മഗ്ദലീന: എബ്രഹാം മാത്യു എഴുതിയ കഥ

യേശു ഇന്നലെ തീരെ ഉറങ്ങിയില്ല. മൂന്നു ദിവസത്തെ യാത്ര കഴിഞ്ഞാണെത്തിയത്. പോയതു പോലെ വന്നിറങ്ങിയതും ആരും കണ്ടില്ല.
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

യേശു ഇന്നലെ തീരെ ഉറങ്ങിയില്ല. മൂന്നു ദിവസത്തെ യാത്ര കഴിഞ്ഞാണെത്തിയത്. പോയതു പോലെ വന്നിറങ്ങിയതും ആരും കണ്ടില്ല. ആര്‍ക്കും ഒരു സംശയവും തോന്നാതെ ഒരു കള്ളനെപ്പോലെ പാത്തുംപതുങ്ങിയുമാണു വന്നത്. പത്തു രണ്ടായിരം വര്‍ഷമായി കാത്തിരിക്കുന്നവരെ ഇനിയും ബുദ്ധിമുട്ടിക്കണോ എന്നു വിചാരിച്ചു. 

അനുവാദം തേടി യേശു പിതാവിനെ കാണാന്‍ ചെന്നു. വലിയൊരു വെള്ള സിംഹാസനവും അതിന്മേല്‍ ഒരുവന്‍ ഇരിക്കുന്നതും യേശു കണ്ടു. അവന്റെ സന്നിധിയില്‍നിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി. മരിച്ചവര്‍ ആബാലവൃദ്ധം വന്ന് ആ സിംഹാസനത്തിനു മുന്നില്‍ കുമ്പിടുന്നത് യേശു കണ്ടു. അവന്റെ കണ്ണ് അഗ്‌നിജ്വാല. തലയില്‍ അനേകം രാജമുടികള്‍, അവന്‍ രക്തം തളിച്ച ഉടുപ്പു ധരിച്ചിരുന്നു. അവനു ചുറ്റും സൂര്യകാന്തം, നീലരത്‌നം, മാണിക്യം, മരതകം, നഖവര്‍ണ്ണി, ചുവപ്പുകല്ല്, പീതരത്‌നം, ഗോമേദകം, പുഷ്യരാഗം തുടങ്ങിയവ വെട്ടിത്തിളങ്ങുന്നതും കാണായി. തീ കലര്‍ന്ന ഒരു പളുങ്കു കടല്‍ അവനു ചുറ്റും തിരയില്ലാതെ ഒഴുകി. അവന്റെ വലതു ഭാഗത്ത് ഒരു വെള്ളക്കുതിരയും ഇടതുഭാഗത്ത് ഒരു മഞ്ഞക്കുതിരയും കാണായി. യേശു പിതാവിനു മുന്നില്‍ കുമ്പിട്ടു. പിതാവിന്റെ ദൈനംദിന ജോലികള്‍ എത്ര കഠിനം എന്ന് യേശു കണ്ടു. ഏഴു ദൂതന്മാര്‍ ഉടന്‍ കാഹളവുമായി അവിടെ വന്നുചേര്‍ന്നു. യേശു കുമ്പിട്ടപ്പോള്‍ അരമണിക്കൂര്‍ നേരം സ്വര്‍ഗ്ഗത്തില്‍ മൗനത ഉണ്ടായി.

