ചുംബനതീവണ്ടി: എംജി ബാബു എഴുതിയ കഥ

ഒത്തിരി മുറികളേയും കെട്ടിവലിച്ച് ഒരു അടുക്കള പാഞ്ഞുപോകുന്നതു പോലെയത്രേ തീവണ്ടി.
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

വേസ്റ്റ്ലാന്‍ഡ് എക്‌സ്പ്രസ്സിന്റെ എസ്-ഇലവന്‍ കോച്ചില്‍ സഞ്ചരിക്കുകയായിരുന്നു ഹരികൃഷ്ണന്‍. ഒത്തിരി മുറികളേയും കെട്ടിവലിച്ച് ഒരു അടുക്കള പാഞ്ഞുപോകുന്നതു പോലെയത്രേ തീവണ്ടി. ഉപമ അയാളുടെയല്ല, ഏതോ മഹാന്റെ വകയാണ്. ഉപമയെ സാധൂകരിക്കാനാവണം തീവണ്ടിയെന്ന അടുക്കളയില്‍നിന്നു വിളമ്പുകാര്‍ ആവശ്യക്കാര്‍ക്കു വേണ്ട വിഭവങ്ങളെന്തൊക്കെയെന്ന് ഉറക്കെ വിളിച്ചുചോദിച്ച് അങ്ങോട്ടുമിങ്ങോട്ടും സദാ വന്നുപോകുന്നു. തീയും പുകയും നിറഞ്ഞ അടുക്കള മാത്രമല്ല തീവണ്ടി. അത് ഒരു കൊളാഷാണ്. വേണ്ടതും വേണ്ടാത്തതുമായ പലവിധ വസ്തുക്കളാണ് അതിന്റെ പെട്ടികളില്‍ നിറച്ചുവെച്ചിരിക്കുന്നത്. പലതരം മനുഷ്യരെയും. 
അതിന് ഉദാഹരണം തന്നെയാണ് എസ്-ഇലവനിലെ അയാള്‍ ഇരിക്കുന്ന കൂപ്പ. അയാളുടെ സീറ്റില്‍ അപ്പുറത്തായി ജിംഗാള*കളെന്നു സംശയിക്കാവുന്ന രണ്ടുപേര്‍ ഇരിക്കുന്നു. ജനാലയ്ക്കരികെയുള്ള ഭാഗത്ത് ഒരു മധ്യവയസ്‌കന്‍ കണ്ണടച്ച് ഉറക്കം നടിക്കുന്നുണ്ട്. ഏതെങ്കിലും അടിയന്തര ഘട്ടത്തില്‍മാത്രം ഉയര്‍ത്തേണ്ട ജാലകത്തിന്റെ ഗ്രില്ലുകള്‍ നേരത്തെതന്നെ ഉയര്‍ത്തി വായുസഞ്ചാരത്തിനു സുഗമമായ മാര്‍ഗ്ഗമൊരുക്കിക്കൊണ്ടാണ് ഇരിപ്പ്. എതിരെയുള്ള സീറ്റില്‍ നാലുപേര്‍. ഒന്നു ദീര്‍ഘദൂര യാത്രക്കാരിയാവണം, ഇംഗ്ലീഷ് പുസ്തകം വായിക്കുന്നു. സ്‌കിന്‍ നിറമാര്‍ന്ന ലെഗീസിനും മെറൂണ്‍ നിറമാര്‍ന്ന ടീഷര്‍ട്ടിനുള്ളിലും അവളുടെ അവയവ വടിവ് ആര്‍ക്കും മനപ്പാഠമായി വായിച്ചെടുക്കാം. അവളുടെ കൊഴുത്ത പാര്‍ശ്വത്തില്‍ കൈത്തണ്ട മുട്ടി സദാചാര ലംഘനം സംഭവിക്കാനുള്ള സാധ്യത ഭയന്നു കര്‍ശനമായ ശ്രദ്ധയോടെ ഒരു മാന്യന്‍ തൊട്ടരികെ. സീറ്റിന്റെ മറ്റേയറ്റത്ത് ഭിക്ഷക്കാര്‍, കാപ്പിചായക്കാര്‍ എന്നിങ്ങനെ കടന്നുപോകുന്ന എല്ലാവരുടേയും ഗുരുതരമായ തട്ടുകളേറ്റ് അസഹിഷ്ണുത ഭാവത്തില്‍ മാന്യന്‍.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തൊട്ടു എതിര്‍വശത്തെ സീറ്റുകളില്‍ ഇരിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കാന്‍ ആവില്ലെന്നതാണ് ഗതികേട്. കണ്ടവരെത്തന്നെ കുറേ നേരമായി വീണ്ടും കണ്ട് ഹരികൃഷ്ണന് വല്ലാതെ മടുത്തിരുന്നു. പുതിയ ആരെങ്കിലും അവിടെ വന്നിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചു. ഇരുപുറവും തലതിരിച്ചു നോക്കിയാല്‍ മാത്രമേ സ്വന്തം സീറ്റില്‍ ഇരിക്കുന്ന ജിംഗാളകളെ കാണാനാവൂ. പക്ഷേ, അവര്‍ പരസ്പരം പറയുന്നതെല്ലാം ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. എതിര്‍വശത്തെ സീറ്റിലിരിക്കുന്നവരെ ശ്രദ്ധിക്കുന്നത് തുറിച്ചുനോട്ടമായി തെറ്റിദ്ധരിക്കാതിരിക്കാന്‍ ചെറിയ കരുതലും ആവശ്യമാണ്. ഹരികൃഷ്ണന്‍ പോക്കറ്റില്‍നിന്നു സ്മാര്‍ട്ട് ഫോണെടുത്തു. അതില്‍ ഫേസ്ബുക്കും വാട്ട്സ് അപ്പും മാറിമാറി നോക്കാന്‍ തുടങ്ങി. അത്യാവശ്യം ലൈക്കടിച്ചു. ചില പോസ്റ്റുകളിലെ കമന്റ് ചെയ്തു. സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഫ്രെന്‍ഡ് റിക്വസ്റ്റ് അയച്ചു. പിന്നെയും സമയം പോകാതായപ്പോള്‍ വായിച്ചുകഴിഞ്ഞ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തു. എന്നിട്ടും സമയം ബാക്കിയാക്കി യാത്ര വലിഞ്ഞു നീളുകയാണ്.
ജിംഗാളകള്‍ക്ക് പരസ്പരം മുന്‍പരിചയമുണ്ടായിരുന്നിരിക്കണം, അവര്‍ മാത്രം വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നാല്‍, ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഉണ്ടാവുന്ന മത്സരബുദ്ധിയും അസഹിഷ്ണുതയൊന്നും അവരുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഒരാള്‍ കറുത്ത ടീ ഷര്‍ട്ടും കറുത്ത ജീന്‍സുമാണ് ധരിച്ചിരിക്കുന്നത്. മറ്റെയാള്‍ ഇറക്കം കുറഞ്ഞ ചുവന്ന ഹാഫ്സ്ലീവ് ഷര്‍ട്ടും കറുത്ത പാന്റ്സും കഴുത്തില്‍ ചങ്ങലപോലെ സ്റ്റീല്‍ മാലയും ധരിച്ചിട്ടുണ്ട്. ഭംഗിയോടെ ക്ഷൗരം ചെയ്ത് ശ്മശ്രുക്കളെ തുരത്തി ഭംഗിയാക്കിയ മുഖം. എതിരെയുള്ളവരെ ആരോരുമറിയാതെ ശ്രദ്ധിക്കാനാവണം, രണ്ടുപേരും രഹസ്യപൊലീസുകാരെപ്പോലെ കൃഷ്ണമണികള്‍ തെളിയാത്ത കറുത്ത നിറമുള്ള സണ്‍ഗ്ലാസ്സ് ധരിച്ചിട്ടുണ്ട്. അവര്‍ കുറച്ചു നേരമായി വിശേഷം പറയുകയാണ്. ഒരാഴ്ചയായി ഞാന്‍ ഗോവയിലായിരുന്നു.
ഗോവ സൂക്ഷിക്കണം ബ്രോ. പ്രത്യേകിച്ച് വിദേശികളോടെല്ലാം അടുക്കുമ്പോള്‍. 
റിസ്‌ക്കുണ്ടെങ്കിലും കൂടുതല്‍ ഭേദപ്പെട്ട പ്രതിഫലം പ്രതീക്ഷിക്കാം. ഇതു കണ്ടോ ചങ്കേ. ഇന്നലെ എന്നോടൊപ്പമുണ്ടായിരുന്ന നെതര്‍ലാന്‍ഡുകാരി സമ്മാനിച്ചതാണ്, അയാള്‍ ഒരു ഡിജിറ്റല്‍ ക്യാമറ ബാഗില്‍നിന്ന് ഉയര്‍ത്തിക്കാണിച്ചു.
ശരിയാ, ഇവിടത്തുകാരികളാണെങ്കില്‍ എന്തുതരും. കൂടിയാല്‍ ഒരു അഞ്ഞൂറു രൂപ. ചിലപ്പോള്‍ ഒരു ഷര്‍ട്ടോ, ടീ ഷര്‍ട്ടോ കിട്ടിയെങ്കിലായി. 
ബ്രോ, ഞാന്‍ തരിശിലേക്കു പോകുകയാണ്. ബാല്‍ക്കെ ജംഗ്ഷനില്‍ ഇറങ്ങി മാറിക്കയറും. തരിശില്‍ ഒരു സ്ഥിരം കസ്റ്റമറുണ്ട്. അവിവാഹിതയായ ഒരു പാവം.
ഭര്‍ത്താവില്ലാത്തവളാകുമ്പോള്‍ അടുക്കുമ്പോള്‍ സൂക്ഷിക്കണം. കണ്ണീരും തൂകി അവളൊരു പ്രേമനാടകം കളിച്ചാല്‍ നമ്മള്‍ കുടുങ്ങിപ്പോകും. ഒടുവില്‍ നമ്മുടെ പ്രൊഫഷന്‍, ഭാവി എല്ലാം ഇവള്‍മാര്‍ വെള്ളത്തിലാക്കും. പിന്നെ വീട്, കുട്ടികള്‍, പ്രാരാബ്ധങ്ങള്‍... ഇങ്ങനെ എത്രയെത്ര പേരാണ് ഇത്തരം ചതിയില്‍ കുടുങ്ങി ജിംഗാളത്വം നഷ്ടപ്പെട്ട് നശിച്ചുപോയിട്ടുള്ളത്.
പക്ഷേ, ഇവള്‍ വളരെ ഡീസന്റാ. സൂത്രത്തിലൂടെ കാര്യം നേടിയെടുക്കുന്നവളല്ല. മോറല്‍സൈഡൊക്കെ വളരെ സ്ട്രിക്റ്റാ. ആരെങ്കിലും പ്രേമമെന്നു പറഞ്ഞാല്‍ മതി ചെരിപ്പൂരി പെരുമാറുന്ന ടൈപ്പ്. വിവാഹമെന്നു പറയുന്നത് അവളെപ്പോലെയൊരു സുന്ദരിക്ക് അസാധ്യമല്ല.
അപ്പോഴവള്‍ വിവാഹിതയാവുകയേയില്ല എന്നാണോ?
എന്നല്ല, വിവാഹിതയാവുംവരെ ഒരു താല്‍ക്കാലിക സംവിധാനമാണിത്. എന്നെപ്പോലെ കാണാന്‍ ഒരു വര്‍ക്കത്തുമില്ലാത്തവനെ വിളിക്കുന്നത് ഒരുവിധത്തിലും പ്രേമമെന്ന അബദ്ധത്തില്‍ വീഴാതിരിക്കാനാണെന്നുവരെ ഒരിക്കല്‍ പണിയെടുക്കുന്നതിനിടയില്‍ പറയുകകൂടി അവള്‍ ചെയ്തിരുന്നു.
അല്ലെങ്കിലും ഈ പ്രേമം കാലഹരണപ്പെട്ട ഒരു പ്രസ്ഥാനമാണ്, എമര്‍ജന്‍സി എക്‌സിറ്റിനു സമീപത്തിരുന്ന് ഉറക്കം നടിച്ചയാള്‍ അവരുടെ സംഭാഷണത്തില്‍ അതിക്രമിച്ചു കയറാന്‍ കിട്ടിയ ശ്രമം പാഴാക്കിയില്ല. അവര്‍ ആദ്യം പറഞ്ഞ കാര്യങ്ങളൊന്നും അയാള്‍ക്ക് വ്യക്തമായി മനസ്സിലായിരുന്നെങ്കിലും.
അപ്പോഴാണ് ഒരു മൂന്നാമന്‍ തങ്ങളുടെ സംഭാഷണത്തിലേക്ക് ചെവി കൂര്‍പ്പിക്കുന്ന വിവരം ജിംഗാളകള്‍ ശ്രദ്ധിച്ചത്. ജിംഗാളകള്‍ക്ക് പുരുഷന്മാരായ സഹയാത്രികരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നത് തീരെ താല്‍പ്പര്യം കുറവായിരുന്നു. ആരെങ്കിലും അങ്ങനെ വലിഞ്ഞുകയറി സംസാരിക്കാന്‍ ശ്രമിച്ചാല്‍ പരിചയഭാവം കാണിക്കാതെ മുഖം തിരിച്ചിരിക്കുകയാണ് പതിവ്. ജിംഗാളകള്‍ മിണ്ടാതെ നീരസം കാണിച്ചപ്പോള്‍ ജാലകത്തിനരികെയിരുന്ന ആള്‍ നിരുത്സാഹപ്പെട്ട് ഉറക്കത്തില്‍ത്തന്നെ ശുഷ്‌കാന്തി പ്രകടിപ്പിക്കാമെന്നു തീരുമാനിച്ചു.

