കലണ്ടര്‍: ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ

പാറയുടെ ഒത്ത നിറുകയിലാണ് അവരുടെ ചായക്കട. കരുണനാണ് അടുക്കളയില്‍ ചായയും ഭക്ഷണവുമുണ്ടാക്കുന്നത്.
കലണ്ടര്‍: ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ


ണ്ടു കൈകളിലുമായി പിടിച്ചിരിക്കുന്ന സഞ്ചികളിലെ സാധനങ്ങള്‍ക്കു ചവിട്ടിക്കയറുന്ന വലിയ പാറയേക്കാള്‍ ഭാരമുണ്ടെന്ന് സുധിക്കു തോന്നി. അതുകൊണ്ട് പാറയുടെ നിറുകയിലെത്തി അവന്‍ ഒന്നു നിന്നു. ചുറ്റും മരങ്ങളൊന്നുമില്ലാത്തതിനാല്‍ ആകാശത്തെ തൊടുമെന്നായിട്ടുണ്ട്. പിന്‍തിരിഞ്ഞു നോക്കിയപ്പോഴും അതുതന്നെയാണ് സ്ഥിതി. താഴത്തെ കടകളില്‍നിന്നും മുകളിലത്തെ ചായക്കടയിലേക്കു വേണ്ട സാധനങ്ങള്‍ ചുമന്നുകൊണ്ടുവരുന്നതാണ് ലോകത്തിലേക്കും വച്ചേറ്റവും കഠിനമായ പണി. അതില്‍നിന്നാണ് കരുണന്‍ മിക്കപ്പോഴും തെന്നി മാറി നടക്കുന്നത്. മൂത്തവനാണെന്നത് തെന്നിമാറലിന് ഒരു കാരണമാവില്ലാത്തതുകൊണ്ട് സങ്കല്പത്തില്‍ അയാളൊരു കൈവേദന ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് കൈ കുടഞ്ഞുകൊണ്ട് തന്റെ രോഗത്തിന്റെ കാര്യം അച്ഛനെ അയാള്‍ ഓര്‍മ്മപ്പെടുത്താറുമുണ്ട്.

പാറയുടെ ഒത്ത നിറുകയിലാണ് അവരുടെ ചായക്കട. കരുണനാണ് അടുക്കളയില്‍ ചായയും ഭക്ഷണവുമുണ്ടാക്കുന്നത്. അച്ഛനാണ് കൗണ്ടറില്‍. സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരുന്നതിനു പുറമെ സപ്ലൈയുടേയും പാത്രം കഴുകലിന്റേയും പണികൂടി സുധിക്കാണ്.

സാധനങ്ങള്‍ അവന്‍ അടുക്കളയുടെ വശത്തെ സ്റ്റോറില്‍ കൊണ്ടുവച്ചു. അച്ഛനും രണ്ടു മക്കളും ചേര്‍ന്നു നടത്തുന്ന ഈ ചായക്കട നാട്ടുകാര്‍ക്കു വന്നിരിക്കാന്‍ ഏറ്റവും ഇഷ്ടമുള്ളൊരിടമാണ്. രാഘവേട്ടാ ഇന്നെന്താണ് ലോകവാര്‍ത്തയെന്നു നോക്കട്ടെ എന്നു പറഞ്ഞൊരാള്‍ വന്നു തന്റെ മുന്നിലെ പത്രം വാങ്ങുന്നതുവരെ അച്ഛന്‍  രാവിലെ  പത്രത്തില്‍ത്തന്നെ  നോക്കിയിരിക്കും. 
വരുന്നയാള്‍ക്ക് ലോകവാര്‍ത്തകളിലേക്കു കടക്കാന്‍ തക്കവണ്ണം പ്രാദേശിക വാര്‍ത്തകള്‍ അറിയുമെന്നു ബോദ്ധ്യമുള്ളതുകൊണ്ട് അച്ഛന്‍ അയാളോട് താഴെ കവലയിലെ വിശേഷങ്ങളൊക്കെ തിരക്കുന്നു. ഇന്നലെ ഷോക്വയറുകള്‍ കടന്നു രണ്ട് കാട്ടാനകള്‍ വന്നു വാഴക്കൃഷി നശിപ്പിച്ചെന്നോ കഴുകന്‍ചാലില്‍നിന്ന് ഒരു രക്തഅണലിയെ കിട്ടിയത് വനം വകുപ്പിനെ ഏല്പിച്ചെന്നോ പാറ പൊട്ടിക്കുന്നിടത്ത് പ്രകൃതിസംരക്ഷണക്കാര്‍ വന്നു തടസ്സമുണ്ടാക്കിയെന്നോ അയാള്‍ പറയും. വന്നയാളുടെ ഓര്‍ഡറെടുത്ത് അച്ഛന്‍ സുധിയോടു പറയുകയും അവനത് ഒന്നുകൂടി ഉച്ചത്തില്‍ കരുണനിലേക്കെത്തിക്കുകയും  ചെയ്യുന്നു.
സാധനങ്ങള്‍ മുകളിലെത്തിക്കാന്‍ ഒരു സൈക്കിള്‍ ഉണ്ടായിരുന്നെങ്കിലെന്ന് സുധി വിചാരിക്കാറുണ്ട്. കാര്യമില്ല. ഉരുളന്‍ പാറയിലൂടെ അതു ചവിട്ടിക്കയറ്റാന്‍ സര്‍ക്കസ്സിലെ അഭ്യാസിക്കുപോലും പറ്റില്ല. കവലയില്‍നിന്നും നിരപ്പുള്ള വടക്കേ വഴിയിലൂടെ പാറയിലെത്താമെങ്കിലും അതിനു നാലു കിലോമീറ്റര്‍ ചുറ്റണം. പെട്രോളിലോടുന്ന വണ്ടിയൊന്നുമില്ലെങ്കില്‍ പെട്ടതു തന്നെ.
ചായക്കടക്കു ചുറ്റും പാറയ്ക്കു മുകളില്‍ കുറച്ചു മണ്ണു കോരിയിട്ട് ഒരു മുറ്റം ഉണ്ടാക്കിയിട്ടുണ്ട്. മഴ പെയ്താല്‍ വെള്ളം മുറ്റത്തു തന്നെയുണ്ടാവും. വെയിലേറ്റു വറ്റുമ്പോഴല്ലാതെ അത് ഒഴിഞ്ഞുപോകില്ല. ഒഴിഞ്ഞുപോകാന്‍ ഇത്തിരി മണ്ണിനു താഴെയുള്ള പാറയൊട്ടു സമ്മതിക്കുകയുമില്ല. ഉപ്പളംപോലെ, മീന്‍കുളംപോലെ, ആകാശത്തിന്റെ നിറത്തിനനുസരിച്ച് ഇരുണ്ടോ നീലച്ചോ അതങ്ങനെ കിടക്കും.