യേശു എഴുന്നേറ്റ് ഒരു ഭാഗത്ത് ഒതുങ്ങിനിന്നു. അപ്പോള്‍ ഒന്നാമത്തെ ദൂതന്‍ കാഹളം ഊതി. അപ്പോള്‍ രക്തം കലര്‍ന്ന കന്മഴയും തീയും ഭൂമിമേല്‍ വീണു. ഭൂമിയുടെ മൂന്നിലൊന്ന് വെന്തുപോയി. വൃക്ഷങ്ങളില്‍ മൂന്നിലൊന്നും വെന്തുപോയി. പച്ചപ്പുല്ലില്‍ മൂന്നിലൊന്നും പക്ഷിമൃഗങ്ങളില്‍ മൂന്നിലൊന്നും വെന്തുപോയി. പിതാവേ ഭൂമിയെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്തിനെന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും വേണ്ടെന്നുവച്ചു. മകനെ പീഡിപ്പിച്ചവരോട് എത്രകൊല്ലം കഴിഞ്ഞാലും പിതാവ് ക്ഷമിക്കുകയില്ലല്ലോ എന്നും യേശു ഓര്‍ത്തു. ഇനി ഭൂമിയിലേക്ക് പോകുവാന്‍ പിതാവ് സമ്മതിക്കുമോ എന്തോ? 
പോകാതിരിക്കാന്‍ പറ്റുകയില്ല. വീണ്ടും വരും എന്നും പറഞ്ഞിട്ടാണു പോന്നത്. 
യേശു പിതാവിനോട് കാര്യം പറഞ്ഞു.
-പോകാന്‍ പറ്റിയ സമയമായോ?
-പിതാവേ പറ്റിയ സമയമെന്നൊന്നില്ല. പോകുന്ന സമയമാണ് പറ്റിയ സമയം. 
-ഒരു തവണ നീ പോയി. നിന്നെ കൊല്ലാതെ കൊന്നു. പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം നീക്കണേന്നും  പറഞ്ഞ് നീ വലിയ വായിലെ നെലവിളിച്ചു.
താന്‍ ഒരു ഭീരുവാണോ എന്ന് പിതാവിന് സംശയം; അതാ ഒരു മാതിരി കുത്തുവാക്ക്.
-എങ്കിലും എന്റെ ഇഷ്ടം പോലെ അല്ല അവിടുത്തെ ഇഷ്ടം പോലേന്നും ഞാന്‍ പറഞ്ഞിരുന്നല്ലോ. 
-അതുകൊണ്ടല്ലേ നിന്നെ കല്ലറേന്നിങ്ങോട്ട് എടുപ്പിച്ചത്.

കടുപ്പിച്ചാണു പിതാവു പറഞ്ഞത്. പിതാവിന്റെ രോഷം തിരിച്ചറിഞ്ഞ്, രണ്ടാമത്തെ ദൂതന്‍ കാഹളം ഊതി. അപ്പോള്‍ ഒരു മഹാനക്ഷത്രം താഴേക്കു വീണു. അത് നദികളില്‍ പതിച്ചു. നദികളില്‍ മൂന്നിലൊന്നും നീരുറവകളില്‍  മൂന്നിലൊന്നും കയ്പായി. ആ നക്ഷത്രത്തിന് കയ്പ് നിറഞ്ഞ മൂകതാരകം എന്നു പേര്‍. കൊടും കയ്പാര്‍ന്ന വെള്ളം കുടിച്ച് മൂന്നിലൊന്നു മനുഷ്യര്‍ തല്‍ക്ഷണം ചത്തുപോയി.  മറ്റൊരു ദൂതന്‍ ഒരു മഞ്ഞക്കുതിരയെ ഒരുക്കി. മരണം എന്ന മഹാനാമം ധരിച്ച ആ കുതിരമേല്‍ യേശു യാത്രയായി.
ഗോല്‍ഗോഥ പ്രദേശത്താണ് വന്നിറങ്ങിയത്. കുരിശില്‍ തറച്ചിടത്തുതന്നെ ആദ്യം വരണമെന്നു തോന്നി. ഓര്‍മ്മകള്‍ പിടഞ്ഞു. കൈകാലുകള്‍ കുഴയും പോലെ. രണ്ടായിരം കൊല്ലം മുന്‍പുള്ള വേഷം കണ്ടാല്‍ ആളുകള്‍ ഓടിക്കൂടും; കളിയാക്കും. വേലിക്കെട്ടു തകര്‍ന്നുകിടന്ന ഒരു മുന്തിരിത്തോട്ടത്തില്‍  കയറിനിന്ന് യേശു വസ്ത്രം മാറി; മൂത്രം വീഴ്ത്തി തൃപ്തനായി. 
ഗോല്‍ഗോഥ...

തലയോട്ടിപോലെ തോന്നിപ്പിച്ച ഒരു കുന്നുണ്ടായിരുന്നു; അന്ന്. കുരിശു കുഴിച്ചിട്ടത് കിഴക്കോട്ടു മാറിയായിരുന്നു. കുരിശു നിലത്ത് നിവര്‍ത്തിയിട്ട് അതിന്മേല്‍ ചേര്‍ത്തു മലര്‍ത്തിക്കിടത്തി കാല് രണ്ടും ചേര്‍ത്തുവച്ച് ആണി തുളച്ചുകയറ്റുകയായിരുന്നു. കൈവെള്ളയില്‍ ആണി കയറിയപ്പോള്‍ ചോരക്കട്ടകള്‍ തെറിച്ച് പുല്ല് കരിഞ്ഞുപോയി. കുരിശു നിവര്‍ത്തി കുഴിയിലേക്കുറപ്പിച്ചപ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് അലറി. അപ്പോള്‍ മൂന്നുനാലുപേര്‍ ഉച്ചത്തില്‍ ചിരിച്ചു. 

