വാക്കുകള്‍: ചന്ദ്രമതി എഴുതിയ കഥ

തീരെ ചെറിയ പ്രായത്തില്‍ത്തന്നെ അവള്‍ക്ക് 'കിലുക്കാംപെട്ടി' എന്നു പേരുവീഴാന്‍ കാരണം അവളുടെ നിര്‍ത്താത്ത സംസാരമായിരുന്നു. 
വാക്കുകള്‍: ചന്ദ്രമതി എഴുതിയ കഥ

തീരെ ചെറിയ പ്രായത്തില്‍ത്തന്നെ അവള്‍ക്ക് 'കിലുക്കാംപെട്ടി' എന്നു പേരുവീഴാന്‍ കാരണം അവളുടെ നിര്‍ത്താത്ത സംസാരമായിരുന്നു. സൃഷ്ടിസമയത്ത് ദൈവം ഒരുപാട് വാക്കുകളെ അവളുടെയുള്ളില്‍ നിറച്ചതുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവ അവളില്‍നിന്ന് പുറത്തുചാടാന്‍ മത്സരം തുടങ്ങി. ഒരുപാട് ചോദ്യങ്ങള്‍, പ്രായത്തിനു ചേരാത്താ നിരീക്ഷണങ്ങള്‍ സംശയങ്ങള്‍, അഭിപ്രായങ്ങള്‍. ആദ്യമൊക്കെ അതിബുദ്ധിശാലിയെന്നു പറഞ്ഞവര്‍ പിന്നീട് അവള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അസ്വസ്ഥരാകാന്‍ തുടങ്ങി. 

''ഇങ്ങനെ ചിലയ്ക്കരുതേ മോളേ.'' അമ്മൂമ്മമാര്‍ സംഘം ചേര്‍ന്നു പറഞ്ഞു. ''ഈ ചിലപ്പു കേട്ട് ആള്‍ക്കാര്‍ കണ്ണുവെക്കുന്നതുകൊണ്ടാണ് നിനക്കെപ്പോഴും പനിയും വയറുവേദനയുമൊക്കെ വരുന്നത്.''
അമ്മമ്മ കര്‍പ്പൂരം അവളുടെ തലയ്ക്കുഴിഞ്ഞ് വാതില്‍ക്കല്‍ കത്തിക്കുകയും അച്ഛമ്മ മുളകും കടുകുമൊക്കെ തലയ്ക്കുഴിഞ്ഞ് (വിറകടുപ്പില്ലാത്തതുകൊണ്ട്) ന്യൂസ്പേപ്പറില്‍ പൊതിഞ്ഞ് മുറ്റത്തിട്ട് കത്തിക്കുകയും പതിവായി ചെയ്തു. 
''കാക്കകള്‍ നിര്‍ത്താതെ അലയ്ക്കുന്നതുപോലെയാണ് നിന്റെ സംസാരം.'' അമ്മ പറഞ്ഞു. ''അവറ്റകള്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല. നല്ല പെണ്‍കുട്ടികള്‍ മൂളിക്കുരുവികളെപ്പോലെയാണ്. മൂളിക്കുരുവികള്‍ വെറുതേ ഇരിക്കുകയേ ഉള്ളൂ. ഇടയ്‌ക്കൊന്നു മൂളുന്നത് വളരെ പതുക്കെയാണ്.''
സ്‌കൂളിലെ മറിയാമ്മ ടീച്ചര്‍ അവള്‍ക്ക് 'വാക്കു കച്ചേരിക്കാരി' എന്ന് പേരിട്ടു. ക്ലാസ്സ് നടക്കുമ്പോള്‍ അടുത്തിരിക്കുന്ന കുട്ടിയോട് സ്വരം താഴ്ത്തി സംസാരിക്കുന്ന അവളെ ചോക്കുകഷണം കൊണ്ടെറിയുകയായിരുന്നു അവരുടെ വിനോദം. 
