അതിശയ ചേര്‍പ്പ്...: ഫ്രാന്‍സിസ് നൊറോണ എഴുതിയ കഥ

അടക്കം കഴിഞ്ഞ ഏഴിന്റന്നുമുതല്‍ ഞാന്‍ ലുവിനാമ്മയെ വീണ്ടും കാണാന്‍ തുടങ്ങി.
അതിശയ ചേര്‍പ്പ്...: ഫ്രാന്‍സിസ് നൊറോണ എഴുതിയ കഥ

വെള്ളമെടുക്കാന്‍ കുടവുമായിറങ്ങിയതാണ്. ഉറവക്കുഴിയും മുള്‍പ്പടര്‍പ്പും പിന്നിട്ടതറിയാതെ കുരിശടിയും കഴിഞ്ഞ് വളഞ്ഞുപോകുന്ന റോഡുവരെ നടന്നു. തിരിച്ചുപോരാന്‍ തുടങ്ങുമ്പോഴേക്കും ഹെര്‍ക്കുലീസ് സൈക്കിളുമായി റൊട്ടിമാഷ്. കാലിക്കുടം ഒളിപ്പിക്കാനായില്ല. മാഷിന്റെ വരവു കണ്ടിട്ടാവണം എന്റൊപ്പമുണ്ടായിരുന്ന ലുവിനാമ്മ അതിരിലെ ആളൊപ്പം വളര്‍ന്ന ഉണക്കപ്പുല്ലും വകഞ്ഞ് അയ്യമിറങ്ങിപ്പോയി. വിയര്‍ത്തുനിന്ന എന്നെ വീട്ടിലാക്കി തിരിച്ചുപോകുമ്പോള്‍ മാഷ് ചോദിച്ചു.

''ഈ ചെറിയ പ്രായത്തില്‍ നിനക്കെന്നാ ഇത്ര മതിമറക്കാന്‍...''
ഒന്നും മിണ്ടാതെ അരമതില്‍ ചാരിനിന്നു. ഇതിപ്പോ രണ്ടാം തവണയാണ് മാഷിന്റെ മുന്നില്‍... മുന്നേ ഇങ്ങനെയൊന്നുണ്ടായത് കഴിഞ്ഞ വേനലിന് സ്‌കൂള്‍ അടയ്ക്കുമ്പോഴാണ്. നാലുമണി ബല്ലടിയില്‍ പിള്ളേരു റോഡിലേക്ക് ഓടി. ഗേറ്റിലേക്ക് കുതിക്കുന്നതിനു പകരം മാഷിന്റെ വീട്ടില്‍നിന്ന് വായിക്കാനെടുത്ത 'അലഞ്ഞു തിരിയുന്നവരുടെ' കഥയുമായി ഞാന്‍ വരാന്തയിലൂടെ നീങ്ങി. മഞ്ഞ പുറംചട്ടയുള്ള പുസ്തകം സായ്വിന്റെ സാഞ്ചോണ്‍ പ്രസ്സില്‍ അച്ചടിച്ചതായിരുന്നു. കരിഞ്ഞ ഗന്ധകപ്പുരയെ ഓര്‍മ്മപ്പെടുത്തുന്ന ഉപ്പുമാവുചായ്പ്പിന്റെ ഉള്ളിലേക്കാണ് നടന്നുകൊണ്ടിരുന്നത്... തല ഉയര്‍ത്താതെയുള്ള പോക്കുകണ്ടിട്ട് ലുവിനാമ്മ ഒപ്പമെത്തി... ചായ്പ്പിനു ചങ്ങലപ്പൂട്ടു വീഴുംമുന്നേ മാഷെന്നെ കണ്ടത് ഭാഗ്യം...

ചെമ്മണ്ണടര്‍ന്ന് വേരുകളുടെ കിതപ്പു തെളിഞ്ഞ വഴിയിലൂടെയാണ് മിക്ക യാത്രകളും. വളവും തിരിവുമൊക്കയായി അതങ്ങനെ അറ്റമില്ലാണ്ടു മുകളിലേക്ക് നീണ്ടുപോകും. നടന്ന് കാല്‍കുഴഞ്ഞു തിരിച്ചുപോരാന്‍ തോന്നുമ്പോഴേക്കും എഴുന്നുനില്‍ക്കുന്ന കറുകയുടെ തിമിര്‍പ്പു വകഞ്ഞ് ലുവിനാമ്മ താഴേക്കിറങ്ങും. ഇറക്കിവെട്ടിയ അവരുടെ ബ്ലൗസും മുതുകിലെ ചെറുരോമങ്ങളുള്ള കറുത്തവടുവും കണ്ട്  കരിഞ്ഞ പുല്‍മേടും വരണ്ട ശതാവരികളുമപ്പോള്‍ പതുക്കെ പച്ചയുടുക്കാന്‍ തുടങ്ങും.  
പൂത്തുലഞ്ഞ ബാല്‍സംചെടികള്‍ നിറഞ്ഞ മുറ്റമായിരുന്നു ലുവിനാമ്മയുടേത്. പരല്‍മീന്‍ കണ്ണുപോലെ വെള്ളംതിങ്ങുന്ന തണ്ടില്‍ പൂക്കളുടെ മയക്കം. ഞാറവയലറ്റ്, പൊന്‍മാന്‍നീല, വെള്ളി വെള്ള, മരണമഞ്ഞ... ഇതുവരെ കാണാത്ത വര്‍ണ്ണക്കൂട്ടുകള്‍. നീലനിറത്താല്‍ കുതിര്‍ന്ന ജനലുകള്‍ ചെങ്കല്‍ഭിത്തീന്നു ചാടിപ്പുറപ്പെടാന്‍ തുള്ളി... നാലതിരിലേക്കും കണ്ണുപായിച്ച്  കൂപ്പുകയ്യോടെ പുരമുകളിലെ ഇരുണ്ട ചിമ്മിനി. തുരമ്പിച്ച ഗേറ്റിലൂടെ അകത്തേക്ക് കയറുമ്പോള്‍ നിലാവുറങ്ങുന്ന കാട്ടില്‍ ഒറ്റപ്പെട്ടതുപോലെ...
മുഴുകിയങ്ങനെ മുറ്റത്തു നില്‍ക്കും. നിലത്തു കമിഴ്ന്നു ചിത്രംവരയ്ക്കുന്ന ലുവിനാമ്മയപ്പോള്‍   മുഖമുയര്‍ത്തി അടുത്തേക്ക് വിളിക്കും. നിവരുന്ന അവരുടെ പര്‍പ്പിള്‍നിറമുള്ള ബ്ലൗസിനിടയിലൂടെ ഇരട്ടപിറന്ന മാന്‍പേടകളുടെ കുതിപ്പ്... എന്റെ കണ്ണ് ചൂളും. കവയില്‍ നിന്നൊരു ഉലപ്പ് അടിവയറിനെ ഞെരിയ്ക്കും. വിറച്ചങ്ങനെ ചെല്ലുമ്പോള്‍ ഒഴുക്കിലെ തെളിവെള്ളം കുമ്പിളിലെടുക്കുംപോലെ അവരെന്റെ മുഖം കോരും. ചൂടുനിറയുന്ന ശ്വാസത്തിനപ്പോള്‍ ചതച്ച കറുവാപ്പട്ട മണമായിരുന്നു...
തണുവുള്ള ഇടമായിരുന്നു ലുവിനാമ്മയുടെ പറുദീസ. വീടെന്ന വാക്ക് അതിനൊട്ടും ചേരില്ല. കോട്ടപ്പുറം സ്‌കൂളില്‍ പഠിക്കുമ്പോഴാണ് പകലും ഞാന്‍ ലുവിനാമ്മയെ കാണാന്‍ തുടങ്ങിയത്.  പാകമായ  ബാല്‍സം കായപോലെ പൊട്ടുന്ന ചിരി. നിലത്തേക്ക് ചാഞ്ഞിരുന്നു വരയ്ക്കുന്ന അവരുടെ കാലിനെ കളിപ്പിച്ച് മുകളിലേക്ക് തിടുക്കം കൂട്ടുന്ന കോട്ടാസാരിക്കു താഴെ രോമക്കെട്ടു നിറഞ്ഞ വെളുപ്പ്...  വരച്ചുകൊണ്ടിരുന്ന ബ്രഷില്‍നിന്ന് ചായം കീഴോട്ടു ഒലിച്ചിറങ്ങും. തെളിവിരലിലൂടെ കണംകൈയിലേക്ക് മഞ്ഞേം പച്ചേമൊക്കെ പടരുന്നതും നോക്കി ഞാനങ്ങനെ കൂട്ടിരിക്കും. ചില്ലുടയുന്ന ഒച്ചയില്‍ അവരപ്പോള്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ പറഞ്ഞുതുടങ്ങും.
പെരുമഴയില്‍ കുരിശടിയുടെ മേല്‍പ്പുരയ്ക്ക് മിന്നലേറ്റതും. ഉരുള്‍പൊട്ടി ഇഗ്‌നാത്തിയോസ് ബാവായുടെ കഴുത്തറ്റംവരെ പശിമണ്ണില്‍ താണുപോയതും പുഴ വഴിമാറിയതും. കുന്നിന്‍മോളിലെ വാറ്റുകാരിക്ക് ഒറ്റപ്പേറില്‍ നാലുകുട്ടികളുണ്ടായതും ലുവിനാമ്മയുടെ കാണാക്കണ്ണിന്റെ കണിശമായിരുന്നു... 

