'നളിനി രണ്ടാം ദിവസം'- പി.എഫ്. മാത്യൂസ് എഴുതിയ കഥ

സുമതി എന്ന പേരു കേട്ടപ്പോള്‍ നളിനിയുടെ ചുണ്ടുകള്‍ മൂന്നു വരികളില്‍ മൂന്നു വാക്കുകള്‍ക്കു രൂപംകൊടുത്തു
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

സുമതി എന്ന പേരു കേട്ടപ്പോള്‍ നളിനിയുടെ ചുണ്ടുകള്‍ മൂന്നു വരികളില്‍ മൂന്നു വാക്കുകള്‍ക്കു രൂപംകൊടുത്തു.
സു മ തി
മ  രു ന്നു
തി ന്നു ന്നു
അഞ്ചുമണിക്കൂര്‍ നീണ്ട തീവണ്ടിയാത്ര കഴിഞ്ഞ് ചായ കുടിക്കാനിരിക്കുകയായിരുന്നു നളിനിയും നരേന്ദ്രനും. ആ പേര് ആദ്യമായി കേട്ടപ്പോഴും പിന്നെ ഇപ്പോഴും അവളുടെ ചുണ്ടുകളില്‍നിന്ന് സ്വരമില്ലാതെ അടരുന്ന വാക്കുകളെന്താണെന്നു ശ്രദ്ധിക്കാതെ, അയാള്‍ സുമതിയെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അതു തീരുവോളം നളിനിയുടെ ചുണ്ടുകളും തലച്ചോറും സുമതി മരുന്നു തിന്നുന്നു എന്നുരുവിട്ടുകൊണ്ടേയിരുന്നു. 
അഗ്രഹാരത്തിലൂടെ നടന്നാല്‍ സുമതിയുടെ വീട്ടിലേക്ക് എളുപ്പത്തിലെത്താം. മങ്ങിമങ്ങി മണ്ണില്‍ച്ചേര്‍ന്നു തുടങ്ങിയ കോലത്തില്‍ ചവിട്ടി നരേന്ദ്രന്‍ നടക്കുന്നതു കണ്ട് നളിനി അയാളുടെ കയ്യില്‍ പിടിച്ചുവലിച്ച് വഴിമാറ്റി നടത്തിച്ചു. നടക്കുമ്പോള്‍ കൈകോര്‍ത്തു പിടിക്കാനുള്ള കൊതികൊണ്ടാണവളങ്ങനെ ചെയ്യുന്നതെന്ന് അയാള്‍ കരുതി. കാടു കാണുകയും ഇലകള്‍ കാണാതിരിക്കുകയും ചെയ്യുന്നയാളാണ് നരേന്ദ്രന്‍. നളിനിയാകട്ടെ, നേരെ മറിച്ചും. 

അഗ്രഹാരത്തിനോടു ചേര്‍ന്ന ചെറിയ വീട്ടില്‍ സുമതി തനിച്ചായിരുന്നു. അവളുടെ രണ്ടു വയസ്സുള്ള കുട്ടി വരാന്തയിലെ ചുവന്ന തിണ്ണയില്‍ അരിയുണ്ട പിച്ചിച്ചീന്തിയിട്ട് പെറുക്കിത്തിന്നുകൊണ്ടിരുന്നു. സ്വരം കേട്ട് വാതില്‍ തുറന്ന സുമതി നളിനിയേയോ തറയിലിരിക്കുന്ന കുഞ്ഞിനേയോ കണ്ടില്ല. നരേന്ദ്രന്റേയും സുമതിയുടേയും കണ്ണുകളില്‍ അവര്‍ തന്നെ പരസ്പരം കവിഞ്ഞൊഴുകി. ആ സമയത്താണ് ചെളിയും മൂത്രച്ചൂരുമുള്ള കുഞ്ഞുടുപ്പണിഞ്ഞ കുട്ടിയെ വാരിയെടുക്കാന്‍ നളിനിക്കു തോന്നിയത്. അവള്‍ അതിനെ എടുത്തു നെഞ്ചിലേക്കു ചേര്‍ത്തപ്പോഴേക്കും നരേന്ദ്രനും സുമതിയും കിടപ്പുമുറിയിലേക്കു കയറിയിരുന്നു. 
''അമ്മേ ഞാനീ കഥയ്‌ക്കൊരു പേരു കണ്ടുപിടിച്ചു.''