സ്‌കൂളില്‍നിന്ന് വീട്ടിലേക്കുള്ള നടത്തയില്‍ അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം സംസാരിച്ച് ചിരിച്ചുമറിയുമായിരുന്നു. കൂട്ടുകാരികള്‍ പിരിഞ്ഞുപോയാല്‍ രണ്ട് മിനിറ്റ് നടക്കാനേയുള്ളു അവളുടെ വീട്ടിലേക്ക്. അങ്ങനെയൊരു വൈകുന്നേരം തനിച്ചു നടത്തക്കിടയില്‍ താഴാമ്പൂ ഉള്ളില്‍വച്ചു ചുരുട്ടിയ കടലാസ് അവളുടെ പുസ്തകത്തിനുമേലെറിഞ്ഞുകൊണ്ട് ഒരു സൈക്കിള്‍പ്പയ്യന്‍ കടന്നുപോയി. ''എന്തു പ്രസരിപ്പാണ് നിനക്ക്!'' കടലാസിലെ അക്ഷരങ്ങള്‍ അവളോടു പറഞ്ഞു: ''നിന്റെ ചിരിയെ, നിന്റെ വാക്കുകളെ ഞാന്‍ പ്രണയിക്കുന്നു.'' അവളുടെ സ്‌കൂളിനടുത്തുള്ള ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അത്. അല്പം രാഷ്ട്രീയവും അല്പം കവിതയും ഏറെ ചട്ടമ്പിത്തരവുമുള്ള പയ്യന്‍. അവളുടെ അലമാരയില്‍ അങ്ങനെ പത്തുപന്ത്രണ്ടു താഴാമ്പൂക്കളായിട്ടും അവര്‍ നേരിട്ടു സംസാരിച്ചില്ല. പക്ഷേ, അവന്റെ തീക്ഷ്ണ മിഴികള്‍ അവളുടെയുള്ളില്‍ തങ്ങിനിന്നു. പ്രേമാര്‍ദ്രമെങ്കിലും തീക്ഷ്ണം. പിന്നെ ആ പയ്യന്‍ ജയിച്ചിട്ടോ തോറ്റിട്ടോ എവിടെയോ അപ്രത്യക്ഷനായി. 
''ഒരുപാട് സംസാരിക്കരുത്.'' കോളേജദ്ധ്യാപിക അവളോടു പറഞ്ഞു: ''എനര്‍ജി ഇങ്ങനെ ഒഴുകിപ്പോകുന്നതുകൊണ്ടാണ് നിനക്ക് പഠിത്തത്തിലോ മറ്റെന്തെങ്കിലുമോ മികവുകാട്ടാനൊക്കാത്തത്. ആഴ്ചയില്‍ ഒരു ദിവസം മൗനവ്രതമെടുക്ക്.''
അതവള്‍ക്ക് തീരെ അസാധ്യമായിരുന്നു. കാക്ക എങ്ങനെയാണ് മൂളിക്കുരുവിയാവുക? 
''നിന്നെക്കാള്‍ സംസാരിക്കുന്ന ഒരാളാവും നിന്നെ കെട്ടുക,'' അച്ഛമ്മ പറഞ്ഞു. ''അതായിരിക്കും നിനക്കു കിട്ടുന്ന ശിക്ഷ.''
പക്ഷേ, ശിക്ഷ വന്നത് സംസാരം ഒട്ടുമിഷ്ടപ്പെടാത്ത, സംസാരത്തിലും ചിരിയിലും വിമുഖനായ, ഭര്‍ത്താവിലൂടെയായിരുന്നു. 
''കാര്യമാത്രപ്രസക്തമായി സംസാരിച്ചാല്‍ മതി. അയാള്‍ അവളോടു പറഞ്ഞു. ''സോക്രട്ടീസിന്റെ നിയമമാണെനിക്കിഷ്ടം. എന്തെങ്കിലും പറയുന്നതിനുമുന്‍പ് മൂന്നു കാര്യങ്ങള്‍ ആലോചിക്കണം. പറയുന്നത് സത്യമാണെന്ന് ഉറപ്പുണ്ടോ, പറയുന്നത് നല്ല കാര്യമാണോ, ഇതു കേള്‍ക്കുന്നയാള്‍ക്ക് എന്തെങ്കിലും നന്മയോ പ്രയോജനമോ ഉണ്ടാകുമോ. ഏതെങ്കിലുമൊന്നിന് ഉത്തരം 'നോ' എന്നാണെങ്കില്‍ പറയരുത്.'' 

മൂന്ന് അരിപ്പകളിലൂടെ അരിച്ചെടുക്കുമ്പോള്‍ തന്റെ വാക്കുകള്‍ നേര്‍ത്ത് ഇല്ലാതാവുന്നത് അവള്‍ കണ്ടു. രണ്ട് ബഡ്‌റൂമുള്ള ഫ്‌ലാറ്റില്‍ അയാള്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ അവള്‍ അരിപ്പകള്‍ മാറ്റിവച്ച് സ്വയം സംസാരിക്കാന്‍ തുടങ്ങി. പക്ഷേ, അത് അവള്‍ക്ക് വേഗം മടുത്തു. വാക്കുകള്‍ അവളില്‍ത്തന്നെ കെട്ടടങ്ങി. അവളെ കേള്‍ക്കാന്‍ കിളികളില്ല, ചെടികളില്ല, മൃഗങ്ങളില്ല. 
