ഉസിത: പി മോഹനചന്ദ്രന്‍ എഴുതിയ കഥ

'ഒന്നാനാം' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് അജ്ഞാതന്‍ നുഴഞ്ഞുകയറിയപ്പോള്‍ ഉദയനന്‍ അത് രഹസ്യമായി സൂക്ഷിച്ചു.
ഉസിത: പി മോഹനചന്ദ്രന്‍ എഴുതിയ കഥ

'ഒന്നാനാം' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് അജ്ഞാതന്‍ നുഴഞ്ഞുകയറിയപ്പോള്‍ ഉദയനന്‍ അത് രഹസ്യമായി സൂക്ഷിച്ചു. എറുമ്പുകളുടെ യാനത്തില്‍ യാത്ര ചെയ്യുന്ന ദൈവങ്ങളോടൊപ്പം എന്ന ഗ്രൂപ്പ് വിഷയത്തില്‍ നാല്പതോളം അംഗങ്ങളുണ്ടായിരുന്നു. ഉദയനനെ കൂടാതെ ഇന്‍ഫോപാര്‍ക്കിലെ തന്നെ ഏതാനും പേരും രണ്ട് വിദേശ മലയാളികളും കഥാകൃത്തുക്കളും കവികളുമടങ്ങുന്ന ഗ്രൂപ്പിലേക്ക് അജ്ഞാതന്‍ എങ്ങനെ കടന്നുവന്നുവെന്നന്വേഷിച്ചെങ്കിലും സ്ഥിതീകരണമൊന്നും കിട്ടിയില്ല. ഡബിള്‍ ത്രീയില്‍ അവസാനിക്കുന്ന നമ്പരിലേക്ക് വിളിച്ചപ്പോഴൊക്കെ അപശബ്ദത്തോടെ ഫോണ്‍ ഹാങ്ങാവുകയായിരുന്നു പതിവ്. അങ്ങനെ വിളിക്കുമ്പോഴൊക്കെ അജ്ഞാതമായ ഒരു സ്ഥലനാമവും അവിടെയുള്ള റിസോര്‍ട്ടിനെപ്പറ്റിയും തമിഴ് കലര്‍ന്ന മലയാളത്തില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.  കേട്ടറിവില്ലാത്ത ആ ഭൂപ്രദേശവും അജ്ഞാതനായ റിസോര്‍ട്ടുടമയുടെ മുഖവും ഉദയനന്റെ മനസ്സില്‍ നീര്‍നായപോലെ കടിച്ചുതൂങ്ങി. എറുമ്പുകളുടെ യാനത്തില്‍ സജീവമായിരുന്ന ലോകേശനോട് മാത്രം ഓര്‍ക്കാപ്പുറത്ത് ഈ രഹസ്യം പറയുമ്പോള്‍ അജ്ഞാതനെ തേടിപ്പിടിക്കാനും റിസോര്‍ട്ടിലേക്കുള്ള റൂട്ട് കണ്ടുപിടിക്കാനുമാണ് ഉപദേശിച്ചത്. യാനത്തില്‍നിന്ന് ദൈവങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷമായെന്ന വാട്ട്സാപ്പ് മെസ്സേജിന് പിന്നാലെ അജ്ഞാതന്‍ കുറേക്കൂടി വാചാലനായി. ദൈവങ്ങള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയുമായി അയാള്‍ പ്രത്യക്ഷപ്പെട്ടു. മനുഷ്യന്റെ എല്ലാ വിചിത്ര സൃഷ്ടിക്കും അന്ത്യമുണ്ടാകുന്ന കാലത്രയത്തിന്റെ മദ്ധ്യത്തിലാണ് നമ്മള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സാധുക്കളായിരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ സംപൂജ്യരായിരുന്ന ദൈവങ്ങള്‍ പിന്നീട്  മതീകരിക്കപ്പെടുകയും പാപപുണ്യങ്ങളുടെ പരിപ്രേക്ഷ്യരാവുകയും ചെയ്തു. തീര്‍ത്ഥവും തിളച്ചപാലും വീഞ്ഞും കൊടുത്ത് അവര്‍ ചവച്ചുതുപ്പിയ ഭാഷ്യങ്ങളും വചനങ്ങളും കൊണ്ട് ഭൂമിക്ക് മീതെ കൊല്‍ക്കോലങ്ങള്‍ കെട്ടിപ്പൊക്കി. ദൈവങ്ങളുടെ സാക്ഷ്യത്തില്‍ മൃതശയനം ചെയ്യുന്ന മനുഷ്യരുടെ സിരകളില്‍ ചാരം മൂടപ്പെട്ടു. അനാദിയായ കാലത്തിന്റെ പരിദാനം കണ്ടുകൊണ്ടും പിറവിയെ ശപിച്ചുകൊണ്ടും ദൈവങ്ങള്‍ ഈ ചത്രപഥത്തിലൂടെ നടന്ന് നീങ്ങിക്കോട്ടെ.......

ദൈര്‍ഘ്യം കുറഞ്ഞ രാത്രിയായിരുന്നു. കിടപ്പുമുറിയിലെ തുറന്നുകിടന്ന വാതായനത്തിലൂടെ, വറുതി ക്കൊലുസ്സണിഞ്ഞ ഇരുട്ടിന്റെ സ്വരൂപങ്ങള്‍ കടന്നുവന്ന് ഉദയനന്റെ കിടക്കയുടെ ചുറ്റും നിശ്ചലമായി നിലയുറപ്പിച്ചു. കിടക്കയില്‍ തുറന്നുവച്ച ലാപ്ടോപ്പിനോടൊപ്പം മെസ്സേജുകള്‍ നിറഞ്ഞുകവിയുന്ന മൊബൈലും കിടന്നിരുന്നു. ഉദയനന്‍ ഗൂഗിളില്‍ കയറി ഡബിള്‍ത്രീയില്‍ അവസാനിക്കുന്ന അജ്ഞാത നമ്പര്‍ ഒന്നുകൂടി ടൈപ്പ് ചെയ്തുനോക്കി. ഫലം പഴയതുതന്നെയായിരുന്നു. അടിമാലിയിലെ ക്ഷുരകന്‍ വേലുച്ചാമിയുടെ പേര് സ്‌ക്രീനില്‍ തെളിഞ്ഞു. വേലുച്ചാമിയെ പലയാവര്‍ത്തി വിളിച്ചപ്പോഴൊക്കെ അയാള്‍ക്ക് വാട്ട്സാപ്പ് നമ്പരില്ലെന്നും അങ്ങനെയൊരു റിസോര്‍ട്ടിനെക്കുറിച്ചറിയില്ലെന്നും ക്ഷോഭത്തോടെ പറഞ്ഞിരുന്നത് ഉദയനന്‍ ഓര്‍ത്തു. ഇന്ത്യന്‍ ദാരിദ്ര്യത്തിന്റെ മറ്റൊരു പ്രതീകമാണ് വേലുച്ചാമിയെന്ന് ശബ്ദത്തിലൂടെ ഉദയനന് മനസ്സിലായി. മുറിയിലെ വെളിച്ചം കെടുത്താതെ അല്പനേരം കിടക്കയില്‍ കമഴ്ന്ന് കിടന്നപ്പോള്‍,  ലോഹത്തകിടുകളും നിറത്തോക്കുകളും കുത്തിനിറച്ച ഒരു പട്ടാള ട്രക്ക് നഗരവീഥിയിലൂടെ നീങ്ങുന്ന സ്വപ്നം അയാളില്‍ വിചിത്രങ്ങളായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഏതാനും ഭടന്മാര്‍ നിറത്തോക്കു ചൂണ്ടി ഫ്‌ലാറ്റിനു മുന്നില്‍ അണിനിരക്കുന്നതും പുറത്തേക്കിറങ്ങിയ ഫ്‌ലാറ്റുവാസികള്‍ മരിച്ചുവീഴുന്നതും അയാള്‍ കണ്ടു.
ഞെട്ടലോടെ ഉറക്കമുണരുമ്പോള്‍ വെടിയൊച്ചകള്‍ നിലച്ചിരുന്നു. പുലര്‍ച്ച വ്യവഹരിക്കപ്പെട്ടിരുന്നു. ലാപ് മടക്കിവെച്ച് വിളക്കുകള്‍ കെടുത്തി അയാള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിനിന്ന് നീണ്ട ഒരു കോട്ടുവായിട്ടു. അനന്തരം മതിലരികിലെ കുടപ്പനയുടെ ചുവട്ടില്‍ മൂത്രം നിക്ഷേപിച്ച് ചുറ്റിനും കണ്ണോടിച്ചു. ഇല്ല. ആരും കാണുന്നില്ല. കാവല്‍പ്പുര ശാന്തമായ ഉറക്കത്തിലാണ്. സമാധാനത്തോടെ പിന്‍തിരിയുമ്പോള്‍, തൊട്ടുപിന്നില്‍ തലകുനിച്ച് നിശ്ചലം നില്‍ക്കുന്ന പശുക്കിടാവിനെയാണ് കണ്ടത്. വയറൊട്ടിയ ആ സാധുജീവിയുടെ നിയോഗം നിജപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ കാവല്‍പ്പുരയില്‍നിന്ന് ഒരുവന്‍ ഓടിവന്ന് അവറ്റയെ പുറത്തേക്ക് ഉന്തിക്കൊണ്ടുപോയി. പോകുന്നതിനിടയില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു. വല്ലാത്ത നാറ്റം മൂത്രമൊഴിച്ചുകാണും. പശുക്കിടാവ് പോയവഴിയിലൂടെ വെളിച്ചം അപ്പോഴേക്കും ഗേറ്റിനുള്ളിലേക്ക് ചാലു കീറിയിരുന്നു. ഫ്‌ലാറ്റിന്റെ പറ്റെപ്പോകുന്ന വീതികുറഞ്ഞ കനാലിലൂടെ പതിവ് തെറ്റിക്കാതെ അന്നും തന്റെ ചെറുവള്ളം തുഴഞ്ഞ് മൂസ്സക്കുഞ്ഞി വരുന്നുണ്ടായിരുന്നു. പുലര്‍ച്ചയിലെ സ്ഥിരം കാഴ്ചയായിരുന്നു അത്. മൂസ്സക്കുഞ്ഞിയുടെ ചെടപിടിച്ച താടിയും മുടിയും കനാല്‍ജലം പോലെ കറുത്തിരുന്നു. ഉദയനന്‍ ചോദിച്ചു.