യേശു വേഷം മാറി ഗോല്‍ഗോഥയുടെ പടവിലിരുന്നു. കുരിശു നിന്നിടത്ത് ഒരു ബസ് സ്റ്റേഷന്‍. മാര്‍ത്തേം മറിയേം വന്നു നിന്നു കരഞ്ഞിടത്ത് ഒരു ഇസ്ലാം പള്ളി! എല്ലായിടവും ആള്‍ക്കൂട്ടം. ഇത്രേം മനുഷ്യരോ? അക്കാലത്ത് ഗോല്‍ഗോഥ പ്രദേശത്ത് ഏഴ് വീടുകളും രണ്ട് കുതിരപ്പന്തികളുമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ ഒരേസമയം ക്യൂവില്‍ മുപ്പതിനായിരം പേര്‍. 
ആള്‍ക്കൂട്ടത്തിന്റെ തിക്കുംതിരക്കും കണ്ട് യേശുവിനു തലകറങ്ങി. ചിലര്‍ കരയുന്നു. മണ്ണില്‍ ചുംബിക്കുന്നു. പല ഭാഷകളില്‍ വിഷാദിക്കുന്നു. ചിത്രശലഭങ്ങളായി പാറി ചിത്രങ്ങളെടുക്കുന്നു. മാതളനാരകച്ചെടികള്‍, ഓറഞ്ചുമരങ്ങള്‍. അത്തിവൃക്ഷങ്ങള്‍... പിന്നെ പേരറിയാത്ത പത്ത് മുപ്പതിനങ്ങള്‍ അന്നു കുരിശുമായി കുന്നു കയറുമ്പോള്‍ തണല്‍ കുറവായിരുന്നു. മുള്‍ച്ചെടികളുണ്ടായിരുന്നു. മുന്തിരി കക്കാന്‍ പോയി തിരികെ വരുന്ന കുറുക്കന്മാര്‍ വഴിമാറി ഭയന്നു നോക്കുന്നതും കണ്ടിരുന്നു. 

യേശുവിനു വിശന്നു. ഗോല്‍ഗോഥയ്ക്കു തൊട്ടു താഴെ ഒരു സൂപ്പര്‍ മാര്‍ക്കറ്റു കണ്ട്; കയറിച്ചെന്നു. ഒരു പാക്കറ്റ് ഓറഞ്ച് ജ്യൂസും രണ്ട് കഷണം കേക്കും മേടിച്ചു തിന്നു. ഷേക്കലില്‍ തന്നെ; കാലം മാറി മനുഷ്യര്‍ മാറി. ഷേക്കലിനു മാത്രം മാറ്റമില്ല. ഓറഞ്ച് ജ്യൂസ് കുടിച്ചപ്പോള്‍ ഓക്കാനം തോന്നി. പണ്ടിതേ സ്ഥലത്തു വച്ചാണല്ലോ കയ്പുനീര്‍ കുടിപ്പിച്ചത്. യേശുവിനെ സെക്യൂരിറ്റി ഓഫീസര്‍ ശ്രദ്ധിച്ചു. 
-വൈ യു ആര്‍ നോട്ട് മൂവിംഗ്...?
ഉടന്‍ പോകാമെന്ന് യേശു പറഞ്ഞു.
-ഫ്രം വേര്‍...?
-യേശു ഒന്നു പതുങ്ങി...
പാസ്സ്പോര്‍ട്ട് ചോദിക്കുമോ എന്നു ഭയന്നു. 
നസ്രേത്തുകാരനെന്ന് പരിചയപ്പെടുത്തി.
-നസ്രേത്ത്...?
സ്ഥലം പറഞ്ഞതു പ്രശ്‌നമായി. സെക്യൂരിറ്റി ഓഫീസര്‍ ഉഴിഞ്ഞുനോക്കി. യേശുവിന് മനസ്സിലായില്ല. നസ്രേത്ത് പലസ്തീന്‍ അതോറിറ്റിക്കു കീഴിലും ഗോല്‍ഗോഥ യഹൂദ ഭരണത്തിലുമാണെന്ന് അറിയുകയില്ലേ എന്ന് അയാള്‍ ചോദിച്ചു. അയാളും ജൂതനായിരുന്നു. യേശു തറയില്‍ കുത്തിയിരുന്ന് മണ്ണില്‍ എന്തോ എഴുതി. ഇനി ഗലീലയിലും കപ്പര്‍നഹൂമിലും പോകണമെന്നുണ്ട്. മഗ്ദലനയില്‍ പോകണമെന്നുണ്ട്. മഗ്ദലനക്കാരി മറിയയുടെ ആയിരം തലമുറകളിലൊന്നില്‍ അതേപോലെ കുസൃതി മുഖവും ചുരുണ്ടമുടിയും ഗോതമ്പിന്റെ നിറവും നുണക്കുഴിയുള്ള ഒരു പെണ്‍കിടാവ് കാണാതിരിക്കുമോ? 
യേശുവിന്റെ കണ്ണുകള്‍ നനഞ്ഞു. 

