അച്ചമ്പിയും കുഞ്ഞുമാക്കോതയും: പിഎഫ് മാത്യൂസ് എഴുതിയ കഥ

കുഞ്ഞുമാക്കോതയും പാണ്ട്യാലക്കല്‍ അച്ചമ്പിയും ഒരു കോപ്പേന്നേ മോന്താറുള്ളൂ. ഒരു പാത്രത്തീന്നേ തിന്നൂ. രണ്ടു ചങ്കിലോടുന്ന ഒറ്റത്തല.
ചിത്രീകരണം - ഗോപീകൃഷ്ണന്‍
ചിത്രീകരണം - ഗോപീകൃഷ്ണന്‍

    
കുഞ്ഞുമാക്കോതയും പാണ്ട്യാലക്കല്‍ അച്ചമ്പിയും ഒരു കോപ്പേന്നേ മോന്താറുള്ളൂ. ഒരു പാത്രത്തീന്നേ തിന്നൂ. രണ്ടു ചങ്കിലോടുന്ന ഒറ്റത്തല. രണ്ടും കാഞ്ഞ തലേക്കല്ലന്മാര്‍. അപ്പനപ്പൂപ്പമ്മാരായിട്ട് വീതം വച്ചു കിട്ടിയ അടിയാളത്തം അകോംപുറോം നിറഞ്ഞു കുമിഞ്ഞതിനാല്‍ മാക്കോത അച്ചമ്പി മാപ്ലയോടെപ്പോഴും തോറ്റു കൊടുക്കാറുണ്ടെന്നു മാത്രം. ജാതി കൂട്ടി പേരു വിളിക്കാത്ത ഒരേയൊരു നാട്ടുകാരനെന്ന വലുപ്പം അച്ചമ്പി മാപ്ലക്ക് മാക്കോത കൊടുക്കാറുണ്ട്. നാട്ടിലെ മറ്റു ജാതിക്കാരെല്ലാം മാക്കോതപ്പറയാന്നു വിളിക്കുമ്പോള്‍ അച്ചമ്പി മാപ്ല മാത്രം കുഞ്ഞുമാക്കോതേ എന്ന് കള്ള് മണക്കുന്ന സ്‌നേഹത്തില്‍ വിളിക്കും. 

കൊച്ചുന്നാളിലേ മാക്കോതയുടെ വല്യാമ കുടിലിന്റെ ഒത്ത നടുക്കലെ മരത്തൂണില്‍ ചാരിയിരുന്ന് ബീഡിപ്പുകയും കള്ളും കൂടിക്കുഴഞ്ഞൊരീണത്തില്‍ അവനോട് പുരാണങ്ങളും ചരിത്രങ്ങളുമെല്ലാം കഥയായും പാട്ടായും ഓതിക്കൊടുത്തിട്ടുണ്ട്. അതിനാലാകണം വളര്‍ന്ന് വലുതായി വേദോം മന്ത്രോം പഠിച്ച് പെണ്ണും കെട്ടി രണ്ടു മക്കളായിട്ടും ജയിക്കാനായിട്ട് തര്‍ക്കിക്കാന്‍ പോകാറില്ല. തോറ്റുകൊടുക്കാറാണ് പതിവ്. ജയിക്കണമെന്നു തോന്നുമ്പോള്‍ എല്ലാവരും കേള്‍ക്കെ മറുഭാഷയില്‍ നാലു പറയപ്പേച്ച് നടത്തും. അത് മക്കള്‍ക്കു പോലും അറിയില്ല. അവനവനോടു മാത്രമാണ് കുഞ്ഞു മാക്കോത തര്‍ക്കിക്കുന്നതും ജയിക്കുന്നതും. അച്ചമ്പി മാപ്ലയെ നമ്പരുതെന്ന് ജാതിക്കാരെല്ലാം പറഞ്ഞിട്ടും അയാളു കേട്ടില്ല. അയാള്‍ വീതിച്ചുകൊടുത്ത നാലര സെന്റിലാണ് മാക്കോത കുടിലു കെട്ടിയത്. അതും അച്ചമ്പീടെ പറമ്പില്‍ മാത്രം പണിയെടുക്കുന്ന തലക്കനമുള്ള വളവന്‍ പുലയനേം മക്കളേയും വിട്ട് അച്ചമ്പി തന്നെ കാവലു നിന്നു പണിയിച്ചു കൊടുത്തതാണ്. അവിടെയാണ് കുഞ്ഞു മാക്കോത ചീരയെ പാര്‍പ്പിച്ചത്.  ആണും പെണ്ണുമായി രണ്ടു മക്കളെ പിറപ്പിച്ചതും പൊറുപ്പിച്ചതും ചൊല്ലൂളിയില്ലാത്ത പെങ്ങളെ കെട്ടിച്ചകത്തിയതും. അച്ചമ്പി മാപ്ലയുമായുള്ള കുഞ്ഞുമാക്കോതയുടെ കൂട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആയിരത്തി അറുന്നൂറ്റി അറുപത്തിമൂന്ന് ജനുവരി ഏഴിനതു തുടങ്ങിയെന്നു പറഞ്ഞാല്‍ എത്തും പിടീം കിട്ടാത്ത മട്ടില്‍ കാലത്തിലങ്ങോട്ടുമിങ്ങോട്ടുമോടുന്ന ദുര്‍മന്ത്രവാദക്കളത്തില്‍ പെട്ടുപോയതുപോലൊക്കെ തോന്നും. ചിരിക്കണ്ട. ആ തീയതി മനസ്സീ കുറിച്ചിട്ടോ. ലന്തക്കാര് കൊടിപടയുമായി വന്ന് അത്രേം കാലം അടക്കിവാണിരുന്ന പറങ്കികളെ മുച്ചൂടും കൊന്നു മുടിപ്പിച്ചും വീടിനും കോട്ടക്കും സന്താക്രൂസു പള്ളിക്കും പുസ്തകപ്പുരകള്‍ക്കും തീയിട്ടും നടക്കണ സമയം. നാളതുവരെ കൊച്ചീലെ സ്വത്തായ സ്വത്തെല്ലാം കീശേലാക്കി സുഖിച്ചു മദിച്ചു കഴിഞ്ഞിരുന്ന പറങ്കികള് അന്തരമാര്‍ഗ്ഗം പായുകയാണ്. കൂട്ടിവച്ച സ്വത്തൊന്നും കടത്തിക്കൊണ്ടു പോകാനൊക്കൂല്ല. പെട്ടെന്നു പാഞ്ഞുപോയാല്‍ പുറങ്കടലില്‍ നങ്കൂരമിട്ടു കിടക്കുന്ന കപ്പലില്‍ കേറിപ്പറ്റാം. ഗോവയിലേക്കോ പോര്‍ച്ചുഗലിലേക്കോ കടക്കാം. അതാണ് ചുറ്റുപാട്. മാനുവല്‍ കോട്ടയിലെ എഴുത്താളന്‍ സാന്തിയാഗോ അല്‍മേഡ എന്ന പറങ്കീട കാര്യവും ഏറക്കുറെ അങ്ങനെയൊക്കെത്തന്നെയായിരുന്നു.

പഴയ കാര്യമല്ലേ വല്ല്യ മാടാകോടിയൊന്നുമില്ലാതെ പറഞ്ഞു തീര്‍ത്തേക്കാം. അല്‍മേഡ സായൂന് ഭാര്യയും രണ്ടു മക്കളും പിന്നെ ഒരു കറമ്പന്‍ അടിമയുമുണ്ട്. പുള്ളാരുടെ ചന്തി കഴുകലും സായൂന്റ കുതിരവണ്ടിയോടിക്കലും അടുക്കളപ്പണിയും വെള്ളം കോരലും എന്നുവേണ്ട സര്‍വ്വമാന ഏര്‍പ്പാടുകളും ചെയ്തിരുന്നത് ഈ കറുമ്പനായിരുന്നു. നേരു പറയാല്ലോ കറമ്പന് സായൂനോട് കൂറും കടപ്പാടും സ്‌നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളു. അതാണ് അടിമ മനസ്സ്. കൊച്ചീ കോട്ടക്കു തീവച്ചേ എന്ന ഒപ്പാരു വിളി കേട്ടതും കാത്തുകാത്തിരുന്നപോലെ സായൂം കുടുംബവും തയ്യാറെടുത്തു. ചെമ്പുകുടങ്ങളില്‍ കൂട്ടിവച്ചിരുന്ന പണ്ടോം വിലപ്പെട്ട കല്ലുകളും വീടിന്റെ നെലവറേലേക്ക് തള്ളി, മക്കളും മദാമ്മേം പേടിച്ചു കരഞ്ഞ് തുണീം മണീമെടുത്ത് പോകനൊരുങ്ങി നില്‍ക്കണ നേരത്ത് സായു രഹസ്യം പറയാനെന്നവണ്ണം കറുമ്പന്റെ തോളീ കയ്യിട്ട് എട്ടു ചവിട്ടു താഴേക്കു ചവിട്ടി നെലവറേലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറ്റോം താഴെ കൂട്ടിയിട്ട ചെമ്പുകുടങ്ങളുടെ അരികില്‍ കറുമ്പനെ നിറുത്തി അവന്റെ നെറ്റിയില്‍ ഒരു കുരിശു പോറിയിട്ട് സായു പറഞ്ഞു: ഞങ്ങള് പോകേണ്. ഇനി നീയാണീ കുടുമത്തിന്റ കാവല്. നിനക്കതിനുള്ള സര്‍വ്വമാന അധികാരവും തന്നിരിക്കുന്നു. ഒരു പിടീം കിട്ടാണ്ട് കണ്ണും മിഴിച്ചു നില്‍ക്കണ കറുമ്പന്റെ വയറിനും നെഞ്ചുംകൂടിനും ഇടയിലായി നല്ല മൂര്‍ച്ചയുള്ളൊരു കത്തി സുരക്ഷിതമായി തിരുകിവച്ചിട്ട് സായു പറഞ്ഞു. നീ മരിച്ചാലും ഭൂതമായി ജീവിക്കും. ഇതുവരെ ജീവിതം ആഘോഷിക്കാന്‍ നിനക്കു പറ്റിയിട്ടില്ലന്നൊക്കെ എനിക്കറിയാം. ഇനി നിനക്കീ ചെമ്പുംകുടത്തിലെ പണ്ടംകൊണ്ടു സുഖിച്ചു കഴിയാം. എന്റ ശല്യം പോലും നിനക്കുണ്ടാകൂല്ല. സുഖമായിട്ടു കഴിയടാ മോനേ. ചത്തു കഴിഞ്ഞാല്‍ പിന്നെ സുഖിക്കാന്‍ പണ്ടത്തിന്റെ ആവശ്യമുണ്ടോ എന്നൊന്നും കറുമ്പന്‍ ചോദിച്ചില്ല. കാരണം അമ്മാതിരി കുത്താണ് ഇടനെഞ്ചില് കിട്ടിയത്. എടുപിടീന്നു കാര്യം തീര്‍ന്നു. എന്തിനും ദൈവത്തിന്റെ കൂട്ടുപിടിക്കുന്ന സായുവാകട്ടെ, മുട്ടിന്മേല്‍നിന്ന് മൂന്നു സ്വര്‍ഗ്ഗസ്ഥനായേം മൂന്നു നന്മാറിഞ്ഞ മറിയോം മൂന്നു ത്രീത്വസ്തുതീം ചൊല്ലി കര്‍ത്താവിനേം നന്നായിട്ടൊന്നു സുഖിപ്പിച്ചു. പിന്നെ ലന്തക്കാരു കാണാതിരിക്കാന്‍ നിലവറ മണ്ണിട്ടു മൂടിക്കളഞ്ഞു. അവസാനത്തെ മണ്ണു വീഴണേനു മുമ്പ് സായു തന്റെ പുകലപ്പൈപ്പും പുകലേം കൂടി താഴേക്കിട്ടുകൊടുത്തിട്ട് തന്റെ മഹാമനസ്‌ക്കത കാണിച്ച കാര്യം കൂടി പറയണം. അതാണ് സായൂമ്മാരുടെ മിടുക്ക്. എന്തു ചെയ്യുമ്പോഴും അതിനൊരു പൂര്‍ത്തിയുണ്ടാകും. ഒരു ഫൈനല്‍ ടച്ച്. 

പറഞ്ഞു പറഞ്ഞു വിഷയം മാറിയിട്ടൊന്നുമില്ല. അച്ചമ്പിയും കുഞ്ഞുമാക്കോതയും കണ്ടുമുട്ടാനിടയായ സാഹചര്യത്തിന്റെ പശ്ചാത്തലം മാത്രമാണിത്. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ കണ്ടുമുട്ടുന്ന രണ്ടു മനുഷ്യര്‍ക്ക് ആയിരത്തി അറുനൂറ്റി അറുപത്തിമൂന്നിലെ പശ്ചാത്തല കഥകളൊക്കെ ആകാവുന്ന കാലമാണത്. കാരണം  അതിശയം എന്നു പില്‍ക്കാലത്തു വിവരിച്ചിരുന്ന ധാരാളം കാര്യങ്ങള്‍ അക്കാലങ്ങളില്‍ നിത്യവും സംഭവിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് കുഞ്ഞുമാക്കോതയുടെ പിന്നാലെ മാടന്‍, ഭൈരവന്‍, കൊടുങ്കാളി, കണ്ടാകര്‍ണ്ണന്‍, ഇടിക്കണ്ടന്‍, കടമറ്റത്തു കത്തനാര്‍, കൊടുങ്ങല്ലൂരമ്മ തുടങ്ങിയ നൂറുകണക്കിനു സേവാമൂര്‍ത്തികളും ചത്തുപോയ കാരണോന്മാരായ വലിയ മാക്കോത, കോരന്‍, ചിരുകണ്ടന്‍ തുടങ്ങിയവരുടെ ആത്മാക്കളും  അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കാലമാണ്. ഇവിടൊണ്ടായ നടുക്കുന്ന ചുറ്റുപാടെന്താണെന്നു വച്ചാല്‍ നമ്മുടെ സായു കൈവിട്ടുപോയ സ്ഥലത്തെ തറ കുത്തിത്തുറന്നപ്പോള്‍ കൃത്യമായി കൂട്ടിവച്ചാല്‍ ആറടിയിലേറെ നീളം വരുന്ന ഒരു മനുഷ്യന്റെ അസ്ഥികൂടം കിട്ടി എന്നതാണ്. അച്ചമ്പിയുടെ അപ്പന്‍ പാണ്ട്യാലക്കല്‍ സന്തമ്മാറു കയ്യേറി സ്വന്തമാക്കിയ ആ സ്ഥലത്ത് വീടു പണിയുന്നതിന്റെ മുന്നോടിയായി വെട്ടിത്തെളിച്ചു വെടിപ്പാക്കാന്‍ വന്ന പണിക്കാരാണ് അസ്ഥികൂടം കണ്ടെത്തിയത്. അച്ചമ്പി അതു കണ്ടതും ഷാപ്പില്‍ വച്ച്  അരക്കോപ്പ കള്ളിനായി ഭൂതഭാവികള്‍ അച്ചട്ടായി പറഞ്ഞിരുന്ന ചട്ടുകാലന്‍ പറയനെ ഓര്‍ക്കുകയും അയാളെ ആളയച്ചു വിളിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ആദ്യമായി കുഞ്ഞുമാക്കോതയും അച്ചമ്പിയും തമ്മില്‍ കണ്ടുമുട്ടുന്നത്. ആറടിയിലേറെ നീളമുള്ള ഈ അസ്ഥികൂടം ആരുടേതെന്നു പറയാന്‍ ഒരു സിദ്ധന്റേയും സഹായം വേണ്ട. അന്നത്തെ കാലത്ത് ആറടിപ്പൊക്കം സായുമാര്‍ക്കും കറമ്പന്മാര്‍ക്കും മാത്രമേ കണ്ടിട്ടുള്ളൂ. സായുവിനെ കൊന്നു നിലവറയില്‍ തള്ളാനുള്ള ത്രാണി അന്ന് ആര്‍ക്കാണുള്ളത്. തന്നെയുമല്ല, ഇതിനകം കൊച്ചിയിലെ പല ഇടങ്ങളിലും ആഞ്ഞിലി തുടങ്ങിയ കിഴവന്‍ മരങ്ങളുടെ ചോട്ടിലും നാട്ടുകാര്‍ മെഴുതിരീം ചന്ദനത്തിരീം കത്തിച്ച് ആരാധിച്ചിരുന്ന ആ പ്രേതം കാപ്പിരിയല്ലാതെ മറ്റാരാകാനാണ്. ഈ നെറികെട്ട വെളുമ്പന്മാരുടെ മക്കടമക്കട മക്കളടക്കമുള്ള ചില ആര്‍ത്തിപ്പണ്ടാരങ്ങള്‍ പണ്ട് കുഴിച്ചിട്ട നിധീം തേടി അലഞ്ഞുതിരിയുന്നത് നാട്ടില്‍ ചിലര്‍ കണ്ടിട്ടുമുണ്ട്.  അല്‍മേഡ സായു മാത്രമല്ല നാട്ടിലെ ഒട്ടുമിക്ക പറങ്കികളും നാളതുവരെ സേവിച്ച അടിമക്കാപ്പിരിയെ കൊന്ന് തങ്ങളുടെ സ്വത്തിനു കാവലേല്‍പ്പിച്ചിട്ടാണ് കപ്പലു കേറിയതെന്ന സത്യം നാട്ടിലെ വായനശാല നടത്തിപ്പുകാരനും സാമൂഹ്യപ്രവര്‍ത്തകനും പുരോഗമനക്കാരനുമായ കറുപ്പന്‍ ചില അന്വേഷണങ്ങളൊക്കെ നടത്തി സ്ഥാപിച്ചിട്ടുള്ളതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, ആ പഴയ അടിമക്കാപ്പിരിയെ കാപ്പിരിമുത്തപ്പന്‍ എന്ന ഓമനപ്പേരിലാണ് നാട്ടുകാരില്‍ ചിലര്‍ വിളിക്കുന്നതു തന്നെ.   അതിലും പ്രധാനപ്പെട്ടൊരു സംഗതി കൂടി ഇവിടെ പറയേണ്ടതുണ്ട്. പണ്ട് വെള്ളക്കാരാല്‍ കൊല്ലപ്പെട്ട കാപ്പിരിമാരില്‍ ഇച്ഛാശക്തിയുള്ള ചിലര്‍ ഒന്നാംകിട പ്രേതമായി  അലഞ്ഞുതിരിഞ്ഞു നടക്കുന്നത് നാട്ടുകാരില്‍ പലരും കണ്ടിട്ടുണ്ടെന്നു മാത്രമല്ല, ചിലര്‍  നാട്ടു മന്ത്രവാദികളുടെ സഹായത്തോടെ ചില സേവകളൊക്കെ നടത്തി കാപ്പിരിയെ സുഖിപ്പിച്ച് ആ നിധി കൈക്കലാക്കി സുഖമായി ജീവിക്കുന്നുണ്ടെന്നള്ളതും ആരും പുറത്തു പറയാന്‍ മടിക്കുന്ന രഹസ്യവുമാണ്. ഇങ്ങനെയൊക്കെയുള്ള  സാഹചര്യത്തില്‍ കണ്ണിനും കാതിനും തൊലിക്കും സാമാന്യ ബുദ്ധിക്കും പിടിതരാത്ത കാര്യങ്ങളില്‍ ആഴത്തിലറിവുള്ളവനായ കുഞ്ഞുമാക്കോതയും പണത്തിന്റേയും കുടുംബമഹിമയുടേയും ബലമുള്ള അച്ചമ്പിയും തമ്മില്‍ കണ്ടുമുട്ടുന്നു എന്ന കാര്യം തന്നെ വളരെ പ്രധാനപ്പെട്ടതാണ്. അസ്ഥികൂടം കിട്ടിയ കഥ ഇരുചെവിയറിയാതെ ഒതുക്കാനും പറമ്പു വെളുപ്പിക്കല്‍ തുടരാനും  ഉത്തരവിട്ട അച്ചമ്പി കുഞ്ഞിമാക്കോതയുടെ കുടിലെന്നുപോലും പറയാനാകാത്ത, ഒന്നു ചെരിഞ്ഞു കിടന്നാല്‍ ആകാശം പോലും കാണാവുന്ന കൂരയിലേക്കു പുറപ്പെട്ടു. 


