ബാക്കി ആകുന്നത്: അനന്തപദ്മനാഭന്‍ എഴുതിയ കഥ

നിന്റെ പൊക്കിള്‍ച്ചുഴിയില്‍ എന്റെ ഉമ്മത്തിണര്‍പ്പും നനവും ബാക്കിയായി തൂത്തുകളയണോ? തുടച്ചുനീക്കണോ? കഴുകിത്തെളിക്കണോ?
ബാക്കി ആകുന്നത്: അനന്തപദ്മനാഭന്‍ എഴുതിയ കഥ

''ഒട്ടിപ്പിണയലിനൊടുവിലടരവെ നിന്റെ മാറിലെ മുന്തിരിച്ചുണ്ടില്‍ 
എന്റെ മാറിന്‍ കാട്ടില്‍  നിന്നൊരു വള്ളി പൊട്ടി പിണഞ്ഞു ബാക്കിയായി
എന്റെ രസനയില്‍ നിന്റെ സ്വേദലവണവും മദനീരിനമ്ലവും  കലര്‍ന്നൊരു രസക്കൂട്ടു ബാക്കിയായി 
നിന്റെ പൊക്കിള്‍ച്ചുഴിയില്‍ എന്റെ ഉമ്മത്തിണര്‍പ്പും നനവും ബാക്കിയായി 
തൂത്തുകളയണോ? തുടച്ചുനീക്കണോ? കഴുകിത്തെളിക്കണോ?
എന്തിന് !
നിന്റെ ചാരുതരാന്തരംഗ പദ്മിനിയില്‍ എന്റെ പൂവിന്‍ ഘനസൗരഭ്യം എന്നേക്കും ബാക്കിയല്ലേ!
ആ മടിച്ചടവില്‍ വീണ്ടും നിന്നിലേക്ക് കെട്ടിപ്പിണഞ്ഞു  ഞാനുണരുന്നു പെണ്ണെ!''

വായിച്ചു കഴിഞ്ഞപ്പോള്‍ സുദേഷ്ണയുടെ മുഖത്തു അവിശ്വസനീയതയായിരുന്നോ? അവജ്ഞ ആയിരുന്നോ? ഒരു ഇടവേളയ്ക്കുശേഷം അവളില്‍നിന്നും പൊട്ടിയ ചിരിയില്‍ മനസ്സിലായി. അവിശ്വസനീയമായ അവജ്ഞ. ഞാനാകെ ചൂളിക്കൂടി .
''എന്തുവാ ചെറുക്കാ ഈ പപ്പിനി!?''
''പപ്പിനി അല്ല, പദ്മിനി. താമരപൊയ്ക'', എനിക്ക് ചെറുതായി ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു.
''ഓ എന്ന്! അവളുടെ അന്തരംഗമാകുന്ന താമരപൊയ്കയില്‍ സാറിന്റെ പൂവിന്റെ മണം! ഹോ ഭയങ്കരം! എന്തൊരു മെറ്റഫര്‍! ഉം... എന്നിട്ടെന്തായിരുന്നു പ്രതികരണം?!''
''എന്തായിരിക്കും!'', ഞാന്‍ ചുമ്മാ അവളുടെ ആകാംക്ഷ ഉയര്‍ത്താനായി ചോദിച്ചു. 
''ഞങ്ങടെ നാട്ടില്‍ തെറിക്കുത്തരം മുറിപ്പത്തല്‍ എന്നാ. ഞാന്‍ ആയിരുന്നെങ്കി വേലിപ്പത്തലൂരി നിനക്ക് പറ്റിച്ചേനെ!'' അവള്‍ക്കു ചിരി നിര്‍ത്താന്‍ ആവുന്നുണ്ടായിരുന്നില്ല . 
''അതിന് നീ പ്രണയിനി അല്ലല്ലോ.'' മെസ്സേജ് ഇട്ടു കഴിഞ്ഞു കുറച്ചു നേരം അനക്കമുണ്ടായില്ല. പിന്നെ ഞാന്‍ പതുക്കെ വിളിച്ചു. ''എന്താ കുറച്ചു ഡെന്‍സിറ്റി കൂടിപ്പോയോ'' എന്ന് തിരക്കി.
''അപ്പൊ'', ചിരി നിര്‍ത്താനാവാതെ സുദേഷ്ണ ചോദിച്ചു: ''എന്നിട്ട് പപ്പിനി എന്തോ പറഞ്ഞു!''
''പപ്പിനി അല്ല സമീറ. എന്തൊരു ഭംഗിയുള്ള പേര്!'' ഞാന്‍ അവളുടെ പുച്ഛം ശ്രദ്ധിച്ചില്ല. അവള്‍ പറഞ്ഞു: ''ഏയ്, ഇനിയും കൂടാം. എനിക്കിഷ്ടായി!'' എന്ന്.
സുദേഷ്ണ ചിരിച്ചുമറിഞ്ഞു. അവളുടെ ബുദ്ധിജീവി കണ്ണട താഴെ പോകും എന്ന അവസ്ഥയായി. പിന്നെ അവള്‍ അതൂരി, ചിരിയുടെ അവസാന നുരയും പിന്‍വാങ്ങിയപ്പോള്‍ പതുക്കെ ചോദിച്ചു: 'And You Call It Love?'
എനിക്ക് ശബ്ദം നിയന്ത്രിക്കാനായില്ല  'What Else? What The Fuck Else?'
കഫെയുടെ അങ്ങേ മൂലയില്‍ പിറുപിറുത്തിരുന്ന മിഥുനങ്ങള്‍ തല തിരിച്ചു. ഞാന്‍ മുഖം മാറ്റി.
സുദേഷ്ണ പതുക്കെ പറഞ്ഞു: ''അത് തന്നെ! നീ പറഞ്ഞത്! Fuck And Sex. ഇതൊന്നും പ്രേമം അല്ല പയ്യന്‍സ്! Carnal Desire. അതൊന്ന് തരായാല്‍ പിന്നെ ഈ തരിപ്പും നില്‍ക്കും. ചാരുതരാന്തരംഗവും തണുക്കും!''
''ഇല്ല, ഇതങ്ങനെ അല്ല. നിനക്കറിയില്ല. പതിനാറാം വയസ്സില്‍ കയറിയ ആവേശം. ഞങ്ങളുടെ അപ്പുറത്തെ Girls സ്‌കൂളില്‍ ആയിരുന്നു അവള്‍. അന്ന്... അന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല... ചിരിയില്‍ മാത്രം തടഞ്ഞുനിന്ന അനുരാഗം. ഇപ്പൊ വര്‍ഷങ്ങള്‍ക്കുശേഷം ഫേസ് ബുക്ക് വഴി വീണ്ടും പരിചയപ്പെട്ടു. വീണ്ടും ഞങ്ങള്‍ പ്രണയത്തിലായി.''
''പക്ഷേ, അപ്പോഴേയ്ക്ക് അവള്‍ ഒരുത്തന്റെ പെമ്പളയുമായി. കൊച്ചുമായി!'' സുദേഷ്ണയുടെ മുഖത്തു പരിഹാസം കളിയാട്ടം തുടര്‍ന്നു.
''അതിലെന്താ? നിങ്ങളൊക്കെ വലിയ പ്രോഗ്രെസ്സീവ് വര്‍ത്തമാനം പറയും. ഒരാള്‍ക്ക് പ്രണയിക്കാന്‍ പ്രായമോ ബന്ധങ്ങളോ തടസ്സമാണോ! അങ്ങനെ ആണോ വേണ്ടത്. പിന്നെ ഞാന്‍ വിവാഹിതനല്ലല്ലോ. അവള്‍ക്കവളുടെ കെട്ട്യോന്റെ കയ്യില്‍നിന്നും കിട്ടാത്തത് എന്നില്‍നിന്നും കിട്ടുന്നു. എന്താ തെറ്റ്!''
''ഈ പറയുന്ന സമീറ, ഉമ്മച്ചിയാ?'' സുദേഷ്ണ ആവശ്യമില്ലാത്ത ചോദ്യം ചോദിക്കുന്നു.
ഞാന്‍ കോപം അടക്കി ചോദിച്ചു: ''അതെന്തായാലെന്താ... വലിയ പുരോഗമനക്കാരി! അല്ല, For The Record, ക്രിസ്ത്യാനിയാ... അതിലെന്താ!''
''ഒന്നുമില്ല ഞാന്‍ ഒരു Typical Case Study ആണോ എന്നു കരുതി...'' അവള്‍ എന്തോ ഓര്‍ത്തു ചൊറിയുന്ന ഒരു ചിരിയോടെ നോക്കി.
''ഗള്‍ഫ് അല്ല... അമേരിക്ക.''
ഉണരുന്നതും ഉറങ്ങുന്നതും വാട്സാപ്പില്‍ അയച്ചുതന്ന അവളുടെ മുഖപ്പൂക്കള്‍ നോക്കി. എന്റെ തലയിണയ്ക്ക് അവളെ വെച്ച ഉമ്മകളുടെ മണം. നേരില്‍ കാണാതെ തന്നെ അവളുമായുള്ള വേഴ്ചയില്‍ രാത്രികളില്‍ എന്നും നനയുന്ന എന്റെ മെത്തക്കിടക്ക. പക്ഷേ, ഇവള്‍, സുദേഷ്ണ, എന്റെ സഹപ്രവര്‍ത്തക, മനസ്സാക്ഷി കാവല്‍ക്കാരി  വകവെച്ച് തരുന്നില്ല. 
''നിനക്കേ, അവളോടുള്ളത് കറയില്ലാത്ത കാമം... അതു തിരിച്ചറിഞ്ഞാ മതി. പ്രേമം എന്നൊക്കെ പറയുന്നത് എത്രയോ വലിയ ഒരു അവസ്ഥയാണ്. Sorry You Are Not Blessed By Your Cupid. ആ സൗഭാഗ്യം ഇനിയും നിന്നെ  അനുഗ്രഹിച്ചിട്ടില്ല.''
എന്നോട് സമീറയും ഒരിക്കല്‍ ചോദിച്ചു: ''നിനക്കെന്നോടുള്ളത് പ്രണയമോ കാമമോ?''
അപ്പൊ ഒരു പിടികിട്ടായ്മയില്‍ ആയം ചവിട്ടിനിന്നു പറഞ്ഞു: ''ഒരാണിന് തന്റെ പെണ്ണിനോട് തോന്നാവുന്ന ഗാഡരാഗത്തിന്റെ എല്ലാ വികാരഭേദങ്ങളും വര്‍ണ്ണങ്ങളും!''
''അവള്‍ എല്ലാം വിട്ടെറിഞ്ഞു കൊച്ചിനേയും കൊണ്ട് ഇറങ്ങിവന്നാല്‍?!'' 