ചായക്കടയില്‍നിന്നും വടക്കേ വഴിയിലൂടെയാണ് വീട്ടിലേക്ക് പോകുന്നത്. ആ വഴി നിരപ്പുള്ളതായത് ഭാഗ്യമായി. വീടിനടുത്തുള്ള തൊണ്ടുവരെ കഷ്ടപ്പെടാതെ എത്താം. വീടിന്റെ ചുറ്റിനുമുള്ള ചെറിയ പറമ്പില്‍ നിറയെ കശുമാവുകളാണ്. അതു പൂക്കുന്ന കാലം കുട്ടിക്കാലത്ത് കരുണനും സുധിക്കും പണമുണ്ടാക്കാനുള്ള സമയമായിരുന്നു. അന്നത്തെ പണമുണ്ടാക്കല്‍ എന്നാല്‍, പത്തോ ഇരുപതോ രൂപ സമ്പാദിക്കാമെന്നേ അര്‍ത്ഥമുള്ളു. ചുവന്ന കശുമാങ്ങ തന്റേതാണെന്ന് കരുണന്‍ ആദ്യം തന്നെ പ്രഖ്യാപിക്കും. സുധിക്ക് മഞ്ഞ കശുമാങ്ങയാണ് പെറുക്കാന്‍ പറ്റുക. അത് എണ്ണത്തില്‍ കുറവായിരിക്കും. വരുമാനം കൂടുതല്‍ കിട്ടുന്നത് കരുണനു തന്നെ. ഇരുവരും മഞ്ഞയില്‍നിന്നും ചുവപ്പില്‍നിന്നും കശുവണ്ടി വേര്‍തിരിച്ചെടുത്ത് നിക്കറിന്റെ പോക്കറ്റുകളിലിടും. വിശപ്പുണ്ടെങ്കില്‍ രണ്ടു കശുമാങ്ങ തിന്നാറുണ്ട്. കശുവണ്ടി കവലയില്‍ കൊണ്ടുപോയാണ് വില്‍ക്കുന്നത്. കിട്ടുന്ന കാശിന് ഇഷ്ടമുള്ളതു വാങ്ങിക്കും. സ്ഫടിക ഗോലികള്‍. അല്ലെങ്കില്‍ തെറ്റാലിയുണ്ടാക്കാന്‍ കറുത്ത റബ്ബര്‍ കഷണം. തിരിച്ചു പാറ കയറുമ്പോള്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ മേശപ്പുറത്തുള്ള ഗ്ലോബിലൂടെ നടക്കുന്നതായി തോന്നും. അന്നൊക്കെ അച്ഛനെ സഹായിക്കാന്‍ അമ്മയുണ്ടായിരുന്നു. ഒരു വെളുപ്പാന്‍കാലത്ത് അമ്മ തേങ്ങ ചുരണ്ടുന്ന ശബ്ദം കേട്ടില്ല.

അലാറമൊന്നുമില്ലാതെ എന്നും രാവിലെ കട്ടിലില്‍നിന്നും കൃത്യസമയത്ത് ചാടി എഴുന്നേല്‍ക്കുന്ന ശീലം അമ്മ ഒറ്റയടിക്ക് നിറുത്തി. എഴുന്നേല്‍ക്കാന്‍ പറ്റാത്തവരുടെ ലോകത്തേക്ക് അമ്മ ഇത്ര പെട്ടെന്നു പോകുമെന്ന് ആ വീട്ടിലെ മൂന്നു ആണുങ്ങളും വിചാരിച്ചതേയില്ല.

റോഡില്‍നിന്നും അവരുടെ വീട്ടിലേക്ക് തൊണ്ടിലൂടെയുള്ള ഒരു ഇടവഴി മാത്രമാണുണ്ടായിരുന്നത്. ഒരാള്‍ക്കു നടന്നുപോകാം. അത്ര തന്നെ. തൊണ്ടിലേക്ക് ധാരാളം കശുമാങ്ങ വീണിട്ടുണ്ടാവും. അവ പഴുത്തു പുളിച്ചാല്‍ തൊണ്ടിനാകെ ഒരു മദ്യഗന്ധമാണ്. മതിലില്‍നിന്നും നീണ്ടുനില്‍ക്കുന്ന ഒതുക്കുകള്‍ തൊണ്ടിലൂടെ ചെന്നുകയറുമ്പോള്‍ അവരുടെ പറമ്പായി. അതിനു നടുവിലെ കൊച്ചു വീടും ഉയരമുള്ളിടത്തു തന്നെയാണ് പണിതിട്ടുള്ളത്. താഴെ പാടത്ത് കാറ്റടിച്ചാല്‍ നെല്‍ക്കതിരുകള്‍ ഓടിപ്പോവുന്നതു കാണാം. ചിലതൊക്കെ ഓട്ടത്തില്‍ ഇടറിവീഴുന്നു. അപ്പോള്‍ അച്ഛനുമമ്മയും കൊയ്യാറായെന്നു പറഞ്ഞ് ഇറമ്പില്‍നിന്നും രണ്ടരിവാളുകള്‍ വലിച്ചൂരും.
അമ്മ പോയതില്‍പ്പിന്നെ അരിമാവോ തേങ്ങ ചുരണ്ടിയതോ വീട്ടില്‍നിന്നും ചായക്കടയിലേക്ക് ചുമക്കേണ്ടിവന്നിട്ടില്ല. അതൊക്കെ വീട്ടില്‍ത്തന്നെ തയ്യാറാക്കാറുള്ളത് അമ്മയ്ക്ക് ചായക്കടയിലേക്കു വരാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്.

കടയിലെ കലണ്ടറില്‍ ഓരോ ദിവസത്തെ കള്ളിയിലും അച്ഛന്‍ കുനുകുനെ എന്തെങ്കിലും എഴുതിവയ്ക്കും. ചിലപ്പോള്‍ കിട്ടാനോ കൊടുക്കാനോ ഉള്ള തുക. അല്ലെങ്കില്‍ അപ്പൂപ്പന്റെ ബലി. ചിലപ്പോള്‍ രണ്ടു വാക്കുകളില്‍ ഒരു സംഭവം. പിന്നെ മക്കളുടെ പിറന്നാള്‍. ഒരു കൊല്ലം കഴിഞ്ഞാല്‍ പഴയതാവുന്ന കലണ്ടറുകള്‍ അച്ഛന്‍ ഒരു സിമന്റു ഷെല്‍ഫില്‍ അടുക്കിവച്ചിട്ടുണ്ട്. അത് അച്ഛന്റെ ജീവിതരേഖയാണ്.

