ഇലക്ട്രറല്‍ ബോണ്ട്: കോര്‍പ്പറേറ്റുകളുടെ ഉപകാരസ്മരണ

ഇലക്ടറല്‍ ബോണ്ടുകളില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല?
ഇലക്ട്രറല്‍ ബോണ്ട്: കോര്‍പ്പറേറ്റുകളുടെ ഉപകാരസ്മരണ

ത്തുവര്‍ഷം നീണ്ട മോദിയുടെ ഭരണകാലയളവില്‍ വഴിത്തിരിവായി മാറിയ സംഭവങ്ങള്‍ കുറവാണ്. നോട്ടുനിരോധനം മുതല്‍ തുടങ്ങുന്ന മണ്ടത്തരങ്ങളുടേയും പരാജയങ്ങളുടേയും സംഭവനിരയുണ്ടെങ്കില്‍പ്പോലും അടിച്ചമര്‍ത്തലുകളിലൂടെ, നിരീക്ഷണത്തിന്റെ ഇരുമ്പുമറയുടെ പിന്‍ബലത്തില്‍ അവരാ ഭരണം മുന്നോട്ടുകൊണ്ടുപോയി. കര്‍ഷകരുടേയും ന്യൂനപക്ഷങ്ങളുടേയും പ്രതിരോധസമരങ്ങള്‍ ഇല്ലാതാക്കി.

ഭരണഘടനാസ്ഥാപനങ്ങള്‍, കോടതികള്‍, പാര്‍ലമെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാത്തിനേയും തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കങ്ങള്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭരണഘടനപോലും തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ നടക്കവേയാണ് ഇപ്പോള്‍ ഇലക്ടറല്‍ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും അറിയാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പേര് വെളിപ്പെടുത്താതെയുള്ള സംഭാവനാരീതിയെന്നു ചൂണ്ടിക്കാട്ടിയ വിധിയെഴുത്ത് നമ്മുടെ റിപ്പബ്ലിക്കിനെ വീണ്ടെടുക്കാന്‍ ലഭിച്ച അവസരങ്ങളിലൊന്നായി കാണണം. ഒപ്പം ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ടെന്ന ബോധ്യപ്പെടുത്തലും.

പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കണം കോര്‍പറേറ്റ് കമ്പനികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ എന്നാണ് സുപ്രീംകോടതി വിധിന്യായത്തില്‍ പറഞ്ഞത്. സ്വന്തം താല്പര്യങ്ങള്‍ക്കായി, ആനുകൂല്യങ്ങളും ലാഭവും തിരിച്ചുകിട്ടാനാണ് കമ്പനികള്‍ സംഭാവനകള്‍ നല്‍കുന്നതെന്ന വാദത്തിനിടയില്‍ സോളിസിറ്റര്‍ ജനറല്‍പോലും എതിര്‍ത്തില്ലെന്നു വിധിപ്പകര്‍പ്പില്‍ പറയുന്നു. ഒന്നാം എന്‍.ഡി.എ സര്‍ക്കാരില്‍ ആദ്യ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയാണ് 2017-ലെ ദേശീയ ബജറ്റില്‍ ധനകാര്യ നിയമഭേദഗതിയിലൂടെ ഇലക്ടറല്‍ ബോണ്ട് എന്ന പദ്ധതി അവതരിപ്പിച്ചത്. ഇത് കൊണ്ടുവരുമ്പോള്‍ നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലുള്ള പരാജയവും- രണ്ടും സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആഘാതങ്ങള്‍ നല്‍കിയ സമയമായിരുന്നു. സംഘടിതരല്ലാത്ത ചെറുകിട വ്യവസായങ്ങളാകെ ഈ കാലയളവില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഈ അവസരം മുതലെടുത്ത് ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കി വന്‍കിട കോര്‍പറേറ്റുകള്‍ അവരുടെ വിപണിവിഹിതം ഉറപ്പിക്കുകയാണുണ്ടായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ രണ്ട് പ്രതിസന്ധികളില്‍നിന്നു കരകയറാന്‍ പറ്റാതായിപ്പോയ ചെറുകിട അസംഘടിത മേഖലയുടെ വിപണിവിഹിതത്തിന്റെ ഗണ്യമായ ഭാഗം തങ്ങള്‍ കൈയടക്കിയെന്ന് വന്‍കിട കമ്പനികള്‍ തുറന്നു സമ്മതിക്കുന്നുമുണ്ട്.

പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കണം കോര്‍പറേറ്റ് കമ്പനികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ എന്നാണ് സുപ്രീംകോടതി വിധിന്യായത്തില്‍ പറഞ്ഞത്.

2018-ല്‍ കമ്പനികള്‍ വലിയ തോതില്‍ വിപണിവിഹിതം കയ്യടക്കിയപ്പോള്‍ 2019-ല്‍ കോര്‍പറേറ്റ് സെക്ടറിനു ചരിത്രത്തിലില്ലാത്ത ആനുകൂല്യങ്ങളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു നല്‍കിയത്. കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 22 ശതമാനമായി കുറച്ചു. പുതിയ നിക്ഷേപപദ്ധതികളിലേക്കു മൂലധനം ആകര്‍ഷിക്കാനെന്ന പേരില്‍ പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി. അതായത്, മൊത്തം 1,45,000 കോടിയുടെ ആനുകൂല്യങ്ങളാണ് ധനമന്ത്രാലയം കോര്‍പറേറ്റ് കമ്പനികള്‍ക്കായി നല്‍കിയത്. വന്‍കിട കമ്പനികളില്‍നിന്നു പുതിയ മൂലധന നിക്ഷേപം ലഭിക്കാത്തതിനാലാണ് ഈ ഇളവുകള്‍ നല്‍കിയതെന്നാണ് ധനമന്ത്രാലയത്തിന്റെ വാദം. എന്നാല്‍, ഈ ലക്ഷ്യം പരാജയപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നികുതിയിളവ് നേടിയ വന്‍കിട കോര്‍പറേറ്റുകള്‍ താല്പര്യം കാണിച്ചില്ല. പകരം നികുതിയിളവ് പ്രയോജനപ്പെടുത്തിയ കമ്പനികള്‍ നിക്ഷേപങ്ങളൊന്നും നടത്താതെ തന്നെ 2019-ല്‍ ലാഭം കൂട്ടുകയായിരുന്നു.

തുടര്‍ന്നങ്ങോട്ടുള്ള നാലു വര്‍ഷങ്ങളില്‍ ആറ് ലക്ഷം കോടിയുടെ നികുതിയിളവാണ് കോര്‍പറേറ്റുകള്‍ക്കു കിട്ടിയത്. ഇത്രയും വലിയ നേട്ടമുണ്ടാക്കിയ ശേഷം ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ മാത്രമായിരുന്നു. തിരിച്ചുകിട്ടിയ ലാഭത്തിന്റെ ഒരു പങ്ക് മാത്രമാണ് ആ സംഭാവന. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഏറ്റവുമധികം പണം ലഭിച്ചത് രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കായതിലെ യുക്തി അളക്കേണ്ടതില്ലല്ലോ.

തിരിച്ചുകിട്ടിയ ലാഭത്തിന്റെ ഒരു പങ്ക് മാത്രമാണ് ആ സംഭാവന. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഏറ്റവുമധികം പണം ലഭിച്ചത് രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കായതിലെ യുക്തി അളക്കേണ്ടതില്ലല്ലോ.
2022-2023 സാമ്പത്തിക വര്‍ഷം നിഫ്റ്റിയില്‍ ലിസ്റ്റ് ചെയ്ത മുന്‍നിര 10 കമ്പനികളുടെ ലാഭം മൂന്നു ലക്ഷം കോടിയിലധികമാണ്. ഈ ലാഭവര്‍ദ്ധനവിന്റെ പ്രധാന കാരണം കോര്‍പറേറ്റ് നികുതിയിളവാണ് എന്നതില്‍ സംശയവുമില്ല.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ഇതു വഴി ഏറ്റവുമധികം 'സംഭാവന' വാങ്ങിയ പാര്‍ട്ടി ബി.ജെ.പിയാണ്. അതായത് 75 ശതമാനം പണവും എത്തിയത് ബി.ജെ.പിയിലേക്ക്. 2019-നു ശേഷം ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത 100 മുന്‍നിര കമ്പനികളില്‍ 50 എണ്ണത്തിന്റെ ലാഭത്തിലെങ്കിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. 2019-നു മുന്‍പു വരെ നിഫ്റ്റിയില്‍ ലിസ്റ്റ് ചെയ്ത 50 മുന്‍നിര കമ്പനികളുടെ ലാഭവര്‍ദ്ധന പ്രതിവര്‍ഷം അഞ്ച് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയതോടെ അവരുടെ അറ്റാദായത്തില്‍ 15 ശതമാനത്തിലധികം വര്‍ദ്ധനയുണ്ടായി. 2022-2023 സാമ്പത്തിക വര്‍ഷം നിഫ്റ്റിയില്‍ ലിസ്റ്റ് ചെയ്ത മുന്‍നിര 10 കമ്പനികളുടെ ലാഭം മൂന്നു ലക്ഷം കോടിയിലധികമാണ്. ഈ ലാഭവര്‍ദ്ധനവിന്റെ പ്രധാന കാരണം കോര്‍പറേറ്റ് നികുതിയിളവാണ് എന്നതില്‍ സംശയവുമില്ല.

