സുകന്യ: ധന്യാരാജ് എഴുതിയ കഥ

ഞങ്ങള്‍ മൂന്നുപേരുടേയും രൂപം ഒന്നു തന്നെയായാല്‍ നിനക്ക് നിന്റെ ഭര്‍ത്താവിനെ തിരിച്ചറിയാന്‍ കഴിയുമോ?''
സുകന്യ: ധന്യാരാജ് എഴുതിയ കഥ

''...അതിനാല്‍ ഇവളെ എനിക്കു വിവാഹം കഴിച്ചുതരിക.''
തൊട്ടുമുന്നിലായി തറഞ്ഞുനില്‍ക്കുന്ന സുകന്യയെ ഒന്നുകൂടി നോക്കിയതിനുശേഷം ച്യവനന്‍ മടികൂടാതെ ഉപസംഹരിച്ചു.
നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയതിനാല്‍ അയാള്‍ ഒരു മഹര്‍ഷിയെ ഓര്‍മ്മിപ്പിച്ചു. ആഴ്ചകള്‍ക്കു മുന്‍പുണ്ടായ കാറപകടത്തെത്തുടര്‍ന്ന്  മുഖത്തൊട്ടിച്ച നീളന്‍ ബാന്‍ഡേജുകളും കയ്യിലെ ഊന്നുവടിയും അയാളുടെ രൂപത്തെ ഒന്നുകൂടി ദുരൂഹമാക്കി.

സുകന്യയുടെ അച്ഛന്‍ ശയനന്‍ മേശപ്പുറത്തെ ഫ്‌ലാസ്‌കില്‍നിന്നു മൂന്നാമത്തെ ഗ്ലാസ്സ് വെള്ളവും കുടിച്ചുതീര്‍ത്തു. അതിനുശേഷം അദ്ദേഹം വിറയാര്‍ന്ന കൈകള്‍കൊണ്ട് റിമോട്ടെടുത്ത് മുറിയിലെ എ.സിയുടെ തണുപ്പു കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു എയര്‍ക്കണ്ടീഷണറിനും അദ്ദേഹത്തിന്റെ മനസ്സിനെ തണുപ്പിക്കാനാവില്ലെന്ന് ച്യവനന്‍ മനസ്സില്‍ ചിരിച്ചു. അയാള്‍ക്കപ്പോള്‍ ചെറുതല്ലാത്തൊരു ആത്മസംതൃപ്തി തോന്നുകയും ചെയ്തു.

ച്യവനന്‍ ചുറ്റുപാടും കണ്ണോടിച്ചു. സ്വീകരണമുറി ആഡംബരപൂര്‍ണ്ണമാണെന്ന് അയാള്‍ കണ്ടു. ചുവരില്‍ നെറ്റിപ്പട്ടത്തിന്റെ കൂറ്റന്‍ മാതൃകകള്‍ തൂക്കിയിട്ടിരുന്നു. തൊട്ടടുത്തായി മിന്നിത്തിളങ്ങുന്ന വാളും പരിചയും. തുമ്പിക്കൈയുയര്‍ത്തി പ്രൗഢിയോടെ ചിന്നം വിളിക്കാനൊരുങ്ങുന്ന കൊമ്പനാനയുടെ വലിയൊരു പ്രതിമ ഗോവണിയുടെ താഴെയായി പ്രതിഷ്ഠിച്ചിരുന്നു. കടുംചുവപ്പ് പരവതാനിയിലും സോഫാസെറ്റുകളിലും സ്വര്‍ണ്ണനിറത്തിലുള്ള ചിത്രപ്പണികള്‍ കാണാം. അതിഥികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന  വിധത്തില്‍ തൂക്കിയിട്ടിരിക്കുന്ന വലിയ അലങ്കാര വിളക്കുകളില്‍ തെളിയുന്ന മഴവില്ലുകള്‍. വലതുവശത്തായി ഭിത്തിയില്‍ സുകന്യയുടെ കുട്ടിക്കാലത്തെ നിരവധി ഫോട്ടോകള്‍. കളിപ്പാവയേയും കയ്യിലെടുത്ത് കുറുമ്പുകാരി സുകന്യ, കുട്ടികളുടെ പാര്‍ക്കില്‍ കുത്തിമറിയുന്ന സുകന്യ, ശയനനും ഭാര്യയ്ക്കുമിടയില്‍ നില്‍ക്കുന്ന പട്ടുപാവാടയണിഞ്ഞ കൗമാരക്കാരി സുകന്യ... വെറുതെയല്ല അവളിത്ര തന്നിഷ്ടക്കാരിയായത്! അമിത ലാളന... ച്യവനന്‍ മനസ്സിലോര്‍ത്തു. നിന്റെ ഇനിയുള്ള ജീവിതത്തിന്റെ ഗതിവിഗതികളോരോന്നും ഞാന്‍ തീരുമാനിക്കും. ച്യവനന്‍ ഗൂഢസംതൃപ്തിയോടെ സുകന്യയെ നോക്കി. എന്നാല്‍, താന്‍ ഇക്കാലത്തിനിടെ ജീവിച്ചുതീര്‍ത്ത ജീവിതത്തിന്റെ സന്തോഷങ്ങള്‍ ഇല്ലാതാക്കാന്‍ അയാള്‍ക്കു കഴിയുമോ എന്നൊരു മറുചോദ്യം സുകന്യയുടെ കണ്ണുകളില്‍ തെളിഞ്ഞത് ച്യവനന്‍ പെട്ടെന്നു പിടിച്ചെടുത്തു. ഇനി അതു സാധിക്കില്ലല്ലോ ഒരു മന്ത്രവിദ്യകൊണ്ടും... ച്യവനന്‍ ഒരു നിമിഷം പരാജിതനായി.
''വിവാഹം എന്നു പറയുമ്പോള്‍...'' ശയനന്‍ ഇടര്‍ച്ചയോടെ വാക്കുകള്‍ക്കായി പരതി. '...എനിക്കും സുകന്യയ്ക്കും അവളുടെ വിവാഹത്തെപ്പറ്റി ചില സ്വപ്നങ്ങളൊക്കെ ഉണ്ടാവില്ലേ? നിങ്ങള്‍ ഒന്നോര്‍ത്തുനോക്കൂ.''
''സ്വപ്നങ്ങളോ?'' ച്യവനന്‍ പെട്ടെന്നു പൊട്ടിത്തെറിച്ചു. അത്രനേരവും മുഖത്തണിഞ്ഞിരുന്ന സംയമനഭാവം അയാള്‍ക്കു പെട്ടെന്നു നഷ്ടമായതായി തോന്നി.

