മാറാപ്പ്: ദേവദാസ് വിഎം എഴുതിയ കഥ

ഏറെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ തന്റെ പുത്രവധു ഗര്‍ഭിണിയാണെന്ന ശുഭവാര്‍ത്തയറിഞ്ഞൊരു വൃദ്ധനായ അലക്കുകാരന്‍  പ്രായത്തെ വകവെക്കാതെ കാതങ്ങളേറെ  താണ്ടി ആകെ വലഞ്ഞൊടുക്കം  മകന്റെ വീട്ടിലെത്തി.
ചിത്രീകരണം - ലീനാരാജ് ആര്‍.
ചിത്രീകരണം - ലീനാരാജ് ആര്‍.

അഴുക്കുവസ്ത്രം 
ഏറെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ തന്റെ പുത്രവധു ഗര്‍ഭിണിയാണെന്ന ശുഭവാര്‍ത്തയറിഞ്ഞൊരു വൃദ്ധനായ അലക്കുകാരന്‍  പ്രായത്തെ വകവെക്കാതെ കാതങ്ങളേറെ  താണ്ടി ആകെ വലഞ്ഞൊടുക്കം  മകന്റെ വീട്ടിലെത്തി. ഗര്‍ഭിണിക്കായി കൊണ്ടുവന്ന പലഹാരപ്പൊതി പുറത്തെടുത്തു മാറ്റിവെച്ചു. ക്ഷീണമകറ്റാനായി വെള്ളം ചോദിച്ചപ്പോള്‍ എടുത്തുകൊണ്ടുവന്നത് മകനാണെന്നു കണ്ടപ്പോള്‍ അയാള്‍ക്കെന്തോ പന്തികേടു തോന്നി. അകത്തുള്ളവള്‍ ലജ്ജകൊണ്ട് മറഞ്ഞുനില്‍ക്കുകയാണോയെന്ന സംശയത്താല്‍ എത്തി നോക്കുന്ന പിതാവിനോട് മകന്‍ തന്നെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. വഴക്കിട്ടതിനെ തുടര്‍ന്ന് വയറ്റുകണ്ണിയായ പെണ്ണിനെ തന്റെ മകന്‍ വീട്ടില്‍ നിന്നിറക്കിവിട്ടെന്നറിഞ്ഞതും കുടിനീരു തൊണ്ടയില്‍ കെട്ടി ആ വൃദ്ധന്‍ നെഞ്ചുഴിഞ്ഞു ചുമച്ചു. ദാഹം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ സംശയനിവൃത്തി വരുത്താനാരാഞ്ഞു:
''എന്തിനോ മകനേ ഈ വിധം അപരാധം?''
''അവള് ചൊല്ലുവിളിയില്ലാതെ പെരുമാറാന്‍ തുടങ്ങിയിട്ടു നാളേറെയായി. ചീത്തയും തല്ലുമൊക്കെ കുറെയായിട്ടും ഫലമൊന്നുമില്ല.''
''ഇതു നല്ല കൂത്തായിപ്പോയി.  കലഹങ്ങളും ബഹളങ്ങളുമൊക്കെ ഏതു വീട്ടിലാണില്ലാത്തത്? അങ്ങനെയെങ്കില്‍ നിന്റെയമ്മയെ ഞാനെത്ര തവണ ഇറക്കിവിടേണ്ടിയിരുന്നു.''
''ഇതങ്ങനെയല്ലെന്നേ...  കുഞ്ഞുങ്ങളില്ലാത്ത കാരണത്താല്‍ ഒഴിവാക്കിയാലോ എന്നേതാണ്ട് നിശ്ചയിച്ചിരിക്കെയാണ് അവള്‍ക്കു കുളിതെറ്റിയത്. ഗര്‍ഭിണിയാണെന്നറിഞ്ഞതും പണ്ടു ഞാന്‍ പറഞ്ഞതിനൊക്കെ പഴി വാങ്ങുന്നതു പോലെയായി പെരുമാറ്റം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം... മുമ്പെപ്പോഴോ പറഞ്ഞ കുത്തുവാക്കുകള്‍ക്കൊക്കെയും മറുത്തു പറച്ചിലുകള്‍..''
''അതുകൊണ്ട്? കാത്തുകാത്തിരുന്നൊടുക്കമൊരു കുഞ്ഞിക്കാലു കാണാവുന്ന വിധിയുണ്ടായപ്പോള്‍ അവളെ കുടുംബത്തില്‍ നിന്നിറക്കി വിടുകയാണോ വേണ്ടത്?''
''കുട്ടിക്കാലത്തെന്നോടു  പറഞ്ഞൊരു പഴമ്പുരാണം അച്ഛനോര്‍മ്മയുണ്ടോ? ഗര്‍ഭിണിയായ സീതയെ അയോദ്ധ്യയിലെ രാജാവ് കാട്ടില്‍ കൊണ്ടുകളയാന്‍ കാരണക്കാരനായത് അച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛനായിരുന്നു എന്ന കാര്യം... നേരം വൈകിയെത്തിയ ഭാര്യയെ  വീട്ടില്‍ നിന്നിറക്കിവിടുന്നേരം ആ മുതുമുത്തച്ഛന്‍ പറഞ്ഞ വാക്കുകള്‍ രാജ്യമാകെ അപഖ്യാതിയായി പരന്നതും മര്യാദാപുരുഷോത്തമനായ ശ്രീരാമനൊടുക്കം പത്‌നിയെ കൊട്ടാരത്തില്‍ നിന്നിറക്കിവിടേണ്ടിവന്നതും... അതല്ലേ നമ്മുടെ പാരമ്പര്യം? അതോ, എന്നോടു പറഞ്ഞതെല്ലാം വെറും കള്ളക്കഥയായിരുന്നോ?''
''ഒന്നും നുണയായിരുന്നില്ല മകനേ. അതവിടെ നില്‍ക്കട്ടെ, പതിവായി നിനക്കു ദ്രോഹം ചെയ്യുന്നൊരു അയല്‍ക്കാരന്‍ ഉണ്ടായിരുന്നല്ലോ, അവനുമായി ഇപ്പോളെങ്ങനെയാണ്?''
''മിത്രാംഗദനല്ലേ? അവന്‍ പഴയതുപോലെത്തന്നെ... എന്നെക്കാളും കൂലി കുറച്ചു വാങ്ങിക്കൊണ്ടവന്‍ തൊഴിലെടുക്കുന്നു. അലക്കാനുള്ള തുണികള്‍ എനിക്കു തന്നിരുന്ന പലരുമിപ്പോള്‍ അവന്റെ ഇടപാടുകാരാണ്. എന്നെക്കുറിച്ച് കണ്ണില്‍ക്കണ്ടവരോടെല്ലാം അവന്‍ അപരാധം പറഞ്ഞു നടക്കുന്നു. പക്ഷേ, അവനോടുള്ളതിനെക്കാളും ക്രോധമാണിപ്പോളെനിക്ക് കെട്ടിയവളോട് തോന്നുന്നത്. അല്ലാ... അച്ഛനെന്തിനാണിപ്പോള്‍ തെമ്മാടിയായ  മിത്രാംഗദന്റെ കാര്യമൊക്കെ തിരക്കുന്നത്?''
