ചൂണ്ട: വി ഷിനിലാല്‍ എഴുതിയ കഥ

കാട്ടുവള്ളികള്‍ പടര്‍ന്ന് വാവട്ടം മൂടിയ കുളത്തിന്റെ ആഴനിഗൂഢതയില്‍ അച്ഛനും മകനും താഴ്ത്തിവിട്ട കങ്കൂസ് നൂലുകള്‍ നിശ്ശബ്ദവേട്ട നടത്തുകയായിരുന്നു.
ചൂണ്ട: വി ഷിനിലാല്‍ എഴുതിയ കഥ



ചെറുപര്‍വ്വതം വിശ്രമത്തിനായി മുട്ടുമടക്കിവച്ച കുളക്കരയില്‍ പിതാവും പുത്രനും മുഖാമുഖമിരുന്നു. പര്‍വ്വതത്തെ കാര്‍മേഘങ്ങളും കുളത്തെ നൂറ്റാണ്ടുകളുടെ ജടപിടിച്ച കാട്പടലങ്ങളും മൂടിയിരുന്നു. അതുകൊണ്ടുതന്നെ പര്‍വ്വതത്തിന്റെ ഉയരവും കുളത്തിന്റെ ആഴവും അവര്‍ക്ക് കണ്‍പെട്ടില്ല. 
മലയും മേഘങ്ങളും ചേര്‍ന്ന് ആ ചെറുപ്രദേശത്തിന് ഒരു തടവറയുടെ രൂപഭംഗി നല്‍കിയിരുന്നു. പടിഞ്ഞാറേക്ക് നോക്കിയിരുന്ന പിതാവിന്റെ മുഖത്ത് പതിച്ചു തുടങ്ങിയ ഇരുള്‍ നോക്കി കൗതുകത്തോടെ മകനിരുന്നു. മകന്‍ കൗമാരത്തിന്റെ സന്ദിഗ്ദ്ധതയില്‍ ആയിരുന്നു. പ്രകൃതി അവന്റെ ഉടലിനെ കാമനകള്‍കൊണ്ട് പുതുക്കിയിരുന്നു. ഇളനീര്‍ വളര്‍ച്ചയെത്തിയ മസ്തിഷ്‌കത്തില്‍ സംശയങ്ങളും കൃത്യഭാഗങ്ങളില്‍ രോമവും മുളച്ച് തുടങ്ങിയിരുന്നു. വിരലില്‍ ചൂണ്ടനൂല്‍ പിടിച്ച ശരീരത്തെ കുളക്കടവിലിരുത്തി അവന്‍ മറ്റൊരു സങ്കല്പലോകത്ത് മേഞ്ഞു നടന്നുകൊണ്ടിരുന്നു.

കാട്ടുവള്ളികള്‍ പടര്‍ന്ന് വാവട്ടം മൂടിയ കുളത്തിന്റെ ആഴനിഗൂഢതയില്‍ അച്ഛനും മകനും താഴ്ത്തിവിട്ട കങ്കൂസ് നൂലുകള്‍ നിശ്ശബ്ദവേട്ട നടത്തുകയായിരുന്നു. നൂലുകളുടെ അറ്റത്ത് പുരാതന മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും കുടിലമായ ആയുധം കോര്‍ത്തിരുന്നു. ചൂണ്ട.
''എന്നെയിങ്ങനെ നോക്കാതെ, ചൂണ്ടയില്‍ ശ്രദ്ധിക്ക് മോനേ. ചൂണ്ടക്കൊളുത്തില്‍ വന്ന് ഒരു മീന്‍ മീശ മുട്ടിക്കുന്നതിന്റെ ചലനം പോലും വിരല്‍ത്തുമ്പിലറിയണം.''
''അതല്ലച്ഛാ, എനിക്കൊരൈഡിയ തോന്നുന്നു.''
''എന്ത്?''
''നമുക്ക് മതം മാറിയാലോ?''
'ഏത് മതം?'
''ക്രിസ്തുമതം. എബ്രഹാം ലിങ്കണ്‍ ഒക്കെ ക്രിസ്ത്യാനിയല്ലേ?''
ആഴക്കുളത്തിന്റെ കരയിലിരുന്ന് അച്ഛന്‍ മകനെ നോക്കി. മകന്‍ അച്ഛനേയും. 
''എബ്രഹാം ലിങ്കണ്‍ മാത്രമല്ല, ഹിറ്റ്ലറും ക്രിസ്ത്യാനിയായിരുന്നു. അതു പോട്ടെ, നിനക്കിപ്പോള്‍ ഇങ്ങനെ തോന്നാനെന്താണ്?'' അച്ഛന്‍ ചോദിച്ചു. 
''ഹോസ്റ്റലില്‍ എനിക്കൊരു ബൈബിള്‍ കളഞ്ഞുകിട്ടി.''
