'നഗ്‌നനാല്‍വര്‍'- സുനില്‍ ഗോപാലകൃഷ്ണന്‍ എഴുതിയ കഥ

അവിചാരിതമായി വന്ന ആ അതിഥി ഇല്ലായിരുന്നെങ്കില്‍ കോടതി പിരിഞ്ഞ് അസോസിയേഷനില്‍  പതിവുള്ള ചീട്ടുകളിയില്‍ മുഴുകിയേനെ ഉറുമീസ് വക്കീലിന്റെ അന്നത്തെ വൈകുന്നേരവും
'നഗ്‌നനാല്‍വര്‍'- സുനില്‍ ഗോപാലകൃഷ്ണന്‍ എഴുതിയ കഥ

വിചാരിതമായി വന്ന ആ അതിഥി ഇല്ലായിരുന്നെങ്കില്‍ കോടതി പിരിഞ്ഞ് അസോസിയേഷനില്‍  പതിവുള്ള ചീട്ടുകളിയില്‍ മുഴുകിയേനെ ഉറുമീസ് വക്കീലിന്റെ അന്നത്തെ വൈകുന്നേരവും. കക്ഷികളാരോ കാണാന്‍ വന്നുവെന്ന് പറഞ്ഞാണ് കളിച്ചുകൊണ്ടിരുന്ന കൈ മടക്കി ഉറുമീസ് വക്കീല്‍ പെട്ടെന്ന് ഓഫീസിലേക്ക് പോയത്. ഓരോ റൗണ്ട് ചീട്ട് വിളമ്പുമ്പോഴും സഹകളിക്കാര് പലരും റിങ് ചെയ്‌തെങ്കിലും അദ്ദേഹം ഫോണെടുത്തില്ല, സന്ധ്യയായിട്ടും കാണാഞ്ഞതിനാല്‍ ജൂനിയര്‍മാരിലാരോ ചെന്ന് നോക്കുമ്പോഴുണ്ട് ക്യാബിനില്‍ ഡസ്‌കിലേക്ക് മുഖമമര്‍ത്തി കിടക്കുകയാണ് ഉറുമീസ് സാറ്. വേഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചീഫ് ഫിസിഷ്യന്‍ വന്ന് നോക്കി ഡ്യൂട്ടി ഡോക്ടറുടെ നിഗമനം ശരിവെച്ചു, ഉറുമീസ് വക്കീല്‍ മരിച്ചു. പൊടുന്നനെയുള്ള മരണത്തെക്കുറിച്ച് കോടതിയിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയിലും അനുമാനങ്ങള്‍ കുമിയുന്നതിനിടെ പിറ്റേന്ന് രാവിലെ തന്നെ സീനിയര്‍ ഫോറന്‍സിക്ക് സര്‍ജന്‍, ഡോക്ടര്‍ ബീനാ ജോര്‍ജ് വക്കീലിന്റെ പോസ്റ്റ്മാര്‍ട്ടം നടത്തി.  

രാവിലെ പതിവിലും നേരത്തെ വന്ന ഒരു ഫോണ്‍ കോളിനുശേഷം ഉറുമീസ് വക്കീലില്‍ ചില അസ്വസ്ഥതകളും ചില്ലറ മതിഭ്രമവും ശ്രദ്ധിച്ച ഭാര്യ ദീനാമ്മ മരുന്നെടുത്ത് കൊടുക്കുന്നതിനിടെ കാര്യം തിരക്കിയിരുന്നു. എപ്പോഴത്തെയുംപോലെ അതിന് കൃത്യമായ മറുപടിയൊന്നും കൊടുക്കാതെ 'പ്രാര്‍ത്ഥന മുടക്കരുത്' എന്ന പതിവ് നിര്‍ദ്ദേശം നല്‍കി വക്കീല് കോടതിയിലേക്കിറങ്ങുകയാണുണ്ടായത്. പ്രായത്തിന്റേതായ അല്ലറചില്ലറ തേയ്മാനങ്ങള്‍ക്ക് സ്വയം പഴിച്ച് ജീവിക്കുന്ന ദീനാമ്മ, വക്കീലില്‍ കണ്ട അസ്വാഭാവികതകളെ പ്രായത്തിന്റെ പറ്റിലെഴുതി ആശ്വസിച്ചു. പക്ഷേ, ആരെന്നും എന്തിനെന്നും പറയാന്‍ കൂട്ടാക്കാതെ സന്ദര്‍ശനാനുമതി ചോദിച്ച് വിളിച്ച ആ സ്ത്രീ ശബ്ദത്തെപ്പറ്റിയുള്ള  ആകാംക്ഷ ഓഫീസിലേക്ക് ചെല്ലും വരെയും വക്കീലിനെ അസ്വസ്ഥതപ്പെടുത്തി. 'വയസ്സ് അറുപത്തിനാലായി' എന്ന് സ്വയം ഓര്‍മ്മിപ്പിച്ച് ഉറുമീസ് വക്കീല് യാദൃച്ഛികതകളെ പതറാതെ നേരിടാന്‍ മനസ്സിനെ പ്രാപ്തമാക്കിവെച്ചുവെങ്കിലും അന്നുടനീളം ഇടയ്ക്കിടയ്ക്ക് വക്കീലിന്റെ മനസ്സ് ആകാംക്ഷയുടെ ഗട്ടറില്‍ വീണുകൊണ്ടിരുന്നു.

ഓഫീസില്‍ രാവിലെയുള്ള തിരക്കുകള്‍ തീര്‍ത്ത് പതിനൊന്നു മണി നേരം കോട്ടുമിട്ട് കോടതിയിലേക്ക് പോകാനിറങ്ങുമ്പോളാണ് വക്കീലിനെ തേടി രണ്ടാമതും ആ കോള്‍ എത്തുന്നത്. സന്ദര്‍ശനസമയം ഒന്നുകൂടി ഉറപ്പാക്കാനും സ്ഥലം ഏതെന്ന് തീരുമാനിക്കാനുമായിരുന്നു ആ വിളി. 'ഓഫീസിലാവാം' എന്ന വക്കീലിന്റെ നിര്‍ദ്ദേശത്തിന് അല്പനേരത്തെ മൗനത്തിനുശേഷം മറുപടി വന്നു, 'ഓക്കെ...ഓഫീസ്... ഓ...ക്കെയാണ്, പക്ഷേ, അല്പം െ്രെപവസി വേണ്ട കാര്യമാണ്.' ഉച്ചകഴിഞ്ഞുള്ള നേരം തന്റെ ഓഫീസ്  വിജനമായിരിക്കുമെന്ന വക്കീലിന്റെ ഉറപ്പിന്മേല്‍ വൈകിട്ട് മൂന്നിന് വക്കീലാപ്പീസില്‍ എന്ന് അവര്‍ ഒടുവില്‍ ധാരണയിലെത്തുകയായിരുന്നു.

അതിഥിക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് പ്രായം കാണും. ഇരുണ്ട നിറം, തോളറ്റം ചേര്‍ത്ത് വെട്ടിയ നര പടര്‍ന്ന മുടി, നേര്‍ത്ത ഫ്രെയിമുള്ള കണ്ണട, അല്പം പതിഞ്ഞ മൂക്ക്, വന്നുകയറിയ മുതല്‍ക്ക് കറുത്ത ചുണ്ടത്ത് ചിരിയുടെ മായാത്തൊരു നേര്‍പ്പ്. എത്ര ആലോചിച്ചിട്ടും അവര്‍ സ്വയം പരിചയപ്പെടുത്തിയിട്ടുകൂടിയും ഉറുമീസ് വക്കീലിന് ആളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു തുമ്പിനായി യത്‌നിക്കുന്ന ഉറുമീസിന്റെ തലച്ചോറ് നെറ്റിയിലേക്ക് പടര്‍ത്തിയ ചുളിവുനിവരലുകള്‍ കണ്ട് അതിഥിക്കു ചിരിവന്നു. തന്റെ കണ്ണുകളിലേക്കുതന്നെ നട്ടിരിക്കുന്ന അതിഥിയുടെ കണ്ണുകളെ നേരിട്ട ഉറുമീസിന് ഉള്ളില്‍ വല്ലാത്ത അസ്വസ്ഥത തോന്നി, നോട്ടം പിന്‍വലിച്ച് വിയര്‍ത്തൊലിക്കാന്‍ തുടങ്ങിയ ഉള്ളംകൈ രണ്ടും പാന്റ്‌സിലോട്ട് കൂട്ടി തിരുമ്മി. അധികമൊന്നും സംസാരിച്ചില്ലെങ്കിലും പരസ്പരം പഴകാന്‍ സാന്നിധ്യങ്ങള്‍ക്കുള്ള അനുശീലനം നിമിത്തം ഔപചാരികതയ്ക്ക് തെല്ലയവായി വന്ന നിമിഷം അതിഥി തന്റെ ആവശ്യം അറിയിച്ചു. മറ്റൊന്നുമല്ല, ഉടുതുണിയില്ലാതെ  ഉറുമീസ് വക്കീലിന്റെ നഗ്‌നരൂപം അവര്‍ക്കൊന്നു കാണണം! (ചുണ്ടത്തെ ചിരി മുറിയാതെ ഇവരിതെങ്ങനെ സംസാരിക്കുന്നു! എന്നതായിരുന്നു വക്കീലിന് ആദ്യം തോന്നിയ വിസ്മയം, അതിനുശേഷം മാത്രമാണ്  ആവശ്യത്തിന്റെ ഉള്ളടക്കം വക്കീലിന്റെ തലച്ചോറില്‍ പതിഞ്ഞത്).

