'ചിതല്‍മറ'- പി. മോഹനചന്ദ്രന്‍ എഴുതിയ കഥ

അവസാനത്തെ അത്താഴവിതരണം അമരാവതിയിലെ ഭിഷഗ്വരന്റെ വീട്ടിലേക്കായിരുന്നു. ബൈക്കിനു പിന്നിലെ കണ്ടെയ്‌നറിലിരുന്ന് കച്ച് വാ ചിക്കനും കബാബും ചോപ്‌സിയും ആരുടേയോ ആമാശയത്തിന്റെ ആഴമളന്നു
'ചിതല്‍മറ'- പി. മോഹനചന്ദ്രന്‍ എഴുതിയ കഥ

വസാനത്തെ അത്താഴവിതരണം അമരാവതിയിലെ ഭിഷഗ്വരന്റെ വീട്ടിലേക്കായിരുന്നു. ബൈക്കിനു പിന്നിലെ കണ്ടെയ്‌നറിലിരുന്ന് കച്ച് വാ ചിക്കനും കബാബും ചോപ്‌സിയും ആരുടേയോ ആമാശയത്തിന്റെ ആഴമളന്നു. ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച മൊബൈലില്‍ വഴി വിളംബരം ചെയ്തുകൊണ്ടിരുന്നു. അടഞ്ഞുകിടക്കുന്ന ഗേറ്റുകളുടെ കല്‍ത്തൂണില്‍ പേരുപരതി പലവഴികള്‍ പിന്നിട്ട് ആള്‍പ്പൊക്കമുള്ള ഗേറ്റിനു മുന്നില്‍ ഭക്ഷണയാനത്തിന്റെ നിയോഗം നിലച്ചു. പാലറ്റിന്റെ ആകൃതിയുള്ള പിത്തളഫലകത്തിലെ പേരുവായിച്ച് ബെല്ലില്‍ രണ്ടാവര്‍ത്തി വിരലമര്‍ത്തി. അകത്ത് ലബ്രഡോര്‍ കണ്ഠം തുറക്കുന്നതിനു പിന്നാലെ മുടി ബോബുചെയ്ത യുവതി ഗേറ്റ് തുറന്ന് ഭക്ഷണക്കിറ്റും ബില്ലും വാങ്ങി അകത്തേക്കു മറഞ്ഞപ്പോള്‍ പിത്തളപ്പേരിലേക്ക് ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. അപ്പോഴേക്കും വെളുത്തസുന്ദരി മടങ്ങിവന്നിരുന്നു. ബില്ലിനോടൊപ്പം നീട്ടിയ നൂറുരൂപ ടിപ്പു വാങ്ങി ഞാന്‍ യുവതിയുടെ കൈത്തണ്ടയില്‍ തിളങ്ങുന്ന വൈഡൂര്യവാച്ചിലേക്ക് കൗതുകത്തോടെ നോക്കി. താങ്ക്‌സ് എന്നു പറഞ്ഞ് യുവതി ഗേറ്റിനു താഴിട്ടപ്പോള്‍ ഞാന്‍ മടക്കയാത്രയ്ക്കു ചക്രം ചലിപ്പിച്ചിരുന്നു.

നൂറുരൂപ ടിപ്പു തന്ന യുവതിയുടെ മുഖം ബൈക്കിന്റെ മൂന്നാം ഗിയറിലുപേക്ഷിച്ചു. അനന്തരം മുഷിഞ്ഞ നോട്ടിന്റെ ഉറവിടത്തിലേക്ക് വഴിതെളിച്ചു. അതൊരു വൃക്കരോഗിയുടെ ശോഷിച്ച കീശയില്‍ ഭദ്രമായി കിടന്നതാണെന്ന് എനിക്കുറപ്പായിരുന്നു. കാരണം ഭിഷഗ്വരന്റെ പേരിനു താഴെ നെഫ്രോളജി എന്ന വാക്ക് കണ്ടപ്പോള്‍ത്തന്നെ തുരുത്തിയില്‍ ശങ്കരന്‍ എന്ന ചെറുപ്പക്കാരന്റെ അമ്മയുടെ ദാരുണമായ മുഖം മനസ്സിന്റെ താഴ് തുറന്നിരുന്നു. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസും മരുന്നുമായി മരണത്തിലേക്ക് ദൂരമളന്നുകൊണ്ടിരിക്കുന്ന അവര്‍ക്കുവേണ്ടി തുരുത്തിയില്‍ ശങ്കരന്‍ എല്ലാ രാത്രികളിലും എന്നെ വിളിക്കാറുണ്ട്. പരപീഡയുടെ പരന്തവനാര് എന്ന അവന്റെ ചോദ്യത്തിന് യുക്തമായ ഒരുത്തരം എന്റെ പക്കലുണ്ടാകാറില്ല. പകരം പകല്‍ ജോലിക്കുശേഷവും തുടര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണം കൂടി ഏറ്റെടുത്തത് ശങ്കരന്റെ അമ്മയ്ക്ക് ആയുസ്സ് നീട്ടുവാനുള്ള ചികിത്സയ്ക്കു കൂടിയാണെന്നു ഞങ്ങള്‍ മൂവര്‍ക്കുമാത്രമറിയാവുന്ന രഹസ്യമാണ്. നിരുപാധികം ദരിദ്രനായ ശങ്കരന്റെ അമ്മ എന്റേയും അമ്മയായിരുന്നു എന്നതാണ് വാസ്തവം.

ഭക്ഷണവിതരണം കഴിഞ്ഞ് കണക്കുകള്‍ കൊടുത്ത് മടങ്ങുമ്പോള്‍ പതിവിലേറെ വൈകിയിരുന്നു. നസീമിന്റെ തട്ടുകടയില്‍നിന്ന് ദോശയും കട്ടനുമകത്താക്കി വാടകമുറിയിലേക്ക് തിരിച്ചു. ആകാശത്തിന്റെ അഷ്ടമങ്ങള്‍ അന്യാധീനമായിത്തീര്‍ന്നിരുന്നു. പാര്‍പ്പിടം പരതി ഭക്ഷണമെത്തിക്കുന്ന ഭാരിച്ച പണിയിലെ നര്‍മ്മം പതിയിരിക്കുന്ന ചില നിമിഷങ്ങളിലൂടെ മനസ്സിനെ കൊളുത്തിയിട്ട് കൂടണയുമ്പോള്‍, വഴിയില്‍ വറ്റ് തിളക്കുന്ന കരിക്കലത്തിനു ചുറ്റും കാത്തിരിക്കുന്ന കറുത്ത മുഖമുള്ള അഭയാര്‍ത്ഥികളുടെ അറയൊഴിഞ്ഞ വയറിന്റെ ആര്‍ത്തനാദം അതിരുകള്‍ ഭേദിക്കുന്നതെന്നാണെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളിലൂടെ ഞാന്‍ ഇരുട്ട് നീന്തിക്കടക്കുന്നു.