മകന്‍ വീണ്ടും ചിന്തയിലാണ്ടു. കാട്പടലങ്ങള്‍ക്കിടയില്‍ തേനീച്ചക്കൂടുണ്ടായിരുന്നു. അവിടമാകെ പ്രപഞ്ചോല്പത്തിയുടെ നാദം നിറക്കലായിരുന്നു ആ ചെറുജീവികളുടെ അപ്പോഴത്തെ ധര്‍മ്മം. ഉയര്‍ന്നുതാഴുന്ന ഉല്പത്തിയുടെ മുഴക്കത്തില്‍ ചെറുശബ്ദങ്ങളെയൊക്കെ അവ അപ്രസക്തമാക്കിത്തീര്‍ത്തു.

''നീ ചൂണ്ടയില്‍ ശ്രദ്ധിക്കൂ മോനേ.'' അയാള്‍ മകനെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ''നോക്ക്, ഇനി അഞ്ച് വര്‍ഷംകൊണ്ട് നിന്റെ എന്‍ജിനീയറിങ് പഠനം അവസാനിക്കും. പിന്നെ ഒരു വര്‍ഷം എം.ബി.എ. ചെയ്യണം. അപ്പോഴേക്കും യു.എസിലേക്കുള്ള വിസ റെഡിയാവും. പക്ഷേ, നീ അലസത വെടിയണം.''
അവധിക്കു വന്ന മകനെ ഗ്രാമത്തിലെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതാണ് അച്ഛന്‍. കുഴികള്‍ നിറഞ്ഞ റോഡ് താണ്ടുമ്പോള്‍ അയാള്‍ പറഞ്ഞു: ''നമുക്കിന്നൊരു മെര്‍ലിന്‍ മത്സ്യത്തെ പിടിക്കണം.'' കവലയിലെ പീടികയില്‍നിന്നും രണ്ട് ചൂണ്ട അയാള്‍ വാങ്ങി. തറവാട്ട് മുറ്റത്ത് കാര്‍ നിര്‍ത്തിയശേഷം തെങ്ങിന്‍ചുവടിളക്കി രണ്ട് മണ്ണിരകളെ പിടിച്ചു. തന്നെ എന്തിനാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നും ചൂണ്ടയിടുന്നതിന്റെ ഉദ്ദേശ്യമെന്തെന്നും സംശയങ്ങള്‍ തോന്നിയെങ്കിലും അവന്‍ ഒന്നും ചോദിച്ചില്ല.
''ദാ, ഇങ്ങനെ.'' സോപ്പ് കുമിളയോളം മൃദുവായ വിരകളെ ചൂണ്ടയില്‍ കോര്‍ത്തു. ''ചൂണ്ടയിടലിന്റെ പാഠം ഞാന്‍ നിനക്ക് പറഞ്ഞുതരാം.'' പറമ്പിലെ പുരാതനമായ കുളത്തില്‍ വാവട്ടം മൂടിയ കാട്ട് ചെടികള്‍ക്കിടയില്‍ക്കൂടി ചൂണ്ടയിറക്കിവിട്ട് പിതാവും പുത്രനും കാത്തിരുന്നു.
ഏറെ നേരം കഴിഞ്ഞിരിക്കുന്നു.
''ചൂണ്ടയിട്ട് കഴിഞ്ഞാല്‍ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. ജലജീവികളുടെ സഞ്ചാരങ്ങള്‍ നൂലിന്റെ അനക്കത്തില്‍നിന്നറിയണം. കടിയുറച്ചു എന്നറിഞ്ഞാല്‍ ഒറ്റവെട്ടലില്‍ മത്സ്യം കരയിലെത്തണം. മനസ്സിലായോ?''
''ഉം. പക്ഷേ, നമ്മള്‍ ഏറെ നേരമായല്ലോ.''
''ക്ഷമയാണ്, ഒരു ചൂണ്ടക്കാരന്റെ ഒന്നാമത്തെ യോഗ്യത. ക്ഷമയാണ് ക്ഷമത. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടുന്തോറും ഫലത്തിന്റെ ഗുണവും കൂടും. അതുവരെ ഒറ്റ ലക്ഷ്യം മാത്രം. ഉദാഹരണത്തിന് എന്‍ട്രന്‍സ് പരീക്ഷ പരിശീലിക്കുന്ന കുട്ടി, അതുമാത്രം പഠിക്കുക. അയാള്‍ ബൈബിളും നോക്കിയിരിക്കേണ്ട കാര്യമില്ല.''
ഇരുളിനു കനംവച്ചു. കാത്തിരിപ്പിന് മാറ്റമൊന്നും വന്നില്ല. ഇരുവരും നിശ്ശബ്ദരായി നൂലനക്കം മാത്രം ശ്രദ്ധിച്ചു കുത്തിയിരുന്നു. അനക്കം മാത്രമായിരുന്നു സംവേദനം. കുളമാകട്ടെ, അതിന്റെ ഗൂഢത ഒളിപ്പിച്ചുവച്ച് നിശ്ചലം മറഞ്ഞുതന്നെ കിടന്നു. നിരന്തരവും ആദിമവുമായ ആ മുഴക്കം മാത്രം അതിനുള്ളില്‍നിന്നും പൊന്തിത്തൂവി.
