കാടേറുന്നവര്‍: അഖില്‍ പിപി എഴുതിയ കഥ

ചെടികളും വടവൃക്ഷങ്ങളും തഴച്ചുനില്‍ക്കുന്ന വന്യമാര്‍ന്ന ഉള്‍ക്കാടിന്റെ പച്ചപ്പ്, സന്ധ്യ മയങ്ങിയതിന്റെ ഇരുളില്‍ നിഗൂഢതയുടെ ഇരുട്ടറകളായി മാറി.
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

ചെടികളും വടവൃക്ഷങ്ങളും തഴച്ചുനില്‍ക്കുന്ന വന്യമാര്‍ന്ന ഉള്‍ക്കാടിന്റെ പച്ചപ്പ്, സന്ധ്യ മയങ്ങിയതിന്റെ ഇരുളില്‍ നിഗൂഢതയുടെ ഇരുട്ടറകളായി മാറി. ഈറ്റക്കാട് ചവിട്ടിമെതിക്കാന്‍ ചില രാത്രികളില്‍ ചെമ്പന്‍കാടിറങ്ങി വരുന്ന കൊമ്പന്‍ ആനത്താരയില്‍ വിസര്‍ജ്ജിച്ച മൂത്രം കലര്‍ന്ന പിണ്ടം പരുക്കന്‍ മണ്ണിനെ ചതുപ്പ്‌നിലമാക്കി മാറ്റിയിരുന്നു. ചീവീടുകളുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിനിടയിലുയര്‍ന്ന് കേട്ട കുറുനരികളുടേയും നത്തുകളുടേയും ഓരിയിടലുകളും ചൂളിയിടലുകളും മറ്റും വിശാലമായ കാടിന്റെ ഉള്ളറകളില്‍ ദുരൂഹഭാവത്തോടെ മുഴങ്ങി. 

കാട്ടുചോലയുടെ തണുത്ത നീരൊഴുക്കില്‍നിന്ന് തഴമ്പ് വീണ കൈത്തടങ്ങളില്‍ വെള്ളം കോരിയെടുത്ത് പേശീബലമാര്‍ന്ന ഇരുകൈകളും കൈമുട്ട് വരെ തേവി നനച്ച്, മുഖമൊന്ന് കഴുകി മാമ്പി അരികിലെ പാറക്കെട്ടിന്മേല്‍ കാലുകള്‍ കയറ്റി മ്ലാനതയോടെ ആലോചനയില്‍ മുഴുകിയ നൊട്ടനടുത്തേക്ക് വന്നു നിന്നു. 'നൊട്ടാ, പോകാ?' നൊട്ടന്‍ മറുപടിയൊന്നും പറയാതെ ആകുലതയും സങ്കടവും നിറഞ്ഞ ദീര്‍ഘമാര്‍ന്ന ഒരു നെടുവീര്‍പ്പിട്ടു. മാമ്പി പാറച്ചെരുവില്‍ കുത്തിക്കെടുത്തി വെച്ചിരുന്ന ഓലച്ചൂട്ട് കയ്യിലെടുത്ത് അതിനറ്റം തീ പിടിപ്പിച്ചു. തീനാളങ്ങള്‍ ഓലത്തുമ്പുകളിലേക്കോരോന്നായ് ഇരച്ചുകയറി. തീ കാര്‍ന്ന ചൂട്ട് രണ്ട് വട്ടം താഴോട്ടും മേലോട്ടുമായി ചുഴറ്റി വീശിയപ്പോള്‍ തീ പടര്‍ന്ന് കത്തി. പോകാന്‍ നേരമായെന്നറിയിച്ച് ചൂട്ട് ആളിക്കത്തുമ്പോഴും നൊട്ടന്‍ മ്ലാനവദനനായി പാറയില്‍ത്തന്നെ ഇരിക്കുകയായിരുന്നു. നരച്ച് തുടങ്ങിയ ഉടുമുണ്ട് മാത്രമുടുത്ത നൊട്ടന്റെ മെലിഞ്ഞതെങ്കിലും ആരോഗ്യമുള്ള ശരീരം ചൂട്ടിന്റെ തീ വെളിച്ചത്തില്‍ കനലുകള്‍പോലെ ചുവന്നു. ഇരുട്ടില്‍ വെളിച്ചം കണ്ടതിന്റെ ഭ്രമത്താല്‍ ചില ചെറുപ്രാണികള്‍ ആളുന്ന തീയിലേക്ക് പാഞ്ഞടുത്തു. അതില്‍ ചിലവ ചാരമായ് പൊടിഞ്ഞുതിര്‍ന്ന് വീഴുന്ന ഓലത്തറ്റങ്ങളോടൊപ്പം ചിറക് കരിഞ്ഞും പാതിവെന്തും നിലത്തു വീണു. അപ്പോഴാണ് മാമ്പി നൊട്ടന്റെ കറുത്ത ചൊറിപ്പാടുള്ള കാല്‍പ്പടപ്പില്‍ അമര്‍ന്നിരിക്കുന്ന അട്ടയെ കണ്ടത്. 

'ദേണ്ടാ, അന്റെ കാലെ ഒരട്ട' മാമ്പി പറഞ്ഞത് കേട്ട് പരിഭ്രാന്തിയൊന്നും കൂടാതെ ഉദാസീനതയോടെ നൊട്ടന്‍ തന്റെ കാലുകളിലേക്ക് കണ്ണയച്ചു. അതവിടിരുന്നോട്ടെ എന്ന മട്ടില്‍ നൊട്ടന്‍ തന്റെ അലസഭാവം തുടര്‍ന്നു. അത് നൊട്ടന്‍ സ്വയം എടുത്തുകളയില്ലെന്ന് മനസ്സിലാക്കിയ മാമ്പി ചൂട്ട് നൊട്ടന് കൊടുത്ത് ഉടുമുണ്ടിന്റെ അരയില്‍ തിരുകിവെച്ച തീപ്പെട്ടി പുറത്തെടുത്തു. വേണ്ട അതവിടിരുന്നോട്ടെ, നൊട്ടന്‍ മാമ്പിയോട് പറഞ്ഞു. മാമ്പി ഒരു നിമിഷം ചിന്തിച്ച് നിന്ന ശേഷം അട്ടയുടെ വഴുവഴുപ്പിലേക്ക് നോക്കി. ചോര കുടിച്ച് ചീര്‍ത്ത് മുട്ടി ഒരു മെഴുക്ക് കട്ടപോലെ അടര്‍ന്നുവീഴും വരെ അതവിടിരുന്നോട്ടെ എന്ന് മാമ്പിക്കും തോന്നി. 