ദുക്റാനപ്പെയ്ത്തില്‍ പുറത്തിറങ്ങരുതെന്ന് ലുവിനാമ്മ പറഞ്ഞതായിരുന്നു. വാഴപ്പിണ്ടിച്ചങ്ങാടത്തില്‍ കയറിയതേ ഓര്‍മ്മയുള്ളു. കണ്ണുതുറക്കുമ്പോള്‍ പുല്ലുപിടിച്ച ലുവിനാമ്മയുടെ കടവ് കവിഞ്ഞു കിടന്നു. നനഞ്ഞു കേറുമ്പോള്‍ വരച്ചുതീര്‍ത്ത ചിത്രത്തിനു മുന്നിലവര്‍ കണ്ണടച്ചിരിക്കുകയായിരുന്നു. പതിവു സാരിക്കു പകരം നീണ്ട അങ്കി... ഒച്ചവെയ്ക്കാതെ പിന്നിലൂടെ ചെന്നു...  ഉള്ളം കാലേന്നൊരു വെള്ളിക്കീറ് എന്റെ ഉച്ചിയിലേക്ക് കുതിച്ചു. പണ്ടെങ്ങോ സ്വപ്നത്തില്‍ കണ്ട കാട്ടരുവിയും പുല്‍മേടും കിളികളും പൂക്കളും മരങ്ങളും മൃഗങ്ങളുമൊക്കെയായി ക്യാന്‍വാസില്‍ നിന്നൊരു കുന്നിന്‍ ചരിവ് എഴുന്നുനിന്നു. നിലത്തുമുട്ടാതെ കാറ്റില്‍ ഒഴുകുന്ന മനുഷ്യര്‍. മാറ് മറയ്ക്കാത്ത പെണ്ണുങ്ങളുടെ വെളുത്ത മെഴുപ്പിലെ കറുത്ത മള്‍ബറിത്തുടിപ്പില്‍ കോടക്കാറ്റിന്റെ തകൃതി... വെട്ടിത്തെളിച്ച പുല്‍മേടുപോലെ അരക്കെട്ടിലെ അതിശയ ചേര്‍പ്പ്...
''എന്തുവാ ലുവിനാമ്മേ ഈ വരച്ചേക്കുന്നേ...''
എന്റെ ഒച്ച പതറി. പാലറ്റിനുമീതെ ബ്രഷ് വെച്ച് അങ്കിയൂരി നിലത്തേക്കവര്‍ മലര്‍ന്നു. തെള്ളി പ്പോയ എന്നെ പുരികമപ്പാടെ ഉയര്‍ത്തിയ കണ്ണുകളുടെ കൂര്‍മ്മനയാല്‍ ലുവിനാമ്മയൊന്നു ഭ്രമിപ്പിച്ചു.
''ഇതാണ് പറുദീസ! ഇവിടെവെച്ചാണ് പച്ചമണ്ണും പെണ്ണുമായി നീ... ജൂതപ്പേരായിരിക്കും അവള്‍ക്ക്.  വെള്ളിച്ചിറകുള്ള കുഞ്ഞ് ജനിക്കുന്നതോടെ നീയെല്ലാമറിയാന്‍ തുടങ്ങും...''

നിര്‍ത്താതെ പെയ്ത ജൂണ്‍മഴേലാണ് ലുവിനാമ്മ ഭൂമി വിട്ടുപോയത്. കര്‍മ്മലമലയില്‍ പോയ ഞങ്ങളുടെ സ്‌കൂള്‍ബസ് തിരിച്ചെത്തുമ്പോഴേക്കും മരണപ്പടുത ലുവിനാമ്മയുടെ വീടിന്റെ കണ്ണീന്ന് ആകാശം മറച്ചിരുന്നു. പന്തലിടാന്‍ വന്നവര്‍ ചവിട്ടിത്തേച്ച ബാല്‍സംചെടികള്‍ പൂക്കളോടൊപ്പം കരഞ്ഞു... അയഞ്ഞ വെള്ളകോട്ടന്‍ബ്ലൗസും കോട്ടാസാരിയും ചുറ്റി പെട്ടിയില്‍  കിടത്തിയ ലുവിനാമ്മയുടെ മുടിച്ചുരുളുവീണ നെറ്റിയെ മറച്ച് വെളുത്ത പൂക്കളുടെ കിരീടം. അന്നുവരെ കൂടെയില്ലാതിരുന്നവര്‍ കണ്ണീരൊപ്പി കൂട്ടിരിപ്പുണ്ട്. ശവയാത്ര തുടങ്ങുമ്പോള്‍ പിന്നാലെ നടന്നവര്‍ മൂക്കുപൊത്തി ഈടിയിറങ്ങി പള്ളിയിലേക്കു പോയി... മരച്ചക്രങ്ങളുള്ള മരണവണ്ടിയുടെ ഞരക്കത്തിനു പിന്നാലെ ഞാന്‍ തനിച്ചായി...

മരിച്ച് നാലുനാള്‍ ആരുമറിയാതെ കിടന്ന ലുവിനാമ്മയുടെ ചുണ്ടുകള്‍ ഒടുക്കത്തെ ഉമ്മയ്ക്ക് കൊതിച്ചിട്ടെന്നപോലെ വീര്‍ത്തു മലര്‍ന്നു. തുവാലകൊണ്ടു മൂക്കുമറച്ച് നിന്ന ആളുകളുടെ ഇടയിലൂടെ അടുത്തേക്കുചെന്ന് കവിളില്‍ മുത്തി. കണ്‍പോള ചീര്‍ത്തുപൊട്ടിയ ചലം എന്റെ ചുണ്ടേലൊട്ടി. അന്തിയായപ്പോള്‍ ഒരിക്കലും പൂട്ടാതിരുന്ന കുന്നിന്‍മോളിലെ തുരുമ്പിച്ച ഗേറ്റ് ആരോ വലിച്ചടച്ച് പുത്തന്‍ താഴിടുന്ന ഒച്ച... ഉറക്കം വരാതെ ഞാന്‍ കമിഴ്ന്നു. വേരുകള്‍ തെറിച്ചുനില്‍ക്കുന്ന ചെമ്മണ്‍വഴിയും അതിനറ്റത്തെ ബാല്‍സംപൂക്കളുടെ മാളികയും എന്റെ കാഴ്‌ചേന്ന് ഊര്‍ന്നുപോയി. 

അടക്കം കഴിഞ്ഞ ഏഴിന്റന്നുമുതല്‍ ഞാന്‍ ലുവിനാമ്മയെ വീണ്ടും കാണാന്‍ തുടങ്ങി. രാത്രി ജനലിലേക്ക് നോക്കിയുള്ള കിടപ്പില്‍ എന്റെ കിടക്കപ്പായയില്‍ പിന്നേം നനവ്... അതൊരു പതിവായപ്പോള്‍ അമ്മച്ചിയെന്നെ കൈവെപ്പ് പ്രാര്‍ത്ഥനയ്ക്ക് റൊട്ടിമാഷിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുചെന്നു. കാറച്ചപോലെ എന്റെ ഒച്ച പതറുന്നതും മുലക്കണ്ണ് തടിച്ച് സ്രവം ഊറുന്നതും രാത്രി കിടക്കേല്‍ എനിക്കുണ്ടാകുന്ന അങ്കലാപ്പുമൊക്കെ അടക്കംപറഞ്ഞ് അമ്മച്ചി കരഞ്ഞു. കവിളിലെ  തടിച്ചുപൊന്തിയ പുത്തന്‍കുരു മാന്തിപ്പൊളിച്ച ചോര എന്റെ നഖത്തിനടിയില്‍ ഒളിച്ചുനിന്നു. ഇതീ പ്രായത്തില്‍ എല്ലാ ആണ്‍കൊച്ചുങ്ങള്‍ക്കും ഉണ്ടാവുന്ന ഏനക്കേടാണെന്നും തനിയേ മാറിക്കൊള്ളുമെന്നും പറഞ്ഞു മാഷ് ഞങ്ങളെ മടക്കി. പിള്ളാരോടൊപ്പം കര്‍മ്മലമലയില്‍ വിടാന്‍ പറ്റാഞ്ഞതിന്റെ സങ്കടം പറഞ്ഞ അമ്മച്ചിയുടെ കൈയില്‍ ഹന്നാന്‍വെള്ളം തളിച്ച കാശുരൂപം മാഷ്  പൊതിഞ്ഞു കൊടുത്തിരുന്നു. അരയിലതും കെട്ടി ചാച്ചനൊപ്പം കിടന്നിട്ടും എന്റെ രാത്രിപ്പായ പിന്നേം നാണിച്ചോണ്ടിരുന്നു... 

ചാച്ചനൊരു പാവം പിടിച്ച മനുഷ്യനായിരുന്നു. പുറത്തിറങ്ങി ആരോടെങ്കിലും മിണ്ടാനോ ലോകം കാണാനോ ചാച്ചനു മടിയായിരുന്നു. പുലര്‍ച്ചേ തന്നെ താഴ്ച്ചേലുള്ള ടൈലു കമ്പനിയിലേക്ക് കയറിപ്പോകും. സിമന്റുകൂട്ടിനൊപ്പം നിറങ്ങള്‍ ചേര്‍ത്ത് മിനുസമുള്ള കല്‍പ്പാളിയുണ്ടാക്കുകയായിരുന്നു പണി. ഇരുമ്പിന്റെ അച്ചില്‍ വെള്ളസിമന്റും കളര്‍പ്പൊടികളും ചേര്‍ത്ത് അത്തിക്കോലുകൊണ്ടുള്ള ചാച്ചന്റെ വരകള്‍... കല്‍പ്പാളിയില്‍ നിന്നപ്പോള്‍ പൂക്കളും പൂമ്പാറ്റകളും പറന്നുയരും. ദനഹക്കാലത്തെ ഒരു സന്ധ്യയ്ക്കാണ് അയഞ്ഞുപോയ മാംസപേശികളുടെ എതിര്‍പ്പില്‍ ഇരുമ്പച്ച് പൊക്കാനാവാതെ ചാച്ചന്‍ കുമ്പിട്ടു പോയത്...

ചാച്ചന്റെ മരണശേഷം അമരാവതിയില്‍നിന്ന് ഞങ്ങള്‍ അമ്മാച്ചന്റെ വീട്ടിലേക്ക്  താമസം മാറി... കടംകേറി ഞങ്ങളുടെ വീട് ജപ്തിചെയ്തു പോയിരുന്നു. പഴയ ഡച്ചുകോളനിയായിരുന്ന അമരാവതിയില്‍നിന്ന് പോന്നെങ്കിലും ഇടയ്ക്കിടെ  ലുവിനാമ്മയെ ഞാന്‍ കാണും.  മിനുങ്ങുന്ന ഓടിട്ട തറയില്‍ കുമ്പിട്ടു വരയ്ക്കുന്നതും വീടിനു പിന്നിലെ ചാലില്‍ കുറുവാപ്പരലുകള്‍ക്ക് തീറ്റ കൊടുക്കുന്നതും കാടിവെള്ളം കൊടുത്തിട്ട് പൈക്കളുടെ കഴുത്തു തടവുന്നതുമൊക്കെ മിന്നിവരും...

