‘‘പൊരുതി ജീവിക്കുന്നത് എനിക്കു വേണ്ടി മാത്രമല്ല‘‘

ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സുരക്ഷിത ജീവിതത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന ശ്യാമ എസ്. പ്രഭയുടെ ജീവിതം
ശ്യാമ എസ് പ്രഭ
ശ്യാമ എസ് പ്രഭ

രിത്രം നിര്‍മ്മിച്ച്, ഒപ്പം സഞ്ചരിച്ച എത്രയെത്ര ആളുകളെക്കുറിച്ച് കേരളം പറഞ്ഞും കേട്ടും എഴുതിയും അറിയുകയും അറിയിക്കുകയും ചെയ്തിട്ടുണ്ടോ അവരുടെ നിരയിലെ പേരായി മാറുകയാണ് ശ്യാമ എസ്. പ്രഭയും. ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സുരക്ഷിത ജീവിതത്തിനും അവകാശങ്ങള്‍ക്കും വേണ്ടി കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന സമാനകളില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിക്കുന്നവരില്‍ ഒരാള്‍. ട്രാന്‍സ്ജെന്‍ഡേഴ്സിനു മാത്രമല്ല, ആണിനും പെണ്ണിനും മാതൃകയും പ്രചോദനവുമായി മാറുകയാണ് ശ്യാമയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാമൂഹിക കാഴ്ചപ്പാടുമുള്ള മികച്ച പ്രഭാഷക, സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം, ഡെമോക്രാറ്റിക് ട്രാന്‍സ്ജെന്‍ഡര്‍ ഫെഡറേഷന്‍ കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ക്വീറിഥം എന്ന എല്‍ജിബിടിക്യു സംഘടനയുടെ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐയുടെ തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗം. ഇത്തവണ ജെ.ആര്‍.എഫ് (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) നേടി. ഗവേഷണവും പ്രതിബദ്ധതകള്‍ പ്രതിഫലിപ്പിക്കുന്നതാകണം എന്നാണ് തീരുമാനം. ''മലയാള സാഹിത്യത്തിലാണ് ഗവേഷണമെങ്കിലും അത് ജെന്‍ഡറുമായി ബന്ധപ്പെടുത്തി ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്. ഇനിവരുന്ന തലമുറകളിലെ ട്രാന്‍സ്, ക്വിയര്‍ വ്യക്തികള്‍ക്കു കൂടി പ്രയോജനപ്പെടുന്ന സാമൂഹിക പ്രസക്തമായ പഠനമായിരിക്കണം എന്നു വിചാരിക്കുന്നു'' - ശ്യാമ പറയുന്നു. സംസ്ഥാനത്ത് ആദ്യം ഡി.വൈ.എഫ്.ഐ രൂപീകരിച്ച ട്രാന്‍സ്ജെന്‍ഡര്‍ യൂണിറ്റ് ശ്യാമ സെക്രട്ടറിയായ തിരുവനന്തപുരം പി.എം.ജി യൂണിറ്റ് ആയിരുന്നു. അതിനുശേഷം നടന്ന സമ്മേളനങ്ങളിലാണ് മേഖലാ കമ്മിറ്റിയിലും ബ്ലോക്ക് കമ്മിറ്റിയിലും പിന്നീട് ജില്ലാക്കമ്മിറ്റിയിലും അംഗമായത്. കഴിഞ്ഞ രണ്ടു സംസ്ഥാന സമ്മേളനങ്ങളില്‍ പ്രതിനിധിയായിരുന്നു.

മനോഭാവം മാറുന്നു

തിരുവനന്തപുരം കരമനയിലെ വീട്ടില്‍ പോയി അമ്മ പ്രഭയുമായും സഹോദരന്‍ പ്രദീപുമായും സന്തോഷമായിരിക്കാന്‍ കഴിയുന്നു എന്നതും ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പങ്കാളി മനു കാര്‍ത്തിക്കുമൊത്ത് ശ്രീകാര്യത്തെ വീട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നതും ശ്യാമ ആഹ്ലാദത്തോടെ പറയുന്നു. മാറ്റമാണ് ഇതിലെല്ലാം പ്രതിഫലിക്കുന്നത് എന്നതുതന്നെ കാരണം. തൃശൂര്‍ സ്വദേശിയായ ട്രാന്‍സ്മാന്‍ ആണ് മനു. വിവാഹം കഴിഞ്ഞിട്ട് ഈ ഫെബ്രുവരി 14-ന് രണ്ടു വര്‍ഷമായി. നേരത്തേ പരിചയമുണ്ടായിരുന്നു. പരസ്പരം പരിമിതികളും പ്രശ്നങ്ങളുമൊക്കെ മനസ്സിലാക്കുന്നവരാകുമ്പോള്‍ കൂടുതല്‍ നന്നായി മുന്നോട്ടുപോകാന്‍ പറ്റും എന്നാണ് ചിന്തിച്ചത്; അതാണ് അനുഭവവും. ''ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും കേരളസമൂഹത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റത്തെ വളരെ പോസിറ്റീവായാണ് കാണുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന കേരളത്തിന്റെ സാമൂഹികാവസ്ഥ അല്ല ഇപ്പോള്‍. ഇടപെടുമ്പോള്‍ പല മേഖലകളിലും ആ മാറ്റം ദൃശ്യമാണ്. ഒരുപാട് ആളുകള്‍ക്ക് അബദ്ധധാരണകളുണ്ടായിരുന്നു. അതിനെയൊക്കെ ഒരു പരിധിവരെ അതിജീവിക്കാന്‍ നിലവിലെ സംവിധാനങ്ങളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ധാരണകള്‍ മാറ്റാന്‍ ഇടയാക്കി. മാധ്യമങ്ങളുടെ ഇടപെടലും പോസിറ്റീവായി കാണുന്നു'', മുന്‍പത്തേതില്‍നിന്നു വ്യത്യസ്തമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് അവര്‍ പറയുന്ന ചില പ്രധാന കാര്യങ്ങളുണ്ട്: ഒന്നാമതായി യുവജനങ്ങള്‍, പ്രത്യേകിച്ചും കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുടെയൊക്കെ ഭാഗത്തുനിന്നും നല്ല സ്വീകാര്യതയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. ''കാര്യങ്ങള്‍ കൂടുതല്‍ ശരിയായി മനസ്സിലാക്കാനുള്ള സാഹചര്യം അവര്‍ക്കു കിട്ടിയതുകൊണ്ടുകൂടിയാണ് ഇത് എന്നാണ് തോന്നുന്നത്. ക്യാമ്പസുകളിലൊക്കെ ഇപ്പോള്‍ ക്വിയര്‍ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രൈഡ് എന്ന പേരില്‍ 2010 മുതല്‍ നടത്തി വരുന്ന, ക്വിയര്‍ മനുഷ്യരുടെ കൂട്ടായ്മ തുടക്കത്തിലൊക്കെ ട്രാന്‍സ് മനുഷ്യരുടേയോ അല്ലെങ്കില്‍ ക്വിയര്‍ മനുഷ്യരുടേയോ മാത്രം കൂട്ടായ്മയായി ഒതുങ്ങിയിരുന്നിടത്ത് ഇന്ന് കേരളത്തിലെ ക്യാമ്പസുകള്‍ അത് ഏറ്റെടുത്തിട്ടുണ്ട്. ഞങ്ങള്‍ നടത്തുന്ന പരിപാടികളില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് യുവജന സംഘടനകളും വ്യക്തികളും പങ്കെടുക്കുന്നു.''

Q

സമൂഹത്തില്‍ സ്വീകാര്യതയുടെ തോത് കൂടിയത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ദൈനംദിന ജീവിതത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത്?

