ചെക്കോവ്: യേശുദാസ് പി.എം എഴുതുന്ന കഥ

പുലര്‍ച്ചെ ചെക്കോവ് ഒരു സ്വപ്നം കണ്ടു.  ഫൊറോനാപ്പള്ളിയില് പെരുന്നാളാണ്.
ചിത്രീകരണം-സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം-സുരേഷ് കുമാര്‍ കുഴിമറ്റം


പുലര്‍ച്ചെ ചെക്കോവ് ഒരു സ്വപ്നം കണ്ടു.  ഫൊറോനാപ്പള്ളിയില് പെരുന്നാളാണ്.  വലിയ പള്ളിയുടെയും ചെറിയ പള്ളിയുടെയും ഇടയിലുള്ള വഴിയിലൂടെ പ്രദക്ഷിണം കടന്നുപോകുമ്പോള്‍ കറുത്ത പാന്റ്സും വെളുത്ത ഷര്‍ട്ടും ധരിച്ച ബാന്റു സെറ്റുകാര്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ട്യൂണ്‍ വായിച്ചു മുന്നേറുകയാണ്. കിന്നരം വച്ച തൊപ്പിയോ ബൂട്ടുകളോ ഇല്ലാത്ത അവരുടെ തലയില് കൂടുതല്‍ വെളിച്ചെണ്ണ തേച്ച കാരണം മുടി വണ്ടു കണക്കെ മിന്നുകയും കറുത്തിരുണ്ട ശരീരത്തിലേക്ക് വിയര്‍പ്പും എണ്ണയും ഒലിച്ചിറങ്ങുകയും ചെയ്തു.
    ഇദി അമീന്റെ ഷേയ്പുള്ള ഒരു കുടവയറന്‍ ക്ലാര്‍നെറ്റ് വായിക്കുമ്പോള്‍ അയാളുടെ കവിളുകള്‍ ബലൂണ്‍പോലെ വീര്‍ത്തുപൊട്ടുമോയെന്നും പിടലിഞരുമ്പുകള്‍ പൊട്ടി ചോര തെറിക്കുമോയെന്നും ചെക്കോവ് ഭയന്നു.  രൂപക്കൂടുകളും പുണ്യാളന്മാരും അച്ചന്മാരും കന്യാസ്ത്രീകളും പ്രസുദേന്തിമാരും വിശ്വാസികളുമില്ലാത്ത ഒരു പ്രദക്ഷിണമായിരുന്നു അത്; എന്നാല്‍  കുന്തുരിക്കത്തിന്റെ ഗന്ധം വീഥിയാകെ നിറഞ്ഞുനിന്നു.
    ബാന്റുകാരുടെ പിന്നിലായി സാംബാ നൃത്തസംഘം പോലൊരു കൂട്ടം നടന്നുവരുന്നു.  മുന്നിലുള്ള ആള്‍ പൂര്‍ണ നഗ്‌നനാണ്. ഇരട്ട ജനനേന്ദ്രിയമാണ് അയാള്‍ക്കുള്ളത്.  ചെമ്പന്‍ താടിയും കറുത്ത കണ്ണടയും ധരിച്ച അയാള്‍ തടിച്ച ഒരു ചുരുട്ട് കടിച്ചു പിടിച്ചിരുന്നു.  ഫിദല്‍ കാസ്ട്രോയുമായുള്ള അയാളുടെ രൂപസാദൃശ്യം ചെക്കോവിനെ അമ്പരപ്പിച്ചു.
കാസ്ട്രോയുടെ പിന്നില്‍ വിചിത്രമായ മുഖാലങ്കാരങ്ങള്‍ അണിയിച്ച് ഉടലാകെ തൊങ്ങലുകള്‍ ചാര്‍ത്തിയ ഒരു ഒട്ടകമാണ് നടന്നിരുന്നത്.  അതിന്റെ അസാമാന്യ വലിപ്പമുള്ള 'ശൂ ശൂ' പുറത്തേക്കിട്ടാണ് നടക്കുന്നത്.  ഒട്ടകത്തിനു പിന്നിലായി പാതികൂമ്പിയ മിഴികളുമായി അസാധാരണ ഉയരമുള്ള ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിച്ച ഒരു സുന്ദരി കടന്നുവരുന്നു. ചിത്രത്തുന്നലുകളോടുകൂടിയ റേന്തകള്‍കൊണ്ടലങ്കരിച്ച അതിലോലവും സുതാര്യവുമായ വസ്ത്രമാണവള്‍ ധരിച്ചിരുന്നത്. പെട്ടെന്നൊരു കാറ്റുവീശിയപ്പോള്‍ അവളുടെ ഫ്രോക്ക് ഉയര്‍ന്നു പൊന്തി.  അപ്പോള്‍ കണ്ട ദൃശ്യം പോലൊരു ഫോട്ടോ തനിക്ക് പരിചിതമാണല്ലോയെന്ന് ചെക്കോവ് ചിന്തിച്ചു -  അതെ, മര്‍ലിന്‍ മണ്‍റോ! അവള്‍ അങ്ങേയറ്റം വശ്യമായൊരു പുഞ്ചിരി പൊഴിച്ച് തന്റെ നേര്‍ത്ത വസ്ത്രങ്ങള്‍ ഒന്നൊന്നായി പൂര്‍ണ്ണമായും അഴിച്ചെറിഞ്ഞുകളഞ്ഞു.  അപ്പോള്‍ പള്ളിമണിനാദം ഉച്ചസ്ഥായിയിലാവുകയും ബാന്റുകാര്‍ തങ്ങളുടെ താളം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിക്കാന്‍  പെടാപ്പാടു പെടുകയും ചെയ്തു.