വക്കീലിലെ ഭാവമാറ്റം കണ്ടിട്ടാകണം അതിഥിയും തെല്ലൊന്ന് സംഭ്രമപ്പെട്ടെങ്കിലും പൊടുന്നനെ സ്ഥൈര്യം തിരികെ പിടിച്ച് ബാഗില്‍നിന്നും ഫോണെടുത്ത്, അതിലെന്തോ ഒന്ന് തെരഞ്ഞെടുത്ത് അവര്‍ ഉറുമീസിന്റെ കയ്യില്‍ കൊടുത്തു. ആ ഫോണ്‍ വാങ്ങി, കയ്യില്‍നിന്നും ഒലിച്ച് സ്‌ക്രീനിലേക്ക് പടര്‍ന്ന വിയര്‍പ്പ് തുടച്ച് ഫോണിലെ ഫോട്ടോയിലേക്ക് ഉറുമീസ് നോക്കിയിരുന്നു. പൂര്‍ണ്ണനഗ്‌നരായ നാല് ആണ്‍ ഉടലുകളുടെ പിന്നാമ്പുറ കാഴ്ചയാണ് ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. ഓടാനായി മുന്നോട്ടാഞ്ഞ് നില്‍ക്കുന്ന നീണ്ടുമെലിഞ്ഞ മൂന്നുടലുകള്‍, അവര്‍ക്കല്പം പിന്നിലായി നാലാമത്തേത്,  ഉടല്‍ പാതി തിരിഞ്ഞ നിലയില്‍ നില്‍ക്കുന്ന കൊലുന്നനെയുള്ള ആ രൂപം തന്റേതാണ്, ഉറുമീസ് കണ്ണുയര്‍ത്തി അതിഥിയെ അറച്ചൊന്നു നോക്കിയ ശേഷം വീണ്ടും ചിത്രത്തിലേക്ക് കുമ്പിട്ടു.

നാല്‍പ്പത്തിനാല് കൊല്ലം മുന്‍പുള്ള ചിത്രമാണ്, കൃത്യമായി പറഞ്ഞാല്‍ 1974 ആഗസ്റ്റ് 15ന്. വീനസ്സും ചാര്‍ലിയുമായിരുന്നു എല്ലാത്തിന്റേയും സൂത്രധാരന്മാര്‍. ദേവനും കാര്യങ്ങളെപ്പറ്റി ഏതാണ്ടൊരു ധാരണ കാണുവായിരുന്നിരിക്കണം, ഏതായാലും സംഭവം നടക്കും വരെയും പദ്ധതി എന്താണെന്നുള്ള യാതൊരു മനസ്സറിവും ഉറുമീസിനില്ലായിരുന്നു. എന്നാല്‍ 'ഒരുത്തനും ചെയ്യാത്ത എന്തെങ്കിലും ചെയ്യണമെന്ന്' ഹോസ്റ്റലിലിരുന്ന് ചാര്‍ലി പറയുന്നത് ഉറുമീസ് കേട്ടതുമാണ്. അവധി ദിനമായതിനാല്‍ അലസശൂന്യമായിരുന്നു എറണാകുളം ബ്രോഡ്‌വേയിലെ അന്നത്തെ വൈകുന്നേരം.  ഏതാണ്ട് അഞ്ച് മണിയോടടുത്ത്  സില്‍ക്ക് പാരഡൈസിനെതിരെ വീനസ് തന്റെ ഇളംപച്ച പ്രീമിയര്‍ പദ്മിനി കാര്‍ ഒതുക്കിനിറുത്തി പുറത്തിറങ്ങാതെ ആരെയോ കാത്തിരുന്നു. എട്ട് പത്ത് മിനിറ്റുകള്‍ക്കുളില്‍ കാറിന് 150 മീറ്റര്‍ പിന്നിലായി ലാമ്പി സ്‌കൂട്ടറില്‍ രണ്ട് ചെറുപ്പക്കാരെത്തി, ഒരാളിറങ്ങി കഴുത്തില്‍ ക്യാമറ തൂക്കി തയ്യാറായി നിന്നു. റിയര്‍ ഗ്ലാസ്സിലൂടെ അയാളെത്തന്നെ നോക്കിയിരുന്ന വീനസും ചാര്‍ലിയും വേഗത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിമാറ്റി. ഒന്നമാന്തിച്ചെങ്കിലും മഹാദേവനും അതേപോലെ ചെയ്തു, കാര്യമറിയാതെ മിഴിച്ചുനിന്ന ഉറുമീസിനെ ഞൊടിനേരംകൊണ്ട് വീനസും ദേവനും ചേര്‍ന്ന് വിവസ്ത്രനാക്കി. അടിവസ്ത്രം സംരക്ഷിക്കാന്‍ ഉറുമീസ് നടത്തിയ ശ്രമത്തില്‍ അയാളുടെ ജെട്ടി രണ്ടായി പിന്നി. അപ്പോഴേക്കും ഡോറ് തുറന്നിറങ്ങി ഓടിയ ചാര്‍ലിയുടെ പിറകെ മറ്റ് രണ്ട് പേരും, മൂവര്‍ക്കും പിന്നിലായി ഉറുമീസും ബ്രോഡ്‌വേയുടെ ഇടുങ്ങിയ വീഥിയിലൂടെ ഓടിത്തുടങ്ങി.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