നളിനിയുടെ മുഖത്ത് ആകാംക്ഷയുടെ തരിപോലുമില്ലെന്നുകണ്ട് ചിത്തന്റെ കൗതുകം മങ്ങി. കുറച്ചുനേരം അവന്റെ മുഖത്തേക്കു നോക്കിയങ്ങനെ ഇരുന്നിട്ടും അവനൊന്നും പറയുന്നില്ലെന്നു കണ്ടപ്പോള്‍ നളിനി പുഞ്ചിരിച്ചു. 
''പറ... കേള്‍ക്കട്ടേ...''
''നളിനി രണ്ടാം ദിവസം.''

മറുപടിയൊന്നും പറയാതെ കുറേ ചുവന്ന ഹൃദയങ്ങളുടേയും ഉമ്മകളുടേയും അകമ്പടിയോടെ അവള്‍ മൊബൈല്‍ഫോണിലെ സന്ദേശത്തിനു മറുപടി എഴുതാന്‍ തുടങ്ങി. ആ നിമിഷം ചിത്തന്റെ ഉള്ളിലേക്ക് കലി കയറിക്കൂടി. അത് ശരീരത്തില്‍നിന്നും മനസ്സില്‍നിന്നും ഒളിപ്പിച്ചു വച്ചുകൊണ്ടു അവന്‍ പറഞ്ഞു:
''ഞാനാ വിദേശ മലയാളികളുടെ ക്ഷണം സ്വീകരിക്കാമ്പോകുവാണ്...''
''നീയല്ലേ പറഞ്ഞത് ന്യൂയോര്‍ക്ക് നിനക്കിഷ്ടമല്ലെന്ന്...''
''ഇപ്പഴത്തെ കാലത്ത് ബാഹുകന് എളുപ്പത്തില്‍ ഒളിക്കാനാകുന്നത് വലിയ സിറ്റികളിലാണ്... പിന്നെ എനിക്കൊന്നു ലാസ്വേഗാസിലും പോണംന്നുണ്ട്.''

