പെരടി: കെഎന്‍ പ്രശാന്ത് എഴുതിയ കഥ

 പ്രാകിക്കൊണ്ട് അവന്‍ എഴുന്നേറ്റു. വാതില്‍ തുറന്നപ്പോള്‍ പ്രേതസമാനനായ ഒരാള്‍ ഇരുട്ടില്‍നിന്നും കയറിവന്നു.
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

രോ വാതിലില്‍ മുട്ടുന്നുണ്ട്. ഉറക്കംവിട്ടുണരാതെ തന്നെ കാമേഷ് അത് അറിഞ്ഞു. പഴയ വാതില്‍പ്പാളി തകരുമെന്നു തോന്നുംവിധം അത് ഇപ്പോള്‍ ശക്തിയിലായിരിക്കുന്നു.  പ്രാകിക്കൊണ്ട് അവന്‍ എഴുന്നേറ്റു. വാതില്‍ തുറന്നപ്പോള്‍ പ്രേതസമാനനായ ഒരാള്‍ ഇരുട്ടില്‍നിന്നും കയറിവന്നു. പക്ഷേ, നിഴലുകള്‍ ആ മുഖം മറയ്ക്കുന്നു. അയാള്‍ നിലവിളിപോലെ പറഞ്ഞുതുടങ്ങി. 

''പൂചാരീരെ കോയി കാതീനീട്ട്വാ1. പണം വെച്ചോരിക്കെല്ലം എരട്ടി കിട്ടീനി, മാത്രം പൂചാരി പോയി! കോയിവാള് തൊണ്ടക്ക് കേറീറ്റ് നമ്മ പൂചാരി ഹോഗിതാരേ.''

പറഞ്ഞുതീരുമ്പോഴേക്കും അലര്‍ച്ചയായി മാറിയിരുന്നു അത്. പെട്ടെന്ന് വീശിയ കാറ്റില്‍ അയാളുടെ മെലിഞ്ഞ ദേഹമുലഞ്ഞു. കാറ്റ് തന്നെയും കൊണ്ടുപോകുമെന്ന് പിറുപിറുത്ത് തുളുത്തെറികള്‍ പറഞ്ഞ് അയാള്‍ ഉമ്മറത്തേക്ക് ചാടിക്കയറി. നോക്കിയിരിക്കെ അയാള്‍ക്ക് കൊക്കും പൂവും അങ്കവാലും മുളച്ചു. മെലിഞ്ഞ കാലുകളില്‍ പോരുകോഴികള്‍ക്ക് വച്ചുകെട്ടുന്ന വാള്‍ തിളങ്ങി. കാമേഷിനു നേരെ ചോരപടരുന്ന നോട്ടമുറപ്പിച്ച് ആരൂപം ഉച്ചത്തില്‍ കൂവി. പോരിനായി അത് തന്റെ നേരെ പറന്നുവീണപ്പോള്‍ അവന്‍ ഞെട്ടിയുണര്‍ന്നു. 

''ജാസ്തി വൈതൂലേ?2 പോണ്ടേ?''
ശൈലജ മുന്നില്‍ നില്‍ക്കുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവും കൂടിച്ചേര്‍ന്ന മൂടല്‍ തെളിയാന്‍ അവന്‍ കണ്ണുകള്‍ തിരുമ്മി. കൂടെ വന്ന കാലത്ത് രാത്രിപ്പണി കഴിഞ്ഞ് തിരിച്ചുവന്ന് കിടന്നുറങ്ങുമ്പോള്‍ അവള്‍ പരിഭവത്തോടെ കൂടെ കിടക്കുമായിരുന്നു. പക്ഷേ, ഒരു കാടുമുഴുവന്‍ നടന്നു തീര്‍ത്ത ക്ഷീണം ഇരുളും വരെ ഉറങ്ങിയാലും തീരില്ല. പള്ളത്തൂരിലെ യെല്ലമ്മയുടെ സുഖമനയില്‍ പുതുതായി എത്തിയ പെണ്ണില്‍ പൊട്ടിയൊലിച്ച ദിവസമാണെങ്കില്‍ പറയുകയേ വേണ്ട. വേവുന്ന ഉച്ചച്ചൂടിലും കാടിന്റെ തണുത്ത ഓര്‍മ്മയില്‍ കാമേഷ് ചുരുണ്ടുകൂടി കിടക്കും. സ്വപ്നത്തിന്റെ കെട്ടുവിടാതെ കഞ്ഞി കുടിക്കുമ്പോഴും അവള്‍ തിരക്കു കൂട്ടി. 

''വേഗം നോക്കറ ഓറ് കാത്ത് ന്ക്കൂലെ?''
മുന്‍പൊക്കെ രാത്രിയാകുന്നത് പോലും അവള്‍ക്ക് വെറുപ്പായിരുന്നു.  ചുരുക്കം കൊല്ലം കൊണ്ട് അവളെത്ര മാറി എന്നാലോചിച്ച് ആവശ്യമായ സാധനങ്ങള്‍ നിറച്ച സഞ്ചി കക്ഷത്തില്‍ വച്ച് ഫോണെടുത്ത് സമയം നോക്കിയ ശേഷം അതിന്റെ വെട്ടം തെളിച്ച് അവന്‍ ഇരുട്ടിലേക്കിറങ്ങി. 
ഇരുട്ടുമായി രഹസ്യബന്ധമുള്ളതുപോലെ ഷേണായിയുടെ കാര്‍ കാത്തുനില്‍പ്പുണ്ട്. 
''എത്ര നേരായി കാത്ത്ക്കന്ന് നായിന്റെമോനെ?''
ചില്ലു പതിയെ താഴ്ത്തിയ ശേഷം പല്ലിറുമ്മിക്കൊണ്ട് അയാള്‍ പറഞ്ഞു. കയ്യിലെ മൊബൈല്‍ഫോണിന്റെ വെളിച്ചത്തില്‍ അയാളുടെ മുഖം പ്രകാശിച്ചു.  
''നെനക്ക് ഒറ്റക്ക് പോവാന്‍ പേടി ഇണ്ടാ?''
''ഇല്ല.''
''കൂലി ജാസ്തി തെര്‍ന്നുണ്ട്.''
പറഞ്ഞുവച്ചതുപോലെ ഒരു ജീപ്പ് അവര്‍ക്കരികില്‍ വന്നുനിന്നു. തലചൊറിഞ്ഞുകൊണ്ട് കാമേഷ് അതിന്റെ പിന്നിലേക്ക് കയറി.

ഈശ്വരമംഗലയിലാണ് ഷേണായിയുടെ ഫാക്ടറികള്‍. ചന്ദനം, ആനക്കൊമ്പ്, അണ്ടി, കുരുമുളക്, റബ്ബര്‍ അങ്ങനെ തരാതരം ഏര്‍പ്പാടാണ്.  കിന്നിംഗാറില്‍നിന്നും കാട് കയറി പള്ളത്തൂര്‍ തോട് കഴിഞ്ഞാല്‍ കര്‍ണാടകമായി. കാട് വെട്ടിയുണ്ടാക്കിയ ഊടുവഴികള്‍ വേട്ടക്കാരുടെ കണ്ടെത്തല്‍ ആയിരിക്കണം. ഇപ്പോള്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ടിനു മാത്രം ഇരട്ടക്കുഴലുമായി കാട് കയറുന്ന പുതിയ വെടിക്കാര്‍ അല്ല.  യശ്മാനന്മാര്‍ക്ക് റാക്ക് കുടിക്കുമ്പോള്‍ കടിച്ചു പറിക്കാന്‍ വെടിയിറച്ചി തേടിപ്പോയ പഴയ നായാട്ടുകാര്‍. അവര്‍ക്ക് കാട് കൈരേഖകള്‍പോലെ ആയിരുന്നു. ചന്ദനക്കാംപാറയില്‍ ഫോറസ്റ്റുകാര്‍ നട്ടുപിടിപ്പിച്ചവയോ ഏതെങ്കിലും പുരയിടത്തില്‍ കട്ടുപോകാതിരിക്കാന്‍ മണികെട്ടി കാത്തുവച്ചവയോ ആയ ചന്ദനമരങ്ങള്‍ ഒരനക്കംപോലും ഇല്ലാതെ വെട്ടി തോല്ചെത്തി മുട്ടികളാക്കി ചാണകം മെഴികിയ ചാക്കില്‍ നിറച്ച് ഷേണായിയുടെ പണിക്കാര്‍ കാട്ടുവഴികളിലൂടെ തലച്ചുമടായി കടത്തി.  കുരുമുളകും റബ്ബര്‍ ഷീറ്റും കണക്കില്‍പ്പെടാത്ത പണവും ശത്രുക്കളുടെ ശവങ്ങളും അങ്ങനെ പണമാക്കാന്‍ കഴിയുന്നതെല്ലാം മുതലാളിമാര്‍ക്കുവേണ്ടി കാട് കടന്നു. 