തെക്കോട്ടാണോടുന്നത്, മറ്റൊരൂഹവുമില്ല, പിറന്ന പടിയുള്ള അവസ്ഥയില്‍ വേറൊന്നും ചെയ്യാനുമില്ല, ഉറുമീസ് വെച്ചുപിടിച്ചു. ഇരു വശങ്ങളില്‍നിന്നും ഒറ്റപ്പെട്ട കൂക്കിവിളികളും ആക്രോശങ്ങളും കേള്‍ക്കുന്നുണ്ടെങ്കിലും വശങ്ങളിലേക്ക് പാളാതെ മുന്നിലേക്കു മാത്രം നോക്കുറപ്പിച്ച് ഉറുമീസ് ആകാവുന്ന വേഗതയില്‍ കുതിച്ചു. നൂറ്റമ്പത് മീറ്റര്‍ ഓടി ബ്രോഡ്‌വേയുടെ സ്വകാര്യത മുറിഞ്ഞ് ഷണ്‍മുഖം റോഡിന്റെ തുറസ്സിലേക്ക് ചെന്നുപെട്ട ഉറുമീസിനു ഉടുതുണിക്കൊപ്പം ഉരിഞ്ഞുപോയ മാനത്തെപ്പറ്റിയുള്ള ആധിയുരുണ്ടുകേറി വയറു വിലങ്ങി. അസ്തമനസൂര്യന്റെ സ്വര്‍ണ്ണപ്രകാശം തട്ടി മേല് കുളിര്‍ത്തു. ഓട്ടത്തിനിടെ കൈകള്‍കൊണ്ട് പൊത്തി ജനനേന്ദ്രിയം മാത്രം മറച്ചുപിടിക്കാന്‍ ഒരു വിഫലശ്രമവും അയാള്‍ നടത്തി. താഴെ തറ ചൂഴുന്നപോലെ തോന്നുന്നു, കാലുകള്‍ക്ക് വേഗത കുറഞ്ഞു. അപ്പോഴേക്കും പിന്നിലെ ആര്‍പ്പും കൂക്കും അടുത്തുവരുന്നത് ഉറുമീസറിഞ്ഞു, ഓട്ടം പരമാവധി വേഗത്തിലാക്കി. സി.എസ്.ഐ പള്ളിയും ഗസ്റ്റ് ഹൗസും പിന്നിട്ട് പാര്‍ക്ക് അവന്യൂ റോഡില്‍നിന്നും ബോട്ട്‌ജെട്ടിയിലേക്കുള്ള തിരിവിനടുത്ത് വെച്ച് എപ്പോഴോ ഉറുമീസ് മറ്റുള്ളവര്‍ക്കൊപ്പമെത്തി.  അവര്‍ക്കാര്‍ക്കും തന്നോളം പരിഭ്രമമില്ലെന്ന് ഉറുമീസിനു മനസ്സിലായി. ലോ കോളേജിനു കുറുകെ കടക്കുന്ന നേരം അവരെയും കടന്ന് കുതിച്ച ഉറുമീസ്, 'ഹോസ്റ്റല്‍...ഹോസ്റ്റല്‍' എന്ന് ആരോ പിന്നില്‍നിന്നും വിളിച്ച് പറഞ്ഞതു മാത്രം കേട്ടു, പിന്നൊന്നും ഓര്‍മ്മയില്ല. നിമിഷങ്ങള്‍ക്കകം ഹോസ്റ്റല്‍ മുറിയിലെ ബെഡ് ഷീറ്റെടുത്ത് പുതച്ചതു മാത്രം ഇപ്പഴുമോര്‍മ്മയുണ്ട്.

ഓഫീസിലെ പെഡസ്റ്റല്‍ ഫാനിന്റെ സ്പീഡ് അതിഥി കൂട്ടിയെന്നു തോന്നുന്നു, മുഖത്ത് കാറ്റേറ്റപ്പോള്‍ വക്കീലിന് അവരുടെ നേര്‍ക്ക് നോക്കാമെന്നായി. അപ്പോഴേക്കും ഫോണ്‍ തിരികെ വാങ്ങി  അവരെഴുന്നേറ്റിരുന്നു. 'വക്കീല് വിയര്‍ക്കണ്ടാ, ഞാന്‍ കണ്ടോളാം, അവര് മൂന്നു പേരും എന്നെ കാണിച്ചിട്ടാ പോയത്.' അത്രമാത്രം പറഞ്ഞ് ചുണ്ടത്ത് ചിരിയുടെ നേര്‍മ്മയുമായി അവര്‍ ക്യാബിന്‍ വിട്ടു. 'അവര് മൂവരും കാണിച്ചിട്ടാ പോയത്' എന്ന വാചകം വക്കീലിനെ വലംവെച്ചു. ദേവനാണ് ആദ്യം പോയത്, പിന്നാലെ ഒരപകടത്തില്‍ ചാര്‍ലിയും മാസങ്ങള്‍ക്കു മുന്‍പ് വീനസും! വക്കീല് പെട്ടെന്നത് ഓര്‍ത്തു. സംഭവിച്ചത് സത്യമാണോ എന്ന് ശങ്ക തോന്നി, എഴുന്നേറ്റ് പിന്നാലെ ചെന്ന് നോക്കണമെന്നു തോന്നി, ഡെസ്‌കില്‍ കയ്യൂന്നി എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തി, പക്ഷേ, അപ്പോഴേക്കും നെഞ്ചിന്റെ ഇടതുഭാഗത്ത് വല്ലാണ്ട് കനം തൂങ്ങി, ആയാസപ്പെട്ട് ഒരു കീഴ്‌വായു പുറപ്പെടുവിച്ച് വക്കീല് മുന്നിലെ ഡെസ്‌കിലേക്ക് മുഖമമര്‍ത്തി.  

രാത്രി ഒന്‍പത് മണി കഴിഞ്ഞാണ് ബീനയ്ക്ക് ആ കോള്‍ വന്നത്. രാവിലെ ആദ്യത്തെ കേസായിത്തന്നെ പോസ്റ്റ്മാര്‍ട്ടത്തിനുള്ള നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍ ബീന ക്വാര്‍ട്ടേഴ്‌സിന്റെ ബാല്‍ക്കണിയിലേക്ക് ചെന്നിരുന്നു. സെല്‍ഫോണ്‍ സൈലന്റ് മോഡിലാക്കി ടീപ്പോയിലേക്ക് കാലുയര്‍ത്തിവെച്ച്  ഒന്ന് കണ്ണടച്ചു. നാല്‍പ്പത് കൊല്ലങ്ങള്‍ മുന്‍പത്തെ ആ വൈകുന്നേരം ആളുകളുടെ ആര്‍പ്പൊച്ചയുടെ അകമ്പടിയോടെ അപ്പോള്‍ തെളിഞ്ഞുവന്നു; ചേര്‍ത്തല പള്ളിപ്പുറത്ത് കൊടുത്തിരുന്ന അമ്മച്ചീടെ ഇളയ അനിയത്തി മോളിയാന്റീടെ ഇടവകപള്ളീല് ആഗസ്റ്റ് 15ന്റെ പെരുന്നാള് കൂടി വൈകിട്ട് തിരികെ ഓച്ചന്തുരുത്തിനു പോരാനായി എം.ജി. റോഡില് ബസിറങ്ങി ബോട്ട്‌ജെട്ടിയിലേക്ക് തിടുക്കംവെച്ച് നടന്നവരുടെ കൂട്ടത്തീന്ന് താന്‍ മാത്രം കുറച്ച് പിന്നാക്കമായതെങ്ങനെയെന്ന് ഡോക്ടര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഏതായാലും സുഭാഷ് പാര്‍ക്ക് കഴിഞ്ഞ് ബോട്ട്‌ജെട്ടിയിലേക്ക് വഴിപിരിയുന്ന നേരത്ത് താന്‍ ഒറ്റയ്ക്കായിരുന്നുവെന്ന് ഉറപ്പാണ്. അപ്പോഴാണ് വടക്കൂന്ന് ഒരു ചെറിയ വളവ് തിരിഞ്ഞ് ആ കാഴ്ച ബീനാമ്മയുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നത്, ഉടുതുണിയേതുമില്ലാതെ നാല് ആണ്‍ശരീരങ്ങള്‍! ഒറ്റ കാഴ്ചയെ ഉണ്ടായുള്ളു, പെട്ടെന്നടഞ്ഞുപോയ പോളകള്‍ തുറന്ന് ബീനാമ്മ രണ്ടാമത് നോക്കുമ്പഴേയ്ക്കും ഒരാള്‍ ഒറ്റയ്ക്ക് മുന്നിലും ബാക്കി മൂന്നു പേര്‍ പിന്നിലുമായി ആ കാഴ്ച അവളെ കടന്നുപോയിരുന്നു. പിന്തിരിഞ്ഞ് അവരെ നോക്കണതിനു പകരം ആ നേരം തന്നെ മറ്റാരെങ്കിലും കണ്ടുവോ എന്ന് ചുറ്റുപാടുമാണ് ബീനാമ്മ നോക്കിയത്. ആരുമില്ല, കുറച്ച് ദൂരം മുന്നിലായി ബോട്ടിനു നേരമായിട്ടും കുണുങ്ങി നടക്കണ പെണ്ണിനെ ചീത്തവിളിച്ചോണ്ട് ചാച്ചന്‍ നില്‍പ്പുണ്ട്. തിടുക്കത്തില്‍ മുന്നോട്ട് നടക്കുന്നതിനിടയില്‍ പിറകില്‍ കൂക്കിവിളിച്ച് ഓടുന്ന മനുഷ്യരുടെ ഒച്ച ബീനാമ്മ കേട്ടു.