നീണ്ട കിതപ്പോടെ ചെക്കോവ് ചാടിയെഴുന്നേറ്റു.  താന്‍ കണ്ട സ്വപ്നത്തെപ്പറ്റി പെട്ടെന്നു തന്നെ ബോധവാനായി.  വലത്തെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ചുകളഞ്ഞ് അയാള്‍ ആലോചിച്ചത് ഇങ്ങനെയായിരുന്നു.  പൊതുജനമദ്ധ്യത്തില്‍, ചന്തയില്‍, കളിക്കളങ്ങള്‍ക്ക് നടുവില്‍ ഒക്കെയും വിവസ്ത്രനായി നില്‍ക്കുന്ന സ്വപ്നമാണല്ലോ താന്‍ പതിവായി കാണാറുള്ളത്.  ചിലപ്പോള്‍ വന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നോ, വമ്പന്‍ പാലത്തിന്റെ മുകളില്‍ നിന്നോ പഞ്ഞി കണക്കേ താഴേക്ക് പതിക്കുന്നതായും-അന്നേരം ഉള്ളില്‍ ഒരാന്തല്‍ ഉണ്ടാകാറുണ്ട്- ഒക്കെയാണ്. ചിലപ്പോള്‍ തന്നെ വലയം ചെയ്തിരിക്കുന്ന ജനമദ്ധ്യേയിരുന്ന് വെളിക്കിറങ്ങുന്നതായും കണ്ടിട്ടുണ്ട്.  ഇതിപ്പോള്‍...
ഒന്നിലും രണ്ടിലും മൂന്നിലും വരെ പഠിക്കുമ്പോള്‍ വലിയ പ്രശ്‌നമൊന്നുമില്ലായിരുന്നു ചെക്കോവിന്. അഥവാ ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അത് മനസ്സിലാക്കാനുള്ള പക്വത ആയില്ലെന്നതാണ് കാരണം.  കീഴ്ത്താടി എന്നൊന്ന് ചെക്കോവിന് ഇല്ലായിരുന്നു എന്നുവേണം പറയാന്‍.  പല്ലുകള്‍ മുക്കാലും വെളിയിലും, അത് തോന്ന്യാസം നിലയുറപ്പിച്ചതുമായിരുന്നു.  ചില കുട്ടികള്‍ ചെക്കോവിനെ കണ്ട് ഭയന്നു നിലവിളിച്ചു.  നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന ജോര്‍ജ് അവനെ മൊതലയെന്നാണ് വിളിച്ചിരുന്നത്.
    ജോസ്, വര്‍ക്കി, അമ്പിളി, ബിന്ദു, കുര്യന്‍, തോമസു കുട്ടി, ഷാജിമോന്‍... ഒരോരുത്തരും ഹാജര്‍ പറഞ്ഞുകഴിയുമ്പോള്‍ ചെക്കോവിലെത്തുന്ന ടീച്ചര്‍ അപ്പേരിലുള്ള അവിശ്വസനീയതകൊണ്ട് ഒന്നു നീട്ടിവിളിച്ച് തലയുയര്‍ത്തി നോക്കും.
''ചെക്കോവ്... ആഹാ, നീയായിരുന്നോ...ടാ...ചെക്കോവ് 
ആരായിരുന്നുവെന്ന് നിനക്കറിയാവോ?''
കുട്ടികള്‍ ആര്‍ത്തു ചിരിക്കും. സ്‌കൂളില്‍, നാട്ടിടവഴികളില്‍, ചന്തയില്‍; നാലാള്‍  കൂടുന്നിടത്തെല്ലാം അവന്‍ പരിഹാസ്യനായി.  ഒരു കര്‍ക്കിടക വൈകുന്നേരം ചാറ്റല്‍ മഴയത്ത് ഇപ്പോള്‍ പെറും എന്ന മട്ടിലുള്ള വയറും താങ്ങി, മൂക്കള ഒലിപ്പിച്ചുകൊണ്ടൊരു പെങ്കൊച്ചുമായി ഏങ്ങിക്കരഞ്ഞുകൊണ്ട് റോസമ്മ കമലാക്ഷിയുടെ വീടിന്റെ പിന്നിലെ കയ്യാലയ്ക്കരികില്‍ നിന്നു.