അവര്‍ക്കെതിരെയുള്ള സീറ്റിലെ ഇംഗ്ലീഷില്‍ നോവല്‍ വായിക്കുന്ന സ്ത്രീ അതടച്ചുവെച്ച് ഒന്നാമത്തെ ജിംഗാളയെ ശ്രദ്ധിച്ചു. അവളുടെ മുഖം റോസ് പൗഡര്‍ തേച്ച് സുന്ദരവും ചുണ്ടുകള്‍ ലിപ്സ്റ്റിക്കിട്ട് ചുവന്നു തുടുത്തതുമായിരുന്നു. അവളുടെ ടീ ഷര്‍ട്ടിനിടയില്‍ സ്തനങ്ങള്‍ തുളുമ്പുന്നതും രണ്ടു ജിംഗാളകളും ശ്രദ്ധിച്ചു. ലഗ്ഗീസിനുള്ളിലെ തുടകളുടെ സമൃദ്ധിയില്‍നിന്നു കണ്ണുകള്‍ പിന്‍വലിക്കാന്‍ ജിംഗാളകള്‍ പണിപ്പെടുകയായിരുന്നു. അവളുടെ തൊട്ടരികില്‍ ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഇരുവരും ഉള്ളില്‍ മോഹിക്കുന്നുണ്ടായിരിക്കണം.

