ഖലാസി: ഇപി ശ്രീകുമാര്‍ എഴുതിയ കഥ

ഖലാസി: ഇപി ശ്രീകുമാര്‍ എഴുതിയ കഥ

നോക്കിനില്‍ക്കെ, അഗാധതയില്‍നിന്നും ഭൂമി പിളര്‍ന്നുവരുന്ന ഡിനോസറിനെപ്പോലെ ഭീകരമായൊരു ജെ.സി.ബി യന്ത്രം പ്രത്യക്ഷമായി.

നീണ്ട ഒരു ഉരുക്കു കരമാണ് ആദ്യം ഉയര്‍ന്നുവന്നത്. ചെളിപ്പരപ്പില്‍ പൂണ്ടുകിടന്നിരുന്നതിന്റെ അവശേഷിപ്പുകളുണ്ടായിരുന്നു അതില്‍. കപ്പിയില്‍ ചുറ്റിയിറക്കിയ ഇരുമ്പു വയറില്‍ ബന്ധിപ്പിച്ച ദവര്‍, ഖലാസികള്‍ മാറിമാറി തിരിച്ചുകൊണ്ടിരുന്നു. അല്ലുത്തി നീളത്തിലുള്ളൊരു മരക്കഷണമാണ്. ഒരാള്‍പ്പൊക്കത്തില്‍ ഭൂമി കുഴിച്ച് അതില്‍ അല്ലുത്തിവെച്ച് മണ്ണിട്ടു മൂടി. ഇരുമ്പു വയര്‍ ഘടിപ്പിക്കാന്‍ പാകത്തില്‍ അല്ലുത്തിയിലുള്ള രണ്ട് വളയങ്ങളില്‍ റോപ്പ് കുടുക്കിയശേഷം അത് ദവറില്‍ കെട്ടി ഉറപ്പിച്ചു. ഒന്നാം കപ്പി ദവറിനു മുന്നില്‍. രണ്ടാമത്തേത് ഉയര്‍ത്തേണ്ടുന്ന വസ്തുവിനു മുകളില്‍.

നോക്കിനില്‍ക്കെ, അഗാധതയില്‍നിന്നും ഭൂമി പിളര്‍ന്നുവരുന്ന ഡിനോസറിനെപ്പോലെ ഭീകരമായൊരു ജെ.സി.ബി യന്ത്രം പ്രത്യക്ഷമായി. മൂപ്പനപ്പോള്‍ ഈണത്തില്‍ പണിപ്പാട്ടുപാടി. പതിനൊന്ന് മാപ്പിള ഖലാസികള്‍ ഒരേ താളത്തില്‍ അതേറ്റു പാടി...
ജോര്‍സേ യാ അള്ളാ
ജള്ളാ ജോര്‍സേ
ജള്ളാ ജോര്‍സേ, മാലി ജോര്‍സേ...

ബേപ്പൂരില്‍നിന്നെത്തിയ ഇളംകാറ്റില്‍ ഉത്തേജക ഈരടികള്‍ മാറ്റൊലികൊണ്ടു. അത് ഖലാസികളുടെ അടയാളഗീതികയായിരുന്നു. മനുഷ്യപ്രയത്‌നത്തിന്റെ ആശ്ചര്യ ദൃശ്യം കാണാന്‍ കൂടിനിന്ന ജനക്കൂട്ടം കൈത്താളമടിച്ച് ആവേശം കയറ്റി. സമീപത്ത്, ശേഷിയേറിയ കൂറ്റന്‍ ക്രെയിന്‍ മുഖമുയര്‍ത്താനാവാതെ തോറ്റുകിടക്കുന്നുണ്ടായിരുന്നു. ഭാരോദ്വഹന മത്സരത്തില്‍, തൂക്കക്കട്ടി താങ്ങാനാവാതെ ഇട്ടുകളഞ്ഞവന്റെ നിരാശയില്‍ തുലായന്ത്രം വിളറി.

സുമുഖനായൊരു ചെറുപ്പക്കാരന്‍ ഒരു പോസ്റ്റില്‍ അലസനായി ചാരിയിരുന്ന് ഖലാസിപ്പണി കാണുകയാണ്, ഒരു മത്സരക്കളി കാണുന്നതിന്റെ ഉത്സാഹത്തോടെ. ദേ, അയാള്‍... സിദ്ദിക്ക് പറഞ്ഞു. പണിപ്പരിസരത്ത് പലപ്പോഴും കാഴ്ചക്കാരനായി കാണാമയാളെ. ആരാണയാള്‍? കൂടിനിന്നവരില്‍ ഒരാള്‍ പറഞ്ഞു.
യുവകന്‍... അന്യര് പണിചെയ്യണത് കണ്ടിരിക്കും. അഭിപ്രായം പറയും. എന്നാല്‍, സ്വന്തമായി പണിയൊന്നും ചെയ്യില്ല...
പാതാളത്താഴ്ചയില്‍നിന്നും കരകയറ്റിയ ജെ.സി.ബിക്ക് ചുറ്റുംനിന്ന് കാഴ്ചക്കാര്‍ മാപ്പിളമാരെ ആരാധനയോടെ നോക്കി. അവരെ തള്ളിമാറ്റി ചിത്രങ്ങളും വാര്‍ത്തകളും ശേഖരിക്കാനായി മാധ്യമക്കാര്‍ അരങ്ങ് പിടിച്ചെടുത്തു. 
സിദ്ദിക്ക് വയര്‍റോപ്പ് ചുരുട്ടിയെടുത്തു. അഷ്റഫ് ദവര്‍ അഴിച്ചെടുത്ത്, തുടച്ചുമിനുക്കി. ദവര്‍, ഖലാസികളുടെ കരുത്തിനെ പല മടങ്ങാക്കി പെരുപ്പിച്ചെടുക്കാന്‍ കഴിയുന്ന ദിവ്യായുധമായിരുന്നു. 
മടക്കത്തില്‍ മൂപ്പന്‍ പ്രതിഫലത്തുക വീതിക്കുവാനില്ലാതെ കുഴങ്ങി. ഒടുവില്‍ പങ്കുപറ്റി നിശ്ശബ്ദമായി പിന്‍വാങ്ങിയ സഹ ഖലാസിമാരുടെ മുഖങ്ങളിലെ മ്ലാനതയിലേക്ക് ഖാലിദ് മൂപ്പന്‍ നിസ്സഹായനായി നോക്കി...

