകാലമായിട്ടും നടപ്പാക്കാത്തത് എന്താണെന്നു ചോദിച്ച് ഒരു ജഡ്ജി എടുത്തുവച്ച് നടപ്പാക്കി. അതിനെത്തുടര്‍ന്നല്ലേ കലാപമുണ്ടായത്. എത്രയോ തവണ കേന്ദ്ര ആഭ്യന്തരമന്ത്രി പോയി. പരമാവധി ശ്രമിച്ചു. ഇതിനു മുന്‍പ് കലാപം നടന്നപ്പോള്‍, 1027 പേര്‍ പലപ്പോഴായി കൊല്ലപ്പെട്ടപ്പോള്‍ അവിടം സന്ദര്‍ശിച്ച ഏതെങ്കിലും പ്രധാനമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ പേര് പറയാമോ? ഇല്ല. ഈ അളവുകോല്‍ എങ്ങനെയാണ്? അതിലൊക്കെ നീതി കാണിക്കണം. കേരളത്തിലെ ആളുകള്‍ക്ക് ഒരു സത്യസന്ധത വേണ്ടേ? രാജ്യത്തിന്റെ താല്പര്യം വരുമ്പോള്‍ കുറഞ്ഞപക്ഷം ഒന്നു പഠിക്കാന്‍ പോലും തയ്യാറാകാത്ത ആളുകളാണ് ഇപ്പോഴത്തെ പ്രചരണരംഗങ്ങളിലെല്ലാമുള്ളത്.

Q

പക്ഷേ, ഇവിടെ ഈസ്റ്റര്‍ ആശംസകളുമായി ക്രൈസ്തവ സമുദായത്തിലേക്ക് ബി.ജെ.പി ഇറങ്ങിയ പിന്നാലെ മണിപ്പൂരില്‍നിന്നുവന്ന വിവരങ്ങളില്‍ ബി.ജെ.പി പതറിപ്പോയല്ലോ. ഈ പറഞ്ഞതൊന്നും പ്രകാശ് ജാവഡേക്കര്‍ അടക്കമുള്ള നേതാക്കള്‍ക്കു വിശദീകരിക്കാന്‍ കഴിഞ്ഞില്ല?

A

ഞാന്‍ അതിലേക്കു പോകുന്നില്ല.

Q

കേരളത്തിലെ ഒരു വിഭാഗം സമുദായ നേതാക്കളുടെ ഭാഗത്തുനിന്ന് 'തൊട്ടുകൂടായ്മ' മാറിയത് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമായി മാറുമോ?

A

എന്റെ അഭിപ്രായം ഞാന്‍ റിസര്‍വ്വ് ചെയ്യുകയാണ്. ഗവര്‍ണര്‍ സ്ഥാനത്തിരുന്നുകൊണ്ട് അത് പറയാന്‍ പറ്റില്ല; അതുകൊണ്ട് പറയുന്നില്ല.

Q

പക്ഷേ, ബി.ജെ.പിയോട് സമുദായ സംഘടനകളുടെ അസ്പൃശ്യത വലിയൊരു പരിധിവരെ മാറി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്, അല്ലേ?

