ദണ്ഡവിമോചനം: ജിസ ജോസ് എഴുതുന്ന കഥ 

ഒരു മാട്ടേന്ന് വീണ് പെട്ടന്നങ്ങു മരിച്ചു പോണ്ട ആളൊന്നുമായിരുന്നില്ല. അതും എന്നും നടക്കുന്ന അതേ വഴികളിലൂടെയുള്ള പതിവു നടത്തത്തിനിടയില്‍.
ചിത്രീകരണം : സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം : സുരേഷ് കുമാര്‍ കുഴിമറ്റം

രു മാട്ടേന്ന് വീണ് പെട്ടന്നങ്ങു മരിച്ചു പോണ്ട ആളൊന്നുമായിരുന്നില്ല. അതും എന്നും നടക്കുന്ന അതേ വഴികളിലൂടെയുള്ള പതിവു നടത്തത്തിനിടയില്‍. രാത്രി മുറ്റത്തിരുന്ന് കള്ളും കുടിച്ച്, വെള്ളപ്പിഞ്ഞാണത്തിലെ ചുട്ട ഉണക്കക്കാന്താരി കടിച്ച് എരിഞ്ഞുനീറി, അതിനെക്കാള്‍ നീറ്റലുള്ള തെറിപ്പാട്ടുകള്‍ പാടിക്കൊണ്ട് അവിടെത്തന്നെയിരുന്ന് ഉറക്കം തൂങ്ങി, ആരേലും പിടിച്ചോ വലിച്ചോ അകത്തെ കുഴമ്പുമണമുള്ള കട്ടിലേല്‍ കൊണ്ടേ കിടത്തുമ്പോഴേക്കും  ഞെട്ടിയുണര്‍ന്ന് പിടിച്ചോണ്ടു വന്നവരോട്  മുട്ടന്‍തെറി പറഞ്ഞ് വഴക്കുകൂടി അങ്ങനങ്ങനെ വൈകിയുറങ്ങി നേരത്തെ എണീക്കുന്ന രാവിലെകളിലാണ് ഏറ്റവും ഉണര്‍വ്വോടെയുള്ള പ്രഭാതനടത്തങ്ങള്‍. പറമ്പൊന്നും ആരും നേരെ നോക്കുന്നില്ലെന്ന പരാതി, തന്റെ കണ്ണെത്താതിരുന്നാല്‍ എല്ലാം ആമ്പിള്ളേരു തട്ടിച്ചോണ്ടു പോകുമെന്ന വീരവാദം. അവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരി ചാച്ചാ എന്ന അപേക്ഷയ്ക്കു മുകളിലേക്ക് ഒരു കാര്‍ക്കിച്ചു തുപ്പല്‍. വാശിയോടെ കുന്നുമ്മുകളിലേക്കുള്ള കയറ്റം. എന്നിട്ടന്ന് മൂത്ത ഒരു കാന്താരിമുളകിനു നേരെ നീട്ടിയ കൈ, ചെറിയൊരു കാലിടറല്‍. കാന്താരിച്ചെടിയപ്പാടെ പിഴുതു കയ്യിലിരുന്നിട്ടുണ്ടാവും. അതോ മുളകു മാത്രമോ? കൂട്ടിപ്പിടിച്ച കൈകളില്‍ മുളകിന്റെ എരിവായിരിക്കുമോ അവസാനം പുരണ്ടത്? പൊള്ളിക്കുന്ന രുചിയാണ് ആ പറമ്പിലെ മുളകിന്. ഒരറ്റത്തൊന്നു കടിച്ചാല്‍ മതി കണ്ണു പുകയും. നാവു നീറിപ്പിടയും. അവസാനമെടുത്തവര്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒക്കെ ആ നീറ്റലറിഞ്ഞുകാണും. ആരോടാണിതൊക്കെ ചോദിക്കേണ്ടത്? 

വരാന്തയില്‍വെച്ച മേശയില്‍ ആവി പൊങ്ങുന്ന ഫ്രീസറില്‍  ശവം കിടപ്പുണ്ട്. എല്ലാ എരിവും കെട്ടുപോയ പഴകിയ ഭക്ഷണം പോലെ. കള്ളിഷര്‍ട്ടിട്ട ഒരുത്തന്‍ കൂടെക്കൂടെ വന്ന് ഗ്ലാസ്സ് തുടക്കുന്നു. അടുത്തൊരു ബഞ്ചില്‍ ഭാര്യയും പെണ്‍മക്കളും. വല്യമ്മച്ചി നന്നേ വയസ്സായിരിക്കുന്നു. മുടി പഞ്ഞിക്കെട്ടുപോലെ വെളുത്തു. കറുപ്പില്‍ കസവു കരയുള്ള സാരി വാരിച്ചുറ്റി അവരാകെ ഞെരിപിരികൊണ്ടിരിക്കുന്നു. ബഞ്ചിലെ ആ ഇരിപ്പോണ്ട് നടു വേദനിക്കുന്നുണ്ടായിരിക്കും. ഇടയ്ക്ക് കണ്ണു തുടച്ചും മൂക്കുചീറ്റിയും എല്ലാരും സങ്കടപ്പെടുന്നു. അങ്ങുമിങ്ങും വാതില്‍പ്പടിയിലുമൊക്കെയായി നില്‍ക്കുന്നവര്‍ കരച്ചിലിന്റെ ഒച്ചയുയരുമ്പോഴൊക്കെ ആകാംക്ഷയോടെ ഏന്തിവലിഞ്ഞു നോക്കുന്നുണ്ട്.

മടുപ്പോടെ വിയര്‍പ്പു മണക്കുന്ന ഒരുപാടു കക്ഷങ്ങള്‍ക്കിടയിലൂടെ നൂണ്ട് അകത്തെ മുറിയിലേക്കു കടന്നു. പഴേ വീടല്ല. ആകെ മാറിയിരിക്കുന്നു. വല്യപ്പന്‍ മാട്ടേന്നു വീണു മരിച്ച ദിവസം യാദൃച്ഛികമായവിടെത്തി ഇത്രേം അസുലഭമായ കാഴ്ചകള്‍ കണ്ട ലഹരിയോടെ ഒരുത്തി രൂപക്കൂടിന്റെ താഴെയിട്ട കസേരയിലിരുന്ന് വായിട്ടലയ്ക്കുന്നുണ്ട്. ചുറ്റും കൂടിനിന്നു കഷ്ടം വെയ്ക്കാന്‍ കുറെ പെണ്ണുങ്ങളും.

''എന്റെ വല്‍സാന്റി ഞാനിങ്ങു കേറി ഒന്നിരുന്നിട്ടുപോലുമില്ല. വല്യമ്മച്ചി കാപ്പിയനത്തട്ടേന്നും പറഞ്ഞ് അടുക്കളേലോട്ടു പോയപ്പം കൊച്ചിനിച്ചിരെ സെറിലാക്കു കലക്കാംന്നും കണ്ട് ഞാന്‍ പൊറകെ പോയതാ. അമ്മച്ചി പിന്നാമ്പൊറത്തെ വരാന്തേലിരുന്ന് ചക്കക്കുരു പൊളിക്കുന്നേം കണ്ടോണ്ട് ഞാനങ്ങു ചെന്നു. അമ്മച്ചി കൊച്ചിനേം കയ്യേല്‍ മേടിച്ച് ജയ്സണെന്താ വരാത്തേന്നൊക്കെ വിശേഷം ചോദിച്ചോണ്ടിരിക്കുവാ. അന്നേരമല്ലേ പൊത്തോം തരികിടോം ന്ന് ഒരൊച്ച. ചക്ക വീണതാന്നോര്‍ത്തോണ്ട് ഞാന്‍ ചുമ്മാ ഒന്ന് എത്തിനോക്കീതാ. നോക്കുമ്പം വല്യചാച്ചന്‍ ഇങ്ങനെ കെടന്ന് പെടക്കുവാ. അലറിക്കോണ്ട് ഞാനോടിച്ചെന്നു. എന്റീശോയേ! എന്നാ ഒരു കാഴ്ചയാരുന്നു. തലയെടുത്തു മടീലു വെച്ചപ്പോ എന്നെ ഒരു നോട്ടം. എന്നാലും എന്നാ അനുഗ്രഹവാന്നാ പറയണ്ടേ. ഇത്രേം പൊക്കത്തീന്നു കല്ലേലിടിച്ചു വീണിട്ടും ഒരു മുറിവോ തൊള്ളിച്ചോരയോ കാണാനില്ല. ആശൂത്രീലൊന്നും കൊണ്ടോണംന്നല്ല, ഇച്ചിരെ വെള്ളം ഇറ്റിച്ചു കൊടുക്കാനാ സത്യായിട്ടും എനിക്കന്നേരം തോന്നിയേ. കര്‍ത്താവു തോന്നിച്ചതാരിക്കും. അമ്മച്ചിയോട് വെള്ളം കൊണ്ടരാന്‍ പറഞ്ഞു. മൂന്നാലു തുള്ളി ഇറങ്ങിക്കാണും. പിന്നങ്ങു തല ചെരിഞ്ഞു. എന്റെ കയ്യിക്കിടന്നോണ്ടാ... എനിക്കതോര്‍ക്കുമ്പഴാ...''

കൈക്കുഞ്ഞു കരഞ്ഞപ്പോള്‍പ്പോലും നിര്‍ത്താതെ അവളിങ്ങനെ ഒച്ച കൂട്ടീം താഴ്ത്തീം പറഞ്ഞോണ്ടിരുന്നു. മുറിവും ചോരയുമില്ലാത്ത നാണം കെട്ട വീഴ്ച. തലേം ഉടലും കല്ലിലടിച്ച പൂക്കുല പോലെ ചിതറിത്തെറിക്കണമായിരുന്നു. എന്നിട്ട് എല്ലാം കൂടെ ഒരു വല്ലത്തില്‍ വാരിക്കൂട്ടി വേണം എടുക്കാന്‍. എന്തു രസമായേനെ. അവളുടെ പുരാണം കേള്‍ക്കണ്ടന്നു വെച്ച് പിന്നാമ്പുറത്തെ വരാന്തയിലേക്കു ചെന്നു. മരണം വീടിനെ തുറന്നതാക്കുന്നു. എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നു കിടക്കുകയാണ്. അല്ലാത്തപ്പോള്‍ പുറകിലെ മുറ്റത്തോ വരാന്തയിലോ നിന്നു കാര്യം പറഞ്ഞു പോവേണ്ടവര്‍ക്കൊക്കെ ഏതിലേയും കേറി നിരങ്ങാം. ആരും വിലക്കില്ല. പണ്ട് അനിയന്റെ കൂടെ നാപ്പത്തൊന്നു പടി കേറിവന്ന് ഇവിടുത്തെ പിള്ളാരെടെ കൂടെ കളിച്ചിരുന്നു. ഈ പെണ്ണും അന്നു കളിക്കാന്‍ കൂടിയിട്ടുണ്ടാവും. കുറച്ചു നേരം സാറ്റും കള്ളനും പൊലീസുമൊക്കെ കളിക്കാന്‍ കൂടീട്ട് അവരങ്ങു കേറിപ്പോകും. ഞങ്ങള്‍ക്ക് കളി മതിയായിട്ടുണ്ടാവില്ല. വീട്ടിലേക്ക് ചെന്നിട്ടു കാര്യവുമില്ല. ചുറ്റിപ്പറ്റി നില്‍ക്കുന്നത് വേറൊന്നിനുമല്ല, ആ കൊച്ചുങ്ങളു പാലു കുടിച്ചേച്ചോ മഞ്ഞ റസ്‌ക്കു കടിച്ചു തിന്നേച്ച് ചുണ്ടത്തേം മുഖത്തേം പൊടി തുടച്ചോണ്ടോ പിന്നേം വന്നാലോന്നു കരുതിയിട്ടാണ്. വലിയ വീടുകളിലേക്ക് കേറിച്ചെല്ലരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അവിടെ എന്തു നഷ്ടപ്പെട്ടാലും സംശയത്തിന്റെ വല മുറുകുന്നത് നമ്മുടെ മേലാരിക്കും.


