ഉടല്‍വേദം: ഡോ. മനോജ് വെള്ളനാട് എഴുതുന്നു

അന്നുച്ചയ്ക്കും അതുതന്നെ സംഭവിച്ചു. സോഫിയ സിസ്റ്റം ലോഗൗട്ട് ചെയ്യാന്‍ പോലും നില്‍ക്കാതെ കാബിനില്‍ നിന്നിറങ്ങി ഒരോട്ടമായിരുന്നു.
ചിത്രീകരണം- അനുരാഗ് പുഷ്‌ക്കരന്‍
ചിത്രീകരണം- അനുരാഗ് പുഷ്‌ക്കരന്‍

ന്നുച്ചയ്ക്കും അതുതന്നെ സംഭവിച്ചു. സോഫിയ സിസ്റ്റം ലോഗൗട്ട് ചെയ്യാന്‍ പോലും നില്‍ക്കാതെ കാബിനില്‍ നിന്നിറങ്ങി ഒരോട്ടമായിരുന്നു. കട്ടികൂടിയ സ്ഫടികവാതില്‍ വലിച്ചുതുറന്നു കോറിഡോറിലൂടെ നടത്തത്തിനും ഓട്ടത്തിനുമിടയിലൊരു വേഗതയില്‍ പാഞ്ഞു. ഭവാനിയുടെ പടികളിറങ്ങി റോഡ് മുറിച്ചുകടന്ന് തേജസ്വിനിയിലെ എഴാം നിലയിലെ ഫുഡ്‌ക്കോര്‍ട്ടിലേക്ക് പാഞ്ഞുചെന്നു. ചുറ്റുമുള്ളവരെയൊക്കെ വ്യക്തമായി കാണാനാകുന്ന ഒരു മൂലയിലെ ആളൊഴിഞ്ഞ ടേബിളില്‍ പോയിരുന്നു. കൈകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഉള്ളംകൈ വരെ വിയര്‍ത്തു. 

ഒഴിവുനേരമല്ലാത്തതിനാല്‍ ഫുഡ്ക്കോര്‍ട്ടില്‍ തിരക്ക് കുറവായിരുന്നു. കുറേ ആണുങ്ങള്‍. കുറച്ചു പെണ്‍കുട്ടികള്‍ മാത്രം. സോഫിയ അസ്വസ്ഥതയോടെ ഓരോരുത്തരെയായി സൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങി. ഡോമിനോസിന്റെ മുന്നില്‍ പിസ വാങ്ങാന്‍ നില്‍ക്കുന്ന അഞ്ച് ആണുങ്ങളിലേക്ക് അവള്‍ ശ്രദ്ധ പതിപ്പിച്ചു. യു.എസ്.ടി ഗ്ലോബലിലെ പയ്യന്മാരാണ്. സോഫിയ ഓരോരുത്തരേയും ആപാദചൂഡം കണ്ണുകൊണ്ടുഴിഞ്ഞു. ആ തടിയന്‍ കൂടുതല്‍ തടിച്ചിട്ടുണ്ട്. മെലിഞ്ഞവന്‍ പിന്നേയും മെലിഞ്ഞോ? അവന് സോഫിയയുടെ കമ്പനിയില്‍ത്തന്നെ ഒരു ഗേള്‍ഫ്രണ്ടുള്ളതാണ്. അവന്റേത് എയിറ്റ്പാക്ക് ബോഡി ആയിരിക്കുമെന്നു കാണുമ്പോഴൊക്കെ സോഫിയ ഓര്‍ക്കും. സ്പൈക് മുടിയുള്ള ടീഷര്‍ട്ട് ധാരിയെ നേരത്തെ കണ്ടിട്ടില്ല. അവനൊരു ഗേ ആവാന്‍ ചാന്‍സുണ്ട്. മീശയുമില്ല. സോഫിയയുടെ വിറയല്‍ അല്‍പ്പാല്‍പ്പമായി കുറഞ്ഞു. നെഞ്ചിടിപ്പും. പിന്നെയുള്ള രണ്ടുപേര്‍ സ്ഥിരം കോഴികള്‍. അവരെ അവള്‍ വെറുതെ വിട്ടു.
ജ്യൂസ് പാര്‍ലറില്‍ ചെന്ന് ഒരു മാംഗോ ജ്യൂസ് പറഞ്ഞിട്ട് വീണ്ടും പഴയ സീറ്റില്‍ ചെന്നിരുന്നു. താനിങ്ങനെ വായിനോക്കുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്നൊരാശങ്ക സോഫിയയ്ക്കുണ്ടായെങ്കിലും കണ്ണും മനസ്സും ആണിടങ്ങളിലേക്ക് പായുന്നതിനെ തടയാന്‍ അവള്‍ക്കാകുന്നില്ല. വിറയല്‍ പൂര്‍ണ്ണമായി മാറിയപ്പോള്‍ അവള്‍ പതിയെ എണീറ്റ് തിരികെ ലിഫ്റ്റിറങ്ങി ഭവാനിയിലേക്ക് നടന്നു.
''ഞാനൊരു കാര്യം പറയട്ടേ?'' ശ്യാമിന്റെ നെഞ്ചില്‍ തലവച്ചു കിടന്നുകൊണ്ട് സോഫിയ ചോദിച്ചു.
''ഊം...'' ശ്യാം എപ്പോഴത്തേയും പോലെ കൃത്രിമമായ ഗൗരവത്തില്‍ മൂളി.
''എന്റെ കൂടെയുള്ള ജാന്‍സിയില്ലേ.. നമ്മളന്നു ശ്രീകാര്യം വരെ ലിഫ്റ്റ് കൊടുത്ത.''
''ഊം...'' ശ്യാമിന്റെ മൂളലില്‍ ആകാംക്ഷ കൂടി.
''അവള്‍ക്കാണെങ്കില്‍ ഒരു പ്രശ്‌നം. ജോലി ചെയ്യുന്നതിനിടയില്‍ ഇടക്കിടയ്ക്ക് എണീറ്റ് ഓടും.''
''ഓടുന്നോ? എങ്ങോട്ട്?''