പതിനാറാമത്തെ വയസ്സിലാണ് ബീനാമ്മ ആ കാഴ്ച കാണുന്നത്, അതിനും മുന്നേയുള്ള തന്റെ ജീവിതം ദൈവവിചാരവും പ്രാര്‍ത്ഥനകളും ഭയവും കൂടിക്കുഴഞ്ഞ ഒറ്റ റീലായെ ഡോക്ടര്‍ക്ക് ഓര്‍മ്മിക്കാന്‍ സാധിച്ചിരുന്നുള്ളു. എത്ര ശ്രമിച്ചിട്ടും ആ ദര്‍ശനനേരത്ത് എന്താണ് തന്നിലനുഭവപ്പെട്ടതെന്ന് ബീനാമ്മയ്ക്ക് തിരിച്ചറിയാനുമൊത്തില്ല. സങ്കോചമോ പേടിയോ? അതോ ആ നേരം മനസ്സ് ശൂന്യമായിരുന്നോ എന്നൊന്നും തിട്ടവുമില്ല. സംഭവം ദൈവത്തിന്റെ പരീക്ഷണമാണെന്ന് ബീനാമ്മയ്ക്ക് ഉറപ്പായിരുന്നു,  അതുകൊണ്ട് തന്നെ മറ്റാരോടും അതേപ്പറ്റി മിണ്ടിയതേയില്ല. പ്രാര്‍ത്ഥനയിലേക്ക് കൂടുതല്‍ കൂടുതല്‍ മുഴുകുകയായിരുന്നു പരീക്ഷണസന്ധികളില്‍ മുന്നിലുള്ള മാര്‍ഗ്ഗം. പറയാവുന്നത്  കര്‍ത്താവിനോടാണെന്നിരിക്കിലും കുമ്പസാരവേളകളിലൊന്നും അരുതാത്തത് കണ്ടവളാണ് താനെന്ന് തുറന്നുപറയാന്‍ ബീനാമ്മ ധൈര്യപ്പെട്ടില്ല. കൊല്ലങ്ങള്‍ക്കുശേഷം ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസ്സില് ഹ്യൂമന്‍ അനാട്ടമി വിശദീകരിക്കുന്ന എതോ ലക്ച്ചറിനിടയില്‍ ബോര്‍ഡില്‍ വരച്ചിട്ടിരുന്ന അപൂര്‍വ്വ പ്രഭയുള്ള പുരുഷരൂപത്തില്‍നിന്നാണ് ബീനാമ്മയ്ക്ക് തിരിച്ചറിവിന്റെ വഴി തെളിഞ്ഞുകിട്ടുന്നത്. സ്വര്‍ണ്ണവെളിച്ചം പൂണ്ട് തനിക്ക് മുന്നിലന്ന് പ്രത്യക്ഷപ്പെട്ടത് വെറും മനുഷ്യരൂപങ്ങളല്ല, മറയേതുമില്ലാത്ത പ്രപഞ്ചസത്യങ്ങളായിരുന്നെന്ന് ബീനാമ്മയ്ക്ക് ഉള്‍വിളിയുണ്ടായി. ആ നാല്‍വരേയും അന്നങ്ങനെ ഒറ്റനിരയില്‍ കണ്ട ഏക വ്യക്തി താന്‍ മാത്രമായിരുന്നുവെന്നത് ബീനാമ്മയ്ക്ക് ഉറപ്പായിരുന്നു. അപ്പോള്‍ ആ കാഴ്ച തനിക്ക് മാത്രമുണ്ടായതാണ്, താന്‍ അതിനായി  തെരഞ്ഞെടുക്കപ്പെടുക ആയിരുന്നുവെന്ന് ബീനാമ്മയ്ക്ക് ബോധ്യമായി. ബ്ലാക്ക്‌ബോര്‍ഡില്‍ വരച്ചിരുന്ന പുരുഷരൂപത്തെ അതേപടി ഒരു ട്രേസിംഗ് പേപ്പറിലേക്ക് പകര്‍ത്തി ബീനാമ്മ കയ്യില്‍ സൂക്ഷിച്ചു, സ്വകാര്യതയില്‍, ഇരുളില്‍ മെഴുകുതിരിവെട്ടത്തില്‍ ആ രൂപത്തെ നോക്കി മുട്ടുകുത്തുമ്പോഴെല്ലാം പാര്‍ക്ക് അവന്യൂ റോഡിന്റെ വിജനതയിലൂടെ ഒഴുകിവരുന്ന ആണ്‍രൂപങ്ങളെ ബീനാമ്മ അകമേ ദര്‍ശിച്ചു. അതോടെ സമ്പ്രദായ പ്രാര്‍ത്ഥനകളില്‍ ബീനയ്ക്ക് വിശ്വാസം നശിച്ചു, സ്വകാര്യാരാധനയില്‍ മുഴുകിയ അവളില്‍ 'തെരഞ്ഞെടുക്കപ്പെട്ടവള്‍' എന്ന ആത്മബോധം ദൃഢമായി, അതവളെ വിജയങ്ങളിലേക്ക് മാത്രം നയിച്ചു.

പഠനവും ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി അനായാസം ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് അല്പകാലം കഴിഞ്ഞാണ് തനിക്ക് മുന്നിലന്ന് പ്രത്യക്ഷപ്പെട്ട നാല് ആണുങ്ങളെ കുറിച്ചുള്ള വിചാരം ബീനയെ മദിച്ചുതുടങ്ങിയത്. അവരെ കുറിച്ചൊരു സൂചനയെങ്കിലും തരാന്‍ കഴിയുന്നവരെ പരതി ഒരുപാട് മെനക്കെട്ടു. അപ്പോഴേക്കും 74 ആഗസ്റ്റ് 15ലെ ആ സംഭവം പറഞ്ഞും കേട്ടും പലവിധ ഭാവനകളിലൂടെ വളര്‍ന്നും പകര്‍ന്നും ഒരു മിത്തായി മാറിയിരുന്നു. പിന്നീട് പലകുറി ദാ വരുന്നൂ എന്ന മട്ടില്‍ ലോ വിദ്യാര്‍ത്ഥികളുടെ നഗ്‌ന ഓട്ടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കൊച്ചിനഗരത്തെ ഉദ്വേഗത്തിലാഴ്ത്തി പ്രചരിച്ചെങ്കിലും അതിന് ആവര്‍ത്തനങ്ങളുണ്ടായില്ല. പില്‍ക്കാലം രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ പ്രശസ്തരായി തീര്‍ന്ന സമകാലികരില്‍ പലരുടേയും പേരില്‍ പ്രസ്തുത സാഹസത്തിന്റെ കര്‍ത്തൃത്ത്വം ചാര്‍ത്തപ്പെടുകയുമുണ്ടായി. കഥകള്‍ ഉണ്ടാക്കുന്നവര്‍ക്കും ഉണ്ണുന്നവര്‍ക്കും അത് മതിയാകുമായിരുന്നു, പക്ഷേ, തനിക്കു മാത്രമായി അരങ്ങേറ്റപ്പെട്ടതെന്ന് ഉറച്ച ബോധ്യമുള്ള ആ ദിവ്യദര്‍ശനത്തിലെ നാല്‍വരെ ബീനാമ്മയ്ക്ക് കണ്ടെത്തിയേ മതിയാവുമായിരുന്നൊള്ളു. ആ നിശ്ചയദാര്‍ഢ്യമാണ് ഒരു ഉച്ചനേരത്ത് തോപ്പുംപടി പാരീസ് ജംഗ്ഷനിലെ  'ശാലോം' സ്റ്റുഡിയോയുടെ ഡാര്‍ക്ക് റൂമില്‍ ബീനയെ കൊണ്ടുചെന്നെത്തിച്ചത്. അനുമതി ചോദ്യമൊന്നും കൂടാതെ കയറിവന്ന് 'ഡോ. ബീന' എന്ന് സ്വയം പരിചയപ്പെടുത്തിയ അപരിചിതയുടെ പൊടുന്നനെയുള്ള വിവാഹാഭ്യര്‍ത്ഥന കേട്ട സ്റ്റുഡിയോ ഉടമ ജോര്‍ജ് പകച്ചുപോയി. ഡാര്‍ക്ക് റൂമിനു വെളിയിലിറങ്ങി വാള്‍ഫാനിന്റെ ചുവട്ടിലേക്ക് നീങ്ങി കഷണ്ടിയില്‍ കാറ്റ് കൊള്ളിച്ച് നിന്ന ജോര്‍ജിനോട് 'ഒരുപാട് ആലോചനയൊന്നും വേണ്ട, ഒരേ സത്യത്തിന്റെ മുന്നും പിന്നും കണ്ടവരാ നമ്മള്?' എന്നായി ഡോക്ടര്‍.