ഭീമന്‍ ഉരുവായിരുന്നു അത്. 1500 ടണ്‍ ഭാരം. 200 അടി നീളവും 50 അടി വീതിയും. ഉയരം സുമാന്‍ 45 അടി വരും. കാഴ്ചയില്‍ ഒരു രാജകൊട്ടാര സമുച്ചയം കെട്ടിയൊരുങ്ങി നില്‍ക്കുന്നു. അരികിലിട്ട ചെറിയ ചാരുകസേരയില്‍ ഉരുവിനെ ചാരി ബാവമൂപ്പന്‍ സ്വപ്നം കണ്ടു കിടന്നു. പഴകിയ പണിശാല ഖലാസികളുടേയും മരപ്പണി മേസ്തിരിമാരുടേയും കൊട്ടും തട്ടുമില്ലാതെ, സംഘശേഷിയുടെ ഉത്സാഹപ്പാട്ടില്ലാതെ നിശ്ശബ്ദമായി നിലകൊണ്ടു. തൊഴില്‍ശാല വിജനമായിട്ട് കാലമെത്രയായിക്കാണുമെന്ന്  ബാവമൂപ്പന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. റബ്ബ് ആയുസ്സ് ഒന്നൊന്നായി കൂട്ടിത്തരുമ്പോള്‍ ഓര്‍മ്മകളില്‍ ചിലത് പകരമായെടുക്കുന്നുണ്ട്. ദുബായിയില്‍നിന്നാണ് അറബികള്‍ വന്നത്. അച്ചാരം തന്ന് ലോകത്തെ ഏറ്റവും വലിയ ഉരുവിന്റെ പണി ഏല്പിച്ചു. എഴുപത് ഖലാസിമാര്‍, നിരവധി മരപ്പണിക്കാര്‍... കൊല്ലം മൂന്നു കടന്നുപോയതറിഞ്ഞില്ല. കടംകൊണ്ട കാശ് വീട്ടാന്‍ ഉരു കടലിലിറക്കിവിടുംവരെ കാത്താല്‍ മതിയാകും. പക്ഷേ, അറബികള്‍ വന്നില്ല. ദുബായ്യില്‍ അറിയിച്ചിട്ടും കരാറുവെച്ചവര്‍ എത്തിയില്ല. ഖലാസിക്ക് വാക്കൊന്നേയുള്ളൂ. മയ്യത്താകുംവരെ പാലിക്കുമത്. അതുകൊണ്ട് ബാവമൂപ്പന്‍ നോക്കിയിരിക്കുയാണ്, മൂന്നരക്കോടിയുടെ ഉരുവാങ്ങാനെത്തുന്ന ദുബായ്ക്കാരനെ. 

രാവിലെ മുതല്‍ ഇരുളുംവരെ ബാവമൂപ്പന്‍ ഉരുവിനു കാവലായുണ്ടാകും. മഞ്ഞും മഴയുമൊന്നും മൂപ്പന് പ്രശ്‌നമല്ല. നിത്യവും ഉച്ചഭക്ഷണവും വെള്ളവും പ്രത്യാശയുമായിട്ടാണ് മൂപ്പനെത്തുക. ഇന്നു വരുമവര്‍...
ഏറ്റവും വലിയ ഉരു കാണാന്‍ സന്ദര്‍ശകരേറെ വന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ അന്താരാഷ്ട്ര പ്രശസ്തരായ എന്‍ജിനീയര്‍മാരും വിദേശ ചാനലുകാരും വരെ. ഉരുവാകട്ടെ, വില്പനവസ്തുവാകാതെ കാഴ്ചവസ്തുവായി നിന്നു.
നദീതീരം കണ്ടേ ഉരു നിര്‍മ്മാണ ഷെഡ്ഡ് രൂപംകൊള്ളൂ. ഭീമന്‍ നൗകയെ വെള്ളത്തിലെത്തിക്കാന്‍ പണിപ്പാടേറെയുണ്ട്. അതിന് ഖലാസികള്‍ തന്നെ വേണം. ബാവമൂപ്പന്റെ ഉരു കൈപ്പാത്തിപ്പുഴയുടെ തീരത്താണ്. അതൊരു പേരില്ലാ ദ്വീപാണ്. അക്കരെയെത്താന്‍ പാലമുണ്ട്. നീണ്ട തൂക്കുപാലം. അത് മൂപ്പന്റെ കണ്‍മുന്നിലാണ്. ഒരു നാള്‍ തൂക്കുപാലം തകര്‍ന്നു. പകല്‍മയക്കത്തിനിടയില്‍ ഭയാനകമായൊരു ശബ്ദംകേട്ട് മൂപ്പന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ പാലത്തിന്റെ ഇരുമ്പു തൂണുകള്‍ ഒടിഞ്ഞുവീണുകിടക്കുകയാണ്. മൂപ്പന്‍ കരഞ്ഞുപോയി. 

ഖലാസികള്‍ പാഞ്ഞെത്തി. ദുരന്തമുഖങ്ങളില്‍ ഖലാസികള്‍ ആദ്യമെത്തണം. അതവരുടെ അവകാശം. കടമ. ഒപ്പം ജീവിതമാര്‍ഗ്ഗവും. അഞ്ചുകോടീന്റെ പാലാണ്... ഖാലിദ് മൂപ്പന്‍ കഷ്ടംവെച്ചു. മന്ത്രിയും എന്‍ജിനീയറിംഗ് വിദഗ്ദ്ധരും ഒടിഞ്ഞ തൂണിനരികെ നിന്നു ചര്‍ച്ച ചെയ്യുകയായിരുന്നു. ഒടിഞ്ഞ സ്റ്റീല്‍ക്കഷണങ്ങള്‍ കണ്ടെടുത്തുതീര്‍ന്നപ്പോള്‍ ഉന്നതോദ്യോഗസ്ഥന്‍ ചോദിച്ചു: വെള്ളത്തിനടിയില്‍ ഇനിയും കിടക്കുന്നുണ്ടാവുമോ? ഉണ്ടാവാന്‍ വഴിയില്ല... എന്‍ജിനീയര്‍ മുഖ്യന്‍ മറുപടി നല്‍കി. അപ്പോള്‍ ഖലാസി മൂപ്പന്‍ ചിരിച്ചു. ഈര്‍ഷ്യയോടെ നോക്കിയ അധികാരികളോട് ഖാലിദ് മൂപ്പന്‍ പറഞ്ഞു: ഞീം രണ്ടു ടണ്ണോളം വെള്ളത്തീ കെടക്കണ്ട്, പില്ലറിനടീല്. മന്ത്രി ചോദ്യഭാവത്തില്‍ ചീഫ് എന്‍ജിനീയറെ നോക്കി... മുങ്ങി പരിശോധിക്കാം. ഉണ്ടെങ്കില്‍ ഈസിയായി പൊക്കിയെടുക്കാന്‍ പറ്റിയ വിദഗ്ദ്ധരും യന്ത്രങ്ങളും നമുക്കുണ്ട്... ചീഫ് എന്‍ജിനീയര്‍ മറുപടി പറഞ്ഞു. 


നടക്കില്ല സാറേ... ഖാലിദ്മൂപ്പന്‍ പറഞ്ഞു: ഓര് എത്ര പണിതാലും പൊങ്ങൂല്ല. സ്രമിച്ചു നോക്കിക്കോ... കാശ് പോവ്വേള്ളൂ. 
പിന്നെ എന്തുവേണം മൂപ്പാ?
യന്ത്രോം ഇന്‍ജിനീയറിംഗും കൊണ്ടൊന്നും ആവൂല സാറമ്മാരേ... ഞമ്മള് കലാസീനെക്കൊണ്ടേ നടക്കൂ... പൊഴേന്റെ അടിത്തട്ടീന്ന് രണ്ടു ടണ്‍ പൊക്കാന്‍ ഞമ്മന്റെ വിദ്യ ന്നെ വേണം. 
പ്രതികരണം കേള്‍ക്കാന്‍ നില്‍ക്കാതെ മൂപ്പന്‍ പിന്‍തിരിഞ്ഞു നടന്നു. ഇല്ലെങ്കില്‍ പണികിട്ടാനായി വീമ്പ് പറഞ്ഞതായി തോന്നും.     
ചൊണക്കുട്ടി... ബാവമൂപ്പന്റെ മനസ്സില്‍ അഭിമാനം പതഞ്ഞുപൊന്തി. ഇക്കാന്റെ അതേ സൊബാവം. അബ്ദുള്‍ റഹ്മാന്‍ മൂപ്പന്‍, ബാവയുടെ ഇക്കയും ഒപ്പം ഗുരുവുമാണ്. 

രണ്ടു കരകളെ ബന്ധിപ്പിക്കുക മാത്രമല്ല, രണ്ട് സംസ്‌കാരങ്ങളെ യോജിപ്പിക്കുക കൂടിയാണ് ഒരു പാലം. അതു വീണതോടെ ആള്‍സഞ്ചാരം നിലച്ചു. ഇരുകരകളിലേയും മനുഷ്യരുടെ മനസ്സുകളും ബന്ധങ്ങളും മുറിഞ്ഞു. ഉരുനിര്‍മ്മാണശാലകളുടെ ദ്വീപ് ഒറ്റപ്പെട്ടു. ബാവമൂപ്പന്റെ വര്‍ക്ക്ഷോപ്പും പരിസരവും വിജനമായി. അത്യാവശ്യക്കാര്‍ കടത്തുവഞ്ചി കാത്ത് ഇരുകരകളിലും നിന്നു. ബാവമൂപ്പന്റെ പുലരികളില്‍നിന്നും പ്രതീക്ഷകള്‍ മാറിനിന്നു. എന്നെങ്കിലും കടലുകടന്നെത്തുന്നവര്‍ മറുകരയില്‍ നോക്കിനിന്ന് മടങ്ങിപ്പോവുകയേയുള്ളൂ...

