'പഴക്കറ പുരണ്ട ഉടുപ്പ്'- സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ കഥ    

'പഴക്കറ പുരണ്ട ഉടുപ്പ്'- സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ കഥ    

ഡോക്ടറെ കാണാന്‍ പോകണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ പരിസരവാസിയായ ഇച്ചോയി കുറച്ചുനേരം ആലോചിച്ചുനിന്നു. പിന്നെ ചോദിച്ചു: 
'വേണമെന്ന് ഉറപ്പാണോ...?' 
ഒട്ടുമാലോചിക്കാതെ ഞാന്‍ പറഞ്ഞു: 
'വേണം.'
'അയാള്‍ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിനെക്കാളും കുഴപ്പക്കാരനാണ്.' 
'അതു സാരമില്ല. കുറച്ചുകാലം ഞാന്‍ മനോരോഗികളുടെ ആശുപത്രിയില്‍ വാര്‍ഡനായിരുന്നു.'
'ഇത്... മനോരോഗമാണെന്നൊന്നും പറയാന്‍ സാധിക്കില്ല.' 
'മദ്യപിച്ചാല്‍ ഉന്മത്തരാവുന്ന കുറച്ചു കൂട്ടുകാര്‍ എനിക്കുണ്ട്. മദ്യപിക്കാതെ തന്നെ ഉന്മാദികളാകുന്നവരും. അവരുണ്ടാക്കുന്നത്ര കുഴപ്പങ്ങളൊന്നും ഡോക്ടറുണ്ടാക്കാനിടയില്ലല്ലോ. എനിക്കതൊക്കെ എത്രയോ പരിചിതമാണ്.' 
'ഇതങ്ങനെയൊന്നുമല്ല. വേറെ ഒരുതരം...'

'എന്തായാലും എനിക്കങ്ങേരെ കണ്ടേപറ്റൂ. കാരണം ആവശ്യമല്ല, അത്യാവശ്യമാണ്.'
'എങ്കില്‍ നിങ്ങളുടെ ഇഷ്ടം പോലെ.' 
ഞങ്ങളൊരു റിക്ഷയിലേറി. ബാറ്ററിവച്ച് പ്രവര്‍ത്തിപ്പിക്കുന്ന റിക്ഷാവണ്ടിയായിരുന്നതിനാല്‍ അതിന് ശബ്ദമുണ്ടായിരുന്നില്ല. തിരക്കിലൂടെ അത് നിശ്ശബ്ദം ഞങ്ങളേയും വഹിച്ച് നീങ്ങി. എതിരെ ട്രാമുകളും കാറുകളും ബസുകളും വരുന്നുണ്ടായിരുന്നതിന് ഇടയിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചത്. 
'ഈ ഡോക്ടര്‍ എന്നു പറഞ്ഞാല്‍, മെഡിക്കല്‍ സയന്‍സിലെ ഏതു വിഭാഗത്തിലാണ് അങ്ങേര് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് ?' 
'അതു ചോദിച്ചാ, ഇതുവരേയും അദ്ദേഹം ആശുപത്രിയില്‍ പോകുന്നത് ഞങ്ങളാരും കണ്ടിട്ടില്ല.' 
ഇച്ചോയി പറഞ്ഞു. ഞാനാലോചിച്ചിട്ട് ചോദിച്ചു: 
'എങ്കില്‍പ്പിന്നെ അക്കാദമിക കാര്യത്തിലേതിലെങ്കിലുമായിരിക്കും ഡോക്ടറേറ്റ് ?'
'അങ്ങനെ ചോദിച്ചാല്‍ എനിക്ക് പറയാനറിയില്ല.' 

അതു ശരിയാണെന്ന് പൊടുന്നനെ എനിക്ക് മനസ്സിലായി. ഇച്ചോയി എന്തെങ്കിലും വായിക്കുന്നതോ എഴുതുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് തെല്ലുനേരം ഞങ്ങള്‍ നിശ്ശബ്ദരായി. 
'അദ്ദേഹത്തെ എല്ലാവരും ഡോക്ടറെന്നാണ് വിളിക്കുന്നത്. അതുമാത്രമെനിക്കറിയാം.'
കുറച്ചുകഴിഞ്ഞ് ഇച്ചോയി പറഞ്ഞു. ഞാനൊന്ന് മൂളി. എന്തുതരം ഡോക്ടറായാലും കണ്ടേതീരൂ. അല്ലെങ്കില്‍ ചിലപ്പോള്‍ ലോറയെ എനിക്ക് നഷ്ടപ്പെട്ടേക്കും. അതുകൊണ്ടാണ് താല്പര്യമില്ലാതിരുന്നിട്ടും കേട്ടറിവുള്ള ഡോക്ടറെ കാണാന്‍ പോകാന്‍ നിശ്ചയിച്ചത്. അവളുടെ രോഗമെന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. മാനസികമാണോ ശാരീരികമാണോ എന്നുപോലും. 
'എന്താണദ്ദേഹത്തിന്റെ പേര് ?' 
ഞാന്‍ തിരക്കി. 