സന്ദേശം അയച്ചതിനുശേഷം നളിനി അവന്റെ മുഖത്തേക്കു നോക്കി. അവിടെ ഈര്‍ഷ്യയും അനിഷ്ടവും മാത്രമാണ് കണ്ടത്. ലാസ്വേഗാസില്‍ പുഷ്‌ക്കരനുമായി ചൂതുകളിയുണ്ടോ എന്നു ചോദിച്ചില്ല. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍ അവന്റെ ജീവിതത്തിന്റെതന്നെ ഭാഗമായി മാറുമെന്ന് അവള്‍ക്കറിയാം. അവനെക്കുറിച്ചുള്ള അത്തരം വെളിപ്പെടുത്തലുകള്‍ ചിത്തനിഷ്ടവുമല്ല.
''സ്‌നേഹമില്ലാതെ മനുഷ്യരെങ്ങനെയാണ് ജീവിക്കുന്നതെന്ന് എനിക്കൊരു പിടിയുമില്ല...'' സ്വന്തം പ്രേമങ്ങളെക്കുറിച്ചു പറയുമ്പോള്‍ നളിനി അങ്ങനെയൊരു വാചകം കൂടി കൂട്ടിച്ചേര്‍ക്കാറുണ്ട്. വിഷയമാറ്റത്തിന് നരേന്ദ്രനെക്കുറിച്ചെന്തോ പറയാമെന്നു കരുതിയാണ് തുടങ്ങിയത്.'' 
''സമ്മതിച്ചു... പ്രേമമില്ലാതെ നിങ്ങള്‍ക്കു ജീവിക്കാനാകില്ല... അതുപക്ഷേ, രഹസ്യമാക്കിയെങ്കിലും വച്ചൂടേ... വീട്ടുകാരേം കൂട്ടുകാരേമൊക്കെ അറീക്കുന്നതെന്തിനാ...''
''എന്റെ ചിത്താ... അതിനു നമ്മള് തെറ്റായിട്ടൊന്നും ചെയ്യണില്ലല്ലോ... ആര്‍ക്കും ദോഷോം ഉണ്ടാക്കീട്ടില്ല... പിന്നെന്താ...''
''അമ്മേടെ പ്രേമകഥേടെ വിവരണം മറ്റുള്ളോരെ രസിപ്പിക്കുമെന്ന് കരുതണുണ്ടോ... ഉദാഹരണത്തിന് അച്ഛന് തന്നെ എത്ര പ്രയാസണ്ടാകും...''
''എല്ലാം തുറന്നു പറേണതോണ്ട് അച്ഛന് നല്ല മതിപ്പാണെന്നാ എന്റ തോന്നല്...''
''നിങ്ങടെ കഥ കേട്ട് അച്ഛന്‍ ചിരിക്കുന്നതോണ്ടുള്ള തെറ്റിദ്ധാരണയാണ്... സത്യത്തില് വിശാലമനസ്‌കനാണെന്നു കാണിക്കാനുള്ള അഭിനയമാണത്...''
''ഇപ്പോ അങ്ങനായാലും കുഴപ്പോന്നുമില്ല...''
''അമ്മേടെ ഈ കാമുകന്‍മാരെല്ലാം ശുദ്ധ ക്രിമിനല്‍സാണ്... അവമ്മാര്ട കാര്യം കാണാനുള്ള ഓരോ സൂത്രങ്ങള്...''
''എന്തു കാര്യം കാണാന്‍...''
''ചെലര് പണം തട്ടിച്ചെടുക്കാന്‍... ചെലപ്പോ ഫ്രീയായിട്ട് സെക്‌സ് ചെയ്യാനുമാകും... നമ്മട നാട്ടില് ഏറ്റോം ക്ഷാമമതിനാണല്ലോ...''
''ഞാനതിനെ അങ്ങനേന്നും കാണുന്നില്ല... നമുക്കിഷ്ടള്ളോര്‍ക്ക് ഒരാവശ്യം വന്നാല്‍ നമ്മള് സഹായിക്കില്ലേ... പിന്നെ ശരീരംകൊണ്ടല്ലാതെങ്ങനെയാ ചിത്താ മനുഷ്യര് സ്‌നേഹിക്കണേ...''
''ചെലപ്പം തോന്നും നിങ്ങള്‍ക്കു നല്ല വട്ടാണെന്ന്...'' ഇത്തവണ ദ്വേഷ്യം മുഴുവന്‍ ശരീരത്തില്‍ പ്രകടമാക്കിക്കൊണ്ടാണ് ചിത്തന്‍ പുറത്തേക്ക് ഇറങ്ങിപ്പോയത്. 

വലിയൊരു ആള്‍ക്കൂട്ടത്തിന് രസിക്കുന്ന മട്ടില്‍ നമ്മള്‍ ജീവിതം അഭിനയിക്കുന്നതെന്തിനാണെന്ന് നളിനിക്ക് ഇതേവരെ പിടികിട്ടിയിട്ടില്ല. ആര്‍ക്കും ദോഷമില്ലാതെ ഇഷ്ടാനുസരണം ജീവിക്കുന്നവരെ മനോരോഗികളെന്നു പറയുമെങ്കില്‍ അത്തരം ആളുകള്‍ പാര്‍ക്കുന്ന വീടുകളെക്കൊണ്ട് ഈ ലോകം നിറയണമെന്നതാണ് അവളുടെ സ്വപ്നം. എന്തായാലും അമ്മയുടെ പുതിയ പ്രണയത്തെക്കുറിച്ചുള്ള ചിത്തന്റെ കഥ വായിച്ചിട്ടേ ഇനി ഒരടി മുന്നോട്ടുള്ളൂ എന്നു തീരുമാനിച്ച് നളിനി അവന്റെ മുറിയിലേക്കു കയറി.