അര്‍ദ്ധമയക്കത്തില്‍ ബാവമൂപ്പന്റെ മുന്നില്‍ സര്‍വ്വാലങ്കാരത്തോടെ ആഡംബര പായ്വഞ്ചി. നൗക, ചേരമാന്‍ പെരുമാളിനു സമര്‍പ്പിക്കാന്‍ എത്തിയ ബേപ്പൂരിലെ ഇലഞ്ഞിപ്പടി തറവാട്ടിലെ പിന്മുറക്കാരന്‍ ഖലാസിമൂപ്പന്‍. ഉല്ലാസവഞ്ചിയില്‍ പെരുമാള്‍ മക്കയിലേയ്ക്ക് യാത്രയാകുന്നു. പോകുമുന്‍പ് തച്ചന് ഒരു സ്വര്‍ണ്ണമോതിര സമ്മാനം...

ബാവമൂപ്പന്‍ നിനവുകളില്‍ അഭിരമിക്കുകയായിരുന്നു...
നൂറുകണക്കിനാളുകളുടെ കൂട്ടനിലവിളി അകലെനിന്നേ കേള്‍ക്കുന്നുണ്ടായിരുന്നു. ഉച്ചത്തിലുള്ള വിലാപങ്ങളും ആക്രോശങ്ങളും ഉയര്‍ന്നിടത്തേക്ക് അവര്‍ ഇരുപത്തിരണ്ട് ഖലാസികള്‍ ഓടിപ്പോയി. ഭക്ഷണം പാതിയുപേക്ഷിച്ചവരും പണി ഇട്ടെറിഞ്ഞ് ഓടിയവരും ചികിത്സയിലിരുന്നവരും അതേ വേഷത്തില്‍ തിടുക്കപ്പെട്ടെത്തി. പണിയായുധങ്ങള്‍ മാത്രമായിരുന്നു അവര്‍ കൈകളില്‍ കരുതിയത്. 
അഷ്ടമുടിക്കായലില്‍ യാത്രക്കാര്‍ നിറഞ്ഞ ഐലന്റ് എക്‌സ്പ്രസ്സ് തീവണ്ടി പാളംതെറ്റി പതിച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ ബോഗികളില്‍പ്പെട്ടു കിടന്ന നൂറുകണക്കിനു യാത്രക്കാര്‍ ശ്വാസംമുട്ടി പിടഞ്ഞുകൊണ്ടിരുന്നു. കായല്‍ക്കരയില്‍ വന്‍ ജനക്കൂട്ടമായിരുന്നു. അവരുടെ കൂട്ടത്തില്‍ ഖലാസികള്‍ നിന്നു. വിവരമറിഞ്ഞെത്തിക്കൊണ്ടിരുന്നവര്‍ മുറവിളികൂട്ടി. ജീവനുണ്ടോ എന്നറിയാത്ത മനുഷ്യദേഹങ്ങള്‍ കായലില്‍ ഒഴുകിനടന്നു. ആ ശരീരങ്ങളെ കരയ്ക്കടുപ്പിക്കാന്‍ നീന്തലറിയുന്ന ചെറുപ്പക്കാര്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി. സംഭ്രമജനകമായിരുന്നു അന്തരീക്ഷം. മന്ത്രിമാരും നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥമേധാവികളും വിദഗ്ദ്ധസംഘങ്ങളുമെത്തി. കുതിരശേഷി കൂടിയ ക്രെയിനുകളും മുങ്ങല്‍ വിദഗ്ദ്ധരും വന്നു. സായുധസേനയും നേവിയും കമാന്‍ഡോകളും തയ്യാറായി. വേവലാതി പൂണ്ടെത്തിയവര്‍ അലറി വിളിച്ചു: വെള്ളത്തില്‍നിന്നും ബോഗി പൊക്കി മാറ്റിയാലല്ലേ പെട്ടിരിക്കുന്നവരെ പുറത്തെടുക്കാനാവൂ. വേഗം വേണം. വൈകുന്തോറും മരണങ്ങള്‍ കൂടും...

ബോഗികള്‍ ഉയര്‍ത്താന്‍ റെയില്‍വേ എന്‍ജിനീയര്‍മാരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ ഖലാസികള്‍ ശ്രദ്ധയോടെ നോക്കി. റെയില്‍, മണ്ണില്‍ ലിവര്‍ വെച്ച് അടിച്ചു താഴ്ത്തി അതില്‍ വയര്‍റോപ്പ് ബന്ധിച്ച് ബോഗി ബുള്‍ഡോസറില്‍ ലോക്ക് ചെയ്യുന്നു. വലിച്ചതോടെ മൊത്തം ഊരിപ്പോന്നു. ബോഗി ചലിപ്പിക്കാനാവാതെ ശ്രമങ്ങളെല്ലാം പാഴായി. ബോവ തിളച്ചു: ഞമ്മക്ക് ഇറങ്ങാം മൂപ്പാ... പണിക്കിറങ്ങുമ്പോള്‍ അബ്ദുള്‍ റഹ്മാന്‍, ബാവയുടെ ഇക്കയല്ല, മൂപ്പനാണ്. മൂപ്പന്‍ ശങ്കയോടെ ചോദിച്ചു: ഞമ്മളെ ആരും ബിളിച്ചില്ലല്ലോടാ... ബല്യേ ആളോളൊന്നും ഞമ്മളെ അറിയൂംല്ലാ. പിന്നെങ്ങനാ?
ഇബ്ടെ സമയാണ് പ്രധാനം മൂപ്പാ. ബൈകുന്തോറും എല്ലാം ബെള്ളംകുടിച്ച് ശ്വാസംമുട്ടിച്ചാവും. 