ചായക്കടയില്‍ അച്ഛന്റെ കണക്കെഴുത്ത് മറ്റൊരു തരത്തിലാണ്. അവിടെ സ്ഥിരം ഒരു സ്ലേറ്റും ചോക്കു കഷണവുമുണ്ട്. ഓരോരുത്തരുടേയും ബില്ല് സ്ലേറ്റില്‍ ചോക്കു കൊണ്ടെഴുതി അച്ഛന്‍ റെഡിയാക്കുന്നു. അത് ഒന്നുയര്‍ത്തി ഇടപാടുകാരനേയും കാണിക്കും. പണം വാങ്ങി പെട്ടിയിലിട്ടാലുടന്‍ ബില്ല് സ്ലേറ്റില്‍നിന്നും മാഞ്ഞുപോവുകയായി. വാസ്തവത്തില്‍ അച്ഛനു മനസ്സില്‍ കണക്കുകൂട്ടാവുന്നതേയുള്ളു. എങ്കിലും ഭക്ഷണം കഴിച്ചയാള്‍ക്കൊരു തൃപ്തി തോന്നുമെന്നു കരുതിയാവും അച്ഛന്‍ കണക്കെഴുത്ത് തുടര്‍ന്നു വന്നത്. ഇത്തരം കണക്കെഴുത്തുകളുടെ വേഗം കൂടുന്നത് പാറയുടെ കിഴക്കേ ചരിവിലുള്ള നന്നേ ചെറിയ അമ്പലത്തില്‍ ഉത്സവം വരുമ്പോഴാണ്. അന്നു നിറയെ കച്ചവടം കിട്ടാറുണ്ട്. ആ ദിവസങ്ങളില്‍ ഇടയ്ക്കിടെ വെള്ളം കൂട്ടിയും അച്ഛന്‍ സ്ലേറ്റ് തുടയ്ക്കും. എന്തിലും വ്യക്തത വേണമെന്ന് അച്ഛനു വല്ലാത്ത നിര്‍ബ്ബന്ധമാണ്.


ചായക്കടയുടെ പരിസരത്തെങ്ങും കിണറുകളില്ല. പാറയിലൂടെ ഒരു പെരുമ്പാമ്പിനെപ്പോലെ കയറിവരുന്ന പഞ്ചായത്ത് പൈപ്പ് ലൈനാണ് ആകെയുള്ള ആശ്രയം. കറന്റില്ലെങ്കില്‍പ്പിന്നെ വെള്ളമില്ല. പാറയുടെ താഴെയുള്ള വട്ടിപ്പലിശക്കാരന്റെ പറമ്പില്‍ മാത്രമാണൊരു കിണറുള്ളത്. അയാളോട് അനുവാദം ചോദിച്ചു വെള്ളം കോരി ബക്കറ്റിലൊഴിച്ച് മുകളിലേക്കു ചുമക്കുന്നു. പാറയുടെ മുകളെത്തുമ്പോഴേക്കും പകുതി വെള്ളം തുളുമ്പിപ്പോയിരിക്കും. വഴി ശുദ്ധിയാക്കാന്‍ ആരോ തളിച്ചിട്ടുപോയതുപോലെ വെള്ളം തുളുമ്പലിന്റെ ബാക്കി കുറച്ചു സമയം വഴിയിലുണ്ടാവും. കശുവണ്ടി വിറ്റുകിട്ടുന്ന പണത്തിലൊരു പങ്ക് അമ്പലത്തിലെ ഭണ്ഡാരത്തില്‍ വീഴുന്നത് കറന്റു പോയാല്‍ വേഗം വരാനുള്ള പ്രാര്‍ത്ഥനയോടൊപ്പമാണ്. സാധനങ്ങള്‍ ചുമന്നു കയറ്റുന്ന പണി ഒരിക്കലുമൊഴിയില്ലെങ്കിലും വെള്ളം ചുമക്കുന്ന പണി കറന്റുണ്ടെങ്കില്‍ ഒഴിവായിക്കിട്ടും. മയില്‍വാഹനന്റെ ചെറിയ അമ്പലത്തില്‍ ചെറിയ പ്രാര്‍ത്ഥനകളുമായി ചെല്ലുന്നത് അവനിഷ്ടമായിരുന്നു. 

സുധി അടുക്കളയില്‍നിന്നും സഞ്ചിയുമെടുത്ത് പുറത്തിറങ്ങാന്‍ നേരത്താണ് കുമാരേട്ടന്‍ കടയിലേക്കു വന്നത്. കസേരയില്‍ വന്നിരുന്നാല്‍ കാരണവര്‍ എന്തു കഴിക്കാനാണ് വന്നതെന്ന് ഓര്‍ത്തെടുക്കാനുള്ള ശ്രമം തുടങ്ങും. ഏറെ നേരം ശ്രമിച്ചാലും ഓര്‍മ്മ ശരിയായി കിട്ടണമെന്നില്ല. എന്താണ് വേണ്ടതെന്നു ചോദിച്ചാല്‍ ഒരുത്തരവും പറയില്ല. അവന്‍ ഓരോന്നിന്റേയും പേരുകള്‍ കുറച്ചുറക്കെ പറഞ്ഞുകൊണ്ടിരിക്കും. കുമാരേട്ടന്‍ കഴിക്കാനുദ്ദേശിച്ചതിന്റെ പേരു പറഞ്ഞാല്‍ കുട്ടികളുടേതുപോലെയുള്ള ഒരു ചിരി കാണാം. എന്താണ് കഴിക്കേണ്ടതെന്നു മറന്നുപോകുന്നതു കൊണ്ടുതന്നെയാണ് വന്നിരിക്കുമ്പോള്‍ കുമാരേട്ടന്റെ മുഖം മങ്ങുന്നത്. ചിലപ്പോള്‍ പാലും വെള്ളത്തിലെത്തുമ്പോഴാവും ചിരി. അതു കാണുമ്പോള്‍ ഓര്‍മ്മയുണ്ടായിരിക്കുന്നതിന്റെ സൗഭാഗ്യമൊക്കെയും സുധിക്ക് അനുഭവപ്പെടും.

കരുണന്‍ ഒന്‍പതിലും സുധി പത്തിലും പഠിപ്പു നിറുത്തിയത് അച്ഛനെ സഹായിക്കാനാണെന്നു പറഞ്ഞാണ്. സത്യത്തില്‍ പഠിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. പറയാന്‍ മറ്റൊരു കാരണമുണ്ടെങ്കില്‍ ആരും സത്യം പറയാറില്ലായിരിക്കുമെന്ന്  അവന്‍ വിചാരിച്ചു.
വെളുപ്പിനു തന്നെ അവരുടെ ചായക്കടയിലെത്തുന്നത് കൂടുതലും കൂലിപ്പണിക്കാരാണ്. അവരില്‍ ഏറെ പേര്‍ മറുനാട്ടുകാരാവും. ചട്ടിയും ഷവലുമൊക്കെയായി കലപില കൂട്ടി അവര്‍ എത്തുന്നു. കസേരയില്‍ സ്ഥലമില്ലെങ്കില്‍ നിലത്ത് കുന്തിച്ചിരുന്ന് അവര്‍ ചായ കുടിക്കുന്നു. ചിലര്‍ നാട്ടിലേക്കു ഫോണ്‍ വിളിക്കും. അന്യദേശത്തുള്ള അവരുടെ കുടുംബത്തിലെ അവസ്ഥയെന്തെന്ന് ഫോണ്‍ ചെയ്യുന്നവരുടെ മുഖം വിളിച്ചുപറയും. അന്നേരമൊക്കെ അവന് ആശ്വാസം തോന്നാറുണ്ട്. ഇവിടെ നിന്നും ഓടിപ്പോകാനിടവരാതെ എങ്ങനെയും പിടിച്ചുനില്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ. മയില്‍ വാഹനന്‍ തുണ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. കച്ചവടം എങ്ങനെയായിരുന്നാലും വൈകുന്നേരമാവുമ്പോള്‍ അച്ഛന്‍ രണ്ടു മക്കള്‍ക്കും കുറച്ചു പണം കൊടുക്കും. കണക്കില്ലാത്ത ഔദാര്യമെന്നൊന്നും കരുതാനില്ല. പണിക്കൂലി തന്നെയാണത്. പറയാന്‍ പറ്റാത്ത എന്തെങ്കിലും ആവശ്യങ്ങള്‍ അവര്‍ക്കും ഉണ്ടാവാമല്ലോ.