'ഡോക്ടര്‍ എന്നുതന്നെ. വേറെന്തെങ്കിലുമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.' 
അതെന്നില്‍ ചിരി പടര്‍ത്തി. ചുണ്ടു കവിഞ്ഞുപോകാത്ത ചിരി. അതിനാല്‍ അതാരും കണ്ടില്ല. ഇച്ചോയിയും. റിക്ഷ ഓടിച്ചെന്ന് നിന്നത് തിരക്കെല്ലാം അവസാനിച്ച ഒരു തെരുവിലാണ്. വേണമെങ്കില്‍ ചെറിയൊരു കുന്നെന്നും പറയാം. അത്തരം റിക്ഷകള്‍ക്ക് ഓടിയെത്താന്‍ പരമാവധി സാധിക്കുന്ന ഉയരം. ഞാന്‍ ഇച്ചോയിയെ നോക്കി. 
'ഇതുതന്നെ. പക്ഷേ, അകത്തേക്കു വരുന്നില്ലാട്ടോ.' 
ഇച്ചോയിയുടെ മുഖത്ത് ഇതാദ്യമായി നാണം പരന്നു. സന്ദര്‍ഭത്തിനു യോജിക്കാത്ത ആ നാണമെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. എന്നാലും ഞാന്‍ നിര്‍ബ്ബന്ധിച്ചില്ല. ഗ്രാമീണരങ്ങനെയാണ്. വര്‍ഷങ്ങളായി പട്ടണത്തിലാണ് വസിക്കുന്നതെങ്കിലും ഇനിയും വിട്ടുപോന്നിട്ടില്ലാത്ത ഗ്രാമീണത ഇച്ചോയിയുടെ ശാപങ്ങളിലൊന്നാണ്. ഞാന്‍ ഇറങ്ങി. 

'അങ്ങനെയെങ്കില്‍ നീയിവിടെ ഇയാള്‍ക്കൊപ്പം ഇരിക്ക്. ഞാന്‍ വേഗം വരാം.'
അതേ നാണത്തോടെ ഇച്ചോയി തലയാട്ടി. പിന്നെ മടിക്കുത്തില്‍നിന്നും നനഞ്ഞ പുകയിലയെടുത്ത് കൈവെള്ളയിലിട്ട് തിരുമ്മാന്‍ തുടങ്ങി. ഞാന്‍ തലവെട്ടിച്ച് വേഗം നടന്നു. 
ഡോക്ടറുടെ വീടിനു ചുറ്റിനും മനോഹരമായ പൂന്തോട്ടം കാണപ്പെട്ടു. പക്ഷേ, തോട്ടക്കാരനെ എങ്ങും കണ്ടില്ല. ചെടികള്‍ക്ക് രാവിലെ ആരോ വെള്ളമൊഴിച്ചിട്ടുള്ളതായി മനസ്സിലായി. ഒരുപക്ഷേ, ഡോക്ടര്‍ തന്നെയാവണം. ചെടികള്‍ക്കിടയില്‍ ഒന്നുരണ്ടു വാലുകള്‍ അനങ്ങുന്നതു കണ്ടു. മുയലോ നായയോ മറ്റോ ആണ്. കല്ലും ഇഷ്ടികയും വിരിച്ച മുറ്റത്തുകൂടി കുറച്ച് അരയന്നങ്ങള്‍ നടന്നുപോയി. അവ വല്ലാത്ത തൊണ്ടയോടെ ഉറക്കെ കാറിക്കൊണ്ടിരുന്നു. അരോചകമായ ആ ശബ്ദമൊഴിച്ചാല്‍ വീടിന്റെ അകവും പുറവും ശാന്തവും നിശ്ശബ്ദവുമാണ്. 
മുറ്റത്തൂടെ നടന്ന് ഉമ്മറത്തേക്കെത്തിയിട്ട് കോളിംഗ് ബെല്‍ കണ്ടുപിടിച്ച് അതില്‍ ഞെക്കി. അപ്പോള്‍ മുകളില്‍നിന്നും ഞാന്നുകിടന്ന ചെടിയിലെ നനഞ്ഞ പൂക്കളില്‍ തല മുട്ടി. മുകളിലേക്ക് നോക്കി. ചെടിച്ചട്ടിയില്‍ നാരുകള്‍ കൂട്ടിത്തുന്നിയ  കിളിക്കൂട് കണ്ടു. അതില്‍ മേഘത്തുണ്ടുപോലെ പഞ്ഞിക്കഷണങ്ങള്‍ പറ്റിപ്പിടിച്ചിരുപ്പുണ്ട്. കിളി ഉപേക്ഷിച്ചതോ ഉപയോഗിക്കുന്നതോ ആയ ഒന്ന്. നനുത്ത പിഞ്ചുതൂവല്‍ അതില്‍നിന്നും താഴേക്കു പാറി. 

ലോറയുടെ പ്രശ്‌നം ഒട്ടും സങ്കീര്‍ണ്ണമായിരുന്നില്ല. എന്നാല്‍, എനിക്ക് പരിഹരിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ വലുതായിരുന്നുതാനും. ഇനിയും നീട്ടിവിട്ടാല്‍ ലോറയുടെ വചനങ്ങളും പെരുമാറ്റങ്ങളും പരിസരത്തിനാകെയും പ്രശ്‌നമാകുമെന്ന് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് പലതരം ഡോക്ടര്‍മാര്‍ പരിശോധിച്ചു കഴിഞ്ഞതിനുശേഷവും മാറ്റമൊന്നുമില്ലാതെ കാണപ്പെട്ട ലോറയുടെ പ്രശ്‌നം അവതരിപ്പിക്കാന്‍ പുതിയൊരാളെ കെ ത്തേണ്ടിവന്നത്. 
കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ കിളിക്കൂട്ടില്‍നിന്നും ദൃഷ്ടി കതകിനടുത്തേക്ക് ഞാന്‍ മാറ്റി. വാസ്തവമായും അമ്പരന്നുപോയി. തികച്ചും നഗ്‌നയായ സ്ത്രീയാണ് കതക് തുറന്നത്. അവര്‍ ഭംഗിയായി കണ്ണെഴുതിയിരുന്നു. പ്രായം എനിക്കൊപ്പമായി തോന്നി. അവരുടെ ഉടലാകട്ടെ, വസ്ത്രത്താല്‍ മറയ്ക്കാനും മാത്രം അഭംഗിയുള്ളതായിരുന്നുമില്ല. എന്റെ അമ്പരപ്പ് ശ്രദ്ധിക്കാതെ അവര്‍ തിരക്കി. 
'എന്തുവേണം?'