ക്രമവും വൃത്തിയുമുള്ള മുറിയില്‍ നളിനിക്കു സ്വാധീനമുള്ള ഇടങ്ങളിലൊന്നും ആ കഥ കണ്ടില്ല. നളചരിതം രണ്ടാം ദിവസം ആട്ടക്കഥ തുറന്നുവച്ച് ചില ശ്ലോകങ്ങള്‍ ഒരു തുണ്ടു കടലാസ്സില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. കഥയുമായി ആട്ടക്കഥയെ ബന്ധിപ്പിച്ചിരിക്കുന്നതെങ്ങനെ എന്നറിയാനുള്ള ആകാംക്ഷയും കൂടിയായപ്പോള്‍ അവള്‍ അവന്റെ കംപ്യൂട്ടറില്‍ അതിക്രമിച്ചു കയറി 'ന്യൂ സ്റ്റോറി' എന്ന ഫയല്‍ തുറന്ന് വായിക്കാന്‍ തുടങ്ങി. 
ജീവിതത്തിലെ ആറു പ്രേമകഥകളും ഏഴാമത്തെ കാമുകനായ നരേന്ദ്രനോടു പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ കനത്ത നിശ്ശബ്ദതയ്ക്കു പിന്നിലെ വികാരം വെറുപ്പാണോ എന്നറിയുവാന്‍ വേണ്ടി നളിനി സൂക്ഷ്മമായി നോക്കി. അവളുടെ നോട്ടം പ്രതീക്ഷിച്ചതിനാലാകണം അയാള്‍ പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. മൗനത്തിന്റെ പടവുകള്‍ കടന്ന് സമതലത്തിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു:
''എനിക്കുമുണ്ട് കഥ... ഏഴെണ്ണമൊന്നുമില്ല... ഒരേയൊരെണ്ണം... പക്ഷേ, അതിലും പറയാന്‍ തക്കവണ്ണം കനമുള്ള യാതൊന്നുമില്ല... അഗ്രഹാരത്തിലാണവള്‍ താമസിക്കുന്നത്... ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്... വളരെ യാഥാസ്ഥിതിക ഗ്രാമം പോലെയുള്ള ഒരിടമാണ്. അവളെ കാണണമെന്നും ഒരു ദിവസം അവിടെ തങ്ങണമെന്നുമുണ്ട്. നിന്റെ സഹായവും പിന്തുണയുമുണ്ടെങ്കില്‍ അതു നടക്കും.''
''ഞാനെന്താണ് ചെയ്യേണ്ടത്...''
''നമ്മള്‍ അവളുടെ കുടുംബക്കാരെപ്പോലെ അവിടേക്കു കയറിച്ചെല്ലുന്നു... ഒന്നോ രണ്ടോ ദിവസം അവിടെ തങ്ങിയിട്ട് മടങ്ങുന്നു...''
''എന്താണവളുടെ പേര്?''
സുമതി.
സു മ തി
മ രു ന്നു
തി ന്നു ന്നു