''ന്റെ കമലാക്ഷിയമ്മേ രണ്ടു ദെവസമായി വെല്ലോം
കഴിച്ചിട്ട്... കൊച്ചിന്റെപ്പന്‍ കൊടകരേലാ പണീന്നേ...
നിയ്ക്കാണേ എഴുത്തൊന്നും എഴുതാനറിയാമ്മേലാ...
രണ്ടുദിവസം മുമ്പ് ഇച്ചിരി കൊത്തച്ചക്ക ഉപ്പിട്ടു
പുഴുങ്ങിത്തിന്നതാ...''
''നീയിപ്പോ പെറൂന്ന് തോന്നുന്നല്ലോടീ... ഇവിടെ-
യാണെങ്കി ഇച്ചിര കോതമ്പ്  കഞ്ഞിയേ
കെടപ്പൊള്ള്...ന്നാ, നീയിത് കുടിച്ചിട്ട്
ഒരാങ്കൊച്ചിനെ പെറ്റോണം...''
കമലാക്ഷിയുടെ വാക്ക് അച്ചട്ടായി. പേറെടുത്ത
ചാച്ചിത്തള്ള കുഞ്ഞിന്റെ മുഖം കണ്ടു ചോദിച്ചു:
''ഈ കുട്ടിത്തേവാങ്കിനെ നീ എവിടുന്നാടീ ഒപ്പിച്ചേ...''
റോസമ്മ വിങ്ങിക്കരഞ്ഞു. പിന്നെയാ സത്വത്തെ നെഞ്ചോടു ചേര്‍ത്തു.
ചെക്കോവിനെ പെറ്റ് ആറാം നാളാണ് അവന്റപ്പന്‍ ചത്ത വിവരം റോസമ്മ അറിയുന്നത് തന്നെ. കൊടകരചന്തേല് പുളിങ്കുരു നിറച്ച ചാക്ക് കേറ്റിയ പിടിവണ്ടി വലിച്ചുകൊണ്ടുപോകുമ്പോ തൊട്ടടുത്തുള്ള അമ്പലത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന മദമിളകിയോടി. ചെക്കോവിന്റപ്പന് പിടിവണ്ടിയില്‍നിന്നും ഇറങ്ങിയോടാനായില്ല. കൊടവണ്ടി കുത്തി തൂങ്ങിക്കിടന്ന അയാളെ ആന തുമ്പിക്കയ്യില്‍ ചുരുട്ടിയൊരേറ്...
ചെക്കോവ് - ആ പേരിട്ടത് അയാളുടെ അച്ചനായിരുന്നു, എന്നുവച്ചാല്‍ അമ്മാവന്‍. ആള് ഭയങ്കര നക്സലൈറ്റ് ആയിരുന്നു. അയാള്‍ പൊലീസിന് പിടികൊടുക്കാതെ ഒരുപാടുകാലം ഒളിവു ജീവിതം നയിച്ചിരുന്നു. ശവക്കോട്ടയിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും ഇഞ്ചന്‍ തറയിലുമൊക്കെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. ഒരുപാട് പുസ്തകങ്ങള്‍ വായിച്ചുകൂട്ടുന്ന മറ്റൊരാള്‍ അന്നാട്ടിലില്ലെന്ന് നാട്ടുകാര്‍ ചായക്കടയിലും പീടികത്തിണ്ണയിലും വച്ച് പരസ്പരം പറഞ്ഞു. നക്സലൈറ്റുകാരന്‍ ഒരുപാട് തെരുവുനാടകങ്ങള്‍ എഴുതുകയും പല സ്ഥലങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു. കവി സച്ചിദാനന്ദന്റെ ഒരു നാടകത്തില്‍ ശക്തന്‍ തമ്പുരാന്‍ എന്ന ഒരു കഥാപാത്രത്തെ അങ്ങേര് അത്യുജ്ജ്വലമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് പില്‍ക്കാലത്ത് ആളുകള്‍ പറഞ്ഞു. 
    നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ചെക്കോവ് നക്സലൈറ്റിനോട് ചോദിച്ചു:

''യെന്നാത്തിനാ യെനിക്ക് ഇങ്ങനത്തെ പേരിട്ടത്...
അതിന്റെ അര്‍ത്തം യെന്നതാ?''
''ടാ, അതൊരു വെല്യ സാഹിത്യകാരന്റെ പേരാ.
കൂടുതലറിയണേല് നീ അയാളെഴുതിയ പുസ്തകങ്ങള് വായിച്ച് നോക്ക്... നിനക്ക്  ലൈബ്രറീല് മെമ്പര്‍ഷിപ്പൊണ്ടോ?''

''നിയ്ക്കാരു പൊത്തകോം വായിക്കണ്ട... എന്റെ മൊകത്തിനു ചേരുന്ന പേരിട്ടാപ്പോരാരുന്നോ നിങ്ങക്ക്...''