''എന്നാല്‍ മീനുണ്ട്. ഏറ്റവും യോഗ്യമായ ഒരു ചൂണ്ട കണ്ടാല്‍ കൊത്താതിരിക്കാനാവില്ല, എത്ര പ്രതാപിയായ മത്സ്യത്തിനും. ഇത് നീ മനസ്സില്‍ സൂക്ഷിച്ച് വയ്ക്കൂ. ഇതാണ് ഒന്നാം പാഠം.'' 
ആഴനിശ്ശബ്ദത തകര്‍ത്തുകൊണ്ട് ഒരു ബലം അവന്റെ തള്ളവിരലില്‍ തുടിച്ചു. മീന്‍ ചൂണ്ടനൂലില്‍ക്കൂടി സംസാരിക്കുകയാണ്. ഇതാ, ഞാനിതാ ഇവിടെ എന്ന്.
ഇളവിരല്‍കൊണ്ട് മകന്‍ നൂലിളക്കി. ഇരയുടെ കൊക്കി തേടി ചൂണ്ടയിളകി. മുഴക്കത്തിന്റെ പരിവേഷമുള്ള പച്ചിലപ്പടര്‍പ്പുകളില്‍ നൂലിനു ബലം വച്ചതായി അവനു തോന്നി. ഏറെ നേരമായി നിശ്ചലംനിന്ന നൂലില്‍നിന്നും ഒരു കമ്പനം കയറിവരുന്നു. ഒരു വന്‍സ്വപ്നം ചൂണ്ട കൊത്തിയിരിക്കുന്നു. 
''ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് ചൂണ്ടയിടല്‍ മത്സരം നടത്തുമായിരുന്നു. ആദ്യം മീന്‍ കൊത്തുന്ന ചൂണ്ടക്കാരനായിരുന്നു സമ്മാനം. അതൊരു ചെറിയ മാനത്തുകണ്ണിയാണെങ്കില്‍ പോലും.''
''അച്ഛന് സമ്മാനം കിട്ടിയിട്ടുണ്ടോ?''
''ഉണ്ട്. ഒരിക്കല്‍ ചൂണ്ടയില്‍ ഞാന്‍ ഒരു പരീക്ഷണം നടത്തി. ഒരു മണ്ണിരക്കു പകരം രണ്ടെണ്ണത്തിനെ കോര്‍ത്തു. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന തന്ത്രം. ഒരുപാട് പേര്‍ ഒരേ കുളത്തിലേക്കിറക്കിവിട്ട ചൂണ്ടകള്‍ ജലത്തട്ടില്‍ ഇരകാത്ത് കിടക്കെ, എന്റെ ചൂണ്ടയില്‍ രണ്ട് പള്ളത്തി മീനുകള്‍ വന്ന് കൊത്തി. ഒറ്റവലിക്ക് കരയ്ക്കിട്ടപ്പോള്‍ എനിക്ക് ഇരട്ട സമ്മാനവും കിട്ടി.''
ആദിമുഴക്കത്തില്‍ക്കൂടി ആഴ്ന്നുപോയ ചൂണ്ടനൂലിന്റെ അറ്റം മീനനക്കത്തില്‍ വിറച്ചു.
''അച്ഛാ... ഇന്ന് ഞാന്‍ ജയിക്കും.'' അവന്‍, പതിയെ, എന്നാല്‍, വിജയിയുടെ ഭാവമത്രയും തെളിയുന്ന ഒച്ചയില്‍ അച്ഛനെ നോക്കി.
''നിന്റെ മാത്രമല്ല, എന്റെ ചൂണ്ടയും തുടിക്കുന്നുണ്ട്.'' മകന്റെ ചൂണ്ടയിലെ തുടികേട്ട് ആദ്യം സന്തോഷിച്ച അച്ഛന്റെയുള്ളില്‍ പെട്ടെന്നൊരു പെരുന്തച്ചനുണര്‍ന്നു. അയാള്‍ പുതിയൊരു കളിനിയമം പറഞ്ഞു:
''പണ്ട് ഒരുപാട് പേര്‍ ഒരേ കളിയില്‍ ജയിച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത് അങ്ങനെ സാധ്യമല്ല. ഒരു കളിയില്‍ ഒരാള്‍ മാത്രം ജയിക്കും. അതായത് നമ്മള്‍ രണ്ടുപേരും ഒരേസമയത്താണ് മീന്‍ കരയിലെത്തിക്കുന്നതെങ്കില്‍ വലിയ മീന്‍ പിടിച്ചയാള്‍ക്ക് സമ്മാനം.''