മൂപ്പന്‍ ഒരു നിമിഷം ആലോചനയിലാണ്ടു. എന്നിട്ട് ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് നടന്നുകൊണ്ട് സ്വയം പറഞ്ഞു: ബാ, ഞമ്മള് കലാശികള്‍ക്കൊരു കടമേണ്ടല്ലൊ.
ആരാണിവര്‍? ജില്ലാകളക്ടര്‍ക്ക് ബോധ്യം വന്നില്ല. മെലിഞ്ഞ്, മസിലുമുഴുപ്പില്ലാത്ത ചെറിയ മനുഷ്യര്‍...
ബേപ്പൂരിലെ മാപ്പിള കലാശികളാണ്... മൂപ്പന് സ്വയം പരിചയപ്പെടുത്തേണ്ടിവന്നു. 
അപ്പോള്‍ കായലും കരയും ശ്രമക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു... എന്നിട്ടും ബോഗി ഉയര്‍ത്താന്‍ പറ്റിയില്ല. അലമുറകള്‍ ഉച്ചത്തിലായി. ജീവന്‍ രക്ഷിക്കൂ...
മൂപ്പന്‍ കൂട്ടരോട് പറഞ്ഞു: നി അവര് ക്ഷണിക്കാന്‍ നിക്കണ്ട. പണി തൊടങ്ങാം... അതിവേഗം അല്ലുത്തികള്‍ പാതാളക്കുഴികളില്‍ സ്ഥാനംപിടിച്ചു. ദവര്‍ തിരിഞ്ഞു. കപ്പികളില്‍ കോര്‍ത്ത വയര്‍ റോപ്പ് ഭാരോദ്വഹനം ആരംഭിച്ചു. ബോഗി ഇളകി...
ഓബലമാലേ ഐസാ.
അമരോ തട്ടിക്കൊട് ഐസാ
പോരട്ടങ്ങനെ ഐസാ
മീനാച്ചി മോളേ ഐസാ
ഓബലമാലേ ഐസാ...
നിലവിളികള്‍ക്കുമേലെ രക്ഷയുടെ മുന്‍വിളിയായി ഖലാസികളുടെ തനത് വായ്ത്താരി ഉയര്‍ന്നു...
വെള്ളത്തിനു വെളിയിലെടുത്ത ബോഗികള്‍ക്കുള്ളില്‍നിന്നും അല്പജീവന്‍ അവശേഷിച്ചവരേയും ജഡങ്ങളേയും ഖലാസികള്‍ മിന്നല്‍വേഗത്തില്‍ പുറത്തെടുത്തു...
അത്ഭുതക്കാഴ്ച കണ്ടുനിന്നവര്‍ തൊഴുകയ്യോടെ സ്വയം ചോദിച്ചു: യന്ത്രമനുഷ്യരോ ഇവര്‍?
എല്ലാം തീര്‍ന്നപ്പോള്‍ ജില്ലാകളക്ടര്‍ ചോദിച്ചു: നിങ്ങളുടെ കൂലിയെത്ര്യാ?
മറുപടി പറയാതെ പണിസാമഗ്രികള്‍ എടുത്ത് അവര്‍ തിരിഞ്ഞു നടന്നു. പിന്‍വിളി വിളിച്ച ഉദ്യോഗസ്ഥരെ അവര്‍ അവഗണിച്ചു. 
വൈകുന്നേരങ്ങളില്‍ കാറ്റുകൊണ്ട് പുഴയെ ആസ്വദിക്കാനായി നിരവധിപേര്‍ തൂക്കുപാലത്തിനു മുകളില്‍ എത്തുമായിരുന്നു. അവരില്‍, സതീര്‍ത്ഥ്യരായിരുന്ന തമ്പി ജേക്കബ്ബും റഹ്മത്തുമുണ്ടായിരുന്നു. കോളേജില്‍ പഴയ സഹപാഠികളുടെ ഒത്തുചേരലില്‍വെച്ചായിരുന്നു അവര്‍ കാലങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയത്. അപ്പോള്‍, തമ്പി ജേക്കബ്ബ് കോളേജ് അദ്ധ്യാപകനും റഹ്മത്ത് ഗുമസ്തനുമായിത്തീര്‍ന്നിരുന്നു. ബേപ്പൂര്‍ക്കാരന്‍ റഹ്മത്തിനോട് അന്നുതന്നെ തമ്പി ചിലത് പറഞ്ഞിരുന്നു: 1988 ജൂലായില്‍ പെരുമണ്‍ തീവണ്ടി ദുരന്തം നടക്കുമ്പോള്‍ ഞാന്‍ കൈക്കുഞ്ഞായിരുന്നു. കായലില്‍ വീണ ഒന്‍പത് ബോഗികളിലൊന്നില്‍ ഞങ്ങളുമുണ്ടായിരുന്നു. ഡാഡിയും മമ്മിയും ഞാനും. ബോഗി കരയ്ക്കെത്തിച്ച് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത് നിങ്ങള്‍ ഖലാസികളാണ്... ഖലാസി തറവാട്ടിലെ അംഗമായിട്ടും നീയെന്തേ ആ പണിക്കു പോയില്ല?
ഓര്‍ക്കാര്‍ക്കും സമ്മതോല്ല, ആദ്യായിട്ട് കോളേജില്‍ പഠിച്ചയാളായതോണ്ട്. ഖലാസീന്ന് പോളിഷ് ചെയ്തു പറയാംന്നേള്ളൂ, വെറും കമ്മിലിപ്പണിയാ, കൂലിപ്പണി, ഓര് പഴഞ്ചരാ, കാശ്ണ്ടാക്കാനറീല്ല. ഇപ്പോപ്പിന്നെ പണീംല്ല. 
നീ എന്താ എം.ബി.എ പൂര്‍ത്തിയാക്കാഞ്ഞേ? തമ്പി ചോദിച്ചു. 
ജോലി കിട്ടിക്കഴിഞ്ഞപ്പോ അതിട്ടുകളഞ്ഞു...