മഗ്ദലനക്കാരി മറിയ വീഞ്ഞായിരുന്നു. സുഗന്ധതൈലം കാലുകളില്‍ പൂശി നീണ്ടുചുരുണ്ട മുടിക്കൊണ്ടവള്‍ കാല്‍ തുടക്കുമായിരുന്നതു കാണുമ്പോള്‍ പത്രോസും യോഹന്നാനും ഊറിച്ചിരിക്കുമായിരുന്നതോര്‍ത്ത് യേശു മന്ദഹസിച്ചു. ഗോല്‍ഗോഥയിലേക്ക് ഒരു സംഘം ബഹളമുണ്ടാക്കി കടന്നുവന്നു. പരസ്പരം മാറിനിന്ന് ഫോട്ടോ എടുത്തു. കറുത്ത നിറമുള്ള ഒരു കുറിയ മനുഷ്യന്‍ അത്യുച്ചത്തില്‍ സ്‌തോത്രം എന്നു വിളിച്ചുകൂവി. അരമഥ്യക്കാരന്‍ ജോസഫിന്റെ കല്ലറ എന്ന് ഒരാള്‍ ചൂണ്ടി പറഞ്ഞു. ഒരു പാറക്കെട്ടും ഗുഹയും കാണായി. യേശു അപ്പോഴാണതു കണ്ടത്. 
പണ്ടിതുണ്ടായിരുന്നോ?
ആര്‍ക്കറിയാം.
യേശുനെ വച്ച കല്ലറ!
വന്നവള്‍ അത്ഭുതം പങ്കുവച്ചു. 
ഫോട്ടോ എടുക്കാന്‍ ഉന്തും തള്ളുമുണ്ടായി. ഉന്തിലും തള്ളിലും പെട്ട് ഒരു മാതളനാരകച്ചെടിയുടെ മണ്ട ഒടിഞ്ഞുവീണു. 
യേശു ഓര്‍ത്തു. തന്നെ അടക്കിയെന്നോ? എന്തിന്? കുരിശില്‍വച്ചുതന്നെ തീര്‍ന്നായിരുന്നല്ലോ. രണ്ടായിരം വര്‍ഷം മുന്‍പുള്ള ഒരു മൃതദേഹാനുഭവം എങ്ങനെ ഓര്‍ത്തെടുക്കും? യേശു അറിയാതെ തുമ്മി. കര്‍ച്ചീഫെടുത്തിട്ടില്ല.
ഒരു സന്ദര്‍ശകന്‍ വന്ന് യേശുവിനെ തൊട്ടു. 
-സെല്‍ഫി...?