വണ്‍, ടൂ, ത്രീ. ഇരുവരും ഊര്‍ജ്ജമത്രയും പെരുവിരലിലേക്കാവാഹിച്ച് ഒറ്റ വലി. നൂറ്റാണ്ടുകളുടെ ആഴത്തെ ഒറ്റയടിക്ക് കരക്കെത്തിക്കാന്‍ പാകത്തില്‍ ബലമുള്ള ആ വലിയില്‍, പച്ചിലക്കാടുകള്‍ തകര്‍ത്ത് ചൂണ്ടകള്‍ രണ്ടും കരയിലെത്തി. ഉഗ്രമിടിപ്പുള്ള ഹൃദയങ്ങളുമായി ചൂണ്ടകളെ നോക്കിയ അച്ഛനും മകനും പെട്ടെന്ന് പൊട്ടിച്ചിരിച്ചുപോയി. രണ്ട് ചൂണ്ടകളും പരസ്പരം കോര്‍ത്തിരിക്കുന്നു.
ചിരിയടക്കി വീണ്ടും അവര്‍ ചൂണ്ട താഴ്ത്തി. ''എല്ലാം ഒത്തുവന്നാല്‍ നിനക്ക് സിറ്റിസണ്‍ഷിപ്പ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഒരു ത്രീ മന്ത്സ് വിസിറ്റിന് ഞാന്‍ വരും. ഗ്രാന്റ് കാന്യണ്‍ കാണണം. ഒരു നെടുനീളന്‍ ചൂണ്ടയുമായി കാന്യോണിന്റെ കടവിലിരിക്കണം. നീയാ ഫോട്ടോയെടുക്കണം.''
ക്രമേണ തേനീച്ചകള്‍ നിശ്ശബ്ദരായി. ചെറുതായി വീശിനിന്ന കാറ്റ് നിശ്ചലമായി. തടവറ കാണാനാവാത്തവിധം ഇരുള്‍ നിറഞ്ഞു. ഗ്രാമത്തിലെ ഒറ്റപ്പെട്ട വീടുകളില്‍നിന്നും ഇരുട്ട് കീറിവന്ന ഇന്‍കാന്‍ഡസന്റ് വെട്ടവും ഇല്ലാതായി.
''ചൂണ്ടപോലെ മറ്റൊരായുധമില്ല. ചൂണ്ടക്കാരന്‍ ആരെയും കൊല്ലുന്നില്ല.  അവന്‍ അവനെ പ്രദര്‍ശിപ്പിച്ച് ക്ഷമയോടെ കാത്തിരിക്കുക മാത്രം ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ അവന്‍ വേട്ടക്കാരനല്ല. കൃത്യമായി പറഞ്ഞാല്‍ ഇരയാണ് വേട്ടക്കാരന്‍. അഥവാ, വേട്ട നടത്താനുള്ള ത്വരയെ ഉണര്‍ത്തുന്ന ജോലി മാത്രമേ ചൂണ്ടക്കാരന്‍ ചെയ്യുന്നുള്ളു.''

''അച്ഛന്‍ വലിയ സംഭവം തന്നെ.'' കണ്‍മുന്നില്‍ പലയടരുകളായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രാത്രികണ്ട് അവന് ഭയം തോന്നിത്തുടങ്ങി.
''അപ്പോള്‍ ചൂണ്ടക്കാരന്‍ ആകെ ചെയ്യേണ്ടത്, ചൂണ്ടയില്‍ വൃത്തിയുള്ള ഇര കോര്‍ത്ത് കാത്തിരിക്കുക എന്നത് മാത്രമാണ്. കൊത്തുക എന്ന പ്രലോഭനത്തില്‍നിന്നും മീനിന് രക്ഷപ്പെടാനാവില്ല.''
ഇപ്പോള്‍ അയാളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. 
''താങ്കള്‍ക്കു മാത്രമുള്ള പ്രത്യേക ഓഫര്‍. വെറും നാല്‍പ്പത്തിയഞ്ച് രൂപക്ക് ചാര്‍ജ് ചെയ്യൂ. നാല്‍പ്പത്തിയഞ്ച് ദിവസത്തേക്ക് പ്രതിദിനം ഒരു ജീ.ബി ഡാറ്റ സൗജന്യമായി നേടൂ.''
അയാള്‍ ഫോണ്‍ തിരികെ പോക്കറ്റില്‍ വച്ചു.
''ലോകത്ത് നടന്ന ഏറ്റവും വലിയ വിപ്ലവം ഏതാണെന്നറിയാമോ?'' അയാള്‍ ചോദിച്ചു.
''മാറ് മറക്കല്‍ വിപ്ലവം.''
''പോടാ പൊട്ടാ.''
''അത് പുസ്തകത്തില്‍.''
''അല്ല. അച്ഛന്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.''
''അതൊന്നുമല്ല. അത് കമ്യൂണിക്കേഷനാണ്. ഇന്റര്‍നെറ്റാണ്. നോക്ക്, ഈ മലകടന്ന് കുഴിയിറങ്ങി ഒരു മെസ്സേജ് എന്റെ ഫോണില്‍ വന്നിരിക്കുന്നു. നിനക്കത് വലുതായി തോന്നാത്തതിനു കാരണം, നീ ജനിച്ചപ്പോഴേ ഇതെല്ലാം ഉണ്ടായിരുന്നു എന്നതിനാലാണ്.''