A

എന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ പാകിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പറഞ്ഞത്, അണ്‍ടച്ചബിലിറ്റി ഈസ് എ ക്രൈം ദാറ്റ് റ്റൂ ഇന്‍ പൊളിറ്റിക്സ് എന്നാണ്. 1967-ല്‍ ഭാരതീയ ജനസംഘത്തിന്റെ പതിന്നാലാം സമ്മേളനത്തില്‍ പറഞ്ഞതാണ്. അസ്പൃശ്യത തെറ്റാണ്. രാഷ്ട്രീയമായി എതിര്‍ക്കാം. ഞങ്ങള്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ തൊടില്ല എന്ന് പറയുന്നത് തെറ്റാണ്, ജനാധിപത്യ വിരുദ്ധമാണ്. 1977-ലെ തെരഞ്ഞെടുപ്പില്‍ കെ.ജി. മാരാര്‍ ഉദുമയിലും സുകുമാരന്‍ നായര്‍ വടക്കേക്കരയിലും നമ്പ്യാര്‍ ഒറ്റപ്പാലത്തും മത്സരിച്ചല്ലോ. ഇവര്‍ മൂന്നു പേരും ഉറച്ച ആര്‍.എസ്.എസ്സുകാരായിരുന്നു. മാരാര്‍ജി ആര്‍.എസ്.എസ്സിന്റെ പ്രചാരകനായിരുന്നു. അവരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതല വഹിച്ച് അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചത് സി.പി.എം അല്ലേ. 1980-ല്‍ ഒ. രാജഗോപാല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചത് യു.ഡി.എഫ് പിന്തുണയോടുകൂടിയല്ലേ. അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ളയായിരുന്നു. അപ്പോള്‍, ഇതിലെന്താണ് അര്‍ത്ഥമുള്ളത്? നരേന്ദ്ര മോദിക്ക് അസ്പൃശ്യത കല്പിച്ചിട്ട് ആരാണ് അതില്‍ മണ്ടരായത്. എതിര്‍ക്കാം, ജനങ്ങളെ ബോധവല്‍ക്കരിക്കാം. അധികാരത്തിലുള്ളവരെ താഴെയിറക്കാം. മറിച്ചുള്ള കുപ്രചരണങ്ങള്‍ ശരിയല്ല.

Q

മുതിര്‍ന്ന നിയമജ്ഞനും കൂടിയായ താങ്കള്‍ കേരളത്തില്‍ സജീവ രാഷ്ട്രീയത്തിലുള്ളപ്പോഴാണല്ലോ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവം. ഇപ്പോള്‍ ആ വിഷയം വീണ്ടും തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സജീവമാകുന്നതിനെ എങ്ങനെ കാണുന്നു?

A

അതിലെ വലിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ അന്വേഷിക്കില്ല എന്ന് ശാഠ്യം പിടിച്ചത് ആരാണ്? കോട്ടയംകാരനായ അന്നത്തെ ആഭ്യന്തര മന്ത്രിയല്ലേ. മറ്റൊന്ന്, ഇത് മാര്‍ക്സിസ്റ്റ്-ബി.ജെ.പി സംഘര്‍ഷമല്ലാത്തതുകൊണ്ട് അതിലെ ഒരു പ്രധാന പ്രതി എന്നെ കേസ് ഫയല്‍ ഏല്പിച്ചതാണ്. ജയിലില്‍ കിടക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ മനോവീര്യം പോകും എന്ന് എന്റെ പാര്‍ട്ടിയുടെ അന്നത്തെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അത് എടുക്കരുത് എന്ന് പറഞ്ഞതുകൊണ്ട് ഞാനത് ഒഴിവാക്കിയതാണ്. കൈകള്‍ ശുദ്ധമായവര്‍ ആരൊക്കെയുണ്ടെന്ന് ബോധപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

Q

ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

A

ആരും എന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. ഞാനതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുമില്ല. എന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരു സ്ഥാനം വേണമെന്നു പറഞ്ഞ് ആവശ്യം ഉന്നയിച്ചിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം കിട്ടി; ഞാന്‍ ആരോടും ചോദിച്ചതല്ല. എനിക്ക് എല്ലാം അന്നത്തെ എന്റെ പ്രസ്ഥാനം തന്നിട്ടുണ്ട്. ചോദിച്ചിട്ടല്ല. ഇപ്പോള്‍, തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന് വാര്‍ത്തകള്‍ വരുന്നു. ആ വാര്‍ത്തകള്‍ ഞാനും കണ്ടതല്ലാതെ എന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ അതിനേപ്പറ്റി ഒരു ഉത്തരം പറയാനും കഴിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
‘‘പൊരുതി ജീവിക്കുന്നത് എനിക്കു വേണ്ടി മാത്രമല്ല‘‘

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com