യേശുവിന് ഭാഷ മനസ്സിലായില്ല. യേശു ഒരു അത്തിമരത്തിന്റെ തണലിലേക്ക് പിന്മാറി നിന്നു. അയഞ്ഞ വെള്ളനിറത്തിലുള്ള നീണ്ട മേല്‍വസ്ത്രവും ജീന്‍സുമായിരുന്നു യേശുവിന്റെ വേഷം. നാടോടുമ്പോള്‍ നടുവെ ഓടണമല്ലോ. താടിയും മുടിയും മാറ്റിയിരുന്നില്ല. ക്ഷുരകന്മാരെ ആരെയും യേശു കണ്ടില്ല. ഒത്തുവന്നിരുന്നെങ്കില്‍ ക്ലീന്‍ ഷേവ് ചെയ്യുമായിരുന്നു. തന്റെ യൗവ്വനത്തില്‍ നസ്രേത്ത് ഗ്രാമത്തില്‍ എട്ട് ഷുരക കുടുംബങ്ങള്‍ ജീവിച്ചിരുന്ന കാര്യം യേശു ഓര്‍ത്തു; ഒരിക്കല്‍ ക്ഷൗരം ചെയ്യാന്‍ പുറപ്പെട്ടതുമായിരുന്നു. മഗ്ദലനക്കാരി മറിയ പിണങ്ങി; നീണ്ട മുഖത്തിന് താടിയും മുടിയുമാണു പറ്റിയതെന്ന് കൈകളില്‍ ചുംബിച്ചുകൊണ്ട് അവള്‍ മന്ത്രിച്ചു; യേശു ക്ഷുരകനെ മറന്നു.
-സെല്‍ഫി
ആള്‍ക്കൂട്ടം അടുത്തേക്കു വരുന്നു.
യേശുവിന്റെ അപരിചിതത്വം തീര്‍ക്കാന്‍ അവര്‍ സ്വയം പരിചയപ്പെടുത്തി.
- ഇന്ത്യ, കേരള...
മറ്റു ചിലര്‍ പറഞ്ഞു.
-ടൂറിസ്റ്റ് ...


യേശു, ഇംഗ്ലീഷ് വാക്കുകള്‍ പഠിച്ചു വരുന്നതേയുള്ളൂ. കുറച്ചൊക്കെ അറിയാം. ചെറുപ്പത്തില്‍ ഇംഗ്ലീഷ് കേട്ടിട്ടുണ്ടായിരുന്നില്ല. അന്ന് ആരാമ്യ ഭാഷയായിരുന്നു. മഗ്ദലനക്കാരി യേശുവിന് തുകല്‍ ചുരുളില്‍ സോളമന്റെ ഉത്തമഗീതം പകര്‍ത്തിക്കൊടുത്തയക്കുമായിരുന്നതും ആരാമ്യഭാഷയിലായിരുന്നു. 
തിരക്ക് കൂടിവന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ യേശുവിനെ നോക്കി വിളിച്ചു: 
-ക്രൈസ്റ്റ്
മറ്റെയാള്‍ തര്‍ക്കിച്ചു.
- ആന്റി ക്രൈസ്റ്റ്...

വീണ്ടും അവര്‍ യേശുവിനെ നോക്കി പിറുപിറുത്തു. ഒരുവന്‍ ഇന്ത്യ എന്നാവര്‍ത്തിച്ചതു കേട്ടപ്പോള്‍ യേശുവിന്‍ സ്‌നേഹം വന്നു. തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ എത്രയോ കഷ്ടപ്പെട്ട് കശ്മീരില്‍ എത്തപ്പെട്ടത് യേശു ഓര്‍ത്തെടുത്തു. അവിടെ ഒരു മലയടിവാരത്തില്‍ ധ്യാനവും യോഗയുമായി കഴിഞ്ഞതും രണ്ടു കൊല്ലം കഴിഞ്ഞ് അമ്മയെ ഓര്‍ത്ത് വിഷമഭാരത്താല്‍ തിരികെ വന്നതും... ഇന്ത്യയെ ഓര്‍ത്ത് യേശു കണ്ണീര്‍ തുടച്ചു. തര്‍ക്കിക്കുന്നവരും കലഹപ്രിയരുമാണോ ഇന്ത്യക്കാര്‍ എന്ന് യേശു ചിന്തിച്ചു. ഇന്ത്യയുടെ തെക്കുനിന്നുമാണു വരുന്നതെന്ന് ഒരുവന്‍ വിളിച്ചു പറഞ്ഞു. 
തെക്കുതെക്കൊരു ദേശത്ത്...
സംഘം കൈ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു.