''ഇന്നെവിടേക്കാ മൂസക്കുഞ്ഞി?''
''ജോര്‍ദ്ദാനിലേക്കാ - മോസസ്സിന്റെ മരണക്കുഴിയൊന്നു കാണണം.''
''എപ്പോള്‍ മടങ്ങും?''
ആകാശത്തേക്ക് തലയുയര്‍ത്തി, നോക്കി അയാള്‍ പറഞ്ഞു. ''ആള്‍ക്കൂട്ടക്കൊലയില്ലെങ്കില്‍ വൈകിട്ട് മടങ്ങും.'' മൂസ്സക്കുഞ്ഞിയോടൊപ്പം അയാളുടെ ശബ്ദവും കനാലില്‍ ലയിച്ചു. ഉദയനന്‍ ബര്‍മൂഡയുടെ കീശയില്‍നിന്ന് മൊബൈലെടുത്ത് അവസാനം വന്ന സന്ദേശം ഒന്നുകൂടി വായിച്ചു. ഇന്നത്തെ അവധിദിവസം നിങ്ങള്‍ക്ക് എന്റെ റിസോര്‍ട്ടിലേക്ക് വരാം. കൊച്ചിയില്‍നിന്ന് വെറും ഇരുനൂറ്റി എഴുപത്തിമൂന്ന് കിലോമീറ്റര്‍ ദൂരം വരും. കരടിക്കുടിയിലെ ബണ്ടാരിയമ്മന്‍ കോവിലിനു മുന്നിലെത്തി, എന്നെ വിളിക്കുക. അപ്പോള്‍ മാത്രം ഞാന്‍ ഫോണ്‍ അറ്റന്റ് ചെയ്യും.

ആകാശത്ത് അപ്പോള്‍ അതിദാരുണമായി മൗനം പൊട്ടിച്ചിതറി. കരുതിവെയ്ക്കാതിരുന്ന ചെറുചിരിയോടെ ഉദയനന്‍ ഫ്‌ലാറ്റിനുള്ളില്‍ കടന്ന് വാതില്‍ ചാരി. മൂസ്സക്കുഞ്ഞി ഇന്ന് എവിടേക്കാവും പോവുക എന്ന അനുമാനം ബാക്കിനിര്‍ത്തി, മൊബൈലില്‍ അപ്പോള്‍ വന്ന  സന്ദേശം അയാള്‍ കണ്ണുകളില്‍ പകര്‍ത്തി. ശീതീകരിക്കപ്പെട്ട ഒരു പെണ്‍പദം മൊബൈലില്‍ നിന്നിറങ്ങിവന്ന് അയാളുടെ കഴുത്തുചുറ്റി, കവിളില്‍ തുരുതുരാ തൊട്ടു. 
മുറിയിലെ ലൈറ്റുകള്‍ തെളിച്ച്, ഡേവിഡ് കണ്ണുതിരുമ്മിക്കൊണ്ട് ചോദിച്ചു. ''നീയിന്നലെയുറങ്ങിയില്ലേ?'' ''വാട്ട്സാപ്പ് തീറ്റയായിരുന്നോ?''
''പോയി കട്ടനുണ്ടാക്ക്. നേരം പുലര്‍ന്നു.''
ഡേവിഡ് അടുക്കളയില്‍ കയറി വാട്ടര്‍ പ്യൂരിഫയറിന്റെ സ്വിച്ചമര്‍ത്തി.
''ഇന്നവധിയല്ലേ,  എനി പ്രോഗ്രാം?'' ഡേവിഡ് ചോദിച്ചു.
''ഒരു യാത്രയുണ്ട്. നീ തയ്യാറായിക്കോ?''
''എവിടേക്ക്?''
''ഒരു റിസോര്‍ട്ടിലേക്കാടാ... കുറച്ചുനാളായി ഒരജ്ഞാതന്‍ ക്ഷണിക്കുന്നു. എല്ലാം ഫ്രീ. ഫുഡ്, അക്കോമഡേഷന്‍, ബിവറേജസ്, സ്വിമ്മിങ്ങ്... എല്ലാം.''
''ഏതു പൊട്ടനാ... ആ... അജ്ഞാതന്‍?''
''ഏതോ ഒരാള്‍?''
''എവിടെയാ സ്ഥലം?''
''സത്യമംഗലം വനത്തിനടുത്ത്. കാന്തപുരി.''
ചായ മോന്തിക്കുടിച്ച്, മറുകൈയില്‍ ഉദയനുള്ള കപ്പുമായി ഡേവിഡ് മുറിയിലേക്കു വന്നു.
''അതങ്ങ് തമിഴ്നാട്ടിലല്ലേ?''
''അതെ. ഞാന്‍ ഗൂഗിള്‍ മാപ്പെടുത്തിട്ടുണ്ട്.''
''റിസോര്‍ട്ടിന്റെ പേരെന്നാ?''
''റിസോര്‍ട്ട്... അതു താന്‍ പേര്.''
''എന്നാല്‍പ്പിന്നെ ഉജ്ജയനിലേക്ക് വിടടാ.. അവിടെയാകുമ്പോള്‍...''
''അതിന് വള്‍ക്കന്‍ ക്രൂസര്‍ പോരാ. ക്യൂ സെവന്‍ ഓഡിതന്നെ വേണം.'' 
ഡേവിഡിന്റെ കണ്ണുകള്‍ അപ്പോള്‍ ചിത്രശലഭത്തിന്റെ ചിറകുകള്‍പോലെ പടപടാ തുറന്നടഞ്ഞു.


ഡേവിഡ് വേഷം മാറി വന്നപ്പോള്‍ ഉദയനന്‍ സിറ്റൗട്ടിലിരുന്ന് ഹാച്ച്ബാക്കില്‍ തുണികള്‍ തിരുകിക്കയറ്റുകയായിരുന്നു. ചാരനിറമുള്ള കോട്ടണ്‍ കാലുറയും കഴുത്തിറുകിയ കറുത്ത ടീ ഷര്‍ട്ടുമായിരുന്നു വേഷം. ഡേവിഡും ഹാച്ച് ബാക്ക് കരുതിയിരുന്നു. തുണികള്‍ കൂടാതെ രണ്ട് കുപ്പി വോഡ്ക കൂടി അയാള്‍ ബാഗില്‍ തിരുകി. പാര്‍ക്കിങ്ങില്‍നിന്ന് വള്‍ക്കന്‍ സ്റ്റാര്‍ട്ടാക്കി, കാവല്‍പ്പുരയിലെത്തി, ഫ്‌ലാറ്റിന്റെ ചാവി, ബോര്‍ഡില്‍ തൂക്കുമ്പോള്‍ കാവല്‍ക്കാരന്‍ ചോദിച്ചു:
''എവിടേക്കാ രണ്ടാളും. ഇത്ര രാവിലെ?''
''മൈസൂര്‍ കൊട്ടാരത്തിലേക്കാ... ടിപ്പുവിനെ ഒന്നു കാണണം.'' ഉദയനന്‍ പറഞ്ഞു.
കാവല്‍ക്കാരന്‍ അതിഷ്ടപ്പെടാതെ, അവരെ തുറിച്ചുനോക്കികൊണ്ട്, ഗേറ്റടക്കാന്‍ തിരക്കുകൂട്ടി.
അവര്‍ക്ക് പിന്നില്‍ ഗ്രീന്‍ഫീല്‍ഡ് അപ്പാര്‍ട്ട്മെന്റ് മറഞ്ഞു.
പിറകിലിരുന്ന് ഡേവിഡ് പറഞ്ഞു: ''ജാക്കറ്റ് എടുക്കാന്‍ മറന്നു.''
''എന്തിനാടാ... ജാക്കറ്റ്... കുടവയര്‍ മറയ്ക്കാനാണോ?''
''കല്യാണത്തിന് മുന്‍പ് ഞാനും നിന്നെപ്പോലെ സിസ്സ്പാക്കായിരുന്നു.''