നൊട്ടന്റെ നിരുന്മേഷത്തിന് കാരണമെന്താണെന്ന് മാമ്പിക്കറിയാമായിരുന്നു. നൊട്ടനില്‍   മാത്രമല്ല, ഊരിലെ എല്ലാവരുടെയുള്ളിലും കുറച്ച് ദിവസങ്ങളായി ആശങ്കയില്‍ കുതിര്‍ന്ന വിഷാദം പടര്‍ന്നിട്ടുണ്ട്. സാധാരണ കൂട്ടമായി ഈറ്റ വെട്ടാന്‍ പോകുമ്പോഴും തേനെടുക്കാന്‍ പോകുമ്പോഴുണ്ടാകുന്ന കൂടിയിരുന്നുള്ള വിശേഷം പറച്ചിലുകളുടേയും പൊട്ടിച്ചിരികളുടേയും സ്ഥാനത്ത് ഉല്‍ക്കണ്ഠ നിറഞ്ഞ മൂകത ഉയിര്‍ക്കൊണ്ടിരിക്കുന്നു. ഏവരുടേയും ചുണ്ടുകളില്‍നിന്നും ചിരി മാഞ്ഞുപോയിരിക്കുന്നു. എങ്ങും വിഷാദാത്മകമായ മൂകതയുടെ മന്ദതാളം. 

മാമ്പിയും നൊട്ടനും അടിവാരത്ത് നിന്നും ചൂട്ടിന്റെ വെളിച്ചത്തില്‍ പച്ചിലത്തഴപ്പുകള്‍ക്കിട-  യിലൂടെ  പാറക്കെട്ട് നിറഞ്ഞ പള്ളം കയറി. 
''മൂപ്പന്‍ പൂജ തൊടങ്ങ്ട്ട്ണ്ടാവോ?'' മാമ്പി നൊട്ടനോട് ചോദിച്ചു.    
''ഏ, ഇണ്ടാവ്ല്ല തുടീം, ചീനീട്ക്കാന്‍ മ്മള് വേണ്ടേ'' നൊട്ടന്‍ പറഞ്ഞു.
പള്ളം കടന്ന് മലഞ്ചെരിവിലെത്തിയപ്പോള്‍ നിലാവില്‍ അങ്ങകലെ കൊടുമുടിപോലെ ഉയര്‍ന്നു നില്‍ക്കുന്ന കുറിച്യരുടെ വാസകേന്ദ്രമായ പെരുമലയുടെ അറ്റം കണ്ടു. പെരുമലയില്‍ അങ്ങിങ്ങായി തീപ്പന്തങ്ങള്‍ മുനിഞ്ഞ് കത്തുന്നുണ്ടായിരുന്നു. അത് കുറിച്യദൈവങ്ങളുടെ കാവല്‍ വിളക്കുകളാണ്. സന്ധ്യമയങ്ങിയാല്‍ ദീപ്തമാകുന്ന പന്തങ്ങള്‍ പുലരും വരെ ദൈവങ്ങളുടെ കാഴ്ചയ്ക്ക് കാവലായ് പ്രഭ ചൊരിഞ്ഞുകൊണ്ട് നില്‍ക്കും. പെരുമലയിലെ കാവല്‍പ്പന്തങ്ങളിലേക്ക് കണ്ണ് നട്ട് ചിന്തിച്ചു നിന്നിരുന്ന നൊട്ടനെ മാമ്പി നോക്കി. ''ഓറെന്താ ചെയ്യ്ന്നെ, അറിഞ്ഞോ?'' മാമ്പിയുടെ ചോദ്യം കേട്ട് നൊട്ടന്‍ പെരുമലയില്‍നിന്ന് കണ്ണെടുത്ത് ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു. ''ആവേ, ഒന്നുമറിയില്ല.'' നിലാവെളിച്ചം മറച്ചുപിടിച്ച് ഇലച്ചാര്‍ത്തുകള്‍ സൃഷ്ടിച്ച ഇരുട്ടിലൂടെ ചൂട്ടുകറ്റ വീശി മാമ്പിയും നൊട്ടനും മല കയറി മുന്നോട്ട് നടന്നു. 