ഭര്‍ത്താവും വല്ലപ്പോഴും വരുന്ന ഭര്‍ത്താവിന്റെ അമ്മയും മറ്റു ബന്ധുക്കളുമൊക്കെ ഓന്തുകളായി അവള്‍ക്കനുഭവപ്പെട്ടു. മരത്തടിയിലോ ചെടിത്തണ്ടിലോ വെറും നിലത്തോ പറ്റിച്ചേര്‍ന്ന് അനങ്ങാതിരിക്കുന്ന ഓന്തുകള്‍. അവ ചിലക്കുകയോ മോങ്ങുകയോ മുരളുകയോ ഒന്നും ചെയ്യില്ല. അങ്ങനെയിരിക്കുമ്പോള്‍ പൊടുന്നനവെ അസാമാന്യ നീളമുള്ള നാക്ക് വെളിയിലേക്ക് വെടിയുണ്ടച്ചാട്ടം ചാടും. ചിത്രശലഭങ്ങളേയോ ചെറുജീവികളേയോ പിടിച്ച് അകത്താക്കും. അതുപോലെ എല്ലാവരും അവളുടെ വാക്കുകളെ പിടിച്ചെടുക്കാന്‍ തുടങ്ങി. 
ഗര്‍ഭിണിയായ മകളെ കാണാനെത്തിയ അമ്മ അവളുടെ അസാധാരണ മൗനം സഹിക്കാനാവാതെ കരഞ്ഞു. പക്ഷേ, അച്ഛന്‍ ഭര്‍ത്താവിന്റെ കൈപിടിച്ചു കുലുക്കി. ''വെല്‍ഡണ്‍ മോനേ. ഞാന്‍ തോറ്റിടത്ത് നീ ജയിച്ചു. ഇവളെ നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റിയല്ലോ നിനക്ക്.''
സൃഷ്ടിസമയത്ത് ഉള്ളില്‍ ദൈവം നിറച്ചിട്ട വാക്കുകള്‍ കെട്ടിക്കിടന്നു ചീയുന്നതിന്റെ ദുര്‍ഗന്ധം ഏറിവന്നപ്പോള്‍ അവള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. 
''ഈ സമയത്ത് മോണിംഗ് സിക്നസ് അസാധാരണമാണ്.'' ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ''മരുന്നൊന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്. തനിയേ മാറിക്കോളും.''
''അമ്മയാകുന്നത് ഒരു പ്രത്യേകാനുഭവമല്ലേ?'' കൗണ്‍സലര്‍ ചോദിച്ചു. ''പിന്നെന്താ മാഡം ഇങ്ങനെ ഉത്സാഹം നശിച്ചിരിക്കുന്നത്? ഒരുപാട് സംസാരിച്ചിരുന്ന ആളാണെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇപ്പോഴെന്താ വാക്കുകള്‍ക്ക് വിശ്രമം? ഈ ഡിപ്രഷനു കാരണമെന്താണ്? തുറന്നു പറയൂ.''
''ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല.'' അവള്‍ പറഞ്ഞു. ''അതുകൊണ്ട് ഞാനൊന്നും പറയാറില്ല, അത്രേയുള്ളൂ.'' 
കൗണ്‍സലര്‍ ചിരിച്ചു. ''മാഡത്തിനു പറയാനുള്ളതൊക്കെ കേള്‍ക്കാന്‍ വളരെയിഷ്ടമുള്ള ഒരാള്‍ കൂടെത്തന്നെയുണ്ടല്ലോ. മാഡം കുഞ്ഞിനോട് സംസാരിക്കൂ. നല്ല കാര്യങ്ങള്‍ വേണം പറഞ്ഞുകൊടുക്കാന്‍. വേഗം പിടിച്ചെടുക്കുമെന്ന് ഓര്‍ത്തോണേ.''
അങ്ങനെ അവള്‍ കുഞ്ഞിനോട് സംസാരിക്കാന്‍ തുടങ്ങി. കുറേ സംസാരമായപ്പോള്‍ കുഞ്ഞ് ചലനങ്ങളിലൂടെ പ്രതികരണമറിയിക്കാനാരംഭിച്ചു. 
''എന്നെ എല്ലാരും ഇങ്ങനെ വഴക്കു പറയുന്നതെന്തിനാ വാവേ? മിണ്ടിയാല്‍ കുറ്റം; മിണ്ടിയില്ലെങ്കില്‍ കുറ്റം.''


കുഞ്ഞ് ഒന്നു തിരിഞ്ഞു കിടന്നപ്പോള്‍ അവളുടെ ഗൗണ്‍ ചലിച്ചു. 