''എനിക്കുമുണ്ടായിരുന്നു സ്വപ്നങ്ങള്‍. നിങ്ങള്‍ എന്റെ ജീവിതത്തെപ്പറ്റി ഓര്‍ക്കാത്തതെന്താണ്? ഞാനൊരു എഴുത്തുകാരനാണ്. പ്രാസംഗികനാണ്. നിങ്ങളുടെ മകള്‍ അശ്രദ്ധമായി കാറോടിച്ച് തകര്‍ത്തുകളഞ്ഞത് എന്റെ സ്വപ്നങ്ങളെയാണ്.''
''അതാണ് ഞാന്‍ പറഞ്ഞുവരുന്നത്.'' ശയനന്‍ ശാന്തതയോടെ തുടര്‍ന്നു. ''അവളുടെ തെറ്റുകൊണ്ട് നിങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകള്‍ വലുതാണെന്നെനിക്കറിയാം. അതിന് എന്തു നഷ്ടപരിഹാരം തരാനും ഞങ്ങളൊരുക്കമാണ്. നിങ്ങള്‍ കോടതിയും കേസുമായി നടക്കേണ്ട ആവശ്യമില്ല.''
''പണമോ?'' ച്യവനന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. ശയനന്‍ ഒരു നിമിഷം സ്തബ്ധനായി.
''എത്ര കാശാണ് നിങ്ങള്‍ക്കു തരാന്‍ കഴിയുക? പരമാവധി എത്ര ലക്ഷം? പറയൂ... പറയൂ.''
ശയനന്‍ ആശങ്കയോടെ ച്യവനനെ നോക്കി.
''എന്നാല്‍ കേട്ടോളൂ. എനിക്ക് പണത്തിന്റെ ആവശ്യമില്ല. എന്റെ ആസ്തി ലക്ഷങ്ങളല്ല, കോടികളാണ്. ശരിയാണ്... ഈ ജീവിതത്തില്‍ ഞാനൊന്നും സമ്പാദിച്ചിട്ടില്ല. എന്നാല്‍, എത്രയോ തലമുറകള്‍ക്ക് സുഭിക്ഷമായി കഴിയാനുള്ളത് എനിക്ക് പൂര്‍വ്വിക സ്വത്തായി കിട്ടിയിട്ടുണ്ട്. പക്ഷേ, ഈ പണം കൊണ്ട് ഇനി എനിക്കെന്താണ് പ്രയോജനം?'' ച്യവനന്‍ ഒന്നു നിര്‍ത്തി. ''പരസഹായം കൂടാതെ ഇനിയെനിക്ക് ജീവിക്കാനാകുമോ? എന്നെ സഹായിക്കാന്‍ ആരാണുള്ളത്? ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയിരിക്കുന്നു. അതുകൊണ്ട് എന്റെ ഇനിയുള്ള ജീവിതത്തിന് ഒരു ആശ്രയമാകാന്‍ സുകന്യയെ എനിക്കു തരിക.''

ശയനന്‍ ചാരുകസേരയിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. പിന്നില്‍ മ്ലാനമായ മുഖഭാവവുമായി നില്‍ക്കുന്ന സുകന്യയുടെ അമ്മയിലേക്ക് അയാള്‍ നോട്ടം മാറ്റി. അവര്‍ ഇതുവരെ ഒന്നുംതന്നെ സംസാരിച്ചില്ലെന്ന് അയാള്‍ ഓര്‍ത്തു.
''സുകന്യ എന്റെ ഒരേയൊരു മകളാണ്.'' ശയനന്‍ വികാരഭരിതനായി പറഞ്ഞു. ''എനിക്കുള്ളതെല്ലാം അവള്‍ക്കാണ്. ഞങ്ങള്‍ വലിയ പണക്കാരൊന്നുമല്ല. പക്ഷേ, ഇത്രകാലവും സുകന്യ ജീവിച്ചത് എല്ലാ സന്തോഷങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കുമിടയിലാണ്. ശരിക്കു പറഞ്ഞാല്‍ ഒരു രാജകുമാരിയെപ്പോലെ.''

ച്യവനന്‍ അലസമായി താടിയുഴിഞ്ഞുകൊണ്ട് ശയനനെ നോക്കി. 
''പറഞ്ഞല്ലോ അവളുടെ ഭാവിയെക്കുറിച്ച് എനിക്കു ഒരുപാടു പ്രതീക്ഷകളുണ്ടായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്കാവില്ല. എന്നും സ്വന്തം കാര്യത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള  സ്വാതന്ത്ര്യം സുകന്യയ്ക്കു നല്‍കിയിരുന്നു.''
ശയനന്‍ പറഞ്ഞവസാനിപ്പിച്ചു. ച്യവനന്‍ ബദ്ധപ്പെട്ടെഴുന്നേറ്റ് വാതില്‍പ്പടിയോളം ചെന്നു. ഒരുതവണ അയാളുടെ ഊന്നുവടി വഴുതിയപ്പോള്‍ സുകന്യ അയാളെ താങ്ങി. പോകുംമുന്‍പ് ച്യവനന്‍ സുകന്യയെ ഒന്നുകൂടി നോക്കി. ആ നോട്ടത്തില്‍ ക്ഷണമോ സൗഹാര്‍ദ്ദമോ ഇല്ലായിരുന്നു. എങ്കിലും താന്‍ ഒരു ആജീവനാന്തക്കരാറില്‍ ഒപ്പുവെച്ചു കഴിഞ്ഞതായി സുകന്യയ്ക്കു തോന്നി.
ച്യവനന്റെ ആഡംബരക്കാര്‍ ചുറ്റുമതില്‍ കടന്നപ്പോള്‍ ശയനന്‍ ഒരു നിമിഷം കണ്ണടച്ചുനിന്നു. രണ്ടാഴ്ചയ്ക്കു മുന്‍പുള്ള ആ ശപിക്കപ്പെട്ട ബുധനാഴ്ചയെപ്പറ്റി അയാള്‍ ഓര്‍ത്തു. അന്നാണ് സുകന്യയും കൂട്ടുകാരികളും തേക്കടിയിലേക്ക് വിനോദയാത്ര പോയി മടങ്ങുന്ന വഴിയില്‍ ആ അത്യാഹിതമുണ്ടായത്. ഒരുപക്ഷേ, അവളുടെ ജീവിതത്തിന്റെ തന്നെ ഗതി മാറ്റിയ അപകടം. മൂന്നു ദിവസം നീണ്ടുനിന്ന ടൂറിന്റെ ഹാങ്ങ് ഓവറിലായിരുന്നു സുകന്യ. ഡ്രൈവിങ്ങില്‍ വിദഗ്ദ്ധയായിരുന്നിട്ടും ഒരു നിമിഷം അവളുടെ ശ്രദ്ധ പാളി.
''സന്ധ്യ കഴിഞ്ഞ സമയത്ത് റോഡിലൂടെ തിടുക്കത്തില്‍ നടന്നുപോകുകയായിരുന്നു അയാള്‍-ച്യവനന്‍. ഇരുട്ടത്ത് മിന്നാമിനുങ്ങുപോലെ തിളങ്ങുന്ന ഒരു തൊപ്പി അയാള്‍ ധരിച്ചിരുന്നു. അയാള്‍ നടക്കുന്ന വശത്തേയ്ക്ക് വെറുതെ ഒരു കൗതുകത്തിന് കാറൊന്നു വെട്ടിക്കാന്‍ നോക്കിയതാ. ശ്രമം പാളി. അയാള്‍ ഒരു തുണിപ്പാവപോലെ കാറിന്റെ മേലേയ്ക്കു തെറിച്ചുവീഴുന്നതു കണ്ട് ഞങ്ങളെല്ലാവരും ഒരുമിച്ചു നിലവിളിച്ചതു മാത്രമേ എനിക്കോര്‍മ്മയുള്ളൂ.''