ഇത്രയുമായപ്പോഴേക്കും മടുത്ത് ഹരികൃഷ്ണന്‍ അവര്‍ ഇരുവരില്‍നിന്നും ശ്രദ്ധ തിരിച്ചു. സീറ്റില്‍നിന്നും തല ഉയര്‍ത്തി മുന്നിലേക്കും പിന്നിലേക്കും കണ്ണോടിക്കുമ്പോള്‍ ഏതോ ഒരു ഇഴജീവിയുടെ അന്നനാളത്തിനുള്ളില്‍ കുടുങ്ങിയതുപോലെ. തീവണ്ടി അടുക്കള മാത്രമല്ല, വിശപ്പിന്റെ തീ കത്തുന്ന ആമാശയം കൂടിയാണ്. അതിനുള്ളിലെ കമ്പികളില്‍ തൂങ്ങിനില്‍ക്കുന്നവരും സീറ്റുകളില്‍ ഉറക്കം തൂങ്ങുന്നവരെല്ലാം അതിന്റെ ഇരകളാണ്. എന്നാല്‍, ആ തീവണ്ടിയിലെ മറ്റു നൂറുകണക്കിനു യാത്രക്കാരെപ്പോലെ ഏതെങ്കിലുമൊരു വ്യവസ്ഥയുടെ ഇരയായി സ്വയം കണക്കാക്കാന്‍ അയാള്‍ കൂട്ടാക്കിയുമില്ല. മറ്റുള്ളവരില്‍നിന്നും ചെറിയൊരു നിരീക്ഷണപഥത്തിനപ്പുറത്ത് തന്നെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഹരികൃഷ്ണന്റെ എല്ലാ യാത്രകളും. 
തൊട്ടടുത്ത ദിവസം പൊതു അവധിയാണെന്നതിന്റെ സ്പഷ്ടമായ ലക്ഷണങ്ങള്‍ തീവണ്ടി പ്രകടിപ്പിച്ചു. ഓരോ സ്റ്റേഷനിലും അതു യാത്രക്കാരെ തമ്മിലടിപ്പിച്ച് ബ്രേക്ക് ചെയ്യുമ്പോള്‍ വളരെ തുച്ഛം ആളുകള്‍ മാത്രം ഇറങ്ങി. കൂടുതല്‍ യാത്രക്കാര്‍ വാതിലുകളിലും കമ്പിയിലും നരിച്ചീറുകളെപ്പോലെ തൂങ്ങിക്കിടക്കാന്‍ അനുവദിച്ചുകൊണ്ട് പരിതാപകരമായ ഒരു ചൂളം വിളിയുമായി പ്ലാറ്റ്ഫോമുകളില്‍നിന്നും വേസ്റ്റ്ലാന്‍ഡ് എക്‌സ്പ്രസ്സ് മുന്നോട്ടു നീങ്ങുകയാണ്.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ അവര്‍ സഞ്ചരിക്കുന്ന തീവണ്ടി ചെറിയ കോണ്‍ക്രീറ്റ് തുരങ്കത്തിലൂടെ കടന്നുപോകും. ഏകദേശം ഒരു മിനിറ്റ് നേരം തീവണ്ടിയുടെ എസ്-ഇലവന്‍ കോച്ച് ഇരുട്ടിലായിരിക്കും. തുരങ്കത്തിലൂടെ പോകുന്ന തീവണ്ടി അശ്ലീലമാണെന്ന് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്. ഫ്രോയിഡ് എപ്പോഴാ അങ്ങനെ പറഞ്ഞതെന്നൊന്നും ചോദിക്കരുത്. വലിയ ഉറപ്പൊന്നുമില്ല. എന്തായാലും ഫ്രോയിഡല്ലേ ആള്. അങ്ങനെ പറയാതിരിക്കാന്‍ വഴിയില്ല. പറഞ്ഞില്ലെങ്കിലും ഇങ്ങനെയുള്ള എല്ലാ വൃത്തികേടുകളും പാവം ഫ്രോയിഡിന്റെ തലയില്‍ കെട്ടിവയ്ക്കുകതന്നെ. 
തുരങ്കം എത്തുവാന്‍ ഇനിയും കുറച്ചു ദൂരം പോകണം. സുഖകരമായ ചെറിയ കുലുക്കങ്ങളോടെ തീവണ്ടി എളിയ പാലങ്ങളിലൂടെയും പഴകിയ റെയില്‍മാര്‍ഗ്ഗങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങള്‍ ഉയരുന്നത് മറ്റുള്ളവരെപ്പോലെ അയാളും അവഗണിച്ചു. തുരങ്കത്തിലൂടെ തീവണ്ടി പോകുമ്പോള്‍ ഉണ്ടാകുന്ന അല്‍പ്പനേരത്തെ ഇരുട്ടിനെക്കുറിച്ചാണ് അയാള്‍ പിന്നെയും ഓര്‍ത്തത്. ഹരികൃഷ്ണന്‍ മറൈന്‍ഡ്രൈവില്‍ വൈകിട്ട് നടക്കുന്ന ചുംബനസമരത്തില്‍ പങ്കെടുക്കാന്‍ പോകുകയാണ്. പാര്‍ക്കിലിരുന്നു ചുംബിച്ചതിന്റെ പേരില്‍ കമിതാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്തതിനെതിരെ അയാളുടെ ഫേസ്ബുക്ക് ഗ്രൂപ്പും സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.  
ചുംബനസമരം എങ്ങനെയായിരിക്കുമെന്നോ ആരെയാണ് ചുംബിക്കുകയെന്നൊന്നും അയാള്‍ക്ക് വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും ചുംബിക്കേണ്ടത് സ്ത്രീകളെയായിരിക്കണം. പക്ഷേ, സമരത്തിനിടെ ചുംബിക്കേണ്ട ആളെ ഹരികൃഷ്ണന്‍ കൂടെ കരുതിയിരുന്നില്ല. അവിടെ ചെല്ലുമ്പോള്‍ കിട്ടുമായിരിക്കും. അയാള്‍ സമാധാനിച്ചു. എന്തായാലും എത്രയോ നല്ല കാര്യമാണ് മറ്റൊരാളെ ചുംബിക്കുകയെന്നു പറയുന്നത്. കുട്ടിക്കാലത്ത് അമ്മയും അച്ഛനും അയാളെ ചുംബിച്ചിരുന്നു. അയാള്‍ തിരിച്ചും. അച്ഛന്‍ ഉമ്മവയ്ക്കുമ്പോള്‍ ബീഡിയുടെ മണമാണ്. ഷേവ് ചെയ് മുഖത്തെ കുറ്റിരോമങ്ങള്‍ കൊള്ളുമ്പോള്‍ കള്ളിച്ചെടിയില്‍ മുഖം മുട്ടിയതുപോലെ മുറിയും. വലുതായപ്പോള്‍ അനുസരണക്കേട് കാട്ടുന്നതിനാല്‍ അച്ഛന്‍ ചുംബിക്കുന്നതിനു പകരം അയാളെ തല്ലാനുള്ള പ്രവണതയാണ് പ്രകടിപ്പിച്ചിരുന്നത്. അച്ഛന്റെ തല്ലു കിട്ടുമ്പോള്‍ ആശ്വസിപ്പിക്കാനായി അമ്മ ഉമ്മ തരുമായിരുന്നു. അമ്മയുടെ ചുംബനത്തിന് നല്ല തണുപ്പാണ്. വളര്‍ന്നുവലുതായപ്പോള്‍ അമ്മ അയാളെ ചുംബിക്കാറില്ല. അമ്മയെ ചുംബിക്കാന്‍ അയാള്‍ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വലുതായപ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കാനുള്ള സാധ്യതയെ ഭയന്ന് ആരെയും ചുംബിക്കാന്‍ മടിയായി. 