ഊരിലെ ആബാലവൃദ്ധം ജനങ്ങളും എത്തിച്ചേര്‍ന്ന മുത്തിയാന്‍മലയിലേക്ക് ഏറ്റവുമൊടുവിലായി അവരും വന്നുചേര്‍ന്നു. നൊട്ടനും മാമ്പിയും ചുരുട്ടിമടക്കിക്കൊണ്ട് വന്ന പുകയിലക്കെട്ടുകളെടുത്ത് മഞ്ഞളും കുങ്കുമവും വാരിത്തേച്ച തങ്ങളുടെ കുലദൈവങ്ങളുടെ ശിലകള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്ന നെയ്ത്ത്കൊട്ടയില്‍ വെച്ച് ഭക്തിയോടെ കുലദൈവങ്ങളെ തൊഴുത് നമസ്‌കരിച്ച് അരികില്‍ നിന്നിരുന്ന ഊരിലെ കാരണവനായ കാരിമൂപ്പനെ വണങ്ങി. കാരിമൂപ്പന്‍ തളികയില്‍ വെച്ചിരുന്ന കുങ്കുമം കൊണ്ട് രണ്ട് പേരുടേയും നെറ്റിയില്‍ പെരുവിരലാല്‍ കുറി ചാര്‍ത്തി. ''ഞാളിത്തിരി വൈകി'' ചെറിയൊരു കുറ്റബോധ സ്വരത്തില്‍ മാമ്പി കാരിമൂപ്പനോട് പറഞ്ഞു. ''ഇത് ദേവങ്ങക്ക് മാത്രം നടത്തണ പൂജല്ല, ഈ ഊരിനും ഊരിലുള്ളോര്‍ക്കും കൂടിള്ളതാ അതോര്‍മ്മണ്ടായാ മതി.'' മൂപ്പന്റെ ശാസന കലര്‍ന്ന വാക്കുകള്‍ ചെവിക്കൊണ്ട നൊട്ടനും മാമ്പിയും നിലത്ത് തഴപ്പായയില്‍ വെച്ചിരുന്ന ചീനിയും തുടിയും തൊട്ട് നമസ്‌കരിച്ച് കയ്യിലെടുത്തു. ചുരുണ്ട മുടി പൊന്തക്കാട് പോലെ വളര്‍ത്തി കുറുകി മെലിഞ്ഞ ചോമന്‍ മറ്റൊരു തുടി തോളത്തിട്ട് അവര്‍ക്കടുത്തായ് നിന്നിരുന്നു. മാമ്പിയേയും നൊട്ടനേയും കണ്ടപ്പോള്‍ ചോമന്‍ അവരെ നോക്കി പുഞ്ചിരിച്ചു. തടിച്ചു പരന്ന ചുണ്ടുകള്‍, പുഞ്ചിരിക്കായ് വലിഞ്ഞ് നീങ്ങിയപ്പോള്‍ വായില്‍ നിന്നിരുന്ന ഉമിനീര്‍ കടവായിലൂടെ തേനൊഴുകുംപോലെ ഒലിച്ചിറങ്ങി. ഊരില്‍ ചോമനില്‍ മാത്രം പ്രകടമായിരുന്ന ഒരപൂര്‍വ്വ സ്വഭാവമായിരുന്നു ഉമിനീരിന്റെ ഈ തേനൊഴുക്ക്. തേനീച്ചകളുമായുള്ള സഹവാസമാണ് ചോമന്റെ നീരൊഴുക്കിന് പിന്നിലെന്ന് ആളുകള്‍ വിശ്വസിച്ചു. അതിന് കാരണവുമുണ്ടായിരുന്നു. 
മരത്തിന്റെ ഏത് ശാഖയില്‍നിന്നും തേന്‍ക്കൂട് അടര്‍ത്തിയെടുക്കാന്‍ വിദഗ്ദ്ധനായ ചോമനെ പക്ഷേ, ഇതുവരെയും തേനീച്ചകള്‍ കുത്തിനോവിച്ചിട്ടില്ല. പകരം തേനെടുക്കുന്ന നേരം കൂട് വിട്ട് പുറത്തുവരുന്ന തേനീച്ചകള്‍ ചോമന്റെ മുഖമൊഴിച്ചുള്ള തന്റെ ദേഹമൊട്ടാകെ പൊതിഞ്ഞുകൂടി ശരീരത്തില്‍ മറ്റൊരാവരണം സൃഷ്ടിക്കും. തേനെടുത്ത് ഇറങ്ങിക്കഴിഞ്ഞും കുടഞ്ഞ് മാറ്റാതെ തേനീച്ചകളേയും വഹിച്ച് പുരയിലെത്തി, പുരയുടെ പിന്നാമ്പുറത്തുള്ള പടര്‍ന്നുനില്‍ക്കുന്ന മൂച്ചിമാവിനു ചുവട്ടില്‍നിന്ന് ശരീരം കുടഞ്ഞുകൊണ്ടാണ് ചോമന്‍ തേനീച്ചപ്പടച്ചട്ട അഴിച്ച് വെക്കുക. അതൊരിക്കലും ശല്യപ്പെടുത്തലിന്റെ കുടഞ്ഞെറിച്ചിലായിരുന്നില്ല. ഊഷ്മളമായ ബന്ധത്തിന്റെ മറ്റൊരു മുഖമായിരുന്നു. വാത്സല്യത്തോടെ ദേഹത്തുനിന്നും കൈകളില്‍ തഴുകിയെടുക്കുന്ന തേനീച്ചക്കൂട്ടങ്ങളെ അന്തരീക്ഷത്തിലേക്ക് സ്വാതന്ത്രമായി പറത്തിവിടും. മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങള്‍ മാവിനു മുകളിലെ ഒഴിഞ്ഞ ഏതെങ്കിലും ശാഖയില്‍ അവയുടെ പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള സ്ഥാനം കണ്ടെത്തും. ഇത്തരത്തില്‍ ഇപ്പോള്‍ത്തന്നെ ഇരുപതിലധികം തേന്‍കൂടുകള്‍ ആ മരത്തിന്റെ ശാഖകളില്‍ അവിടവിടെയായി തൂങ്ങിനില്പുണ്ട്. പക്ഷേ, ചോമന്‍ ഒരിക്കലും തന്റെ മാവിനു മുകളിലെ തേന്‍കൂടുകളില്‍നിന്നും തേനറുത്തെടുത്തിരുന്നില്ല, മറ്റാരേയും എടുക്കാന്‍ അനുവദിച്ചിരുന്നുമില്ല. വേനലിനൊടുക്കം കൂടുകളില്‍ തേന്‍ നിറഞ്ഞുകവിഞ്ഞ് പശിമയുള്ള നൂലുകളായി താഴോട്ടൊലിച്ചിറങ്ങുമ്പോള്‍ മാത്രം ചോമന്‍ തേന്‍ ശേഖരിക്കാനായി മാവിനു ചുവട്ടില്‍ പാത്രങ്ങള്‍ വെക്കാന്‍ ഊരിലുള്ളവര്‍ക്ക് സമ്മതം കൊടുത്തു. കൂട്ടില്‍നിന്നും തേന്‍ പാത്രത്തിലേക്കൊലിച്ചിറങ്ങുന്നതുപോലെ പുഞ്ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും തേനീച്ചകളില്‍നിന്നും പകര്‍ന്നു കിട്ടിയ ശീലം പോലെ ചോമന്റെ വായിലൂറിയ ഉമിനീരിന്റെ തേന്‍വെള്ളം കടവായിലൂടെ താഴോട്ടൊലിച്ചു നീങ്ങി. 