മറ്റൊരു നാള്‍ രണ്ടു സതീര്‍ത്ഥ്യര്‍ തൂക്കുപാലത്തിനു മുകളില്‍വെച്ചാണ് സന്ധിച്ചത്, തമ്പി ജേക്കബ്ബിന്റെ ഗവേഷണത്തിനുവേണ്ടുന്ന വിവരശേഖരണത്തിനുവേണ്ടിയായിരുന്നു. തമ്പി പറഞ്ഞു: ഖലാസികളുടെ എന്‍ജിനീയറിംഗ്, മാനേജ്മെന്റ് തന്ത്രങ്ങള്‍ എന്ന വിഷയം റിസേര്‍ച്ചിനു തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ള കാരണം നിനക്കു മനസ്സിലായിക്കാണുമല്ലൊ...
റഹ്മത്ത് തലയാട്ടി.

എന്റെ തീസിസ് ഞാന്‍ ബേപ്പൂരിലെ മാപ്പിള ഖലാസികള്‍ക്ക് സമര്‍പ്പിക്കും... തമ്പി പറഞ്ഞു... കാരണം എന്റെ ജീവന്‍ അവര്‍ക്ക് അവകാശപ്പെട്ടതാ.
അപ്പോള്‍ റഹ്മത്ത്, ഖലാസിയുടെ മാനേജ്മെന്റ് പാഠങ്ങള്‍ പറഞ്ഞു: എം.ബി.എയ്ക്കു പഠിച്ച തിയറികള്‍, പലതും ഖലാസികളുടെ പണികളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. നിനക്കു പ്രയോജനമുണ്ടാകും. ടീം ബില്‍ഡിംഗില്‍ ഒരു സിദ്ധാന്തമുണ്ട്, രണ്ട് അധികം രണ്ട് സമം നാല് അധികം എന്ന്. ഈ അധിക നേട്ടം ഖലാസിയുടെ ഒരുമയും ഉത്സാഹവും പരസ്പര ഉത്തേജനവും ആവേശവും സന്നദ്ധതയും കൊണ്ടു നേടുന്നതാണ്... 

ബാവമൂപ്പനില്‍നിന്നും പരമാവധി പുരാവൃത്തങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യംവെച്ചുള്ള വരവില്‍ ഒരു നാള്‍ തൂക്കുപാലത്തിന്റെ ഏറ്റവും മുകളില്‍വെച്ച് തമ്പി, തട്ടമിട്ട ഒരു മൊഞ്ചത്തിയെ കണ്ടു. എതിര്‍ദിശകളില്‍നിന്നു വന്ന അവര്‍ സ്വാഭാവികമായ ഒറ്റനോട്ടത്തിനപ്പുറം ഏതാനും നിമിഷങ്ങള്‍ പരസ്പരം കണ്ണുകള്‍ ചേര്‍ത്തു നിന്നുപോയിരുന്നു. ഇക്കാര്യം സ്‌നേഹിതനോടു പറയാന്‍ തമ്പിക്ക് തോന്നിയില്ല.
മുന്‍പൊരിക്കല്‍... ബാവമൂപ്പന്‍ ഓര്‍മ്മകളിലേക്കു കടന്നു: എയര്‍ ഇന്ത്യേടെ വിമാനം വിമാനത്താവളത്തില്‍ റണ്‍വേന്ന് തെന്നിമാറീര്ന്ന്. ക്രെയിന്‍ അങ്ങോട്ടടുക്കൂല. കാര്യം നടക്കാണ്ടെ വരുമ്പോളല്ലേ കലാശീനെ വിളിക്കൂ. ഞമ്മള് ചെന്ന് നിഷ്പ്രയാസം പ്ലേന്‍ നീക്കിക്കൊട്ത്ത്...
ഇടന്നേരത്ത് തമ്പി സുഹൃത്തിനോടു പറഞ്ഞു: ഡാഡിയുടെ ഡയറിക്കുറിപ്പുകള്‍ ഈയിടെ ഞാന്‍ കണ്ടെത്തിയിരുന്നു... അതില്‍ 1988 ജൂലായ് 17-നു കീഴെ എഴുതിയിരുന്നു: ജീവിതത്തിന്റെ ബോധത്തിലും മരണത്തിന്റെ അബോധത്തിലുമായി ചാഞ്ചാടിയ മണിക്കൂറുകളായിരുന്നു ഇന്നത്തേത്. അഷ്ടമുടിക്കായല്‍ ജലം വായും വയറും മൂക്കും ചെവിയും നിറഞ്ഞ് ശ്വാസംമുട്ടിയപ്പോള്‍... ചില അജ്ഞാത കരങ്ങള്‍ ജീവിതത്തിലേയ്ക്ക് വലിച്ചെടുക്കുകയായിരുന്നു... 