അങ്ങനെ നിക്കുന്നതു കണ്ടാല്‍ വല്യമ്മച്ചി വിളിക്കും.
''വാ കൊച്ചുങ്ങളേ, വല്ലോം കഴിച്ചേച്ചാണോ വന്നേ? ചേമ്പു പുഴുങ്ങീതൊണ്ട്. കുറച്ചു തിന്നേച്ചു പോ.'' 
വിലങ്ങനെ തലയാട്ടി അവിടെത്തന്നെ നില്‍ക്കുമ്പോഴാരിക്കും മുണ്ടും മാടിക്കെട്ടി ഇപ്പോ ചത്തു കിടക്കുന്ന വല്യപ്പന്‍ കേറിവരുന്നത്. 
''എന്നാടീ ഒരു ചുറ്റിക്കളി? ചുമ്മാ നിക്കാതെ വന്നേ, കുറച്ചു മുതിര മെതിച്ചേ.''
അനുസരിക്കാതെ തരമില്ല. പൊരിവെയിലത്ത് പരമ്പില്‍ വിരിച്ച മുതിരക്കു മീതെ ചവിട്ടിച്ചവിട്ടി തോടു കളയണം. എങ്ങനാന്നു കാണിച്ചുതരും. അനിയന്‍ ചെവിയില്‍ പറയും:
''ഇയാക്ക് അടീലു വല്ലോമിട്ടോണ്ടു നിക്കാന്മേലേ?''
അങ്ങോട്ടു നോക്കുമ്പം നോക്കുമ്പം ചിരി പൊട്ടും. ചിരിക്കുന്ന കണ്ടാല്‍ അയാള്‍ക്കു വല്ലാണ്ടു കലിവരും.
''എന്നാടി? എന്നാ കണ്ടിട്ടാ? നിന്നു കിളിക്കാതെ പണിയെടുക്ക്.''
പുല്ലിന്‍ കെട്ട് ചുമന്നോണ്ടെങ്ങാനും അമ്മ അന്നേരം വന്നാല്‍ തീര്‍ന്നു കഥ. പുല്‍ത്തൊട്ടീല്‍ പുല്ലിട്ടേച്ച് അടുത്തുവരും. പതിഞ്ഞ ഒച്ചയില്‍ ചോദിക്കും:
''പറഞ്ഞിട്ടില്ലേടീ ഇങ്ങു വരരുതെന്ന്? പിന്നെന്തിനാ വന്നേ? വീട്ടിലിരുന്ന് വല്ലോം എഴുതേം പഠിക്കേം ചെയ്താപ്പോരേ?
ഞാന്‍ വേലയെടുക്കുന്നുണ്ട്. അതു മതി. എന്റെ മക്കളേം കൂടി ഇവ്ടെ കൂലിക്കാരാക്കാന്‍ വിചാരിക്കണ്ട ഒരുത്തനും.''
കൈത്തണ്ട അരമുള്ള കൈപ്പത്തിക്കുള്ളില്‍ മുറുകുന്നു. നീളന്‍ നഖം മാംസത്തിലേക്കു നുഴഞ്ഞു കേറും. കണ്ണു നീറും.
''പോ ഒറ്റയോട്ടത്തിന് ചെക്കനേം കൂട്ടി. പോയിരുന്ന് വല്ലോം പഠിക്ക്.''
അരിശത്തോടെ കൊത്തുകല്ലുകള്‍ രണ്ടും മൂന്നും ഒന്നിച്ചെടുത്തു ചാടി താഴോട്ട്. താഴെ പാറവിളുമ്പിലെ കൊച്ചു വീട്. പീഞ്ഞപ്പലകകൊണ്ടുള്ള വാതിലില്‍ നിറയെ സിനിമാപ്പടങ്ങളും നോട്ടീസുകളും. അവന്റെ കലവിരുതാണ്. മുരിങ്ങാക്കറകൊണ്ടമര്‍ത്തിയമര്‍ത്തി ഒട്ടിക്കുന്നത്. അമ്മയിനി ഉച്ചയ്ക്കു കഞ്ഞികുടിക്കാനേ വരൂ. മറ്റു പണിക്കാര്ടെ കൂടെ മോളിലത്തെ വീട്ടിലെ അടുക്കള വരാന്തയിലിരുന്നു ചോറുണ്ണാന്‍ അമ്മ പോവില്ല.
''വേലക്കു കൂലി തരണ്ട്. അതു മതി. ധര്‍മ്മക്കഞ്ഞി വേണ്ടാ.''
അമ്മ പിറുപിറുക്കുന്നു. കഞ്ഞിയോ കൂട്ടാന്‍ വെച്ച ദിവസം ചോറോ തിന്നിട്ട് വരാന്തയില്‍ ചാഞ്ഞൊന്നു മയങ്ങി പിന്നേം എഴുന്നേറ്റോടണം. ചാണകം മെഴുകിയ നിലത്തിന്റെ അടയാളം അമ്മേടെ പുറത്തും അമ്മേടെ അടയാളം നിലത്തും.
''നിക്കമ്മേ പുറത്തപ്പിടി കരി, തുടച്ചേച്ചു പോ.''
പറയുന്നത് അമ്മ കേക്കത്തേ ഇല്ല.
''ആ പിശാശ് ഇപ്പോ ഇങ്ങു വരും, പണിയെടുക്കാണ്ട് ചപ്രമഞ്ചത്തി കെടക്കുവാന്നോന്നും ചോദിച്ച്.''
ഓട്ടത്തിനിടയില്‍ അമ്മ പിറുപിറുക്കുന്നതിന്റെ കിതപ്പ് ഇപ്പഴും ചെവിയില്‍ ഇരമ്പുന്നപോലെ.

അടുക്കളവരാന്തയില്‍നിന്ന് അങ്ങേര് വീണെന്ന് പറഞ്ഞ സ്ഥലത്തേയ്ക്ക് ഒന്നെത്തിനോക്കി. മണ്ണിടിഞ്ഞിട്ടുണ്ട്. കുത്തനെയുള്ള ഇറക്കമാണ്. വീട് കൂട്ടിപ്പണിതു വലുതാക്കുമ്പോള്‍ മല മാന്തി മാന്തിയെടുത്തതുകൊണ്ട് നാലഞ്ചാള്‍ പൊക്കത്തില്‍ കുത്തനെ മതിലുപോലെ പൊങ്ങി നില്‍ക്കുന്നു. പണ്ടിതൊരു ചരിവായിരുന്നു. കളികള്‍ക്കിടയില്‍ ഓടിക്കയറാവുന്ന ചരിവ്. ഇത്രേം പൊക്കവുമില്ലായിരുന്നു. അതോ അന്നു തോന്നാത്തതോ?
''ഇവ്ട്ന്നാ അല്ലിയോ വീണേ? എന്നാ പൊക്കവാ. കണ്ടിട്ടങ്ങു പേടിയാവുന്നു.''
ഒരു ചൂടു നിശ്വാസം പുറത്തു തട്ടി, ചട്ടേം മുണ്ടുമിട്ട ഒരു ചേടത്തി തോളിനു മേലെക്കൂടി എത്തിനോക്കുന്നു. അസ്വസ്ഥതയോടെ കുറച്ചു നീങ്ങിനിന്നപ്പോള്‍ അവരു പിന്നേം അടുത്തോട്ടു വരുന്നു. വെളുത്തുള്ളി മണമുള്ള വാക്കുകള്‍ മുഖത്തു തട്ടി.
''കൊച്ചേതാ? സത്യമെന്നതാന്നു വല്ലോം അറിയാവോ? എന്നും നടക്കുന്ന പറമ്പല്ലിയോ? വീഴാനാണേല് കൂമ്പാളയുടുക്കുന്ന പ്രായത്തിലു് മലകേറീതല്ലിയോ? അന്നൊന്നും വീഴാത്തോനീ എഴുപതാം കാലത്തിലു്.''
അവരുടെ വാക്കുകളില്‍ എന്തെല്ലാമോ മുള്ളുകള്‍ കുത്തിത്തറഞ്ഞു നില്‍ക്കുന്നു. വെറുപ്പോടെ നടക്കല്ലിറങ്ങി വശത്തെ വീതികുറഞ്ഞ സിമന്റ് കോണിയിലൂടെ ടെറസിലോട്ടു കയറി. പുറകിലവരെന്തോ പറയുന്നുണ്ട്. മോളിലും അവിടവിടെ ആളുകള്‍ ചിതറിനില്‍ക്കുന്നു. ഒറ്റമുറിയില്‍ അട്ടിവെച്ച റബ്ബര്‍ഷീറ്റുകള്‍ക്കു മേലെ.
പാതിയൊഴിഞ്ഞ ബ്രാണ്ടിക്കുപ്പി. കട്ടന്‍ കാപ്പി ഊതിയാറ്റിക്കുടിക്കുന്നപോലെ ചുവന്ന ഷര്‍ട്ടിട്ട ഒരുത്തന്‍ ചില്ലു ഗ്ലാസ്സില്‍നിന്നു നുണഞ്ഞു കുടിക്കുന്നു.
''നീ വെക്കം കുടിച്ചേച്ച് ആ ഗ്ലാസ്സിങ്ങു തരാവോ?''
''വെല്ലോം തൊട്ടു നക്കാനിച്ചിരെ കിട്ടിയിരുന്നേല്‍, ഇച്ചിരെ അച്ചാറെങ്ങാനും.''
''ങ്ങും. അച്ചാറ് ശ വേണേല്‍ അതാ ഒട്ടുപാലിരിപ്പൊണ്ട്, കുറച്ചെടുത്ത് വായിലിട് ഡെന്നിച്ചാ'' അക്ഷമ കലര്‍ന്ന ശബ്ദം.
വര്‍ത്തമാനത്തിനിടയില്‍ അവരുടെ നോട്ടം അപരിചിതത്വത്തോടെ .

നീണ്ടുവരുന്നതു കണ്ട് മെല്ലെ ആസ്ബസ്റ്റോസ് വിരിച്ച മറുഭാഗത്തേക്കു നീങ്ങി. നിറയെ അലക്കിവിരിച്ച തുണികള്‍. സോപ്പുപൊടിയുടെ സുഗന്ധം, ഇളം നനവ്. ആരാണീ മരണവീട്ടില്‍ ഇത്രേം തുണികള്‍ അലക്കിയിട്ടതെന്ന് ഒന്നമ്പരന്നു. പിന്നെയോര്‍ത്തു. മരണം കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ്. ബോഡി ഇന്നേ കൊണ്ടുവന്നിട്ടുള്ളു. ഇത്രയും ദിവസം വീട്ടിലുള്ളോര്‍ക്കു തുണിയുടുക്കാതെ വയ്യല്ലോ. വകേലൊള്ള ഏതേലും കുഞ്ഞമ്മേടെയോ നാത്തൂന്റെയോ രാവിലത്തെ സേവനമായിരിക്കും. തുണികള്‍ക്കിടയില്‍ മറഞ്ഞും നില്‍ക്കാം, താഴെ വരുന്നവരെയൊക്കെ കാണുകേം ചെയ്യാം. നനഞ്ഞ തുണികള്‍ സാന്ത്വനത്തോടെ പൊതിയുന്നതിന്റെ സുഖം. ഇക്കൂട്ടത്തില്‍ മരിച്ചുപോയ ആളുടെ തുണികളുണ്ടോ? ഒരിക്കല്‍ വെള്ള നിറമുണ്ടായിരുന്ന, കശുവണ്ടിക്കറയ്ക്കും മാങ്ങാച്ചൊനയ്ക്കുമൊപ്പം പറമ്പിലെ നൂറായിരം പണിയെടുക്കലുകളുടെയൊക്കെ അടയാളമുള്ള ആ മുണ്ടുകള്‍. ഞായറാഴ്ച മലയിറങ്ങി പള്ളിയില്‍ പോകുമ്പോള്‍ നീലത്തിലും പോരാത്തേന് റാണി പാലിലും മുക്കി വെളുപ്പിച്ച് കഞ്ഞിവെള്ളം കൊണ്ട് ബലപ്പെടുത്തിയ മുണ്ട്, രാത്രി കുഴഞ്ഞ് തളര്‍ന്ന് പാതിയഴിഞ്ഞ് മണ്ണിലിഴഞ്ഞ അറ്റവുമായി തിരിച്ചു കേറുന്നു. അല്ലെങ്കില്‍ അതൊക്കെയിനി കഴുകിയുണക്കുന്നതുമെന്തിന്? മരിച്ചവരുടെ ഉടുപ്പുകള്‍ മരിച്ചവരെപ്പോലെ ഭയപ്പെടുത്തുന്നവയായിരിക്കുമോ? ഇല്ല. അമ്മമ്മ മരിച്ചപ്പോള്‍ മണിപ്പൂട്ടുള്ള കല്‍പ്പെട്ടിയിലെ മുണ്ടുകള്‍ക്കുവേണ്ടിപ്പോലും എല്ലാവരും കലഹിച്ചിരുന്നു. ഈ പുളീലക്കരയന്‍ വേഷ്ടീം മുണ്ടും എനിക്കെന്ന് അമ്മയും ചെറ്യമ്മയും പിടിവലി കൂടി. ഉടുക്കാതെ സൂക്ഷിച്ചു സൂക്ഷിച്ചുവെച്ച് മടക്കുകളില്‍ മഞ്ഞനിറം പുരണ്ട പാറ്റ നക്കിയ മുണ്ടുകള്‍. തീണ്ടാരിത്തുണിയാക്കാന്‍പോലും കൊള്ളില്ലല്ലോന്ന് അമ്മായി മൂക്കത്തു വിരല്‍വെച്ചു. പെട്ടിനിറച്ചു പുത്തന്‍ മുണ്ടിരിക്കുമ്പോള്‍ അമ്മമ്മ മുഷിഞ്ഞുനാറിയ കീറ്റമുണ്ടുടുത്ത് ഉമ്മറത്ത് നിരങ്ങിനടന്നു. എത്ര അടിച്ചു നനച്ചാലും വെളുക്കാത്ത മുണ്ടുകള്‍. ചെനക്കത്തൂര് പൂരത്തിനു പോകുമ്പോ ഞാന്‍ രവി വാങ്ങിത്തന്ന പച്ചക്കരയുള്ള മുണ്ടു ചുറ്റും, നെന്മാറ വേലയ്ക്കു പോകുമ്പോ ആ ചോപ്പല്ലേ നല്ലത് എന്നൊക്കെ സ്വകാര്യം പറഞ്ഞു. ആരുമവരെ പക്ഷേ, എവിടെയും കൊണ്ടുപോയില്ല.