മറുപടി പറയാന്‍ ഞാന്‍ ക്ലേശിച്ചു. എന്റെ വ്യഥ മനസ്സിലാക്കിയാവണം സ്ത്രീ ചിരിക്കാന്‍ ശ്രമിച്ചു. അത് കളിയാക്കല്‍ പോലെ കാണുന്നയാള്‍ക്ക് അനുഭവപ്പെടാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ ചിരിയും അന്വേഷണവും അത്യന്തം കുലീനമായി തോന്നി. വരണ്ട തൊണ്ട നനച്ച് ഞാന്‍ ചുണ്ടുവിടര്‍ത്തി. 
'ഡോക്ടര്‍...?'
'ഓ... അകത്തേക്ക് വരൂ.' 
അവര്‍ ക്ഷണിച്ചപ്പോള്‍ അകത്തേക്ക് കയറണോ എന്നാലോചിച്ചു. കാരണം അവിടെ മറ്റാരെങ്കിലുമില്ലെങ്കില്‍ ഏതെല്ലാം കുഴപ്പങ്ങളിലേക്കുള്ള കാല്‍വയ്പ്പാവുമതെന്ന് ഞാന്‍ ഭയന്നിരുന്നു. ചില റെസ്‌റ്റോറന്റുകളെപ്പറ്റി കേട്ടിട്ടുണ്ട്. നഗ്‌നവനിതകള്‍ അവിടെ പരിചാരകരായി ജോലിയെടുക്കുന്നതിനെപ്പറ്റിയും മറ്റും. ആ വിചാരത്തോടെ മടിച്ചുമടിച്ച് അകത്തേക്ക് കയറി. അപ്പോള്‍ ഡോക്ടറെന്നു തോന്നിപ്പിക്കുന്ന മനുഷ്യന്‍ കോണിയിറങ്ങി വരികയായിരുന്നു. അയാളും പിറന്നതുപോലെ നഗ്‌നനായി കാണപ്പെട്ടു. പക്ഷേ, എല്ലാം സ്വാഭാവികമായിരുന്നു. വീടിനകം പോലെ. വസ്ത്രങ്ങളില്ല എന്നത് കുറച്ചുകഴിഞ്ഞാല്‍ എന്റെ അമ്പരപ്പല്ലാതായി മാറുമെന്ന് എനിക്ക് തോന്നി. 

'വരൂ... ഇരിക്കൂ...'
ഡോക്ടര്‍ പറഞ്ഞിട്ട് അങ്ങേര് സ്ഥിരമായി ഇരിക്കുന്നതെന്ന് തോന്നിപ്പിച്ച കസേരയില്‍ ഇരുന്നു. എതിര്‍വശത്തെ കസേരയില്‍ എനിക്കും ഇരിക്കാതിരിക്കാനായില്ല. സത്യത്തില്‍ ലേശം ഭയം തോന്നാതിരുന്നില്ല. നഗ്‌നത ഭയപ്പെടുത്തുമെന്ന് ഞാന്‍ ചിന്തിച്ചുതുടങ്ങിയത് അന്നേരം മുതലാണ്. 
'വിരോധമില്ലെങ്കില്‍ താങ്കള്‍ക്കവിടെ താങ്കളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞു സൂക്ഷിക്കാം. പോകാന്‍ നേരം ധരിക്കാം.' 
ഡോക്ടര്‍ പറഞ്ഞതുകേട്ട് അദ്ദേഹം തല തിരിച്ച വശത്തേക്ക് ഞാന്‍ നോക്കി. കതകിനടുത്തായി കൊളുത്ത് ഘടിപ്പിച്ച സ്റ്റീല്‍ത്തണ്ട് കണ്ടു. കോട്ടും തൊപ്പിയും ഉള്‍ക്കുപ്പായങ്ങളും അതില്‍ തൂക്കാന്‍ സാധിക്കും. അതുവേണോ എന്നാണ് ഞാനാലോചിച്ചത്. 

'വേണമെന്നില്ല. വേണമെങ്കില്‍ ഉപയോഗിക്കാമെന്ന് പറഞ്ഞതാണ്.' 
ഡോക്ടര്‍ സമാധാനിപ്പിക്കാനായി പറഞ്ഞു. പിന്നെ ചോദിച്ചു: 
'ആട്ടെ, എന്നെ കാണാന്‍ തന്നെയാണോ താങ്കള്‍ വന്നത്...?'
അങ്ങേരുടെ പേര് അറിയാത്തതിനാല്‍ എങ്ങനെയാണ് അങ്ങേരെത്തന്നെയാണ് കാണാന്‍ വന്നതെന്ന് പറയുകയെന്ന് എനിക്ക് സംശയമായി. അതുമാത്രമല്ല, ഞാന്‍ കാണണമെന്ന് കരുതുന്ന വ്യക്തിയും എന്റെ മുന്നിലിരിക്കുന്ന വ്യക്തിയും ഒന്നുതന്നെയാണോയെന്ന് എങ്ങനെ ഉറപ്പിക്കുമെന്നും ഉല്‍ക്കണ്ഠപ്പെട്ടു. എല്ലാം സ്ഥിരീകരിക്കുന്നതുപോലെ ഡോക്ടര്‍ ശാന്തനായി കാണപ്പെട്ടത് എന്നെ അല്പം സമാധാനിപ്പിച്ചു. അയാളുടെ വയറിലും നെഞ്ചിലും ഒരുപാട് രോമമുണ്ടായിരുന്നു. എന്നാല്‍ മുഖം ക്ഷൗരം ചെയ്ത് മിനുക്കിയിട്ടുണ്ട്. 
'ഞാന്‍ ഡോക്ടറെ കാണാനാണ് വന്നിട്ടുള്ളത്.' 