നാലു സിമന്റുകാലുകളില്‍ പൊങ്ങിനില്‍ക്കുന്ന ജലസംഭരണിപോലുള്ള മുറിതുറന്ന് ഞാന്‍ ലൈറ്റും ഫാനുമിട്ടു. അനന്തരം വേഷം മാറി വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ട് മൊബൈലില്‍ വന്ന കാളുകള്‍ നോക്കി. ശങ്കരന്‍ പതിവുപോലെ രണ്ടാവര്‍ത്തി വിളിച്ചിട്ടുണ്ട്. അച്ചുകൂടത്തില്‍നിന്ന് മാമച്ചന്റെ കാളും കഴിഞ്ഞാല്‍ പരിചയമില്ലാത്ത നമ്പറുകളാണ്. ആരെയും തിരിച്ചുവിളിക്കാന്‍ തോന്നിയില്ല. താഴേയ്ക്ക് ഇരുമ്പുപടികളിറങ്ങി ടാപ്പില്‍നിന്നു വെള്ളമെടുത്ത് മുഖവും കഴുത്തും തുടച്ചു. തിരികെ മുറിയില്‍ വന്നു സിഗരറ്റിനു തീ കൊളുത്തി. രാത്രികള്‍ക്ക് ആരും അവകാശികളില്ലാത്തതിന്റെ കാരണത്തിലേക്ക് കടക്കാന്‍ തുടങ്ങുമ്പോള്‍ വീട്ടുടമ സത്യനേശന്‍ നായ്ക്കിന്റെ വീട്ടുമുറ്റത്ത് പതിവില്ലാതെ വെളിച്ചം. ഞാന്‍ പുറത്തിറങ്ങി നായ്ക്കിന്റെ വീട്ടിലേക്കു നടന്നു. ബന്ധുക്കളായിരിക്കണം നാലുപേര്‍ മുറ്റത്തുനിന്ന് ശബ്ദമില്ലാതെ സംസാരിക്കുന്നുണ്ട്. എന്നെ കണ്ട് നായ്ക്ക് പുറത്തേക്കു വന്ന് ചെവിയില്‍ പറഞ്ഞു:

'മകളിനിയും വന്നിട്ടില്ല. നാലുമണിക്ക് ഹോസ്റ്റല്‍ വിട്ടതാണ്!'
'ആര് ഹിമയോ?' ഞാന്‍ ചോദിച്ചു.
'അതെ. പൊലീസിലറിയിച്ചിട്ടുണ്ട്. കൂട്ടുകാരികളേയും ബന്ധുക്കളേയും വിളിച്ചു. എവിടെയുമെത്തിയിട്ടില്ല. എവിടേക്ക് പോയെന്ന്...'  നായ്ക്കിന്റെ ശബ്ദം വിറയലോടെ നിന്നു.
'എന്തെങ്കിലും സൂചനകള്‍? മുറി പരിശോധിച്ചുവോ?'
'സൂചനകളൊന്നുമില്ല. ആഭരണങ്ങള്‍ മുറിയിലുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല.'
'പ്രായപൂര്‍ത്തിയായ കുട്ടിയല്ലേ, വരും. വരാതിരിക്കില്ല. കോളേജില്‍ എത്രാംവര്‍ഷമായിരുന്നു?' ഞാന്‍ ചോദിച്ചു.
'മൂന്നാം വര്‍ഷം.' ജോത്സ്യന്‍ കൂടിയായ നായ്ക്ക് പറഞ്ഞു. 'ഞാന്‍ കവടി നിരത്തിനോക്കി. ഏഴില്‍ കേതുനിന്നാല്‍ കളത്രനാശമാണ് ഫലം. എട്ടില്‍ ശനിയാണ്, ഇഞ്ചിഞ്ചായി മരണം. ദൈവഹിതമെന്നല്ലാതെ...'
മുറ്റത്തുനിന്നവര്‍ നായ്ക്കിന്റെ കാറുമായി അതിവേഗം ഗേറ്റ് കടന്നുപോയി. റെയില്‍വേസ്‌റ്റേഷനും ബസ് സ്റ്റാന്‍ഡുമൊക്കെ തെരയാനാണ്. കുറച്ചുനേരം അവിടെനിന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ഞാന്‍ മുറിയിലേക്ക് മടങ്ങി. നായ്ക്കിന്റെ മുന്നില്‍ വാടകമുറി ചോദിച്ചുവന്ന ദിവസം എനിക്കോര്‍മ്മവന്നു.

പേരും നാളും ജാതിയും ചോദിച്ച് നായ്ക്ക് പറഞ്ഞു:
'അവസാനം വരെ അലയും. അതാണ് ലക്ഷണം.'
ഞാന്‍ ചിരിച്ചു. അപ്പോള്‍ എനിക്ക് അയാളോട് നിര്‍വ്യാജമായ സ്‌നേഹം തോന്നി. വെളിവ് കെട്ട ഒരു തലയാണല്ലോ ഇയാള്‍ക്ക് കിട്ടിയത് എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടാണ് ചാവി വാങ്ങിയത്. ചാവി തരുമ്പോള്‍ എന്തൊക്കെയോ നിബന്ധനകളും കൂട്ടത്തിലുണ്ടായിരുന്നു. മുറിയില്‍ മദ്യപിക്കരുത്, സുഹൃത്തുക്കള്‍ വരാന്‍ പാടില്ല, കാലത്ത് നിലവിളക്കു കത്തിക്കണം തുടങ്ങിയവ. ഒരിക്കല്‍പ്പോലും വിളക്കു കത്തിച്ചിട്ടില്ല എന്നു മാത്രമല്ല, ഞാനത് മാറാലക്ക് പാര്‍ക്കാന്‍ കൊടുക്കുകയും ചെയ്തു. കൃത്യമായി വാടക കിട്ടുന്ന സന്തോഷത്തില്‍ നായ്ക്കിന് എന്നെ വല്ലാതെ ബോധിച്ചിരുന്നു. 

ജനാലക്കരികിലേക്ക് കസേര വലിച്ചിട്ട് ഞാന്‍ മറ്റൊരു സിഗരറ്റിനു തീ കോളുത്തി. ഹിമയുടെ മുഖമായിരുന്നു മനസ്സില്‍. ആരെയും കൂസാത്ത ധാര്‍ഷ്ട്യം നിറഞ്ഞ മുഖം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ അന്തേവാസിയായ തന്നോട് ഒരു വാക്കുപോലും അവളുരിയാടിയിട്ടില്ല. ഒരു മഞ്ഞച്ചിരിയിലവസാനിക്കുന്ന പരിചയം മാത്രം.

ഗേറ്റിലൂടെ ആരൊക്കെയോ അകത്തേക്കും പുറത്തേക്കും പോകുന്നുണ്ട്. ഞാന്‍ മുറിയിലെ ലൈറ്റ് കെടുത്തി കസേരയില്‍ത്തന്നെയിരുന്നു. കിടക്കുവാനോ, ഉറങ്ങുവാനോ എനിക്കാകുമായിരുന്നില്ല. നായ്ക്കിന്റെ പരിക്ഷീണമായ മുഖവും വേദനയും എനിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നല്ലോ! ഏതൊരച്ഛനും തോന്നുന്ന നേരുള്ള നൊമ്പരം. രാത്രിയെ ഞാന്‍ വാരിയെടുത്തു പുണര്‍ന്നു. പറ്റ്താഴ് തുറന്ന് തുറസ്സിലേക്കിറങ്ങുന്ന ദുരാത്മാക്കളുടെ പരാപര സഞ്ചാരത്തിന്റെ പ്രമദശബ്ദങ്ങള്‍ എനിക്ക് കേള്‍ക്കാം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാനീമുറിയിലിരുന്ന് ശൂന്യഭണ്ഡാരത്തിന്റെ പരിദാനം കേട്ട്, ഇങ്ങനെയൊക്കെത്തന്നെയാണോ എല്ലാ ജീവിതങ്ങളുമെന്നോര്‍ത്ത് ഉറക്കം കൊത്തിപ്പെറുക്കി പിറ്റേന്ന് എന്ന സംജ്ഞയിലേക്ക് കടക്കുന്നു. കസേരയില്‍ ഇരുന്നുറങ്ങുന്നതും എന്റെ ശീലമാണ്. ഒരുപക്ഷേ, ഉണരുമ്പോള്‍ മാനസാന്തരം വന്ന ഒരു മഞ്ഞുതുള്ളി എന്റെ കണ്‍പീലിയില്‍ പറ്റിച്ചേര്‍ന്നിരിക്കും. 