''ഇനിയിപ്പം അതൊക്കെ പറഞ്ഞിട്ടെന്താ?'' സുകന്യയുടെ അമ്മ നിരാശയോടെ പറഞ്ഞു. ''ദൂരയാത്രയ്ക്കു പോകുമ്പോള്‍ നീ ഡ്രൈവ് ചെയ്യരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. അതിനുള്ള പരിചയമൊന്നും നിനക്കായിട്ടില്ല. അച്ഛന്‍ പറയുന്നതെങ്കിലും നിനക്കൊന്ന് അനുസരിച്ചുകൂടേ?''
സുകന്യ ഒന്നും മിണ്ടിയില്ല.
''തലവര! അതു മാറ്റാന്‍ ആര്‍ക്കാണ് പറ്റുക?'' ശയനന്റെ ശബ്ദമിടറി.
''എന്തിനാണ് തലവര മാറ്റുന്നത്?'' സുകന്യ അസാധാരണമായ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു.
''എന്റെ വിധിയുമായി ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.''
''എന്നുവെച്ചാല്‍?'' ശയനനും ഭാര്യയും ഒരുമിച്ചു ചോദിച്ചു.
''ച്യവനനെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. പൂര്‍ണ്ണമനസ്സോടെ തന്നെ. എങ്കില്‍ മാത്രമേ എനിക്കു സമാധാനം കിട്ടൂ.''
ശയനന്‍ അവിശ്വസനീയതയോടെ സുകന്യയെ നോക്കി. എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്നൊരു ഭാവം അവളുടെ കണ്ണുകളില്‍ വായിച്ചെടുത്തപ്പോള്‍ അയാള്‍ നിശ്ശബ്ദനായി.
അടുത്തയാഴ്ച തന്നെ രജിസ്റ്റര്‍ ആഫീസില്‍വെച്ച് ആര്‍ഭാടരഹിതമായി സുകന്യയുടേയും ച്യവനന്റേയും വിവാഹം നടന്നു. കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന വിധത്തില്‍ മുഖവും തലയും മൂടിക്കെട്ടി, ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന വരന്‍ ഏവരേയും അമ്പരപ്പിച്ചു. സുകന്യയുടെ ഏറ്റവുമടുത്ത ബന്ധുക്കളും ച്യവനന്റെ എഴുത്തുകാരായ ഏതാനും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. ച്യവനന്റെ വിരൂപമായ രൂപത്തെ സുകന്യയുടെ ജ്വലിക്കുന്ന സൗന്ദര്യവുമായി താരതമ്യപ്പെടുത്തിയപ്പോള്‍ അവളുടെ തീരുമാനത്തെ ഏവരും പഴിച്ചു.
അലങ്കരിച്ച കാറില്‍ ച്യവനനോടൊപ്പം യാത്രയായപ്പോള്‍ നഷ്ടബോധം പോലെയുള്ള ഒരു വികാരം സുകന്യയെ ചൂഴ്ന്നു. ചുറ്റിലും വന്‍മരങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ, ഏകാന്തത തോന്നിപ്പിക്കുന്ന ഒരു സ്ഥലത്തായിരുന്നു ച്യവനന്റെ വീട്. ഒരു പര്‍ണ്ണശാലയുടെ മാതൃകയില്‍ രൂപകല്പന ചെയ്ത ആ കൂറ്റന്‍ കെട്ടിടം വ്യത്യസ്തതയാര്‍ന്ന വാസ്തുവിദ്യകൊണ്ടും രൂപഭംഗികൊണ്ടും പ്രൗഢമായിരുന്നു. നിബിഡവനത്തിന്റെ ഹരിതാഭയെ ഓര്‍മ്മിപ്പിക്കുന്ന പരവതാനികളും കരിമ്പാറയുടെ ആകൃതിയിലുള്ള ഇരിപ്പിടങ്ങളും വെള്ളച്ചാട്ടത്തെ ഓര്‍മ്മപ്പെടുത്തുന്ന വിളക്കുകളും അരുവിയുടെ തെളിമയുള്ള ജനല്‍ച്ചില്ലകളും കണ്ട് സ്ഥലജലവിഭ്രാന്തിയില്‍ ഒരു നിമിഷം പകച്ചുനിന്നുപോയി സുകന്യ. ഘോരമായ വനത്തിനുള്ളില്‍ വഴിതെറ്റിയലയുന്ന സഞ്ചാരിയുടെ ആശങ്കയോടെ അവള്‍ അകത്തളങ്ങളിലൂടെ ഇടറിയിടറി നടന്നു.
''വീടിഷ്ടമായോ?'' സൗഹൃദഭാവത്തോടെ ച്യവനന്‍ സുകന്യയെ നോക്കി.
''ഇതു ഞാന്‍ മോഹിച്ചു സ്വന്തമാക്കിയ സ്ഥലമാണ്.'' ച്യവനന്‍ പറഞ്ഞു.
''ഇവിടെയിരുന്നാണ് ഞാന്‍ എന്റെ മിക്ക രചനകളും നിര്‍വ്വഹിച്ചിട്ടുള്ളത്. നാടകങ്ങള്‍, തിരക്കഥകള്‍, നോവലുകള്‍... ഒടുവില്‍ മറ്റൊരിടത്തേയ്ക്കും എഴുത്തിനെ ആവാഹിക്കാന്‍ സാധ്യമല്ലെന്നുറപ്പായപ്പോള്‍ ഞാനീ സ്ഥലം വിലയ്ക്കു വാങ്ങി. ഒരു കോടി രൂപയ്ക്ക്. പിന്നേയും ഒരു കോടി മുടക്കി ഞാനിവിടെ ഈ വീട് പണിയിച്ചു.'' ച്യവനന്‍ വിജയിയുടെ ഭാവത്തോടെ ഒന്നു നിര്‍ത്തി.

''അങ്ങനെ മൊത്തം രണ്ടുകോടി രൂപയ്ക്ക് രണ്ടായിരം കോടി മുടക്കിയാലും കിട്ടാത്ത ഒന്ന് ഞാന്‍ നേടിയെടുത്തു. എന്താന്നറിയ്യോ?'' അയാള്‍ ഒരു ചിരിയോടെ മറുപടിയും പറഞ്ഞു.
''മനഃസമാധാനം! ഇവിടെയെത്തുമ്പോള്‍ എന്റെ മനസ്സ് സ്വസ്ഥമാകും. ശാന്തമായ മനസ്സിലേക്ക് ഞാന്‍ അക്ഷരങ്ങളെ ക്ഷണിക്കും. ഒരുപക്ഷേ, നിനക്കറിയില്ലായിരിക്കും അക്ഷരദേവത സരസ്വതിയുടെ ഉപാസകനാണ് ഞാന്‍. ദേവിയെ പ്രസാദിപ്പിക്കാനുള്ള ഒരു കഠിന തപസ്സാണ് എന്റെ ജീവിതം.''
''ആ തപസ്സ് ഇളക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.'' സുകന്യ ചിരിയോടെ പറഞ്ഞു.
''അന്‍പതു വയസ്സുവരെ ബ്രഹ്മചര്യം അനുഷ്ഠിച്ചയാളാണ് ഞാന്‍.'' 
ച്യവനന്‍ പറഞ്ഞു. ''ശരിയാണ്, എന്റെ രചനകളൊന്നും വേണ്ടത്ര ജനശ്രദ്ധ നേടിയിട്ടില്ല. എന്നാലതിനു മാറ്റമുണ്ടാകും. എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷമേ ഒരു ദാമ്പത്യത്തെപ്പറ്റി എനിക്ക് ചിന്തിക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ, അപകടത്തിനുശേഷം ശരീരത്തിന്റെ ഒടിഞ്ഞുനുറുങ്ങുന്ന വേദന ഒറ്റപ്പെടലിനെപ്പറ്റി എന്നെ ഓര്‍മ്മിപ്പിച്ചു.''
''ച്യവനന്‍ എന്നാണോ നിങ്ങളുടെ യഥാര്‍ത്ഥ പേര്?'' സുകന്യ ചോദിച്ചു.
ച്യവനന്‍ ഒരു നിമിഷം എന്തോ ചിന്തിച്ചു. ബാന്‍ഡേജ്‌കൊണ്ട് മുഖത്തിന്റെ ഭൂരിഭാഗവും മറച്ചിരുന്നതിനാല്‍ അയാളുടെ ഭാവമെന്തെന്ന് ഊഹിക്കുക ദുഷ്‌കരമായിരുന്നു.