പ്രായം ചെന്ന ഒരു മുന്തിരിവള്ളിയില്‍ യേശു പിടിച്ചുനിന്നു. ഗോല്‍ഗോഥയില്‍ അന്ന് മുന്തിരി വളര്‍ന്നിരുന്നില്ല. തൊട്ടുതാഴെ കുറേ ബസുകള്‍ കൂടിക്കിടന്ന് ഇരമ്പുന്നു. ഗോല്‍ഗോഥ ഒരു ബസ് സ്റ്റേഷനായതു കണ്ട് യേശു പൊട്ടിച്ചിരിച്ചു. യേശു ചിരിച്ചതുകണ്ട് സെല്‍ഫിക്കു സമ്മതം എന്നര്‍ത്ഥമാക്കി ആള്‍ക്കൂട്ടം യേശുവിനെ വീണ്ടും വട്ടമിട്ടു. മുന്തിരിച്ചെടി ആ തിരക്കില്‍ ഉലഞ്ഞു. പഴുത്തു പാകമായ നാലുകുലകള്‍ ഉലഞ്ഞിളകി; കുറെ കായ്കള്‍ നിലത്തു വീണു. മുന്തിരിക്കായി പിന്നെ കടിപിടി. മുന്തിരി കണ്ടിട്ടില്ലേ? 

-നിങ്ങളില്‍ ഒരപ്പനോട് മകന്‍ അപ്പം ചോദിച്ചാല്‍ അവന് കല്ലുകൊടുക്കുമോ? മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ? ദോഷികളായ നിങ്ങള്‍ക്ക് മക്കള്‍ക്ക് നല്ലദാനം ചെയ്യാനറിയാമെങ്കില്‍ എന്റെ പിതാവ് എത്രയധികം നല്‍കുമെന്ന് താന്‍ പണ്ടു പറഞ്ഞത് നിവൃത്തിയായല്ലോ എന്നോര്‍ത്ത് യേശു അവിടെനിന്നും പിന്‍വാങ്ങി. ഗോല്‍ഗോഥയിലെ ജനപ്പെരുപ്പം കാരണം അവിടെനിന്നും യേശു മഗ്ദലനയിലേക്ക് നടന്നു. ഗോല്‍ഗോഥയില്‍നിന്നും മഗ്ദലനയിലേക്കും നസ്രേത്തിലേക്കും കുറുക്കുവഴികള്‍ ഉണ്ടായിരുന്നു. കാട്ടത്തികളും ഓറഞ്ചുവൃക്ഷങ്ങളുമായിരുന്നു അന്നു കൂടുതല്‍. മാതളനാരങ്ങച്ചെടികളും കാണാമായിരുന്നു. ഇന്നതൊന്നുമില്ലെന്നു കണ്ട് യേശു പതുങ്ങിനിന്നു. ദൂരെ, ഹേരോദിന്റെ കൊട്ടാരം പൊളിഞ്ഞിടത്ത് ഒരു പട്ടാള ക്യാമ്പ് കാണുന്നു.

