കണ്ടുകണ്ടിരിക്കെ: യുകെ കുമാരന്‍ എഴുതിയ കഥ

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴാണ് തങ്കമണിടീച്ചര്‍ ഉമ്മറത്തേക്ക് വരുന്നത് കണ്ടത്. അവര്‍ മൂന്ന് പേരും ഒന്നിച്ചു ചോദിച്ചു:''മാഷ് എവിടെ ടീച്ചറെ?''
ചിത്രീകരണം - ചന്‍സ്
ചിത്രീകരണം - ചന്‍സ്

ന്നെ വെളുപ്പാന്‍ കാലത്ത് രവീന്ദ്രന്‍ മാഷ് എങ്ങോട്ടേക്കായിരിക്കും പോയിരിക്കുക? പ്രഭാത യാത്ര കഴിഞ്ഞ് സാധാരണ മടങ്ങിവരേണ്ട സമയം കഴിഞ്ഞിട്ടും വന്നുകാണാത്തത് കാരണം വീട്ടുകാരിലൊക്കെ ഒരുതരം ആശങ്ക പരന്നു. നടത്തം കഴിഞ്ഞ് ശരീരത്തിലെ വിയര്‍പ്പാറ്റി നേരെ അകത്തേക്ക് കടന്നു തീന്‍മേശയിലെ ഫ്‌ലാസ്‌കില്‍ തയ്യാറാക്കിവെച്ചിരിക്കുന്ന കാപ്പി കുടിക്കുകയാണ് പതിവ്. കുടിച്ചുകഴിഞ്ഞാല്‍ ഫ്‌ലാസ്‌കിന്റെ മൂടി ഒരിക്കലും അടച്ചുവെക്കുന്ന ശീലമില്ല. അതങ്ങനെ തുറന്നു കിടക്കും. എന്നാല്‍, ഇന്ന് ഫ്‌ലാസ്‌ക് തുറന്നുപോലും നോക്കിയിട്ടില്ല. മുറിയിലേക്ക് വന്ന തങ്കമണി ടീച്ചര്‍, തുറക്കാതെ കിടക്കുന്ന ഫ്‌ലാസ്‌ക് കണ്ട് സംശയിച്ചു. മാഷ് എത്തിയില്ലേ? വരാന്തയിലും മറ്റു മുറികളിലും മാഷെ പരതി. അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. പുറത്ത് ചെരുപ്പും കാണുന്നില്ല. മാഷ് വന്നിട്ടില്ല എന്നുതന്നെ അവര്‍ ഉറപ്പിച്ചു. അതൊരിക്കലും പതിവില്ലാത്തതാണ്. സമയസൂചിപോലെ എല്ലാം കൃത്യമായി മുന്നോട്ട് പോകുന്ന ദിനചര്യയാണ് മാഷിന്റേത്. കാപ്പികുടിച്ചു, പത്രം വായിച്ചു, കുളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തുപറ്റി? വഴിയില്‍ ആരെയെങ്കിലും കണ്ട് സംസാരിച്ചു നിന്നുപോയതാകുമോ? മാഷ് ഉടന്‍ വരുമെന്നു തന്നെ കരുതി. വീട്ടിലെ മറ്റു തിരക്കുകളിലേക്ക് പിന്നീട് കടക്കുകയായിരുന്നു ടീച്ചര്‍. ധൃതിപിടിച്ച് ജോലിക്ക് പോകുന്നതിനിടയില്‍ മക്കള്‍ അന്വേഷിച്ചു: ''അച്ഛനെ കാണുന്നില്ലല്ലോ അമ്മെ, നടത്തം കഴിഞ്ഞ് ഇതുവരെ മടങ്ങിയെത്തിയില്ലേ?'' അന്നേരമാണ് ടീച്ചറും ഗൗരവത്തോടെ ചിന്തിച്ചത് മാഷ് ഇതുവരെ മടങ്ങിയെത്തിയില്ലല്ലോ. അപ്പോഴാണ് എല്ലാവരുടേയും ഉള്ളില്‍ നേരിയ ഒരാശങ്ക പരന്നത്. എന്നാല്‍, മാഷ് ഉടന്‍ വരുമെന്നുള്ള ദൃഢവിശ്വാസത്തില്‍ അവര്‍ മറ്റു ജോലികളില്‍ മുഴുകുകയും ചെയ്തു. 

