മൂവര്‍ശബ്ദം: എംബി മനോജ് എഴുതിയ കഥ 

മുന്‍പ് ഒരു തവണ മാത്രമേ ഞാനദ്ദേഹത്തെ കണ്ടിട്ടുള്ളൂ. നേരിട്ടു കണ്ട അതേ പ്രായം. അതേ രൂപം. എങ്കിലും എനിക്ക് കാര്യങ്ങള്‍ വ്യക്തമായില്ല.
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

പൊന്‍കുന്നം വര്‍ക്കി എന്നെ ഉറക്കത്തില്‍നിന്ന് വിളിച്ചെഴുന്നേല്പിക്കുകയായിരുന്നു. കൊതുകുവലയ്ക്കുള്ളില്‍ കിടന്നുകൊണ്ട് ഞാന്‍ നോക്കുമ്പോള്‍, അടുത്ത് കസേരയില്‍ ഇരിക്കുന്നു മൂപ്പര്. മുന്‍പ് ഒരു തവണ മാത്രമേ ഞാനദ്ദേഹത്തെ കണ്ടിട്ടുള്ളൂ. നേരിട്ടു കണ്ട അതേ പ്രായം. അതേ രൂപം. എങ്കിലും എനിക്ക് കാര്യങ്ങള്‍ വ്യക്തമായില്ല. എന്തിന്, എന്റെ മുറിയില്‍ വന്ന് വിളിക്കുന്നത്. മനസ്സിലാകാത്തവനെപ്പോലെ ഞാന്‍ ചാടിപ്പിടിച്ചെഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു. കൊതുകുവല മാറ്റിക്കൊണ്ട് എന്റെ മുറിക്കകം പരതി. എല്ലാം ഞാന്‍ കിടക്കും മുന്‍പത്തെപ്പോലെതന്നെ. ലൈറ്റ് ഓഫാക്കാതെയാണ് ഞാന്‍ സാധാരണ ഉറങ്ങാറ്. മുറിക്കകമെല്ലാം പഴയതുപോലുണ്ട്. എന്നാല്‍, മുറിയില്‍ ടീപ്പോയ്ക്കടുത്ത് കസേരയില്‍ വര്‍ക്കി സാര്‍ ഇരിക്കുന്നത് ലൈറ്റുവെളിച്ചത്തില്‍ കണ്ടു. എന്നോട് എന്തോ പറയാനായി വന്നതുപോലെ മുഖവുരയൊന്നുമില്ലാതെ അദ്ദേഹം പറഞ്ഞു.
''നീയിന്നലെ ഉറങ്ങുന്നതിനു മുന്‍പ് ഫെയ്സ്ബുക്കില്‍ സി. എന്ന ഒരാളെക്കുറിച്ച് ഒരു പോസ്റ്റു ചെയ്തിരുന്നില്ലെ. അയാളെ സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞുതരുവാനാണ് ഞാന്‍ വന്നത്.'' ഒരു മുന്‍വിധിയുമില്ലാതെ, അദ്ദേഹം പറയാന്‍ ആരംഭിച്ചു. പിജിക്ക് പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ 'മന്ത്രിക്കെട്ട്' എന്ന കഥ വായിച്ചതും അതിനെക്കുറിച്ച് ഒരു അസൈന്‍മെന്റ് എഴുതിയിരുന്നതും ഞാനോര്‍ത്തു.
''സാര്‍ ഞാന്‍, ഞാനങ്ങയെ ഒരിക്കല്‍ നേരില്‍ കണ്ടിട്ടുണ്ട്'' ഞാന്‍ അദ്ദേഹത്തോട് ആദരപൂര്‍വ്വം പറഞ്ഞു.

''അത് എവിടെ വെച്ചാണ്? എന്നാണത്?'' അദ്ദേഹത്തിന് സന്തോഷം കൂടിവന്നു. ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. ''അത് കോട്ടയത്ത് ബസേലിയസ് കോളേജില്‍ വെച്ചാണ് സാര്‍. ഒരു അവാര്‍ഡ് ചടങ്ങായിരുന്നു അത്. അങ്ങാണ് അന്ന് ഒ.വി. വിജയന് അവാര്‍ഡ് നല്‍കിയത്.''
''ഓ ശരിയാണ്. ഞാനോര്‍ക്കുന്നു. ഞാനന്ന് ലേശം കഴിച്ചിരുന്നു. എങ്കിലും ഞാന്‍ കുഴപ്പമൊന്നുമുണ്ടാക്കിയില്ലല്ലോ. പരിപാടിയുടെ ഇടയ്ക്ക് നമ്മുടെ കവി, എ. അയ്യപ്പന്‍ സദസ്സില്‍നിന്നും വേദിയിലേയ്ക്കു വന്നതും അദ്ദേഹത്തിന്റെ പുറപ്പാടെന്താണെന്ന് എല്ലാവരും നോക്കിയിരിക്കെ, കൂളായി അവിടെയിരുന്ന കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ചിട്ട് പഴയതുപോലെ പോയിരുന്നതുമൊക്കെ നീ ഓര്‍ക്കുന്നില്ലേ'' നിര്‍ത്താതെ കുറച്ചുനേരം അദ്ദേഹം അക്കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞോണ്ടിരുന്നു. അതിനിടയില്‍ പെട്ടെന്ന് നിര്‍ത്തി അദ്ദേഹം തന്റെ കഥയിലേക്കു വന്നു.

