'ചാവുകടലില്‍ ഉറങ്ങുന്നവര്‍'- മധുപാല്‍ എഴുതിയ കഥ

പ്രിയപ്പെട്ട സുഹൃത്തേ, നിങ്ങളെഴുതുന്നതൊക്കെ എന്നെക്കുറിച്ചുള്ളതാണെന്നും അതില്‍ എന്റെ ജീവിതമുണ്ടെന്നും ഞാനറിയുന്നു
'ചാവുകടലില്‍ ഉറങ്ങുന്നവര്‍'- മധുപാല്‍ എഴുതിയ കഥ


ന്റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത ചില ചീത്തത്തരങ്ങള്‍ നിങ്ങളെന്നോട് കാണിക്കുന്നുണ്ട്. അത് ഞാന്‍ ആരോടും പറയില്ല. അതിനാല്‍ നിങ്ങളെനിക്ക് എന്തു തരും...
പ്രിയപ്പെട്ട സുഹൃത്തേ, നിങ്ങളെഴുതുന്നതൊക്കെ എന്നെക്കുറിച്ചുള്ളതാണെന്നും അതില്‍ എന്റെ ജീവിതമുണ്ടെന്നും ഞാനറിയുന്നു. ദൈവമേ നിങ്ങളോട് എന്റെ കഥ ആരാണു പറയുന്നത്... ശരിക്കും നിങ്ങള്‍ക്ക് എന്നെ അറിയുമോ...? അല്ലെങ്കില്‍ ആരെങ്കിലും എന്നെക്കുറിച്ച് നിങ്ങളോട് പറയുന്നുണ്ടോ...? 

അലന്‍, നിങ്ങള്‍ എവിടെയാണ്...? കഴിഞ്ഞയാഴ്ച മുഴുവനും ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. ആര്‍ക്കും എന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. ബന്ധുക്കളും വീട്ടുകാരും, എന്തിന്... എന്റെ ഡോക്ടര്‍ പോലും എനിക്കൊരു പ്രശ്‌നവുമില്ലെന്ന് പറയുന്നു. 
അലന്‍ നിങ്ങള്‍ക്കറിയാമല്ലോ ഞാന്‍ എന്താണനുഭവിക്കുന്നതെന്ന്...? അയാള്‍ വീണ്ടും വന്നു, ഒരാഴ്ചക്ക് മുന്‍പ്, അപ്പോള്‍ അയാള്‍ പറഞ്ഞതെന്താന്നറിയോ, എവിടെ പോയൊളിച്ചാലും അയാളുടെ റഡാറില്‍നിന്നും എനിക്ക് രക്ഷപ്പെടാനാവില്ലെന്നാ... ഏതു നിമിഷവും അയാള്‍ വരും.  ഇനിയൊരു വരവില്‍ ചിലപ്പോള്‍ എന്താണു സംഭവിക്കുകയെന്ന് എനിക്കറിയില്ല, ഒന്നുകില്‍ ഒരാള്‍ മരിക്കും, അല്ലെങ്കില്‍ രണ്ടുപേരും കൊല്ലപ്പെടും...

ആരോടും പറയരുത്, ചിരിക്കരുത്... നിങ്ങള്‍ സ്വയം പൊങ്ങിപ്പോകരുത്... ഞാനൊരു കാര്യം പറയട്ടെ, ഈ കഴിഞ്ഞ ഒരാഴ്ച ഞാനെന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കിയത് നിങ്ങളിലൂടെയാണ്, എങ്ങനെയെന്നറിയുമോ, നിങ്ങളുടെ ഫോട്ടൊ നോക്കിയിരുന്നു. അപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ എന്നോട് പറഞ്ഞു: വേണി നിന്റെ എല്ലാ അസ്വസ്ഥതകളും ഈ ദിവസം മുതല്‍ ഇല്ലാതാവുന്നു... നീയൊരു പുതിയ ലോകത്തിലേക്ക് സഞ്ചരിക്കുവാന്‍ പോകുന്നു... അലന്‍, എനിക്കറിയില്ല... നിങ്ങളെ നോക്കിയിരുന്നപ്പോള്‍ ഞാനനുഭവിച്ച ശാന്തത... നിങ്ങള്‍ എനിക്ക് ദൈവം തന്നെയാണ്... പറയൂ, ഞാന്‍ യാത്ര തുടങ്ങുന്ന ആ പുതിയ ലോകം ഏതാണ്...? 