ശ്യാമിന്റെ ആകാംക്ഷ അതിന്റെ പരകോടിയിലെത്തി. അപ്പോഴേക്കും തൊട്ടിലില്‍നിന്നും ഉറക്കത്തിന്റെ പാതിയില്‍നിന്നെന്നപോലൊരു ഞരക്കം കേട്ട് സോഫിയ എണീറ്റു. ഭാഗ്യം ഉണര്‍ന്നിട്ടില്ല. ഈ സമയത്തുണര്‍ന്നാല്‍ പിന്നെ രാത്രി വെളുപ്പിക്കും. സോഫിയ സ്ഥാനം മാറിക്കിടന്ന ടര്‍ക്കിയെടുത്ത് കുഞ്ഞിനെ ഒന്നുകൂടി പുതപ്പിച്ചു. ശ്യാമിന്റെ മനസ്സപ്പോഴും ടെക്നോപാര്‍ക്കിലെ ഭവാനി ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ ജാന്‍സിയുടെ പിന്നാലെ ഓടുകയായിരുന്നു. ജാന്‍സിക്ക് പിന്നാലെയുള്ള ആ ഭാവനാഗമനത്തിന് സോഫിയയ്ക്കറിയാത്ത ഒരു സുഖവുമുണ്ട്.


''അവളെങ്ങോട്ടാ ഓടുന്നത്? ബാത്ത് റൂമിലേക്കാ?''
''ഞാനും ആദ്യം അങ്ങനെയാ കരുതിയത്. പക്ഷേ, അവള്‍ ഓടി പുറത്തേക്കാണ് പോകുന്നത്. എന്നും ഒരുച്ച അടുക്കുമ്പോഴാണ്. അങ്ങനെ ഇന്ന് ഞാന്‍ പിടിച്ചുനിര്‍ത്തി ചോദിച്ചു. അപ്പോള്‍ പറയുവാ, അവള്‍ മീശ കാണാന്‍ പോകുവാണെന്ന്.''
''ങേ..! മീശ കാണാനോ?''
''അതേന്ന്... മീശയുള്ള ആണുങ്ങളോട് അവള്‍ക്ക് പ്രത്യേക താല്‍പ്പര്യമാണെന്ന്. അതിങ്ങനെ ഓര്‍മ്മവരുമ്പോ വല്ലാണ്ട് വീര്‍പ്പുമുട്ടും. നിവൃത്തിയില്ലാതാവുമ്പോ ഇറങ്ങിയോടും. ആണുങ്ങളധികമുള്ളയിടങ്ങളില്‍ ചെന്ന് അവരറിയാതെ നോക്കിയിരിക്കും.''
''അതിനവള്‍ മാരീഡാണല്ലോ?'' ശ്യാമിന് വിഷയത്തില്‍ താല്‍പ്പര്യമേറി വരുന്നുണ്ടായിരുന്നു.
മറുപടിയായി സോഫിയ അവനെയൊന്നു തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.
''അങ്ങനെ ആരെയെങ്കിലും കണ്ടാല്‍ മതിയോ? നിങ്ങടെ കാബിനില്‍ത്തന്നെയില്ലേ കുറേയെണ്ണം.'' സോഫിയയുടെ മൂഡ് മാറുന്നത് കണ്ടിട്ടാവും, ശ്യാം ആകാംക്ഷയെ തമാശയാക്കാനൊരു ശ്രമം നടത്തി. അതുപക്ഷേ സോഫിയയ്ക്കത്ര രസിച്ചതുമില്ല.
''അങ്ങനെ ആരെയെങ്കിലും കണ്ടാ പോരായിരിക്കും. അതുകൊണ്ടല്ലേ അവള്‍ക്ക് ഇറങ്ങി ഓടേണ്ടിവരുന്നത്.'' സോഫിയ അല്‍പ്പം ദേഷ്യത്തില്‍ തന്നെയാണത് പറഞ്ഞത്.
''ഹ... ഹ... ഇതു പ്രശ്‌നമാണ് മോളേ...''
ശ്യാം കിടന്നുകൊണ്ടുതന്നെ സോഫിയയെ തോളില്‍ പിടിച്ചു കട്ടിലിലേക്ക് കിടത്താന്‍ ശ്രമിച്ചു. സോഫിയ ബലം പിടിച്ചു കുറേനേരം ഒന്നും പറയാതെ കട്ടിലില്‍ കുനിഞ്ഞിരുന്നു. മനസ്സൊന്നു സ്വസ്ഥമായപ്പോള്‍ അവള്‍ പറഞ്ഞു:
''അവളീ കാര്യത്തിലാകെ ഡെസ്പാണ് ശ്യാം. ഹസ്ബന്‍ഡ് ഡോക്ടറല്ലേ. ഒന്നു പറയാമോ എന്നെന്നോട് ചോദിച്ചു. അവളങ്ങനെ മോശക്കാരിയൊന്നും അല്ല ശ്യാം.''
''അതിന് ഞാനൊരു ഡെന്റിസ്റ്റല്ലേ.. അങ്ങനെ ഒരഭിപ്രായം അറിയണമെങ്കില്‍ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണാന്‍ പറയ്.''
ശ്യാം സോഫിയയെ ചേര്‍ത്തുപിടിച്ചു. അവനവളെ കട്ടിലിലേക്ക് മറിച്ചു. സോഫിയയുടെ ചുരത്തുന്ന മുലകളില്‍ ശ്യാമിന്റെ നഖങ്ങളമര്‍ന്നപ്പോള്‍ അവളമ്മേയെന്നറിയാതെ വിളിച്ചുപോയി. ശ്യാമവളുടെ വസ്ത്രങ്ങള്‍ എന്നത്തേയും പോലെ വലിച്ചുകീറുകയും കുടുക്കുകള്‍ വലിച്ചുപൊട്ടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ശ്യാം വേദനപ്പിച്ചുകൊണ്ടുതന്നെ സോഫിയയിലേയ്ക്കാഴ്ന്നിറങ്ങുകയും മിനിറ്റുകള്‍ക്കുള്ളില്‍ ക്രീഡകളവസാനിപ്പിച്ച്  സ്വയം ചുരുണ്ടുകൂടുകയും ചെയ്തു.