''ടാ ഞാനാക്കഥയില്‍ ചതുരംഗക്കളിയെക്കുറിച്ചാ പറയുന്നത്. നിനക്ക് അറിയാമല്ലോ. കാലാള്‍പ്പട ഒത്തുചേര്‍ന്ന് മന്ത്രിയെ കെട്ടുന്നിടത്താണ് ആ കഥ അവസാനിക്കുന്നത്'' അദ്ദേഹം കഥയെ വീണ്ടും ഓര്‍മ്മിപ്പിച്ചു. അതേ സാര്‍ എന്നു ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഇത് എന്തിനാണ് പറയുന്നത് എന്നു ചിന്തിച്ചുകൊണ്ട് ഞാനദ്ദേഹത്തെ നോക്കി. എന്റെ മനസ്സ് വായിച്ചതുപോലെ അദ്ദേഹം തുടര്‍ന്നു: ''അതല്ലേ കാര്യം. അതു പറയാനല്ലെ ഞാനിപ്പോള്‍ ഇവിടെ വന്നത്. ഞാനീയിടെ ഒരാളെ കണ്ടു. അന്ന് എന്റെ കഥയില്‍ കാലാളായി നിന്ന ഒരാളെ. എന്റെ കഥയില്‍ ധീരമായി പൊരുതിയ ആ വ്യക്തിയെ'' എന്ന് വര്‍ക്കിസാറ് പറഞ്ഞു. അദ്ദേഹം എന്തിനെക്കുറിച്ചോ വിവരിക്കാന്‍ തുടങ്ങുന്നതായി എനിക്കു തോന്നി. മറുത്തൊന്നും പറയാതെ ഞാന്‍ അദ്ദേഹത്തിന്റെ ആവേശം നോക്കിയിരുന്നു.

''നീയാ മനുഷ്യനെക്കുറിച്ചാണ് ഇന്നലെ പോസ്റ്റ് ഇട്ടത്. സി. എന്ന ആ മനുഷ്യനെക്കുറിച്ച്'' അതും പറഞ്ഞ് അദ്ദേഹം തുടര്‍ന്നു: ''നീ ഇന്ത്യന്‍ ഗ്രാമങ്ങളെ അടുത്തു ചെന്നു കണ്ടിട്ടുണ്ടോ? കുറഞ്ഞത് അറുപത്തഞ്ചു വര്‍ഷം പുറകോട്ട് നീയൊന്ന് ആലോചിച്ചിട്ടുണ്ടൊ? അന്നത്തെ തമിഴ്നാടിന്റെ കുഗ്രാമങ്ങളെക്കുറിച്ച് നീ ഒന്നാലോചിച്ചു നോക്ക്. കുറഞ്ഞത് അരനൂറ്റാണ്ടു പുറകിലത്തെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരുന്നു എന്നു നീ ഒന്നു ചിന്തിച്ചു നോക്ക്. തരംതിരിക്കപ്പെട്ട നിരവധി മനുഷ്യര്‍, ഓരോരുത്തര്‍ക്കും പാര്‍ക്കാന്‍ ഓരോരോ ഇടം. എടാ കാറ്റുവരുന്നതുപോലും മേലാളന്മാര്‍ക്ക് ആദ്യം കിട്ടണം അങ്ങനങ്ങനെ ഏറ്റവും താഴ്ന്നവന് കാറ്റ് ഏറ്റവും അവസാനം കിട്ടണം എന്ന് കരുതിയിരുന്ന ഒരു നാടായിരുന്നടാ അത്. ആ നാട്ടീന്ന് ഒരിക്കല്‍ ഒരു മൂവര്‍ശബ്ദം പൊട്ടിത്തെറിച്ചു.''