കുട്ടിക്കാലത്ത് ഹരികൃഷ്ണന്‍ താമസിച്ചിരുന്നത് തീവണ്ടിപ്പാതയ്ക്കരികിലെ വീട്ടിലാണ്. വീടിന്റെ തിണ്ണയിലിരുന്നാല്‍ തീവണ്ടിയിലെ പേരറിയാത്ത യാത്രക്കാര്‍ക്ക് റ്റാറ്റ കൊടുക്കാം. ജനാലയിലൂടെ അവര്‍ തിരിച്ചു റ്റാറ്റ തരുമ്പോള്‍ വലിയ സന്തോഷം തോന്നും. ചുക്കുച്ചുക്കുവണ്ടിയെന്നാണ് അതിനെ പേര് വിളിച്ചിരുന്നത്. അതിനേക്കാള്‍ സന്തോഷം തോന്നാറുള്ളത് അതിന്റെ വാതിലിലേക്ക് നോക്കുമ്പോഴാണ്. തിരക്ക് കുറഞ്ഞ എക്‌സ്പ്രസ്സ് ചുക്കുച്ചുക്കുവണ്ടിയങ്ങനെ പാഞ്ഞുപോകുമ്പോള്‍ വാതിലിനടുത്ത ഇടനാഴികളില്‍ ഏതോ ചേട്ടന്മാരും ചേച്ചിമാരും കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ടു ആടിയുലഞ്ഞു നില്‍ക്കുന്നതു കാണാം. അതു കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷത്താല്‍ ഹരികൃഷ്ണന്‍ ചുക്കുച്ചുക്കുവണ്ടി-ചുംബനവണ്ടിയെന്നങ്ങനെയൊരു പാട്ടുണ്ടാക്കി തീവണ്ടിയായി തൊട്ടപ്പുറത്തെ വയലിന്റെ വരമ്പത്തൂടെ കുറേ ദൂരം പായും. 
ബ്രോ, എനിക്ക് ആ യുവതിയെ കാണുമ്പോള്‍ ചുംബിക്കാന്‍ തോന്നുന്നുണ്ട്. എന്താ അതിനൊരുപായം. ജിംഗാളകളില്‍ ഒരാള്‍ മറ്റേ ആളിനോട് ചെവിട്ടില്‍ പറയുന്നത് ഹരികൃഷ്ണന്‍ ശ്രദ്ധിച്ചു.
ഛെ. ഇത്തരം സദാചാരവിരുദ്ധമായ ആശയങ്ങളായിരുന്നോ തന്റെയുള്ളില്‍. ഇതൊക്കെ മാരകമായ പകര്‍ച്ചവ്യാധികളെ സൃഷ്ടിക്കും. ചുംബനം, പ്രണയം ഇതൊക്കെ നമ്മുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ്. ഇത്തരം പ്രലോഭനങ്ങളിലൊന്നും നമ്മള്‍ വീഴാന്‍ പാടില്ലെന്നറിഞ്ഞുകൂടേ. നൂറുകണക്കിന് രോഗാണുക്കളാ ഒരു ചുംബനത്തിലൂടെ പരക്കുന്നത്.
എങ്കില്‍ വേണ്ട. സോറി. എനിക്ക് സൈദ്ധാന്തികമായി ഒരു പിഴവ് പിണഞ്ഞു. നമ്മുടെ പ്രത്യയശാസ്ത്രങ്ങളെല്ലാം ഞാനത്ര ഓര്‍ത്തില്ല. 
അതൊന്നും കാര്യമാക്കേണ്ട ബ്രോ. അങ്ങനെയൊരു താല്‍പ്പര്യമുണ്ടെങ്കില്‍ നമ്മുക്ക് അവളെ വളയ്ക്കാം. പക്ഷേ, നമ്മള്‍ വളയരുത്. എന്താ ഒരു കൈ നോക്കിയാലോ. ഒരു മല്‍സരം. അടുത്ത സ്റ്റേഷന്‍ വരും മുന്‍പ് അവളെ ഞാന്‍ വശത്താക്കും. 


ഹരികൃഷ്ണന്‍ വീണ്ടും എതിര്‍വശത്തേയ്ക്ക് നോക്കുമ്പോള്‍ ജിംഗാളകള്‍ സ്ത്രീയെ ട്യൂണ്‍ ചെയ്‌തെടുക്കാനുള്ള ശ്രമത്തിലാണെന്നു തോന്നി. അവള്‍ അലസമായി ഒന്നാമത്തെ ജിംഗാളയെ നോക്കി നേരിയ പുഞ്ചിരി പ്രകടമാക്കി. ആദ്യത്തെ ജിംഗാള അതു കണ്ട് ഒന്നിളകി. അപ്പോള്‍ രണ്ടാമത്തെ ജിംഗാളയുടെ മുഖത്ത് അസൂയാഭാവം ഒന്നു മിന്നിത്തെളിഞ്ഞു.
അവര്‍ക്കിടയില്‍ തൊഴില്‍പരമായ ഒരു മത്സരം ദൃശ്യമായി. സ്ത്രീയുമായി പരിചയപ്പെടാന്‍ ഉപകരിക്കുമെന്നു കരുതിയാവണം രണ്ടാമത്തെ ജിംഗാള വായിക്കാനെന്നവണ്ണം പ്ലീസ് എന്നു പറഞ്ഞുകൊണ്ട് അവളുടെ കയ്യിലെ നോവല്‍ കടം വാങ്ങി. പ്ലീസ്, ഒ.കെ, താങ്കുയു, നോ, സോറി എന്നിങ്ങനെ ചില വാക്കുകള്‍ ഉള്ളതിനാല്‍ എത്ര പേരാണ് ജീവിച്ചുപോകുന്നത്.