A

ഒരുപാട് ക്വിയര്‍ വ്യക്തികളെ അവരുടെ കുടുംബം അംഗീകരിക്കാന്‍ തയ്യാറാകുന്നു. അതു ചെറിയ കാര്യമല്ല എന്നു മനസ്സിലാകണമെങ്കില്‍ മുന്‍പ് സ്വന്തം കുടുംബത്തില്‍നിന്നു പുറത്താക്കപ്പെട്ടവരുടെ വേദനിക്കുന്ന അനുഭവങ്ങള്‍ അറിയണം. എല്ലാ കുടുംബങ്ങളും മാറിയെന്നോ സമൂഹം മുഴുവനായും മാറിയെന്നോ അല്ല; പക്ഷേ, മെച്ചപ്പെട്ട നിലയിലുള്ള സ്വീകാര്യത ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ടിട്ടുണ്ട്; ജുഡീഷ്യറി കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഇത്തരം മനുഷ്യര്‍ക്കു നിഷേധിക്കപ്പെടുന്നുണ്ട് എന്ന വിലയിരുത്തല്‍ കോടതി പല ഘട്ടങ്ങളിലും നടത്തിയിട്ടുണ്ട്. അതൊക്കെത്തന്നെ വ്യക്തിപരമായ പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ ഓരോ വ്യക്തികളും കോടതിയെ സമീപിച്ചതാണെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ വിധികള്‍ ഈ മനുഷ്യരുടെ ഒന്നാകെയുള്ള സ്വീകാര്യതയിലേക്കു വഴിവച്ചിട്ടുണ്ട്.

സ്വന്തം ട്രാന്‍സ് വ്യക്തിത്വം വെളിപ്പെടുമ്പോള്‍ കുടുംബത്തില്‍ ജീവിക്കാന്‍ കഴിയാതെ ഓടിപ്പോകേണ്ടിവന്ന അവസ്ഥയ്ക്ക് മാറ്റം ക്രമേണയാണ് ഉണ്ടായിരിക്കുന്നത്. വ്യക്തിത്വം വെളിപ്പെടുത്തിയവര്‍ക്കൊക്കെ സ്വന്തം വിട്ടില്‍ ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടായി. ഇപ്പോള്‍ വീട്ടിലും നാട്ടിലും നില്‍ക്കാന്‍ കഴിയുന്ന അവസ്ഥ വന്നിരിക്കുന്നു എന്ന തിരിച്ചറിവിലേക്ക് ഒരുപാടുപേര്‍ എത്തിയിട്ടുണ്ട്. മാത്രമല്ല, പെട്ടെന്ന് ഒരു പുറത്താക്കല്‍ ഉണ്ടായാല്‍പ്പോലും മുന്‍പൊക്കെ സുരക്ഷിതമായി നില്‍ക്കാന്‍ യാതൊരു സംവിധാനങ്ങളുമില്ലായിരുന്നു. ഇന്നിപ്പോള്‍ സര്‍ക്കാര്‍ തന്നെ ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധിയില്‍പ്പെട്ട് വരുന്നവരെ സുരക്ഷിതരായി താമസിപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ട്. കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമൊക്കെ അതില്‍ നല്ല രീതിയില്‍ ഇടപെട്ടു. കുടുംബശ്രീ യൂണിറ്റ് രൂപീകരണം പോലുള്ളതൊക്കെ ചെയ്ത്, ഈ വരുന്ന ആളുകളെ ഈ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നു. വായ്പകള്‍ അനുവദിക്കുന്നു. വിദ്യാഭ്യാസം നേടാന്‍ ആഗ്രഹമുള്ളവരാണെങ്കില്‍ അതിനു നിരവധി പദ്ധതികളുണ്ട്. അതൊക്കെ മുഖ്യധാരയിലേക്കു വരാന്‍ അവരെ സജ്ജരാക്കുന്ന കാര്യങ്ങളാണ്.

2023 തുടക്കത്തില്‍ ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കൂടിയാലോചന നടത്തിയിരുന്നു. 2019-ല്‍ നിലവില്‍ വന്ന ട്രാന്‍സ്ജെന്‍ഡര്‍ നിയമം ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏതൊക്കെ നിലയിലാണ് നടപ്പാക്കിയത് എന്നതിനെപ്പറ്റി സംസ്ഥാനങ്ങളെ മേഖലാടിസ്ഥാനത്തില്‍ തിരിച്ചു നടത്തിയ കൂടിയാലോചന. ചെന്നൈയില്‍ നടന്ന ദക്ഷിണമേഖലാ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ എനിക്കു കഴിഞ്ഞു. രാജ്യത്ത് കേരളം ഈ വിഷയത്തില്‍ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ട് എന്നതിനെപ്പറ്റി വ്യക്തിപരമായി മനസ്സിലാക്കാന്‍ കൂടി ആ യോഗം ഉപകരിച്ചു. തമിഴ്നാട് നമ്മളേക്കാള്‍ മുമ്പേ ഈ വിഷയം ഏറ്റെടുത്തതാണെങ്കിലും ഇപ്പോള്‍ അവിടുത്തേക്കാള്‍ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ നടന്നിട്ടുണ്ട്. മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും ട്രാന്‍സ്ജെന്‍ഡേ്ഴ്സ് ജീവിക്കുന്നതില്‍നിന്നു വ്യത്യസ്തമാണ് ഇവിടുത്തെ ജീവിതാവസ്ഥ. സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഇവിടുണ്ട്. മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മള്‍ എത്രയോ മുന്നോട്ടുപോയിരിക്കുന്നു എന്നു മനസ്സിലാകുന്നത്. പക്ഷേ, അവകാശങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ചും നിയമനങ്ങളിലെ സംവരണം പോലുള്ള കാര്യങ്ങള്‍.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ട്രാന്‍സ്ജെന്‍ഡര്‍ നയം കൊണ്ടുവന്നതെങ്കിലും ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് നടപ്പാക്കിത്തുടങ്ങിയത്. അന്നു മുതല്‍ ഇതുവരെ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തുന്നുണ്ട്. അത് വിവിധ പദ്ധതികള്‍ക്കു വിനിയോഗിക്കാന്‍ കഴിയുന്നു. ഒരാള്‍ക്ക് ഒരു ആവശ്യം വന്നാല്‍ നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് സംസാരിക്കാനും പരിഹാരമുണ്ടാക്കാനും കഴിയുന്ന സാഹചര്യമുണ്ട്.

ശ്യാമ എസ് പ്രഭ
ശ്യാമ എസ് പ്രഭ
Q

ശ്യാമ ട്രാന്‍സ് സ്ത്രീ വ്യക്തിത്വം വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ഇപ്പോള്‍ എങ്ങനെ ഓര്‍ക്കുന്നു?