തോക്കുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയോട് യേശു ബദ്ലഹം തിരക്കി. അവള്‍ തോക്കിന്‍ മുനകൊണ്ടും കണ്ണിന്‍മുനകൊണ്ടും യേശുവിനെ അളന്നു. നീ ജുതന്‍ തന്നെയോ എന്നവള്‍ ചോദിച്ചതിന് ഞാന്‍ ഒരു ജൂതനാകുന്നുവെന്ന് യേശു മറുപടി പറഞ്ഞു. എങ്കില്‍ ജൂതര്‍ ബദ്ലഹേമില്‍ പ്രവേശിക്കുന്നത് നിഷിദ്ധമായിരിക്കുന്നുവെന്നു പറഞ്ഞ് അവള്‍ സ്വന്തം കുഞ്ഞിനെപ്പോലെ തോക്ക് മാറില്‍ അമര്‍ത്തിപ്പിടിച്ച് ഉലാത്തുവാന്‍ തുടങ്ങി. യേശു അവളെ നോക്കി ഇവള്‍ പറയുന്നത് ഇവള്‍ തന്നെ അറിയുന്നില്ലല്ലോ എന്ന് ഖേദിച്ചുകൊണ്ട് നടന്നു. യേശു മഗ്ദലന ഗ്രാമത്തിലേക്ക് നടന്നു. പാഞ്ഞുപോകുന്ന കാറുകളും പൊടിപടലങ്ങളില്ലാത്ത കാറ്റും. മുന്തിരിത്തോട്ടങ്ങളിലേക്കുള്ള ഊടുവഴി പിന്നിട്ടു. പെട്ടെന്ന് ആള്‍ക്കൂട്ടം മുന്നില്‍ വന്നുനിന്നു. ദ്വിഭാഷിയും പത്തിരുപതു പേരും ഇറങ്ങിവന്ന് യേശുവിനെ പൊതിഞ്ഞു. 
യേശു ഭയന്നു. 
-യേശുവല്ലേ
-നീ യേശുവിനെപ്പോലെ
-സത്യം പറ
ദ്വിഭാഷി ഹീബ്രുവിലേക്ക് സംശയങ്ങള്‍ പകര്‍ന്നു.
യേശു മറുപടി പറയാന്‍ ആലോചിച്ചു. ദാഹിച്ചപ്പോള്‍ അവര്‍ അവന് കുപ്പിവെള്ളം കൊടുത്തു. ആള്‍ക്കൂട്ടത്തിലൊരുവന്‍ പരിചയപ്പെടുത്തി: 
-ഞാന്‍ ബിഷപ്പ്
-ഞാന്‍ പാസ്റ്റര്‍
-ഞാന്‍ അഭിവന്ദ്യന്‍
-ഞാന്‍ പരിശുദ്ധന്‍
ഓരോരുത്തരും സ്വയം വിശേഷണങ്ങള്‍ക്കൊപ്പം ഓരോരോ നീണ്ട പേരുകള്‍കൂടി പറഞ്ഞു. 
-നിന്റെ നാടുകാണാന്‍ വന്നു.
-പക്ഷേ, നിന്നെ കാണുമെന്നു കരുതിയില്ല.
അവര്‍ സെല്‍ഫിയെടുത്തു. 
പക്ഷേ, ഒരു ഫോട്ടോയിലും യേശുവിന്റെ ശിരസ്സും മുഖവും പതിക്കുന്നില്ല എന്നത് അവര്‍ അറിഞ്ഞില്ല.  അവരെല്ലാം ഒറ്റ സ്വരത്തില്‍ എന്തോ പറയാന്‍ ആരാഞ്ഞു. ആവരുടെ മുഖം കടുത്തു. അമര്‍ഷവും കാണായി. 
-നീ രണ്ടാമതും വരേണ്ടിയിരുന്നില്ല.
പരിഭാഷകനങ്ങനെ തന്നെ തറപ്പിച്ച് മൊഴിമാറ്റം നടത്താന്‍ ഭയം തോന്നി. യേശു എന്തു വിചാരിക്കും?
-രണ്ടാം വരവ് വേണ്ടായിരുന്നു. 
-യേശു രണ്ടാമതും വന്നാല്‍ എല്ലാം തീര്‍ന്നില്ലേ?
-വരും വരും എന്ന തോന്നലാണ് വേണ്ടത്.
-ആദ്യ വരവു തന്നെ ധാരാളം
-യൂദാസിനെപ്പോലെ ചതിയന്‍. 
പെട്ടെന്ന് യൂദായെ ഓര്‍മ്മവന്നു. 


പാവത്താന്‍ സെന്റിമെന്റലായിരുന്നു. അവന്‍ തന്നെ ഒറ്റുകൊടുത്തില്ലായിരുന്നെങ്കില്‍ എങ്ങനെ പ്രവചനം നിറവേറുമായിരുന്നു? പാവം യൂദാ. ദൈവം അവനെക്കൊണ്ട് ചെയ്യിപ്പിച്ചതായിരുന്നു. അവന് മുപ്പത് വെള്ളിക്കാശിന്റെ യാതൊരാവശ്യവും അന്നില്ലായിരുന്നു. ദൈവം പറഞ്ഞു; അവന്‍ കേട്ടു. അതുകൊണ്ട് എന്തുപറ്റി? സ്വര്‍ഗ്ഗത്തില്‍ അവനുണ്ട്. സ്വര്‍ഗ്ഗത്തില്‍ സംഭാവനയായി വരുന്ന വെള്ളിക്കാശ് എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിലാണ് യൂദാ. ശാപവാക്കുകള്‍ കേട്ട് യേശു നടന്നു. മൂന്നിടത്ത് പലസ്തീന്‍ പൊലീസ് യേശുവിനെ തറപ്പിച്ചുനോക്കി. തടിയും സൗന്ദര്യവും ഉള്ളവരെ കാണുമ്പോള്‍ പണ്ടേ അവരിങ്ങനെയാ.
വഴി പിണഞ്ഞ് യേശു മുന്തിരിത്തോട്ടത്തിലെത്തി. കായ്കള്‍ ആയിട്ടില്ല. വള്ളിത്തലപ്പുകളില്‍ പൂക്കള്‍ കണ്ടു. നീലമേഘങ്ങള്‍ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലായി ഒഴുകിനടക്കുന്നു. കഴുത്തില്‍ വെള്ള മറുകുള്ള നാല് മീവല്‍ പക്ഷികള്‍ മുന്തിരി പഴുത്തുവോ എന്നു നോക്കി തിരികെപ്പോകുന്നു. 
മഗ്ദലീന എവിടെയായിരിക്കും?
നല്ല തണുപ്പു തോന്നുന്നു.
ആയിരമായിരം കൊല്ലങ്ങളിലെ അനുരാഗം
അനുനിമിഷം അടുത്തേക്കു വരുന്നു.
ഒരിക്കല്‍ മഗ്ദലീനക്കാരി എഴുതിക്കൊടുത്തയച്ചു.
''എന്റെ അമ്മയുടെ പുത്രന്‍മാര്‍
എന്നോടു കോപിച്ചു. 
അവരെന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു  കാവലാക്കി
എന്റെ സ്വന്തം മുന്തിരിത്തോട്ടമോ
ഞാന്‍ കണ്ടിട്ടില്ല താനും
എന്റെ പ്രാണപ്രിയനേ പറഞ്ഞുതരിക
നീ ആടുകളെ മേയ്ക്കുന്നത് എവിടെ? 
പിറ്റേന്ന് യൂദാവശം യേശു മറുപടി കൊടുത്തയച്ചു. പ്രണയപാരവശ്യം അറിയുന്ന ശിഷ്യനായിരുന്നു യൂദാ.
''എന്റെ പ്രിയേ, ഫറവോന്റെ രഥത്തിനു കെട്ടുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു;