പുസ്തകം മറിച്ചുനോക്കുന്ന രണ്ടാമത്തെ ജിംഗാളയുടെ മുഖം വിളറുകയും അര്‍ത്ഥമില്ലാത്ത ഒരു ചിരി അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഏതാനും സെക്കന്റുകള്‍കൊണ്ട് ഗൗരവമായ മുഖഭാവത്തോടെ പുസ്തകത്തിന്റെ താളുകളിലേക്ക് തന്നെ അയാള്‍ തുറിച്ചുനോക്കി. എഴുതാനും വായിക്കാനും പഠിക്കാതിരുന്നത് എത്ര കഷ്ടമായി. പിന്നെ ഒന്നേ രണ്ടേയെന്നിങ്ങനെ അയാള്‍ നൂറുവരെ മനസ്സില്‍ എണ്ണി വായിക്കുന്നതുപോലെ ചുണ്ടനക്കി. ഓരോ നൂറെണ്ണുമ്പോഴും ചങ്കുറ്റത്തോടെ ഓരോ പേജ് മറിച്ചു.
എടാ നിനക്കതിനു വായിക്കാനും എഴുതാനുമൊന്നുമറിയില്ലല്ലോ? അയാളുടെ അതിരുകവിഞ്ഞ ശുഷ്‌കാന്തിയില്‍ അസഹിഷ്ണുവായി ഒന്നാമത്തെ ജിംഗാള ചെവിയില്‍ മന്ത്രിച്ചു. അയാള്‍ക്ക് മറ്റവന്റെ ഈ വായന തീരെ സുഖിക്കുന്നില്ല. നീ മര്യാദയ്ക്ക് ആ പുസ്തകം തിരിച്ചുകൊടുക്ക്. അത് ഇംഗ്ലീഷാണ്. അവള്‍ ഇംഗ്ലീഷില്‍ വല്ല ചോദ്യവും ചോദിച്ചാല്‍ നീ തല്‍ക്ഷണം കൊല്ലപ്പെടും.
താങ്ക്യു മേഡം. ഞാനിത് മുമ്പ് വായിച്ചതാണ്, ജിംഗാള രണ്ടാമന്‍ എത്രയും പെട്ടെന്നു വായന അവസാനിപ്പിച്ച് തടിയൊഴിവാക്കി.

എതിര്‍വശത്തെ സീറ്റില്‍ സ്ത്രീയുടെ തൊട്ടരികെ ഇരിക്കുന്നയാള്‍ അബദ്ധത്തിലെങ്ങാനും അവരുടെ ശരീരത്തില്‍ തൊട്ടുപോകാതിരിക്കാന്‍ ജാഗ്രതമായി സ്വന്തം തുടകള്‍ക്കിടയില്‍ കൈതിരുകിയാണിരിപ്പ്. എത്ര നല്ല മനുഷ്യന്‍, ജിംഗാളകള്‍ അയാളെ നോക്കി അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പുരുഷന്മാരുടെ മോറല്‍സൈഡ് എപ്പോഴും ക്ലീന്‍ ആയിരിക്കണം. അതില്ലാത്തതാണ് പാശ്ചാത്യ രാജ്യങ്ങളിലെ ജീര്‍ണ്ണതയ്ക്കു കാരണം. അവിടെ ഒരു പുരുഷനും സ്ത്രീയും കണ്ടുമുട്ടിയാല്‍ മതി അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. ഫ്രീ സെക്‌സ്! ഇതൊന്നും അനുവദിക്കാന്‍ പാടില്ല.

പാടില്ല-പാടില്ല. അനുവദിച്ചാല്‍ നമ്മുടെ സമൂഹം തകര്‍ന്നുപോകും.
സ്ത്രീയുടെ തൊട്ടരികെ ഇരിക്കുന്നയാള്‍ക്ക് അടുത്ത സ്റ്റേഷനില്‍ ഇറങ്ങണമെന്നു തോന്നുന്നു. അതിന്റേതായ ചില മരണലക്ഷണങ്ങള്‍ അയാള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സീറ്റിനു ചുറ്റും അസ്വസ്ഥതയോടെ നോക്കുക, വാച്ചില്‍ നോക്കുക, കയ്യിലെ ബാഗില്‍ മുറുകെ പിടിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ യാത്രക്കാരിലാര്‍ക്കെങ്കിലും കണ്ടാല്‍ ഉറപ്പാക്കാം, ഒരു സീറ്റ് ഒഴിയാന്‍ പോകുന്നു. ജിംഗാളകള്‍ക്ക് അതു മനസ്സിലായി. രണ്ടുപേരും മനസ്സില്‍ ഗൂഢമായി വിചാരിച്ചു, അയാള്‍ അവിടെനിന്നും എഴുന്നേറ്റാല്‍ ഉടന്‍ സ്ത്രീയുടെ അരികെയുള്ള എതിര്‍വശത്തെ സീറ്റില്‍ ഇരിക്കണം. എന്നാല്‍ ഈ മനോഭാവം അവര്‍ പുറമെ പ്രകടിപ്പിക്കാതെ ഒരുതരം നിസ്സംഗത നടിച്ചു. അപ്പോഴും അവിടെയെങ്ങനെ ആദ്യം ചാടിയിരിക്കാം എന്നതേപ്പറ്റി മാത്രം ഇരുവരും ആലോചിച്ചുകൊണ്ടിരുന്നു.

ജിംഗാളകള്‍ കണക്കുകൂട്ടിയപോലെതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടുത്ത സ്റ്റേഷന്‍ അടുക്കാറായപ്പോഴേക്കും സദാചാരഭീരു ചാടിയെഴുന്നേറ്റപ്പോള്‍ ഒരു സെക്കന്റ് നേരത്തേയ്ക്ക് സ്ത്രീയുടെ തൊട്ടരികിലെ സീറ്റ് ഒഴിഞ്ഞതായി പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അടുത്ത സെക്കന്റില്‍ ജിംഗാളകളുടെ കണക്കുകൂട്ടല്‍ പിഴപ്പിച്ച സംഗതിയാണ് സംഭവിച്ചത്. 
ഇങ്ങനെയാണ് ചില കഥകളില്‍ വില്ലന്മാര്‍ പ്രത്യക്ഷപ്പെടുക. തിരക്കുള്ള ബസിലും ട്രെയിനിലും കല്യാണപ്പന്തലുകളിലും ഏതെങ്കിലും തൂണും ചാരി നില്‍ക്കുകയാവും ഇത്തരക്കാര്‍. എന്നാല്‍ അവരുടെ നോട്ടം ജാഗ്രതയോടെ, എവിടെയെങ്കിലും ഒരു സീറ്റൊഴിയുന്നുണ്ടോയെന്നതാവും. സീറ്റൊഴിഞ്ഞാല്‍ എത്ര തിരക്കുണ്ടാവട്ടെ, എത്ര ദൂരെയായിക്കൊള്ളട്ടെ ഇവന്മാര്‍ അവിടെ വൈദഗ്ദ്ധ്യത്തോടെ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കും. 
ഇതെങ്ങനെ സംഭവിച്ചു? ജിംഗാളകള്‍ വല്ലാത്ത ഒരു അവിശ്വാസത്തോടെയും ജാള്യത്തോടെയും പരസ്പരം നോക്കി. അല്‍പ്പസമയത്തിനുള്ളില്‍ അവരുടെ മുഖത്തെ വിസ്മയഭാവം മാറുകയും അതു നിരാശമാവുകയും പിന്നെ സ്ഥായിയായി ക്രോധം അവിടെ കയറിക്കൂടുകയും ചെയ്തു. എന്നാല്‍, യുവാവിനു നേരെ ക്രോധം പ്രകടിപ്പിക്കാന്‍ ഒരു ഹേതു കാണായ്കയാല്‍ അവര്‍ അഹേതുകമായി ഞെളിപിരികൊണ്ടു. 

