പേരാള്‍: സലിന്‍ മാങ്കുഴി എഴുതിയ കഥ

ഭാര്യയോടും മകനോടുമൊപ്പം ഉറങ്ങാന്‍ കിടന്ന ആളെ പുലര്‍ന്നപ്പോള്‍ കാണാനില്ലെന്നു പറഞ്ഞാല്‍ എങ്ങനെ പൊരുത്തപ്പെടാനാകും?
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

''There is no greater agony 
 than bearing an untold story
 inside you'
            -Maya Angelou
ഭാര്യയോടും മകനോടുമൊപ്പം ഉറങ്ങാന്‍ കിടന്ന ആളെ പുലര്‍ന്നപ്പോള്‍ കാണാനില്ലെന്നു പറഞ്ഞാല്‍ എങ്ങനെ പൊരുത്തപ്പെടാനാകും? ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒരു വിവരവും അറിയിക്കാതെ മറഞ്ഞിരിക്കാന്‍ തക്ക കാരണം എന്താ ഉണ്ടായത്? ബാലന് ഒരു എത്തും പിടിയും കിട്ടിയില്ല. 
ശരണം ഹോട്ടലിലെ സപ്ലൈയറായിരുന്ന പ്രകാശന്‍, ജ്യോതിയെ വിവാഹം ആലോചിച്ചു വന്നപ്പോള്‍ ''ഊരും പേരുമറിയാത്ത ഒരുത്തന് പെങ്കൊച്ചിനെ പിടിച്ചു കൊടുക്കണ്ട ബാലാ'' എന്നു പലരും വിലക്കിയതാണ്.
നേരം വെളുക്കുന്നതിനു മുന്‍പു കുളിച്ചു കുറിതൊട്ടു ജോലി അന്വേഷിച്ചു വന്ന പ്രകാശനോടു മണിയെന്നും മണിയനെന്നും കൊച്ചണ്ണനെന്നും അറിയപ്പെടുന്ന ഹോട്ടലുടമ പറഞ്ഞു: ''ഐശ്വര്യമായിട്ട് നീയാ വിളക്ക് കത്തിച്ചേ.'' പട്ടറയുടെ പിന്നില്‍ മാലയിട്ടു തൂക്കിയിരുന്ന ഗുരുവിന്റെ ചിത്രത്തിനു മുന്നിലെ വിളക്കു തെളിച്ച ശേഷം പ്രകാശന്‍ 'ദൈവദശകം' ഈണത്തില്‍ ചൊല്ലി. 
''ഒന്നൊന്നായെണ്ണിയെണ്ണി, തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,
നിന്നിടും ദൃക്കു പോലുള്ളം, നിന്നിലസ്പന്ദമാകണം'' എന്ന ഭാഗം കേട്ടപ്പോള്‍ മണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അറിയാത്ത പ്രായത്തില്‍ കാണാതെ പഠിച്ച് എന്നും ഉണര്‍ന്നയുടനെ കിടക്കപ്പായയിലിരുന്നു പൊരുളറിയാതെ ഉരുവിടുന്ന വരികള്‍ക്ക് എന്തൊക്കെയോ നിഗൂഢ അര്‍ത്ഥമുണ്ടെന്നും മണിക്കു തോന്നി. 

അടുക്കളക്കാര്യം നോക്കാനും വിളമ്പാനും സപ്ലൈയര്‍മാരുടെ അല്ലറചില്ലറ വെട്ടിപ്പുകള്‍ കണ്ടെത്താനും സ്ഥിരക്കാര്‍ക്കു ചില പരിഗണന നല്‍കാനുമുള്ള മിടുക്കു കണ്ടിട്ടാണ് പ്രകാശനെ കടയുടെ മൊത്തം മേല്‍നോട്ടച്ചുമതല മണി ഏല്‍പ്പിച്ചത്.
''അതേതായാലും നന്നായി. ഇവിടെ വന്നിട്ടിപ്പോ കഷ്ടിച്ചു നാലുമാസമേ ആയുള്ളൂ. ബാലന്റെ മോളെ കെട്ടിക്കഴിഞ്ഞാല്‍ അവന്‍ ഈ നാട്ടുകാരനാകുമല്ലോ. മിടുക്കനാ, നല്ല അധ്വാനി. ഒരു ദുശ്ശീലവുമില്ല. എന്തും ധൈര്യമായി ഏല്‍പ്പിക്കാം. ഇവനു മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ തള്ള ചത്തതാ; തന്ത വേറെ പെണ്ണും കെട്ടി അപ്പോഴേ എരുമേലി വിട്ടു. അമ്മൂമ്മക്കിളവിയോടൊപ്പമാ പത്തുപന്ത്രണ്ടു വയസ്സുവരെ വളര്‍ന്നത്. അവര് മരിച്ചതില്‍ പിന്നെ ഊരു തെണ്ടാനിറങ്ങി. പേരിന് അവനൊരു തന്തയോ തള്ളയോ ഉണ്ടായിരുന്നെങ്കി നിന്റെ കൊക്കില്‍ ഒതുങ്ങില്ലായിരുന്നു ബാലാ'' മണി പറഞ്ഞു.
''ഞാനിതങ്ങ് ഉറപ്പിക്ക്വാ കൊച്ചണ്ണാ.''
''ധൈര്യായി ഉറപ്പിച്ചോ. നല്ലതേ വരൂ.''
പ്രകാശന്റെ ആഗ്രഹ പ്രകാരം പത്തോളം പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ. അതിഥികള്‍ക്ക് ഓരോ ഗ്ലാസ്സ് നാരങ്ങാവെള്ളവും മിഠായിയും നല്‍കി. അച്ഛന്റെ സ്ഥാനത്തു നിന്ന മണിയുടെ കയ്യില്‍നിന്നു പ്രകാശന്‍ താലിമാല വാങ്ങി ജ്യോതിയുടെ കഴുത്തില്‍ കെട്ടി. തയ്യല്‍ ടീച്ചര്‍ സുജാത, മാല കൊളുത്തിലിട്ടുറപ്പിച്ചു. വിവാഹം കഴിഞ്ഞു പുതുപ്പെണ്ണും ചെറുക്കനും മണിയുടെ വീട്ടിലേക്കാണ് പോയത്. പിറ്റേ ദിവസം പ്രകാശനേയും ജ്യോതിയേയും ബാലന്‍ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. 
ട്രെയിന്‍ കുറേ നേരമായി കൊല്ലം സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. പുറത്തു മഴ ചാറിത്തുടങ്ങി. ബാലനു ശ്വാസം മുട്ടുന്നതുപോലെ തോന്നി. സീറ്റിന്റെ വശത്തു വച്ചിരുന്ന ബാഗില്‍നിന്ന് ഇന്‍ഹെയ്ലര്‍ എടുത്തു വായിലേക്കു തിരുകി ഒന്നമര്‍ത്തിയപ്പോള്‍ ബാലന്റെ കണ്ണുകള്‍ നിറഞ്ഞു.
എട്ടു പവന്റെ സ്വര്‍ണ്ണവുമിട്ടാണ് ജ്യോതി കല്യാണമണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ആ സ്വര്‍ണ്ണം കൈവെള്ളയില്‍ വച്ചു നീട്ടിയിട്ട് അവള്‍ പറഞ്ഞു.
''അച്ഛാ, ഇത് വിറ്റ് ബാങ്കിലെ കടം തീര്‍ക്കാന്‍ പറഞ്ഞു. തികയാത്ത പണം എത്രയായാലും പ്രകാശേട്ടന്‍ തരാമെന്ന്... അച്ഛന്‍ ഇനിയിങ്ങനെ കഷ്ടപ്പെടണ്ടാന്നും പറഞ്ഞു.''
സന്തോഷം കൊണ്ട് ജ്യോതിയുടെ ശബ്ദം ഇടറി.
''വേണ്ട മോളേ, ഇതു നിനക്കച്ഛന്‍ തന്നതാ. കടത്തിന്റെ കാര്യമൊന്നും നിങ്ങളറിയണ്ട. അതച്ഛന്‍ വീട്ടിക്കോളാം.'' അകത്തു കേള്‍ക്കുംവിധം ബാലന്‍ ഉറക്കെ പറഞ്ഞു.
ബാലനും ഭാര്യ തങ്കയെന്ന യശോധരയും ജീവിതത്തിലാദ്യമായി അന്നു രാത്രി സന്തോഷം കൊണ്ടു കരഞ്ഞു. ബാങ്കില്‍നിന്നു വീണ്ടെടുത്ത വീടിരിക്കുന്ന അഞ്ചു സെന്റ് പറമ്പിന്റെ പ്രമാണത്തിലും സന്തോഷത്തിന്റെ രണ്ടു തുള്ളി കണ്ണുനീര്‍ വീണു.
വിവാഹം കഴിഞ്ഞു മൂന്നു മാസം തികയുംമുന്‍പ് പ്രകാശന് എറണാകുളത്തു കുടക്കമ്പനിയില്‍ മാനേജരായി ജോലി കിട്ടി.
''ബാലന്റെ മോളുടെ ഭാഗ്യം'' നാട്ടുകാര്‍ പറഞ്ഞു.
''സാറിന് എന്നെ ഭയങ്കര ഇഷ്ടാ. ഓഫീസ് സമയം കഴിഞ്ഞാല്‍ ഞാന്‍ സാറിന്റെ വീട്ടില്‍ പോകും. അവിടെ ചെടി നനയ്ക്കാനും വണ്ടി ഓടിക്കാനുമുള്ളപ്പോള്‍ ഞാനെന്തിനാ ഒറ്റക്ക് മുറിയില്‍ ചെന്നിരിക്കുന്നത്?'' പ്രകാശന്‍ ഓരോ തവണ എറണാകുളത്തുനിന്നു വരുമ്പോഴും പെട്ടി നിറയെ തുണിയും വീട്ടുസാധനങ്ങളും കാഴ്ചവസ്തുക്കളുമൊക്കെ കൊണ്ടുവരും.
''പണമെന്തിനാ മോനേ, ഇങ്ങനെ കണക്കില്ലാതെ ചെലവാക്കുന്നത്?'' ബാലന്‍ സ്‌നേഹത്തോടെ ചോദിച്ചു.