ക്ലാസ്സ് ആരംഭിക്കുന്നതിനും തൊട്ട് മുന്‍പ് ജോണ്‍ ഫിലിപ്പ് മാഷ് മൊബൈല്‍ ഫോണിലെ ഇ-മെയില്‍ തുറന്നുനോക്കിയപ്പോഴാണ് ഒരു സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്: ''ഞാനൊരു യാത്ര പോവുകയാണ്. തിടുക്കപ്പെട്ടു എന്നെത്തിരയേണ്ട''- രവീന്ദ്രന്‍മാഷ്. 

അത് വായിച്ചിട്ട് ജോണ്‍ ഫിലിപ്പ് മാഷിന് ഒന്നും മനസ്സിലായില്ല. അയച്ച പേര് ഒന്നു സൂക്ഷിച്ചുനോക്കി. നമ്പര്‍ രവീന്ദ്രന്‍ മാഷിന്റേത് തന്നെ. മാനേജ്‌മെന്റ് കമ്മറ്റിയിലെ അംഗമെന്ന നിലയില്‍ സ്‌കൂളിലെ പുതിയ നിയമനങ്ങളെക്കുറിച്ച് മാഷുമായി ഇന്നലെ മുഴുവന്‍ ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴൊന്നും മാഷ് ഇത്തരമൊരു യാത്രയെക്കുറിച്ച് പറഞ്ഞിരുന്നില്ലല്ലോ? പിന്നെന്താണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം. ഒന്നും മനസ്സിലാകുന്നില്ല. ഇതിലെന്തോ ദുരൂഹതയുള്ളതുപോലെ. ഏതായാലും രവീന്ദ്രന്‍ മാഷുടെ വീട്ടില്‍ച്ചെന്നു തിരക്കുന്നതായിരിക്കും നല്ലതെന്നും മാഷ്‌ക്ക് തോന്നി. 

ഇതേസമയംതന്നെ ബാങ്ക് സെക്രട്ടറിയും അതേ അറിയിപ്പ് മൊബൈലില്‍ വായിക്കുകയായിരുന്നു. അപ്പോള്‍ അയാളും ആലോചിച്ചു, ഇന്നലെ വൈകീട്ട്വരെ രവീന്ദ്രന്‍മാഷ് ബാങ്കില്‍ ഉണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ ഭരണസമിതി അംഗങ്ങളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പിരിഞ്ഞത്. ബാങ്കിന്റെ വികസനരംഗത്തേക്ക് മാഷ് ധാരാളം പുതിയ പദ്ധതികള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. അത്കഴിഞ്ഞ് പിരിയുമ്പോള്‍ പോലും പിറ്റേന്ന് കാലത്ത് പോകേണ്ട ഒരു ദീര്‍ഘയാത്രയെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിരുന്നില്ലല്ലോ എന്നും അദ്ദേഹം ആലോചിച്ചു. ഏതായാലും മാഷുടെ വീട്ടില്‍ പോയി വിവരം ഒന്നു തിരക്കുന്നത് നന്നായിരിക്കുമെന്നും സെക്രട്ടറിക്കു തോന്നി. പാര്‍ട്ടി സെക്രട്ടറിക്കും അതേ അഭിപ്രായം തന്നെയായിരുന്നു. രാത്രി മുഴുവന്‍ ഓഫീസിലിരുന്ന് മറ്റു ഭാരവാഹികളുമായി അടുത്ത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചായിരുന്നു ചര്‍ച്ച. നഗരസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ രവീന്ദ്രന്‍ മാഷ്‌ക്ക് വലിയ ഉത്തരവാദിത്വങ്ങളാണുള്ളത്. പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ മാഷാണ് സ്വാഭാവികമായും നഗരസഭാധ്യക്ഷനാവുക. മാഷാണെങ്കില്‍ എതിര്‍പ്പ് കുറയുകയും