''അല്ല. എന്റെ യഥാര്‍ത്ഥ പേര് ഞാന്‍ തന്നെ മറന്നുപോയി. ച്യവനന്‍ ആകുന്നതിനു മുന്‍പുള്ള ഭൂതകാലം-അത് എന്തുതന്നെയായാലും എന്നെ സംബന്ധിച്ച് പ്രസക്തമല്ല.''
''ദാ... അതാണ് നമ്മുടെ മുറി.'' ച്യവനന്‍ അകത്തേ മുറിയിലേക്ക് സുകന്യയെ ക്ഷണിച്ചുകൊണ്ടു പറഞ്ഞു.

അലങ്കരിച്ച മുറിയുടെ രണ്ടു വശങ്ങളിലായി ഇട്ടിരുന്ന കട്ടിലുകള്‍ ഒരു സൂചനയായിരുന്നു. സുകന്യ ജാലകവിരിയിലെ പച്ചിലപ്പടര്‍പ്പുകളുടെ ചാരുതയിലേക്ക് നിര്‍വ്വികാരയായി നോക്കി. ജനല്‍പ്പാളികള്‍ തുറന്നപ്പോള്‍ പ്രൗഢഗംഭീരമായി ഇരമ്പിയാര്‍ക്കുന്ന തിരമാലകള്‍ അവളുടെ പ്രിയപ്പെട്ട സിനിമയിലെ ഒരു രംഗത്തെ ഓര്‍മ്മിപ്പിച്ചു. വെറുതെയല്ല ച്യവനന്‍ മോഹവില കൊടുത്ത് ഈ സ്ഥലം സ്വന്തമാക്കിയത്. വേണമെങ്കില്‍ തനിക്കും ഇവിടെയിരുന്ന് ഒരു തിരക്കഥ മുഴുവനായി എഴുതാവുന്നതാണ്-സുകന്യ ഓര്‍ത്തു. തന്റെ ജീവിതത്തിന്റെ തിരക്കഥ.

പിറ്റേ ദിവസം മുതല്‍ ച്യവനന്റെ ദിനചര്യകള്‍ക്കനുസരിച്ച്  സ്വന്തം ജീവിതത്തെ പാകപ്പെടുത്താന്‍ സുകന്യ ശീലിച്ചു. വിചിത്രമായിരുന്നു അയാളുടെ രീതികള്‍. അതിരാവിലെ എഴുന്നേറ്റ് മണ്‍കൂജയില്‍ വെച്ച തണുത്ത വെള്ളം മൂന്നോ നാലോ ഗ്ലാസ്സ് കുടിച്ചതിനുശേഷം അയാള്‍ മുറ്റത്തെ പുല്‍ത്തകിടിയില്‍ യോഗയില്‍ മുഴുകി. ച്യവനനെ സാവധാനം ഉമ്മറപ്പടികളിറക്കി മുറ്റത്തെത്തിക്കാന്‍ സുകന്യ ഏറെ ക്ലേശിച്ചു. നിലത്തുവിരിച്ച പരവതാനിയുടെ മേലെ ഉയരം കുറഞ്ഞ ഒരു മരപ്പലകയിട്ട് കാലുകള്‍ നീട്ടിവെച്ചു മാത്രമേ അയാള്‍ക്ക് ഇരിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ച്യവനന്റെ ധ്യാനം നീണ്ടുപോയപ്പോഴൊക്കെ സുകന്യ അസ്വസ്ഥയായി, ഒരു ദ്വാരപാലകയെപ്പോലെ അയാളുടെ സമീപം നിലകൊണ്ടു. ച്യവനന്റെ  നിര്‍ദ്ദേശമനുസരിച്ച് അവള്‍ ഒരു വലിയ വിശറിയെടുത്ത് അയാളെ വീശിക്കൊണ്ടിരുന്നു.

ധ്യാനത്തിനുശേഷം അയാള്‍ എന്തൊക്കെയോ ചിന്തകളില്‍ മുഴുകി മണിക്കൂറുകളോളം ഇരുന്നു. ച്യവനന് സമയബോധം തീരെയുണ്ടായിരുന്നില്ല. രാവിലത്തെ ഭക്ഷണം ഉച്ചയ്ക്കും ഉച്ചയ്ക്കത്തേത് രാത്രിയിലും കഴിക്കുന്നത് അയാള്‍ ശീലമാക്കി. ഇടനേരങ്ങളില്‍ പഴനുറുക്കുകളും ഒരു ടീസ്പൂണ്‍ തേനും തനിക്ക് നിര്‍ബ്ബന്ധമാണെന്ന് അയാള്‍ അറിയിച്ചു. എല്ലാ ലഹരിവസ്തുക്കളും എന്തിന് ചായയും കാപ്പിയും പോലും നിഷിദ്ധമാണ്. ഈയിടെയായി താന്‍ മത്സ്യമാംസാദികള്‍ ഒഴിവാക്കിയെങ്കിലും മുന്നറിയിപ്പില്ലാതെ വീട്ടിലെത്തുന്ന അതിഥികള്‍ക്ക് അവ ആവശ്യമാണെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. അടുക്കളക്കാര്യങ്ങളില്‍ തന്റെ സഹായിയായിരുന്ന വയസ്സനെ തന്റെ വിവാഹത്തോടെ ജോലിയില്‍നിന്നും പിരിച്ചുവിട്ട കാര്യവും അയാള്‍ സുകന്യയോടു വെളിപ്പെടുത്തി.

ച്യവനന്റെ ഭക്ഷണവും മുറിവുകള്‍ക്കുള്ള പച്ചമരുന്നുകളും യഥാസമയം തയ്യാറാക്കുന്നതിലും മുറികള്‍ വൃത്തിയാക്കുന്നതിലും സുകന്യ വ്യാപൃതയായി. തന്റെ വീട്ടിലേക്കുള്ള ഫോണ്‍വിളികള്‍ തീര്‍ത്തും ഒഴിവാക്കാനായിരുന്നു സുകന്യയുടെ തീരുമാനം. പൂര്‍വ്വാശ്രമത്തിലെ ജീവിതം-അത് എത്ര പ്രിയപ്പെട്ടതായാലും ഇനി വിസ്മരിക്കുന്നതാണുചിതം. സുകന്യ ഓര്‍ത്തു. ദിവസങ്ങള്‍ക്കുശേഷം ച്യവനന്റെ ശരീരവേദനയ്ക്ക് ആശ്വാസം കിട്ടിത്തുടങ്ങി. അതിനുശേഷം കൃത്യമായി മരുന്നുകള്‍ കഴിക്കാന്‍ അയാള്‍ താല്പര്യം കാട്ടിയില്ല.

''ഇനി മുറിവുണങ്ങിയിട്ടെന്താ? മനസ്സിലെ വടുക്കള്‍ ഒരിക്കലും കരിയാന്‍ പോകുന്നില്ല.'' മുഖത്തെ ബാന്‍ഡേജുകള്‍ അഴിച്ചുമാറ്റിയ ദിവസം ച്യവനന്‍ നിരാശയോടെ പറഞ്ഞു. അപകടത്തിനുശേഷം മുഖത്തുണ്ടായ വൈരൂപ്യം അയാളെ അത്രമേല്‍ ദുഃഖിതനാക്കിയിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയല്ലാതെ അയാള്‍ക്കു നടക്കാന്‍ കഴിഞ്ഞതുമില്ല. കുറ്റപ്പെടുത്തലിന്റെ മുനകൂര്‍ത്ത നോട്ടങ്ങള്‍ ച്യവനനില്‍നിന്നും പ്രസരിച്ചപ്പോഴൊക്കെ സുകന്യ അസ്വസ്ഥയായി. പറ്റിപ്പോയ പിഴവുകള്‍ തിരുത്താനായി മാത്രം കഴിഞ്ഞകാല ജീവിതം ഒരു തവണ ഒരൊറ്റത്തവണ-വീണ്ടും ജീവിക്കാനായെങ്കില്‍... സുകന്യ ആഗ്രഹിച്ചു.