''ഇതുവരെ എനിക്കാരാ അച്ഛാ, കൊടുക്കാനും തരാനുമുണ്ടായിരുന്നത്? ഇപ്പോ അച്ഛന്‍, അമ്മ, ജ്യോതി എല്ലാരുമുണ്ട്...'' പ്രകാശന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ കേട്ട് തങ്ക തേങ്ങിപ്പോയി. 
കുടക്കമ്പനിയിലെ മാനേജരാണെങ്കിലും പ്രകാശനു ഗാര്‍മെന്റ്സ് യൂണിറ്റിന്റേയും പെട്രോള്‍ പമ്പിന്റേയും സൂപ്പര്‍മാര്‍ക്കറ്റിന്റേയും മേല്‍നോട്ടച്ചുമതല ഉള്ളതായി ജ്യോതി പറഞ്ഞാണ് ബാലനും തങ്കയും അറിഞ്ഞത്.
''പ്രകാശേട്ടനെ സാറിനു വലിയ വിശ്വാസമാ. അവര് വലിയ പണക്കാരാ അച്ഛാ. പാവപ്പെട്ടവരെ ഒരുപാട് സഹായിക്കുമെങ്കിലും അതൊന്നും ആരും അറിയുന്നത് സാറിന് ഇഷ്ടമല്ല. ഒരു ദിവസം നമ്മളെയെല്ലാരേയും അങ്ങോട്ടു കൊണ്ടുപോകാമെന്നു പ്രകാശേട്ടന്‍ പറഞ്ഞു. വീഗാലാന്റിലും ലുലുമാളിലും പോയിട്ട് രാത്രി സാറിന്റെ വീട്ടില്‍ കിടക്കാം. കൊട്ടാരം പോലത്തെ വീട്ടില്‍ സാറും മാഡവും മൂന്നാല് ജോലിക്കാരുമല്ലേയുള്ളു. മക്കള് രണ്ടും പഠിക്കുന്നത് വേറെ രാജ്യത്തല്ലേ.''
''പണക്കാരുടെ മക്കള് പിന്നെ നമ്മളെപ്പോലെ ഇവിടെ പഠിക്വോ?'' ബാലന്‍ ചോദിച്ചു.
പ്രകാശന്‍ ജോലിസ്ഥലത്തുതന്നെ കാണുമെന്നു ബാലന്‍ സ്വയം സമാധാനിച്ചു. എതിര്‍ദിശയിലേക്ക് ഒരു ട്രെയിന്‍ പാഞ്ഞുപോയി.
''മോളേ, നിങ്ങള് തമ്മില്‍ വഴക്കോ വക്കാണമോ എന്തെങ്കിലും ഉണ്ടായോ? എന്തായാലും അച്ഛനോട് പറ.''
''ഇല്ലച്ഛാ.'' നെടുവീര്‍പ്പോടെ ജ്യോതി പറഞ്ഞു.


രാത്രി മഴ നനഞ്ഞു വന്നിട്ടു സുഖമില്ലെന്നു പറഞ്ഞു കിടന്നതാ. സാധാരണ വന്നാലുടനെ മോനെയെടുത്തു മടിയില്‍ വച്ചു വിശേഷങ്ങളെല്ലാം ചോദിച്ചിട്ടേ വെള്ളം പോലും കുടിക്കൂ. പക്ഷേ, അന്നു വന്നപാടേ പ്രകാശന്‍ കിടന്നു. പതിവുപോലെയുള്ള ഉത്സാഹവും സംസാരവും ഇല്ലായിരുന്നു.
''പൊടിമോളേ, പനിക്കോളാവും. ചുക്കും കുരുമുളകും കരിപ്പട്ടിയും ചേര്‍ത്ത് കാപ്പിയിട്ട് കൊടുക്ക്.'' തങ്ക പറഞ്ഞു.
പിറ്റേന്നു പുലര്‍ന്നപ്പോള്‍ തങ്ക ചോദിച്ചു:
''എടീ, അവന് പനിയെങ്ങനെയുണ്ട്?''
''ഞാനുണര്‍ന്നു നോക്കിയപ്പോള്‍ കാണാനില്ല.''
''കാണാനില്ലേ? ഇവിടെയെവിടെയെങ്കിലും കാണും.'' തങ്ക കിണറ്റിന്‍കരയിലും മുറ്റത്തും നോക്കി.
''മരുന്നു വാങ്ങാന്‍ പോയതാവും.'' ബാലന്‍ പറഞ്ഞു.
''നിങ്ങളൊന്നു വിളിച്ചു നോക്കിയേ.''
 പ്രകാശന്റെ മൊബൈലിലേക്കു ബാലന്‍ വിളിച്ചു. സ്വിച്ച് ഓഫ്. ഒന്‍പത് ദിവസമായി ഇതുവരെ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. രാത്രിയില്‍ ഒരു ഇലയനങ്ങിയാല്‍ ഉണരുന്ന ബാലന്‍പോലും അറിയാതെ, പാതിരാത്രി കഴിഞ്ഞോ പുലര്‍ച്ചയിലോ ആകാം മുന്‍വശത്തെ കതകു ശബ്ദമുണ്ടാക്കാതെ തുറന്നു പ്രകാശന്‍ പോയത്.
അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും പ്രകാശനെ വലിയ ഇഷ്ടമാണ്. അമ്പലക്കാരും രാഷ്ട്രീയക്കാരും പിരിവിനു വരുമ്പോള്‍ ''പ്രകാശേട്ടനുണ്ടോ ബാലേട്ടാ?'' എന്നാണ് ചോദിക്കുന്നത്. 
''മോളേ, ചോദിക്കുന്നവര് പലതും ചോദിക്കും. അവനിങ്ങനെ കയ്യിലുള്ളത് മുഴുവന്‍ വാരിക്കോരി കൊടുത്താലോ? ഇവിടെ എവിടെയെങ്കിലും അഞ്ച് സെന്റ് വസ്തു വാങ്ങി ചെറിയൊരു വീടുണ്ടാക്കാന്‍ നോക്കണം'' ബാലന്‍ പറഞ്ഞു.
''ഞാന്‍ പറയാഞ്ഞിട്ടാണോ അച്ഛാ. പ്രകാശേട്ടന്‍ കേള്‍ക്കില്ല.''
''മോനേ, കൊച്ചുങ്ങള്‍ കണ്ണടച്ച് തുറക്കും മുന്‍പ് വലുതാവും. ഇത്രേം വിലപിടിപ്പുള്ള തുണിത്തരങ്ങളെന്തിനാ വാങ്ങുന്നത്?'' ഒരിക്കല്‍ ആഹാരം കഴിച്ചിരുന്നപ്പോള്‍ ബാലന്‍ പ്രകാശനോടു ചോദിച്ചു. 
''മൂട് കീറിയ ഒരു നിക്കറും നരച്ച് പിഞ്ഞിയ ഒരു ഷര്‍ട്ടുമിട്ട് കുട്ടിക്കാലം മുഴുവന്‍ നടന്നതോര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണു നിറയും. മാറിയിടാനുമില്ല, വാങ്ങിത്തരാനുമാരുമില്ല.''
ബാലന്‍ പിന്നെയൊന്നും ചോദിക്കാതെ ആഹാരം കഴിച്ചു. ഇത്രയും രുചിയുള്ള ഭക്ഷണം വീട്ടില്‍ വച്ചുണ്ടാക്കി കഴിക്കുന്നതു പ്രകാശന്‍ വന്നതിനു ശേഷമാണ്. വലിയ പൂവന്‍ കോഴികളെ ചോദിക്കുന്ന വിലകൊടുത്തു വാങ്ങി രണ്ടു കയ്യിലും തൂക്കി പ്രകാശന്‍ വീട്ടിലേയ്ക്കു വരുമ്പോള്‍ മൂടുകീറിയ നിക്കറും പിഞ്ഞിയ ഷര്‍ട്ടും ധരിച്ചു വിശന്നുപൊരിഞ്ഞു വരുന്ന കുട്ടിയെ ബാലന്‍ ഓര്‍ക്കും. ആ കുട്ടി കൊതിച്ചിരുന്ന ആഹാരം ബാലന്‍ നെടുവീര്‍പ്പോടെ കഴിക്കും.

കോട്ടയത്തു നിന്നു ട്രെയിനില്‍ കയറിയ കുറേ ഉദ്യോഗസ്ഥര്‍ കലപിലയോടെ തിരക്കുണ്ടാക്കി. ബാലന്‍ ബാഗെടുത്തു മടിയില്‍ വച്ചു സീറ്റിന്റെ വശത്തേക്കു ചേര്‍ന്നിരുന്നു. അവരുടെ സംസാരത്തില്‍ നിന്നു രാവിലത്തെ പല ട്രെയിനുകളും വൈകിയാണ് ഓടുന്നതെന്നു മനസ്സിലായി. റെയില്‍വേ ട്രാക്കില്‍ ഒരു ഡെഡ് ബോഡി കിടന്നുവെന്നും മഴ കാരണം പൊലീസെത്താന്‍ വൈകിയെന്നും ആരോ പറഞ്ഞതു കേട്ടപ്പോള്‍ ബാലന്റെ ഉള്ള് ആളി.
''ആരുടെ ബോഡിയാ?'' ബാലന്‍ പിടച്ചിലോടെ ചോദിച്ചു.
''ആര്‍ക്കറിയാം. ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാനായി ഓരോരുത്തന്മാര് ട്രെയിനിന്റെ മുന്നില്‍ തലവച്ചോളും'' ഒരാള്‍ പറഞ്ഞു. ബാലനു പിന്നീടൊന്നും ചോദിക്കാനുള്ള ധൈര്യം തോന്നിയില്ല. അശുഭ ചിന്തകള്‍ റെയില്‍വേ ട്രാക്കില്‍ തലവച്ചു കിടന്നു.
''ലോകത്തെവിടെയായാലും അവന്‍ ജീവനോടെയുണ്ടെന്നെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. ദൈവമേ കാത്തോളണേ.'' ബാലന്‍ കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിച്ചു.
