ചിത്രീകരണം: ചന്‍സ്
ചിത്രീകരണം: ചന്‍സ്

ടമാര്‍ പടാര്‍: വിനു ഏബ്രഹാം എഴുതിയ കഥ

അവളുടെ ഹൃദയം ടപടാന്നു മിടിച്ചു. അടുത്ത് എവിടെയോ അദൃശ്യമായ ശത്രുസാന്നിധ്യം...

മാര്‍... പടാര്‍...
ഷിയാ ചാങ്ങ് എന്ന ചൈനീസ് ചാരസുന്ദരി ഭൂമി പിളരുന്നതുപോലെയുള്ള വലിയ ശബ്ദത്തില്‍ കപ്പലിലെ തന്റെ ക്യാബിനിന്റെ കതക് തകര്‍ക്കപ്പെടുന്നതു കണ്ടു. അവള്‍ തന്റെ തലക്കല്‍ സൂക്ഷിച്ചിരുന്ന റിവോള്‍വറും കടന്നെടുത്ത് കട്ടിലില്‍നിന്നു ചാടിയെഴുന്നേറ്റു.
അദ്ഭുതമേ!
തകര്‍ന്നുവീണ വാതിലിനപ്പുറം ആരേയും കാണാനില്ല. ഷിയാ നീട്ടിപ്പിടിച്ച റിവോള്‍വറുമായി മുന്നോട്ടാഞ്ഞു.
അവളുടെ ഹൃദയം ടപടാന്നു മിടിച്ചു. അടുത്ത് എവിടെയോ അദൃശ്യമായ ശത്രുസാന്നിധ്യം...
അടുത്ത നിമിഷം ഷിയയുടെ കൈപ്പത്തിക്കുള്ളില്‍നിന്ന് റിവോള്‍വര്‍ ഊക്കോടെ തെറിപ്പിക്കപ്പെട്ടു. ഒരു ഇരുമ്പ് കൂടം തന്റെ കയ്യില്‍ പതിച്ചെന്ന് അവള്‍ക്കു തോന്നി. സുമാട്രാ-ബോര്‍ണിയോക്കപ്പുറത്തുള്ള കടലിലൂടെ സഞ്ചരിക്കുന്ന ആ കപ്പല്‍ ഒന്നാകെ ആടിയുലഞ്ഞതുപോലെ.

''ഹാന്‍ഡ്‌സ് അപ്പ്'', വീണ്ടും അവളെ ഞെട്ടിച്ചുകൊണ്ട് ഒരു ഉഗ്രശബ്ദം മുഴങ്ങി. ഒപ്പം അവള്‍ കാണുകയും ചെയ്തു. വായുവില്‍ ഒരു ഇരുമ്പ് കൈ...
''മോനേ, ആ പശൂനെ ഒന്നു മാറ്റിക്കെട്ടടാ. പ്ലാന്തോട്ടക്കാരുടെ അതിരിന്റവിടെ നിപ്പോണ്ട്. ഇപ്പോ അവിടത്തെ പുല്ല് മുഴുവന്‍ തീര്‍ത്തുകാണും'', അമ്മയുടെ ശബ്ദം ഇരുമ്പ് കൈ മായാവിയുടെ ശബ്ദത്തിനും മേലേ ഉയര്‍ന്ന് എന്നെ ഞെട്ടിച്ചുകളഞ്ഞു. ഛേ! സംഗതി നല്ല സസ്‌പെന്‍സ് മുറുകി വന്നപ്പോഴാ അമ്മേടെ ഒരു പശൂ! ഞാന്‍ മനസ്സില്ലാ മനസ്സോടെ ഇരുമ്പ് കൈ മായാവിയുടെ ചിത്രകഥാപ്പുസ്തകം അരപ്ലേസില്‍ വെച്ചിട്ട് മുറ്റത്തേക്കിറങ്ങി.
അന്നു പിന്നെ പല കാരണങ്ങളാലും വായന തുടരാനായില്ല.
പിറ്റേ ദിവസവും വായന നടന്നില്ല.

പക്ഷേ, അതിന്റെ പിറ്റേന്ന് ഷിയ എന്ന ചാരസുന്ദരിയെ ഞാന്‍ നേരില്‍ കണ്ടു. ഇവിടെ ഈ അടവിമണ്‍ ഗ്രാമത്തില്‍ വെച്ചുതന്നെ.
ഇപ്പോള്‍ 45 വര്‍ഷങ്ങള്‍ക്കുശേഷവും അന്നു ഞാനനുഭവിച്ച അദ്ഭുതം അതേപടി എന്നിലുണ്ട്. ഞങ്ങളുടെ പറമ്പിന്റെ കിഴക്കേ അതിരിലുള്ള പ്ലാന്തോട്ടത്തിലെ വീട്ടിലാണ് ആ അദ്ഭുതം നടന്നത്. അതോടെ, അന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ പരിചിത ലോകത്തിലെ ഏറ്റവും വലിയ അദ്ഭുത സംഭവമായി ഞാന്‍ കണ്ടിരുന്ന ഇരുമ്പ് കൈ മായാവിയുടെ ചിത്രകഥയേയും വെല്ലുന്ന ഒരു സംഭവമാണ് ഞാന്‍ കണ്ടുതുടങ്ങിയത്.

പ്ലാന്തോട്ടക്കാര് അടവിമണ്ണിലെ മുന്തിച്ച കുടുംബക്കാരാണ്. ഞങ്ങളുടെ അയല്‍പക്കത്തുള്ള പ്ലാന്തോട്ടം വീട് പാപ്പച്ചായന്‍ എന്ന ആളുടേതാണ്. ചെറുപ്പത്തില്‍ പട്ടാളത്തില്‍ പോയിരുന്ന പാപ്പച്ചായന്‍, എന്റെ കൊച്ചുന്നാളായപ്പോഴേയ്ക്ക് കൃഷിയും പൊടി കോണ്‍ഗ്രസ്സ് രാഷ്ട്രീയവുമൊക്കെയായി കഴിയുകയാണ്. പാപ്പച്ചായന് മൂന്ന് മക്കളാണ്. മൂത്തത് ജോണ്‍കുട്ടി. താഴെ രണ്ട് പെമ്പിള്ളാരും.
ജോണ്‍കുട്ടിച്ചായന്‍ പഠിക്കാന്‍ മിടുക്കനാരുന്നു. പക്ഷേ, തൂരുത്തിക്കാട്ട് കോളേജില്‍ പഠിക്കുമ്പോഴേയ്ക്ക്, കമ്യൂണിസം തലയ്ക്കു പിടിച്ചു. അതോടെ രാഷ്ട്രീയം കളിച്ചും കുറച്ചൊക്കെ ചട്ടമ്പിത്തരങ്ങള്‍ കാണിച്ചും പഠനം ഉഴപ്പിത്തുടങ്ങി. തികഞ്ഞ കോണ്‍ഗ്രസ്സ് ഭക്തനായ പാപ്പച്ചായനും ജോണ്‍കുട്ടിച്ചായനും തമ്മില്‍ ഭയങ്കര വഴക്കുകളുണ്ടായി. ഒടുക്കം ഒരുനാള്‍ ജോണ്‍കുട്ടി നാട് വിട്ടു.

പക്ഷേ, ജോണ്‍കുട്ടിച്ചായന്‍  ജീവിതയാത്രയില്‍ തോറ്റില്ല. എങ്ങനെയോ കല്‍ക്കട്ടയില്‍ എത്തിപ്പെട്ട ജോണ്‍കുട്ടിച്ചായന്‍, ഏതൊക്കെയോ ബിസിനസ്സുകളിലൂടെ സാമാന്യം നല്ല പണക്കാരനായി. നാട്വിട്ടുപോയി നാലു വര്‍ഷങ്ങള്‍ക്കുശേഷം പുള്ളി തിരികെ വന്നു, ആ വരവോടെ ജോണ്‍കുട്ടിച്ചായനും പാപ്പച്ചായനും തമ്മിലുള്ള അകല്‍ച്ച ഏതാണ്ടവസാനിച്ചു. ആ വരവ് രണ്ടുകൊല്ലം മുന്നേയായിരുന്നു. ഇതെല്ലാം അന്ന് അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് ഞങ്ങളുടെ വീട്ടില്‍നിന്നും ചുറ്റുവട്ടത്തു നിന്നുമൊക്കെ പറഞ്ഞുകേട്ട അറിവുകള്‍ മാത്രമാണ്.

ഇപ്പോഴിതാ, നാടുവിട്ടുപോയ ജോണ്‍കുട്ടിച്ചായന്‍ രണ്ടാം വരവ് നടത്തിയിരിക്കുന്നു. എന്നാല്‍, ഇത്തവണ ഒറ്റയ്ക്കല്ല. കൂടെ ഭാര്യയുണ്ട്. ഷിയ എന്നു പേരുള്ള ഒരു ചീനാക്കാരി പെണ്ണ്.
സത്യം പറഞ്ഞാല്‍, അടവിമണ്ണില്‍ പലരും കാണുന്നതിനു മുന്നേ ആ ചൈനീസ് സുന്ദരിയെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. അതിന്റെ സംഭവം ഇപ്രകാരമാണ്. ഞങ്ങളുടെ അച്ചായന്റെ വക നാല് നെല്‍ക്കണ്ടങ്ങളും പിന്നെ വീട്ടിലെ പശുക്കറവയില്‍നിന്നുള്ള പാല് വില്പനയും കൊണ്ടൊക്കെയാണ് ഞങ്ങളുടെ കുടുംബം  മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ഇടയ്ക്ക് പ്ലാന്തോട്ടത്തില്‍, കറവയില്ലാതെ വരുമ്പോള്‍ ഞങ്ങളുടെ വീട്ടീന്നായിരുന്നു അവിടെ പാല് കൊടുത്തിരുന്നത്. പാല് കൊടുക്കുന്ന ഡ്യൂട്ടി എന്റേതാണ്.
അങ്ങനെ അന്നു രാവിലെ പാലുംകൊണ്ട് പ്ലാന്തോട്ടത്തിലെ വീട്ടില്‍ എത്തിയപ്പോഴാണ്, പിന്നീട് അടവിമണ്ണിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ആ സംഭവം ഞാനറിഞ്ഞത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍, ആ സംഭവം ഞാന്‍ നേരില്‍ കണ്ടത്.