കാടതിര്‍ത്തിയില്‍ കാമേഷിനെ ഇറക്കിവിട്ട് ജീപ്പ് ഇരുട്ടിലേക്ക് കുന്നുകയറിപ്പോയി. അകന്നു വളര്‍ന്ന മരങ്ങള്‍ പിന്നിട്ട് വനത്തിലേക്ക് കയറുമ്പോള്‍ ആരോ കൂടെയുണ്ടെന്ന് അവനു തോന്നി. മുകളില്‍ നിലാവ് കരിമേഘക്കാടിലേക്ക് കയറിപ്പോകുന്നു. ചീവീടുകളുടെ ആരവവും ഇലകളില്‍ വീഴുന്ന മഞ്ഞുതുള്ളികളുടെ പിറുപിറുപ്പും ചേര്‍ന്ന് കാട് ഇപ്പോള്‍ മുരളുന്ന ഒരു വലിയ മൃഗമാണ്. 

ഇതുപോലെ ഒരു രാത്രിയില്‍ ഒറ്റയ്ക്ക് കാടുകയറിയ പക്കീരണ്ണയുടെ ഓര്‍മ്മകളെ വകഞ്ഞ് അവന്‍ നടന്നു. നായാട്ടുകാരനായ അയാള്‍ ഷേണായിയുടെ മുഖ്യകടത്തുകാരന്‍ ആയിരുന്നു. കടത്ത് മടുത്ത ദിവസങ്ങളില്‍ ആ പണിയില്‍ എത്തിപ്പെട്ടതിന് അയാള്‍ സ്വയം പ്രാകുന്നത് കേള്‍ക്കാം. 
''ഇത് നരകത്തിലെ പണി. കുറുക്കന്‍ മാട്ടുമ്മ കുടുങ്ങ്യ പോലെ തായ കീഞ്ഞാല് മുങ്ങി ചാവും. ഇല്ലേങ്കില് പൈച്ച് ചാവും! എല്ലാം ദേവരാട്ടം.'' 

പണി നിര്‍ത്തി നാട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ച ശേഷം ഒരു ദിവസം ഒറ്റയ്ക്ക് കാടുകയറിയ അയാളെ കാണാതാകുകയായിരുന്നു. പക്കീരണ്ണ പറ്റിച്ചു എന്ന് ഷേണായി തെറിവിളിച്ചു നടന്നു. മറ്റുള്ളവര്‍ ആരും അയാളെ അന്വേഷിച്ചതുമില്ല. 

ആദ്യകാലത്ത് പേടിയായിരുന്നു. കാട്ടുപന്നികളും കാട്ടിയും പെരുപ്പാമ്പും പുളയ്ക്കുന്ന കാട്. കൂടെ ഉള്ളവര്‍ക്കു പിറകില്‍ പമ്മി പതുങ്ങി നടക്കും. നീട്ടിയടിക്കുന്ന ടോര്‍ച്ചു വെളിച്ചത്തില്‍ നായാട്ടുകാരുടെ കാക്കിക്കുപ്പായങ്ങള്‍ കണ്ട് ഫോറസ്റ്റുകാരാണെന്നു കരുതി ഓടി കാട്ടുമരങ്ങളില്‍ തട്ടി വീണത് ഓര്‍ത്ത് അവന് ചിരിവന്നു. പിറകില്‍ എന്തോ അനങ്ങി. മൂങ്ങയാണ്, അത് മൂളാന്‍ തുടങ്ങി. ആകാശത്തെ മറച്ചുനില്‍ക്കുന്ന മരങ്ങളില്‍ മിന്നാമിനുങ്ങുകള്‍ എന്തോ തിരയുന്നു. ഇരുട്ട് വീണ് തൂര്‍ന്നുപോയ കാട്ടുവഴികളിലേക്ക് തലയിലെ ടോര്‍ച്ച് തെളിച്ച് അവന്‍ വേഗത്തില്‍ നടന്നു. 


ഉള്‍ക്കാട്ടിലേക്ക് കയറും മുന്‍പ് പേരറിയാത്ത ഒരു വലിയ മരത്തില്‍ പടുമുളപൊട്ടിയ ഇലഞ്ഞിയുടെ താഴ്ന്ന ചില്ലയില്‍നിന്നാണ് കാമേഷ് ആ പക്ഷിയുടെ ശബ്ദം കേട്ടത്. മനുഷ്യരുമായുള്ള ആജീവനാന്ത ഉടമ്പടിയില്‍ തുടരുന്ന അതിന്റെ കൂവല്‍ അവനെ പിടിച്ചു നിര്‍ത്തി. ഇടയ്ക്ക് കെടുത്തിയിരുന്ന തലയിലെ ടോര്‍ച്ച് ഒറ്റ ഞെക്കില്‍ ആ ഒച്ചയുടെ മിന്നുന്ന തൂവലുകളെ ചെന്നുതൊട്ടു. വലതുകാലില്‍ തിളങ്ങുന്ന കുഞ്ഞുവാള്‍ കണ്ടപ്പോള്‍ അത് കാട്ടുകോഴിയല്ല എന്നുറപ്പായി.  കാലില്‍ ലോഹമൂര്‍ച്ചയും കണ്ണുകളില്‍ ശൗര്യവുമായി അത് മരച്ചില്ലയില്‍ ചിറകുകള്‍ ഒതുക്കി ഇലഞ്ഞിമണത്തില്‍ കൂനി ഇരുന്നു. 

സ്വപ്നത്തില്‍ കണ്ടയാളെ കാമേഷിന് ഓര്‍മ്മവന്നു. അപ്പയുടെ മരണമറിയിക്കാന്‍ വന്നതാണയാള്‍. ബേത്തൂറിലെ പ്രമാണിയായ കൃഷ്ണ ആള്‍വറുടെ തോക്കുകാരനും കോഴിക്കെട്ട്കാരനും ആയിരുന്നു അപ്പ ഷീനപ്പപൂചാരി. ആള്‍വറുടെ അങ്കക്കോഴികള്‍ പൂചാരിയുടെ പരിപാലനത്തില്‍ വളര്‍ന്നു. കോഴികള്‍ക്കു വേണ്ടി നെല്ലും ഗോതമ്പും മുതലാളി നിര്‍ലോഭം വീട്ടിലെത്തിച്ചു കൊടുക്കും. മക്കള്‍ പട്ടിണികിടന്നാല്‍പ്പോലും അതില്‍ ഒന്നുതൊടാന്‍ പൂചാരി ഭാര്യയെ സമ്മതിക്കില്ല. 
''സൗക്കാറു3 കൊയിക്ക് കൊട്ക്കാന്‍ തന്ന തിണ്ടി തൊടറു ചൂളച്ചീ.''
അയാള്‍ പോരുകോഴികളെപ്പോലെ നീട്ടിക്കൂവും. ഒരു ദിവസം കോഴികള്‍ക്കുള്ള നെല്ലില്‍ കുറവു കണ്ട് പൂചാരി ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളി. 
''നീ എന്ന കള്ളനാക്കും അല്ലെ ലങ്കച്ചി മോളേ?'' ചോര കലങ്ങിയ കണ്ണുകളില്‍ ലോഹമൂര്‍ച്ച. 
''നിങ്ങളെ സൗക്കാറ് പറഞ്ഞിറ്റ് ഞാന്‍ എടുത്തത്'' ഭാര്യ വീഴ്ച  കൂസാതെ പറഞ്ഞു. 
''കൂത്തിച്ചീ.  ബേത്തൂറുള്ള ഓറു എപ്പോ നിന്നോട് പറഞ്ഞിനി?''
''ഇന്നല ലാത്രി പറഞ്ഞിനി. '
'ഓറെന്തിന് അറുവാണിച്ചീ മോന്തിക്ക് ഈട ബന്നിനി?''
''നിങ്ങക്ക് ബേണ്ടാത്തയിന്'.''