''അതൊക്കെ ഞാന്‍ വഴിയെ പറയാം. ഉറങ്ങാനായി കഥ പറയുന്നേരം മുത്തച്ഛന്മാരിലൊരാള്‍ കെട്ടിയവളെ വീട്ടീന്നിറക്കി വിട്ടകാര്യം നിന്നോടു പറഞ്ഞിട്ടുണ്ടെന്നുള്ളതു നേരു തന്നെ. എന്നാല്‍ അതിനൊരു മറുകഥയുണ്ട്. അന്നതു കേള്‍ക്കാന്‍ പ്രായത്തില്‍ നീ പാകപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്നേരത്ത് അതല്ലാതെ പറയാന്‍ എന്റെ പക്കല്‍ മറ്റൊരു കഥയുമില്ല. ആ മുത്തച്ഛന്‍ ഭാര്യയെ ചീത്തവിളിച്ചുകൊണ്ട് ഉപേക്ഷിച്ചതല്ലെ  നിനക്കറിയൂ...  പിന്നീട് ഭാര്യാവീട്ടില്‍ പോയി മുത്തശ്ശിയെ നേരില്‍ കണ്ടശേഷം മാപ്പിരന്നു കൂട്ടിക്കൊണ്ടു വന്നതിന്റെ പുറകിലുള്ള കഥ നീ കേട്ടിട്ടില്ലല്ലോ?''
വൃദ്ധനായ അലക്കുകാരന്‍ ആ കഥ പറയാനാരംഭിച്ചു.  
''പണ്ടുപണ്ടുപണ്ട് അയോദ്ധ്യയിലെ അലക്കുകാരിലൊരാളായിരുന്നു ആ മുതുമുതുമുത്തച്ഛന്‍. രാജകിങ്കരന്മാരുടേയും ഭടന്മാരുടേയുമൊക്കെ പടയാളിവേഷം അലക്കിയിരുന്നത് മൂപ്പരും കൂട്ടരുമായിരുന്നു. രാജകൊട്ടാരത്തിനടുത്തുള്ള മരച്ചുവട്ടില്‍ എല്ലാ വൈകുന്നേരവും അവരെത്തും. കാവലിന്റെ ഊഴം മാറുന്ന പോരാളികളും ഭടന്മാരുമെല്ലാം അലക്കുകാരുടെ അരികെയെത്തി  തങ്ങളുടെ മുഷിഞ്ഞ വേഷങ്ങള്‍ കൂമ്പാരം കൂട്ടിയിടും. ആളും പേരും പദവിയുമൊക്കെ നോക്കി അവയെ വേര്‍തിരിച്ചു  ഭാണ്ഡത്തില്‍ കെട്ടിയശേഷം മുത്തച്ഛനും കൂട്ടരും വീടുകളിലെത്തും.  പിറ്റേന്നു പകലത് അലക്കി വൃത്തിയാക്കിയശേഷം കാവല്‍പ്പുരയിലെത്തിച്ചാല്‍ കണക്കു നോട്ടക്കാരന്‍ കൂലിയായി വെള്ളിപ്പണമോ ധാന്യമോ ഒക്കെ തരം പോലെ നല്‍കും.  അതും വാങ്ങിച്ചു താണുവണങ്ങി വീട്ടിലേക്കു പോകുകയാണ് വഴക്കം. അങ്ങനെ മുത്തച്ഛന് കാവല്‍ക്കൂട്ടവുമായുള്ള അടുപ്പം കാരണമാണ് തന്റെ ഭാര്യയെ ഉപേക്ഷിക്കാനൊരു കാരണമായി രാവണന്റെ ലങ്കയില്‍ താമസിച്ച സീതയെ ദൂഷ്യം പറഞ്ഞ അലക്കുകാരന്റെ  കഥ കൊട്ടാരക്കെട്ടിനകത്തെത്തിയതും കേട്ടപാടെ രാമന്‍ മേലും കീഴും ആലോചിക്കാതെ പത്‌നിയെ കാട്ടില്‍ കൊണ്ടുപോയിത്തള്ളാന്‍ അനുജനോട് പറയുന്നതും. അക്കഥയാണ് ഞാന്‍ നിനക്കു കുട്ടിക്കാലത്തു പറഞ്ഞുതന്നിട്ടുള്ളത്. അതിനൊക്കെ ശേഷം നാളുകളേറെ കഴിഞ്ഞ്, ഒരു ദിവസം പതിവുപോലെ മുഷിഞ്ഞ തുണികളുള്ള  മാറാപ്പും പേറി മുത്തച്ഛന്‍ വീട്ടിലേക്കു തിരിക്കെയാണ് കൊട്ടാരക്കെട്ടിനകത്തുനിന്നൊരു തര്‍ക്കം കേട്ടത്...''

രാജധാനിയിലൊരു തര്‍ക്കം
മധുവനത്തില്‍ച്ചെന്നു ലവണനെ നേരിടാന്‍ അയോദ്ധ്യയുടെ സേനയെ ആരു നയിക്കും എന്നതിനെച്ചൊല്ലിയായിരുന്നു രാമനും അനുജന്മാരും തര്‍ക്കിച്ചത്. രാജാവു തന്നെ പടയുമായിച്ചെന്നു ലവണാസുരനെ എതിരിടാമെന്നു രാമന്‍ സ്വയം നിയുക്തനായി. അതു വേണ്ടാ, കാടുവെട്ടി നാടാക്കി മാറ്റിയയൊരു ചെറുരാജ്യത്തെ നേരിടാന്‍ അയോദ്ധ്യയിലെ രാജാവ് പടകൂട്ടിച്ചെല്ലേണ്ട കാര്യമില്ലെന്നു പറഞ്ഞു ലക്ഷ്മണന്‍  ആ ദൗത്യമേറ്റെടുത്തു. വലിയൊരു യുദ്ധത്തിനു ശേഷം രാമലക്ഷ്മണന്മാര്‍ ലങ്കയില്‍ നിന്നു മടങ്ങിയെത്തിയിട്ട് കാലമേറെയായില്ല, അതിനാല്‍ അക്കാലമത്രയും പാദുകപൂജ നടത്തി രാജ്യഭാരമേറ്റ താന്‍ ഇത്തവണ യുദ്ധം ചെയ്യാമെന്നായിരുന്നു ഭരതന്റെ പക്ഷം. ജ്യേഷ്ഠന്മാര്‍ മൂന്നു പേരും അവരവരുടെ കാര്യങ്ങള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ ശത്രുഘ്നന്‍ രാജധാനിയുടെ നടുത്തളത്തിലിറങ്ങി നിന്ന് സോദരരോടും സചിവന്മാരോടുമായി പറഞ്ഞു:
''ഇപ്പറഞ്ഞതെല്ലാം ന്യായം തന്നെ. പക്ഷേ, എനിക്കു പറയാനുള്ളതുകൂടി നിങ്ങള്‍ കേള്‍ക്കണം. രാവണനേയും രാക്ഷസരേയും വീഴ്ത്തിയ രാമലക്ഷ്മണന്മാരുടെ കീര്‍ത്തിയിപ്പോള്‍ നാടെങ്ങും പരക്കുന്നു. പിതാവിന്റേയും ജ്യേഷ്ഠന്റേയും വാക്യങ്ങള്‍ മനസ്സില്ലാമനസ്സോടെ അനുസരിച്ചു അയോദ്ധ്യ വാണ ഭരതന്റെ ധര്‍മ്മവും പാടിപ്പുകഴ്ത്താന്‍ ആളുകളേറെ. എന്നാല്‍ ദശരഥന്റെ മക്കളില്‍ ഞാനെന്തു ചെയ്തുവെന്ന് നാളെയാരെങ്കിലും ചോദിച്ചാല്‍ എനിക്കെന്തു പറയുവാനുണ്ട്? പേരൊക്കെ മഹാകേമമാണ്... ശത്രുഘ്നന്‍... എന്നാലോ, കേട്ടാല്‍ നാലുപേരറിയാവുന്ന ഒരു ശത്രുവിനെ ഞാനിതുവരെ നേരിട്ടിട്ടില്ല. രാജ്യമൊട്ട് ഭരിച്ചിട്ടുമില്ല. അതുകൊണ്ട് ഇത്തവണ ഊഴം ഞാന്‍ ചോദിക്കുന്നു. മധുവനത്തിലേക്ക് ഞാന്‍ പോകാം''
തങ്ങളിലിളയവനെ പോരിനയക്കുന്നതിനെക്കുറിച്ചാലോചിച്ചപ്പോള്‍  ജ്യേഷ്ഠന്മാര്‍ മൂന്നുപേരും തെല്ലൊന്ന് ആകുലരായി. എന്തുപറഞ്ഞാണ് അനുജന്റെ വാദത്തെ ഖണ്ഡിക്കേണ്ടതെന്നറിയാതെ അവര്‍ കുഴങ്ങിനിന്നു.