നിന്റെ പ്രേമം വീഞ്ഞിനേക്കാള്‍ ലഹരിയുള്ളതാകുന്നു. 
പ്രേമം മരണംപോലെ ബലമുള്ളതും.''
മഗ്ദലീനക്കാരി മറിയയുടെ മാന്ത്രികഭാഷയുള്ള, രണ്ടായിരം തലമുറകള്‍ക്കിപ്പുറമുള്ള ഒരു പെണ്‍കിടാവിനെ കണ്ടുമുട്ടാതിരിക്കില്ല എന്നു യേശു ഉറപ്പിച്ചു. മറിയയെ സ്വന്തമാക്കരുതെന്ന് ചാര്‍ച്ചക്കാര്‍ യേശുവിനെ നിര്‍ബന്ധിച്ചിരുന്നു. ഏകാകിയുടെ ആവശ്യമെന്താണെന്ന് അവര്‍ തിരിച്ചറിയുന്നില്ലയോ എന്നോര്‍ത്ത് യേശു ദുഃഖിച്ചു; യേശു മറിയയെ മാറോടണച്ചു.

എന്റെ കാലശേഷം നീ ആട്ടിയോടിക്കപ്പെട്ടു. നിര്‍മ്മലമായ സ്‌നേഹത്താല്‍ സുഗന്ധപൂരിതയായ നീ വേശ്യയായി വിളിക്കപ്പെട്ടു. മഗ്ദലീന മാപ്പ്; നിനക്കായി ഒന്നും ഞാന്‍ പകരം വയ്ക്കുന്നില്ല. യേശു നിലത്തിരുന്ന് കണ്ണീര്‍ വാര്‍ത്തു. പെട്ടെന്ന് ആ മുന്തിരിത്തോട്ടം നടുങ്ങി. രണ്ട് വെള്ള വേഴാമ്പലുകള്‍ കാട്ടുമരങ്ങളിലെ പൊത്തുകളിലേക്ക് രക്ഷപ്പെട്ടു. തോട്ടത്തിലെ മുള്ളുവേലികള്‍ വിറച്ചു. ജൂതപ്പട്ടാളം തോട്ടം വളഞ്ഞു. 
അവര്‍ അവനെ പിടിച്ചു. 
യേശു നിലത്തു വീണു.
കാവല്‍ക്കാര്‍ അവനെ മുറിവേല്പിച്ചു.
രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വന്നവനെ നീ എവിടെനിന്നും വന്ന് എങ്ങോട്ടു പോകുന്നുവെന്ന് അവര്‍ ചോദിച്ചു.
യേശുവിന്റെ ചോരവാര്‍ന്ന ചുണ്ടുകള്‍ വിതുമ്പി:
മഗ്ദലീന
മഗ്ദലീന...!
ആരും അത് കേട്ടിട്ടുണ്ടായിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com