ഇതു പറഞ്ഞ് അദ്ദേഹമെന്നെ നോക്കി. അതാരായിരുന്നു എന്നു ഞാനാലോചിക്കും മുന്‍പ് അദ്ദേഹത്തിന്റെ ഇടിമുഴങ്ങുന്ന ശബ്ദം എന്റെ മുന്നില്‍ കേട്ടു. ''അയോത്തി ദോസ പണ്ഡിതര്‍, റെട്ടിമലൈ ശ്രീനിവാസന്‍, ഇ.വി.ആര്‍. പെരിയാര്‍. അതായിരുന്നു തമിഴ്നാടിന്റെ കുഗ്രാമങ്ങളെ നടുക്കിയ ശബ്ദങ്ങള്‍. ആ ശബ്ദങ്ങള്‍ കേട്ടുകൊണ്ട് വളര്‍ന്ന ഒരു പയ്യന്‍ പിന്നീട് വാധ്യാരായി. വാധ്യാരായപ്പഴും അയാളുടെ കാതില്‍ ആ മൂവര്‍ശബ്ദങ്ങള്‍ മുഴങ്ങിയലച്ചു. ആ ശബ്ദങ്ങളുടെ മുഴക്കം കേട്ടുകൊണ്ട് ആ വാധ്യാര്‍ ദിനവും പള്ളിക്കൂടത്തില്‍ പിള്ളാര്‍ക്കു മുന്നിലിരുന്നു. ദിനവും വീട്ടിലെത്തി. ആ വാധ്യാര്‍ വീട്ടിലെത്തി മകനോടു പറഞ്ഞു: ''ചതുരംഗത്തിന്റെ ചലനത്തിന് പ്രത്യേക നിയമമുണ്ട്. ഓരോ കരുക്കളും നിയമം അനുസരിക്കുന്നു. അല്ലെങ്കില്‍ നിയമത്തിനൊത്ത് കരു നീക്കുന്നു. ചതുരംഗത്തിന്റേത് നിയമത്തിന്റെ ഒരു ഘടനയാണ്.'' അയാളുടെ മകന്‍ അപ്പനെക്കേട്ട് അടുത്തിരുന്നു.

വര്‍ക്കിസാര്‍ അത്രയും പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു: ''സാര്‍ പറഞ്ഞുവരുന്നത് ഫ്രെഡിനാന്റ് ഡി സൊസ്യൂര്‍ എന്ന സ്വിസ് ഭാഷാപണ്ഡിതന്‍ എഴുതിയ ഘടനവാദം എന്ന ആശയത്തെ സംബന്ധിച്ചാണോ?'' ഞാന്‍ അത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ നോക്കി. നീ പറഞ്ഞോ ഞാന്‍ കേള്‍ക്കാം എന്ന മട്ടില്‍ എനിക്കു പറയാനായി മിണ്ടാതിരുന്നു.

''സര്‍, സൊസ്യൂര്‍ പറയുന്നത് ഭാഷയ്ക്ക് ഒരു നിയമം ഉണ്ടെന്നാണ്. അതിന്റെ പ്രയോഗനിയമങ്ങള്‍. ഒരു സമൂഹം അതിന്റെ ഭാഷാനിയമത്തിലൂടെ സഞ്ചരിക്കുന്നു. അതിനെ സാമൂഹ്യമായി നിരീക്ഷിച്ചാല്‍ ഓരോ സമൂഹവും അതിന്റെ നിയമങ്ങളിലൂടെ പ്രത്യേക സമൂഹങ്ങളായി സഞ്ചരിക്കുന്നു'' ഞാനിത്രയും പറഞ്ഞതും അതു പൂര്‍ത്തിയാക്കാനെന്നപോലെ അദ്ദേഹം ഇടയ്ക്കു കയറി. പുള്ളിക്കാരന്റെ കയ്യില്‍ ബീഡിയിരുന്നു പുകഞ്ഞു. ബീഡിക്കുറ്റികള്‍ പലതും ഒടിച്ചിട്ടുകൊണ്ട് ഇടയ്ക്കു കയറി.


''അതാടാ ഞാനാ കഥയില്‍ പറയുന്നെ. നീയത് ഒന്നൂടെ വായിക്ക്. എടാ അതില്‍ ആള്‍ക്കാലിന്റെ ചലനം നീ കണ്ടില്ലേ. അവരോട് പറഞ്ഞിട്ടുള്ള അതേ നിയമത്തില്‍ നീങ്ങിയാല്‍ അവര്‍ക്ക് മന്ത്രിയെക്കെട്ടാന്‍ പറ്റില്ലെന്ന്. നമ്മള്‍ വേറെ വഴി കണ്ടെത്തണമെന്നാണ് ഞാനതില്‍ പറയുന്നത്'' അദ്ദേഹം വീണ്ടും ആവേശത്തോടെ തുടര്‍ന്നു.