പട്ടാഭിഷേകവും പടയൊരുക്കവും
അനുജനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെയും വൃഥാവിലെന്നു കണ്ട രാമന്‍ വൈകാതെ ശത്രുഘ്നനായി പടയൊരുക്കാനും പട്ടാഭിഷേകം നടത്താനും ആജ്ഞ പുറപ്പെടുവിച്ചു. അയോദ്ധ്യാ രാജധാനിയില്‍ വീണ്ടുമൊരു പട്ടാഭിഷേകത്തിനൊരുങ്ങാന്‍ കല്‍പ്പന കിട്ടിയ പുരോഹിതര്‍ ആദ്യമൊന്നു പകച്ചു. രാജ്യഭാരമൊഴിഞ്ഞുകൊണ്ട്  രാമന്‍ പിന്നെയും ഉപേക്ഷിക്കപ്പെട്ട ഭാര്യയോടൊപ്പം കാട്ടിലേക്കുതന്നെ പോകുകയാണോയെന്ന സംശയത്തിലായിരുന്നു അവര്‍. ദശരഥന്റെ വിധവകളുടെ മനസ്സിലും അതേ സന്ദേഹമങ്കുരിച്ചു. പക്ഷേ, ഏവരും രാജധാനിയിലെത്തിയതോടെ അനിശ്ചിതത്വങ്ങള്‍ക്കെല്ലാം അവസാനമായി എങ്കിലും ജ്യേഷ്ഠന്മാര്‍ ഇരിക്കെ ഇളയവനെ അഭിഷേകം ചെയ്യാമോ എന്ന ക്രമപ്രശ്‌നം അവര്‍ മുന്നോട്ടുവെച്ചു.
''അയോദ്ധ്യയിലിതു പുതുമയല്ലല്ലോ. രാമനിരിക്കെ തന്നെയല്ലേ ഭരതന്‍ പതിന്നാലു കൊല്ലക്കാലം നാടുവാണത്. കീഴ്വഴക്കത്തെ മറികടക്കാന്‍ സിംഹാസനത്തില്‍ പാദുകങ്ങള്‍ വെച്ചെന്നു കരുതി വാസ്തവം അതല്ലാതാകുമോ?''
ശത്രുഘ്നന്റെ ആ ചോദ്യത്തിന് ആര്‍ക്കും തന്നെ മറുപടിയുണ്ടായിരുന്നില്ല. ഇതുവരെ കൊട്ടാരക്കെട്ടില്‍ ഇങ്ങനെയൊരാളുണ്ടോയെന്നു സംശയം തോന്നുമാറ് നിശ്ശബ്ദനായി ഒതുങ്ങിയിരുന്ന രാജകുമാരന്‍ തന്നെയാണോ ഈ വിധം തര്‍ക്കിക്കുന്നതെന്നുകണ്ട് മന്ത്രിമാരും പുരോഹിതരും രാജമാതാക്കളുമെല്ലാം തെല്ലൊന്നമ്പരന്നു. കാര്യങ്ങള്‍ കലഹത്തിലേക്കു നീങ്ങാതിരിക്കാന്‍ രാമന്‍ കയറി ഇടപെട്ടു. 


''ഇനിയിതിന്മേല്‍ വാഗ്വാദങ്ങളൊഴിവാക്കാം. ലവണനെ എതിര്‍ക്കാന്‍ അയോദ്ധ്യയുടെ പടയെ നയിക്കുന്നത് ശത്രുഘ്നന്‍ തന്നെയായിരിക്കും. ശത്രുവിനെ വധിച്ചാല്‍ മധുവനം എന്റെയനുജന് ഭരിക്കാം. അതിനായി അവനെ ഇപ്പോള്‍ത്തന്നെ അഭിഷേകം ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു.''
അടിയന്തരമായി പട്ടാഭിഷേകം കഴിഞ്ഞ ശത്രുഘ്നനായി ആനകളും കുതിരപ്പടയും കാലാളുകളും നിരന്നു.  ശത്രുവിജയത്തിനായി മന്ത്രങ്ങളാവാഹിച്ച വരാഹമൂര്‍ത്തിയെ കൈയിലേറ്റു വാങ്ങുന്നേരം ശത്രുഘ്നന്റെ കാതില്‍ രാമവചനം സ്വകാര്യമായി പതിഞ്ഞു:
''പടയും ആയുധവും നിനക്ക് ബലമായുണ്ട്. മധുവനമൊരു ചെറുനാട്ടുരാജ്യമാണ് താനും. മാത്രവുമല്ല, ലവണനിപ്പോള്‍ പ്രായവുമേറിയിരിക്കുന്നു. എങ്കിലും ശത്രുവിനെ എളുപ്പത്തില്‍ തീര്‍ക്കാമെന്നു കരുതണ്ടാ. വാളോ ഗദയോ കൈയിലേന്തി അരികത്തുചെന്നു പോര്‍ വിളിക്കുന്നതപകടമാണ്. തെല്ലൊരകലം പാലിച്ചുകൊണ്ട് അസ്ത്രത്താലേ നേരിടാവൂ. സ്വന്തമനുജനെ കൊല്ലിക്കാനാണ്  മധുവനത്തിലേക്കയച്ചതെന്ന ജനങ്ങളുടെ പഴി എന്റെ മേല്‍ വീഴാനിടയാകരുത്. ത്രിശൂലവീര പരാക്രമിയാണ് ലവണന്‍. വയസ്സായെങ്കിലും ശൂലം കയ്യിലിരിക്കെ അഭ്യാസിയായ  അവനെ വീഴ്ത്താന്‍ പ്രയാസമാണ്. അതു തിരിച്ചറിഞ്ഞ് നീ വേണ്ടതു ചെയ്യുക.''