താഴെ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. പലനിറങ്ങള്‍. ഒച്ചകള്‍. ഇപ്പോള്‍ വീടിനടുത്തുവരെ വണ്ടി വരും. പണ്ടു നടന്നുകയറിയിരുന്ന വഴികള്‍. ഇല്ലാത്ത വഴികള്‍. ഏതിലേ നടന്നാലുമതൊരു വഴിയായി. തിങ്ങിയ പാണല്‍വള്ളികളുടേയും പെരുകലത്തിന്റെയുമിടയിലൂടെ വഴിതെളിച്ചു നടക്കാനന്നൊന്നും പ്രയാസവുമില്ലായിരുന്നു. നീയിങ്ങു വാ എന്നൊരമര്‍ത്തിയ വിളിയുടെ എരിവു പടര്‍ന്നു നീറിയ കുട്ടിക്കാലമോര്‍ത്തു. സന്ധ്യയാവുന്നേയുണ്ടായിരുന്നുള്ളൂ. സ്‌കൂളില്‍നിന്ന് പിള്ളാരൊടൊപ്പം വര്‍ത്തമാനം പറഞ്ഞ് പറഞ്ഞ് മല കേറിവന്ന സമയം. അനിയന്‍ ഫുട്ബോളുകളീം കണ്ട് ഇന്റര്‍സിറ്റീലെ മൈതാനത്തു നില്‍ക്കും. വൈകിയേ കേറിവരൂ. അമ്മ ചെണ്ടക്കപ്പപുഴുങ്ങിവെച്ചിരിക്കുന്നു. വെന്തുമലര്‍ന്ന് ആവിപൊങ്ങുന്ന വെണ്മ. തൊട്ടുകൂട്ടാന്‍ കാന്താരിയുടച്ചതു വേണം. ഇച്ചിരെ പുളി, മൂന്നാലു ചൊള ഉള്ളി, കാന്താരി മേലെപ്പറമ്പിലെ കരണംപൊട്ടി തന്നെ വേണം, അടച്ചൂറ്റിയില്‍ വെച്ച് തവിക്കണ കൊണ്ടമര്‍ത്തിയുടച്ച് വെളിച്ചെണ്ണ ചാലിച്ചത്. അതിനു മുളകില്ലല്ലോ, ഒറ്റയോട്ടത്തിനു പോയി അഞ്ചാറു മുളകു പറിച്ചോണ്ടു വാ, അന്നേരത്തേനും അമ്മ കട്ടനനത്തിവെക്കാം. അമ്മയിന്നു മേലെപ്പറമ്പില്‍ പണിക്കു പോയിട്ടില്ല. പനിയായിരുന്നു. ''തല ചിറ്റ്ണ്ട് കുഞ്ഞേ, ഒട്ടും വയ്യാണ്ടാ. ഒന്നു പോയിട്ടു വാ, വരുമ്പം തോട്ടിലിറങ്ങി ഒന്നു മുങ്ങിക്കേറിക്കോ. ഇല്ലേല്‍ കുളീന്നും പറഞ്ഞ് പിന്നേം കുറെ നേരം'' സോപ്പും തോര്‍ത്തും നീട്ടുന്ന കൈകള്‍. മേലെപ്പറമ്പില്‍ നിറയെ ഉറവകളും ഒഴുക്കുകളുമാണ്. മഴക്കാലത്ത് ഏതു കയ്യാലയുടെ കീഴില്‍ ചെന്നു നിന്നാലും കുഞ്ഞരുവികള്‍ മേത്തേയ്ക്കു ചിരിച്ചോണ്ടു വീഴും. കവുങ്ങിന്‍പാത്തിയിലൂടെ ഒഴുകിവരുന്ന വെള്ളച്ചാലുകള്‍ തണുപ്പിന്റെ സൂചിമുനകൊണ്ടു കുത്തും. വേനലെത്തിയാല്‍ പറമ്പതിരിലെ വലിയ തോട്ടിലാണ് കുളി. പാറമുകളില്‍നിന്ന് വെള്ളം നിലവിളിച്ചുകൊണ്ടാണെടുത്തു ചാടുക. താഴെ പോയി നിന്നുകൊടുത്താല്‍ മതി. വെള്ളം ഒരു തിരശീലപോലെ മൂടിപ്പൊതിയും. തണുത്ത ഒരു പുതപ്പ്. അങ്ങനെ നിക്കരുത്, വല്ല പാറക്കഷണോം മേലേന്ന് ഉരുണ്ടുവീണാലോന്ന് അമ്മ വഴക്കുപറയും. വല്യൊരു മഴക്കാലത്ത് ഇങ്ങനെ വെള്ളച്ചാട്ടത്തിനു കീഴെ നിന്നു കുളിക്കുമ്പോ ഒരു മലമ്പാമ്പ് മോളീന്ന് മേത്തേയ്ക്കു വീണ കഥ പറഞ്ഞ് ചിന്നമ്മച്ചേടത്തി പേടിപ്പിച്ച കാലത്തു മാത്രമേ കുറച്ചു നാള്‍ അങ്ങനെ കുളിക്കാതിരുന്നിട്ടുള്ളൂ. വല്യ തോട്ടിലാകെ കല്ലിടുക്കുകള്‍, വെള്ളത്തിലേക്കു ചാഞ്ഞ മരങ്ങള്‍, പാറയില്‍ പടര്‍ന്നുപറ്റിയ വേരുകള്‍, എപ്പഴും നല്ല തണുപ്പും നേരിയ ഇരുട്ടും. പാറയരികുകളില്‍ പറ്റിനില്‍ക്കുന്ന മഷിത്തണ്ടുകളുടെ തടിച്ചുരുണ്ട് വിളറിയ അഹങ്കാരം. ഒരു തണ്ടു കിട്ടിയാല്‍ മതി, ഒരു കുടം വെള്ളം കാണും. അത്രേം തടിച്ച തണ്ടുകള്‍ സ്‌കൂളില്‍ ആരും കൊണ്ടുവരില്ല. പക്ഷേ, പറിച്ചുവെച്ചാല്‍ വാടിപ്പോവും. രാവിലെ കിട്ടണം. വേഗം കുളിച്ചുകേറണമെന്ന് വിചാരിച്ചു വന്നാലും എന്നും താമസിക്കും. മഷിത്തണ്ടിനും പാറനനവില്‍ പറ്റിനില്‍ക്കുന്ന വയലറ്റ് പൂക്കള്‍ക്കും പിന്നാലെ നടന്ന്, തെളിഞ്ഞ മണലിലെ വെള്ളക്കുഴിയില്‍ സന്ധ്യയുടെ തണുപ്പിലും ഇരുട്ടിലും പുതഞ്ഞ് എത്ര നേരം കിടന്നാലും മതിവരാതെ. വല്ലാതെ വൈകിയാല്‍ അമ്മ അനിയനെ പറഞ്ഞയക്കും. 
''എണീറ്റു വാടി. ചെല്ല്, അമ്മ നിനക്കു വെച്ചിട്ടൊണ്ട്. നേരമെത്രായെന്നാ?''
പേടിച്ചു പേടിച്ച് ഓടിച്ചെല്ലുമ്പോള്‍ ചെറിയ നിലവിളക്കു കൊളുത്തിവെച്ചതിന്റെ അടുത്തിരുന്ന് അമ്മ നിര്‍ത്താതെ പറഞ്ഞോണ്ടിരിക്കുന്നുണ്ടാവും.
''നിക്ക് പ്രാര്‍ത്ഥിക്കാന്‍ ദൈവങ്ങളൊന്നൂല്ല്യ, ഒക്കെ ന്നെ എപ്പഴേ വിട്ടുപോയി. അതിനു മുന്നേ ഞാനവറ്റോളേം വിട്ടു. ന്റെ രണ്ടു മക്കളോടും ഞാന്‍ പറയ്യാണ്, നന്നായി പഠിച്ചിട്ടന്നെയേ രക്ഷപ്പെടാന്‍ പറ്റുള്ളൂ. ങ്ങനേം ഈ മലമുകളില്‍നിന്നു രക്ഷപ്പെടണം. പഠിച്ച് എന്തേലും ജോലി വാങ്ങിക്കണം.''
എന്നിട്ട് മണ്ണെണ്ണ തീരുമെന്ന് പറഞ്ഞ് ഒന്‍പതു മണിക്കു മുന്നേ വിളക്ക് ഊതിക്കെടുത്തും. അമ്മേ ഇനീമൊണ്ട് പഠിക്കാന്‍, എഴുതിത്തീര്‍ന്നിട്ടും കൂടിയില്ല എന്നു ചിണുങ്ങിയാല്‍ അമ്മയ്ക്കു ദേഷ്യം വരും. അതല്ലേ പറേന്നത്, തെണ്ടി നടക്കാതെ ഇരുട്ടുന്നേനു മുന്നേ എഴുതാനിരിക്കാന്‍. ഇനി രാവിലെ വെളിച്ചം വീഴുമ്പത്തന്നേ എണീക്ക്.''
പാറവിളുമ്പിലെ ഇത്തിരി മണ്ണില്‍ കെട്ടിപ്പൊക്കിയ വീട്. വടക്കേയറ്റത്തുനിന്ന് താഴോട്ടു നോക്കിയാല്‍ത്തന്നെ പേടിയാവും. കുത്തനെയുള്ള താഴ്ച. മഴക്കാലത്തു വഴുതല്‍. ഉറക്കം വരാതെ കിടക്കുമ്പോള്‍ എന്തെല്ലാമോ ഒച്ചകള്‍. അമ്മയുടെ പതിഞ്ഞ ശബ്ദത്തിലുള്ള ജപം. പിന്നെപ്പഴോ അച്ഛന്‍ വരുന്നു. വിളക്കു കത്തിക്കുന്നതിന്റെ, പാത്രങ്ങള്‍ കലമ്പുന്നതിന്റെ ശബ്ദങ്ങള്‍ക്കിടയില്‍ സ്വസ്ഥമായി ഉറക്കത്തിലേക്കാഴ്ന്നു പോവുന്ന കുട്ടിക്കാലം കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളു. വിളക്കണച്ചു കഴിഞ്ഞാല്‍ അമ്മയുടെ പിറുപിറുപ്പുകള്‍ പിന്നേം വന്നു മാന്തിയുണര്‍ത്തുന്ന രാത്രികളാണ് ഓര്‍മ്മയിലധികവും.'' ഈ അമ്മയ്ക്ക് ഉറക്കോമില്ലേ? അനിയന്‍ ഒച്ചവെയ്ക്കുന്നു. 
''നെഞ്ചു പൊട്ടുന്ന പോലാ മക്കളേ, ആരോടാ ഞാന്‍ പറയണ്ടേ.''