നക്സലൈറ്റിന്റെ നാവിറങ്ങിപ്പോയി. അയാളെന്ന് തിരിച്ചറിയാതെ പൊലീസുകാര്‍ പിടിച്ചപ്പോള്‍പ്പോലും അയാള്‍ ഒട്ടും പതറിയില്ലായിരുന്നു. ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്നും ഇല്ലെന്നും ആലോചിച്ച് ഉത്തരം കണ്ടെത്താനാവാതെ അന്തിമയക്കത്തിലെ ചുവന്ന സൂര്യനെ നോക്കി വെറുതെ അയാളിരുന്നു. 
''നിങ്ങള്‍ ലാറ്റിനമേരിക്കന്‍ സിനിമകള്‍ കാണാറുണ്ടോ?
മര്‍ലിന്‍മണ്‍റോ സ്വപ്നത്തില്‍ വരിക...ചെക്കാവേ,  നിങ്ങളൊരു സംഭവം തന്നെയാ...''


''ആകപ്പാടെ രണ്ടു തവണയേ ഞാന്‍ സിനിമാ കണ്ടിട്ടൊള്ള്. സ്വപ്നം ആര്‍ക്കു വേണേലും കാണാല്ലോ...''
''അതുശരിയാ... കുറസോവയുടെ ഡ്രീംസ് എന്നൊരു സിനിമയുണ്ട്. നിങ്ങള്‍ അതൊന്നു കാണണം. അതിലെ വിഷ്വല്‍സ്...മ്യൂസിക്... ഞാന്‍ വേണേ പെന്‍ഡ്രൈവില് കോപ്പി ചെയ്തു തരാം ഒന്നു കണ്ടുനോക്ക്...''
''ഓ, യെനിക്ക് വേണ്ട...സമയം കിട്ടത്തില്ല...
പിന്നെ കംപ്യൂട്ടറും ഇല്ല...''
''നിങ്ങള് പാതിരാ വെളുക്കപ്പുറം വരെ മൊബൈലി, കണ്ട പോണ്‍സൈറ്റുകളില്‍ കെടന്ന് അലയുന്നുണ്ടല്ലോ... ന്നിട്ട് ഒറക്കോമില്ല...''
    ചെക്കോവ് ഒന്നും മിണ്ടിയില്ല. ചിത്രകാരന്‍ അടുക്കിവച്ചിരുന്ന പെയിന്റിംഗുകളുടെ മറവില്‍ നിന്ന് ഒരു കുപ്പി എടുത്തുകൊണ്ടുവന്നു.
''ജവാനേക്കൂട്ട് ശകലമൊണ്ട്. കവിയും കഥാകൃത്തും കൊണ്ടുവന്നേന്റെ ബാക്കിയാ...ഒന്നര കാണും. വീതിച്ചടിക്കാം...''
ചിത്രകാരന്‍ പകര്‍ന്നു നല്‍കിയ മദ്യത്തില്‍നിന്നും ഒരിറുക്ക് കഴിച്ചിട്ട് ചെക്കോവ് ഭിത്തിയില്‍ അയാള്‍ വരച്ചിരുന്ന ബുദ്ധന്റെ ചിത്രം നോക്കി നെടുവീര്‍പ്പിട്ടു. അയാള്‍ മുറിയാകെയും വീടിന്റെ പുറം ചുമരുകള്‍ വരെയും പെയിന്റിംഗുകള്‍ ചെയ്തിരുന്നു. ചെമ്മണ്‍ കളറും നരച്ച വര്‍ണ്ണങ്ങളും കറുപ്പുമൊക്കെയായിരുന്നു കൂടുതല്‍ ഉപയോഗിച്ചിരുന്നത്. ചിതറിത്തെറിച്ച കബന്ധങ്ങള്‍ പോലുള്ള മനുഷ്യരൂപങ്ങളും മീനിന്റെ മുള്ളും നായ്ക്കളും പൂച്ചയും കത്തുന്ന നഗരവും കൂര്‍ത്ത മുനകളും കത്തിയും പശു, കാളയുടെ തലയോടും ഒക്കെയായി ആ വീടിനെ വലയം ചെയ്തു നിന്നു.