വേണി, ഞാന്‍ കണ്ടതും അറിഞ്ഞതുമായ ഒരു ജീവിതമാണ്. അവളെയെനിക്ക് ഇഷ്ടമാണ്. അവളിപ്പോള്‍ മറ്റൊരാളുടെ ഭാര്യയാണ്. അവളെയെനിക്ക് കിട്ടുന്നത് ഒരു ചാറ്റ്‌റൂമില്‍ നിന്നാണ്. സ്ത്രീകളുമായുള്ള സൗഹൃദം, അത് ഏറ്റവും സുന്ദരവും ആകര്‍ഷണവുമാണ്. ആയുസ്സിന്റെ ദൈര്‍ഘ്യമേറ്റുന്നതും മനസ്സ് സദാ യൗവ്വനയുക്തവും ആക്കുന്നതുമാണ്. ഇതെന്നോട് ഒരു സന്ന്യാസി പറഞ്ഞതാണ്. ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: സ്വാമീ അങ്ങയുടെ ജീവിതത്തില്‍ സ്ത്രീകള്‍ എങ്ങനെ വ്യാപിക്കുന്നു...? ഇതിങ്ങനെയാണൊ ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല, എനിക്ക് കാര്യങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന ഒരു ചിന്തയെ അപ്പോഴുണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ ബ്രഹ്മചാരിയായ ഒരാള്‍ എങ്ങനെയാണിതിനെ വ്യാഖ്യാനിക്കുക എന്നറിയാനുള്ള ഒരാഗ്രഹവും എനിക്ക് തോന്നിയിരുന്നു. സ്വാമിയുടെ ജീവിതത്തില്‍ സ്ത്രീകളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍ സ്വാമിക്കറിയാവുന്ന ആണുങ്ങളില്‍ സ്ത്രീജിതന്മാരുണ്ടായിരുന്നു. സ്വാമി എന്നെ അത്രയ്ക്കങ്ങോട്ട് മുന്നോട്ട് കൊണ്ടുപോയില്ല. ഏതെങ്കിലും ഒരു പ്രത്യേക സമയത്തൊരു കഥയായോ എഴുത്തായോ എന്നോടതൊക്കെ പറയുമെന്നു ഞാന്‍ വിശ്വസിക്കുന്നുണ്ട്. സ്വാമിക്കത്രമാത്രം കൂട്ടുകാരും പരിചയക്കാരും ഉണ്ടായിരുന്നു, സ്വാമിയോട് അടുപ്പമുള്ള ആളുകളൊക്കെ അപ്രതീക്ഷിതമായ ചില ജീവിതമാണ് ജീവിക്കുന്നത്. ചിലതൊക്കെ രഹസ്യവും നിഗൂഢവുമാണ് എന്നെനിക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വാമി ഈ കഥകളൊക്കെ ഒരുനാള്‍ എന്നോട് പറയുകതന്നെ ചെയ്യും എന്നു ഞാന്‍ സ്വപ്നം കാണാറുമുണ്ട്. ഈ ആളുകളൊക്കെ പലതരത്തിലുള്ള വേഷങ്ങളുമായി പ്രപഞ്ചം മുഴുവനും അലയുന്നുണ്ട്. ദിക്കറിയാത്ത, ദൃഷ്ടിയില്ലാത്ത ജന്മങ്ങളെന്നൊക്കെ ചിലപ്പോള്‍ സ്വാമി പറയുമെങ്കിലും അവരിലൊക്കെ വ്യക്തമാക്കുവാന്‍ പ്രാപ്തമല്ലാത്ത പൊരുളുകളുമുണ്ട്.

ഒരിക്കല്‍, ഒരു പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് എനിക്ക് പ്രിയപ്പെട്ട, കോളേജ് അദ്ധ്യാപകനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത നിരൂപകനുമായ എന്റെ ഗുരു കൊച്ചിയിലെ ഒരു ഹെറിറ്റേജ് ഹോട്ടലില്‍ ഷൂട്ടിംഗ് നടക്കുന്ന ഒരു സിനിമയുടെ ചര്‍ച്ചയ്ക്കിടയില്‍ കാണിച്ചതാണ് ഈ അവസ്ഥയെ ഞാനാദ്യമായി അനുഭവിക്കുന്നത്. അന്ന് ഞാന്‍ ആ കൂട്ടത്തില്‍ ശിശുവാണ്. സാറിന്റെ പഴയകാല സുഹൃത്തുക്കള്‍, സിനിമയുടെ പ്രൊഡ്യൂസര്‍, ഡി.ഒ.പി, പിന്നെ ആര്‍ട്ട് ഡയറക്ടര്‍, ഫസ്റ്റ് എ.ഡി, ഇവരോടൊപ്പം അസിസ്റ്റന്റ് ആയി ഞാനും. ഇതിലന്ന് ഡ്രിങ്ക്സ് ഉപയോഗിക്കാത്തത് ഞാന്‍ മാത്രം. നോര്‍മല്‍ സിനിമ ഡിസ്‌കഷനും അതിന്റെ കണ്‍ഫര്‍മേഷന്‍സും ആയി ഫസ്റ്റ് സെഷന്‍ കഴിഞ്ഞപ്പോള്‍ ഞാനൊഴികെ സിനിമയുടെ ആളുകള്‍ ഗുഡ്‌നൈറ്റ് പറഞ്ഞു. ഞാനും ഇറങ്ങാന്‍ തുടങ്ങിയതാണ്. അപ്പോള്‍ സാറെന്നെ തടഞ്ഞു. നാളെ നിനക്ക് ഷൂട്ടുണ്ടോ...? ഇല്ലല്ലോ... പിന്നെയെന്തിനിപ്പോ പോണം...? യൂ ആറെ ക്രിയേറ്റിവ് റൈറ്റര്‍... യൂ ഷുഡ് ഒബ്സെര്‍വ് ആള്‍ ദീസ്... പിന്നെയാണ് സാറിന്റെ പഴയകാലത്തിന്റെ കഥകള്‍ പറഞ്ഞുതുടങ്ങിയത്. 

സ്‌കൂളില്‍ പോവുമ്പോള്‍ സ്ഥിരമായി കണ്ടിരുന്ന എണ്ണ ചെട്ടിയാരുടെ ചക്കിനടുത്തിരിക്കുന്ന നീലദാവണിക്കാരി, അവളുടെ പ്രായത്തേക്കാള്‍ വലിയ മുലകള്‍, പ്രീഡിഗ്രി ക്ലാസ്സിലെ വനജ, അവളുടെ കല്യാണവും വേര്‍പിരിയലും. കോളേജിലെ കാറ്റ് തിന്നുന്ന പാവാടവിടവുകളും അതില്‍ സാരിയുടുത്ത സാവിത്രിയും. അവള്‍ കല്യാണം കഴിച്ച അന്നു രാത്രിതന്നെ ബാത്ത്‌റൂമില്‍ കെട്ടിത്തൂങ്ങിയതും കഴിഞ്ഞപ്പോള്‍ രണ്ടാമത്തേയും മൂന്നാമത്തേയും സെഷന്‍ തീര്‍ന്നു. നാലാമത്തെ പെഗ്ഗിലേക്ക് ഐസ്‌ക്യൂബുകള്‍ വീഴുമ്പോഴായിരുന്നു (ഇത് കടമെടുത്തതാണ്) സാറിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് സംഗീത എന്ന പേരു പറഞ്ഞത്. ഒരു സൈലന്‍സ്. എല്ലാവരും എന്തോ അരുതാത്തത് കേട്ടതുപോലെ. സാറെങ്ങനെയാവും റിയാക്റ്റ് ചെയ്യുക എന്നറിയാതെ. ചോദ്യം ചോദിച്ചവനെ കൂടെയുള്ളവര്‍ താക്കീതോടെ പിടിച്ചു. ഏതു നിമിഷവും, വേണമെങ്കില്‍ സാറ് വയലന്റായേക്കും എന്നൊരു സിറ്റ്വേഷന്‍ ഫീല്‍ ചെയ്തു. എല്ലാ മുഖങ്ങളും ഡെഡ്. സാറിന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു. സാറൊന്നും മിണ്ടാതെ ഗ്ലാസ്സെടുത്ത് സിപ് ചെയ്ത് താഴെ വച്ചു. ഒന്നു നീട്ടി മൂളി, പിന്നെ സാറിന്റെ ഒരു പൊട്ടിച്ചിരിയും.
ആര്‍ക്കാ ഇപ്പോ സംഗീതയുടെ കാര്യം അറിയേണ്ടത്...? ഷീ ഈസ് എലൈവ്... വെരി മച്ച് എലൈവ്...