മഴക്കാലം വന്നാല്‍ ആകെ രസമാണ്. വെള്ളത്തിന്റെ ഒരുപാട് ചെറുചാലുകള്‍ പാറയിലൂടെ രൂപപ്പെട്ടു വരും. അതെല്ലാം വന്നുചേരുന്നതു താഴെ വലിപ്പമേറിയ ഒരു കുഴിയിലേക്കാണ്. ചാലുകള്‍ കൂടിച്ചേരുമ്പോള്‍ അതൊരു വെള്ളച്ചാട്ടം പോലെയാകുന്നു. കുഴിയിലിറങ്ങിയിരുന്നാല്‍ കുളി സുഖമാണ്. നിറുകയിലേക്കു നല്ല തണുപ്പുള്ള തെളിവെള്ളം വന്നു വീണുകൊണ്ടിരിക്കും. എത്ര നേരം കുളിച്ചാലും മതിവരില്ല. പനി പിടിക്കുമെന്നു പേടി തോന്നുമ്പോള്‍ കുളി നിറുത്തും. 

അച്ഛന് വയ്യാതായിത്തുടങ്ങി എന്ന് സുധിക്ക് തോന്നാറുണ്ട്. സന്ധ്യ കഴിഞ്ഞ് കടയടച്ച് തൊണ്ടിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ കശുമാങ്ങയില്‍നിന്നും മദ്യഗന്ധം തട്ടിയിട്ടെന്നതുപോലെ അച്ഛന്റെ കയ്യിലെ ടോര്‍ച്ച് ആടിക്കൊണ്ടിരിക്കും. അന്നേരം വീതികുറഞ്ഞ തൊണ്ടിന്റെ മതിലുകളില്‍ വെളിച്ചം മാറി മാറി വിറകൊള്ളുന്നു. അച്ഛനെ വെറുതെയിരുത്താനുള്ള സമയമായി എന്നു തോന്നിയെങ്കിലും അവനാ വിചാരത്തെ അച്ഛന്റെ സ്ലേറ്റിലെ കണക്കുപോലെ പെട്ടെന്നു മായ്ചുകളഞ്ഞു. കടയില്‍ തിരക്കു വരുന്ന നേരത്ത് അവര്‍ മൂന്നു പേരുണ്ടെങ്കില്‍പ്പോലും ബുദ്ധിമുട്ടനുഭവിക്കുന്നത്  അവനു നന്നായി അറിവുള്ളതാണ്.

ആയിടയ്ക്കാണ് സുന്ദരനായൊരാള്‍ കടയില്‍ ചായ കഴിക്കാന്‍ കൂടെക്കൂടെ വന്നു തുടങ്ങിയത്. ചുവന്നു തുടുത്ത മുഖമുള്ള അയാള്‍ എവിടെനിന്നോ പൊട്ടിവീണതുപോലാണ് പ്രത്യക്ഷപ്പെട്ടത്. കട്ടന്‍ചായ കുടിച്ച് അയാള്‍ വളരെനേരം ആലോചിച്ചിരിക്കും. പോകാനൊട്ടും തിടുക്കമില്ലാതെ കണ്ണുകളെ പത്രത്തില്‍ അലയാന്‍ വിട്ട് അയാളവിടെ ചടഞ്ഞിരിക്കും. ക്രമേണ അയാള്‍ കരുണനോട് ചങ്ങാത്തത്തിലായി. കരുണന്‍ വിപിന്‍ എന്നു വിളിക്കുന്നതു കേട്ടാണ് സുധിക്കയാളുടെ പേര് മനസ്സിലായത്. അവന്‍ അയാളോട് അടുപ്പമാവാന്‍ ചെന്നില്ല. ചെന്നാല്‍ത്തന്നെ കരുണന്‍ അത് അനുവദിക്കുമായിരുന്നില്ല എന്നവനു തോന്നി. അത്ര പെട്ടെന്ന് അവര്‍ ഉറ്റ കൂട്ടുകാരായി. ചില ദിവസങ്ങളില്‍ അടുക്കളപ്പണി മറന്ന് കരുണന്‍ ചായക്കടയുടെ മുറ്റത്തെ കാല്‍പ്പാദം മുങ്ങുന്ന വെള്ളത്തില്‍നിന്ന് അയാളോട് സംസാരിച്ചുകൊണ്ടിരിക്കും. അതു കണ്ടാല്‍ അച്ഛന്‍ കൗണ്ടറില്‍നിന്നെഴുന്നേറ്റു വന്ന് അടുക്കളപ്പണി തുടങ്ങാറുണ്ട്. അന്നേരം അവനും അച്ഛനോടൊപ്പം കൂടും.
ഒരിക്കല്‍ വിപിനുമായുള്ള സംസാരം നീണ്ടുപോയപ്പോള്‍ അച്ഛന്‍ കരുണനെ തുറിച്ചുനോക്കി. അത് കരുണന് ഒട്ടുംതന്നെ ഇഷ്ടമായില്ല. അച്ഛന്റെ അനുമതിയില്ലാതെ തന്നെ അയാള്‍ പലപ്പോഴും പുറത്തു പോയിത്തുടങ്ങി. തിരിച്ചുവരവ് എപ്പോഴെന്ന് ഊഹിക്കാന്‍ തന്നെ പറ്റാതായി.

മയില്‍വാഹനന്റെ അമ്പലത്തിലെ ഉത്സവത്തിന് കരുണന്‍ കടയിലേക്കു വന്നതേയില്ല. ചായയടിച്ചും പലഹാരങ്ങളുണ്ടാക്കിയും സുധി വലഞ്ഞുപോയി. അവന് അത്തരം പണികളിലുള്ള പരിചയക്കുറവ് അങ്ങനെയൊരു ദിവസത്തില്‍ വലിയ പ്രശ്‌നമായി. പിറ്റേന്നു വെളുപ്പിനു കടയില്‍ വന്നുകയറിയ കരുണനെ അച്ഛന്‍ പിന്നെയും തുറിച്ചുനോക്കി. അയാളോ അച്ഛനോ ഒന്നും സംസാരിച്ചില്ല. കൗണ്ടറിലെ മേശയില്‍നിന്നും വീടിന്റെ താക്കോലുമെടുത്ത് അയാള്‍ അപ്പോള്‍ത്തന്നെ സ്ഥലം വിട്ടു.