ദിനചര്യകള്‍ തീര്‍ത്ത് അച്ചുകൂടത്തിലേക്ക് യാത്രതിരിക്കുമ്പോള്‍ നായ്ക്ക് പറഞ്ഞു. പോകുന്ന വഴിയൊന്ന് പരതിയേക്കണം. തീര്‍ച്ചയായും എന്നു പറഞ്ഞ് ഞാന്‍ ഗേറ്റ് കടന്ന് കുന്നിറങ്ങിയപ്പോള്‍ കപ്പേളയുടെ മുന്നിലെ നടപ്പാതയില്‍ ഇന്നലെ കണ്ട അഭയാര്‍ത്ഥികളില്ല. കോഫീഹൗസില്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരിക്കുമ്പോള്‍ തുരുത്തിയില്‍ ശങ്കരന്‍ മൊബൈലില്‍ തെളിഞ്ഞു.
ഇന്നലെ രണ്ടാവര്‍ത്തി വിളിച്ചു.

'ഓട്ടത്തിലായിരുന്നെടാ... അമ്മക്കെങ്ങനെ...?'
'ഇന്ന് ഡയാലിസിസുണ്ട്. ആഴ്ചയില്‍ മൂന്ന് വേണമെന്നു പറഞ്ഞിരുന്നു.'
'പണം അയച്ചുതരാം. നീ അതോര്‍ത്ത്...'
'നിന്റെ കരുണ എനിക്ക് ഭാരമാകുകയാണ്. മറ്റു മാര്‍ഗ്ഗങ്ങളില്ല. ക്ഷേത്രം ജോലിക്കാരന്റെ വരായ്ക നിനക്കറിയാമല്ലോ! ഒരു ജോലി കിട്ടാനും എളുപ്പമല്ല. മലയാളം ബി.എക്കാരെ ആര്‍ക്കാണാവശ്യം.'
'നിരാശ വേണ്ടടാ. നിനക്കൊരു കര്‍മ്മപഥം കാത്തിരുപ്പുണ്ട്.'
'ശരിയാണ്. ഞാനൊരു രാജാവാണ്. കിങ്ങ് ഓഫ് ദി ഇന്‍ഫിനിറ്റ്.'
'വൈകിട്ട് വിളിക്കാം. അച്ചുകൂടത്തിലെത്താന്‍ സമയമായി. പഞ്ചിങ്ങുള്ളതാ.'

മേല്‍പ്പാലം ചുറ്റി, ഞാന്‍ അച്ചുകൂടത്തിലേക്കുള്ള നാരകം റോഡിലേക്ക് കടന്നു. അച്ചുകൂടത്തിലേക്ക് തിരിയുന്ന വളവിലെ കറുകയുടെ ചുവട്ടില്‍ നഗരത്തില്‍ പലയിടങ്ങളിലായി പലപ്പോഴും കണ്ടിട്ടുള്ള നീലമേലാപ്പുള്ള ദേവവണ്ടി ഒതുക്കിനിര്‍ത്തിയിരിക്കുന്നു. സൈക്കിള്‍ വണ്ടിക്കുള്ളില്‍ കമനീയമായ കൃഷ്ണവിഗ്രഹങ്ങളും യേശുവും മറിയവും ബുദ്ധനും ചില്ലിട്ട അയത്തി കുറിശ്ശിയും അടുക്കിയിട്ടുണ്ട്. മേലാപ്പിനു താഴെ പ്രിന്റ് ചെയ്ത കൊറിയന്‍ തുണി തൂങ്ങുന്നുണ്ട്. എല്ലാ ദൈവങ്ങള്‍ക്കും നാനൂറു ക. ആവശ്യക്കാര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുത്ത് പണം പെട്ടിയില്‍ നിക്ഷേപിക്കാം. ദേവസൃഷ്ടിയില്‍ അപാകം കെ ത്തുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കാന്‍ താല്പര്യപ്പെടുന്നു. ദൈവങ്ങള്‍ ശക്തരായതുകൊണ്ട് കാവല്‍ക്കാരോ സി.സി.റ്റി.വിയോ കൂട്ടിനില്ല. എന്ന് മംഗളന്‍. ഫോണ്‍... ദേവവണ്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി ഞാന്‍ അച്ചുകൂടത്തിന്റെ കവാടം കടന്നു. പ്രവേശനവാതിലില്‍ പഞ്ച് ചെയ്ത് മുതലാളി മാമച്ചനെ വണങ്ങി, മുകളിലെ ഡി.റ്റി.പി മുറിയിലെത്തിയപ്പോള്‍ സുവര്‍ണ്ണയുടെ നീണ്ടവിരലുകള്‍ കീബോര്‍ഡില്‍ സഞ്ചാരം തുടങ്ങിയിരുന്നു. ഹാച്ച്ബാഗ് മേശയിലേക്ക് വലിച്ചെറിഞ്ഞ് ഞാന്‍ സുവര്‍ണ്ണയുടെ നനവുവറ്റാത്ത മുടിത്തുമ്പിലൊളിച്ചിരുന്ന തുളസിയിലകളിലൊന്ന് തോണ്ടിയെടുത്ത് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പതിപ്പിച്ചു. അവളുടെ ശബ്ദമില്ലാത്ത പ്രതിഷേധം മറികടന്ന് ഞാന്‍ ചോദിച്ചു: 'ആരാണീ മംഗളന്‍?' 

'ഏതോ കിറുക്കന്‍. നീ വേഗം പണിതുടങ്ങ്. പള്ളിക്കാരുടെ ജേര്‍ണല്‍ തീര്‍ക്കണമെന്ന് മാമച്ചന്‍ വന്നപ്പോഴേ പറഞ്ഞിരുന്നു.'
'നീ എന്താണ് ചെയ്യുന്നത്?'
'ഗവേഷകന്റെ തീസിസ്. പോവര്‍ട്ടി ഇന്‍ ഇന്‍ഡ്യ. എഴുപതു ശതമാനമാണ് ഭാഗ്യവാന്മാര്‍. ഞാനും നീയും അതില്‍പ്പെടും. നൈജീരിയയാണ് തൊട്ടുമുന്നില്‍, എഴുപതു മില്ല്യന്‍.'
ഞാന്‍ കംപ്യൂട്ടറിന് ജീവന്‍ കൊടുത്ത് മേശവലിപ്പില്‍നിന്ന് ക്ലിപ്പ് ഫയലുകള്‍ പുറത്തെടുത്തു. 
'ഇന്നലെ അന്നദാനത്തിനു പോയില്ലേ?' സുവര്‍ണ്ണ ചോദിച്ചു.
'ദാനമൊന്നുമല്ല പെണ്ണേ... രണ്ടായിരവും മുവായിരവുമൊക്കെയാ ബില്ലുകള്‍. മുന്തിയ ഹോട്ടലിലെ മെനു വായിക്കാനും ഭാഗ്യം വേണം. മൊബൈലിലുണ്ട് കാണണോ?'
'വേണ്ട. ഇറ്റാലിയനും ചൈനീസും മെക്‌സിക്കനുമൊക്കെയല്ലേ? സായിപ്പ് നാട്ടില്‍ വന്നാല്‍ കഞ്ഞി തെണ്ടി നടപ്പാണ്. എന്ത് വൈരുദ്ധ്യം.'
'എന്റെ വീട്ടുടമയുടെ മകള്‍ മിസ്സിങ്ങാണ്. ഇന്നലെ രാത്രിമുതല്‍.'
'ഒരു രാത്രി അപഹരിച്ചെങ്കില്‍ പ്ലാന്റാണ്. ജന്മം തുലഞ്ഞതുതന്നെ. എന്തെങ്കിലും സൂചനകളുണ്ടോ?'
'ഒന്നുമില്ല. നായ്ക്ക് ആകെ വിഷണ്ണനാണ്. എന്തു ചെയ്യാനാകും.'
'വളര്‍ത്തുദോഷം. അല്ലാതെന്ത്? പഠിക്കുവായിരുന്നോ?'
'ബി.എച്ച്.എം.എസ്സിന് മൂന്നാംവര്‍ഷം.'
'ആരോ കൊളുത്തിയിട്ടുണ്ട്. പ്രണയത്തിന്റെ കുരുക്ക്.'
'അനുമാനിക്കാനാവില്ല. എന്തൊക്കെ വാര്‍ത്തകളാണ് നിത്യവും. പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവര്‍ അനാഥശവങ്ങള്‍ തേടി നടക്കുവാ. അതിരിക്കട്ടെ, വരുന്ന വഴി നിനക്കൊരു ദൈവത്തിനെ വാങ്ങാമായിരുന്നു. വഴിയില്‍ കണ്ടില്ലേ?'
'വെള്ളം വീഞ്ഞാക്കാത്ത ഒരു ദൈവം വീട്ടിലുണ്ട്. പാവം കൃഷ്ണന്‍. അത്ഭുതങ്ങളൊന്നും പഠിച്ചിരുന്നില്ല.'
'യേശുവിനെന്താണ് കുഴപ്പം. മൂന്നാം പക്കം ലോകത്തെ ഞെട്ടിച്ചില്ലേ?'
'ഗോത്രബുദ്ധിയുടെ മാരകമായ കളവ്.' സുവര്‍ണ്ണ പറഞ്ഞു.
'ചിലതൊക്കെ വെറുതെയെങ്കിലും വിശ്വസിക്കാനാണ് സുഖം. പക്ഷേ, മതങ്ങളുടെ ചങ്ങലപ്പൂട്ടുകളിലകപ്പെട്ടതിനുശേഷമാണ് ദൈവങ്ങള്‍ ചീഞ്ഞുതുടങ്ങിയത്.'
'മതമില്ലാത്തവനെ കശാപ്പുചെയ്യുന്ന കാലമാ. ദൈവങ്ങളുടെ ആവിര്‍ഭാവത്തോടെ മനുഷ്യരാശിയുടെ ദാരുണമായ പതനം പൂര്‍ണ്ണമായിരിക്കുന്നു.'
'പണി തീര്‍ക്കാന്‍ മറക്കേണ്ട. എല്ലാ കോണുകളിലേക്കും മാമച്ചന്‍ സൂം ചെയ്യുന്നുണ്ട്.'
'ശരിയാണ്. നമ്മുക്ക് ഗിയര്‍ മാറ്റാം.' ഞാന്‍ പറഞ്ഞു. ദേവസ്സി മുറി തുറന്ന് കുറെ കടലാസ്സുകെട്ടുകള്‍ സുവര്‍ണ്ണയുടെ മേശപ്പുറത്തു വച്ചു. അനന്തരം എന്നോട് പറഞ്ഞു:
'സാറിന്റെ മുറിയില്‍ സാത്താന്‍ കയറിയിട്ടുണ്ട്. വിളിക്കുന്നു.'
'സാത്താനോ അതാര്?' ഞാന്‍ ചോദിച്ചു. 
'ആര്‍ക്കറിയാം. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ളതാ. വേഗം ചെല്ല്.' ദേവസ്സി പറഞ്ഞു.