ഉദയനന്‍ ഒന്നും പറഞ്ഞില്ല. ഹെല്‍മെറ്റ് തലയില്‍ കമഴ്ത്തിയാല്‍ അയാള്‍ അധികം സംസാരിക്കാറില്ലായിരുന്നു. നഗരം പിന്നിട്ട് വള്‍ക്കന്‍ ഹൈവേയിലിറങ്ങി. ഞായറാഴ്ചയായിരുന്നതുകൊണ്ട് വഴിയില്‍ തിരക്കു കുറവായിരുന്നു. തൃശൂര്‍ ബൈപ്പാസ് പിന്നിട്ടപ്പോള്‍ ഡേവിഡ് പറഞ്ഞു:  
''വല്ലാതെ പശിക്കുന്നു. ഏതെങ്കിലും ഹോട്ടല്‍...''
''ഉഡുപ്പിയോ അന്നപൂര്‍ണ്ണയോ?''
''അതൊന്നും ഹൈവേയിലില്ല. ഇന്‍ഡ്യന്‍ കോഫീഹൗസ് നോക്ക്.'' ഡേവിഡ് പറഞ്ഞു.
''കോഫീഹൗസ് വേണ്ട. അവര്‍ നെയ്യ്റോസ്റ്റിനോടൊപ്പം വടകൂടി തീറ്റിക്കും.'' ഉദയനന്‍ പറഞ്ഞു.
''എന്നാല്‍ നിനക്കിഷ്ടമുള്ള ഏതെങ്കിലും പൊട്ടയില്‍.''
''ഓക്കെ. ഏതെങ്കിലും പൊട്ടയില്‍.''
ആലത്തൂര്‍ പിന്നിട്ടപ്പോള്‍ വഴിയോരത്ത് ഒരു പാര്‍ക്കിങ്ങ് ഗ്രൗണ്ടും അനേകം വാഹനങ്ങളും കണ്ടു. പിന്നില്‍ തീര്‍ത്തും കല്ലന്‍ മുളകള്‍കൊണ്ട് നിര്‍മ്മിച്ച ഹോട്ടലിന്റെ ബോര്‍ഡ് ഡേവിഡ് വായിച്ചു.
''കല്‍ക്കുറ'' - വീട്ടുരുചിയുടെ തറവാട്.
കണ്ടിട്ട് തരക്കേടില്ലെന്ന് തോന്നുന്നു. പ്രാതല്‍ മെനു നോക്കാം. ഡേവിഡ് പറഞ്ഞു. അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി ശരീരമൊന്നു കുടഞ്ഞ് അകത്തുകയറി, മെനു ചോദിച്ചപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന കഷണ്ടി ബാധിച്ച കറുത്ത ചെറുപ്പക്കാരന്‍, ഏഴുത്തോലയുടെ ഒരു കെട്ടെടുത്ത് ഡേവിഡിന് നീട്ടി. 
''ഇതെന്താണ്?'' ഡേവിഡ് ചോദിച്ചു.
''ഇതാണ് ഞങ്ങടെ മെനു. നാരായം കൊണ്ടെഴുതിയതാണ്. പ്രാതല്‍ മെനു ഡേവിഡ് വായിച്ചു. പുട്ട്, കടല, പപ്പടം, പുഴുങ്ങിയ മൊട്ട. കള്ളപ്പം, മുട്ട, കിഴങ്ങുകറി, ബീഫ് ഉലത്തിയത്.''
ഹോട്ടലില്‍ തിരക്കുണ്ടായിരുന്നെങ്കിലും കൗണ്ടറിലിരിക്കുന്ന ചെറുപ്പക്കാരന്‍ ശാന്തനും അല്പംപോലും തിടുക്കം കാണിക്കാത്തവനുമായിരുന്നു.
''താങ്കളുടേതാണോ കല്‍ക്കുറ?'' ഡേവിഡ് ചോദിച്ചു.
''അതെ. എന്റെ പേര് ഷാഹുല്‍. ഞാനൊരു ആക്റ്റിവിസ്റ്റാണ്. ഹോട്ടലിന്റെ മറ്റൊരു ദിശയിലേക്ക് ചൂണ്ടി അയാള്‍ പറഞ്ഞു. അതുകണ്ടോ. വായനശാലയാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവിടെയിരുന്ന് അതിഥികള്‍ക്ക് വായിക്കാം ഫ്രീയായി.''
''എന്തുതരം പുസ്തകങ്ങള്‍?''
''എല്ലാം. കഥ, നോവല്‍, കവിത, പുരാണങ്ങള്‍, രാമായണം, ബൈബിള്‍, ഖുറാന്‍.''
''ഏതായാലും പ്രാതല്‍ കഴിയട്ടെ.'' ഉദയനന്‍ പറഞ്ഞു.
''എന്തൊക്കെയാണ് വേണ്ടത്? ഞാന്‍ തന്നെ ഓര്‍ഡറെടുക്കാം.'' ഷാഹുല്‍ പറഞ്ഞു.
''പുട്ടും കടലയും പുഴങ്ങിയ മുട്ടയും. ഒക്കെ ജൈവമല്ലേ?''
''സംശയമെന്തിന്?'' കല്‍ക്കുറ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് ഇവിടെ സന്ദര്‍ശിക്കാതെ യാത്ര തുടരാനാവില്ല. എന്റെ ബീവി റസിയയാണ് കിച്ചന്‍ നോക്കുന്നത്. അവള്‍ എം.ഫില്‍ കഴിഞ്ഞെങ്കിലും നാടന്‍ പാചകത്തില്‍ പി.എച്ച്ഡിക്കുമപ്പുറത്താണ്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഡേവിഡ് ഉദയനന്റെ ചെവിയില്‍ പറഞ്ഞു: ''വേഗം കഴിച്ചോ ആള് കത്തിയാ.''    ''കത്തിയല്ലടാ, അറക്കവാളാ.'' പക്ഷേ, സംഭവം കൊള്ളാം. ഡേവിഡ് മൂന്നാമത്തെ മുട്ടക്ക് ഓര്‍ഡര്‍ കൊടുത്തു. പരിചാരകന് ബില്ലിന്റെ കൂടെ പത്തുരൂപ ടിപ്പു കൊടുത്ത് ഉദയനന്‍ കല്‍ക്കുറയിലെ ലൈബ്രറിയില്‍ കയറി പുസ്തകങ്ങള്‍ നോക്കി. ഷാഹുല്‍ അപ്പോള്‍ അവിടേക്കു വന്നു. 
''എന്തുതരം ആക്റ്റിവിസമാണ് ഷാഹുല്‍ ചെയ്യുന്നത്?'' ഡേവിഡ് ചോദിച്ചു.
''കേരളത്തിലോടുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സ്ഥലപ്പേര് പ്രിന്റു ചെയ്തുകൊടുക്കുന്നത് ഞാനാണ്. ചില ദിശകളിലേക്കുള്ള ബസുകളുടെ സഞ്ചാരവും സജസ്റ്റ് ചെയ്യുന്നുണ്ട്.'' അസമത്വം എവിടെ കണ്ടാലും സമരപ്പന്തലില്‍ ഞാനുണ്ടാകും. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് പിന്നാലെ എന്റെ കണ്ണുകള്‍ എപ്പോഴുമുണ്ട്.
''കൊള്ളാം.'' ഉദയനന്‍ പറഞ്ഞു.
''സാഹിത്യകാരന്മാരെ വിമര്‍ശിക്കുന്നതും എന്റെ ജോലിയാണ്. ഒരു പ്രസിദ്ധ സാഹിത്യകാരന്‍ യേശു തൂറുന്നതും ശൗചം ചെയ്യുന്നതും എഴുതിയത് വായിച്ച് ഞാനയാള്‍ക്ക് കത്തയച്ചിട്ടുണ്ട്. പ്രവാചകനോ, ശ്രീരാമനോ തൂറുന്നതിനെപ്പറ്റി എഴുതാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു ചോദ്യം.  മറുപടി വന്നില്ല. പ്രതീക്ഷിക്കുന്നുമില്ല.''
''നന്നായി. സാഹിത്യകാരന് കത്തുകണ്ട് തൂറാന്‍മുട്ടികാണും.'' ഡേവിഡ് പറഞ്ഞു.
''കളിയാക്കണ്ട. ഞാന്‍ സീരിയസാണ് സാറെ.''
''ഭക്ഷണം കൊള്ളാം. ഷാഹുലെ.. ഇനിയും ഇതുവഴി വരുമ്പോള്‍ കയറുന്നതായിരിക്കും.''
''തീര്‍ച്ചയായും വരണം. നിങ്ങള്‍ ഏതു നാട്ടുകാരാണ്?''
''കൊച്ചിയാ.''
''ഞാന്‍ പൂഞ്ഞാറുകാരനാ.''
''സൂക്ഷിക്കണം. കൈയില്‍ തോക്കുണ്ടോ?''
''തോക്കുമുണ്ട്, തോട്ടിയുമുണ്ട്.'' ഷാഹുല്‍ പറഞ്ഞു.
വള്‍ക്കന്‍, ഷാഹുലിനെ പിന്തള്ളി ഹൈവേയിലൂടെ ചീറി.
''ഓരോരോ അവതാരങ്ങള്‍, പിന്നിലിരുന്ന ഡേവിഡ് പറഞ്ഞു. ഉദയനന്റെ മൊബൈലില്‍ മെസ്സേജുകള്‍ നിറയുന്നുണ്ടായിരുന്നു. ഇടക്കിടെ മൊബൈല്‍ പോക്കറ്റില്‍ കിടന്ന് ത്രസിച്ചു. വഴിയരികിലെ പൊങ്ങല്യത്തിന്റെ ചുവട്ടില്‍ വള്‍ക്കന്‍ നിര്‍ത്തി. ഒരവസരത്തില്‍ ഉദയനന്‍ മൊബൈയിലിലെ മെസ്സേജുകളിലൂടെ കണ്ണോടിച്ചു. ഇടക്ക് ആതിരയുടെ മേസ്സേജും അയാള്‍ വായിച്ചു.