പുതിയ യുവാവ് സീറ്റിലെത്തിയ ഉടന്‍ ഒന്നുമറിയാതെ കണ്ണടച്ച് ഉറക്കമാവുന്നതും പതുക്കെ അയാളുടെ തല സ്ത്രീയുടെ മാറിടം ലാക്കാക്കി തെന്നിപ്പോവുന്നതും കണ്ട് ജിംഗാളകള്‍ അസ്വസ്ഥരായി. സ്ത്രീയാകട്ടെ വളരെ സഹിഷ്ണുതയോടെയും അനുഭാവത്തോടെയും പുതിയ യുവാവിന്റെ ശരീരത്തെ സഹിച്ചു. ഈ പുതിയൊരു സഹകരണം സദാചാരത്തെ തകര്‍ത്തുകൊണ്ട് അരങ്ങേറാനുള്ള സാധ്യതയോര്‍ത്താവണം ജിംഗാളകള്‍ വേവലാതി പൂണ്ടു. 

എല്ലാറ്റിനും സാക്ഷിയായിരിക്കുമ്പോള്‍ ഹരികൃഷ്ണന്റെ ഉള്ളില്‍ എന്തോ ഓര്‍ത്ത് ചെറിയ പുഞ്ചിരി വിടര്‍ന്നു. ക്ഷീണം കൊണ്ട് അയാള്‍ തലചായ്ച്ചു. തീവണ്ടിയുടെ താളം മാത്രം കേള്‍ക്കാം. ആട്ടുകട്ടിലില്‍ എന്നപോലെ തീവണ്ടി അയാളെ പതുക്കെ ചലിപ്പിക്കുന്നുണ്ട്. ഓര്‍ത്തിരിക്കേ ക്ഷീണംകൊണ്ട് ഹരികൃഷ്ണന്‍ പതുക്കെ കണ്ണുകളടച്ചു. തീവണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തുന്നതും ആരൊക്കെയോ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കണ്ണടച്ചിരുന്നാലും കേള്‍ക്കാം. പ്ലാറ്റുഫോമിലെ ചായക്കാരുടെ കഠോരമായ ശബ്ദം. ഗാഡിന്റെ വിസലടി. തിരക്കിട്ട് പ്ലാറ്റുഫോറത്തിലൂടെ ആരൊക്കെയോ ഓടുന്നതും കേള്‍ക്കാം.

ഞെട്ടിയുണര്‍ന്ന കണ്ണു തുറന്നു നോക്കുമ്പോള്‍ ഒരു നാടകത്തിന്റെ കര്‍ട്ടണ്‍ നീക്കിയതുപോലെ മുന്നിലെ സീറ്റിലെ രംഗങ്ങള്‍ മാറിയിരിക്കുന്നു. ജിംഗാളകളേയും പരിഷ്‌കാരിയായ സ്ത്രീയേയും മറ്റുള്ളവരേയും കാണാനില്ല. അവരെല്ലാം കഴിഞ്ഞ സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരിക്കണം. മുന്നില്‍ പുതിയ ഏതാനും യാത്രക്കാരാണ്. അവര്‍ക്കിടയില്‍ തേജസ്വിയായ ഒരു യുവതിയെയും കണ്ടു. അവള്‍ ചെറുപുഞ്ചിരിയോടെ ഉറക്കം തൂങ്ങുന്ന അയാളെ തന്നെ നോക്കുകയാണ്. ഹരികൃഷ്ണന്‍ അദ്ഭുതത്തോടെ മിഴിച്ചു നോക്കി.
ഹരികൃഷ്ണന് എന്നെ മനസ്സിലായില്ലേ? അയാള്‍ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ അവള്‍ ചോദിച്ചു. പക്ഷേ, എത്ര ആലോചിച്ചിട്ടും അവളെ ഓര്‍മ്മ വരുന്നില്ലല്ലോ എന്ന ധര്‍മ്മസങ്കടത്തിലായി അയാള്‍. എങ്കിലും ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടി ചോദിക്കുമ്പോള്‍ ഇല്ലെന്നു പറയുന്നതെങ്ങനെ?
ചുംബനസമരത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ് അല്ലേ. അവള്‍ ചോദിച്ചപ്പോള്‍ ഹരികൃഷ്ണന്‍ യാന്ത്രികമായി തലയാട്ടി. എനിക്കും നിങ്ങളുടെ ഈ സമരത്തോട് അനുഭാവമുണ്ട്. പക്ഷേ, ജോലി ചെയ്യുന്ന കമ്പനിയുടെ അടിയന്തര യോഗം വൈകിട്ട് വന്നുപെട്ടു. എങ്കിലും ഈ സമരത്തിന് എല്ലാ അഭിവാദ്യങ്ങളും നേരുകയാണ്. 

അതുകേട്ടപ്പോള്‍ ഹരികൃഷ്ണന്റെ മുഖം വിടര്‍ന്നു. മനസ്സു വായിക്കുകയാണവള്‍. എങ്ങനെ ഇത് ഇവള്‍ ഇതൊക്കെ അറിഞ്ഞു? 
ഞാന്‍ നിമിഷ. മനസ്സിലായോ. അവള്‍ കൂടുതല്‍ പരിചയപ്പെടുത്തി. നമ്മള്‍ ഫേസ്ബുക്കിലെ ഫ്രന്‍ഡ്‌സാണ്. ഗോയിങ് ടു ദ അനദര്‍ എന്‍ഡ്. അതാണെന്റെ അടയാള വാക്യം.
ഫേസ്ബുക്കില്‍ സമരത്തോടനുബന്ധിച്ച് ചുംബിച്ചുണരാം എന്ന ഒരു ഈവന്റ് അയാളുടെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അതില്‍ ഓരോരുത്തര്‍ക്കും പ്രതികരണം രേഖപ്പെടുത്താം. പങ്കെടുക്കാന്‍ കഴിയില്ല, ഒരുപക്ഷേ, പങ്കെടുക്കും, തീര്‍ച്ചയായും പങ്കെടുക്കും. തീര്‍ച്ചയായും പങ്കെടുക്കുമെന്ന കോളത്തിലാണ് ഹരികൃഷ്ണന്‍ അടയാളപ്പെടുത്തിയിരുന്നത്. നിമിഷ അതു കണ്ടിരിക്കണം. 
ഹരികൃഷ്ണന്റെ പോസ്റ്റുകളിലെല്ലാം ഞാന്‍ ലൈക്ക് ചെയ്യാറുണ്ട്. ചിലതില്‍ കമന്റുകളും. കഴിഞ്ഞ ദിവസം വന്ന പോസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു. പാര്‍ക്കിലിരുന്നു ചുംബിച്ച കാമുകികാമുകരെ നിര്‍ദ്ദയം മര്‍ദ്ദിച്ച നിയമപാലകര്‍ക്കെതിരെ പ്രതിഷേധിച്ചെഴുതിയത്. പ്രതികരണം വളരെ ശക്തമായിരുന്നു.