''സ്വീകരിക്കും.'' ഞാന്‍ സിനിമകളിലെ പ്രഥമാനപ്രണയാര്‍ത്ത നായകനായി സമീറയോട് പറഞ്ഞത് ആവര്‍ത്തിച്ചു. ''ഞാന്‍ കൊണ്ട്‌പോരും.'' 
കഫേയിലെ നനുത്ത കാപ്പിമണത്തില്‍ അലിഞ്ഞ ഞാന്‍ ചോദിച്ചു: ''പ്രണയത്തില്‍ രതി ഇല്ല എന്നാണോ പറഞ്ഞുവരുന്നത്? അങ്ങനെയെങ്കില്‍ എന്തോ കുഴപ്പമുണ്ട്. ഒരു ബ്രേക്ക് അപ്പ് കഴിഞ്ഞ പരിചയസമ്പന്ന അല്ലേ! നിനക്കങ്ങനെ ഇല്ലായിരുന്നോ?'' ഞാന്‍ ആത്മാര്‍ത്ഥമായി ചോദിച്ചു.
അവള്‍ എവിടെയോ മുങ്ങി ഇരുന്നു. പതുക്കെ പറഞ്ഞു: ''അങ്ങനെ അല്ല. പ്രണയം തന്നെ ആവും Dominating. അതിനു പിന്നീട് Desire-ന്റെ ഭാവം വരാം.''
''അതുതന്നെയാ എനിക്കും. അതിന്റെ ഭാവഭേദം മാത്രമേ നിന്നോട് പറഞ്ഞുള്ളൂ.'' ഞാന്‍ ന്യായീകരിച്ചു.


''ഒരുപക്ഷേ, ആണ്‍കുട്ടികള്‍ക്ക് അങ്ങനെ ആവും. പക്ഷേ, For Us... Girls... അതൊരു ശാഖ പൊട്ടല്‍ മാത്രമാണ്. Sex. An Organic Branching From The Trunk Of Love.' അവള്‍ ഏതോ സ്മൃതികളില്‍ തുഴയുക ആണെന്നു ബോധ്യമായി.
വീട്ടിലേയ്ക്ക് നടക്കുമ്പോഴും സുദേഷ്ണയുടെ വാക്കുകള്‍ എന്നെ മഥിച്ചു. പ്രണയമോ കാമമോ? എന്ത് കുന്തമായാലും എനിക്കെന്റെ സമീറയെ വേണം. 
സുദേഷ്ണയെ, കിട്ടാത്ത മുന്തിരിക്കു ചവര്‍പ്പ് പറയുന്നവളെ  അവജ്ഞയോടെ തീണ്ടാപ്പാടില്‍ നിര്‍ത്തി. ഇതെന്റെ പ്രണയം. എന്റെ സ്വാതന്ത്ര്യം. അവള്‍ ആര് എന്റെ കാമനകളെ സമര്‍ത്ഥിക്കാന്‍! ആ ചൂടില്‍ പിന്നെയും വാട്സാപ്പില്‍ അക്ഷരങ്ങള്‍ പിറന്നുവീണു.

''നീയും ഞാനും തമ്മില്‍ കാണുമ്പോള്‍ നിന്നെ ഞാനേതു നിറങ്ങളില്‍ കാണണം?
പനിനീര്‍ചാമ്പ അതിരിട്ട ക്ഷുഭിതസാഗരം മിന്നുന്ന ആ പഴയ ദാവണിയില്‍! 
ആ മാത്രയില്‍ നിത്യഹരിതത്തിന്‍ വലാഹകം നമ്മെ പൊതിയും
നിയതി മറയിട്ട് നിര്‍ത്തിയ നഷ്ടദിനങ്ങള്‍ ഒറ്റയടിക്ക് നമ്മിലേക്കൊഴുകി നിറയും 
പിന്നെ മൂര്‍ദ്ധാവില്‍, തിരുനെറ്റിയില്‍, അളകങ്ങളില്‍, അധരങ്ങളില്‍, ചോരിവായില്‍, മിന്നുംകപോലത്തില്‍, ചാരുഗളചായ്വില്‍, മാറിലെ കാട്ടുചേമന്തികളില്‍, അരക്കെട്ടിന്‍ വടിവില്‍ ഉമ്മപ്പൂക്കള്‍ തന്‍ നിറപൊലി.
സൂര്യദാഹം പേറുന്ന ഒരു മക്ഷികാളി പോല്‍ നിന്റെ പൂക്കളിലെ മധുവൊക്കെയും മൊത്തി കുടിക്കുമെന്റെ സ്വപ്നമേ!'' 
****
പരസ്യക്കമ്പനി പുതിയൊരു ആഡ് ഫിലിമിന്റെ ലൊക്കേഷന്‍ സ്‌കൗട്ടിങ് തുടങ്ങി. സ്റ്റോറി ബോര്‍ഡ് വന്നു. മുതലാളി തയ്യാറായി നിന്നോളാന്‍ പറഞ്ഞു. കൊള്ളാവുന്ന ഒരു മോഡല്‍ പെണ്ണിനെ അയാള്‍ വളച്ചുവെച്ചിട്ടുണ്ട്. സിന്ധി. ഇത്തവണ കാര്‍വാര്‍ ആണ്. മുന്‍പൊരിക്കല്‍ അതുവഴി കടന്നുപോയിട്ടുണ്ട്. ഞാന്‍ മുറിയിലേക്ക് കടന്നു അവള്‍ക്കു സന്ദേശം അയക്കാന്‍ തുടങ്ങുമ്പോള്‍, ഡ്രോയിങ് റൂമില്‍നിന്നും ചേട്ടന്റേയും ലോറന്‍സ് അങ്കിളിന്റേയും ശബ്ദം കേട്ടു. അങ്കിള്‍ കരഞ്ഞുതുടങ്ങി. മെജോയുടെ കാര്യം പറഞ്ഞാവും. കുറച്ചു കാലമായി ഇല്ലായിരുന്നു. മെജോ മരിച്ചിട്ട് രണ്ടു വര്‍ഷമാകുന്നു . 
എന്റെയൊപ്പം സ്‌കൂളില്‍ ഉണ്ടായിരുന്നു. ചങ്ങാതി ഒന്നും അല്ല. ചേട്ടന്റെ ബിസിനസ്സ് പാര്‍ട്ട്ണറിന്റെ മകന്‍. അലോസരപ്പെടുത്തുന്ന വിധത്തില്‍ പിന്നില്‍നിന്നും ചിട്ടിയടിച്ചു വിളിക്കുമായിരുന്നു. നീയൊക്കെ വെറും ശിശു എന്നൊരു കോടിയ ചിരി എന്നും ചുണ്ടിന്‍ കോണില്‍ തൂങ്ങിയാടിയിരുന്നു. എന്തുകൊണ്ടോ അടുപ്പം തോന്നിയിരുന്നില്ല     

എന്‍ജിനീയറിങ്ങിനു തമിഴ്നാട്ടില്‍ പഠിക്കുമ്പോളായിരുന്നു മോട്ടോര്‍ സൈക്കിള്‍ ആക്‌സിഡന്റില്‍ അവന്‍ പോയത്. കുറേക്കാലം ലോറന്‍സ് അങ്കിളും ബിയാട്രിസ് ആന്റിയും ധ്യാനകേന്ദ്രങ്ങളിലും തീര്‍ത്ഥാടനങ്ങളിലും ആയിരുന്നു. ഒരേയൊരു മകന്‍. ഒരിടയ്ക്ക് എന്നും ചേട്ടനൊപ്പം വന്നിരുന്നു സ്‌കോച്ച് കഴിച്ചിട്ട് കരയുമായിരുന്നു. ഇടയ്ക്ക് എന്നെ പിടിച്ചിരുത്തി തലോടി കരയും. എല്ലാം ഒന്ന് ശരിയായി വന്നതാണ്. ഞാന്‍ അവിടെ നിന്നും വിളി വരാതിരിക്കാന്‍ വാതില്‍ കുറ്റിയിട്ടു. അപ്പോള്‍ പൊട്ടിത്തരിപ്പിച്ചുകൊണ്ട് കടലുകളും മലകളും കടന്ന് അവളുടെ പ്രണയം ഒഴുകിവന്നു. ''ന്റെ കുട്ടാ!''
*****
ഇത്തവണ സംശയിച്ചാണ് അവള്‍ക്കയച്ച കുറിമാനം സുദേഷ്ണക്ക് കൈമാറിയത്. ''പുതിയ കുറിപ്പടി ഒന്നുമില്ലേ ചെറുക്കാ'' എന്ന ചോദ്യത്തിലെ പരിഹാസം കൊണ്ടിരുന്നു. എത്രയായാലും പെണ്ണല്ലേ. ഒരു പെണ്ണിന് കൊടുക്കുന്ന ഇഷ്ടം മറ്റവള്‍ക്കു ഉള്ളില്‍ തട്ടും. കുത്താന്‍ വേണ്ടിത്തന്നെ. അറിഞ്ഞുകൊണ്ട്, അവള്‍ തോണ്ടും എന്ന പൂര്‍ണ്ണ ബോധ്യത്തില്‍ പുതിയ മെസ്സേജ് അവള്‍ക്കു നീട്ടി.
''ബോറടിക്കുമ്പോ ഏറ്റവും ബേസ്ഡ് റെമഡി. കൊട്, കൊട് നോക്കട്ടെ'', ബിയര്‍ ഗ്ലാസ്സ് ഉയര്‍ത്തി ഒരിറക്ക് കുടിച്ചു് അവള്‍ വായിച്ചു തുടങ്ങി. അതിലെ പരിഹാസച്ഛവി പിടിക്കാതെ ഞാന്‍ ഫോണ്‍ പിടിച്ചുവാങ്ങി. ''അങ്ങനിപ്പം ഊതണ്ട... വേണമെങ്കി ഞാന്‍ വായിച്ചുതരാം.''
അതു നഗരത്തിലെ ഒരിടത്തരം ബിയര്‍ പാര്‍ലര്‍ ആയിരുന്നു. അകലെ നില്‍പ്പനടിക്കുന്ന ഒന്ന് രണ്ടു തൊഴിലാളികള്‍ മാത്രം.
''ഒരുമിച്ചൊരു മുറിയിലൊന്നിക്കുമ്പോള്‍ നിന്നെ ഞാനെന്തൊക്കെ ചെയ്യും!