ശരണം ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ തയ്യല്‍ സ്‌കൂളില്‍ പോകുംവഴിയാണ് ജ്യോതിയെ പ്രകാശന്‍ കണ്ടതും ഇഷ്ടപ്പെട്ടതും. ഒന്നാലോചിച്ചാല്‍ എല്ലാത്തിനും കാരണക്കാരന്‍ താന്‍ തന്നെയല്ലേ. താന്‍ നിര്‍ബന്ധിച്ചിട്ടാണ് ജ്യോതി തയ്യല്‍ പഠിക്കാന്‍ പോയത്. പായുന്ന ട്രെയിനിലിരുന്ന ബാലന്‍ നെടുവീര്‍പ്പോടെ പുറത്തേയ്ക്കു നോക്കി. അപരിചിതമായ സ്ഥലങ്ങള്‍ പിന്നിലേയ്ക്ക് ഓടിമറയുന്നു.

''ഒരു ദിവസം അവന്‍ പൊടീംതട്ടി പോയാല്‍ തന്തേം മോളും കൂടി ഒറ്റയ്ക്കനുഭവിച്ചോളണം.'' മൂത്തമകളുടെ ഭര്‍ത്താവ് ശ്രീകുമാര്‍ പറഞ്ഞ വാക്കുകള്‍ അറം പറ്റിയോ? പ്ലബിംങ് പണിക്കു പോയി കിട്ടുന്ന പണത്തിന്റെ പകുതിയും കുടിച്ചുകളയുന്ന ശ്രീകുമാറിന് ആദ്യം മുതലേ പ്രകാശനോട് അസൂയയായിരുന്നു. അവനോ നാട്ടുകാരോ ഇതുവരെ വിവരം അറിഞ്ഞിട്ടില്ല. എത്രകാലം പുറത്തു പറയാതെ മൂടിവയ്ക്കാനാവും.
എറണാകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നപ്പോള്‍ മുന്നില്‍ കണ്ട പൊലീസുകാരനോടു ബാലന്‍ ചോദിച്ചു:
''സാറേ, പാലാരിവട്ടത്ത് പോകാനുള്ള ബസീക്കേറാന്‍ എവിടെയാ നില്‍ക്കേണ്ടത്.''
ബാലന്‍ പുറത്തിറങ്ങി മേല്‍പ്പാലത്തിന്റെ അടിയിലൂടെ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ബസ് വന്നു നിന്നു.

''പാലാരിവട്ടത്ത് ബസ് സ്റ്റോപ്പിലിറങ്ങി മുന്നൂറ് മീറ്റര്‍ മുന്നോട്ടു നടക്കുമ്പോള്‍ വലതുവശത്തു റിലയന്‍സിന്റെ പച്ചക്കറിക്കടയുണ്ട്. അതിന്റെ മതിലിനോട് ചേര്‍ന്നുള്ള സുന്ദരം ലെയിനിലൂടെ കഷ്ടിച്ച് അരക്കിലോമീറ്റര്‍ നടന്നാല്‍ വലിയ രണ്ടുനില വീട് കാണാം. വളയേം തിരിയേമൊന്നും വേണ്ട. നേരെ ചെല്ലുന്നത് സാറിന്റെ വീട്ടിലാ. ഗേറ്റില്‍ വലിയ രണ്ട് സിംഹപ്രതിമകളുണ്ട്. അതാ അടയാളം. അവിടെ ആരോടു ചോദിച്ചാലും തോമസ് സാറിനെ അറിയാം. നമ്മള്‍ കടേച്ചെന്നു പല പേരില്‍ വാങ്ങുന്ന കുടകളെല്ലാം സാറിന്റെ കമ്പനീലാ ഉണ്ടാക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം. വീട്ടീന്ന് അഞ്ച് മിനിട്ടു നടന്നാല്‍ കമ്പനീലെത്തും.''

പ്രകാശന്‍ പലപ്പോഴും ക്ഷണിച്ചിട്ടുണ്ടെങ്കിലും ആ കമ്പനിയിലോ വീട്ടിലോ ബാലനും ജ്യോതിയും പോയിട്ടില്ല. ഒന്നോ രണ്ടോ തവണ ജ്യോതിയും മോനും യാത്രയ്ക്ക് ഒരുങ്ങിയതാണ്. അപ്പോഴാണ് തോമസ് സാറും മാഡവും മക്കളുടെ അടുത്തേയ്ക്കു പോയത്. മോന് ചോറു കൊടുക്കാന്‍ ഗുരുവായൂരില്‍ പോയി മടങ്ങിവരും വഴി എറണാകുളത്തിറങ്ങാമെന്നു പറഞ്ഞിരുന്നെങ്കിലും തിരിച്ചപ്പോള്‍ രാത്രിയായതിനാല്‍ നേരെ വര്‍ക്കലയ്ക്കു തന്നെ ടിക്കറ്റെടുത്തു.
പാലാരിവട്ടത്തു ബസിറങ്ങി റിലയന്‍സ് ഫ്രഷിന്റെ അടുത്തുള്ള സുന്ദരം ലെയിനിലൂടെ അരക്കിലോമീറ്ററോളം നടന്നുകഴിഞ്ഞപ്പോള്‍ ബാലനു സംശയം തോന്നി. മിക്ക വീടുകളും വലിയ രണ്ടുനില തന്നെ. പക്ഷേ, സിംഹത്തിന്റെ രൂപം വച്ച ഗേറ്റ് കണ്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ കാറിലും ഓട്ടോയിലും ബൈക്കിലും പോകുന്നവരെയല്ലാതെ ഒറ്റ മനുഷ്യനേയും റോഡില്‍ കാണാനില്ല. കുറച്ചുകൂടി നടന്നപ്പോള്‍ സൈക്കിളിന്റെ മുന്നില്‍ വലിയ വെട്ടുകത്തി തൂക്കിയിട്ടു വന്ന ആളെ ബാലന്‍ കൈകാട്ടി നിര്‍ത്തിച്ചു.
''ഇവിടെ തോമസ് കുടക്കമ്പനി എവിടെയാ?''
''കൊടക്കമ്പനിയോ?'' അയാള്‍ സംശയത്തോടെ ചോദിച്ചു.
''സുന്ദരം ലെയിനിലൂടെ അരക്കിലോമീറ്റര്‍ വരുമ്പോഴെന്നാ പറഞ്ഞത്. കമ്പനീടെ അടുത്താ, തോമസ് സാറിന്റെ വീട്. സിംഹത്തിന്റെ പ്രതിമ വച്ച ഗേറ്റാ'' -ബാലന്‍ ഉറപ്പോടെ പറഞ്ഞു.
തെങ്ങിന്റെ മുകളില്‍ കയറുമ്പോള്‍ ചുറ്റിലും കണ്ണോടിച്ച്, വളരുന്ന നഗരത്തെ നോക്കി അദ്ഭുതപ്പെടാറുള്ള സൈക്കിള്‍ക്കാരന്‍ തെങ്ങിന്റെ മുകളിലിരുന്നു കഴിഞ്ഞ മുപ്പതു വര്‍ഷം കണ്ട കാഴ്ചകള്‍ ഒന്നുകൂടി ഓര്‍ത്തുനോക്കി.
''ഇവിടെയൊന്നും കൊടക്കമ്പനിയില്ലപ്പാ'' അയാള്‍ തറപ്പിച്ചു പറഞ്ഞു.
''തോമസ് സാറിനെ അറിയില്ലേ? പെട്രോള്‍ പമ്പും തുണിമില്ലും സൂപ്പര്‍ മാര്‍ക്കറ്റുമൊക്കെയുള്ള...''
''കൊടക്കമ്പനീന്നല്ലേ ചേട്ടന്‍ പറഞ്ഞത്?''
''കുടക്കമ്പനീം ഉണ്ട്. എല്ലാവരുമറിയുന്ന ആളാ.''
''അതാരാടാപ്പാ, ഇവിടെ ഞാനറിയാത്തൊരു മമ്മൂട്ടി!'' അയാള്‍ ബാലനെ സംശയത്തോടെ നോക്കി.
''എന്റെ ചേട്ടാ. ചേട്ടന് തെറ്റി. ഇവിടെ കൊടക്കമ്പനീം ഇപ്പറഞ്ഞമാതിരിയൊരു തോമസുമില്ല. ദാ ആ വലിയ വീട് കണ്ടോ, അതിന്റെ ഓണറിന്റെ പേര് തോമസെന്നാ. ആര്‍.ടി.ഒ ഓഫീസിലാ പുള്ളിക്കാരനു ജോലി. സുന്ദരം ലെയിനീ തെങ്ങുള്ളതും തെങ്ങില്ലാത്തതുമായ ഏഴെട്ടു തോമസുമാരുണ്ടെങ്കിലും അതൊന്നും ചേട്ടന്‍ പറഞ്ഞ സിംഹത്തലയന്മാരല്ല.''
നട്ടുച്ചച്ചൂടില്‍ ബാലനു തലചുറ്റി. സുന്ദരം ലെയിനിലെ എല്ലാ തോമസുമാരുടേയും വീട്ടില്‍ പോയി കുടക്കമ്പനിയന്വേഷിച്ച് നിരാശനായി തിരിച്ചു പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇനിയെന്തെന്നു ബാലനു നിശ്ചയമില്ലായിരുന്നു. വെളുപ്പിന് ഒരു കട്ടന്‍ ചായയും കുടിച്ചിട്ടു വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. വിശപ്പും ദാഹവും തോന്നിയില്ല. മണി മൂന്നു കഴിഞ്ഞു.


''പാലാരിവട്ടത്ത് പോളക്കുളം ബാറിന്റെ മുന്നില്‍നിന്നാ, ഞാന്‍ താമസിക്കുന്ന ലോഡ്ജ് കാണാം.'' പ്രകാശന്‍ പറഞ്ഞിട്ടുള്ളതു ബാലന്റെ ഓര്‍മ്മയില്‍ മിന്നി.
''പ്രകാശനോ? ഇല്ല; അങ്ങനെയൊരാള്‍ ഇവിടില്ല.'' ലോഡ്ജ് മാനേജര്‍ രജിസ്റ്റര്‍ നോക്കി പറഞ്ഞു. 