ആറേഴുകൊല്ലം ഉരുളക്കിണ്ടിയില്‍ ഇഞ്ചിപ്പണിക്ക് പോയ ഞാന്‍ അമ്മച്ചിക്കു ക്ഷീണമായപ്പോള്‍ അമ്മാച്ചന്റെ അടുത്തേക്ക് തിരിച്ചുപോന്നു. പിന്നെ പുള്ളിക്കാരന്റെ കൂടെ ഫാമിലായിരുന്നു. പശുവിനെ തീറ്റിക്കുകയും കോഴിമുട്ടകള്‍ പെറുക്കി ട്രേയിലടുക്കുകയുമായിരുന്നു പണി. കുളത്തിലെ അലങ്കാര മത്സ്യങ്ങളും തിങ്ങിനിന്ന തീറ്റപ്പുല്ലുകള്‍ക്കിടയിലൂടെ പായുന്ന തവിട്ടു മുയലുകളും തിരുഹൃദയം താങ്ങിനില്‍ക്കുന്ന മാതളച്ചെടികളും കണ്ട് ലുവിനാമ്മയുടെ പറുദീസയാണതെന്ന് തെറ്റിദ്ധരിച്ചിരുന്നു.  കന്നുകളെ കുളിപ്പിച്ചു കുതിര്‍ന്ന കൈവെള്ളയില്‍ ചാച്ചന്‍ പുരട്ടാറുള്ള മരുന്നെണ്ണ തേച്ചുതരുമ്പോള്‍ അമരാവതിയിലെ കാടുകയറിയ ടൈലു കമ്പനി ഓര്‍മ്മവരും... 
അമ്മാച്ചനൊപ്പം പള്ളിയില്‍ കയറാതെ ഞായറാഴ്ച അടിവാരത്തെ വായനശാലയില്‍ പോയി തീത്താളുകളില്‍ മുഖം പൊത്തും. ഫിര്‍മരങ്ങളും കുറ്റിച്ചെടികളും നിറയുന്ന മഞ്ഞുമലയുടെ താഴ്വാരത്ത് ആടുകള്‍ക്ക് കാവലിരിക്കുന്നവര്‍ എനിക്ക് കൂട്ടുവരും. മാഷിന്റെ ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങള്‍  തുറന്നാല്‍ കോട്ടവാതിലാണ് ആദ്യം കാണുക. പിന്നെ കൊടുങ്കാറ്റുപോലെ ചുഴി... ഞാനതിലോട്ടു ഊഴ്ന്നുപോകും. രാജാക്കന്‍മാരുടെ അടിമകളോടൊപ്പം നടന്നെന്റെ കാലു കുഴയും. പൊടിപിടിച്ച മുഖവും വള്ളിച്ചുറ്റുള്ള നരച്ച തോല്‍വാര്‍ ചെരിപ്പും ധരിച്ചു മരുഭൂമി താണ്ടുന്നവര്‍ തളരുമ്പോള്‍ തോല്‍ക്കുടങ്ങളില്‍ വെള്ളവുമായി വരുന്ന പെണ്ണിനു ലുവിനാമ്മയുടെ മുഖമായിരുന്നു. മണല്‍ക്കാറ്റില്‍ അവരുടെ നെഞ്ചില്‍ മുഖം അമര്‍ത്തിയുള്ള സ്‌നേഹം മൂന്നുരാത്രി അടുപ്പിച്ചാ അനുഭവിച്ചത്... നാലാംപക്കം പനിച്ചുകിടന്ന എന്റെ കീഴ്ത്താടിയേന്ന് ഒലിച്ചിറങ്ങിയ  ഈള, നരച്ച ഭൂപടംപോലെ പുസ്തകച്ചട്ടേല് പതിഞ്ഞു കിടന്നിരുന്നു.

അമരാവതീന്ന് പുസ്തകങ്ങളുമായി മാഷ് മിക്കപ്പോഴും കുന്നുകയറി വരും. ഫാമിലെ കഷ്ടപ്പാടു കണ്ട് അപേക്ഷ അയപ്പിക്കുമ്പോള്‍ മാഷെനിക്കൊരു വാക്ക് തന്നിരുന്നു. ജോലി ശരിയായാല്‍ ലെയയെക്കൊണ്ടു കെട്ടിക്കാമെന്ന്. മാഷിന്റെ ബന്ധത്തിലുള്ള കുട്ടിയാണ് ലെയ. അവളുടെ ചാച്ചനും റൊട്ടിമാഷിന്റെ ചാച്ചനും ചേട്ടാനുജന്‍മാരാണ്. കര്‍മ്മലമലയുടെ അടിവാരത്താണ് ലെയയുടെ വീട്. അവധിക്കാലത്ത് അമരാവതിയില്‍ വന്നുനില്‍ക്കാറുള്ള അവളോടു ഒന്നുരണ്ടു തവണ മിണ്ടിയിട്ടുണ്ട്. ചിരിക്കുമ്പോള്‍ എടംപല്ലു തെളിയുന്ന അവള്‍ക്ക് തണുപ്പടിച്ചാല്‍ വയ്യാണ്ടുവരും. റോസ് നിറമുള്ള മഫ്‌ലറും കഴുത്തില്‍ ചുറ്റി ഇഗ്‌നാത്തിയോസ് ബാവായുടെ കുരിശടിയിലവള്‍ തിരി കത്തിക്കുമ്പോള്‍ നീരുവന്ന കണ്‍തടങ്ങളുടെ കറുപ്പിനു മീതെ കണ്ണിലൊരു പ്രകാശം പതിയും. എനിക്കവളെ ഇഷ്ടമായിരുന്നു. 

ജോലി കിട്ടിയതോടെ ഞങ്ങളുടെ കല്യാണം നടന്നു. കെട്ടുരാത്രി  ഉറങ്ങാതെ മിണ്ടീം പറഞ്ഞുമിരിക്കാമെന്ന് ലെയ പറഞ്ഞു. നെറ്റിയിലേക്ക് ചാഞ്ഞ അവളുടെ പൊട്ടുമുടികള്‍ മാടിയൊതുക്കി ഞാനൊച്ച താഴ്ത്തി...
''എന്തുവാ പറയുക...''
''നിങ്ങളുടെ സ്വപ്നസഞ്ചാരങ്ങളെക്കുറിച്ചു മതി.''
ബാല്‍സംപൂക്കള്‍ വിടരുന്ന മുറ്റവും കഴിഞ്ഞു തൊടിയിലെ മരങ്ങളില്‍ കാറ്റ് ചിറക് മെരുക്കുന്നതു പറയുമ്പോഴേക്കും  ഞാന്‍ ലുവിനാമ്മയെ കണ്ടുതുടങ്ങി... പൊങ്ങപ്പം ചുടുന്നതിന്റെ ചാരപ്പുക ചിമ്മിനിയോടു പിണങ്ങി താഴേക്കു പോന്നു. വറുത്തുകോരിയ അണ്ടിപ്പരിപ്പിന്റെ മണം... 
പിന്നിലൂടെ ചെന്ന്  കെട്ടിപ്പിടിക്കുമ്പോഴേക്കും ലെയയ്ക്ക് വലിവു തുടങ്ങി... വിളിച്ചുണര്‍ത്തി മരുന്നിന്റെ പേരു ചോദിക്കുമ്പോള്‍ എന്റെ പേടിച്ചസ്വരം ഫോണിലൂടെ കേട്ട് മാഷു സമാധാനപ്പെടുത്തി...
''നീയിപ്പം എന്നാ പറഞ്ഞാലും അവളു കേക്കത്തില്ല... നേരംവെളുത്തോട്ടെ...''
ചൂടുബാഗും നെഞ്ചോടുചേര്‍ത്ത് ലെയ മയക്കം പിടിച്ചപ്പോള്‍ ഞാന്‍ ജനാല തുറന്നിട്ടു. കാറ്റിലൊരു മേലങ്കിയിളകുന്നു... 
''ജൂതപ്പെണ്ണുങ്ങള്‍ക്കിടുന്ന പേരാ ലെയ...''
മുറ്റത്ത് ഉലയുന്ന ചിരി. ജനല്‍ക്കമ്പിയില്‍ ഞാന്‍ മൂക്കു മുട്ടിച്ചു. കവിളിനെ തൊടുന്ന മഞ്ഞച്ചായം പുരണ്ട കൈയുടെ തണുപ്പെന്റെ അകം നിറച്ചു...
അമരാവതിയിലെ ഡച്ചുസിമിത്തേരിയും ലുവിനാമ്മയുടെ കല്ലറയും ഒന്നരനൂറ്റാണ്ടു മുന്‍പുള്ള അള്‍ത്താരയിലെ പറുദീസച്ചിത്രവുമൊക്കെ കണ്ടപ്പോഴാണ് ലെയയുടെ പരിഭവങ്ങള്‍ മാറിയത്.  
ഒന്‍പതു വര്‍ഷമെടുത്തു ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാവാന്‍. ലുവിനാമ്മയുടെ വെളിപാടുപോലെ ചിറകുള്ള മാലാഖ. അവള്‍ ജനിച്ചപ്പോഴാണ് ലെയയുടെ ചാച്ചന്‍ ആരോടും പറയാതെ വാങ്ങിച്ചിട്ടിരുന്ന അഞ്ചേക്കര്‍ ഭൂമി ഞങ്ങള്‍ക്ക് എഴുതിത്തന്നത്. പുതുമണ്ണിലൂടെ പരിചിതനെപ്പോലെ ഞാന്‍ നടന്നു. കുന്നിനെ  ചുറ്റിയെത്തുന്ന കാറ്റിന് പുല്‍ത്തൈലമണം. പണ്ടെങ്ങോ നട്ടുനനച്ചു കൊടുത്തപോലെ മരങ്ങളുടെ ചില്ലകള്‍ ചാഞ്ഞെന്നെ തൊട്ടു... തെക്കതിരിലെ താഴ്ച്ചയില്‍  സപ്പോട്ടയും സബര്‍ജില്ലും നിറയുന്ന ഒന്നരയേക്കര്‍ റൊട്ടിമാഷിന്റെ വീതമായിരുന്നു.

ലെയ നിര്‍ബന്ധിച്ചപ്പോള്‍ അമരാവതിയിലെ വീടു വാടകയ്ക്കു കൊടുത്ത് മാഷും ഇങ്ങോട്ടു പോന്നു. ഒരുമിച്ചാണ് ഞങ്ങള്‍  വീടുപണി തുടങ്ങിയത്. ഞാനന്ന് ഇറിഗേഷനിലെ നൈറ്റ് വാച്ചുമാനാണ്. ഇടുങ്ങിയ കനാലിലൂടെ പോകുന്ന വെള്ളത്തിനു തടസ്സമുണ്ടാകാതെ നോക്കണം. ചത്ത കാട്ടുപന്നിയോ മ്ലാവോ അടിഞ്ഞാല്‍ രാത്രിതന്നെ വിളിവരും. കമ്പിനുകുത്തി ഒഴുക്കുമ്പോള്‍ അടച്ചമുറിയില്‍ മലര്‍ത്തിയിട്ട ലുവിനാമ്മയുടെ വേവുമണമുള്ള ശരീരം വെള്ളത്തിലിളകുന്നപോലെ...

ഹൈറേഞ്ചിലെ തോട്ടംതൊഴിലാളി നേതാവിന്റെ മകന്‍ കുട്ടനെയാണ് വീടിന്റെ പണിയേല്പിച്ചത്. കുട്ടന്റെ മുത്തച്ഛനും സായിപ്പും കൂടിയാണ് കുന്നിലെ മരങ്ങളെല്ലാം നട്ടത്. അടിത്തറയ്ക്കു വാനം മാന്തുമ്പോള്‍ പീരങ്കിയുണ്ടകളും ജീര്‍ണ്ണിച്ച അസ്ഥികളും തുരുമ്പുമണ്ണിനൊപ്പം കോരി... പുറത്തറിഞ്ഞാല്‍ വീടുപണി നിന്നുപോകുമെന്നും പറഞ്ഞ് മാഷ് അതെല്ലാം രാത്രി തന്നെ കുഴിച്ചുമൂടിച്ചു. ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു വാതിലാണ് അടഞ്ഞത്. ഉറക്കംവരാതെ ഞാന്‍ മുറ്റത്ത് നടന്നു. വേരുകള്‍ക്ക് താഴെ യുദ്ധഭൂമിയുടെ കാഹളം കേട്ട് മരങ്ങള്‍ വിറച്ചു... തൊടിക്കു നടുവിലെ ആത്ത മാത്രം ശിരസ്സുയര്‍ത്തി തനിച്ചൊരു അകലം പാലിച്ചു. അതിന്റെ കൊമ്പിലായിരുന്നു കിളികളുടെ മസ്മോറകള്‍... 