പ്രണയം സഹിയാഞ്ഞ നിന്റെ കവിളുകളില്‍ കടിയിടും 
പിന്നെ പല്ലുകള്‍ നനവാര്‍ന്ന ചുണ്ടുകളില്‍ നനുക്കെ,
വക്ഷസ്സിലെ ഞെട്ടുകളില്‍ സന്നത്തില്‍,
നാഭിച്ചുഴിയില്‍ പതുക്കെ, കൊഴുത്ത കാല്‍വണ്ണകളില്‍ ഒഴുക്കനെ
വെണ്ണത്തുടകളില്‍ വഴുക്കനെ 
(അത് കഴിഞ്ഞുള്ള ഒരു വരി വായിക്കാതെ മനഃപൂര്‍വ്വം വിട്ടു)
എന്ത്? നോവുമെന്നോ? നിലവിളിക്കുമെന്നോ? 
ഇല്ല പെണ്ണെ!
ആ പ്രണയക്ഷതങ്ങളിലൊക്കെയും തേനും ചുണ്ടും ചാലിച്ചൊരു ഇന്ദ്രജാലലേപനം ഞാന്‍ പുരട്ടും!''
എന്നെ അതിശയിപ്പിച്ചുകൊണ്ട് ബാര്‍ മുഴുക്കെ അവളുടെ നീണ്ട വിസിലടിയും കയ്യടിയും മുഴങ്ങി. ''പൊളിച്ചു! കലക്കി കട്ടയടിച്ചു.''
ഞാന്‍ അത്ഭുതത്തോടെ നോക്കി.
''സാര്‍ ഡിഗ്രി കൂട്ടി. പഴയ സ്റ്റണ്ട്, മുത്തുച്ചിപ്പി ഗ്രേഡിലേക്ക് ഒരൊറ്റ ലീപ്പാ! ഇനി ഒന്നുമില്ലേലും ഒരു പോണ്‍ പൊയട്രി സൈറ്റ്  തുടങ്ങി കഞ്ഞികുടിക്കാം!'' അവള്‍ ചിരി നിര്‍ത്തി മൂര്‍ച്ചയോടെ നോക്കി, ''പോ പന്ന... മോനെ! പ്രണയം! നിനക്ക് ആ വാക്കിന്റെ അര്‍ത്ഥം എന്താന്നറിയുവോ?''
എനിക്ക് ചൊറിഞ്ഞു, ''ഇല്ല, മാഡം ഒന്നു പറഞ്ഞുതന്നാല്‍ ഉപകാരം! ഏതോ ഒരു തെണ്ടി കളിപ്പിച്ചിട്ടിട്ടു പോയതല്ലേ!''
അവള്‍ ഒരു നിമിഷം ഉലഞ്ഞുവെങ്കിലും, ഇടറുന്ന തൊണ്ടയില്‍ പറഞ്ഞു: ''നെഞ്ച് പറിഞ്ഞു മരിച്ചുപോകുന്നപോലെ തോന്നിയിട്ടുണ്ടോ. കരഞ്ഞു തകര്‍ന്നു വികാരങ്ങളറ്റ് ഇരുന്നിട്ടുണ്ടോ!''
ഞാന്‍ ''ഉവ്വ് ' എന്ന് ചാഞ്ചല്യമില്ലാതെ നുണ പറഞ്ഞു. അവള്‍ വിശ്വാസമില്ലാതെ തലയാട്ടി. 
തുളഞ്ഞിറങ്ങുന്ന നോട്ടത്തില്‍ എന്നെ ബന്ധിച്ചു തുടര്‍ന്നു: ''നിനക്ക് പ്രണയമെന്നത് ശരീരം മാത്രമാണ്. You Know. യഥാര്‍ത്ഥ പ്രണയികള്‍ പ്രണയത്തിന്റെ ഒരു പോയിന്റില്‍ കമിതാവിന്റെ മുഖം മറന്നുപോകും.''
ഞാന്‍ പൊട്ടിച്ചിരിച്ചു. ''മുഖം എപ്പോഴും മനസ്സില്‍ വരുന്നതല്ലേ പ്രണയം!''
''അല്ല... പ്രണയത്തില്‍ മുഴുകിനില്‍ക്കവേ ഒരു നൊടിയില്‍ അവന്റെ മുഖം പിടിതരാതെ തെന്നിമാറും ഉള്ളില്‍നിന്നും... പിന്നെ അതു കണ്ടെത്തും വരെ ഉള്ളില്‍ രക്തം പൊടിയും... കണ്ണനെ തേടുന്ന രാധയെപ്പറ്റി പറഞ്ഞത് കേട്ടിട്ടില്ലേ... പ്രണയത്തിന്റെ ആ ഉദാത്തഭാവം അറിയണമെങ്കില്‍ ഹൃദയം വേണം... മൃഗകാമം അല്ല. എന്തിനിങ്ങനെ കാള കളിച്ചു ജീവിക്കുന്നു. ആര്‍ക്കും പ്രയോജനമില്ലാതെ ... പോയി ചത്തൂടെ''. അവള്‍ പിന്നെയും ഒരു തെറിവാക്കു പറഞ്ഞു.
''And Yet...' ഞാന്‍ അര്‍ത്ഥം വെച്ച് നോക്കി. അവള്‍ കണ്ണട ഉയര്‍ത്തി കണ്ണ് തുടച്ചു. ഗ്ലാസ്സ് വാശി തീര്‍ക്കും പോലെ ആഞ്ഞുവലിച്ചു. 
''ശരിയാണ് തോറ്റുവീണു. എല്ലാ നല്ല പ്രണയികളും വിഷാദത്തിന്റെ കുരിശില്‍ തറക്കാന്‍ വിധിക്കപ്പെട്ടവര്‍. ബറാബാസുമാര്‍ മോചിതര്‍'' അവള്‍ പിടി ിടുന്നു എന്നു തോന്നി. വിങ്ങലിന്റെ ചീളുകള്‍ ബിയര്‍ മഗ്ഗില്‍ നുരപൊന്തിയ പത കണക്കെ മെല്ലെ പിന്‍വാങ്ങി അമര്‍ന്നു.
 *****

ഇന്നു ഹാളില്‍നിന്നും വരുന്ന കരച്ചിലിന് ശക്തി കൂടിയിരിക്കുന്നു. അങ്കിളിന്റെ വലിയ ഏങ്ങലടികളില്‍ എനിക്ക് ദുഃഖം തോന്നി. നെടുമ്പാതയില്‍ ചീറിയ ടയറുകള്‍ക്കിടയില്‍ ഞെരിഞ്ഞുതീര്‍ന്നത് എത്ര സ്വപ്നങ്ങള്‍! ചേട്ടത്തി വന്നു പറഞ്ഞു: ''സുധീഷേ, ഒന്നു നോക്ക് മോനെ. ലോറന്‍സ് അങ്കിള്‍ ഇന്നിത്തിരി ഓവറാ. ചേട്ടന് ഒറ്റയ്ക്ക് പറ്റുമെന്നു തോന്നുന്നില്ല. നിന്നെ കണ്ടാ ഇത്തിരി ആശ്വാസം ആവും. ചെല്ല്...'' 
ഞാന്‍ ഹാളിലേക്ക് നടന്നു. അങ്കിള്‍ എന്നെ കണ്ടതും അടുത്തേയ്ക്ക് വിളിച്ചു: ''ബാ, നിന്നെ കാണുന്നത് എന്റെ മെജോയെ കാണുന്ന പോലാ, ബാ'' എന്നു പറഞ്ഞു കുറേനേരം കെട്ടിപ്പിടിച്ചിരുന്നു. ഞാന്‍ ഇരുന്നുകൊടുത്തു. പാവം. തേങ്ങിക്കൊണ്ടിരുന്നു . 
പിന്നെ വാക്കുകള്‍ കേട്ടു, ''സുരേഷ്, നിങ്ങള്‍ എത്ര ഭാഗ്യവാന്‍. മിടുക്കന്മാരായ രണ്ടു മക്കള്‍. ഇരട്ടപ്പിള്ളേര്‍. ഞാന്‍ ആയിരുന്നെങ്കില്‍ അവരെ ബോര്‍ഡിങ്ങില്‍ വിടില്ലായിരുന്നു. എന്ത് പറഞ്ഞാലും ബൈക്ക് വാങ്ങി കൊടുക്കല്ലേ! പിന്നെ മകനെപ്പോലെ ഒരനിയന്‍ അടുത്ത് തന്നെ. എനിക്കാരുണ്ട്! എനിക്കിനിയും ആഗ്രഹം ഉണ്ട്. ഒരു കുട്ടിയാവാന്‍. അവള്‍... അവള്‍ മറ്റേതോ ലോകത്താണ്... അവന്‍ അവനാരായാലും കണ്ടുപിടിക്കണം... കൊന്നുകളയണം!''
ഞാന്‍ പിടികിട്ടാതെ ചേട്ടനെ നോക്കി. ചേട്ടന്‍ ഒന്നുമറിയാത്തപോലെ മുഖം മാറ്റി. 
''നീ അകത്തു പോ'', എന്നോട് ചേട്ടന്‍ പറഞ്ഞു. ബിയാട്രിസ് ആന്റി മെജോയുടെ വിയോഗശേഷം കുറേക്കാലം ഒരു മഞ്ഞുകട്ടയ്ക്കകത്തായിരുന്നു. ഒരു വികാരവും ഇല്ലാതെ, ശൂന്യതയില്‍ തറഞ്ഞുനില്‍ക്കുന്ന ഒരു നോട്ടവുമായി. ഡിപ്രഷന് ഒരു സൈക്കോ ക്ലിനിക്കില്‍ കഴിയേണ്ടിവന്നു. ഇയ്യിടെ ആണ് അവരുടെ മുഖത്തു ഒരു ചിരി കണ്ടത്. 


''അവള്‍'', അങ്കിള്‍ പറയുമ്പോള്‍ വാക്കുകള്‍ ചില്ലുഗ്ലാസ്സിലെ ഐസ്‌കട്ടപോലെ വഴുതുന്നുണ്ടായിരുന്നു, ''അവള്‍ക്കു വന്ന മാറ്റം ശ്രദ്ധിച്ചില്ലേ... അവള്‍ വീണ്ടും പഴയ സുന്ദരി ആയിരിക്കുന്നു. ഒക്കെയും മറന്നല്ലോ എന്നു ഞാന്‍ ആഹ്ലാദിച്ചു. അടുക്കാന്‍ പഴുതായല്ലോ എന്നാശ്വസിച്ചു. ആ വാട്സ്ആപ് മെസ്സേജിലെ ഉമ്മകള്‍ കാണും വരെ ഒന്നും മനസ്സിലാകുന്നുണ്ടായില്ല... ഏതു തന്തയ്ക്കു പിറക്കാത്തവനാണവന്‍. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ...''
''സുധീഷേ, നീ ചെല്ല്'', ചേട്ടന്‍ ഓര്‍മ്മിപ്പിച്ചു.
