'മധു': പ്രമോദ് രാമന്‍ എഴുതിയ കഥ

ഇരുട്ടില്‍ സാവധാനം നിരങ്ങിനീങ്ങിയിട്ടും അയാളുടെ കാലുകള്‍ ഒരു ചാരുകസേരയില്‍ ചെന്നിടിച്ചു.
'മധു': പ്രമോദ് രാമന്‍ എഴുതിയ കഥ

ചെന്നുകയറിയ വീടിനെക്കുറിച്ച് കള്ളനൊരു ധാരണയും ഇല്ലായിരുന്നു. ഇരുട്ടില്‍ സാവധാനം നിരങ്ങിനീങ്ങിയിട്ടും അയാളുടെ കാലുകള്‍ ഒരു ചാരുകസേരയില്‍ ചെന്നിടിച്ചു. എന്തോ അതില്‍നിന്ന് മറിഞ്ഞുവീണു. എടുത്തുനോക്കിയപ്പോള്‍ കട്ടിയുള്ള ഒരു പുസ്തകമാണ്. നരച്ച കടലാസുകളുടെ മണം വന്നു അതില്‍നിന്ന്. വായിക്കുന്നതിന്റെ അടയാളമായി വച്ച വെള്ളിക്കരണ്ടിയുടെ ശബ്ദമാണ് മൂര്‍ച്ചയില്‍ കേട്ടത്. ഭാഗ്യം, ഒച്ചകേട്ട് ആരും എണീറ്റില്ല! 

കറന്റില്ലായിരുന്നുവെന്ന് തോന്നുന്നു. കുറേ നേരം കത്തിച്ചുവച്ച് കെട്ടുവെന്ന് തോന്നിക്കുന്ന മെഴുകുതിരികള്‍ ചാരുകസേരയുടെ അടുത്തുതന്നെയുള്ള മൂന്നു കാലുള്ള  വെള്ളി സ്റ്റാന്‍ഡില്‍ കണ്ടു. അത് കാണിച്ചുതന്ന മങ്ങിയ നിലാവെട്ടം വന്ന ഭാഗത്ത് ഒരു ജനലുണ്ടെന്ന് കള്ളന്‍ മനസ്സിലാക്കി. ജനല്‍ക്കര്‍ട്ടന്‍ സാവകാശം നീക്കി പുസ്തകത്തിന്റെ ചട്ടയിലേക്ക് അയാള്‍ നോക്കി. കണ്ണാടിയില്‍ നോക്കിയാലെന്നപോലെ തന്റെ മുടി പാറിക്കിടക്കുന്നല്ലോ എന്ന് ചിന്തിച്ച് അയാള്‍ അത് ചാരുകസേരയില്‍ തിരികെവച്ചു. 

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

ഒരൂഹംവച്ച് അടുക്കളയില്‍ എത്തിയപ്പോള്‍ സന്തോഷംകൊണ്ട് അയാളില്‍ ചെറുചിരി വിടര്‍ന്നു. മേല്‍ക്കൂരയില്‍നിന്ന് വീഴുന്ന വെട്ടം അയാളുടെ പണി എളുപ്പമാക്കി. ഒരു തട്ടില്‍ ഏതാനും ബ്രഡും ഒരു വെള്ളിപ്പിഞ്ഞാണത്തില്‍ കുറച്ച് തേനും ഉണ്ടായിരുന്നു. കണ്ടപാടേ ബ്രഡ് തേനില്‍ മുക്കി അയാള്‍ കൊതിയോടെ ഭക്ഷിച്ചു. വിശക്കുന്നവനുവേണ്ടി വച്ചതാണ് അതെന്ന കാര്യത്തില്‍ അയാള്‍ക്ക് നല്ല നിശ്ചയമായിരുന്നു. മധുപാത്രം വടിച്ചുനക്കി തിരികെവച്ചശേഷം ചാരിക്കിടന്ന പിന്‍വാതില്‍ തുറന്ന് അയാള്‍ പുറത്തിറങ്ങി. നാക്കിലെ സഞ്ചിക്കകത്ത് മോഷ്ടിച്ച രുചി അയാള്‍ക്ക് ഒന്നുരണ്ടു നാളത്തേക്കുള്ള വകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com