തുടികൊട്ടിനും കുഴല്‍വിളിക്കുമായി മധ്യവയസ്‌കരായ മാമ്പിയും നൊട്ടനും ചോമനും വായ്പാട്ടിനായ് പ്രായം ചെന്ന വൃദ്ധരും ചില യുവാക്കളും മുടിയാട്ടത്തിനായി തല നരച്ചതും നരക്കാത്തവരുമായ സ്ത്രീ ജനങ്ങളും ഊരുപ്രാര്‍ത്ഥനക്കായ് ദൈവമടയില്‍ തയ്യാറായി നിന്നു. 
മാമ്പി ചീനി മുഴക്കി. ചെമ്പട്ടുടുത്ത കാരിമൂപ്പന്‍ വാഴയിലക്കീറില്‍ കൂട്ടിപ്പിടിച്ച കത്തുന്ന  തിരികള്‍ കുലദൈവങ്ങളെ പ്രാര്‍ത്ഥിച്ച് ഉഴിഞ്ഞെടുത്ത് ഗുരുതികളത്തിലെ പിതൃക്കളുടെ സ്ഥാനങ്ങളിലോരോന്നായ് വെച്ചു. ചോമനും നൊട്ടനും തുടികൊട്ടി. കണ്ണുകളടച്ച് ശബ്ദം പുറത്തു വരാതെ ചുണ്ടുകളനക്കി മന്ത്രങ്ങളുരുവിട്ട് തുഞ്ചത്ത് മണികെട്ടിയ കുറുവടി വലത് കയ്യില്‍ പിടിച്ചിളക്കിക്കൊണ്ട് കാരിമൂപ്പന്‍ ദൈവങ്ങളെ തന്നിലേക്കാവാഹിക്കാന്‍ തുടങ്ങി. അഴിച്ചിട്ട മുടി പിന്‍കഴുത്തില്‍നിന്ന് മുന്നിലേക്കിട്ട് പെണ്ണുങ്ങള്‍ തല കീഴോട്ട് തൂക്കി നിരയായിരുന്നു. വിറയുന്ന സ്വരത്തിലുള്ള പ്രാകൃതവാക്കുകളാല്‍ സമ്പന്നമായ വായ്ത്താരിയുയര്‍ന്നപ്പോള്‍ കാരിമൂപ്പന്‍ ഉപ്പൂറ്റി നിലത്തൂന്നി കാല്‍മടമ്പുകള്‍ വിറകൊള്ളിച്ചു. കുലദൈവങ്ങളുടെ പരാശക്തി ഉപ്പൂറ്റിയിലൂടെ കാരിമൂപ്പന്റെ കറുത്ത് മെലിഞ്ഞ ശരീരത്തിനുള്ളിലേക്ക് ഇരച്ചുകയറി. തൊണ്ടക്കുഴിയിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ശരീരത്തിന് കുറുകെ കെട്ടിയ ചെമ്പട്ടിനെ നനച്ചെടുത്തു. ദൈവികത മസ്തിഷ്‌കത്തിലേക്ക്  കുടിയേറിയപ്പോള്‍ കാരിമൂപ്പന്‍ കണ്ണുകളടച്ച് തുള്ളിക്കൊണ്ട് പിന്‍കഴുത്തിലേക്ക് ചുരുണ്ടിറങ്ങിയ തൊപ്പമുടിയിലൂടെ ഇടത് കൈ കോതി. ദൈവവിളിയെന്നോണം മൂന്നു വട്ടം കാരിമൂപ്പന്‍ തൊണ്ട പൊട്ടുമാറ് ആര്‍ത്തലച്ചു. ചീനിയും തുടിയും ഒന്നാം കാലത്തില്‍നിന്ന് രണ്ടാം കാലത്തിലേക്ക് കടന്നു. മാമ്പിയുടേയും നൊട്ടന്റേയും പെണ്ണുങ്ങള്‍ മുടിയാട്ടത്തിനു തുടക്കമിട്ടു. വട്ടത്തില്‍ തല  വീശിച്ചുഴറ്റി, കൈ കൊണ്ട് മുടി കോതിയിട്ട് സ്ത്രീകള്‍ മുടിയാട്ടിക്കളിച്ചു. രാക്കിളികളും കുത്തിച്ചൂളന്മാരും പൂജ കൊള്ളാന്‍ രാത്രി നിശ്ശബ്ദത ഭജിച്ചു. 