''എന്നാല്‍ എനിക്ക് മറ്റൊരൈഡിയ തോന്നുന്നു. പറയട്ടെ.''
''ഉം.''
''നമുക്ക് ഇവിടെ വന്ന് താമസിക്കാം. പറമ്പില്‍ കൃഷി ചെയ്തും പശുക്കളെ വളര്‍ത്തിയും ജീവിക്കാം.''
''നീ ചൂണ്ടയില്‍ ശ്രദ്ധിക്ക്.''
അവന്‍ ചൂണ്ടയില്‍ ശ്രദ്ധിച്ചു. 


''ചൂണ്ട നമ്മളെ ബഹുദൂരം മുന്നില്‍ അല്ലെങ്കില്‍ ആഴത്തില്‍ കൊണ്ടുപോയി നിര്‍ത്തുന്നു.'' മകന് വലിയൊരു ജീവിതതത്ത്വം പറഞ്ഞുകൊടുത്ത ആനന്ദത്തില്‍ അയാള്‍ ഒരു ദീര്‍ഘശ്വാസം വിട്ടു. എന്നിട്ട് ആ വാക്യം ഒരിക്കല്‍ക്കൂടി മനസ്സില്‍ പറഞ്ഞുറപ്പിച്ചു. ''ചൂണ്ട നമ്മളെ ബഹുദൂരം മുന്നില്‍ അല്ലെങ്കില്‍ ആഴത്തില്‍ കൊണ്ടുപോയി നിര്‍ത്തുന്നു.''
ആ നിമിഷം അയാളുടെ ഫോണ്‍ വീണ്ടും ചിനച്ചു. അയാള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും ഫോണ്‍ പുറത്തെടുത്തു. പഴയ മെസ്സേജ് വീണ്ടും വന്നിരിക്കുന്നു. ''താങ്കള്‍ക്ക് മാത്രമുള്ള പ്രത്യേക ഓഫര്‍. വെറും നാല്‍പ്പത്തിയഞ്ച് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ. നാല്‍പ്പത്തിയഞ്ച് ദിവസത്തേക്ക് പ്രതിദിനം ഒരു ജീ.ബി ഡാറ്റ സൗജന്യമായി നേടൂ.''
ഇപ്പോള്‍ അയാള്‍ ഒന്ന് നിവര്‍ന്നിരുന്നു. 
''ചൂണ്ട അഹിംസയുടേയോ ഹിംസയുടേയോ ആയുധമല്ല. അത് ആകര്‍ഷണത്തിന്റെ ആയുധമാണ്.''
ഇരുളിന് ഇരുമ്പിന്റെ ഉറപ്പ്. ചൂണ്ടക്കൊളുത്ത് ചെന്ന് തൊട്ടിരിക്കുന്ന ആഴം അറിയാനാവുന്നില്ല. ഇരുവരും നൂല്‍ പരമാവധി അഴിച്ചുതാഴ്ത്തി. രണ്ട് വഴുവഴുക്കന്‍ മണ്ണിരകള്‍ അജ്ഞാതമായ ആഴത്തില്‍ പിതാവിനേയും പുത്രനേയും പ്രതിനിധീകരിച്ചു കിടന്നു. 
മകനെ മടുപ്പ് ബാധിച്ചു. കണ്ണുകളെ ഉറക്കം മൂടാന്‍ തുടങ്ങി. ചെറുകാറ്റില്‍ തണുപ്പ് പാറി വന്നപ്പോള്‍ അവന്‍ അച്ഛനോടപേക്ഷിച്ചു: ''അച്ഛാ, നമുക്ക് മടങ്ങാം.''

''ഒരിക്കലും അരുത്. കര്‍മ്മം ചെയ്യുക. ഫലത്തിനായി ക്ഷമയോടെ കാത്തിരിക്കുക. അറ്റ്ലാന്റിക് സമുദ്രത്തില്‍ മോബി ഡിക് എന്ന് പേരായ ഒരു തിമിംഗലം ഉണ്ടായിരുന്നു. വളരെ ബുദ്ധിശാലിയായിരുന്നു അവന്‍. അവനെ വേട്ടയാടി പിടിക്കുക എന്നത് അക്കാലത്തെ തിമിംഗലവേട്ടക്കാര്‍ക്ക് ഒരു ചലഞ്ചായി. മീന്‍പിടുത്തക്കാരുടെ കപ്പലുകളെ ആട്ടിയുലച്ച് ചൂണ്ടകളില്‍ കുടുങ്ങാതെ സമുദ്ര രാജാവായി അവന്‍ വാണു. എന്നാല്‍ ഒടുവില്‍ അഹബ് എന്ന കപ്പിത്താന്‍ അതിസാഹസികമായി അവനെ വേട്ടയാടിപ്പിടിച്ചു. ഇതില്‍നിന്നും നിനക്ക് എന്ത് മനസ്സിലായി?''