''ആതിര നാട്ടിലാണത്രെ.''
''എവിടെ രാമമംഗലത്താണോ?''
''അതെ.''
''അവളെന്താണ് പറയുന്നത്?''
''അടുക്കളയില്‍ പച്ചക്കറിയെന്താണ് വച്ചതെന്നാണ് ചോദ്യം.''
''സത്യമംഗലത്താണെന്ന് മറുപടി കൊടുക്ക്.''
''വേണ്ടടാ. പിന്നെ ഒരുപാടു ചോദ്യങ്ങള്‍ വരും. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.''
''അജ്ഞാതന്റെ സന്ദേശമുണ്ടോ?''
''ഉണ്ട്. കരടിക്കുടിയിലെത്തി മിസ്ഡ്കോള്‍ കൊടുക്കാനാണ് നിര്‍ദ്ദേശം.''
''കരടിക്കുടിയിലേക്കെത്ര ദൂരം?''
''അറുപത്തിയേഴ്.''
ഈ റോഡ് പിന്നിട്ട് സത്യമംഗലത്തേക്കുള്ള പാതയിലേക്ക് കടക്കുമ്പോള്‍ ഉച്ചസൂര്യന്‍ കടലുപോലെ തിളച്ചുമറിഞ്ഞു. എനിക്കൊന്നു മുള്ളണം. പിറകിലിരുന്ന് ഡേവിഡ് പറഞ്ഞു.  
മനുഷ്യവാസം കുറഞ്ഞ വിജനമായ പാതക്കരികില്‍ വണ്ടിയൊതുക്കിയപ്പോള്‍ ഡേവിഡ് ചാടിയിറങ്ങി ഹാച്ച്ബാക്ക് തുറന്ന് രണ്ട് കവിള്‍ വോഡ്ക അകത്താക്കി. എല്ലാ ക്ഷീണവും പോയി എന്നു പറഞ്ഞ് അയാള്‍ അവിടെത്തന്നെ നിന്ന് മൂത്രമൊഴിച്ചു. മടങ്ങിവന്ന് കുപ്പി നീട്ടിയെങ്കിലും ഉദയനന്‍ അതു നിരസിച്ചു. 
''നോ ഡ്രിങ്ക് വൈല്‍ ഡ്രൈവിങ്ങ്.'' ഉദയനന്‍ പറഞ്ഞു.
കരടിക്കുടി കഴിഞ്ഞപ്പോള്‍ അനൈക്കാട്ടി എന്ന പട്ടണം ഗൂഗിള്‍മാപ്പില്‍ തെളിഞ്ഞു. അനൈക്കാട്ടി കഴിഞ്ഞാല്‍ കാന്തപുരി. നമ്മളെത്താറായി.
''എനിക്കൊരു സംശയം ഉദയനാ.'' ഡേവിഡ് പറഞ്ഞു. ''ഇത്രദൂരം യാത്രചെയ്തു കാന്തപുരിയിലെ റിസോര്‍ട്ടിലെത്തിട്ട്  എന്തുചെയ്യാനാണ്?''
''യാത്ര ഒരു ത്രില്ലല്ലേടാ... അതുതാന്‍ മുഖ്യം.''
''എനിക്ക് തോന്നുന്നത് റിസോര്‍ട്ടില്‍ വല്ല കോപ്രായവും കാണുമെന്നാ...''
''എന്തു കോപ്രായം?''
''പെണ്ണും മയക്കുമരുന്നും.''
''കാണണം. കാട്ടിനുള്ളിലല്ലേ. അതും പ്രതീക്ഷിക്കാം.''
''അങ്ങനെയെങ്കില്‍ ഞാനില്ല. പെണ്‍വിഷയം എനിക്ക് പറ്റുന്നതല്ല.''
''എനിക്കും. ആതിരയറിഞ്ഞാല്‍ ബന്ധം അവസാനിക്കും.''
''അപ്പോള്‍ ആതിരയും നീയും തമ്മില്‍ എന്തോ ബന്ധമുണ്ട്.''
''അതുകൊണ്ടാണല്ലോ ദിവസം പലയാവര്‍ത്തി മെസ്സേജ് വിടുന്നത്.''
''അവളെങ്ങനെ സുന്ദരിയാണോ?''
ഉദയനന്‍ അതിനുത്തരം പറഞ്ഞില്ല. അനൈക്കാട്ടില്‍ വണ്ടിയെത്തിയിരുന്നു. അതൊരു ചെറിയ പട്ടണമായിരുന്നു. ധാരാളം കടകളും പാന്‍മസാല പീടികകളുമുള്ള തെരുവ്. ഭക്ഷണത്തിന് പറ്റിയ ഹോട്ടലു തേടി അവര്‍ നഗരം മുഴുവന്‍ ചുറ്റിത്തിരിഞ്ഞെങ്കിലും കാഴ്ചയില്‍ ഭംഗിയുള്ള ഹോട്ടലുകളൊന്നും കണ്ണില്‍പ്പെട്ടില്ല. തുറന്നുവച്ച ഫാസ്റ്റ്ഫുഡ് കടകളിലാകട്ടെ കാര്യമായൊന്നും, കഴിക്കാനുമില്ലായിരുന്നു.


''നമ്മുക്ക് കാന്തപുരിയിലേക്കു പോകാം. അയാളുടെ റിസോര്‍ട്ടില്‍ എന്തെങ്കിലും ഭക്ഷണമുണ്ടാകാതിരിക്കില്ല. കാന്തപുരിയില്‍ അങ്ങനെ ഒരു റിസോര്‍ട്ടില്ലെങ്കില്‍ നമ്മളെന്തു ചെയ്യും?'' ഡേവിഡ് ചോദിച്ചു. 
''നീ പോസിറ്റീവായി ചിന്തിക്ക്. ഇത്രദൂരം യാത്രചെയ്ത് അപശബ്ദം വിളമ്പാതെ.''
''ഞാന്‍ ഇനി ശബ്ദിക്കുന്നില്ല. നീ കാന്തപുരിയിലെ ബണ്ടാരിയമ്മന്‍ കോവിലിലേക്ക് വണ്ടിവിട്.''
ധാരാളം ടൂറിസ്റ്റ് വാഹനങ്ങള്‍ ക്ഷേത്രത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഉയര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രഗോപുരത്തിന് മുകളില്‍ വ്യാളിയുടെ ശില്പം കാണാമായിരുന്നു. ഉദയനന്‍ ഫോണില്‍ വാട്ട്സാപ്പ് നമ്പറെടുത്ത് ഒരു കാള്‍ കൊടുത്തു. അങ്ങേത്തലക്കല്‍ പാറ പിളരുംപോലൊരു ശബ്ദം ഉദയനന്റെ ചെവിതുളച്ചു.
''നീങ്കളാര്?''
''ഞാന്‍ ഉദയനന്‍. ശൊന്നമാതിരി കേരളാവില്‍ നിന്ന് വന്തിരിക്കെ.''
''കൊഞ്ചനേരം അവിടെ വെയിറ്റ് പണ്ണുങ്കോ. നാന്‍ വരേന്‍.''
ഡേവിഡ് ബാഗ് തുറന്ന് ഒരു കവിള്‍ കൂടി വോഡ്ക്ക അകത്താക്കി. 
യാത്രയുടെ അവസാന പാദത്തിലെത്തിയിരിക്കുന്നു. അപരിചിതമായ പ്രദേശം. അപരിചിതരായ മനുഷ്യര്‍. ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലാത്ത റിസോര്‍ട്ടുടമ.
''നിനക്കയാളുടെ പേരു ചോദിക്കാമായിരുന്നു.'' ഡേവിഡ് പറഞ്ഞു.
''അതു ഞാന്‍ മറന്നു. സാരമില്ല. അയാള്‍ വരട്ടെ.''
അടുത്ത നിമിഷം ഉദയനന്റെ മൊബൈല്‍ ശബ്ദിച്ചു. പാറപൊട്ടുന്ന ശബ്ദം വീണ്ടും.
''അടയാളം ശൊല്ലുങ്കോ.  എന്ന വണ്ടിയില്‍ വന്തിരിക്കാറ്''
''വള്‍ക്കന്‍ ക്രൂസര്‍. പച്ചനിറം.''
''ഉങ്കളുടെ വേഷമെന്താച്ചി?''
''ഗ്രേ പാന്റും ബ്ലാക്ക് ടീ ഷര്‍ട്ടും.''
''ഓക്കെ. ഇപ്പത്താന്‍ വരേന്‍.''
പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍, നാല്‍ക്കവലയിലൂടെ നാലുദിശകളില്‍ നിന്നായി കറുത്ത നിറമുള്ള ജീപ്പുകള്‍ അവര്‍ നിന്നിടത്തേക്ക് പാഞ്ഞുവന്നു. എല്ലാ ജീപ്പിലും മല്ലന്മാരെപ്പോലെ തോന്നിക്കുന്ന മൂന്നു കറുമ്പന്മാരുണ്ടായിരുന്നു. അവര്‍ അടുത്തു വന്നു ചോദിച്ചു:
''ഉദയനന്‍ യാര്?''