നയോപായരൂപത്തിലാണ് ജ്യേഷ്ഠനതു പറഞ്ഞതെങ്കിലും, എതിരാളിയെ ചതിച്ചുകൊല്ലണമെന്നാണ് ഉപദേശത്തിന്റെ ഉള്ളടക്കമെന്നു ശത്രുഘ്നന്‍ തിരിച്ചറിഞ്ഞു. ഏവരോടും യാത്രചോദിച്ച ശേഷം പടയും കൂട്ടി പ്രയാണം തുടങ്ങിയ ശത്രുഘ്നന്‍ അന്തിമയങ്ങും വരെയും ചിന്തിച്ചത് അതിനുള്ള ഉപായമായിരുന്നു. അസ്തമയമായതോടെ ശത്രുഘ്നന്‍ പടയില്‍ നിന്നു പിരിഞ്ഞു. സൈന്യത്തോട് മധുവനം ലക്ഷ്യമാക്കി യാത്ര തുടരാന്‍ നിര്‍ദ്ദേശിച്ച ശേഷം ഏതാനും അംഗരക്ഷകരോടൊപ്പം കാട്ടരികിലുള്ള വാല്‍മീകിയുടെ ആശ്രമത്തില്‍ ചെന്നു ജ്യേഷ്ഠത്തിയെ കാണാനൊരുങ്ങി. 

ആശ്രമത്തിലെ അന്തിമയക്കം.
ആശ്രമകവാടത്തില്‍ തന്നെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ ശത്രുഘ്നന് ജ്യേഷ്ഠത്തിയെ തിരഞ്ഞു കണ്ടെത്താനായില്ല. നിറഗര്‍ഭിണിയായ അവള്‍ പര്‍ണ്ണശാലയുടെ ഒരു മുറിയില്‍ വിശ്രമത്തിലായിരുന്നു. ഈറ്റുനോവ് തുടങ്ങിയതിന്റെ ആയാസത്തിലും  സീത ആതിഥ്യമര്യാദകള്‍ മറന്നില്ല. അനുജനും കൂട്ടര്‍ക്കും കൈയും കാലും കഴുകിയിരുന്നു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കാനും അവര്‍ക്കു വിശപ്പകറ്റാന്‍ പഴങ്ങള്‍ നല്‍കാനും അവള്‍ ആശ്രമവാസികളോട് നിര്‍ദ്ദേശിച്ചു. തന്നെ സല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സീതയുടേയും വാല്‍മീകിയുടേയും മുഖത്തു നോക്കാന്‍ ശത്രുഘ്നന്‍ അല്പം പ്രയാസപ്പെട്ടു. നേരത്തെ അറിയിക്കാതെ അംഗരക്ഷകരോടൊപ്പം അന്തിനേരത്ത് ആശ്രമത്തില്‍ ചെന്നുകയറിയതിന്റെ അങ്കലാപ്പായിരുന്നു മുനിയോട് തോന്നിയതെങ്കില്‍, സ്വന്തം ജ്യേഷ്ഠന്‍  സീതയോടു ചെയ്ത നീതികേടിനെക്കുറിച്ചോര്‍ത്തപ്പോള്‍ പുത്തന്‍ കിരീടധാരിയുടെ തല പതിയെ കുനിഞ്ഞു. ആ സങ്കോചം തിരിച്ചറിഞ്ഞ വാല്‍മീകി രാജകുമാരനെ സമാധാനിപ്പിച്ചു:
''രഘുവംശികള്‍ക്ക് ഈ ആശ്രമത്തില്‍ എപ്പോള്‍ വേണമെങ്കിലും വരാമല്ലോ. അതിന് പ്രത്യേകിച്ചൊരറിയിപ്പിന്റെ കാര്യമില്ല. അതുകൊണ്ട് കൂടുതല്‍ ആലോചനകളൊന്നുമില്ലാതെ ഇന്നു രാത്രിയില്‍ ഇവിടെത്തങ്ങാം.  മാത്രവുമല്ല, സീതയുള്ളപ്പോള്‍ നിങ്ങള്‍ക്കിത് ബന്ധുഭവനം കൂടിയാണ്.''
അപ്പറഞ്ഞതിലെ അവസാന പരാമര്‍ശം ഒരു കുത്തുവാക്കായിരുന്നോ എന്നു ശത്രുഘ്നന് തോന്നാതിരുന്നില്ല. എങ്കിലുമത് പുറത്തു കാണിക്കാതെ  കൈകാല്‍ കഴുകിയശേഷം മുനിയോടൊപ്പം സന്ധ്യാവന്ദനത്തില്‍ പങ്കുകൊണ്ടു. പ്രാര്‍ത്ഥന തീര്‍ന്നശേഷം അവര്‍ അത്താഴത്തിനിരിക്കുമ്പോഴേക്കും സീതയ്ക്കു പേറ്റുനോവ് പാരമ്യത്തിലെത്തിയിരുന്നു. 
തൊട്ടപ്പുറത്തെ മുറിയില്‍ നിന്നുയരുന്ന സീതയുടെ കരച്ചില്‍ കേട്ടു ഭക്ഷണമിറക്കാതെയിരിക്കുന്ന ശത്രുഘ്നന്റെ മനം മാറ്റാനായി വാല്‍മീകി കുശലം ചോദിച്ചു:
''കാടുകാണാനായോ, നായാട്ടിനോ മറ്റോ ഇറങ്ങിയതാണോ? അതോ സീതയുടെ വിശേഷമറിഞ്ഞുകൊണ്ടാണോ പുറപ്പെട്ടത്?''
''രണ്ടുമല്ല... യാത്ര ലവണാസുരന്റെ മധുവനത്തിലേക്കാണ്. കൂടെ പടയുമുണ്ട്. അവരിപ്പോഴും യാത്രയിലായിരിക്കും. ആനകള്‍ക്കു നടക്കാന്‍ രാത്രിയാണുചിതം.''
''ലവണന്റെ ശല്യത്തെക്കുറിച്ച് മുനിമാര്‍ പറയുന്നത് ഞാനും കേട്ടിരുന്നു. പരാതി അയോദ്ധ്യയിലുമെത്തിയല്ലേ?''