''വേണ്ട, അവനറിയട്ടെ, അവന്‍ കുട്ടിയല്ല, അവനറിയുമ്പോ അത് മെജോയും അറിയുന്നുണ്ട്.'' ശബ്ദം തുളുമ്പി. അങ്കിള്‍ എന്നെ നിറഞ്ഞ കണ്ണുകളിലൂടെ നോക്കി. ''കേട്ടോ മോനെ നിന്റെ ബിയാട്രിസ് ആന്റിക്ക് ഒരു അഫയര്‍! ഏതോ പന്നനും ആയിട്ട്. കാലി ചെക്കന്മാരിട്ടു കളിക്കുന്ന ഉമ്മയിട്ട് വാട്സാപ്പില്‍ സല്ലാപം!'' 
ചേട്ടന്‍ ഇടപെട്ടു, ''ഉം... മതി... അതൊക്കെ വെറും സംശയം ആവും... ലോറന്‍സേട്ടന്റെ തോന്നലാവും... ചേച്ചി അങ്ങനെ...''
അതു മുറിച്ചുകൊണ്ട് അങ്കിള്‍ അലറി, 'No... No... I Am Not A Dumb Dullard... എനിക്കീ കടി കാണുമ്പോള്‍ മനസ്സിലാവും. എന്തുകൊണ്ട് വീണ്ടും അവളുടെ കവിളില്‍ മിനുപ്പ് വന്നു... ചുണ്ടില്‍ ലിപ്സ്റ്റിക് തുടിപ്പ്? ശ്രദ്ധിച്ചിട്ടുണ്ടോ... ഇയ്യിടെ അവള്‍ പാദസരം ഇട്ടു... ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എന്നു ഞാന്‍ കരുതി... ജീവിതത്തിലേക്ക്  തന്നെ... വഞ്ചനയിലേക്ക്...''
ചേട്ടന്‍ അങ്കിളിന്റെ തോളില്‍ കൈയിട്ടു, ''നോക്ക് ഇതൊക്കെ നമ്മുടെ Guess അല്ലെ... വെറും തോന്നലുകളാവും... ചേച്ചി അങ്ങനെ... എനിക്കത് വിശ്വസിക്കാന്‍ ആവില്ല.''
അങ്കിളിന്റെ കരച്ചിലിനിടയില്‍ ശബ്ദം കേട്ടു, 'Never Trust These Lady Folk... ചതിക്കും... നിങ്ങള്‍ക്ക് നേരെ ചിരിച്ചുകൊണ്ട് ജാരനുമായി രഹസ്യവേഴ്ചയ്ക്കിറങ്ങും!'' 
എനിക്ക് വിഷമം തോന്നി. ആ രഹസ്യക്കാരനെ കയ്യില്‍ കിട്ടിയാല്‍ ചതയ്ക്കാന്‍ ഉള്ള അരിശവും.
****
ഏറെക്കാലം കൂടി അന്നെനിക്ക് ഓഫീസില്‍ നല്ല ദിവസം ആയിരുന്നു. ഞാന്‍ നിര്‍ദ്ദേശിച്ച ഒരു ക്യാപ്ഷന്‍ ഒരു മള്‍ട്ടി നാഷണല്‍ ബേബി കെയര്‍ കമ്പനിയുടെ ടാഗ് ലൈന്‍ ആയി സ്വീകരിച്ചു. 'The First Child Is The Continuation Of The Last Doll' ഹ്യൂഗോയുടെ പാവങ്ങളിലെ വരി. വിക്ടര്‍ ഹ്യൂഗോ എന്ന പേര് വരുമ്പോള്‍ത്തന്നെ ആ ഉല്പന്നത്തിന് കൈവരുന്ന അന്തസ്സ് മനസ്സിലാക്കിയ കമ്പനിക്കാര്‍ ഒറ്റയടിക്ക് സ്വീകരിക്കുക ആയിരുന്നു. 
വാസ്തവത്തില്‍ പരസ്യച്ചിത്രങ്ങളുടെ പ്രവര്‍ത്തകര്‍ ടാഗ് ലൈന്‍ പരിപാടിക്ക് നില്‍ക്കില്ല. പിന്നെ എല്ലാ പ്രോഡക്ടുകളുടേയും ടാഗ് ലൈന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് മാനേജ്മെന്റിന്റെ മെയില്‍ വരും. സാധാരണ ശ്രദ്ധിക്കാറില്ല. ഇത്തവണ ഏതായാലും കാര്യം ഏറ്റു. 
ഉടന്‍ തന്നെ സുദേഷ്ണയുടെ ഫോണ്‍ വന്നു, ''എടാ കുലദ്രോഹി കഞ്ഞികുടി മുട്ടിക്കുമല്ലോടാ. നീ പോരുന്നോ കോപ്പിറൈറ്റിംഗ് ഡെസ്‌കില്‍? വൈകിട്ട് എനിക്ക് ചായേം പരിപ്പ് വടേം വാങ്ങി തരണം.'' 
സായാഹ്നമേഘങ്ങള്‍ക്കു കീഴിലെ തുറന്ന കാപ്പിക്കടയില്‍ വെച്ച്  അവളെന്റെ കവിളില്‍ ഉമ്മ തന്നു. ''ഉഗ്രന്‍! ഇത്രയൊക്കെ വെടിമരുന്നുണ്ടെന്നു കരുതിയില്ല'', അവളുടെ ആദ്യ തുറന്ന അഭിനന്ദനം ആയതുകൊണ്ട് ഞാന്‍ അത്ഭുതം പ്രകടമാക്കി.

''ഇത് നീ ശരിക്കും ലെസ് മിസ്രെബിള്‍സ് വായിച്ചു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാ. ഒരു ഗൂഗിളിലും സേര്‍ച്ച് എന്‍ജിനിലും ഉള്ള ഹ്യൂഗോ ഉദ്ധരണികളില്‍ അതില്ല. Hats ഓഫ് പയ്യന്‍സ്!''
ഞാന്‍ അതിന്റെ പൂര്‍ണ്ണരൂപം ഓര്‍മ്മയില്‍നിന്നും പറഞ്ഞു: 'A Doll Is One Of The Most Imperious Wants, And At The Same Time, One Of The Most Delicious Instincts Of Feminine Childhood.The First Child Is The Continuation Of The Last Doll.'
അതില്‍ കുളിര്‍ന്നെന്നപോലെ സുദേഷ്ണ പറഞ്ഞു: 'True, So True! ഒരമ്മയുടെ ആദ്യ കനി അവസാനത്തെ പാവയുടെ തുടര്‍ച്ചയാണ്.''
പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞു. അവളത് ശ്രദ്ധിച്ചു. അടുത്തേക്ക് നീങ്ങി തോളില്‍ കയ്യിട്ടു, ''അമ്മയെ ഓര്‍ത്തോ...?''
ഞാന്‍ കവിയുന്ന കണ്ണുകള്‍ മറച്ചു പറഞ്ഞു: ''ഓര്‍മ്മ വേണ്ടേ. രണ്ടു വയസ്സില്‍ എന്തോര്‍മ്മ! ഒരു മണം മാത്രമാണ്  ''അമ്മ... പരിശുദ്ധിയുടെ മണം!''
അവള്‍ നനഞ്ഞ ഒരു ചിരിയില്‍ പറഞ്ഞു: ''ഈ ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ പ്രണയം ആണത്... അമ്മയ്ക്ക് കുഞ്ഞിനോടുള്ളത്.''
പിന്നെ തുടര്‍ന്നു, ''എല്ലാം നമ്മുടെ തോന്നലുകള്‍ മാത്രമല്ല സുധി, നമുക്ക് പിടിയില്ലാത്ത എന്തോ ചിലതൊക്കെ ഉണ്ട്. നീ Mirror Neurons-നെപ്പറ്റി കേട്ടിട്ടുണ്ടോ. വി.എസ്. രാമചന്ദ്രന്റെ പുസ്തകത്തില്‍ അതേപ്പറ്റി പറയുന്നുണ്ട്. കൈ നഷ്ടപ്പെട്ട ആള്‍ക്ക് തന്റെ മുറിഞ്ഞുപോയ കയ്യുടെ ഭാഗം ചൊറിയുന്നു, വേദനിക്കുന്നു. ആ അദൃശ്യ അലോസരത്തിനു എങ്ങനെ പരിഹാരം കാണും? കാണാന്‍ സാധിക്കും എന്ന് അദ്ദേഹം പരീക്ഷണങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു. മുഖപേശികളില്‍ ഒരു പ്രത്യേക ഭാഗത്തു തലോടുമ്പോള്‍ ആ Phantom Limb-ന്റെ ചൊറിച്ചില്‍ മാറുന്നു. ന്യൂറോളജിയുടെ പുതിയൊരു കുതിപ്പാണത്.

അപ്പോള്‍ അദൃശ്യതയിലും എന്തൊക്കെയോ സംഭവിക്കുന്നു. നമുക്ക് ഗോചരമല്ലാത്തതൊക്കെ , ഇല്ലാത്തത് എന്നുറപ്പിക്കാന്‍ ആവില്ല. വിനോബാജി പണ്ട് എഴുതിയത് വായിച്ചിട്ടുണ്ട്. വിജനമായ കടല്‍ത്തീരങ്ങളില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ തന്റെ അടുത്ത് വന്നുനിന്ന് ചൊടിപ്പിക്കാന്‍ നോക്കുന്ന രൂപമില്ലാത്ത ആത്മാക്കളെപ്പറ്റി. ഏതൊക്കെയോ കപ്പല്‍ ഛേദങ്ങളില്‍, ആത്മഹത്യകളില്‍ പൊലിഞ്ഞ ആത്മാക്കള്‍. ഒരര്‍ത്ഥത്തില്‍ ഈ Mirror Neurons തന്നെയാവും അതും. ശുദ്ധ മനസ്സുകള്‍ക്ക് മുന്നില്‍ അവ സുതാര്യമാകുന്നു. പ്രേതം എന്നൊക്കെ അറിവില്ലാതെ നമ്മള്‍ അവയെ വിളിക്കുന്നു.'' സുദേഷ്ണ എന്റെ മനസ്സും വിഷയവും മാറ്റാന്‍ മനഃപൂര്‍വ്വം സംസാരം വഴി തിരിച്ചതാണെന്നു മനസ്സിലായി. 

പക്ഷേ, അപ്പോഴേയ്ക്കും എന്നെ എല്ലാ ചിന്തകളില്‍നിന്നും പറിച്ചുമാറ്റിക്കൊണ്ട് സമീറയുടെ ആദ്യത്തെ വിപല്‍സന്ദേശം, കടലുകള്‍ താണ്ടി എത്തി, ''സിം എത്രയും പെട്ടെന്ന് മാറ്റിക്കോ... അങ്ങേര്‍ക്കു സംശയം തുടങ്ങി!''