ഒറ്റമരംപോലും വെട്ടാതെ കുട്ടന്‍ വീടുപണിതു തന്നു. മേല്‍ക്കൂര വാര്‍ക്കാമായിരുന്നുവെന്ന് കൂടെക്കൂടെ പറയാറുള്ള മാഷിനും പണി തീര്‍ന്നപ്പോള്‍ മറിച്ചൊന്നും പറയാനില്ലായിരുന്നു. ആകാശത്തുനിന്നു നോക്കിയാല്‍ പച്ചപ്പിനു നടുക്കൊരു മൊണാസ്ട്രിപോലെ ഞങ്ങളുടെ വീട്. ലെയയുടെ വീട്ടില്‍നിന്നാണ് വാത്തയേയും ഗിനിക്കോഴികളേയും കൊണ്ടുവന്നത്. ഗിഫ്റ്റു തരുന്നെങ്കില്‍ പൂച്ചെടിയോ പൂച്ചക്കുഞ്ഞൊ അങ്ങനെ ജീവനുള്ളത് മാത്രം മതിയെന്ന് ഹൗസ്വാമിംഗിനു വിളിക്കുമ്പോള്‍ ഞാനെല്ലാവരോടും പറഞ്ഞിരുന്നു. മുറ്റത്തെ പൂച്ചെടികളെല്ലാം ആ വകയില്‍ കിട്ടിയതാണ്. ആര്‍ച്ചുപോലെ പടര്‍ന്നുനില്‍ക്കുന്ന ബോഗെന്‍വില്ല ലെയയ്ക്കു പള്ളീലച്ചന്‍ കൊടുത്ത സമ്മാനവും...
സുഖമില്ലാത്ത മോളെയും എടുത്തു മേലെ പള്ളിയിലേക്ക് ഇറങ്ങുമ്പോള്‍ ഒപ്പം വരാന്‍ ലെയ നിര്‍ബന്ധിച്ചു...
''നീ പൊയ്ക്കോ...ഓഫീസീന്ന് ഒരാളു വരാനുണ്ട്... ഞാനങ്ങ് എത്തിയേക്കാം...''
''ഇന്നവിടെ പോകുവാല്ലിയോ...കുഞ്ഞിനുവേണ്ടീട്ടെങ്കിലും ഒന്നു പള്ളീലോട്ടു കേറണേ ഇച്ചായാ...''
വാടിയ ബാല്‍സംപൂപോലെ കിടന്ന മകളുടെ കീഴ്ത്താടിയില്‍നിന്ന് ഒലിച്ചിറങ്ങിയ ഈള തുടച്ചിട്ട് ഞാനവളെ എടുത്തു. ലെയയുടെ കൂടെ പള്ളിയിലേക്ക് കയറിയെങ്കിലും യൂണിയനാപ്പീസിന്നു ആളെത്തിയപ്പോള്‍ ഞാന്‍ കൊടിമരച്ചോട്ടിലേക്ക് നടന്നു. ഷിഫ്റ്റിന്റെ തര്‍ക്കം പറഞ്ഞു തീര്‍ന്നപ്പോഴേക്കും തിരുവത്താഴശുശ്രൂഷ കഴിഞ്ഞുള്ള മംഗളവാര്‍ത്തക്കാലത്തെ പ്രാര്‍ത്ഥന... പള്ളിപിരിയുമ്പോള്‍  ആളുകളുടെ ഇടയില്‍ മാഷിനെ കണ്ടില്ല... 
ഞായറാഴ്ചകളില്‍ കുര്‍ബ്ബാന കഴിഞ്ഞാല്‍ മാഷ് നേരെ വീട്ടിലേക്കാണ് വരിക... കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കിയിട്ട് എന്റെ പുസ്തക ഷെല്‍ഫു പരതും. വായിക്കാന്‍ വാങ്ങിയ ഏതെങ്കിലും പുസ്തകം ഒളിച്ചിരിക്കുന്നതു കണ്ടാല്‍ അതെടുത്തുകൊണ്ടുപോകും... സ്‌കൂളില്‍ പഠിച്ചോണ്ടിരുന്ന കാലത്തു തന്ന മഞ്ഞ പുറംചട്ടയുള്ള 'അലഞ്ഞു തിരിയുന്നവരെ' മാത്രം ഞാന്‍ കൊടുത്തിട്ടില്ല... 
ലെയയെ വീട്ടിലേക്ക് പറഞ്ഞുവിട്ട്, കയറ്റത്തെ പെട്ടിക്കടയില്‍നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാഷ് സൈക്കിളും തള്ളിയെത്തിയത്. ക്യാരിയറില്‍ പതിവില്ലാതെ തുണിസഞ്ചി.


''ഓ ഒന്നുമില്ലാന്നേ. യാത്ര പോകുവല്ലേ... വേദപുസ്തകം കൂടിയിരുന്നോട്ടെ...''
മുറ്റത്തെ പതിമുഖച്ചോട്ടില്‍ സൈക്കിള്‍വെച്ച് സഞ്ചിയെടുക്കുമ്പോള്‍ കൊത്താന്‍ വന്ന ഗിനിക്കോഴിയെ പേടിച്ച് മാഷ് വീട്ടിലേക്ക് ഓടിക്കയറി...
''പിറകേ വരത്തേയുള്ളു...അതൊന്നും ചെയ്യത്തില്ല മാഷേ...''
''ഓ എന്നാ... പട്ടിയേലും വീറാ അതിന്...''
കുഞ്ഞിന്റെ കട്ടിലിനരികെ ഇരുന്നു മാഷ്  വീണ്ടും കുന്നിന്‍മുകളിലെ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. ഞാനത് ഗൗനിക്കാതെ ബാഗില്‍ പേസ്റ്റും ബ്രഷുമെടുത്തുവെച്ചു...
''വഴി തണുപ്പാ.. കുഞ്ഞിനെ പുതപ്പിക്കാനെന്തേലും എടുത്തോ മോളെ...''
മാഷ് പറയുന്നത് കേട്ട് ലെയ അലമാരിയില്‍ നിന്നു കമ്പിളിയുടുപ്പുകള്‍ എടുത്തു. 
''നമുക്കു പോയി അവരെ കാണാം എന്നിട്ടുമതി ലെയയും കുഞ്ഞുമായിട്ട്...''
ഞാനങ്ങനെ തീരുമാനം മാറ്റുമെന്ന് അറിയാവുന്നതുപോലെ ഉടുപ്പ് കട്ടിലില്‍ വെച്ച് ലെയ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി. 
''നിനക്കെന്നെ വിശ്വാസമില്ലായോ...''
''അതല്ല മാഷെ...ആദ്യം അവിടുത്തെ രീതികളറിയട്ടെ...''
റോഡിലേക്കിറങ്ങുമ്പോള്‍ എന്നെയൊന്നു നോക്കിയിട്ട് ഗേറ്റുവരെ കൂടെവന്ന ലെയയുടെ കൈയിലേക്ക് മാഷ് കുഞ്ഞിനെ കൊടുത്തു... 
''മാഷ്ട സൈക്കിള്‍ വരാന്തേലോട്ട് എടുത്തുവെയ്ക്കട്ടെ...''
''വേണ്ട മോളെ അതാ തണലില്‍ ഇരുന്നോളും...''
പതിമുഖച്ചോട്ടില്‍ കാവലായ സൈക്കിള്‍ ലെയയ്ക്കും കുഞ്ഞിനും കൂട്ടുനിന്നു...
തിരക്കൊഴിഞ്ഞ അടിവാരത്തെ സ്റ്റാന്റില്‍നിന്ന് കിഴക്കോട്ടുള്ള കൊണ്ടോടിക്കു കയറി. ബസില്‍ കയറുന്നതുവരെ മിണ്ടാതിരുന്ന മാഷ്  ഒന്നാമത്തെ ഹെയര്‍പിന്‍ വളയുമ്പോള്‍ തുണിസഞ്ചിയില്‍നിന്ന് വേദപുസ്തകമെടുത്ത് മടിയില്‍വെച്ചു. 
''വിശ്വാസം വേണം; വാര്‍ദ്ധക്യത്തില്‍ സാറാ ഗര്‍ഭിണിയായതും യഹൂദനല്ലാതിരുന്നിട്ടും കുഷ്ഠ രോഗിയായ നാമാന്‍ സുഖപ്പെട്ടതും വിശ്വാസത്താലാണ്.''

പഴയനിയമംകൊണ്ട് മാഷെന്നെ ബലപ്പെടുത്താന്‍ ശ്രമിച്ചു...
''എനിക്കറിയാം മാഷെ...എന്നാലും മുറിപ്പാടില്‍ വിരല്‍ ചേര്‍ത്തു വിശ്വസിച്ചവരുമുണ്ടായിരുന്നു...''
മാഷ് സൈഡ്ഷട്ടര്‍ താഴ്ത്തി പ്രാര്‍ത്ഥിച്ചു തുടങ്ങി. വശങ്ങളിലെ കാഴ്ച നഷ്ടപ്പെട്ട ഞാന്‍ മുന്നിലേക്കു നോക്കിയിരുന്നു. ചുരം കയറുന്ന തണുപ്പില്‍ ചില്ലിലൂടെയുള്ള കാഴ്ച മങ്ങി...

യാമപ്രാര്‍ത്ഥനയിലെ  മസ്മോറകള്‍ കേട്ടപ്പോള്‍ അടിവാരത്തെ പഴയ ആശുപത്രിക്കെട്ടിടമാണ് ഓര്‍മ്മവന്നത്.     കുഞ്ഞിനു വയ്യാണ്ടാകുമ്പോഴൊക്കെ ജീപ്പു വിളിച്ചങ്ങോട്ടാണ് പോവുക... ചിലപ്പോള്‍ ലെയയ്ക്കും കുഞ്ഞിനും ഒരുപോലെ ഡ്രിപ്പിടേണ്ടിവരും. രണ്ടുപേരെയും നോക്കി ഉറങ്ങാതിരിക്കുന്ന രാത്രിയില്‍ തണുപ്പേറ്റ് മാഷിന്റെ സൈക്കിള്‍ ആശുപത്രി മുറ്റത്തുണ്ടാവും.  കിടക്കയില്‍ കൂട്ടിരുന്നുള്ള മാഷിന്റെ മസ്മോറകളും... 
ആശുപത്രിയുടെ ചെങ്കല്‍പ്പടിയില്‍ ഇരിക്കുമ്പോള്‍ ലെയയുടെ അപ്പാപ്പനു വലിവുണ്ടായിരുന്നതും ബോര്‍മ്മ സ്വന്തമായിരുന്ന ഒരു ജൂതനാണ് അതു മാറ്റിക്കൊടുത്തതെന്നുമുള്ള പഴയ കാര്യങ്ങള്‍ മാഷ് ആവര്‍ത്തിക്കും. 
''ജൂതരുടെ ദൈവം കുഞ്ഞിനെ സുഖപ്പെടുത്തട്ടെ...''
കുഞ്ഞിന്റെ ഉറക്കാത്ത തല താങ്ങി കിടക്കയില്‍ കിടത്തുമ്പോഴൊക്കെ ഞങ്ങളെ ആശ്വസിപ്പിക്കുന്ന മാഷിന്റെ തേടല്‍...