''ദാ, ആ ഭാഗത്ത് ഒന്നു രണ്ടു ചെറിയ ലോഡ്ജുകളുണ്ട്. അവിടെ ഒന്ന് അന്വേഷിച്ചാട്ടെ.''
ആ ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലെല്ലാം ബാലന്‍ കയറിയിറങ്ങി. കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ പ്രകാശനേയും മെഡിക്കല്‍ റെപ്പ് പ്രകാശനേയും ടിപ്പര്‍ ലോറി ഓടിക്കുന്ന പ്രകാശനേയുമല്ലാതെ അയാള്‍ അന്വേഷിക്കുന്ന പ്രകാശനെ അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.
''ഓന്റെ ഫോട്ടം കയ്മേണ്ടാ?''
ദോശയും സാമ്പാറും കഴിച്ചു വലിയ ഗ്ലാസ്സില്‍ നിറയെ വെള്ളവും കുടിച്ചെഴുന്നേറ്റ ബാലന്‍ തട്ടുകടയിലെ സപ്ലൈയര്‍ പയ്യന്റെ ചോദ്യം കേട്ടു നിസ്സഹായതയോടെ കൈമലര്‍ത്തി.
''അങ്കിള് ബീട്ടി ബിളിക്ക്.''
ജ്യോതിയോടും തങ്കയോടും എന്തു പറയുമെന്നറിയാതെ ബാലന്‍ വെപ്രാളപ്പെട്ടു. 
''അങ്കിള് നമ്പര് താ.''
ബാലന്‍ ജ്യോതിയുടെ നമ്പര്‍ പറഞ്ഞു. അവന്‍ വിളിച്ചു.
''യേട്ടി, അങ്കിള് പാലാരിബട്ടത്ത്ണ്ട്. ഈട ബന്നപ്പോ ഒരു കണ്‍ഫ്യൂഷന്‍. ഞാന് ഫോണ് കൊടുക്കാ.''
ബാലന്‍ അവന്റെ ഫോണ്‍ വാങ്ങിച്ചു.
''പൊടിമോളേ, അച്ഛനു വഴിതെറ്റി. ഇവിടെയൊരു ഹോട്ടലീന്നാ ഇപ്പോ വിളിക്കുന്നത്. പേരും അടയാളവും പറഞ്ഞപ്പോ പ്രകാശനെ ഇവര്‍ക്കറിയാമോന്നൊരു സംശയം. മോള് അവന്റെയൊരു ഫോട്ടോ ഈ ഫോണിലേക്കയച്ചേ.'' ബാലന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.
വാട്സാപ്പിലെ ഫോട്ടോയില്‍ കുറേ നേരം നോക്കി നിന്നിട്ടു പയ്യന്‍ പറഞ്ഞു.
''നമ്മ ഏടോ കണ്ട്ന്പാ, കുറുത്തുല്ലപ്പാ. ഈന്റൊരു കോപ്പി ഞാനെട്ത്തേരാ. ലോഡ്ജിലെല്ലാം കാണിച്ചോക്യാ, ആള കിട്ടും. ചെറിയ ലോഡ്ജിലൊന്നും ശരിക്കും ജാഗേം പേരൊന്നും പറയൂല്ല. ബല്യ ജോലീന്ന് നാട്ട് പറഞ്ഞിറ്റ് ഈട പൊറോട്ട ആക്കുന്നോന്ണ്ട്പ്പാ. ഒരു ഫോട്ടം കൊടുത്താല് പറഞ്ഞപേരും അഡ്രസും കൂട്ടി ബേഗം ഐഡി കാര്‍ഡൊണ്ടാക്കും.''
തട്ടുകടയിലെ പയ്യന്‍ കോപ്പിയെടുത്തു കൊടുത്ത പ്രകാശന്റെ കളര്‍ ഫോട്ടോയുമായി ബാലന്‍ ലോഡ്ജുകള്‍ കയറിയിറങ്ങി. എല്ലാവരും കൈമലര്‍ത്തി. ഒടുവില്‍ ഊടുവഴിക്കുള്ളിലെ മൂത്രഗന്ധമുള്ള കരുണാ ലോഡ്ജിലെ മാനേജര്‍ മാര്‍ക്കോസിനു നേരേ ഫോട്ടോ നീട്ടി.
''എന്റീശോയേ! ദ് മ്മടെ സേവ്യര്..., ചേട്ടന്‍ പ്രകാശന്‍ന്നു പറഞ്ഞാ മ്മളെങ്ങനാ അറിയ്വാ, ചെക്കന്‍ ഒന്നൊന്നര സത്യക്രിസ്ത്യാനിയാട്ടാ. സേവ്യര് ചേട്ടന്റെ ആരാന്നാ പറഞ്ഞേ?''
ഞെട്ടലോടെയിരുന്ന ബാലന്‍ സ്വയമെന്നോണം പറഞ്ഞു. ''മോളുടെ ഭര്‍ത്താവ്.''
മാര്‍ക്കോസ് സംശയത്തോടെ ഫോട്ടോയിലും ബാലന്റെ മുഖത്തും നോക്കി.
''കളമശ്ശേരീല് മേരിമാതാ ക്ലേ ഫാക്ടറീലാ മൂപ്പര്‍ക്ക് പണി. വാച്ചറാ. സ്ഥിരായിട്ടൊന്നുമല്ല. മൂന്നാറിലെ ചായല കമ്പനീലും കൊയിലാണ്ടീലെ ഫര്‍ണിച്ചര്‍ ഷോപ്പിലും മാറി മാറി പണിക്ക് പോകും. അച്ചന്മാര്ടെ സ്ഥാപനങ്ങളാട്ടാ.''
''നിങ്ങളാരുടെ കാര്യാ പറയുന്നത്?'' അല്പം ദേഷ്യത്തോടെ ബാലന്‍ ചോദിച്ചു.
''നാലഞ്ച് മാസം മുമ്പട്ടാ അവന്‍ ആദ്യായിട്ട് ഇങ്ക്ട് വന്നേ. പിന്നെ മൂന്നാല് പ്രാവശ്യം കൂടി വന്ന്ണ്ട്. മൂപ്പര് പക്കാ ഡീസന്റാട്ടാ. വടകരക്കാരനാ. നാട്ടിലൊരു പെങ്ങളൂട്ടി മാത്രേള്ളൂ, അപ്പന്‍ നേരത്തേ പോയി. അമ്മ മരിച്ചിട്ട് കൊല്ലം തികയുന്നേയുള്ളൂ. പിന്നെ ഞാനീപ്പറഞ്ഞ സേവ്യര് കല്യാണോന്നും കഴിച്ചിട്ടില്ല.''
അന്നുരാത്രി ലോഡ്ജില്‍ റിസപ്ഷനോടു ചേര്‍ന്നുള്ള തറയില്‍ ബാലന്‍ പായ വിരിച്ചു കിടന്നു.
''വടകരയിലെ കുടംബസ്വത്തിന്റെ പകുതി അവകാശം സേവ്യര്നായിരുന്നു. അവനത് പെങ്ങളൂട്ടിക്ക് എഴുതിക്കൊടുത്തു. പെങ്ങടെ കെട്ട്യോന്‍ അവിടെ പോസ്റ്റ്മാനാ. അപ്പന്‍ വെള്ളമടിച്ചു സൊത്തെല്ലാം നശിപ്പിച്ചില്ലാര്‍ന്നേ എങ്ങനെ കഴിയേണ്ട കുടുംബാ. പത്താം ക്ലാസ്സുവരെ സെമിനാരീ പഠിച്ചേന്റെ ഒര് അച്ചടക്കോക്കെ സേവ്യര്ക്കുണ്ട്ട്ടാ. ചേട്ടനൊരു കാര്യം ചെയ്യ്, നാളെ കളമശ്ശേരീ പോയൊന്ന് അന്വേഷിക്ക്. ചെക്കനവിടെ തന്നെയുണ്ടാവും.''


സംസാരിക്കുന്നതിനിടയില്‍ മാര്‍ക്കോസ് ഒറ്റവലിക്ക് ഗ്ലാസ്സിന്റെ പകുതിയോളം മദ്യവും പകുതി റോബസ്റ്റാ പഴവും കഴിച്ചു. അങ്ങനെ ഒന്നര പഴവും മൂന്നു ലാര്‍ജ്ജും കഴിച്ചശേഷം പ്രകാശന്റെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച് മുകളില്‍ വലതുകയ്യിലെ ചൂണ്ടുവിരല്‍കൊണ്ടു തട്ടിയിട്ടു പറഞ്ഞു.
''താനാരാണെന്നു തനിക്കറിയാന്‍ മേലെങ്കില്‍ താനെന്നോട് ചോദിക്ക്, താനാരാണെന്ന്. അപ്പോ തനിക്ക് ഞാന്‍ പറഞ്ഞുതരാം, താനാരാണെന്നും ഞാനാരാണെന്നും.'' മാര്‍ക്കോസ് ഫിലോസഫിക്കലായി ചിരിച്ചു. ബാലന്‍ അയാളുടെ കയ്യില്‍നിന്നു ഫോട്ടോ വാങ്ങി ബാഗില്‍ ഭദ്രമായി വച്ചു.
''അപ്പന്‍ വെള്ളമടിച്ച് കിണ്ടിയായിട്ട് വെട്ടിയതാ സേവ്യര്ടെ വലത്തേ കയ്യിലെ മുറിഞ്ഞേന്റെ പാട്. ചേട്ടന്‍ പറയണ് സൈക്കിള്‍മേന്ന് വീണു പൊട്ടിയതാന്ന്. നെറ്റീല് ഊഞ്ഞാലീന്നു വീണു പൊട്ടീതിന്റെ പാട്, ചേട്ടന്‍ പറയണു പണിക്കു നിന്ന വീട്ടിലെ കാര്‍ന്നോത്തി പിടിച്ചു തള്ളീട്ടപ്പോ മുറിഞ്ഞതാന്ന്. ഇതിപ്പോ ഏതാ ശരീന്നാര്‍ക്കറിയാം.''