രാത്രിയില്‍ കട പൂട്ടി വീടെത്തുമ്പോള്‍ അയാളവിടെ കാണുമെന്നാണവര്‍ വിചാരിച്ചത്. വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ അതില്‍ത്തന്നെയിട്ടിരിക്കുന്നതു കണ്ട് കരുണന്‍ സ്ഥലംവിട്ടു എന്നവന്‍ സംശയിച്ചു. മുറിയിലെ അഴയില്‍ അയാളുടെ വസ്ത്രങ്ങളൊന്നുമില്ലാതിരുന്നത്  അവന്റെ സംശയത്തെ ഉറപ്പിച്ചു. അയാള്‍ പോയിരിക്കുന്നു. അവരുടെ വീട്ടിലെ ഒരംഗം കൂടി കുറഞ്ഞത് സുധിയെ ഉലച്ചുകളഞ്ഞു. അപ്പോഴും അച്ഛന്‍ ഒന്നും പറഞ്ഞില്ല.

നേരം നന്നായി വെളുത്തു വന്നിട്ടാണ് അടുത്ത ദിവസം അവനുണര്‍ന്നത്. മുറ്റത്ത് അച്ഛന്‍ നില്‍പ്പുണ്ട്. താഴത്തെ നെല്‍ക്കതിരുകളില്‍ ഇമവെട്ടാതെ അച്ഛന്‍ നോക്കുകയാണ്. അവന്‍ അച്ഛന്റെ അടുത്തു ചെന്നുനിന്നു. ഇന്ന് കട തുറക്കേണ്ട എന്നു മുഖത്തു നോക്കാതെ അച്ഛന്‍ പറയുന്നതു കേട്ട് സുധി വാപിളര്‍ത്തി. അന്നു മുഴുവന്‍ അച്ഛന്‍ വെറുതെയിരുന്നു. ഉച്ചയ്ക്ക് അവന്‍ കഞ്ഞിയുണ്ടാക്കി. പിറ്റേന്നു വെളുപ്പിനു പതിവുപോലെ അവനെ വിളിച്ചുണര്‍ത്തി അച്ഛന്‍ ചായക്കടയിലേക്കു പോകാനൊരുങ്ങി. രണ്ടുപേര്‍ക്ക് ചെയ്തുതീര്‍ക്കാവുന്നതിലധികം പണികളുണ്ട്. കച്ചവടം കുറയ്ക്കാമെന്ന് അച്ഛന്‍ പറഞ്ഞു. അതെങ്ങനെയെന്ന് അവനു മനസ്സിലായില്ല. കട തുറന്നിരുന്നാല്‍ ആളുകള്‍ വരും. ഇവിടെയൊന്നുമില്ലെന്നു പറയാന്‍വേണ്ടി കട തുറക്കേണ്ടതില്ലല്ലൊ. കൂടുതല്‍ ആളുകള്‍ വരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നറിയാമെങ്കിലും  ആളുകള്‍ വരാതിരിക്കില്ലെന്ന് അവനുറപ്പായിരുന്നു. ആളുകള്‍ ആ കടയേയും അവിടുത്തെ രുചികളേയും അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു സമയം കടയില്‍ തിരക്കേറിയപ്പോള്‍ ഈ ആളുകള്‍ക്കു വീട്ടിലെന്തെങ്കിലും വച്ചു തിന്നുകൂടെ എന്നവന് തോന്നിയതാണ്.


മറ്റൊരാളെ പണിക്കു വയ്ക്കാന്‍ അച്ഛന്‍ സമ്മതിച്ചതേയില്ല. നമുക്കു പറ്റുന്നതു ചെയ്യുക, പറ്റാതായാല്‍ നിറുത്തുക എന്ന ഒറ്റ തീര്‍പ്പില്‍ അച്ഛന്‍ ഉറച്ചുനിന്നു.
കരുണന്‍ പോയതിനു ശേഷം വിപിന്‍ കടയില്‍ വന്നില്ല എന്നത് സുധിയെ അത്ഭുതപ്പടുത്തി. അതിന്റെ പൊരുള്‍ അവന് ആരോടും ചോദിക്കാനില്ല.
''ങ്ങടെ മൂത്ത മോന് ക്വാറീല് എന്തോന്നാ പണി?''
കടയില്‍ വരാറുള്ള മൂത്താശാരി മധുരമില്ലാത്ത ചായ മൊത്തിക്കുടിച്ചുകൊണ്ട്  അങ്ങനെ ചോദിച്ച നേരം അച്ഛന്‍ കൗണ്ടറില്‍ നിന്നെഴുന്നേറ്റ് അങ്ങേരുടെ അടുത്തു വന്ന് ഇരുന്നു.
''നാലൂസം ഞാന്‍ കല്ലടിക്കാന്‍ ചെന്നപ്പഴും അയാളവിടേണ്ട്. 
മൂപ്പര് ഇവിടത്തെ പണി നിറുത്തിയോ?''

അതിനച്ഛന്‍ മറുപടി പറഞ്ഞില്ല. പിറ്റേന്ന് ഒരു കൊലപാതകത്തിന്റെ ബാക്കിയായി വന്ന ഹര്‍ത്താലായിരുന്നു. ഹര്‍ത്താലിനു കട തുറക്കേണ്ടെന്നു വയ്ക്കുന്നത് ആരേയും വെറുപ്പിക്കാതിരിക്കാനായിരുന്നു. കുറച്ചു തെങ്ങിന്‍മടലുകള്‍ കൊണ്ടുവന്നു ചൂലിനുവേണ്ടി ഈര്‍ക്കില്‍ ചീകിയെടുത്തു കഴിഞ്ഞ് അച്ഛന്‍ അവനെ അടുത്തു വിളിച്ചു. ഇതേ പാറ തന്നെ നീണ്ടു നീണ്ടുപോയി പടിഞ്ഞാറെയറ്റത്തവസാനിക്കുന്നിടത്താണ്  ക്വാറി. അവിടെ പോയി കരുണനെ ഒന്നു കണ്ടു വരാന്‍ അച്ഛന്‍ അവനോടു പറഞ്ഞു.