വീടിന്റെ പുറകുവശത്തെ പുല്‍ത്തകിടിയോടു ചേര്‍ന്ന് ച്യവനന്‍ ഒരു വള്ളിക്കുടില്‍ പണികഴിപ്പിച്ചിരുന്നു. അവിടെ അയാള്‍ പകല്‍നേരങ്ങളില്‍ തപസ്സില്‍ മുഴുകിയെന്നോണം കണ്ണടച്ചിരിക്കാറുണ്ട്. അയാളുടെ കയ്യിലെ വെള്ളക്കടലാസും പേനയും അപ്പോള്‍ അസ്വസ്ഥതയോടെ ഞെരിഞ്ഞമരുന്നുണ്ടാകും. ഉളി കയ്യിലെടുക്കാന്‍ അധൈര്യപ്പെടുന്ന ഒരു തച്ചനെപ്പോലെ ച്യവനന്‍ പേനയെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് സുകന്യ കണ്ടുപിടിച്ചു. എഴുതുന്ന കടലാസുകളൊക്കെയും അയാള്‍ അതൃപ്തിയോടെ നിമിഷങ്ങള്‍ക്കകം നിലത്തേയ്ക്ക് എറിഞ്ഞുകളഞ്ഞു. നിലത്തെ പച്ചപ്പുല്ലില്‍ നിരന്നുകിടക്കുന്ന വെള്ളക്കടലാസുകള്‍ കണ്ടപ്പോള്‍ കൊറ്റികള്‍ പറന്നുവന്നിരിക്കുന്ന പച്ചപ്പാടത്തിന്റെ ഒരു കുട്ടിക്കാലദൃശ്യം അനുവാദമില്ലാതെ തന്നെ സുകന്യയുടെ മനസ്സിലേക്കോടിയെത്തി. ടി.വിയിലും ചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു വള്ളിക്കുടിലില്‍ പ്രവേശിക്കുന്നതെന്ന്  സുകന്യ ഓര്‍ത്തു. അതിന്റെയകത്തെ തണുപ്പും ശാന്തതയും സുകന്യയില്‍ ഏതൊക്കെയോ അബോധസ്മരണകളുണര്‍ത്തി.
''എഴുത്തിനുള്ള ഒരു ഇടം വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. സാധാരണ വീടുകളിലെപ്പോലെ ഭക്ഷണമുണ്ടാക്കാനും കഴിക്കാനും കുളിക്കാനും പൂജിക്കാനും മാത്രം മുറികളുണ്ടായാല്‍ പോരാ എന്നൊരു തോന്നല്‍.'' ഇടനേരങ്ങളില്‍ വള്ളിക്കുടിലിലെത്തുന്ന സുകന്യയോട് ച്യവനന്‍ പറഞ്ഞു.
''ഇവിടെയിരുന്നാല്‍ കടലിന്റെ ശബ്ദം കേള്‍ക്കാം. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ പല സ്ഥലങ്ങളില്‍, പല ശബ്ദങ്ങളില്‍ ഞാന്‍ അക്ഷരങ്ങളെ സ്വപ്നം കാണുകയായിരുന്നു.''

''നിങ്ങളുടെ ജീവിതം പരാജയമല്ലേ?'' സുകന്യ ചോദിച്ചു.
''അല്ല.'' ച്യവനന്‍ പറഞ്ഞു. ''എന്റെ എഴുത്ത് പരാജയമല്ലെങ്കില്‍.''
അയാള്‍ എഴുതാനുള്ള കടലാസുകള്‍ കയ്യിലെടുത്ത് കസേരയിലേക്കു ചാരി കണ്ണും പൂട്ടിയിരുന്നു. സുകന്യ അയാളുടെ കാലില്‍ കുഴമ്പുപുരട്ടി സാവധാനം തടവി. പിന്നീട് ഒരു വിശറിയെടുത്ത് മെല്ലെ വീശിക്കൊണ്ടിരുന്നു. അയാള്‍ മതിയെന്ന് തലയാട്ടി.  അയാള്‍ക്ക് എഴുത്തിന്റെ അശാന്തിയിലേക്ക് പ്രവേശിക്കാനും തനിക്ക് വള്ളിക്കുടിലിനു പുറത്തേയ്ക്കു പോകാനും സമയമായെന്ന് സുകന്യയ്ക്കു മനസ്സിലായി.

ച്യവനന്‍ ഭക്ഷണം കഴിക്കാന്‍ പോലും അവിടം വിട്ടെഴുന്നേറ്റില്ല. കാത്തിരുന്ന് മടുത്തപ്പോള്‍ സുകന്യ വീണ്ടും അയാളുടെയടുത്തേക്കെത്തി. അപ്പോഴും കടലാസുകള്‍ നെഞ്ചില്‍ ചേര്‍ത്ത് കസേരയില്‍ ചാരിക്കിടക്കുകയായിരുന്നു ച്യവനന്‍. സുകന്യയുടെ കാലടിശബ്ദം കേട്ട് ഒന്നു ഞെട്ടി അയാള്‍ കണ്ണുകള്‍ തുറന്നു. അയാളുടെ നെറ്റിയിലെ ചുളിവുകള്‍ ഒന്നുകൂടി തെളിഞ്ഞു. അടുത്ത നിമിഷത്തില്‍ അയാള്‍ ക്രുദ്ധനായി കയ്യിലിരുന്ന കടലാസുകളൊക്കെയും ചുരുട്ടിക്കൂട്ടി നിലത്തേക്കെറിഞ്ഞു. വിശറി ഒടിച്ചുമടക്കി അകലേയ്ക്കു പറത്തി.
''എന്തുപറ്റി നിങ്ങള്‍ക്ക്?'' സുകന്യ ഞെട്ടലോടെ ചോദിച്ചു.
''ഭ്രാന്തു പിടിച്ചോ?''

''അതെ.'' അയാള്‍ പറഞ്ഞു. ''ഞാനിവിടെ ഭ്രാന്തനായതുകൊണ്ടാണ് പുറത്ത് നോര്‍മലായി പെരുമാറാന്‍ കഴിയുന്നത്.''
''ശരിക്കും നിങ്ങള്‍ക്കെന്നോട് അല്പമെങ്കിലും സ്‌നേഹമുണ്ടോ?''
സുകന്യ കുറച്ചു സമയത്തിനുശേഷം ചോദിച്ചു.
''ഞാന്‍ നിന്നെ വിവാഹം കഴിക്കാനാഗ്രഹിച്ചത് നിന്നോടുള്ള പ്രണയംകൊണ്ടൊന്നുമല്ല. എന്റെ ജീവിതം തകര്‍ത്ത നിന്നെ കഷ്ടപ്പെടുത്തണമെന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. എന്നാലിപ്പോള്‍ എനിക്ക് നിന്നോട് അല്പംപോലും ദേഷ്യമില്ല.'' ച്യവനന്‍ പറഞ്ഞു.
ഊന്നുവടി നിലത്തുകുത്തി ബുദ്ധിമുട്ടോടെ അയാള്‍ അപ്പോള്‍ത്തന്നെ അവിടം വിട്ടു പുറത്തുപോകുകയും ചെയ്തു.