ചെയ്യും. മാത്രവുമല്ല, പാര്‍ട്ടിക്ക് ഏറെ അനുകൂലമായ ഒരന്തരീക്ഷവുമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ മാഷ് എങ്ങോട്ടേക്കായിരിക്കും പോയിരിക്കുക? അത്തരത്തിലുള്ള ഒരു യാത്രയെക്കുറിച്ച് ഇന്നലെ സംസാരിക്കുമ്പോള്‍ ഒരു സൂചനപോലും തന്നില്ലല്ലോ? സെക്രട്ടറി ആശയക്കുഴപ്പത്തോടെ ഏറെ നേരം ആലോചിച്ചിരുന്നു. മറ്റാരുമായും ഈ വിഷയം ഇപ്പോള്‍ സംസാരിക്കേണ്ടെന്നും തീരുമാനിച്ചു. ഏതായാലും മാഷുടെ വീട്ടില്‍ചെന്നു ഒന്നു സ്വകാര്യമായി തിരക്കുകതന്നെ. ക്ഷേത്രക്കമ്മറ്റി സെക്രട്ടറിയും അതേ അവസ്ഥയില്‍ത്തന്നെയായിരുന്നു. ഉത്സവം നടത്താനുള്ള സമയം അടുത്തുവരികയാണ്. ക്ഷേത്രയോഗം ഭാരവാഹികള്‍ പ്രസിഡന്റ് രവീന്ദ്രന്‍ മാഷുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. പതിവ് പരിപാടികളില്‍നിന്നും വിഭിന്നമായി പുതിയവ കൂടി ചേര്‍ത്ത് ഉത്സവം ഭംഗിയാക്കാനാണ് തീരുമാനങ്ങള്‍ എടുത്തത്. അന്നേരമൊന്നും ഒരു ദീര്‍ഘയാത്രയ്ക്ക് പോകുന്ന കാര്യമൊന്നും മാഷ് പറഞ്ഞിരുന്നില്ല.

പിന്നെന്താണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം? ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയും ആകെ അസ്വസ്ഥനായി. മാത്രവുമല്ല, മാഷുടെ സന്ദേശത്തിലെ അവസാനത്തെ വരിയും സംശയമുണര്‍ത്തുന്നതായിരുന്നു. ''തിടുക്കപ്പെട്ട് എന്നെ തിരയേണ്ട'' - മാഷ് എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഒടുവില്‍ സെക്രട്ടറി തീരുമാനിച്ചു. മാഷുടെ വീട്ടില്‍ച്ചെന്നു ഒന്നു തിരക്കുക തന്നെ. 
ജോണ്‍ ഫിലിപ്പ് മാഷും ബാങ്ക് സെക്രട്ടറിയും ക്ഷേത്രക്കമ്മറ്റി സെക്രട്ടറിയും ഒരേ നേരത്താണ് രവീന്ദ്രന്‍ മാഷുടെ വീട്ടിന് മുന്‍പിലെത്തിയത്. കണ്ടപാടെ അവര്‍ മൂന്നുപേരും ഒന്നിച്ചു ചോദിച്ചു: 
''കിട്ടിയോ-'' സന്ദേശം കിട്ടിയോ എന്നാണ് അവര്‍ ഉദ്ദേശിച്ചത്. 
''കിട്ടി-'' 
''എന്താ, ഇതിന്റെ കഥ?''
''ങ്ഹാ-'' അവര്‍ മൂന്നു പേരും ഒന്നിച്ചു കൈമലര്‍ത്തി. അവര്‍ മാഷുടെ വീട്ടിലേക്ക് നോക്കി. അസാധാരണമായി ഒന്നും അവിടെ കാണാനുണ്ടായിരുന്നില്ല. മാഷ് അപ്രതീക്ഷിതമായ ഒരു യാത്ര പോയ വിവരം വീട്ടിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തം. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴാണ് തങ്കമണിടീച്ചര്‍ ഉമ്മറത്തേക്ക് വരുന്നത് കണ്ടത്. അവര്‍ മൂന്ന് പേരും ഒന്നിച്ചു ചോദിച്ചു:
''മാഷ് എവിടെ ടീച്ചറെ?''