പൂചാരി ഒന്നും മിണ്ടാതെ പടികള്‍ ഇറങ്ങി നടന്നു. പിറകില്‍ കോഴികള്‍ ഒച്ചയിട്ടു. അന്ന് എടനീര് അമ്പലത്തില് കോഴിക്കെട്ടാണ്.  ഇരട്ടക്കുഴലുമായി താന്‍ കാട് കയറുമ്പോള്‍ ഒറ്റക്കുഴലുമായി തന്റെ വീട്ടിലേക്ക് കയറിപ്പോകുന്ന ആള്‍വറെ അയാള്‍ മനസ്സില്‍ കണ്ടു.  പോരുകോഴികള്‍ പരസ്പരം നോക്കി കൊത്തിക്കീറാന്‍ തയ്യാറായി നില്‍ക്കുന്നു. പൂചാരി ഇറക്കിയ വോര്‍ക്കാടിപ്പൂവന്‍ എതിരാളിയുടെ നേര്‍ക്ക് കഴുത്തിലെ തൂവലുകള്‍ ഇളക്കി കുതിച്ചു. പേടിച്ചുപോയ എതിര്‍കോഴി ചിറകുവിടര്‍ത്തി രക്ഷപ്പെടാന്‍ പാറിവീണത് പൂചാരിയുടെ കഴുത്തില്‍. കോഴിച്ചോര വീഴേണ്ടിടത്ത് കെട്ടുകാരന്റെ ചോര ഒഴുകി. 

കാമേഷ് അങ്കവാല്‍ ഇളക്കിനില്‍ക്കുന്ന പോരുകോഴിയുടെ അടുത്തേക്ക് പതിയെ നീങ്ങി. അത് അനുസരണയോടെ അവന്റെ കൈകളില്‍ ഇരുന്നു. അവനു മുന്നില്‍ പൂര്‍വ്വികര്‍ വെട്ടിയൊതുക്കിയ ഒറ്റയാള്‍ കാട്ടുവഴി ഇരുളടഞ്ഞു കിടന്നു. നെറ്റിയിലെ മൂന്നാംകണ്ണ് തെളിച്ച് അവന്‍ കോഴിയെ പരിശോധിച്ചു.  അതിന്റെ കാലിലെ ചെറിയ വാളിന്റെ മൂര്‍ച്ച അറിഞ്ഞു. ഇപ്പോള്‍ തിരിച്ചു നടന്നാല്‍ ബെള്ളൂരില്‍ നിന്നുവരുന്ന പൂഴിക്കാരുടെ വണ്ടികള്‍ കിട്ടും. 
''എന്തണ്ണാ ചാക്കില്?''
''കൊര്‍ച്ച് പൂളക്കൊള്ളി?''
ഡ്രൈവര്‍ സംശയത്തോടെ നോക്കി. കോഴിവാളില്‍ തൂവാല ചുറ്റിക്കൊണ്ട് കാമേഷ് പുറത്തെ കാഴ്ചകള്‍ കണ്ടു. 
''കൊയിക്കെട്ടിനു പോയതാ?''
''ഉ.''
''കാത്യവാടും വാള് അയിക്കലുണ്ടല്ലാ?''
''അയിച്ചിറ്റ്ല്ല.''
''എന്തേ കെട്ട് നടന്ന്റ്റെ?''
''ഇല്ല.''

ലോറിയില്‍നിന്നിറങ്ങി നിലാവ് തട്ടി റോഡിലേക്ക് വീണുകിടക്കുന്ന മരങ്ങളുടെ നിഴലിലൂടെ വാടകമുറിയിലേക്ക് നടക്കുമ്പോള്‍ താന്‍ കാട്ടുരാത്രികളില്‍ യൗവ്വനം ഒറ്റയ്ക്ക് നീന്തിക്കടക്കുകയായിരുന്ന ശൈലജയെ ഓര്‍ത്ത് അവന് വേദന തോന്നി. നാളുകള്‍ക്കു ശേഷം അവളെ സന്തോഷിപ്പിക്കാന്‍ പോകുന്ന ആവേശത്തില്‍ അവന്റെ കാലുകള്‍ക്ക് വേഗം കൂടി. 

വീടിനടുത്ത് ഷേണായിയുടെ കാറ് ഉറക്കം തൂങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ശരീരത്തില്‍ വിയര്‍പ്പ് പൊടിയുന്നത് അവന്‍ അറിഞ്ഞു. അയാള്‍ തന്റെ മടക്കമറിഞ്ഞു കാണുമോ? പടര്‍ന്നു നില്‍ക്കുന്ന മന്ദാരത്തിനു കീഴില്‍ ചാക്കുകെട്ട് വച്ച്, പൂച്ചനടത്തം നടന്ന് കൊളുത്തില്ലാത്ത ജനാല പതിയെ തുറന്നു. മുറിയില്‍ ആളനക്കമുണ്ട്. കണ്ണ് ഇരുട്ടിനോട് ചേര്‍ന്നു കഴിഞ്ഞപ്പോള്‍ ഷേണായിയുടെ വലിയ ശരീരത്തിനു കീഴില്‍ പുളയുന്ന ശൈലജയെ കണ്ട് തലയില്‍നിന്നും കാലുകളിലേക്ക് മിന്നലടിച്ചതുപോലെ അവന് വിറയലുണ്ടായി. കോഴിയുടെ കഴുത്തില്‍ മൃദുവായി തലോടി, കാലില്‍ ചുറ്റിയ തുണിശീല അഴിച്ച് ജനലഴിയിലൂടെ അതിനെ അകത്തേക്ക് ഇറക്കിയ ശേഷം അവന്‍ ഇരുട്ടില്‍ കുത്തിയിരുന്നു. നേരിയ വെളിച്ചത്തിലും കോഴിത്തൂവലുകള്‍ മിന്നി. ശൈലജയിലേക്ക് കുതിക്കുന്നതിനിടയില്‍ ഷേണായി എന്തോ അനക്കം കേട്ട് വേഗത കുറച്ചു.  ജനാലയിലേക്ക് നോക്കിയ തന്നെ രാത്രി ചിതറിയ ഒച്ചകളോടെ തിരിച്ചു നോക്കുന്നത് കണ്ട് അയാള്‍ക്ക് കലികയറി. ദേഷ്യത്തില്‍ അയാള്‍ അവളിലേക്ക് ശക്തിയായി കുതിച്ചു. 
''സൂളെന്റെ മോളേ ജനലടച്ചിറ്റെ?''
''അയിനു കൊള്‍ത്തില്ല സൗക്കാറേ.''

അവളുടെ തളര്‍ന്ന ശബ്ദം പുറത്തേക്ക് കേട്ടു. അപ്പോഴാണ് മുറിയുടെ മൂലയില്‍നിന്നും തന്നെ സൂക്ഷിച്ചു നോക്കുന്ന അങ്കക്കോഴിയെ അയാള്‍ കണ്ടത്. ഈ പാതിരയ്ക്ക് ഇത് എവിടുന്നു വന്നു എന്നതിനു പകരം അതിന്റെ എടുപ്പുകണ്ട് ഉശിരന്‍ എന്നാണ് അയാള്‍ മനസ്സില്‍ പറഞ്ഞത്. അവളില്‍നിന്നും എഴുന്നേറ്റ് അതേപടി അതിനെ പിടിക്കാന്‍ പെരുവിരലുകളില്‍ ഇരുന്ന് കൈകള്‍ നീട്ടി അയാള്‍ പതിയെ ചലിച്ചു. അമ്പിലടുക്കയിലെ കോഴിപ്പോരുകള്‍ക്ക് ചുറ്റും നടന്നു തീര്‍ത്ത യൗവ്വനത്തിന്റെ ഓര്‍മ്മകള്‍ അയാളില്‍ തിമിര്‍ത്തു. ഏതിനത്തില്‍ പെട്ടതാണ് ആ ചേകവന്‍ എന്നറിയാന്‍ തിടുക്കപ്പെട്ട് അതിനു നേരെ തവളച്ചാട്ടം ചാടി. കൈകളില്‍ നിന്നും വഴുതി തിരിഞ്ഞു ചാടിയ കോഴിയുടെ ആദ്യ ചുവടില്‍ത്തന്നെ ഷേണായിയുടെ കണ്ണുകളില്‍ ഇരുട്ട് കയറി.  സംഭവിച്ചത് എന്താണെന്ന് മനസ്സിലായപ്പോള്‍ ചോര ചീറ്റുന്ന അരക്കെട്ടുമായി അയാള്‍ അലറി പുറത്തേക്ക് കുതിച്ചു. ഇരുട്ടു മറച്ചയിടങ്ങളെ നഗ്‌നമാക്കിക്കൊണ്ട് കാറ് അലറിവിളിച്ച് പാഞ്ഞു. 
''ഇല്ലെങ്കില് ഓറ് നിങ്ങള കാട്ടില് കൊന്നിറ്റിടുംന്ന് പറഞ്ഞിനി.''
ശൈലജ വെപ്രാളത്തില്‍ നൈറ്റിഎടുത്തിട്ട് തലതാഴ്ത്തി നിന്നു. 
''നിന്റെ സാദനെല്ലം എടുത്ത് പൊര്‍ത്ത് കീഞ്ഞറ്.''