പിറ്റേന്നും ഉച്ചകഴിഞ്ഞപ്പോള്‍ സോഫിയയ്ക്ക് അതേ തോന്നലുണ്ടായി. പക്ഷേ, അപ്പോഴവള്‍ പ്രോജക്റ്റ് ഹെഡിന്റെ മുറിയില്‍ ഒരു ഗ്രൂപ്പ് ഡിസ്‌കഷനില്‍ ആയിരുന്നു. പ്രൊജക്റ്റ് ഹെഡും പിന്നൊരു സഹപ്രവര്‍ത്തകനും മാത്രമേ അവിടെ ആണുങ്ങളായിട്ടുണ്ടായിരുന്നൊള്ളൂ. തോന്നലുണ്ടായപ്പോള്‍ മുതല്‍ അവള്‍ ഡിസ്‌കഷനില്‍ ശ്രദ്ധിക്കാതെ അവരുടെ വസ്ത്രങ്ങളിലേക്കും ശരീരചലനങ്ങളിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു. പക്ഷേ, സോഫിയയുടെ കൈവിറയല്‍ അടങ്ങുന്നില്ല. ഏസിയിലിരുന്നും അവള്‍ വിയര്‍ത്തു. അവസാനം സഹിക്കാനാകാതെ അവളെണീറ്റു ''എനിക്കൊന്ന് ടോയ്ലറ്റില്‍ പോണ''മെന്നു പറഞ്ഞുകൊണ്ട് ഒരൊറ്റ ഓട്ടം. 
തേജസ്വിനിയില്‍നിന്നും തിരികെ വരുമ്പോള്‍ ജാന്‍സി സോഫിയയെ തടഞ്ഞുനിര്‍ത്തി. 
''ഇവിടത്തെ ടോയ്ലറ്റിനെന്താ പ്രശ്‌നം?'' ജാന്‍സി ചോദ്യങ്ങളുടെ ആവനാഴി തുറന്നു.
എന്തുപറയണമെന്നറിയാതെ ഉള്ളിലൊന്ന് പകച്ചെങ്കിലും സോഫിയ അതു പുറത്തുകാട്ടാതെ തന്നെ പറഞ്ഞു:
''എനിക്ക് വിശന്നാപ്പിന്നെ ഭ്രാന്താണെന്റെ ജാന്‍സീ... ഡെലിവറിക്കു ശേഷം ഇപ്പോ അങ്ങനാ. ഞാന്‍ പോയൊരു ബര്‍ഗര്‍ വാങ്ങിത്തിന്നു. ഹൊ! ഇപ്പോ ശകലം ആശ്വാസമായി.'' ജാന്‍സി അന്തംവിട്ട് നില്‍ക്കുമ്പോള്‍ സോഫിയ ഒന്നും സംഭവിക്കാത്തപോലെ കാബിനിലേക്ക് കയറിപ്പോയി. ആവനാഴിയിലെ ശേഷിക്കുന്ന ചോദ്യങ്ങള്‍ ജാന്‍സിയുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന രംഗമോര്‍ത്തു സോഫിയ ഉള്ളാലേ ചിരിച്ചു.
''വളരെ ഇമ്പോര്‍ട്ടന്റായ ഒരു മീറ്റിങ്ങായിരുന്നു. അവള് ടോയ്ലറ്റിലേക്കെന്നും പറഞ്ഞ് ഒരൊറ്റ ഓട്ടം.'' ചപ്പാത്തിയിലേക്ക് ഒരു കിണ്ണം മുട്ടക്കറി മുഴുവനോടെ കമിഴ്ത്തിക്കൊണ്ട് സോഫിയ പറഞ്ഞു:
''ടെല്‍ ഹെര്‍ ടു ഗോ ആന്‍ഡ് കണ്‍സള്‍ട്ട് എ സൈക്ക്യാട്രിസ്റ്റ് സോഫിയാ. ഓര്‍ ലെറ്റ് ഹേര്‍ ഹസ്ബന്‍ഡ് നോ ദി പ്രോബ്ലം'' ശ്യാം സംസാരം ഇംഗ്ലീഷിലേക്ക് മാറ്റിയെങ്കിലത് വേലക്കാരിയില്‍നിന്നും വിഷയത്തിന്റെ രഹസ്യ സ്വഭാവം കാക്കണമെന്നാണ് അര്‍ത്ഥം. പിന്നെ സോഫിയ ഒന്നും പറഞ്ഞില്ല. 
''ഐ ഡോണ്ട് തിങ്ക് ഇറ്റ്സ് എ സിമ്പിള്‍ തിംഗ്.'' ശ്യാം തുടര്‍ന്നു. ബെഡ് റൂമിലെത്തി കതകടയ്ക്കുന്നത് വരെയും സോഫിയ മിണ്ടിയില്ല. 
''അതങ്ങ് മാറുമായിരിക്കും അല്ലേ ശ്യാം?'' കുഞ്ഞിന് പാലുകൊടുത്തു തൊട്ടിലില്‍ കിടത്തുന്നതിനിടയില്‍ സോഫിയ ചോദിച്ചു.
''ഊം'' ശ്യാം അമര്‍ത്തിയൊന്നു മൂളി.
പിന്നെ കുറച്ചുദിവസത്തേക്ക് ശ്യാമോ സോഫിയയോ ആ വിഷയം സംസാരിച്ചേയില്ല. ആ വിഷയം ചോദിക്കാനും പറയാനുമുള്ള ഉല്‍ക്കടമായ ഒരാഗ്രഹം തികട്ടിവരുമ്പോഴൊക്കെ ഇരുവരും അപ്രധാനമായ മറ്റെന്തെങ്കിലും പറഞ്ഞു വിഷയം മാറ്റും. സോഫിയയ്ക്ക് ഉച്ചയ്ക്ക് ശേഷമുണ്ടാകുന്ന ആ വെപ്രാളം ഒരു ശീലമാകുകയും ആ തോന്നലുണ്ടാകുമ്പോള്‍ അധികം അസ്വസ്ഥയാകാതെ അവള്‍ എണീറ്റ് തേജസ്വിനിയിലെ ഫുഡ്‌ക്കോര്‍ട്ടില്‍ പോയിരിക്കുകയും ചെയ്യും. കാഴ്ചകള്‍ കണ്ട് മനസ്സ് സ്വസ്ഥമാകുമ്പോള്‍ തിരികെ വന്നിരുന്ന് ജോലി തുടരും. ഇടയ്ക്കൊരു ഞായറാഴ്ച ശ്യാമിനോട് അധികജോലിയുണ്ടെന്ന് കള്ളം പറഞ്ഞു സോഫിയ ടെക്നോപാര്‍ക്കില്‍ പോവുകയും ചെയ്തു.