A

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുള്ള ലിംഗ വിഭാഗമായി അംഗീകരിച്ച സുപ്രീംകോടതിയുടെ 2014-ലെ വിഖ്യാതമായ നല്‍സാ വിധിക്കു ശേഷം, 2015-ലാണ് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം കൊണ്ടുവന്നത്. ആ സാഹചര്യത്തിലാണ് ഞാനും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. എനിക്കും ഇവിടെ ജീവിക്കാം, എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താം എന്ന് എനിക്കു തന്നെ ആത്മവിശ്വാസം വന്നു, അപ്പോള്‍. പക്ഷേ, അതിനുമുന്‍പു തന്നെ കേരളത്തിലെ ഇത്തരം മൂവ്മെന്റുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. അന്ന് നിയമപരമായ അംഗീകാരം കിട്ടിയിരുന്നില്ല. നിയമപരമായ അംഗീകാരം കിട്ടിയ ശേഷമാണ് ആഗ്രഹിക്കുന്ന വസ്ത്രധാരണത്തിലേക്കോ ശാരീരിക മാറ്റത്തിലേക്കോ ഒക്കെ കടന്നത്. അതിന് അനുകൂലമായ മെച്ചപ്പെട്ട ഒരു അവസ്ഥ പിന്നീട് ഇവിടെ ഉണ്ടായി. വ്യക്തിപരമായി പലതരത്തിലുള്ള സ്ട്രഗിള്‍സും അഭിമുഖീകരിച്ചിട്ടുണ്ട്, അതിനു മുന്‍പ്. ഇടപെടുന്ന സാമൂഹിക മേഖലകളിലൊക്കെത്തന്നെ പ്രതിഷേധമോ പ്രശ്നങ്ങളോ ഒക്കെ ഐഡന്റിറ്റിയുടെ പേരില്‍ ഉണ്ടായി. എന്നാല്‍, ഇപ്പോള്‍ ഒരുപാടുപേര്‍ ബഹുമാനിക്കുന്നു; പല പരിപാടികള്‍ക്കും ക്ഷണിക്കുന്നു, അതിന്റെ ഭാഗമാക്കുന്നു. ട്രാന്‍സിന്റെ വിഷയം മാത്രമല്ല, മറ്റു പല വിഷയങ്ങളിലും ഇടപെടാനും അഭിപ്രായങ്ങള്‍ വ്യക്തമാക്കാനും കഴിയുന്നു. അതൊക്കെ കുറച്ചുകൂടി ഉള്‍ക്കൊള്ളല്‍ സാധ്യമാകുന്ന സ്ഥിതിയിലേക്ക് നമ്മുടെ സമൂഹം മാറി എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഞാന്‍ കാണുന്നത്. പക്ഷേ, ഇപ്പോഴും പ്രശ്നങ്ങളുണ്ട്. വളരെ യാഥാസ്ഥിതികമായി ഇപ്പോഴും പ്രശ്നങ്ങളെ കാണുന്ന ആളുകളുണ്ട്. അവരില്‍ ഉദ്യോഗസ്ഥരുണ്ട്, കുടുംബങ്ങളുണ്ട്; അങ്ങനെ ഓരോ ഇടങ്ങളിലുമുണ്ടാകാറുണ്ട്. അത് ഓരോ മനുഷ്യരുടെ ചിന്താഗതിയാണ്. അതൊക്കെ ഒരുപരിധി വരെയേ നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുകയുള്ളു.

നിയമമൊക്കെ വന്നതുകൊണ്ട് ആളുകള്‍ ബോധമുള്ളവരാകുന്നുണ്ട്. ഇങ്ങനെ നിയമങ്ങളുണ്ട്, ഈ മനുഷ്യര്‍ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ല എന്നൊക്കെയുള്ള ബോധം. പിന്നെ, നിരന്തരം ഇതൊക്കെയായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആളുകളുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊക്കെ എന്നെ സംബന്ധിച്ച് വളരെ പോസിറ്റീവായി കാണാന്‍ കഴിയുന്ന കാര്യങ്ങളാണ്.

Q

തെരുവില്‍ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തവരുടെ ദാരുണമായ അനുഭവങ്ങളെ എങ്ങനെ മറികടന്നു?

A

അതേ, ട്രാന്‍സ്ജെന്‍ഡേഴ്സ് തെരുവില്‍ പൊലീസിന്റെ ഉള്‍പ്പെടെ തല്ലുകൊണ്ട കാലം ഉണ്ടായിരുന്നു കേരളത്തില്‍പ്പോലും. കോഴിക്കോട്ട് രണ്ടു പേര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റപ്പോള്‍, തല്ലരുത് എന്ന് അപേക്ഷിച്ച അവരോട് 'നിങ്ങള്‍ ചാകേണ്ടവരാണ്' എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. എന്നിട്ട് വീണ്ടും തല്ലി. ഏറ്റവും ട്രാന്‍സ്ഫോബിക് ആയി പെരുമാറിക്കൊണ്ടിരുന്ന ഒരു പൊലീസ് സംവിധാനത്തില്‍നിന്ന് ഇന്ന് മെച്ചപ്പെട്ട ഒരു പൊലീസ് സംവിധാനത്തിലേക്കു നമുക്കു മാറാന്‍ കഴിഞ്ഞു എന്നു പറയുന്നത് ആ മേഖലയില്‍ നടത്തിയ കാര്യമായ ഇടപെടല്‍കൊണ്ട് തന്നെയാണ്. ബോധ്യം എന്ന പേരില്‍ ഒരു ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടി സംസ്ഥാനത്തു നടക്കുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സുമായി ബന്ധപ്പെട്ടു മാത്രമല്ല, പൊതുവായി ലിംഗനീതിയുമായി ബന്ധപ്പെട്ട പരിപാടിയാണത്. ജെന്‍ഡര്‍ എന്ന് പറയുമ്പോള്‍ ഒരുപാടു പേരുടെ ധാരണ സ്ത്രീശാക്തീകരണം എന്നാണ്. അതില്‍, ജെന്‍ഡര്‍ ഇന്റര്‍സെക്ഷണാലിറ്റി പലപ്പോഴും അഭിമുഖീകരിക്കപ്പെടുന്നില്ല. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളേപ്പറ്റി, ഗാര്‍ഹിക പീഡനത്തെപ്പറ്റി ഒക്കെ നിരന്തരം ബോധവല്‍ക്കരണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ബോധ്യം. അതില്‍ ട്രാന്‍സ്ജെന്‍ഡര്‍ അണ്ടര്‍സ്റ്റാന്റിംഗ് എന്ന പേരില്‍ ഒരു പ്രത്യേക സെഷന്‍ വച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമസംവിധാനങ്ങളെപ്പറ്റി, ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി പ്രത്യേക ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരേയും കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം. തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജ് (പി.ടി.സി), തൃശൂര്‍ പൊലീസ് അക്കാദമി, കോഴിക്കോട് പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ പൊലീസുകാര്‍ക്ക് കാര്യമായ ബോധവല്‍ക്കരണം കൊടുക്കുന്നുണ്ട്. പി.ടി.സിയിലെ ഗസ്റ്റ് അദ്ധ്യാപിക കൂടിയാണ് ഞാന്‍. ഇപ്പോള്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയായ കിരണ്‍ നാരായണനു ചുമതലയുണ്ടായിരുന്നപ്പോള്‍ മേഡം മുന്‍കൈയെടുത്ത് പി.ടി.സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഈ ബോധവല്‍ക്കരണം നടത്തിയിരുന്നു. അങ്ങനെ വളരെ പോസിറ്റീവായി ഈ വിഷയത്തെ കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ അത്തര ഇടങ്ങള്‍ ഞങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാകുന്നുണ്ട്; ഞങ്ങള്‍ക്ക് അവരെ സമീപിക്കാനും കഴിയുന്നുണ്ട്.

പൊലീസുകാരുടെ മനോഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നത് നമുക്കു കാണാന്‍ കഴിയുന്ന അനുഭവമാണ്. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ ഉള്‍പ്പെടെ അത് മനസ്സിലാകും. എന്നാല്‍ മോശമായി ഇടപെടുന്ന ആളുകളുമുണ്ട്. പക്ഷേ, മൊത്തത്തില്‍ ഒരു അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ വിലയിരുത്തിയാല്‍ പൊലീസുകാര്‍, അദ്ധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ നിര്‍മ്മാണപ്രക്രിയയുടെ ഭാഗമായി നില്‍ക്കുന്ന ആളുകളുടെ ഭാഗത്തുനിന്നു വലിയ രീതിയിലുള്ള സ്വീകാര്യതയും നല്ല പ്രതികരണവും കിട്ടുന്നുണ്ട്.

ശ്യാമ എസ് പ്രഭ
ശ്യാമ എസ് പ്രഭ
Q

ഉന്നത വിദ്യാഭ്യാസമാണ് ശ്യാമ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു നല്‍കുന്ന ഏറ്റവും വലിയ പ്രചോദനം. അതിനോടുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ എങ്ങനെയാണ്?