അന്നു രാത്രി ബാലന്‍ ഉറങ്ങിയില്ല. തട്ടുകടയിലെ പയ്യന്‍ പറഞ്ഞതുപോലെ ചെറിയ ജോലി ചെയ്യുന്നതിന്റെ കുറച്ചില്‍ കാരണം പ്രകാശന്‍ പേരു മാറ്റി പറഞ്ഞതാണോ? നേരമൊന്നു വെളുത്തു കിട്ടിയിരുന്നെങ്കില്‍ കളമശ്ശേരിയില്‍ പോയന്വേഷിക്കാമായിരുന്നു.
പിറ്റേന്ന് കളമശ്ശേരി ബസ് സ്റ്റോപ്പിനോടു ചേര്‍ന്നുള്ള ചെറിയ ഹോട്ടലില്‍ ഇരുന്നു ചായ കുടിക്കുന്നതിനിടയില്‍ ബാലന്‍ കടക്കാരനോടു ചോദിച്ചു:
''ക്ലേ ഫാക്ടറി ഇവിടെ അടുത്താ?''
''ങ്ങള് അത്തിരിവ് തിരിഞ്ഞ് എടത്തു കാണ്ണ ബയിക്കൊരു ഇരുന്നൂറു മീറ്റര്‍ നടന്നാ മതീന്നു.''
മേരിമാതാ ക്ലേ ഫാക്ടറിയുടെ പഴകിയ ബോര്‍ഡ് കണ്ടു ബാലന്‍ അകത്തേയ്ക്കു കയറി. അലുമിനിയം ബക്കറ്റും പിടിച്ചു കാല്‍മുട്ടുവരെ ഉയര്‍ത്തിവച്ച പാന്റും ധരിച്ചു വന്ന മുഖം ചീര്‍ത്ത സെക്യൂരിറ്റിക്കാരന്‍ ചോദിച്ചു:
''ആരാ?''
''സേവ്യര്‍ ഉണ്ടോ?''
''എന്താടാപ്പാ കാര്യം?''
''ആളിവിടെയുണ്ടോ?''
''അവനിങ്ങാട് വരട്ടെ. നാലു തെറീം പറഞ്ഞ് വീട്ടില്‍പ്പോയി ഇച്ചിരി ഇഞ്ചിക്കഷായം കുടിക്കണോന്നു കരുതി കുറേ നേരായി ഞാനിവിടെ എരിപിരിസഞ്ചാരം കൊള്ളണേണ്.'' സെക്യൂരിറ്റിക്കാരന്‍ പറഞ്ഞതു കേട്ടപ്പോള്‍ ബാലനു സമാധാനമായി. 
''കെട്ടിയാള് ഉണ്ടാക്കീതാണെന്നും പറഞ്ഞ് ഇന്നലെ കൊറച്ച് ചെമ്മീന്‍ കറി തന്നേ. തൂറി പണ്ടാരടങ്ങിപ്പോയി. എടാപ്പാ നിങ്ങ ഇന്നലെ വരൂന്നല്ലേ പറഞ്ഞേ. ഇനി വരൂല്ലന്നാ വിചാരിച്ചെ. ശമ്പളം കൊറവാ. പക്ഷേ, പണി എളുപ്പാ. നമുക്കു മൂന്നുപേര്‍ക്കും കൂടി മാറി മാറി നൈറ്റ് എടുക്കാം. കൊതുകുതിരീം കത്തിച്ച് തലേ മുണ്ടിട്ട് ദേ, ദിങ്ങനെ കെടന്നുറങ്ങണതാ നൈറ്റ് ഡ്യൂട്ടി.''
അയാള്‍ പറയുന്നതു മനസ്സിലാവാതെ ബാഗില്‍നിന്നു ഫോട്ടോയെടുത്തു കാട്ടി ബാലന്‍ ചോദിച്ചു.
''ഇതാണോ സേവ്യര്‍?''
''ഇതാരാടാപ്പാ?'' ഫോട്ടോ നോക്കിയിട്ട് സെക്യൂരിറ്റിക്കാരന്‍ സംശയത്തോടെ ചോദിച്ചു.
''ഇയാളിവിടെ പണിക്കുണ്ടോ?''
''എന്ത് പണി?''
''എല്ലാ പണിയുമറിയുന്ന ആളാ.''
അയാള്‍ ഒന്നുകൂടി അപരിചിതന്റെ ഫോട്ടോയില്‍ നോക്കി. 
''ഇല്ല; നിങ്ങ സെക്യൂരിറ്റിപ്പണിക്ക് വന്നതാന്നാ ഞാന്‍ വിചാരിച്ചേ. നക്കാപ്പിച്ച കാശിന് ആരു വരാനാ!'' അയാള്‍ കൂടുതലൊന്നും ചോദിക്കാനോ പറയാനോ നില്‍കാതെ ബക്കറ്റുമെടുത്തു നിരാശനായി വയറും തടവി നടന്നു.
കളമശ്ശേരിയിലെ 'ഹോട്ടല്‍ കോഴിക്കോടി'ല്‍ ബാലന്‍ വീണ്ടും കയറി.
''ങ്ങക്കെന്താ കയിക്കാന്‍ മേണ്ട്യേ?''
''ചായ, നല്ല കടുപ്പത്തിന്'' ബാലന്‍ പറഞ്ഞു.
''ന്തേയ്, മോത്തൊരു ബെസമം മാതിരി. ങ്ങക്ക് സുഖംല്ലേ?''
കടക്കാരനെ ദയനീയമായി നോക്കിയിട്ട് ബാലന്‍ ബാഗില്‍നിന്നു പ്രകാശന്റെ ഫോട്ടോ എടുത്തു നീട്ടി.
''ഇയാളെ അറിയ്വോ?''
കടക്കാരന്‍ മേശയ്ക്കുള്ളില്‍നിന്ന് ഒറ്റക്കാലന്‍ കണ്ണടയെടുത്തു വച്ചിട്ടു ഫോട്ടോയില്‍ കുറച്ചു നേരം സൂക്ഷിച്ചു നോക്കി.
''പടച്ചോനെ! അറിയ്യോന്നാ! ഇപ്പഹയനെ ഒരിക്ക കണ്ടാ മറക്കാന്‍ പറ്റ്വോന്ന്. ന്താ ഓന്റെ ഒരു ഹരം പറച്ചില്, ങ്ങള് കുത്തിരിക്കണ കസേലമ്മലിരുന്നു പൊറാട്ടീം ബീഫും തിന്നു ഹരം പറഞ്ഞ് ഓന്‍ സലാം പറഞ്ഞിട്ട് നാലഞ്ച് മാസായിട്ടുണ്ടാവുല്ലുന്നു. ദാ അബിടെ കടലാസും ബിരിച്ച് മഗ്രിബ് നിസ്‌കരിച്ചിട്ടാ ഓന്‍ നാസ്താക്കീത്. ഇക്കാലത്ത് ഓനെപ്പോലെ ദീനിയായ ചങ്ങായിമാരെ കാണാന്‍ കിട്ട്വോന്ന്.''
ഫോട്ടോയില്‍ ഒന്നുകൂടി നോക്കിയിട്ടു കടക്കാരന്‍ ചോദിച്ചു:
''അല്ല, അന്‍സാരിയിപ്പോ ഏടയാള്ളേ?''
''അന്‍സാരിയോ?''
''ഓ... തെറ്റീന്ന്, മുഹമ്മദ്.'' അയാള്‍ തിരുത്തി.
''ങ്ങള് മുഹമ്മദിന്റെ ആരായിന്?''
''പരിചയക്കാരനാ. ഒരു ജോലിയുടെ കാര്യത്തിന് ഇവിടെ വരാന്‍ പറഞ്ഞു. വിളിച്ചിട്ടു കിട്ടുന്നില്ല.'' ഫോട്ടോ തിരികെ വാങ്ങി ബാഗില്‍ വച്ചു ബാലന്‍ എഴുന്നേറ്റു ചായയുടെ പണം മേശപ്പുറത്തു വച്ചു.
''ങ്ങള പെരോം പൊന്നാനീലാ?''
''അല്ല, പാലാരിവട്ടത്താ.'' ബാലന്‍ പറഞ്ഞു.
''ഓന്‍ ബടെ ബന്നാ, ങ്ങളെ വിളിക്കാന്‍ പറയ്യാ. ങ്ങളെ പേര് പറഞ്ഞീലാല്ലോ?''
''കുടക്കമ്പനീ പണിയുളള തോമസെന്നു പറഞ്ഞാ മതി.'' കടക്കാരന്‍ മറ്റെന്തോ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ബാലന്‍ ബാഗില്‍നിന്ന് ഇന്‍ഹെയ്ലര്‍ എടുത്തു വായ്ക്കകത്ത് അമര്‍ത്തിയിട്ടു ശ്വാസംമുട്ടല്‍ നടിച്ചു വേഗം റോഡിലേക്കിറങ്ങി.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ ക്യൂ നിന്നപ്പോള്‍ എങ്ങോട്ടേക്കാ ടിക്കറ്റെടുക്കേണ്ടതെന്നു ബാലനു സംശയം തോന്നി. ഒടുവില്‍ ''വര്‍ക്കല'' എന്നു പറഞ്ഞ ഉടനെ ''അല്ല, കോട്ടയം'' എന്നു തിരുത്തിയപ്പോള്‍ ഉള്ളിലെ ആളല്‍ ഒരു നീണ്ട ഹോണ്‍ മുഴക്കി. പ്ലാറ്റുഫോമിലെ കമ്പിത്തൂണിന്റെ ചുവട്ടിലെ സിമന്റു തിട്ടയില്‍ ഇരുന്ന് ബാഗില്‍നിന്നു മൊബൈല്‍ എടുത്ത് ഓണ്‍ ചെയ്തു. ഇന്നലെ രാത്രി തങ്ക വിളിച്ചപ്പോള്‍ ''എന്റെ തങ്കേ, നീയിങ്ങനെ നാഴികയ്ക്ക് നാല്പത് വട്ടം വിളിക്കണ്ട. വിവരമെന്തെങ്കിലുമുണ്ടെങ്കില്‍ ഞാനങ്ങോട്ട് വിളിക്കാം'' എന്നു പറഞ്ഞു ഫോണ്‍ ഓഫ് ചെയ്തതാ.
''അവന്‍ കോട്ടയത്തുണ്ടെന്നാ വിവരം കിട്ടിയത്. അവിടെയൊന്നന്വേഷിച്ചിട്ട് എത്ര ഇരുട്ടിയാലും ഞാനിന്നങ്ങെത്തും.''