അമ്പരപ്പും ആശങ്കകളും ദൂരീകരിക്കും മുന്നേത്തന്നെ മൂന്നാം മാസം ജോര്‍ജിന് ബീനയെ വിവാഹം ചെയ്യേണ്ടിവന്നെന്നതാണ് സത്യം. ബീനയുടെ പൊടുന്നനെയുള്ള കടന്നുവരവിലും അതിനു കാരണമായി അവര്‍ സൂചിപ്പിച്ച, തനിക്കു പിടികിട്ടാത്ത പൂര്‍വ്വനിശ്ചയ കഥയുമിരിക്കേ തന്നെ ഇങ്ങോട്ട് വന്ന ബന്ധത്തെ തിരസ്‌കരിക്കത്തക്ക യാതൊരു ന്യായവും ജോര്‍ജിന് കണ്ടെത്താനും കഴിഞ്ഞില്ല. ഇരുവര്‍ക്കും ഒരുപോലെ ഉണ്ടായ 'സത്യദര്‍ശനം' ഏതെന്നു ചോദിക്കാന്‍ ജോര്‍ജ് പലപ്പോഴും തുനിഞ്ഞപ്പോഴാകട്ടെ, ബീന അത് മുളയിലെ നുള്ളി. താമസിയാതെ ഒരു രാത്രിയില്‍ ആമുഖമേതും കൂടാതെ ബീന തന്റെ ആഗ്രഹം ജോര്‍ജിനെ അറിയിച്ചു. സ്വീകരണമുറിയേയും തീന്‍മേശയേയും തമ്മില്‍ മറച്ചുകിടന്ന മെറൂണ്‍ കര്‍ട്ടന്‍ നീക്കി ജോര്‍ജിന്റെ നഗ്‌നശരീരം മുറിയിലെ മഞ്ഞവെളിച്ചത്തിലേക്ക് വന്നുനിന്നു, ഒന്ന് സന്ദേഹിച്ച ശേഷം മുന്നോട്ട് ചെറിയ ചുവടുകള്‍ വെച്ചു. രോമാവൃതവും ബലിഷ്ഠവുമായ ആ നഗ്‌നശരീരം തന്നിലേക്ക് നടന്നടുക്കുന്നത് കിടപ്പറയിലെ കസേരയില്‍ കാല്‍മുട്ട് കുത്തിനിന്ന് ബീന ദര്‍ശിച്ചു. ആദ്യത്തേതിന്റെ സങ്കോചത്തില്‍ അറച്ചറച്ച് ചുവടുകള്‍ വെയ്ക്കും നേരം ജോര്‍ജ് ബീനയുടെ കണ്ണുകളിലേക്ക് നോക്കി, തന്റെ ചെറിയ ബുദ്ധിക്കു ഗ്രഹിക്കാനാവാത്തതെന്തോ അവയില്‍ കണ്ട ജോര്‍ജിന് പിന്നീടൊരിക്കലും വിസ്സമ്മതം തോന്നിയില്ല. ബീന ആഗ്രഹിച്ചപ്പോഴെല്ലാം ജോര്‍ജിന്റെ നഗ്‌നരൂപം അവളുടെ മുന്നില്‍ നിസ്സങ്കോചം പ്രത്യക്ഷമായി.  

വൈകാതെ തന്റെ സത്യദര്‍ശനാനുഭവം ബീന ജോര്‍ജിനെ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഒരു ആഗസ്റ്റ് 15നു ഉച്ചയ്ക്ക് തന്നെ അന്വേഷിച്ചു വന്ന പത്രറിപ്പോര്‍ട്ടര്‍ ഏല്പിച്ച ദൗത്യം ജോര്‍ജ് ഓര്‍മ്മിച്ചെടുത്തു. സംഭവിക്കാന്‍ പോണതെന്താണെന്ന യാതൊരു ധാരണയുമില്ലാതെയാണ് തനിക്ക് നൂറ്റമ്പത് മീറ്റര്‍ മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന ആ പച്ച ഫിയറ്റ് കാറിന്റെ ഡോര്‍ തുറക്കുന്നതും കാത്ത് ക്യാമറ തയ്യാറാക്കി ബ്രോഡ്‌വേയില്‍ ജോര്‍ജന്ന് നിന്നത്. പിറന്ന പടിയുള്ള മൂന്ന് നാല് രൂപങ്ങള്‍  ഇറങ്ങിവരുന്നത് കണ്ട് ആകെയൊരു തരിപ്പാണ് തോന്നിയത്, അവര് മുന്നോട്ടോടുന്നതും കാഴ്ചക്കാര് ഒച്ചവെയ്ക്കുന്നതും കേട്ടപ്പോള്‍ സ്ഥലകാലബോധം വീണ്ടു കിട്ടിയ ജോര്‍ജ് വേഗത്തില്‍ ക്യാമറ ക്ലിക്ക് ചെയ്തു, അപ്പോഴേക്കും അയാളെ തട്ടിമറിച്ച് ആള്‍ക്കൂട്ടം പിന്നാലെ പാഞ്ഞുതുടങ്ങിയിരുന്നു. കിട്ടിയ ഒരേയൊരു സ്‌നാപ്പുംകൊണ്ട് തിരികെ സ്റ്റുഡിയോയിലെത്തുമ്പോള്‍ ജോര്‍ജിനെ കാത്ത് പത്രറിപ്പോര്‍ട്ടര്‍ നില്‍പ്പുണ്ടായിരുന്നു. പടം വാഷ് ചെയ്ത് വാങ്ങി പണവുമേല്പിച്ച് അന്ന് പിരിഞ്ഞ ആ റിപ്പോര്‍ട്ടറെ തേടി വര്‍ഷങ്ങള്‍ക്കുശേഷം ജോര്‍ജ് ബീനാമ്മയേയും കൂട്ടി ആദ്യം കുന്നുംപുറത്തെ അയാളുടെ വീട്ടിലും തുടര്‍ന്ന് കലൂരെ പത്രമാപ്പീസിലും ചെന്നു.

ആരൊക്കെ ആയിരുന്നു ആ നാലുപേരെന്ന് പൂര്‍ണ്ണമായും തിട്ടമുണ്ടായിരുന്നില്ലെങ്കിലും കൂട്ടത്തില്‍ തനിക്ക് സൗഹൃദമുണ്ടായിരുന്ന ചുള്ളിക്കലെ മറൈന്‍ ഫുഡ് എക്‌സ്‌പോര്‍ട്ടിങ് കമ്പനിയുടമയുടെ പേര് മാത്രമദ്ദേഹം വെളിപ്പെടുത്തി. നാട്ടിലെ പല പ്രമുഖരുടേയും പേര് ചേര്‍ത്ത് താന്‍ തന്നെ പലകുറി കേട്ട സംഭവത്തിലെ സത്യം തിരഞ്ഞെത്തിയ വനിതാഡോക്ടര്‍ ചാര്‍ലിക്ക് ഒരു കൗതുകമായി. ബീനയുടെ വിശദീകരണത്തിലെ സത്യദര്‍ശനവും ദിവ്യാനുഭവവുമൊന്നും മുഖവിലക്കെടുത്തില്ലെങ്കിലും അന്ന് സംഭവിച്ച കാര്യങ്ങള്‍ ചാര്‍ലി സവിസ്തരം അവര്‍ക്ക് മുന്നിലവതരിപ്പിച്ചു. കേട്ടിരിക്കുന്നതിനിടെ ചാര്‍ലിയെത്തന്നെ ഉറ്റുനോക്കിയ ബീനയുടെ കണ്ണുകള്‍ പാര്‍ക്ക് അവന്യൂ റോഡിലൂടെ ഓടിവരുന്ന നാല്‍വരില്‍ പടിഞ്ഞാറന്ന് രണ്ടാമതായി കണ്ട കിളരം കൂടിയ ഉടലിനെ തിരിച്ചറിഞ്ഞു, ബീനയുടെ മുഖഭാവത്തിലും പിന്നീടുണ്ടായ പെരുമാറ്റത്തിലും പ്രകടമായ അസാധാരണത്വം പക്ഷേ, ചാര്‍ലിയെ അസ്വസ്ഥനാക്കി. വേഗത്തില്‍ ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് പിന്നീടൊരിക്കലും ഡോക്ടര്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ ചാര്‍ലി ശ്രദ്ധിച്ചു.