ച്യവനന്‍ എഴുതിവെച്ചിരുന്ന കടലാസുകള്‍ സുകന്യ കുനിഞ്ഞെടുത്തു. വെട്ടിയും തിരുത്തിയുമെഴുതിയ ഏതാനും വരികള്‍ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. തെളിച്ചം കുറഞ്ഞ മഷികൊണ്ട് കോറിവരച്ചതുപോലെയുള്ള അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസമായിരുന്നു. സുകന്യ  ആ കടലാസുകള്‍ കുനുകുനെ കീറി കാറ്റില്‍ പറത്തി.
എന്നിട്ടും കീറിക്കളയാന്‍ ഇനിയുമെന്തൊക്കെയോ ബാക്കികിടപ്പുണ്ടെന്ന തോന്നല്‍ അവള്‍ക്കുണ്ടായി.
''നിങ്ങള്‍ക്കെന്നെ കബളിപ്പിക്കാനാവില്ല.'' തൊട്ടുമുന്നില്‍ ച്യവനനെ സങ്കല്പിച്ച് സുകന്യ പറഞ്ഞു.
''ഇപ്പോഴെന്നല്ല, ഇനിയൊരിക്കലും.''
ച്യവനന്റെ കാലിന്റെ പൊട്ടല്‍ ഒരുവിധം ഭേദമായിട്ടുണ്ടെന്ന് അയാളെ ചികിത്സിച്ച ഡോക്ടര്‍ എക്‌സ്-റേ ഫിലിം നോക്കി അഭിപ്രായപ്പെട്ടു.
''ഇനി ഫിസിയോ തെറാപ്പി തുടങ്ങാം. ചെറിയ വേദന കാര്യമാക്കണ്ട.''
ഫിസിയോ തെറാപ്പിക്ക് ആഴ്ചയില്‍ ഒരു തവണ ചെല്ലണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
''മുടക്കരുത്. കാലതാമസം വരുത്തുകയുമരുത്. ദിവസങ്ങള്‍ കഴിയുന്തോറും നടക്കാന്‍ പ്രയാസമേറിയേക്കാം.''
എല്ലാ തിങ്കളാഴ്ചയും ഫിസിയോ തെറാപ്പിസ്റ്റ് എത്തുന്ന ദിവസങ്ങളില്‍ ച്യവനനെ  ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന ദൗത്യം സുകന്യ ഏറ്റെടുത്തു.
''എത്ര ബുദ്ധിമുട്ടിയാലും പഴയതുപോലെ നടന്നാല്‍ മതി എനിക്ക്.''
ച്യവനന്‍ ഉത്സാഹത്തോടെ പറഞ്ഞു.

''വീട്ടില്‍ അടച്ചുപൂട്ടിയുള്ള ഈ ഇരിപ്പ് എനിക്കു മടുത്തുകഴിഞ്ഞു.''
ടൗണില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലത്തിലായിരുന്നു സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍. വിശുദ്ധന്മാരുടേയും കന്യാസ്ത്രീകളുടേയും ചിത്രങ്ങള്‍ തൂക്കിയ റിസപ്ഷന്‍ കൗണ്ടറില്‍ ചെന്ന് സുകന്യ ഫിസിയോ തെറാപ്പിസ്റ്റിന്റെ മുറി അന്വേഷിച്ചു. തവിട്ടു കണ്ണുകളും തവിട്ടു മുടിയുമുള്ള സുന്ദരിയായ പെണ്‍കുട്ടി മൂന്നാമത്തെ നിലയിലേക്കുള്ള ലിഫ്റ്റ് കാട്ടിക്കൊടുത്തു.

ച്യവനനെ ഫിസിയോ തെറാപ്പിക്കായി കൊണ്ടുപോയപ്പോള്‍ സുകന്യ മൂന്നാംനിലയിലെ കൈവരിയില്‍ പിടിച്ച് അക്ഷമയോടെ നിന്നു. അപകടങ്ങളുടെ ബാക്കിപത്രമായ ഒടിവുകളും ചതവുകളുമായി ഏതാനും ചെറുപ്പക്കാര്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ മുറിയുടെ മുന്നില്‍ തങ്ങളുടെ ഊഴം കാത്തിരിക്കുന്നുണ്ടായിരുന്നു. ചുവരിലെ സ്‌ക്രീനില്‍ തെളിയുന്ന ടോക്കണ്‍ നമ്പറിലേയ്ക്ക് ഇടയ്ക്കിടെ പാളിനോക്കിയിട്ട് അവര്‍ മൊബൈല്‍ ചതുരത്തിന്റെ പ്രലോഭനങ്ങളിലേയ്ക്ക് ഇറങ്ങിപ്പോയി.

തൊട്ടടുത്ത മുറിയിലേയ്ക്ക് തിരിയുന്ന ഇടനാഴിയിലെത്തിയ സുകന്യയ്ക്ക് അത് പ്ലാസ്റ്റിക് സര്‍ജറി വിഭാഗമാണെന്നു മനസ്സിലായി. വാതിലിനു മുകളില്‍വെച്ച ചുവന്ന ബോര്‍ഡ് അവള്‍ വായിച്ചു: ''ഡോ. അശ്വിന്‍ കുമാര്‍, ഡോ. അശ്വിന്‍ മോഹന്‍.'' അതേ നിമിഷം തന്നെ ആ വാതില്‍തുറന്ന് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ പുറത്തേയ്ക്കിറങ്ങി. ലിഫ്റ്റിനു നേര്‍ക്ക് തിടുക്കത്തില്‍ നടക്കുന്നതിനിടയില്‍ അയാളുടെ നോട്ടം തന്റെ കണ്ണുകളില്‍ കുരുങ്ങിക്കിടക്കുന്നത് സുകന്യ അറിഞ്ഞു. ലിഫ്റ്റിനടുത്തുവെച്ച് ഒരു നഴ്‌സിനോട് എന്തോ സംസാരിച്ചു ചിരിക്കുന്നതിനിടയില്‍ അയാള്‍ രണ്ടോ മൂന്നോ തവണ സുകന്യയെ തിരിഞ്ഞുനോക്കി.