പരകായപ്രവേശം ചെയ്ത കാരിമൂപ്പന്റെ ഉറഞ്ഞുതുള്ളല്‍ കണ്ട് ഇലച്ചാര്‍ത്തുകള്‍ അനക്കമറ്റ് നിന്നു. കുഴല്‍വിളിയും തുടികൊട്ടും കാരിമൂപ്പന്റെ ആര്‍ത്തലക്കലും മലകടന്ന് അകലെ പെരുമല വരെയുമെത്തി. അവിടെ മലഞ്ചെരിവിലെ ദൈവസ്ഥാനത്ത് എണ്ണ കിനിഞ്ഞ കാവല്‍വിളക്കുകള്‍ നിറഞ്ഞു കത്തി. ആദിദൈവങ്ങളുടെ ശക്തി മൂര്‍ധന്യത്തിലെത്തിയപ്പോള്‍ കാരിമൂപ്പന്‍ വെളിപാട് കൊണ്ടു. ''ന്റെ മക്കളേം, ന്നേം ഈ മണ്ണീന് പിഴ്തെറ്യാനാര്‍ക്കും കഴീല, ദൈവമടയില്‍ ഞാനുള്ളോട്ത്തോളം കാലം ന്റെ മക്കളും ഈ ഊരില്ണ്ടാവും... കാട് നമ്മടെ വീടാണ്, കാട് വിട്ടാ തൈവം ഇങ്ങടൊപ്പണ്ടാവ്ല്ല' വിറക്കുന്ന ശബ്ദത്തില്‍ കല്പന ചൊല്ലിക്കഴിഞ്ഞ കാരിമൂപ്പന്‍ പതിവുപോലെ നിയോഗം പൂര്‍ത്തിയാക്കി വിയര്‍പ്പില്‍ കുതിര്‍ന്ന് തളര്‍ന്നുവീണു. പരികര്‍മ്മികളായ രണ്ട് ചെറുപ്പക്കാര്‍ കാരി   മൂപ്പനെ താങ്ങിപ്പിടിച്ച് തഴപ്പായയില്‍ കിടത്തി. വന്നവരെല്ലാവരും തളര്‍ന്ന് കിടക്കുന്ന മൂപ്പന്റെ കാലുകളില്‍ തൊട്ട് വണങ്ങി ദൈവമട വിട്ട് അവരവരുടെ പുരകളിലേക്ക് നടന്നു. വെളിപാട് കൊണ്ടിട്ടും ആരുടെ മുഖത്തും വലിയൊരു ഭാവമാറ്റം അപ്പോഴും പ്രകടമായിരുന്നില്ല. 
മാമ്പിയും നൊട്ടനും ചോമനും പരികര്‍മ്മികളും വായ്പാട്ടുകാരില്‍ ചിലരും മൂപ്പനെടുത്ത്  തഴപ്പായയില്‍ത്തന്നെ ഇരുന്നു. ദൈവമട വിട്ട് മറ്റുള്ളവരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ പരികര്‍മ്മികളിലൊരുവന്‍ കരിക്ക് വെട്ടി വെള്ളം മൂപ്പന്റെ നെറ്റിയിലൊഴുക്കി. ദൈവം കുടിയേറിയതിന്റെ തലച്ചൂട് കരിക്ക്വെള്ളം തട്ടി തണുത്തപ്പോള്‍ കാരിമൂപ്പന്‍ കണ്ണ് തുറന്നു. തഴപ്പായയില്‍ നിന്നെണീറ്റ് മേലുടുത്ത ചെമ്പട്ടുകളഴിച്ചു. മടക്കിയൊതുക്കിയ ചെമ്പട്ടുകള്‍ മണി കെട്ടിയ വടിയോടൊപ്പം ഒരു പെരുങ്കായസഞ്ചിയിലെടുത്തുവെച്ചു. പരികര്‍മ്മികള്‍ പുകലക്കെട്ടുകള്‍ നിക്ഷേപിച്ച നെയ്ത്ത് കുട്ടയും ചീനിയും തുടികളും ചെമ്പട്ടുകളുമൊതുക്കിയ സഞ്ചിയും തൂക്കിപ്പിടിച്ച് ദൈവമടയിലെ പനകൊണ്ട് മേഞ്ഞ മൂപ്പന്റെ പുരയിലേക്ക് കയറി. 
ദൈവമടയുടെ മുറ്റത്ത് ഒരു ചെറുപന്തത്തിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും ഒന്നും ഉരിയാടാതെ തഴപ്പായയില്‍ വട്ടം കൂടിയിരുന്നു. മൂപ്പന്റെ പുരയിലേക്ക് കയറിപ്പോയ പരികര്‍മ്മികള്‍ രണ്ട് പേരും ഒരു റാന്തല്‍വിളക്കും നിറഞ്ഞ് തള്ളിനില്‍ക്കുന്ന ഒരു തുണിസഞ്ചിയുമായി പുറത്തേക്ക് വന്നു. റാന്തല്‍ പായക്ക് നടുവില്‍ വെച്ച് തുണിസഞ്ചി നിലത്തിറക്കിവെച്ചു. കാരിമൂപ്പന്റെ അനുവാദം കാത്ത്