''കുട്ടിക്കാലത്തും ഞാനൊരുപാട് ശകാരം കേട്ടിട്ടുണ്ട് വാവേ. അതുകൊണ്ടാ ഞാന്‍ മനുഷ്യരെ വിട്ട് ചെടികളോടും പൂച്ചകളോടും കാക്കകളോടുമൊക്കെ സംസാരിക്കാന്‍ തുടങ്ങിയത്. നിന്നോടൊരു രഹസ്യം പറയട്ടെ? കുറേക്കഴിഞ്ഞപ്പോള്‍ എനിക്കവരുടെയൊക്കെ ഭാഷ മനസ്സിലാവാന്‍ തുടങ്ങി.'' 
കുഞ്ഞു ചിരിക്കുന്നത് അവളറിഞ്ഞു. 
''ചിലര്‍ക്ക് വായു ശ്വാസമാണെങ്കില്‍ എനിക്ക് വാക്ക് ശ്വാസമാണ്. അത്രേയുള്ളെടാ. പക്ഷേ, അതാര്‍ക്കും മനസ്സിലാവണില്ല. അവരെന്നെ ഭ്രാന്തീന്നുവരെ വിളിച്ചു.''
അങ്ങനെ വിളിച്ചവരോടുള്ള ദേഷ്യം പ്രകടിപ്പിക്കാന്‍ കുഞ്ഞ് ഒറ്റച്ചവിട്ട്! അവള്‍ക്കു ചെറുതായി വേദനിച്ചു. 
''ഇത്രേം ശക്തിയില്‍ തൊഴിക്കല്ലേ വാവേ. അമ്മയ്ക്കു നൊന്തൂട്ടോ. പുറത്തുവന്നിട്ട് അമ്മേ ഭ്രാന്തീന്നു വിളിച്ചവരെയൊക്കെ ചവിട്ടിക്കോ.''
അവളുടെ തനിയേയുള്ള സംസാരം പുനരാരംഭിച്ചത് ഭര്‍ത്താവിനെ അസ്വസ്ഥനാക്കി. അയാള്‍ അമ്മയെ വിളിച്ചു.  ''ഇരുപത്തിനാലു മണിക്കൂറും തനിയേയിരുന്നു വര്‍ത്തമാനം പറയുകയാ. ഇങ്ങനെപോയാല്‍ ശരിയാവില്ല. അമ്മ കുറച്ചു ദിവസം വന്നു നില്‍ക്കണം.''
അമ്മായിഅമ്മ അവളുടെ കയ്യില്‍ ശ്രീ മഹാഭാഗവതം വച്ചുകൊടുത്തു. ദശമസ്‌കന്ധത്തിലെ കൃഷ്ണലീലകള്‍ ഉറക്കെ വായിച്ചുകൊണ്ടിരിക്ക്. കുഞ്ഞ് കേട്ടു പഠിക്കട്ടെ. കൃഷ്ണനെപ്പോലെ വളരട്ടെ. വെറുതേ അതുമിതുമൊക്കെ പറഞ്ഞ് കുഞ്ഞിനെക്കൂടി തെറ്റിക്കാതെ.''
അവള്‍ വായിക്കാന്‍ ശ്രമിച്ചു. പൂതന... ശകടാസുരന്‍... തൃണാവര്‍ത്തന്‍... വത്സാസുരന്‍... ബകാസുരന്‍... അഘാസുരന്‍...
അവള്‍ നിര്‍ത്തി. 

''കൃഷ്ണനെ എനിക്കിഷ്ടാ വാവേ. പക്ഷേ, വാവ ആരേം കൊല്ലണ്ട, ട്ടോ. നിന്നെ ആരും കൊല്ലാതെ ഞാന്‍ നോക്കിക്കോളാം.''
കുഞ്ഞ് അസ്വസ്ഥതയോടെ ഇളകിമറിഞ്ഞു. അത് സത്യമല്ലെന്നു തോന്നിയോ? 
''സന്തോഷമായിട്ടിരിക്കു വാവേ. നീ വന്നിട്ട് നമുക്കൊരുമിച്ച് കണ്ണാമ്പക്കികളുടെ പുറകേ ഓടണം. നമുക്ക് മഴവില്ലിനെ തൊടണം. കടലുനിറയെ നീലത്തിരയാണ്. നീ കണ്ടിട്ടില്ലല്ലോ. അതിന്റെ പുറത്തുകയറി നമുക്ക് കുതിരകളിക്കണം...''
''മാഡം, നിങ്ങള്‍ അയഥാര്‍ത്ഥമായ ഒരു ലോകത്തിലാണ് ജീവിക്കുന്നത്.'' കൗണ്‍സലര്‍ പറഞ്ഞു. ''ആര്‍ക്കെങ്കിലും മഴവില്ലിനെ തൊടാന്‍ പറ്റുമോ? അതിനുപകരം നിങ്ങള്‍ കുഞ്ഞിനെ ഏതു സ്‌കൂളില്‍ ചേര്‍ക്കണമെന്ന് ആലോചിക്കൂ. എങ്ങനെ ഒരു നല്ല പൗരനാക്കി വളര്‍ത്താമെന്നു ചിന്തിക്കൂ. യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങിവരൂ...''