''നാന്‍ താന്‍.'' ഉദയനന്‍ പറഞ്ഞു.
''ഇവനാര്?'' അടുത്ത ചോദ്യം.
''എന്‍ ഫ്രണ്ട്- ഡേവിഡ്.''
''അന്ത ഇടത്തിലേക്ക് ഒരാള്‍ക്കുതാന്‍ പ്രവേശനം. ഫ്രണ്ട് വരക്കൂടാതെ. പക്കത്തില് ലോഡ്ജിറുക്ക്. വണ്ടിയും അങ്കത്താനിറിക്കും.''
''അതുശരിയാവത്തില്ല. എന്റെ ഫ്രണ്ടില്ലെങ്കില്‍ ഞാനുമില്ല. വണ്ടിയും കൂടെത്താന്‍ വേണം.''
''ശാഠ്യം വേണ്ട തമ്പി. ഇത് കാന്തപുരി. ഇവിടെ പെരിയോര്‍ താന്‍ മുഖ്യന്‍.''
''ആരാണ് പെരിയോര്‍?'' ഉദയനന്‍ ചോദിച്ചു.
''ഉങ്കളെ കൂപ്പിട്ട ആളുതാന്‍. പേര് ചണ്ഡമഹാസേനന്‍. തലൈവര്‍.''
''തമ്പി വന്ന് ജീപ്പിലുക്കാറുങ്കോ. കാന്തപുരിക്ക്താന്‍ പോകവേണ്ടത്.''
''ഇല്ലൈ. ഞങ്ങള്‍ മടങ്ങിപ്പോകുന്നു''- ഉദയനന്‍ പറഞ്ഞു.
''എപ്പടിപ്പോകും. വണ്ടിയുടെ മുന്നില്‍ വട്ടം കയറിനിന്ന് ഒരു കറുമ്പന്‍ കല്പിച്ചു. ശൊന്നത് കേള്.''
ഡേവിഡിന് ലേശം ഭയം തോന്നാതിരുന്നില്ല. അയാള്‍ പറഞ്ഞു: ''അനുസരിക്കുന്നതാ ബുദ്ധി. ഇവന്മാര്‍ ഗുണ്ടകളാ. ഞാന്‍ വണ്ടിയുമായി ലോഡ്ജിലിരിക്കാം. നീ പോയിട്ടുവാ.''
''എവിടെയാ റിസോര്‍ട്ട്?'' ഉദയനന്‍ ചോദിച്ചു.
''റിസോര്‍ട്ടും മറ്റുമല്ലൈ. കൊട്ടാരം താന്‍. ചണ്ഡമഹാസേനന്റെ കൊട്ടാരം.''
''അവിടേക്കെന്തിനു ഞാന്‍ വരണം.''
''അതൊക്കെ തലൈവര്‍ ശൊല്ലുവാറ്. ജീപ്പില്‍ കേറ് എന്ന് പറഞ്ഞ് രണ്ട് മല്ലന്‍ന്മാര്‍ ഉദയനനെ ബലമായി പിടിച്ച് ജീപ്പിനകത്തേക്കു തള്ളി. ഡേവിഡിനേയും കൂട്ടി ബൈക്കുമായി മറ്റ് രണ്ട് മല്ലന്മാര്‍ ലോഡ്ജിലേക്കും തിരിച്ചു.''
കുറച്ചു ദൂരമോടി ജീപ്പ്, ഒരു കൊട്ടാരത്തിന്റെ കവാത്തുപുര കടന്ന് നിന്നു. മല്ലനിറങ്ങി ഉദയനനോട് താഴെയിറങ്ങാനാവശ്യപ്പെട്ടു. സിരകളില്‍ പടര്‍ന്നിറങ്ങിയ ഭയം, അയാളുടെ ഉടലിനെ മരവിപ്പിച്ചിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനപോലെ നിമിത്തങ്ങളുടെ ഘോഷയാത്ര.
രണ്ട് നിലകളിലായി പരന്നുകിടക്കുന്ന കൊട്ടാരത്തിന് നിരവധി കമാനങ്ങളുള്ളത് അയാള്‍ ശ്രദ്ധിച്ചു. ഇരുട്ട് വീണ കൊട്ടാരത്തിന്റെ പൂമുഖത്ത് ആരും അയാളെ കാത്തുനിന്നില്ല. വനഭൂമികയിലെ വിസ്മയക്കാഴ്ചയില്‍ മതിഭ്രമിച്ച് അയാള്‍ അവിടെ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ആഴമളക്കാന്‍ ശ്രമിച്ചു. കാന്തപുരിയിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്‌തെത്തിയ തനിക്കു മുന്നില്‍ ഒരു കൊട്ടാരം ചില്ലവിരിച്ചുനില്‍ക്കുന്നു. പൂമുഖത്ത് ദര്‍ബാറിനെ അനുസ്മരിപ്പിക്കുന്ന പട്ടുവിരിച്ച ഇരിപ്പിടങ്ങളും പുലിത്തോലു പതിച്ച മരച്ചുമരുകളും പിത്തള പാകിയ മച്ചും കുടമണികളും...
''എവിടെ നിങ്ങളുടെ തലൈവര്‍?'' ഉദയനന്‍ ചോദിച്ചു.
''കവലപ്പെടാതെ തമ്പീ എന്ന് പറഞ്ഞുകൊണ്ട് ഒരു മല്ലന്‍ മുന്നില്‍ നടന്ന് ഉദയനനോട് പിന്‍പറ്റി നടക്കാനാവശ്യപ്പെട്ടു. നീണ്ടതും ഇരുട്ട് വിഴുങ്ങിയതുമായ ഇടനാഴിയിലേക്ക് അവര്‍ പ്രവേശിച്ചു.''

അത്ഭുതങ്ങളുടെ മായക്കാഴ്ചകളായിരുന്നു എവിടെയും. കല്‍ത്തൂണുകള്‍ നിരനിരയായി നില്‍ക്കുന്നു. ഇടനാഴിയുടെ മേല്‍ക്കൂരയില്‍ ചിത്രപ്പണിചെയ്ത ചില്ലുകള്‍ പാകിയിരുന്നു. ഇടയ്ക്കിടെ ഗ്ലാസ്സിലൂടെ സൂര്യപ്രകാശം പൂച്ചയെപ്പോലെ അകത്തേക്കു തലനീട്ടി. ഏറെദൂരം നടന്ന് ഒരു വലിയ പിത്തളവാതിലിനു മുന്നില്‍ മല്ലന്മാര്‍ അയാളെ എത്തിച്ചു. അനന്തരം വാതിലില്‍ മൂന്നാവര്‍ത്തി മുട്ടി ഉദയനനെ അവിടെ ഉപേക്ഷിച്ച് മല്ലന്മാര്‍ പിന്‍തിരിഞ്ഞു നടന്നു. ഒന്നും മനസ്സിലാകാതെ അയാള്‍ ആ മങ്ങിയ വെളിച്ചത്തില്‍ ഒറ്റപ്പെട്ടു. ചണ്ഡന്റെ കൊത്തളത്തിലേക്കുള്ള വാതിലായിരിക്കുമെന്ന നിഗമനത്തിലെത്തി നില്‍ക്കവെ, ഒരു കരച്ചിലോടെ വാതില്‍പ്പാളി മലര്‍ക്കെ തുറന്നു. അകത്ത് നിലാവുദിക്കുന്നതുപോലെ വെളിച്ചം പ്രകടമായി. അകത്തേക്കു വരൂ എന്ന പെണ്‍ശബ്ദം, അയാളുടെ കൈപിടിച്ച്, ആ വലിയ മുറിയിലേക്ക് നടത്തിച്ചു. അകലെ ഒരു പട്ടുതല്പം ദൃശ്യമായി. മുറിയില്‍ അവാച്യമായ കൈലാസഗന്ധം നിറഞ്ഞ് തരളിതമായി. ക്ഷേത്രശില്പങ്ങള്‍ കൊത്തിയ ചുമരുകളും മച്ചും മുറിക്കുള്ളിലെ വിജനമായ നിശ്ശബ്ദതയും അയാളെ അമ്പരപ്പിച്ചു. ഭൂമിയില്‍നിന്ന് വേര്‍പെട്ടുപോയ ഏതോ ഗ്രഹത്തിലകപ്പെട്ടതുപോലെ  അയാള്‍ നിന്നു കിതച്ചു. കൊച്ചിയെന്ന സങ്കേതവും ഇന്‍ഫോപാര്‍ക്കിലെ അയാളുടെ ഓഫീസും ആതിരയുടെ മുഖവും ഇടക്കിടെ ഓര്‍മ്മയിലൂടെ മിന്നിമറഞ്ഞു. താനോടിച്ചുവന്ന വള്‍ക്കന്‍ ക്രൂസറും സുഹൃത്ത് ഡേവിഡിനേയും അയാളോര്‍ത്തു. ജീന്‍സിന്റെ കീശയില്‍നിന്ന് ഫോണെടുത്ത് ഡേവിഡിനെ വിളിക്കാന്‍ നോക്കിയെങ്കിലും ഫോണ്‍ റേഞ്ചിനു പുറത്തായിരുന്നു. 