''നല്ല കഥ. കാലത്ത് നടക്കാന്‍ പോയിട്ട് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. എന്താണ് കാരണമെന്ന് ആലോചിക്കുകയായിരുന്നു. ഞാന്‍ ഫോണ്‍ വിളിച്ചിട്ടും കിട്ടുന്നില്ല. റേഞ്ചില്ലെന്നാണ് പറയുന്നത്.'' ടീച്ചര്‍ വളരെ സ്വാഭാവികമായി പറഞ്ഞു. 
ടീച്ചറുടെ ഫോണിലെ ഇ-മെയിലൊന്നു നോക്കിയാട്ടെ'' -അവര്‍ ആവശ്യപ്പെട്ടു.  എന്താണ് കാര്യമെന്നറിയാതെ ടീച്ചര്‍ തെല്ല് സംശയത്തോടെ ഇ-മെയില്‍ തുറന്നു. അതിലെ ആദ്യത്തെ സന്ദേശം വായിച്ചു, ഒന്നും മനസ്സിലാകാതെ, ടീച്ചര്‍ വെറും തറയില്‍ അന്തംവിട്ടിരുന്നു. പിന്നെ പൊട്ടിക്കരയാന്‍ തുടങ്ങി.
''ഇതിനുമാത്രം ഇവിടെ എന്താ ഉണ്ടായത്?''
ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു. 
മാഷ്‌ക്കുള്ള കാപ്പി ഫ്‌ലാസ്‌ക് തുറക്കാതെ അപ്പോഴും അങ്ങനെതന്നെ കിടക്കുകയായിരുന്നു. രവീന്ദ്രന്‍ മാഷുടെ തിരോധാന വാര്‍ത്ത പെട്ടെന്നാണ് നാടെങ്ങും വ്യാപിച്ചത്. ഒരു കാരണവും കൂടാതെ ഒരാളിങ്ങനെ അപ്രത്യക്ഷനാകുമോ? അതിനു മുന്‍പ് പലരേയും നാട്ടിലിങ്ങനെ കാണാതായിട്ടുണ്ട്. അങ്ങനെ നാടുവിടാന്‍ അവര്‍ക്ക് പല കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍, രവീന്ദ്രന്‍ മാഷ്‌ക്ക് എന്ത് കാരണമാണ് പറയാനുള്ളത്? അത് കണ്ടെത്താന്‍ കഴിയാത്തതിലുള്ള അസ്വസ്ഥത നാട്ടുകാര്‍ അനുഭവിച്ചുകൊണ്ടിരുന്നു. 

തന്നെ തിരക്കേണ്ടെന്ന് മാഷ് പറഞ്ഞിട്ടുണ്ടെങ്കിലും വീട്ടുകാരോ, നാട്ടുകാരോ അതനുസരിക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ അവരുടേതായ രീതിയില്‍ പലവട്ടം അന്വേഷണം നടത്തുകയുണ്ടായി. നന്നെ പുലര്‍ച്ചെ മാഷ് പോയതു മുതല്‍ ആരുംതന്നെ അദ്ദേഹത്തെ ഒരിടത്തും കണ്ടിരുന്നില്ല. ഒരാള്‍പോലും മാഷെ കണ്ടെന്ന് പറഞ്ഞതുമില്ല. റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമാണ് മാഷെ ആദ്യം തിരക്കിയത്. അവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും മാഷുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നില്ല. ടിക്കറ്റെടുത്ത് കഴിഞ്ഞാല്‍ ആദ്യം റെയില്‍വേ സ്റ്റേഷനിലെ ബുക്ക്സ്റ്റാളിലേക്കാണ് മാഷ് പോവുക. അതുകഴിഞ്ഞ് സമയമുണ്ടെങ്കില്‍ റസ്റ്റോറന്റിലേക്ക്... എന്നിട്ടാണ് പ്ലാറ്റ് ഫോമിലെ ഒരൊഴിഞ്ഞ സ്ഥലത്ത് ഇരിപ്പിടം കണ്ടെത്തുക. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പലവട്ടം പരതിയിട്ടും മാഷ്‌ക്ക് സമാനമായ ഒരു രൂപത്തെപ്പോലും കണ്ടെത്താന്‍ സാധിച്ചില്ല. അതുപോലെതന്നെ ബസ്സ്റ്റാന്റിലും. മാഷ് എല്ലാവരുടേയും കണ്ണുവെട്ടിച്ച് ദുരൂഹമായി ഏതു രൂപത്തിലാണ് അപ്രത്യക്ഷനായത്? മാഷ്ടെ തിരോധാനം ഒരു കടങ്കഥയായി എല്ലാവരുടേയും മനസ്സില്‍ വളരുകയായിരുന്നു. അതിനിടെ മാഷെ ചിലയിടങ്ങളില്‍ കണ്ടെന്ന് ഫോണ്‍ കോളുകള്‍ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് അന്വേഷണത്തില്‍നിന്നും തെളിയുകയുണ്ടായി. ഒടുവില്‍ പൊലീസ് തന്നെ രഹസ്യമായി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ''മാഷ് മുകളിലേക്ക് അപ്രത്യക്ഷമായിട്ടുണ്ടാകാം.''