നാലാം ക്ലാസ്സുമുതല്‍ എന്നെ കണക്ക് പഠിപ്പിച്ചിരുന്നത് റൊട്ടിമാഷാണ്, പറഞ്ഞുതന്ന വഴികളൊന്നും ഇതുവരെ തെറ്റിയിട്ടില്ല. കോട്ടപ്പുറം സ്‌കൂളിലെ കായികപരിശീലനത്തിന്റെ ചുമതലകൂടി കണക്കു മാഷിനായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും വീട്ടിലെ ബോര്‍മ്മയില്‍നിന്ന് കാര്‍ഡ്ബോര്‍ഡ്പെട്ടി നിറയെ റൊട്ടി കൊണ്ടുവരും. പകുതി കുരിശടിയില്‍ നേര്‍ച്ചയായി കൊടുക്കും, ബാക്കി സ്‌കൂളിലെ കാല്‍പ്പന്തു കളിക്കാര്‍ക്ക്.

അമരാവതിയിലെ മാഷിന്റെ ജൂതബോര്‍മ്മയ്ക്ക് തോമാശ്ലീഹായേക്കാള്‍ പഴക്കമുണ്ടെന്നാണ്  പറയുന്നത്. ഡാക്കാമസ്ലീന്‍ അരക്കൈയന്‍ ഷര്‍ട്ടിലൂടെ സ്‌കൂള്‍ വരാന്തയിലും ക്ലാസ്സ്മുറികളിലും റൊട്ടിമണം നിറയാന്‍ തുടങ്ങിയപ്പോഴാണ് റൊട്ടിമാഷെന്ന വിളിപ്പേര് വീണത്. മൂന്നാംവര്‍ഷത്തെ തുടര്‍ച്ചയായ കിരീടത്തിനു തയ്യാറെടുക്കുമ്പോള്‍ കുട്ടികള്‍ പരിഭവം പറഞ്ഞു.
''മൂന്നുകൊല്ലായിട്ട് ഈ റൊട്ടി മാത്രം...''
സ്‌കൂളിനു പിന്നിലെ വിറകുപുരയുടെ മുന്നില്‍ തനിച്ചുകിട്ടിയപ്പോള്‍ അടിവാരത്തുനിന്നും പണിക്കുവരുന്ന ജൈനമ്മ പോര്‍ക്കുവരട്ടിയതും ഓട്ടടയും കൊണ്ടുവരുന്ന കാര്യം വീണ്ടും പറഞ്ഞു. അവരുടെ കണ്ണിലെ കുടിയേറ്റത്തിളക്കത്തിനു സമ്മതം കൊടുത്തിട്ട് മാഷ് സൈക്കിളുന്തി നടന്നു.
''ഇതേലെന്നാ മാഷേ...ങ്ങള് കേറുക...''

അലുമിനിയംവട്ടിയിലെടുത്ത പോര്‍ക്കുവരട്ടിയതും ഓട്ടടയും തേക്കിലയിട്ടു മൂടി കൊണ്ടുവരുമ്പോഴും ജൈനമ്മയുടെ കണ്ണുകളില്‍ റൊട്ടിമാഷ് സൈക്കിളേ കുന്തിക്കേറുന്ന സ്വപ്നത്തിന്റെ തിളക്കമുണ്ടായിരുന്നു. കാര്‍ഡ്ബോര്‍ഡ് പെട്ടിയിലെ റൊട്ടി മുഴുവന്‍ പന്നിക്കൂട്ടില്‍ ചിതറിക്കിടന്നു. കുരുശടിയില്‍ തിരികത്തിക്കുമ്പോള്‍ മാഷിന്റെയുള്ളിലിരുന്ന ജൂതദൈവം പറഞ്ഞു...
''വിലക്കപ്പെട്ടതാ പിള്ളേരു തിന്നത്... അവളുടെ കണ്ണില്‍ നീയുമൊന്നു പതറി... ഇത്തവണ നിന്റെ സ്‌കൂള്‍ തോല്‍ക്കും.''
നാലു ഗോളിന് തോറ്റ് തലകുമ്പിട്ടിരുന്ന കുട്ടികളുടെ മുന്നില്‍ക്കൂടി എതിര്‍സ്‌കൂളിലെ പിള്ളേരൊരു പാട്ടുപാടി കപ്പുംകൊണ്ടു തുള്ളി...
''റൊട്ടിപ്പൊടികൊണ്ട് കപ്പലുണ്ടാക്കി 
റൊട്ടിയും പിള്ളേരും കപ്പലിക്കേറി...
വല്യ തെരേയില് റൊട്ടി കുതിര്‍ന്നേ...
റൊട്ടീടെ പിള്ളേരു മുങ്ങി മരിച്ചേ...''
തോറ്റുപോയ നിരാശയില്‍ ഹെര്‍ക്കുലീസ് സൈക്കിള്‍ സ്‌കൂള്‍മുറ്റത്ത് മറന്നുവെച്ച് മാഷ് വീട്ടിലേക്ക് മടങ്ങി. രാത്രിപെയ്ത ഇടിമഴയില്‍ ജൂതബോര്‍മ്മ കത്തിപ്പോയി. ഉള്ളിലൊളിപ്പിക്കാറുള്ള അഗ്‌നിയോടൊപ്പം ആകാശമിറങ്ങിവന്ന തീക്കുണ്ഡം ബോര്‍മ്മയെ ചാരമാക്കിയിട്ടും സ്വര്‍ണ്ണക്കുടുക്കുള്ള ഡാക്കാമസ്ലീന്‍ അരക്കയ്യന്‍ ഷര്‍ട്ടിലെ ജൂതഗന്ധം മാഷിനെ വിട്ടുപോകാതെ ചേര്‍ന്നു... 
വിന്റോ സീറ്റില്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്ന മാഷിന്റെ ദേഹത്തേക്ക് ഞാനൊന്നു ചാരി. തണുത്ത ബണ്ണുപോലെ കാലത്തിന്റെ ചുളിവുവീണ മുഖത്തുനിന്ന് ജൂതവഴികളില്‍ മറഞ്ഞുകിടന്ന ഏതോ ഒരു നന്മ എന്റെ ഹൃദയത്തെ തൊട്ടു. കണ്ണുതുറക്കാതെ തന്നെ മാഷെന്നെ ഇടതുകൈകൊണ്ടു  ചേര്‍ത്തുപിടിച്ചു...
''വിശ്വസിച്ചാ മതി...''
''മസ്സിലുകള്‍ക്ക് ബലക്ഷയം വരുന്ന രോഗമല്ലേ... ന്റെ മോള്‍ക്ക്... മാഷിനതറിയാമല്ലോ?...       സ്റ്റെംഇംപ്ലാന്റ് എന്നൊരു ട്രീറ്റ്മെന്റേയുള്ളൂന്ന് പറഞ്ഞിട്ട്, ബാംഗ്ലൂരും നമ്മളവളെ കൊണ്ടുപോയതല്ലേ...''
''ഇത്തിരി മാവാണ് ചൂടേലിങ്ങനെ വീര്‍ത്ത് റൊട്ടിയാകുന്നേന്ന്  ബോര്‍മ്മയ്ക്കുള്ളിലെ തീക്കാഴ്ച കാണാത്തവനെ ബോധിപ്പിക്കുക വല്യ പാടാ... നീയവളെപ്പോലെ ഉറച്ചു വിശ്വസിക്കാന്‍ നോക്ക്...''
കുഞ്ഞിന്റെ കാര്യം പറഞ്ഞുതുടങ്ങുന്നതിനു മുന്നേ ലെയയുടെ കണ്ണു നിറയും. എനിക്കപ്പോള്‍ വെള്ളംമുറ്റി നില്‍ക്കുന്ന ബാല്‍സം തണ്ടുകള്‍ ഓര്‍മ്മവരും. ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അവളുടെ കണ്ണില്‍ മിന്നായംപോലെ പൂക്കള്‍ തെളിയും. രോമക്കെട്ടു നിറഞ്ഞ കൈയില്‍ വിരലോടിച്ചവള്‍ പറയും.
''നമുക്ക് മോളെ ലൂര്‍ദ്ദില്‍ കൊണ്ടുപോകാം ഇച്ചായാ...''
ഒട്ടുമിക്ക നേര്‍ച്ചയിടങ്ങളിലെല്ലാം പോയ്ക്കഴിഞ്ഞു. കൂടെ ചെല്ലുന്ന എന്റെ വിശ്വാസക്കുറവു കൊണ്ടാണ് അത്ഭുതങ്ങള്‍ ഉണ്ടാവാത്തതെന്നാണ് അവളുടെ പരിഭവം. ലൂര്‍ദ്ദിലെ കന്യാമറിയത്തിന്റെ നീരുറവയില്‍ കുളിപ്പിച്ചാല്‍  കൊച്ച് സുഖപ്പെടുമത്രെ... 