ഒടുക്കം ഞാന്‍ വ്യക്തമാക്കി. 
'പലരുമെന്നെ ഡോക്ടറെന്നാണ് വിളിക്കുന്നത്. അതുകാരണം ഞാനാണ് ഡോക്ടറെന്ന് എല്ലാവരും പറയുന്നു. അതിന്റെ കാരണം എനിക്കറിഞ്ഞുകൂടാ. ഹഹ...' 
ഡോക്ടര്‍ കാലുയര്‍ത്തി മറ്റേ കാലിന്‍മേല്‍ വച്ചു. എന്നിട്ട് വിഷയം പറയാന്‍ ആവശ്യപ്പെട്ടു.
'ലോറ...' 
ഞാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അരയന്നങ്ങളില്‍നിന്നും കടം കൊണ്ട ഒച്ചപോലെയായി അത്. തൊണ്ട കാറി ശരിയാക്കാന്‍ നോക്കി. അത് ശരിയായോ എന്നറിയാന്‍ വീണ്ടുമൊരു വാക്ക് പറയാന്‍ മടിച്ചു. മടിയോ പേടിയോ എന്നറിയില്ല. എന്തായാലും കഴിഞ്ഞില്ല. ഡോക്ടറെന്നെ സാകൂതം നോക്കുകയാണ്. 
'ലോ... റ...'

ഞാന്‍ വീണ്ടും പതിയെ പിറുപിറുത്തു. പിന്നെയൊന്നും എനിക്ക് പറയാനായില്ല. ഇച്ചോയിയുടെ നാണത്തിന്റെ രഹസ്യം എനിക്ക് മനസ്സിലായി. 
'താങ്കള്‍ വല്ലാതെ അസ്വസ്ഥനാണല്ലോ. അത് സ്വാഭാവികമാണ്. അതുകൊണ്ടാണ് താങ്കളോടും വസ്ത്രമഴിച്ചു വയ്ക്കാന്‍ പറഞ്ഞത്.' 
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു:
'ഞങ്ങള്‍ വസ്ത്രങ്ങളില്‍ അപകടം കാണുന്നു. അത് നമ്മളില്‍നിന്നും എന്തോ ഒളിപ്പിക്കുന്നു. എങ്ങനെയാണോ നമ്മള്‍ ഭൂമിയിലേക്ക് വന്നത് അതുപോലെ ജീവിക്കുന്നതാണ് നല്ലത്.'
'തണുപ്പുകാലത്തോ...?' 
ഞാന്‍ എടുത്തുചോദിച്ചു.

'തീര്‍ച്ചയായും പുതയ്ക്കാന്‍ പുതപ്പുകളുണ്ട്. പുതപ്പ് നഗ്‌നതയെ മൂടുന്നതല്ലല്ലോ. തണുപ്പിനെ ചെറുക്കാനുള്ളതല്ലേ?' 
'അതെ. പുതപ്പ് തണുപ്പിനെ ചെറുക്കാനുള്ളതാണ്.' 
ഞാന്‍ സമ്മതിച്ചു. 
'എങ്കില്‍ താങ്കളുടെ പ്രശ്‌നം പറയൂ.' 
തൊണ്ട ശരിയാവുന്നതുവരെ എന്റെ പ്രശ്‌നം അവതരിപ്പിക്കുന്നതിനേക്കാള്‍ ഡോക്ടറുടെ സിദ്ധാന്തം കേള്‍ക്കാനായി എനിക്ക് താല്പര്യം. ഞാനത് മറച്ചുവച്ചില്ല. 
'എത്രകാലമായി താങ്കള്‍ വസ്ത്രമുപേക്ഷിച്ചിട്ട്...?' 
'ലോറാ...'

അതിന്റെ മറുപടിപോലെ ഡോക്ടര്‍ തല ചെരിച്ച് വിളിക്കുന്നതുകേട്ട് ഞാന്‍ നടുങ്ങി. എനിക്കു മുന്നേ ലോറ ഇവിടെ എത്തിയെന്നോ. എങ്കില്‍ അതെന്താണ് അവളെന്നോട് പറയാത്തത്. അവളതും ചെയ്യും എന്നത് ഉറപ്പാണല്ലോ. മനസ്സില്‍ പുറത്തുകാണിക്കാത്ത ദേഷ്യം അവളോട് തോന്നി. പക്ഷേ, കയ്യിലൊരു ലാപ്‌ടോപ്പുമായി കടന്നുവന്നത് നേരത്തെ കതക് തുറന്നുതന്ന സ്ത്രീയാണ്. തുടര്‍ന്നുള്ള സംഭാഷണത്തില്‍നിന്നും അതവരുടേയും പേരാണെന്ന് മനസ്സിലായി. 
'ലോറാ, നമ്മളെത്ര നാളായി ഉടുക്കാന്‍ തുണി വാങ്ങിയിട്ട്...?'
എനിക്കും ഡോക്ടര്‍ക്കും ഇടയിലുള്ള പീഠത്തില്‍ മടിയില്‍ ലാപ്‌ടോപ്പുമായി അവര്‍ നിസ്സങ്കോചം ഇരുന്നു. പിന്നെ ആലോചിച്ചിട്ട് പറഞ്ഞു: 
'കുറച്ചായില്ലേ. നിസ്സാര കാര്യങ്ങളൊക്കെ ആരോര്‍ത്തുവയ്ക്കുന്നു.'
'അതെ. നിസ്സാര കാര്യങ്ങള്‍ ഞങ്ങളോര്‍ത്തു വയ്ക്കാറില്ല.' 
ഡോക്ടര്‍ ആവര്‍ത്തിച്ചു.