തുടര്‍ന്ന് മറ്റൊരു മഷിയില്‍ എഴുതിയിരുന്നു: അബ്ദുള്‍റഹ്മാന്‍ മൂപ്പന്‍, ബേപ്പൂര്‍.
ഞാന്‍ മുതിര്‍ന്നപ്പോള്‍ ഡാഡിക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും, എപ്പോഴോ മിന്നിയ ഒരോര്‍മ്മച്ചീന്തില്‍ ഡാഡി തന്നോടുതന്നെ പറഞ്ഞത് ഞാന്‍ കേട്ടു: വെല്യേ കടപ്പാടാണ്, തീര്‍ക്കാന്‍ പറ്റീല്ല...
അബ്ദുള്‍ റഹ്മാന്‍ മൂപ്പന്‍ മരിച്ചുപോയിയെന്ന് ബന്ധുകൂടിയായ റഹ്മത്ത് പറഞ്ഞിരുന്നു. പകരം സ്ഥാനത്തുള്ള മകന്‍ ഖാലിദ്മൂപ്പനെ കാണാം. 
ഡാഡീടെ അവസാനത്തെ ആഗ്രഹമായിരുന്നു... തമ്പി നോട്ടുകള്‍വെച്ച കവര്‍ ഖാലിദ്മൂപ്പനു നേരെ നീട്ടി... മരിച്ചുപോയ ഒരാള്ടെ നന്ദീം കടപ്പാടും അറിയിക്കാന്ന് കരുതി വാങ്ങ്യാ മതി...
എന്നാല്‍, ഖാലിദ്മൂപ്പന്‍ അത് തിരസ്‌കരിച്ചു: ഞമ്മളിതു തൊടൂല. കലാശീനിത് ഹറാമാ... ഉപ്പയുണ്ടായിരുന്നാലും ഇതന്നെ പറഞ്ഞേനെ...
ങ്ങടെ പടിപ്പിനുവേണ്ടി കലാശീന്റെ ജീവിതം എത്രവേണോങ്കീ പറഞ്ഞരാം, പക്ഷേ, ഇദുവേണ്ട.
ഖാലിദ്മൂപ്പന്‍ പറഞ്ഞുതുടങ്ങി, തമ്പി ജേക്കബ്ബ് റെക്കോഡ് ചെയ്യാനും...
ഒറ്റ പാറയില്‍ തീര്‍ത്ത പടുകൂറ്റന്‍ ദേവപ്രതിമ്യായിര്ന്നു അത്. 925 ടണ്‍ ഭാരം. 75 അടി നീളവും 35 അടി വീതിയും. അത്, ഒരു പോറലുമേല്‍ക്കാതെ പൊക്കിയെടുത്ത് 500 ടയറുള്ള വലിയ ട്രയ്ലര്‍ വണ്ടീല് കേറ്റണം. ദൂരേക്ക് കൊണ്ടുപോവാനുള്ളതാണ്. ആര്‍ക്കും ജോലി ഏറ്റെടുക്കാന്‍ ധൈര്യോല്ല. മാപ്പിള കലാശിക്ക് ഒന്നും അസാദ്ധ്യംന്ന് പറയാന്‍ കയ്യൂല്ല. ചെന്നെ ബരെ പോയി പ്രതിമ കണ്ടു.

ഞങ്ങള്‍ ചെയ്യാം... കണ്ടശേഷം ഖാലിദ്മൂപ്പന്‍ പറഞ്ഞു. അധികൃതരെന്നു തോന്നിച്ച മൂന്നുപേര്‍ മൂപ്പനെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു... വര്‍ക്ക് തരാം. എന്നാല്‍, നിങ്ങളെങ്ങനെ അതു ചെയ്യുമെന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തണം. ഒടുവില്‍ പ്രതിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍...
ഖലാസിയുടെ തനത് എന്‍ജിനീയറിംഗ് സൂത്രവിദ്യ മൂപ്പന്‍ വെളിപ്പെടുത്തി. വരച്ച് വ്യക്തതയും വരുത്തിക്കൊടുത്തു. പണി തുടങ്ങേണ്ട തീയതി അറിയിക്കാമുടനെ എന്ന് പ്രലോഭിപ്പിച്ചാണ് മടക്കിയത്. പക്ഷേ... ഇവരെപ്പഴും പറ്റിക്കപ്പെടുകയാണ്... റഹ്മത്ത് പറഞ്ഞു: വേണ്ടവിധം ടെണ്ടറു കൊടുക്കാനറീല്ല. കെട്ടിവെക്കാന്‍ നിരതദ്രവ്യമുണ്ടാവാറില്ല. മറ്റു കരാറുകാരുമായി ഒത്തുകളിക്കാന്‍ വശമില്ല... ഈയിടെയുണ്ടായ സംഭവം പറയാം. പ്രളയത്തിലും പേമാരിയിലും പെട്ട് പൊന്നാനി അഴിമുഖത്ത് താഴ്ന്നുപോയ ഇരുപത്തിമൂന്ന് ബോട്ടുകള്‍ കേടുപറ്റാതെ എടുക്കണം. വലിയ ടീമാണ് പത്തു ലക്ഷത്തിന് ടെണ്ടര്‍ പിടിച്ചത്. അറുത്തു മുറിക്കാതെ ബോട്ടുകള്‍ എടുക്കാനാവില്ലെന്നു കണ്ടപ്പോള്‍ കരാറുകാര്‍ ഖാലിദ് മൂപ്പന്റെ കാലുപിടിച്ചു. മൂപ്പന്‍ കനിഞ്ഞു. ഖലാസിയുടെ തൊഴിലില്‍ 'നോ' എന്നൊന്നില്ലല്ലോ. പോറല്‍പോലുമേല്‍ക്കാതെ ഇരുപത്തിമൂന്നും വീണ്ടെടുത്തുകൊടുത്തു. പോകാന്‍നേരം ഖലാസികള്‍ക്ക് പതിനായിരം രൂപ പ്രതിഫലം. നഷ്ടം വന്നുപോയി, തല്‍ക്കാലം ഇതുകൊണ്ട് തൃപ്തിപ്പെടണം, അടുത്ത വര്‍ക്കില്‍ ചേര്‍ത്തുതരാം... ടെണ്ടര്‍ പിടിച്ചയാള്‍ ഭംഗിവാക്കുകളില്‍ ഒതുക്കി. പിന്നീടറിഞ്ഞു, ഖലാസികളാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ടെണ്ടര്‍ പിടിച്ചതെന്ന്. വാര്‍ത്താമാദ്ധ്യമങ്ങളില്‍ കോണ്‍ട്രാക്ടറുടെ ചിത്രം. വിജയശില്പിക്ക് അഭിനന്ദനം... ഇനീപ്പൊ ഞാന്‍ ടെണ്ടറുകളെടുത്താലോന്നാലോചിക്യാ, ഖലാസികള്‍ക്ക് പണീം കൊടുക്കാം... ഇപ്പൊ എല്ലാം പണീല്ലാണ്ട് നടക്വല്ലേ...
മൂന്നു ജീവനുകളുടെ കടപ്പാട് മനസ്സില്‍ ബാക്കിനിര്‍ത്തി വിട്ടുപിരിഞ്ഞ ഡാഡിയെ ഓര്‍ത്ത് മമ്മി പറഞ്ഞിരുന്നു: തമ്പീ, പരിഹാരം ചെയ്യണം. തമ്പിക്കത് ചെയ്‌തേ തീരൂ.