''അതെ... ആ ഉപദ്രവം തീര്‍ക്കാന്‍ തന്നെയാണ് യാത്ര. മധുവനത്തിന്റെ രാജാധികാരിയായി എന്നെ മുന്‍കൂറായി അഭിഷേകം ചെയ്താണ് ജ്യേഷ്ഠന്‍ അയച്ചിരിക്കുന്നത്.''
''ബലവാനായ ശത്രുവിനെതിരെ മനോവീര്യം വളര്‍ത്താനൊരു തന്ത്രം. രാമനതു പതിവാണ്... രാവണനെ വധിക്കും മുന്നെ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തിരുന്നുവെന്നു കേട്ടിട്ടുണ്ട്.''
ശത്രുവിനെ ചതിയാലെ നേരിടാന്‍ താനൊരുക്കിയ പദ്ധതികള്‍ മാമുനിയോടായി വെളിപ്പെടുത്തിയ ശേഷം ഉപദേശം തേടുന്ന സൂര്യവംശിയുടെ പതിഞ്ഞ ശബ്ദം പേറ്റുമുറിയിലും ചെന്നെത്തി. അടിവയറ്റിലുരുണ്ടുകൂടുന്ന വേദനയുടെ കഠിനതയിലും തുടയില്‍ കോച്ചിവലിക്കുന്ന പേശികളുടെ മുറുക്കത്തിലും കടിഞ്ഞൂല്‍ പേറിന്റെ സംഭ്രമത്തിനിടയിലും സീത ആ വാക്കുകള്‍ക്കു ചെവിയോര്‍ത്തു. ഗര്‍ഭിണിയായ തന്റെ വിവരങ്ങള്‍ തിരക്കാനായി രാമന്‍ അനുജനെ അയച്ചതാണെന്നു തെറ്റിധരിച്ചു ഉള്ളാലെയാനന്ദിച്ച സീതയുടെ ഹൃദയത്തിലൂടെ ഒരു വാള്‍മുന കടന്നുപോയി. അവനവനോടു തോന്നിയ ഈര്‍ഷ്യയാലെ പുലിയെപ്പോലെ ചീറ്റിക്കൊണ്ട് കാലുകളകത്തി അവള്‍ ആഞ്ഞു മുക്കിയതോടെ മുന്നീര്‍ക്കുടം പൊട്ടി. തലമറിഞ്ഞു കുഞ്ഞിറങ്ങിവരുന്നേരം എടുപ്പെല്ലുപിളരുന്ന വേദനയെക്കാള്‍ മീതെയാണ് തന്റെ ഹൃദയവേദനയെന്ന് സീത തിരിച്ചറിഞ്ഞു.
പേറ്റുമുറിയില്‍ നിന്നുള്ള മുക്കലും മൂളലും അലര്‍ച്ചയും ഞെരക്കവും കാതുകളില്‍ വന്നലച്ചെങ്കിലും യാത്രാക്ഷീണമകറ്റാന്‍ പായ വിരിച്ചു കിടന്ന ശത്രുഘ്നന്‍ വൈകാതെ തന്നെ ഉറങ്ങിപ്പോയി. ഇക്ഷാകുവംശത്തിന്റെ പുതിയ തലമുറയില്‍ ഇരട്ടകള്‍ പിറന്നുവെന്ന സന്തോഷവാര്‍ത്ത രാവിലെ അറിഞ്ഞ ശേഷമാണയാള്‍ പടക്കൂട്ടത്തോടൊപ്പം ചേരാനുള്ള തിടുക്കത്താലെ ആശ്രമം വിട്ടത്.

ചതിയാലെയൊരു പടയൊരുക്കം.
മധുവനപുരി... പണ്ടുപണ്ടവിടം ഘോരവനമായിരുന്നു. വന്യമൃഗങ്ങളോടു മല്ലിട്ടുകൊണ്ട് കാടരികിനെ നാടാക്കി മാറ്റിയവിടെ ആദ്യമായി ഭരണം തുടങ്ങിയത് ത്രിശൂലപ്രയോഗത്തില്‍ പ്രവീണനായ മധുവായിരുന്നു. മധുവിന് ശേഷമാണ് മകന്‍ ലവണന്‍ രാജാധികാരമേറ്റത്. പക്ഷേ. മധുവിനെപ്പോലെ ഉള്ളതുമായി ഒതുങ്ങിക്കൂടുന്നവനായിരുന്നില്ല ലവണന്‍. കാട്ടരികിലെ ഭൂപ്രദേശത്തെ ജനവാസയോഗ്യമായൊരു ചെറുപട്ടണമാക്കി മാറ്റുകയെന്നതായിരുന്നു ലവണന്റെ പദ്ധതി. അതു സഫലീകരിക്കാനായി ഏറെ പ്രയത്‌നം വേണ്ടിവന്നു. മൃഗങ്ങള്‍ നാടിറങ്ങി ജനങ്ങള്‍ക്കാപത്തു വരുത്തുന്നതു തടയാന്‍ രാജാവ് കൃത്യം ഇടവേളകളില്‍ വേട്ടക്കിറങ്ങി.  ഇടക്കിടെയുണ്ടാകുന്ന കാട്ടുതീയിനെ തടയാന്‍  ഉള്‍ക്കാട്ടിനകത്തു പര്‍ണ്ണശാല കെട്ടി ഹോമകുണ്ഡമൊരുക്കി യാഗവും യജ്ഞവും ചെയ്യുന്ന മുനിമാരെ വിലക്കിയും വിരട്ടിയുമോടിച്ചു. ചെറുരാജ്യമായിരുന്നെങ്കിലും മധുലവണന്മാരുടെ കരുത്തറിയാവുന്നതിനാല്‍ മധുവനത്തെ ആക്രമിക്കാനാരും മുതിര്‍ന്നില്ല. അതിനാദ്യമായി ഒരുമ്പെട്ടത് അയോദ്ധ്യയിലെ രാജാവായിരുന്ന മാന്ധാതാവായിരുന്നു. ലവണന്റെ യൗവ്വനകാലമായിരുന്നു അത്. അയല്‍രാജ്യങ്ങള്‍ക്കെതിരെ സൈന്യനീക്കം നടത്തി വിജയശ്രീലാളിതനായി മുന്നേറിയ മാന്ധാതാവിനു പിഴച്ച ഒരേയൊരിടം മധുവനമായിരുന്നു. യുദ്ധത്തിനായി വെല്ലുവിളിച്ചുകൊണ്ട് അയോദ്ധ്യയിലെ രാജാവിന്റെ സന്ദേശവുമായെത്തിയ ദൂതനെ ലവണന്‍ അക്ഷത്തില്‍ വധിച്ചു. ഉടനടി യുദ്ധം പ്രഖ്യാപിച്ചെങ്കിലും അതിനു തിരിച്ചടിയായി മാന്ധാതാവിന് സ്വന്തം ജീവനും അയോദ്ധ്യക്കു വലിയൊരു കൂട്ടം സേനയേയും നഷ്ടമായി. അക്കാര്യമെല്ലാം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഉപായമാണ് പടയൊരുക്കുമ്പോള്‍ ശത്രുഘ്നന്‍ സ്വീകരിച്ചത്.  യുദ്ധസന്ദേശമയക്കാനോ പോര്‍വിളി നടത്താനോ ഒരുങ്ങാതെ മധുവനപുരിയുടെ പുറത്തായി പതിയിരുന്നു. പതിവുനായാട്ടിനായി ലവണന്‍ രാവിലെത്തന്നെ പട്ടണം വിട്ടു കാടുകയറുന്നതു കണ്ടശേഷം പടയൊരുക്കി. വേട്ടയാടി ക്ഷീണിച്ച സംഘം തിരിച്ചെത്തുമ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു.  കാട്ടില്‍നിന്നു മടങ്ങിവരുന്ന ലവണനു മുന്നിലായി അയോദ്ധ്യയിലെ സൈന്യം പൊടുന്നനെ നിരന്നു നിന്നു. 