അമ്മ പുതപ്പിന്‍ തുമ്പു വായില്‍ തിരുകിയാവണം ഒരു പൊട്ടിക്കരച്ചിലെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. ഇത്തരം രാത്രികളില്‍, ഓര്‍മ്മയുറയ്ക്കും മുന്‍പ് വടക്കേ മുറ്റത്ത് കൈവിട്ടുപോയ മകളെക്കുറിച്ചമ്മയോര്‍ക്കുന്നുണ്ടാവും. അമ്മമ്മ കുഞ്ഞിനെയുമെടുത്ത് വീടിനു ചുറ്റും നടന്ന് കരച്ചില്‍ മാറ്റുകയായിരുന്നു. വീട്ടുകാരെ നാണം കെടുത്തി ഒളിച്ചോടിപ്പോയ മകളുടെ പൊറുതി കാണാനുള്ള ആദ്യത്തെ വരവ്. മുട്ടത്തെ അമ്പലത്തില് ഉത്സവത്തിനു കണ്ട നാട്ടുകാരന്‍ പോയി അമ്മമ്മയോടു പറഞ്ഞുകൊടുത്തിട്ടാണ് സ്ഥലമറിഞ്ഞത്. മലമുകളിലാണേലും വൃത്തീം വെടുപ്പുമുള്ള കുഞ്ഞു വീട്. നാടും ജാതീമൊക്കെ വേറെയാണേലും ഉത്തരവാദിത്വമുള്ള മരുമകന്‍. ഓമനക്കുഞ്ഞ്. അമ്മമ്മയ്ക്ക് എല്ലാം പിടിച്ചു. രാത്രി അത്താഴത്തിനു കൂട്ടിയ കാട്ടുപന്നിയിറച്ചി ഉലര്‍ത്തിയതടക്കം. രാവിലെ അല്പം വഴുക്കലുള്ള പാറവിളുമ്പിലൂടെ കുഞ്ഞിനെന്തോ പൂവോ പൂമ്പാറ്റയോ കാട്ടിക്കൊടുത്തു കൊണ്ടുള്ള ആ നടത്തത്തിനിടയില്‍ മുണ്ടു തടഞ്ഞോ കാലു വഴുതിയോ ഒരു തെന്നിവീഴല്‍. പിടിക്കാനൊന്നും കിട്ടിയില്ല. കുഞ്ഞാദ്യം തെറിച്ചുപോയി. അമ്മമ്മയും താഴേക്കൂര്‍ന്നു വീണു, നടുവും തല്ലി.

പിന്നൊരിക്കലും അമ്മമ്മയ്ക്കു നിവര്‍ന്നുനില്‍ക്കാന്‍ പറ്റിയില്ല. ചാരുകസേരയില്‍ കിടത്തി മൂന്നാലു പേര്‍ ചേര്‍ന്നാണ് താഴെ ആശുപത്രിയിലെത്തിച്ചത്. കഷ്ടിച്ച് ഒന്നെണീക്കാറയപ്പോഴേക്ക് വര്‍ഷങ്ങളഞ്ചാറു കഴിഞ്ഞു. ഉത്സവങ്ങളും വേലകളുമൊന്നും വിടാതെ പോയിക്കൊണ്ടിരുന്ന അമ്മമ്മയുടെ യാത്രകള്‍ പിന്നങ്ങോട്ട് ഉമ്മറത്തിണ്ണ നിരങ്ങലിലവസാനിച്ചു. എന്റെ കുഞ്ഞ്, പേരും കൂടിയിടാത്ത പൊന്നുംങ്കട്ട. അമ്മ കരഞ്ഞു. എന്റെ കുഞ്ഞിനെ താഴെത്തള്ളിയിട്ടു കൊന്നതല്ലേ? കലഹത്തിന്റെ നിമിഷങ്ങളില്‍  അലമുറയിട്ടു. ''വേണം ന്നു വെച്ചിട്ടന്നെയല്ലേ ഈ തള്ള അന്നു വിരുന്നുവന്നത്? എന്തൊരു മഹാപാപിയായിട്ടാ ഞാനെന്റെ കൊച്ചിനെ തള്ളേടെ കയ്യില്‍ കൊടുത്തത്.''

ഓരോ തവണയും വടക്കുഭാഗത്തേക്കു നോക്കുമ്പഴൊക്കെ അമ്മയ്ക്കു നീറി. അങ്ങോട്ടു പോവരുതെന്നു വിലക്കി. മേലെപ്പറമ്പിന്റെ മുകളിലെ അതിരില്‍നിന്ന് ഇല്ലിക്കമ്പുകള്‍ തനിയെ ചുമന്നുകൊണ്ടു വന്ന് അവിടെ വേലി കെട്ടി. ഉറച്ചുനില്‍ക്കാനൊന്നും കിട്ടാതെ ആദ്യത്തെ കാറ്റില്‍ത്തന്നെ വേലി മറിഞ്ഞുവീണു. അവിടെ കുപ്പിച്ചില്ലുകളും മുള്ളുകളും കൊണ്ടുതള്ളി. ഈശാനകോണാ എന്ന് അച്ഛന്‍ വിലക്കിയപ്പോള്‍ അതെനിക്കു ചെകുത്താന്‍ കോണായെന്ന് തര്‍ക്കുത്തരം പറഞ്ഞു. ഏറ്റവും വേദനിച്ചപ്പോഴൊക്കെ അവടെത്തന്നെ പോയിരുന്നു തല തല്ലിക്കരഞ്ഞു. നല്ലതെന്തുണ്ടാക്കുമ്പോഴും ഒരു നുള്ള് എന്റെ മോക്കെന്ന് വടക്കേ മുറ്റത്ത് മാറ്റിവെച്ചു. ചേച്ചിയൊണ്ടാരുന്നേല്‍ എന്നു എപ്പഴും കൊതിപ്പിച്ചു. എന്റെ മക്കള്‍ക്കു കൂട്ടായേനെ. മഷിത്തണ്ടു പൊട്ടിച്ചു തരാന്‍, സ്‌കൂളില്‍ പോവാന്‍ മലയിറങ്ങുമ്പോള്‍ ചോറ്റുപാത്രം പിടിക്കാന്‍, അമ്മ പണിക്കു പോയാല്‍ വീട്ടിലിരുന്ന് കല്ലു കളിക്കാനും കളം വരച്ച് അക്കു കളിക്കാനും. അമ്മയുടെ പെട്ടിയിലെ കസവു കരയുള്ള മജന്ത സാരി മുറിച്ച് രണ്ടാള്‍ക്കും ഒരുപോലെത്തെ പാവാട തയ്ക്കാന്‍, പിന്നേം പിന്നേം എന്തെല്ലാം കാര്യങ്ങള്‍.
''എന്താ അതിന്റെയൊരു നിറം! നിറയെ തലമുടി! കണ്ണു നെറച്ചൊന്നു കണ്ടും കൂടിയില്ല, ദൈവേ! എന്തൊരു ചതിയായിപ്പോയി!''

പറയുമ്പോഴൊക്കെ അമ്മക്കു നെഞ്ചുനീറി. മലമുകളിലെ ജീവിതത്തിനിടയില്‍ പിന്നെയും രണ്ടു മക്കളുണ്ടായി. ഇടയ്ക്ക് ഭര്‍ത്താവുപേക്ഷിച്ചു വേറെ വഴിക്കു പോയി. ''ഒറ്റയ്ക്കു നില്‍ക്കണ്ട, സ്വന്തം നാട്ടിലേക്ക് പോ'' എന്നുപദേശിക്കാന്‍ വന്നവരോട് ഞാനിവിട്ന്ന് എവിടേക്കുമില്ല, പോക്കടമില്ലാത്തോളാ ഞാനെന്ന് കടുംവാക്കുകള്‍ പറഞ്ഞു പിടിച്ചുനിന്നു. അപ്പുറത്തെ മലയില്‍ വഴിവെട്ടുന്ന പണിക്ക് പോയതായിരുന്നു അച്ഛന്‍. മേലെപ്പറമ്പുകാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടല്ല. വല്യപ്പന്‍ വന്നു വഴക്കുണ്ടാക്കുന്നത്  രാവിലെ കേട്ടിരുന്നു. ''നിനക്ക് കൂരകുത്താന്‍ ഇടം തന്നതും ഇത്രേം കാലം നോക്കി നടത്തീതും ഞാനാ. വെറുതെയല്ല, എന്റെ പറമ്പിലെ പണിക്കു വേണ്ടീട്ടു തന്നാ. എന്നിട്ടു നീ ഇവിടുത്തെ കാര്യമെല്ലാം വിട്ട് വേറെ പണിക്കു പോകുന്നതെന്നാ ശേലുകേടാ?''

''എന്റെ കുര്യച്ചായാ, ഞാനെപ്പഴാ ഇവിടുത്തെ പണി മുടക്കീത്? ഇവിടിപ്പോ കാര്യായ വേലയൊന്നുമില്ല, ഉള്ളത് ഇവളു വന്നു ചെയ്തു തരണ്ട്. വേണ്ടപ്പം എന്നെ വിളിച്ചാ മതി. ആ നിമിഷം ഞാനെത്തി. ഇതാണെങ്കി ഒരു വഴി വെട്ടുന്ന കാര്യം. നാട്ടുകാര്‍ക്കൊരു സേവനം കൂടിയല്ലേ അച്ചായാ.''

അച്ഛന്‍ സോപ്പിട്ടു പതപ്പിച്ചു. ഒന്നു കാര്‍ക്കിച്ചു തുപ്പി വല്യപ്പന്‍ നന്ദികെട്ടവറ്റയെന്നോ മറ്റോ പിറുപിറുത്ത് തിരിച്ചു കേറിപ്പോയി. സ്‌കൂളു വിട്ടു വരുന്ന വഴിക്ക് ആറ്റിനക്കരെ അച്ഛന്‍ വഴി വെട്ടുന്നതു കാണാന്‍ പോകുന്നത് നല്ല രസമായിരുന്നു. ചുവന്ന മയമുള്ള മണ്ണിന്റെ വഴി ചുവന്ന ചേരട്ടയെപ്പോലെ വളഞ്ഞുപുളഞ്ഞു പോകുന്നു. ടാറിട്ടു കഴിഞ്ഞാല്‍ അതൊരു കറുകറുത്ത പെരുന്താനട്ടയെപ്പോലാവും. കാണുമ്പോഴൊക്കെ അച്ഛന്‍, പണിക്കാര്‍ക്കു കാപ്പി തിളപ്പിച്ചു കൊടുക്കുന്ന മാടക്കടേന്ന് മുറുക്കു വാങ്ങിത്തരും. അതിനുവേണ്ടി മാത്രം എല്ലാ ദിവസവും മരപ്പാലം കടന്ന് അക്കരെ പോയി. പാലം കടന്നയുടനെ കണ്ടിരുന്ന പണിക്കാരെ പിറ്റേന്നു കാണില്ല. നനവുള്ള ചുവപ്പു മണ്ണിലൂടെ കുറെ നടക്കേണ്ടിവരും. അച്ഛനാണ് എല്ലാറ്റിനും മുന്‍പില്‍ നില്‍ക്കുന്നത്. അതോണ്ട് എല്ലാര്‍ക്കും അച്ഛനെ വല്യ കാര്യവുമാണ്. വഴി വളഞ്ഞുപുളഞ്ഞ് മുകളിലേക്കു നീണ്ടുകൊണ്ടിരുന്ന ദിവസങ്ങളിലൊന്നിലാണ്  വൈകുന്നേരം സ്‌കൂളു വിട്ടു വരുമ്പോ പാലത്തിനടുത്തും അക്കരെയുമൊക്കെ വലിയ ആള്‍ക്കൂട്ടം. പാലം ഒടിഞ്ഞു ആറ്റില്‍ മൂക്കുകുത്തി കിടക്കുന്നു. എന്നിട്ടും വഴുക്കലുള്ള കല്ലുകളില്‍ ചവിട്ടിയും ചാടിക്കടന്നും ആളുകള്‍ അക്കരയ്ക്കൊഴുകുന്നുണ്ട്. അവിടെ ചുറ്റിപ്പറ്റിനിന്നു കേട്ട വാക്കുകളെല്ലാം പെറുക്കിക്കൂട്ടിയെടുത്തു. വഴി പതിമൂന്നാം വളവിലെത്തിയിരുന്നു. കിളച്ചു ചെന്നത് ഒരു തുരങ്കത്തിലേക്ക്. ഒരാള്‍ക്ക് കഷ്ടി നൂണ്ടുചെല്ലാം. എല്ലാരും മടിച്ചുനിന്നപ്പോള്‍ ഒരാളു ധൈര്യായിട്ട് ഇറങ്ങി നോക്കി. കുറെ താഴെച്ചെന്നപ്പോള്‍ ഒരു വിഗ്രഹം. സ്വയംഭൂ വിഗ്രഹം. എന്നാ തേജസാന്നറിയുമോ? കണ്ടാല്‍ കണ്ണെടുക്കില്ല. ശിവനാ, സംഹാരമൂര്‍ത്തി.