മുറത്തില്‍ മൂന്നു വിരലുകൊണ്ട് നെല്ലു വാരിയിട്ട്  മൂന്നിട ഇടത്തോട്ട് ചുറ്റിച്ച് ഉഴിഞ്ഞെടുത്ത് ലക്ഷണം നോക്കി കുഞ്ഞിമാക്കോത ഉരുവിട്ടു. 
കോഴിക്കണ്ടത്തില്‍ പെറന്ന കോഴിക്കണ്ടാകര്‍ണാ, യെത്തീക്കണ്ടത്തില്‍ പെറന്ന യെത്തീ കണ്ടാകര്‍ണ്ണാ, യഹൂര കണ്ടത്തില്‍ പിറന്ന യഹൂര കണ്ടാകര്‍ണ്ണാ, പഞ്ചാകര കണ്ടത്തില്‍ പിറന്ന പഞ്ചാകര കണ്ടാകര്‍ണ്ണാ...
പിന്നെ തിരിയാത്തതെന്തൊക്കെയോ ചുണ്ടിനടിയിലുരുവിട്ട ശേഷം സമനിലയിലെത്തി അച്ചമ്പിയെ നോക്കിയിട്ടു പറഞ്ഞു. 
മാപ്ലാരേ അവട വീടു കെട്ടണ്ട. അതു ഗതിപിടിക്കൂല്ല. 
അച്ചമ്പി ചിരിച്ചു. 

അതു പറയാനിപ്പ കുഞ്ഞുമാക്കോത വേണോ. നമ്മക്കവടത്തന്നെ വീടു പണിയണം. ആ വീടിന്റെ കെഴക്കേ അതിരില് നിനക്കു ഞാന്‍ മണ്ണളന്നു തരും. കുടിലും കെട്ടിത്തരും. ക്രീയ എന്തു വേണേലും ചെയ്തോ, എത്ര കോഴിയെ വേണേലും വെട്ടിക്കോ. 
ചുരുക്കിപ്പറഞ്ഞാല്‍ അച്ചമ്പീയുടെ മാളിക വീടും മാക്കോതയുടെ കുടിലും ഒരേ സമയത്ത് പൊങ്ങീന്നു പറഞ്ഞാല്‍ എല്ലാമായി. അച്ചമ്പിക്ക് അന്നംകുട്ടി വന്നപ്പോ കുഞ്ഞുമാക്കോതക്കു ചീര വന്നു. അച്ചമ്പിക്ക് അന്നംകുട്ടിയില്‍ ഒരാണു പിറന്നപ്പോ മാക്കോതക്ക് പെണ്ണു പിറന്നു. പിന്നേയും കുറേ നാളു കടന്നപ്പോണ് കൊതിച്ചപോലെ ഒരാണിനെ കിട്ടിയത്. 