മാമച്ചന്റെ വാതില്‍ തുറന്നപ്പോള്‍ ദേവസ്സി പറഞ്ഞ സാത്താനെ ശരിക്കും കണ്ടു. അയാള്‍ മാമച്ചന്റെ മുന്നില്‍ ഇരിക്കാന്‍ കൂട്ടാക്കാതെ ഏതോ ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നതുപോലെ എനിക്കു തോന്നി. ചീകാത്ത മുടിയും മുഷിഞ്ഞ കാലുറയും കക്ഷത്തില്‍ ഇറുക്കിവെച്ചിരിക്കുന്ന തുണിസഞ്ചിയും. 

'ഇയാളാണ് മംഗളന്‍ എന്ന കവി. ശില്പിയും ചെരുപ്പുകുത്തിയുമൊക്കെയാണ്. മൂന്ന് നാലു തവണ  ഇവിടെ വന്നിട്ടുണ്ട്. അപ്പോഴൊക്കെ നമ്മള്‍ നല്ല തിരക്കിലായിരുന്നു. ഞാനത്ര ഗൗനിച്ചതുമില്ല. ഇയാള്‍ കുറച്ചു കവിതകള്‍ കൊണ്ടുവന്നിട്ടുണ്ട്. അത് പുസ്തകമാക്കണം. പ്രസാധകരെയൊന്നും പരിചയവുമില്ല. നമ്മുടെ പ്രസ്സിലച്ചടിക്കാനാണ് താല്പര്യം. മംഗളനെ മുന്‍പ് കണ്ടിട്ടുണ്ടോ?' മാമച്ചന്‍ എന്നോടായി ചോദിച്ചു. 'ഇല്ല' എന്നു ഞാന്‍ പറഞ്ഞു. 'പാവമായതുകൊണ്ട് മിതമായ റേറ്റിലടിക്കണം എന്നാണ് ഡിമാന്‍ഡ്. അഡ്വാന്‍സ് തന്നിട്ടുണ്ട്. വായിക്കാനാകുമോ എന്നു നോക്കണം.' മംഗളനോടായി മാമച്ചന്‍ പറഞ്ഞു: 'മാറ്റര്‍ കൊടുത്തോളൂ. ബാക്കിയെല്ലാം ഇയാള്‍ ചെയ്‌തോളും. കവര്‍ ഡിസൈനും ഏര്‍പ്പാടാക്കാം. പേജ് നോക്കിയിട്ട് വില നിശ്ചയിക്കുന്നതാണ് രീതി. പക്ഷേ, എന്താണ് പുസ്തകത്തിന്റെ പേര്? അതു ചോദിക്കാന്‍ മറന്നു.'
'കാകബലി.' മംഗളന്‍ പറഞ്ഞു. 
'എത്ര കവിതകളുണ്ട്?'
'മുപ്പത്തിയാറ്.'
'എവിടെ വില്‍ക്കും.'
'തെരുവിലെ പീടികക്കാരനോട് പറഞ്ഞിട്ടുണ്ട്. അവര്‍ സഹായിക്കും.'
'ആദ്യമായാണോ, എഴുത്ത്?'
'ചെറുപ്പത്തിലേ എഴുതുമായിരുന്നു. അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ല.'
'എവിടെയാണ് മംഗളന്റെ നാട്?'
'വയനാട്ടിലാ. ഏഴുവര്‍ഷമായി ഈ നഗരത്തില്‍ വന്നിട്ട്.'
'റോഡില്‍ കിടക്കുന്ന സൈക്കിള്‍വണ്ടി എന്റേതാണ്. അതിലുള്ളത് ഞാനുണ്ടാക്കിയ ശില്പങ്ങളാണ്.'
ദേവവണ്ടി മംഗളന്റേതാണെന്നറിഞ്ഞപ്പോള്‍ എനിക്ക് അയാളോട് ആദരവ് തോന്നി. ശില്പവും കവിതയും.
'ആരെങ്കിലും ശില്പങ്ങളെടുക്കുന്നുണ്ടോ?' ഞാന്‍ ചോദിച്ചു. 
'ഒരു ദിവസം ഒന്നോ രേണ്ടാ.'
'എന്തായാലും ഡി.റ്റി.പി. എടുക്കട്ടെ. മംഗളന്‍ നാല് ദിവസം കഴിഞ്ഞു വരൂ. ഇയാളെ കണ്ടാല്‍ മതി' എന്നെ ചൂണ്ടി മാമച്ചന്‍ പറഞ്ഞു. മംഗളന്റെ കവിതയുടെ ജോലി തനിക്കാ. ഞാന്‍ അയാള്‍ തന്ന തുന്നിക്കെട്ടിയ കടലാസ്സുകെട്ടുമായി ഡി.റ്റി.പി. മുറിയിലേക്കു നടന്നു. കവിതകളുടെ ശേഖരം മേശപ്പുറത്ത് മലര്‍ത്തിവച്ച് ഞാന്‍ സുവര്‍ണ്ണയെ ശ്രദ്ധിച്ചു. കാതിലെ പച്ചക്കല്ലുകള്‍ പിടിപ്പിച്ച ജിമിക്ക നോക്കി ഞാന്‍ പറഞ്ഞു: 
'കാതു കവരുന്ന നാടോടികളിറങ്ങിയിട്ടുണ്ട്. ജിമിക്ക സൂക്ഷിച്ചോ!'
'മാമച്ചനെ കണ്ടുകഴിഞ്ഞപ്പോള്‍ വട്ടായോ? ഇപ്പഴാ നീ ജിമിക്ക കാണുന്നേ?'
'സത്യം. ഒക്കെ വിസ്മയങ്ങളാടീ. റോഡിലെ ദേവവണ്ടിയുടെ ശില്പിയെ കണ്ടു. മംഗളന്‍. കവി കൂടിയാ. ഇതാ അയാളുടെ കവിതകള്‍. മാമച്ചന് നല്ല കോളാ. ആ പാവത്തിന് അച്ചടിക്കൂലിയെപ്പറ്റിയൊന്നുമറിയില്ല. എന്തായാലും അഡ്വാന്‍സ് മുന്‍കൂറായി വാങ്ങിയിട്ടുണ്ട്.'
'ആര്‍ക്കും കവിതയെഴുതാവുന്ന കാലമല്ലേ! കവിത കക്കുന്നതും പതിവായിട്ടുണ്ട്.'
'എന്താ അറിവ്.' ഞാനവളെ ചെറുതായി പുച്ഛിച്ചുകൊണ്ട് പറഞ്ഞു. 
'ഒന്ന് പോടീ...'
'ഒന്നര വര്‍ഷം മൂപ്പുള്ള എന്നെ നീ എന്താ വിളിച്ചത്. ചേച്ചിന്ന് വിളിക്കെടാ. കഴുതേ...'
'സ്‌നേഹം കൊണ്ടല്ലേടീ. ഐ.ലൗ.യു. മൈ ഡിയര്‍. ഞാന്‍ കവിത വായിക്കട്ടെ.'
'വായിക്ക്. ആരുടെ കോപ്പിയാണെന്ന് കണ്ടുപിടിക്ക്.'
'വൈലോപ്പിള്ളിയേയും അയ്യപ്പപ്പണിക്കരേയും മാത്രമേ വായിച്ചിട്ടുള്ളൂ. ചങ്ങമ്പുഴയും വയലാറും പേണ്ട ഹൃദിസ്ഥമാണ്. നീയോ?' ഞാന്‍ ചോദിച്ചു.
'നെരൂദ, ഒ.എന്‍.വി., സുഗതകുമാരി, അറുനൂറ്റിമംഗലം അഭിരാമി.'
'ആരാടീ, ആ സാധനം.'
'ഒരു കവയത്രി. എന്റെ കൂട്ടുകാരിയാ. അവളെഴുതുന്നത് ഞാന്‍ മാത്രമേ വായിച്ചിട്ടുള്ളൂ.'
'നല്ല തമാശ.'
'മംഗളന്‍ ചെറുപ്പമാണോ?'
'മാമച്ചന്റെ പ്രായം. പക്ഷേ, അറുപത്തഞ്ചു തോന്നിക്കും. കുളിയും നനയും കമ്മിയാണെന്നു തോന്നുന്നു. ഒരു തരം നാറ്റം. മാമച്ചന്‍ പുകയിലപ്പൊടികൊണ്ട് രക്ഷപെട്ടു.'