ഇരവല്‍ വാങ്ങിയ സൈക്കിള്‍ ചവിട്ടി വടക്കേ വഴിയില്‍നിന്നും തിരിഞ്ഞു ക്വാറിയില്‍ അവന്‍ എത്തി. പുറപ്പെടും മുന്‍പ് എന്താണ് അന്വേഷിക്കേണ്ടതെന്ന് അവന്‍ ചോദിക്കുകയോ അച്ഛന്‍ പറയുകയോ ചെയ്തില്ല.
ക്വാറിയിലവന്‍ എത്തുമ്പോള്‍ വാഹനങ്ങള്‍ ഒഴിഞ്ഞ് അവിടം ശൂന്യമായിരുന്നു. ചിലര്‍ തമരടിക്കുന്ന ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കുന്നുണ്ട്. കല്ലെടുത്ത കുഴികളില്‍ ഇരുണ്ട വെള്ളം കെട്ടിക്കിടക്കുന്നു. ഒരു തമരടിക്കാരനോട് അവന്‍ ഓഫീസ് എവിടയെന്നു ചോദിച്ചു. അയാള്‍ ചൂണ്ടിക്കാണിച്ച മുറിക്കു മുന്‍പില്‍ അവനെത്തി.
ഓഫീസ് മുറിക്കുള്ളില്‍ കരുണനും വിപിനും സംസാരിച്ചിരിക്കുകയായിരുന്നു. അവനെ കണ്ട പാടെ വിപിന്‍ പിന്നീടു വരാമെന്നു പറഞ്ഞു പുറത്തിറങ്ങി. കരുണനാണ് തുടങ്ങിയത്.
''നിന്നെ ദെന്തിനാണിങ്ങോട്ട് കെട്ടിയെടുത്തത്?''
''അച്ഛന്‍ പറഞ്ഞിട്ടാണ്.''
 ''അച്ഛനെന്തു പറഞ്ഞിട്ട്?''
പെട്ടെന്നവന് ഉത്തരമില്ലാതായി. അച്ഛനൊന്നും പറഞ്ഞിട്ടില്ലല്ലോ. അവന്റേയോ അച്ഛന്റേയോ ആവശ്യമെന്നു വേര്‍തിരിക്കാതെ സുധി പറഞ്ഞൊപ്പിച്ചു.
''ചേട്ടന്‍ വീട്ടിലേക്ക് വരണം. കടേല് ആളില്ല.''
''ചായസഞ്ചി പിഴിഞ്ഞിട്ട് എന്താക്കാനാണ്? വേറെ ആളെ നോക്കാന്‍ പറ.''

പിന്നെ കരുണന്‍ അതിരഹസ്യമായി പറയാന്‍ തുടങ്ങി. അവിടെയിരിക്കുന്ന വസ്തുക്കളൊക്കെ വെടിമരുന്നിന്റെ വകഭേദങ്ങളാണ്. ലൈസന്‍സുള്ളവര്‍ക്കു മാത്രം കിട്ടുന്ന വെടിക്കോപ്പുകള്‍. ലൈസന്‍സില്ലാത്തവര്‍ക്കും ഇവ ആവശ്യമുണ്ട്. എന്തു പൊട്ടിത്തെറിയുണ്ടാക്കാനും സാധനം വേണമല്ലോ. ഇതു മറിച്ചു വിറ്റാല്‍ പറയുന്ന പണം കിട്ടും. അപകടം പിടിച്ച പണിയാണ്. പിടി വീണാല്‍ പൊളിഞ്ഞു. എങ്ങനെയും കാശുണ്ടാക്കണം. കാശില്ലെങ്കില്‍ പിന്നെ ഒന്നുമില്ല. ഒരു പണിയുമില്ലാതെ നടന്ന് ഒടുവില്‍ വിപിന്റെ കൂടെ കൂടിയതാണ്.


ചായക്കടയിലെ പണി പണിയല്ലായിരുന്നോ എന്നവനു ചോദിക്കാന്‍ തോന്നി. ഇവിടെങ്ങും പണിയില്ലാഞ്ഞിട്ടാണോ ഇക്കണ്ട മറുനാട്ടുകാരൊക്കെ ഇവിടെത്തന്നെ വന്നു പണി ചെയ്ത് ഇത്രയും കാശ് വീട്ടിലേക്കയക്കുന്നതെന്നും അവനു ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാലവനതൊന്നും ചോദിച്ചില്ല. എത്ര കിട്ടിയാലും പോരെന്ന് കരുണന്റെ മുഖം വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ഒരു കശുമാങ്ങക്കാലം അവന്റെയുള്ളില്‍ നിറയാന്‍ തുടങ്ങി. ചുവന്ന കശുമാങ്ങകള്‍ക്ക് അടികൂടിയ അയാള്‍ ഇന്നും ചുവപ്പിന്റെ പിറകേയാണ്.
ഓഫീസിനു പുറത്തു വന്നു നിന്നു സംസാരം തുടരുമ്പോള്‍ കരുണന്റെ കണ്ണുകളില്‍ മുന്‍പില്ലാതിരുന്ന ഒരു കാക്കനോട്ടം കടന്നുകൂടിയിട്ടുണ്ടെന്ന് അവനു ബോദ്ധ്യമായി. വളരെ കണിശമായി അയാളുടെ കൃഷ്ണമണികള്‍ പരിസരം അരിച്ചുപെറുക്കുന്നു. അയാള്‍ എപ്പോഴും ഭീതിയിലാണെന്ന് സുധിക്കു തോന്നി. ഏതു മൂലയില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും അപകടങ്ങളുണ്ടാകാമെന്ന് അയാള്‍ ഭയക്കുന്നുണ്ട്. 
''എന്തിനാണ് ചേട്ടാ ഇതിനു മാത്രം കുഴപ്പം പിടിച്ച ഏര്‍പ്പാട്. നമ്മക്കു ചായക്കടകൊണ്ട് സുഖായി കഴിയാല്ലൊ.''
അവന്റെ ഉപദേശം അയാളെ ചൊടിപ്പിച്ചു.
''സുഖോ? അതാ സുഖം? അതെന്താണെന്ന് പിടികിട്ടണോങ്കില്‍ നീ എന്റെ കൂടെ കൂട്. തീറ്റക്കു തീറ്റ ഇഷ്ടം പോലെ. 
കശുമാങ്ങ വാറ്റിയ സാധനൊന്ന്വല്ല. വേറൊന്നാന്തരം ഇനം 
എപ്പോഴും. എങ്ങോട്ടു പോകാനും വണ്ടി. സൈക്കിള്‍ 
ചവിട്ടി കുടലു പറിക്കണ്ട.''                                              
''ഞാനച്ഛനെ വിട്ടെങ്ങോട്ടുമില്ല.''
''ചെലര് അങ്ങനെയാ. പഠിച്ചതു മാത്രേ ചെയ്യൂ. ഒരുകാലത്തും നന്നാവ്വ്വേമില്ല. രക്ഷപ്പെടണേല്‍ ഞങ്ങടൊപ്പം നിന്നോ. ഇല്ലേല്‍ തിരിച്ച് വന്ന വഴിക്ക് സൈക്കിള് ചവിട്ടിക്കോ.''