''യഥാര്‍ത്ഥ ലോകത്തില്‍ ആര്‍ക്കുമെന്നെ ഇഷ്ടമല്ല.'' അവള്‍ പറഞ്ഞു. ''അവിടെ ആവശ്യം യന്ത്രങ്ങളാണ്. മിണ്ടാതെ പാചകം ചെയ്യുന്ന, തുണിയലക്കുന്ന, ടി.വി. കാണുന്ന യന്ത്രങ്ങള്‍. യന്ത്രങ്ങള്‍ക്കു ഭാഷയില്ലല്ലോ. വാഷിംഗ് മെഷീന്‍ കരയാന്‍ പാടില്ല.'' 

''മാഡം,'' കൗണ്‍സലര്‍ ദയവോടെ വിളിച്ചു. ''യഥാര്‍ത്ഥ ലോകത്തിലേക്കാണ് നിങ്ങളുടെ കുഞ്ഞ് പിറക്കാന്‍ പോകുന്നത്. അല്പം വളരുമ്പോള്‍ ആ കുട്ടിയും നിങ്ങളെ തള്ളിപ്പറയും.''
''മാഡമല്ലേ എന്നോട് കുഞ്ഞിനോട് സംസാരിച്ചിരിക്കാന്‍ പറഞ്ഞത്?'' അവള്‍ ചൊടിച്ചു. ''അതേ ഞാന്‍ ചെയ്തുള്ളൂ.''
''ഇങ്ങനെ സദാ സംസാരിച്ചിരിക്കാനല്ല ഞാന്‍ പറഞ്ഞത്. നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനല്ലേ പറഞ്ഞുള്ളൂ? മാഡം, ഇപ്പോള്‍ത്തന്നെ നോക്കൂ, എത്ര അശ്രദ്ധമാണ് മാഡത്തിന്റെ വസ്ത്രധാരണം! മുടി ചീകിയൊതുക്കിയിട്ടില്ല. കിടക്കപ്പായയില്‍നിന്ന് എഴുന്നേറ്റുവന്നതുപോലെയുണ്ട്. നല്ല സുന്ദരിയായി അണിഞ്ഞൊരുങ്ങി സാറിന്റെ മുന്നില്‍ നിന്നു നോക്കൂ. സാര്‍ നിങ്ങളെ ഇഷ്ടപ്പെടും. പറയാനുള്ളത് ചുരുങ്ങിയ വാക്കുകളില്‍ സ്‌നേഹത്തോടെ പറഞ്ഞുനോക്കൂ. അദ്ദേഹം തീര്‍ച്ചയായും കേള്‍ക്കും. 
''അതൊന്നും നടക്കില്ല മാഡം,'' അവള്‍ പറഞ്ഞു. ''ഇനി മുതല്‍ ഞാന്‍ മിണ്ടാതിരിക്കാം. പഴയപടിയാവാം. പക്ഷേ, അവര്‍ വീണ്ടുമെന്നെ ഇവിടെ കൊണ്ടുവന്നാല്‍ എന്നെ ഉപദേശിക്കാന്‍ വരരുത്.''
കതകു വലിച്ചടച്ച് അവള്‍ ഇറങ്ങിപ്പോയപ്പോള്‍ കൗണ്‍സലര്‍ ഒന്നു നടുങ്ങി. ദൈവം എപ്പോഴും ചേരാത്തതിനെയേ ചേര്‍ക്കൂ എന്നവരോര്‍ത്തു. സംഗീതപ്രിയയായ തനിക്ക് പാട്ടെന്നു കേട്ടാല്‍ വയലന്റാകുന്ന ഭര്‍ത്താവിനെയല്ലേ തന്നത്. വിവാഹം വരെ ഒരു ഫിലിം ഫെസ്റ്റിവലും കാണാതിരുന്നിട്ടില്ല. ഇപ്പോള്‍ സിനിമാതിയേറ്ററിന്റെ മുന്നിലൂടെ നടക്കാന്‍പോലും കഴിയുന്നില്ല. ഒരുപക്ഷേ, അയാളോടൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതുകൊണ്ടാവണം മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കാന്‍ തനിക്ക് ആവുന്നത്!

വാവ ചോദിച്ചു: ''അമ്മയെന്താ രണ്ടു ദിവസമായി എന്നോടു മിണ്ടാത്തത്?''
അവള്‍ ഞെട്ടി: ''നീ സംസാരിക്കാറായോ കുഞ്ഞേ?''