കാമേഷ് കോഴിയെ ഒരു സഞ്ചിയിലേക്ക് വച്ചുകൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകളില്‍ ചോരപൊടിയുന്നത് കണ്ട് അവള്‍ അനുസരിച്ചു. ഷേണായി അഴിച്ചുവച്ച ഷര്‍ട്ടില്‍നിന്നും തുകല്‍ പഴ്സ് എടുത്ത് അവന്‍ അരയില്‍ തിരുകി. ചാക്കഴിച്ച് ചന്ദനമുട്ടികള്‍ കട്ടിലില്‍ വിതറി. ശവത്തിനു മുകളില്‍ മണ്‍കുടം ഉടയ്ക്കും പോലെ മണ്ണെണ്ണക്കുപ്പി അതിനു മുകളിലേക്ക് എറിഞ്ഞുടച്ചു. പുറത്തിറങ്ങി വാതില്‍ പൂട്ടി. 
''പൊലന്നിറ്റ് നിന്റെ വീട്ടില് പോയ്ക്കോ.''

പേഴ്സില്‍നിന്നും കുറച്ചു നോട്ടുകള്‍ അവളുടെ കയ്യില്‍ പിടിപ്പിച്ച ശേഷം ജാലകത്തിലൂടെ തീപ്പെട്ടി ഉരച്ചെറിഞ്ഞ് കത്തിപ്പടരാന്‍ തുടങ്ങുന്ന പകലിനെ ലക്ഷ്യമാക്കി അവന്‍ ഇരുട്ടിലേക്കിറങ്ങി. 
''കരിവേടകത്തല്ലേ കീയണ്ടത്?'' തോളില്‍ തട്ടിയ കൈയ്യുടെ ബലത്തില്‍ കമേഷ് ഉറക്കം ഞെട്ടി. പുലര്‍ന്നെങ്കിലും വെളിച്ചം വന്നു തുടങ്ങുന്നതേ ഉള്ളൂ. കാലുകള്‍ക്കിടയില്‍ തിരുകിയ സഞ്ചിയില്‍ കോഴി ശാന്തനായി ഇരിക്കുന്നു. ലോറി ഉപേക്ഷിച്ചു പോയ തന്നെ ചായക്കടയിലെ ഒരു ഗ്ലാസ്സ് ചായയില്‍ അവന്‍ വീണ്ടെടുത്തു. 
''ഈട അയിത്തപ്പാന്ന് പറഞ്ഞിറ്റ് ഒരു നായാട്ടുകാരന്ണ്ടാ?''
ദോശ കഷണങ്ങളാക്കി കോഴിക്ക് മുന്നില്‍ ഇട്ടുകൊടുത്തുകൊണ്ട് അവന്‍ കടക്കാരനോട് ചോദിച്ചു. 
''ദേണ്ടെ ആ എടവഴി കണ്ടോ?'' അയാള്‍ അല്‍പ്പം മുന്‍പിലായി റോഡില്‍നിന്നും പിരിഞ്ഞു പോകുന്ന ചെമ്മണ്‍ വഴിയിലേക്ക് ചൂണ്ടി. 
''അത് ചെന്ന് നിക്കുന്നത് വയലിലാ. നടുവരമ്പേ കേറി ഒറ്റനടത്തം വച്ചുകൊടുത്തേച്ചാ മതി നേരെ കാണുന്നത് അയിത്തപ്പന്റെ വീടാ.''
കാമേഷ് സംശയത്തോടെ ഇടവഴിയിലേക്ക് നോക്കി. 
''ഹ വയലിനിങ്ങേക്കരയീന്നു തന്നെ കാണുമെന്നേ. ഇപ്പൊ കൃഷിയും കൂട്ടവുമൊന്നും ഇല്ലല്ലോ?'' അത് പറയുമ്പോള്‍ സഞ്ചിയില്‍ ഇരിക്കുന്ന കോഴിയെ നോക്കി അയാള്‍ തലയാട്ടി. 


അതിരാവിലെ മഞ്ഞുമൂടിയ വഴിയിലൂടെ ഒരാള്‍ കയറിവരുന്നത് കണ്ട് പൂര്‍ണ്ണിമ അയിത്തപ്പയെ ഉരുട്ടിയുണര്‍ത്തി. 
''അപ്പാ ഒരാള് ബെര്ന്നു എണീക്ക്.''
തലേന്നടിച്ച റമ്മിന്റെ കെട്ടു വിടാതെ അയാള്‍ മുരണ്ടു. ഒരു കയ്യില്‍ കോഴിയുമായി വന്ന ആളിനെ മനസ്സിലായില്ലെങ്കിലും അവള്‍ അവനെ ഇറയത്തേക്ക് കയറി ഇരിക്കാന്‍ ക്ഷണിച്ചു. 
''അയിത്തപ്പണ്ണ?''
''നിങ്ങോ ഇരിക്ക് ഒറങ്ങി എണീറ്റിട്ട്ല്ല.''
ചന്തവും വീറുമൊത്ത ആ കോഴിയെ അവള്‍ കണ്ണെടുക്കാതെ നോക്കി. പിന്നെ തടുക്കാന്‍ പറ്റാത്ത ഏതോ വികാരത്താല്‍ അടുത്തേക്ക് ചെന്ന് അതിന്റെ മഞ്ഞക്കഴുത്തില്‍ തലോടി. 
''പെരടി'' അവള്‍ പറഞ്ഞു. 
''എന്ത്യെ?'' കാമേഷിനു മനസ്സിലായില്ല
''ഇതു പെരടിക്കോയി. കാട്ടുകോയീനപ്പോലെ തോന്നും കണ്ടാല്. അതേ സ്പീഡും ഇണ്ട്'' അവളെ മുറ്റത്തു പൂവിട്ടുനില്‍ക്കുന്ന പാരിജാതം മണത്തു. 
''കാല് പൊളിഞ്ഞിനാ?''
''ഇല്ല. വാള് അയിച്ചിട്ട്ല്ല.''
അവന്‍ കോഴിക്കാലില്‍നിന്നും തുണിക്കെട്ടഴിച്ചു. പുലരിയുടെ മൂര്‍ച്ചയില്‍ വാള്‍ മിന്നി. 
''എന്തേ അയിക്കാത്തത്?''
''അയിക്കാന്‍ അറീല.''

അവള്‍ കോഴിയെ കയ്യിലേക്ക് വാങ്ങി. വാളില്‍ ഉണങ്ങിയ കരിഞ്ചോരക്കറ വിരല്‍കൊണ്ട് തുടയ്ക്കാന്‍ ശ്രമിച്ചു. ചരട് വളരെ എളുപ്പത്തില്‍ അഴിച്ചെടുത്തു. കോഴിക്ക് തീറ്റയും വെള്ളവും കൊടുത്ത് മുറ്റത്തെ അധികം വളര്‍ന്നിട്ടില്ലാത്ത കൂവളമരത്തില്‍ കെട്ടിയിട്ടു. പകല്‍ ഇളം വെയിലായി അതിന്റെ പലനിറത്തിലുള്ള തൂവലുകളില്‍ വന്നു തൊട്ടപ്പോള്‍ പെരടി കഴുത്തുനീട്ടി കൂവി. അകമ്പടിയെന്നോണം അയിത്തപ്പ വളര്‍ത്തുന്ന കോഴികള്‍ ഓരോന്നായി കൂവാന്‍ തുടങ്ങി. 