ഖാലിദ് മൂപ്പന്റെ വീട്ടിലിരുന്ന് ഖലാസി ജീവിതം പകര്‍ത്തിയെടുക്കുമ്പോള്‍ അകത്തെ വളകിലുക്കവും മിഴിയിളക്കവും തമ്പിയുടെ ശ്രദ്ധ തിരിച്ചിരുന്നു. പിന്നീട്, ദുബായിലും ഒമാനിലും ഷാര്‍ജയിലുമൊക്കെ ഉരു നിര്‍മ്മാണത്തിനുപോയ കഥകള്‍ മൂപ്പന്‍ പറഞ്ഞത് റെക്കോര്‍ഡു ചെയ്യുന്നതിനിടയില്‍ കര്‍ട്ടനു പിറകില്‍ അവളുടെ മിന്നലാട്ടം കണ്ടു. തൂക്കുപാലത്തില്‍വെച്ച് കണ്ട മുഴുത്ത കണ്ണുകളുള്ള ഹൂറി. പിന്നീട് കണ്ണുകള്‍ കൂട്ടിമുട്ടിയ പല ദിവസങ്ങള്‍ പിന്നിട്ട്, വിവരശേഖരണം പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് മൂപ്പനോട് സൂചിപ്പിച്ചു. 

നിക്കാഹോ! വിശ്വസിക്കാനാവാതെ വിസ്മയിച്ച് മറുപടിയറിയാതെ ഇരുന്നുപോയി അയാള്‍. പിന്നീട് ഒരുനാള്‍ ഖാലിദ് മൂപ്പന്‍ ആവശ്യപ്പെട്ടിട്ട് വന്നതായിരുന്നു തമ്പി. തകര്‍ന്ന തൂക്കുപാലത്തിന്റെ കൈവരിയില്‍ പിടിച്ചുനിന്ന് മൂപ്പന്‍ പറഞ്ഞു: കലാശീന്റെ വംശം ഇല്ലാതായി വരുവാണ്. കുലം കുറ്റിയറ്റു പോകരുതല്ലോ. ഇപ്പൊത്തന്നെ കൈമാറാനാളില്ലാതെ കലാശി സൂത്രവിദ്യകള്‍ അന്യംനിന്നു പോവാണ്. ഞങ്ങളുടെ കൈമുതല്‍ നഷ്ടപ്പെടുകയാണ്. അതോണ്ട്, മുംതാസിന് ഒരു മാപ്പിളതന്നെ വേണം. കലാശിപ്പണിയെടുക്കണ ഒരാള്‍. അബര്ടെ കൊച്ചുങ്ങളും കലാശികളാവണം. ഇത് ഞമ്മടെ മാത്രോല്ലാ, ബേപ്പൂരിന്റേം ആവശ്യാണ്...
വിവരശേഖരണം പൂര്‍ത്തിയാക്കി തമ്പി മടങ്ങുന്ന നേരത്ത് റഹ്മത്ത് പറഞ്ഞു: തമ്പീ എന്റെ ആഗ്രഹം ഈ അലഞ്ഞുതിരിയണ ഖലാസികള്‍ക്കൊക്കെ പണിയുണ്ടാക്കി കൊടുക്കണമെന്നാണ്. ലോകത്തെവിടേനിന്നും പണി പിടിക്കാനാവണം. ഓരോ ഖലാസിക്കും മനസ്സുനെറയണ പ്രതിഫലം കൊടുക്കണം... അതോണ്ട്... ഒരു രഹസ്യം പറയട്ടെ. ഞാന്‍ ഖലാസീന്റെ പേറ്റെന്റെടുക്വാ. പേപ്പര്‍ വര്‍ക്കൊക്കെ കഴിഞ്ഞു. കിട്ട്യാ മാപ്പിള ഖലാസികള്‍ടെ ഉടമയാവും ഞാന്‍. ഒരേ ഒരുടമ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com