എനിക്ക് കുഞ്ഞ് ഭാരമായി തോന്നിയിട്ടില്ല... തോളിലെടുത്ത് നടക്കുമ്പോഴെല്ലാം എന്റെ ഹൃദയം പച്ചപ്പിന്റേയും സ്വപ്നങ്ങളുടേയും പറുദീസയാകും. അവള്‍  അത്യാവശ്യം ആഹാരം കഴിക്കും. കുരുവികളുടെ ചിലപ്പും, വാഴക്കൂമ്പിലെ അണ്ണാന്റെ തിടുക്കവും. അച്ചിങ്ങാപ്പന്തലിലെ വണ്ടിന്റെ മുരള്‍ച്ചയുമൊക്കെ കണ്ടും കേട്ടും അനങ്ങാതെ കിടക്കും. കണ്ണുയര്‍ത്തി അടുത്തിരിക്കുന്നവരുടെ മുഖത്തേക്ക് തല ചരിക്കും. ചിറകുവിരിച്ചു പറക്കാനെന്നപോലെ വാരിപ്പറ്റും ശ്വാസകോശവും അമര്‍ത്തിപ്പിടിച്ച് ഇടയ്ക്കൊന്നു പിടയും. ജീവിതകാലം മുഴുവന്‍ അവളുടെ കിടയ്ക്കയുടെ അരികില്‍ നീയുണ്ടല്ലോ... ഒരു ഉള്‍വിളിയെന്നെ തൊടും...
ഡ്യൂട്ടി കഴിഞ്ഞെത്തിയാല്‍ ഞാന്‍ കുഞ്ഞിന്റെ അടുത്ത് വേദപുസ്തകം വായിച്ചിരിക്കും. ചിറകുള്ള ക്രോവേന്‍മാരും സാപ്പേന്‍മാരും പുസ്തകത്തില്‍നിന്നു പറന്ന് ഞങ്ങളുടെ മുന്തിരിപ്പന്തലിനു മുകളിലേക്ക് ചേക്കേറും. അതുകണ്ട് കുഞ്ഞ് ചിണുങ്ങുമ്പോള്‍ ഡയപ്പര്‍ മാറ്റിക്കൊടുക്കും...
''ഈ രോഗത്തിന് ചികിത്സയില്ല...ഒടേതമ്പുരാനാണ് അവളുടെ ഉടയോന്‍...നോക്കാന്‍ ത്രാണിയുള്ളതുകൊണ്ടല്ലേ നമ്മളെ ഏല്പിച്ചത്...''
ലെയയെ സമാധാനിപ്പിക്കാറുള്ള എന്റെ വാക്കുകളിലും രോഗം മാറില്ല എന്ന അവിശ്വാസത്തിന്റെ വിത്തുണ്ടെന്നാണ് മാഷ് പറയുന്നത്. 
''വിശ്വസിച്ചാല്‍ മാത്രം മതി നിന്റെ കുഞ്ഞ് സുഖപ്പെടുമെങ്കില്‍ നിനക്കങ്ങനെ വിശ്വസിച്ചാലെന്താണ്.''
വിചാരങ്ങളങ്ങനെ കീഴ്പ്പെടുത്തുമ്പോള്‍ എന്റെ കണ്ണിലേക്കൊരു മാളികവീടു ഉയര്‍ന്നുവരും. ബാല്‍സം പൂക്കളില്‍ നിന്നുയരുന്ന പൂമ്പാറ്റകളുടെ നിറക്കൂട്ടിനിടയിലൂടെ നെറ്റിയില്‍ പൂക്കളുടെ കിരീടം വെച്ച മുഖം...ഉയര്‍ത്തിപ്പിടിച്ച ബ്രഷില്‍നിന്ന് ചുവപ്പുചായം കണംകൈയിലേക്ക് ഒഴുകുന്നു. പാതിമയക്കത്തില്‍ ഞാനൊന്നു ഞെട്ടി... ബസ് ആടിയുലഞ്ഞു തിരിയുകയാണ്...
''ഇനിയുമുണ്ട് മൂന്ന് കേറ്റംകൂടി...''
മാഷ് അതു പറഞ്ഞിട്ട് ബൈബിള്‍ തുണിസഞ്ചിയിലേക്കു വെച്ചു... 
''മാഷെ...നമുക്ക് ആദ്യമേ കുഞ്ഞിന്റെ കാര്യം പറയേണ്ട... അവരെന്താണ് പറയുന്നതെന്ന് കേട്ടിട്ടുപോരേ...''
''ആരെയാ ഈ പരീക്ഷിക്കുന്നത്... തക്കസമയത്ത് ദൈവം വേണ്ടത് ചെയ്‌തോളും...''
ബസിറങ്ങുമ്പോള്‍ ചുരം കയറിവരുന്ന വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണ്‍.... ക്ലച്ച് ഡിസ്‌ക്ക് അമര്‍ന്ന ലോഹനാറ്റം...ഒരു കൈയകലത്തില്‍ മാഷ് നടന്നിട്ടും പുഴയുടെ അക്കരെ നില്‍ക്കുന്നപോലെ... റ്റീഷോപ്പിനു മുന്നിലെ ടെലിഫോണ്‍ ബൂത്തില്‍ കയറി ലെയയെ വിളിച്ചു. തിരിച്ചിറങ്ങുമ്പോള്‍ മിഠായിക്കുപ്പിക്കു മീതെ വെച്ചിരുന്ന ചായയെടുത്ത് മാഷെനിക്ക് നീട്ടി...
''ബസിന് പോയാലും, പിന്നേം എട്ടുകിലോമീറ്റര്‍ ജീപ്പിന് പോണം...ഇവ്ടുന്നേ ജീപ്പു പിടിക്കുന്നതാ നല്ലത്...''
കടക്കാരന്‍ മാഷിനോടു പറയുന്നത് കേട്ട് ഞാന്‍ ജീപ്പിന് കൈകാണിച്ചു.
കുറച്ച് ദൂരം പിന്നിട്ടു വണ്ടി കുത്തനെയുള്ള വെട്ടുവഴിയിലേക്ക് തിരിഞ്ഞു. താഴേക്കു വീണതു പോലെ ആകാശം ചരിഞ്ഞുകിടന്നു. ഉരുളന്‍ കല്ലുകളില്‍ കയറിയിറങ്ങുമ്പോഴുള്ള ഇടുപ്പെല്ലിന്റെ വേദനയില്‍ ഞാന്‍ മാഷിനെ നോക്കി. വയസ്സാം കാലത്ത് ഈ മനുഷ്യന്‍ എന്റെ കുഞ്ഞിനു വേണ്ടി... 
''ഞാന്‍ പഴയ ഫൈവ് തൗസന്റ് സ്റ്റീപ്പിള്‍ ചെയ്സാടോ... ചെറുപ്പത്തിലേ ഓടാനും ചാടാനും ആണ്‍കുട്ടികളെ വിടണം...എന്നാലെ ഉശിരുള്ള പൗരന്മാരെ രാജ്യത്തിന് കിട്ടൂ...''
ചുരമിറങ്ങിവരുന്ന ജൂതപ്പടയുടെ സേനാനായകനെപ്പോലെ വശങ്ങളിലെ സ്റ്റീല്‍ബാറില്‍ പിടിച്ച് മാഷ് നിവര്‍ന്നു.
ദൂരെ പച്ചപ്പു മാത്രമായിരുന്ന കുന്ന് അടുത്തേക്ക് ചെല്ലുംതോറും  ചെറുവീടുകളും മരങ്ങളും കുറ്റിച്ചെടികളുമൊക്കെയുള്ള കാഴ്ചയായി...
''ഇതിനടുത്തായിരുന്നു സെവന്‍ത് ഡെ ആഡ്വെന്റിസ്റ്റുകാരുടെ സ്‌കൂള്‍...''
''അഞ്ചാറു കൊല്ലം മുന്നേയുള്ള ഉരുളുപൊട്ടലിന് അതുപോയി സാറേ...''
മറ്റുള്ളവരോടൊപ്പം ക്രിസ്തുമസ്സ് ആഘോഷിക്കാത്ത ആഡ്വെന്റിസ്റ്റുകാരെക്കുറിച്ച് മാഷ് പറയാറുള്ളത് ഞാനോര്‍ത്തു. ഡച്ചുസിമിത്തേരിയിലെ കല്ലറകള്‍പോലെ പള്ളിക്കൂടത്തിന്റെ തകര്‍ന്ന മതിലുകള്‍... കയറ്റം കയറി ഒരു വളവുകൂടി തിരിയുമ്പോള്‍ പൊളിഞ്ഞ കുരിശടിയും കല്‍വിളക്കും... ഞങ്ങളിറങ്ങി.
അല്പംകൂടി മുന്നോട്ട് നടന്നിട്ട് വലത്തേക്കുള്ള നടവഴിയിറങ്ങുമ്പോള്‍ ക്രിസ്തുമസ്സിനെ ഓര്‍മ്മപ്പെടുത്തുന്ന കാറ്റാടിമരങ്ങളുടെ തവിട്ടുകായകള്‍ വഴിയിലുടനീളം നിറഞ്ഞുകിടന്നു... തണുത്ത കാറ്റ് സൂചിമുനയുള്ള ആയുധം പുറത്തെടുത്തു. തൊപ്പി വലിച്ചു ചെവി മൂടി. മരങ്ങളെ പൊതിഞ്ഞുപിടിച്ച കോടയുടെ തിരുശേഷിപ്പുകള്‍ അലിയുമ്പോള്‍ പൊക്കത്തിലും താഴ്ച്ചയിലുമായി ആറേഴ് വീടുകള്‍. കാട്ടുമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വലംവെച്ചൊരു കിടങ്ങ് വെട്ടിയിരുന്നു. മീതെയുള്ള മരപ്പാലത്തിന്റെ കരുകരുപ്പില്‍ ഞങ്ങള്‍ അകത്തേക്ക് കടന്നു.
ആദ്യത്തെ വീടിന്റെ വാതിലില്‍ മാഷ് മുട്ടി. കയറുവാന്‍ ആംഗ്യം കാട്ടിയിട്ട് നമസ്‌ക്കാരവേഷത്തില്‍ വന്ന വൃദ്ധന്‍ തിരിച്ചുപോയി. മടിച്ചുനിന്ന എന്റെ കൈപിടിച്ചു മാഷ്  വീടിനുള്ളിലേക്ക് കയറി.  ഭിത്തിയിലെ റെഡ്വുഡ് പാനലുകള്‍ക്ക് തിളക്കമേകിയ തൂക്കുവിളക്കുകളുടെ ആട്ടവും നിലത്തു വിരിച്ച പരവതാനിയിലെ ആട്ടിന്‍കൂട്ടത്തിന്റെ ചിത്രവും അലഞ്ഞുതിരിയുന്നവരുടെ പുസ്തകച്ചുഴിയിലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി. മുറിക്കുള്ളില്‍ സിനഗോഗിലെ സുഗന്ധക്കൂട്ടിന്റെ ഗന്ധം നിറഞ്ഞു...
''മരത്തൊട്ടിയില്‍ ചൂടുവെള്ളമുണ്ട് രണ്ടുപേരും കാലു കഴുകി വന്നോളു...''
വാതില്‍ മറഞ്ഞു നിന്ന സ്ത്രീ അതു പറഞ്ഞിട്ട് അകത്തേക്ക് പോയി...കാറ്റുപോലെ നീങ്ങുന്ന അവരുടെ നീളമുള്ള ലിനന്‍ കുപ്പായത്തിനു താഴെ പാദങ്ങളുണ്ടോയെന്ന് ഞാന്‍ സംശയിച്ചു...
കാല്‍ കഴുകി കയറുമ്പോഴേക്കും ഒലിവെണ്ണ ഒഴിച്ച വിളക്കില്‍ തിരി തെളിഞ്ഞിരുന്നു.

ഞാനപ്പോഴാണ് പൂച്ചക്കണ്ണുകള്‍ ശ്രദ്ധിച്ചത്...നീളന്‍ മൂക്കിന് മിഴിവു കൂട്ടുന്ന കണ്ണുകളില്‍ ഗാസാക്കുന്നുകളിലെ രാത്രിവെളിച്ചങ്ങളുടെ തെളിച്ചമെനിക്ക് കാണാം... ചുവപ്പുരാശി കലര്‍ന്ന കവിള്‍ത്തടങ്ങളില്‍  വംശശുദ്ധിയുടെ കുലീനത...