2019 മുതല്‍ സമ്പദ്വ്യവസ്ഥയില്‍ ഡിമാന്‍ഡ് കൂടാതിരുന്നിട്ടും കോര്‍പറേറ്റുകള്‍ വന്‍ വിറ്റുവരവ് നേടുന്നതിന്റെ കാരണം മറ്റൊന്നായിരുന്നില്ല. ഇതിനൊപ്പമാണ് 2020-ല്‍ കൊവിഡ് വരുന്നത്. അതോടെ സര്‍ക്കാരും ആര്‍.ബി.ഐയും പലിശനിരക്കില്‍ വലിയ കുറവ് വരുത്തി. ആനുപാതികമല്ലാത്ത പലിശനിരക്കിലെ ഈ കുറവ് അപ്പോഴും നേട്ടമായത് കോര്‍പറേറ്റുകള്‍ക്കാണ്. പലിശനിരക്ക് കുറഞ്ഞതോടെ വലിയ ബാധ്യത വരുന്ന വായ്പകള്‍ ഒഴിവാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സ്വാഭാവികമായും പലിശച്ചെലവ് കുറഞ്ഞതോടെ ലാഭത്തില്‍ വര്‍ദ്ധനയുണ്ടായി. ഈ കാലയളവില്‍ മുന്‍നിര കമ്പനികളുടെയെല്ലാം കടവും ഓഹരിയും തമ്മിലുള്ള അനുപാതം കുറഞ്ഞിട്ടുണ്ട്. ഇതോടെ ഓഹരിവിപണിയില്‍ ഇവരുടെ ഓഹരിക്കു വില കൂടുകയും ചെയ്തു. എങ്ങനെ നോക്കിയാലും നേട്ടം അവര്‍ക്കു തന്നെ!

രസകരമായ വസ്തുത, രാജ്യത്തെ 100 മുന്‍നിര കമ്പനികളുടെ ലാഭം കൂട്ടാന്‍ വേണ്ടിയുള്ളതായിരുന്നു സര്‍ക്കാര്‍ നയങ്ങളെന്നതാണ്. സ്വാഭാവികമായും കമ്പനികള്‍ ആ ലാഭത്തില്‍ നിന്നെടുത്ത പങ്ക് ഇലക്ടറല്‍ ബോണ്ടുകളില്‍ നിക്ഷേപിച്ചു. ഒട്ടും സുതാര്യമല്ലാത്ത, എല്ലാ വിപണിസമവാക്യങ്ങളും തെറ്റിക്കുന്ന ഈ പ്രത്യുപകാര ഇടപാടുകളെയാണ് ഭരണഘടനാവിരുദ്ധമെന്നും നിയമവിരുദ്ധമെന്നും സുപ്രീംകോടതി വിശേഷിപ്പിച്ചത്. പ്രസന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്ട്(1951) എന്ന ജനപ്രാതിനിധ്യ നിയമം, ഇന്‍കംടാക്സ് ആക്ട് 1961, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്(2010), കമ്പനീസ് ആക്ട്(2013) എന്നിങ്ങനെ വിവധ കാലങ്ങളില്‍ പാസ്സാക്കിയ നിയമങ്ങളെ ഒന്നിച്ച് ഭേദഗതി ചെയ്താണ് ബോണ്ട് പദ്ധതി മോദി സര്‍ക്കാര്‍ തുടങ്ങിയതെന്നോര്‍ക്കണം. 20,000 രൂപയ്ക്കുമേല്‍ സംഭാവന നല്‍കുന്ന എല്ലാ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിശദവിവരങ്ങള്‍ അതത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ബ്ബന്ധമായും നല്‍കണം എന്നതായിരുന്നു ജനപ്രാതിനിധ്യ നിയമം. ഭേദഗതി വന്നതോടെ ഈ നിയമം അപ്രസക്തമായി.