എപ്പോഴും ഞാന്‍ പ്ലാന്തോട്ടത്തിലേക്ക്, ഞങ്ങളുടെ രണ്ട് കൂട്ടരുടേയും പറമ്പുകളുടെ ഇടയിലുള്ള ഒരു തൊണ്ട് കയറിയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. അങ്ങനെ ചെല്ലുമ്പോള്‍, അവരുടെ അടുക്കളയുടെ ഭാഗത്തേയ്ക്കാണ് ആ നടത്തമെത്തുന്നത്. പാപ്പച്ചായന്റെ ഭാര്യ ശോശാമ്മച്ചിയുടെ കയ്യില്‍ പാല് കൊടുക്കാനും പുള്ളിക്കാരി ചിലപ്പോള്‍ തരുന്ന നല്ല ചില പലഹാരങ്ങള്‍ കഴിക്കാനും അതുതന്നെയായിരുന്നു സൗകര്യം.
അന്നവിടെ എത്തുമ്പോള്‍, ഞാന്‍ കണ്ട കാഴ്ച, അല്പം മഞ്ഞ കലര്‍ന്നെന്നു പറയാവുന്ന വെളുത്ത നിറത്തിലുള്ള ഒരു പെണ്ണ് മുട്ടറ്റം മാത്രം ഇറക്കമുള്ള ഒരു സ്‌കേര്‍ട്ടും വളരെ ഇറക്കം കുറഞ്ഞ കൈകളുള്ള ഒരു മേലുടുപ്പും ധരിച്ച് അടുക്കളയോട് ചേര്‍ന്നുള്ള പേരമരത്തേല്‍ ചാരി ചുറ്റിനും കൗതുകത്തോടെ നോക്കിനില്‍ക്കുന്നതാണ്. അന്നോളം ഞാന്‍ അങ്ങനെ ഒരു പെണ്ണിനെ കണ്ടിരുന്നില്ല. ആദ്യം വിചാരിച്ചത് ഒരു മദാമ്മയാണെന്നാണ്.


ഉണക്ക കരിയിലകളുടെ മുകളിലൂടെ നടന്നുവന്ന എന്റെ കാലൊച്ച കേട്ട് അവര്‍ എന്നെ തിരിഞ്ഞു നോക്കി. അതോടെ നിന്നനില്പില്‍ ഞാന്‍ തറഞ്ഞുനിന്നു. ഒരന്യഗ്രഹ ജീവിയെ നോക്കുന്നതുപോലെ, തോളറ്റം വെട്ടിയിട്ട് ലേശം തവിട്ട് നിറത്തിലുള്ള തലമുടിയും ചീമ്പിയ കണ്ണുകളുമുള്ള ആ പെണ്ണിനെ ഞാന്‍ തുറിച്ചുനോക്കി. അപ്പോള്‍ ആ കണ്ണുകളിലും നേരിയതായി ചുവന്ന ചായം പൂശിയെന്നു തോന്നിയ ചുണ്ടുകളിലും ഒരു ചിരി വിരിഞ്ഞു.
ഒന്നു പകച്ചുനിന്നിട്ട്, ഞാന്‍ അടുക്കളയുടെ തുറന്ന വാതിലിനടുത്തേയ്ക്ക് എത്തി. ശോശാമ്മച്ചി പുട്ട്കുടത്തില്‍ മാവ് നിറക്കുകയായിരുന്നു. എന്നെ കണ്ടതും അവര്‍ മൊന്ത വാങ്ങി പാല് പാത്രത്തില്‍ ഒഴിച്ചുവെച്ചിട്ട് തിരികെ തന്നു. ശോശാമ്മച്ചിയുടെ മുഖമാകെ വല്ലാതെ കല്ലിച്ചിരുന്നു. വെട്ടിത്തിരിഞ്ഞ്, അവര്‍ വീണ്ടും പുട്ടിന്റെ പണിയിലേക്കു മടങ്ങി. ഒരു ചിരിയോ കുശലമോ ഇല്ലാതെ ശോശാമ്മച്ചി എന്നോട് ഇങ്ങനെ ഇടപെടുന്നത് ആദ്യമായിരുന്നു.
എന്റെ മനസ്സില്‍ എന്തൊക്കെയോ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ, അവരുടെ മട്ടു കണ്ടിട്ട്  ഒന്നിനും കഴിഞ്ഞില്ല. ഞാന്‍ ഒഴിഞ്ഞ മൊന്തയുമായി തിരികെ നടന്നു. അപ്പോഴും ആ പെണ്ണ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പേരയില്‍ ചാരിനില്‍പ്പുണ്ടായിരുന്നു. സംശയത്തോടെ ഒന്നു ചെറുതായി ചിരിച്ചിട്ട് ഞാന്‍ നടന്നു.
ഞാന്‍ വീട്ടില്‍ച്ചെന്ന് അവിടെ കണ്ട കാഴ്ച പറഞ്ഞു. പക്ഷേ, ആര്‍ക്കും ഒന്നും മനസ്സിലായില്ല.
എന്നാല്‍, അന്നു വൈയ്യുമ്പാട്, സ്‌കൂളില്‍ പോയി തിരികെ വന്നപ്പോഴേയ്ക്ക് വീട്ടിലും നാട്ടിലുമെല്ലാം ഞാന്‍ രാവിലെ കണ്ട കാഴ്ചയ്ക്ക് കൃത്യമായ കഥ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പ്ലാന്തോട്ടത്തിലെ ജോണ്‍കുട്ടി 'ലപ്പ'ടിച്ച് ഒരു ചീനപ്പെണ്ണിനെ കെട്ടിക്കൊണ്ടു വന്നിരിക്കുന്നു. അതിന്റെ പേരില്‍, പാപ്പച്ചായനുമായി കശപിശയൊക്കെ നടക്കുന്നുണ്ട്.
പക്ഷേ, ഈ ചീനപ്പെണ്ണ് വെറുമൊരു സുന്ദരിയല്ല. അവള്‍ കമ്യൂണിസ്റ്റ് ചൈന നിയോഗിച്ചിരിക്കുന്ന ഒരു ചാരവനിതയാണ്. അടവിമണ്‍ കവലയില്‍ തയ്യല്‍ക്കട നടത്തുന്ന സ്ഥലം കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവും കടുത്ത ഇന്ദിരാഗാന്ധി ഭക്തനുമായ പൊടിച്ചായന്റെ തയ്യല്‍ക്കടയില്‍നിന്നായിരുന്നു ഈ വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തില്‍ പാകിസ്താനെ മുട്ടുകുത്തിച്ച് വീരവനിതയായി ലോകത്തിനു മുന്നില്‍ നില്‍ക്കുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നേറുന്ന ഇന്ത്യയെ തകര്‍ക്കാന്‍ ശത്രുരാജ്യങ്ങള്‍ പല അടവുകളും പയറ്റുന്നുണ്ട്. അതിന്റെയൊരു ഭാഗമാണ് ഷിയയെപ്പോലെയുള്ള ചാരസുന്ദരികള്‍.
ഇപ്പോള്‍ പുറമേയ്ക്ക് കമ്യൂണിസമൊന്നും പറഞ്ഞു നടക്കുന്നില്ലെങ്കിലും ഉള്ളിലിപ്പോഴും ജോണ്‍കുട്ടി ഒരു കമ്യൂണിസ്റ്റുകാരന്‍ തന്നെയാകണം. അപ്പോള്‍ അവനും ചൈനാക്കാരുടെ ഈ രഹസ്യപദ്ധതിയുടെ ഭാഗമായിരിക്കും. എങ്ങനെയായാലും പള്ളിയും പട്ടക്കാരനും കോണ്‍ഗ്രസ്സും ചേര്‍ന്നു സമാധാനസുന്ദരമായി നടത്തിക്കൊണ്ട് പോകുന്ന അടവിമണ്‍പോലെയുള്ള ദേശങ്ങളിലെ ഒരു ചെറുപ്പക്കാരനെ വശീകരിച്ച് ഈ ചീനപ്പെണ്ണ് വന്നിരിക്കുന്നത് അത്ര നല്ലതിനൊന്നുമല്ല. വളരെ സൂക്ഷ്മവും അപകടകരവുമായ, എന്നാല്‍, പുറമേയ്ക്ക് ആര്‍ക്കും മനസ്സിലാക്കാനാവാത്തതുമായ  ചൈനീസ് കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റമാണ് ഷിയ.