അപ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും ശ്വാസം വീണത്. ഒരുമാതിരി പഴയ തെലുങ്ക് സിനിമയിലെ വില്ലന്റെ എന്‍ട്രിപോലായിരുന്ന നിമിഷത്തില്‍നിന്നും റിലീഫിലേക്കുള്ള ജമ്പ് കട്ട് ആയിരുന്നു ആ ചിരി. സംഗീതയെന്ന പെണ്‍കുട്ടിയെ കാണാനും അവളോട് മിണ്ടാനും അവളുടെ സ്‌നേഹവും വാക്കും പിടിച്ചുപറ്റാനുമായി നടന്ന ഒരുപറ്റം ആളുകളുടെ ഒരുകാലത്തിലേക്കുള്ള ഓര്‍മ്മയായിരുന്നു സാറിന്റെ വാക്കുകള്‍. സംഗീതയുടെ പേരു പറഞ്ഞ ആളെ സാറൊന്നുഴിഞ്ഞു നോക്കി.
സോ യൂ വാന്റ് റ്റു നൊ... സംഗീതാസ് സ്റ്റോറി...

ആരും ഒന്നും മിണ്ടിയില്ല. എല്ലാവരിലും ഒരു നനുത്ത ചിരിയുണ്ടായിരുന്നു. 
എന്താ തന്റെ പേര്...?
വിന്‍സന്റ് ജോര്‍ജ് 
സംഗീതയെ തനിക്കെങ്ങനെ അറിയാം 
ഞാന്‍ കണ്ടിട്ടുണ്ട്... 
എപ്പോ? 
അവള്‍ അമ്പലത്തില്‍ പോവുമ്പോ...തിരിച്ച് വരുമ്പോ...
തിരിച്ചു വരുമ്പോള്‍ എന്നത് അധികം ശബ്ദമില്ലാതെയാണ് പറഞ്ഞത്. അത് അധികമാരും കേട്ടില്ല, ഞാനടുത്തിരുന്നതുകൊണ്ട് എനിക്ക് കേള്‍ക്കാനായി.
താന്‍ അവിടെ കാത്തുനില്‍ക്കും... ല്ലെ... ഗുഡ്.... 

അപ്പോള്‍ വിന്‍സന്റ് നാണിച്ചു. ഒരു കൗമാരക്കാരന്റെ നാണം ഈ ഫോര്‍ട്ടി പ്ലസ്സിലും തെളിഞ്ഞു. 
സംഗീത, തുടുത്ത് മെലിഞ്ഞ സുന്ദരി. അവളെ കണ്ണുവെയ്ക്കാത്തവരാരുണ്ട് ഓണാട്ടുകരയില്‍. അവളുടെ ചിരിയില്‍ നിന്നടര്‍ന്നുവീഴുന്ന മുത്തുമണികള്‍ പെറുക്കാനായി കാത്തുനില്‍ക്കാത്തവരാരുണ്ട്. ആണായി പിറന്ന സകലവന്റേയും ഉറക്കത്തെ കെടുത്തിക്കളഞ്ഞ, അവന്റെ കണ്ണുകള്‍ കാത്തിരിപ്പിന്റെ വല തുന്നിയ അത്ഭുതമന്ത്രവാദിനിയാണവള്‍. അവളുടെ വാള്‍മുനയില്‍നിന്നും നീറുന്ന വെട്ടേല്‍ക്കുവാനാവാതെ പോയവരെ ആണായി ആ നാട്ടില്‍ കണ്ടതേയില്ല. അങ്ങനെയുണ്ടായിരുന്നവര്‍ നിര്‍ഭാഗ്യവാന്മാരും അവരെ നാട്ടില്‍നിന്നും അകറ്റുകയും ചെയ്യുമായിരുന്നു. അവളുടെ കാന്തത്തിന്റെ മാസ്മരികവലയത്തിലകപ്പെട്ടവര്‍ നാട് വിട്ട് പോയിട്ടും പിന്നെയും പിന്നെയും തിരിച്ചെത്തിക്കൊണ്ടിരുന്നു. അവള്‍ വരച്ച വൃത്തത്തിനുള്ളില്‍ അവര്‍ സ്വയം കെട്ടിയിട്ടു. 

ടീന്‍സിലെ ആ സംഗീതയെയായിരുന്നു ഈ ഫോര്‍ട്ടി പ്ലസ്സിലും ആരൊക്കെയോ ആഗ്രഹിച്ചത്. സ്വപ്നത്തില്‍നിന്നും വിട്ടൊഴിയാതെ, മറ്റേതോ സ്ത്രീയെ കീഴെ കിടത്തുമ്പോഴും മായാത്ത ഒരു നിഴലായി സംഗീതയുടെ ചിരിയും അവളുടെ മണവും അവര്‍ ആഗ്രഹിച്ചു. ജീവിതത്തില്‍ ഒരിക്കലും അവളെ കിട്ടില്ലെന്നും കിട്ടിയവരുണ്ടെങ്കില്‍ അവര്‍ ഭാഗ്യവാന്മാരെന്നും അവര്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു. അവളുടെ വിരലിന്റെ സ്പര്‍ശപരിധിയിലെങ്കിലും ഒരു വസ്തുവായി മാറാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആര്‍ത്തിപൂണ്ടവര്‍ക്ക്, അവളെക്കുറിച്ചറിയുന്ന ഓരോ വാക്കും ഇനിയുള്ള സ്വപ്നത്തിലേക്ക് ഒരു വാതിലാവുമെന്നും അവര്‍ വിശ്വസിച്ചു. അതുതന്നെയാവണം ഇപ്പോഴും ആ നാട്ടില്‍നിന്നും വരുന്നവരുണ്ടെങ്കില്‍ അവരിലാരെങ്കിലും സംഗീതയുടെ ഇപ്പോഴത്തെ കാലം പറയുമെന്നും കരുതുന്നത്. 