''ടുമോറോ ഈസ് ദി ഡെഡ് ലൈന്‍. ഹി വില്‍ സ്‌ക്ര്യൂ മി ഇഫ് ഇറ്റ് വോണ്‍ട് ഫിനിഷ് ബൈ ടുഡേ ഇറ്റ്സെല്‍ഫ്'' എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുമ്പോഴായിരുന്നു ശ്യാം അക്കാര്യം അറിയുന്നതു തന്നെ.
''ഇന്നലെ ജാന്‍സിയെന്നോട് പറഞ്ഞ ഒരു കാര്യം ഞാന്‍ പറയട്ടെ?''
കുറേ നാളത്തെ ഇടവേളയ്ക്കുശേഷം സോഫിയ വീണ്ടുമാ വിഷയം പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്. സത്യത്തില്‍ എന്തായി ജാന്‍സിയുടെ പ്രശ്‌നങ്ങളെന്ന് അറിയാനുള്ള ചെറുതല്ലാത്തൊരാഗ്രഹം ശ്യാമിനുമുണ്ടായിരുന്നു. അതു പുറത്തു കാണിക്കാതെ സാധാരണപോലെ ശ്യാമൊന്നു മൂളുകമാത്രം ചെയ്തു.
''അവളെന്നോടൊരു കാര്യം പറഞ്ഞു. ഞാനതെന്റെ ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്. മറക്കാതിരിക്കാന്‍.''
പറഞ്ഞുകൊണ്ട് ഉത്സാഹത്തോടെ അവള്‍ മേശവലിപ്പ് തുറന്ന് ഡയറിയെടുത്തു. പേജുകള്‍ മറിച്ച്, ആ ചെറിയ കുറിപ്പവള്‍ വായിക്കാന്‍ തുടങ്ങി:
''എനിക്കവനെക്കാള്‍ പ്രിയം
ആ ചുണ്ടുകള്‍ക്കു മീതേ 
ചാമരം വീശുന്ന
മീശയാണ്.
ആദ്യമെത്തുന്നത്,
ആദ്യമെന്നെ തൊടുന്നത്,
ആദ്യമെന്നില്‍ കൊള്ളുന്നത്,
അതാണല്ലോ!''


ശ്യാമൊന്നും മിണ്ടാതെ സോഫിയയെ നോക്കിയിരുന്നു. ശ്യാമെന്താണ് ഒന്നും മിണ്ടാതെയിങ്ങനെ നോക്കിയിരിക്കുന്നതെന്നാലോചിച്ച് സോഫിയയും മിണ്ടാതിരുന്നു. ഇടയ്ക്ക് തൊട്ടിലിലെ തളക്കിലുക്കത്തിലേയ്ക്ക് ഇരുവരും ഒരുമിച്ച് നോക്കിയെങ്കിലും പിന്നെയും മിണ്ടാതിരുന്നു. സോഫിയ ഇടയ്ക്ക് എ.സിയുടെ മുഴക്കത്തിലേയ്ക്ക് കാതുകൂര്‍പ്പിച്ചു. ശ്യാം മൊബൈലെടുത്ത് ഫേസ്ബുക്കോ വാട്സാപ്പോ നോക്കി. സോഫിയ പണ്ട് സ്‌കൂള്‍ ക്ലാസ്സുകളില്‍ കളിച്ചിരുന്ന 'ആദ്യം മിണ്ടുന്നവന്‍ കഴുത'യെന്ന കളിയെപ്പറ്റി ഓര്‍ത്തു. 
''ശ്യാം...'' ഒടുവില്‍ ആ കഴുത താന്‍ തന്നെയാവാമെന്ന് സോഫിയ തീരുമാനിച്ചു.
''ഇതേതോ ഫേസ്ബുക്ക് പൈങ്കിളി പോലുണ്ടല്ലോ. ഇതിലിപ്പൊ ഞാനെന്ത് പറയാന്‍?'' ശ്യാം മൊബൈലില്‍നിന്നു കണ്ണെടുക്കാതെ പറഞ്ഞു.
''വേറൊരു വലിയ സംഭവമുണ്ടായത് പറഞ്ഞശേഷമാണവളിത് പറഞ്ഞത്.'' സോഫിയ ഡയറി അടച്ചു മേശയ്ക്കുള്ളിലേയ്ക്ക് വച്ചു.
''എന്ത് സംഭവം?'' ശ്യാം ഉത്സാഹരഹിതനായി ചോദിച്ചു.
''ഞാന്‍ പറഞ്ഞുകഴിയുമ്പോ ജാന്‍സിയെപ്പറ്റി മോശമായിട്ടൊന്നും വിചാരിക്കരുത്. ശരിക്കും അവള്‍ക്കൊരബദ്ധം പറ്റിയതാ.'' സോഫിയ കട്ടിലിലിരുന്ന് തൊട്ടിലിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
''നീ കാര്യം പറ'' ശ്യാമിന്റെ ശബ്ദം കടുത്തതായി തുടങ്ങി.
''കഴിഞ്ഞ ഞാറാഴ്ച അവളേം നമ്മുടെ കമ്പനീലെ ഒരാളേം കൂടി സിനിമ കാണാന്‍ പോയപ്പോള്‍, തിയറ്ററീന്ന് ഇറക്കിവിട്ടു. അവരകത്തിരുന്ന് കിസ് ചെയ്തതിന്. തിയേറ്ററുകാരത് CCTV-യില്‍ കണ്ടു. മര്യാദയ്ക്കിരിക്കാന്‍ പറ്റില്ലെങ്കി ഇറങ്ങിപ്പോകാന്‍ പറഞ്ഞു. പിടിക്കപ്പെട്ട സ്ഥിതിക്ക് സിനിമ കാണാന്‍ നിക്കാതെ അവരപ്പൊത്തന്നെ പോന്നു.''