അവരുടെ പ്രവൃത്തികളിലെല്ലാം ഒരു തിടുക്കമുണ്ടായിരുന്നു. ലിനന്‍ ഉടുപ്പിനുമീതെ ധൂമ്രനിറത്തിലെ നെടുനീളന്‍ അങ്കിയണിഞ്ഞ് ഭിത്തിയിലെ ഉള്ളറയില്‍ നിന്നവര്‍ താല്‍വാറില്‍ പൊതിഞ്ഞ ഗ്രന്ഥമെടുത്തു. 
''രണ്ടുപേരില്‍ ഒരാളെന്നെ പരീക്ഷിക്കാനാണ് വന്നത്...''
മദ്ബഹയില്‍നിന്ന് വരുന്ന വചന ഇരമ്പംപോലെ വാക്കുകള്‍...
''ഒരു കുഞ്ഞിന്റെ സൗഖ്യം തേടി എത്തിയതല്ലേ? അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് എന്തും സാധ്യമാണ്...''
''ആ ദൈവത്തിന്റെ പുത്രനായ യേശുവിനെയാണ് നിങ്ങള്‍ കുരിശിലേറ്റിയത്...''
ഇടപെടലിലെ നീരസത്തില്‍ തവിട്ടു കണ്ണിലെ നക്ഷത്രത്തിളക്കത്തിന് കടുപ്പമേറി...
തോറയില്‍ കൈകള്‍ ചേര്‍ത്തുവെച്ച് അവര്‍ കണ്ണുകളടച്ചു. മേലങ്കിയുടെ വിടവിലൂടെ നേര്‍ത്ത ലിനന്‍കച്ച... അരികിലിരുന്ന മാഷിനെ ഞാനൊരു നിമിഷം മറന്നു...

''***ഞങ്ങളാണ് അവനെ കുരിശിലേറ്റിയെന്നത് തെറ്റാണ്... സെന്‍ഹെദ്രിയിലെ വിചാരണ കഴിഞ്ഞ് നാല്‍പ്പതു ദിവസമാണ് തടങ്കലില്‍ പാര്‍പ്പിച്ചത്. ആ ദിവസങ്ങളില്‍ ആരെങ്കിലുമൊക്കെ അവനു അനുകൂലമായി വന്നാല്‍ വിട്ടയയ്ക്കാന്‍.. വിചാരണയുടെ പിറ്റേന്നുമുതല്‍ ഞങ്ങളത് വിളംബരം ചെയ്യുകയും ചെയ്തിരുന്നു...''
''നിങ്ങള്‍ പറയുന്ന ഹീബ്രുചരിത്രം ഞാനും വായിച്ചിട്ടുള്ളതാണ്...''
തുടയില്‍ നുള്ളി, മാഷെന്നെ തടഞ്ഞു. കുറച്ചുനേരം കണ്ണടച്ചിരുന്നിട്ട് അവര്‍ തുടര്‍ന്നു...

''ജൂതചരിത്രം വായിച്ചതുകൊണ്ട് പറഞ്ഞുമനസ്സിലാക്കാന്‍ എളുപ്പമാണ്, യഹൂദമതത്തില്‍ എവിടെയാണ് ദൈവദൂഷണത്തിന് കുരിശുമരണം? ഞങ്ങളതിന് കൊടുത്തിരുന്ന ശിക്ഷ കല്ലെറിയലാണ്.''
ശിരോവസ്ത്രത്തില്‍നിന്നു തൂങ്ങിയ വചനച്ചുരുളുകള്‍ കൈകൊണ്ടു വകഞ്ഞ് അവര്‍ തുടര്‍ന്നു... 

''അവനെ ക്രൂശിക്കുക'' എന്നല്ല ''അവനെ കല്ലെറിയുക'' എന്നാണ് ഞങ്ങളായിരുന്നെങ്കില്‍ വിളിച്ചു പറയുക. ദൈവദൂഷണമൊഴികെ സീസറിനെതിരെയുള്ള പോരാട്ടങ്ങളില്‍ അവന്‍ ഞങ്ങളുടെ കലര്‍പ്പില്ലാത്ത രക്തമായിരുന്നു. അവനെന്തിനെയെല്ലാം എതിര്‍ത്തുവോ അതെല്ലാം റോമാസാമ്രാജ്യത്തിന്റെ രാജകീയ ഉടയാടകള്‍പോലെ നിങ്ങളുടെ ആചാരങ്ങളുടെ ഭാഗമായി...''

തോറയിലെ പ്രവചനഭാഗമെടുത്ത് വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് അവര്‍ പറഞ്ഞുതുടങ്ങി... പലായനത്തിന്റെ കണ്ണീരും തുടച്ചുനീക്കപ്പെടലിന്റെ വക്കോളമെത്തിയ ചരിത്രത്തിലെ കറുത്ത കാലങ്ങളും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞാന്‍ പാലസ്തീനിലെ നിരപരാധികളായ കുഞ്ഞുങ്ങള്‍  കൊല്ലപ്പെടുന്നതിനെക്കുറിച്ച് ചോദിച്ചു. 
കളയാണെന്നു ബോധ്യമായാല്‍ കിളുന്നിലെ പറിക്കണമെന്ന് അവര്‍  ഉപമ പറഞ്ഞു. ഞാന്‍ മറുതലിച്ചു വീണ്ടും ചോദിച്ചു തുടങ്ങിയപ്പോള്‍ അവരെന്നോട് അടുത്തമുറിയില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു...
മുറിയിലേക്ക് കയറിയതും പുറത്തുനിന്നാരോ വാതില്‍ പൂട്ടി... തനിച്ചായ ഞാന്‍ താക്കോല്‍ പഴുതിലൂടെ വംശശുദ്ധിയുടെ യൂദഗര്‍വ്വ് കണ്ടു. 
കുറച്ചു കഴിഞ്ഞ് മുറി തുറന്നു അകത്തേക്കു കയറിയ മാഷ് തിടുക്കത്തില്‍ വാതിലടച്ചു കുറ്റിയിട്ടു... 
''ലോകസമാധാനത്തിനല്ല, കുഞ്ഞിന്റെ സൗഖ്യം തേടിയാ നമ്മളെത്തിയത്...''
മുറിക്കുള്ളില്‍ ഗാസക്കുന്നുകള്‍ക്ക് താഴെ വെടിയൊച്ചയ്ക്കു മുന്‍പുള്ള പേടിപ്പെടുത്തുന്ന ശാന്തത... കവണക്കല്ല് തെറ്റിക്കുന്ന കുട്ടിയെപ്പോലെ ഞാനെന്റെ നിലപാടുകളില്‍ പോരാടി നിന്നു. മടുത്തിട്ടെന്നപോലെ അടുത്തേക്ക് വന്ന് മാഷ് ഒച്ച താഴ്ത്തി...
''കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് വിളിച്ചു ചോദിക്കാനാണ് അവര്‍ പറയുന്നത്...?''

വാതില്‍ തുറന്നുതന്ന വൃദ്ധന്‍ അലങ്കാരപ്പണികള്‍ നിറഞ്ഞ പുരാതന ഫോണില്‍  പറഞ്ഞുകൊടുത്ത നമ്പര്‍ ഡയല്‍ ചെയ്തു തന്നു. അങ്ങേത്തലയ്ക്കല്‍ ഫോണെടുക്കാന്‍ താമസിക്കുന്തോറും എന്റെ നെഞ്ച് ആന്തി...
എനിക്കിപ്പോള്‍ ആകാശത്തുനിന്ന് താണിറങ്ങുന്നതുപോലെ കുന്നിന്‍ചരിവിലെ ഞങ്ങളുടെ വീടു കാണാം. 
മുറ്റത്തെ ഈന്തപ്പനയും ജാതിപത്രിയും മുസമ്പിയും കദളിവാഴ നിറഞ്ഞ തൊടിയും ഇടതുവശം ചേര്‍ന്നൊഴുകുന്ന കൈത്തോട്ടിലെ തെളിവെള്ളവും, അടിത്തട്ടില്‍ ഊളിയിടുന്ന കുറുവാപ്പരലുകളും ചാഞ്ഞ ഇല്ലിമുളയും ഇളംപുല്ല് നിറഞ്ഞ മുറ്റത്തിന് നടുവിലൂടെ വെള്ളാരംകല്ല് പാകിയ വഴിത്താരയും കിണറ്റുകരയില്‍ കൊക്കുരുമ്മുന്ന  വാത്തകളും തല ഉയര്‍ത്തി ആകാശത്തെ സ്തുതിക്കുന്ന ഗിനിക്കോഴികളും തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട ആത്തമരവും അതിന്റെ പാകമായ കായകള്‍ക്കു മീതെയുള്ള കൊമ്പില്‍നിന്നു പടംപൊഴിച്ചിറങ്ങുന്ന പാമ്പിനെയും ഞാന്‍ കണ്ടു... 
കാഴ്ചകളുടെ അറ്റത്ത് ഉമ്മറത്തോടു ചേര്‍ത്തു പടര്‍ത്തിയ മുന്തിരിപ്പന്തലിനെ വകഞ്ഞു, പുസ്തക ഷെല്‍ഫിനരികിലൂടെ നീങ്ങി, മരസ്റ്റാന്റിലെ മഞ്ഞനിറമുള്ള ഫോണില്‍ എന്റെ അകം പിടഞ്ഞു... 
''കോള് പോകുന്നുണ്ടോ?''
''റിംഗുണ്ട് മാഷേ...''
അങ്ങേ തലയ്ക്കല്‍ കുളി കഴിഞ്ഞെത്തിയ ലയയുടെ സ്വരമിടറി...
''കുഞ്ഞിനു വിശേഷിച്ചൊന്നുമില്ല ഇച്ചായാ...അവരെന്താ പറഞ്ഞേ...''
''അറിയില്ല ഞാന്‍ മാഷിനോടു ചോദിക്കട്ടെ...''
മാഷ് എഴുന്നേറ്റ് സിനഗോഗിനെ ഓര്‍മ്മപ്പെടുത്തുന്ന ജാലകവിരിക്ക് പുറം തിരിഞ്ഞു...