A

എനിക്ക് ഐഡന്റിറ്റി ക്രൈസിസ് വന്ന സമയത്താണ് വീട്ടില്‍ കുറേ പ്രശ്നങ്ങള്‍ ഉണ്ടായത്. ബന്ധുക്കളുടെയൊക്കെ ഭാഗത്തുനിന്നു വലിയ പ്രശ്നമുണ്ടായി. പ്രത്യേകിച്ചും, സമൂഹം എന്തു പറയും എന്നാണ് വീട്ടുകാരുടെ ആശങ്ക. വീട്ടില്‍ മറ്റു പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരുടെ ഭാവി, സഹോദരന്റെ ഭാവി അതൊക്കെ എന്താകും, കുടുംബത്തില്‍ ഒരാളുടെ ട്രാന്‍സ് വ്യക്തിത്വം അവരെ കുഴപ്പത്തിലാക്കുമോ എന്നുള്ള ആശങ്ക. ഇപ്പോഴും ചെറിയ രീതിയിലുള്ള പ്രശ്നങ്ങളുള്ള ആളുകളുണ്ട്. കുടുംബത്തിലും സമൂഹത്തിന്റെ പല മേഖലകളിലും അങ്ങേയറ്റം മോശമായി അധിക്ഷേപിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരിഹസിച്ചിട്ടുണ്ട്. വാക്കുകള്‍ കൊണ്ടുള്ള ആക്രമണം ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. വീടിനടുത്തുള്ള കുട്ടികളുടെ ഭാഗത്തുനിന്നൊക്കത്തന്നെ. ജെന്‍ഡറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു സങ്കല്പമുണ്ടല്ലോ; ആണാണെങ്കില്‍ ഇങ്ങനെ ആയിരിക്കണം, പെണ്ണാണെങ്കില്‍ ഇങ്ങനെ എന്ന്. അതിനപ്പുറത്തേക്കുള്ള മനുഷ്യരൊന്നും സ്വാഭാവിക മനുഷ്യരായി പലപ്പോഴും അംഗീകരിക്കപ്പെട്ടിരുന്നില്ല. കുറേ അടിച്ചാല്‍ ശരിയാകും, ചികിത്സിച്ചാല്‍ ശരിയാകും എന്നൊക്കെ ചിന്തിക്കുന്ന അല്ലെങ്കില്‍ മാനസിക രോഗമാണെന്നു ചിന്തിക്കുന്ന അവസ്ഥയിലാണ് എന്റെ കുട്ടിക്കാലമുണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ശരിക്കും എന്റെ വസ്ത്രം പോലും അഴിച്ചു പരിശോധിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലഘട്ടത്തിന്റെ പ്രശ്നമായിരുന്നു. അദ്ധ്യാപകരുടെ ഭാഗത്തുനിന്നടക്കം പുച്ഛവും പരിഹാസവും കലര്‍ന്ന സംസാരം കേള്‍ക്കേണ്ടിവന്നു. പക്ഷേ, വിദ്യാഭ്യാസം എന്നത് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഏതു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മനുഷ്യരാണെങ്കിലും സമൂഹത്തില്‍ നമ്മുടെ അവകാശങ്ങളെപ്പറ്റി ബോധ്യപ്പെട്ട് ജീവിക്കാനും ഭൂരിപക്ഷത്തോട് നിരന്തരം കലഹിക്കേണ്ടിവരികയുമൊക്കെ ചെയ്യുമ്പോള്‍ അതിനു പ്രയോഗിക്കേണ്ടിവരുന്ന ആയുധവുമൊക്കെ വിദ്യാഭ്യാസമാണ്. അത് മെച്ചപ്പെട്ട നിലയില്‍ നേടിയെടുക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നു. പ്രതിസന്ധികള്‍ നിറഞ്ഞുനിന്ന കാലത്തും വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

ബിരുദവും ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി കോളേജിലാണ് ചെയ്തത്. രണ്ട് പി.ജികളില്‍ ഒന്ന് മലയാളത്തിലും ഒന്ന് വിദ്യാഭ്യാസത്തിലുമാണ്. മാര്‍ തിയോഫിലിസ് ട്രെയിനിംഗ് കോളേജില്‍നിന്ന് ബി.എഡ്, തൈക്കാട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍നിന്ന് എം.എഡ്. മലയാളത്തില്‍ 2014-ല്‍ നെറ്റ് കിട്ടിയിരുന്നു. 2018 മുതല്‍ അഞ്ചു വര്‍ഷം ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിന്റെ ഭാഗമായി ഡയറക്ടറേറ്റില്‍ത്തന്നെ ജോലി ചെയ്തു. ആ അഞ്ചു കൊല്ലം ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ജീവിതത്തിലും പ്രധാനമായിരുന്നു. ഇന്നു കേരളത്തില്‍ കാണുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപദ്ധതികള്‍ മുഴുവന്‍ വന്ന കാലമാണ്. ഈ മാറ്റങ്ങളുടെ കൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു അവസരമായിരുന്നു. ബജറ്റില്‍ ഗവണ്‍മെന്റ് വകയിരുത്തുന്ന തുക എങ്ങനെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ ക്ഷേമത്തിനു വിനിയോഗിക്കാം എന്ന കാര്യത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, നൈപുണ്യശേഷി തുടങ്ങി പല വിഭാഗങ്ങളായി തിരിച്ചിട്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇനി വരുന്നവര്‍ക്കും മെച്ചം കിട്ടണം എന്ന ആഗ്രഹത്തോടെ അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇന്നു കാണുന്ന എല്ലാ ക്ഷേമപദ്ധതികളും എഴുതിത്തയ്യാറാക്കി സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായി നടപ്പിലാക്കുന്നതിന്റെ ഭാഗമാകാന്‍ സാധിച്ചു. പ്രത്യേകിച്ചും ഈ കമ്യൂണിറ്റിയില്‍ നിന്നുള്ള ആളായതുകൊണ്ട് പ്രത്യേക ശ്രദ്ധയോടെ ചെയ്യാന്‍ കഴിഞ്ഞു എന്ന അഭിമാനമുണ്ട്. പിന്നെ, അക്കാദമിക കാര്യങ്ങളില്‍ കുറേ പിന്നിലേക്കു പോകുന്നതായി എനിക്കുതന്നെ തോന്നി. അതുകൊണ്ടാണ് ഒരു ഇടവേള എടുത്തിട്ട് അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാം എന്നു വിചാരിച്ചത്. ഗവേഷണത്തില്‍ മുഴുവനായി ശ്രദ്ധിക്കണം എന്നാണ് വിചാരിക്കുന്നത്. ഡോ. പി.എസ്. ശ്രീകല ടീച്ചറോട് ഗവേഷണത്തില്‍ ഗൈഡ് ചെയ്യാന്‍ പറ്റുമോ എന്നു ചോദിച്ചു. യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം മേധാവിയായ ടീച്ചര്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് പറ്റില്ല എന്നാണ് വിചാരിച്ചത്. പക്ഷേ, ടീച്ചര്‍ക്ക് ഗൈഡ് ചെയ്യാം. നേരത്തേ പരിചയമുള്ള ആള്‍ എന്ന നിലയ്ക്ക് അത് നടന്നാല്‍ ഞാന്‍ കൂടുതല്‍ കംഫെര്‍ട്ടബിള്‍ ആയിരിക്കുകയും ചെയ്യും. ടീച്ചര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കൃത്യമായ ധാരണയുമുണ്ട്; എത്രയോ മുന്‍പു മുതല്‍ത്തന്നെ. അതും എനിക്കു വളരെ പ്രയോജനപ്പെടും.

Q

പഠിക്കാന്‍ കഴിയാതെ പോയ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പഠനത്തിനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്?