അയാള്‍ ലിഫ്റ്റില്‍ കയറിയ ഉടന്‍തന്നെ എതിര്‍വശത്തെ ഇടനാഴിയിലൂടെ അയാളുടെ അതേ മുഖച്ഛായയിലുള്ള മറ്റൊരു യുവാവ് പ്രത്യക്ഷപ്പെട്ടു. സുകന്യയുടെ അടുത്തെത്തിയപ്പോള്‍ അയാളും നിന്നു. അവളുടെ മുഖത്തെ വിസ്മയത്തിലേയ്ക്കു നോക്കി അയാള്‍ ലാഘവത്തോടെ ചിരിച്ചു.
''നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. എത്രയാണ് നിങ്ങളുടെ നമ്പര്‍?'' അയാള്‍ അന്വേഷിച്ചു.
''ഞങ്ങള്‍ ഫിസിയോ തെറാപ്പിസ്റ്റിനെ കാണാന്‍ വന്നതാണ്.''
സുകന്യ താല്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.
''ഞാനും എന്റെ ഭര്‍ത്താവും.''
''ഓ...'' അയാള്‍ നിരാശ ഭാവിച്ചു പറഞ്ഞു.
''ഇവിടത്തെ പേഷ്യന്റായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ഇപ്പോള്‍ത്തന്നെ അകത്തേയ്ക്കു വിളിപ്പിച്ചേനെ.''
സുകന്യ സംശയത്തോടെ അയാളെ നോക്കി. ഇതിനിടയില്‍ ലിഫ്റ്റില്‍ക്കയറി ഒന്നാംനിലയിലേയ്ക്കു പോയ ചെറുപ്പക്കാരന്‍ അവിടേയ്ക്കു മടങ്ങിയെത്തി. അതിശയിപ്പിക്കുന്ന രൂപസാദൃശ്യമുള്ള രണ്ടു യുവാക്കളേയും സുകന്യ മാറിമാറി നോക്കി.
''എന്താ, ഞങ്ങളെ തമ്മില്‍ മാറിപ്പോകുന്നുണ്ടോ?''
സുകന്യയോട് സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.
''ഞാന്‍ അശ്വിന്‍ കുമാര്‍.''
''ഞാന്‍ അശ്വിന്‍ മോഹന്‍.'' രണ്ടാമത്തെ യുവാവ് പറഞ്ഞു.
''ഞങ്ങള്‍ അശ്വിന്‍ ഡോക്ടേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്.''
''ഞങ്ങള്‍ ഇരട്ടസഹോദരന്മാരാണ്.'' അശ്വിന്‍കുമാര്‍ അറിയിച്ചു.
''പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരും.''
''പരിചയപ്പെട്ടതില്‍ സന്തോഷം.'' സുകന്യ പറഞ്ഞു.
''എന്റെ ഭര്‍ത്താവ് ഫിസിയോ തെറാപ്പി കഴിഞ്ഞ് എത്താന്‍ സമയമായി. ഞാനങ്ങോട്ടു ചെല്ലട്ടെ.''
''നിങ്ങളുടെ ഭര്‍ത്താവ് തിരിച്ചെത്താന്‍ സമയമായിട്ടില്ല.''
അശ്വിന്‍കുമാര്‍ ഉറപ്പിച്ചു പറഞ്ഞു.
''അതിനിനിയും ഒരു മണിക്കൂറെങ്കിലും വേണം.''
''പക്ഷേ, ഞങ്ങളുടെ പേഷ്യന്റ്‌സ് ഒക്കെ പോയിക്കഴിഞ്ഞു.''
അശ്വിന്‍ മോഹന്‍ പറഞ്ഞു.
''ഇനി വൈകുന്നേരം വരെ ഞങ്ങള്‍ ഫ്രീയാണ്.''
''എന്താണ് നിങ്ങളുടെ പേര്?'' അശ്വിന്‍  മോഹന്‍ ചോദിച്ചു.
''സുകന്യ.'' സുകന്യ ഉദാസീനയായി പറഞ്ഞു.
''സുകന്യയ്ക്ക് എത്ര വയസ്സുണ്ട്?'' അശ്വിന്‍ കുമാര്‍ ചോദിച്ചു.
''ഇരുപത്തിയഞ്ച്.'' സുകന്യ അമ്പരപ്പോടെ പറഞ്ഞു.
അശ്വിന്‍ കുമാര്‍ ഒരു നിമിഷം എന്തോ ചിന്തിക്കുന്നതായി ഭാവിച്ചു.
''പ്രായം എത്രയായാലും പ്രശ്‌നമല്ല.'' അയാള്‍ പറഞ്ഞു.
''സുകന്യയുടെ നാടും വീടുമൊക്കെ എവിടെയാ?''
''എന്തിനാണ് നിങ്ങള്‍ അതൊക്കെ അറിയുന്നത്?'' സുകന്യ ഈര്‍ഷ്യയോടെ ചോദിച്ചു.
''പറയാം.'' അശ്വിന്‍ മോഹന്‍ ചിരിച്ചു.
''കുട്ടിക്കാലം തൊട്ടേ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ താല്പര്യങ്ങളായിരുന്നു. ഒരേ പെറ്റ്‌സ്. ഒരേ ടോയ്‌സ്. വളര്‍ന്നപ്പോള്‍ എനിക്ക് ഡോക്ടര്‍ ആകാനായിരുന്നു ഇഷ്ടം.'' അശ്വിന്‍ മോഹന്‍ നാടകീയമായി പറഞ്ഞു: ''ഇവനും അതെ.''
''ബാക്കി ഞാന്‍ പറയാം.'' അശ്വിന്‍ കുമാര്‍ ഇടപെട്ടു.
''കോളേജില്‍ പഠിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരേ പെണ്‍കുട്ടികളോടു പ്രേമം തോന്നി. ഇപ്പോള്‍ എനിക്കു നിന്നോടു പ്രണയം തോന്നുന്നു. ഇവനും നിന്നോടു തന്നെ.''
''അതുകൊണ്ട്...'' അശ്വിന്‍ മോഹന്‍ നിസ്സാരമായി പറഞ്ഞു.
''സുകന്യ ഞങ്ങളിലൊരാളെ ഭര്‍ത്താവായി തെരഞ്ഞെടുക്കണം.''
''നിങ്ങള്‍ക്കു ശരിക്കും വട്ടാണോ?'' ദേഷ്യം നിയന്ത്രിക്കാന്‍ പാടുപെട്ട് സുകന്യ ചോദിച്ചു. ''അതോ വട്ടായതായി അഭിനയിക്കുകയാണോ?''
''ചെറുപ്പം മുതലേ ഞങ്ങള്‍ സൗന്ദര്യാരാധകരായിരുന്നു.''
സുകന്യയുടെ ചോദ്യം അവഗണിച്ചിട്ട് അശ്വിന്‍ കുമാര്‍ തുടര്‍ന്നു.
''മുതിര്‍ന്നപ്പോള്‍ ആളുകളുടെ വൈരൂപ്യങ്ങള്‍ സര്‍ജറിയിലൂടെ സുന്ദരമാക്കിത്തീര്‍ക്കുന്ന ജോലി ഞങ്ങള്‍ ഇഷ്ടപ്പെട്ടു. സത്യമായും സുകന്യയോളം സുന്ദരിയായ ഒരു സ്ത്രീയെ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല.''
''നിങ്ങളുടെയീ ഭ്രാന്തു കേള്‍ക്കാന്‍ എനിക്കു സമയമില്ല.''
സുകന്യ ഫിസിയോ തെറാപ്പി വിഭാഗത്തിലേയ്ക്കു പോകാനൊരുങ്ങിക്കൊണ്ടു പറഞ്ഞു.