തങ്ക ചോദിച്ചതിനൊന്നും മറുപടി പറയാനാകാതെ ബാലന്‍ തപ്പിത്തടഞ്ഞപ്പോള്‍ ഫോണ്‍ ചാര്‍ജ്ജു തീര്‍ന്ന് ഓഫായി.
മോര്‍ച്ചറിയുടെ ചുവരില്‍ അങ്ങിങ്ങായി ഒട്ടിച്ചിരുന്ന അപകടത്തില്‍ മരിച്ചവരുടേയും ആത്മഹത്യ ചെയ്തവരുടേയും ചിത്രങ്ങള്‍ക്കു തന്റെ ബാഗിലിരിക്കുന്ന പ്രകാശന്റെ ചിത്രത്തിന്റെ അതേ വലുപ്പമാണെന്നു ചിന്തിച്ചപ്പോള്‍ ബാലനു തലചുറ്റുന്നതുപോലെ തോന്നി.
കോട്ടയം പൊലീസ് സ്റ്റേഷനില്‍ ചെന്നു കളമശ്ശേരിയിലെ ക്ലേ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സേവ്യറാണെന്നു സംശയം തോന്നാത്തവിധം സ്വയം പരിചയപ്പെടുത്തിയിട്ടു കൂട്ടുകാരന്റെ മകനെ നാലു ദിവസമായി കാണാനില്ലെന്നു പറഞ്ഞു.
''ഇവിടെയാരോ ട്രെയിനിന്റെ മുന്നില്‍ ചാടി മരിച്ചതായറിഞ്ഞു.''
പൊലീസുകാരന്‍ ബാലനെ ഒന്നു നോക്കി.
''അല്ല, എന്റെയൊരു സംശയമാ. അവനിങ്ങനെ ഇടക്കിടക്ക് പറയാതെ പോകുന്ന സ്വഭാവക്കാരനാ.''
''കാണാതായ ആളിന്റെ പേരെന്നാ?''
''മുഹമ്മദ്.''
''എത്ര വയസ്സായി?''
''മുപ്പത്താറ്.''
''പൊലീസില്‍ കംപ്ലേന്റ് ചെയ്‌തോ?''
''ഇല്ലെന്നാ പറഞ്ഞത്.''
''ആര്?''
''മുഹമ്മദിന്റെ ഉപ്പ.''
''അയാള്‍ക്കെന്നാ പണി?''
''ചെറിയൊരു ഹോട്ടല്‍ നടത്തുകയാ.''
''എവിടെ?''
''കളമശ്ശേരീല്.''
പൊലീസുകാരന്‍ ഒന്ന് ഇരുത്തിമൂളിയിട്ടു സ്വയമെന്നോണം പറഞ്ഞു:
''ഇത്രേം ദൂരത്തു വന്നെന്നാത്തിനാ ട്രെയിനിന്റെ മുന്നേല് ചാടിയേ? ഞങ്ങക്ക് പണിയുണ്ടാക്കാനാന്നോ?'' ബാലന്‍ നിശ്ശബ്ദനായി. 
മോര്‍ച്ചറിയുടെ മുന്നിലേക്ക് ഒരു ആംബുലന്‍സ് റിവേഴ്സ് ഗിയറില്‍ വന്നുനിന്നു. കുറച്ച് ആളുകള്‍ അങ്ങിങ്ങായി കൂടിനിന്ന് അടക്കം പറയുന്നു. അവരെയാരേയും തനിക്കറിയില്ല. അവര്‍ക്ക് തന്നെയുമറിയില്ല. ഈ ഭൂമിയില്‍ തന്നെയറിയുന്ന ഇരുന്നൂറോ മുന്നൂറോ പേര്‍ കാണുമായിരിക്കും. ബാക്കിയെല്ലാവര്‍ക്കും താനൊരപരിചിതന്‍.
''സേവ്യറേ...''
മോര്‍ച്ചറിയുടെ വാതില്‍ക്കല്‍ നിന്ന പൊലീസുകാരന്‍ വിളിച്ചു. ബാലന്‍ പിന്നിലേക്കു നോക്കി.
''എടോ, താനാരയാ നോക്കുന്നേ?''
ഒരു നിമിഷം കഴിഞ്ഞാണ് താന്‍ സേവ്യറാണെന്നു ബാലന്‍ ഓര്‍ത്തത്. അയാള്‍ ഓടിച്ചെന്നു. 
രൂക്ഷഗന്ധവും വിറപ്പിക്കുന്ന തണുപ്പുമുള്ള മോര്‍ച്ചറിയില്‍ കിടന്ന തുന്നിക്കെട്ടിയ മൃതദേഹത്തെ കാട്ടി പൊലീസുകാരന്‍ ചോദിച്ചു.
''ഇതാണോ തന്റെ കൂട്ടുകാരന്റെ മോന്‍?''
മൃതദേഹത്തില്‍ നോക്കിയപ്പോള്‍ ബാലന്‍ ഞെട്ടിപ്പോയി. മരിച്ചുകിടക്കുന്ന ആളിനു തന്റെ അതേ മുഖം. താന്‍ തന്നെയല്ലേ നിശ്ചലനായി കിടക്കുന്നത്. പൊലീസുകാരനും അതേ സംശയം ഉണ്ടായതുപോലെ ബാലനേയും മൃതദേഹത്തേയും മാറി മാറി നോക്കി. ഇയാളും തന്നെപ്പോലെ അരമുറി കടയിലിരുന്നു പഴയ പേപ്പറും പ്ലാസ്റ്റിക്കും വാങ്ങി വില്‍ക്കുന്നയാളാണോ? ഏതോ ഒരു നാട്ടില്‍ കുറേ മനുഷ്യര്‍ ഇയാളേയും കാത്തിരിക്കുകയാവില്ലേ, മടങ്ങിയെത്തുമെന്നു തന്നെ പ്രതീക്ഷിച്ചു. ബാലന്‍ സംശയിച്ചു.
''എടോ, സേവ്യറേ?'' പൊലീസുകാരന്‍ അക്ഷമനായി.
''അല്ല സാര്‍, ഇയാളല്ല.''
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ബഞ്ചിലിരുന്നപ്പോള്‍ ബാലന്റെ മനസ്സിന് അകാരണമായ ഒരു സമാധാനം കൈവന്നു. അടുത്തിരുന്ന ആള്‍ ചോദിച്ചു:
''എങ്ങോട്ടേക്കാ?''
''ഗുരുവായൂര്‍ക്ക്'' ബാലന്‍ പറഞ്ഞു.
''എന്താ പേര്?''
''കൃഷ്ണന്‍'' ആ മറുപടി പറഞ്ഞുകഴിഞ്ഞാണ് താന്‍ സ്വയമറിയാതെ കള്ളം പറയുന്ന കാര്യം ബാലനു മനസ്സിലായത്.
''നടന്നു തളര്‍ന്നപ്പോഴിരുന്നതാ, വീട്ടുകാരി അങ്ങോട്ടു നടന്നു.'' വീണ്ടുമൊരു കള്ളം പറഞ്ഞിട്ടു മുന്നോട്ടു നടന്ന ബാലനെ അപരിചിതരായ ആള്‍ക്കൂട്ടം വിഴുങ്ങി. 
മനസ്സിന് അതുവരെയില്ലാത്ത ഒരു ഭാരമില്ലായ്മയും സുരക്ഷയും അന്നേരം അനുഭവപ്പെട്ടു.
ദീര്‍ഘയാത്രയുടെ ക്ഷീണത്തോടെ ബാലന്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. തങ്കയും ജ്യോതിയും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. ഒന്നും പറയാനാകാതെ കുറച്ചു നേരം ബാലന്‍ ഇരുവരേയും നോക്കിനിന്നു. തോമസോ സേവ്യറോ കൃഷ്ണനോ ആയി മാറിയിരുന്നെങ്കില്‍ വലിയ ധര്‍മ്മസങ്കടത്തില്‍നിന്ന് ഈ പാതിരാത്രിയും ഇനിയുള്ള കാലവും തനിക്കു രക്ഷപ്പെടാമായിരുന്നു. 
''എന്തേ?'' തങ്ക തേങ്ങലോടെ ചോദിച്ചു.
''അവനവിടെ കമ്പനീല് അടിയുണ്ടാക്കീട്ടാ വന്നത്.'' ബാലന്‍ പറഞ്ഞു.
''ദൈവമേ'' തങ്ക ഉറക്കെ വിളിച്ചു.
''കൂടെ ജോലി ചെയ്യുന്ന ഒരുത്തനെയവന്‍ കുത്തി. കര്‍ത്താവിന്റെ കാരുണ്യം കൊണ്ടാ ജീവന്‍ തിരിച്ചു കിട്ടിയത്. നാല് ദിവസം അയാള്‍ ഐ.സി.യുവില്‍ കിടന്നു.'' ജ്യോതിയും തങ്കയും പകച്ചു നിന്നു.
''പൊലീസുകാര് അന്വേഷിച്ചു വന്നാല്‍ ഉള്ളത്, ഉള്ളത് പോലെയങ്ങ് പറഞ്ഞേക്കണം. ഉറങ്ങിക്കിടന്ന ആളിനെ നേരം വെളുത്തപ്പോള്‍ മുതല്‍ കാണാനില്ല. മനസ്സിലായല്ലോ? പിന്നെയൊന്നും അറിയില്ല.'' ബാലന്‍ പറഞ്ഞു.
''കര്‍ത്താവേ കാത്തോളണേ.'' പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴാണ് താന്‍ ഇപ്പോള്‍ തോമസോ സേവ്യറോ ആണെന്ന് ബാലന്‍ തിരിച്ചറിഞ്ഞത്.
അപരിചിതനെയെന്നപോലെ തങ്ക ബാലനെ നോക്കി. ആ നോട്ടം അഭിമുഖീകരിക്കാനാവാതെ ബാലന്‍ മുറിയിലേക്കു കയറി. കട്ടിലില്‍ കുറേ നേരം മുഖം പൊത്തി ഇരുന്നു.
''ബാലേട്ടാ, എന്താ ശരിക്കും സംഭവിച്ചത്?''