''കുഞ്ഞിന്റെ സൗഖ്യം തുടങ്ങീന്നാ അവര്‍ പറയുന്നത്. അത് പൂര്‍ണ്ണമാകണേ നീയും ചില കാര്യങ്ങള്‍ ചെയ്യണം.''
മുണ്ടിന്റെ മടക്കില്‍ ചേടിവെച്ചിരുന്ന മൂക്കിപ്പൊടി ഡപ്പിയെടുത്ത് ചില കനമുള്ള കണക്കുകളുടെ കുരുക്കുകള്‍ ബ്ലാക്ക്ബോര്‍ഡില്‍ അഴിക്കുമ്പോള്‍ ചെയ്യാറുള്ളതുപോലെ മാഷ് ഒരു നുള്ള് അകത്തേക്ക് വലിച്ചു...
''ഒരുവന്‍ ജന്മംകൊണ്ട് മാത്രമേ യഹൂദനാവത്തുള്ളു. കാത്തിരിക്കുന്ന രക്ഷകന്‍ സ്ത്രീപുരുഷ സംയോഗമില്ലാതെ പിറക്കണം. അവരുടെ നാട്ടില്‍നിന്ന് കളങ്കപ്പെടാത്ത അണ്ഡവും ബീജവും ചേര്‍ന്ന വിശുദ്ധ ഭ്രൂണം ഇങ്ങോട്ട് രഹസ്യമായി കൊണ്ടുവരുന്നുണ്ട്, അതിനു വളരാനായി ഒരിടം വേണം.'' ''ഇതിനിപ്പോ എന്തിനാണെന്റെ ലെയയുടെ ഉദരം...''
''എനിക്കറിയത്തില്ല, ചിലതൊക്കെ വേര്‍തിരിക്കാനാവാത്തവിധം ഇഴചേര്‍ന്നാ കിടക്കുന്നത്... ദൈവമൊരുക്കിയ പറുദീസ ഭൂമീലായിരുന്നു, എല്ലാത്തരം കായ്കനികളും ജീവജാലങ്ങളുമുള്ള ഒരിടം. അവിടേന്നാണ് ആദ്യമനുഷ്യനായ ആദം പുറത്താക്കപ്പെടുന്നത്. തിരിച്ചവര്‍ കയറാതിരിക്കാന്‍ കെരൂബുകളെ കാവല്‍ നിര്‍ത്തിയെന്നു പറയുമ്പോള്‍ പറുദീസ ഭൂമിയില്‍ തന്നെയാണെന്ന അവരുടെ വാദം ശരിയാണ്. മനുഷ്യന്‍ ആട്ടിയിറക്കപ്പെട്ട ആ തോട്ടത്തിന്റെ നടുക്ക് നില്‍ക്കുന്ന വൃക്ഷത്തിന്റെ സ്ഥാനത്ത് ഇപ്പോഴുള്ളത് നിന്റെ വീടാ...''
മാഷിന്റെ വാക്കുകളിലെ ഭയം കുളയട്ടയെപ്പോലെ എന്റെ കാല്‍വെള്ള മുതല്‍ കടിച്ചുതൂങ്ങാന്‍ തുടങ്ങി... 

പൗരസ്ത്യദേശത്താണ് പറുദീസ എന്നുവിളിച്ചിരുന്ന ഏദന്‍ എന്നതിന് എനിക്കും തര്‍ക്കമില്ലായിരുന്നു. ബൈബിളില്‍ ലാബാന് പെണ്ണുതേടുന്നതും കിഴക്കേ ദിക്കില്‍നിന്നു തന്നെയാണ്. തീരത്തോട് ചേര്‍ന്നുള്ള കപ്പലോട്ടത്തില്‍ അവര്‍ എത്തിച്ചേരാനിടയുള്ള ഒരിടം സഹ്യന്റെ മടിത്തട്ടാണ്, ഇവിടെയില്ലാത്ത കായ്കനികളും ജീവജാലങ്ങളും മറ്റെവിടെയാണ് ഉള്ളത്. എദന്റെ ഭൂപടം മാഷിന്റെ ജൂതഗ്രന്ഥങ്ങളില്‍ കണ്ടതെനിക്ക് ഓര്‍മ്മവന്നു...
എങ്ങനെയെങ്കിലും അവിടം വിട്ടുപോകാന്‍ ഒരു ഉള്‍വിളി...പുറത്തു കോടക്കാറ്റു വീശുന്ന മുഴക്കം... ചില വാക്കുകളെന്റെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി...
''ഇതാണ് പറുദീസ! ഇവിടെവെച്ചാണ് പച്ചമണ്ണും പെണ്ണുമായി നീ...''
സമനില വീണ്ടെടുത്ത് ഞാന്‍ മാഷിനോടു ചോദിച്ചു.
''ഇതെല്ലാം സമ്മതിച്ചാലും, ഒരു രക്ഷകനെ ഉദരത്തില്‍ വഹിക്കാന്‍ എന്റെ ഭാര്യ കന്യകയല്ലല്ലോ...'' 
''ഞാനതും ചോദിച്ചു. കന്യക ഗര്‍ഭം ധരിച്ചു എന്നല്ല, ഒരു യുവതി ഗര്‍ഭം ധരിച്ച് പുത്രനെ പ്രസവിക്കുമെന്നാണ് പ്രവചനപുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്നത്; രക്ഷകന്‍ പിറക്കേണ്ടയിടം നിന്റെ വീടും തൊടിയുമാണ്. അവരുടെ നക്ഷത്രസ്ഥാനവും ഉപഗ്രഹച്ചിത്രങ്ങളും അടയാളപ്പെടുത്തുന്നത് ആത്തമരം കായ്ക്കുന്ന നിന്റെ കുന്നിന്‍ ചരിവും...''
''ഇത് ശരിയാവില്ല മാഷെ...നമുക്ക് പോകാം.''

തോമാശ്ലീഹാ കൊടുങ്ങല്ലൂരെത്തുന്നതിനു മുന്നേ യഹൂദരുടെ സാന്നിധ്യം കേരളത്തിലുണ്ടായിരുന്നുവെന്ന് എവിടെയോ വായിച്ചിരുന്നു... പഴയ നിയമത്തില്‍ പാദാന്‍ ആരാമിലേക്കുള്ള യാക്കോബിന്റെ യാത്രയെക്കുറിച്ച് പറയുന്നിടത്ത്, അവരെത്തിച്ചേര്‍ന്നത് കിഴക്കുള്ളവരുടെ ദേശത്താണെന്നും യാത്രകളൊക്കെ ആഴക്കടലിന് കുറുകെ എന്നതിനേക്കാള്‍ സാധ്യത തീരം ചേര്‍ന്നാണെന്നുമുള്ള വായനയുടെ ആഴങ്ങളും...
ചുരമിറങ്ങുമ്പോള്‍ എനിക്ക് കാത് തുറന്നു കിട്ടി. 
''തീരക്കടല്‍ ചുറ്റിയാണ് അവര്‍ വന്നതെങ്കില്‍ മുചിരിസ് എന്നു വിളിക്കപ്പെട്ടിരുന്ന കേരളം തന്നെയാവുമോ ലാബാന്റെ നാട്?''
മാഷെന്നോടു വീണ്ടും എന്തൊക്കെയോ ചോദിച്ചെങ്കിലും വരണ്ട ശതാവരികളും കരിഞ്ഞ പുല്‍മേടും നിറയുന്ന  വഴിയിലൂടെ മുന്നോട്ടു നടന്നുകൊണ്ടിരുന്ന ഞാനതൊന്നും കേട്ടില്ല. അലഞ്ഞുതിരിയുന്നവന്റെ മനസ്സില്‍ കുടിയേറിയ ലുവിനാമ്മയുടെ പ്രവചനപുസ്തകങ്ങള്‍ക്കും... കാലങ്ങള്‍ക്കുമീതെ ലിപികളിലൊട്ടിയ വര്‍ണ്ണക്കൂട്ടുകള്‍ക്കുമിടയിലൂടെ ഏതോ സാറ്റലൈറ്റിന്റെ കണ്ണുകള്‍ കുന്നിന്‍ചരുവിലെ വീടിനുമീതെ ലെയയുടെ ഗര്‍ഭപാത്രത്തിനുള്ളിലെ ജീവജലം തേടുന്ന കാഴ്ച...
വീട്ടിലെത്തിയ ഉടനെ ലെയയുടെ കൈയില്‍നിന്ന് ഞാന്‍ കുഞ്ഞിനെ വാങ്ങി.
''ലോണെടുത്തിട്ടാണെങ്കിലും അടുത്തമാസം ലൂര്‍ദ്ദില്‍ പോകാം...''
കുഞ്ഞിനെ തോളിലെടുത്ത് ആത്തമരച്ചോട്ടിലേക്ക് ഞാന്‍ നടക്കുമ്പോള്‍ മാഷ് പോകാനിറങ്ങി... അകത്ത് ലെയയുടെ പ്രാര്‍ത്ഥന കേള്‍ക്കാം...
''നിനക്ക് വിഷമമായോ?''
''ഒരു ഭയം; എന്റെ കുഞ്ഞിനെയവര്‍ വേട്ടയാടുമോ?''
പേടി മാഷിന്റെ മുഖത്തും...
''കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ട് മാഷെ, ക്രിസ്തു ജനിക്കാതിരിക്കാന്‍ രണ്ടായിരം ആണ്‍കുട്ടികളെയാണ് അവര്‍ കൊന്നത്, പാലസ്തീനില്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ കൊല്ലപ്പെടുന്നതും കുട്ടികളാണ്.''    
''നിന്നെ കൊണ്ടുപോയി ചതിച്ചെന്നു തോന്നുന്നുണ്ടോ?''
''ഏയ്...അങ്ങനെയൊന്നുമില്ല മാഷേ... ഞാനീ യാത്രയെ മറക്കുകയാണ്...''
മഞ്ഞ പുറംചട്ടയുള്ള പുസ്തകവുമായി മാഷിന്റെ സൈക്കിള്‍ മറഞ്ഞ വഴിയിലൂടെ ചുരമിറങ്ങിയ കോടമഞ്ഞ് തൊടിയെ അപ്പാടെ പൊതിഞ്ഞു. വീടിന്റെ ലോലമായ കണ്ണുകളെ മറച്ച് മേഘക്കീറിനു മുകളിലൂടെ ഒരു സാറ്റലൈറ്റിന്റെ മിന്നായം. കൃഷിയിടങ്ങളെ ഒപ്പിയെടുത്ത് ഭൂമിയെ കീഴ്പ്പെടുത്തുന്ന അതിന്റെ ചാരക്കണ്ണുകളില്‍ വീഴാതെ കുഞ്ഞിനെയുമായി ഞാന്‍ തോട്ടത്തിലേക്ക് കയറി. അന്തിക്ക് ഉലാത്തുന്ന ദൈവത്തെപ്പോലെ നടക്കുമ്പോള്‍ അവളുടെ കീഴ്ത്താടിയിലൂടെ ഒലിച്ചിറങ്ങിയ ഈളയുടെ തണുപ്പെന്റെ ഹൃദയത്തെ തൊട്ടു. ആത്തയുടേയും സപ്പോട്ടയുടേയും ചില്ലകള്‍ ഉലയുന്നതിനിടയിലൂടെ അത് കണ്ടുകൊണ്ടിരുന്ന ആകാശം തലതാഴ്ത്തി താഴേക്കിറങ്ങി... ഒരുമ്മ കൊടുക്കാന്‍ പാകത്തില്‍ ഞാന്‍ കുഞ്ഞിന്റെ കവിള്‍ ചായ്ച്ചു കൊടുത്തു...

*** Giuseppee Ricciottti: The Life of Christ, The Bruce Publishing Company, Milwaukee 1952.
   

ചിത്രീകരണം - കന്നി എം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com