അടുത്ത രണ്ട് പെഗ്ഗുകള്‍ക്കിടയില്‍ യാതൊരുവിധ സംഭാഷണവും ഇല്ലായിരുന്നു. കാത്തിരിപ്പിന്റെ നിശ്ശബ്ദതയുണ്ട്. നീണ്ട നേരം വര്‍ത്തമാനം പറഞ്ഞിരുന്ന് സൈലന്റാവുന്ന ഒരു നിമിഷത്തെ എയ്ഞ്ചല്‍സ് ആര്‍ പാസ്സിംഗ് എന്നു പറഞ്ഞ് മൗനത്തെ അടയാളപ്പെടുത്തും. ആ നിമിഷം കഴിഞ്ഞതും സാര്‍ വീണ്ടും ചോദിച്ചു: ആര്‍ക്കാ അവളെപ്പറ്റി അറിയേണ്ടത്...? 
ആരും ഒന്നും പറഞ്ഞില്ല.

അവള്‍ കെട്ടിപ്പോയത് ആ നാട്ടിലെ മുഴുവന്‍ ആമ്പിള്ളേരേയും സങ്കടപ്പെടുത്തി എന്നതാ സത്യം. ല്ല്യോ... സാറെല്ലാവരേയും ഒന്നു ചുഴിഞ്ഞുനോക്കി സത്യമാ സാറേ... ഞങ്ങടെയൊക്കെ നെഞ്ചേല്‍ ചവിട്ട്യാ ആ കോളേജ് വാധ്യാരവളെ കെട്ടിക്കൊണ്ട് പോയത്... അന്ന് ഞങ്ങളാരും ഒരുപോള കണ്ണടച്ചതേയില്ല... എത്ര കുപ്പ്യ പൊട്ടിച്ചേന്ന് ഒരു കണക്കുമില്ല...
വിന്‍സന്റ് ഒറ്റമൂച്ചിലായിരുന്നു അത്രയും ആവേശം കൊണ്ടത്. സാറൊന്നാര്‍ത്തു ചിരിച്ചു. അതിലാ മുറി കുലുങ്ങി.
ബാക്കിയൊന്നും അറിയേലാ... അവളെ പിന്നെയാരും കണ്ടതേയില്ലാ... 

വിന്‍സന്റിന്റെ ആ പറച്ചില്‍ സങ്കടം കലര്‍ന്ന വേര്‍പാടായിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും ഒരുപാടെഴുതുകയും യൂണിവേഴ്സിറ്റികളിലെ ക്ലാസ്സ് റൂമുകളില്‍ ഓരോ വാക്കും ഗര്‍ജ്ജനമാവുകയും കേള്‍ക്കുന്നവന്റെ മനസ്സില്‍ ഏത് ഉറക്കത്തിലും തെളിയുന്ന പ്രകാശമാവുകയും ചെയ്യുന്ന ഒരു സാറില്‍നിന്നും പിന്നെ കേട്ടത് ആണ്‍സങ്കടത്തിനുള്ള മറുമരുന്നായിരുന്നു.

നിങ്ങളൊക്കെ ഇപ്പഴും അവളെ മനസ്സില്‍ കരുതി നടക്കുവാ അല്ല്യോ... ജീവിതത്തില്‍ എല്ലായ്പ്പഴും എല്ലാ പെണ്ണുങ്ങളേം കിട്ടുവേലാ... ചിലതൊക്കെ സ്വപ്നത്തില്‍ മാത്രം തളര്‍ന്നു വീഴും... ചിലതൊക്കെ, ചാവാന്‍ നേരത്ത് ജീവിച്ച ജീവിതം ഓര്‍ക്കുമ്പോ മാത്രം മിന്നലുപോലെ കടന്നുവരും... ഇതങ്ങനെ ചാവാന്‍ നേരം മാത്രം ഓര്‍ത്താ മതി... നിങ്ങളൊക്കെ... ചത്ത് മണ്ണാവുമ്പഴും ഓര്‍ത്ത് പെരുക്കാന്‍ എന്തേലും കൊണ്ടുപോവണ്ടായോ... 

ആരും ഒന്നും മിണ്ടാതെ ഗ്ലാസ്സുകള്‍ സിപ് ചെയ്ത് താഴെ വയ്ക്കുന്ന ശബ്ദം മാത്രം കാതില്‍. സകല മനുഷ്യന്റെ ശ്വാസോച്ഛ്വാസം പോലും നിശ്ശബ്ദം. മരണവീടിന്റെ അന്തരീക്ഷം. ഞാന്‍ എല്ലാ കണ്ണുകളിലേക്കും നോക്കി. ആരും എന്താ ഒന്നും മിണ്ടാത്തത്... എല്ലാരുമെന്താ അടങ്ങിയിരിക്കുന്നത്... സാറിനി എന്തെങ്കിലും പറയുമെന്നാണോ കരുതുന്നത്...
നോക്കിയിരിക്കെ സാര്‍ കട്ടിലില്‍നിന്നും എഴുന്നേറ്റു. ബാത്ത്‌റൂമിലേക്ക് നടന്നു. വാതിലടഞ്ഞതും അവര്‍ വിന്‍സെന്റിന്റെ കഴുത്തില്‍ പിടിച്ചു.
കൊച്ചുകഴ്വേറിടെ മോനെ... അത് സാറിന്റടുത്ത് എന്തിനാ ചോയ്ച്ചേ... നമ്മടെയുള്ളിലുള്ളത് അവടെത്തന്നെ നിര്‍ത്തിയാ പോരായിരുന്നോ... 
വാതില്‍ തുറന്നതും അവര്‍ വിന്‍സെന്റിനെ വിട്ടു. മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണെടുത്ത് സാര്‍ ഡയല്‍ ചെയ്തു. അത് ചെവിയില്‍ വച്ച് സകല മനുഷ്യര്‍ക്ക് നേരെയും ഒരു നോട്ടമെറിഞ്ഞു. ഭക്ഷണവുമായി കൂടിനടുത്തെത്തുമ്പോള്‍ കൂട്ടിലെ മൃഗങ്ങളുടെ കണ്ണുകളുടെ തെളിച്ചം ഞാന്‍ കണ്ടു. ആര്‍ത്തിപൂണ്ട കണ്ണുകള്‍ എന്നെഴുതുമ്പോള്‍ അതെങ്ങനെയാവും എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു. ഒരു സിനിമയെടുക്കുമ്പോള്‍ കഥാപാത്രമായി മാറുന്ന നടനു പറഞ്ഞുകൊടുക്കുവാനായി. സാര്‍ ഫോണിലെന്തോ പറഞ്ഞു വളരെ അടഞ്ഞ ശബ്ദത്തില്‍.
നീയുറങ്ങിയോ നിലാവേ....