ശ്യാം അതിശയത്തോടെ സോഫിയ പറയുന്നത് കേട്ടിരുന്നു. എന്നിട്ട് ചോദിച്ചു:
''ആരായിരുന്നു അയാള്‍? നിനക്കറിയുന്ന ആളാണോ?''
''കണ്ടിട്ടുള്ള ആളാ. മിണ്ടീട്ടൊന്നും ഇല്ലാ. സത്യായിട്ടും അവന്‍ ഫോഴ്സ് ചെയ്‌തോണ്ടാവും, അല്ലാതെ ജാന്‍സി അങ്ങനെയൊന്നും.''
''ഇക്കാര്യങ്ങള്‍ നിനക്കും ജാന്‍സിക്കുമല്ലാതെ വേറെ ആര്‍ക്കറിയാം?'' അതു ചോദിക്കുമ്പോള്‍ ശ്യാമിന്റെ കണ്ണുകള്‍ കുറുകിയിരുന്നത് സോഫിയ കണ്ടില്ല. ശബ്ദത്തിലെ ഘനമവള്‍ ശ്രദ്ധിച്ചില്ല.
''വേറാര്‍ക്കുമറിയില്ലാ. എന്നോടിതും പറഞ്ഞുകൊണ്ടവള്‍ കരയുകയായിരുന്നു'' അതു പറഞ്ഞുകൊണ്ട് സോഫിയ അറിയാതെയൊന്ന് വിങ്ങിപ്പോയി. 
''ജാന്‍സിക്ക് ഡോക്ടറെ കാണാന്‍ പോകാന്‍ വയ്യ. ഹസ്ബന്‍ഡിനോട് പറയാനും പേടി. ഞാനൊന്നു സഹായിക്കാമോ എന്നവള്‍ ചോദിക്കുന്നു.''
''നീയെങ്ങനെ സഹായിക്കാന്‍?'' ശ്യാം നിസ്സംഗതയോടെ ചോദിച്ചു. 
''ഡോ. അരുണ്‍ ശങ്കര്‍ ശ്യാമിന്റെ ഫ്രണ്ടാണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അവള്‍ പറയുന്നത് നമ്മളൊന്ന് അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞ് എന്തെങ്കിലും സോല്യൂഷന്‍ കണ്ടെത്തിക്കൊടുക്കണമെന്നാണ്.''
ശ്യാം മിണ്ടാതെ തൊട്ടിലിന്റെ നിശ്ചലദൃശ്യത്തിലേക്ക് നോക്കിയിരുന്നു. സോഫിയ ശ്യാമിനെത്തന്നെ നോക്കിക്കൊണ്ടുമിരുന്നു. അയാളൊന്നും മിണ്ടാതിരിക്കുന്നത് അവളെ കൂടുതല്‍ അസ്വസ്ഥയാക്കി.
''ഈ ആഴ്ച തന്നെ ഒരപ്പോയിന്റ്മെന്റ് എടുക്കണം ശ്യാം. ഞാനും വരാം കൂടെ.'' സോഫിയ തെല്ലൊരാശങ്കയോടെയാണതു പറഞ്ഞതെങ്കിലും ശ്യാമിനു സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. 
കാര്യങ്ങളെല്ലാം വ്യക്തമായി കേട്ടശേഷം ഡോക്ടര്‍ അരുണ്‍ അല്‍പ്പനേരം കണ്ണടച്ചിരുന്നു. എല്ലാം പറഞ്ഞത് സോഫിയ തന്നെയായിരുന്നു. ഡോക്ടര്‍ ഇടയ്ക്ക് ചോദിച്ചു:
''അവര്‍ ഹസ്ബന്‍ഡിനൊപ്പം തന്നെയല്ലേ താമസം?''
''അതേ'' സോഫിയ പറഞ്ഞു.
''വാട്ട് എബൌട്ട് തെയ്ര്‍ സെക്ഷ്വല്‍ റിലേഷന്‍ഷിപ്പ്?''
''നോട്ട് വെരി സാറ്റിസ്ഫൈഡ്, ഐ തിങ്ക്'' പ്രതീക്ഷിച്ചിരുന്ന ചോദ്യം പോലെ വളരെ പെട്ടെന്നായിരുന്നു സോഫിയയുടെ മറുപടി. ഡോ. അരുണ്‍ മെല്ലെ ചിരിച്ചിട്ട് പിന്നെയും കണ്ണടച്ചിരുന്നു. 
''അവര്‍ക്ക് മറ്റാരോടെങ്കിലും എന്തെങ്കിലും റിലേഷന്‍?''
''നോ ഡോക്ടര്‍. ഈ തോന്നലുണ്ടാകുമ്പോള്‍ ഒരഞ്ചാറുപേരെ അവള്‍ക്കൊരുമിച്ചു കാണണമെന്നങ്ങു തോന്നും. അതും മീശയുള്ളവരെ. അതിനപ്പുറം ഒരിന്ററെസ്റ്റും അവള്‍ക്കാരോടും തോന്നാറില്ലെന്നാണ്.''
ശ്യാമിന്റെ നെഞ്ചില്‍നിന്നും ദീര്‍ഘമായൊരു നിശ്വാസം പുറപ്പെട്ടുപോയപ്പോള്‍ സോഫിയ പറഞ്ഞുവന്നതു പാതിവഴിയില്‍ നിര്‍ത്തി. തിയേറ്ററിലെ സംഭവം തല്‍ക്കാലം അരുണിനോട് പറയണ്ടാന്ന് ശ്യാം തന്നെയായിരുന്നു ചട്ടം കെട്ടിയത്. ഡോക്ടര്‍ അവളോട് തുടരാന്‍ പറഞ്ഞു. 
''അവള്‍ക്ക് മീശയുള്ള ആണുങ്ങളെ കാണുന്നതാണ് ഡോക്ടര്‍ ഇഷ്ടം. അവളുടെ ഹസ്ബന്‍ഡിന് മീശയില്ല.''