കാണണമെന്നു മോഹം തോന്നിയെങ്കിലും ആറു കടക്കാന്‍ പറ്റാത്തതുകൊണ്ടു തിരിച്ചു വീട്ടിലേക്കുള്ള മല കയറി. അച്ഛന്‍ വന്നിട്ടു വിശേഷങ്ങളറിയാന്‍ കുറെ നേരം ഒറക്കെളച്ചു നോക്കിയിരുന്നു. പക്ഷേ, അന്ന് രാത്രി അച്ഛന്‍ വന്നില്ല. പിറ്റേന്നു വൈകുന്നേരമാകുമ്പോഴേക്ക് ആറ്റിനു കുറുകെ പുതിയ മരപ്പാലം, അക്കരെ പന്തല്‍ കെട്ടി പ്രതിഷ്ഠ, ആള്‍ക്കൂട്ടം. പാലം കേറി ച്ചെല്ലുമ്പോള്‍ അച്ഛനെ കണ്ടു. മടക്കിക്കുത്തിയ മണ്ണുപുരണ്ട മുണ്ടും കടുംനിറ സാന്റോ ബനിയനുമല്ല. വൃത്തിയുള്ള ഷര്‍ട്ടും കാവി മുണ്ടും. അച്ഛന്‍ നേരെ നോക്കുന്നേയില്ല. കര്‍പ്പൂരത്തട്ടു പിടിച്ച് ഉഴിച്ചില്‍, ആളുകളെ വരിയില്‍ നിര്‍ത്തല്‍, തളികയില്‍ ദക്ഷിണ വാങ്ങല്‍. എല്ലാം കൊണ്ടും തിരക്ക്. ഭഗവാനേന്ന് നിലവിളിക്കുന്ന ഒച്ചയില്‍ പ്രാര്‍ത്ഥിക്കുന്ന സ്ത്രീകള്‍. ഏന്തിവലിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് വിഗ്രഹത്തിന്റെ ആകൃതിയൊന്നും തോന്നിപ്പിക്കാത്ത ഒരു കറുത്ത കല്ല്. തുളസിയും ചെത്തിയും കൊണ്ട് മാല, ചന്ദനം വാരിപ്പൂശിയിരിക്കുന്നു. രണ്ടു പേരും മിണ്ടാതെ തിരിച്ചു നടന്നു. പിന്നൊരിക്കലും അങ്ങോട്ടു പോവാന്‍ തോന്നിയതേയില്ല. ആ ചെമ്മണ്‍ വഴി മുകളിലോട്ടു കേറിപ്പോയിക്കാണും. അമ്പലം പ്രശസ്തമായി, ഭജനമീവും ആശ്രമവുമൊക്കെയായി. ദൂരെ ദിക്കില്‍നിന്നും ആളുകള്‍ ഭഗവാനെ തേടിവന്നു. അച്ഛന്‍ തീരെ വീട്ടില്‍ വരാതെയായി. പാറ വിളുമ്പിലെ വീട് രാത്രിയും ഒറ്റയ്ക്കുനിന്നു. മുണ്ടും ഷര്‍ട്ടുമൊക്കെയെടുക്കാന്‍ വന്ന പകല് അച്ഛന്‍ അമ്മയോടു തൊഴുതു പറഞ്ഞത്രേ:

''എന്നോടു ക്ഷമിക്കണം, നിങ്ങള്‍. എന്റെ നിയോഗം വേറെയാ. ഭഗവാന്‍ എന്റെ കയ്യിലോട്ടാ വന്നുവീണത്! എത്ര പേരുണ്ടായിരുന്നു അവിടെ. പക്ഷേ, എന്നെയാ വിളിച്ചത്. ആ തുരങ്കത്തിലോട്ടു വലിച്ചെറക്കുന്നപോലാരുന്നു. ഇനീം എനിക്ക് തിരിച്ചു വരാന്‍ പറ്റില്ല. പഴേ പോലൊരു ജീവിതോം ഇനി പറ്റില്ല.''
'ഒരു സ്വയം പൂ വിഗ്രഹം' അമ്മ അമര്‍ത്തിയ ഒരാട്ടുവെച്ചു കൊടുത്തിരിക്കും. അതോടെ അമ്മയ്ക്ക് അമ്പലങ്ങളോടും ദൈവങ്ങളോടുമൊക്കെ വെറുപ്പായി.

''ഒന്നു പോ പെണ്ണേ, പോയി വിളിച്ചുനോക്ക്, വരാതിരിക്കുവോ? ഒരാണ്‍ തുണയില്ലാണ്ട് നീയെങ്ങനാ, ഈ മലമുകളില്?'' എന്നുപദേശിക്കാന്‍ വന്ന ചിന്നമ്മച്ചേടത്തിയോട് അമ്മ മുഖം കനപ്പിച്ചിരുന്നു. എന്റെ കൊക്കിലു ജീവനുണ്ടേ ഞാന്‍ പോവില്യ ചേടത്ത്യേ എന്നു പതിഞ്ഞ ഒച്ചയില്‍ പറഞ്ഞ് ഉറക്കെ കാറിത്തുപ്പി. ടൈപ്പു പഠിക്കാനും അടിച്ചു നനച്ചു കുളിക്കാനുമൊക്കെ പോവുന്ന വഴികളില്‍ കാത്തുനിന്ന് വശത്താക്കിക്കൊണ്ടുപോന്ന പഴയ കാമുകനെയോര്‍ത്ത് പല്ലു ഞെരിച്ചു. പുഴയിലേക്കുള്ള വഴിയില്‍ എപ്പഴുമയാളുണ്ടായിരുന്നു. അപ്പുറത്തെ മാപ്പിളയുടെ പറമ്പില്‍ റബ്ബര്‍ത്തോട്ടമുണ്ടാക്കാന്‍ വന്ന തെക്കന്‍ പണിക്കാരന്‍. മറഞ്ഞുനില്‍ക്കാനോ കേറിയൊളിക്കാനോ ഒരൊളിവുമില്ലാത്ത പാടത്തും പുഴയോരത്തും സംസാരിച്ചു നില്‍ക്കുന്നത് നാടു മുഴുവന്‍ കണ്ടു. ചൂലിന്‍ കെട്ടും പത്തല്‍വടിയുമായി വീട്ടുകാരുടെ ദണ്ഡം. രായ്ക്കുരാമാനമുള്ള ഒളിച്ചോട്ടം. നടന്നുമോടിയും വാണിയങ്കുളത്തെത്തി. കാലിച്ചന്തയ്ക്കു വന്നു തിരിച്ചു പോവുന്ന ലോറിയില്‍, വിറ്റൊഴിയാത്ത കാലികള്‍ക്കിടയില്‍ കൂനിപ്പിടിച്ചിരുന്ന ആദ്യരാത്രി. ചാണകവും മൂത്രവും മണക്കുന്ന ലോറിയിലെ ഇത്തിരിയിടത്തില്‍ തുറന്ന ആകാശത്തേക്കു നോക്കി തണുത്തു വിറച്ചിരുന്ന പെണ്‍കുട്ടി ഓരോ നിമിഷവും ഉള്ളുകൊണ്ടു നിലവിളിച്ചു, എനിക്കു തിരിച്ചുപോണം, എനിക്കിതു വേണ്ട. അരണ്ട വെളിച്ചത്തില്‍ അടുത്തിരുന്ന ചെറുപ്പക്കാരന്റെ കണ്ണുകളിലും മുഖത്തും അവള്‍ ലോകത്തിലെ ഏറ്റവും അപരിചിതനെ കണ്ടു. ഇയാളുടെ കൂടെ താനിതെങ്ങോട്ടെന്നോര്‍ത്ത് ശരീരം വെട്ടിവിറച്ചു. തണുപ്പുകൊണ്ടെന്നു കരുതി അയാള്‍ തോള്‍ബാഗില്‍നിന്ന് ലുങ്കിയെടുത്തവളെ പുതപ്പിച്ചു. അതിനുള്ളിലേക്ക് താനും നൂണ്ടുകയറി. ശരീരങ്ങള്‍ അപരിചിതത്വവും ഭീതിയുമെല്ലാം മറന്ന് പരസ്പരം അടുത്തുതുടങ്ങി. എന്നിട്ടും മനസ്സവളെ ഉന്തിമാറ്റിക്കൊണ്ടിരുന്നു. മനസ്സിനെ വഞ്ചിക്കുന്ന ശരീരത്തിലേക്ക് അവജ്ഞയോടെ സ്വയം കാര്‍ക്കിച്ചു തുപ്പി. ജീവിതം മുഴുവന്‍ ഒരു കഫക്കട്ടയുടെ ഇഴച്ചിലും വഴുക്കലും കൊണ്ട് എപ്പോഴും അറപ്പിച്ചു.

മേലെപ്പറമ്പിലെ പണി കിട്ടിയത് അന്നു ഭാഗ്യമെന്നു കരുതി. ഊരും തുണയുമില്ലാത്തവര്‍ക്ക് അതു വലിയ ആശ്വാസമായിരുന്നു. മലമുകളില്‍ താമസിച്ചു പണിയെടുക്കാന്‍ ആരോഗ്യമുള്ള രണ്ടു ചെറുപ്പക്കാരെ കിട്ടിയത് മേലെപ്പറമ്പുകാര്‍ക്കും സൗകര്യമായി. പറമ്പിന്റെ മൂലക്ക് കൂര കുത്താനിടം കൊടുത്തു. പാറക്കെട്ടാണ്, ഒന്നും വിളയാത്തിടമാണ്. എന്നിട്ടും അതു വിട്ടുതന്നതിന്റെ പേരില്‍ മേനി നടിച്ചവരോട് കുടികിടപ്പുകാരുടെ വിധേയത്വവും ദൈന്യതയും എന്നും കാണിക്കേണ്ടിവന്നു. പാവാടത്തുമ്പു നിലത്തിഴച്ച് പുസ്തകം നെഞ്ചത്തുചേര്‍ത്ത് പാതി സ്വപ്നത്തില്‍ നടന്നിരുന്ന ഉഷാറാണിയെന്ന കൗമാരക്കാരി എത്ര പെട്ടന്നു മരിച്ചു. വേറൊരുത്തി. പണിയെടുത്തുറച്ച ദേഹം. തൂമ്പേം വാക്കത്തീം പിടിച്ച കൈകള്‍ക്ക് അരത്തിന്റെ മൂര്‍ച്ചയായി. കൈത്തണ്ടയിലൊന്ന് കൈ കൊണ്ടമര്‍ത്തിയാല്‍ മതി ചോര ചിന്തുമെന്നു തോന്നിച്ചു. മേലെപ്പറമ്പിലെ കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം വിയര്‍ത്തൊഴുകി അരിയിടിച്ചു, അവലോസു വറുത്തു, അച്ചപ്പവും കുഴലപ്പവും കുന്നുപോലെ ചുട്ടു. മൂന്നും നാലും ചക്ക ഒറ്റയിരുപ്പിലിരുന്ന് വെട്ടിയൊരുക്കി സ്വര്‍ണ്ണ നിറത്തില്‍ വറുത്തുകോരി. മൂപ്പു നോക്കാന്‍പോലും ഒന്നെടുത്തു വായിലിട്ടില്ല. അങ്ങോട്ടു നോക്കി കൊതിക്കരുതെന്ന് മക്കളേയും വിലക്കി. പന്നിക്കൂട്ടിലും പശുത്തൊഴുത്തിലും തീറ്റ വിളമ്പി. വട്ടത്തിലിരുന്നു അരിഞ്ഞുതള്ളുന്ന കപ്പ വാട്ടുന്നതും പാറപ്പുറത്ത് ഉണക്കിയെടുക്കുന്നതുമൊക്കെ വേഗത്തില്‍ പഠിച്ചെടുത്തു. ഉഷാറാണിയെന്നു വിളിക്കാന്‍ കൂട്ടുകാരാരുമുണ്ടായില്ല. ആ പേരു പോലും ആരുമോര്‍ത്തില്ല. ചെല്ലപ്പന്റെ പെണ്ണ്. എത്ര ഭംഗിയില്ലാത്ത വിളിപ്പേര്. എല്ലാ ഭംഗികളും ഊര്‍ന്നുപോയിക്കൊണ്ടിരുന്നു. കൈകളിലെ പരുപരുപ്പ് വാക്കിലും നോക്കിലും പാഞ്ഞുകയറി എല്ലാരേയും വേദനിപ്പിക്കാന്‍ തുടങ്ങി. അച്ഛന്‍ പോയതിനു ശേഷമതിന്റെ മൂര്‍ച്ച കൂടിയിരിക്കണം. വലിയ വീട്ടിലെ ആണ്‍തുണയില്ലാത്ത പണിക്കാരിപ്പെണ്ണുങ്ങള്‍ക്ക് പലതുമുണ്ട് പേടിക്കാന്‍.