ഇലക്ടറല്‍ ബോണ്ട് വഴി എത്ര പണം നല്‍കിയാലും പണം നല്‍കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ പണം വാങ്ങുന്ന പാര്‍ട്ടികളോ ആര്‍ക്കും ഒരു വിവരവും നല്‍കേണ്ടതില്ലായിരുന്നു. അതായത് നല്‍കിയതാര്, കൊടുത്തതാര് എന്ന് ആര്‍ക്കും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. തുടര്‍ച്ചയായി മൂന്നു വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്കു മാത്രമേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു ഫണ്ട് നല്‍കാന്‍ സാധിക്കുകയുള്ളൂ. അതും ആ കമ്പനിയുടെ പരമാവധി അറ്റാദായത്തിന്റെ 7.5 ശതമാനം തുക വരെ മാത്രമേ പറ്റുകയുമുള്ളൂ. പണം കൊടുക്കുന്ന കമ്പനിയുടേയും അത് കൈപ്പറ്റുന്ന രാഷ്ട്രീയപാര്‍ട്ടിയുടേയും വിശദവിവരങ്ങള്‍ ഇലക്ഷന്‍ കമ്മിഷന് വീഴ്ച കൂടാതെ പിന്നാലെ സമര്‍പ്പിക്കുകയും വേണം. ഇതായിരുന്നു കമ്പനീസ് ആക്ട് ചട്ടം. ഇതാണ് മാറ്റിമറിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വിദേശ രാജ്യങ്ങളില്‍നിന്ന് പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളും ദേശീയ സര്‍ക്കാരിന്റെ നിയമ-ധനകാര്യ വകുപ്പുകളുടെ പരിശോധനകളില്‍നിന്നു പൂര്‍ണ്ണമായി മുക്തമാക്കുക എന്നതാണ് എഫ്.സി.ആര്‍.എ ഭേദഗതി വഴി വരുത്തിയത്. ഒട്ടും സുതാര്യമല്ലാത്ത ഒരു കൈമാറ്റ ശൃംഖലയാണ് അന്ന് മോദി ഭരണകൂടം രൂപം നല്‍കിയതെന്ന് ഇന്ന് ഈ കോടതിവിധി ഉറപ്പിക്കുന്നു.

കമ്പനികളുണ്ടാക്കിയ ലാഭത്തില്‍ നിന്നായിരിക്കില്ല ഒരുപക്ഷേ, ബോണ്ടുകള്‍ വാങ്ങിച്ചിരിക്കുക. ഷെല്‍ കമ്പനികള്‍ വഴി ബിനാമി കമ്പനികള്‍ വഴിയായിരിക്കില്ലേ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടാകുക.

കള്ളപ്പണം ബോണ്ടുകള്‍ വഴി

ഇലക്ടറല്‍ ബോണ്ട് പദ്ധതി ഔപചാരികമായി ആരംഭിച്ചത് 2018 ജനുവരി രണ്ടിനാണ്. ആറു മാസത്തിനകം പദ്ധതിക്കെതിരെ പരാതി വ്യാപകമായി ഉയര്‍ന്നുതുടങ്ങി. ഈ നാലു നിയമങ്ങള്‍ ഒറ്റയടിക്കു പൊളിച്ചെഴുതി എന്നതു മാത്രമല്ല പ്രശ്നം. ഈ ഭേദഗതി ലോക്സഭയില്‍ മാത്രം പാസ്സാക്കിയാല്‍ മതിയെന്നും മോദി പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ചു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതുകൊണ്ടായിരുന്നു അങ്ങനെ തീരുമാനമെടുത്തത്. ഇതിലൂടെ നാലു നിയമങ്ങളും അപ്രസക്തമായി. ഈ പദ്ധതി ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കുമുന്‍പുതന്നെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും ദേശീയ ഇലക്ഷന്‍ കമ്മിഷനും തങ്ങള്‍ക്ക് ഇതിനോടുള്ള ശക്തമായ വിയോജിപ്പുകള്‍ ദേശീയ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഭരണകര്‍ത്താക്കളേയും ഉദ്യോഗസ്ഥമേധാവികളേയും രേഖാമൂലം അറിയിച്ചിരുന്നു. പിന്നീട് ഊര്‍ജിത് പട്ടേല്‍ പണംതട്ടിപ്പിന്റെ സാധ്യതകളെക്കുറിച്ചും അതിര്‍ത്തിവഴിയുള്ള ഹവാലപണമൊഴുക്കുമുണ്ടാകുമെന്ന് റിസര്‍വ്വ് ബാങ്കും വ്യക്തമാക്കിയിരുന്നു. കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കല്‍, രാജ്യാന്തര കള്ളനോട്ട് വ്യാപാരം, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയവ വര്‍ദ്ധിക്കാന്‍ ഇലക്ടറല്‍ ബോണ്ട് കാരണമാകുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, നിയമമന്ത്രാലയം, ഏതാനും എം.പിമാര്‍ തുടങ്ങിയവര്‍ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് നിയമമന്ത്രാലയത്തിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സ്ഥാപനങ്ങളെല്ലാം നിശ്ശബ്ദമായി. ഈ പദ്ധതിയോട് മോദി സര്‍ക്കാര്‍ കാണിച്ച താല്പര്യം അത്രയധികമായിരുന്നു.