കുടുംബജീവിതം വേണ്ട, പകരം കമ്യൂണ്‍ ജീവിതം മതി എന്നാണല്ലോ യഥാര്‍ത്ഥ കമ്യൂണിസം പറയുന്നത്. അതിലേക്കുള്ള രഹസ്യ തുരങ്കമാണ് ജോണിക്കുട്ടിയുടേയും ഷിയയുടേയും ഒത്തുചേരലും ഈ വരവും. കേള്‍വിക്കാരോട് തയ്യല്‍ക്കടയിലിരുന്ന് ആവേശപൂര്‍വ്വം ഇതൊക്കെ വെളിപ്പെടുത്തിയപ്പോള്‍, പൊടിച്ചായന്റെ കത്രിക ആരുടേയോ ഷര്‍ട്ടിനുള്ള തുണിയുടെ മേലുള്ള വെട്ടലില്‍ ആവശ്യത്തില്‍ കൂടുതല്‍ സഞ്ചരിച്ച് ആ തുണി പാഴായെന്ന് ഒരു പറച്ചില്‍ നാട്ടിലുണ്ടായി.

വീട്ടില്‍ അച്ചായനും അമ്മയും തമ്മിലുള്ള വര്‍ത്തമാനങ്ങളിലൂടെയും നാട്ടില്‍ അവിടവിടെ കേള്‍ക്കുന്ന സംസാരങ്ങളിലൂടെയും പൊടിച്ചായന്റെ ഗവേഷണഫലങ്ങളുടെ പൊട്ടും പൊടിയും ആ ചെറുപ്രായത്തിലും ഞാന്‍ അറിഞ്ഞുകൊണ്ടിരുന്നു. തീര്‍ച്ചയായും ഇതൊക്കെ പാപ്പച്ചായന്റെ ചെവിയിലും എത്തുന്നുണ്ടായിരുന്നിരിക്കണം. ഒന്നാമതേ, മകന്‍ താന്തോന്നിത്തരം കാട്ടി ഏതോ അന്യദേശക്കാരി പെണ്ണിനെ കൂടെക്കൊണ്ടു വന്നിരിക്കുന്നതിന്റെ കലി. അതിന്റെ കൂടെ, എന്നും കോണ്‍ഗ്രസ്സിനു മാത്രം വോട്ട് ചെയ്തിട്ടുള്ള തന്റെ വീട്ടിലേക്ക് ഒരു കമ്യൂണിസ്റ്റ് ചാരപ്രവര്‍ത്തക വന്നുകയറിയിരിക്കുന്നു എന്ന നാട്ടിലെ അടക്കംപറച്ചില്‍ കൂടി ആയതോടെ പുള്ളിക്കാരന് വല്ലാത്ത മാനക്കേടും. എന്തായാലും ഇതിന്റെയൊക്കെ പൊട്ടിത്തെറികളുടെ പുകയും ചാരവുമെങ്കിലും കൊച്ചായിരുന്നിട്ടും ഞാന്‍ ആ നാളുകളില്‍ പ്ലാന്തോട്ടത്തിലേക്കു പോകുമ്പോള്‍ അറിഞ്ഞു.

എന്നാല്‍, ജോണ്‍കുട്ടിച്ചായന്റെ പെണ്ണ് ഒരു ചൈനീസ് ചാരപ്രവര്‍ത്തകയാണെന്ന സംസാരം എനിക്ക് വല്ലാത്ത ഹരമായി. ഇരുമ്പ് കൈ മായാവിയുടെ പുതിയ പുസ്തകത്തില്‍, ഞാന്‍ ചൈനീസ് ചാരസുന്ദരിയുടെ അത്യന്തം സംഭ്രമജനകമായ കഥ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, ഇതാ എനിക്കു മുന്നില്‍ യഥാര്‍ത്ഥത്തില്‍ അത്തരത്തില്‍ ഒന്ന്. ഇരുമ്പ് കൈ മായാവിയുടെ ചിത്രകഥ എന്റെ ക്ലാസ്സിലുള്ള ഗിരീഷ് കുമാറിന്റെ കയ്യില്‍നിന്നാണ് കിട്ടുന്നത്. സാധാരണ ഒരാഴ്ചയൊക്കെ അവന്‍ അത് എന്റെ പക്കല്‍ത്തന്നെ വയ്ക്കാന്‍ അനുവദിക്കുന്നതാണ്. പക്ഷേ, ഇത്തവണ അവന്റെ ഒരു കസിന്‍ ചെറുക്കന്‍ വന്നിട്ടുണ്ടെന്നും അവനു വായിക്കാനായി അതു വേണമെന്നും പറഞ്ഞു രണ്ടു ദിവസത്തിനകം ഗിരീഷ് കുമാര്‍ അതു വാങ്ങിച്ചുകൊണ്ടുപോയി. ഒള്ളതു പറഞ്ഞാല്‍, ശരിക്കു മുഴുവനായൊന്നു വായിച്ചതുപോലുമില്ല.
എന്നാല്‍, ആ സങ്കടം ഷിയയെ കണ്ടു തുടങ്ങിയതു മുതലും അവരുടെ കഥകള്‍ കേട്ടു തുടങ്ങിയതു മുതലും എന്നില്‍നിന്നു നിശ്ശേഷം മാറി. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളിലെ ചൈനീസ് ചാരസുന്ദരിയെ ആര്‍ക്കു വേണം! എന്റെ തൊട്ടടുത്ത്, കുറഞ്ഞപക്ഷം രാവിലേയും വൈകിട്ടും എങ്കിലും കാണാവുന്ന രീതിയില്‍ നല്ല തുടുത്ത്, വെളുത്ത്, ശകലം മഞ്ഞ കലര്‍ന്നതാണെങ്കിലും ഒരു കുഴപ്പവുമില്ല, ഒന്നാന്തരം ചാരസുന്ദരിയല്ലേ വന്നുകൂടിയിരിക്കുന്നത്. ആയിടെ എന്നോടെന്തോ ജാട കാണിച്ചു മൂപ്പിക്കാന്‍ വന്ന ഗിരീഷ് കുമാറിനോട് ഞാന്‍ എന്റെ സ്വന്തം ചാരസുന്ദരിയെ വര്‍ണ്ണിച്ച് അവന്റെ ജാടക്കിട്ട് നല്ല തട്ടു കൊടുക്കുകയും ചെയ്തു.
 

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ, പ്ലാന്തോട്ടത്തില്‍ അപ്പനും മകനും തമ്മില്‍ ചീനപ്പെണ്ണിന്റെ പേരിലുള്ള കലാപത്തിന് ഒരയവ് വന്നെന്നു തോന്നി. മൊത്തത്തില്‍, അവിടെ ഒരു ശാന്തത കൈവന്നെന്നു തോന്നിച്ചു. എന്തായാലും ശോശാമ്മച്ചി പഴയപടി എന്നോട് പ്രസാദത്തില്‍ പെരുമാറാനും പലഹാരങ്ങള്‍ കഴിക്കാന്‍ തരാനും തുടങ്ങി. ഇതോടൊപ്പം ഷിയ എന്നോട് ചെറിയ കുശലവര്‍ത്തമാനങ്ങളും  ആരംഭിച്ചിരുന്നു. ഇംഗ്ലീഷില്‍ പേര്, പഠിത്തം പോലെയുള്ള ചില കാര്യങ്ങളായിരുന്നു അതെല്ലാം. ഇംഗ്ലീഷ് കേള്‍ക്കുന്നതേ പരിഭ്രമമാകുന്ന എനിക്ക് ഷിയയുടെ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നതു കുറച്ചു വിയര്‍ക്കുന്ന പരിപാടിയായിരുന്നു.

പക്ഷേ, ആ ബുദ്ധിമുട്ടിനെയെല്ലാം മറികടക്കുന്ന വിധമായിരുന്നു ചൈനീസ് സുന്ദരിയുടെ സാമീപ്യം എന്നിലുണ്ടാക്കുന്ന തരിപ്പ്. ഇറക്കിവെട്ടിയ സ്ലീവ്ലെസ്സ് മേലുടുപ്പിലൂടെ കാണാവുന്ന മാറിടത്തിന്റെ വിടവും കക്ഷങ്ങളിലെ കറുത്ത കുനുകുനുത്ത രോമങ്ങളും കാല്‍മുട്ടുകള്‍ക്കു സ്വല്പം മേലേ അതിരുള്ള പാവാടക്കടിയില്‍ തെളിയുന്ന മുഴുത്ത തുടകളും എന്നെ കോരിത്തരിപ്പിച്ചു. പലപ്പോഴും തീരെ അലക്ഷ്യമായി പേരമരത്തിന്റെ താഴ്ന്ന കൊമ്പില്‍ കയറിയുള്ള ചാഞ്ഞിരിപ്പിലും മറ്റും ഷിയയുടെ മേനി എനിക്കു മുന്നില്‍ കൂടുതല്‍ ദൃശ്യമായി. എന്തിന്, ചിലപ്പോഴൊക്കെ തുടകളുടെ മേലകംവരേയും ചുവപ്പും പിങ്കും നിറത്തിലുള്ള ജെട്ടിവരേയും എന്റെ കണ്ണുകള്‍ക്കു വിരുന്നായി. ആ ഇളം പ്രായത്തിലും അതൊക്കെ എന്നെ ചൂടുപിടിപ്പിച്ചു.