കുറച്ച് ഉപ്പേരിക്കപ്പയ്ക്ക് ഉണക്കിവെക്കണമെന്ന് വല്യമ്മച്ചി പറഞ്ഞതുകേട്ട് ഒറ്റയ്ക്ക് ഒരു കുന്ന് പച്ചക്കപ്പയ്ക്കു മുന്നിലിരിക്കുമ്പോഴാണ് മുണ്ടും മാടിക്കേറ്റി വല്യപ്പന്‍ മുന്നില്‍ വന്നിരുന്ന് എന്തോ ശേലുകേട് പറഞ്ഞത്. ''കുര്യച്ചായന്‍ പോ.'' കപ്പയരിയുന്ന നീളന്‍കത്തിയുയര്‍ത്തി അമ്മ പറഞ്ഞു. അയാള്‍ പോയില്ല. പണിക്കാരത്തിപ്പെണ്ണിന്റെ ധിക്കാരത്തെ ഒന്നൂടെ അശ്ലീലമായൊരു വെളിപ്പെടുത്തല്‍കൊണ്ട് നേരിട്ടു. കത്തി ശരിക്കു താഴ്ത്തി മാടിക്കയറ്റിയ മുണ്ടിനടുത്തേക്കടുപ്പിച്ച് അമര്‍ത്തിയ ഒച്ചയില്‍ പറഞ്ഞതെന്തായാലും തലപൊക്കിയ അവയവത്തിന്റെ ശൂരത കത്തിത്തണുപ്പില്‍ പേടിച്ചു തലതാഴ്ത്തിക്കാണണം. അയാള്‍ ഒന്നും മിണ്ടാതെ എണീറ്റുപോയി. കത്തി കലത്തിലെ വെള്ളത്തില്‍ ഒന്നു കഴുകിക്കുടഞ്ഞ് അമ്മ പണി തുടര്‍ന്നു. രാത്രിയെത്രയോ വൈകി വീടിനു മുന്നിലൂടെ തെറിപ്പാട്ടിഴഞ്ഞു വന്നു. കുടിച്ചു മറിഞ്ഞുവരുന്ന ദിവസങ്ങളിലൊക്കെ അതു പതിവാണ്. അതങ്ങു പൊയ്ക്കൊള്ളും. പക്ഷേ, വാതില്‍പ്പഴുതിലൂടെ തെറിവാക്കുകള്‍ അകത്തേക്കു കയറിവരുന്നത് പതിവല്ല. അമ്മ പേടിച്ചില്ല, കലിതുള്ളിയെഴുന്നേറ്റില്ല. പേടിച്ചരണ്ട മക്കളെ രണ്ടു വശത്തും അമര്‍ത്തിക്കിടത്തി. ജനാലയിലും ബലം കുറഞ്ഞ വാതിലിലും ആഞ്ഞു കൊത്തിയ തെറിവാക്കുകള്‍ എപ്പഴോ പത്തി താഴ്ത്തി തിരിച്ചിഴഞ്ഞു. എല്ലാ ഒച്ചയുമടങ്ങിയപ്പോള്‍ അമ്മ എണീറ്റിരുന്നു. നെഞ്ചത്തും തലയിലും ആഞ്ഞുതല്ലിക്കരഞ്ഞു. അമ്മയുടെ കൈകളില്‍ പിടിച്ചുനിര്‍ത്താന്‍ പറ്റാതെ എല്ലാവരും കൂടെ നിലവിളിച്ചു. അമ്മ ചത്തുപോവുമെന്നു ഭയന്നു.  കഞ്ഞി വെച്ചു തരാന്‍, മുടി പിന്നിത്തരാന്‍ ഒക്കെ പിന്നാരാ? അനിയനെ ആരു നോക്കും. എനിക്കു പഠിക്കണം, ജോലി വാങ്ങണം, എങ്ങനേം ഈ മലമുകളില്‍നിന്നു രക്ഷപ്പെടണം. അതു വരെയെങ്കിലും അമ്മ ജീവിക്കണം. അത്തരം രാത്രികളും അതേ ഭീതികളും പിന്നെയും ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

കാന്താരി പറിച്ചു പെറ്റിക്കോട്ടു കുമ്പിളുപോലാക്കി അതിലിട്ടു. എന്നുമിങ്ങനെ ഓടിവരാന്‍ പറ്റില്ല. അതോണ്ട് നിറയെ പറിച്ചു. പഴുത്തു ചുവന്നത്, ചെനച്ചത്, കടും പച്ച, വെള്ളനിറക്കുമ്പിളില്‍ അതിങ്ങനെ ഇടകലരുന്നത് കാണാനെന്തൊരു ഭംഗി. വിശപ്പ് വയറ്റില്‍ കത്തുന്നുണ്ട്. വേഗം കുളിച്ചിട്ട് വീട്ടിലെത്തണം. പെറ്റിക്കോട്ടിന്റെ തുമ്പുയര്‍ത്തിയുള്ള ഈ നടത്തം എളുപ്പമല്ല. കുമ്പിളുകുത്താന്‍ പറ്റിയ ഇല തിരഞ്ഞു. കൂനമ്പാലയും കാച്ചാവുമൊക്കെയേ കാണുന്നുള്ളു. ഒരു വട്ടയില കിട്ടിയാ മതിയാരുന്നു. പെട്ടന്നൊരമര്‍ത്തിയ വിളി. ''എന്താടി, സന്ധ്യമയക്കത്തിനൊരു ചുറ്റിത്തിരിയല്?''
''ഒന്നൂല്ല.''
''നെന്റെ തള്ള എന്തിയേടി? ഇന്നവളെ ഇങ്ങോട്ടു കണ്ടിട്ടേയില്ല. പശൂനിച്ചിരെ പുല്ല് ചെത്തിത്തരാന്‍ പറ.''
ഈ സന്ധ്യയ്ക്കോ? റബ്ബര്‍ തോട്ടത്തിലേക്ക് ഇരുട്ടു പതുങ്ങിക്കയറി വരുന്നു. തണുപ്പും.
''അമ്മയ്ക്കെങ്ങും വയ്യ, തല ചുറ്റലാ പനീമൊണ്ട്.''
''അവള്‍ടെ ചുറ്റലും സൂക്കേടുമൊക്കെ എന്നാത്തിന്റെയാന്നെനിക്കറിയാം. മാറ്റാനുമറിയാം. ആട്ടെ നിന്റേലെന്നതാ?''
''ഇച്ചിരെ കാന്താരിമുളക് .''
''ചുമ്മാതല്ല, പറമ്പിലെ കാന്താരിയൊന്നും കാണാത്തെ. മുഴുവനങ്ങു മൊത്തത്തില്‍ പറിച്ചോണ്ടു പോകുവാണോടി? കാണട്ടെ.''
അടുത്തുവന്ന് പെറ്റിക്കോട്ടിലെ മുളകെടുത്ത് കയ്യില്‍ കോരിനോക്കുന്നു. വിയര്‍പ്പിന്റേയും ഉച്ചയ്ക്കു കുടിച്ച പനങ്കള്ളിന്റേയും പുളിപ്പുമണം മേത്തു തട്ടി. കുതറിയോടാനായില്ല. കാന്താരി നിലത്തു ചിതറി. അതിനു മേലേക്കു തന്നെയാവണം ബലമായി തട്ടിവീഴ്ത്തിയത്. ഒച്ചവെക്കരുതെന്നു കിതച്ചു കൊണ്ട് വായ പൊത്തിപ്പിടിച്ചപ്പോള്‍ ഇടയ്ക്കിടെ ശ്വാസം മുട്ടി. പുകഞ്ഞുനീറ്റലും എരിവും മാത്രം വേര്‍തിരിച്ചറിഞ്ഞു. എങ്ങനെയോ എണീറ്റോടി വെള്ളച്ചാലിനു താഴെ നില്‍ക്കുമ്പോള്‍ അടിമുടി നീറി. തല തുവര്‍ത്താതെ ഇരുട്ടിലോടുമ്പോള്‍ ഏതോ വള്ളിയില്‍ കാലു കുരുങ്ങി കമിഴ്ന്നടിച്ചു വീണു. എന്തിലോ തട്ടി തല മുഴച്ചിട്ടുണ്ട്. അമ്മയും അനിയനും വിളക്കുമെടുത്ത് വഴീലു നിക്കുന്നു.
''പേടിപ്പിച്ചല്ലോ നീയ്യ്? എന്താത്ര വൈകിയേ?''
ഒന്നും പറഞ്ഞില്ല. അമ്മ വെള്ളം കൂട്ടി മുഴച്ചിടം തിരുമ്മിത്തന്നു.
''നല്ല വീഴ്ചയാണല്ലോ. കണ്ണും മൂക്കുമില്ലാതെ ചാടിത്തുള്ളി നടക്കും. സൂക്ഷിക്കണ്ടേ മോളെ. വിശക്കണില്ലേ? എവ്ടെ മുളക്?''
കൈ നിവര്‍ത്തിക്കാട്ടി. എന്നിട്ടും കളയാതെ നാലഞ്ചു മുളക്. ഇതെങ്ങനെ പോവാതെ കയ്യിലിരുന്നു? കൈപ്പത്തികൊണ്ട് മുഖം തുടച്ചപ്പോള്‍ പിന്നേം നീറി. കണ്ണുനീരൊഴുകി. അടുക്കളയിലേക്കു നടന്ന അമ്മയതു കണ്ടില്ല.
പിന്നെയുമാവര്‍ത്തനങ്ങള്‍. ഒളിവുകളിലും മറവുകളിലും അമര്‍ത്തിയ വിളിയൊച്ച പതുങ്ങിവന്നു കൈപിടിച്ചു വലിച്ചു. ഒളിക്കാന്‍ സ്ഥലമില്ലാതായി. അമ്മയും അനിയനുമില്ലാത്തപ്പോള്‍ വീട്ടിനകത്തേക്കും കയറിവന്നു.
''ഞാനമ്മയോടു പറേം. എല്ലാരോടും പറേം.''
ദുര്‍ബ്ബലമായ പ്രതിഷേധം. 