പിന്നെ അവനവിടെ നില്‍ക്കാന്‍ തോന്നിയില്ല. തിരിച്ചു ചവിട്ടുമ്പോള്‍ പലവുരു പെഡലില്‍നിന്ന് അവന്റെ കാല്‍ തെറ്റി. ചെയിന്‍ കവറില്ലാത്തതുകൊണ്ട് ഒരു തവണ ചെയിന്‍ തെന്നി മാറി റോഡിലേക്കു തൂങ്ങി. വെയില്‍മറയ്ക്കുള്ളിലിരുന്നു തമരടിച്ചിരുന്നവര്‍ അവനെ ശ്രദ്ധിച്ചതേയില്ല. പാറയുടെ അടി കണ്ടേ അടങ്ങു എന്ന മട്ടില്‍ അവര്‍ ആഞ്ഞു ചുറ്റികയടിച്ചു. അതില്‍നിന്നും ചെറിയ തീപ്പൊരികള്‍ പറന്നകലുന്നതു പകല്‍ വെളിച്ചത്തിലും അവന്‍ വ്യക്തമായി കണ്ടു.

ചായക്കടയില്‍ വന്ന് അവന്‍ കടുപ്പത്തില്‍ ഒരു ചായയുണ്ടാക്കി കുടിച്ചു. അച്ഛന്‍ ചോദിച്ചപ്പോള്‍ കരുണനെ കണ്ടെന്നു പറഞ്ഞെങ്കിലും പറഞ്ഞതെന്തൊക്കെയെന്ന് അവന്‍ വിവരിച്ചില്ല. ഒരാളുടെയുള്ളില്‍ കുറച്ചു സമാധാനമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതെന്തിനാണ് കെടുത്തുന്നത്.

രാത്രി ഉറങ്ങാന്‍ കിടന്നു. കരുണന്‍ പറഞ്ഞതൊക്കെ അവന്റെയുള്ളില്‍ തികട്ടിവന്നു. പണം എന്നത് ഇത്ര വലിയ പ്രശ്‌നമായി അവനൊരിക്കലും തോന്നിയിരുന്നില്ല. അത് അതിധാരാളമായി ഉണ്ടെങ്കിലാണ് ചിരിക്കാന്‍ പറ്റുക എന്നും അവന്‍ വിചാരിച്ചിരുന്നില്ല. കട്ടില്‍ക്കാലിനടുത്തുനിന്നും ടോര്‍ച്ചെടുത്തു തെളിച്ചു കൂടെക്കൂടെ സമയം നോക്കി രാത്രി മുഴുവന്‍ അവന്‍ ഉറങ്ങാതെ കിടന്നു. കരുണന്‍ പറഞ്ഞതൊക്കെ എങ്ങനെ അച്ഛനെയറിയിക്കാനാണ്. എന്തായാലും അച്ഛനെ ഉപേക്ഷിച്ച് കരുണന്റെ വഴിയേ കടന്നുകളയാന്‍ അവനൊരുക്കമല്ല. തൊണ്ടില്‍ ഇടറിവീഴാതെ കൈപിടിച്ചും കടയില്‍ സഹായിച്ചും അച്ഛനൊപ്പം നില്‍ക്കണം. ഒരു കവിള്‍ വെള്ളം കുടിച്ചു വീണ്ടും കട്ടിലില്‍ വന്നു മലര്‍ന്നുകിടന്നു. മുകളില്‍നിന്നും തലയിലേക്ക് അടര്‍ന്നുവീഴുന്നൊരു സാധനമാണ് ഉറക്കമെന്ന് അവനു തോന്നി. അങ്ങനെ സംഭവിക്കാന്‍ കണ്ണുകളടച്ച്, കൈകള്‍ നെഞ്ചില്‍ പിണച്ചുവച്ച് അവന്‍ കാത്തുകിടന്നു.
ചായക്കടയില്‍ ഒട്ടും തിരക്കില്ലാത്തൊരു ദിവസമായിരുന്നു അത്.

അവന്‍ അടുക്കളയില്‍ ഗ്ളാസുകളും പ്ളേറ്റുകളും മറ്റും അടുക്കിവച്ചു. ഇന്നു കവലയില്‍നിന്നും എന്തൊക്കെ വാങ്ങണമെന്നു പാത്രങ്ങള്‍ തുറന്നു നോക്കി തിട്ടപ്പെടുത്തി. മേശകളും കസേരകളും തുടച്ചിട്ടു. അന്നേരമാണ് രണ്ടു പൊലീസുകാര്‍ കടയിലേക്ക് കയറിവന്നത്. അവരോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെ കണ്ട് അവന്‍ ഞെട്ടിപ്പോയി. കരുണനും വിപിനും. അവരുടെ ഇടതുകൈ കയ്യാമം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. സുധിയുടെ മുന്നിലേക്ക് അവര്‍ നടന്നുവന്നു. അവര്‍ നാലു പേരും ഒരു മേശയ്ക്കിരുപുറവുമായി ഇരുന്നു. 
അപ്പോഴാണ് അച്ഛന്‍ തല ഉയര്‍ത്തി അവരെ നോക്കിയത്. ഒന്നും മനസ്സിലാവാതെ അച്ഛന്‍ തരിച്ചിരുന്നു. എന്തോ പൊലീസുകാരോട് ചോദിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും ഒരു ശബ്ദവും പുറത്തു വന്നില്ല. രണ്ടു പേരും ഓര്‍ഡറെടുക്കാന്‍ ചെല്ലാതിരിക്കുന്നതു കണ്ട് ഒരു പൊലീസുകാരന്‍ ഒച്ചയുയര്‍ത്തി നാലു ചായ എന്നു പറഞ്ഞു.

ചായയടിച്ചപ്പോള്‍ സുധിയുടെ കൈ ഇടറി. മുകളില്‍നിന്നും വീശിയൊഴിച്ച കുറച്ചു ചായ നിലത്തു വീണു. കരുണന്റെയടുക്കല്‍നിന്നും ചായ വീശാന്‍ പഠിച്ചപ്പോഴൊന്നും ഇങ്ങനെയത് തുളുമ്പിയിട്ടില്ല. ഇത് കരുണന്റെ ചായക്കടയാണെന്ന് അറിഞ്ഞിട്ടാണോ പൊലീസുകാര്‍ അയാളേയും കൊണ്ടിവിടെ വന്നതെന്ന് അവനുറപ്പിക്കാന്‍ കഴിഞ്ഞില്ല. ചായഗ്ലാസ് വലിയ ശബ്ദമുണ്ടാക്കി മേശമേല്‍ വയ്ക്കാറുള്ള സുധി ഇന്നങ്ങനെ ചെയ്തില്ല. ഒരു പഞ്ഞിത്തുണ്ട് മേശമേല്‍ വയ്ക്കുന്നത്ര ഒച്ചയില്ലാതെയാണവന്‍ അതു ചെയ്തത്. പൊലീസുകാരിലൊരാള്‍ കടിയൊന്നുമില്ലേ എന്നു ചോദിച്ചു. പലതരം എണ്ണപ്പലഹാരങ്ങള്‍ നിറച്ച നീണ്ടൊരു ട്രേ അവന്‍ അവര്‍ക്കു മുന്നില്‍ പിടിച്ചു. പൊലീസുകാര്‍ രണ്ടുപേരും ഓരോ പലഹാരങ്ങള്‍ എടുത്തു. മറ്റു രണ്ടു പേരോട് അവര്‍ വേണോയെന്നു ചോദിക്കുകയോ അവര്‍ വേണമെന്നു പറയുകയോ ചെയ്തില്ല.