പറഞ്ഞു പറഞ്ഞു വഴി തെറ്റിയെന്നാണു തോന്നണേ. നേരു പറഞ്ഞാല്‍ കുടുംബചരിത്രം പറയുകയല്ല നമ്മുടെ ഉദ്ദേശ്യം. മുത്തപ്പന്റെ കഥയാണ് നമുക്ക് പറയേണ്ടത്. അതുമല്ല കുഞ്ഞുമാക്കോതയുടേയും അച്ചമ്പിയുടേയും കൂട്ടുകെട്ടിന്റെ കഥ. ശേഷമെല്ലാം പശ്ചാത്തലം മാത്രം. മുത്തപ്പന്‍ പുരാണമാണ്, ചരിത്രമാണ് നാട്ടുമനസ്സിന്റെ സ്വത്തുമാണ്. അതുകൊണ്ടുതന്നെ ചുറ്റുവട്ടത്തുള്ളവരുടെ കണ്ണിലൂടെ ഒന്നു നോക്കുമ്പോള്‍ പിന്നെയും ചില കെട്ടുപിണഞ്ഞ വഴികളും ആഴക്കിണറുകളും പാതാളക്കുളങ്ങളുമൊക്കെ തെളിഞ്ഞുവരും.  അതവിടെ നില്‍ക്കട്ടെ. അച്ചമ്പി മാപ്ലയും കുഞ്ഞുമാക്കോതയും തോളത്തു കയ്യിട്ടു നടക്കുന്നതു കണ്ടിട്ട്  അക്കാലത്തെ കമ്യൂണിസ്റ്റുകാരുപോലും അന്തം വിട്ടിരുന്നിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ മഹനീയമായ ഉദാഹരണമായിട്ട് വായനശാലയിലെ വാര്‍ഷിക സമ്മേളന പ്രസംഗത്തില്‍ കെട്ടുകണക്കിനു പുസ്തകങ്ങള്‍ വായിച്ചു തള്ളിയിട്ടുള്ള നമ്മുടെ കറുപ്പന്‍ വരെ പറഞ്ഞുകളഞ്ഞു. ഏതായാലും അച്ചമ്പി മാപ്ല പറയനെ മതം മാറ്റാന്‍ നോക്കുകയാണെന്നു ഒരാള്‍ പോലും പറഞ്ഞില്ല. കാരണം കള്ളു കുടിച്ചിരിക്കുന്ന നേരത്ത് കുടുംബത്തിലേക്കു കേറിവന്ന് ഉപദേശിക്കാന്‍ തുനിഞ്ഞ വികാരിയച്ചനെ തുണിപൊക്കിക്കാണിച്ച പാരമ്പര്യമാണ് അച്ചമ്പിക്കുള്ളത്. പിന്നെന്താണയാള്‍ക്ക് കുഞ്ഞു മാക്കോതയിലുള്ള കണ്ണ്. അങ്ങനെ ചിന്തിക്കാത്തവരില്ല. മാപ്ലാര് ലാഭം കാണാതെ ഒന്നും ചെയ്യില്ലെന്ന് മറുജാതിക്കാര്‍ക്കെല്ലാം നല്ല തീര്‍ച്ചയല്ലേ. പാതിരാത്രി അച്ചമ്പി മാപ്ലയുടെ കള്ളും കുടിച്ച് ചിറീം തുടച്ച് പഴയ കുടിയിലെ പറയപ്പതിക്കു മുമ്പീക്കൂടി പോകുമ്പോ ചത്തു തലക്കു മോളീ നില്‍ക്കുന്ന വല്യാമ കൂകിവിളിക്കും.
എടാ...ആതോം പോതോമില്ലാണ്ട് നടന്നോ... മാപ്ലയെ നമ്പിനാന്‍ അവന്‍ ഊമ്പിനാന്‍...ചാവേറു കൊള്ളാണ്ട് നോക്കിക്കോ... 

ചത്തിട്ടും പഹച്ചീട നാവിനെന്തു വീറാണ് എന്നു മനസ്സീ പറഞ്ഞ് കുഞ്ഞുമാക്കോത ചിറിയിലൂറിയ ചിരി തുടച്ച് കുടിയിലേക്കു പോകും. വല്യാമയുടെ കൊളുത്തിടലെന്തിനാണെന്ന് കുഞ്ഞുമാക്കോതയ്ക്കറിയാം. എന്നാലും അച്ചമ്പി മാപ്ലാരെ മുഷിപ്പിക്കാന്‍ പറ്റൂല്ല. 
വല്യാമയുടെ വിലക്കു നോക്കാതെ അച്ചമ്പി വിളിച്ചേടത്തെല്ലാം അയാളു പോയി. ഒടുക്കം കള്ളു കുടിച്ചു പിമ്പിരി പാടി കേറിവന്ന നേരത്ത് അച്ചമ്പി അടുക്കളേലേക്കു വിളിച്ചു പറഞ്ഞു. 
എടീ അന്നംകുട്ടി...എറച്ചിക്കറി വെന്താടീ...
വെന്തേ...
ആവി പാറുന്ന ഒരു കിണ്ണം പോത്തിറച്ചിക്കറി മുന്നില് വന്നപ്പോള്‍ കുഞ്ഞു മാക്കോതയ്ക്കു കൊതിയടക്കാമ്പറ്റാണ്ടായി. അതു കണ്ട അച്ചമ്പി കണ്ണു ചോപ്പിച്ചിട്ടു പറഞ്ഞു:
കൂത്തിച്ചി മോനേ ഇതേ തൊട്ടു പോയാ വെട്ടിത്തുണ്ടമാക്കിക്കളയും. 
അച്ചമ്പിയുടെ ഈ മുഖം മാക്കോതയ്ക്ക് അപരിചിതമല്ലാത്തതിനാലും എന്തു കേട്ടാലും പുറമേ കാട്ടാതെ അടക്കാനുള്ള കഴിവുള്ളതിനാലും അയാള്‍ ചുമ്മാ ചിരിച്ചങ്ങന നിന്നു. അകത്തേക്കു പോയ അച്ചമ്പി ഒരു മാട്ടം കള്ളും ഒരു ചുരുട്ടുമായി വന്നു. അപ്പോഴാണ് മാക്കോതയ്ക്ക് കാര്യം ഏതാണ്ടു പിടികിട്ടിയത്.
മുണ്ടഴിക്കടാ...