തെല്ലിടനേരം പകച്ചുപോയെങ്കിലും മധുവനപതി സമചിത്തത വീണ്ടെടുത്തുകൊണ്ട് അക്കൂട്ടത്തില്‍ കിരീടധാരിയുടെ അരികിലേക്കു തേരുതെളിക്കാന്‍ ആജ്ഞാപിച്ചു. അയോദ്ധ്യയിലെ ഇളയകുമാരന്റെ മുന്നിലെത്തിയ ലവണന്‍ കാര്യം തിരക്കി:
''ആരാണു നീ? ഈ മധുവനത്തിലെന്തിനാണ് വന്നിരിക്കുന്നത്?''
''ദശരഥന്റെ മകനാണ് ഞാന്‍. ശത്രുഘ്നന്‍...''
''ദശരഥനോ... നേമിയെന്നു പറഞ്ഞാലേ ഞാനറിയൂ. വേട്ടക്കിടെ ആനയാണെന്നു കരുതി ആളെ അമ്പെയ്തുകൊന്ന നേമിക്ക് പത്തുദിക്കുകളിലേക്കും രഥം വെട്ടിത്തിരിച്ചുകൊണ്ട് പോരാടാന്‍ കഴിവുള്ളവര്‍ക്കുമാത്രം ലഭിക്കുന്ന അഭ്യാസിപ്പട്ടം കിട്ടിയതെങ്ങനെയെന്നു പറഞ്ഞു ചിരിക്കുന്നത് ഇവിടങ്ങളില്‍ നേരമ്പോക്കാണെന്നെങ്കിലും തിരിച്ചറിയൂ. എന്തായാലും യാത്ര ചെയ്തെത്തിയതല്ലേ, അയോദ്ധ്യയിലെ കുമാരന് മധുവനപുരിയിലേക്കു സ്വാഗതം. വരവിന്റെ ഉദ്ദേശമെന്തെന്നറിഞ്ഞാല്‍ കൊള്ളാം... പോരാട്ടമോ അതോ സൗഹൃദ സന്ദര്‍ശനമോ?''
''മാന്ധാതാവിനെ കൊന്ന ലവണന്റെ രാജ്യത്തേക്ക് അയോദ്ധ്യയില്‍ നിന്നു സൗഹൃദ സന്ദര്‍ശനമോ? ലക്ഷ്യം യുദ്ധം തന്നെ...''
''അതിനെന്താ.. ആകാമല്ലോ.. പക്ഷേ, എന്താണ് പെട്ടെന്നൊരു പടയൊരുക്കത്തിനു കാരണമെന്നറിഞ്ഞാല്‍ നന്നായിരുന്നു.''
''കാനനം വിടേണ്ടി വന്ന മുനിമാര്‍ നിന്നെക്കുറിച്ചുള്ള പരാതികള്‍ എന്റെ ജ്യേഷ്ഠന്‍ രാമന്റെയരികിലെത്തി ബോധിപ്പിച്ചിരിക്കുന്നു. അതിനൊരു പരിഹാരം തേടിയാണെന്റെ വരവ്.''
''ഓഹ്! ഭീരുക്കള്‍... അവരവിടെയുമെത്തിയോ? കൊള്ളാം... എങ്കില്‍ മധുവനപുരിയിലിപ്പോഴും കാട്ടുവാസികളാണെന്നും അവര്‍ വിശന്നാല്‍ മുന്നുംപിന്നും നോക്കാതെ മൃഗങ്ങളേയും മനുഷ്യരെയുമൊക്കെ കൊന്നുതിന്നുമെന്നും പറഞ്ഞു പ്രചരിപ്പിച്ചിട്ടുണ്ടാകുമല്ലോ, അല്ലേ? ഇന്നാട്ടിലെത്തിയവര്‍ക്കു മാത്രമല്ലേ നേരെന്താണെന്നു തിരിച്ചറിയാനൊക്കൂ. സരയൂനദിയുടെ തീരത്തെ വനമെങ്ങനെയാണ് അയോദ്ധ്യാപുരിയായതെന്ന കാര്യമൊക്കെ ഇവിടെ എല്ലാവര്‍ക്കുമറിയാം. എന്തായാലും പോരാട്ടത്തിനായി നീ വന്നതു വെറുതെയാകില്ല. പടകൂട്ടിച്ചെന്നു ഞാനാരു രാജ്യത്തേയും കീഴ്പെടുത്താറില്ല. അതുപോലെത്തന്നെ എന്റെ നാടാക്രമിക്കാന്‍ വരുന്നവരെ വെറുതെ വിടാറുമില്ല. ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കി  വാഴണമെന്നാശയുണ്ടെങ്കില്‍ മാന്ധാതാവിനെ തോല്‍പ്പിച്ചപ്പോള്‍ത്തന്നെ ഞാന്‍ അയോദ്ധ്യ വാഴുമായിരുന്നു. എനിക്കു പക്ഷേ, ഈ കാനനവും മധുവനവുമൊക്കെക്കൊണ്ടു തന്നെ തൃപ്തിയാണ്. അതു നിങ്ങള്‍ നഗരവാസികള്‍ക്കു പറഞ്ഞാലൊട്ടു പിടികിട്ടുകയുമില്ല.''


''വായാടിത്തംകൊണ്ട് വാസ്തവത്തെ മറച്ചുവെക്കാന്‍ നോക്കാതെ വേഗം യുദ്ധത്തിനൊരുങ്ങൂ ലവണാസുരാ...''
''ഇത്രക്കു തിടുക്കമെന്തിന്? കാടാകെയലഞ്ഞു വേട്ടയാടി തളര്‍ന്നാണു ഞാന്‍ വന്നിരിക്കുന്നത്. വേട്ടക്കു കൂട്ടുവന്നവരല്ലാതെ എന്റെയൊപ്പം സൈന്യമില്ലെന്നു കണ്ടുകൂടെ? ഞങ്ങളാരും ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല. നീയൊരല്‍പ്പനേരം കൂടി കാത്തിരിക്കൂ. ഞാന്‍ കൊട്ടാരത്തില്‍ ചെന്നൊന്ന് ഒരുങ്ങിവരാം.''