കാമേഷ് ഇറയത്ത് ഫ്രെയിം ചെയ്തുവച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളിലേക്ക് നോക്കി നിന്നു. എല്ലാത്തിലും ഗൗരവക്കാരനായ ഒരു നായാട്ടുകാരന്‍ ശ്വാസം പിടിച്ചുനില്‍ക്കുന്നു. അഴിഞ്ഞമുണ്ട് അരയില്‍ ചുറ്റി വെറും നിലത്ത് വിരിച്ച പായയില്‍ അയിത്തപ്പ ഉണര്‍ന്നു.  വെളിച്ചസൂചികളില്‍നിന്നും തലവെട്ടിച്ച് അയാള്‍ കാമേഷിനെ നോക്കി. 
''അണ്ണാ ഞാന്‍ കാമേഷ് പക്കീരണ്ണന്റെ ഒപ്പരം4 പണിയെട്ത്ത ആളാന്ന്.''  അനിയന്റെ പേര് കേട്ടപ്പോള്‍ അയാളില്‍ ദുഃഖം നിറഞ്ഞു. കാമേഷ് അയാളുടെ അടുത്ത് കുത്തിയിരുന്നു. 
''എനക്ക് കൊയിക്കെട്ടിന് പോണം.'' 
പതിഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു. 
''കോയിവാള് കേറി ചോരവാര്‍ന്ന് ചത്ത എന്റെ അപ്പന്റെ ചാവറിയിക്കാന്‍ വരുന്ന ആളിന ഞാന്‍ ഇന്നല മോന്തിക്ക്5 സ്വപ്നം കണ്ടിനി.  രാത്രി കാട്ട്ന്ന് ഈന കിട്ടി.'' അയാള്‍ കോഴിയെ ചൂണ്ടിപ്പറഞ്ഞു. 
''കാലില് കോയിവാളോടുംകൂടി അത് എന്ന ആട കാത്ത് നിന്നിനി. അപ്പന്റെ ആത്മാവ് തന്നെയായിരിക്കും അയിന ആ കാട്ടില് കൊണ്ടെളക്കിയത്.  അല്ലെങ്കില് കാട്ടില് ഏട്ന്ന് അങ്കക്കോയി? ഓറെ പണിയെന്നെ.''  
അതിശയം പെരുത്ത് അയിത്തപ്പ നരച്ച തലചൊറിഞ്ഞ് കൂവളമരത്തിനു ചുറ്റും നടന്നു. 

''കാട്ട്ന്ന് കിട്ടേണ്ട സാദനെന്നെ. പെരടി. പക്ഷെ വാള് എട്ന്നു വന്ന്?'' അയാള്‍ മഞ്ഞയും കറുപ്പും ചുവപ്പും കലര്‍ന്ന മിനുത്ത തൂവലുകളിലും തീപ്പൂവിലും തലോടി. പൂര്‍ണ്ണിമ വിതറിയ വാജിറ അത് ആര്‍ത്തിയോടെ തിന്നുന്നത് കണ്ടിരിക്കുന്നതിനിടെ തലേന്ന് രാത്രിയുടെ ക്ഷീണം തിണ്ണയില്‍ കിടന്ന് അവന്‍ ഉറങ്ങിത്തീര്‍ക്കാന്‍ തുടങ്ങി. ഉണരുമ്പോള്‍ തന്നെയും നോക്കി ചിരിച്ചു കൊണ്ട് അയിത്തപ്പ അടുത്തിരിക്കുന്നു. 

''ഇത് ഉഷാറു കോയി. നമ്മക്ക് വൈന്നേരം മക്കട്ടി വെര ഒന്ന് പോവ. ഇന്ന് ആട കെട്ട്ണ്ട്'' കോഴിഇറച്ചി കുരുമുളകും തേങ്ങാപ്പീരയും ചേര്‍ത്ത് വരട്ടിയത് ചോറില്‍ ചേര്‍ത്ത് കഴിക്കുന്നതിനിടെ അയിത്തപ്പ പെരടിയെ നോക്കി പറഞ്ഞു. 
''മാത്രം അയ്നും മുന്നേ ഇവന്‍ എന്റെ ഈറോഡ് കോയിയോടു കെട്ടണം.  ബാക്കി ഇണ്ടെങ്കില് കെട്ടിന് പോവാ.''

അയാള്‍ നിറഞ്ഞ വായയോടെ ചിരിച്ചു. കാമേഷിനു വയറ്റില്‍ തീ കത്തുന്നുണ്ടായിരുന്നു. പൂര്‍ണ്ണിമ വിളമ്പിയ കോഴിയിറച്ചിയുടെ രുചിയറിയിക്കാന്‍ അവന്‍ അവളെ നോക്കി. ഉച്ചവെയില്‍ അവളില്‍ വിയര്‍പ്പ് പൊടിക്കുന്നു. അയിത്തപ്പ മയക്കത്തിലേക്ക് വീണപ്പോള്‍ അവളോട് കോഴിക്കെട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച് അവന്‍ ഉമ്മറപ്പടിയില്‍ ഇരുന്നു. 
''ഞാന് പോയിറ്റപ്പാ അത് ആണ്ങ്ങളെ കളിയല്ലേ?''
പക്ഷേ, എങ്ങനെയാണ് പോരുകോഴികളെ പരിശീലിപ്പിക്കുന്നത് എന്ന് അവള്‍ അവന് പറഞ്ഞുകൊടുത്തു. 

മയക്കമുണര്‍ന്ന അയിത്തപ്പ ഇരുമ്പുപെട്ടിയില്‍നിന്നും കോഴിവാളുകള്‍ കാമേഷിനു നേരെ നീട്ടി. ഉള്ളം കയ്യില്‍ അവയുടെ തണുപ്പുള്ള മൂര്‍ച്ച അവന്‍ അറിഞ്ഞു. പെട്ടന്ന് പെരടി, കൂവിവിളിച്ച് മരക്കൊമ്പില്‍നിന്നും താഴേക്ക് ചാടി. 
''ഇന്നത്തെ കെട്ട് ഇവന്‍ ജോറാക്കും.''
അതിനെ പ്രകോപിപ്പിച്ച കാഴ്ച അയിത്തപ്പ കാമേഷിന് കാട്ടിക്കൊടുത്തു.  കൂടുകളില്‍നിന്നും സ്വാതന്ത്ര്യം കിട്ടിയ ഒരു പൂവന്‍ കാമപരവശനായി സുന്ദരിക്കോതയായ പിടയ്ക്കു പിറകെ ചിറകുവിടര്‍ത്തി വട്ടംചുറ്റുന്നു.  ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പിടയുടെ കഴുത്തില്‍ കൊത്തി അതിനു മുകളില്‍ കയറി വിജയം നേടിയ ശേഷം അല്പനേരം ചികഞ്ഞു നടന്ന് മറ്റൊന്നിനു പിന്നാലെ പായുന്നു. അത് കണ്ട് അവര്‍ ചിരിച്ചു. 

''പോരിന് ഉശിര് കൂടണെങ്കില് ഇങ്ങനത്തെ കായ്ച്ച ഇവന്‍ കാണണം.  ഇതൊന്നും കിട്ടാത്തതിന്റെ ദേശ്യം കൊണ്ട് പിരാന്ത് വെരണം.''
അയാള്‍ കൂട് തുറന്ന് ഈറോഡ്പൂവനെ പുറത്തെടുത്തു. അച്ഛന്റെ കണ്ണുകള്‍ കൊണ്ടുള്ള നിര്‍ദ്ദേശം കിട്ടിയപ്പോള്‍ പൂര്‍ണ്ണിമ പെരടിയെ പിടിച്ച് കോഴിവാളില്‍ ഏറ്റവും മികച്ച ഒന്ന് അതിന്റെ കാലില്‍ കെട്ടാന്‍ തുടങ്ങി. അയിത്തപ്പ ഈറോഡിന്റെ വിടര്‍ന്ന പൂവില്‍ കറമൂടിയ പല്ലുകള്‍കൊണ്ട് പതിയെ കടിച്ചു. അത് ചെറിയ ഒച്ചയുണ്ടാക്കി. അവള്‍ പെരടിയെ ഈറോഡിന്റെ മുന്നിലേക്ക് കൊണ്ടുവന്നു കൊക്കിനോട് കടുംമഞ്ഞ നിറത്തിലുള്ള അതിന്റെ കൊക്ക് ചേര്‍ത്തു. കോഴിച്ചേകോന്മാര്‍ കഴുത്തിലെ തൂവലുകള്‍ വിടര്‍ത്തി ചോരക്കണ്ണുകള്‍കൊണ്ട് പരസ്പരം നോക്കി. ആദ്യ ചാട്ടം രണ്ടും ഒരുമിച്ചായിരുന്നു കോഴിവാളുകള്‍ കൂട്ടിമുട്ടുന്ന ചെറിയ ശബ്ദം കാമേഷ് കേട്ടു. അടുത്ത ചുവടില്‍ പെരടി ഇടതുകാല്‍കൊണ്ട് ഈറോഡിനെ തോണ്ടി വലതുകാല്‍ അതിന്റെ ചങ്കിനു നേരെ വീശി. ഒന്നും സംഭവിക്കാത്ത മട്ടില്‍ നിവര്‍ന്നുനിന്ന് ഈറോഡ് തിരിച്ചു ചാടി.  ആ ചുവടില്‍ പെരടിയുടെ പൂവിനറ്റം അറ്റു. അത് തല ചെരിച്ച് ഈറോടിനെ നോക്കി. തൂവലുകള്‍ എല്ലാം വിടര്‍ത്തി ഒരു നര്‍ത്തകനെപ്പോലെ ഒറ്റക്കാലില്‍നിന്ന് ചുവടുകള്‍ വച്ചു. കുതിച്ചുവന്ന ഈറോഡില്‍നിന്നും ഒഴിഞ്ഞ് മറുചാട്ടത്തിന് അതിന്റെ കഴുത്തില്‍ വാള്കയറ്റി ചിറകു വിടര്‍ത്തി. എത്രയോ അങ്കങ്ങളില്‍ തനിക്ക് വിജയം നേടിത്തന്ന ആ ചേകവന്‍ തീര്‍ന്നുപോയ ദുഃഖം ഉള്ളില്‍ വച്ച് അയിത്തപ്പ പെരടിയെ അഭിനന്ദിച്ചു. 