ആ വിളിയും ചോദ്യവും ഞാന്‍ മാത്രമെ കേട്ടുള്ളൂ. അല്ലെങ്കില്‍ എന്റെ അരികിലെത്തിയപ്പോഴാണ് ആ ഫോണ്‍ മിണ്ടിയത്.
അടഞ്ഞമുറിയിലെ ശബ്ദംപോലെ ഒരു ചിരി ഞാന്‍ കേട്ടു. സാറും പിന്നെ അടക്കിപ്പിടിച്ചെന്തൊക്കെയോ പറയുന്നു. ചില മൂളലും ഞരക്കവും പോലെ. നിശ്ശബ്ദമായ മൗനത്തില്‍ സാറിന്റെ ഒച്ചയൊരു മുഴക്കമായി. അപ്പുറത്തെന്തെന്നറിയാനുള്ള മനുഷ്യസഹജമായ ഒരൊളിഞ്ഞുനോട്ടക്കാരന്റെ ആക്രാന്തം സകല കണ്ണുകളിലും. പെട്ടെന്നൊരലര്‍ച്ചപോലെ സാറിന്റെ ചിരി മുഴങ്ങി. കോഴിബലി ചെയ്യുന്ന ഒരു മന്ത്രവാദിയുടെ ആവാഹനത്തിന്റെ ആര്‍ത്തട്ടഹാസത്തില്‍ ഞങ്ങള്‍ ഒരുവേള ഞെട്ടി. കുടിച്ചുകൊണ്ടിരുന്നവര്‍ തലയില്‍ വെള്ളത്തിന്റെ തരിപ്പ് കയറി നിര്‍ത്താതെ ചുമച്ചു. ചിലര്‍ ബാത്ത്‌റൂമിലേക്കോടിക്കയറി. എന്തായിരുന്നു ഒരു നിമിഷം സംഭവിച്ചതെന്നറിയാതെ ഞാന്‍ സകലരേയും നോക്കിക്കൊണ്ടേയിരുന്നു.

സാറ് പിന്നെ കുറെ അശ്ലീലപദങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒരു പെണ്ണിനെ ഫോണിലൂടെ സാര്‍ വളഞ്ഞുകുത്തുകയായിരുന്നു. ഈ വാക്കുകള്‍ക്ക് വേറെ ഒരര്‍ത്ഥം കൂടിയുണ്ട്, അത് തികച്ചും ഗ്രാമീണമാണ്. ഉച്ചി മുതല്‍ പാദം വരെ യാതൊരു വെറുപ്പുമില്ലാതെ സാര്‍ അത് തുടര്‍ന്നു. ഓരോ വാക്കിലും സാറിന്റെ കൈകള്‍ മുണ്ടിനുമീതെ അമര്‍ത്തിപ്പിടിച്ചു. ആളുകള്‍ കാണുന്നുവെന്നോ അവരപരിചിതരാണെന്നോ സാര്‍ കരുതുന്നേയില്ല. അപ്പുറത്തുള്ളവളുടെ ചുണ്ടുകള്‍ വലിച്ചുകുടിച്ച് ഒരലര്‍ച്ചയോടെ സാര്‍ കട്ടിലിലേക്ക് ചെരിഞ്ഞു. ഫോണ്‍ വലത് കയ്യില്‍ മുറുകെ പിടിച്ച് ഒരു കുരിശുപോലെ സാര്‍. ആ നിമിഷം തന്നെ നീണ്ടതാളത്തില്‍ കൂര്‍ക്കം വലിച്ച് തുടങ്ങി. സാറിന്റെ വയറാകാശത്തേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിച്ച് പാതാളത്തിലേക്കാണ്ടുപോയി.

ആരും ഒന്നും മിണ്ടിയില്ല. അതുവരെ കുടിച്ച വെള്ളമെല്ലാം ആവിയായി. മുറിയിലെ തണുപ്പിനേക്കാള്‍ ശരീരങ്ങള്‍ ചൂടറിഞ്ഞു. വിന്‍സെന്റ് എന്റെ കയ്യില്‍ പിടിച്ചു ചോദിച്ചു: സത്യം പറയ് അലാ... ഇത് മുന്‍പ് നമക്കറിയായിരുന്ന സാറു തന്നെയാ... അല്ലേല്‍ ഏതെങ്കിലും വഴീ കെടക്കണ ചീള് സാധനാ... തെളിച്ച് പറ... ഏതാ ഈ മൊതല്...

എനിക്കൊന്നും മിണ്ടാനായില്ല. ഞാന്‍ സാറിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഏതെങ്കിലുമൊരപ്രതീക്ഷിത നിമിഷത്തില്‍ സാറടപടലെ ചാടി എഴുന്നേല്‍ക്കുകയും കുടിച്ച് പകുതിയാക്കി വച്ച ഗ്ലാസ്സെടുത്ത് വായിലേക്ക് കമിഴ്ത്തുകയും അടുത്ത ഒരെണ്ണം കൂടി ടപ്പേന്ന് വിഴുങ്ങുകയും ചെയ്യുമെന്ന് ഞാന്‍ കരുതി. എന്നിട്ട് സകലരേയും നോക്കി ആര്‍ക്കാടാ തെണ്ടികളെ സംഗീതേടെ മറ്റേടത്തേക്ക് കേറേണ്ടത്... എന്നാര്‍ക്കുമോ എന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്തു.