കതകില്‍ തട്ടിവിളിക്കുമ്പോള്‍ 'ഞാനെന്തെങ്കിലും എടുത്തുടുക്കട്ടെ' എന്ന് അനുജത്തി ലോറ പറയാറുള്ളത് ഓര്‍മ്മവന്നു. ഇത്രനേരവും ഞാനതേപ്പറ്റി ആലോചിച്ചിരുന്നില്ല. അതായത് അവളും കതകടച്ചിരിക്കുന്ന നേരങ്ങളില്‍ വസ്ത്രമുപയോഗിക്കാറില്ല എന്നല്ലേ അതിനര്‍ത്ഥം... അതുകൊണ്ടായിരിക്കുമോ എനിക്ക് പുറത്തുപോകാന്‍ ഇഷ്ടമല്ല എന്നവള്‍ പറയുന്നത്. പുറത്തുള്ള ലോകം വസ്ത്രങ്ങളാല്‍ മൂടിയതാണെന്നതാണോ അവളുടെ പ്രശ്‌നം. അങ്ങനെയെങ്കില്‍ പ്രശ്‌നപരിഹാരത്തിനായി വന്നിരിക്കുന്നത് ശരിയായ ആളുടെ അടുത്താണോ? അതോ കാണേണ്ട ശരിയായ ആള്‍ ഇതുതന്നെയാണോ? ഞാന്‍ സ്വയം വിശ്വസിപ്പിച്ചു. ശരിയാകും. എല്ലാം ശരിയാകും.  

ഡോക്ടര്‍ എന്നോട് പറഞ്ഞു: 
'നിങ്ങള്‍ രണ്ടുവട്ടം ലോറ എന്നു തിരക്കിയില്ലേ. ഇതാണ് ലോറ. എന്റെ ഭാര്യ.'
ഞാന്‍ തിരക്കിയത് ഈ ലോറയെ അല്ലെന്നു പറയണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ, അതല്ല മര്യാദ എന്നതിനാല്‍ ഞാനറിയിച്ചു: 
'എന്റെ അനുജത്തിയുടെ പേരും ലോറ എന്നാണ്.' 

ഡോക്ടറും അങ്ങേരുടെ ഭാര്യ ലോറയും എന്നെ കണ്ണുയര്‍ത്തിനോക്കി. എഴുന്നേറ്റുകൊണ്ട് ഡോക്ടര്‍ പറഞ്ഞു: 
'അതുശരി. എങ്കില്‍ വരൂ... വീടൊക്കെ ഒന്നുകണ്ടുവരാം.' 
ഡോക്ടര്‍ ക്ഷണിച്ചപ്പോള്‍ എനിക്ക് എഴുന്നേല്‍ക്കാതിരിക്കാനായില്ല. ഡോക്ടറുടെ ഭാര്യയായ ലോറ കംപ്യൂട്ടറില്‍ എന്തോ ശ്രദ്ധാപൂര്‍വ്വം ചെയ്യുകയാണ്. എന്റെ അനിയത്തി ഇപ്പോള്‍ തുണിയൊന്നുമുടുക്കാതെ അവളുടെ മുറിയില്‍ ഇരിക്കുകയാവും. ഞാനൊരു പ്രശ്‌നപരിഹാരവുമായി വരുന്നതും കാത്ത് എന്റെ ഭാര്യ താഴത്തെ നിലയില്‍ കാത്തിരിക്കുന്നുണ്ടാവും. 

ഡോക്ടറുടെ പിന്നാലെ പതുക്കെ നടന്നു. മുകള്‍നിലയിലായി രണ്ടു പേരിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ആ വീട്ടില്‍ മറ്റാളുകളുമുെ ന്ന ആശ്വാസം തരാതിരുന്നില്ല. അകലെയായതിനാല്‍  അവരുടെ ശിരസ്സ് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. അവര്‍ സെറ്റിയില്‍ അടുത്തടുത്തായി ഇരിക്കുകയാണ്. ഞങ്ങള്‍ പിന്നിലൂടെ പലതും കണ്ടുനടന്ന് അവരുടെ മുന്നിലേക്കെത്തി. ഞാന്‍ ഒന്നുകൂടി വല്ലാതായി. അവരും നഗ്‌നരായിരുന്നു. എന്നുമാത്രമല്ല, നഗ്‌നരായി നമ്മള്‍ കാണാനാഗ്രഹിക്കാത്തത്ര വൃദ്ധരുമായിരുന്നു. 
'എന്റെ അച്ഛനും ലോറയുടെ അമ്മയുമാണ്. രണ്ടുപേര്‍ക്കും പങ്കാളികള്‍ മരിച്ചുപോയതാണ്. ഇടയ്ക്കിടെ ഞങ്ങളെ കാണാന്‍ വരും.' 