''നീ നോക്ക് ആ തമിഴ് കുഗ്രാമത്തില് ആ വാധ്യാരുടെ മകന്‍ സി. എന്ന് നമ്മള്‍ പേരിട്ട ആ പയ്യന്‍, അവന്റെ അപ്പന്‍ പറയുന്ന കഥകളത്രയും കേട്ടാണ് ആ പയ്യന്‍ വളര്‍ന്നത്. അത്രയും കഥകളും ആ മൂവര്‍ശബ്ദങ്ങള്‍ പറഞ്ഞു കൊടുത്തതാ. ആ പയ്യന്‍ ആദിദ്രാവിഡര്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ അക്കഥകള്‍ കൂട്ടുകാരോടൊക്കെ പറഞ്ഞിരുന്നു. ''തമിഴനെന്നു ചൊല്ലടാ തല ഉയര്‍ത്തി നില്ലെടാ'' അതായിരുന്നു അവരുടെ ഒന്നാമത്തെ ആത്മാഭിമാന വാക്യം. ആ വാക്യം കേട്ടാല്‍ പിന്നാരും താഴേക്കു നോക്കില്ല. കൈകെട്ടി നില്‍ക്കില്ല. അവര്‍ക്കു കളിച്ചുകളയാന്‍ സമയവും ഉണ്ടാകില്ല. ഇതിനിടയില്‍ ഒരു ദിവസം നമ്മുടെ സി. എന്ന പയ്യന് വാധ്യാരായ അപ്പന്‍ ഒരു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതായിരുന്നു ആ പയ്യനെ കിടുക്കിക്കളഞ്ഞത്.''

അത് എന്തായിരിക്കും ആ മന്ത്രം? അതും ഓര്‍ത്തോണ്ട്, ഞാന്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍നിന്നും കാപ്പിക്കലം താഴെ ഇറക്കിവെച്ചു. അദ്ദേഹത്തിന് ഒരു ഗ്ലാസ്സ് കട്ടന്‍കാപ്പി കൂടി ഒഴിച്ചുകൊടുത്തു. പുള്ളിക്കാരന്‍ കട്ടന്‍ കാപ്പിയും കുടിച്ചോണ്ടു പറഞ്ഞു. ഇങ്ങനെയായിരുന്നു ആ പ്രതിജ്ഞ. ''നിങ്ങള്‍ നടക്കുന്ന വഴിയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനേയും അസമത്വത്തേയും കണ്ടാല്‍ നിങ്ങളാദ്യം അസമത്വത്തിനെതിരെ തിരിയണം.'' ഇത് വളരെ കുഴക്കുന്ന ഒരു കാര്യമായിട്ടാണ് ആ പയ്യന് അപ്പോള്‍ തോന്നിയത്. അവന്‍ അതനുസരിക്കാന്‍ തീരുമാനിച്ചു. ഇതായിരുന്നു ആ പയ്യന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ തീരുമാനം.
എന്നാല്‍, സി. എന്ന മനുഷ്യന്‍ അയാളുടെ ജീവിതത്തെ പൂര്‍ണ്ണമായും എഴുതുകയോ നമുക്കു മുന്നില്‍ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ആ മനുഷ്യന്റെ വഴിത്താരകള്‍ ഓരോന്നും പറയാന്‍ ഞാനാളല്ല. പക്ഷേ, ആ യുവാവ് നിയമം പഠിച്ച ഗവണ്‍മെന്റ് ലോ കോളേജിലെ വിദ്യാഭ്യാസകാലമുണ്ടല്ലോ, അത് എടുത്തുപറയേണ്ട ഒന്നായിരുന്നു. നീ തമിഴ്നാട്ടിലെ കരുണാനിധി എന്ന ഒരാളുടെ പേര് കേട്ടിട്ടുണ്ടൊ? അയാള്‍ മുന്‍പ് പ്രശസ്തനായ ഒരു നാടകപ്രവര്‍ത്തകനായിരുന്നു. ഏഴൈമക്കളുടെ ദുഃഖം വിവരിക്കുന്ന നാടകങ്ങളായിരുന്നു അതെല്ലാം. അതിനോട് താല്പര്യപ്പെട്ട വാധ്യാര്‍ തന്റെ മകന് കരുണാനിധി എന്നു പേരിടാന്‍ തീരുമാനിച്ചിരുന്നു. അത് എന്തോ ആകട്ടെ. പക്ഷേ, ചതുരംഗ നിയമം പഠിക്കുവാന്‍ മകനുവേണ്ടി തെരഞ്ഞെടുത്ത ആ കോളേജ്, അതിന്റെ പേരുതന്നെയും വലിയ ഒരു പൊട്ടിത്തെറിയാണെന്ന് ആ പയ്യന്‍ തിരിച്ചറിഞ്ഞു. 'ഡോ. ബി.ആര്‍. അംബേദ്കര്‍ ഗവണ്‍മെന്റ് ലോ കോളേജ്' എന്നായിരുന്നു അതിന്റെ പേര്.''
ഇത്രയും പറഞ്ഞിട്ട് ചില കളിനിയമങ്ങള്‍ പറഞ്ഞുതരാം എന്നു പറഞ്ഞ് അദ്ദേഹം ഒരു ദീര്‍ഘ പ്രഭാഷണത്തിനായി തയ്യാറെടുത്തു. താന്‍ ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും ദീര്‍ഘമായതും ഹൃദയത്തിന്റെയുള്ളില്‍നിന്നും വന്നതും പലപ്പോഴും വാക്കുകള്‍ കിട്ടാന്‍ തപ്പിത്തടഞ്ഞതുമായ പ്രസംഗമായിരുന്നു അത്. അദ്ദേഹം പറഞ്ഞുതുടങ്ങി: ''ഒരേ ചലനത്തെ പിന്തുടര്‍ന്നാല്‍ നമുക്ക് ഒരിക്കലും ചലിക്കാന്‍ കഴിയില്ല. കരുക്കളുടെ ചലനങ്ങളെ മുന്‍കൂട്ടി അട്ടിമറിക്കുന്ന ഓരോ ചലനവും ഓരോരുത്തരും നടത്തിക്കൊണ്ടേയിരിക്കും. അപ്പോള്‍ നമ്മള്‍ ഒരേ ആവൃത്തിയില്‍ ചലിച്ചാല്‍ ചലിക്കാന്‍ സാധിക്കാതെ വരും'' എന്നു പറഞ്ഞ് അദ്ദേഹം ഒന്നു നിര്‍ത്തി. അദ്ദേഹത്തിന്റെ പ്രഭാഷണം ഫ്രഡിനാന്റ് ഡി. സൊസ്യൂറിന്റെ വാചകങ്ങള്‍ തന്നെയാണല്ലോ എന്നു ഞാന്‍ അതിശയിച്ചു പോയി. അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു: ''ഭാഷ അതൊരു നിയമമാണ്. ചലനമില്ലാത്ത നിയമം. ചതുരംഗക്കളി അതൊരു നിയമമാണ്, ചലനമില്ലാത്ത നിയമം. ഫുട്‌ബോള്‍ക്കളി പോലെ. പന്തു ചലിക്കണമെങ്കില്‍ അതിന്റെ നിയമം പഠിക്കണം. എന്നിട്ട് നിയമത്തെ പിന്‍തള്ളിക്കൊണ്ട് കുറുകേ മുന്നേറണം. കളിയുടെ ചരിത്രത്തില്‍ ആരാണ് നിയമത്തെ മാത്രം മുന്‍നിര്‍ത്തി ഇതേവരെ കളിച്ചിട്ടുള്ളത്. ആരുമില്ല.'' ഒന്നുകൂടി നിര്‍ത്തി അദ്ദേഹം ചുറ്റുപാടും നോക്കി.