''ഈറ്റങ്ങക്ക് കാട്ടുകോയീരെ അതേ ഉശിരാ.'' 
അയാള്‍ ചത്ത കോഴിയെ വീടിനു പിറകില്‍ കുഴിച്ചിട്ടു. സ്വന്തം പോരുകോഴികളെ കെട്ടുകാര്‍ തിന്നാറില്ല. പെരടി വൈകുന്നേരമാകാന്‍ കൂവളക്കവരത്തില്‍ കാത്തിരുന്നു. 
വെയില്‍ ചാഞ്ഞുതുടങ്ങിയപ്പോള്‍ കാമേഷിന്റെ കയ്യിലെ സഞ്ചിയില്‍ ഇരുന്ന് പെരടി മക്കട്ടിയിലേക്ക് സഞ്ചരിച്ചു. ഒറ്റയടിപ്പാതയിലൂടെ നടന്ന് അവര്‍ കാട്ടുമരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഇടവഴിയിലേക്ക് ഇറങ്ങി. താഴെ എവിടെയോ ഒരു തോട് ഒഴുകുന്നുണ്ട്. നടക്കും തോറും ഒഴുക്കുശബ്ദം കൂടിക്കൂടി വന്നു. വഴിയരികിലെ വീടിനു പുറത്ത് ഇരിക്കുകയായിരുന്ന വൃദ്ധനെ അയിത്തപ്പ പേര് വിളിച്ച് ബഹുമാനിച്ചു.  അയാള്‍ തലയാട്ടി ചിരിച്ചു. പൊലീസ് വന്നാ അറിയിക്കുന്നത് അയാളാണെന്ന് പറഞ്ഞു. ഇനി ഒരു കയറ്റമാണ് അത് കയറിയാല്‍ ചതുരാകൃതിയിലുള്ള ചെറിയ മൈതാനം വരെ നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാത. അങ്ങിനെ ഒരു സ്ഥലം ഇല്ലാത്തതുപോലെ ആല്‍മരങ്ങള്‍ ആയിടത്തെ വളഞ്ഞുനില്‍ക്കുന്നു. ദൂരെനിന്നുതന്നെ അവിടത്തെ ശബ്ദങ്ങള്‍ കാമേഷിനു കേള്‍ക്കാനായി. കാവല്‍ മരങ്ങള്‍ക്കും കുറ്റിച്ചെടികള്‍ക്കും കെട്ടിയ നൂറോളം ചേകവര്‍ യുദ്ധകാഹളം മുഴക്കി. കെട്ടുകാര്‍ക്കിടയില്‍നിന്നും ഒരുത്തന്‍ അയിത്തപ്പനേയും കാമേഷിനേയും നോക്കി നെഞ്ചത്തെ മസ്സില്‍ ഇളക്കിക്കൊണ്ട് മുഖം കോട്ടി. 


''എന്ത് അയിത്തപ്പണ്ണാ പുത്യ കൊയീന പഠിപ്പിക്കാന്‍ ബന്നതാ?'' 
അയാള്‍ അവനെ വകവെക്കാതെ പോരുകളത്തിലേക്ക് നടന്നു. അവിടെ രണ്ടുപേര്‍ കോഴികളെ പോരിനു തയ്യാറാക്കുന്നു. അയാള്‍ കുനിഞ്ഞ് അവരിലൊരാളോട് എന്തോ സ്വകാര്യം പറഞ്ഞു. ''കുട്ട്യന്‍'' അയിത്തപ്പ അയാളെ പരിചയപ്പെടുത്തി. മുന്നോട്ടു തള്ളിനില്‍ക്കുന്ന പല്ലുകള്‍ പുറത്തുകാട്ടി കുട്ട്യന്‍ ചിരിച്ചു. കയ്യിലുള്ള കോഴിയെ വാലില്‍ രണ്ടു വട്ടം വലിച്ച് കളത്തിലേക്ക് ഇറക്കി. എതിരാളിയായ പൂവന്‍ ശൗര്യത്തോടെ അതിനെ നോക്കി. അടുത്ത നിമിഷം അവ പരസ്പരം കുതിച്ചു. രണ്ടും നാടന്‍ കിടികളാണെന്ന് അയിത്തപ്പ പറഞ്ഞു. വെളുത്തത് വെള്ളക്കിടി. ചുവപ്പ് ചോത്തകിടി. ആദ്യ ചുവടില്‍ത്തന്നെ ചോത്തകിടി വേച്ചു വേച്ചു നടന്ന് തലമണ്ണില്‍ കുത്തി. വെള്ള അല്പനേരം കാണികളെ തുറിച്ചുനോക്കി നിന്നയിടത്ത് കഴുത്ത് അല്പം ചെരിച്ച് ചത്തു വീണു. കെട്ടുകാര്‍ പരസ്പരം ചത്ത കോഴികളെ കൈമാറി. വാതുവെപ്പുകാര്‍ പണവും. രണ്ടു കോഴിയും ചത്താല്‍ അതാണ് നിയമം. ഒന്നുമാത്രം ചത്താല്‍ ചത്തകോഴിയും വാതുപണവും ജയിച്ച ആള്‍ക്ക്. 

അയിത്തപ്പ പെരടിയെ സഞ്ചിയില്‍നിന്നും എടുത്ത് കളത്തിലേക്ക് ചെന്നു. പുതിയ കോഴി ആയതിനാല്‍ അതിനോട് എതിരിടാന്‍ കുറേ പേര്‍ മുന്നോട്ട് വന്നു. 
''ഏ തെരക്കാക്കല്ലപ്പാ എല്ലാരിക്കും സമയം തെരാ, എന്ത്ന്നത്?''
കുട്ട്യന്‍ കെട്ടുകാരെ നോക്കിപ്പറഞ്ഞു. ''ആരെങ്കിലും ഒരാള് വാ'' അയാള്‍ കൈനീട്ടി എതിരാളികളെ വിളിച്ചു. വരുന്ന വഴിയില്‍ അയിത്തപ്പയെ കളിയാക്കിയവന്‍ ഒരു വോര്‍ക്കാടിപ്പൂവനുമായി മുന്നിലേക്ക് കയറിനിന്നു. അത് നീണ്ട അങ്കവാല് വിറപ്പിച്ചു. പെരടിയുടെ തെറിച്ചുനില്‍ക്കുന്ന പൂവില്‍ അയിത്തപ്പ കടിച്ചു. അതിനെ വോര്‍ക്കാടിപ്പൂവന്റെ കൊക്കിനു നേരെ കൊണ്ടുപോയി പെട്ടെന്ന് തിരികെ വലിച്ചു. പെരടി കഴുത്തിലെ മഞ്ഞത്തൂവലുകള്‍ വികസിപ്പിച്ച് പോരിനു സജ്ജമായി. അയിത്തപ്പ ഏറ്റവും കൂര്‍ത്ത ഒരു കോഴിവാള് അതിന്റെ വലതുകാലില്‍ വച്ചു കെട്ടി. അതിന്റെ മൂര്‍ച്ച അയാളുടെ ഉള്ളംകയ്യില്‍ ചോര പൊടിച്ചു. 
''എത്രയ്ക്ക്?''

എതിരാളി പന്തയം ഉറപ്പിക്കാനായി ചോദിച്ചു. സ്ഥിരമായി കെട്ടുകളില്‍ ജയിച്ച് കീശനിറയെ പണവും ചത്ത കോഴികളുമായി കുന്നിറങ്ങുന്ന അവന്റെ ചോദ്യത്തിലെ അഹങ്കാരത്തെ കൊത്തിക്കൊണ്ട് അയിത്തപ്പ പറഞ്ഞു:
''എടാ മണീ, ഈക്കളീല് അങ്കാരം6 വേണ്ടട്ടാ, നാമ്മോ അല്ല തൈക്ക്ന്ന് കോയ്കളാ അതോര്‍മ്മ വേണം.'' അയിത്തപ്പ പന്തയം ഉറപ്പിച്ചു. '''രണ്ടായിരം ഉര്‍പ്യ.''
കറുപ്പില്‍ ചാരപ്പുള്ളികള്‍ ഉള്ള വോര്‍ക്കാടിപ്പൂവന്‍ തലയുയര്‍ത്തി ചുറ്റും നോക്കി. അയിത്തപ്പയുടെ പന്തയത്തുക കേട്ടതും കാണികള്‍ക്കിടയില്‍ നിന്നും ഒരുത്തന്‍ ഉച്ചത്തില്‍ ചിരിച്ചു. 

''വോര്‍ക്കാടിക്ക് ഞാനും രണ്ടായിരം.''  അവന്‍ മറ്റുള്ളവരോടായി പന്തയം കെട്ടി. രണ്ടായിരത്തിന്റെ ഒറ്റ നോട്ട് വായുവില്‍ വീശി. അയിത്തപ്പ അത് വാങ്ങി. പെരടി ജയിച്ചാല്‍ ആ പണം അയാള്‍ക്ക്. തോറ്റാല്‍ നാലായിരം അവനു കൊടുക്കണം. ചിന്തിക്കാന്‍ സമയം കിട്ടും മുന്‍പ് പെരടി മേലോട്ട് ഉയര്‍ന്നുചാടി വലതുകാല്‍ എതിരാളിയുടെ കഴുത്തില്‍ ഇറക്കി.  വോര്‍ക്കാടിപ്പൂവന്‍ തലതാഴ്ത്തി പിടഞ്ഞുതീര്‍ന്നു. മണി ഒന്നു പകച്ചെങ്കിലും കെട്ടിയ ഒരു പോരും തോറ്റിട്ടില്ലാത്ത കൊപ്പളന്‍ എന്നയിനം കോഴിയെ ഉടന്‍ കളത്തിലിറക്കി. കൂര്‍ത്ത കൊക്കും ഇളംമഞ്ഞക്കഴുത്തും മെറൂണ്‍ നിറത്തില്‍ മിനുമിനുത്ത തൂവലുകളും അതിനു പ്രത്യേക ഭംഗി നല്‍കി. അയിത്തപ്പ പെരടിയെ കാമേഷിനെ ഏല്പിച്ച് പിറകിലോട്ട് മാറിനിന്നു. അവന്‍ അയാള്‍ ചെയ്തതുപോലെ കോഴിയെ ഇറക്കി. കളത്തിലേക്ക് ഇറങ്ങിയതും കൊപ്പളന്റെ ചുവടിന് കാത്തു നില്‍ക്കാതെ പെരടി അതിന്റെ നെഞ്ചത്തേക്ക് പാഞ്ഞുകയറി.  ജാല്‍സൂറില്‍നിന്നും വലിയ വിലയ്ക്ക് വാങ്ങിയ കോപ്പളന്റെ ഇറച്ചിവില പോലും തനിക്ക് കിട്ടില്ല എന്ന തിരിച്ചറിവില്‍ മണി കൂട്ടുകാര്‍ക്കൊപ്പം ഒരു ആല്‍മരത്തില്‍ ചാരി ഫോണില്‍ ആരെയോ വിളിച്ചുകൊണ്ടിരുന്നു. 

അവസാനത്തെ എതിരാളിയേയും പെരടി കീറിയെറിയുന്നതിനു അല്പം മുന്‍പ് ആദൂര്‍ സ്റ്റേഷനിലെ യുവാക്കളായ മൂന്ന് പൊലീസുകാര്‍ കരിവേടകത്തുനിന്നും മക്കട്ടിയിലേക്ക് എളുപ്പത്തില്‍ ഇറങ്ങാവുന്ന ആനക്കല്ലില്‍ മഫ്തിയില്‍ വന്നിറങ്ങിയിരുന്നു. ഒരു ആന പുറം തിരിഞ്ഞു നില്‍ക്കും പോലെ ഉള്ള പാറയ്ക്കരികിലൂടെ അവര്‍ മക്കട്ടിത്തോടിന്റെ ഓരം ചേര്‍ന്ന് നടന്നു.  കരയില്‍ ഓടക്കൂട്ടങ്ങള്‍ തഴച്ചുവളര്‍ന്നതിനു മറപറ്റിയാണ് അവര്‍ വന്നത്. പക്ഷേ, കെട്ടുകാര്‍ക്കിടയില്‍നിന്നും ബൈജേഷ് അവരെ തിരിച്ചറിഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് തോണിക്കടവില്‍ ഒരാളെ കാണാതായത് അറിയിക്കാന്‍ സ്റ്റേഷനില്‍ എത്തിയ അവനെ അതില്‍ ഒരുത്തന്‍ ഒരു കാര്യവും ഇല്ലാതെ അടിച്ചിട്ടുണ്ട്. 

''ഒലിച്ചുപോകുമ്പോ പിടിക്കണ്ട്രാ?''
എന്നു ചോദിച്ച് മുഖമടച്ചുള്ള ആദ്യ അടിയില്‍ത്തന്നെ ഒഴുകിപ്പോയവനെ താന്‍ തള്ളി ഇട്ടതാണെന്ന് പറയിപ്പിക്കുമോ എന്ന് പേടിച്ച് അവന്‍ മൂത്രമൊഴിച്ചുപോയി. ഓടക്കാട്ടില്‍നിന്നും വെളിയിലേക്ക് വരാന്‍ പോകുന്ന അവരെ നോക്കി അവന്‍ അലറി. 
''പൊലീസ് ബെര്ന്നു. ബത്ക്കിക്കോ7. '

കളത്തിലിറക്കിയ കോഴികളെപ്പോലെ കെട്ടുകാര്‍ ജാഗരായി.  ആരുടെയോ ആഹ്വാനത്തില്‍ അവര്‍ നിയമത്തെ ആക്രമിക്കാന്‍ തയ്യാറെടുത്തു. എന്ത് ചെയ്യണം എന്ന് ആലോചിച്ച് പോലീസുകാര്‍ ഒരു നിമിഷം നിന്ന ശേഷം പേടിച്ച് തിരിച്ചുനടന്നു.  ആള്‍ക്കൂട്ടം വടികളും കല്ലുകളുമായി നിയമത്തെ ആക്രമിച്ചു. അലറിക്കരഞ്ഞുകൊണ്ട് വന്ന വഴിയെ അവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെ കോഴിക്കെട്ടുകാര്‍ കൂവിപ്പാഞ്ഞു. 


പന്തലിച്ചു നില്‍ക്കുന്ന ഒരു ആല്‍മരത്തിന്റെ വേരുകള്‍ക്കിടയില്‍ പെരടിയേയും കയ്യില്‍ പിടിച്ച് കാമേഷ് ഇരുന്നു. മരങ്ങള്‍ക്കിടയിലൂടെയും കുറ്റിക്കാടുകളെ വകഞ്ഞും കെട്ടുകാര്‍ ഓരോരുത്തരായി തിരികെ വന്നെങ്കിലും അയിത്തപ്പ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. കോഴികളെ കയ്യില്‍ എടുത്ത് അവര്‍ അവിടം വിടാന്‍ ഒരുങ്ങി. പെട്ടന്ന് ആരവമുയര്‍ത്തി അവര്‍ ചിതറി ഓടാന്‍ തുടങ്ങി. കാക്കിയിട്ട പൊലീസുകാര്‍ ലാത്തിവീശി തെറിവിളിച്ചുകൊണ്ട് കെട്ടുകാര്‍ക്ക് പിറകെ ഭ്രാന്തമായി കുതിക്കുന്നു. പെരടിയെ സഞ്ചിയിലേക്ക് വച്ച് നിലത്തേക്ക് വേരൂന്നിയ ആല്‍വേരുകള്‍ക്ക് മറവില്‍ കാമേഷ് ഒളിച്ചു.  