''മീശയുണ്ടായിരുന്നെങ്കില്‍? ഹസ്ബന്റിനു മീശയില്ലാത്തതാണോ ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നം?'' ഡോക്ടര്‍ അരുണ്‍ മുന്നോട്ടാഞ്ഞ് ടേബിളില്‍ കൈമുട്ടുകളൂന്നിക്കൊണ്ട് ഗൗരവത്തോടെയാണത്  ചോദിച്ചത്.
സോഫിയ ടേബിളിന്മേലുണ്ടായിരുന്ന പേപ്പര്‍ വെയ്റ്റ്, നെയിം ബോര്‍ഡ്, ചിത്രപ്പുസ്തകം, തടിയന്‍ മെഡിക്കല്‍ പുസ്തകം, ലെറ്റര്‍ പാഡ്, പെന്‍ ഹോള്‍ഡര്‍ തുടങ്ങി വിവിധങ്ങളായ ഉരുപ്പടികളിന്മേല്‍ മാറിമാറി നോക്കി മിണ്ടാതിരുന്നു. ശ്യാം, സോഫിയയെത്തന്നെ നോക്കിയിരിക്കുന്ന ഡോക്ടറെ നോക്കി മിണ്ടാതിരുന്നു. ഡോക്ടര്‍ അരുണ്‍ സ്ഫടികനിര്‍മ്മിതമായ ആ പേപ്പര്‍വെയ്റ്റെടുത്ത് മേശമേല്‍ ഒരു പമ്പരം കണക്കെ കറക്കി. അടിഭാഗം പരന്ന പേപ്പര്‍വെയ്റ്റ് ഒരു ചുറ്റുചുറ്റി നില്‍ക്കുകയും ഡോക്ടറത് വീണ്ടും വീണ്ടും കറക്കിവിടുകയും ചെയ്തു. ഏതാണ്ടൊരു മിനിറ്റു നേരത്തെ മൗനത്തിനെ പൊളിച്ചുകൊണ്ട് സോഫിയ പറഞ്ഞു:
''അങ്ങനെ ചോദിച്ചാലെനിക്കറിയില്ലാ. പക്ഷേ, അവളൊരു പാവമാണ് ഡോക്ടര്‍'' സോഫിയ ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു അപ്പോള്‍.
ഡോക്ടര്‍ ജാന്‍സിക്കായി രണ്ടിനം ഗുളികകള്‍ എഴുതിക്കൊടുത്തു. അടുത്ത തവണ അവരോട് നേരിട്ടുവരാന്‍ പറയണമെന്നും പറഞ്ഞു. എന്താണ് ശരിക്കുമസുഖമെന്ന് ആരും ചോദിച്ചില്ല. ഡോക്ടര്‍ ഒന്നും പറഞ്ഞതുമില്ല.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞശേഷം ആരും കാണാതെ സോഫിയ ഓരോ ഗുളിക കഴിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അവള്‍ക്കുറക്കം വന്നു. പക്ഷേ ഉറങ്ങിയില്ല. എന്നത്തേയും സമയമായപ്പോള്‍ ആ ഉല്‍ക്കടമായ തോന്നലവള്‍ക്കു പിന്നെയുമുണ്ടായി. കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. സോഫിയ സംയമനം പാലിച്ചവിടെത്തന്നെ ഇരിക്കാനൊരു വിഫലശ്രമം നടത്തി. പിന്നെ പതിയെ എണീറ്റ് നടന്നു. തേജസ്വിനിയുടെ ലിഫ്റ്റില്‍ കയറി ഫുഡ്‌ക്കോര്‍ട്ടില്‍ച്ചെന്നു സ്ഥിരം സീറ്റിലിരുന്നു. ഒട്ടിയ വയറുള്ളവരേയും മീശയുള്ളവരേയും അവള്‍ സസൂക്ഷ്മം നോക്കിക്കൊണ്ടിരുന്നു. കണ്‍പോളകളില്‍ ഉറക്കത്തിന്റെ തൂക്കുകട്ടകള്‍ അവളുടെ തലയുടെ മൊത്തം ഭാരവുമളന്നു.
''ഹൊ! ആ ഗുളിക കഴിച്ചു അവളിന്ന് ഉച്ചയ്ക്ക് മൊത്തം ഉറക്കമായിരുന്നു. അയാള് അസുഖത്തിനുള്ള മരുന്നൊന്നുമല്ല, ഏതോ ഉറക്കഗുളികയാണ് തന്നത്.'' സോഫിയ കുഞ്ഞിന് പാല് കൊടുക്കുന്നതിനിടയില്‍ പറഞ്ഞു.
''എന്നാപ്പിന്നെ അവളോട് കുറച്ചു ദിവസം ലീവെടുത്ത് വീട്ടിലിരിക്കാന്‍ പറഞ്ഞൂടേ നിനക്ക്. ഒരു മാറ്റമുണ്ടായിട്ട് ജോലിക്ക് വരാന്‍ പറയണം.''
ശ്യാമിന്റെ ശബ്ദം പതിവിലധികം ഉയര്‍ന്നപ്പോള്‍ മുലകുടിക്കുകയായിരുന്ന കുഞ്ഞ് പാല് തൊണ്ടയില്‍ കുടുങ്ങി ചുമയ്ക്കാന്‍ തുടങ്ങി.
''അച്ചോടാ... മണ്ടേ കേറിയോ... സോറിട്ടോ...'' സോഫിയ കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ട് തോളില്‍ കിടത്തി മുതുകില്‍ മുട്ടുകയും തലയില്‍ മൃദുവായി തട്ടുകയും ചെയ്തു. 
''അതല്ലേ രസം... കഴിഞ്ഞ ഞായറാഴ്ച വീട്ടിലിരുന്നപ്പോ അവള്‍ക്കങ്ങനെ തോന്നലുണ്ടായിട്ട് ഹസ്ബന്‍ഡിനേം വിളിച്ചോണ്ട് സൂ കാണാന്‍ പോയെന്ന്. അവിടെച്ചെന്നു കുറച്ച് ആള്‍ക്കാരെ കണ്ടപ്പോഴാണ് ആശ്വാസമായതത്രേ.''