അഞ്ചുമണിയോടെ സുവര്‍ണ്ണയുടെ വിരലുകള്‍ കീബോര്‍ഡില്‍ നിശ്ചലമായി. ഡച്ചുകാരന്‍ കണ്ടുപിടിച്ച പെന്‍ഡുലം ക്ലോക്കില്‍ അഞ്ചിന് ഒരു മിനിറ്റ് ബാക്കി. സുവര്‍ണ്ണ തൂവാലകൊണ്ട് മുഖം തുടച്ച് തലമുടി പതുക്കി. തോള്‍സഞ്ചിയെടുക്കാന്‍ വലതുകരം നീണ്ടപ്പോള്‍ കൈത്തണ്ടയിലെ നനുത്തരോമങ്ങള്‍ക്ക് നാണം വെക്കുന്നത് ഞാന്‍ കണ്ടു. 'പോകാറായോ?' ഞാന്‍ ചോദിച്ചു. 
'നീയിരുന്നോ? ഹോട്ടല്‍ കിച്ചന്‍ തുറക്കാന്‍ സമയം ബാക്കിയുണ്ട്.'
'ഞാനുമിറങ്ങുന്നു. എനിക്ക് മംഗളനെ കാണണം. മേല്‍പ്പാലത്തിനടിയിലെ ഗുദാമിലാണെന്നാ പറഞ്ഞത്.'
'അയാള്‍ക്ക് വീടും കുടിയുമൊന്നുമില്ലേ?'
'എന്തോ എന്നോടൊന്നും പറഞ്ഞില്ല. മാമച്ചനോട് പറഞ്ഞിരിക്കും.'
'ഞാനിറങ്ങുന്നു. ബൈ. സുവര്‍ണ്ണ വാതില്‍ കടന്നപ്പോള്‍ ഞാന്‍ പതിവുപോലെ ലേശം ഉച്ചത്തില്‍ പറഞ്ഞു. ഐ.ലവ്.യൂ. മൈഡിയര്‍, നാളെ കാണാം.'
തിരിഞ്ഞുനിന്ന് സുവര്‍ണ്ണ ചോദിച്ചു. 'എത്ര തൂക്കം വരും നിന്റെ ലവ്‌ന്.'
'പ്രപഞ്ചത്തോളം.'
'മതിയെടാ നസ്രാണി, പള്ളിയില്‍ പോകാത്തവനെ.'
'ബുദ്ധമതത്തിലേക്ക് മാറി. വരുന്നമാസം കൊളമ്പിലേക്ക് യാത്രയുണ്ട്.'
'ജീവിക്കാന്‍ മതമെന്തിനാടാ പൊട്ടാ' എന്നു പറഞ്ഞ് സുവര്‍ണ്ണ താഴേയ്ക്ക് പടികളിറങ്ങി. 

അവള്‍ പോയപ്പോള്‍ തോന്നിയ അനാഥത്വത്തിനു സുഖകരമായ നീറ്റലുണ്ടായിരുന്നു. ചുറ്റിനും സാന്ദ്രമായ തരിശ്. എന്തോ എനിക്കപ്പോള്‍ ഒരു സിഗരറ്റ് വലിക്കാന്‍ തോന്നി. പക്ഷേ, വലിച്ചില്ല. 

മേല്‍പ്പാലത്തിനടിയിലൂടെ ചുറ്റിക്കറങ്ങി ഞാന്‍ മംഗളന്റെ കുടുസ്സുമുറിയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അടപ്പില്ലാത്ത ചെറിയ മുറിക്കകത്ത് തുന്നിയതും തുന്നാത്തതുമായ ചെരുപ്പുകളും പണിസാധനങ്ങളും ചിതറിക്കിടക്കുന്നു. ജിപ്‌സംപൊടിയുടെ തുറന്ന ചാക്കുകള്‍, ചായക്കൂടുകള്‍. മംഗളന്‍ ഏതോ ശില്പനിര്‍മ്മാണത്തിലായിരുന്നു. അകത്തിരുന്ന് അയാള്‍ എന്നെ തിരിച്ചറിഞ്ഞു.

'ക്ഷണിക്കാന്‍ നിവൃത്തിയില്ല. ഇതാണെന്റെ താവളം.'
'ഇവിടെയിരുന്നാണോ കവിതയെഴുതുന്നത്?'
'അല്ല. മാസത്തിലൊരിക്കല്‍ നാട്ടില്‍ പോകും. അവിടെയിരുന്നാണ് കവിതകള്‍...'
'എവിടെയാണ് നാട്?'
'വയനാട്ടിലാ.'
'ഇവിടെ എവിടെയാണ് താമസം.'
'ഇവിടെത്തന്നെ രാവും പകലും. പ്രഭാതകൃത്യങ്ങള്‍ക്ക് റെയില്‍വെ ഡോര്‍മറ്ററിയില്‍ പോകും. അവിടെ എന്റെ പരിചയക്കാരനുണ്ട്. 
കെ. വേണുവിന്റെ ആരാധകന്‍ അബ്ദുള്ള.'
'ഒരു മുറി തരപ്പെടുത്താമായിരുന്നു.'
'എനിക്കെന്തിനാ സാറെ മുറി? അല്ലെങ്കില്‍ത്തന്നെ ആര് തരാന്‍?'
'മംഗളന് സ്വന്തക്കാരാരുമില്ലെ?'