''എതിരാളിയുടെ ആഗ്രഹത്തിനനുസരിച്ചു വിശ്രമിക്കാനും പടയൊരുക്കാനും സമയം കൊടുക്കണമെന്ന് ഏതു യുദ്ധനീതിയിലാണ് പറഞ്ഞിരിക്കുന്നത്? ഞാന്‍ ഈ നിമിഷം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.''
''ഹോ! കഷ്ടം തന്നെ... ഈ വിധം നാണംകെട്ടാണോ അയോദ്ധ്യയിലെ രാജാക്കന്മാരിപ്പോള്‍ പോര്‍വിളി നടത്തുന്നത്. നായാട്ടിനു പോയ എന്റെ കൈവശമുള്ള അസ്ത്രശസ്ത്രങ്ങളൊക്കെ തീര്‍ന്നിരിക്കുന്നുവെന്നു നീ കാണുന്നില്ലേ? വേട്ടയാടിയ മൃഗങ്ങളെ ചുമന്നുകൊണ്ടുവന്ന കൂട്ടരും ക്ഷീണിച്ചിരിക്കുന്നു. നീ തെല്ലൊന്നടങ്ങൂ. ഞാന്‍ കൊട്ടാരക്കെട്ടിനകത്തു പോയെന്റെ ശൂലവുമായി വരാം. ശേഷം നിനക്കു മതിവരുവോളം പോരാടാം. നിന്റെ ശവം കാണുന്ന ജ്യേഷ്ഠന് അടങ്ങിയിരിക്കാനാകില്ല. അവനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ലങ്കയില്‍ ചെന്നു രാവണനെ വധിച്ച രാമനെ...''
അതിനുള്ള മറുപടി വാക്കുകൊണ്ടല്ല ശത്രുഘ്നന്‍ കൊടുത്തത്. അസ്ത്രമേറ്റ് ലവണന്റെ രഥത്തിലെ കൊടിമരം മുറിഞ്ഞുവീണു. അടുത്തയസ്ത്രം തേര്‍ച്ചക്രത്തിലേക്കായിരുന്നു. പോര് തുടങ്ങിക്കഴിഞ്ഞെന്നു ബോധ്യമായ ലവണന്‍ മറ്റൊരു നിവൃത്തിയുമില്ലാതെ രഥത്തില്‍നിന്നു ചാടിയിറങ്ങി. ആയുധങ്ങളൊന്നും കൈവശമില്ലാത്തതിനാല്‍ ചുറ്റിലുമുള്ള കാട്ടുവള്ളികളും ചെറുമരങ്ങളുമെല്ലാം പറിച്ചും പിഴുതുമെടുത്തു വട്ടം ചുഴറ്റി തന്നാലാകാവുന്നവിധം എതിരാളിക്കൂട്ടത്തെ നേരിട്ടു. പക്ഷേ, മതിയായ ആയുധങ്ങളില്ലാത്ത അയോദ്ധ്യയുടെ സേനയുടെ മുന്നില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ ലവണനും കൂട്ടര്‍ക്കുമായില്ല. നായാട്ടുകഴിഞ്ഞ് തളര്‍ന്നെത്തിയ ആ സംഘം ശത്രുഘ്നനൊരുക്കിയ സേനക്കു മുന്നില്‍ വീണൊടുങ്ങി. മധുവനത്തിന്റെ എല്ലാമെല്ലാമായ ലവണന്‍ മരിച്ചുവീണെന്നറിഞ്ഞ്, സജ്ജമാകാനുള്ള സാവകാശമൊന്നുമില്ലാതെ മനസ്സുതളര്‍ന്നെത്തിയ അസുരസൈന്യം നാഥനില്ലാതെ ചിതറിത്തെറിക്കുന്നതു കണ്ട ശത്രുഘ്നന്‍ തന്റെ ആദ്യ യുദ്ധവിജയം തിരിച്ചറിഞ്ഞു പുഞ്ചിരിച്ചു.

പൊള്ളുന്ന സിംഹാസനം.
ശുഭസന്ദേശങ്ങളുമായാണ് ദൂതന്‍ അയോദ്ധ്യയിലെത്തിയത്. അയോദ്ധ്യാസേനക്ക് വലിയ ആളപായമൊന്നുമില്ലാതെത്തന്നെ വേട്ടക്കുപോയി മടങ്ങുന്ന ലവണാസുരനെ തന്റെയനുജനും കൂട്ടവും ചേര്‍ന്നു വധിച്ചെന്ന വാര്‍ത്ത രാമന്റെ കാതുകള്‍ക്കു കുളിരേകി. പോരിനു പോയ കൂട്ടത്തില്‍ ശത്രുഘ്നന്‍ കാനനത്തിലെ വാല്‍മീകിയാശ്രമത്തില്‍ പോയിരുന്നുവെന്നും തനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും അറിഞ്ഞതോടെ അയോദ്ധ്യാപതിക്ക് ആഹ്ലാദമിരട്ടിച്ചു. നല്ല വാര്‍ത്തകളറിയിച്ചതിനു പാരിതോഷികമായി മാറിലണിഞ്ഞ മുത്തുമാല ഊരിക്കൊടുക്കുന്നേരം രാമന്‍ സന്ദേശവാഹകനോടു തിരക്കി:
''കുട്ടികള്‍ക്കെങ്ങനെ? ആരോഗ്യമൊക്കെ...''
''മിടുക്കരായിരിക്കുന്നു. വാല്‍മീകിമുനി അവര്‍ക്കു നാമകരണവും നടത്തി.''
''പറയൂ... കേള്‍ക്കാന്‍ കൗതുകമേറുന്നു.''
''ശ്രീരാമചന്ദ്രമഹാരാജാവിന്റെ മൂത്ത പുത്രന്റെ പേര് കുശന്‍.''
''ഇളയവനോ...''
'''ലവന്‍...''
ആ പേരു കേട്ടതും പാരിതോഷികം നല്‍കാനായി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ രാമന്‍ ഞെട്ടിമാറിക്കൊണ്ട് പുറകോട്ട് ചുവടു വെക്കാനാഞ്ഞു. ആണഹന്തയുടെ പത്തിക്കേറ്റ അടിയാലെ തലയില്‍ കൈവെച്ചുകൊണ്ട് അയോദ്ധ്യാപതി തളര്‍ന്നിരുന്നു. ഇക്ഷാകുവംശത്തിന്റെ സിംഹാസനത്തിനു ചൂടേറുന്നതായി രാജാവിനു തോന്നി. വധിക്കപ്പെട്ട ശത്രു മകനായി പുനര്‍ജ്ജനിച്ചു പല്ലില്ലാമോണകാട്ടി തന്നെ പരിഹസിച്ചു ചിരിക്കുന്ന മനക്കാഴ്ചയില്‍ രാമന്‍ ഇരിപ്പിടത്തിലിരുന്നു പുളഞ്ഞു. പൊടുന്നനെ രാജാവിലുണ്ടായ മാറ്റം പിടികിട്ടാന്‍ സഹോദരങ്ങളും സചിവന്മാരും ഒരല്‍പ്പസമയം കൂടുതലെടുത്തു. രാമഭാവത്തിനു കാരണം തിരിച്ചറിഞ്ഞയവര്‍ രാജാവിനെ ആശ്വസിപ്പിക്കാനൊരുങ്ങി. ദൂതന്‍ കൊണ്ടുവന്ന വാര്‍ത്തകള്‍ നാടുമുഴുവനും പെരുമ്പറ കൊട്ടിയറിയിക്കാന്‍ കല്‍പ്പനയുണ്ടായി. പതിയെപ്പതിയെ രാജസദസ്സ് ഗൗരവവിഷയങ്ങളിലേക്കു വഴിമാറി.