തുടര്‍ന്ന് ചില വിവരാവകാശ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ബഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയില്ല. ആ മാസം തന്നെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുവന്നു. ആ വിജയത്തിന് ഈ ഫണ്ടുകളുടെ പങ്കും സ്വാധീനവും പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാല്‍ നിരാശരാകാതെ വീണ്ടും ഹര്‍ജി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് എസ്.എ. ബോബ്ഡെ നല്‍കിയത് താക്കീത് കൂടിയാണ്. പിന്നെയും ദിനങ്ങള്‍ കഴിഞ്ഞു. ഒരു പൊതുതെരഞ്ഞെടുപ്പ് കൂടി മുന്നില്‍ നില്‍ക്കവേ 2023 ഒക്ടോബറില്‍ ഹര്‍ജി നല്‍കി. വിഷയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഹര്‍ജി ഭരണഘടനാബെഞ്ചിലേക്കു മാറ്റി. അതാണ് ഇപ്പോള്‍ ഒടുവിലത്തെ വിധിയിലെത്തി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടിങ്ങ് സുതാര്യമാക്കിയെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നത്. ഇലക്ടറല്‍ ബോണ്ട് പദ്ധതി നടപ്പാക്കുന്നതിനു തൊട്ടുമുന്‍പ് വരെ ഇവിടെ നിലവിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് സംഭാവനാ മാര്‍ഗ്ഗങ്ങളെല്ലാം അഴിമതി നിറഞ്ഞതും സുതാര്യമല്ലാത്തതുമായിരുന്നു എന്നും ബി.ജെ.പി ഭരണകൂടം വാദിച്ചിരുന്നു. ഇതെല്ലാം തെറ്റാണെന്ന് ഇന്ന് ബോധ്യപ്പെടുന്നു.

കമ്പനികളുണ്ടാക്കിയ ലാഭത്തില്‍ നിന്നായിരിക്കില്ല ഒരുപക്ഷേ, ബോണ്ടുകള്‍ വാങ്ങിച്ചിരിക്കുക. ഷെല്‍ കമ്പനികള്‍ വഴി ബിനാമി കമ്പനികള്‍ വഴിയായിരിക്കില്ലേ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടാകുക. അതെങ്ങനെ അറിയാനാകുമെന്ന ചോദ്യവും കോടതിമുറിയിലെ വാദങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. നികുതിവെട്ടിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്നതാണ് ഈ ഷെല്‍ കമ്പനികള്‍. ബിനാമി കമ്പനികള്‍ വഴിയുള്ള ഇത്തരം നിക്ഷേപം രാജ്യവിരുദ്ധമല്ലേ? ഷെല്‍ കമ്പനികള്‍ വഴി ബോണ്ടുകളില്‍ നിക്ഷേപിച്ച പണം കള്ളപ്പണമല്ലെന്ന് എങ്ങനെ ഉറപ്പുവരുത്താനാകും? ഇലക്ടറല്‍ ബോണ്ടുകളില്‍ വിധി തീര്‍പ്പുകല്പിക്കുമ്പോള്‍ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com