''നിങ്ങള്‍ ഇന്നത്തെയും വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ കളി കണ്ടതല്ലെ. ആരാണ് അതില്‍ നിയമത്തെ മാനിച്ച് പിന്തുടരുന്നത്. നിയമത്തിന്റെ നടത്തിപ്പിനു വേണ്ടിയാണല്ലോ ആ കളിക്കാരെ ഗ്രൗണ്ടിലേക്ക് ഇറക്കിയത്. എന്നിട്ടാരെങ്കിലും നിയമം അനുസരിച്ചൊ. ഫുട്‌ബോളിന്റെ ചരിത്രത്തിലിന്നുവരെ അതിന്റെ നിയമനടത്തിപ്പുകാരായ കളിക്കാരില്‍ എത്രപേര്‍ നിയമം പാലിച്ചു. വിജയിച്ചെന്നു വീമ്പിളക്കുന്ന ടീമുകളിലൊക്കെ നാമതു കണ്ടു. അവര്‍ ലംഘിച്ച നിയമങ്ങളായിരുന്നു അവരെ ജയിപ്പിച്ചത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, നിയമത്തെ അനുസരിച്ചു നീങ്ങിയവര്‍ക്ക് ഗ്രൗണ്ടില്‍ ചലിക്കാന്‍ പറ്റിയിട്ടില്ല എന്ന്.'' ഇത്തവണ അദ്ദേഹം നിര്‍ത്തുകയോ പരിസരം ശ്രദ്ധിക്കുകയോ ചെയ്യുന്നതായി തോന്നിയില്ല. പിടിച്ചുലയ്ക്കുന്ന ശബ്ദം മാത്രം.