സത്യത്തില്‍, കുറേക്കാലം കഴിഞ്ഞാണ്, ആ നാളുകളില്‍ എന്റെ ഭാഗ്യം എത്ര വലിയതായിരുന്നു എന്നു ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്. അക്കാലത്ത്, അടവിമണ്ണിലെ എത്രയോ ചേട്ടന്മാര്‍ ഷിയയെ ഇങ്ങനെയൊക്കെ ഒന്നു കാണാന്‍ കൊതിച്ചിരുന്നത്രേ. അക്കാലത്തും പിന്നീടുള്ള ചില വരവുകളിലും ജോണ്‍കുട്ടിച്ചായന്‍ പ്ലാന്തോട്ടത്തില്‍നിന്ന് ഷിയയേയും കൂട്ടി അടവിമണ്‍ കവലയിലേക്കു നടന്നുവരുമായിരുന്നു. എന്തെങ്കിലും ഷോപ്പിംഗ് ആവശ്യങ്ങള്‍ക്ക് കോട്ടയത്തിനോ ചങ്ങനാശ്ശേരിക്കോ തിരുവല്ലയ്‌ക്കോ പോകാനോ അല്ലെങ്കില്‍ അവിടങ്ങളിലെ കൊട്ടകകളില്‍ സിനിമ കാണാന്‍ പോകാനോ വേണ്ടി ബസ് പിടിക്കാനായിരുന്നു കവലയിലേക്കുള്ള ഈ നടത്തങ്ങള്‍. ആ നടത്തങ്ങള്‍ക്കിടയില്‍, കാറ്റടിച്ചോ മറ്റോ പാവാട ഉയരുമ്പോഴും അല്ലാതെയുമുള്ള കാല്‍വണ്ണകളുടേയും തുടവെളുമ്പുകളുടേയും കാഴ്ചയ്ക്കായി ചേട്ടന്മാര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തുനിന്നിരുന്നു എന്നു കേട്ടു ഞാന്‍ അന്തംവിട്ടു. അവരുടെ മുന്നില്‍, ഞാന്‍ ബംപര്‍ ലോട്ടറിയടിച്ചവനായിരുന്നല്ലോ.

പൊടിച്ചായന്റെ കമ്യൂണിസ്റ്റ് ഗൂഢതന്ത്ര പദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടക്കവേ തന്നെ, മറ്റൊരു ഭാഗത്ത് അതിനു തുടര്‍ച്ചയായി വേറൊന്നു നടക്കുന്നുണ്ടായിരുന്നു. അടവിമണ്ണില്‍ അക്കാലത്ത് തീരെയും കമ്യൂണിസ്റ്റ് വേരോട്ടം ഉണ്ടായിരുന്നില്ലെങ്കിലും സമീപത്തുള്ള പെരുമ്പട്ടി ഭാഗത്ത് ചെറിയ തോതില്‍ പാര്‍ട്ടിക്കാരുണ്ടായിരുന്നു. ശീവേലില്‍ വാസുപിള്ള എന്നയാളായിരുന്നു അവരുടെ നേതാവ്. ആള്‍ ചില്ലറ ചട്ടമ്പിയും ഒരു കുത്ത് കേസില്‍ ഒരു വട്ടം ജയിലില്‍ പോയിട്ടുള്ളതുമായ ദേഹമായിരുന്നു.
വാസുപിള്ള പൊടിച്ചായന് മറുപടിയായി ഇങ്ങനെ പറഞ്ഞതായി കേട്ടു തുടങ്ങി. അതേ, ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ നമ്മുടെ നാട്ടില്‍ യഥാര്‍ത്ഥ കമ്യൂണിസം നടപ്പാക്കുന്നതിന്റെ ഭാഗമായിത്തന്നെയാണ് ഷിയ ജോണ്‍കുട്ടിയുമൊത്ത് ചേര്‍ന്നിരിക്കുന്നത്. വിപ്ലവം നടപ്പിലാക്കാന്‍ പാര്‍ട്ടി ഇങ്ങനെ പല വഴികളും സ്വീകരിച്ചെന്നു വരും. അപ്പോ, ആര്‍ക്കെങ്കിലും ഇതില്‍ എതിര്‍പ്പുണ്ടോ. ഉണ്ടെങ്കില്‍ പരസ്യമായി പറയട്ടെ, ബാക്കി കാര്യം നമുക്ക് നോക്കാം.

ശീവേലി വാസുപിള്ള ഇങ്ങനെ മൊഴിഞ്ഞെന്നു കേട്ടു തുടങ്ങിയപ്പോള്‍ മുതല്‍, തയ്യല്‍ക്കടയിലിരുന്നുള്ള പൊടിച്ചായന്റെ ജോണ്‍കുട്ടി-ഷിയ ഗൂഢാലോചനാ പദ്ധതിയുടെ സംസാരത്തിനു ശമനം വന്നു എന്നും കേട്ടു. എന്തായാലും വാസുപിള്ളയെ പൊടിച്ചായനും  ഒന്നു പേടിച്ചെങ്കില്‍ അത്ര അദ്ഭുതമില്ല. പിന്നീട്, വിപ്ലവം മൂത്ത വാസുപിള്ള മല്ലപ്പള്ളിക്കപ്പുറത്തുള്ള പാമല എസ്റ്റേറ്റ് നക്‌സല്‍ ആക്രമണക്കേസില്‍ പ്രതിയാകുകയും പാര്‍ട്ടിക്കു പുറത്താകുകയും ഒക്കെ സംഭവിച്ചിരുന്നല്ലോ.

പക്ഷേ, ഇതിനെല്ലാം മേലെ അടവിമണ്ണില്‍ ഷിയാ അഴിച്ചുവിട്ട ടമാര്‍-പടാര്‍ വിപ്ലവം മറ്റൊന്നായിരുന്നു. അതു പറയുന്നതിനു മുന്നേ, അടവിമണ്ണിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുവശത്തെക്കുറിച്ച്  ശകലം കാര്യം പറയേണ്ടതുണ്ട് എന്നു തോന്നുന്നു. മല്ലപ്പള്ളിക്കു കിഴക്ക്, പെരുമ്പട്ടി വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അടവിമണ്‍. ഇപ്പോള്‍ പോലും ഇവിടേക്ക് വലിയ റോഡുകളൊന്നും ഇല്ലെന്നു പറയുമ്പോള്‍, അക്കാലത്തെ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത മനസ്സിലാകുമല്ലോ. അക്കാലത്തുള്ള കല്ലും പൊടിയും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ മല്ലപ്പള്ളിയിലേക്ക് ആകെ രണ്ടോ മൂന്നോ ബസ് സര്‍വ്വീസ് ദിവസവും ഉണ്ടായിരുന്നു. മല്ലപ്പള്ളിയില്‍ ചെന്നിട്ടു വേണം, മറ്റെവിടേക്കെങ്കിലും ഉള്ള ബസ് കിട്ടാന്‍. ചുരുക്കത്തില്‍, പുറംലോകത്തിന്റെ പകിട്ടുകളൊന്നും തീരെയും കടന്നുവരാത്ത, കുന്നുകളാലും കാടിനാലും ചുറ്റപ്പെട്ട ഒരു ഉള്‍ഗ്രാമമായിരുന്നു അടവിമണ്‍.

എന്തായിരുന്നാലും നാളതു വരെ, പ്രേമവിവാഹം എന്നൊരു സംഭവത്തിന്റെ കാറ്റിനു അടവിമണ്ണിലേക്കു വീശാന്‍ കഴിഞ്ഞിരുന്നില്ല. പ്രേമത്തിന്റെ പൊടിപ്പുകളൊക്കെ മനുഷ്യസഹജമായി ഇവിടെ ഉണ്ടായിരുന്നിരിക്കാം. അതായത് ആമ്പിള്ളേര്‍ക്ക് മീശ മുളക്കുമ്പോഴും പെമ്പിള്ളേര്‍ക്ക് മാറ് മുഴുക്കാന്‍ തുടങ്ങുമ്പോഴും ഉണ്ടാകുന്ന ഒരു കിരുകിരുപ്പ്. അതിനപ്പുറം, അത് പ്രണയത്തിലേക്ക് വളര്‍ന്ന് ഞാന്‍ ഇവളെയേ കെട്ടു, ഇവരയേ കെട്ടു എന്നു പറയുന്ന തരം വാശിയൊന്നും അടവിമണ്ണില്‍ ഉണ്ടായിട്ടില്ല.

പ്രേമം എന്നു പറഞ്ഞാല്‍, കുറച്ചപ്പുറത്തുള്ള നെടുങ്ങാടപ്പള്ളിയിലെ ഫോട്ടോഗ്രാഫര്‍ കെ.പി. കുര്യച്ചന്‍ എടുത്തിരുന്ന ഫോട്ടോകള്‍ സഹിതമുള്ള മനോരമ ആഴ്ചപ്പതിപ്പുകളിലെ നീണ്ടകഥകളിലോ, കവലയിലെ കടകള്‍ക്കു മുന്നില്‍ പതിച്ചിരുന്ന മല്ലപ്പള്ളി മോഹനായിലെ സിനിമകളുടെ പോസ്റ്ററുകളില്‍ നസീറും ഷീലയുമോ മധുവും ജയഭാരതിയുമോ ഒക്കെ കെട്ടിപ്പിടിച്ച് നിന്നിരുന്ന ചിത്രങ്ങളിലോ മാത്രം ഉള്ള സംഭവമാണെന്നാണ് അടവിമണ്‍കാര്‍ കരുതിയിരുന്നത്. അത് തങ്ങളുടേയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യമായി അവര്‍ സ്വപ്നേപി ചിന്തിച്ചിരുന്നില്ല.