A

പഠിക്കാന്‍ കഴിയുന്ന സാമൂഹികാവസ്ഥയിലേക്ക് ഒരുപാട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു പല കാരണങ്ങളാല്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് സാക്ഷരതാമിഷന്‍ അതോറിറ്റി ഡോ. പി.എസ്. ശ്രീകല ഡയറക്ടറായിരുന്നപ്പോള്‍ ഒരു പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു, സമന്വയ തുടര്‍വിദ്യാഭ്യാസ പരിപാടി. അന്ന് വിവിധ ക്ലാസ്സുകളിലായി 918 പേര്‍ പഠിക്കാന്‍ സന്നദ്ധരായി വന്നു. അങ്ങനെ പത്താം ക്ലാസ്സും ഹയര്‍ സെക്കന്‍ഡറിയുമൊക്കെ ജയിച്ചവരുണ്ട്. അവരൊക്കെ വിവിധ കോളേജുകളില്‍ ചേര്‍ന്നുപഠിക്കുന്നുമുണ്ട്. അതില്‍ ഒരു പ്രതിസന്ധിയായി വന്നത് പ്രായമായിരുന്നു. 23 വയസ്സ് ആയിരുന്നു ബിരുദത്തിനു ചേരാനുള്ള പ്രായപരിധി. ആ പ്രായം കഴിഞ്ഞവര്‍ക്ക് കോളേജില്‍ ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ അതിന് അവസരമുണ്ടാകണം എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളുടെ കീഴിലുമുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ രണ്ട് സീറ്റുകള്‍ വീതം ട്രാന്‍സ്ജെന്‍ഡേഴ്സിനു സംവരണം ചെയ്യുകയും അതില്‍ ചേരാനുള്ള കുറഞ്ഞ പ്രായപരിധിയും ഉയര്‍ന്ന പ്രായപരിധിയും എടുത്തുകളയുകയും ചെയ്തു. മാത്രമല്ല, സംവരണം ചെയ്ത എല്ലാ സീറ്റുകളിലും ആളുകള്‍ ആവുകയും പ്രവേശനം കിട്ടാത്തവര്‍ ഉണ്ടായിരിക്കുകയും ചെയ്താല്‍ അധികം സീറ്റുകള്‍ അനുവദിച്ച് അവര്‍ക്ക് പ്രവേശനം കൊടുക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അത്രയും പ്രാധാന്യം ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു കൊടുക്കുന്നുണ്ട്. അങ്ങനെ കോളേജില്‍ ചേര്‍ന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ സൗകര്യവും കൊടുക്കുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം അറുപതിനായിരം രൂപ ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി ചെലവഴിക്കുന്നു. സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കോഴ്സില്‍ പഠിക്കുന്നവര്‍ക്കും ഫീസിളവ് ഉള്‍പ്പെടെയുണ്ട്. അന്ന് ചേര്‍ന്നവര്‍ എല്ലാവരും തന്നെ തുടര്‍ന്നു പഠിച്ചു, പഠിക്കുന്നു. പാര്‍ശ്വവല്‍കൃത വിഭാഗം എന്ന നിലയില്‍ ഈ വിഭാഗത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുപാട് മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. അതിനോടു ചേര്‍ത്ത് പറയേണ്ട ഒരു കാര്യം, ലൈഫ് മിഷന്‍ വഴി ട്രാന്‍സ്ജെന്‍ഡേഴ്സിനു വീടുകള്‍ കിട്ടുന്ന കാര്യമാണ്. തിരുവനന്തപുരം ജില്ലയില്‍ത്തന്നെ അഞ്ചു പേര്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങുന്നതിന് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം പണം അനുവദിച്ചു. സമൂഹത്തിന്റെ മാറിവരുന്ന മനോഭാവം കൂടിയാണ് ഇത്തരം തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത്. പക്ഷേ, അതൊന്നും വാര്‍ത്തയായി കണ്ടില്ല.

Q

സമൂഹത്തിന്റെ മാറ്റം വസ്തുതയാണെങ്കിലും എതിര്‍ പ്രചാരണങ്ങളും വളരെ ശക്തമായി തുടരുകയാണല്ലോ. അതിനെതിരായ ക്യാംപെയ്നുകളുടെ സ്വഭാവം എന്താണ്?

A

ഏറ്റവും കൂടുതല്‍ പ്രതിസന്ധി സമൂഹത്തില്‍ ഇറങ്ങി ഇടപഴകുന്നവര്‍ക്ക് ഉണ്ടാകുന്നുണ്ട്. ഐഡന്റിറ്റിയില്‍ വലിയ ഒരു ഏറ്റുമുട്ടല്‍ അനുഭവിക്കുന്ന ഒരു പ്രായമുണ്ട്. ആ കാലത്ത് നിരന്തരം കളിയാക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോള്‍ ആ വ്യക്തി അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് എവിടെയും പരാമര്‍ശിക്കുന്നില്ല. എന്നെ ഒമ്പത് എന്നോ ചാന്തുപൊട്ട് എന്നോ ആണും പെണ്ണും കെട്ടത് എന്നോ വിളിക്കുമ്പോള്‍, ആ പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷമുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത്, ഇങ്ങനെ കേള്‍ക്കേണ്ടിവരുന്നത്? ഞാന്‍ അറിഞ്ഞുകൊണ്ട് ആ രീതിയില്‍ പെരുമാറുന്നതല്ലല്ലോ. ഒരു സാമൂഹികജീവി എന്ന നിലയില്‍ സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ എന്നെ മാനിക്കണം എന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കും. അതില്‍ ജെന്‍ഡര്‍ വ്യത്യാസമൊന്നുമില്ല. ഒരാളും രാവിലെ ഇറങ്ങുമ്പോള്‍ ഞാന്‍ നൂറു പേരില്‍നിന്ന് തെറിവിളി കേള്‍ക്കാം, അടി കൊള്ളാം എന്നുവച്ച് ഇറങ്ങില്ല. വൈവിധ്യത്തോടുകൂടിയ മനുഷ്യരാണ്. അത്തരം മനുഷ്യര്‍ അനുഭവിക്കുന്ന അവസ്ഥ ഒരു തരത്തിലുള്ള വൈവിധ്യമാണെന്നും അതിനെ ചികിത്സിക്കാന്‍ പറ്റില്ല എന്നും അതൊരു മാനസിക വെല്ലുവിളി അല്ല എന്നും പറയേണ്ട ഏജന്‍സികള്‍ തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍, ലോകാരോഗ്യ സംഘടന ഇവയൊക്കെ ആധികാരികമായി ഈ വിഷയത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും പലതരത്തിലുള്ള വിഷയങ്ങളുടെ മറപിടിച്ച്, മതം അടക്കമുള്ള വിഷയങ്ങളുടെ മറപിടിച്ച് തെറ്റിദ്ധരിപ്പിക്കുകയും അശാസ്ത്രീയമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുണ്ട്. പ്രത്യേകിച്ചും ഒരു എല്‍ജിബിടിക്യു വിരുദ്ധ മൂവ്മെന്റ് കേരളത്തിലും നടപ്പാക്കപ്പെട്ടിട്ടുണ്ട്. ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങളും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഉണ്ടായിരിക്കണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അങ്ങനെ ജീവിക്കാന്‍ അവകാശമുണ്ട് എന്നു പറയുന്നത് രാജ്യത്തിന്റെ പരമോന്നത നീതിപീഠമാണ്; അതിന്റെ അടിസ്ഥാനത്തില്‍ നിയമമുണ്ടായിട്ടുണ്ട്, ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്, വിവിധ സംസ്ഥാനങ്ങള്‍ നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്, വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതൊക്കെ പൊതുസമൂഹം അറിയാതെയാണ് ഇത്തരം കളിയാക്കലുകളും വിദ്വേഷം പ്രചരിപ്പിക്കുന്നതും എന്നു ധാരണയില്ല. അങ്ങനെയാണെങ്കില്‍, അറിഞ്ഞുകൊണ്ടാണെങ്കില്‍ ഒരു പരിധിവരെ നിയമത്തെ വെല്ലുവിളിക്കുകയാണ്, കോടതികളെ വെല്ലുവിളിക്കുകയാണ് അവര്‍. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന സമീപനമാണ് ഇത്. ഇവരെ കൊല്ലണം എന്ന് കുട്ടികളെ ഉപയോഗിച്ചുപോലും ആഹ്വാനം ചെയ്യിക്കുന്ന ഒരു രീതി ഉണ്ടാകുന്നു എന്നത് ഗുരുതരമായ വിഷയം തന്നെയാണ്. അതിനെ ജനാധിപത്യപരമായി നേരിടാന്‍ സാധിക്കുന്ന രീതിയിലേക്ക് കേരളത്തിലെ ക്വിയര്‍ സമൂഹവും മാറേണ്ടതുണ്ട്. ഐക്യപ്പെട്ടു പ്രവര്‍ത്തിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.