സിം മാറ്റിയ രണ്ടു ദിവസങ്ങള്‍ക്കു അനങ്ങാന്‍ പോയില്ല. എനിക്ക് ചെറുതായി പേടി തുടങ്ങിയിരുന്നു. പിന്നെ കമ്പനി നടത്തിയ ഒരു ഔദ്യോഗിക വിരുന്നിലെ, സിംഗിള്‍ malt വിസ്‌കിയുടെ ആത്മബലത്തില്‍ പുതിയ സിം വാങ്ങിയിട്ടു. പിന്നെയും സന്ദേശങ്ങള്‍ ഒഴുകി.
''എന്റെ ചുണ്ടുകള്‍ നിന്റേതിന് മേല്‍ മധുമക്ഷിക ആയി
നാവുകള്‍ കൂട്ടിപ്പിണഞ്ഞു പുളഞ്ഞു
ഏതോ രാസസാഗര മൂര്‍ച്ഛ കടഞ്ഞു.''
രാത്രികളില്‍ ഞങ്ങള്‍ കടലിനക്കരെയിക്കരെ ഇരുന്നു വാക്കുകളിലൂടെ, കൊച്ചുവര്‍ത്തമാനങ്ങളിലൂടെ  സുരതം നടത്തി. 
പിന്നെയും രണ്ടു നാളുകള്‍ക്കുശേഷം സമീറയുടെ സന്ദേശം, ''സൂക്ഷിച്ച്... വീണ്ടും സംശയം തുടങ്ങി!'' ഞാന്‍ വീണ്ടും സിം മാറ്റി.
****
സ്വീകരണമുറിയില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറിയിരിക്കുന്നു. ഇന്ന് അങ്കിളിനൊപ്പം നെടുങ്ങാടി മാമയും ഉണ്ട്. ഏറ്റവും ഉറച്ചു കേള്‍ക്കുന്നത് മാമയുടെ ശബ്ദമാണ്. അതാണ് പ്രകൃതം. തെറ്റിയാല്‍ തല്ലും.  ''ലോറന്‍സ്, എനിക്ക് വിട്ടു താ. ആ ചെക്കന്റെ അടപ്പു തെറിപ്പിക്കണത് കാട്ടിത്തരാം. ഹൈ ഇങ്ങനേമുണ്ടോ തോന്ന്യാസം! ഇവന്‍ എവിടെയാന്നാ ആ സൈബറുകാരന്‍ പറഞ്ഞേ?''
''ആ നീലഗിരി ഏരിയയിലാണ് സ്പോട്ട് ചെയ്തത്. കൂനൂര്‍ ഊട്ടി ഭാഗത്താവും. വല്ല ടൂറിസ്റ്റ് ഗൈഡോ റിസോര്‍ട്ട് തോഴിലാളിയോ ഒക്കെയാവും. വിളിച്ചു നന്നായി ഒന്നു വിരട്ടി വിട്ടാ മതിയെന്നേ. ചേച്ചി അറിയണ്ട.'' ചേട്ടന് അത് വലുതാക്കണ്ട എന്നൊരു തോന്നല്‍ ഉള്ളത് പോലെ. 


''വേണ്ട വേണ്ട അവളറിയുന്നില്ല. മുന്‍പ് ഒരു ഡിപ്രഷന്‍ അടിച്ചതറിയാമല്ലോ.''
''ചുമ്മാ വിരട്ടിയതോണ്ടാവില്ല. മുള്ളിനെ ഇലയില്‍ വീഴാന്‍ഡെ അങ്ങട് എടുത്തു കളയ്യാ. കളയും മുന്‍പ് ഒന്നങ്ങട് ഒടിക്യാ... അല്ല അതിനു പറ്റിയവര് മ്മടെ കൈയിലുണ്ടെ!'' നെടുങ്ങാടി മാമന്റെ ആവേശംകൊണ്ട അരിശം.
''അവിടം വരെ പോണോ... അത്രക്കൊക്കെ സീരിയസ് ആക്കണോ!'' ചേട്ടന് സമാധാനത്തിന്റെ പാതയാണ് ഇഷ്ടം.
''വേണം... ഇനി അവനെ നുളയാന്‍ വിടരുത്. ചെന്നടി കൊടുക്കണം'' ലോറന്‍സ് അങ്കിളിന്റെ കലി.
''അല്ലെങ്കില്‍ നമ്മള്‍ മൂക്കിന് താഴെ മീശയും വെച്ച് നടക്കണതില്‍ കാര്യമില്ല'' വീണ്ടും മാമയുടെ കള്ളില്‍ കലങ്ങി ഉയരുന്ന ശബ്ദം. ''ഒക്കെ ശെരിയാക്കാം. ചങ്കരാംബി ഇണ്ടല്ലോ അവിടെ... കാരമട. ഈ ചെക്കന്റെ ലൊക്കേഷന്‍ കൃത്യമറിഞ്ഞാല്‍ അടുത്ത ദിവസം പോണു. റെഡി ആയി ഇരുന്നോളൂ. വണ്ടിയൊക്കെ ഏര്‍പ്പാടാക്കി.'' 
ഒരു യുദ്ധത്തിന്റെ പടഹശംഖൊലി മുഴങ്ങുന്നു. മറ്റൊരു ഒളിപ്പോരിന്റെ ആയുധം എനിക്ക് നേരെ നീളുന്നുണ്ടോ! 
****
പിറ്റേന്ന് ഉച്ചയ്ക്ക് എന്റെ ഫോണില്‍ അവളുടെ നമ്പറില്‍നിന്നും വിളി വന്നു. ഞാന്‍ ഫോണെടുത്തു. അപ്പുറത്തുനിന്നും മുഴങ്ങുന്ന പരുഷശബ്ദം, ''ഹലോ.'' ഞാന്‍ മിണ്ടിയില്ല. എവിടെയോ കേട്ടത്? പെട്ടെന്ന് ഫോണിലെ സിം മാറ്റി. പരിചയക്കാരന്‍ കടക്കാരനില്‍നിന്നും കൂടുതല്‍ കാശു കൊടുത്തു മറ്റൊരു പേരില്‍ സിം വാങ്ങി. 
വീട്ടിലെ മറ്റൊരു രാത്രിയില്‍, ചേട്ടന്റെ സംഘത്തില്‍നിന്നും മാമയുടെ ശബ്ദം, ''പെട! പെട തന്നെ ശരണം... പിടിച്ചങ്ങട് പൂശുക. അല്ലാണ്ടെന്താ... ആ ലൊക്കേഷന്‍ ഒബ്സര്‍വ്വ് ചെയ്യാന്‍ ചങ്കരാംബി ആളെ വിട്ടിട്ടിണ്ട്. ആ റേഡിയസ് വിട്ട് ആള് പൂവില്യ... അതൊക്കെ സൈബര്‍ വഴി പിടിക്കിന്‍ഡ്. എന്താ സംഗതീച്ചാ, ആ ചെക്കന്‍ ഇങ്ങനെ ഓടിക്കൊണ്ടിരിക്യാ... ഒരു ഭാഗത്തു ഉറക്കിണില്യ... ഇന്ന് ഊട്ടി എങ്കില്‍ നാളെ കൂനൂര്‍, മറ്റന്നാ ഗൂഡല്ലൂര്‍, ഇനിയൊരു ദൂസം കോത്തഗിരി.''
ഞാനോര്‍ത്തു മുന്‍പൊരു പരസ്യം പിടിക്കാന്‍ കോത്തഗിരിയിലെ കാതറീന വെള്ളച്ചാട്ടത്തിനടുത്തു പോയ അനുഭവം. കോട കാരണം കണ്ണ് കാണാതെ കൊക്കരണിയിലേക്കു വീണുപോകുമായിരുന്ന സംവിധായകന്‍ മൂപ്പിലാനെ ജീവന്‍ പണയം വെച്ചാണ് ഞങ്ങളൊക്കെ ചേര്‍ന്നു പിടിച്ചുപൊക്കിയത്. ആ ആഭാസന് അതിന്റെ ഒരു സ്മരണയുമില്ല! ചെറുതായി ഭയം തുടങ്ങി... ഇതുപോലെ എനിക്കെതിരെയും എവിടെയോ ഒരു ഒളി നിരീക്ഷണവും പിന്തുടരലും നടക്കുന്നുണ്ടാവും.
പിറ്റേന്നു വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍ ഒരു നീല സ്‌കോഡ കാറിലിരുന്ന്, ഒരു കറുത്ത കണ്ണടക്കാരന്‍ എന്നെത്തന്നെ നോക്കി. കടന്നുപോയിട്ടും അയാള്‍ റെയര്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കുന്നുണ്ടെന്നു ബോധ്യമായി. അവളുടെ കെട്ടിയോന്‍ എന്നെ നിരീക്ഷിക്കാന്‍ പറഞ്ഞയച്ച 'ചങ്കരാംബി' ആവുമോ കണ്ണടക്കാരന്‍! നെഞ്ചോന്നാളി. പക്ഷേ, സന്ദേശങ്ങള്‍ ആരെയും ഭയക്കാതെ പരസ്പരം ഒഴുകി.
പുതിയ കുറിപ്പടികളിലെ പ്രണയോഷ്ണരശ്മി കണ്ട് സുദേഷ്ണ പിന്നെയും തെറി പറഞ്ഞു. ''എന്ത് പ്രണയമാടാ നിന്റെയൊക്കെ... വെറും മാംസബദ്ധം... അവള്‍ക്കു കയ്യോ കാലോ ഇല്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ നഷ്ടമായാല്‍ അല്ലെങ്കില്‍ മാറിടം ഇടിഞ്ഞാല്‍, അപ്പോഴും നിനക്ക് അവളെ ഇഷ്ടമുണ്ടാകുമോ ?'' ഈ കൊനഷ്ടു പിടിച്ച പെണ്ണിന് ഇങ്ങനത്തെ ചോദ്യങ്ങളെ ഒള്ളോ എന്നോര്‍ത്ത്, ഒരു നിശ്ചയവുമില്ലാതെ ഞാന്‍ മറുപടി കൊടുത്തു, ''നിശ്ചയമായും.''
''എനിക്ക് നിന്നെ വിശ്വാസമില്ല'' എന്നവള്‍ ദാക്ഷിണ്യമില്ലാതെ പറഞ്ഞു. 
അപ്പോള്‍ സമീറയുടെ നമ്പറില്‍നിന്നും റിങ് അടിച്ചു. ഞാന്‍ പതുക്കെ ചെവിയില്‍ ചേര്‍ത്തപ്പോള്‍ ആ മുഴങ്ങുന്ന പരുഷ ശബ്ദം, ''മിസ്റ്റര്‍ സുധി?'' ഒന്നും മിണ്ടാതെ അതു മാറ്റിപ്പിടിച്ചു. പിന്നെ മൗത് പീസ് പൊത്തി, ''രക്ഷിക്ക്, അവളുടെ കാലമ്മാഡന്‍'' എന്ന് സുദേഷ്ണയോട് പറഞ്ഞു. 