വലതു കയ്യില്‍ ഗ്ലാസ് ഉയര്‍ത്തി ചായ കുടിച്ചുകൊണ്ടിരുന്ന നേരമത്രയും കരുണനോ വിപിനോ മേശമേല്‍നിന്നും കണ്ണെടുത്തില്ല. പുറത്തിറങ്ങാന്‍ എഴുന്നേറ്റപ്പോഴും അവര്‍ സുധിയേയോ അച്ഛനേയോ നോക്കിയില്ല.
പൊലീസുകാരിലൊരാള്‍ ഒരു നൂറിന്റെ നോട്ടടുത്ത് അച്ഛനു നേരെ നീട്ടി. സ്ലേറ്റില്‍ കണക്കെഴുതി ഉയര്‍ത്തിക്കാണിക്കുന്ന പതിവ് അച്ഛന്‍ ഉപേക്ഷിച്ചു. നാലു ചായ രണ്ടു കടി എന്നു പൊലീസുകാരന്‍ ഓര്‍മ്മിപ്പിച്ചു. അച്ഛന്‍ കൃത്യമായി ബാക്കി കൊടുത്തു. കരുണന്‍ കുടിച്ച ചായയ്ക്ക് ആദ്യമായി കാശു വാങ്ങുമ്പോള്‍ അച്ഛന്‍ അയാള്‍ തന്റെയാരുമല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചതായി അവനു തോന്നി. നീതി ചെയ്യാത്തൊരാളെ, കുറ്റംചെയ്ത ഒരാളെ, അച്ഛന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ലെന്ന്  അവനറിയാം.

പൊലീസുകാരിലൊരാളോട് അച്ഛന്‍ ഇവരെന്താണ് ചെയ്തതെന്നു വളരെ ബദ്ധപ്പെട്ടു ചോദിച്ചെങ്കിലും അയാളുടെ മറുപടി കത്തുന്നൊരു നോട്ടത്തിലൊതുങ്ങി. നോട്ടത്തില്‍ അവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ നിങ്ങളാരാണെന്നൊരു ചോദ്യമുള്ളതായി അവനു തോന്നി. അതുകണ്ട്, കരുണന്റെ കടയാണെന്നറിഞ്ഞിട്ടാണോ അവരവിടെ വന്നതെന്ന അവന്റെ സംശയം പിന്നെയും ബലപ്പെട്ടു.
വെള്ളമെല്ലാം വലിഞ്ഞ് ഉണങ്ങിവരണ്ട മുറ്റത്തുകൂടി അവര്‍ നടന്നു മറയുന്നത് അച്ഛന്‍ നോക്കിയില്ല. 

കരുണനു ചെയ്യാന്‍ ജയിലില്‍ ഇഷ്ടം പോലെ പണിയുണ്ടാവുമെന്ന അവന്‍ കരുതി. നിരപ്പുള്ള വടക്കേ വഴിയിലെങ്ങാന്‍ പൊലീസ് ജീപ്പ് കിടപ്പുണ്ടോയെന്നു പോയി നോക്കണമെന്നവന്‍ വിചാരിച്ചു. എന്നാലവന് അവര്‍ക്കു പിന്നാലെ നടക്കാന്‍ കഴിയില്ല. ഉരുണ്ട പാറ കയറുന്നതിലും കടുപ്പമാവും ആ നടപ്പെന്നവനറിയാം.

ചായക്കടയുടെ വരാന്തയില്‍ സുധി വെറുതെ ഇരുന്നു. ഉരുളന്‍ പാറയിറങ്ങി, കവലയും കടന്ന്, അങ്ങു ദൂരെയുള്ള കാട്ടില്‍ ചെന്നു പെടണമെന്നും കാട്ടാനയ്ക്കോ രക്തഅണലിക്കോ ഇരയാവണമെന്നും അവനു തോന്നി. കൗണ്ടറിലെ കസേരയ്ക്കു പിന്നിലുള്ള കലണ്ടറിലെ കോളത്തില്‍ അച്ഛനെന്തോ എഴുതുന്നത് അന്നേരമാണവന്‍ കണ്ടത്. കലണ്ടറില്‍നിന്നു പിന്മാറി അച്ഛന്‍ അടുക്കളയിലേക്കു പോയി. അവന്‍ വരാന്തയില്‍ നിന്നെഴുന്നേറ്റു. എഴുതിക്കഴിഞ്ഞ് അച്ഛന്‍ കലണ്ടറില്‍ പിന്നു കുത്താന്‍ വിട്ടുപോയതിനാല്‍ അതിന്റെ ഷീറ്റുകള്‍ കാറ്റില്‍ പറക്കുന്നുണ്ടായിരുന്നു. കാറ്റു നിലച്ച് കലണ്ടര്‍ നിശ്ചലമായാല്‍ വായിക്കാന്‍ എളുപ്പമാവുമെങ്കിലും അതങ്ങനെ പാറിത്തന്നെ കിടക്കട്ടെയെന്നവന്‍ വിചാരിച്ചു. 

പാറയിലെ പൈപ്പിലൂടെ പഞ്ചായത്തുവെള്ളം കുന്നു കയറുന്നതിന്റെ നേരിയ സ്വരം അന്നേരമവന്റെ കാതുകളില്‍ വന്നുപെട്ടു. 
കരുണന്‍ മറിച്ചു വിറ്റ സ്ഫോടക വസ്തുക്കള്‍കൊണ്ട് ആരെങ്കിലും പാറയുടെ ഈ ഭാഗത്തേയും തകര്‍ത്തുകളയുമോയെന്ന് അവനു ഭീതിതോന്നി. ചിലരുടെ പണി മറ്റുള്ളവരുടെ പണി ഇല്ലാതാക്കലാവുന്നത് എന്തുകൊണ്ടാണെന്ന് അവന് മനസ്സിലായില്ല.

എന്തു കഴിക്കാനാണ് വന്നതെന്ന് എപ്പോഴും മറന്നുപോകുന്ന കുമാരേട്ടന്‍ കടയിലേക്കു കയറി വരുന്നതവന്‍ കണ്ടു. ഓരോന്നിന്റേയും പേരുകള്‍ ഉച്ചത്തില്‍ കുമാരേട്ടനോടു പറയാനായി സുധി കൗണ്ടറിനരികില്‍ത്തന്നെ നിന്നു.

ചിത്രീകരണം -  ചന്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com