ലവണാസുരന്റെ ശല്യമൊഴിഞ്ഞതിനാല്‍ അടുത്തതായിനി വേദം പഠിച്ച ശംബൂകനെ വധിക്കാന്‍ ആരു പോകണമെന്ന ചോദ്യമുയര്‍ന്നു.
പുത്രലബ്ധികൂടിയായതോടെ അയോദ്ധ്യാപതിക്കിനി രാജസൂയം ചെയ്തുകൂടെയെന്ന നിര്‍ദ്ദേശം വന്നു.
അങ്ങനെയെങ്കില്‍ ദിഗ്വിജയത്തിനായി പടകളെ ആരു നയിക്കുമെന്ന് സംശയങ്ങളുണ്ടായി.
മറ്റു രാജാക്കന്മാരെ ജയിച്ചു കപ്പം വാങ്ങി രാജസൂയം നടത്തുന്നതിനെക്കാള്‍ രാമനു ചേര്‍ന്നത് അശ്വമേധമല്ലേയെന്ന് വാദമുണ്ടായി.
അയോദ്ധ്യയുടെ രാജധാനിയില്‍ പതിവു തര്‍ക്കങ്ങള്‍ തുടര്‍ന്നു.  
അലക്കി വിരിച്ചത്. 
''മുഷിഞ്ഞ മാറാപ്പുമായി മടങ്ങുന്നതിനിടെ കൊട്ടാരക്കെട്ടിനകത്തുനിന്ന്  ആ തര്‍ക്കങ്ങളെല്ലാം കേട്ട നമ്മുടെ മുതുമുത്തച്ഛന്‍ ആകപ്പാടെ ചിന്താകുലനായി. ശത്രുഘ്നന്‍ മാമുനിയോടു പറഞ്ഞ ശത്രുവിന്റെ പേര് പേറ്റുനോവിനിടയില്‍ സീത തെറ്റിക്കേട്ടതാണോ, അതോ മനപ്പൂര്‍വ്വം ആ പേരു ചുരുക്കിയിട്ടതാണോ എന്നൊക്കെയോര്‍ത്തപ്പോള്‍   മുത്തച്ഛനാകെ വല്ലായ്മ തോന്നി. ഏറ്റുവാങ്ങിയ തുണികളെല്ലാം അലക്കി വിരിച്ചിട്ട ശേഷം നേരെ ഭാര്യവീട്ടിലേക്കു നടന്നു. അന്നു രാത്രിയില്‍ തന്നെ മുത്തശ്ശിയുമായി വീട്ടില്‍ മടങ്ങിയെത്തി.''
അക്കഥ കേട്ടു തരിച്ചിരിക്കുന്ന മകന്റെ തോളില്‍ തട്ടി വൃദ്ധനായ അലക്കുകാരന്‍ ഉപദേശം തുടര്‍ന്നു:
''അതുകൊണ്ടു മകനേ... എത്രയും പെട്ടെന്ന് നിന്റെ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ടു വരിക. അവള്‍ക്കു പിറക്കുന്ന കുഞ്ഞിന് വല്ല മിത്രനെന്നോ മിത്രാംഗനെന്നോ മറ്റോ പേരിട്ടുകഴിഞ്ഞാല്‍ പിന്നെയെന്തായിരിക്കുമവസ്ഥ. നിന്നോട് ഏറെ വിരോധമുള്ളൊരുവന്റെ ചുരുക്കപ്പേരുള്ള കുഞ്ഞുമായി ജീവിക്കേണ്ടിവരും. നിന്നെ നോക്കി ആളുകള്‍ കളിയാക്കിച്ചിരിക്കും.''
''പക്ഷേ, ലവനെന്ന പേര്... വാല്‍മീകിമുനി ഭര്‍ഭപ്പുല്ല് രണ്ടായിപ്പകുത്ത് കുഞ്ഞുങ്ങളെ ഉഴിഞ്ഞതുപ്രകാരം കിട്ടിയതാണെന്നാണല്ലോ...''
''അതൊക്കെ പിന്നീടു വന്ന വ്യാഖ്യാനങ്ങളല്ലേ. രാജസന്തതിയുടെ പേരു കേട്ടപാടെ മാമുനി പുല്ലുപറിച്ചോ കല്ലെറിഞ്ഞോ എന്നൊന്നുമല്ല ആളുകള്‍ ആലോചിച്ചുകൂട്ടിയത്. തലപോകുമെന്നു ഭയന്ന് രാജാവിനെ പരിഹസിക്കാന്‍ ജനം ഒരുമ്പെടില്ലെന്നതു നേരു തന്നെ. ചക്രവര്‍ത്തിമാര്‍ക്കാണെങ്കിലോ പോര്‍വിളിച്ചും അശ്വമേധം  നടത്തിയും തങ്ങള്‍ തീര്‍ത്ത കൊടുംകൊലക്കളങ്ങള്‍ കണ്ടു തലപ്പെരുക്കം മാറ്റാം. അതുപോലെയാണോ നമ്മള്‍ അലക്കുകാരുടെ കാര്യം? കൂടിവന്നാല്‍ നനച്ചുവെച്ച മുഷിഞ്ഞതുണിയെടുത്തു കല്ലിന്മേല്‍ നാലുതല്ല് കൂടുതല്‍ തല്ലാമെന്നല്ലാതെ മറ്റെന്തു ചെയ്യാനാകും? ഇനിയെന്താണു വേണ്ടതെന്ന് നീ തന്നെ തീരുമാനിക്കുക. ഞാനിറങ്ങുന്നു... ഇനിയും വൈകിയാല്‍ ഒരുപക്ഷേ, നിന്റെയമ്മ പരിഭ്രമിക്കും.''
പുത്രവധുവിനു വ്യാക്കൂണ്‍ തീര്‍ക്കാനായി കൊണ്ടുവന്ന പലഹാരപ്പൊതി മകനെ ഏല്‍പ്പിച്ചുകൊണ്ട് വൃദ്ധനായ അലക്കുകാരന്‍ ഇറങ്ങിനടന്നു. മറുത്തൊന്നും പറഞ്ഞില്ലെങ്കിലും തന്റെ മകനെന്തു ചെയ്യുമെന്ന് നല്ല നിശ്ചയമുണ്ടായിരുന്ന ആ വൃദ്ധപിതാവ് പുറകോട്ടു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ഉള്‍നിറവിനാലെയൊന്നു പുഞ്ചിരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com