അങ്ങനെ ജീവിതം പ്രേമരഹിതമായി, സുന്ദരസുരഭിലമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ്, ഷിയ എന്ന ചീനപ്പെണ്ണിലൂടെ പ്രേമത്തിന്റെ അണുക്കള്‍ അടവിമണ്ണിന്റെ വായുവിലേക്ക് കടന്നുവന്നത്. ആ അണുക്കള്‍ അവിടെ വ്യാപിച്ച് പെരുകാന്‍ അധിക കാലം വേണ്ടിവന്നില്ല.
ആദ്യത്തെ പ്രേമം പൊട്ടിമുളച്ചത് ചക്കുപുരക്കല്‍ ഈപ്പച്ചന്റെ മകള്‍ എല്‍സിയും കൊടിത്തോപ്പിലെ ബെന്നിയും തമ്മിലായിരുന്നു. സിംഗപ്പൂരിലൊക്കെ പോയി നല്ല പൈസ ഉണ്ടാക്കിക്കൊണ്ട് വന്നയാളാണ് ചക്കുപുരക്കല്‍ ഈപ്പച്ചന്‍. അക്കാലത്ത് നാട്ടിലെ ഏറ്റവും പണമുള്ള കുടുംബങ്ങളിലൊന്നായിരുന്നു  ഈപ്പച്ചന്റേത്. അതേസമയം, പാക്കു കച്ചവടവുമായി അരിക്കാശ് വില്ല വിധേനയും ഒപ്പിക്കുന്ന കൊടിത്തോപ്പില്‍ കുഞ്ഞുകുട്ടിയുടെ മകനാണ് ബെന്നി. കുടുംബപാരമ്പര്യം കൊണ്ടും ചക്കുപുരക്കല്‍ക്കാര് കൊടിത്തോപ്പിലേതിനേക്കാള്‍ എത്രയോ മുകളില്‍.
മല്ലപ്പള്ളിയിലെ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി തൊഴിലഭ്യസിച്ച് വരികയായിരുന്നു ബെന്നി. എല്‍സി പത്ത് തോറ്റ്  നില്‍ക്കുകയും. എന്തായാലും പ്രേമം കൊടുമ്പിരി കൊണ്ടു. കമിതാക്കള്‍ പലവിധ ഭീഷണികള്‍ക്കും മര്‍ദ്ദനമുറകള്‍ക്കും വിധേയരായി. എന്നാല്‍, പഠിക്കാന്‍ പിന്നോട്ടായിരുന്നെങ്കിലും പ്രേമത്തിന്റെ വാശിയുടെ കാര്യത്തില്‍ എല്‍സി വളരെ മുന്നോക്കമായിരുന്നു. ഒടുവില്‍, അവളുടെ വാശിക്കു മുന്നില്‍ ഈപ്പച്ചനു കീഴടങ്ങേണ്ടിവന്നു. ആ  വിവാഹം നടന്നു.

പിന്നങ്ങോട്ട് തകിള്‍ പുകിള്‍ അടവിമണ്ണില്‍ പ്രേമം, പ്രേമക്കല്യാണം, പ്രേമ തകര്‍ച്ചകള്‍, പ്രേമത്തിന്റെ പേരില്‍ ആത്മഹത്യാശ്രമങ്ങള്‍, സംഘട്ടനങ്ങള്‍ അരങ്ങേറി. അതുവരെ ഇവിടെ ഭദ്രമായിരുന്ന ജാതിയുടേയും മതത്തിന്റേയും കരിങ്കല്‍ മതിലുകള്‍പോലും ഭേദിച്ചുകൊണ്ട് അടവിമണ്ണിലെ ചെറുപ്പക്കാര്‍ പ്രേമപ്പനിയില്‍ വിറച്ചു തുള്ളി.


പില്‍ക്കാലത്ത്, കാരണവന്മാര്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാമായിരുന്നു:
''അവനൊറ്റയൊരുത്തനാണ്, ആ ജോണ്‍കുട്ടി, അവനാണ് ഇവിടെ പ്രേമമെന്നു പറഞ്ഞ ഒടുക്കത്തെ കൊസ്രാക്കൊള്ളി കൊണ്ടുവന്നത്. അന്തസ്സോടെ നല്ല കുടുംബങ്ങള് തമ്മില് ആലോചിച്ചു നടക്കേണ്ട എത്ര കല്യാണങ്ങളാ ഇല്ലാതായി പോയത്. പ്രേമം... ഫ!''

ഞാന്‍ ഒരു യുവാവാകുകയായിരുന്നു. തുരുത്തിക്കാട് ബി.എ.എം കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലം. അക്കാലമായപ്പോഴേക്ക് എന്നെ ഒരു ഊപ്പ പയ്യന്‍ എന്ന നിലവിട്ട്, നാട്ടിലേക്കുള്ള വരവുകളില്‍, ജോണ്‍കുട്ടിച്ചായന്‍ ഒരു സുഹൃത്തിന്റെ പദവി നല്‍കിയിരുന്നു. ഷിയയും ആ രീതിയില്‍ എന്നെ കണ്ടുതുടങ്ങി. പലവിധ കാര്യങ്ങളെക്കുറിച്ചും അവര്‍ എന്നോട് സംസാരിക്കും.
അപ്പോഴേക്ക് അവരുടെ മക്കളായ റിച്ചി എന്ന ഇളയ ആണ്‍കുട്ടിയും റിയ എന്ന പെണ്‍കുട്ടിയും എന്നോട് വല്യ കൂട്ടായി കഴിഞ്ഞിരുന്നു. രണ്ടു പേരെയും ഞാന്‍ സദാ അടുത്തുള്ള കൈത്തോട്ടിലും കുളത്തിലുമെല്ലാം കൊണ്ടുപോയി ചൂണ്ടയില്‍ മണ്ണിരയെ പിടിച്ച് കോര്‍ത്ത് പരലുകളും മുശിയും എല്ലാം പിടിച്ചു കൊടുക്കണം. പിന്നെ, കുറ്റിക്കാട്ടുകളിലൂടെയൊക്കെ 'അഡ്വെഞ്ച്വര്‍ ട്രിപ്പി'ന് കൊണ്ടുപോകണം. അവിടെനിന്നൊക്കെ തിന്നാന്‍ കൊള്ളാവുന്ന കാട്ടുപഴങ്ങള്‍ പറിച്ചു കൊടുക്കണം.

ഈ കാലങ്ങളിലുള്ള സംസാരത്തിനിടെയിലാണ് ഒരു ദിവസം, എന്റെ നാവില്‍നിന്ന്, നാട്ടില്‍ ഷിയ ഒരു ചൈനീസ് കമ്യൂണിസ്റ്റ് ചാരസുന്ദരി ആണെന്നും ജോണ്‍കുട്ടിച്ചായന്റേയും ഷിയയുടേയും വിവാഹം ഒരു കമ്യൂണിസ്റ്റ് ഗൂഢതന്ത്രപദ്ധതിയാണെന്നും മറ്റും പ്രചരിക്കുന്ന വര്‍ത്തമാനങ്ങള്‍ അവര്‍ രണ്ടാളും കേട്ടറിഞ്ഞത്. എല്ലാം കേട്ട് കഴിഞ്ഞതോടെ, രണ്ടാളും പൊട്ടിപ്പൊട്ടി ചിരിക്കാന്‍ തുടങ്ങി. ഒരിക്കലും നിലക്കാത്തവണ്ണം നീണ്ടുനിന്ന ചിരി. ഞാനവരെ അന്തംവിട്ട് നോക്കിയിരുന്നു.

ഒടുവില്‍ ചിരി ഒന്നു ശമിച്ചപ്പോള്‍, ഷിയയില്‍നിന്ന് ഞാനാ കഥ കേട്ടു.
ഷിയയുടെ മാതാപിതാക്കള്‍ ചൈനയിലെ ഷാങ്ഹായ് പ്രദേശത്ത് ജീവിക്കുന്നവരായിരുന്നു. ഷിയയുടെ പിതാവായ ചെന്‍ കുണ്‍ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്നു. അമ്മ കാന്‍ സ്യു ഒരു വയറ്റാട്ടിയും. രണ്ടുപേരും മാവോയിലും കമ്യൂണിസത്തിലും ആകൃഷ്ടരായി തികഞ്ഞ പാര്‍ട്ടി അനുഭാവികളുമായിരുന്നു. പക്ഷേ, ക്രമേണ പാര്‍ട്ടിയുടെ അത്യധികം ജനദ്രോഹകരമായ നടപടികളും നേതാക്കന്മാരുടെ വഴിപിഴച്ച പോക്കുകളും കണ്ട് രണ്ടു പേരും അതിനെയൊക്കെ എതിര്‍ക്കാന്‍ തുടങ്ങി. അതോടെ ചെനും കാനും അവിടത്തെ പാര്‍ട്ടിയുടെ കണ്ണിലെ കരടുകളുമായി. തുടര്‍ന്നങ്ങോട്ട് അവര്‍ പലവിധ പീഡനങ്ങളും ഏറ്റുവാങ്ങി.

താമസിയാതെ, തങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന സ്ഥിതി വന്നതോടെ അവര്‍ രാജ്യത്തിനു പുറത്തു കടക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അതിനായുള്ള കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍, അവര്‍ ആ പരിശ്രമത്തില്‍ വിജയിച്ചു. അവര്‍ ഒടുവില്‍ കല്‍ക്കട്ടയില്‍ തങ്ങളുടെ താവളം ഉറപ്പിച്ചു. വളരെ കഷ്ടതകള്‍ സഹിച്ചാണെങ്കിലും ആ കുടുംബം പുതിയ രാജ്യത്ത് തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തു.

ചൈനയില്‍ താമസിക്കുമ്പോള്‍, തീരെ ചെറിയ കുട്ടികളായിരുന്നെങ്കിലും ഷിയയ്ക്കും സഹോദരന്‍ ലിക്കും അന്നത്തെ ഭീകരനാളുകളുടെ ചില ഓര്‍മ്മകള്‍ മനസ്സിലുണ്ടായിരുന്നു. പിന്നെ, സദാ വീട്ടിലെ വര്‍ത്തമാനങ്ങളില്‍നിന്നു തങ്ങളുടെ മാതാപിതാക്കള്‍ അനുഭവിച്ച പീഡനങ്ങള്‍ ഷിയയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.