ചിത്രകാരന്‍ എന്തുകൊണ്ടാണ് കുറച്ചുകൂടി ആകര്‍ഷണീയമായ നിറങ്ങള്‍ ഉപയോഗിക്കാത്തതെന്ന് ചെക്കോവ് മുന്‍പ് അയാളോട് ചോദിച്ചതാണ്. അന്നാദ്യമായാണ് അവര്‍ തമ്മില്‍ പരിചയപ്പെടുന്നത് തന്നെ. കൂട്ടുകാരോ അയല്‍ ബന്ധങ്ങളോ ഇല്ലാത്ത ഏകാകിയായ ചെക്കോവിനെ ചിത്രകാരന്‍ അങ്ങോട്ടുകയറി പരിചയപ്പെടുകയാണുണ്ടായത്. ഏറെ നാളത്തെ നിര്‍ബ്ബന്ധത്തിനു ശേഷമാണ് ചെക്കോവ് ആ മുറിയിലേക്കെത്തിയത്. അവിടെ വേറെയും കുറച്ചാളുകള്‍ ഉണ്ടായിരുന്നു. ലാപ്ടോപ്പില്‍ ചികഞ്ഞുകൊണ്ട് മുടി നീട്ടിവളര്‍ത്തിയ രണ്ടു ചെറുപ്പക്കാരും പുകവലിയില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടു മൂന്നാലുപേരും അവിടിരിക്കുന്നു. കനത്ത പുകപടലങ്ങള്‍ക്കിടയില്‍ അവര്‍ ഒന്നു ചലിക്കുകയോ, ഇമയനക്കുകപോലും ചെയ്തില്ല. അതിലൊക്കെ വ്യത്യസ്തമായി തോന്നിയത് ചെക്കോവിന്റെ തന്നെ തൊട്ടയല്‍വാസികളായ ഒരു മരം വെട്ടുകാരനും ടിപ്പര്‍ലോറി ഡ്രൈവറും ഒരു പെയിന്റിംഗ് പണിക്കാരനും അവിടിരുന്നു മദ്യപിക്കുന്നതായിരുന്നു. ചെക്കോവിനെ കണ്ട് അവര്‍ അത്ഭുതപരതന്ത്രരായി. ചിത്രകാരന്‍ ആരുമായും സൗഹൃദം കൂടിയിരുന്നു. എന്നാല്‍ അയാള്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കുമൊന്നും മനസ്സിലായില്ല; അല്ലെങ്കില്‍ താന്‍ പറയുന്നത് മനുഷ്യരാരും ചൊവ്വെ നേരേ മനസ്സിലാക്കരുതെന്ന് അയാള്‍ വിചാരിച്ചിരുന്നുവെന്നും പറയാം.
''നിങ്ങള്‍ ആ പെണ്ണിനെപ്പറ്റി പറയൂ...പിന്നെന്താ സംഭവിച്ചത്?'' ചിത്രകാരന്‍ ആരാഞ്ഞു.
''യെന്റെ സാറെ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ. അവള്‍ക്കിച്ചിരി അംഗവൈകല്യമൊക്കെയുള്ളതുകൊണ്ടാ ഞാന്‍...''
നിങ്ങടമ്മയ്ക്ക് തീര്‍ത്തും വയ്യാതായല്ലോ... അവര്‍ക്കും ഒരു പ്രയോജനമാകും 
''ഒന്നും നടക്കിയേല സാറേ... അറിയാല്ലോ, പത്തുവര്‍ഷമാ ഞാന്‍ ഗള്‍ഫില്‍ക്കെടന്നേ... തറക്കാട്ടിലച്ചനാ പെങ്ങളെ പഠിപ്പിച്ച് നേഴ്സാക്കീത്... അവളാ  അവിടെയെനിക്കൊരു ജോലി ശരിയാക്കി തന്നത്... ഓഫീസ് ബോയി ജോലി ആയിട്ട്. ആള്‍ത്താമസമില്ലാത്ത ഏരിയയിലായിരുന്നു. എനിക്ക് അത് ഇഷ്ടമാരുന്നു താനും, എന്തിനാ മനുഷേരെ കാണണെ? കാണണെങ്കില്‍ മാളുകളില്‍ ചെല്ലണം... അത് വേറൊരു ലോകമാ... വീട്ടുകാര് ഒരു കല്യാണം പറഞ്ഞുവച്ചു. പത്തുകൊല്ലം പണിത കാശും കൊണ്ട് നാട്ടീച്ചെന്നപ്പോ അവള് വേറൊരുത്തന്റെ കൂടെ മുങ്ങി...''
ചിത്രകാരന്‍ മറുപടി പറഞ്ഞില്ല.
''എന്റെയീ മൊകത്തിനു പെണ്ണു കിട്ടിയേലാ സാര്‍''
''അതിനു നിങ്ങടെ മുഖത്തിനു അത്ര വല്യ കൊഴപ്പമൊന്നുമില്ല. അതൊക്കെ...''
''യെന്റെ സാറെ, എട്ടു പത്ത് ഓപ്പറേഷന്‍ നടത്തിയാ ഇപ്പം ഈ കോലത്തില്‍ ഇരിക്കുന്നേ... മുമ്പ് ഇതിലും ഭീകരമായിരുന്നു. സാറു കണ്ടാ അറയ്ക്കുമായിരുന്നു...''
സൗന്ദര്യമെന്നത് മനസ്സിലാണ് ചെക്കോവേ... മനസ്സിന്റെ സൗന്ദര്യമാണ് ഏറ്റവും പ്രധാനം.