ഉച്ചതിരിഞ്ഞിട്ടും കിടപ്പുമുറിയില്‍നിന്ന് സുമതിയും നരേന്ദ്രനും ഇറങ്ങിയില്ല. അരിയുണ്ടയ്ക്കു പരിഹരിക്കാവുന്നതിനപ്പുറം കുഞ്ഞിന്റെ വിശപ്പും നിലവിളിയും വളര്‍ന്നപ്പോള്‍ നളിനി കുട്ടിയേയുംകൊണ്ട് അടുത്തുള്ള കാപ്പിക്കടയിലേക്കു പോയി. വെള്ളച്ചോറും സാമ്പാറും രുചിയില്ലാത്ത തോരനും കൂട്ടി അവര്‍ ഊണുകഴിച്ചു. എരിവു താങ്ങാനാകാതെ കുഞ്ഞു കരയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്ക് വലിയ പാക്കറ്റ് വെളുത്ത ചോക്കലേറ്റു വാങ്ങിക്കൊടുത്തു. അതോടെ അവര്‍ സ്‌നേഹത്തിലായി. കുഞ്ഞിന്റെ കൊഞ്ചലുകള്‍ വടിവു നിവര്‍ത്തി നീളമേറിയ വാചകങ്ങളാക്കി മാറ്റാന്‍ നളിനിക്കു കഴിഞ്ഞു. ആ രാത്രിയും നരേന്ദ്രനും സുമതിയും പുറത്തിറങ്ങിയില്ല. വിശപ്പും ദാഹവുമേശാത്ത രതിയിലകപ്പെട്ടിരിക്കുകയാണോ അവര്‍. മുട്ടിവിളിക്കണമെന്നു പലവട്ടം ചിന്തിച്ചുവെങ്കിലും പ്രണയത്തിനു തടസ്സമാകുന്ന യാതൊന്നും ചെയ്യാന്‍ നളിനിക്കു കഴിഞ്ഞില്ല. 

ഒന്നാം നാള്‍ ഇരുട്ടിത്തെളിഞ്ഞപ്പോള്‍ നളിനി തന്റെ രണ്ടാം ദിവസത്തിലേക്കു കണ്ണുകള്‍ തുറന്നു.
കഥ പൂര്‍ത്തിയായിട്ടില്ല. അവസാനത്തെ വാചകത്തില്‍നിന്നാണ് കഥയ്ക്ക് പേരുണ്ടാക്കിയിരിക്കുന്നത്. 
''ചിത്താ... ഒരാളുടെ ജീവിതത്തിലെ ഒരു സംഭവം എടുത്ത് നേരെ എഴുതിവയ്ക്കുന്നതിനെ കഥയെന്നോ സാഹിത്യമെന്നോ പറയാനാവില്ല...''
''എല്ലാ എഴുത്തുകാരും അവരുടേം മറ്റുള്ളവരുടേം അനുഭവങ്ങളെടുത്തല്ലേ എഴുതണേ... നമ്മുടെ ബഷീറുപോലും അങ്ങനല്ലേ...''
''ഒരാള്‍ടെ ജീവിതം പകര്‍ത്തിവയ്ക്കുന്നത് ഭംഗിയല്ലെന്നാ എന്റഭിപ്രായം...''
''ചുമ്മാ പകര്‍ത്തിവയ്ക്കലല്ലല്ലോ... അതിന്റെ വിവരണമല്ലേ സാഹിത്യം... വിവരണത്തിലെവിടേയും അമ്മയുടെ ജീവിതമില്ല... ജീവിതത്തീന്നാണ് തുടങ്ങണതെങ്കിലും അവസാനം ജീവിതവുമായി അതിനു ബന്ധോന്നുമില്ല...''
''എന്തോ എനിക്കറിയില്ല... തര്‍ക്കിക്കാനൊട്ടു താല്പര്യവുമില്ല...''
''അതിനമ്മ കഥ മുഴുവനും വായിച്ചിട്ടില്ലല്ലോ... ഇനീം കഥയുടെ കേന്ദ്രത്തിലെത്തീട്ടില്ല... നളിനീടെ രണ്ടാം ദിവസമാണ് യഥാര്‍ത്ഥത്തിലുള്ള കഥ.''

രണ്ടാം ദിവസം, ആ കഥയ്ക്കു പുറത്തുള്ള നളിനി അഞ്ചുമണിക്കൂര്‍ തനിയെ യാത്രചെയ്ത് അവളുടെ വീട്ടിലേക്കു മടങ്ങി. മടങ്ങുമ്പോള്‍ സുമതിയുടെ കുഞ്ഞ് അവളോടൊപ്പം ഇറങ്ങിത്തിരിക്കുകയും നളിനി സന്തോഷത്തോടെ അവളെ വാരിയെടുക്കുകയും ചെയ്തതാണ്. മോളെ ഞാന്‍ കൊണ്ടുപൊക്കോട്ടേ എന്നു ചോദിച്ചപ്പോള്‍ നരേന്ദ്രനും സുമതിയും ഒറ്റമനസ്സോടെ പറഞ്ഞു:
''നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ...?''