'അച്ഛന് ഹുക്കയുണ്ടാക്കി വില്‍ക്കുന്ന ജോലിയായിരുന്നു. മംഗലാപുരത്തെ ഒരു പുകയില വ്യാപാരി മൊത്തമായി വാങ്ങുകയായിരുന്നു പതിവ്. മംഗലാപുരത്തിനടുത്ത് ഉളിപ്പാടിയിലായിരുന്നു അച്ഛന്റെ വീട്. മരണശേഷം ഞാനും ഭാര്യയും വയനാട്ടിലേക്ക് വന്നു. ഭാര്യ അപസ്മാരരോഗിയായിരുന്നു. കബനിയുടെ കയത്തിലേക്ക് ഒരുനാള്‍ അവള്‍ അപ്രത്യക്ഷയായി. മകള്‍ പന്ത്രണ്ടാംതരം കഴിഞ്ഞ് പാരലല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. പത്തൊമ്പത് വയസ്സുവരെ എന്നോടൊപ്പമുണ്ടായിരുന്നു. കല്പറ്റയിലെ ഏതോ കോളേജിലേക്കായി ഒരുനാള്‍ യാത്രപറഞ്ഞു പോയതാണ്. പിന്നീടവള്‍ മടങ്ങിവന്നില്ല. ഏഴു വര്‍ഷമായി. അന്വേഷണങ്ങള്‍ അവസാനിപ്പിച്ചു. അതില്‍പ്പിന്നെ ഞാന്‍ മംഗലാപുരത്തൊരു ചെരുപ്പുകടയില്‍ ജോലിക്കു ചേര്‍ന്നു. രണ്ട് വര്‍ഷം അവിടെ തങ്ങി. മടുത്തപ്പോള്‍ മംഗലാപുരത്തുനിന്നും ഇങ്ങോട്ടു തീവണ്ടി കയറി. വയനാട്ടിലെ വീട് അയല്‍വാസിയെ നോക്കാനേല്പിച്ചു. വീടെന്നു പറഞ്ഞാല്‍ ഒരു ചെറിയ പുര. ഭാര്യയുടെ രണ്ട് കഷണം അസ്ഥി അടക്കം ചെയ്ത മണ്‍കലം മുറ്റത്ത് സൂക്ഷിക്കുന്നുണ്ട്. ജീവിതം ചരമസഞ്ചാരമാണെന്ന വിശ്വസിക്കുന്നവനാണ് ഞാന്‍. ഈ മുറി മുന്‍സിപ്പാലിറ്റിയുടെ കയ്യേറിയതാണ്. ഏതു നിമിഷവും അവര്‍ക്കെന്നെ പെരുവഴിയിലേക്ക് വലിച്ചെറിയാം. ഗ്യാസ് ലൈറ്റിന്റെ പ്രകാശത്തിലാണ് ദൈവങ്ങള്‍ പിറക്കുന്നത്. ബീഹാറുകാരന്‍ മദനനാണ് ദേവവണ്ടിയുടെ കപ്പിത്താന്‍. ഒരു പാവം യാദവന്‍.'
'മകളുടെ ഓര്‍മ്മക്കായാണല്ലോ കാകബലി.'
'അതെ. എന്റെ കണ്‍മുന്നില്‍ എപ്പോഴുമവളുണ്ട്. എനിക്ക് സ്‌നേഹിക്കുവാനുണ്ടായ എന്റെ കുട്ടി. എവിടെയാണെങ്കിലും അവളുണ്ടായാല്‍ മതിയായിരുന്നു. മംഗളന്റെ നീണ്ട നിലവിളി നിസ്സഹായതയുടെ ഉയിര്‍നോവായി ആ ചെറിയ മുറിയില്‍ ചിതലിച്ചു...'
'എവിടേക്കാണ് പോയത്? പ്രണയമോ മറ്റോ?'
'ഒന്നുമില്ലായിരുന്നു. ഒരുപാടു സ്വപ്‌നങ്ങളുടെ ചുമട്ടുകാരിയായിരുന്നു. നന്നായി പഠിക്കുന്നവളും. പൊലീസുകാരുടെ അന്വേഷണം എവിടെയുമെത്തിയില്ല. ഭൂമിയിലെവിടെയെങ്കിലും അവള്‍ ജീവനോടെ കാണുമായിരിക്കും. വായനയും സഞ്ചാരവുമായിരുന്നു അവള്‍ക്ക് പ്രിയം. അമ്മയുടെ കണ്ണുകള്‍ അവളിലെപ്പോഴുമുണ്ടായിരുന്നു. അമ്മ പോയതില്‍പ്പിന്നെ അവള്‍ അശാന്തിയുടെ ലോകത്തിലായി. അധികമാരോടും അടുത്തിടപഴകാത്ത ശീലക്കാരിയായിരുന്നു. അതുകൊണ്ട് തന്നെ എനിക്കവളെ വിശ്വാസവുമായിരുന്നു.'
'കവിതകളുടെ പ്രൂഫ് പെട്ടെന്ന് തരാം. മാമച്ചന്‍ പ്രത്യേക താല്പര്യമെടുത്തിട്ടുണ്ട്.'
'കവിയാകാനല്ല ഞാനതൊക്കെ എഴുതിയത്. എന്റെ ദു:ഖങ്ങള്‍ നാലുപേരറിയാന്‍ വേണ്ടി മാത്രം.'
'പക്ഷേ, നിങ്ങളുടെ തുച്ഛമായ സമ്പാദ്യം... ചെലവാകില്ലേ?'
'ആരുമില്ലാത്തവന് എന്തിനാണ് സമ്പാദ്യം. ചെരുപ്പ് തുന്നാന്‍ വരുന്നവര്‍ അറിഞ്ഞ് തരുന്നുണ്ട്. ദേവവണ്ടിയില്‍നിന്ന് ചെറിയ വരുമാനമുണ്ട്. ഗുരുവായൂരില്‍നിന്ന് ഒരു ദാനശീലന്‍ ഇടക്കിടെ വന്ന് കൃഷ്ണരൂപങ്ങള്‍ കൊണ്ടുപോകും. അയാള്‍ കണക്കുനോക്കാതെ പണം തരും.'
മംഗളന്‍ എന്ന സ്വരൂപത്തെ മനസ്സില്‍ ചുമന്ന് ഞാന്‍ മൊബൈല്‍ ഓണ്‍ചെയ്ത് അന്നത്തെ അന്തിജോലിയിലേക്കു കയറി. അല്‍ക്ക ഹോട്ടലില്‍ എന്നെ കാത്ത് ഭക്ഷണക്കിറ്റുകള്‍ നിറഞ്ഞിരുന്നു. സമ്പന്നര്‍ക്ക് പ്രിയപ്പെട്ട വിഭവങ്ങളുണ്ടാക്കുന്ന ഹോട്ടല്‍ ലോബിയില്‍ എന്നെപ്പോലെ രണ്ട് മൂന്ന് കരിയര്‍ ജോലിക്കാര്‍ കൂടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