പട്ടുതല്പത്തില്‍ ചാരിവച്ച രണ്ട് വിപഞ്ചികകള്‍ ഉദയനന്‍ പ്രത്യേകം ശ്രദ്ധിച്ചു. അന്തപ്പുരത്തിലെ വിസ്മയങ്ങള്‍ കണ്ണുകളില്‍ പകര്‍ത്തിക്കൊണ്ടിരിക്കെ ഉദയനാ എന്ന നേര്‍ത്ത വിളിയോടെ ഒരു ദേവാംഗന മറ്റൊരു മുറി തുറന്ന് വന്ന് അയാളെ പട്ടുതല്പത്തിലിരിക്കാന്‍ ക്ഷണിച്ച് മന്ദസ്മിതത്തോടെ, അയാളുടെ ചലനങ്ങളെ ആവാഹിച്ചു. നീലാംബരിയുടെ നിറമുള്ള ചുരിദാറും വജ്രം പതിപ്പിച്ച ദുപ്പട്ടയുമായിരുന്നു സ്ത്രീയുടെ വേഷം. അവളുടെ വരവോടെ, വെളിച്ചം ജ്വാലയായി രൂപാന്തരപ്പെട്ട് ഒരു പക്ഷിയെപ്പോലെ ആ വലിയ മുറിയില്‍ പറക്കാന്‍ തുടങ്ങി. റോസാദളത്തിന്റെ നിറമുള്ള അങ്ങനെയൊരു പെണ്‍മുഖം കൊട്ടാരത്തിന്റെ വിശാലമായ അറയില്‍ എങ്ങനെ വന്നുവെന്ന ജിജ്ഞാസയിലും സംശയത്തിലും വിറപൂണ്ടുനില്‍ക്കെ ഇരിക്കൂ ഉദയനാ എന്ന് പറഞ്ഞുകൊണ്ട് അവള്‍ അയാളെ പട്ടുതല്പത്തിലേക്ക് നയിച്ചു.
''ഉദയനന്‍ ഭയന്നുവോ?'' എന്ന ചോദ്യം അതുവരെ കെട്ടിനിന്ന വിഭ്രാന്തിയില്‍നിന്ന് അയാളെ സ്വയം മോചിപ്പിച്ചു.


''ഭവതി ആരാണ്?'' ഉദയനന്‍ ചോദിച്ചു.
''എന്നെ മനസ്സിലായില്ലേ? ഇടയ്ക്കിടെ ഉദയനന്റെ ഫോണിലേക്ക് സന്ദേശമയക്കുന്ന ചണ്ഡന്‍ കോണ്‍ട്രാക്റ്ററുടെ മകള്‍ വാസവദത്ത.''
''ഭവതി എന്നെ എങ്ങനെ അറിയും?''
''ഉദയനനെപ്പറ്റി എല്ലാം അറിയാം. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ഭേദപ്പെട്ട ജോലി. ഇരുപത്തിയെട്ട് വയസ്സ്. മദ്യപിക്കില്ല. സിഗരറ്റ് പുകക്കില്ല. ഗിത്താറുമായി അനുരാഗം. വള്‍ക്കന്‍ ക്രൂസറാണ് പ്രിയം. ഞാന്‍ സ്വപ്നത്തില്‍ കണ്ട രൂപം. നിറം, മുഖം, മുടി ഒക്കെയും എന്നേ എന്റെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നതാണ്.''
''എവിടെയാണ് ചണ്ഡമഹാസേനന്‍. എന്നെ ഇവിടേക്ക് ക്ഷണിച്ച ആള്‍?''
''ഡാഡി തിരക്കിലാണ് ഉദയനാ. വേട്ടപ്പട്ടികള്‍ക്ക് തീറ്റ കൊടുക്കുകയാവും. അല്ലെങ്കില്‍ കുതിരാലയത്തില്‍ കാണും.''
''ഏതോ റിസോര്‍ട്ടിലേക്കായിരുന്നു ക്ഷണം. ഞാനും സുഹൃത്ത് ഡേവിഡുമൊത്ത് അതിരാവിലെ യാത്രതിരിച്ചതാണ്. ഒന്നും കഴിച്ചില്ല.''
പൊടുന്നനെ രണ്ട് ഗ്ലാസ്സുകളില്‍ പഴച്ചാറും പ്ലേറ്റില്‍ ആപ്പിള്‍ കഷണങ്ങളുമായി ഒരു പരിചാരിക പ്രത്യക്ഷപ്പെട്ടു. ''ഈ പഴച്ചാര്‍ കഴിക്കൂ. ക്ഷീണം മാറട്ടെ.''
''പക്ഷേ, ഡേവിഡ്.''
''അയാളവിടെ മാനിറച്ചിയും റൊട്ടിയും കഴിക്കുന്നു. കറുമ്പന്‍ എന്നെ വിളിച്ചിരുന്നു.''
പഴച്ചാറു കഴിച്ച് പാത്രം മടക്കിക്കൊടുത്തുകൊണ്ട് ഉദയനന്‍ ആപ്പിള്‍ കഷണം സ്റ്റിക്കില്‍ കുത്തി വായിലേക്കിട്ടു. 
''എന്റെ തോട്ടത്തിലെ ആപ്പിളാ. മുഴുവന്‍ കഴിക്കണം. ക്ഷീണം മാറട്ടെ.'' വാസവദത്ത പറഞ്ഞു.
''അച്ഛനെന്താണ് ജോലി?''
''അച്ഛനെ പെരിയോര്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. സത്യമംഗലം വനം മുഴുവന്‍ അച്ഛന്റേതാണ്. ചണ്ഡന്‍ കോണ്‍ട്രാക്റ്ററെന്നും ചിലര്‍ വിളിക്കും.''
''ഡബിള്‍ ത്രീയില്‍ അവസാനിക്കുന്ന നമ്പര്‍ ആരുടേതാണ്.''
''അച്ഛന്റെ നമ്പറാണ്. അച്ഛനും ഞാനും ഒരേ മൊബൈലാണുപയോഗിക്കുന്നത്. അച്ഛനുവേണ്ടി ഞാനും എനിക്കുവേണ്ടി അച്ഛനും മെസ്സേജുകളയക്കും.''
''എന്നെ എന്തിനാണിവിടേക്ക് കൊണ്ടുവന്നത്?''
''എനിക്ക് കാണാന്‍. എനിക്ക് വേണ്ടി മാത്രം.''
''വാസവദത്ത എന്തുചെയ്യുന്നു?''
''ഞാന്‍ ലയോള കോളേജില്‍നിന്ന് പി.ജി. എടുത്തു. ഹ്യൂമാനിറ്റീസില്‍. കുറച്ച് കംപ്യൂട്ടര്‍ പഠിച്ചു. അങ്ങനെയങ്ങനെ.''
''ജോലിക്കൊന്നും പോയില്ലെ?''
''അച്ഛന്‍ വിടുന്നില്ല. ഞാന്‍ കൂടി പോയാല്‍ അച്ഛനുമമ്മയും തനിച്ചാവില്ലെ.''
''അമ്മയെവിടെ?''
''അമ്മ കാടുവരെ പോയിരിക്കുവാ. തേന്‍ ശേഖരിക്കാന്‍. ബണ്ടാരിയമ്മന്‍കോവിലില്‍ തേന്‍ നേര്‍ച്ചയുണ്ട്.''
ഉദയനന്‍ പട്ടുതല്പത്തിലിരുന്ന് വാസവദത്തയുടെ തെളിഞ്ഞ മുഖം ഹൃദയത്തിലേക്കു പകര്‍ത്തി. അവളും അയാളോടൊപ്പം തല്പത്തിലിരുന്ന്, വീണയുടെ കമ്പിയില്‍ അല്പനേരം വിരലോടിച്ചു. വീണയില്‍നിന്ന് വിരല്‍ പിന്‍വലിച്ച് അവള്‍ ഉദയന്റെ കണ്ണുകളിലേക്ക് ലാസ്യത്തോടെ നോക്കി. അവളുടെ നീണ്ട വിരലുകള്‍, അയാള്‍ക്കു തൊടാന്‍ പാകത്തില്‍ അടുത്തേക്കു നീണ്ടുവന്നു. ബ്രഹ്മരന്ധ്രത്തില്‍നിന്ന് വാര്‍ത്തെടുത്ത വടിവൊത്ത ഉടലും മഷിയെഴുതിയ കണ്ണുകളും. അവളുടെ പാദധൂളി മിനുസമാര്‍ന്ന തറയില്‍ കളഭം വരച്ചു. അയാള്‍ അവളുടെ മെലിഞ്ഞ് നീണ്ട കൈവിരലുകളില്‍ തൊട്ടു. അപ്പോള്‍ അവളുടെ കണ്ണുകള്‍ കൂമ്പി. ഉടലിന്റെ ജാലകങ്ങള്‍ തുറക്കപ്പെട്ടു. നാസികയിലൂടെ പുരുഷഗന്ധം പ്രവഹിച്ചു. പ്രപഞ്ചതന്മാത്രകളിലൂടെ ആത്മാവുകള്‍ സഞ്ചരിച്ചു. ആത്മാവ് ആത്മാവിനെ രുചിച്ചു. അധരം അധരത്തെ രുചിച്ചു. കരങ്ങള്‍ കരങ്ങളെ കവര്‍ന്നു. പ്രാണന്‍ പ്രാണനെ കൈമാറി. വാക്കുകള്‍ വാക്കുകളാല്‍ മരണപ്പെട്ടു. ദാഹം ദാഹത്തെ ശമിപ്പിച്ചു. ഉദയനന്‍ വാസവദത്തയില്‍ അലിഞ്ഞുചേര്‍ന്ന് അഗ്‌നിലോകത്ത് പ്രവേശിച്ചു. അപ്പോള്‍ അചഞ്ചലമായ കാലത്തിന്റെ മിനാരങ്ങളില്‍നിന്ന് രണ്ട് ജീവബിന്ദുക്കള്‍ സായാഹ്നത്തിലേക്ക് കൂടണഞ്ഞു. 