''നിങ്ങള്‍ നോക്കുവിന്‍. ചതുരംഗനിയമത്തില്‍ ഒരു കാലാള്‍ക്ക് എത്രമാത്രം ചലിക്കാനാകുമെന്ന്. കാലാളിന്റെ പരിമിതി എത്രയോ ദുഷ്‌കരമാണെന്ന്. കാലാള്‍ നടന്നെത്തുന്ന ദൂരം എത്രയോ ചെറുതാണെന്ന്. ഈ കാലാളുകള്‍ ഈ ചെറിയ ചുറ്റുവട്ടത്ത്, അവിടെത്തന്നെ ചുറ്റിത്തിരിയണമെന്നാണൊ? കളിയുടെ ഒടുക്കംവരെയും അവിടെത്തന്നെ പരിമിതപ്പെടണമെന്നാണൊ?'' അദ്ദേഹം അതുതന്നെ ഒന്നുകൂടിയാവര്‍ത്തിച്ചിട്ട് എന്നെ നോക്കി. ഞാനപ്പോള്‍ സൊസ്യൂര്‍ പറഞ്ഞ ഘടനകളേയും സൂചിപ്പിക്കലുകളേയും സംബന്ധിച്ച കാര്യങ്ങള്‍ ആലോചിച്ചുനോക്കി. ഘടനയെ ലംഘിക്കുമ്പോള്‍ മാത്രമാണ് പുതിയ ഒരു ഭാഷയില്‍ എഴുത്തുണ്ടാകുന്നത്. ചിഹ്നങ്ങളുടെ സമാഹാരമായ ഭാഷയ്ക്ക് അതിന്റെ ഘടനകളെ ലംഘിച്ചേ മതിയാകൂ. അപ്പോള്‍ ഭാഷയുടെ നിയമം മാറ്റിമറിക്കപ്പെടും, മറ്റൊന്നായിത്തീരും. ഒരാള്‍ കാണുന്ന പദം, അത് മുന്നോട്ടു വയ്ക്കുന്ന ചിഹ്നം അതായിരിക്കില്ല മറ്റൊരാള്‍ അതില്‍ ''ആരോപിക്കുന്നത്. ആരോപിക്കുന്നത് അതാകുന്നു അതാകുന്നു ഭാഷ'' ഭാഷ ആരോപിക്കുന്നതാകുന്നു.
ഇങ്ങനെ ആലോചിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പ്രസംഗം ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നതിനെ ക്രോഡീകരിക്കുന്നതായിട്ട് എനിക്കു തോന്നി. അദ്ദേഹത്തിന്റെ പ്രസംഗം ഞാനിങ്ങനെ കേള്‍ക്കാനിടയായി. ''ഞാന്‍ നിങ്ങളോട് പറഞ്ഞില്ലയോ, സി. എന്ന ആ മനുഷ്യന്‍ അതാണ് ചെയ്തത്. അയാള്‍ കൂടുതല്‍ ഊര്‍ജ്ജം സ്വീകരിച്ച് കരുക്കള്‍ നീക്കി. മുന്‍പ് വാധ്യാരപ്പനില്‍നിന്നും കേട്ട മൂവര്‍ശബ്ദം അയാളുടെ കാതുകളിലും മുഴങ്ങിക്കേള്‍ക്കുംപോലെ അയാള്‍ സ്വയം ആളായും തേരായും ആനയും കുതിരയുമായും കുതിച്ചു. അയാള്‍ക്കു വഴിമാറാന്‍ മടിച്ചവര്‍ ചതുരംഗ നിയമം ലംഘിക്കുന്നവന്‍ എന്ന് അയാള്‍ക്കു പേരിട്ടു. അയാള്‍ കൊടുത്ത നിര്‍ദ്ദേശങ്ങളെ നിരന്തരം ലംഘിച്ച് പലരും കളിനിയമങ്ങള്‍ തെറ്റിച്ചു. അയാളെ തളയ്ക്കുക എന്നതു മാത്രമായി പലകയിലെ ഓരോ കരുവിന്റേയും താല്പര്യം. അറുപത്തഞ്ചു വര്‍ഷം. ഏറ്റവും കുറഞ്ഞത് അത്രയും കാലം തമിഴ്നാട്ടിലെ കുഗ്രാമങ്ങള്‍ എങ്ങനെ മാറി എന്നാണ് നിങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ കുഗ്രാമങ്ങള്‍ എങ്ങോട്ടു മാറിയെന്നാണ്. മാറിയിട്ടില്ല എന്നു മാത്രമല്ല, ഒന്നുകൂടി കുരുങ്ങിയിരിക്കുന്നു എന്നു ഞാനിവിടെ പറഞ്ഞുകൊള്ളട്ടെ.'' പൊന്‍കുന്നം വര്‍ക്കിയുടെ പ്രഭാഷണം കേട്ടിരുന്നവര്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാകയാല്‍ അവര്‍ അയാള്‍ക്കു മുന്നില്‍ തലയാട്ടി.
''കിതയ്ക്കുമ്പോഴും കുതിച്ചുപായുന്ന അദ്ദേഹത്തിന്റെ ശബ്ദം തുടര്‍ന്നു, എന്നാല്‍, ചതുരംഗപ്പലകയിലെ ബിഷപ്പുമാര്‍ അതു സമ്മതിച്ചുകൊടുത്തില്ല. കാലാളും തേരും ആനയും കുതിരയും ഒരാളായിത്തീരുന്നതായി ആ പുരോഹിതന്മാര്‍ക്കു തോന്നി. ബിഷപ്പുമാരുടെ തോന്നല്‍ മാത്രമായിരുന്നു അത്. അവര്‍ ഓരോ തവണയും സി. എന്ന കരുവിനെ മാത്രം കണ്ടു. സി. യെ മാത്രം ഈര്‍ഷ്യയോടെ കേട്ടു. എന്നാല്‍ സി. ഒരു പറ്റം കരുക്കളുടെ പ്രതീകമാണെന്നും അതിന് ഭാഷാനിയമത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള സാമൂഹിക അടിത്തറയുണ്ടെന്നും അത് മറ്റൊരു സാമൂഹികഭാഷ തന്നെയാണെന്നും മനസ്സിലാക്കുന്നതില്‍ പുരോഹിതന്മാര്‍ പരാജയപ്പെട്ടു. പുരോഹിതന്മാര്‍ സാധാരണ സ്വന്തം തോല്വി സമ്മതിച്ചു കൊടുക്കാറില്ല. അതാണ് അവരുടെ കുഴപ്പം.