''പിന്നേ! ദിവസം തോറും ഞാന്‍ വളരുകയല്ലേ അമ്മേ. പക്ഷേ, ഞാന്‍ സംസാരിക്കുന്നത് അമ്മയ്ക്കു മാത്രമേ കേള്‍ക്കാനാവൂ. ഇത് വാക്കുകളില്ലാത്ത ഭാഷയാണ്. ഞാനമ്മയ്ക്ക് വാവ-ഭാഷ പഠിപ്പിച്ചുതരാം. ഇനി മറ്റുള്ളവര്‍ പറഞ്ഞുതന്ന വാക്കുകള്‍ അമ്മ ഉപയോഗിക്കണ്ട. നമുക്ക് രണ്ടുപേര്‍ക്കും വാവ-ഭാഷയില്‍ സംസാരിക്കാം.''
മറ്റുള്ളവരുടെ ഓന്ത്-നാവുകള്‍ പിടിച്ചെടുത്ത് വീടിന്റെ മൂലയിലേക്കെറിഞ്ഞ വാക്കുകൂട്ടത്തില്‍ അവള്‍ തന്റെ വാക്കുകളെല്ലാം കുടഞ്ഞിട്ടു. എല്ലാവര്‍ക്കും തൃപ്തിയാകട്ടെ. 
അവള്‍ വളരെ വേഗം വാവ-ഭാഷ പഠിച്ചെടുത്തു. പിന്നെ മനുഷ്യരുടെ വാക്കുകള്‍ അവള്‍ ഉപയോഗിച്ചതേയില്ല. 
''ഇപ്പോള്‍ അവള്‍ ഒന്നും മിണ്ടുന്നില്ലല്ലോ മോനേ.'' അമ്മായിഅമ്മ പരാതിപ്പെട്ടു. ''തനിയേ ഇരുന്ന് ചിരിക്കുന്നു. ആംഗ്യം കാണിക്കുന്നു. ചിലപ്പോള്‍ കരയുന്നു. ലക്ഷണമാകെ വല്ലാത്തതാണല്ലോ.'' 
''ഇനി ഒരു കൗണ്‍സലിംഗും വേണ്ട.'' ഭര്‍ത്താവ് പറഞ്ഞു. ''മൂന്ന് മാസം കൂടിയല്ലേയുള്ളൂ.! കുഞ്ഞു പുറത്തുവരുന്നതുവരെ ക്ഷമിക്കാം. പിന്നെ എന്താണു വേണ്ടതെന്നു എനിക്കറിയാം.''
അതു പറയുമ്പോള്‍ അയാള്‍ക്ക് ഒരു ത്യാഗി മുഖമായിരുന്നു. 
''ഇപ്പോള്‍ അമ്മ സംസാരിക്കുന്നതേയില്ലെന്നാണവരുടെ പരാതി'' - കുഞ്ഞ് അവളോടു പറഞ്ഞു. അമ്മ എന്നോട് ചിരിക്കുന്നതും ആംഗ്യം കാട്ടുന്നതുമൊന്നും അവര്‍ക്കു പിടിക്കുന്നില്ല. 
''സാരമില്ല വാവേ''  അവള്‍ വാത്സല്യത്തോടെ സ്വന്തം വയറില്‍ തലോടി. 
രാത്രിയില്‍ അവള്‍ ഭര്‍ത്താവ് കൂര്‍ക്കംവലിച്ചുറങ്ങുന്ന കിടക്കയില്‍നിന്നെഴുന്നേറ്റ് വയര്‍ താങ്ങിക്കൊണ്ട് ടോയ്ലറ്റിലേക്കു നടക്കുമ്പോള്‍ വാവ പറഞ്ഞു: ''അമ്മേ, അവിടെ ഒരു കള്ളനുണ്ട്. എക്സോസ്റ്റ് ഫാനിളക്കി അകത്തുകടന്നിരിക്കുന്നു. മുറിയിലേക്കുള്ള വാതില്‍ അവനു തുറക്കാന്‍ പറ്റുന്നില്ല. അമ്മ തുറന്നുകൊടുക്കാതിരുന്നാല്‍ കുറേ നോക്കിയിട്ട് അവന്‍ വന്ന വഴിക്കു പൊയ്‌ക്കോളും.''
''അവള്‍ ഒരു നിമിഷം സംശയിച്ചു നിന്നിട്ട് വാതിലിനു നേര്‍ക്കു നടന്നു. 
''വേണ്ടമ്മേ അവന്റെ കയ്യില്‍ കത്തിയുണ്ട്. നമ്മളെ കൊല്ലും. ലോകം കാണാതെ ഞാന്‍ പോകേണ്ടിവരുന്നത് കഷ്ടമല്ലേ അമ്മേ?''