''ഹും മനസ്സിന്റെ സൗന്ദര്യം...''
അന്നാദ്യമായി ചെക്കോവ് ഒന്നു ചിരിച്ചു. ആ ചിരിയെ ഒന്നു വ്യവച്ഛേദിച്ചറിയാന്‍ ചിത്രകാരന്‍ വൃഥാശ്രമം നടത്തി. കാലിക്കുപ്പി ചിത്രകാരന്‍ ജനാലയിലൂടെ ശക്തിയോടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഏറുകൊണ്ട മരത്തില്‍ ചേക്കേറിയ കാക്കകള്‍ ആര്‍ത്തലച്ചു കരഞ്ഞു നിശ്ശബ്ദരായി. എന്നാല്‍, സമയബോധമില്ലാത്ത ഒരു കാക്ക മാത്രം എന്തിനെന്നറിയാതെ പിന്നെയും കരഞ്ഞുകൊണ്ടിരുന്നു. 
''ചെക്കോവേ,  നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പെണ്ണിനെ അറിഞ്ഞിട്ടുണ്ടോ?
ആ കാക്ക പെട്ടെന്ന് നിശ്ശബ്ദമായി. പഴകിയ കരിപിടിച്ച അലുമിനിയ കലം പിള്ളക്കല്ലുകൊണ്ടിടിച്ചു ചളുക്കിയമാതിരിയുള്ള അയാളുടെ മുഖത്തെ കുഴിയിലാണ്ട കണ്ണുകള്‍ ഒന്നു മിന്നുകയും പിന്നെ നിഷ്പ്രഭമാവുകയും ചെയ്തു. പിന്നീടയാള്‍ കുനിഞ്ഞ ശിരസ്സുമായി പുറത്തേയ്ക്ക് പോയി. തന്റെ ചോദ്യം അനാവശ്യമായി തോന്നി, ചിത്രകാരന്. 

വല്ലാത്ത വാശിയോടാണയാള്‍ അന്നു രാത്രി പോണ്‍സൈറ്റുകളില്‍ അലഞ്ഞു കറുപ്പ്, വെളുപ്പ്, ദേശം, ഭാഷ... പുലര്‍ച്ചെ തളര്‍ന്നുറങ്ങിയ ചെക്കോവ് ഒരു സ്വപ്നം കണ്ടു. അവിടം നവോത്ഥാന കാലഘട്ടത്തെ പെയിന്റിംഗുകളെ അനുസ്മരിപ്പിക്കും വിധം മനോഹരമായൊരു താഴ്വാരമായിരുന്നു. ഇളം നീലനിറത്തില്‍ പുകമഞ്ഞില്‍ മലനിരകള്‍. വലിയൊരു തടാകത്തിലേക്കൊഴുകുന്നൊരു പുഴ. പുഴയ്ക്കു മീതെ അങ്ങിങ്ങായി മരപ്പാലങ്ങള്‍. കൂട്ടം കൂടി നില്‍ക്കുന്ന മുളക്കൂട്ടങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളും. തീ പോലെ പൂത്തുനില്‍ക്കുന്നൊരു ചുവന്നമരം വ്യത്യസ്തമായി നിന്നു. അകലെനിന്നും ഒരു കുതിരവണ്ടി പുകപടലങ്ങളുയര്‍ത്തി പാലങ്ങള്‍ കടന്ന് അടുത്തുവരുന്നു. കൊലുന്നനെയുള്ള അതിസുന്ദരിയായൊരു പെണ്‍കുട്ടിയാണതോടിച്ചിരുന്നത്. വെളുത്ത ഗൗണ്‍ ധരിച്ച അവളുടെ മുഖത്തേക്ക് അതിലോലമായൊരു മുഖാവരണം അതീവ ചാരുതയൊടെ കിടന്നിരുന്നു. തടാകത്തിനു മീതെ ഉയരത്തില്‍ വലിച്ചുകെട്ടിയൊരു തൂക്കുപാലത്തില്‍ ഏകനായി ചെക്കോവ് നില്‍ക്കുന്നു. പതിവ് സ്വപ്നത്തില്‍ കാണുന്നപോല്‍ നഗ്‌നനായിരുന്നു അയാള്‍. കുതിരവണ്ടിയില്‍ വന്ന പെണ്‍കുട്ടി തടാകതീരത്ത് വണ്ടി നിര്‍ത്തി കുതിരയെ മേയാന്‍ വിട്ടു. പിന്നീടവള്‍ ഒട്ടും തിടുക്കമില്ലാതെ തന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചുവച്ചു. സ്ഫടികസമാനമായ തടാകത്തിലേക്കിറങ്ങിയ അവളുടെ നഗ്‌നമേനിയുടെ ചുറ്റും സ്വര്‍ണ്ണമീനുകള്‍ വലയം ചെയ്തു നീന്തിയെത്തി. തന്റെ കൈകള്‍കൊണ്ടവയെ അവള്‍ താലോലിച്ചു. പിന്നീടവള്‍ തടാകത്തിനടിയിലേക്ക് ഊളിയിട്ടു. അന്നേരം തടാകത്തില്‍ കൂമ്പിനിന്നിരുന്ന താമരമൊട്ടുകള്‍ മെല്ലെ വിടര്‍ന്നു. പിന്നെ വെണ്ണക്കല്‍ ശില്പം പോലവള്‍ തടാകത്തില്‍നിന്നും ഉയര്‍ന്നുവന്നു. അലസമായ് പുല്‍പ്പരപ്പിലേക്ക് നടന്നു കയറി. അവളുടെ ശരീരത്തില്‍ നിന്നും കൊഴിഞ്ഞുവീണ നീര്‍ത്തുള്ളികള്‍ മുത്തുകളായി തടാകത്തില്‍നിന്നു പുല്‍പ്പരപ്പിലേക്കൊരു മാലതീര്‍ത്തു. അപ്പോള്‍ ചെക്കോവ് തൂക്കുപാലത്തില്‍ നിന്നും മേല്‍പ്പോട്ടുയര്‍ന്നു പൊന്തി, പുല്‍ത്തകിടിയിലേക്ക് തൂവല്‍ കണക്കേ പറന്നിറങ്ങി. പുല്‍പ്പരപ്പില്‍ അവള്‍ മലര്‍ന്നു കിടക്കവേ തീപോലെ പൂത്തുനിന്ന ചുവന്ന മരത്തില്‍നിന്നും ഒന്നില്ലാതെ മുഴുവന്‍ പൂക്കളും കൊഴിഞ്ഞു പുല്‍പ്പരപ്പിലേക്ക് വീണു കത്തി മൈതാനമാകെ തീ പിടിച്ചു. മേഞ്ഞുനിന്ന കുതിര ചിനച്ചുകൊണ്ട് എവിടേക്കോ ഓടിപ്പോയി. നാലുപാടും കത്തിയമര്‍ന്നു വരുന്ന പുല്‍പ്പരപ്പിനു നടുവില്‍നിന്നു ചെക്കോവ് അലറിവിളിച്ചു. 
''പോള്‍ ഗോഗിന്റെ താഹിതിയിലെ പെണ്ണുങ്ങള്‍ എന്ന പെയിന്റിംഗ് നിങ്ങള്‍ കണ്ടിട്ടുണ്ടോ?... റെംബ്രാന്റിന്റെ ചില പെയിന്റിംഗുകളുടെ പശ്ചാത്തലം നിങ്ങടെ സ്വപ്നസമാനമാണ്. ചെക്കോവേ, നിങ്ങളൊരു സംഭവാ...''
ചാര്‍ക്കോള്‍ ഉപയോഗിച്ച് ചിത്രകാരന്‍ പെട്ടെന്നൊരു ചിത്രം കടലാസില്‍ വരച്ചു. പിന്നീടയാള്‍ കൈവിരലുകള്‍കൊണ്ട് കറുത്ത നിറത്തെ ആ ചിത്രമാകമാനം തൂത്തു പിടിപ്പിച്ചു. ആ പ്രവൃത്തി ചെക്കോവിന് ഒട്ടും ഇഷ്ടമായില്ല. വളരെ ഇറോട്ടിക്കല്‍ ആയ ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്. വേറൊരു കടലാസെടുത്തത് മറ്റൊരു ഡ്രോയിംഗ് ചെയ്യാന്‍ തുടങ്ങി അയാള്‍.

''സാറേ, നിങ്ങള്‍ക്ക് എന്റെ പടമൊന്നു വരയ്ക്കാമോ?''
''ഞാന്‍ വരയ്ക്കുന്ന രീതി നിങ്ങള്‍ക്കിഷ്ടമാവില്ല ചെക്കോവ്...''

''അങ്ങിനെയൊന്നുമില്ല... എനിക്ക് എന്നെയൊന്നു കാണാനാ...''
''എന്നാലൊരു ഫോട്ടോയെടുക്കുന്നതല്ലേ, നല്ലത് ?''
''ഇതുവരെ ഞാനെന്റെ ഫോട്ടോയെടുത്തിട്ടില്ല. ഒരു ഗ്രൂപ്പ് ഫോട്ടോയില്‍പ്പോലും ഞാനിതേവരെ നിന്നിട്ടില്ല.''
''അപ്പോ നിങ്ങടെ പാസ്പോര്‍ട്ടിലും മറ്റും.''
''ഓ അതിപ്പോ എല്ലാ കാര്‍ഡിലും എല്ലാരും ഒന്നുപോലാന്നാ എനിക്ക് തോന്നീട്ടുള്ളത്.''
ചിത്രകാരന്‍ ചിരിച്ചുപോയി. എന്നാല്‍ അതില്‍ വലിയ തമാശയൊന്നും ഇല്ലെന്ന് ചെക്കോവിന് തോന്നി. 