പക്ഷേ, സാറു കണ്ണുതുറന്നത് ശാന്തമായാണ്. എഴുന്നേറ്റപ്പോള്‍ ചുറ്റിലും ഒന്നു നോക്കി. ആരും എങ്ങും പോയിട്ടില്ലെന്നറിഞ്ഞു. ചുണ്ടിന്റെ മൂലയില്‍ ഒരു മന്ദഹാസം തെളിഞ്ഞു. എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ... എന്നൊരു പാട്ടിന്റെ വരികള്‍ മൂളി.
ഞാന്‍ വിചാരിച്ചു നിങ്ങളൊക്കെ പോയിക്കാണുംന്ന്... അല്ലേലും സംഗീടെ പേരുകേട്ടാ ആരും എങ്ങും പോകത്തില്ലെന്ന് ഞാനങ്ങു മറന്നുപോയതാ... അല്ലാ... ഇപ്പ സമയമെത്രയായ് കാണും... 
എല്ലാവരും ഒരുമിച്ച് വച്ച് നോക്കുകയും പന്ത്രണ്ടേകാലു കഴിഞ്ഞെന്ന് ഒരുമിച്ച് പറയുകയും ചെയ്തു.
അപ്പ അവളൊറങ്ങിക്കാണത്തില്ലാ... ഞാനടിച്ച അടിയേറ്റ് മയങ്ങുവാരിക്കും...

ആര്‍ക്കും ഒച്ചയൊന്നുമുണ്ടായിരുന്നില്ല. എല്ലാ കണ്ണുകളും സാറിനിയെന്ത് പറയുമെന്നും ചെയ്യുമെന്നുമറിയാനായി നിന്നു. കട്ടിലില്‍ ഒന്നു പരതി ഫോണെടുത്തു. തളിര്‍വെറ്റിലയില്‍ നൂറു ചേര്‍ക്കുന്നതുപോലെ സാറാ ഫോണിന്റെ മീതെ ചൂണ്ടുവിരല്‍ ഞോടി, പതുക്കെ കാതോട് ചേര്‍ത്തു. എല്ലാ കണ്ണുകളും കാതുകളും സാറിന്റെ ചുണ്ടിലേക്ക്, അതില്‍നിന്നു പൊഴിഞ്ഞുവീഴുന്ന ഒരു വാക്കിനായി കൂര്‍പ്പിച്ചു.
ഫോണ്‍ കുറേ നേരം അടിച്ചുകൊണ്ടേയിരുന്നു. അപ്പുറത്താരും അതെടുക്കുകയോ ഒരു ഹലോ പറയുകയോ ചെയ്തില്ല. ആരും ആ വിളിക്കു മറുപടി പറയുകയില്ലെന്ന് ഉപഭോക്താവിനു അറിയിപ്പ് വന്നു. സാറാ ഫോണില്‍ വീണ്ടും നമ്പറമര്‍ത്തി. ഒറ്റ ബെല്ലിനപ്പുറത്ത് ഒരു ഹലോ നാദം മൃദുവായി.

ഒരട്ടഹാസത്തോടെ സാറാ വിളി കേട്ടു. എന്നിട്ട് ചോദിച്ചു: നീയെന്തേ ആദ്യത്തെ വിളിക്കെടുക്കാഞ്ഞത്...?
അപ്പുറത്തെ വാക്കുകള്‍ ഞങ്ങള്‍ക്കു വ്യക്തമായില്ല. 

നിന്നെയും കാത്തിവിടെ ഒരുപാട് പേര്‍ ഉറക്കമൊഴിഞ്ഞ് കുത്തിയിരിക്കുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കാന്‍ അവര്‍ കൊതിക്കുന്നുണ്ട്. പറയൂ... എല്ലാവര്‍ക്കുമായി നിന്റെ വാക്കുകള്‍... നിന്റെ ഓരോ ശ്വാസത്തിലും ഇവരുടെ കാമമുണ്ട്, നിന്റെ മിഴിയനക്കലില്‍ ഇവരുടെ പെരുപ്പുയരുന്നുണ്ട്. പാതിരാത്രിയില്‍ നിനക്കിവരുടെ വെരുകിയ ഇരിപ്പ് ഞാന്‍ വീഡിയോ കാളില്‍ വിളിച്ച് കാണിച്ചുതരേണ്ടതാണ്. അപ്പോള്‍ അവര്‍ നിന്നെ കാണുമല്ലോ എന്നോര്‍ത്ത് ഞാനതിനു കണ്ണടയ്ക്കുന്നു. ഈ കാമം മൂത്ത പ്രാന്തന്മാര്‍ നിന്റെ ശബ്ദം കേട്ട് വെകിളിപിടിക്കട്ടെ... ചവിട്ട്കാളയുടെ പരാക്രമം നീ കാണേണ്ടല്ലോ... ആയതിനാല്‍ എന്റെ മുത്തേ ഇനി മിണ്ടിക്കോളൂ... എന്ത് പറഞ്ഞ് തുടങ്ങണമെന്നു നീ ആലോചിക്കുന്നുണ്ട് എന്നെനിക്കറിയാം. എങ്കില്‍ ഇവരോട് നീ പറയേണ്ടതെന്താണെന്നു ഞാന്‍ പറഞ്ഞുതരുന്നില്ല. നിന്റെ യൗവ്വനകാലത്ത് നിന്നെ പ്രാപിക്കാനായി നീണ്ട വഴികളില്‍ നടന്നു തേഞ്ഞുപോയ ജന്മങ്ങളെ ഒരു വാക്കുകൊണ്ടാശ്വസിപ്പിക്കൂ... അവരില്‍ നീ പൂത്തുലയുന്നത് ഞാനിപ്പോള്‍ കാണട്ടെ. പ്രിയപ്പെട്ട പൊന്നേ... ഞാനുണ്ടാക്കിയ നിന്റെ ഈ മൗനം ഇവര്‍ അനുഭവിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.... ഇനി മുതല്‍ ഈ നിമിഷം നീ അവര്‍ക്കായി പറഞ്ഞുതുടങ്ങിക്കോളൂ... നിന്റെ വാക്കുകള്‍ കേട്ടവര്‍ ആവിയായി പോകട്ടെ മുത്തേ...