Q

ക്വിയര്‍ വ്യക്തിത്വം വെളിപ്പെടുത്തുന്നവര്‍ക്ക് കിട്ടുന്ന പിന്തുണയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് ഇപ്പോഴും ശക്തി കുറവാണ് എന്നത് യാഥാര്‍ത്ഥ്യമല്ലേ?

A

പ്രതിസന്ധി കാലത്തിലൂടെ കടന്നുപോകുമ്പോള്‍ സമീപിക്കാന്‍ കഴിയുന്ന നിരവധി സംവിധാനങ്ങളുണ്ട്. സമൂഹമാധ്യമങ്ങളിലും ഈ കമ്യൂണിറ്റിയില്‍ത്തന്നെയുള്ള ആളുകള്‍ സഹായിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ട്. അവരെയൊക്കെ ഒന്ന് സമീപിച്ചാല്‍ പറ്റാവുന്ന മാനസിക പിന്തുണ കൊടുക്കാന്‍ പറ്റും. ഈ പറയുന്ന സംവിധാനങ്ങളുമായി ഒന്ന് ബന്ധപ്പെടുത്തി കൊടുക്കാന്‍ പറ്റും. അവിടെനിന്ന് വേറൊരു ജീവിതം നയിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്കു മാറാന്‍ പറ്റും. പിന്നെ, കുടുംബങ്ങള്‍ക്കു ബോധവല്‍ക്കരണമൊക്കെ കൊടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയുണ്ട്. ശിശുക്ഷേമ സമിതികള്‍ കുട്ടികളുടെ വിഷയത്തില്‍ ഇടപെടുമ്പോള്‍ ജെന്‍ഡര്‍ വൈവിധ്യമുള്ള കുട്ടിയാണെന്നു ബോധ്യപ്പെട്ടാല്‍ രക്ഷിതാക്കളെ വളരെ മിതത്വത്തോടെ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ആ കുട്ടിയെ വീട്ടില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. ഒരു സാഹചര്യത്തിലും അത്തരം കുട്ടികളെ പുറത്താക്കരുത് എന്ന് നിയമം വ്യക്തമായി പറയുന്നുണ്ട്. പുറത്താക്കിയാല്‍ രക്ഷിതാക്കള്‍ അതിനു മറുപടി പറയേണ്ടിവരും. നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ബാലനീതി നിയമത്തിനു വിധേയമായിത്തന്നെ ഈ കുട്ടികളോട് ഇടപെടണം എന്നാണ് പറഞ്ഞിട്ടുള്ളത്. നേരത്തേ സൂചിപ്പിച്ച ആളുകള്‍ നെഗറ്റീവിറ്റി പരത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അവരെ അവഗണിക്കുക എന്നേ പറയാനുള്ളു. വലിയൊരു വിഭാഗം ആളുകള്‍ ശരിയായി മനസ്സിലാക്കി ഇടപെടുന്നുണ്ട്. ഇത്തരം മേഖലകളിലേക്കു നല്ല മനുഷ്യരുടെ പ്രാതിനിധ്യം ഉണ്ടാകുന്നുണ്ട്. അതൊക്കെത്തന്നെ, ഇനിയും കുറച്ചാളുകള്‍ക്ക് അവരുടെ അസ്തിത്വം തുറന്നു പറയാന്‍ പ്രചോദനമാകും. വിദ്യാഭ്യാസം, കല, കായികം, സാഹിത്യം, സിനിമ തുടങ്ങി വിവിധ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അവരുടെ മുദ്രപതിപ്പിക്കുന്നുണ്ട്. അതൊക്കെത്തന്നെ, ഇനി വരുന്നവര്‍ക്ക് സ്വന്തം ഐഡന്റിറ്റി മറച്ചുവയ്ക്കാതെ ആര്‍ജ്ജവത്തോടെ പറയാന്‍ സാധിക്കുന്ന അവസ്ഥ ഉണ്ടാക്കും.

സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തികളോടു പറയാനുള്ളത് ആരുടേയും വാക്കുകളൊന്നും കേട്ട് തളര്‍ന്നു പോകാനുള്ളവരല്ല നമ്മള്‍ എന്നാണ്. ഞാനൊക്കെ ഏറ്റവും ചെറിയ പ്രായത്തില്‍, ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മോശം വാക്കുകള്‍ കേട്ടുതുടങ്ങിയതാണ്. നിരന്തരമായ കലഹത്തിലൂടെയും സമരത്തിലൂടെയുമാണ് ഓരോ ക്വിയര്‍ വ്യക്തിയും മുന്നോട്ടു പോകേണ്ടിവരുന്നത്. ആ കാലത്ത് ഞങ്ങള്‍ അനുഭവിച്ചതിനും അപ്പുറത്തല്ല ഇന്നത്തെ അവസ്ഥ. ഇപ്പോള്‍ നമ്മള്‍ നേരിടുന്നത് വളരെ നിസ്സാരമായി കണ്ടുകൊണ്ടുതന്നെ അതിനെ അവഗണിച്ചു മുന്നോട്ടു പോകണം. നേടാനുള്ള കാര്യങ്ങള്‍ നേടണം. അതുവഴി മാത്രമേ ഈ വിമര്‍ശിക്കുന്നവര്‍ക്കു മറുപടി കൊടുക്കാന്‍ കഴിയുകയുള്ളു. ആ അവസ്ഥയിലേക്ക് ഓരോ ക്വിയര്‍ മനുഷ്യരും മാറുകയാണ് പ്രധാനം. സംസ്ഥാനതലത്തില്‍ നമുക്കുവേണ്ടി മന്ത്രി അധ്യക്ഷയായ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡും ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍പേഴ്സണ്‍ ആയ ബോര്‍ഡുകളുമുണ്ട്. സമീപിക്കാം. എല്ലായിടത്തും ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍ അംഗങ്ങളാണ്. ഈ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. അതൊരു വലിയ ബോധവല്‍കരണ പ്രവര്‍ത്തനമായി മാറ്റുകയും വേണം.

തിയേറ്ററുകളില്‍ സിനിമയ്ക്കു മുന്‍പ് 'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം കുറ്റകരമാണ്' എന്ന് എഴുതി കാണിക്കുന്നതിനൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. അങ്ങനെ പൊതുസമൂഹത്തിനു കണ്ണു തുറക്കാന്‍ കഴിയുന്ന കൂടുതല്‍ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ശ്യാമ എസ് പ്രഭ
ശ്യാമ എസ് പ്രഭ
Q

മോശമായി പെരുമാറിയവര്‍ മാറിയ കാലത്ത് തിരുത്തിയ അനുഭവങ്ങളുണ്ടോ?