''നീ പറ, എല്ലാറ്റിനേം ഞാന്‍ മണ്ണെണ്ണയൊഴിച്ചു കത്തിക്കും. നീ പറ. ഇവിടുന്ന് ഇറങ്ങിപ്പോന്നു പറഞ്ഞാല്‍ നീയും നിന്റെ തള്ളേം തെണ്ടും.''
പരുപരുത്ത വാക്കുകള്‍ കാന്താരിയരച്ചിട്ടതുപോലെ ആസകലം പൊള്ളിക്കും. ഇപ്പോഴും ആ നീറ്റല്‍ ബാക്കിയുള്ളതുപോലെ മേലു നീറുന്നു.
താഴെനിന്ന് പെട്ടന്ന് കരച്ചിലിന്റെ ഒച്ചയുയര്‍ന്നു. ഒപ്പീസിനുള്ള സമയമായിക്കാണും. മുകളില്‍നിന്ന് എത്തിനോക്കിയപ്പോള്‍ മേല്‍മൂടി മാറ്റിയ പെട്ടിയില്‍ ശാന്തമായ മുഖം. മരണം എല്ലാ ക്രൗര്യങ്ങളും തുടച്ചുനീക്കുന്നു. മേലെപ്പറമ്പിലെ കുര്യച്ചനെപ്പോലെ ഇത്രേം നല്ലൊരു മനുഷ്യന്‍ എന്നേ ഇനി എല്ലാവരും പറയൂ. പ്രാര്‍ത്ഥനകള്‍. കരച്ചില്‍ തുളുമ്പുന്ന ഉമ്മകള്‍. അവസാനത്തെ സ്പര്‍ശങ്ങള്‍. ബന്ധുക്കളാരോ ഭാര്യയെ താങ്ങിപ്പിടിച്ച് എഴുന്നേല്പിക്കുന്നു. വിറയ്ക്കുന്ന ചുണ്ടുകള്‍ നെറ്റിയിലും കവിളിലും.
പിന്നെയും വിട്ടുപോവാനാവാതെ രണ്ടു കൈകള്‍കൊണ്ടും മുഖത്തമര്‍ത്തിപ്പിടിച്ച് ഉറക്കെ കരയുന്നു. ആരൊക്കെയോ ബലമായി പിടിച്ചുമാറ്റുന്നു. നിരന്തരമായ വഞ്ചനകളുടെ കറുപ്പു പടര്‍ന്ന പത്തമ്പതു വര്‍ഷങ്ങള്‍ അവരും ഈ നിമിഷങ്ങളില്‍ മറന്നുപോയിരിക്കും.
അമ്മയും അതൊക്കെ മറന്നതുകൊണ്ടാണല്ലോ
''നീയൊന്നു പോ, ഒന്നൂല്ലേ ഒരുപാടു കഞ്ഞി കുടിച്ചതാ ആരുമാരുമില്ലാതിരുന്ന കാലത്ത് കൂരകുത്താനിടം തന്നതാ. എന്തേലും വയ്ക്കുമെങ്കില്‍ ഞാന്‍ തന്നെ പോയേനെ'' എന്നു പിന്നാലെ നടന്നു ശല്യപ്പെടുത്തിയത്. പത്രത്തില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ കണ്ട് അയാളു ചത്തു എന്ന് അമ്മയോട് പറയാന്‍ മുറീലേക്കു ചെന്നതായിരുന്നു. പക്ഷേ, ഒന്നും പറയാന്‍ തോന്നിയില്ല. പത്രം അവിടെയിട്ടു തിരിച്ചു പോന്നു.
''നാളെയാടി ശവമെടുപ്പ്, ഒന്നു പോ. വേറാരാ പോവാന്‍ ള്ളത്? ഒരു ചെക്കനുള്ളത്.''
അമ്മ എല്ലാം മറന്നുപോയി. ഇവിടുന്നു നോക്കിയാല്‍ അങ്ങു താഴെ പണ്ട് വീടിരുന്ന പാറവിളുമ്പു് കാണാം. അവിടെ ഇപ്പോഴൊന്നുമില്ല. മാഞ്ഞുമാഞ്ഞുപോയ ജീവിതാവശിഷ്ടങ്ങള്‍. എന്തുവന്നാലും തിരിച്ചുപോവില്ലെന്ന അമ്മയുടെ വാശി ഉരുകിത്തീര്‍ന്ന ഒരു പകലോര്‍ത്തു. ''അയാളെന്തിനാ അകത്തു കയറിവന്നത്? വാതിലു തുറന്നിട്ട് ബോധം കെട്ടുറങ്ങരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ?''
''തുറന്നിട്ടതല്ല. ആഞ്ഞു തള്ളിക്കേറി വന്നതാണ്.''
''എന്നിട്ട്?''
എന്താണമ്മയ്ക്കു കേള്‍ക്കേണ്ടത്? വെള്ളം കുടിക്കാന്‍ കേറിവന്നതാന്നോ? കുടിച്ചേച്ച് ഇറങ്ങിപ്പോയെന്നോ? അതു കേട്ടാല്‍ സമാധാനമാകുമോ? 
ഇല്ല. അമ്മയുടെ മുഖം വലിഞ്ഞുമുറുകുന്നു. ഒന്നും ആരോടും പറയാനില്ല. ഒന്നും ചെയ്യാനുമില്ല. മേലെപ്പറമ്പില്‍ ചെന്ന് വല്യമ്മച്ചിയോട് ആവലാതി പറയാം. അവരു രണ്ട് ഈശോ മറിയം യൗസേപ്പേ ചൊല്ലും. ഇച്ചിരെ ഒണക്കെറച്ചി എടുത്തോണ്ടു പോടി, കൊച്ചുങ്ങള്‍ക്ക് കൊടുക്കാനെന്ന് ഉദാരമതിയാവും. ഉണക്കിറച്ചി ചുട്ട് കാന്താരി ചേര്‍ത്ത് അമ്മിയിലിടിച്ച ചമ്മന്തി മാത്രം മതി രണ്ടു പാത്രം ചോറുണ്ണാന്‍.
അതിനവള്‍ക്ക് വയറ്റിലുണ്ടായിട്ട് വ്യാ ക്കൂണു തീര്‍ക്കാന്‍ വന്നതല്ലെന്ന് അമ്മ വെട്ടിത്തിരിഞ്ഞു നടക്കും. 
''നീയൊന്നു പൊറുത്തേക്കടീ. ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്നല്ലിയോ  കര്‍ത്താവ്...''
അമ്മ മുഴുവന്‍ കേള്‍ക്കാന്‍ നിക്കാതെ കാറിത്തുപ്പി തിരിച്ചുപോരും. വഴിവക്കില്‍ കാത്തുനിന്നോ പറമ്പതരില്‍ വെച്ചോ അങ്ങേരുടെ കുത്തിനു പിടിക്കാം. പക്ഷേ, പണിയെടുത്തുറച്ച ആണ്‍കയ്യാണ്. ഒറ്റത്തട്ടിനേയുള്ളു അമ്മ.
''നെനക്കല്ലേടി വല്യ മൂപ്പ്. നിന്റെ കൊച്ചിനെ തട്ടിവീഴ്ത്താന്‍ എനിക്ക് ദാ ഇത്രേയുള്ളൂ.''
അശ്ലീലമായൊരു കയ്യാംഗ്യം. മുറിഞ്ഞിടങ്ങളൊക്കെ പിന്നേം മുറിയും, നീറും. ഇതൊക്കെയേ നടക്കാനുള്ളു. അമ്മ ആരോടും ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. ഉള്ള വീട്ടുസാധനങ്ങളില്‍ വില്‍ക്കാന്‍ പറ്റിയതു കൊടുത്തുതീര്‍ത്തു. പാത്രങ്ങളും തുണികളും ഭാണ്ഡം കെട്ടി. നാടുവിടുന്നേനു മുന്നേ ഒന്നു കാണണം. തിരിഞ്ഞുനോക്കുകേലെങ്കിലും തന്തയാണല്ലോ. പഴേ ജന്മിയുടെ തരവഴിത്തരം പറയണം. ആണാണെങ്കി വല്ലോം ചെയ്യട്ടെ. മനഃപൂര്‍വ്വം കുളിക്കാതെ മുഷിഞ്ഞ മുണ്ടുടുത്ത് അമ്പലത്തില്‍ പോയി. ആറ്റിനു കുറുകെ കോണ്‍ക്രീറ്റ് പാലമുണ്ട്. അമ്പലത്തെക്കാള്‍ വലുതാണ് ചേര്‍ന്നുള്ള ആശ്രമം. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഭജനയുണ്ട്. സ്വാമിയുടെ കണ്ണുകള്‍ പിടിച്ചുവലിക്കും. എല്ലാം പ്രവചിക്കും. ഒരിക്കല്‍ കണ്ടാല്‍ മതിയത്രേ പിന്നെ ആ കാല്‍ക്കീഴിലാണ് ജീവിതം. ഇതെല്ലാം കേക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി. ആള്‍ക്കൂട്ടം, വലിയ കെട്ടിടങ്ങള്‍. അമ്മ പതറിയും പകച്ചും നിന്നു. സ്വാമിയെ കാണാനാന്നോ? ആരോ അനുകമ്പയോടെ വന്നു ചോദിക്കുന്നു.  ഇവിടെ പേരെഴുത്. ഇവരൊക്കെ ദര്‍ശനത്തിനു വന്നവരാ. ഊഴമനുസരിച്ചു വിളിക്കും. സ്വാമിയെ അല്ല, സ്വാമിയുടെ സില്‍ബന്തി. ചെല്ലപ്പന്‍.
''ഓ ചെല്ലപ്പസ്വാമി, ഇപ്പം ഭജനേടെ സമയമാ. ഒരു മണിക്കൂറെങ്കിലും കഴിയും. ഇനി ദര്‍ശനത്തിന്റെ സമയത്തേ ചെല്ലപ്പസ്വാമി ഫ്രീയാവു. അങ്ങോട്ടു മാറിനിന്നോളൂ. ആരാന്നു പറയണം?'' വേണ്ട, കാണുകയേ വേണ്ട.
അമ്മ കാത്തുനില്‍ക്കാതെ തിരിച്ചുപോന്നു.