എന്തായാലും ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടവും പാര്‍ട്ടിയും ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട തിന്മകളായി ആ കുടുംബത്തിന്റെ ഉള്ളകത്ത് എപ്പോഴും നീറിജ്വലിച്ചു നിന്നു. ആ കുടുംബത്തിലെ പെണ്‍കുട്ടിയേയാണ്, പൊടിച്ചായനും ശീവേലില്‍ വാസുപിള്ളയും കൂടി ഇന്ത്യ പിടിച്ചടക്കാനായി ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം അയച്ച ചാരസുന്ദരിയാക്കിയത്.
തുടര്‍ന്ന്, നീണ്ട ചിരിക്കായി എന്റെ ഊഴമായിരുന്നു.

അതോടെ, ഷിയയെക്കുറിച്ച് എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചൈനീസ് ചാരസുന്ദരി എന്ന പ്രതിച്ഛായ ഉടഞ്ഞ് തകരുകയായിരുന്നു. പക്ഷേ, ചൈനീസ് സുന്ദരി എന്ന പ്രതിച്ഛായയ്ക്കും സുന്ദരിയുടെ ചില ഗൂഢക്കാഴ്ചകളുടെ ഹരത്തിനും ഒരു കോട്ടവും തട്ടിയില്ല. കാലം മുന്‍പോട്ട് പോയതോടെയും ഞാന്‍ അവരുടെ ചങ്ങാതി  ആയതോടെയും അത്തരം ഗൂഢക്കാഴ്ചകള്‍ക്കു പിന്നീട് ഞാന്‍ കണ്ണ് കൊടുത്തിരുന്നില്ല എങ്കിലും.

വീണ്ടും കാലചക്രം ഉരുണ്ടുനീങ്ങിയപ്പോള്‍, കമ്യൂണിസം, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ പദങ്ങളുടെ ഞടുക്കുന്ന അപകട സാധ്യതകളും അടവിമണ്ണില്‍ ഇല്ലാതാകുകയായിരുന്നു. കുടുംബവും സമുദായവും പള്ളിയും അമ്പലവും ഒക്കെ തകര്‍ക്കുന്നവരാണ്  കമ്യൂണിസ്റ്റുകാര്‍ എന്ന പേടിയൊക്കെ ആരിലും ഇല്ലാതായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് പോലെയൊക്കെ തന്നെ എന്ന ഒരു സമാധാനം മിക്കവരിലും എത്തി. എന്തിന്, ഉറച്ച കോണ്‍ഗ്രസ്സുകാരനായ പൊടിച്ചായന്‍ പോലും പിന്നീട് പഴയ ധാരണകള്‍ ഒന്നും അടവിമണ്ണില്‍ തുന്നിക്കൂട്ടാതായി.

കുറേക്കൂടി കഴിഞ്ഞതോടെ, പ്രേമം എന്ന മാരണത്തിന്റെ വിഷപ്പല്ലുകളും കൊഴിഞ്ഞുതുടങ്ങി. പ്രേമത്തിനുവേണ്ടി മരിക്കാന്‍ തയ്യാറാണെന്ന ഏര്‍പ്പാടൊക്കെ പുതിയ പിള്ളേരില്‍ തീരെ ഇല്ലാതായി. ഏറെക്കുറെ, പ്രേമം നിരുപദ്രവകരമായ ഒരു ഏര്‍പ്പാടാണെന്ന ധാരണ, ഒരുകാലത്ത് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ നിന്ന കുടുംബക്കാരണവന്മാര്‍ക്കുപോലും  ഉണ്ടായി. ഇതു പറയുമ്പോ, കുറുന്തോട്ടിക്കലിലെ കൊച്ചുണ്ണുണ്ണിച്ചായന്റെ കാര്യമാ ഏറ്റവും രസകരം.

പണ്ടുകാലം മുതലേ, കൊച്ചുണ്ണുണ്ണിച്ചായനും പാപ്പച്ചായനും തമ്മില് എന്തോ ഒരു ചൊരുക്കുള്ളതാണ്. പഴയ എന്തോ പള്ളിക്കാര്യം പറഞ്ഞുള്ള ശത്രുതയാണ്. ജോണ്‍കുട്ടിച്ചായന്‍ ഷിയയെ കെട്ടിക്കൊണ്ട് വന്നപ്പോ, പ്ലാന്തോട്ടത്തില് ഇനി മഞ്ഞപ്പിള്ളാരായിരിക്കും, പണ്ടേ പ്ലാന്തോട്ടത്തിലെ പറമ്പില് മഞ്ഞച്ചേരകള് കൂടുതലാ, അതുകൊണ്ടാ മഞ്ഞപ്പെണ്ണ് വന്നത് എന്നൊക്കെ കുന്നായ്മയും പറഞ്ഞു നടന്നിരുന്ന കൊച്ചുണ്ണുണ്ണിച്ചായന്റെ അമേരിക്കേലൊള്ള മകന്റെ മകള് ഒരു നീഗ്രോയേയാ കല്യാണം കഴിച്ചത്. മകനും മകളും മരുമോനും കുറുന്തോട്ടിക്കല് വീട്ടില്‍ വന്നു, താമസിച്ചു, കൊച്ചുണ്ണുണ്ണിച്ചായനേം കൊണ്ട് അവര് ആഘോഷമായി എല്ലായിടത്തും കാറില്‍ കറങ്ങി. മരുമകന്‍ വല്യ മിടുക്കനാണ്, വല്യ ഉദ്യോഗസ്ഥനാണ്, തങ്കപ്പെട്ട കൊച്ചനാണ് എന്നൊക്കെ മഞ്ഞപ്പെണ്ണിനെ കളിയാക്കിയിരുന്ന കൊച്ചുണ്ണുണ്ണിച്ചായന്‍ അടുപ്പക്കാരോട് പറയുന്നുണ്ടെന്ന് നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഞാന്‍ കേട്ടു!
പ്രേമത്തിന്റെ കാര്യം പറയുമ്പോള്‍, ഒന്നുകൂടി പറയാനുണ്ട്. ഈ ഞാനും ചെറുതായിട്ട് ഒന്നു പ്രേമിച്ചു തന്നെയാ കെട്ടിയത്. എന്നും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല കുട്ടിയായിരുന്ന, ഇപ്പോള്‍ തിരുവല്ലയിലെ ഞങ്ങളുടെ സഭാ മാസികയുടെ നടത്തിപ്പ് ചുമതലയുമായി വളരെ സ്വസ്ഥജീവിതം നയിക്കുന്ന ഒരു കുഞ്ഞാടായ ഞാന്‍ വരെ പ്രേമിച്ചു കല്യാണം കഴിച്ചു എന്നു പറഞ്ഞാല്‍, പ്രേമം അടവിമണ്ണില്‍ എത്ര സര്‍വ്വസാധാരണമായി എന്നു മനസ്സിലാക്കാമല്ലോ. പള്ളിയിലെ ക്വയറില്‍ കൂടെ പാടിയിരുന്ന സലോമിയെയാണ് ഞാന്‍ കെട്ടിയത്. ഞങ്ങളുടെ പ്രേമത്തില്‍ രണ്ട് വീട്ടുകാര്‍ക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഒള്ളത് പറഞ്ഞാല്‍, സ്ത്രീധനത്തിന്റെ പേരില്‍ ഈശാ പേശാ ഒന്നുമില്ലാതെ നല്ലൊരു കൊച്ചന്‍ വന്ന് അവളെ കൈക്ക് പിടിച്ചതില്‍, സാമ്പത്തികശേഷി അത്രയ്ക്കില്ലാത്ത സലോമിയുടെ  വീട്ടുകാര്‍ എന്റെ വീട്ടുകാരേക്കാള്‍ സന്തോഷിച്ചു എന്നാണ് എന്റെയൊരു തോന്നല്‍. എന്തായാലും, പുതിയ പിള്ളാര് ഇങ്ങനെ ആളും തരോം ഒക്കെ നോക്കിയേ പ്രേമിക്കൂ എന്ന് അച്ചട്ടായിക്കഴിഞ്ഞിട്ടുണ്ട്.


വലിയ പണിത്തിരക്കില്ലാതെ എന്റെ ആഫീസിലെ ഇരിപ്പിനിടയില്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍ക്കുകയും ചിലപ്പോള്‍ ഇങ്ങനെ ഡയറിയില്‍ വെറുതെ കുറിച്ചിടുകയും ചെയ്യുന്നത് ഒരു രസമാണ്. അങ്ങനെ ഒരു ദിവസം ഡയറിയില്‍ ഞാന്‍ കുറിച്ചിട്ടു.

''അടവിമണ്ണില്‍ ടമാര്‍-പടാറുകള്‍ ഇനി വരാനില്ല. വിപ്ലവങ്ങളൊക്കെ വലിയ ആരവത്തോടെ വന്നു പിന്നെ ശാന്തമായിരിക്കുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍, ഏത് ടമാര്‍ പടാറും വെറും ശൂ എന്നൊരു ശബ്ദം മാത്രമായി പോകും.''
പക്ഷേ, എനിക്ക് തെറ്റി.