A

ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണ വിഷമകാലത്ത് ഉണ്ടായിട്ടുണ്ട്; മറ്റു ക്വിയര്‍ വ്യക്തികളുടെ ഭാഗത്തുനിന്നുള്ള പിന്തുണ. ശരിക്കും ആത്മവിശ്വാസം അവര്‍ തന്നിട്ടുണ്ട്. പുരുഷ, സ്ത്രീ ലിംഗത്തില്‍പ്പെട്ടവരില്‍നിന്ന് അന്നൊന്നും പിന്തുണ കിട്ടിയിട്ടില്ല. പണ്ട് സ്‌കൂളിലൊക്കെ ഒന്നിച്ചു പഠിച്ച പലരും പിന്നീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുമൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്. അന്ന് അറിവില്ലാത്തതുകൊണ്ട് മോശമായി പെരുമാറിയതില്‍ അവര്‍ വിഷമിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതിനേക്കുറിച്ചൊക്കെ ദേഷ്യമുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അവര്‍ക്കു പശ്ചാത്താപമുണ്ട്. അത് വലിയ ഒരു മാറ്റമാണല്ലോ. സ്വന്തം കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. തടിയുള്ള, കറുത്ത മനുഷ്യരെ കളിയാക്കുന്നത് പല കോമഡി പരിപാടികളിലേയും രീതിയാണ്. വീട്ടില്‍ അതു കണ്ട് മുതിര്‍ന്നവര്‍ ചിരിച്ചാല്‍ കുട്ടികളും ചിരിക്കും. അതുകഴിഞ്ഞ് അവരുടെ ക്ലാസ്സില്‍ അങ്ങനെയൊരു കുട്ടി വന്നാലും സ്വാഭാവികമായും ചിരിക്കും. പക്ഷേ, വൈകല്യങ്ങളല്ല ഇതൊക്കെ മനുഷ്യന്റെ വൈവിധ്യങ്ങളാണെന്നും അതിനെയും ചേര്‍ത്തുനിര്‍ത്തണം എന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ എന്നെയൊക്കെ അന്ന് കളിയാക്കിയവര്‍ക്കു സാധിക്കുന്നുണ്ടാകാം. അതുവഴിയാണ് അടുത്ത തലമുറയ്ക്ക് ഒരു നന്മ കൊടുക്കാന്‍ കഴിയുക.

Q

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ മാറ്റം എങ്ങനെയാണ് പ്രതിഫലിക്കുന്നത്. ശ്യാമ കരിക്കുലം സമിതികളിലും അംഗമാണല്ലോ?

A

സംസ്ഥാന സര്‍ക്കാരിന്റെ കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയാറോളം ഫോക്കസ് ഗ്രൂപ്പുകള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ എന്നെയും ഉള്‍പ്പെടുത്തി. ജെന്‍ഡര്‍ ആന്റ് എജ്യുക്കേഷന്‍ കമ്മിറ്റിയിലും ഇന്‍ക്ലൂസീവ് എജ്യുക്കേഷന്‍ കമ്മിറ്റിയിലും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസ്സുകളിലെ പാഠപുസ്തക മാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഏഴിലേയും ഒന്‍പതിലേയും പുസ്തകങ്ങളില്‍ ഈ വിഷയം വരുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ചും സമൂഹം ആ മനുഷ്യരെ കാണുന്നതില്‍ എന്തൊക്കെ മാറ്റം ഉണ്ടാകണം എന്നതിനെക്കുറിച്ചുമൊക്കെ സാമൂഹിക ശാസ്ത്രം, ജീവശാസ്ത്രം പാഠപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത് രാജ്യത്തുതന്നെ വലിയ മാറ്റം കൊണ്ടുവരുന്ന ഒന്നാണ്. മെഡിക്കല്‍ വിദ്യാഭ്യാസം അടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതികളിലും ഈ വിഷയത്തിനു വേണ്ടത്ര പ്രാധാന്യമില്ല. അതുണ്ടാകാന്‍ എന്ത് ഇടപെടലാണ് വേണ്ടത് എന്ന് കഴിഞ്ഞ ദിവസം ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് ചര്‍ച്ച ചെയ്തിരുന്നു. ഒരു ഫൗണ്ടേഷന്‍ കോഴ്സിന്റെ മോഡ്യൂള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. അതൊക്കെ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ തുടക്കത്തിലെ തന്നെ നിരീക്ഷണം, ''ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ക്ലാസ്സ്മുറിയിലാണ്'' എന്നാണ്. അങ്ങനെയാകുമ്പോള്‍ ആ ഭാവി എങ്ങനെയാകണം എന്നു തീരുമാനിക്കുന്നത് അദ്ധ്യാപകരാണ്. ദിശാബോധമുള്ള അദ്ധ്യാപകരായി അത്തരം മനുഷ്യര്‍ക്കു മാറാന്‍ കഴിയുമ്പോഴേ ഗുണപരമായ കാഴ്ചപ്പാടോടെ കുട്ടികള്‍ക്കടക്കം വിദ്യാഭ്യാസത്തിന്റെ ഗുണഫലം കൊടുക്കാന്‍ കഴിയുകയുള്ളു. സ്വാഭാവികമായും അദ്ധ്യാപകര്‍ ആ രീതിയില്‍ മാറേണ്ടിവരും. അവര്‍ പോസിറ്റീവായിത്തന്നെ കണ്ട് പഠിപ്പിക്കേണ്ടി വരും. എന്റെ വിദ്യാഭ്യാസകാലത്തൊക്കെ അദ്ധ്യാപകര്‍ എങ്ങനെയാകാന്‍ പാടില്ല എന്നു മനസ്സിലാക്കാന്‍ എനിക്ക് പല അദ്ധ്യാപകരുടേയും പെരുമാറ്റം ഉപകരിച്ചിട്ടുണ്ട്.

Q

മാറുന്ന കാലത്തെ പുതിയ തലമുറയുടെ മാതൃകയെക്കുറിച്ച് ഈ 'സഞ്ചാരത്തിനിടയില്‍' മനസ്സ് തൊടുന്ന അനുഭവങ്ങളുണ്ടോ?

A

തീര്‍ച്ചയായും. പുതിയ തലമുറയുടെ മനോഭാ വത്തിലേയും മനസ്സിലാക്കലിലേയും മാറ്റത്തിന്റെ തീക്ഷ്ണതയെക്കുറിച്ച് ഒരു അനുഭവം പറയാം. ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു യോഗത്തിനു പോയപ്പോള്‍ ശ്രദ്ധേയ എഴുത്തുകാരി സി.എസ്. ചന്ദ്രികയുടെ മകള്‍ ഉണ്ടായിരുന്നു. മുന്‍പേ സംസാരിച്ചവരൊക്കെ ആണ്‍, പെണ്‍ ജെന്‍ഡറിനേക്കുറിച്ചു മാത്രം പറഞ്ഞുപോയി. ഞാന്‍ തന്നെ ഇത്തരത്തിലുള്ള വിഷയത്തേക്കുറിച്ചു സംസാരിക്കേണ്ടിവരുമല്ലോ എന്നാണ് ആ സമയമൊക്കെ ആലോചിച്ചത്. കാരണം, കൂടിയിരിക്കുന്നവരെല്ലാം ആ 'ബൈനറി'യെ കേന്ദ്രീകരിച്ചു തന്നെയാണ് സംസാരിക്കുന്നത്. എന്നാല്‍, എന്നെയും മറ്റുള്ളവരേയും അതിശയിപ്പിച്ചുകൊണ്ട് കൃത്യമായി സംസാരിച്ചത് സ്‌കൂളില്‍ പഠിക്കുന്ന ആ പെണ്‍കുട്ടിയാണ്. വളരെ വ്യക്തതയോടെ തന്നെ ജെന്‍ഡര്‍ ഇന്റര്‍സെക്ഷണാലിറ്റിയെക്കുറിച്ചും ട്രാന്‍സ് മനുഷ്യരെക്കുറിച്ചും പറഞ്ഞു. അതൊക്കെയും നമ്മുടെ ഇടങ്ങളില്‍ സംസാരിക്കേണ്ടതുണ്ട് എന്ന് ആ കുട്ടി പറയുമ്പോള്‍ അത് എത്രയോ അനുഭവ സമ്പത്തുള്ള മനുഷ്യരെ അടക്കം കണ്ണുതുറപ്പിക്കാന്‍ പോന്നതായി മാറി; അതു വലിയ അഭിമാനകരമായി തോന്നിയ ഒരു സംഭവമാണ്. ഞങ്ങളൊക്കെ നിരന്തരം ആക്രമിക്കപ്പെട്ട സാഹചര്യത്തിലൂടെ ഇനി വരുന്നവര്‍ക്കു കടന്നുപോകേണ്ടിവരില്ല എന്ന ആത്മവിശ്വാസം ചെറിയ രീതിയിലെങ്കിലും കിട്ടുന്ന ഒരു അനുഭവം.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മൂത്രപ്പുരയില്‍ പോകാന്‍ പേടിച്ചിരുന്ന ഒരു കാലമുണ്ട് എനിക്കൊക്കെ. ഏതു രീതിയിലുള്ള ആക്രമണമാണ് ഉണ്ടാവുക എന്ന പേടി. ശരിക്കും അത്തരം ദുരനുഭവം ഉണ്ടായിട്ടുമുണ്ട്. എല്ലാവരും പോയി വന്ന ശേഷം മാത്രം പോകുന്ന അവസ്ഥ. അതില്‍ നിന്നുള്ള മാറ്റത്തിന്റെ വാഹകരായി കുട്ടികളൊക്കെ വരും എന്നാണ് ഇപ്പോഴത്തെ പല അനുഭവങ്ങളും.