അമ്മയുടെ വീട്ടിലെ കലഹങ്ങള്‍ക്കിടയില്‍ പിന്നേം ജീവിതം. മലയും ഒഴുക്കും വഴുതുന്ന പാറക്കെട്ടുകളുമില്ല. ഇരുട്ടു പതുങ്ങുന്ന ഒളിയിടങ്ങളുമില്ല. പക്ഷേ, അതൊക്കെ വീട്ടിനകത്തുണ്ടായിരുന്നു. എല്ലാവരും ശപിച്ചു, പരിഹസിച്ചു.
''ന്റെ വീതം സൊത്തൊന്നും ആരും തന്നിട്ടില്ലല്ലോ? ഒരു തരി പൊന്നുപോലും തന്നിട്ടില്ല. എനിക്കും അവകാശമുണ്ട്. ഏടേയ്ക്കും ഞാന്‍ പോവില്ല്യ. കേസുകൊടുക്കാനും മടിക്കില്ല.''
അതില്‍ പത്തു സെന്റിന്റെ ജന്മിയായ അമ്മയുടെ ആങ്ങള നിശ്ശബ്ദനായി. അമ്മ നാണമില്ലാതെ അള്ളിപ്പിടിച്ചു നിന്നു. പാടത്തു പണിക്കുപോയി, ഉഷാറാണിയെന്നു വിളിച്ച് പഴയ സൗഹൃദങ്ങള്‍ പാടത്ത് കുട ചൂടിനിന്നു സഹതപിച്ചു. അമ്മ തിരിഞ്ഞുനോക്കിയതേയില്ല. വെയിലില്‍ കരുവാളിച്ച പുറം നനഞ്ഞ തോര്‍ത്തുകൊണ്ടു തുടച്ചുകൊടുക്കുമ്പോള്‍ പൊള്ളിപ്പിടഞ്ഞു.
എത്ര ശ്രമിച്ചിട്ടും പക്ഷേ, വേരുറപ്പിക്കാനായില്ല. പറിച്ചുനടുമ്പോള്‍ വേരു മുഴുവന്‍ പൊട്ടിപ്പോയിരിക്കും. പഴുപ്പുകേറി തണ്ടു ചീഞ്ഞ ചെടി എങ്ങനെ വളരാന്‍? അതെപ്പോഴും വിളറിയ ഇലകള്‍ നീട്ടി മഞ്ഞച്ചു നിന്നു. സ്‌കൂളില്‍ സമരം കാരണം തിരിച്ചു പോരുമ്പോള്‍ വയല്‍ വരമ്പത്ത് തലകറങ്ങി വീണ ഒരുച്ച. അമ്മ പണി നിര്‍ത്തി കേറിവന്നു. അവളെ ആശുപത്രിയില്‍ കൊണ്ടുപോ. ആരൊക്കെയോ പറയുന്നു. പിറ്റേന്ന് ഗവണ്മെന്റ് ആശൂത്രിയിലെ ഒ.പിയില്‍ കാത്തിരുന്ന് ഡോക്ടറെ കാണിച്ചു. ലാബില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി നോക്കുമ്പോള്‍ അമര്‍ത്തിയ ഒച്ചയില്‍ നേഴ്സ് പരിഹസിച്ചു. 
''മാസമുറ തുടങ്ങാത്ത കൊച്ചാന്നോ? എങ്ങനെ തുടങ്ങും. അതിനു മുന്നേ തൊടങ്ങിയില്ലേ മറ്റേ പരിപാടി? തള്ളമാരു നോക്കണം, ഇല്ലേല്‍ മക്കളിങ്ങനെ കണ്ടവന്റടുത്ത് ന്ന്...''
അമ്മ വിളറിവെളുത്തു നിന്നു. ലേഡി ഡോക്ടര്‍ കര്‍ശനമായി പറഞ്ഞു.
''ഇതു റിപ്പോര്‍ട്ട് ചെയ്യണം. കേസ് ആവും. ചെറിയ കുട്ടിയാണ്. റേപ്പ് ആണ്. ചൈല്‍ഡ് ലൈനിനു റിപ്പോര്‍ട്ട് ചെയ്യും ഞാന്‍.''
അമ്മ കൈകൂപ്പി. 
''ഒന്നും വേണ്ട. ആളും അര്‍ത്ഥോം ഒന്നൂല്ല. ദൂരെ ദിക്കീന്നാ. ഞങ്ങളവിടുന്ന് എല്ലാം പെറുക്കിക്കെട്ടിപ്പോന്നത് ഇതോണ്ട ന്യാ. ഇനീം ഒന്നും വയ്യ. എങ്ങനേലും ആരുമറിയാതെ ഇതൊന്ന്.''
അമ്മ പേടിച്ചു. വീട്ടിലറിഞ്ഞാല്‍ അവിടുന്ന് പുറത്താവും. തന്നിഷ്ടത്തിനു പോയ മകള്‍ ആകെത്തകര്‍ന്ന് ഒരു ചില്ലുകൂമ്പാരം പോലെ തിരിച്ചു വന്നതാണ്. തൊട്ടവര്‍ക്കൊക്കെ മുറിയുന്നുണ്ട്. എങ്ങനേം വാരിയെടുത്ത് പിന്നാമ്പുറത്ത് വലിച്ചെറിയാന്‍ തക്കം നോക്കുകയാണ് എല്ലാരും. നടുവൊടിഞ്ഞ പെറ്റമ്മപോലും പ്രാകുന്നുണ്ട്. അതിന്റെ കൂടെ ഇതും.
ഡോക്ടര്‍ കനിഞ്ഞില്ല.
''നെവര്‍. ഒരു ക്രിമിനല്‍ ഒഫന്‍സിനു കൂട്ടുനില്‍ക്കാന്‍ എന്നെക്കിട്ടില്ല.''
തിരിച്ചുപോരുമ്പോള്‍ നീലസാരി ചുറ്റിയ സ്വീപ്പര്‍ അമ്മയുടെ പുറകേ വന്ന് അടക്കം പറഞ്ഞു:
''ഇദൊരു ഭദ്രകാള്യ, ചേതമില്ലാത്തൊരുപകാരം കൂടി ആര്‍ക്കും ചെയ്യില്യ. പ്രൈവറ്റാശൂത്രീലെ ഡോക്ടരു മരുന്നുതരും. കാശു ജാസ്ത്യാവും.''
ആശിച്ചു മോഹിച്ചു വാങ്ങിയ കാതിലെ ഇത്തിരിത്തൂക്കം അമ്മ അഴിച്ചെടുത്തു. മൂന്നു ഗുളിക.
ചുവപ്പു രാത്രി. മഞ്ഞ രണ്ടും രാവിലെ. വയസ്സറിയിച്ചതാണെന്ന് വീട്ടിലെല്ലാവരോടും പറഞ്ഞു. ഇനി അതും കൂടിയെന്നു പിറുപിറുത്തെങ്കിലും മഞ്ഞള്‍ക്കുളിയും പച്ചമുട്ട കുടിപ്പിക്കലുമൊക്കെ മുറപോലെ നടത്തി അമ്മായി. അമ്മയോടു മിണ്ടാത്ത ചെറ്യമ്മപോലും പട്ടുപാവാടയും കുപ്പിവളകളും കൊണ്ടന്നു തന്നു. അമ്മമ്മയുടെ കുഴമ്പുമണമുള്ള ഇരുട്ടുമുറിയിലിരുന്ന ഏഴു ദിവസം. കുളിമുറിയില്‍ ചോരയ്ക്കൊപ്പം മുറിഞ്ഞൊഴുകിയ ഇറച്ചിക്കഷണങ്ങളെക്കുറിച്ച് ആരോടും പറഞ്ഞില്ല. അറപ്പുകൊണ്ട് നിര്‍ത്താതെ ഛര്‍ദ്ദിച്ചു. ജീവിതം മുഴുവന്‍ ഛര്‍ദ്ദി പുരണ്ടതുപോലെ മണത്തു. ഗുളിക കഴിച്ച് മൂന്നീസം കഴിഞ്ഞ് എല്ലാം വലിച്ചെടുത്തു കളയാന്‍ ആശുപത്രീല്‍ അഡ്മിറ്റാവണമെന്നു പറഞ്ഞത് അമ്മ സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു. അതേ വഴിയുണ്ടാരുന്നുള്ളു. ഏഴാം ദിവസത്തെ ആഘോഷമായ കുളി കഴിഞ്ഞും ചോരപോക്കു നിക്കാതായപ്പോള്‍ അതൊക്കെ അങ്ങനുണ്ടാവുമെന്ന് കുറച്ചു നാള്‍ നിസ്സാരമാക്കി. അവസാനം അതേ ഗവണ്‍മെന്റാശുപത്രീല്‍ ഉള്ളില്‍ പഴുത്തുചീഞ്ഞിരുന്ന മാംസക്കഷണം അതിരുന്ന പാത്രമടക്കം വലിച്ചു പറിച്ചെടുക്കേണ്ടി വന്നു. മറച്ചുവെക്കാന്‍ നോക്കിയത് എല്ലാരേം തുറിച്ചുനോക്കി. ബീഭല്‍സമായി പല്ലിളിച്ചു.
''കുറച്ചൂടി കഴിഞ്ഞിരുന്നേല്‍ നിങ്ങളുടെ മകള്‍ടെ ജീവന്‍ പോയേനെ. എന്തൊരു തള്ളയാ നിങ്ങള്!''
അമ്മ പിന്നേം പിന്നേം തോറ്റു. പോവാനിടമില്ലാത്തതുകൊണ്ട് അവിടെത്തന്നെ കടിച്ചു തൂങ്ങിക്കിടന്നു. അതിനെടേല്‍ പഠിത്തം മുടങ്ങി. അനിയന്‍ അച്ഛന്റോട്ത്ത്ക്ക് പോണുവെന്ന് തണ്ടും തടിയുമുറച്ച പ്രായത്തില് വീട് വിട്ടു. അരുതെന്നു വിലക്കിയിട്ടും, നിക്ക് ഈ മാനം കെട്ട ജീവിതം മടുത്തുവെന്ന് അവനിറങ്ങിപ്പോയി. പോണോരൊക്കെ പോട്ടേന്ന് അമ്മ നിസ്സംഗയായി നോക്കിനിന്നു. അമ്മാവന്റെ ചായ്പിലെ അഭയാര്‍ത്ഥി ജീവിതം രക്ഷപ്പെടാനൊരു കുഞ്ഞിപ്പഴുതു പോലുമില്ലാതെ പിന്നെയും ഇരുളടയുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളിന്റെ പണിയുടെ ഉറപ്പില്ലായ്മകളില്‍ അതു പിന്നെയും പിന്നെം ആടിയുലഞ്ഞുകൊണ്ടേയിരുന്നു.
എന്നിട്ടും അമ്മ പറയുന്നു: ''ചെല്ല്, കാണ്, ഇത്രേം ദൂരെ ഞാനൊറ്റയ്ക്കു പോണതെങ്ങനാന്നോര്‍ത്താ നെന്നോട് പറയണേ. ഒന്നൂടെ അവസാനായിട്ട് കാണ്. അയാക്ക് എന്നോടാരുന്നു. എന്നെ കിട്ടീല്ലാന്നറിഞ്ഞപ്പഴാ നെന്നോട്. വാശിക്കാ. അവസാനം പോരുന്ന ദീസം കൂടി എന്നോടത് പറഞ്ഞു. മാപ്പും പറഞ്ഞതാ. ഞാനന്ന് ഇത്തിരി താണുകൊടുത്താ മതിയാരുന്നു.''
താണുകൊടുക്കലല്ല, കിടന്നുകൊടുത്താല്‍ മതിയാരുന്നെന്നു പറ. അമ്മയോടു കയ്ച്ചു. ഇതു വരെ അറിയാത്ത  അവസാന ദിവസത്തെ ആ സ്വകാര്യ സംഭാഷണം! എവിടെ വെച്ചായിരുന്നിരിക്കും അത്! ഞാന്‍ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല. അമ്മയോട് പല്ലിറുമ്മി. എന്നിട്ടും വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി കട്ടന്‍ കാപ്പിയും തന്ന് ''ഇപ്പോത്തന്നെ പോ. എന്നാലേ ശവമെടുക്കണേനു മുന്നേ എത്താമ്പറ്റൂ'' എന്നു വെപ്രാളപ്പെട്ടപ്പോള്‍ എതിര്‍പ്പൊന്നും പറയാതെ പുറപ്പെട്ടു. കാണണം, അവസാനമായിട്ട്.
താഴെനിന്ന് വീണ്ടും പ്രാര്‍ത്ഥന, കരച്ചില്‍.
ചുറ്റും നോക്കി. ആരുമില്ല. തിരക്കിട്ട് കോണിപ്പടിയിറങ്ങി മുന്‍വശത്തേക്കു ചെന്നതും അന്ത്യചുംബനമര്‍പ്പിക്കാന്‍ നില്‍ക്കുന്നവരുടെ നിരയില്‍പ്പെട്ടുപോയി. പിന്നോട്ടു മാറാന്‍ കഴിഞ്ഞില്ല. മുന്നില്‍ ശവപ്പെട്ടിക്കുള്ളില്‍ ശാന്തമായുറങ്ങുന്ന ആ മുഖം.
തലകുനിച്ച് നെറ്റിയില്‍ മൃദുവായ ഒരുമ്മ, പിന്നെ മെല്ലെ പല്ലുകളാഴ്ത്തി നോക്കി. മരവിച്ച തൊലിയില്‍ പല്ലുകള്‍ തെന്നിപ്പോവുന്നു. ആരോ പിടിച്ചുമാറ്റുന്നു. ആരാണിതെന്നു തുറിച്ചു നോക്കുന്നവര്‍ക്കിടയില്‍ ഷാളുകൊണ്ട് തലമൂടി സങ്കടം ഭാവിച്ചുനിന്നു.
ശവമെടുക്കുന്ന സമയമായി. പാട്ടിന്റെ നേര്‍ത്ത നേര്‍ത്ത ഇഴകള്‍ വന്നു ദുഃഖത്തോടെ വാരിപ്പിടിക്കുന്നു. അതിലുമുച്ചത്തില്‍ കരച്ചില്‍. കൊച്ചിനെയുമെടുത്ത് ആ പെണ്ണ് വല്ലാതെ തൊള്ള തുറക്കുന്നുണ്ട്. ഇനി പള്ളിയിലേക്കുള്ള വിലാപയാത്ര. വീട്ടുകാരേയും അടുപ്പക്കാരേയുമൊക്കെ വണ്ടിയില്‍ കേറ്റി വിടാനുള്ള ഒച്ചേം ബഹളോം. ഈ വഴിയത്രയും നടന്ന് മലയിറങ്ങി വല്യ പള്ളീടെ സെമിത്തേരിയിലേക്ക് പോവണം. അവസാനത്തെ ഒരു പിടി മണ്ണ് അടുത്ത ബന്ധുക്കള്‍ക്കൊപ്പം ശവക്കുഴിയിലുമിടണം. പാറവിളുമ്പിലെ പഴയ വീടിരുന്നിടത്തുനിന്ന് അതിനുള്ള മണ്ണു കിട്ടാതിരിക്കില്ല. അതിലൊന്നു കാര്‍ക്കിച്ചു തുപ്പിയിട്ടു കയ്യില്‍ സൂക്ഷിക്കണം, ശവക്കുഴിയിലിടാനുള്ള അവസാനത്തെ ഒരു പിടി മണ്ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com