എന്തിനാണെന്നു ചോദിക്കേണ്ട കാര്യമില്ല. കുഞ്ഞു മാക്കോത മുണ്ടഴിച്ചു. ഉടുതുണിയില്ലാതെ ഇറച്ചിക്കിണ്ണവും ചുരുട്ടും കള്ളുമായി മുന്നോട്ടു നടന്നു. പിന്നില്‍ അന്നംകുട്ടി താത്തി വെറുപ്പോടെ വാതില്‍ വലിച്ചടക്കുന്ന സ്വരം കേട്ടു. നാലു ചുവടു കൂടി വച്ചാല്‍ പറമ്പിന്റെ ഒരു മൂല നിറയെ വേരു പടര്‍ത്തി ആകാശനക്ഷത്രങ്ങളെപ്പോലും മറച്ചുപിടിച്ചു മുട്ടനായി വളര്‍ന്നുപൊങ്ങിയ ആഞ്ഞിലി മരം കണ്ണു നിറയെ കാണാം. അതിന്റെ വേരുകള്‍ക്കു താഴെയാണ് കാപ്പിരിയുടെ കിടപ്പ്. അവിടമാകെ അടിച്ചു തുടച്ചു മെനയാക്കി തിരി കത്തിച്ച് കുഞ്ഞുമാക്കോത കാപ്പിരി സേവക്കു തുടക്കമിട്ടു. അതു വലിയൊരു തുടക്കത്തിന്റെ തുടക്കമായിരുന്നു. കൊല്ലം പത്തായിട്ടും ചീരേട അടിവയറ്റിന്ന് എളേ ചെക്കന്‍ പോന്നു കൊല്ലം രണ്ടു കഴിഞ്ഞിട്ടും സേവക്ക് ഒരു മാറ്റോമുണ്ടായില്ലന്നു മാത്രം. 
പണ്ടാരം പിടിക്കാന്‍ ഈ കാലമാടന്‍ കാപ്പിരി നമ്മള തിന്നു മുടിപ്പിക്കേണല്ലാടാ മാക്കോതേ.

അതാണ് അച്ചമ്പി മാപ്ലേട തനി നെറം. അതു വെളിവാക്കുന്ന ഒരു സംഭവം കൂടിയുണ്ടായി. ഒരൂസം പെലന്നപ്പോ ആഞ്ഞിലിച്ചോട്ടിലെ കാപ്പിരിത്തറയില്‍ കള്ളും കറീം വടിച്ചു തീര്‍ത്തു വച്ചിരിക്കുന്നതു കണ്ടപ്പോള്‍ അയാള്‍ക്കു സഹിച്ചില്ല. ഉടുതുണിയില്ലാതെ എല്ലാം മറന്നുറങ്ങിക്കിടന്ന കുഞ്ഞുമാക്കോതയുടെ മേലാകെ എറച്ചിവെട്ടുകാരന്‍ വെട്ടുന്നപോലെ  പുളിവാറലുകൊണ്ടങ്ങു പെരുമാറി. അന്നു കരച്ചിലായ കരച്ചിലെല്ലാം ചങ്കിലൊതുക്കി ചോര തുടച്ച്, പറയപ്പതിക്കരികിലൂടെ നടന്നപ്പോ കുഞ്ഞുമാക്കോതയോടു വല്യാമ പോലും മിണ്ടീല്ല. പേരക്ടാത്തനെ പിന്നേം കുത്തിനോവിക്കണ്ടാന്നു വച്ചിട്ടാകും. എന്നാല്‍, രാത്രിക്കു രാത്രി അച്ചമ്പി മാപ്ല വളവനേം അവന്റെ രണ്ടു മക്കളേം കൂട്ടി പറയക്കുടിയിലേക്കു വന്നു. വളവന്റേം മക്കടേം തലേല് വലിയ കുട്ടകളില്‍ നിറയെ പെമ്പളയും മക്കളും കിനാവു കണ്ട വീട്ടു സാമാനങ്ങളും തീറ്റപ്പലാരങ്ങളും കുത്തിനിറച്ചിട്ടുണ്ടായിരുന്നു. മട്ടാഞ്ചേരി അങ്ങാടീലെ കൂലിവേലക്കാരുടെയെല്ലാം ഉടയോനും തമ്പുരാനുമായി വെലസണ അച്ചമ്പി ചാണകം മെഴുകിയ തറേലിരുന്നു കുഞ്ഞുമാക്കോതേടെ കാല്‍മുട്ടില്‍ പിടിച്ച് വാവിട്ടു കരയാന്‍ തുടങ്ങി. ചുരുക്കത്തീ പറഞ്ഞാ മനസ്സു കടുപ്പിച്ചു മുനകൂര്‍പ്പിച്ചു വച്ചിരുന്ന ചീര പോലും അലിഞ്ഞുപോയി. കുഞ്ഞു മാക്കോതയുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. അതാണ് അറിവാളരുടെ വലുപ്പവും കുഴപ്പവും. അറിവിന്റെ കാലില്‍ ആര്‍ത്തിക്കാരന്‍ നമിച്ചിരിക്കും. അറിവാളന്‍ കീഴടങ്ങിയുമിരിക്കും. ഈ സത്യം തിരിഞ്ഞുകിട്ടാനുള്ള തിരിച്ചറിവ് എന്തുകൊണ്ടോ കുഞ്ഞുമാക്കോതയ്ക്ക് അക്കാലത്തുണ്ടായിരുന്നില്ല.