''എന്തായാലും വിചിത്രമായ അസുഖം തന്നെ. എനിക്കു തോന്നുന്നത് അവളിതൊക്കെ വെറുതേ പറയുന്നതാണെന്നാണ്.'' ശ്യാം തന്റെ യുക്തിക്കനുസരിച്ച് ഒരു വിലയിരുത്തല്‍ നടത്തി.
''ആയിരിക്കാം. എന്തായാലും അവളു പറയുന്നതല്ലേ എനിക്കറിയൂ.'' അതു പറയുമ്പോള്‍ സോഫിയയുടെ ശബ്ദത്തില്‍ ഉള്ളിലുറഞ്ഞ കഠിനമായ അസ്വസ്ഥതയുടെ ചവര്‍പ്പുണ്ടായിരുന്നു.
ശ്യാമതിനും അമര്‍ത്തിയൊന്നു മൂളുകമാത്രം ചെയ്തു. വീണ്ടും പാലുകുടിച്ചുറങ്ങിയ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി സോഫിയ ശ്യാമിന്റെ അടുത്തുവന്നിരുന്നു.
''നാളെ ഞായറാഴ്ചയല്ലേ. നമുക്കും പോയാലോ ശ്യാം സൂ കാണാന്‍. അവള്‍ പോയെന്നു കേട്ടപ്പോള്‍ മുതല്‍ എനിക്കും തോന്നുന്നു.''
ശ്യാം സോഫിയയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. അത്രയ്ക്കും നിഷ്‌കളങ്കമായിരുന്നു അത്. ഉച്ചയ്ക്കു കഴിച്ച ഗുളികയുടെ ഭാരം അപ്പോഴും അവളുടെ കണ്‍പോളകളില്‍ തൂങ്ങിനിന്നു. അവനവളെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. രണ്ടുപേര്‍ക്കും കരച്ചില്‍ വന്നു.
രാത്രിയില്‍ ശ്യാമിന്റെ തോളില്‍ തലവച്ച് കിടക്കുവാണ് സോഫിയ. ശ്യാം ഒരു കൈയില്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ ഫേസ്ബുക്കിലെ വിശേഷങ്ങള്‍ സ്‌ക്രോള്‍ ചെയ്ത് വായിക്കുന്നു. മറ്റേ കൈകൊണ്ട് സോഫിയയെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. സോഫിയ മെല്ലെ തലപൊക്കി ശ്യാമിന്റെ കഴുത്തില്‍ ഉമ്മവച്ചു. സോഫിയയുടെ വിരലുകള്‍ ശ്യാമിന്റെ നെഞ്ചിലൂടെ പരതിനടന്നു. ശ്യാമപ്പോഴും സ്‌ക്രോള്‍ ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്നു. സോഫിയ വീണ്ടും തലപൊക്കി ശ്യാമിന്റെ ഇടതുചെവിയില്‍ ഉമ്മവച്ചു. ചെവിയുടെ പുറകിലും കവിളിലും ഉമ്മവച്ചു. ചുണ്ടിലുമ്മവയ്ക്കാനായി തുനിഞ്ഞപ്പോള്‍ ശ്യാമിന്റെ മൊബൈല്‍ സ്‌ക്രീനിലേയ്ക്കുള്ള കാഴ്ച മറയുകയും ''ഛെ, എന്താടീയിത്. ഞാനിത് നോക്കുന്ന കണ്ടില്ലേ'' എന്നു പറഞ്ഞ് സോഫിയയുടെ മുഖം തട്ടി മാറ്റുകയും ചെയ്തു.
സോഫിയ നെഞ്ചില്‍നിന്നിറങ്ങി തിരിഞ്ഞു ചുമരും നോക്കിക്കിടന്നു. തൊണ്ടക്കുഴിയില്‍ കുരുങ്ങിക്കിടന്ന സങ്കടത്തെ കഷ്ടപ്പെട്ടു വിഴുങ്ങി. പലവട്ടം ചുമരിനെ നോക്കി നെടുവീര്‍പ്പയച്ചു. ഉറങ്ങാനായി ശ്രമിച്ചതുമില്ല. ശ്യാമെപ്പോഴോ മൊബൈല്‍ മാറ്റിവച്ച് സോഫിയയോട് ചേര്‍ന്നു കിടന്നു. കെട്ടിപ്പിടിച്ചു.
''സോറി ഡാ... നീ വാ... നീയാഗ്രഹിച്ചതല്ലേ...'' ശ്യാം സോഫിയയുടെ ചെവിയോട് ചുണ്ടുമുട്ടിച്ചുകൊണ്ട് പറഞ്ഞു.
''എനിക്കുവേണ്ടിയാരുമൊന്നും ചെയ്യണ്ടാ.'' സോഫിയ ശ്യാമിന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.
''നിനക്കുവേണ്ടിയല്ലാ. എനിക്കുവേണ്ടിത്തന്നെ.'' പറഞ്ഞുകൊണ്ട് ശ്യാം സോഫിയയുടെ വലതുമുലയില്‍ അമര്‍ത്തി ഞെക്കി. സോഫിയ കഠിനമായ വേദനയോടെ നെഞ്ചിലമര്‍ത്തിക്കൊണ്ട് എണീറ്റിരുന്നുപോയി. മുലപ്പാല്‍ കിനിഞ്ഞ് മാക്‌സിയുടെ വലതുഭാഗം നനഞ്ഞു. സോഫിയ വലിയ സങ്കടത്തോടെ ഏങ്ങിക്കരഞ്ഞു. 


''ഞാനെന്ത് ചെയ്യാനാണ്. തൊട്ടാ വേദന. പിടിച്ചാ വേദന. എത്രയെന്ന് വച്ചിട്ടാ.''
ശ്യാം ദേഷ്യത്തോടെ പുതപ്പ് വലിച്ചെടുത്ത് സ്വയം പുതച്ചുകൊണ്ട് തിരിഞ്ഞുകിടന്നു. സോഫിയ നീരവമായി കരഞ്ഞുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞ് ശ്യാം തല തിരിച്ചുനോക്കുമ്പോഴും സോഫിയ അതേ ഇരിപ്പിരിക്കുന്നു. ശ്യാമും എണീറ്റിരുന്നു. സോഫിയ അപ്പോള്‍ കരയുന്നുണ്ടായിരുന്നില്ല.  ശ്യാമവളുടെ തോളില്‍ കൈവച്ച് ചേര്‍ത്തുപിടിച്ചു.