അന്തര്‍ദ്ദേശീയമായിത്തന്നെയും അങ്ങനെയാണ്. പകരം അവര്‍ അവര്‍ക്കു വിധേയരായ ആനകളേയും കുതിരകളേയും തേരുകളേയും കാലാളുകളേയും തയ്യാറാക്കിയിറക്കി നിര്‍ത്തും. ഇപ്പോള്‍ നോക്കൂ സി.യെ പിടിക്കാനായി അവര്‍ ചട്ടംകെട്ടിയിരിക്കുന്നു. ഓരോ കളങ്ങളിലും സി.ക്ക് എതിരെ വിലങ്ങുകളുണ്ടാക്കിയിരിക്കുന്നു. സി. പല സമയത്തും ബിഷപ്പുമാര്‍ക്ക് ചെക്കു കൊടുത്തു. എന്നാല്‍, പുരോഹിതര്‍ കാസലിഗം വച്ച് ഒഴിഞ്ഞുമാറാന്‍ നോക്കി. ചെസ്സിന്റെ നിയമം അനുസരിച്ച് കാലാളിന്റെ ചെക്കുപോലും ബിഷപ്പിനും ബാധകമാണ്. എന്നാല്‍, പുരോഹിതന്മാര്‍ അത് അംഗീകരിച്ചില്ല. അവര്‍ അതിനെ മറച്ചതായി നടിച്ചു. എന്നാലും അവര്‍ക്കു മുന്നിലുള്ള ചെക്കുകള്‍... നഗ്‌നസത്യം പോലെ വെളിപ്പെട്ടു.''

''അപ്പോള്‍ ഇവിടെ സി. ചതുരംഗ നിയമത്തിന്റെ പരമ്പരാഗത ചലനങ്ങളെ അട്ടിമറിക്കുകയായിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത അട്ടിമറി. നിയമങ്ങള്‍ക്കുമേല്‍ നിയമം കൊണ്ടു നടത്തിയ ഒരു എതിര്‍ തയ്യാറെടുപ്പ്. ചതുരംഗലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നീക്കമായിരുന്നു അത്. അതിനാല്‍ അത് ഭ്രമമാണെന്നു പറയാനും ചിലര്‍ ശ്രമിച്ചു.'' ഇതു പറയുമ്പോള്‍ പൊന്‍കുന്നം വര്‍ക്കിയില്‍ വാക്കുകള്‍ ഉടക്കിനിന്നു. ചടുതല അവസാനിച്ചു. അയാള്‍ വിയര്‍ത്തൊലിച്ചു. വലിച്ച ബീഡികള്‍ മുഴുമിപ്പിക്കാതെ എറിഞ്ഞു. തീപ്പെട്ടിക്കൊള്ളികള്‍ അദ്ദേഹം നിന്നിടത്തു ചുറ്റും നിറഞ്ഞു. ''അതെ, പ്രജകള്‍, രാജാക്കന്മാര്‍ക്കെതിരെ നടത്തുന്ന ചലനങ്ങളുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നീക്കമായിരുന്നു അത്. നിയമത്തിനകത്തു നിന്നുകൊണ്ട് നിയമത്തെ അതിജീവിക്കുന്ന നീക്കം. നിയമം നിയമത്തേക്കാള്‍ വലുതാകുന്ന നീക്കം. നിയമത്തെ കീറിമുറിച്ചു കടക്കുന്ന നിയമത്തിന്റെ നീക്കം, മുന്‍പ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നടത്തിയിട്ടുണ്ട് ഇത്തരമൊരു നീക്കം.''