Q

'ചാന്തുപൊട്ട്' ആഘോഷിക്കപ്പെട്ട കേരളത്തില്‍ കാതല്‍ അനുഭവം?

A

ദളിത് ക്വിയര്‍ വ്യക്തികള്‍ അനുഭവിക്കുന്നത് കുറച്ചുകൂടി തീവ്രമായ അനുഭവങ്ങളാണ്. ഒരു ലെസ്ബിയന്‍ ദളിത് സ്ത്രീ ആണെങ്കില്‍ അവര്‍ ഇരട്ടി ആഘാതം അനുഭവിക്കേണ്ടിവരുന്നുണ്ട്, അവരുടെ ഐഡന്റിറ്റിയുടെ പേരില്‍. ദളിത് ആയിരിക്കുക എന്നതിനൊപ്പം തന്നെ ലെസ്ബിയനായിരിക്കുക, സ്ത്രീ ആയിരിക്കുക എന്നൊക്കെയുള്ളതു കൂടിയാകുമ്പോള്‍ അത് നിരന്തര സമ്മര്‍ദ്ദം ആ വ്യക്തികള്‍ക്കു കൊടുക്കുന്നു. അവരുടെയൊക്കെ ജീവിതത്തെപ്പറ്റി എവിടെയും ആരും സംസാരിക്കുകയോ അടയാളപ്പെടുത്തുകയോ പോലും ചെയ്യുന്നില്ല. നിരന്തരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി മനുഷ്യര്‍ നമുക്കിടയിലുണ്ട്. കാതല്‍പോലെ ഒരു സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം പോലും ഈ കാലഘട്ടത്തില്‍ അങ്ങേയറ്റം പ്രസക്തമാണ്. അതിനെയൊക്കെ വിമര്‍ശിക്കുന്ന ആളുകളുമുണ്ട്. എന്നാല്‍ പോലും അനിവാര്യമായ സാഹചര്യത്തിലും സമയത്തും അത്തരത്തിലൊരു സിനിമ വന്നു. ചാന്തുപൊട്ട് പോലെ ഒരു സിനിമ വന്ന സമൂഹത്തിലാണല്ലോ ഇതും. വലിയൊരു ചരിത്രത്തിന്റെ ഭാഗമായി നമ്മള്‍ നില്‍ക്കുന്ന സമയത്ത് പോസിറ്റീവായിത്തന്നെ ഇത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ നമ്മുടെ ഭാഷയില്‍, അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാകുന്നു. സിനിമകളില്‍ അത് വരുമ്പോള്‍ ഒരുപാടു പേരെ അത് സ്വാധീനിക്കാം, അതിന്റെ നല്ല വശങ്ങളെ ആളുകള്‍ സ്വീകരിക്കാം.

2014-ലെ സുപ്രീംകോടതി വിധിയില്‍ ഈ വ്യക്തിത്വ വൈവിധ്യം ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. അതിനര്‍ത്ഥം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല ഇത്തരം മനുഷ്യര്‍ എന്നും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ തന്നെ ഇവിടെ നിലനില്‍ക്കുന്നവരാണ് എന്നുമാണല്ലോ. അതിനെതിരെ കൊളോണിയല്‍ കാലഘട്ടത്തില്‍ ഒരു പ്രത്യേക നിയമം വരുന്നു, അടിച്ചമര്‍ത്തുന്നു, അതോടെ മനുഷ്യര്‍ എന്ന പദവിയില്‍നിന്നുപോലും ഇത്തരം മനുഷ്യര്‍ക്ക് ഒരുപാട് താഴേയ്ക്കു പോകേണ്ടിവന്നു. മുഗള്‍ഭരണകാലത്തുപോലും സ്വവര്‍ഗ്ഗ ബന്ധങ്ങളുള്ള രാജാക്കന്‍മാര്‍ ഉണ്ടായിരുന്നു എന്നും അതിനെ വളരെ സഹിഷ്ണുതയോടെ കണ്ട ജനതയുണ്ടായിരുന്നു എന്നും വായിച്ചിട്ടുണ്ട്. ആ സഹിഷ്ണുതയില്‍നിന്നാണ് പിന്നീട് മാറിപ്പോയത്. നപുംസകം എന്ന വാക്കുപോലും ഉപയോഗിക്കുന്നത് വളരെ മോശമായ രീതിയിലാണ്. പക്ഷേ, അതൊരു സവിശേഷമായ പദമായിട്ടാണ് ആ കാലത്ത് ഉപയോഗിച്ചിരുന്നത്. ശിഖണ്ഡിനി എന്നത് ട്രാന്‍സ് പുരുഷനായ ഒരു കഥാപാത്രമാണ്. പക്ഷേ, ആ വാക്ക് ഇപ്പോള്‍ ഒരു പേര് എന്ന നിലയില്‍നിന്ന് പരിഹസിക്കാനുള്ള ഒരു പ്രയോഗമാക്കി മാറ്റി.

ഞങ്ങള്‍ സ്വാഭാവികമായി ഇങ്ങനെയാണ്; ആ സ്വാഭാവികതയ്ക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. വേറൊരാളുടെ സ്വകാര്യതയിലേക്ക് നമ്മള്‍ കടന്നുചെന്ന് അതിനെക്കുറിച്ച് തല പുകയ്ക്കേണ്ട കാര്യമില്ല എന്ന ബോധ്യം വേണം. എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടല്ലോ. ബഷീറിന്റെ ഒരു ചെറുകഥയില്‍ (ഭൂമിയിലെ അവകാശികള്‍ ആണെന്നു തോന്നുന്നു) ''ഇവിടെ സര്‍വ്വചരാചരങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട് എന്ന് പറയുന്നുണ്ട്. അത് പുഴുക്കളാണെങ്കിലും പ്രാണികളാണെങ്കിലും. ഭൂമി എല്ലാ ജീവജാലങ്ങളുടേതുമാണ്. അവരുടെ ഇടങ്ങളില്‍ അത് അങ്ങനെ ജീവിക്കട്ടെ. നമുക്ക് യാതൊരു അലോസരവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ അവയെ അലോസരപ്പെടുത്താന്‍ പോകേണ്ട കാര്യമില്ല. സമൂഹവും ആ രീതിയില്‍ മാനിക്കാനും അംഗീകരിക്കാനും സാധിക്കുന്ന മാനസികാവസ്ഥയിലേക്കു മാറണം.

ശ്യാമ എസ് പ്രഭ
ഇലക്ട്രറല്‍ ബോണ്ട്: കോര്‍പ്പറേറ്റുകളുടെ ഉപകാരസ്മരണ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.