''എനിക്കൊരു പെണ്‍കുട്ടിയുണ്ട്.'' ഉദയനന്‍ പറഞ്ഞു. 
''എനിക്കറിയാം. പക്ഷേ, നീ അവളെ മറക്കണം.''
''അതെങ്ങനെ? മനസ്സുകള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. മനസ്സ് കുതിരയെപ്പോലെയാണ്.''
''എന്റെ പിതാവറിഞ്ഞാല്‍ നിന്റെ കഥ കഴിക്കും.''
''എനിക്കവളെ മറക്കാനാവില്ല. അവളുടെ ചൂടും ചൂരും എന്റെ സിരകളില്‍ പടര്‍ന്നു കയറിയിരിക്കുന്നു.''
''അപ്പോള്‍ എന്റെ സ്വപ്നങ്ങള്‍, എന്റെ കാത്തിരിപ്പ്... അതിസാഹസികമായി നിന്നെയിവിടെ എത്തിച്ചത് എന്തിന് വേണ്ടിയാണ്?''
''തല്പത്തില്‍ നിന്നെഴുന്നേറ്റ് ഉദയനന്‍ പറഞ്ഞു. തേന്‍ കുടിക്കാന്‍ ഇനിയും വണ്ടുകള്‍ വരും.''


''എന്താണുദ്ദേശിച്ചത്?''
''ആതിരയില്‍ ഞാന്‍ അഭയം കണ്ടവനാണ്. നിന്റെ സ്വപ്നം നിന്റേതുമാത്രമായിരുന്നു. ഞാനിറങ്ങുന്നു. എന്നെ പുറത്തുകടക്കാന്‍ സഹായിക്കണം.''
വാസവദത്ത മൊബൈലെടുത്ത് ചണ്ഡനെ വിളിച്ചു കരയുന്നത് ഉദയനന്‍ കണ്ടു. പൊടുന്നനെ രണ്ട് മല്ലന്മാര്‍ പ്രത്യക്ഷപ്പെട്ട്, ഉദയനനെ ബലമായി പിടിച്ച് പുറത്തേക്കു കൊണ്ടുപോയി. കല്‍ത്തുറങ്കിലടച്ച് അവര്‍ അവിടെ കാവല്‍ നിന്നു.
തടവറയുടെ കല്‍ച്ചുമരുകളില്‍ പോരാളികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പകല്‍വെട്ടം പാഴായിപ്പോകുന്ന കല്‍ത്തറയില്‍ ഇരിക്കാന്‍ ബഞ്ചുകളോ കസേരകളോയില്ലായിരുന്നു. ഭിത്തിയില്‍ തൂങ്ങിക്കിടന്ന ചങ്ങലക്കൊളുത്തുകള്‍ കുറ്റവാളികളെ ബന്ധിപ്പിക്കാനുള്ളതാണെന്ന് ഉദയനന് മനസ്സിലായി. അഭിശപ്തമായ നിമിഷങ്ങളുടെ ഭാരം താങ്ങാനാവാതെ അയാള്‍ ആതിരയുടെ ഫോണിലേക്കു വിളിച്ചു.  ഞാനിപ്പോള്‍ മറ്റൊരു പെണ്ണിന്റെ തടങ്കലിലാണ്. നിന്നെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് എനിക്കാലോചിക്കാനേ വയ്യ.'' 
''ഉദയനന്‍ എവിടെയാണിപ്പോള്‍?''
''കാന്തപുരിയില്‍.''
''എന്താണ് സംഭവിച്ചത്?''
''വാസവദത്ത എന്ന പെണ്‍കുട്ടി എന്നെ ഗാഢമായി പ്രണയിക്കുന്നു. പക്ഷേ, നീയുള്ളപ്പോള്‍ ഞാനങ്ങനെ...''
''ഞാന്‍ നിന്നെ പ്രണയിച്ചിട്ടില്ലല്ലോ ഉദയനാ. നീ എനിക്ക് പലപ്പോഴും വാങ്ങിത്തരാറുള്ള ചിക്കന്‍ബിരിയാണിയോടായിരുന്നു എനിക്കിഷ്ടം. നിന്നോടല്ല.''
''അപ്പോള്‍ നാം തമ്മിലുള്ള ബന്ധം.''
''എന്ത് ബന്ധം. നീ സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്. നല്ല മുഖം, നല്ല ചിരി, നല്ല ശബ്ദം. പക്ഷേ, നിന്നെപ്പോലൊരാളെ എനിക്ക് സ്‌നേഹിക്കാനാവില്ല. എനിക്ക് നീഗ്രോകളെയാണിഷ്ടം. കറുത്ത മെലിഞ്ഞ കറുമ്പന്‍ന്മാരെ.''
''നീ തമാശ പറയാതെ.''
''തമാശയല്ല ഉദയനനാ. നീ വാസവദത്തയുടെ പ്രണയം സ്വീകരിച്ച് സ്വതന്ത്രനാകൂ. അതാണ് ബുദ്ധി.''
''നിന്നെ എനിക്ക് നഷ്ടമാകില്ലേ?''
''ഞാനൊരിക്കലും നിന്റേതായിരുന്നില്ലല്ലോ, ഞാന്‍ ഫോണ്‍ വെക്കുവാ. വേറെ പണിയുണ്ട്.'' ആതിര ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ഉദയനന്‍ വീണ്ടും വിവശനായി. ആതിരയ്ക്കും വാസവദത്തയ്ക്കുമിടയില്‍ അയാള്‍, അസ്ഥിപഞ്ജരംപോലെ നിന്ന് കത്തി.


ആതിര ഒരു അപശ്രുതിയാണെങ്കില്‍, വാസവദത്ത ഈ നിമിഷം ഒരു യഥാര്‍ത്ഥ്യമാണ്. ഇവിടെനിന്ന് രക്ഷപ്പെടുക എളുപ്പമല്ലെന്ന് ഉദയനന് മനസ്സിലായി. ഒരുപാടാലോചനകള്‍ക്കൊടുവില്‍ ഉദയനന്‍ കാവല്‍ക്കാരനായ മല്ലനോട് പറഞ്ഞു: വാസവദത്തെയെ വിളിക്കൂ... എനിക്കവളെ കാണണം. അല്ലെങ്കില്‍ ചണ്ഡന്‍ രാജാവിനെ വിളിച്ചാലും മതി. 
''തലൈവര്‍ പുറത്തു പോയാച്ചി. എന്നാ വേണം.''
വാസവദത്തയെ കാണണം.
താനുദ്ദേശിച്ചത് നേടാനുള്ള വാശിയോടെ വാസവദത്ത പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉദയനന്‍ പറഞ്ഞു: ''എന്നെ സ്വതന്ത്രമാക്കാന്‍ പറയൂ... പ്ലീസ്...''
''പിതാവിന്റെ കല്പന വേണം.''
''ഞാന്‍ ആതിരയെ മറക്കാം. പകരം നിന്നെ സ്വീകരിക്കാം. എന്നെ തുറന്ന് വിടൂ.''
''സത്യം.''
''സത്യം. നമുക്കൊരുമിച്ച് കൊച്ചിക്ക് മടങ്ങാം.''
''ഞാന്‍ തയ്യാറായി വരാമെന്ന് പറഞ്ഞ് അവള്‍ അപ്രത്യക്ഷയായി.''
ഒരു ഹാച്ച് ബാഗും ലാപ്ടോപും തൂക്കി വാസവദത്ത പെട്ടെന്ന് മടങ്ങിവന്ന് അയാളെ മോചിപ്പിച്ചു. അനന്തരം കറുത്ത  കാപ്പിരിപോലുള്ള മല്ലനോട് ജീപ്പെടുക്കാന്‍ പറഞ്ഞ് അവള്‍ ഉദയനേയും കൂട്ടി ഇടനാഴികള്‍ പിന്നിട്ട് കൊട്ടാരമുറ്റത്തെത്തി. അവരേയും കൊണ്ട് ജീപ്പ് ബണ്ടാരിയമ്മന്‍ കോവിലിനടുത്തുള്ള ലോഡ്ജിലേക്കു തിരിച്ചു. ലോഡ്ജില്‍ ഡേവിഡില്ലായിരുന്നു. അയാള്‍ മടങ്ങിപ്പോയിരിക്കാമെന്നനുമാനത്തോടെ ഉദയനന്‍ വള്‍ക്കന്റെ റിമോട്ട്കീയില്‍ വിരലമര്‍ത്തി. അയാളെ പുണര്‍ന്ന് വാസവദത്ത പിന്നിലിരുന്നു.
വള്‍ക്കന്‍ രാത്രിയെ ഭേദിച്ച് അതിവേഗം കൊച്ചിലേക്ക് തിരിച്ചു.