ഇത്രയുമായപ്പോള്‍ പൊന്‍കുന്നം വര്‍ക്കിസാറിന് പ്രസംഗിക്കാന്‍ കഴിയാതെയായി. ഇനിയും ഏതു വാക്കുകള്‍ പ്രയോഗിക്കണം എന്നായി. ഇടയ്ക്കുവച്ച് അവസാനിപ്പിക്കുന്ന പരാജയപ്പെട്ട ഒരു പ്രഭാഷണമായി മാറട്ടെയെന്ന് അദ്ദേഹം സ്വയം തീരുമാനിച്ചതുപോലെ സ്റ്റേജില്‍ നിന്നിറങ്ങി ആളുകള്‍ക്കിടയിലേയ്ക്കു നടന്നു. അദ്ദേഹം പറയാന്‍ തുടങ്ങുകയും ഇടയ്ക്കുവച്ച് മുറിഞ്ഞുപോവുകയും ചെയ്ത വാക്കുകള്‍ നടക്കുന്നതിനിടയില്‍ അദ്ദേഹം ഓര്‍ത്തെടുത്തു. അതിങ്ങനെയായിരുന്നു: ''സി. എന്ന ആള്‍ തന്നെ വളഞ്ഞുവച്ച കരുക്കള്‍ക്കു മുന്നില്‍ നിന്നുകൊണ്ട് താന്‍ മുന്‍പ് യുവാവായിരുന്നപ്പോള്‍ പഠിച്ച ലോ കോളേജിനെക്കുറിച്ചായിരുന്നു ഓര്‍ത്തത്. അതിന്റെ ചുവരില്‍ അന്ന് എഴുതിയിട്ട ഒരു വാക്യത്തെ അയാള്‍ തെളിച്ചെടുത്തു. നിവര്‍ന്ന നട്ടെല്ലുമായി പൊലീസുകാര്‍ക്കിടയിലേയ്ക്ക്  നടന്നുകയറിയപ്പോള്‍ അയാള്‍ ആ വാക്യം മനസ്സില്‍ വായിച്ചു. അത് ഇങ്ങനെയായിരുന്നു.'' ''ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് എന്ന തത്ത്വം പുണ്യസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ് നമ്മുടെ ഭരണഘടന. ആ ഭരണഘടനയെ സംരക്ഷിക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ വഴിത്താരയില്‍ കുറുകെ കിടക്കുന്ന തിന്മകളെ എതിര്‍ക്കുന്നതില്‍ കാലവിളംബം ഉണ്ടാകാന്‍ പാടില്ല. തിന്മകളെ നീക്കംചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കുന്നതില്‍ നാം ബലഹീനമാവാന്‍ പാടില്ല. ഈ രാജ്യത്തെ സേവിക്കാനുള്ള ഏക മാര്‍ഗ്ഗം അതാണ്'' (ഡോ. ബി.ആര്‍. അംബേദ്കര്‍ വാല്യം-30). അങ്ങനെയൊരു കാഴ്ചയായിരുന്നു, സി. മനസ്സില്‍ കണ്ടത്. നീ അതെഴുതണം. നിന്റെ FB-യുടെ വാളില്‍ അതു വരണം. അത്രയും പറഞ്ഞപ്പോഴേക്കും അദ്ദേഹം വിയര്‍ത്തുകുളിച്ചിരുന്നു. എന്നാല്‍ പറയാനുള്ളത് പറഞ്ഞുതീര്‍ത്ത ഒരാളെപ്പോലെ അദ്ദേഹം വാതില്‍ തുറന്നിട്ട് മുറ്റം കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങി. ആരും കൂടെയില്ലാതിരുന്ന ഒരു ഇരുട്ടിലേക്ക് അദ്ദേഹത്തിന്റെ വസ്ത്രങ്ങളുമിറങ്ങി. അദ്ദേഹം പറഞ്ഞ ആ മൂവര്‍ശബ്ദം ഞാനാ ഇരുട്ടില്‍ കേട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com