''തിമിംഗലവേട്ട അന്നേ നിരോധിക്കേണ്ടതായിരുന്നു എന്ന്.''


''അതൊക്കെ വേറേ കാര്യം. എന്നാല്‍, ഒരു ലക്ഷ്യം ഉണ്ടാവുക, അതിനായി നിരന്തരം പരിശ്രമിക്കുക. നമ്മള്‍ അതില്‍ വിജയിക്കുകതന്നെ ചെയ്യും.'' മകന് മറ്റൊരു വലിയ ജീവിത തത്ത്വം പറഞ്ഞുകൊടുത്തതിന്റെ ശാന്തി അയാളുടെ മുഖത്ത് തെളിഞ്ഞു. ഇപ്പോള്‍ മൂന്നാം തവണ അതേ മെസ്സേജ് അയാളുടെ ഫോണില്‍ വന്നു പതിച്ചു. 
രാത്രിയുടെ മധ്യം. ആഴത്തില്‍നിന്നും തിളച്ച് തൂവിക്കൊണ്ടിരുന്ന ആദിമുഴക്കം ഇപ്പോള്‍ നിശ്ചലമായി. ഇല്ലാതായപ്പോഴാണ് മകന്‍ ആ ശബ്ദത്തെക്കുറിച്ച് ചിന്തിച്ചത്. ''അച്ഛന്‍ ശ്രദ്ധിച്ചോ, കിണറില്‍നിന്നുയര്‍ന്നുവന്നത് ഒരു കോട്ടുവായുടെ ശബ്ദമായിരുന്നു. വാ തുറന്ന് അടക്കുന്നത് പോലെ. ആ... ഊ... മ്... എന്ന്.''
''അല്ലല്ല. അത് ആദിമ ശബ്ദമാണ്.''
''ആദിയില്‍ വചനമുണ്ടായി.'' മകന്‍ പറഞ്ഞു.
''അത് ഓങ്കാരമായിരുന്നു.''
''പ്രപഞ്ചം ഒരു എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ധാരാളമായി ഉറക്കമിളച്ചിരുന്ന് പഠിച്ച് തളര്‍ന്ന് ചടഞ്ഞുകൂടിക്കിടന്ന് ഉറങ്ങുകയായിരുന്നു ഫ്രീക്കന്‍. അതങ്ങനെ നീണ്ടുപോയി. ഒരു ദിവസം അതികാലത്ത് ഉണര്‍ന്ന അവന്‍ ഒരു നീളന്‍ കോട്ടുവാ വിട്ടു. ആ ശബ്ദമാണച്ഛാ ആദിശബ്ദം.''

മണി പതിനൊന്നമ്പത്. ഫോണ്‍ ചിലച്ചു. വീണ്ടും അതേ മെസ്സേജ്. ''ഇതാ, താങ്കള്‍ക്ക് മാത്രമുള്ള സ്പെഷ്യല്‍ ഓഫര്‍ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് അവസാനിക്കുന്നു.'' അയാള്‍ പെട്ടെന്ന് ഫോണ്‍ എടുത്തു. നെറ്റ് ഓണ്‍ ചെയ്തു. നാല്‍പ്പത്തിയഞ്ച് രൂപക്ക് റീച്ചാര്‍ജ് ചെയ്തു. സമാധാനത്തോടെ ഫോണ്‍ പോക്കറ്റിലിട്ടു.
''കൃത്യസമയത്ത് നൂല് വലിക്കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്.'' അയാള്‍ പറഞ്ഞു.
''ആണോ? എങ്കില്‍ ഞാനൊരു നൂല്‍ വലിക്കുകയാണ്.''
''മതംമാറ്റം ഒഴികെ എന്ത് നൂലും വലിച്ചോളൂ.''
''അച്ഛന്‍ ഇപ്പം എനിക്കൊരു പതിനായിരം രൂപ തരണം.''
''എന്തിനാണ് ആളനക്കം പോലുമില്ലാത്ത ഇവിടെ നിനക്ക് പതിനായിരം രൂപ? എന്റെ പഴ്സില്‍ ഏറിയാല്‍ ഒരു മുന്നൂറ് രൂപ കാണും.''
''എനിക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങണം. ദാ, കൃത്യം പന്ത്രണ്ട് മണിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ സെയില്‍ ഓപ്പണാവും. ആദ്യത്തെ അമ്പതിനായിരം പേര്‍ക്ക് പകുതിവിലയ്ക്ക് ഫോണ്‍ കിട്ടും. പെട്ടെന്ന് വേണം.'' പറച്ചിലിനെക്കാള്‍ വേഗത്തില്‍ മകന്‍ ഫ്‌ലിപ്കാര്‍ട്ട് തുറന്നു. 
''അല്ലടാ. നിനക്കിപ്പോള്‍ ഒരു ഫോണുണ്ടല്ലോ.'' അയാള്‍ അവനെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു.