മാഷ് ഇ-മെയിലില്‍ അയച്ച സന്ദേശത്തില്‍ എന്നെ തിരക്കേണ്ട എന്നതിനപ്പുറം മറ്റൊരു വാചകം കൂടി ചേര്‍ത്തിരുന്നെങ്കില്‍ എന്നുകൂടി പലരും ആഗ്രഹിച്ചു. ''ഞാന്‍ വേഗം മടങ്ങിയെത്തുന്നതാണ്.'' സാധാരണ പലരും ഇങ്ങനെ വ്യക്തമാക്കാറുണ്ട്. ഇവിടെ അതുപോലും ചേര്‍ക്കാത്തതുകൊണ്ട് മാഷ് ഇനി തിരിച്ചുവരില്ല എന്നുപോലും ചിലര്‍ സംശയിക്കാന്‍ തുടങ്ങി. നാട്ടില്‍നിന്നും അപ്രത്യക്ഷരാകുന്ന പലരേയും പിന്നീട് കണ്ടെത്തിയിരുന്നത് ഫോണ്‍ തെളിവ് വെച്ചുകൊണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ വിളിക്കുന്നിടം കണ്ടെത്തി അപ്രത്യക്ഷരായവരെ കണ്ടുപിടിക്കാന്‍ പൊലീസിന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. മാഷ്ടെ കാര്യത്തില്‍ അതിനും സാധിക്കുന്നില്ല. മാഷ്ടെ ഫോണില്‍ അങ്ങോട്ട് വിളിച്ചിട്ട് സ്വിച്ചോഫ് എന്ന സ്ഥിരം മറുപടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പരിചയക്കാരേയോ വീട്ടുകാരേയോ മാഷ് പിന്നീട് വിളിച്ചിട്ടുമില്ല. അന്നത്തെ സന്ദേശം വന്നതിനുശേഷം മാഷ്ടെ ഫോണില്‍നിന്നും പിന്നീടൊന്നും ആര്‍ക്കും ലഭിച്ചിരുന്നില്ല. 