അതുകൊണ്ടാണല്ലോ അവന്‍ കീഴാളനും അച്ചമ്പി മേലാളനുമായത്. ഈ സത്യം കുഞ്ഞുമാക്കോത ഒരാണ്ടിനുള്ളില്‍ തിരിച്ചറിഞ്ഞുവെന്നാണ് ഇതെഴുതിയാളുടെ തോന്നല്‍. എന്നാല്‍, അപ്പഴേയ്ക്കും അയാള്‍ക്കു മിണ്ടാനും പറയാനുമുള്ള ത്രാണിയില്ലാതെ പോയി. മേല്‍പ്പറഞ്ഞ സംഭവം നടന്നതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നിന്റെ പിറ്റേന്നും അന്തിക്കള്ളിനായി അച്ചമ്പിയും മാക്കോതയും ഷാപ്പിലൊത്തു കൂടിയിരുന്നു. ഒടുവിലത്തെ കൂട്ടിന്റന്ന് അവിട വച്ച് ഒരു പ്രഖ്യാപനവുമുണ്ടായി. കുഞ്ഞുമാക്കോതയുടെ പറമ്പും കുടിലുമടങ്ങുന്ന നാലര സെന്റ് പൊന്നും വിലക്ക് വിറ്റിരിക്കുന്നു. തീര്‍ന്നില്ല, കാഞ്ഞിരപ്പള്ളിയില് നാട്ടുവിളയ്ക്കു പറ്റിയ ഏക്കറു കണക്കിന് പറമ്പ് മാക്കോതയുടെ പേരില്‍ മേടിക്കുകയും ചെയ്തിരിക്കുന്നു. അന്നു ഷാപ്പിലെല്ലാവര്‍ക്കും അച്ചമ്പി മാപ്ലേട സങ്കടക്കള്ളു വീഴ്ത്തു നടന്നു. പിന്നെ ഒരു നാലു നാളും കൂടി പിന്നിട്ടപ്പോ കുഞ്ഞുമാക്കോതയെ കാണാതായി. മാക്കോത മാത്രമല്ല, അവന്റെ കുടിലും ചീരയും രണ്ടു മക്കളും ഒന്നിച്ചങ്ങു മാഞ്ഞുപോയി. പിന്നീടൊരു നാളും കുഞ്ഞുമാക്കോതയും അച്ചമ്പിയും ഒന്നിച്ചു നടക്കുന്നതോ മാക്കോതയെ ഉടലോടെയോ ആരും കണ്ടിട്ടുമില്ല. സങ്കടം താങ്ങാനാകാതെ അച്ചമ്പി മാപ്ല കിടപ്പിലുമായി. ആ കിടപ്പ് നൂറ്റെണ്‍പത്താറു നാളു നീണ്ടുനിന്നു. ഒടുക്കം സെമിനാരീല് അച്ചന്‍ പട്ടത്തിനു പഠിക്കാന്‍ പോയ ഒറ്റമകന്‍ വീട്ടിലു വന്ന് അപ്പന്‍ മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് അച്ചമ്പിയുടെ അഞ്ചും മൂന്നുമുള്ള തടി മണ്ണിനു വഴങ്ങിയത്. 

കാപ്പിരി നിധികുംഭം വിട്ടുതരുന്നതിനു മുമ്പു പിടിച്ചുമേടിക്കാന്‍ നോക്കിയതിന്റെ ശിക്ഷയാണെന്നോ പണ്ട് സായു കാപ്പിരിയെ തട്ടിയതുപോലെ അച്ചമ്പി തന്റെ പറയനെ തട്ടാന്‍ നോക്കിയെന്നോ അവനാകട്ടെ, രാത്രിക്കു രാത്രി മന്ത്രസിദ്ധി പുറത്തെടുത്ത് ശരീരം വെടിഞ്ഞ് മറയുകയും മറ്റെവിടെയോ സുഖമായി ജീവിക്കുകയും ചെയ്യുന്നുവെന്നോ ഒക്കെയുള്ള കഥകള്‍ ഇറങ്ങിനടക്കുന്നുണ്ടെങ്കിലും അതൊന്നും സത്യമാകാനിടയില്ല. അധികം വൈകാതെ അച്ചമ്പിയേയും കുഞ്ഞുമാക്കോതയേയും സംബന്ധിച്ച രഹസ്യങ്ങള്‍ ചുരുളഴിക്കാമെന്ന് ഇതെഴുതിയ ആള്‍ സ്വന്തം നെഞ്ചില്‍ തൊട്ട് സത്യം ചെയ്യുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com