പരികര്‍മ്മിയിലൊരുവന്‍ സഞ്ചിക്കടുത്ത് തന്നെ നിന്നു. കാരിമൂപ്പന്‍ അയാളെ നോക്കി സമ്മതം മൂളി. അയാള്‍ സഞ്ചി തുറന്ന് കുഴിഞ്ഞ വലിയ ചിരട്ടകള്‍ പായില്‍ നിരത്തി.   അതിലേക്ക് കുപ്പിയില്‍നിന്നും റാക്ക് പകര്‍ന്നു. തുളച്ചു കയറുന്ന ഗന്ധമുള്ള റാക്ക് നിറച്ച ചിരട്ടകള്‍ എല്ലാവരും കൈകളിലെടുത്തത് നടുവിരല്‍കൊണ്ട് തൊട്ട് മൂന്ന് തുള്ളി റാക്ക് ദൈവങ്ങള്‍ക്കും  മണ്‍മറഞ്ഞുപോയ പിതൃക്കള്‍ക്കും നേര്‍ന്ന ശേഷം ചിരട്ട ചുണ്ടോടടുപ്പിച്ച് കമിഴ്ത്തി റാക്ക് ഒറ്റവായില്‍ കുടിച്ചു തീര്‍ത്തു. രണ്ടാം വട്ടം ഒഴിക്കാനായി പരികര്‍മ്മി ഒരുങ്ങിയപ്പോള്‍ കാരിമൂപ്പന്‍ തടഞ്ഞു. പരികര്‍മ്മി റാക്ക് കുപ്പി മൂടിവെച്ചു. കാരിമൂപ്പന്റെ മുഖപേശികള്‍ അസ്വാസ്ഥ്യം കൊണ്ട് വലിഞ്ഞു മുറുകി. എല്ലാവരും മൂപ്പനിലേക്ക് തന്നെ നോക്കിയിരുന്നു. നരച്ച താടിരോമങ്ങള്‍ കിളിര്‍ത്തു പൊങ്ങിയ ഒട്ടിയ കവിള്‍ത്തടം ചൊറിഞ്ഞ് കൊണ്ട് മൂപ്പന്‍ എല്ലാവരോടുമായി പറഞ്ഞു: ''പൂജ തൊടങ്ങിയതിന്റെ മുന്നെ എന്നെ കാണാന്‍ നാണു വന്നിര്ന്ന്.'' അത് കേട്ടപ്പോള്‍ തന്നെ മുന്നിലിരുന്നവരുടെ മുഖത്ത് ആശങ്കയുടെ തീനാളം തെളിഞ്ഞു. നാണു എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളറിയിക്കാന്‍ മാത്രമാണ്  പട്ടണത്തില്‍നിന്നും മലകയറി മൂപ്പനടുത്തേക്ക് വരുന്നതെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. കാര്യമെന്തെന്നറിയുവാനായി ഉത്കണ്ഠയോടെ എല്ലാവരും കാരിമൂപ്പനെ നോക്കി. 

''ഓറ് നാളേ, മറ്റന്നേ വര്മെന്നാ, നാണു പറഞ്ഞെ, ഓന്‍ ആപ്പീസിന്ന് രകസ്യായി അറിഞ്ഞതാ, കേട്ട പാതി ഓന്‍ വന്നെന്നോട് പറഞ്ഞ്. കഴിഞ്ഞ (1)പ്രാശത്തെപ്പോലെ ടി.വിക്കാരും, കാടിനേം ഞമ്മളേംഒക്കെ ഇഷ്ടപ്പെടണോരും വന്ന് മൊടക്കാതിരിക്കാന്‍ അരേം അറിയിക്കാതാ ഓറെ സംഗതിയെല്ലാം കഴിഞ്ഞ പ്രാശം മ്മക്കൊപ്പം നിന്നോരെയൊക്കെ എങ്ങനേലും വെവരം അറിയിക്കാന്ന് നാണു    പറഞ്ഞ്ട്ട്ണ്ട്. ഏമാന്മാര് മല കേറിയാ പെരുമലേന്ന് കുറിച്യരും നമ്മടെ കൂടെ കൂടും. ന്നാലും മ്മള് കരുതണം.'' കാരിമൂപ്പന്റെ വാക്കുകള്‍ കേട്ട് ആശങ്ക കനക്കുന്ന അന്തരീക്ഷത്തില്‍ എല്ലാവരും    പരസ്പരം നോക്കിയിരുന്നു. 
അനക്കമറ്റ് നില്‍ക്കുന്ന ജലത്തിലേക്ക് ചൂണ്ട എടുത്തിടും പോലെ നിശ്ശബ്ദതയിലേക്ക് കൂട്ടത്തിലൊരുവന്‍ ഒരു ചോദ്യമെറിഞ്ഞു. ''ന്നാലും മ്മള് ചെയ്ത കുറ്റെന്താ? മ്മളെ കാടെറക്കാഞ്ഞ് ഏമാന്മാര്ക്കെന്താ ഛേതം?'' ആ ചോദ്യം കേട്ട് കാരിമൂപ്പന്‍ പുച്ഛഭാവത്തോടെ മന്ദഹസിച്ചു. വായില്‍ നിറഞ്ഞ തുപ്പല്‍ അകലേക്ക് നീട്ടിത്തുപ്പി. അയാളെ നോക്കി പറഞ്ഞു:
''മ്മളെല്ലാം ഇവിടെ കുടി പാര്‍ക്ക്ന്നത് കാട് കയ്യേറി നശിപ്പിക്കാനാന്നാ ഓറ് പറയ്ന്നെ.''