ആ കുട്ടിയും നളിനിയും തമ്മില്‍ അഗാധമായി അടുത്തുകഴിഞ്ഞിരുന്നു. സ്‌നേഹമുള്ള ഇടങ്ങളിലല്ലേ മനുഷ്യര്‍ ഒന്നിച്ചു കഴിയേണ്ടത്. സുമതി പ്രസവിച്ചുവെന്ന ഒരൊറ്റ ന്യായത്തില്‍ അവളാ കുഞ്ഞിനെ തടഞ്ഞുവച്ചതെന്തിനാണെന്ന് ഇന്നും നളിനിക്കു പിടികിട്ടിയിട്ടില്ല. വിവാഹിതനായ നരേന്ദ്രന്‍ എന്നേക്കുമായി ആ വീട്ടില്‍ കഴിയാന്‍ പോകുന്നില്ല. നര്‍ത്തകിയും നടിയുമായ സുമതിക്ക് ആ കുഞ്ഞിനെ സ്‌നേഹിച്ചും ലാളിച്ചും വളര്‍ത്താന്‍ നേരം കിട്ടുകയുമില്ല. എന്നിട്ടും അവരാ കുഞ്ഞിനെ സ്‌നേഹമുള്ള ഇടത്തേക്കു പറഞ്ഞുവിടാത്തതെന്തുകൊണ്ടാണെന്ന് നളിനിക്ക് മനസ്സിലായില്ല. 
''രണ്ടാം ദിവസം മടക്കയാത്രയില്‍ നളിനി എട്ടാമത്തെ പ്രണയത്തിലകപ്പെടും... അത് അവളുടെ ജീവിതത്തെ രണ്ടായി കീറിമുറിക്കുകയും ചെയ്യും...''

ചിത്തന്‍ കഥാകാരന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു:
''അതൊരു കള്ളക്കഥയാണ്...'' നളിനി ഈര്‍ഷ്യ മറച്ചുപിടിച്ചില്ല. 
''കഥ എന്നു പറയുന്നതുതന്നെ കള്ളമല്ലേ...''
''അല്ല... ജീവിതത്തിലേക്കാളും വലിയ സത്യമാണ് കഥ വിവരിക്കുന്നത്... അല്ലെങ്കില്‍ അങ്ങനയാകുന്നതാണ് കഥ...''

ചിത്തന്‍ ചുണ്ടു വക്രിച്ച ചിരിയിലേക്കു പ്രതികരണം ചുരുക്കിയപ്പോള്‍ നളിനി അതിങ്ങനെ വിവര്‍ത്തനം ചെയ്തു വായിച്ചു: ഓ... ഈ നിര്‍ഗുണപരബ്രഹ്മത്തിനെന്തറിയാം. 

നളിനി മിണ്ടാതെ വരാന്തയിലേക്കു നടന്നു. കുറേ ദിവസം മുന്‍പ്, അവള്‍ നട്ടുവളര്‍ത്തിയ ചെടിയുടെ ഇലകള്‍ തുന്നിച്ചേര്‍ത്ത് തുന്നാരം കുരുവിയുണ്ടാക്കിയ കൂടിനടുത്തു വന്നുനിന്നു. അവളുടെ കാലടിയൊച്ച കേട്ടപ്പോള്‍ മുതിര്‍ന്ന കിളി പറന്നകന്നു. പഞ്ഞികൊണ്ടു കിടക്കയൊരുക്കിയ സഞ്ചിപോലെയുള്ള ആ കൂട്ടിനുള്ളിലേക്കു നോക്കി അവളിരുന്നു. ആ കൂട്ടിനുള്ളില്‍നിന്ന് ഒരു കൊക്കു നീണ്ടു വരുന്നത് അവള്‍ കണ്ടു. 
അവള്‍ക്കതിനെ തൊടണമെന്നും ലാളിക്കണമെന്നും തോന്നി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com