അസാധാരണത്വങ്ങള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും ബീനയുമായുള്ള സഹജീവിതം ജോര്‍ജിനു നല്‍കിയത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത ശാന്തതയും സുരക്ഷിതത്വവുമായിരുന്നു. കാലാകാലം ബീനയെ തേടിവന്ന സ്ഥലമാറ്റങ്ങള്‍ക്കൊപ്പിച്ച് പുതിയ വസതികള്‍ തേടിപ്പിടിക്കുന്ന നേരം നീണ്ട ഹാളും അതിനോട് ചേര്‍ന്നൊരു കിടപ്പുമുറിയുമുള്ള വീടുകളും ക്വാര്‍ട്ടേഴ്‌സുകളും തരപ്പെടുത്താന്‍ ജോര്‍ജ് പ്രത്യേകം ശ്രദ്ധവെച്ചു. പൂര്‍ണ്ണനഗ്‌നനായി ചെറിയ ചുവടുകള്‍വെച്ച് മുറിയിലെ മഞ്ഞവെളിച്ചത്തില്‍ ബീനയുടെ അടുത്തേക്ക് നീങ്ങുന്ന സമയം തനിക്കേറ്റവും പ്രിയമുള്ള ജീവനുവേണ്ടി ഏതോ അതിന്ദ്രീയാരാധന നിറവേറ്റുന്ന വൈദികനാണ് താനെന്ന് ജോര്‍ജിനു സ്വയം തോന്നി. തന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച്  ബീന നിശ്ശബ്ദം കണ്ണീരൊഴുക്കുന്ന ദീര്‍ഘനേരമത്രയും ശൂന്യമായ മനസ്സോടെ ആ തല തഴുകുക മാത്രമാണ് അയാള്‍ ചെയ്യാറ്. ബീനയുടെ അസാമാന്യ കാര്യശേഷിക്കും അചഞ്ചലതയ്ക്കുമെല്ലാം ആധാരം ഈ ആരാധനകളാണെന്ന തിരിച്ചറിവ് ജോര്‍ജിനുണ്ടായിരുന്നു.

അങ്ങനെയൊരാരാധനയുടെ ഒടുവിലാണ് ഒരു കുഞ്ഞെന്ന ആശയം ബീന ജോര്‍ജിനു മുന്നില്‍ വെച്ചത്, പതിവുപോലെ അത് സംബന്ധിച്ചും യാതൊരു മുന്‍ധാരണയുമില്ലാതിരുന്ന ജോര്‍ജ് ബീനയുടെ നഗ്‌നാരാധനകള്‍ക്ക് കാര്‍മ്മികനാകാറുള്ള അതേ നിര്‍മ്മമബുദ്ധിയോടെ ആ കര്‍മ്മവും നിറവേറ്റി. മാസങ്ങള്‍ കഴിഞ്ഞ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും ലോംഗ് ലീവിനുള്ള അപേക്ഷ പാസ്സായി വന്ന രാത്രിയിലാണ് ഫോറന്‍സിക്ക് സയന്‍സില്‍ എം.ഡിക്ക് ചേരാനുള്ള തന്റെ തീരുമാനം ബീന ജോര്‍ജിനെ പൊടുന്നനെ അറിയിക്കുന്നത്. അപ്പോഴേക്കും ഗര്‍ഭം അലസിപ്പിക്കാനും പഠനത്തിനായി കോഴിക്കോടിന് പോകാനുമുള്ള തീരുമാനം ബീന സ്വയമെടുത്ത് കഴിഞ്ഞിരുന്നു. ഗര്‍ഭിണിയായതില്‍ പിന്നെ ബീനയില്‍ രൂപംകൊണ്ട പ്രകൃതഭേദങ്ങളെ അറിഞ്ഞ ജോര്‍ജ് ഏത് അപ്രതീക്ഷിതത്വത്തേയും അമര്‍ഷമോ വേദനയോ കൂടാതെ സ്വീകരിക്കാന്‍ മനസ്സിനെ കാലേകൂട്ടി പാകപ്പെടുത്തിയിരുന്നു. ബീന പോയതോടെ അയാളുടെ ലോകം പഴയതുപോലെ വീണ്ടും ശാലോം സ്റ്റുഡിയോയിലേക്ക് ഒതുങ്ങി.

എം.ഡി. പൂര്‍ത്തിയാക്കി തിരികെ സര്‍വ്വീസില്‍ ബീനയെ അനുഗമിക്കേണ്ട എന്ന തീരുമാനം ജോര്‍ജ് സ്വയമെടുക്കുകയായിരുന്നു. ആ ദാമ്പത്യത്തിനിടയില്‍ ആദ്യമായും അവസാനമായും ജോര്‍ജ് മുന്‍പിട്ടിറങ്ങി ഒരു തീരുമാനമെടുത്തതും അതുമാത്രമായിരുന്നിരിക്കാം ബീനയുടെ സ്വകാര്യതയിലും ആരാധനയിലുമൊക്കെ തന്റെ കാര്‍മ്മികത്വം ഇനിയൊരധികപ്പറ്റാകുമെന്ന് ശരിയാംവണ്ണം തന്നെ ജോര്‍ജ് ഊഹിച്ചു. പിന്നീട് സര്‍ക്കാര്‍ ആശുപത്രികളിലെ നാറുന്ന മോര്‍ച്ചറികളായി ബീനയുടെ ആരാധനപ്പുരകള്‍. പോസ്റ്റ്‌മോര്‍ട്ടം ടേബിളുകളില്‍ പൂര്‍ണ്ണ നഗ്‌നതയില്‍ നിശ്ചലം കിടക്കുന്ന ശരീരങ്ങളില്‍ മരണമൊളിപ്പിച്ചുവെയ്ക്കുന്ന നിഗൂഢതകളെ ചെറു ലാഞ്ഛനകളില്‍നിന്നും ചികഞ്ഞെടുക്കുന്ന ജോലി ധ്യാനപൂര്‍വ്വം അവര്‍ നിറവേറ്റും. മരണകാരണത്തിന് തീര്‍പ്പ് കുറിക്കുന്ന ഔദ്യോഗിക കൃത്യത്തിനുശേഷം, ശരീരങ്ങളെ മാത്രം ഉറ്റവര്‍ക്ക് കൈമാറിയുള്ള ജീവന്റെ മരണാനന്തരയാനത്തിനും ധ്യാനാവസ്ഥയില്‍ ബീന സാക്ഷിയാകും. അവര്‍ക്കു മാത്രം അറിയുന്ന ഒടുവിലത്തെ ആ രഹസ്യം തനിക്ക് കൈമാറി നിത്യതയിലേക്ക് നഗ്‌നരായി നീങ്ങുന്ന മൃതരോരോരുത്തരേയും അവന്യൂ റോഡിന്റെ സൗവര്‍ണ്ണ വിജനതയിലൂടെ സ്വര്‍ഗ്ഗവാതിലോളം ബീനയുടെ മനസ്സ് അനുധാവനം ചെയ്യും. തനിക്കു മാത്രം വെളിപ്പെട്ടതെന്ന് ബോധ്യമുള്ള യാത്രകള്‍ക്ക് കാര്‍മ്മികത്വം വഹിച്ച്, ഈ ഭൂമിയില്‍ മറ്റാരെക്കാളും ചാരിതാര്‍ത്ഥ്യയായി, ഒഴിഞ്ഞ മനസ്സുമായി ബീന സുഖമായി ഉറങ്ങി.  

എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ ഫോറന്‍സിക്ക് സര്‍ജനായി ജോലിചെയ്യുന്ന കാലം ഒരു വെളുപ്പാന്‍ രാവിലെ ബീനയുണര്‍ന്നത് നിറുത്താതടിച്ച ലാന്‍ഡ് ഫോണ്‍ ബെല്‍ കേട്ടാണ്. ഡി.എം.ഓയാണ് മറുതലക്കല്‍. വേളാങ്കണ്ണിക്ക് പോയി മടങ്ങിയ കൊച്ചിയില്‍നിന്നുള്ള സംഘം മധുരകൊച്ചി ഹൈവേയില്‍ അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരണപ്പെട്ടതും കഴിവതും വേഗം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബോഡികള്‍ വിട്ടുകൊടുക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മരിച്ചത് പിടിപാടുള്ള കൂട്ടരാണ്, നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനായി സമീപ ജില്ലയില്‍നിന്നും മറ്റൊരു സര്‍ജനേയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

മോര്‍ച്ചറിയിലെത്തിയപ്പോള്‍ത്തന്നെ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തീകരിച്ച് ബീനയെ കാത്ത് ഒരു മൃതശരീരം അവിടെ തയ്യാറായി കിടന്നിരുന്നു. മോര്‍ച്ചറിയിലെ വെളുത്ത ഇരുമ്പ് കട്ടിലില്‍ കിടത്തിയിരുന്ന വെളുത്ത് മെല്ലിച്ച വയറുന്തിയ ആ ശരീരത്തിന്റെ ഹൃദയഭാഗം ഇടിയുടെ ആഘാതത്തില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. കാരണനിര്‍ണ്ണയത്തിനു വേണ്ടുന്ന സൂചനകളൊക്കെയും ആ ശരീരത്തില്‍നിന്നും വേഗത്തില്‍ കണ്ടെടുത്ത് തിട്ടപ്പെടുത്തിയശേഷം ബീന അതിസൂക്ഷ്മം ശ്വാസകോശം തുളച്ചുകയറിയ വാരിയെല്ലുകള്‍ ഓരോന്നോരോന്നായി വിടര്‍ത്തിയെടുത്ത്, നെഞ്ചിന്‍കൂട് തുന്നിച്ചേര്‍ത്ത് പൂര്‍വ്വസ്ഥിയിലാക്കുന്നതില്‍ വ്യാപൃതയായി. തലയോട് തുറന്നുള്ള പരിശോധനയ്ക്കുശേഷം കോടിപ്പോയിരുന്ന മുഖം, തന്റെ മനസ്സില്‍ മുന്‍പെ പതിഞ്ഞിരുന്ന ചാര്‍ലിയുടെ മുഖമാക്കുവാന്‍ ഡോക്ടര്‍ നന്നേ യത്‌നിച്ചു! സഹായികളെ പുറത്തേക്ക് പറഞ്ഞയച്ച്  ഡോക്ടര്‍ ബീന ചാര്‍ലിയുടെ ശരീരത്തിന്റെ കാല്‍ക്കല്‍ കണ്ണടച്ചു നിന്നു. പാര്‍ക്ക് അവന്യൂ റോഡിലെ മഞ്ഞവെയില്‍ പുഴ വകഞ്ഞ് നടന്നകന്ന ആ നഗ്‌നരൂപത്തിനകമ്പടിയായി നാട്ടുകാരുടെ ആര്‍പ്പും കൂക്കും പശ്ചാത്തലത്തില്‍ കേട്ടു. പതിവിലേറെ പരിക്ഷീണമായ മനസ്സന്ന് ഒരാശ്രയത്തിനു വെമ്പുന്നത് മനസ്സിലാക്കി ചാര്‍ലിയുടെ മൃതദേഹം കയറ്റിയ ആംബുലന്‍സിനെ മറികടന്ന് ബീനയുടെ കാര്‍ ശാലോം സ്റ്റുഡിയോയിലേക്ക് നീങ്ങി.

സീനിയര്‍ സര്‍ജന്‍ എന്ന നിലയ്ക്ക് പേരെടുത്ത ബീനയുടെ മുന്നിലേക്ക് അതിനോടകം പ്രമാദമായ പല കേസുകളും കടന്നുവരികയും കൃതഹസ്തതയോടെ അതൊക്കെയും അവര്‍ ചെയ്യുകയുമുണ്ടായെങ്കിലും പോകെപ്പോകെ മൃതദേഹങ്ങളൊത്തുള്ള വ്യാപാരങ്ങളില്‍ മുന്നേ പോലുള്ള ഏകാഗ്രതയും ആത്മീയ ആയവും ബീനയ്ക്ക് കിട്ടാതെയായി. ചാര്‍ലിയുടെ മരണശേഷം വന്ന മറ്റൊരു മരണവും അവന്യൂ റോഡിലൂടെയുള്ള അന്ത്യയാത്രയോളം തന്നെ കൂടെ കൂട്ടുന്നതായി അവര്‍ക്കു തോന്നിയില്ല. അതോടെ പ്രവൃത്തികളില്‍ വല്ലാത്തൊരു മരപ്പ് ബീനയെ ബാധിച്ചു തുടങ്ങി. പരിശീലനം നേടിയ ഏത് ബുദ്ധിക്കും അയത്‌നം ചെന്നുചേരാവുന്ന കാരണസൂചനകളെ ശരീരങ്ങളിലൊളിപ്പിക്കുന്ന മരണത്തിന്റെ നിസ്സാര കേളികളോട് ബീനയ്ക്ക് പുച്ഛമായി. മോര്‍ച്ചറിയുടെ മഞ്ഞവെളിച്ചത്തില്‍ ഒരോ മരണത്തേയും സമീപിക്കുന്ന നേരം അതീന്ദ്രിയതയുടെ സ്ഫുലിംഗങ്ങളെ ബീന അതില്‍ പ്രതീക്ഷിക്കും, യാതൊന്നും സംഭവിക്കാതെ തികഞ്ഞ ഔപചാരികതകളില്‍ കാര്യങ്ങളൊടുങ്ങുന്ന നേരം അവരില്‍ അസ്വസ്ഥതകള്‍ വിങ്ങും, ഏതാനും മണിക്കൂറുകളുടെ ഉറക്കത്തിനുവേണ്ടിപ്പോലും മരുന്നുകളെ ആശ്രയിക്കേണ്ടിവരും.

ആയിടെയാണ് ആലപ്പുഴയില്‍ താന്‍ സീനിയര്‍ സര്‍ജനായിരിക്കെ അറ്റന്‍ഡ് ചെയ്ത ഒരു മരണത്തെക്കുറിച്ചുള്ള സംശയനിവൃത്തിക്കായി തിരുവനന്തപുരത്തുനിന്നും ഒരഭിഭാഷകന്‍ ബീനയെ തേടിവരുന്നത്. സനൈയ്ഡ് ഉള്ളില്‍ ചെന്ന് മരിച്ച ഒരു ജ്വല്ലറി ഉടമയുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍വ്വഹിച്ചതും അയാളുടെ നീലിച്ച  ചുണ്ടത്ത് മരണരഹസ്യം ചിരിയായി വരച്ചിട്ടിരുന്നതും ബീനയ്ക്ക് നല്ല ഓര്‍മ്മയുമുണ്ട്. എന്നാല്‍ തന്നെ വന്നു കണ്ട അഡ്വക്കേറ്റ് വീനസ്, മരിച്ച മഹാദേവന്റെ സഹപാഠി ആയിരുന്നുവെന്ന് വെളിപ്പെടുത്തിയപ്പോളാണ് താന്‍ നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ചോര്‍ത്ത് ബീന നടുങ്ങിയത്. ആത്മഹത്യയെന്ന് താനുറപ്പിച്ച ആ മരണത്തിന്റെ ചുണ്ടത്ത് അന്ന് കണ്ടത് തനിക്കു പിടിതരാതെ കുതറിക്കടന്നു പോകുന്നതിലെ കുസൃതിച്ചിരിയായിരുന്നുവെന്ന തിരിച്ചറിവില്‍ തന്റെ തീര്‍പ്പുകളിലാകെ ബീനയ്ക്ക് സംശയങ്ങളായി. അപ്പോഴും ആദ്യം മഹാദേവന്‍, പിന്നീട് ചാര്‍ലി, ഇപ്പോള്‍ വീനസ് എന്ന നിലയില്‍ ആ നാല്‍വരും തന്നിലേക്കെത്തുന്നതിലെ നിയോഗ നിശ്ചയം ബീനയെ ആവേശം കൊള്ളിച്ചു.