അതിന്റെ പേരില്‍ എത്ര പേരാ എനിക്കെതിരെ തട്ടിക്കയറിയത്. എല്ലാം കപടസദാചാരവാദികളാണ്. ഹരികൃഷ്ണന്‍ ചിരിച്ചു. പ്രസരിപ്പുള്ള പെണ്‍കുട്ടിയാണ് നിമിഷ. നാലായിരത്തി മുപ്പത്തിയേഴ് ഫ്രന്‍സാണ് അയാള്‍ക്ക് ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത്. ധാരാളം ഫ്രെന്‍ഡ്സ് റിക്വസ്റ്റുകള്‍ അയച്ചത് ഇനിയും പെന്റിങ്ങായി കിടക്കുന്നുണ്ട്. മിടുക്കികളായ പെണ്‍കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത് റിക്വസ്റ്റ് അയയ്ക്കുക അയാളുടെ സ്വഭാവമാണ്. അപൂര്‍വ്വമായി ആണുങ്ങള്‍ക്കും. എന്നാല്‍, ഇവരില്‍ ആരെയും നേരില്‍ കണ്ടുമുട്ടിയാല്‍ തിരിച്ചറിയില്ലെന്ന് അയാള്‍ ജാള്യതയോടെ ഓര്‍ത്തു. ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ കാര്യം എപ്പോഴും വിശ്വസിക്കാന്‍ കഴിയില്ല. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ സുന്ദരിയായ പെണ്‍കുട്ടിയുടെ പ്രൊഫൈലിന് പിന്നില്‍ കൗശലക്കാരായ പുരുഷന്മാരുമാകും. 
ചുംബിക്കുന്നത് അശ്ലീലമായാണ് പലരും കരുതുന്നത്. അല്ലെങ്കിലും ഇഷ്ടപ്പെട്ട രണ്ടുപേര്‍ ചുംബിച്ചാല്‍ അതിനു മറ്റുള്ളവര്‍ക്കെന്താ? ഞാനതില്‍ വലിയ കുറ്റമൊന്നും കാണുന്നില്ല. അതവരുടെ കാര്യം. സിനിമയിലാണെങ്കില്‍ ഈ എതിര്‍ക്കുന്നവരെല്ലാം ഇതു നോക്കി സന്തോഷിക്കുമല്ലോ. അയാള്‍ പറഞ്ഞു.
രണ്ടുപേര്‍ ചുംബിക്കുന്നതിനു പിന്നില്‍ എന്തൊക്കെ ഉദ്ദേശ്യങ്ങള്‍ കാണാം. എന്നാല്‍, ചിലര്‍ അതില്‍ ലൈംഗികത മാത്രം കാണുന്നു. പ്രത്യേകിച്ച് എതിര്‍ലിംഗത്തിലായവര്‍ തമ്മിലാവുമ്പോള്‍. ഇങ്ങനെയുള്ള വൃത്തികെട്ടവര്‍ കാരണം അമ്മയ്ക്കും മകനും അച്ഛനും മകള്‍ക്കും പരസ്പരം വാല്‍സല്യം പങ്കിടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സദാചാര പൊലീസിനു പരിഹസിക്കാന്‍ എത്രയെത്ര കോംപ്ലക്‌സുകളാ മന:ശാസ്ത്രത്തില്‍. ഈഡിപ്പസും ഇലക്ട്രാകോംപ്ലക്‌സും.

ഇവിടെ ആര്‍ക്കും ചുംബിക്കാനേ അറിയില്ല. ഒരു സ്വിച്ച് ഓണ്‍ചെയ്ത് ഓഫാക്കുന്ന ശബ്ദംപോലെ. ആരെങ്കിലും കാണുന്നുണ്ടോയെന്നൊക്കെ സൂത്രത്തില്‍ നോക്കി കഴുത്തില്‍ കയ്യിട്ട് പട്ടി കടിക്കുന്നപോലെയാ മറ്റു ചിലര്‍. പാശ്ചാത്യ രാജ്യത്തൊക്കെ ഒരു ചുംബനമെന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നര മണിക്കൂര്‍ നീളും. ഇന്ത്യക്കാരെ ശരിക്കും ചുംബിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. രണ്ടുപേര്‍ പരസ്പരം റോസപ്പൂവിനെ മണക്കുംപോലെയാവണം. 
പക്ഷേ, ചുംബനമെന്നത് ഭാര്യഭര്‍ത്താക്കന്മാര്‍ക്കുള്ള രഹസ്യമായ അവകാശം മാത്രമായി കരുതപ്പെടുകയാണ്. പരസ്യമായി അതു ചെയ്യാന്‍ പലരും മടിക്കുന്നു. നിമിഷ ചൂണ്ടിക്കാട്ടി.
എന്റെ കുട്ടിക്കാലത്ത് ധാരാളം യുവതീയുവാക്കള്‍ തീവണ്ടി മുറിയില്‍ ചുംബിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, ഇക്കാലത്ത് ആര്‍ക്കും ആരെയും തിരിച്ചറിയാത്ത തീവണ്ടിയില്‍ പോലും ആരും ചുംബിക്കാന്‍ മടിക്കുന്നു. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ തീവണ്ടി തുരങ്കത്തിലേക്കു പോവുന്ന ഇരുട്ടിനുവേണ്ടി അവര്‍ കാത്തിരിക്കുന്നു, പാവങ്ങള്‍. മോറല്‍ പൊലീസുകാരുടെ തല്ല് പേടിച്ച്.
അങ്ങനെയെങ്കാണ്ട് ഒരു കഥയില്ലേ. തുരങ്കത്തിലൂടെ തീവണ്ടി പോകുമ്പോള്‍ ഒരുത്തന്‍ സുന്ദരിയെ ചുംബിച്ചതിനു ശത്രുവായ വേറൊരു വിഡ്ഢി തല്ലു വാങ്ങുന്നത്. 
ആ കഥയ്ക്ക് വേറെയും പാഠഭേദങ്ങളുണ്ടെന്ന് ഹരികൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. സ്വന്തം കയ്യില്‍ ചുംബിച്ചു തെറ്റിദ്ധരിപ്പിച്ചു ശത്രുവിനെ തല്ലുന്ന ഒരാളുടെ കഥയും കേട്ടിട്ടുണ്ട്.

എന്തായാലും തല്ലും ചുംബനവും തമ്മില്‍ എന്തൊക്കെയോ ബന്ധമുണ്ട്. ചുംബനം നടന്നാല്‍ തല്ല് ഉറപ്പ്. അതാണ് സദാചാര പൊലീസിന്റെ നയം.
വാസ്തവത്തില്‍ ആര്‍ക്കാ ഈ ചുംബനംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നത്? ഏതാനും ചില വേശ്യകള്‍ക്കും പുരുഷവേശ്യകള്‍ക്കും അല്ലാതെ ആര്‍ക്കാ? ഇങ്ങനെയായാല്‍ അവര്‍ക്ക് അവരുടെ ബിസിനസ് നടക്കില്ലല്ലോ. അതിനാണ് അവര്‍ സദാചാര പൊലീസായി തൊപ്പി വയ്ക്കുന്നത്.
ഇതൊക്കെ മാറണം. ചുംബിക്കുന്നവരെ തല്ലുന്ന സദാചാര പൊലീസുകാര്‍ക്ക് ശരിക്കും തിരിച്ചു ചെകിടത്തടി കൊടുക്കുകയാ വേണ്ടത്. പക്ഷേ, അതിനു നമുക്ക് ശക്തിയില്ലല്ലോ.