അതിനിടെയാണ് നഗരത്തില്‍നിന്നും സമാനമായ ഒരു വാര്‍ത്ത പുറത്തുവന്നത്. നഗരത്തിലെ ആശുപത്രിയിലെ പ്രഗല്‍ഭനായ ഡോക്ടര്‍ പെട്ടെന്നൊരു നാള്‍ അപ്രത്യക്ഷനായിരിക്കുന്നു. മെഡിക്കല്‍ കോളേജില്‍നിന്നും വിരമിച്ചതിനുശേഷം ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. രോഗനിര്‍ണ്ണയത്തില്‍ അതിവിദഗ്ദ്ധനുമായിരുന്നു. നേരത്തെ ബുക്ക് ചെയ്ത രോഗികളെ വീട്ടില്‍വെച്ചും പരിശോധിക്കാറുണ്ട്. തന്റെ മുന്‍പിലെത്തുന്ന രോഗികള്‍ക്ക് രോഗകാരണവും രോഗാവസ്ഥയും വിശദമായി പറഞ്ഞുകൊടുത്തു ചികിത്സിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട്തന്നെ ഒരു വിഭാഗം രോഗികള്‍ക്ക് ഡോക്ടറെ ഏറെ ഇഷ്ടവുമായിരുന്നു. ഒരുനാള്‍ വൈകുന്നേരത്ത് പരിശോധനാ മുറിയില്‍നിന്നും ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ നിരന്തരം അടിക്കുന്നത് കേട്ട് വീട്ടുകാര്‍ക്ക് സംശയമായി. പരിശോധനാ സമയത്ത് മൊബൈല്‍ ഫോണ്‍ അടിക്കുന്നത്‌പോലും ഡോക്ടര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ തന്റെ ഫോണ്‍ ഓഫാക്കിയിട്ടാണ് ഡോക്ടര്‍ പരിശോധനാ മുറിയിലേക്ക് കയറാറുള്ളത്. ഫോണെന്താണ് പതിവില്ലാതെ അടിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയാന്‍ വീട്ടുകാര്‍ പരിശോധനാമുറിയിലേക്ക് പാളിനോക്കി. ഫോണ്‍ മേശപ്പുറത്തിരുന്നു നിരന്തരം അടിച്ചുകൊണ്ടിരിക്കുന്നു. ഒരു രോഗി പരിശോധന കാത്ത് തൊട്ടടുത്ത മേശയ്ക്ക് മുന്‍പില്‍ അക്ഷമനായി ഇരിക്കുന്നു.
''ഡോക്ടര്‍ എങ്ങോട്ട് പോയി?''

''അറിയില്ല. എന്നെ നോക്കുന്നതിന് മുന്‍പേ ഇപ്പോ വരാമെന്നും പറഞ്ഞ് ഡോക്ടര്‍ മുറിക്ക് പുറത്ത് പോയതാണ്.'' -അയാള്‍ പറഞ്ഞു. എന്തുപറ്റിയെന്നറിയാന്‍ വീട്ടുകാര്‍ ആകാംക്ഷയോടെ പുറത്തുവന്നു നോക്കി. അവിടെയൊന്നും അദ്ദേഹം ഉണ്ടായിരുന്നില്ല. 
പരിശോധനാമുറിക്ക് പുറത്തും ധാരാളം പേര്‍ ഡോക്ടറെ കാത്തിരിക്കുകയുമാണ്. 

ഡോക്ടര്‍ എങ്ങോട്ടേക്കാണ് പോയതെന്നറിയാന്‍ പുറത്തേക്കിറങ്ങി. വീട്ടിന് മുന്‍പിലെ റോഡിനപ്പുറത്തു കച്ചവടം ചെയ്യുന്ന പെട്ടിക്കടക്കാരന്‍ പറഞ്ഞു:
''ഡോക്ടര്‍ ഒരോട്ടോയില്‍ കയറിപ്പോവുന്നത് കണ്ടു.''
ഡോക്ടര്‍ എങ്ങോട്ടേക്കാണ് ഈ വിധത്തില്‍ അപ്രത്യക്ഷനായതെന്നറിയാതെയും പരിശോധനാമുറിക്ക് പുറത്ത് കാത്തിരിക്കുന്നവരെ എങ്ങനെ തിരിച്ചയയ്ക്കും, എന്താലോചിച്ചും വീട്ടുകാര്‍ ചിന്താക്കുഴപ്പത്തിലായി. ഫോണ്‍ എടുക്കാതെയാണ് പോയതെന്നതുകൊണ്ട് ഡോക്ടറുമായി ബന്ധപ്പെടാനും മാര്‍ഗ്ഗമില്ലായിരുന്നു. ഒരു സൂചനപോലും തരാതെ എണ്‍പത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം വീടുവിട്ട് ഇറങ്ങിപ്പോയതിന്റെ കാരണം എത്ര ആലോചിച്ചിട്ടും വീട്ടുകാര്‍ക്ക് കണ്ടെത്താനും കഴിഞ്ഞില്ല. സന്ധ്യയായിട്ടും തിരിച്ചുവരാതായതോടെയാണ് ഡോക്ടര്‍ വീട് വിട്ടുപോയി എന്ന തീരുമാനത്തില്‍ വീട്ടുകാര്‍ എത്തിയത്. അതോടെ പൊലീസില്‍ പരാതി കൊടുക്കാനും അവര്‍ തയ്യാറായി. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടു ഉച്ചയ്ക്കുള്ള തെക്കോട്ടുള്ള വണ്ടിക്ക് ഡോക്ടര്‍ കയറിപ്പോവുന്ന ദൃശ്യം. എന്നാല്‍, അത് കണ്ടപ്പോള്‍ വീട്ടുകാരെ അമ്പരിപ്പിച്ച കാര്യം, ഡോക്ടറില്‍ പെട്ടെന്നു വന്ന മാറ്റങ്ങളായിരുന്നു. പുറത്തേക്കെവിടെ പോവുമ്പോഴും വളരെ ശ്രദ്ധാപൂര്‍വ്വം മന്ദഗതിയിലാണ് അദ്ദേഹം നടക്കാറുള്ളത്. ആരോഗ്യസുരക്ഷയില്‍ വളരെ ശ്രദ്ധയുള്ളതുകൊണ്ട് പുറത്തുനിന്നൊന്നും വാങ്ങിക്കഴിക്കുന്ന ശീലവുമില്ല. എന്നാല്‍ ദൃശ്യത്തില്‍ കണ്ട ഡോക്ടറുടെ ചിത്രം അങ്ങനെയായിരുന്നില്ല. ഏതോ സ്വാതന്ത്ര്യം വീണുകിട്ടിയ ആവേശത്തോടെ വളരെ ചടുലമായി അദ്ദേഹം പ്ലാറ്റ്‌ഫോമിലൂടെ കൈവീശി അലസനായി നടക്കുന്നു. പിന്നീട് കടയില്‍നിന്നും വാങ്ങിയ കടലമിഠായി പൊട്ടിച്ച് ആസ്വദിച്ച് കഴിക്കുന്നു. അത്തരം കാഴ്ചകള്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ അനുമാനിച്ചു, അദ്ദേഹം സന്തുഷ്ടനാണ്. കുഴപ്പത്തിലേക്കൊന്നും പോവില്ല. എങ്കിലും പെട്ടെന്നിങ്ങനെ ഒരു തീരുമാനം എടുക്കാനുള്ളതിന്റെ കാരണം അവര്‍ക്ക് മനസ്സിലായതുമില്ല. മൂന്നാമത്തെ ദിവസം അതേ സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ക്ക് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: 
''ഒന്നു സ്വാതന്ത്ര്യത്തോടെ ദൂരെ എവിടെക്കെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു. ഈ എണ്‍പത്തഞ്ചാം വയസ്സില്‍ എന്നെ തനിച്ചു വിടാന്‍ നിങ്ങള്‍ സമ്മതിക്കുമോ? അന്നുച്ചയ്ക്ക് എന്റെ കൊതി അടക്കിവെക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ഇറങ്ങിപ്പുറപ്പെട്ടത്.''
ഇതുപോലെ പലരും അപ്രത്യക്ഷരായി; ചിലര്‍ മടങ്ങിവന്നു. രവീന്ദ്രന്‍ മാഷെ കാണാതായിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. ആര്‍ക്കും അദ്ദേഹത്തെക്കുറിച്ച് ഒരറിവും ഇതുവരെ ലഭിച്ചിട്ടില്ല. രവീന്ദ്രന്‍ മാഷുടെ സാന്നിദ്ധ്യമില്ലാതെ സ്‌കൂളിലെ പല നിയമനങ്ങളും നടന്നു. ബാങ്കില്‍ പലതരം പരിഷ്‌കാരങ്ങളും നടപ്പിലായി. നഗരസഭയ്ക്ക് പുതിയ അദ്ധ്യക്ഷന്‍ വന്നു. ഉത്സവം എല്ലാ വര്‍ഷവും ഭംഗിയായി കൊടിയേറി. 
തങ്കമണി ടീച്ചര്‍ എന്നും പുലര്‍ച്ചെ ഫ്‌ലാസ്‌കില്‍ കാപ്പിയുണ്ടാക്കി മേശപ്പുറത്ത് മുടങ്ങാതെ വെയ്ക്കും. മാഷ് തിരിച്ചുവരുമ്പോള്‍ വിയര്‍പ്പാറ്റിയതിനുശേഷം കുടിക്കാന്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com