''അച്ഛാ, നൂല് കൃത്യസമയത്ത് വലിക്കണം എന്നല്ലേ അച്ഛന്‍ പറഞ്ഞത്. ഇത് ഞാന്‍ എത്ര കാലമായി ഫ്‌ലിപ്കാര്‍ട്ടിലിട്ട നൂലാണെന്നറിയാമോ? ഒരെണ്ണത്തിന്റെ വിലയ്ക്ക് രണ്ടെണ്ണം. അച്ഛാ, ഇങ്ങനെ ഒരോഫര്‍ ഇക്കാലത്ത് ചിന്തിക്കാന്‍ പറ്റൂല. ഇതാ വലിക്കാനുള്ള സമയമായി.  അച്ഛന്‍ എ.റ്റി.എം. പാസ് വേര്‍ഡ് പറഞ്ഞുതാ.''
അയാള്‍ വഴങ്ങി. മകന്റെ മൊബൈല്‍ ഫോണില്‍ മൂന്ന് നാല് നോട്ടിഫിക്കേഷനുകള്‍ വന്നു വീഴുന്നതിന്റെ ഒച്ചകേട്ടു. 
''ഒന്നെനിക്ക്.'' അയാള്‍ നിബന്ധന വച്ചു.
''അത് സമ്മതം. അല്ലാതെ എനിക്കെന്തിനാ രണ്ടെണ്ണം?'' നിശ്ശബ്ദതയെ മുറിച്ച് അവര്‍ ചിരിച്ചു.

''ഉറങ്ങരുത് കേട്ടോ. ഒരുപക്ഷേ, ഒരു കൂറ്റന്‍ മത്സ്യം ഈ കുളത്തിനടിയില്‍ പതുങ്ങി കിടപ്പുണ്ടാവും. നൂറ്റാണ്ടുകളായി മനുഷ്യസ്പര്‍ശമേല്‍ക്കാത്ത കുളമല്ലേ. ചൂണ്ടയില്‍ കോര്‍ത്തുകഴിഞ്ഞുവെന്ന് ബോധ്യമായാല്‍ അത് മരണവെപ്രാളത്തോടെ രക്ഷപ്പെടാന്‍ ശ്രമിക്കും. എന്നാല്‍ മിക്ക മീനുകള്‍ക്കും അതിനുള്ള ബുദ്ധിയൊന്നും ഉണ്ടാവില്ല. നിനക്ക് മെര്‍ലിന്‍ മത്സ്യത്തെ പിടിച്ച സാന്റിയാഗോ എന്ന കിഴവന്‍ മുക്കുവന്റെ കഥയറിയില്ലേ?''
''ആ കഥ ആര്‍ക്കാണച്ഛാ അറിയാത്തത്?''
''അതിന്റെ പാഠം ആ കിഴവന്റെ ഇച്ഛാശക്തിയാണ്.''
''അതിനെക്കാള്‍ വലിയ പാഠം അതിലുണ്ട്.''
അച്ഛന്‍ കട്ടിയിരുളിലേക്ക് തുറിച്ചുനോക്കി. രാത്രിക്ക് വേഗത കുറവാണ്. 
''സമയം പോകുന്നേയില്ല.'' അച്ഛന് തോന്നിയത് മകന്‍ പറഞ്ഞു.
''കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന സമയത്തെയാണ് ക്ഷമ എന്ന് പറയുന്നത്.''
''അച്ഛാ, അച്ഛന് പറ്റിയ പണി എന്താണെന്ന് പറയട്ടെ.''
''പറ.''
''പള്ളീലച്ചന്‍.''
''പോടാ.''
ഒരാള്‍ ജയിക്കുമ്പോള്‍ ഈ കളി അവസാനിക്കുമെങ്കില്‍ ഞാന്‍ കുറച്ച് ശ്രദ്ധയോടെ കളിക്കാന്‍ തയ്യാറാവണം. അവന്‍ ചൂണ്ടനൂലനക്കിക്കൊണ്ടിരുന്നു. എവിടെയെങ്കിലും ഒരു പിടുത്തം കിട്ടാതിരിക്കില്ല. 