അവള്‍ ഫോണ്‍ വാങ്ങി, ''യെസ്, സുദേഷ്ണ ഹിയര്‍'' എന്നു പറഞ്ഞൊരു വശത്തേയ്ക്ക് നടന്നു. ഒറ്റക്കായപ്പോള്‍, ഫോണിലൂടെ കേട്ട ശബ്ദത്തിന് നെടുങ്ങാടി മാമയുടെ ശബ്ദത്തോടുള്ള സാമ്യം ഓര്‍ത്തു. കാവലാളുകള്‍ക്കൊക്കെ ഒരേ സ്വരം ആകുമോ! 
എന്റെ ചിന്തയ്ക്ക് തടസ്സമിട്ടുകൊണ്ട് അവള്‍ മടങ്ങിയെത്തി ഫോണ്‍ എനിക്ക് നേരെ ''ക്യാച്'' എന്നു പറഞ്ഞറിഞ്ഞു തന്നു. ''ഹൗ, എന്റെ കുട്ടി തടിയെടുത്തു!''
''എന്തായി'' എന്നു ചോദിച്ചപ്പോള്‍, ''എന്റെ പേരും Sude ആയതു  നല്ല കാലം! നിന്റെ ആ പൊട്ടിക്കാമുകി ആ പേരിലാ നമ്പര്‍ ഇട്ടുവെച്ചേക്കുന്നേ. പിന്നെ ഫേസ് ബുക്ക് ഫ്രണ്ട് ആണെന്നും ഇണപിരിയാ ചങ്ങാതിമാരാണെന്നും ഒക്കെ പറഞ്ഞു. അയാള്‍ വിശ്വസിച്ചോ എന്നറിയില്ല. തല്‍ക്കാലം സേഫ് ആണ്. നമ്മളെ കൊണ്ടാവുന്നത് ചെയ്തു!'' അവളുടെ മുഖത്തു ഒരു ചിരി ഒളിച്ചു കളിച്ചത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു. 
ആശ്വസിച്ചു, ഇനി ഒന്ന് കരുതലോടെ കളിച്ചാല്‍, ധൈര്യമായി മെസ്സേജുകള്‍ ഇടാം. 
അന്നത്തെ മെസ്സേജുകളില്‍ അവള്‍ ഇദ്ധരാഗയായി പുളഞ്ഞു. ഏഴാം സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തുന്ന രതിയുടെ പടവുകളെപ്പറ്റി ഞാന്‍ വാചാലനായി. സ്ഥിരരാഗ ലോലകളായ രാവുകളില്‍  അവള്‍ക്കു പാട്ടുപാടി സന്ദേശമയച്ചു, ''ഏതോ ജന്മ കല്പനയില്‍, ഏതോ ജന്മ വീഥികളില്‍നിന്നും നീ വന്നു!''
അടുത്ത ദിവസം ഓഫീസിനടുത്ത് ആ നീല സ്‌കോഡ വീണ്ടും കണ്ടു. അടുത്തെത്തിയപ്പോള്‍ ഡോര്‍ തുറന്ന് ആ കറുത്ത കണ്ണടക്കാരന്‍ ഇറങ്ങി എനിക്ക് നേരെ ചിരിച്ചു. ഒരു ആറര അടി പൊക്കക്കാരന്‍. ഇത്രയും ഉയരം ഇയാള്‍ക്കുണ്ടാവുമെന്നു കരുതിയില്ല. അയാള്‍ കൈ നീട്ടി. ആ പെരുത്ത കൈക്കുള്ളില്‍ എന്റേത് വല്ലാതെ കുഞ്ഞായി വിറപൂണ്ടൊതുങ്ങി, ''നമ്മള്‍ തമ്മില്‍ ഒന്ന് രണ്ടു തവണ കണ്ടു, ഈയിടെ അല്ലേ!'' ശബ്ദത്തിനുള്ളില്‍ ഒരു കത്തിമുനയുടെ പാളല്‍ വെറുതെ തോന്നി, എന്തോ ഒന്നു പ്രത്യുച്ചരിച്ചു. അയാള്‍ ശബ്ദമില്ലാതെ ചിരിച്ചു. ''സുഖീവ് അല്ലെ..?''
''അല്ല സുധീഷ്. എനിക്ക് പരിചയമില്ല''
''പക്ഷേ, എനിക്ക് എവിടെയോ കണ്ട... ക്രിസാന്തമെംസില്‍... വര്‍ക്ക് ചെയ്തിട്ടുണ്ടോ... ആഡ് ഫേമില്‍?'' ശബ്ദമില്ലാത്ത ചിരി.
''ഇല്ല, ഞാന്‍ പെറ്റല്‍സ് ഗ്രൂപ്പില്‍ ആണ്.''
''അപ്പൊ എവിടെയാ കണ്ടത്..? ജോര്‍ജിയെ പരിചയമുണ്ടോ? ഇപ്പൊ സ്റ്റേറ്റ്സില്‍ ഉള്ള?'' കട്ടിക്കണ്ണടയ്ക്കു പിന്നിലെ കൃഷ്ണമണികള്‍ ഒട്ടുമേ കാണുന്നില്ല.
ഞാന്‍ ''ഇല്ല'' പറഞ്ഞു.
''സോറി മെയ് ബി ഇന്‍ അവര്‍ പ്രീവിയസ് ബര്‍ത്ത്... ഏതോ ജന്മ കല്പനയില്‍ ആവും അല്ലേ?'' എന്നു പറഞ്ഞയാള്‍ കാറിലേയ്ക്ക് ശബ്ദമില്ലാത്ത ചിരിയോടെ കയറുന്നത് ഞാന്‍ വെറുങ്ങലിപ്പോടെ നോക്കിനിന്നു...
സമീറയോട് നടന്ന സംഭവം വോയിസ് മെസ്സേജില്‍ ഇട്ടു. ജോര്‍ജിയെ അറിയുമോ എന്നു ചോദിച്ച കാര്യവും പറഞ്ഞു. ''അങ്ങേരുടെ ശരിക്കുള്ള പേര് ജോര്‍ജ് മാത്യു എന്നാ. ജോര്‍ജി എന്ന് ആരും വിളിച്ചു കേട്ടിട്ടില്ല... ഇനി ആരെങ്കിലും...'' 
എന്റെ നെഞ്ചിടിപ്പേറി. ഞാന്‍ നിരീക്ഷണ വലയത്തിലാണ്. അദൃശ്യമായ കണ്ണുകളുടെ വല എനിക്ക് ചുറ്റും വിരിയുന്നു. ഭയന്ന് സുദേഷ്ണയെ വിളിച്ചു.  നേരില്‍ കണ്ടു. സമീറയുടെ  കോളുകള്‍ രണ്ടു ദിവസത്തേയ്ക്ക് അവളുടെ നമ്പറിലേയ്ക്ക് കാള്‍ ഫോര്‍വേഡ് ചെയ്യുക ആണെന്നു പറഞ്ഞപ്പോള്‍ സമ്മതം മൂളിക്കൊണ്ട് അവള്‍ ചീത്തവിളിച്ചു, ''ഇതാണോ, പ്രണയ ധീരന്‍! എന്തു കോപ്പിലെ പ്രേമമാടാ നിന്റെയൊക്കെ! ഏതോ അറിയാത്തൊരുത്തന്‍ ഒരു പേര് പറഞ്ഞപ്പഴത്തേയ്ക്ക് ഗ്യാസ് പോയി... നീ ചുമ്മാ ചിന്തിച്ചു കൂട്ടുന്നതായിരിക്കും . Coincidence!' 
തല്‍ക്കാലം എങ്ങോട്ടെങ്കിലും മാറിയേ പറ്റൂ. 
ഞാന്‍ സമാനമായ മറ്റേ അന്വേഷണത്തെപ്പറ്റി പറഞ്ഞു.
''ഒരു കാര്യം ചെയ്യ്. ആ സ്‌ക്വാഡ് ഗ്രൂപ്പിന്റെ കൂടെ ഇയ്യാളങ് വിട്ടോ. ഊട്ടിക്കോ, കോത്താഴത്തോ. കുറച്ചു ദിവസം ലീവ് എടുത്ത് മാറിക്കോ. നീ ശരിക്കും പേടിച്ചിട്ടുണ്ട്.'' അവള്‍ എന്നെ ഇരുത്തിയൊന്നു നോക്കി .
''ഉണ്ട്. പേടിയുണ്ട്'' ഞാന്‍ സമ്മതിച്ചു.
ബില്ല് കൊടുത്തു എണീക്കുമ്പോള്‍ അവള്‍ പിറുപിറുത്തു. ''ഹും  ഒരു ഊത്ത കാമുകനും ഓഞ്ഞ കാമുകീം.''
 *****
കോയമ്പത്തൂര്‍ കാരമട റൂട്ടിലെ തകരപ്പാട്ട മേലാവിട്ട ടാസ്മാക് എന്ന തുറന്ന കള്ളുകടയില്‍ നെടുങ്ങാടി മാമ എല്ലാര്‍ക്കും ഓര്‍ഡര്‍ കൊടുത്തു. രാക്കാറ്റില്‍ നവംബറിന്റെ ശീതസൂചികള്‍. ഞാനൊരു ബിയര്‍ മൊത്തി ഇരുന്നു. ചങ്കരാംബി ഒരു കുറിയ തടിയനെ പരിചയപ്പെടുത്തി. ''മേട്ടുപ്പാളയം മാരി, നമ്മുടെ സ്വന്തം പയ്യന്‍.'' ശിശുവിന്റേതുപോലുള്ള മുഖത്തെ മേല്‍ച്ചുണ്ടിനു മേല്‍ ഒരു മീശപ്പൊടിപ്പ് അരിഷ്ടിച്ച് ഇഴഞ്ഞുനിന്നു. അവന്റെ മുഖത്തു വികാരമില്ലാത്ത ഒരു പതിഞ്ഞ ചിരി വിരിഞ്ഞു.
''മാമ, അവനെ വിടക്കൂടാത്.'' എന്നലറി.
മാരിയുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ടായില്ല സംസാരിച്ചപ്പോള്‍, ''ആള്‍ എങ്കേന്ന് സൊല്ല്...'' പിന്നെ പതിഞ്ഞ ശബ്ദത്തില്‍ ഒരു സൈലെന്‍സര്‍ തോക്കില്‍നിന്നും നിറയൊഴിഞ്ഞു വന്ന വെടിയുണ്ടപോലെ ഇത്രകൂടി, ''അവെ ഉയിരോടെ ഇരുക്കാല്ലെ.'' 