സാര്‍ ഫോണ്‍ സ്പീക്കര്‍ മോഡിലാക്കി. അവളുടെ വാക്കുകളിതാ നിങ്ങള്‍ കേള്‍ക്കുന്നു എന്നാ കണ്ണുകള്‍ ഒരു കുസൃതിയോടെ പറഞ്ഞതും മുകളില്‍ അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്ന പങ്ക അത്യുച്ചത്തില്‍ പൊട്ടി താഴേക്കടര്‍ന്നുവീണു. ആ നിമിഷം തന്നെ വൈദ്യുതി നിശ്ചലമാകുകയും അതിദാരുണമായ ഒരു കരച്ചില്‍ ഉയരുകയും ചെയ്തു. 

മനുഷ്യന്റെ ജീവിതകാലത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ കഴിയില്ല എന്നാണ് എല്ലാവരും പറയാറുള്ളത്. അപ്പോഴാണ് ജ്യോതിഷത്തിലും അതീന്ദ്രിയജാലത്തിലും പിന്നെ കണ്ടറിയാത്ത അതികേമമാണെന്നു വിശ്വസിക്കുന്ന മായാജാലങ്ങളിലും ആളുകള്‍ വീണു തുടങ്ങുന്നത്.

സാറിന്റെ വീഴ്ചയാണ് എന്നെ സത്യമായും ആത്മജ്ഞാനത്തിന്റെ വഴികളിലേക്ക് കൂട്ടിയത്. ആളുകളുടെ മനസ്സ് വായിക്കുന്നതുപോലെ ലോകത്ത് ഒരു ഗ്രന്ഥവും വായനയ്ക്കുത്തമമല്ലെന്നും ഞാന്‍ കണ്ടുപിടിച്ചത്, അത് ശരിക്കും പുതിയ ഒരു ലോകം തന്നെയാണ്. 
പിന്നെ ഞാന്‍ സാറിനെ കണ്ടിട്ടില്ല. ഞാന്‍ ചെയ്തതും അറിഞ്ഞതുമായ ഒരിടത്തും സാറെത്തിയതുമില്ല. പക്ഷേ, എന്നാല്‍ സാറെന്നെ ഒന്നു പഠിപ്പിച്ചു. മനുഷ്യമനസ്സില്‍ ഏറ്റവും ആഴമുള്ളതും പ്രപഞ്ചത്തില്‍ ഇന്നിതുവരെ കണ്ടെത്തിയിട്ടില്ലാത്തതുമായി ഏതൊരു വസ്തുവുണ്ടെങ്കില്‍ അത് സ്ത്രീമനസ്സാണെന്നും. ഞാന്‍ സംഗീതയെ കാണാനും അവരെ അറിയാനും ശ്രമിച്ചത് ആ പാഠം വായിച്ചപ്പോഴായിരുന്നു.
എന്നാല്‍ സംഗീതയെന്ന ജന്മത്തെ എനിക്ക് കണ്ടെത്താനായില്ല. സാറിന്റെ അന്നത്തെ കൂട്ടുകാരിലൂടെ ഞാനതന്വേഷിച്ചു. അത് സാറിനു മാത്രമറിയുന്ന രഹസ്യമായ ഒരു മേല്‍വിലാസമായി. ഇനിയും ആരെങ്കിലുമൊക്കെ പഴയ പ്രണയത്തിന്റെ ഉത്തമഗീതങ്ങള്‍ വായിച്ച് ഞെളിപിരികൊള്ളുമെന്നാലോചിച്ച് ആ വഴികള്‍ എനിക്കന്യമായി. കുറെ ആളുകള്‍ അവര്‍ക്ക് തോന്നുന്ന വിധത്തില്‍ ജീവിക്കുകയും അവരവര്‍ കാണുന്ന കാഴ്ചകളില്‍ കാര്യങ്ങള്‍ സാധിക്കുകയും ചെയ്യുന്ന ഒരത്ഭുതം ഞാന്‍ പിന്നീട് ജീവിച്ചുകണ്ടു. 

വേണി എവിടെനിന്നോ എന്നെ അന്വേഷിച്ച് വന്നത് ഈ സഞ്ചാരത്തിനിടയിലാണ്. അപ്രതീക്ഷിതമായി ഒരു ചാറ്റ്‌റൂമില്‍ അവളെന്നെ അന്വേഷിച്ചെത്തിയതിനു പിന്നില്‍ ഞാനറിയാത്ത ഏതോ പ്രത്യേകമായ ഒരു കാര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവളപ്പോള്‍ ഒരു ഐ.റ്റി. കമ്പനിയിലെ ട്രെയിനറായിരുന്നു. അവളെ അന്നവിടെ ഒരുത്തന്‍ പ്രണയത്തിന്റെ പുതിയ വാക്കുകളില്‍ നിഘണ്ടുവെഴുതി പഠിപ്പിക്കുന്നുണ്ടായിരുന്നു. അവനെഴുതുന്ന വാക്കുകളൊക്കെ അവള്‍ എനിക്കയച്ചുകൊണ്ടേയിരുന്നു.

പ്രാന്ത്കേറ്റം, കുപ്പിക്കൊളുത്ത്, കുഴിയടി, എടനെഞ്ച്, ചുണ്ടാക്കം തുടങ്ങിയ ചില വാക്കുകള്‍ പ്രണയത്തിന്റെ ശരീരസന്ധികളിലേക്കാവാഹിച്ചുകൊണ്ടുവരുന്നുവെന്ന് എനിക്ക് തോന്നിയപ്പോള്‍ വേണീ നീയീ പ്രാന്ത് ഒതുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ സത്യമായും പറഞ്ഞു. പക്ഷേ, ആ പ്രാന്തനോടവള്‍ പതുക്കെ ഒഴിഞ്ഞൊഴുകിയെങ്കിലും അയാളവളെ നിരന്തരം പിന്തുടരുന്നുവെന്ന് വേവലാതിപ്പെട്ടു. 