വല്ലപ്പളും ഉള്‍ക്കാട് കേറി തേനെട്ക്കും, ആനക്ക് ബാക്കി നിര്‍ത്തി ഈറ്റ വെട്ടും, മര്ന്ന് ചെടികള്  പറിക്കും. ഇതൊക്കെയാണോ മ്മള് ചെയ്ത കുറ്റം. മ്മള് വെട്ടീം പറിച്ചും കൊണ്ട് വര്ന്നീ (2)സാനങ്ങളൊക്കെത്തന്നെ പൊലീസേരും ആപ്പിസര്‍മാരും അങ്ങാടീ പോയി വാങ്ങ്ന്നെ, ഓര്‍ക്ക് മ്മള് കൊണ്ട് വര്ന്ന സാനങ്ങള് മതി, മ്മളെ വേണ്ട'' ചോമന്‍ കടവായിലൂടെ ഒലിച്ചിറങ്ങുന്ന ഉമിനീര് തുടച്ചുകൊണ്ട് പറഞ്ഞ് തീര്‍ന്നപ്പോള്‍ മൂപ്പന്‍ എന്തോ നിശ്ചയിച്ചുറപ്പിച്ച മട്ടില്‍ മുന്നിലേക്ക് ചാഞ്ഞിരുന്നു. 
''കാട് മ്മടെ മണ്ണാണ്, കാര്‍ണ്ണോമാരും ദൈവങ്ങളും കുടിയിര്ക്കണ ഈ മണ്ണ് നൊമ്മക്കും, വരാന്‍ പോണ നൊമ്മടെ പൈതങ്ങള്‍ക്കുള്ളതാ, മ്മളാര്‍ക്കും ഇത് വിട്ട് കൊട്ക്കര്ത്. ആപ്പീസര്‍മാര്ക്ക് മ്മള് കാട് കയ്യേറിയോരാ, കിഴക്കന്‍മലേലും ചോക്കന്‍മലേലും പൊന്ത്യ കൊട്ടാരങ്ങളൊന്നും ഓറ് കാണില്ല. കാട്ടിനുള്ളീ നിക്കണ പനയോല മേഞ്ഞ പെരകളേ ഓറെ കണ്ണീ പെടൂ. നൊമ്മക്ക് നൊമ്മളേ ഉള്ളൂ. ഓര്‍ക്കെതിരെ നിക്കണെങ്കില് നൊമ്മളെ പൊരകളില് പൊടി പറ്റിയിര്ക്കണ അമ്പും വില്ലുമെട്ത്താലും തെറ്റൊന്നൂല്ല.'' കാരിമൂപ്പന്റെ ദൃഢമായ വാക്കുകള്‍ യുദ്ധത്തിന്റെ മുന്നോടിയായുള്ള ശംഖൊലി പോലെ മറ്റുള്ളവരുടെ മനസ്സില്‍ മുഴങ്ങി. യുദ്ധസന്നദ്ധരായ പോരാളികളെപ്പോലെ അവരെല്ലാം കാരിമൂപ്പനെ നോക്കി. അകലെ പെരുമലയില്‍നിന്നും ദൈവപ്രീതിക്കായുള്ള പെരുമ്പറ മുഴങ്ങി. 

സൂര്യന്‍ കിഴക്കന്‍ മലയില്‍ ഉദിച്ചുയര്‍ന്നു. പെരുമലയിലെ കാവല്‍വിളക്കുകള്‍ കണ്ണടച്ചു. കാരിമൂപ്പന്‍ തന്റെ പുരക്കുള്ളില്‍ പഴയ ആയുധങ്ങള്‍ പൊടിതട്ടി പുറത്തെടുക്കുകയായിരുന്നു. വില്ലിന്റെ അയഞ്ഞ ഞാണുകള്‍ മുറുക്കിയും ദ്രവിച്ച് പഴകിയവ മാറ്റി പുതിയവ കെട്ടിയുമിരിക്കുമ്പോഴാണ് പുറത്തുനിന്നും ആരോ തന്നെ വിളിക്കുന്നത് കേട്ടത്. മൂപ്പന്‍ പുരയിറങ്ങി പുറത്ത് വന്നപ്പോള്‍ മുറ്റം നിറയെ ആയുധങ്ങളുമേന്തിക്കൊണ്ട് ഊരിലെ ജനങ്ങളെല്ലാം കൂടിനില്‍ക്കുന്നു. ലിംഗഭേദമില്ലാതെ കുട്ടികളും പ്രായമായവരും ആ കൂട്ടത്തിലുണ്ടായിരുന്നു. കാരിമൂപ്പന്‍ സംപ്രീതനായി ചിരിച്ചുകൊണ്ട് അകത്ത് പോയി തന്റെ കൈവശമുള്ള ആയുധങ്ങളും മറ്റും എടുത്ത് പുറത്തു വന്നു. പിന്നീട്   ആയുധാഭ്യാസമായിരുന്നു. കാരിമൂപ്പനും ആയോധനകലയില്‍ പ്രാവീണ്യമുള്ള മാമ്പിയും പഴയ മുറകള്‍ പയറ്റിത്തെളിയുകയും മറ്റുള്ളവര്‍ക്ക് പരിശീലനം കൊടുക്കുകയും ചെയ്തു. മല കയറി ഓഫീസര്‍മാരും പൊലീസുകാരും വരുന്നുണ്ടോയെന്നറിയാനായി നൊട്ടനെ ചേലപ്പുഴക്കടുത്ത് നിര്‍ത്തി. ഒരു വിഭാഗം പേരെ ആയുധങ്ങള്‍ രാകിമിനുക്കി മൂര്‍ച്ഛ കൂട്ടുവാനായും മറ്റു ചിലരെ  അമ്പുകള്‍ക്ക് മേലെ പുരട്ടാനുള്ള വിഷനിര്‍മ്മാണത്തിനുമായി നിയോഗിച്ചു. 


ആയുധാഭ്യാസങ്ങളുടെ ആദ്യപടി കഴിഞ്ഞ് എല്ലാവരും വിശ്രമിച്ചിരിക്കുമ്പോഴാണ് അടിവാരത്തുനിന്നും ഓടിവരുന്ന നൊട്ടനെ കാരിമൂപ്പന്‍ കണ്ടത്. പന്തികേട് തോന്നിയ മൂപ്പന്‍ മാമ്പിയെ വിളിച്ചു. കാരിമൂപ്പനും മാമ്പിയും എല്ലാവരോടും ആയുധമെടുത്ത് സന്നദ്ധരാവാന്‍ പറഞ്ഞു. അപ്പോഴേക്കും ഓടിക്കിതച്ചുകൊണ്ട് നൊട്ടന്‍ ദൈവമടയിലെത്തി. കാരിമൂപ്പനും മാമ്പിയും നൊട്ടനടുത്തേക്ക് വന്നു. നീണ്ട കിതപ്പ് മാറ്റിയ ശേഷം നൊട്ടന്‍ അവരെ നോക്കി. ''പൊഴേല് നാണു ചോരേം മുറീം ആയി ചത്ത് കെടക്കണ്'' കാരിമൂപ്പന്‍ പതറുന്ന കണ്ണുകളോടെ നൊട്ടനെ നോക്കി.
''ആരാ കൊന്ന്ട്ടാന്നാ തോന്നെ' നൊട്ടന്‍ കിതപ്പടക്കി പറഞ്ഞു. ആയുധങ്ങള്‍ കയ്യേന്തിയവര്‍   പരസ്പരം മിഴിച്ചു നോക്കി. ആ സമയം മാമ്പി അകലെ അടിവാരത്ത് കാക്കിവസ്ത്രങ്ങള്‍ മിന്നിമറയുന്നത് കണ്ടു. ''ഓറ് വര്ന്ന്'' മാമ്പി കാരിമൂപ്പന് മുന്നറിയിപ്പ് കൊടുത്തു. കാരിമൂപ്പന്‍ പതര്‍ച്ച മാറ്റി  ജാഗരൂകനായി. മൂപ്പനും മാമ്പിയും ആയുധങ്ങളെടുത്തു. പിറകെ ആയുധങ്ങളേന്തി നില്‍ക്കുന്നവരോടൊപ്പം നൊട്ടനും അണിചേര്‍ന്നു. 