എനിക്കവരെ തുറിച്ചുനോക്കാനേ സാധിച്ചുള്ളൂ. ഇരുവരും കൂടി വല്യമ്മയുടെ മടിയിലിരിക്കുന്ന ചെമ്പന്‍ പൂച്ചയെ താലോലിക്കുകയാണ്. അതവരുടെ പേരക്കുട്ടിയാണെന്നപോലെ. പൂച്ചയാകട്ടെ, രൂക്ഷമായ മുഖത്തോടെ എന്നെ ശ്രദ്ധിക്കുകയാണ്. എന്റെ വേഷവിധാനം കണ്ടിട്ടാണ് അതിന്റെ മീശരോമങ്ങള്‍ വിറയ്ക്കുന്നതെന്ന് ഞാന്‍ കരുതി. ഞാനതിനെ പകപ്പോടെ നോക്കി. പൂച്ച മുരണ്ടപ്പോള്‍ വല്യപ്പന്‍ അതിന്റെ മുതുകില്‍ തലോടി. വല്യമ്മ അതിന്റെ കഴുത്തില്‍നിന്നും ചെള്ള് പെറുക്കാന്‍ തുടങ്ങിയതോടെ പൂച്ച ശാന്തത കൈവരിച്ചു. 
ബാല്‍ക്കണിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു:
'നിങ്ങള്‍ പുറത്തിറങ്ങാറില്ലേ?'     
'ഉണ്ട്. ഞങ്ങളുടെ കമ്യൂണിറ്റിയുടെ പരിപാടികള്‍ക്ക് മാത്രം.' 
'നിങ്ങളുടെ കമ്യൂണിറ്റി...?'
ഞാന്‍ എടുത്തുചോദിച്ചു. 
'അതെ. ഇതുപോലെ ശാന്തരായി ജീവിക്കുന്ന കുറച്ചുപേരുടെ കൂട്ടം. വാസ്തവത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നത് അവിടെ ചെല്ലുമ്പോഴാണ്.' 
ഞാന്‍ അതേപ്പറ്റി ആലോചിച്ചു. ഒരുപറ്റം മനുഷ്യര്‍ ഒന്നുമുടുക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് സങ്കല്പിക്കുകയായിരുന്നു. സംഗതി കുഴപ്പമുള്ളതായി തോന്നിയില്ല. എല്ലാവരും അങ്ങനെയാണെങ്കില്‍ പിന്നെ ആര്‍ക്കും അതിലൊരു അമ്പരപ്പ് തോന്നേണ്ട കാര്യമില്ലല്ലോ. നഗ്‌നത മനുഷ്യരെ ഉണര്‍ത്തുകയും ചിലപ്പോള്‍ ഉണര്‍ത്താതിരിക്കുകയും ചെയ്യുന്നുണ്ട്. അതിന് ആണോ പെണ്ണോ എന്ന വകഭേദമില്ലെന്ന് തോന്നുന്നു. അതുതന്നെയാണ് അനിയത്തിയും പറയുന്നതെന്ന് മനസ്സിലായി. 

കൂടുതല്‍ ഒഴിഞ്ഞ ഒരിടം കെ ത്താനാണ്  ഡോക്ടര്‍ നയിച്ചതെന്ന് ബാല്‍ക്കണിയുടെ മൂലയിലെ രണ്ട് കസേരകള്‍ കണ്ടപ്പോള്‍ മനസ്സിലായി. അവിടെയെല്ലാം തണല്‍ പരത്തി തലയ്ക്കുമീതെ പാഷന്‍ ഫ്രൂട്ടിന്റെ ചെടി പടര്‍ന്നു കിടപ്പുണ്ടായിരുന്നു. അതിലും പക്ഷികള്‍ വന്നിരിപ്പുണ്ട്. പക്ഷേ, കാണാന്‍ സാധിക്കുന്നില്ല. അവയുടെ സാന്നിദ്ധ്യം ശബ്ദത്തിലൂടെ മാത്രമറിയാം. മേലാപ്പില്‍നിന്നും പാഷന്‍ ഫ്രൂട്ട് പൊട്ടിച്ചെടുത്ത് ഡോക്ടര്‍ എനിക്ക് നേരെ നീട്ടി. നല്ല മഞ്ഞനിറമായിരുന്നു അതിന്റെ പുറംതോടിന്. എനിക്ക് കുട്ടിക്കാലം ഓര്‍മ്മവന്നു. 
അനുജത്തി ലോറയുടെ പെറ്റിക്കോട്ടിന്റെ മുന്‍ഭാഗം മുഴുവന്‍ പഴങ്ങളുടെ മഞ്ഞക്കറ പതിവായിരുന്നു. പഴങ്ങള്‍ തിന്നുന്നതില്‍ അവളൊരു വവ്വാലായിരുന്നു. ശരിക്കുമൊരു വവ്വാല്‍. കുഞ്ഞായിരിക്കുമ്പോള്‍ മരക്കൊമ്പുകളില്‍ തലകീഴായി കിടന്നുവരെ പഴം തിന്നുകളയും. ഞാനെപ്പോഴും ശാസിക്കും. അവള്‍ പഴച്ചാറൊലിപ്പിച്ച കിറിയോടെ ചിരിക്കുകയേയുള്ളൂ. 
'അനുജത്തിയുടെ എന്തോ വിഷയമാണ് താങ്കള്‍ക്കെന്നോട് പറയാനുള്ളതെന്ന് ഞാനനുമാനിക്കുന്നു.'
ഡോക്ടര്‍ പറഞ്ഞു.
'അതെ. അവള്‍ക്ക് ഒരുപാട് കാമുകന്മാരുണ്ട്.' 

തല താഴ്ത്തിപ്പിടിച്ച് ഞാനറിയിച്ചു. ഇത്തവണ ഡോക്ടര്‍ മന്ദഹസിച്ചു. അപ്പോള്‍ കൈവന്ന ആവേശത്തില്‍ ഞാന്‍ തുടര്‍ന്നു: 
'അവള്‍ ഒരാളിലായി ഒതുങ്ങുന്നില്ല. ഞങ്ങള്‍ ശാസിച്ചു മടുത്തു.' 
'ഞങ്ങള്‍...?'
'അതെ. ഞാനും ഭാര്യയും.'
'എന്തിന്...?'
'അവള്‍ വിവാഹം കഴിക്കാത്തതിന്. ഈ മേയില്‍ അവള്‍ക്ക് മുപ്പത്തിനാല് കഴിഞ്ഞു.' 
'അതിന്...?' 
ഞാന്‍ നിശ്ശബ്ദനായി. ഞാനാലോചിച്ചു. അതിനെന്താണ്...?
സ്വയം ചോദിക്കാതിരിക്കാന്‍ എനിക്കായില്ല. ഉത്തരമില്ലാത്ത ചോദ്യമായി അതെന്നില്‍ തങ്ങിനിന്നു. 
'അതുപോട്ടെ, കാമുകന്മാര്‍ എന്നു പറഞ്ഞാല്‍... നിങ്ങളവരെ കണ്ടിട്ടുേ ാ...?'
'ഇല്ല. പക്ഷേ, അവരെപ്പറ്റി ഏകദേശരൂപമുണ്ട്.' 
'അത് പറയൂ...'
തെല്ലുനേരം ആലോചിച്ചു. എന്നിട്ട് തുടര്‍ന്നു:

'അത് പറഞ്ഞാല്‍... കൃത്യമായി അവളുടെ കാമുകന്മാരെ ഇതുവരേയും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, അവരുണ്ട് പരിസരത്ത്. അതാണവള്‍ കല്യാണം കഴിക്കാത്തത്... അതുകാരണം അവള്‍ പോകുന്ന വഴിയിലെല്ലാം വായ്‌നോക്കികള്‍ വന്നുനില്‍ക്കുന്നു. അതുമല്ല, അവള്‍ കല്യാണം കഴിച്ചില്ലെങ്കില്‍ അവള്‍ക്ക് പ്രായമാകുമ്പോള്‍ അവളെ നോക്കാനും ആരുമില്ല.'' 
'അപ്പോള്‍ നിങ്ങളോ...?'
ഞാന്‍ വിഷമിച്ചു. അനുജത്തിയെ അവള്‍ വൃദ്ധയാകുമ്പോള്‍ ഞാന്‍ നോക്കുമോ എന്നാലോചിച്ചിരുന്നില്ല. നോക്കാതിരിക്കാന്‍ കാരണമൊന്നുമില്ല. എല്ലാവരും ഒരിക്കല്‍ വൃദ്ധരാകുമെന്ന് എനിക്കറിയാവുന്നതിനാല്‍ പ്രത്യേകിച്ചും. 

എന്റെ ആശയക്കുഴപ്പം മുഖത്തുനിന്നും മനസ്സിലാക്കിയിട്ടാവണം ഡോക്ടര്‍ പറഞ്ഞു: 
'സാരമില്ല. താങ്കള്‍ വീട്ടിലേക്ക് ചെല്ലൂ. താങ്കളുടെ അനുജത്തി ഇപ്പോള്‍ വീടുവിട്ട് പോയിട്ടുണ്ടാകും.' 
ഞാന്‍ അകമേ ഞെട്ടാതിരുന്നില്ല. അതെ. അവള്‍ വീടുവിട്ടുപോകും. അതെനിക്കറിയാമായിരുന്നു. തിടുക്കപ്പെട്ട് ഞാന്‍ ചോദിച്ചുപോയി.
'കാമുകന്മാരുടെ കൂടെ?'
'അതെനിക്കറിയില്ല. എന്തായാലും അവള്‍ ഒഴിഞ്ഞുപോയിട്ടുണ്ടാവും.' 
'അപ്പോള്‍ നാട്ടുകാരെന്നെ പഴിക്കില്ലേ...?'
'അതുചോദിച്ചാല്‍ നിങ്ങളേതുതരം ആളുകളോടാണ് ഇടപഴകുന്നതെന്ന് എനിക്കറിയില്ലല്ലോ. ഇടപഴകുന്ന ആളുകളുടെ സ്വഭാവവും സംസ്‌കാരവും പോലെയിരിക്കും അക്കാര്യം.' 

ഇക്കുറി ഡോക്ടറെന്നെ വെട്ടിലാക്കിയെന്ന് എനിക്ക് മനസ്സിലായി. ഇച്ചോയിയുടെ നാണത്തിന്റെ അര്‍ത്ഥം ആദ്യം ഗ്രഹിച്ചതല്ലെന്നും തോന്നി. ഞാന്‍ അമ്പരപ്പോടെ ഡോക്ടറെ നോക്കി. ഡോക്ടര്‍ ശ്രദ്ധാപൂര്‍വ്വം പാഷന്‍ ഫ്രൂട്ട് തിന്നുകയാണ്. ലോറ വീടുവിട്ടുപോയെങ്കില്‍ എവിടേക്കായിരിക്കുമെന്ന് ഞാനാലോചിച്ചു. അവളുടെ മക്കള്‍ എന്നെ 'അമ്മാവന്‍' എന്നു വിളിക്കുന്നത് ഞാന്‍ സ്വപ്‌നം കാണാറുണ്ടായിരുന്നു. വേഗം പോയാല്‍ അവളെ തിരയാന്‍ സാധിക്കുമെന്ന് എനിക്കു തോന്നി. ഇച്ചോയിയും റിക്ഷാക്കാരനും കാത്തുനില്‍ക്കുന്നുണ്ടാവും. 
ഞാന്‍ എണീറ്റു. ഡോക്ടര്‍ എന്നെ നോക്കി. തിടുക്കത്തില്‍ ഞാന്‍ പറഞ്ഞു: 
'ഞാന്‍ പോവുകയാണ്. എനിക്കവളെ തടയണം.' 
'അതിനുമുമ്പ് നിങ്ങള്‍ക്കൊരു കാര്യം കാണിച്ചുതരാം.' 
ഞാന്‍ മറുപടി പറഞ്ഞില്ല. ഡോക്ടര്‍ പാഷന്‍ ഫ്രൂട്ട് ചെടിയിലെ പഴുത്ത ഇലകള്‍ നുള്ളിക്കൊണ്ട് ഉറക്കെ വിളിച്ചു:

'ലോറാ...' 
ഡോക്ടര്‍ വിളിച്ച് അല്പനേരം കഴിഞ്ഞപ്പോള്‍ അങ്ങേരുടെ ഭാര്യ ബാല്‍ക്കണിയിലേക്ക് വന്നു. 
'ഇദ്ദേഹത്തെ നമ്മുടെ നിലവറ ഒന്നു കാണിച്ചുകൊടുക്കാമോ...?'
'തീര്‍ച്ചയായും ഞാനത് കാണിക്കാം. വരൂ.' 