ഏതു നിമിഷവും ആ മനുഷ്യന്‍ അവളെ വരിഞ്ഞുകൊത്തുമെന്നും ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിക്കുമെന്നും ചിലപ്പോള്‍ അത് നരകതീയാവുമോ എന്നറിയില്ലെന്നും അവളെനിക്കെഴുതി. ഓരോ നിമിഷവും ഭയമെന്ന വികാരത്തിന്റെ പുതിയ രൂപങ്ങള്‍ അവള്‍ കണ്ട് തുടങ്ങിയെന്നും പറഞ്ഞു. വീട്ടിനരികില്‍ അയാള്‍, വാതിലിനപ്പുറത്ത് വഴിയന്വേഷിച്ച് അയാള്‍, പ്രൊവിഷന്‍സ്റ്റോറില്‍ കടയ്ക്കപ്പുറത്ത് അയാള്‍, ബാങ്കിന്റെ കൗണ്ടറില്‍ അവസാനവരിയില്‍ അയാള്‍, തൊട്ടടുത്ത് അയാളൊരു തീപ്പന്തമായി ഉണ്ടെന്നും അവള്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിലേക്ക് അയാള്‍ എന്നത് മരണത്തിന്റേയോ ജീവിതത്തിന്റേയോ ഇടയിലെ അകാരണമായ അത്ഭുതമാകുമെന്നും അവളെഴുതി. ആ നിമിഷങ്ങളിലാണ് ഭയത്തോടെയുള്ള കുറിപ്പുകള്‍ എനിക്കായി വന്നതും. ആ കഥകള്‍ ഞാന്‍ ആരോടാണ് പിന്നീട് പറയേണ്ടി വരുന്നതെന്നും എനിക്കറിയാതായി.
മനുഷ്യന്‍ മുറിവേറ്റ മൃഗത്തെപ്പോലെ പാഞ്ഞുനടക്കും. അപ്പോള്‍ മുന്നില്‍ കാണുന്നത് മിത്രമോ ശത്രുവോ എന്നത് ഭേദമില്ലാതാകും. എപ്പോള്‍ വേണമെങ്കിലും കൂര്‍ത്ത തേറ്റയില്‍ അതിനെയെല്ലാം കോര്‍ത്തെറിയും. ചാവിന്റെ അവസാന വേദനയും അതിനെ ആഹ്ലാദിപ്പിക്കും. കാറ്റായും തീയായും ജലമായും അത് പരക്കും. അപ്പോള്‍, അപ്പോള്‍ മാത്രം അതിനാശ്വാസമുണ്ടാകും. ചിലപ്പോള്‍ വേദനയത് സ്വയം ഏറ്ററിഞ്ഞ് സ്വസ്ഥമാകും.

ഒരുനാള്‍ എന്റെ മൊബൈലിലെ വാട്‌സാപ്പ് സന്ദേശചിത്രമായി ഒരു രംഗം ശബ്ദിച്ചു. കത്തിപ്പടരുന്ന ഒരു സ്ത്രീ രൂപം. അതിനരികില്‍ മറിഞ്ഞുകിടക്കുന്ന ഒരു സ്‌കൂട്ടര്‍. അതിനടുത്തായി അഞ്ചു ലിറ്ററിന്റെ ഒരു പെട്രോള്‍ കാനുമായി ഒരാള്‍ ഇരിക്കുന്നു. അവന്റെ ദേഹമാകെ ചേറും ചളിയുമായി നനഞ്ഞിരിക്കുന്നു. അവന്റെ മുഖം കാണുന്നുണ്ടായിരുന്നില്ല. അത് കുനിഞ്ഞുതളര്‍ന്ന് കിടക്കുന്നു. വീണ്ടും ഒരു ചിത്രം കൂടി ശബ്ദിച്ചു. അതില്‍ സ്ത്രീ രൂപം താഴെ വീണു കത്തുന്നു. തൊട്ടരികില്‍ ഇരുന്നവന്‍ നിന്നു കത്തുന്നു. അങ്ങോട്ട് ഓടിവരുന്ന ആളുകളും.
അതിനുശേഷം ഈ കഥയ്ക്ക് എന്താണ് സംഭവിച്ചതെന്നും എവിടെവച്ചാണ്, ഇത് നമ്മള്‍ കാണുന്നതുപോലുള്ള ഒരു ജീവിതമായി മാറുന്നതെന്നും എനിക്കറിയാതായി. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഇതിന്റെയൊക്കെ വഴികള്‍ എത്രമാത്രം നേരുള്ളതാവുമെന്ന് ഞാന്‍ ചിന്തിക്കാനും തുടങ്ങി. എന്നാല്‍, രണ്ട് മനുഷ്യരില്‍ ഒരാള്‍ മറ്റൊരാളെ കത്തിച്ചുകൊന്നു എന്ന വാചകമായി അതൊതുങ്ങുന്ന നിമിഷം മരണത്തെ തൊട്ടടുത്ത് അനുഭവിപ്പിക്കുവാന്‍ കഴിഞ്ഞു.

വേണി ഇപ്പോള്‍ ആശുപത്രിയിലാണ് എന്നു ഞാനറിഞ്ഞതും ചാറ്റ്‌റൂമിലെ മറ്റ് ആളുകളില്‍ നിന്നാണ്. അവളെ കത്തിച്ചവനിപ്പോള്‍ എവിടെയാണുള്ളതെന്നോ അയാള്‍ മരിച്ചുപോയോ എന്നത് മാത്രം ഞാനറിഞ്ഞില്ല. അല്ലെങ്കിലതറിയാന്‍ ഞാന്‍ ശ്രമിച്ചുമില്ല എന്നതാണ് സത്യം. മരിക്കുന്ന മനുഷ്യര്‍ ഒരിക്കലും കാഴ്ചകള്‍ക്കായി കണ്ണുതുറക്കാറില്ലല്ലോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com