''സോറി... ഞാനെപ്പോഴത്തെയും പോലെ... വേദനിപ്പിക്കാന്‍ ചെയ്തതല്ല.''
''ശ്യാമിതാദ്യമായിട്ടൊന്നുമല്ലല്ലോ. യു ആര്‍ ഓള്‍വേയ്സ് ബോഥേര്‍ഡ് എബൗട്ട് യുവര്‍ ഫീലിംഗ്സ് ഒണ്‍ലി. എനിക്കിപ്പോ ശീലമായി ഈ വേദനകള്‍.''
സോഫിയ കവിളിലൂടൊഴുകിപ്പോയ പഴയൊരു നീര്‍ച്ചാലിന്റെ ശേഷിപ്പുകള്‍ തുടച്ചുമാറ്റിക്കൊണ്ട് പറഞ്ഞു. ശ്യാമെന്ത് പറയണമെന്നറിയാതെ, ചിന്താഭാരത്തോടെ കുനിഞ്ഞിരുന്നു. മൊബൈലെടുത്ത് പതിവുപോലെ ഫേസ്ബുക്കിനുള്ളിലേക്ക് ഒളിച്ചോടിയാലോയെന്നു ചിന്തിച്ചെങ്കിലും ഒടുവില്‍ വേണ്ടെന്ന് വച്ചു. ഇരുവരും മൗനവും ഭുജിച്ച് ഏറെ നേരമിരുന്നു.
''യൂ നോ, ദേര്‍ ആര്‍ ടു പെയേര്‍സ് ഓഫ് ലിപ്സ് ഇന്‍ എ വിമന്‍! വണ്‍ ഹൊറിസോണ്ടല്‍ ആന്റ് വണ്‍ വെര്‍ട്ടിക്കല്‍. ദി ബോത്ത് ആര്‍ മെന്റ് ഫോര്‍ കിസിംഗ്. ഇതിന്ന് ജാന്‍സി പറഞ്ഞതാണ്. എന്താണെന്നു മനസ്സിലായോ?''
സോഫിയ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. ശ്യാമൊന്നും മിണ്ടാതെ അവളെ ചേര്‍ത്തുപിടിച്ചു. സോഫിയ തുടര്‍ന്നു:
''ജാന്‍സി പിന്നെ പറയുവാണ്, 
ദേര്‍ ആര്‍ 
ടു ഇയേര്‍സ്, 
ടു ഐസ്, 
ടു ചീക്‌സ്, 
ടു ബ്രസ്റ്റ്സ്, 
ടു ആംസ്, 
ടു തൈസ്, 
ടെന്‍ ഫിംഗേഴ്സ്
ടെന്‍ ടോസ്
ആന്റ് 
മില്യന്‍സ് ഓഫ് 
കിസിംഗ് സ്പോട്ട് ഓണ്‍ ഹെര്‍
നെക്ക്, ബാക്ക് ആന്റ് ബട്ടക്‌സ്.
ഹ... ഹ... ഈ ജാന്‍സിക്ക് നാണമേയില്ലാ.''
ശ്യാമവളെ അമര്‍ത്തിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചു. കണ്ണുകളില്‍, പുരികങ്ങളില്‍, കവിളില്‍, ചെവികളില്‍, ഒടുവില്‍ ചുണ്ടിലും. ഏറെ നേരം അതു തുടര്‍ന്നു. ഇടയ്ക്ക് തന്റെ ചുണ്ടുകള്‍ സ്വതന്ത്രയായപ്പോള്‍ സോഫിയ പറഞ്ഞു:
''ഈ ജാന്‍സി പറയുവാ, പ്രണയത്തില്‍ ഒരിക്കലും ജയിക്കാന്‍ ശ്രമിക്കരുതെന്ന്...'' പറഞ്ഞുകൊണ്ട് അവള്‍ ശ്യാമിന്റെ ചുണ്ടുകളെ വിരലുകള്‍ കൊണ്ടുഴിയാന്‍ തുടങ്ങി. എപ്പോഴും ക്ലീന്‍ ഷേവായി നടക്കാറുള്ള ശ്യാമിന്റെ മേല്‍ച്ചുണ്ടിനു മുകളില്‍ തടഞ്ഞ രോമരാജികളെ തലോടി. അതിന്മേല്‍ മുഖമമര്‍ത്തി. ഇടതൂര്‍ന്ന കുറ്റിരോമങ്ങളുടെ മുള്‍മുനയില്‍ സ്വയം വേദനിച്ചു. ഇടയ്ക്കു പറഞ്ഞു:
''ഈ ജാന്‍സി പറയുവാ.''
അവളെ പറഞ്ഞു മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ ശ്യാം വീണ്ടുമാ ചുണ്ടുകളെ സ്വന്തമാക്കി.
''ഇനി മേലാലീ ജാന്‍സിയുടെ കാര്യം മിണ്ടരുതിവിടെ. അവളു പോയി പണിനോക്കട്ടെ.'' ഇടയ്ക്ക് സോഫിയയുടെ തിരശ്ചീനാധരങ്ങളെ വിടുവിച്ചുകൊണ്ട് ശ്യാം പറഞ്ഞു. എന്നിട്ട് സോഫിയയെ കട്ടിലിലേയ്ക്ക് ചായ്ച്ചു. എന്നിട്ട്, കഴുത്തിന്റെ പുറകിലൂടുഴിഞ്ഞുചെന്ന് ചുണ്ടുകള്‍ ആ ചെവിയിലിങ്ങനെ പറഞ്ഞു:
''ജാന്‍സി പറയാന്‍ വിട്ടുപോയ സ്ഥലങ്ങള്‍ ഇനിയുമുണ്ട്. ഏതെന്നോ?''
മുറി നിറഞ്ഞുനിന്ന ഏസിയുടെ മുഴക്കം, തൊട്ടിലില്‍ നിന്നിടയ്ക്കിടെ പറന്നുവന്ന തളക്കിലുക്കം, കട്ടിലിന്റെ ഞെരിപിരി ശബ്ദം ഇതൊന്നും ആരും പിന്നെ കേള്‍ക്കുന്നുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com