ലോറ എന്നെ ക്ഷണിച്ചു. എനിക്ക് അനുഗമിക്കാതിരിക്കാനായില്ല. മുന്നേ നടക്കുന്ന ലോറയുടെ പിന്നിലായി ഞാന്‍ നടന്നു. അവരുടെ ചെമ്പിച്ച മുടി പുറം കവിഞ്ഞ് അഴിഞ്ഞുകിടന്നിരുന്നു. നിലവറയില്‍ എന്തായിരിക്കുമുള്ളതെന്ന് ഞാനാലോചിച്ചു. എന്തിനായിരിക്കും ഇവരെന്നെ നിലവറയിലേക്ക് കൊണ്ടുപോകുന്നതെന്നും. ഒരിടത്തെത്തി നിന്നിട്ട് അവര്‍ പറഞ്ഞു:

'പേടിക്കണ്ട. താഴേക്ക് വീതിയുള്ള മരപ്പടികളാണ്. എങ്കിലും സൂക്ഷിച്ച് ഇറങ്ങണം.' 
എന്നിട്ട് അനായാസം അവര്‍ ഇരുട്ടിലേക്കിറങ്ങി. അവരുടെ ദേഹത്തിന്റെ മണം മാത്രമേ സാന്നിദ്ധ്യമറിയിക്കാന്‍ മുന്നിലുണ്ടായിരുന്നുള്ളൂ. ഞാന്‍ മൂക്കു വിടര്‍ത്തി ശ്വസിച്ചുകൊണ്ട് അവരെ പിന്തുടര്‍ന്നു. പക്ഷേ, താഴെയെത്തിയപ്പോള്‍ വെളിച്ചം കണ്ടു. അവിടെ പല പല തട്ടുകളിലായി ഒരുപാട് പേരുടെ വസ്ത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ എന്റെ അനുജത്തി ലോറ കുട്ടിക്കാലത്തുപയോഗിച്ചിരുന്ന പെറ്റിക്കോട്ട് ഞാന്‍ കെ ത്തി. അതിലപ്പോഴും മാമ്പഴക്കറ ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. ഉദ്വേഗത്തോടെ അക്കൂട്ടത്തില്‍ പരതി. അനുജത്തി ലോറ ഓരോ കാലത്തും ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഉടുപ്പുകളുടെ ശേഖരം ഞാനവിടെ കണ്ടു ഞെട്ടി. അതില്‍ പലതും തിരിച്ചറിയാന്‍ എനിക്ക് സാധിച്ചിരുന്നു. എന്റെ ഭ്രാന്തമായ തിരച്ചിലും പകപ്പും കണ്ടിട്ടാവണം ഡോക്ടറുടെ ഭാര്യ ചോദിച്ചു: 

'ഞങ്ങളുടെ കമ്യൂണിറ്റിയിലുള്ളവരില്‍ ചിലരുടെ വസ്ത്രങ്ങള്‍ ഇവിടെയെത്താറുണ്ട്. നിങ്ങള്‍ക്കു പരിചയമുള്ള വല്ല വസ്ത്രവും കേണ്ടാ...?' 
ഞാന്‍ മറുപടി പറഞ്ഞില്ല. കൂടുതല്‍ തിരയാന്‍ നിന്നുമില്ല. ഡോക്ടറുടെ ഭാര്യയെ വിട്ട് തിരിഞ്ഞോടി. 

ഒരുപ്രകാരത്തില്‍ കോണി കെണ്ടത്തി മുകളിലേക്ക് കയറി പുറത്തേക്കോടുകയാണ് പിന്നീട് ചെയ്തത്. സൗന്ദര്യത്തിന് നിരക്കാത്ത വൃത്തികെട്ട ശബ്ദത്തില്‍ പുറത്ത് അപ്പോഴും അരയന്നങ്ങള്‍ കാറുന്നുണ്ടായിരുന്നു. ചുമരിനോട് ചേര്‍ന്നു കാണുന്ന കിളിക്കൂട്ടിലേക്ക് കിളി പറന്നുവന്നിരിക്കുന്നതും അതേത്തുടര്‍ന്ന് കിളിക്കുഞ്ഞുങ്ങളുടെ വിശന്ന കരച്ചിലും കേട്ടു. ഒറ്റക്കുതിപ്പിന് ഞാന്‍ പുറത്തെത്തി. 

അവിടെ ഇച്ചോയിയോ റിക്ഷയോ ഉണ്ടായിരുന്നില്ല. കുത്തനെയുള്ള ഇറക്കം വേഗത്തില്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് കയറിവന്നത് ബാറ്ററി റിക്ഷയ്ക്കു കയറാന്‍ സാധിക്കാത്തത്ര വലിയ കുന്നിലേക്കായിരുന്നുവെന്ന് മനസ്സിലാക്കിയത്. അപ്പോള്‍ ഞാനെങ്ങനെയാണ് അവിടെയെത്തിയതെന്ന് സംശയമായി. വീട്ടില്‍ച്ചെല്ലുമ്പോള്‍ ലോറയെ കണ്ടില്ലെങ്കില്‍ വേഗം തന്നെ തിരികെ വരണമെന്നും ഇവിടെ വന്ന് അവളെ കാത്തുനില്‍ക്കണമെന്നും ഞാന്‍ വിചാരിച്ചു. കാരണം, ഉടുവസ്ത്രങ്ങളില്‍നിന്നും അവള്‍ വിടുതല്‍ നേടിയാല്‍ പിന്നീടവളെ എനിക്ക് അഭിമുഖീകരിക്കാനാവില്ല, ഒരിക്കലും.  

കുന്നിനു താഴേക്കുള്ള വഴി വളരെ നീണ്ടതായി കണ്ടു. ഇടുങ്ങിയതായും. അതത്രയും വേഗത്തില്‍ ഓടിയിറങ്ങാനായി പിന്നീടുള്ള എന്റെ പരിശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com