രാത്രി ചങ്കരാംബി ഒരുക്കിയ ഫാം ഹൗസില്‍. മാമയ്ക്കു ഇരുപ്പുറക്കുന്നുണ്ടായിരുന്നില്ല . ലോറന്‍സ് അങ്കിള്‍ സ്വന്തം ദുരവസ്ഥ പറഞ്ഞ് അപ്പുറത്തെ മുറിയിലിരുന്ന് കരഞ്ഞു. ഒരു പ്രായമായ മനുഷ്യന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൂടെ ഇരുന്നു.
ആരൊക്കെയോ അമര്‍ഷം തെറിയാക്കി. ''അവന്‍ റൂട്ട് മാറ്റി കളിച്ചുകൊണ്ടിരിക്കുന്നു, കുറച്ചു മുന്‍പ് ഈറോഡ്, അതിനു മുന്‍പ് ഗോപിചെട്ടിപ്പാളയം, ദാ ഇപ്പൊ ആരവേണി! ആ സൈബര്‍ ചങ്ങാതി പറഞ്ഞു. ആള്‍ ചില്ലറക്കാരനല്ല!'' മാമ ഒരു സ്‌ഫോടനത്തിന്റെ തുഞ്ചത്ത് ആണ്.
''നേരിട്ട് വിളിച്ചു ഇങ്ങോട്ടു വരുത്തിയാലോ!'' ആരോ നിര്‍ദ്ദേശിക്കുന്നു. ''അത് മണ്ടത്തരമാവും. അവന്‍ മുങ്ങും.'' ചങ്കരാംബി കടുത്ത. ചിന്തയില്‍. ചേട്ടന്‍  സംസാരിച്ചു: ''ഏതായാലും ഒന്നു വിളിച്ചു നോക്ക്. കാര്യം പറയണ്ട. എവിടെ ഉണ്ടെന്ന് അറിഞ്ഞാ മതി. എന്തെങ്കിലും അത്യാവശ്യം പറഞ്ഞവിടെ നിക്കാന്‍ പറയണം.'' 
അതില്‍ യുക്തി കണ്ട ചങ്കരാംബി ആ വഴി തുടങ്ങി. ''അവന്‍ ഫോണ്‍ എടുക്കുന്നില്ല സാര്‍... കള്ളന്‍... എന്തോ സൂചന കിട്ടിക്കാണും.''
''ശ്രമിച്ചുകൊണ്ടിരിക്കണം. ഏതു പാതിരാത്രിക്കും.''
വീണ്ടും, ആരൊക്കെയോ ശ്രമം തുടര്‍ന്നു. ''ഇപ്പൊ എന്‍ഗേജ്ഡ്. ആരോ സംസാരിക്കുന്നുണ്ട്.''
''അതവള്‍ തന്നെ ആവും. ഉമ്മ കൈമാറുകയാവും.'' ലോറന്‍സ് അങ്കിള്‍ അപ്പുറത്തെ മുറിയില്‍നിന്നും അലറി. ആരോ ബുദ്ധി ഉപദേശിച്ച് അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നു. 
ഉറക്കമില്ലാത്ത, ആളുകള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചിലര്‍ നിര്‍ത്താതെ മദ്യപിച്ചു. 
കളപ്പുരയിലെ തുറന്ന വാതിലിലൂടെ ക്യാബേജ് പാടങ്ങളില്‍നിന്നും തണുത്ത കാറ്റൂതി കയറി.
പുതപ്പിനുള്ളില്‍ ഒളിച്ചു കിടന്നു ഞാനവള്‍ക്കു സന്ദേശം വിട്ടു. ''ഈ എല്ലുതുളയ്ക്കുന്ന കുളിരില്‍ പുതപ്പിനുള്ളില്‍ നീയും ഒപ്പം ഉണ്ടായെങ്കില്‍. അടി മുതല്‍ മുടി വരെ. നിന്നെ മുഴുക്കനെ  ഉമ്മ, ഉമ്മ, ഉമ്മ എന്റെ പൊന്നെ!''
അതികാലത്തെ ഒരു ശബ്ദം ഉണര്‍ത്തി. ''വാ അവന്‍ ഫോണെയെടുത്തിട്ടാ. ഇപ്പോവേ കളമ്പലാം!''
ഞാന്‍ നോക്കുമ്പോള്‍ ഒരു യുദ്ധത്തിനിറങ്ങുന്ന ശിബിരം കണക്കെ  ഹാള്‍. ഒരാള്‍ ഒരു മിന്നുന്ന കഠാര തന്റെ മുണ്ടിനോട് ചേര്‍ത്തുകെട്ടിയ തോര്‍ത്തില്‍ ഞാത്തിയിട്ടു. മറ്റൊരാളുടെ അരയില്‍ സൈക്കിള്‍ ചെയിന്‍ കണ്ടു. മേട്ടുപ്പാളയം മാരി ഒന്നു മാത്രമേ ചെയ്തുള്ളൂ. തന്റെ മുഷ്ടിയില്‍ തവിട്ടു നിറമുള്ള ഒരു ലോഹപ്പട്ട കേറ്റിയിട്ടു. ആ വിരല്‍ച്ചട്ടയില്‍ സൂര്യന്‍ മിന്നി.
കോത്തഗിരിയിലാണ് ആളുള്ളത്. കുറേ മുന്‍പ് പോയതാണ്. ആ മുന്‍പരിചയം പറച്ചിലിന്റെ ബലത്തിലാണ് ഒപ്പം പോരാന്‍ മാമ സമ്മതിച്ചത്. ചേട്ടന് ഒട്ടും താല്പര്യം ഇല്ലായിരുന്നു. നീലഗിരിക്കുന്നുകളില്‍ പുലരി, മഞ്ഞില്‍നിന്നും ഉണരാന്‍ മടിച്ചു കണ്ണുചിമ്മി. പിന്നെയും പൂട്ടി. വെളിച്ചത്തിനും ഇരുട്ടിനുമിടയിലെ വളഞ്ഞവഴിയിലൂടെ രണ്ടു ജീപ്പുകളുടെ മഞ്ഞ ഹാലൊജന്‍ വെട്ടം മുന്നേറി.
മുന്‍പില്‍ ഇരുന്ന് ഫോണ്‍ വിളിച്ച ആള്‍ അത്ഭുതം പറയുന്നു. ''കാത്താലെ കൂപ്പിട്ടപ്പോത് യെന്ത കൂച്ചലുമില്ലാമെ സൊല്ലുറാന്‍. വാങ്ക സര്‍ വാങ്കണ്.'' പെരിയ ധൈര്യസാലിയായിരുപ്പാ പോലിരുക്ക്!''
''എപ്പിടിപെട്ടവെണ്ണ് തെരിയാതില്ലേ'' മറ്റൊരു ശബ്ദം..
''ആമ മുന്ന പിന്ന തെരിയാത ആളോടെ ഇന്ത നേരം കെട്ട നേരത്തിലെ... എതുക്കും കൊഞ്ചം യെച്ചരിക്കയാ ഇരിക്കണം.''
''അതെ വിടുഗണ്ണേ സോമ്പേരി പയ ഏതോ തണ്ണിയെ പോട്ട ബോധേലെ സൊല്ലീരുപ്പാ.''
കഴുത. അവനറിയുന്നില്ല, അവനെ കാത്തിരിക്കുന്നത്! 
അകലെ കുന്നിന്‍മടക്കുകളില്‍ കോടമഞ്ഞിറങ്ങി വലം വെച്ചു. 
ഞാന്‍ വാട്സാപ്പില്‍ വിരലോട്ടി, ''ഗിരി വടിവുകളില്‍, വിധുര വലാകകള്‍ പോല്‍ ഹിമധൂമം, അതിനിടയിലൂടെ ഊര്‍ന്നുവരുന്ന കനക ശലാക ആയി നിന്റെ ജ്വലിക്കുന്ന മുഖം സൂര്യനൊപ്പം ഞാന്‍ കാണുന്നു.''  
കടുത്ത ചുവപ്പു പുഷ്പങ്ങളേന്തിനിന്ന ഒരു മരത്തിനടുത്ത് തടാകത്തോളം വലുപ്പം തോന്നിച്ച ഒരു കുളത്തിന്റെ കരയിലെ ഒരു ഒറ്റമുറി കെട്ടിടത്തിന് മുന്നില്‍ വണ്ടികള്‍ മഞ്ഞില്‍ പുതഞ്ഞു ചെന്നിറങ്ങി.
അതുവരെ അനങ്ങാതിരുന്ന മാരി പെട്ടെന്നു മുന്‍ ജീപ്പില്‍നിന്നും വീടിന്റെ തുറന്നുകിടന്ന വാതിലിലൂടെ അകത്തേയ്ക്ക് പാഞ്ഞുകയറി. ഒപ്പം രണ്ടു അനുയായികളും. വഴിയില്‍ ഏറ്റവും പുറകില്‍നിന്നും കാരണവരും അങ്കിളും കയറിയ കാര്‍ അടുക്കും മുന്‍പ് അടി പൊട്ടി. ഏതോ രണ്ടു ചെറുപ്പക്കാര്‍ ഭയന്നുവിളിച്ചുകൊണ്ട് പുറത്തേയ്ക്കു പാഞ്ഞു. ഒരാളിന്റെ തല പൊട്ടിയിരുന്നു. ഞാന്‍ അകത്തു കടക്കുമ്പോള്‍ കേള്‍ക്കുന്നത് ചെന്നി പൊളിയുന്ന ഒരടിയാണ്. മാരിയുടെ കയ്യില്‍ ഒരു വാടിയ പൂങ്കുലപോലെ ഒരു ചെക്കന്‍ നിന്നാടിയിരുന്നു. അവന്റെ കണ്ണുകള്‍ അടിയേറ്റു തൂങ്ങിനിന്നു, ചുണ്ടുകള്‍ തിണര്‍ത്തു കിടന്നു. കോടിപ്പോയ വായില്‍നിന്നും ചോര ഇറ്റിവീണു. മാരി പതിഞ്ഞ ശബ്ദത്തില്‍ ആരാഞ്ഞു, ''ഇന്ത മെസ്സേജ് അമിച്ചത് നീ താനെ?''
അവന്‍ തളര്‍ച്ചയ്ക്കിടയില്‍ ആണയിടുംപോലെ തലയാട്ടി, ''ആമ'' അടി ആഞ്ഞു പൊട്ടി. വീഴാതെ താങ്ങിനിര്‍ത്തിയ അവനില്‍ പക്ഷേ, സങ്കോചമില്ല, സങ്കടമില്ല. എനിക്കവനോട് ആദരവ് തോന്നി. 
മാരി നിര്‍ജ്ജീവമായ ശബ്ദത്തില്‍ വീണ്ടും ചോദിച്ചു: ''ഇന്ത കിസ്സ് മെസ്സേജ് അമിച്ചതും നീ താനേ?''