ടമാര്‍ പടാറുകള്‍ ഒരിക്കലും അവസാനിക്കുന്നില്ല.
പുതിയ ടമാര്‍ പടാര്‍ വന്നതും ജോണ്‍കുട്ടിച്ചായന്റേയും ഷിയയുടേയും വഴിയില്‍നിന്നു തന്നെയായിരുന്നു. വീണ്ടും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീഴുന്നതിനിടയില്‍, ആദ്യം ശോശാമ്മച്ചിയും പിന്നെ പാപ്പച്ചായനും മണ്ണിലേക്കു ചേര്‍ന്നു. അതോടെ, നേരത്തെ തന്നെ ഭാഗംവയ്പില്‍ തന്റെ വീതമായി കിട്ടിയിരുന്ന വീടും പറമ്പുമെല്ലാം ജോണ്‍കുട്ടിച്ചായന്‍ വില്‍പ്പനയാക്കി. അതിനോടൊപ്പം തന്നെ, കല്‍ക്കട്ടയിലെ താമസം മതിയാക്കി, ജോണ്‍കുട്ടിച്ചായനും കുടുംബവും ബാംഗ്ലൂരിലേക്ക് വരികയും ചെയ്തു.
അടവിമണ്ണിലേക്കുള്ള വരവുകള്‍ ഏറെക്കുറെ ഇല്ലാതായെങ്കിലും വല്ലപ്പോഴും പുള്ളിക്കാരന്റെ ഫോണ്‍വിളികള്‍ എന്നെ തേടിവരും. ആ വിളികളില്‍ നാട്ടിലെ വിവരങ്ങളൊക്കെ ഒരുവിധം ചോദിച്ചറിയും.

റിച്ചിയും റിയയും മുതിര്‍ന്നുകഴിഞ്ഞിരുന്നു. പഠനത്തില്‍ വളരെ സമര്‍ത്ഥയും ഉത്സാഹിയുമായ റിയ എം.ബി.എ പഠനമൊക്കെ കഴിഞ്ഞ് വലിയ ഏതോ കമ്പനിയില്‍ ബാംഗ്ലൂരില്‍ നല്ല ഉദ്യോഗത്തിലായി. അധികം വൈകാതെ, നല്ലൊരു കന്നടിഗ ചെറുക്കനുമായി അവളുടെ വിവാഹവും നടന്നു.
എന്നാല്‍, റിച്ചി പഠനത്തോട് തീരെ താല്പര്യം കാട്ടിയിരുന്നില്ല.  എനിക്ക് അത്ര തിട്ടമില്ലാത്ത, മ്യൂസിക്ക് വിഷ്വല്‍ പ്രൊഡക്ഷന്‍ എന്നോ മറ്റോ ജോണ്‍കുട്ടിച്ചായന്‍ പറഞ്ഞുകേട്ട ചില പരിപാടികളുമായി അവന്‍ നടക്കുകയാണ്.
അതിനിടെ, ഏകദേശം രണ്ടു വര്‍ഷം മുന്നേ ഒരു ഫോണ്‍വിളിയില്‍ ജോണ്‍കുട്ടിച്ചായനില്‍നിന്ന്  ഞാന്‍ ആ സങ്കടവാര്‍ത്തയും കേട്ടു. ഷിയ ഗുരുതരമായ കാന്‍സറിന്റെ പിടിയിലാണ്. ഇനി കാര്യമായി ഒന്നും ചെയ്യാനില്ല. കൂടുതല്‍ ദുരിതങ്ങളനുഭവിക്കാതെ, ശാന്തമായി കടന്നുപോകാനുള്ള പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോഴുള്ളത്.

ആ പ്രാര്‍ത്ഥനയ്ക്ക് ഫലം ഉണ്ടായി. അധികം വൈകാതെ തന്നെ, ഒരുകാലത്ത് അടവിമണ്ണിനെ പിടിച്ചു കുലുക്കിയ ആ സുന്ദരിയുടെ ജീവിതം അവസാനിച്ചു.
ഷിയ പോയതോടെ, പ്രായത്തിന്റെ അവശതകള്‍ ജോണ്‍കുട്ടിച്ചായനെ കീഴടക്കാന്‍ തുടങ്ങി എന്നാണ് പുള്ളിക്കാരന്റെ പിന്നീടുള്ള ഫോണ്‍വിളികളില്‍നിന്നു മനസ്സിലായത്. ഫോണ്‍വിളികള്‍ കുറേക്കൂടി കുറഞ്ഞു. ആ സ്വരത്തിലും ക്ഷീണത്തിന്റെ നിഴല്‍പ്പാടുകള്‍ വീണതുപോലെ തോന്നി.
അങ്ങനെയിരിക്കേ, രണ്ടുമാസം മുന്‍പുള്ള ഒരു വിളിയില്‍ കുറച്ച് വിശേഷമുണ്ടായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം, റിച്ചി നാട്ടിലേക്കു വരുന്നു. അവന്റെ എന്തോ പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള വരവാണ്. മുഖ്യമായും എനിക്കു മനസ്സിലായത്, മണിമലയാറും പമ്പയാറും അവയുടെ തീരങ്ങളും ഒക്കെ ദൃശ്യവല്‍ക്കരിക്കുന്ന എന്തോ പരിപാടിയാണെന്നാണ്. കൂട്ടത്തില്‍, അടവിമണ്ണിലും വരുന്നുണ്ട്.

ഇതിനൊപ്പം, ജോണ്‍കുട്ടിച്ചായന്‍ റിച്ചിയുടേതായി ഒരു പ്രത്യേക താല്പര്യവും എന്നോട് പറഞ്ഞു. പത്തനംതിട്ടയും തിരുവല്ലയും പോലെയുള്ള പട്ടണങ്ങളിലെ ഹോട്ടലുകളല്ലാതെ, ഗ്രാമീണാന്തരീക്ഷത്തില്‍ താമസിക്കാന്‍ കഴിയുന്ന വല്ല കോട്ടേജുകളോ ഹോംസ്റ്റേകളോ ലഭ്യമാണോയെന്ന അന്വേഷണമായിരുന്നു അത്. അങ്ങനെയെങ്കില്‍ എന്റെ വീട്ടില്‍ താമസിക്കാമല്ലോ എന്നു ഞാന്‍ പറഞ്ഞുതീരും മുന്‍പേ, ജോണ്‍കുട്ടിച്ചായന്‍ റിച്ചി തന്നെയാവില്ല വരുന്നത്, അവനൊപ്പം ഒന്നോ രണ്ടോ പേര്‍ കൂടി കാണും, അവരുടെ തൊഴില്‍പരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങള്‍ക്കും വീട്ടിലെ താമസം അസൗകര്യമാകും എന്നെല്ലാം എന്നെ പറഞ്ഞു മനസ്സിലാക്കി. പിന്നെ, അങ്ങനൊരു ഗ്രാമീണ ഹോം സ്റ്റേ ഇല്ലെങ്കില്‍ പട്ടണത്തിലെ ഹോട്ടല്‍ തന്നെയാക്കാം എന്നും പുള്ളിക്കാരന്‍ പറഞ്ഞുവെച്ചു.
തുടര്‍ന്ന് ചെറുതായി ഞാന്‍ ഒന്നന്വേഷിച്ചപ്പോള്‍, അധികം അകലെയല്ലാതെ മങ്കുഴിപ്പടി എന്ന സ്ഥലത്ത് അടുത്തയിടെ ഊര് എന്ന പേരില്‍ ഒരു ശാന്തസുന്ദരമായ ഗ്രാമീണ ഹോം സ്റ്റേ കോട്ടേജ് തുടങ്ങിയതായി അറിഞ്ഞു. വേഗം തന്നെ, അതിനെ സംബന്ധിച്ചുള്ള വേണ്ട വിവരങ്ങള്‍ ഞാന്‍ ജോണ്‍കുട്ടിച്ചായനു കൈമാറി.

ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍, റിച്ചി തന്നെ എന്നെ വിളിച്ചു. ഇത്രയും മുതിര്‍ന്നിട്ടും വളരെ സ്‌നേഹവായ്പോടെ തന്നെയായിരുന്നു അവന്റെ സംസാരം. ഊരില്‍ താമസം ബുക്ക് ചെയ്‌തെന്നും വരുന്ന തീയതിയുമെല്ലാം അവന്‍ അറിയിച്ചു. വരുന്നതിന്റെ പിറ്റേന്നാള്‍, അടവിമണ്ണിലേക്ക് എത്തുമെന്നും പറഞ്ഞു.

ഭാഗ്യത്തിന്, പുതിയ ലക്കത്തിന്റെ പണികളെല്ലാം കഴിഞ്ഞിരുന്നതിനാല്‍, അവധി പറയാതെ തന്നെ റിച്ചി വരുന്ന ദിവസം എനിക്ക് വീട്ടിലിരിക്കാനായി. ശനിയാഴ്ചയായിരുന്നതിനാല്‍ കോളേജില്‍ പഠിക്കുന്ന എന്റെ മകനും പ്ലസ് ടുവിനു പഠിക്കുന്ന മകളും വീട്ടിലുണ്ടായിരുന്നു. പണ്ട് പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും ഞാന്‍ അവരോടും സലോമിയോടും റിച്ചിയേയും റിയയേയും കൂടെ കൊണ്ടുനടന്നു കളിപ്പിച്ചിരുന്ന കഥകളൊക്കെ പറഞ്ഞു.