പിന്നില്‍നിന്നും ലാത്തിയടി വീണതും മുഖമടച്ച് തല്ലുകിട്ടിയതും ഒരുമിച്ചായിരുന്നു. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചും പിറകില്‍ ചവിട്ടിയും ലാത്തിവച്ച് കുത്തിയും പൊലീസുകാര്‍ അവനെ ജീപ്പിനരികിലേക്ക് നടത്തി. ജീപ്പിനടുത്തെത്തിയപ്പോള്‍ അവര്‍ വീണ്ടും അടിച്ചുവീഴ്ത്തി.  എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ബൂട്ടുകള്‍ അവന്റെ കൈവിരലുകള്‍ ചതച്ചു. മുന്നോട്ട് പായുന്ന വണ്ടിയില്‍ സീറ്റുകള്‍ക്കു നടുവില്‍ കാല്‍മുട്ടുകള്‍ മുഖത്തോട് ചേര്‍ത്ത് കാമേഷ് ഇരുന്നു. അതിനരികിലായി സഞ്ചിയില്‍ പെരടി കുറുകി. 

ജീപ്പ് കാടിനു നടുവിലൂടെ കുതിച്ചു പാഞ്ഞു. മെയിന്‍ റോഡിലേക്ക് കയറി കുറച്ചു ദൂരം ചെന്നപ്പോള്‍ കാമേഷിനു ആ വഴി പരിചിതമായി തോന്നി. കരിവേടകത്തുനിന്നും കൊട്ട്യാടി വഴി മുള്ളേരിയയിലേക്ക് പോകുന്ന റോഡാണ്. ഇരുവശത്തും കാട് ഇരുട്ടിനെ ഉള്ളില്‍ പേറി നില്‍ക്കുന്നു.  ഇനിയും കുറച്ചു മുന്നോട്ട് ചെന്നാല്‍ വലതു വശത്ത് പള്ളഞ്ചി. പൂമാണികിന്നിമാണി അമ്പലത്തിലെ ജാത്രയ്ക്ക്8 വന്നപ്പോള്‍ അവിടെ വച്ചാണ് ശൈലജയെ ആദ്യമായി കണ്ടത്. 
''സാറേ ഇത് കേസാക്കണോ?''
''പിന്നെ തൊലിക്കാനാണോടോ ഈ കുന്നും തോടും ഓടിനടന്നത്?''
''സാറേ കേസായാ ചൊറവള്ളി ആവൂട്ടാ. സാറിവിടെ ആദ്യായതോണ്ടാ'' കഷണ്ടി കയറിയ കോണ്‍സ്റ്റബിള്‍ മുന്‍സീറ്റില്‍ ഗൗരവത്തോടെ ഇരിക്കുന്ന എസ്.ഐയെ നോക്കി ഭവ്യതയോടെ പറഞ്ഞു. ''തൊണ്ടിമൊതല് ഈ കോഴിയല്ലേ. സമയാ സമയം തീറ്റയും വെള്ളവും കൊടുക്കണം, തീട്ടം കോരണം. ഇതെങ്ങാന്‍ ചത്തുപോയാലോ കോടതീല് നമ്മോ സമാദാനം പറയണം.'' അയാള്‍ പല്ല് കടിച്ചുകൊണ്ട് കാമേഷിന്റെ മുഖത്തിനിട്ട് ഒരു കുത്തു കൊടുത്തു. അവന്‍ കോഴിയെ വച്ച സഞ്ചിക്കരികിലേക്ക് വീണു. പെട്ടെന്ന് അതില്‍നിന്നും പെരടിക്കോഴി അവനെ തൊട്ടുരുമ്മി ചിറകുകള്‍ വിടര്‍ത്തി പറന്നു പോയി. 
''സാറെ ഇവനതിനെ പറത്തിവിട്ടു.''
നിര്‍ത്തുമ്പോഴേക്കും ജീപ്പ് അല്പദൂരം പിന്നിട്ടിരുന്നു.  പൊലീസുകാര്‍ അവനെ വീണ്ടും ചവിട്ടിപ്പരത്തി. 
''അവനെ താഴെയിറക്ക് പ്രദീപാ.''
എസ്.ഐ പിന്നിലേക്ക് നോക്കാതെ കണ്ണാടിയില്‍ നോക്കിപ്പറഞ്ഞു. പ്രദീപന്‍ ജീപ്പിന്റെ ഡോര്‍ തുറന്ന് കാമേഷിനെ തള്ളി താഴെയിറക്കി. ''പോ നായിന്റെമോനേ പോയി അയിന പിടിച്ചിട്ട് വാ.''  എന്താണ് നടക്കുന്നതെന്നറിയാതെ അവന്‍ വണ്ടിയില്‍നിന്നും ഇറങ്ങി. പ്രദീപന്‍ വീണ്ടും ലാത്തിവീശി അടിച്ചു. ജീപ്പ് അവനെ ഉപേക്ഷിച്ച് മുന്നോട്ട് നീങ്ങി. 

മരങ്ങള്‍ക്കു മുകളില്‍ ചുവപ്പു പടരുന്ന ആകാശം നോക്കി കാമേഷ് നടന്നു. കൊട്ട്യാടി കഴിഞ്ഞ് അല്പ ദൂരം മുന്നോട്ട് വന്നിട്ടുണ്ട്. കുറച്ചുകൂടി ചെന്നാല്‍ വലത്തോട്ടുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ചെറിയ ഒരു കുന്നിന്‍ മുകളില്‍ എത്താം. അതുവഴി ശൈലജയ്ക്കൊപ്പം നടന്ന ഓര്‍മ്മകള്‍ അവനു മുന്നില്‍ നീണ്ടുകിടന്നു. മുരിക്കും ഇലവംഗമരങ്ങളും പൂത്തുനിന്നിരുന്ന ചെമ്മണ്‍ വഴികള്‍ മാറിയിട്ടുണ്ട്. തന്റെ രാത്രി ജീവിതം ഓര്‍ത്തപ്പോള്‍ ആ ഉശിരന്‍ കോഴിയെ നഷ്ടപ്പെട്ടതില്‍ അവന് കടുത്ത വേദന തോന്നി. അത് തന്നെയും കാത്ത് കാടിനകത്ത് ഒരു മരത്തിന്റെ താണ ചില്ലയില്‍ ഇരിക്കുന്നത് മനസ്സില്‍ കണ്ടു. വെളിച്ചം മങ്ങിത്തുടങ്ങി. കാട്ടുവഴി കേറിയാല്‍ അതിര്‍ത്തിക്ക് അപ്പുറത്ത് ഏതെങ്കിലും മുതലാളിയുടെ കടത്തുകാരനാകാന്‍ ഒരു പ്രയാസവും ഇല്ല. പക്ഷേ, അവന് ശൈലജയെ കാണാന്‍ തോന്നി.  അവളെ ആസക്തിയുടെ കെണിയില്‍ പെടുത്തിയത് താനാണല്ലോ എന്ന് സങ്കടമുണ്ടായി. അവളിലേക്ക് വഴിപിരിയുന്നിടത്ത് ഓര്‍മ്മകളില്‍ തട്ടി അവന്‍ നിന്നു. അപ്പോള്‍ കാട്ടില്‍നിന്നും വന്ന ചെറിയ കൂവല്‍ മരങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക് വന്നതുപോലെ തോന്നി.  പ്രണയവഴിയിലൂടെ മുന്നോട്ടു നടന്നെങ്കിലും നേരത്തേതിലും ഉച്ചത്തില്‍ ആവര്‍ത്തിച്ച ആ ശബ്ദം കാന്തികവലയത്തില്‍പ്പെട്ട ഇരുമ്പുതരിപോലെ അവനെ പിടിച്ചുനിര്‍ത്തി. എന്തോ ആലോചിച്ച് അങ്കക്കളത്തിലെ ആരവങ്ങള്‍ക്ക് വേണ്ടി ചെവികൂര്‍പ്പിച്ച് അവന്‍ ഇരുട്ടുനിറഞ്ഞു തുടങ്ങിയ കാടിനു നേര്‍ക്ക് നടന്നു.  
ആകാശം കോഴിച്ചോര പടര്‍ന്നപോല്‍ ചുവന്നുകറുക്കാന്‍ തുടങ്ങി.  
    
1. കാതുക-ജയിക്കുക 
2. വൈതൂലെ-വൈകിയില്ലേ? 
3. സൌക്കാറ്-മുതലാളി
4. ഒപ്പരം-കൂടെ 
5. മോന്തി-രാത്രി
6. അങ്കാരം-അഹങ്കാരം 
7. ബത്ക്കിക്കോ-ഓടിക്കോ 
8. ജാത്ര-ഉത്സവം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com