'നായ്ക്കിന്റെ മകളുടെ വിവരം വല്ലതും?' സൈമണ്‍ ചോദിച്ചു. സൈമണോട് മാത്യൂസ് കഥകള്‍ പറഞ്ഞിരുന്നു. 
'ഇല്ല. യാതൊരു വിവരങ്ങളുമില്ല.' ഞാന്‍ പറഞ്ഞു.
'ഇന്നലെ രാത്രി ഗോശ്രീ പാലത്തിനു താഴെ ഒരു പെണ്‍കുട്ടിയുടെ ശവം പൊങ്ങിയിരുന്നു.'
'അത് അവളാകില്ല. ആയിരുന്നെങ്കില്‍ നായ്ക്കറിയാതെ വരുമോ?'
'സംശയം പറഞ്ഞതാ. ആകാതിരിക്കട്ടെ.' സൈമണ്‍ പറഞ്ഞു. 
കണ്ടയ്‌നറിലേക്ക് ഭക്ഷണക്കിറ്റ് തിരുകുമ്പോള്‍ ശങ്കരന്റെ നമ്പര്‍ മൊബൈലില്‍ തെളിഞ്ഞു. 
'ഡയാലിസിസ് കഴിഞ്ഞു. അടുത്തയാഴ്ച മുതല്‍ മൂന്നു തവണയാക്കി.'
'അമ്മയെന്തു പറയുന്നു?'
'നിന്റെ കഷ്ടപ്പാടോര്‍ത്താണ് സങ്കടം. ഒന്നും തിരികെ തരാനില്ലാത്തതിന്റെ നീറ്റലും. എല്ലാം അവസാനിപ്പിക്കാനാണ് പറയുന്നത്. സ്വച്ഛന്ദമായ മരണത്തിന്റെ ശാന്തികത്തിലേക്ക്.'
'വിഡ്ഢിത്തം വിളമ്പാതടാ ചെറ്റെ! അതിനാണോ ഞാന്‍... നീ ഫോണ്‍ വെക്ക്. അടുത്ത വീക്കെന്റില്‍ ഞാന്‍ വരുന്നുണ്ട്. നേരില്‍ കാണാം.' ഫോണ്‍വെച്ച് ഞാന്‍ സീബേര്‍ഡ് ഫ്‌ലാറ്റിലേക്ക് വണ്ടി തിരിച്ചു. 
അന്നത്തെ ജോലി തീരുമ്പോള്‍, പതിനൊന്ന് കഴിഞ്ഞിരുന്നു. വാടകമുറിയിലേക്ക് കോണി കയറുമ്പോള്‍ നായ്ക്കിന്റെ വീട്ടിലേക്ക് നോക്കി. വീട് പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു. പതിവ് പോലെ വാതായനം തുറന്നിട്ട് ഞാന്‍ സിഗരറ്റിനു തീകൊളുത്തി. ഗേറ്റില്‍ ഓട്ടോ വന്നുനിന്നതും അതില്‍നിന്നു രണ്ടുമൂന്നു പേരെന്റെ വീടിനു നേരെ നടക്കുന്നതും അവ്യക്തമായി ഞാന്‍ കണ്ടു. അപ്പോഴേയ്ക്കും സുവര്‍ണ്ണ മൊബൈലില്‍ തെളിഞ്ഞു.
'ഉറക്കമില്ലേടീ?' ഞാന്‍ ചോദിച്ചു.
'നിന്റെ ഊട്ടുപുര പൂട്ടിയോ?'
'ഇന്നത്തേക്ക്.'
'നായ്ക്കിന്റെ മകള്‍.'
'പൊലീസുകാര്‍ അനാഥശവങ്ങളുടെ പിറകേയാ.'
'ഏതെങ്കിലും ട്രാപ്പില്‍പ്പെട്ടുകാണുമോ?'
'എങ്ങനെയറിയാനാ. നീയെന്താടീ ഇതുപോലെ ഒളിച്ചോടാത്തത്?' ഞാന്‍ ചോദിച്ചു.
'ആരെങ്കിലും വിളിക്കാതെങ്ങനെയാടാ ചെക്കാ, ഞാന്‍ പോയിട്ട് നിനക്കെന്താ മെച്ചം?'
'ഡി.റ്റി.പി. മുറിയില്‍ എനിക്ക് മണക്കാനൊരു പുതിയ പൂവ് കിട്ടിയേനെ...'
'മനസ്സിലിരിപ്പ് കൊള്ളാമെടാ. നീയൊരു ദുഷ്ടനാ...'
'തമാശയല്ലേടീ... നീ ഗൗരവത്തിലെടുക്കാതെ... മൈഡിയര്‍. ഐ.ലവ്.യൂ...'
'താരാട്ടിന്റെ സുഖം. നീ ഒരു പന്നനാണെങ്കിലും മനസ്സിലൊന്നുമില്ലെന്നറിയാം.'
'ശുഭം പറഞ്ഞ് വെക്ക്. ഉറങ്ങുന്ന കാര്യം ഉടലിനോട് പറയാന്‍ മറക്കണ്ട. രാത്രികളില്‍ പെണ്‍ശരീരങ്ങള്‍ക്ക് പെരുക്കം കൂടും. തലയണ കരുതിക്കോ...'
'ആരാ നിന്റെ ഗുരു. മണ്ടന്‍. ഞാന്‍ വെയ്ക്കുവാടാ. നീയും ചാച്ചിക്കോ?'

ശോകമൂകമായ ദുരവസ്ഥയുടെ നീണ്ട വഴിത്താരകള്‍ തെളിയിച്ചുകൊണ്ട് പതിവുപോലെ രാത്രി എന്നെ മരണപ്പെടുത്തി. ഇരുട്ടിന്റെ ഭയാനകമായ കടലിരമ്പം കേട്ടുകൊണ്ടാണ് പിന്നീട് പ്രഭാതത്തില്‍ ഞെട്ടിയുണര്‍ന്നത്. കടല്‍ഭിത്തിയില്‍ തലതല്ലുന്ന കടല്‍ത്തിരകളുടെ രാത്രി ഭോജനം അശാന്തിയുടെ കാലാന്തരപീഡയായി പലപ്പോഴും എന്നെ വേട്ടയാടാറുണ്ടായിരുന്നു. പ്രപഞ്ചത്തിന് ഒരു പ്രതിബിംബമില്ലാത്തതിന്റെ പരിണാമവൈരുദ്ധ്യം എനിക്കെന്നും അസഹിഷ്ണുത തന്നു.

ചെറിയ ചാറ്റല്‍മഴയിലൂടെയാണ് ഞാന്‍ കാലത്ത് അച്ചുകൂടത്തിലേക്ക് തിരിച്ചത്. ഡി.റ്റി.പി. മുറിയില്‍ സുവര്‍ണ്ണയെ കണ്ടില്ല. മംഗളന്റെ കവിതകള്‍ പെറുക്കിയെടുത്ത് ഞാന്‍ ഒരോന്നായി ക്ലിപ്പ് ചെയ്ത ശേഷം ആദ്യ കവിത ഹോള്‍ഡറില്‍ പിന്‍ചെയ്ത് തലക്കെട്ട് ഡി.റ്റി.പിയിലേക്ക് പകര്‍ത്തി. 'മകളേ മറന്നുവോ?' എന്ന കവിതയായിരുന്നു അത്. തലക്കുറി ചെയ്തുകൊണ്ടിരുന്നപ്പോള്‍ സുവര്‍ണ്ണ ഓടിക്കിതച്ചെത്തി. വഴിയിലെ ട്രാഫിക്ക് ബ്ലോക്കിനെ പിരാകിക്കൊണ്ട് കംപ്യൂട്ടറിനടുത്തേക്ക് കസേര വലിച്ചിട്ടു. 

'നേരത്തെ എത്തിയോ? കവിതയായിരിക്കും അല്ലേ?'
'അതെ. നിനക്ക് കേള്‍ക്കണോ? ആദ്യ കവിതയാണ്.'
'വായിക്കെടാ.'