അങ്ങനെ ഫോണിലൂടെ പറഞ്ഞ സമയത്ത് തന്നെ, എന്റെ വീടിനു മുന്നില്‍ ടാക്‌സിക്കാര്‍ വന്നു നിന്നു. കാറില്‍നിന്ന് ആദ്യം പുറത്തേയ്ക്കിറങ്ങിയത് ഒരു യുവതിയായിരുന്നു. ഇറുകിയ ജീന്‍സും വയര്‍ ശകലം പുറത്തു കാണാവുന്ന തരം സ്ലീവ്ലെസ് ടോപ്പും ധരിച്ച, ആകര്‍ഷണീയമായ മുഖവും ശരീരവടിവുകളും ഉള്ള ഒരു പെണ്‍കുട്ടി.
പെട്ടെന്ന് എനിക്ക് കുട്ടിക്കാലത്ത്, ആദ്യമായി ഷിയയെ കണ്ട കാഴ്ചയാണ് എങ്ങനെയോ ഓര്‍മ്മവന്നത്.
പെണ്‍കുട്ടിക്കു പിന്നാലെ റിച്ചിയും പുറത്തേയ്ക്കു വന്നു. ബാല്യത്തിന്റെ അവസാനത്തിലെങ്ങോ കണ്ട റിച്ചിയില്‍നിന്ന് യുവാവിലേക്കുള്ള മാറ്റം ഞാന്‍ വളരെ കൗതുകത്തോടെ നോക്കി. പണ്ടത്തേതിനേക്കാള്‍ ഇപ്പോള്‍ ചൈനീസ് ഛായ കൂടിയിട്ടുണ്ടോ!

നീട്ടി വളര്‍ത്തിയിരിക്കുന്ന തലമുടി ഒരു ഹെയര്‍ബാന്‍ഡ് കൊണ്ട് പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ട്. ഒരു കാതില്‍ കടുക്കനുണ്ട്. അടിമുടി ന്യൂജെന്‍ പയ്യന്‍ തന്നെ.
പക്ഷേ, അവന്റെ ചിരിയില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഇടത്തെ കവിളില്‍ ചെറുതായി നുണക്കുഴി തെളിയുന്ന ചിരി.
എന്നെപ്പോലെ തന്നെ, സലോമിയും മക്കളുമെല്ലാം കൗതുകത്തോടെയും ആകാംക്ഷയോടെയും റിച്ചിയേയും പെണ്‍കുട്ടിയേയും നോക്കിനില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ എല്ലാവരുടേയും മനസ്സില്‍ ഒരു ചോദ്യം പരസ്പരം പറയാതെ തന്നെ അലയടിക്കുന്നതു  ഞാനറിഞ്ഞു.
ഏതാണീ പെണ്‍കുട്ടി?

അധികം താമസിയാതെ, റിച്ചിയില്‍നിന്ന് അതിനുള്ള ഉത്തരം കിട്ടി.
പെണ്‍കുട്ടിയുടെ പേര് നിസ്തുല ഹെബ്ബാര്‍. റിച്ചിക്കൊപ്പം പ്രോജക്ടിലുണ്ട്. പക്ഷേ, അതിനും മേലേ, നിസ്തുല അവന്റെ ലിവ്-ഇന്‍-പാര്‍ട്ട്‌നര്‍ ആണ്. വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലാത്ത, എന്നാല്‍, കൂടെത്തന്നെ താമസിക്കുന്ന പെണ്‍പങ്കാളി. ഇതു കുറേക്കാലത്തേയ്ക്ക് മാത്രമാണോ, അതോ എന്നെന്നും ഒരുമിച്ചുണ്ടാകുമോ എന്നൊന്നും ഇപ്പോള്‍ രണ്ടാള്‍ക്കും അറിയില്ല.
അടവിമണ്ണില്‍, അടുത്ത ടമാര്‍ പടാര്‍ ഉച്ചത്തില്‍ മുഴങ്ങി.
''അങ്കിള്‍, ഞങ്ങള്‍ക്ക് കല്യാണം, പിന്നെ കുടുംബം പോലെയുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ തീരെ വിശ്വാസം ഇല്ല. ഇപ്പോള്‍ ഈ നിമിഷം ഞങ്ങള്‍ പരസ്പരം വളരെ ഇഷ്ടപ്പെടുന്നു. എന്നാല്‍, ആ ഇഷ്ടം ഇല്ലാതായാല്‍ പിരിഞ്ഞുപോകാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യവുമുണ്ട്. പിന്നെ, ഇതേവരെ കുട്ടികള്‍ വേണമെന്നു തോന്നിയിട്ടുമില്ല'', ഇത്രയും പറഞ്ഞ് റിച്ചി അടുത്തിരുന്ന നിസ്തുലയുടെ കൈത്തലം അമര്‍ത്തിപ്പിടിച്ചുകൊണ്ട് ചിരിച്ചു. അവളും ചിരിച്ചു.

ലിവിങ്ങ് ടുഗെതര്‍ എന്ന ഏര്‍പ്പാടിനെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായാണ് അത്തരമൊന്ന് നേരില്‍ കാണുന്നത്.
ഇതെല്ലാം കേട്ടുനില്‍ക്കുന്ന എന്റെ മക്കളെ ഞാന്‍ ഏറു കണ്ണിട്ട് നോക്കി. കര്‍ത്താവേ, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഈ പിള്ളേര്‍ക്കെന്നതാണോ തോന്നുന്നത്. അതേ നിമിഷം ഇതേ വേവലാതി നിറഞ്ഞ ഒരു നോട്ടം സലോമിയുടെ കണ്ണുകളില്‍നിന്ന് എന്നെ വന്നു തൊടുന്നത് ഞാനറിഞ്ഞു. ഇങ്ങനത്തെ കൊസ്രാക്കൊള്ളിയുമായാണോ നിങ്ങളുടെ പഴയ കൂട്ടുകാരുടെ മകന്റെ വരവെന്ന് ഒരു കുറ്റപ്പെടുത്തല്‍ കൂടി ആ നോട്ടത്തില്‍ തിളയ്ക്കുന്നുണ്ടോ.
നിസ്സഹായനായി ഞാന്‍ റിച്ചിയുടെ വര്‍ത്തമാനങ്ങള്‍ക്കു ചെവികൊടുത്തിരുന്നു. ഇതൊക്കെ ജോണ്‍കുട്ടിച്ചായന്‍ എന്തുകൊണ്ടാണോ പറയാതിരുന്നത്. അതോ, എല്ലാം ഞാന്‍ നേരിട്ട് മനസ്സിലാക്കട്ടെ എന്നു കരുതിയതാണോ. ഒന്നും പിടികിട്ടുന്നില്ല.

റിച്ചിയുടെ സന്ദര്‍ശനത്തിനു രണ്ടാഴ്ചയ്ക്കുശേഷം ഒരു വാര്‍ത്ത കേട്ടു. പുത്തന്‍പുരക്കലെ രാജച്ചായന്റെ മകന്‍ ഒരു ഹിന്ദുപെണ്‍കുട്ടിയുമായി കൊച്ചിയില്‍ ലിവിംഗ് ടുഗെതര്‍ ആണെന്നും അതിന്റെ പേരില്‍ അപ്പനും മകനും തമ്മില്‍ ഭയങ്കര വഴക്കുണ്ടായെന്നുമായിരുന്നു കേട്ടത്.
ഇതൊക്കെ കേട്ട് ആദ്യം വല്ലാത്ത ആധി തോന്നിയെങ്കിലും, ഇപ്പോള്‍ ഇവിടെ എന്റെ ആഫീസിലിരുന്ന് ചിന്തിക്കുമ്പോള്‍ മനസ്സിനു ശകലം തെളിമ വരുന്നുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഈ പുതിയ ടമാര്‍ പടാറും വെറും ശൂ ആയി മാറില്ലേ...

ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ഇങ്ങനെ എത്ര ടമാര്‍ പടാറുകള്‍ കേള്‍ക്കേണ്ടി വരും, അനുഭവിക്കേണ്ടിവരും!
പക്ഷേ, എന്റെ ജീവിതത്തിലെ ആദ്യത്തെ ടമാര്‍ പടാര്‍ ഇപ്പോഴും അതേ ഒച്ചയില്‍ത്തന്നെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. ഇരുമ്പ് കൈ മായാവി പൊട്ടിച്ച ആ ടമാര്‍ പടാര്‍ തന്നെ. അടുത്തിടെയായി, ഇരുമ്പ് കൈ മായാവിയുടെ ചിത്രകഥാ പുസ്തകം വീണ്ടും ഒന്നു വായിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം തോന്നുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ അത് എങ്ങും കിട്ടാനില്ല എന്നാണ് അറിഞ്ഞത്.
ഒരുപക്ഷേ, എല്ലാ മനുഷ്യജീവിതങ്ങളിലും കുട്ടിക്കാലത്തുള്ള ടമാര്‍ പടാര്‍ ഒടുക്കം വരെയും ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിനില്‍ക്കുമായിരിക്കും. പിന്നെ വരുന്നതെല്ലാം വെറും ശൂ ആയിപ്പോയാലും.
-----
കുറിപ്പ്:
കണ്ണാടി വിശ്വനാഥന്‍ എന്നയാള്‍ എഴുതി, വരച്ച് പുറത്തിറക്കിയിരുന്ന  'ഇരുമ്പ് കൈ മായാവി' എന്ന ചിത്രകഥാപ്പുസ്തകം എഴുപതുകളുടെ ആദ്യപകുതിയില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഒന്നായിരുന്നു. ഇരുമ്പ് കൈ മായാവി എന്ന സൂപ്പര്‍ ഹീറോയുടെ നിരവധി പുസ്തകങ്ങള്‍ ഈ പരമ്പരയില്‍ പുറത്തിറങ്ങിയിരുന്നു. ഈ കഥയില്‍ കൊടുത്തിരിക്കുന്ന 'ഇരുമ്പ് കൈ മായാവി' കഥാഭാഗം അവയിലൊന്നുമില്ലാത്ത തീര്‍ത്തും സ്വതന്ത്ര സൃഷ്ടിയാണ്. ടമാര്‍ പടാര്‍ എന്ന പ്രയോഗം ആദ്യമായി വരുന്നത് ഇരുമ്പ് കൈ മായാവി കഥകളിലെ സ്റ്റണ്ട് രംഗങ്ങളിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com