അവന്‍ വീണ്ടും അടഞ്ഞുപോയ ഒറ്റക്കണ്ണിനിടയിലൂടെ നോക്കി തലയാട്ടി. ''ആമ.''
മാരി അടുത്തുനിന്ന ആളിന്റെ കയ്യിലെരിഞ്ഞുനിന്ന ചുരുട്ടെടുത്തു അവന്റെ ചുണ്ടില്‍ കുത്തി. അവനില്‍നിന്നും ഒരു നേരിയ നിലവിളി പൊന്തി.
''ഇനിമേ ഇപ്പിടി പണ്ണുവായാ?''
ഇത്തവണ എന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ വീണ്ടും വാശിയോടെ തലയാട്ടി. ''ആമ.''
മാമ കടന്നുവന്നു. ചങ്കരാംബി പിന്നാലെ. മാമ 'കര്‍മ്മം' പുലമ്പി  പിന്നെ ചങ്കരാംബിയെ ഒരു നിര്‍ദ്ദേശംപോലെ ഒന്നു നോക്കി. പെട്ടെന്ന് ചങ്കരാംബി കര്‍മ്മനിരതനായി, ''ഏയ്, മാരി ഇവനെ ഇവിടെ നിര്‍ത്തണ്ട. വേറെ എവിടെയെങ്കിലും കൊണ്ടുപോയി മുടിച്ചു വാ. കണ്ണറാദി കാണണ്ട.''
മാരി പിന്നെ നിന്നില്ല. അവനെ തൂക്കി തോളിലിട്ടു, തോളില്‍നിന്നും ഒരു കുരിശില്‍നിന്നെന്ന പോല്‍ അവന്റെ ചോര വാര്‍ന്ന മുഖം തൂങ്ങിയാടി... അവന്‍ എന്തോ മുറുമുറുത്തിരുന്നു. ഞാന്‍ അടുത്ത് ശ്രദ്ധിച്ചു, ''അമ്മ, അമ്മ.''
അപ്പോഴേയ്ക്കും പലവഴി വന്ന നാലഞ്ച് പേര്‍ ഒരു ജീപ്പില്‍ കയറിക്കഴിഞ്ഞു. ഒരു ഒഴിഞ്ഞ പഴസഞ്ചി പോല്‍ അവനെ തൂക്കി ജീപ്പിന്റെ തറയിലേക്കെറിഞ്ഞു മാരി കയറി. ജീപ്പ് നീങ്ങി. 
ചങ്കരാംബി വിളിച്ചുപറയുന്നുണ്ടായിരുന്നു: ''ഏതെങ്കിലും കൊക്കയില്‍ കോടനാട് മുനമ്പിലോ  കാതറീന്‍ വെള്ളക്കുത്തിലോ. എവിടെയെങ്കിലും.'' ഒപ്പം നിന്ന ചിലര്‍ അവനൊപ്പം കഴിഞ്ഞവരെ തേടി ഇറങ്ങി. അങ്കിളും കാരണവരും കാറില്‍നിന്നും ഇറങ്ങിയതേ ഇല്ല. ദൗത്യം നിര്‍വ്വഹിച്ചു കഴിഞ്ഞ മാത്രയില്‍ കാര്‍ വന്ന വഴി മടങ്ങി. ഞങ്ങള്‍ അഞ്ചാറ് പേര്‍ മാത്രം ഇപ്പോള്‍.
ഞാന്‍ അകത്തു ചെല്ലുമ്പോള്‍ ചേട്ടന്റെ മുഖം വിവര്‍ണ്ണമായിരിക്കുന്നു. ഒരു അവിവാഹിതരുടെ മട ആണതെന്നു വിളിച്ചുപറഞ്ഞ അടുക്കിലായ്മ ഉള്‍ത്തളത്തിന്. ''ഏതോ സെയില്‍സ് പിള്ളേര്‍ ആണെന്നു തോന്നുന്നു... പാവം'', ചേട്ടന്‍ പുലമ്പുന്നു... 
എനിക്കാകെ ഒരു വെകുളിപോലെ. മേശപ്പുറത്ത് ഒരു കടലാസ്സിനു മുകളില്‍ ഒരു മൊബൈല്‍ ഫോണ്‍. അവന്റേതാവും.. ഒരു ലോക്കും ഇല്ലാതെ തന്നെ അത് പ്രവര്‍ത്തനക്ഷമം ആയി. ഏതോ ഒരുള്‍വിളിയില്‍ ഞാന്‍ അതില്‍നിന്നും എന്റെ ഫോണിലേക്കൊന്ന് വിളിച്ചു. അപ്പോള്‍ എന്നെ സ്തബ്ധന്‍ ആക്കിക്കൊണ്ട് അതില്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവന്നു, ''മെജോ!'' 
ഇതു മരിച്ചുപോയ മെജോയുടെ നമ്പര്‍!
എപ്പോഴോ സേവ് ചെയ്തിട്ട് മായ്ക്കാന്‍ മടിച്ച ആ പഴയ നമ്പര്‍. ഞാന്‍ അതു വിളിച്ചുപറഞ്ഞു. 
മാമയുടേയും ചങ്കരാംബിയുടേയും  മുഖത്തു ആദ്യത്തെ പിടികിട്ടായ്മ ഞെട്ടലിനു വഴിമാറുന്നത് കണ്ടു. മൊബൈലിനു താഴെയുള്ള വെള്ളപ്പേപ്പറില്‍ അവനെന്തോ എഴുതാന്‍ തുടങ്ങിയിരുന്നു, ആദ്യത്തെ അടി വീഴും മുന്നേ, മറ്റുള്ളവരെ ആളറിയാതെ തല്ലി തുടങ്ങുമ്പോള്‍ ആവും ''അവര്‍ എനക്ക്  'അമ്മ...' അവിടെ അക്ഷരങ്ങള്‍ ചിതറി ഇരിക്കുന്നു.
''വരാം, അങ്ങനെ സംഭവിക്കാം... ചില മൊബൈല്‍ കമ്പനികള്‍ ഉപയോഗമില്ലാത്ത ചില നമ്പറുകള്‍ ഒരു കാലശേഷം മറ്റു ചിലര്‍ക്ക് കൈമാറും. ഈ പയ്യനു കിട്ടിയത് മെജോയുടെ ഉപയോഗമില്ലാതായ നമ്പര്‍.  ബിയാട്രിസ് ചേച്ചിക്ക് ഇവന്‍ മെജോ ആയിരുന്നു...''
ചേട്ടന്റെ വിങ്ങുന്ന ശബ്ദം.
അവന്‍ അയച്ച ഉമ്മകള്‍. മകന്‍ അമ്മക്കയച്ച ഉമ്മകള്‍. അവരെ ഭ്രാന്തില്‍നിന്നും പിടിച്ചുയര്‍ത്തിയ ഉമ്മകള്‍, ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ പ്രണയം.
അബദ്ധത്തിന്റെ ഊക്കില്‍ മാമ ഒരു കസേരയില്‍ ഇരുന്നുപോയി. പിന്നെ പെട്ടെന്നു കര്‍മ്മനിരതനായി, ''ചങ്കരാംബി ജീപ്പെടുക്ക്.''
ചങ്കരാംബി ആകെ പരിഭ്രാന്തനായി, ''എവിടെ എന്നുവെച്ച്! മാരി ഈ സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കില്ല. എല്ലാം തീരും വരെ.''
മാമയുടെ ശബ്ദം ഭീഷണമായി ഉയര്‍ന്നു, ''ജീപ്പെടുക്ക് ചങ്കരാംബി. ഞാന്‍ കോടനാട് മുനമ്പില്‍... പോണ വഴിയില്‍നിന്നും ജീപ്പ് പിടിച്ച് ആ വെള്ളച്ചാട്ടത്തിന്റെ അവിടെ നീ പോണം... ഇനിയും ഒരാള്‍ ഊട്ടിക്ക് സൂയിസൈഡ് പോയിന്റ്.'' ചേട്ടനും ചാടി ഇറങ്ങി. എല്ലാവരും പുറത്തേയ്ക്കു പാഞ്ഞു. ജീപ്പെടുക്കുന്ന ശബ്ദം.
ഞാന്‍ ഒറ്റയ്ക്കായി. പുറത്തെ  മഞ്ഞിലേയ്ക്കിറങ്ങി. എന്റെ കയ്യില്‍ അവന്റെ മൊബൈല്‍.
ഞാന്‍ കണ്ണടച്ചു. അമരുന്ന തീക്കുറ്റിയില്‍ പൊള്ളിക്കരിഞ്ഞു എന്നേക്കുമായും ചിതറിപ്പോയ തൊണ്ടിപ്പഴതുടുപ്പാര്‍ന്ന  അധരോഷ്ഠങ്ങള്‍. അടഞ്ഞുപോയ കണ്ണിലെ ഇടിയുടെ ആയത്തില്‍ ചതഞ്ഞുപോയ കല്പനയിലെ  രാഗഭര നിമേഷങ്ങള്‍.
അപ്പോള്‍ എന്റെ ഫോണിലേക്ക് കടലുകള്‍ താണ്ടി സമീറയുടെ ഉമ്മ വന്നുവീണു.
നിഴലും വെളിച്ചവും മാറിമാറി കളിച്ച, പുതമഞ്ഞിന് ഒരു രൂപം കൈവന്നപോലെ, അവിടെ അവ്യക്തമായ ഹിമബിന്ദുക്കള്‍ അതിരിട്ട ഒരു രൂപമില്ലാ രൂപത്തിന്റെ ചുണ്ടില്‍ ഒരു കോടിയ ചിരി തൂങ്ങിക്കിടക്കും പോലെ ! ഒരു പരിചിത ചിട്ടിയടി കേട്ടപോലെ...
എനിക്ക് പിന്നെ ഒന്നേ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളു, എന്റെ മൊബൈല്‍ തുറന്ന് അവളുടെ ചുംബനവാഹിയായ അതിലെ സിം അകലെ എറിഞ്ഞു. അവന്റെ ഫോണില്‍നിന്നും അവന്റെ ഉമ്മകള്‍ പതിഞ്ഞ ആ ചെറു തുണ്ടിനെ എന്റെ ഫോണിലേയ്ക്കു നിക്ഷേപിച്ചു. കാറ്റില്‍ കോടമഞ്ഞും രൂപവും അലിഞ്ഞകന്നു.
ഞാനറിയാതെ എന്നോട് തന്നെ ഒരു സ്വപ്നസഞ്ചാരത്തിലെപോല്‍  മന്ത്രിച്ചുകൊണ്ടിരുന്നു, ''ചില അതിജീവനങ്ങള്‍ക്ക് ചില ബാക്കിയാകലുകള്‍ അനിവാര്യമാണ്... അനിവാര്യമാണ്... അനിവാര്യമാണ്...'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com