നാവരിയുന്നതോ കഴുത്തരിയുന്നതോ നല്ലത് എന്നു സ്വയം ചോദിച്ചുകൊണ്ട് അവള്‍ വാതില്‍ തുറന്ന് അകത്തുകടന്നു. 

വാതിലിനു പുറകില്‍ നിന്ന കള്ളന്‍ കത്തി വീശി മുന്നോട്ടുവന്ന് വാതിലടച്ചു. പെട്ടെന്ന് ആ ബാത്‌റൂമിലാകെ താഴാമ്പൂവിന്റെ മണം നിറഞ്ഞു. കള്ളന്‍ മുഖം മറച്ച് കെട്ടിയിരുന്ന കള്ളിത്തൂവാലയ്ക്കു മുകളില്‍ തീക്ഷ്ണമായ രണ്ടു കണ്ണുകള്‍. അവളുടെ ചെവികളില്‍ ഒരു സൈക്കിള്‍ ബെല്ല് ഉറക്കെ മുഴങ്ങി. 
''ശബ്ദമുണ്ടാക്കിയാല്‍ കൊന്നെറിയും.'' കള്ളന്‍ അമര്‍ത്തിയ സ്വരത്തില്‍ പറഞ്ഞു. ''വേഗം കമ്മലും വളേം മാലേമൊക്കെ ഊരിത്താ. ഗര്‍ഭിണിയായതുകൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല.''
അവളാ കണ്ണുകളില്‍ വീണ്ടും നോക്കി. അതേ കണ്ണുകള്‍. സൈക്കിള്‍ ബെല്ലിന്റെ ശബ്ദം. കൈതപ്പൂവിന്റെ മണം. പൂവ് ഉള്ളില്‍വച്ചു പൊതിഞ്ഞ കടലാസു കഷണങ്ങള്‍. 
''നിനക്കെന്നെ മനസ്സിലായില്ലേ?'' അവള്‍ ചോദിച്ചു. പക്ഷേ, വാക്കുകളില്ലാത്ത വാവ-ഭാഷ അയാള്‍ക്കു മനസ്സിലായില്ല. 
''നോക്കൂ,'' അവള്‍ തുടര്‍ന്നു. ''നീ ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളിലല്ലേ പഠിച്ചത്? താഴാമ്പൂ ചുരുട്ടി ഉള്ളില്‍വച്ച കത്തുകള്‍ ഓര്‍മ്മയുണ്ടോ?''
''എല്ലാം അഴിക്കെടീ വേഗം.'' അയാള്‍ മുന്നോട്ടു വന്ന് അവളുടെ കഴുത്തില്‍ കത്തിമുന അമര്‍ത്തി. ആ നിമിഷം അയാളുടെ കണ്ണുകള്‍ അവളുടേതുമായിടഞ്ഞു. 


ചുഴലിക്കാറ്റോ സുനാമിത്തിരയോ എന്തോ ഒന്ന് അയാളെ ചുഴറ്റി പുറകോട്ടെറിഞ്ഞു. സൈക്കിളിനു മേലിരിക്കുന്ന സ്‌കൂള്‍ കുട്ടി. നിര്‍ത്താതെ സംസാരിച്ച് ചിരിച്ചു മറയുന്ന സുന്ദരിയായ പെണ്‍കുട്ടി. അക്ഷരമറിയാത്തവനെക്കൊണ്ട് കവിതയെഴുതിച്ചവള്‍!
ദൈവമേ, ഞാന്‍ എങ്ങനെ ഇവിടെ എത്തിപ്പെട്ടു? കള്ളന്‍ അമ്പരന്നു. 
''ഞാന്‍ നിന്നെ മറന്നിട്ടേയില്ല.'' അവള്‍ പറഞ്ഞു. ''നിന്റെ കണ്ണുകള്‍... എന്തൊരു കത്തുന്ന കണ്ണുകളായിരുന്നു അവ!'' 
''അമ്മേ,'' കുഞ്ഞ് വെപ്രാളത്തോടെ വിളിച്ചു. ''വാവ-ഭാഷ അയാള്‍ക്ക് അറിഞ്ഞുകൂട. അമ്മ വാക്കുകള്‍ ഉപയോഗിക്കൂ. ഇല്ലെങ്കില്‍ ഈ കള്ളന്‍ നമ്മളെ കൊല്ലും.''


''നിന്റെ കുറിപ്പുകളിലും തീയുണ്ടായിരുന്നു. അതൊക്കെ വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ആ തീ എന്നില്‍ കത്തിപ്പടര്‍ന്നിട്ടുണ്ട്. തീ പടര്‍ന്നു പടര്‍ന്നു പടര്‍ന്നങ്ങനെ...'' 
അവളുടെ കണ്ണുകള്‍ ചാമ്പിമയങ്ങി. 