കേട്ടതു വിശ്വാസം വരാതെയുള്ള തങ്കയുടെ ചോദ്യം കേട്ട് തലയുയര്‍ത്തി നോക്കുകയോ അധികമെന്തെങ്കിലും പറയുകയോ ചെയ്യാതെ ബാലന്‍ കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
മഴ നനഞ്ഞു വന്ന പ്രകാശന്‍ തലയും ദേഹവും തുടച്ചു ലുങ്കിയും ടീഷര്‍ട്ടും ധരിച്ചു കട്ടിലില്‍ കിടന്നപ്പോള്‍ ചുക്കുകാപ്പിയുമായി ചെന്നു പനിച്ചൂടുണ്ടോയെന്നു നെറ്റിയില്‍ തൊട്ടുനോക്കിയ രാത്രി ഓര്‍ത്തു കിടന്ന ജ്യോതിക്ക് അന്നും ഉറക്കം വന്നില്ല.
''പ്രകാശേട്ടാ, എഴുന്നേറ്റേ, ദാ കാപ്പി.''
പ്രകാശന്‍ എഴുന്നേറ്റു.
''ഞാനിത്തിരി കഞ്ഞി ഉണ്ടാക്കാം.''
കഞ്ഞി കുടിച്ചിട്ടു കട്ടിലില്‍ ചാരിയിരുന്ന പ്രകാശന്‍ ജ്യോതിയോടു ചോദിച്ചു: ''അച്ഛനും അമ്മയും ഉറങ്ങിയോ?''
''സമയം പതിനൊന്നേ മുക്കാലായി പ്രകാശേട്ടാ.''
''ആ ബാഗില്‍ ഇരുപത്തിആറായിരം രൂപയും പതിനഞ്ച് പവനോളം സ്വര്‍ണ്ണവും ഉണ്ട്. അതെടുത്ത് അലമാരയില്‍ വയ്ക്ക്.''
ബാഗിനുള്ളില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന സ്വര്‍ണ്ണവും പണവും പൊതിയഴിക്കാതെ അലമാരയ്ക്കുള്ളില്‍ വച്ചിട്ട് ജ്യോതി ചോദിച്ചു:
''ഇതെവിടെന്നാ?''
''പത്തനാപുരം ഡ്രീംസ് തിയേറ്ററിന്റെ എതിരെയുള്ള ഗയ ഗാര്‍ഡന്‍സിലേക്കു കയറി ച്ചെല്ലുമ്പോള്‍ ആദ്യത്തെ വളവില്‍ ഇടതുവശത്തുള്ള വെള്ള പെയിന്റടിച്ച വലിയ ഇരുനില വീട്ടില്‍നിന്നു മോഷ്ടിച്ചതാ.'' ഭാവവ്യത്യാസമില്ലാതെ പ്രകാശന്‍ പറഞ്ഞതു കേട്ട് ജ്യോതി പകച്ചുപോയി.
''വീടിന്റെ മുകളിലേക്ക് പടര്‍ന്നുനില്‍ക്കുന്ന മാവിലൂടെ കയറി ടെറസിലെത്തി വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി, താഴത്തെ നിലയിലെ കിടക്കമുറിയിലെ അലമാര തുറന്നു പണവും സ്വര്‍ണ്ണവും എടുത്തു തിരികെ മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ ഹാളിലെ ചാരുകസേരയില്‍ ടേബിള്‍ ലാമ്പിന്റെ ചെറിയ വെളിച്ചത്തിനു സമീപം ഒരാള്‍ ഇരിക്കുന്നു. ജീവിതത്തിലാദ്യമായിട്ടാ മോഷണത്തിനിടയില്‍ ഒരാളുടെ മുന്നില്‍പ്പെടുന്നത്.''
''ഹലോ, ജന്റില്‍മാന്‍, കമോണ്‍.'' അയാള്‍ ലൈറ്റ് ഓണ്‍ ചെയ്തു. പ്രകാശന്‍ ഞെട്ടിപ്പോയി.
''എന്താ ചങ്ങാതീ പേര്?''
രക്ഷപ്പെടാനുള്ള വഴി നോക്കുന്നതിനിടെ പ്രകാശന്‍ ആ ചോദ്യം ശ്രദ്ധിച്ചില്ല.
പ്രകാശന്‍ അരയില്‍നിന്നു കത്തിയെടുത്തു.
''എടോ, മോഷണക്കേസിന് തന്നെ പൊലീസ് പിടിച്ചെന്നിരിക്കട്ടെ, മാക്‌സിമം രണ്ട് വര്‍ഷം അകത്തു കിടന്നാ മതി. പക്ഷേ, അതിന്റെ കൂടെയൊരു കത്തിക്കുത്തോ, കൊലപാതകമോ ഉണ്ടെങ്കില്‍ വകുപ്പ് മാറും. ജീവപര്യന്തമാ. താന്‍ അവിവേകമൊന്നും കാണിക്കണ്ട. എന്താ വേണ്ടതെന്നു വച്ചാ എടുത്തോ. നോ ഒണ്‍ ഓണ്‍സ് എനിയൊണ്‍'' അതും പറഞ്ഞു വൃദ്ധന്‍ ഹാളിലെ മേശയില്‍ വച്ചിരുന്ന കെറ്റില്‍ ഓണ്‍ ചെയ്തു.
''തനിക്കൊരു ചൂട് കോഫി തരാം.''
പ്രകാശന്‍ ഭയത്തോടെ നാലുപാടും നോക്കി.
''മിസ്റ്റര്‍ ഹരിഹരന്‍, താന്‍ പാടുമോ?''
ഇല്ലെന്നു പറയുന്നതിനിടയില്‍ പ്രകാശന്‍ താഴത്തെ നിലയിലേക്കു തല നീട്ടി നോക്കി.
''ജസ്റ്റ് റിലാക്‌സ്. ഏഴ് മണിയാവാതെ ഇവിടെയാരും ഉണരില്ല. എന്ത് ശബ്ദം കേട്ടാലും ഇങ്ങോട്ടാരും വരില്ല. സപ്പോസ് ആരെങ്കിലും വന്നെന്നിരിക്കട്ടെ, താനെന്റെ ഫ്രണ്ടാണെന്നു പറയാം. ഹൂ മേ ബി ഡെഡ് ഓര്‍ എലൈവ്!''  വൃദ്ധന്‍ ഉറക്കെ ചിരിച്ചു.
''മിസ്റ്റര്‍ ഹുസൈന്‍, താന്‍ ചിത്രം വരയ്ക്കുമോ?''
ഇല്ലെന്നു തലയാട്ടിയ പ്രകാശനു ചൂടു കോഫി നീട്ടിയിട്ട് വൃദ്ധന്‍ ചോദിച്ചു:
''താന്‍ വായിക്കാറുണ്ടോ?''
കോഫി വാങ്ങിയിട്ട് പ്രകാശന്‍ ഇല്ലെന്നു പറഞ്ഞു.
''സിനിമ കാണാറുണ്ടോ?''
''വല്ലപ്പോഴും.''
കോഫി നുണഞ്ഞുകൊണ്ട് വൃദ്ധന്‍ മുറിയിലെ ടി.വി. ഓണ്‍ ചെയ്തു.
''നമുക്കൊരു ഫിലിം കണ്ടാലോ?'' വൃദ്ധന്‍ ചോദിച്ചു.
''സാറേ, ഞാനെടുത്ത സ്വര്‍ണ്ണോം പണോം, ദാ..., എന്നോട് ക്ഷമിക്കണം. പോകാന്‍ അനുവദിക്കണം.'' കയ്യിലിരുന്ന ബാഗ് മേശപ്പുറത്തു വച്ചിട്ട് പ്രകാശന്‍ ദയനീയമായി അപേക്ഷിച്ചു. 
''എടോ, താനിങ്ങനെ സ്‌നേഹമില്ലാത്തവനാകരുതേ. ഐ ആം എ സീനിയര്‍ സിറ്റിസണ്‍. താനീ പാതിരാത്രിക്കു പാത്തും പതുങ്ങിയും ചെന്ന് നൈറ്റ് പട്രോളുകാരുടെ മുന്നില്‍ പെടണ്ട. നേരം വെളുത്തിട്ടു പോകാം. വയസ്സായ ഞാന്‍ തന്നെ ചതിക്കുമെന്നു കരുതുന്നുണ്ടോ? ഇരിക്കടോ.'' വൃദ്ധന്‍ പ്രകാശനെ കസേരയില്‍ പിടിച്ചിരുത്തിയിട്ട് സിനിമ ഓണ്‍ ചെയ്തു. അല്പം കഴിഞ്ഞപ്പോള്‍ പ്രകാശന്‍ വെപ്രാളത്തോടെ പറഞ്ഞു:
''സാറേ എനിക്ക് ഇംഗ്ലീഷ് അറിയില്ല.''
''എടോ, ഗബ്രിയേല്‍ മുച്ചിനോ, ഇംഗ്ലീഷും ഫ്രഞ്ചും അറബിക്കുമൊന്നുമില്ല. മനുഷ്യന് ഒറ്റ ഭാഷയേ ഉള്ളൂ. താന്‍ സമാധാനമായിട്ടിരുന്നു സിനിമ കാണടോ.''
ഒരച്ഛനും മകനും തമ്മിലുള്ള ഊഷ്മളമായ ബന്ധം കണ്ടിരുന്നപ്പോള്‍ പ്രകാശന്റെ കണ്ണുകള്‍ മെല്ലെ നിറയാന്‍ തുടങ്ങി. സിനിമ തീര്‍ന്നപ്പോള്‍ പ്രകാശന്‍ തൊഴുകൈയോടെ പറഞ്ഞു:
''സാറ് എന്നോട് ക്ഷമിക്കണം.''
''എടോ താന്‍ ഇമോഷണലാകാതെ.'' വൃദ്ധന്‍ പണവും സ്വര്‍ണ്ണവും എണ്ണിത്തിട്ടപ്പെടുത്തി ഭദ്രമായി പൊതിഞ്ഞു ബാഗിലാക്കി പ്രകാശന്റെ തോളില്‍ തൂക്കിയിട്ടു പറഞ്ഞു.