വീനസിന്റെ കാര്യത്തില്‍, ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ അയാളില്‍ മരണത്തിന്റെ സാമീപ്യം ബീനയ്ക്ക് അനുഭവപ്പെട്ടിരുന്നു. മഹാദേവന്‍ കേസിന്റെ വിസ്താരകാലത്ത് പലകുറി ഉണ്ടായ ഇടപെടലുകളില്‍നിന്നും വീനസ്സിന്റെ സീറോസിസ്സ് രോഗത്തെക്കുറിച്ച് മനസ്സിലാക്കിയ ബീന തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം വാങ്ങി അവധാനപൂര്‍വ്വം കാത്തിരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കവടിയാറിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ മണിക്കൂറുകള്‍ക്കുശേഷം കണ്ടെത്തിയ മൃതദേഹത്തെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബീന കണ്ണുകളടച്ചു നിന്നു. പാര്‍ക്ക് അവന്യൂ റോഡിലെ വൈകുന്നേരത്തിലൂടെ വീര്‍ത്ത വയറുമായി നടന്നുനീങ്ങിയ നഗ്‌നനായ വീനസ്സിന്റെ യാത്രയെ അങ്ങെത്തുവോളം അനുഗമിക്കാന്‍ പക്ഷേ, ബീനയെ മനസ്സനുവദിച്ചില്ല. ഒരു വൈകുന്നേരത്തിന്റെ വെയില്‍ വെളിച്ചത്തെ മുഴുവനും ഉടലില്‍ മിന്നിച്ച് ചെറുപ്പത്തിന്റെ ചൊടിയില്‍ ഒഴുകി വന്ന നാല് ശരീരങ്ങളിലൊന്ന് ആ നിലയില്‍ മങ്ങുന്നതു കണ്ടുനില്‍ക്കാന്‍ ബീനയ്ക്ക് കഴിഞ്ഞില്ല.

വീനസ്സും കടന്നുപോയിക്കഴിഞ്ഞാണ് ബീനയുടെ വിചാരം നാലാമനിലേക്ക് തിരിയുന്നത്. അതും തന്നാല്‍ തന്നെ നിറവേറ്റപ്പെടേണ്ടതാണെന്ന് ബീനയ്ക്ക് ബോധ്യമായിരുന്നു. ആ ബോധ്യത്തെ ഉറപ്പിക്കുന്ന വിധത്തിലാണ് കോട്ടയത്തേക്കുള്ള സ്ഥലം മാറ്റം യാദൃച്ഛികമായി ലഭിക്കുന്നത്. അക്കാലമായപ്പോഴേക്കും ദുസ്സഹമാംവിധം മടുപ്പുമൂടിയ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മടങ്ങാന്‍ ബീനയുടെ മനസ്സ് അതിയായി ആഗ്രഹിച്ചു. എന്നാല്‍, ആയുസ്സ് മുഴുവനും താനന്വേഷിച്ച  വെളിപാടിന്റെ പൂര്‍ണ്ണത തന്നിലേക്ക് അടുത്തുതുടങ്ങിയെന്ന തോന്നലും അവരില്‍ തീവ്രമായി. അക്ഷമയും ഉല്‍ക്കണ്ഠയും പാരമ്യത്തിലെത്തിയ ആയിടെയാണ് ബാര്‍ അസോസിയേഷന്റെ ടെലിഫോണ്‍ ഡയറക്ടറിയില്‍നിന്നും ഉറുമീസ് വക്കീലിന്റെ സെല്‍ നമ്പര്‍ ബീനയ്ക്ക് യാദൃച്ഛികമായി ലഭിക്കുന്നത്. തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് ഡോക്ടര്‍ ബീന ഉറുമീസ് വക്കീലിന്റെ ഓഫീസിലേക്ക് ചെന്നതെങ്കിലും ആദ്യ ഫോണ്‍കോളില്‍ത്തന്നെ വക്കീലില്‍ അസ്വസ്ഥതയുടെ പതര്‍ച്ച ബീനയ്ക്ക് ഗ്രഹിക്കാനായിരുന്നു.  കഷ്ടി അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച കഴിഞ്ഞ് തിരികെ ഇറങ്ങിപ്പോരുമ്പോഴേക്കും സംഭവിക്കാന്‍ പോകുന്നതെന്തെന്ന് ബീനയ്ക്ക് നിശ്ചയമായി കഴിഞ്ഞിരുന്നു.

കസേരയിലെ കാല് നീട്ടിയുള്ള ഒരേ കിടപ്പില്‍ സാധാരണ ഉണ്ടാകാറുള്ള പുറം വേദന പ്രതീക്ഷിച്ച് ഡോക്ടര്‍ ബീന എഴുന്നേറ്റ് നടുവനക്കി നോക്കി വേദനയില്ലാ, മരപ്പ് മാത്രമേയുള്ളു. നേരം പുലര്‍ന്നിരുന്നു, സൈലന്റ് മോഡിലാക്കിയ ഫോണെടുത്ത് നോക്കി മിസ്ഡ്‌കോളുകളുണ്ട്,  ജോര്‍ജിന്റെയാണ്, തലേന്നും ഇന്നുമായി മൂന്നെണ്ണം. തിരികെ വിളിച്ച് അസുഖവിവരങ്ങള്‍ തിരക്കിയശേഷം വീട്ടുസാധനങ്ങളൊക്കെയും കെട്ടിപ്പെറുക്കാന്‍ ആളെ ഏര്‍പ്പാടാക്കി വോളന്ററി റിട്ടയര്‍മെന്റിനുള്ള ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റിലെത്തി ക്ലാര്‍ക്കിനെ ഏല്പിച്ചശേഷം ബീന ഉറുമീസ് വക്കീലിനെ കിടത്തിയിരുന്ന മോര്‍ച്ചറിയിലേക്ക് കടന്നു. അനുഷ്ഠാനമെന്നപോലെ നെഞ്ചും തലയോടും തുറന്ന് ഒട്ടോപ്‌സി നടപടികള്‍ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ടില്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഫോളൊവിംഗ് കാര്‍ഡിയാക്ക് അറിത്തിമിയാ ഡ്യൂ ടു അക്യൂട്ട് ഇമോഷണല്‍ എറോസല്‍ എന്ന് മരണകാരണം രേഖപ്പെടുത്തി ഒപ്പിട്ടു സീലുവെയ്ക്കാനായി സഹായിയെ ഏല്പിച്ച് ഒന്ന് കണ്ണടച്ചു. അപ്പോഴേയ്ക്കും ഇടയ്ക്കിടെ പിന്നാക്കം തിരിഞ്ഞുനോക്കിക്കൊണ്ട് ഉറുമീസ് വക്കീലിന്റെ നഗ്‌നശരീരം ശരവേഗം പാര്‍ക്ക് അവന്യൂറോഡ് പിന്നിട്ടു കഴിഞ്ഞിരുന്നു. അറുപത്തിനാലാം വയസ്സിലും ഈ വെപ്രാളം വക്കീലിനെ വിട്ടൊഴിഞ്ഞില്ലല്ലോ എന്ന് ബീനയ്ക്ക് സഹതാപം തോന്നി.

ഈ നേരം വഴിനീളെ പരിഭ്രമിച്ച് ശങ്കിച്ച് അങ്ങോട്ടേക്കെത്തിയ ഉറുമീസിനെ കാത്ത് കവാടത്തിനരികില്‍ മൂന്ന് വൃദ്ധദേഹങ്ങളിരിപ്പുണ്ടായിരുന്നു. ഉറുമീസ് കൂടി എത്തിയതോടെ കാത്തിരിപ്പിനറുതിയായ ഉത്സാഹത്തില്‍ ആ നാല് നഗ്‌നദേഹങ്ങളൊരുമിച്ച് കവാടം കടന്നു. സ്വര്‍ഗ്ഗനഗരിയിലേക്ക് പ്രവേശിച്ചയുടന്‍ അവരില്‍ യൗവ്വനം വന്നുനിറഞ്ഞു, ഉടലുകള്‍ വെയില്‍വെളിച്ചത്തില്‍ മിന്നി, ആര്‍ത്തുവിളിച്ച് നഗരാന്തരത്തിലേക്ക് അവര്‍ ഓടിമറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com