അതിനാണല്ലോ മറൈന്‍ഡ്രൈവില്‍ ഒന്നിക്കുന്നത്. ആയിരക്കണക്കിന് ഇണകള്‍ പരസ്യമായി ചുംബിക്കുമ്പോള്‍ എത്ര പേരെയാണ് തല്ലുന്നതെന്നു കാണണമല്ലോ. സമരത്തിന് എല്ലാവരും പിന്തുണയ്ക്കണം. അതിനു പിന്തുണ റോഡില്‍തന്നെയല്ല. വീടുകളിലും വാഹനങ്ങളിലും ഈ തീവണ്ടിയിലും ഒക്കെ ആവാം. 
അങ്ങനെയെങ്കില്‍ പ്രതികാരമായി ഈ വിഡ്ഢികള്‍ക്കെല്ലാം മറ്റൊരുവിധം ചെകിടത്തടി കൊടുത്താലോ. നിമിഷയാണ് ഈ ആശയം ആദ്യം അവതരിപ്പിച്ചത്. തീവണ്ടിയില്‍ത്തന്നെ തിരിച്ചടി സമരം ആരംഭിക്കാം. അങ്ങനെ അതുപോലെ മറ്റൊരു പുതിയ ചുംബനക്കഥയും ജനിക്കട്ടെ. 
ഓ. ഞാന്‍ റെഡി.


ഹരികൃഷ്ണനും നിമിഷയും സമരത്തിന് ഒരുങ്ങുകയാണ്. ചുറ്റുമുള്ള ലോകത്തെ മറന്നു രണ്ട് വള്ളികള്‍ ചുറ്റിപ്പിണഞ്ഞു. ഉറ്റ ഉമ്മ മാത്രം. അനിര്‍വ്വചനീയമായ നിര്‍വൃതി പൂത്തുലഞ്ഞു. പക്ഷേ, അതിന്റെ ശബ്ദം മെഗാഹെര്‍ട്ട്‌സ് ശക്തിയുള്ള മൈക്കിലൂടെയെന്ന വണ്ണം ഇരുട്ടില്‍ മുഴങ്ങി. തീവണ്ടിമുറിയില്‍ അസാധാരണമായ പ്രകാശം പരന്നു. കടുത്ത പ്രകാശത്തില്‍ ആര്‍ക്കും ഒന്നും കാണാന്‍ പറ്റാതെയായി. തീവണ്ടി ഞെട്ടി കിതച്ചു. അടുത്ത നിമിഷം അതു ഭ്രാന്തുപിടിച്ചപോലെ കൂവി. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് ഹരികൃഷ്ണന്‍ കണ്ണ് തുറന്നത് കടുത്ത ഇരുട്ടിലേക്കാണ്. കടുത്ത വെളിച്ചത്തില്‍നിന്നു തിരിച്ചുവരുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന ഇരുട്ട്. തീവണ്ടി തുരങ്കത്തിനുള്ളിലാണോ? കംപാര്‍ട്ട്മെന്റില്‍ കാഴ്ചകള്‍ തെളിയാന്‍ നിമിഷങ്ങളെടുത്തു.

നോക്കുമ്പോള്‍ മുന്നിലെ കാഴ്ചകളെല്ലാം മാറിയിരിക്കുന്നു. നാടകത്തിന്റെ പഴയ രംഗം തിരിച്ചെത്തിയിരിക്കുന്നു. ജിംഗാളകളുടെ ശബ്ദം അയാളെ ഉണര്‍ത്തി. വെളിച്ചം വന്നപ്പോള്‍ രംഗം മാറി. നിമിഷ എവിടെ? കഴിഞ്ഞ സ്റ്റേഷനില്‍ ഇറങ്ങിയിരിക്കുമോ. എന്നെന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന സ്വപ്നത്തിന്റെ ചുംബനനിര്‍വൃതി പകര്‍ന്ന് അവള്‍ എവിടെ മാഞ്ഞു. ഹരികൃഷ്ണന്‍ അത്ഭുതപ്പെട്ടു. അല്ല, ഇത്ര നേരം തീവണ്ടിയുടെ സീറ്റില്‍ സുഖമായി ഉറങ്ങുകയായിരുന്നോ? 

എടാ തെണ്ടി, നിനക്കൊന്നും അമ്മയും പെങ്ങന്മാരുമില്ലെന്ന ആക്രോശത്തോടെ രണ്ടു ജിംഗാളകളും അടുത്തിരിക്കുന്ന സ്ത്രീയെപ്പോലും അമ്പരപ്പിച്ചുകൊണ്ട് നേരത്തെ കണ്ട യുവാവിന്റെ മേല്‍ ചാടിവീഴുന്ന കാഴ്ചയാണ് ഹരികൃഷ്ണന്‍ കണ്ടത്. ജിംഗാളകള്‍ യുവാവിനു നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്നു. തുരങ്കത്തിലെ ഇരുട്ടിന്റെ മറവില്‍ നീ ഈ മാന്യ സ്ത്രീയെ ചുംബിച്ചത് ഞങ്ങളാരും അറിഞ്ഞില്ലെന്നു കരുതിയോ? സ്ത്രീയുടെ എതിര്‍വാദങ്ങളെ അവഗണിച്ച് സന്മാര്‍ഗ്ഗസംരക്ഷണത്തില്‍ അവരെ ഒരു കൈ സഹായിക്കാന്‍ വേസ്റ്റ്ലാന്‍ഡ് എക്‌സ്പ്രസ്സിന്റെ എസ്-ഇലവന്‍ കോച്ചില്‍ സീറ്റു കിട്ടാതെ നിരാശരായി കമ്പിയില്‍ കെട്ടിത്തൂങ്ങിച്ചാകാന്‍ നിന്നവരെല്ലാം ശുഷ്‌കാന്തിയോടെ മുന്നോട്ടുവന്നു. 
എന്റെ സ്വപ്നത്തിലെ ചുംബനത്തിന്റെ ശബ്ദമായിരിക്കുമോ ഇവര്‍ കേട്ടത്, ഹരികൃഷ്ണന്‍ ആലോചിച്ചു. എതിരെ മറ്റൊരു തീവണ്ടി കടന്നുപോകുമ്പോഴെന്ന വണ്ണം ഇരുമ്പുപാളങ്ങളില്‍ അലോസരപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ച് കംപാര്‍ട്ട്മെന്റ് അസാധാരണമായി ആടിയുലഞ്ഞു. അതിനുള്ളിലെ വെളിച്ചം മങ്ങുകയും പങ്കകളുടെ കറക്കം നിലയ്ക്കുകയും ചെയ്തു. രണ്ടു പ്രധാന സ്റ്റേഷനുകള്‍ക്കിടയില്‍ ഏതോ സങ്കല്‍പ്പത്തിന്റെ തമോഗര്‍ത്തത്തില്‍ വേസ്റ്റ്ലാന്‍ഡ് എക്‌സ്പ്രസ്സ് കാണാതാവുകയായിരുന്നു.
-------
* പുരുഷവേശ്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com