''പൊയ്ക്കോ. ഇരുപത്തിയാറായിരം രൂപയുണ്ട്. ഗോള്‍ഡ് പതിനഞ്ച് പവന്‍ വരും. ആള്‍ ദി ബെസ്റ്റ്.'' 
പ്രകാശന്‍ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു മാവിന്‍കൊമ്പിലൂടെ താഴെയിറങ്ങി. ടെറസ്സില്‍ നിന്ന വൃദ്ധന്‍ കൈവീശി തംസ്അപ് മുദ്ര കാണിച്ചു. പ്രകാശന്‍ മരച്ചുവട്ടില്‍ കുറച്ചു നേരം നോക്കി നിന്നിട്ട് മതില്‍ ചാടി റോഡിലേക്കിറങ്ങി.
ആ പകല്‍ മുഴുവന്‍ അയാള്‍ ലക്ഷ്യമില്ലാതെ ബസില്‍ സഞ്ചരിച്ചു. അതു വരെ അനുഭവിച്ചിട്ടില്ലാത്ത ഉള്ളെരിച്ചില്‍ പ്രകാശനെ നിശ്ശബ്ദനും ഉത്സാഹരഹിതനുമാക്കി. രാത്രി പത്തനാപുരം ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ആളുകളുടെ ഇടയില്‍ ഒളിച്ചുനിന്നിട്ട് തെക്കോട്ടു നടന്നു. ഇടതുവശത്തെ വെട്ടമില്ലാത്ത ഇടവഴിയിലൂടെ നടന്നു പുറത്തുനിന്നു പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ഒഴിഞ്ഞ മൂലയില്‍ കുറേ നേരം ചാരിയിരുന്നപ്പോള്‍ തലേദിവസത്തെ ഓര്‍മ്മകള്‍ വീണ്ടും തെളിഞ്ഞുവന്നു.
ഇരുളിന്റെ മറപറ്റി നടന്നു വൃദ്ധന്റെ വീടിന്റെ മതില്‍ ചാടിക്കടന്നു മാവിലൂടെ കയറി മുകളിലത്തെ നിലയില്‍ എത്തി. ടെറസ്സിന്റെ വാതിലില്‍ കൈ തൊട്ടപ്പോള്‍ അതു മെല്ലെ തുറന്നു.
''കമോണ്‍ ജെന്റില്‍മാന്‍. ഐ വാസ് വെയിറ്റിങ് ഫോര്‍ യു.''
പ്രകാശന്‍ തലകുമ്പിട്ടു നിന്നു.
''കബോര്‍ഡിന്റെ താഴേത്തട്ടില്‍ ഇനിയും സ്വര്‍ണ്ണവും പണവുമുണ്ട്.'' വൃദ്ധന്‍ വാത്സല്യത്തോടെ പറഞ്ഞു.
''സാറിനെ കണ്ട് ഇത് തിരിച്ചേല്പിക്കാന്‍ വന്നതാ.'' പ്രകാശന്‍ ബാഗ് മേശപ്പുറത്തു വച്ചു. 
വൃദ്ധന്‍ അതു ശ്രദ്ധിക്കാതെ ഫ്‌ലാസ്‌കില്‍നിന്നു കോഫി പകര്‍ന്നു നീട്ടി. 
''സാറിന്റെ പേരെന്താ?'' കോഫി വാങ്ങിയശേഷമുള്ള പ്രകാശന്റെ ചോദ്യം കേട്ട് വൃദ്ധന്‍ ഉറക്കെ ചിരിച്ചു.
''നെയിംസ് ആര്‍ യൂസ്ഡ് ആസ് ഔര്‍ ഐഡന്റിറ്റി. ബട്ട് ഐ വാണ്ട് ടു ബികം അന്‍ ഐഡന്റിറ്റി ഓഫ് മൈ നെയിം. കേട്ടിട്ടുണ്ടോ?'' 
പ്രകാശന്‍ ഇല്ലെന്നു തലയാട്ടി.
കോഫി നുണഞ്ഞുകൊണ്ട് വൃദ്ധന്‍ ടി.വി. ഓണ്‍ ചെയ്തു.
''ഞാനീ സിനിമ നൂറുതവണയെങ്കിലും കണ്ടിട്ടുണ്ട്. സത്യം പറയാമല്ലോ, ഇന്ന് ഒപ്പമിരുന്നു കാണാന്‍ താന്‍ കൂടെ വന്നിരുന്നെങ്കിലെന്ന് അഗാധമായി ഞാനാഗ്രഹിച്ചു. ഓള്‍ ദ യൂണിവേഴ്സ് കോണ്‍സ്പെയേഡ് ടു അച്ചീവ് ഇറ്റ്. താനിരിക്ക്.''
ഇറാനിലെ ദരിദ്ര ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു ബാലന്റേയും അവന്റെ സഹോദരിയുടേയും ജീവിതം പ്രകാശന്‍ ഇമവെട്ടാതെ നോക്കിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ അവന്റെ ഷൂസില്‍ കയറിയ സൂചിക്കല്ലുകള്‍ പ്രകാശന്റെ ഹൃദയത്തില്‍ നൊന്തു കയറി. സിനിമയുടെ അവസാന ഭാഗം കാണാന്‍ കഴിയാത്തവിധം പ്രകാശന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
''യൂ ആര്‍ എ കൈന്‍ഡ് മാന്‍'' വൃദ്ധന്‍ തോളത്തു തട്ടി പ്രകാശനെ ചേര്‍ത്തുപിടിച്ചു.

''ഞാനെത്രയോ വീടുകളിലും സ്ഥാപനങ്ങളിലും കയറി പണവും സ്വര്‍ണ്ണവും മോഷ്ടിച്ചിരിക്കുന്നു. മകളുടെ വിവാഹത്തിന് അച്ഛന്‍ സ്വരൂപിച്ച് വച്ചിരുന്ന പണം, മരിച്ചുപോയ പട്ടാളക്കാരന്റെ വിധവയുടെ ആനുകൂല്യപ്പണം, വീടുണ്ടാക്കാന്‍ വസ്തുവിറ്റ് കൂട്ടിവച്ചിരുന്ന പണം... പക്ഷേ...''
പ്രകാശന്‍ പറഞ്ഞതു കേട്ടപ്പോഴുണ്ടായ അമ്പരപ്പും ദുഃഖവും വെറുപ്പും ജ്യോതിയെ ഭ്രാന്തു പിടിപ്പിച്ചു. അവള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകാശന്‍ അവളുടെ വാ പൊത്തിപ്പിടിച്ചു. അല്പം കഴിഞ്ഞു മെല്ലെ പിടി മാറ്റി, മിഴിച്ചിരുന്ന ജ്യോതിയെ നോക്കാതെ വസ്ത്രം മാറി പേഴ്സും മൊബൈലും എടുത്ത് ഇരുട്ടിലേക്കു നടന്നു.
''ബഹുമാനപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ മുന്‍പാകെ വര്‍ക്കല എസ്.എന്‍. നഗര്‍ ഗോതമ വിലാസത്തില്‍ ശുദ്ധോദനന്‍ മകന്‍ ബാലന്‍ എന്നറിയപ്പെടുന്ന ഗൗതമന്‍ ബോധിപ്പിക്കുന്ന പരാതി എന്തെന്നാല്‍...''
''എത്ര ദിവസമായി?'' പൊലീസുകാരന്‍ ചോദിച്ചു.
''പതിമൂന്നു ദിവസമായി സാറേ?''
''എവിടെന്നാ കാണാതായത്?''
''ഭാര്യേടേം മോന്റേം കൂടെ വീട്ടില്‍ ഉറങ്ങാന്‍ കിടന്നതാ. വെളുത്തപ്പോള്‍ മുതല്‍ കാണാനില്ല.'' ബാലന്‍ പറഞ്ഞു.
''അപ്പോ പേടിക്കാനില്ല. അവന്‍ ബുദ്ധനായി തിരിച്ചുവരും.'' പൊലീസുകാരന്‍ ചിരിച്ചു.
''ങ്ഹും... താനങ്ങോട്ട് മാറിനില്‍ക്ക്.'' പെട്ടെന്നു ഭാവം മാറിയ പൊലീസുകാരന്‍ സംശയദൃഷ്ടിയോടെ ബാലനെ അടിമുടി നോക്കിപ്പറഞ്ഞു.
ചീറ്റയെന്ന വട്ടപ്പേരുള്ള എസ്.ഐ. വരുന്നതും കാത്തു വര്‍ക്കല പൊലീസ് സ്റ്റേഷന്റെ വരാന്തയില്‍ അനന്തമായി നിന്നപ്പോള്‍ ബാലന്റെ മനസ്സ് ക്രമേണ നിര്‍വ്വാണാവസ്ഥ പ്രാപിച്ചു.

ഇരുപത്തി ആറായിരം രൂപയും പതിനഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണവുമായി പത്തനാപുരം ഡ്രീംസ് തിയേറ്ററിന്റെ സമീപത്തുള്ള ഗയാ ഗാര്‍ഡന്‍സും മുറ്റത്തു മാവുള്ള ഇരുനില വീടും അന്വേഷിച്ചു ജ്യോതി ഒരുപാട് അലഞ്ഞു. ഒടുവില്‍ അങ്ങനെയൊരിടം ഇല്ലെന്നറിഞ്ഞപ്പോഴുണ്ടായ ദു:ഖത്തോടെ അവള്‍ ഗോതമ വിലാസത്തില്‍ മടങ്ങിയെത്തി.
എല്ലാ ദുഃഖവും ആഗ്രഹങ്ങള്‍ നല്‍കുന്ന ദുരിതമാണെന്ന ബോധോദയം ഉണ്ടായ ബാലന്, പക്ഷേ, സ്വന്തം പേര് ഓര്‍ത്തെടുക്കാനായില്ല. മുന്നില്‍ ഞെട്ടലോടെ നില്‍ക്കുന്ന മകളുടെ പേരും അയാള്‍ മറന്നു. ഉടലുകളില്‍നിന്നു സ്വതന്ത്രരായ അനേകമനേകം പേരുകള്‍ അയാള്‍ക്കു ചുറ്റും കൂട്ടംകൂടാന്‍ തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com