''എന്റെ ഭര്‍ത്താവ് തിരിച്ചുവന്നാല്‍ എന്നെ അന്വേഷിക്കും.''
''വയസ്സനും വിരൂപനുമായ അയാളെ നിനക്കെന്തിനാണ് സുകന്യേ?''
അശ്വിന്‍ മോഹന്‍ അവളെ ഈര്‍ഷ്യ പിടിപ്പിക്കാനെന്നോണം ചോദിച്ചു.
''ഒരപകടത്തിനുശേഷമാണ് അദ്ദേഹത്തിന്റെ മുഖം വിരൂപമായത്.''
സുകന്യ പറഞ്ഞു. ''ഫിസിയോ തെറാപ്പിക്കുശേഷം അദ്ദേഹത്തിനു പഴയതുപോലെ നടക്കാന്‍ കഴിയണം. അതു മാത്രമാണെന്റെ ആഗ്രഹം.'' സുകന്യ പറഞ്ഞു:
അശ്വിന്‍ ഡോക്ടേഴ്‌സ് കുറച്ചു സമയം നിശ്ശബ്ദരായി. പിന്നീട് പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം എന്തോ സംസാരിച്ചതിനുശേഷം അശ്വിന്‍ മോഹന്‍ പറഞ്ഞു.
''സുകന്യയുടെ ഭര്‍ത്താവിന്റെ മുഖം ഞങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഭംഗിയുള്ളതാക്കിത്തീര്‍ത്താലോ? അതിനെപ്പറ്റിയെന്താണ് സുകന്യയുടെ അഭിപ്രായം?''
സുകന്യ ഒരു നിമിഷം നിശ്ശബ്ദയായി. അങ്ങനെയൊരു സാദ്ധ്യതയെപ്പറ്റി ഇതിനു മുന്‍പൊരിക്കലും ചിന്തിച്ചിട്ടേയില്ലല്ലോ എന്ന് അവളോര്‍ത്തു. ഇക്കാര്യത്തില്‍ ച്യവനന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാന്‍പോലും അവള്‍ക്കു കഴിഞ്ഞില്ല.
''അത്... എനിക്കു പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. അദ്ദേഹത്തോടു ചോദിക്കണം.'' സുകന്യ പറഞ്ഞു.
''സുകന്യ നോക്കിക്കോ... ഞങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നിന്റെ ഭര്‍ത്താവിന്റെ മുഖം ഞങ്ങളുടേതുപോലെയാക്കിത്തീര്‍ക്കും. ഞങ്ങള്‍ മൂന്നുപേരുടേയും രൂപം ഒന്നു തന്നെയായാല്‍ നിനക്ക് നിന്റെ ഭര്‍ത്താവിനെ തിരിച്ചറിയാന്‍ കഴിയുമോ?'' അശ്വിന്‍ കുമാര്‍ ചോദിച്ചു. സുകന്യ അമ്പരപ്പോടെ അയാളെ നോക്കി.
''നിനക്ക് അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ നിന്നെ നിന്റെ ഭര്‍ത്താവിനു വിട്ടുതന്നേക്കാം. എന്തു പറയുന്നു?''
പകുതി കളിയായും പകുതി കാര്യമായും അശ്വിന്‍ മോഹന്‍ ചോദിച്ചു.
സുകന്യ  ആശയക്കുഴപ്പത്തോടെ ഇരുവരേയും മാറിമാറി നോക്കി.
ഒരു യക്ഷിക്കഥപോലെ അവിശ്വസനീയമാണ് ഇന്നത്തെ സംഭവങ്ങളെന്ന് ഫിസിയോ തെറാപ്പി വിഭാഗത്തിലേയ്ക്കു തിടുക്കപ്പെട്ട് നടക്കുന്നതിനിടയില്‍ സുകന്യ ഓര്‍ത്തു.


''ഏയ്, പോവുകയാണോ? മറുപടി പറഞ്ഞിട്ടു പോകൂ'' എന്ന് പിറകില്‍നിന്ന് അശ്വിന്‍ ഡോക്ടേഴ്‌സ് ഒരേ സ്വരത്തില്‍ പറഞ്ഞത് അവള്‍ അവഗണിച്ചു.
ഫിസിയോ തെറാപ്പി കഴിഞ്ഞു തിരിച്ചെത്തിയ ച്യവനന്‍ ക്ഷീണിതനായിരുന്നു. കാലിന്റെ വേദന രാവിലെത്തേക്കാള്‍ കൂടിയിരിക്കുന്നു എന്ന് അയാള്‍ പരിതപിച്ചു.  ആശുപത്രിയുടെ ടൈല്‍സിട്ടു മിനുക്കിയ തറയിലൂടെ ഊന്നുവടിയുറപ്പിച്ചു നടക്കാന്‍ അയാള്‍ ഏറെ ക്ലേശിച്ചു. ഒ.പി. സമയം അവസാനിച്ചതിനാല്‍ ആശുപത്രിയില്‍ തിരക്കൊഴിഞ്ഞു തുടങ്ങിയിരുന്നു.  ഒറ്റപ്പെട്ട ഏതാനും രോഗികള്‍ മാത്രം അക്ഷമ കലര്‍ന്ന മുഖഭാവത്തോടെ കസേരകളിലിരിക്കുന്നുണ്ടായിരുന്നു.

വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ സുകന്യ ച്യവനന്റെ കാലുകളില്‍ എണ്ണ തടവിക്കൊടുത്തു. കുറച്ചു സമയം വിശ്രമിച്ചു കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നുന്നുവെന്ന് അയാള്‍ പറഞ്ഞു. വേദന കുറഞ്ഞപ്പോള്‍ വള്ളിക്കുടിലിന്റെ പ്രശാന്തതയില്‍ അല്പസമയമിരിക്കണമെന്ന് അയാള്‍ താല്പര്യം പ്രകടിപ്പിച്ചു.
വൈകുന്നേര വെയിലിന്റെ നിഴലുകള്‍ കുടിലിനകവശത്ത് വിചിത്ര രൂപങ്ങള്‍ വരച്ചിടുന്നത് ച്യവനന്‍ നോക്കിയിരുന്നു. എഴുതാന്‍ ബാക്കിവെച്ച വരികളുടെ അശാന്തി അപ്പോഴും അയാളെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടെന്ന് സുകന്യ സംശയിച്ചു.
''നീയിന്ന് ആശുപത്രിയില്‍ എന്നെ കാത്തിരുന്നു മുഷിഞ്ഞോ?''
കുറച്ചു സമയത്തിനുശേഷം ച്യവനന്‍ ചോദിച്ചു. സുകന്യ അശ്വിന്‍ ഡോക്ടേഴ്‌സിനെ പരിചയപ്പെട്ട വിവരം ച്യവനനോടു പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിയുടെ കാര്യം പറഞ്ഞപ്പോള്‍ സുകന്യയുടെ ഊഹത്തിനും വിപരീതമായി ച്യവനന്റെ കണ്ണുകള്‍ പ്രകാശിക്കുകയാണുണ്ടായത്.
''...അപ്പോള്‍ എന്റെ മുഖത്തിനു മാറ്റമുണ്ടാകുമോ?'' അയാള്‍ പ്രതീക്ഷയോടെ ചോദിച്ചു.
''ഈ വൈരൂപ്യം എന്നെ ഒറ്റപ്പെടുത്തുകയാണ്. ആളുകളുടെ സഹതാപം ഭയന്ന് ഞാന്‍ പൊതുവേദികള്‍ ഒഴിവാക്കുന്നു.''
''നിങ്ങള്‍ എഴുത്തിലൂടെയല്ലേ വായനക്കാരോടു സംവദിക്കുന്നത്?'' സുകന്യ ചോദിച്ചു.
''എഴുത്തിലൂടെ മാത്രമല്ല.'' ച്യവനന്‍ പറഞ്ഞു.
''ഞാന്‍ എന്റെ ശരീരം കൊണ്ടും ആളുകളോടു കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്.''
സുകന്യ ഒരു നിമിഷം നിശ്ശബ്ദയായി. പ്ലാസ്റ്റിക് സര്‍ജറിക്കുശേഷം അശ്വിന്‍ ഡോക്ടേഴ്‌സിന്റെ മുഖമുള്ള പുതിയൊരു ച്യവനനെ അവള്‍ സങ്കല്പിച്ചു.
''...എന്നാലും അതു വേണ്ട.'' ച്യവനന്റെ നീട്ടിവളര്‍ത്തിയ താടിയിലൂടെ വിരലോടിച്ചുകൊണ്ട് സുകന്യ പറഞ്ഞു.
''നിങ്ങള്‍ നിങ്ങളാകുന്നതാണ് എനിക്കിഷ്ടം.''
-------
*സുകന്യ: ച്യവന മഹര്‍ഷിയുടെ ഭാര്യയായിരുന്നു സുകന്യ.


ചിത്രീകരണം - ലീനാരാജ് ആര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com