സത്യത്തില്‍ ആ സമയത്ത് മധ്യവയസ്സിന്റെ അതികാമനകളുള്ള പിതാവും മറ്റൊരു സങ്കല്‍പ്പ ലോകത്തായിരുന്നു. അയാള്‍ ഇരുളിന്റെ വാതിലുകള്‍ തുറന്ന് തടവറ ചാടി. പുറത്ത്, ഇല്ലാതിരുന്ന ഒരു ഹാര്‍ലി ഡേവിഡ്സണ്‍ കൈക്കലാക്കി ഇല്ലാത്ത നഗരത്തിന്റെ കൊടും വെളിച്ചത്തില്‍ ചെന്നപ്രത്യക്ഷനായി. ആരും ആരെയും കൂസാത്ത ആള്‍ക്കൂട്ടത്തില്‍ വേഷപ്രച്ഛന്നനായി നടന്ന് അതുവരെ ആ നഗരത്തിലില്ലാത്ത കാസിനോയില്‍ കയറി ഏറെ നേരം ചൂത് കളിച്ചു. അയാള്‍ ചൂത് കളിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് ഇല്ലാത്ത ഒരു മദാലസ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ ഇടയുന്നുണ്ടായിരുന്നു. അവളോടൊപ്പം അതുവരെയില്ലാതിരുന്ന ഒരു സ്വിമ്മിങ് പൂളിലേക്ക് അല്പവസ്ത്രനായി നടക്കാന്‍ തുടങ്ങിയതും അയാളുടെ ചൂണ്ടനൂല്‍ വെട്ടിവിറച്ചതായി അയാള്‍ക്കു തോന്നി. കാസിനോയുടെ വെളിച്ചത്തില്‍നിന്നും ഓടിവന്ന് ഇരുളിലിരുന്ന അയാള്‍ ദീര്‍ഘമായി ഒരു കോട്ടുവാ പുറപ്പെടുവിച്ചു. ''ആ... ഉ... മ്...''
തൊട്ടടുത്തിരുന്ന് മകനും ആ ശബ്ദം പുറപ്പെടുവിച്ചു: ''ആ... ഉ... മ്...'' ഇപ്പോള്‍ അയാള്‍ക്കും തോന്നി ആദിമശബ്ദം കോട്ടുവാ തന്നെയാണെന്ന്.
പിതാവിന്റേയും പുത്രന്റേയും അലസതയ്ക്കു മീതെ വെയില്‍ പെയ്തിറങ്ങി. ജയിലിന്റെ വാതിലുകള്‍ തുറന്നു. മേഘങ്ങളകന്ന പര്‍വ്വതം ഒരു കുന്ന് മാത്രമായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഭാവനകള്‍ കൂട്ടിച്ചേര്‍ത്താണ് മനുഷ്യന്‍ പര്‍വ്വതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ചിന്തിച്ച് പിതാവ് ഒരു കോട്ടുവാകൂടി വിട്ടു.
''അച്ഛാ, ആദിശബ്ദം.''
''അല്ല. കോട്ടുവാ.'' ഇരുവരും ചിരിച്ചു. വിരല്‍ത്തുമ്പില്‍ നിന്നാരംഭിക്കുന്ന രണ്ട് ചൂണ്ടകള്‍ പൊരുള്‍ തേടി അപ്പോഴും ആഴത്തിലേക്ക് ഞാന്നു കിടന്നിരുന്നു. ഇപ്പോള്‍ രണ്ട് നൂല്‍വിരകളാണ് അവരുടെ പ്രതിനിധികള്‍. പ്രലോഭനത്തിന്റെ പച്ചയിറച്ചി കാട്ടി അവ ആഴത്തില്‍ പ്രദര്‍ശനം ചെയ്തിരിക്കുകയാണ്. 
ആ നിമിഷം, പുത്രന് കിണറിലേക്ക് എത്തിനോക്കാന്‍ തോന്നി. മരിച്ച വള്ളികളുടെ ജട പകുത്ത് കിണറ്റിലേക്ക് നോക്കുമ്പോള്‍ വെള്ളമേഘം വീണുകിടക്കുന്ന മണ്‍കുടത്തിന്റെ ചിത്രം അവന്‍ മനസ്സില്‍ വരച്ചുവച്ചിരുന്നു.
എന്നാലിതാ, അവന്റെ കാഴ്ച അന്തമില്ലാതെ താഴ്ന്ന് താഴ്ന്നു പോകുകയാണ്. അടിഭാഗമില്ലാത്ത ഒരു ഓട്ട. ഭൂമിയുടെ മറുപുറത്ത് തുറക്കുന്ന ഒരു കുഴല്‍. ജീവരഹിതമായ ശൂന്യത. അവന്‍ അച്ഛനെ നോക്കി നിലവിളിച്ചു. പിതാവ് ഓടിവന്ന് അവന്‍ വകഞ്ഞിട്ട കാട്ടുപാതയിലൂടെ കിണറിനെ കണ്ടു. ശൂന്യതയിലേക്ക് ഞാന്നു കിടക്കുന്ന തങ്ങളുടെ കങ്കൂസ് നൂലുകള്‍ കണ്ടു. അവയുടെ ഞെടിപ്പില്‍ പറ്റിയ രണ്ട് കഷ്ണം പച്ചമാംസം കണ്ടു. 
പിതാവും പുത്രനും അങ്ങനെ നോക്കിയിരിക്കെ കിണറിന്റെ മറുതുറപ്പില്‍നിന്നും ഇര കോര്‍ത്ത അസംഖ്യം ചൂണ്ടകള്‍ അവര്‍ക്ക് നേരേ താഴ്ന്നിറങ്ങാന്‍ തുടങ്ങി.

ചിത്രീകരണം - സുരേഷ്‌കുമാര്‍ കുഴിമറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com