പൊലീസുകാര്‍ അടിവാരം കയറി ദൈവമടക്ക് മുന്നിലെത്തി. യുദ്ധകാഹളത്തിനു മുന്നറിയിപ്പെന്നപോല്‍ തോക്കുകള്‍ കയ്യിലേന്തിയ അഞ്ഞൂറോളം പൊലീസുകാരടങ്ങുന്ന സംഘത്തിന്റെ നേതാവ് വെടിയൊച്ച മുഴക്കി. കൂരമ്പുകള്‍ ദൈവമടയില്‍നിന്നും പറന്നുവന്നു. അതിനേക്കാള്‍  വേഗത്തിലും ശക്തിയിലും വെടിയുണ്ടകള്‍ കറുത്ത ഉടലുകളിലേക്ക് തുളച്ച് കയറി. ഉന്നം തെറ്റിയ ചില വെടിയുണ്ടകള്‍ ദൈവങ്ങളെ ആവാഹിച്ച ശിലകളെ ചിന്നിച്ചിതറിപ്പിച്ചു. കാട് സംരക്ഷിക്കാനെന്ന് പറഞ്ഞ് കാട്ടുനീതിയോടെ കാടിന്റെ മക്കളെ കാക്കിധാരികള്‍ കൊന്നു വീഴ്ത്തി. പേടിച്ച് നിലവിളിച്ച കുട്ടികളെപ്പോലും കാക്കിക്കാടന്മാര്‍ നിഷ്‌കരുണം തോക്കിനിരയാക്കി. പതുക്കെ അമ്പുകളുടെ പെയ്ത്ത് നിന്നു. അമ്പും വില്ലും കുന്തങ്ങളും ചോരകെട്ടിയ കുരുതിത്തളത്തില്‍ വീണുകിടന്നു. അമ്പെയ്ത്തേറ്റ മൂന്ന് നാല് പൊലീസുകാരെ മറ്റു ചിലര്‍ താങ്ങിപ്പിടിച്ച് അടിവാരത്തേക്കിറങ്ങി.    മറ്റുള്ളവര്‍ ചോര ചിന്തിയ ദൈവമടയിലേക്ക് നടന്നു. കാലുകള്‍കൊണ്ട് തട്ടി നിലത്തുവീണ് കിടക്കുന്നവരില്‍ ജീവനുള്ളവരുണ്ടോ എന്നു നോക്കി. അത്തരത്തില്‍ കണ്ടെത്തിയ ജീവനവശേഷിച്ച ചോമനടക്കമുള്ള നാല് പേരെ മലര്‍ത്തിക്കിടത്തി, അവരുടെ തല ചിന്നിച്ചിതറും വരെ പൊലീസ് തലവന്‍  നെറ്റിയിലേക്ക് നിറയൊഴിച്ചു. എല്ലാവരുടേയും മരണം സ്ഥിരീകരിച്ച ശേഷം ഓപ്പറേഷന്‍ ഹെഡ്  ചുമതലയുള്ള പൊലീസുകാരന്‍ ''ഇനിയെന്താണ് വേണ്ടതെന്ന്'' ഉന്നതോദ്യോഗസ്ഥനോട് ആരാഞ്ഞു. ഉദ്യോഗസ്ഥന്‍ പൈശാചികമാര്‍ന്ന് ചിരിച്ചു കൊണ്ട് ശവക്കൂട്ടങ്ങളിലേക്ക് കണ്ണയച്ച ശേഷം ലാഘവത്തോടെ പൊലീസുകാരനെ നോക്കി. 
''എല്ലാത്തിനെയുമെടുത്ത് ആ ചൂണ്ടക്കൊക്കയില്‍ തള്ളിയേക്ക്, അവിടാവുമ്പൊ ഒരുത്തനും അറിയില്ല.''

മേലുദ്യോഗസ്ഥന്റെ അറിയിപ്പ് കിട്ടിയ കാക്കിധാരികള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന    ശവങ്ങള്‍ക്കടുത്തേക്ക് നടന്നു. അവരുടെ ബൂട്ട്സുകള്‍ ഒരേ സമയം നിലത്തമര്‍ന്നപ്പോള്‍ അത് മറ്റൊരു യുദ്ധത്തിനുള്ള മുന്നറിയിപ്പെന്ന പോല്‍ അന്തരീക്ഷത്തില്‍ ദൃഢമാര്‍ന്ന ശബ്ദമുയര്‍ത്തി. പതുക്കെ ബൂട്ട്സിന്റെ ചവിട്ടിയൊതുക്കുന്ന ശബ്ദത്തിനു മുകളിലൂടെ അതിനേക്കാള്‍ ഉച്ചത്തിലും തീവ്രതയിലും ഉള്‍ക്കാട്ടില്‍നിന്നും കനത്ത മൂളല്‍ ഇരമ്പിവന്നു.   
  
(1) പ്രാശം - പ്രാവശ്യം                            
(2) സാനം - സാധനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com