ഇവള്‍ ഊമയായിപ്പോയോ? കള്ളനാലോചിച്ചു. എന്തേ ഒന്നും പറയാതെ ചുണ്ടുകള്‍ മാത്രം വിതുമ്പുന്നത്? എന്നെ മനസ്സിലായിക്കാണുമോ?
സൈക്കിളോടിക്കുന്ന സ്‌കൂള്‍ കുട്ടിയായി അയാള്‍ മാറി. കൂട്ടുകാരികളോട് ചിരിച്ചുമിണ്ടുന്നതിനിടയില്‍ അവള്‍ അയാള്‍ക്കു നേരേ പൂമഴനോട്ടമെറിഞ്ഞു. 
''നീ എവിടെയാണു മറഞ്ഞത്? നിനക്കെന്നെ രക്ഷപ്പെടുത്താമായിരുന്നു'' എന്നു പറഞ്ഞുകൊണ്ട് കള്ളന്റെ ശരീരത്തിലേക്കവള്‍ കുഴഞ്ഞുവീണു. മുറിക്കുള്ളില്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിയതുപോലെ. അമ്പരപ്പോടെ കള്ളന്‍ അവളെ താങ്ങി. 
ചലനം വറ്റുന്ന ശരീരത്തിന് ഭാരമേറുന്നത് അയാളറിഞ്ഞു. അവളുടെ അടഞ്ഞ കണ്ണുകളില്‍, നിറം വറ്റിയ ചുണ്ടുകളില്‍, ശൈത്യം പടരുന്നതയാള്‍ കണ്ടു. അപകടം മണത്ത് അയാള്‍ അവളെ നിലത്തുകിടത്തി വന്നവഴിയേ ചാടിയോടിമറഞ്ഞു. കാമുകനായാലും കള്ളനായാലും സ്വന്തം നിലനില്‍പ്പല്ലേ വലുത്!
രാവിലെയാണ് അവളുടെ ശരീരം ഭര്‍ത്താവ് കണ്ടത്. തണുത്തുമരവിച്ച് അത് തറയില്‍ ചരിഞ്ഞുകിടക്കുകയായിരുന്നു. പണ്ട് മുത്തശ്ശി തുണിപ്പെട്ടിയില്‍ ഇട്ടിരുന്ന ഏതോ ഒരു മഞ്ഞപ്പൂവിന്റെ മണം അവിടെയുണ്ടെന്ന് അയാള്‍ക്കു തോന്നി.
മുഖം മറയ്ക്കുന്ന കള്ളിത്തൂവാലയില്ലാതെ, കയ്യില്‍ കത്തിയില്ലാതെ കള്ളന്‍ സാധാരണക്കാരിലൊരാളായി ആള്‍ക്കൂട്ടത്തിലൂടെ കടന്നുവന്നു. തുന്നിക്കെട്ടിയ അവളുടെ ശരീരം കത്തിച്ച നിലവിളക്കുകള്‍ക്കു നടുവില്‍ പുതച്ചുകിടന്നു. ഒരു നിമിഷം നോക്കിനിന്നതിനുശേഷം അയാള്‍ കയ്യിലൊതുക്കിവച്ചിരുന്ന താഴാമ്പൂവ് ആ ശരീരത്തില്‍ സമര്‍പ്പിച്ചു. വിളറിയ ആ മുഖത്തുനോക്കി കള്ളന്‍ മൗനമായി പറഞ്ഞു:
''ഒരു വാക്ക്... കുടത്തില്‍നിന്നു വെള്ളം വീഴുന്നതുപോലെ നീ ചിതറിച്ചു നടന്ന നക്ഷത്രവാക്കുകളിലൊന്ന്, എനിക്ക് തരാത്തതെന്തേ? ഞാന്‍ ഇങ്ങനെ ആവില്ലായിരുന്നല്ലോ. എന്റെ കവിത ചോര്‍ന്നുപോവില്ലായിരുന്നല്ലോ.''
കസേരയില്‍ തളര്‍ന്നിരിക്കുന്ന ഭര്‍ത്താവ് അപരിചിതനെ വെറുതെ ഒന്നു നോക്കി. പിന്നെ അയാള്‍ ഭാര്യയുടെ നേരേ തിരിഞ്ഞ് ഉള്ളില്‍ പറഞ്ഞു...
''ഒരു വാക്കെങ്കിലും എന്നോടു മിണ്ടിയിട്ട് പോ പൊന്നേ...''
അവള്‍ പിടിച്ചെടുത്തതും അവള്‍ സ്വയം കളഞ്ഞതുമായ വാക്കുകള്‍ പൊടിപിടിച്ച മൂലയില്‍ക്കിടന്ന് ഇളകിച്ചിരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com