''ശരി, എന്നാല്‍ തുടങ്ങിയേക്കാം - ഇരുന്നോളൂ...''
ചിത്രകാരന്‍ മറ്റൊരു കടലാസും ചാര്‍ക്കോളും കയ്യിലെടുത്തു. ഒരു വിചിത്ര ശില്പം പോലെ വിദൂരതയില്‍ കണ്ണും നട്ട് അയാളിരുന്നു. മേശപ്പുറത്ത് ചെരിച്ചുവച്ച ബോര്‍ഡില്‍ കടലാസു വച്ച് കാലുകള്‍ അകത്തിനിന്ന് ഒരു പ്രത്യേക താളത്തില്‍ ചുമലുകള്‍ ചലിപ്പിച്ച് ചിത്രകാരന്‍ വരച്ചു തുടങ്ങി. ഇടയ്ക്കിടെ ചെക്കോവിനെ തുളച്ചുനോക്കി. അന്നേരമൊക്കെ അയാള്‍ ചൂളിപ്പോവുകയും ഒരു മെഴുതിരികണക്കെ ഉരുകി തറയാകെ പടരുമെന്നും തോന്നി.
ചിത്രകാരന്റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു. ഇരയെ കീഴ്പെടുത്തിയതിനുശേഷം ആയുധവുമായി വിജയിച്ചു നില്‍ക്കുന്നൊരാളെപ്പോലെ അതിലേക്കുറ്റുനോക്കി ചിത്രകാരന്‍ ഊറിച്ചിരിച്ചു. മുമ്പിതേവരെ കണ്ടിട്ടില്ലാത്തവണ്ണം അയാളുടെ കണ്ണുകള്‍ തിളങ്ങി. മുഖഭാവവും തികച്ചും വ്യത്യസ്തമായിരുന്നു. 
''ദാ, നോക്കൂ...''

എന്നാല്‍ ചെക്കോവിന് അപ്പോഴാ ചിത്രം കാണേണ്ടെന്ന് തോന്നി. മറ്റൊരാളെ പ്രേരിപ്പിച്ച് കഠിനമായൊരപരാധം ചെയ്യിച്ച പോല്‍ അയാള്‍ വിവശനായി. ചിത്രകാരന്‍ അടുത്തു ചെന്നു. 

    ''എങ്ങിനെയുണ്ട്''
ചെക്കോവ് എത്രനേരം ആ ചിത്രത്തിലേക്ക് ഇറ്റു നോക്കിയിരുന്നുവെന്ന് പറയാനാവില്ലായിരുന്നു. ആ സമയമത്രയും അയാളുടെ മുഖഭാവം വായിച്ചറിയാന്‍ ശ്രമിക്കുകയായിരുന്നു ചിത്രകാരന്‍. ഒരു മീന്‍കാരന്‍ നിരത്തിലൂടെ തന്റെ ഹോണ്‍ നിറുത്താതെ അടിച്ചുകൊണ്ടുപോയി. ഒടുവിലത് നേര്‍ത്ത് ഇല്ലാതായപ്പോഴും ചെക്കോവ് ചിത്രത്തില്‍നിന്നും തല ഉയര്‍ത്തിയില്ല. ഒരു പല്ലി ആ ചിത്രത്തിലേക്ക് പൊതുക്കോന്ന് വീണപ്പഴാണ് ചെക്കോവ് തുറന്നത്. 
''സാറേ ബുദ്ധിമുട്ടാവില്ലേല്‍, എന്റെയീ വൃത്തികെട്ട ഭാഗമൊക്കെ ഒന്നു നന്നാക്കി വരച്ചുതരാമോ... ഞാന്‍ എങ്ങിനെയിരിക്കുമെന്ന് അറിയാനാ...''
''അതിനെന്താ ബുദ്ധിമുട്ട്... പക്ഷേ, അന്നേരം അതു നിങ്ങളല്ലാതായിപ്പോകും ചെക്കോവ്...''
അന്നു രാത്രി അങ്ങേയറ്റം നിര്‍വ്വികാരനായാണ് അയാള്‍ പോണ്‍സൈറ്റുകളില്‍ കയറിയത്. ഒന്നുമല്ലാത്ത മനുഷ്യശരീരങ്ങള്‍, മത്തിയും പരല്‍മീനുകളേയും പോലെ. കണ്ണുകള്‍ ഇറുക്കിയടച്ചു ഒന്നുകൂടി നോക്കിയപ്പോള്‍, ഉടലുകള്‍ അഴുകിവീഴുന്നപോലെ... ഒടുക്കം അവ അസ്ഥികൂടങ്ങളായി മാറിയിരിക്കുന്നു... ഇണചേരുന്ന അസ്ഥികൂടങ്ങള്‍... അയാള്‍ ഫോണ്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു ബെഡ്ഡിലേക്ക് വീണ് കണ്ണുകള്‍ ഇറുക്കിയടച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com