''ആതിരയെ ഉപേക്ഷിച്ചതില്‍ നിനക്ക് വേദനയുണ്ടോ?''
''എന്റെ ഹൃദയത്തിനോട് എനിക്ക് ചോദിക്കാനുണ്ട്.''
''ശരിക്കും നീ ആതിരയെ സ്‌നേഹിച്ചിരുന്നോ.''
''സ്‌നേഹമായിരുന്നില്ല അത്. ആഴമുള്ള ഇഷ്ടമായിരുന്നു.''
''എന്നാല്‍ എന്റേത് ആഴമുള്ള സ്‌നേഹമാണ്. അത് നീ അറിയണം.''
''അതേയതേ. നീ എന്നെ കാരാഗൃഹത്തിലടച്ചില്ലേ?''
''അതും സ്‌നേഹം കൊണ്ടാണ്.''
ഈ ഗരുഡവാഹനത്തില്‍ നിന്റെ പിന്നിലിരിക്കുമ്പോള്‍, പലായനത്തിന്റെ സുഖം ഞാനറിയുന്നു. ചണ്ഡമഹാസേനന്‍ നിന്നെ കുരുക്കിയ നാടകം ഞാന്‍ ശരിക്കുമാസ്വദിച്ചു. ഇരുട്ട് ഭേദിച്ച്, വള്‍ക്കന്‍ പായുകയാണ്. എവിടെയെങ്കിലുമൊരിടത്താവളത്തെപ്പറ്റി ഉദയനന്‍ ചിന്തിച്ചതേയില്ല. പിന്നില്‍ അവനെ കൈകളാല്‍ ചുറ്റിവരിഞ്ഞ് വാസവദത്ത അവന്റെ പുറത്ത് മുഖം ചേര്‍ത്ത് സവാരിയുടെ സുഖമാസ്വദിക്കുകയാണ്.
''എന്നും ഇരുട്ട് എനിക്ക് അഭയമായിരുന്നു.'' വാസവദത്ത പറഞ്ഞു.
''എനിക്കിപ്പോള്‍ ഇരുട്ടൊരു പേടിസ്വപ്നമാണ്- ഉദയനന്‍ പറഞ്ഞു.
''ഞാനുള്ളപ്പോള്‍ നീ ഭയക്കരുത്.''
''നിന്റെയച്ഛന്‍ ചണ്ഡനെ ആരു സൃഷ്ടിച്ചതാണ്?''
''സത്യമംഗലം എന്ന പെരുംകാട്. കാടാണ് അച്ഛന്റെ മാതാവും പിതാവും.''
''വീരപ്പനോ മറ്റോ ആണോ ഈ ചണ്ഡന്‍.''
''വീരപ്പന്‍മാമന്‍ അച്ഛന്റെ സുഹൃത്തായിരുന്നു.''
''നിനക്ക് വിശക്കുന്നില്ലെ? ഏതെങ്കിലും തട്ടുകടയില്‍ നിര്‍ത്തി, പോട്ടി കഴിക്കാം.''
''കഴിക്കാം.'' അവള്‍ പറഞ്ഞു. 
അപ്പോഴാണയാള്‍ ഷാഹുലിന്റെ കല്‍ക്കുറയോര്‍ത്തത്. വണ്ടിയുടെ വേഗം കൂടുകയും ഏറെ നേരം ഹൈവേയിലൂടെ  പറക്കുകയും ചെയ്തു. കല്‍ക്കുറയില്‍ രാത്രിക്കച്ചവടം കഴിഞ്ഞ് ജോലിക്കാര്‍ പിരിയാന്‍ തുടങ്ങിയിരുന്നു. 
ഉദയനനെ കണ്ട്, പരിചയത്തോടെ ഷാഹുല്‍ ചോദിച്ചു: ''എന്തെങ്കിലുമുണ്ടാക്കണോ സാറെ?''
''എന്തുണ്ട് കഴിക്കാന്‍?''
''നാടന്‍ കോഴിക്കറിയും കള്ളപ്പവും തരാം. പത്തുമിനിട്ട് വായനശാലയിലിരുന്ന് വായിക്കണം. അപ്പോഴേക്കും റെഡി.''
കൊച്ചിയിലെ ഗ്രീന്‍ഫീല്‍ഡ് അപ്പാര്‍ട്ട്മെന്റിലെത്തുമ്പോള്‍ സഞ്ചാരത്തിന്റെ സ്ഥലകാല വിഭാന്ത്രിയില്‍ ഉദയനന്റെ മനസ്സും  ഉടലും മരവിച്ചിരുന്നു. മയക്കമുണര്‍ന്ന് വാസവദത്ത ചോദിച്ചു:
''ഇതാണോ നിന്റെ പാര്‍പ്പിടം? കാന്തപുരിയിലെ കാട്ടുഗന്ധമുള്ള ശബ്ദം അപ്പോളയാള്‍ക്ക് അരോചകമായി തോന്നി. വള്‍ക്കനില്‍നിന്നിറങ്ങി, അവള്‍ കാവല്‍പ്പുരയിലെ ഇരുട്ടിലേക്കു നീങ്ങി. പുലര്‍കാലം, കുശപ്പുല്ലുപോലെ അവരെ കുത്തി നോവിച്ചു. കാവല്‍പ്പുരയില്‍  ചാവി തെരയുമ്പോള്‍,  കണ്ണുതിരുമ്മിയെഴുന്നേറ്റ കാവല്‍ക്കാരന്‍ പറഞ്ഞു. പത്തുമിനിട്ടായിക്കാണും ഡേവിഡ്സാര്‍ ചാവി കൊണ്ടുപോയി.

അവനെങ്ങനെ ഈ നേരത്ത് ഇവിടെയെത്തി എന്നാലോചിച്ച് വള്‍ക്കനെ പാര്‍ക്കിങ്ങിലേക്ക് മാറ്റി, ഉദയനന്‍ വാസവദത്തയുമായി ഫ്‌ലാറ്റിന്റെ പടികള്‍ കയറി. മനസ്സില്‍ അപരാധബോധത്തിന്റെ അണുക്കള്‍ പൊട്ടിച്ചിതറിയിരുന്നു. ഡേവിഡിനെ ഉപേക്ഷിച്ച് പോകേണ്ടിവന്ന നിസ്സാഹായവസ്ഥയോട് സമരസപ്പെടാന്‍ അവന് കഴിഞ്ഞിരിക്കണം എന്നാശ്വസിച്ച് ബെല്ലില്‍ വിരലമര്‍ത്തി. ആത്മബന്ധത്തിന്റെ അഴിയാത്ത കെട്ടുപോലെ അടുത്തായി വാസവദത്ത. വാതില്‍ തുറന്നു വന്ന ഡേവിഡിന്റെ വേഷം മാറിയിരുന്നില്ല.   കണ്ണുകള്‍ കലങ്ങി ചുവന്നിരുന്നു. വാസവദത്തയെ കണ്ട് അവന്‍ പാഴ്മരം പോലെ നിന്ന് കത്തി.
അകത്തൊരു ഗസ്റ്റുണ്ട്. കാന്തപുരിയില്‍നിന്ന് എന്നോടൊപ്പം. ശത്രുവിനെപ്പോലെ നിരീക്ഷിച്ചുകൊണ്ട്...
ആരാണയാള്‍ എന്ന് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ അകത്ത് നിന്ന് കരടിയെപ്പോലൊരു രൂപം പുറത്തേക്കു വന്നു.
അച്ഛാ എന്ന വിളിയോടെ വാസവദത്ത  അയാളുടെ നെഞ്ചിലേക്ക് മുഖമമര്‍ത്തുമ്പോള്‍ പലായനത്തിന്റെ വഴിതേടുകയായിരുന്നു ഉദയനനും ഡേവിഡും.
''ഇതാണച്ഛാ എന്റെ ഉദയനന്‍'' അവള്‍ പറഞ്ഞു. 
''നന്നായി. നിനക്ക് യോജിച്ചവന്‍ തന്നെ. കാന്തപുരിയിലേക്ക് സധൈര്യം കടന്നുവന്ന സഞ്ചാരി.''
''അച്ഛനിനി ഇവിടെ നില്‍ക്കുന്നില്ല. കാന്തപുരിയിലേക്ക് മടങ്ങുന്നു.''
മല്ലന്‍മാര്‍ ഫ്‌ലാറ്റിന്റെ മുന്നില്‍ ബെന്‍സുമായി കാത്തുനിന്നിരുന്നു.
ഇടയ്ക്കിടെ, കാന്തപുരിയിലേക്കു വരണമെന്ന് പറഞ്ഞ് ചണ്ഡന്‍ കരടി കാറിലേക്ക് കയറി.
വണ്ടി ഗേറ്റ് കടന്ന് മറഞ്ഞപ്പോള്‍, ഉദയനന്റെ മൊബൈലില്‍ ഒരു സന്ദേശം തെളിഞ്ഞു. അവള്‍ വാസവദത്തയല്ല. വാസവദത്തയുടെ തോഴി ഉസിതയാണ്. വാസവദത്ത ഉപഗുപ്തന്റെ കരതലങ്ങളില്‍  പുനര്‍ജ്ജനി കാത്ത് കിടക്കുന്നു. കര്‍മ്മഫലങ്ങളുടെ ദാരുണമായ പ്രാണസമര്‍പ്പണം. അവളുറങ്ങട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com