'നിരാകുലംനീയുപേക്ഷിച്ച
പരമാണുബന്ധവും നിന്‍പദമുദ്ര
വീണ വീടും തൊടിയും നീ നട്ട തൈവാകയും
വിമൂകമൊഴുകും പുഴയും പൂമരങ്ങളും.
നിനക്കായി കേഴുന്നു കാലമെത്ര കൊഴിഞ്ഞെന്നാകിലും
കാത്തിരിക്കുന്നു കനിവാല്‍ നിന്‍ മിഴിക്കോണിലടരും 
ജീവജലമൊപ്പുവാന്‍ സ്‌നേഹസ്വാന്തനംകൊണ്ട്...
തലോടുവാന്‍ മകളേ വരിക
ചാരത്തിരുന്നു നീ
കാണുക, കേവലമീ മണ്‍കലത്തിലെ കാന്താരശിലകള്‍.
ചിതല്‍മറ തീര്‍ത്ത ജീവാന്വയങ്ങള്‍.'

'ഗദ്യ കവിതയാണോ?' സുവര്‍ണ്ണ ചോദിച്ചു.
രണ്ടുമല്ല. അന്തര്‍ധാനം ചെയ്ത മകള്‍ക്കുവേണ്ടിയെഴുതിയ...
'എവിടെപ്പോയി?'
'എട്ടു വര്‍ഷത്തോളമായി, ഏകമകള്‍, എവിടെയാണെന്നറിയില്ല.'
'പ്രണയം. അല്ലാതെന്ത്?'
'പെണ്ണായാല്‍ പ്രണയിക്കും. നിന്നെപ്പോലെ രാമായണം വായിച്ച് വായിച്ച്.'
'രാമായണത്തിന്റെ കാതല്‍ തന്നെ പ്രണയനിരാസമാ. രാമന്‍ ഒരു നിമിഷംപോലും സീതയെ പ്രണയിച്ചിട്ടില്ല. ഭക്തി, ആദരവ്, ബഹുമാനം. ആത്മപൂരിതമായ സ്‌നേഹം. അതായിരുന്നു രാമന്‍.'
വൈകുന്നേരം അച്ചുകൂടം വിടുമ്പോള്‍ സുവര്‍ണ്ണ പറഞ്ഞു: 'എന്നോടൊപ്പം വന്നാല്‍ സാന്‍ഡ് വിച്ചും ചായയും വാങ്ങിത്തരാം.'
'അത്ഭുതം... എന്താ വിശേഷം?'
'ഒന്നുമില്ല. നിന്നോടൊന്നു മിണ്ടാന്‍.'
'പോടീ... നീ പറ്റിക്കാനാ.'
'അല്ലടാ. നീ ബര്‍ഗര്‍ഡൂമിലേക്ക് വാ. അവന്യൂ നാല്. ഞാനവിടെ നില്‍ക്കാം.'
'ഏഴുമണിക്ക് അന്തിപ്പണിയുള്ളതാ.'
'ഒരു സാന്‍ഡ്‌വിച്ച് കഴിക്കാന്‍ എത്ര നേരം വേണം. കൂട്ടത്തില്‍ എനിക്കൊരു ഗൗരവമുള്ള കാര്യം പറയാനുമുണ്ട്.'
'റെഡി. പിന്നാലെ ഞാനുണ്ട്.'

ബര്‍ഗര്‍ഡൂമിലെ തീന്‍മേശക്കിരുവശവും ഞങ്ങളിരുന്നു. സാന്‍ഡ്‌വിച്ചിനും ചായക്കും ഓര്‍ഡര്‍ കൊടുത്ത് സുവര്‍ണ്ണ എന്റെ മുഖത്തേക്ക് മൂര്‍ച്ചയേറിയ നോട്ടമെറിഞ്ഞു... അവള്‍ സുന്ദരിയാണെന്ന് അന്നാദ്യമായി എനിക്കു തോന്നി. 
'ഞാന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.' സുവര്‍ണ്ണ പറഞ്ഞു.

'ഗ്രേറ്റ്. ആരാണ് കക്ഷി.' ഞാന്‍ ത്രില്ലിലായി.
'അതാണ് പറയാന്‍ വരുന്നത്. കല്യാണത്തട്ടില്‍ എന്നോടൊപ്പം നിനക്കിരിക്കാമോ?'

എന്റെ മുഖത്ത് കരിമ്പടം വീണ് കാഴ്ച പോയി. ഊഞ്ഞാലിലൂടെ ഞാന്‍ അനന്തപഥത്തിലേക്ക് പറക്കുകയാണ്. അവളുടെ കുസൃതിച്ചിരിയില്‍ നക്ഷത്രങ്ങള്‍ പൊലിയുന്ന വിടര്‍ന്ന കണ്ണുകളിലേക്ക് ആരാധനയോടെ നോക്കി. ഓളങ്ങളില്ലാത്ത താടാകംപോലെ ശാന്തമായ മുഖം. സാന്‍ഡ്‌വിച്ചും ചായയും വന്നത് ഞാന്‍ കണ്ടില്ല. എന്റെ കൈകള്‍ പതിയെ നീണ്ട് ചെന്ന് അവളുടെ വിരലുകള്‍ കവര്‍ന്നെടുത്തു. അനന്തരം കൈത്തണ്ടയില്‍നിന്ന് ഒരു കറുത്ത കൈവള തെറ്റിച്ചെടുത്ത് എന്റെ ഷര്‍ട്ടിന്റെ കീശയില്‍ നിക്ഷേപിച്ചു. ഇതു നിന്റെ ആത്മാവാണ്. ഞാന്‍ പറഞ്ഞു. ഐ.ലവ്.യൂ. ഡിയര്‍... ഞാന്‍ വീണ്ടുമാവര്‍ത്തിച്ചു. എന്റെ ഹൃദയത്തില്‍ പേ  ഞാന്‍ നിന്നെ സംഭരിച്ചിരുന്നു. വെറുതെ രസത്തിന്. ഇന്നിതാ മൂവന്തിയിലെ ഈ വെയില്‍വെട്ടത്തില്‍ പരിണയത്തിന്റെ പവിത്രമായ ഒരു വാക്ക് ഞാന്‍ ഡി.റ്റി.പിയിലാക്കിയിരിക്കുന്നു.

സാന്‍ഡ്‌വിച്ചും ചായയും കഴിച്ച് സുവര്‍ണ്ണ യാത്ര പറഞ്ഞപ്പോള്‍ അവളെത്തന്നെ ധ്യാനിച്ച് ഏറെ നേരം നിന്നു. മധുരവും അവ്യക്തവുമായ വചനം എന്നെ ചുറ്റിവരിഞ്ഞു. ഞാന്‍ നിന്നില്‍നിന്നും സ്‌നാനം സ്വീകരിച്ചിരിക്കുന്നു. പ്രാവിന്റെ രൂപത്തില്‍ ദൈവാത്മാവ് ഇറങ്ങിവരുന്നു.
വൈകുന്നേരം ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് കടന്നത് പതിവില്ലാതെ പ്രസരിപ്പോടെയും ധൃതിയിലുമായിരുന്നു. നഗരത്തിലെമ്പാടും സുഖകരമായ കാറ്റ് വീശുന്നുണ്ടായിരുന്നു. കായലോരത്തെ നീലാംബരി ഫ്‌ലാറ്റ് സമുച്ചയത്തിലേക്കായിരുന്നു ആദ്യ ഓര്‍ഡര്‍. പാച്ച് ടവറില്‍ ഹെല്‍മറ്റ് കൊടുത്ത് ഞാന്‍ നാലാം നിലയിലെ നമ്പര്‍ നോക്കി ബെല്ലമര്‍ത്തി. കറുത്ത കാലുറയും വെളുത്ത ടീ ഷര്‍ട്ടുമിട്ട യുവതി വാതില്‍ തുറന്നു. ഇരുണ്ട നിറമുള്ള അവരുടെ മുഖത്ത് വിരസത പ്രകടമായിരുന്നു. കിറ്റുകളും ബില്ലും നോക്കി ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുറപ്പാക്കി, അവര്‍ ക്രെഡിറ്റ്കാര്‍ഡ് നീട്ടി. കാര്‍ഡ് സ്വൈപ്പ് ചെയ്തപ്പോള്‍ അവര്‍ ചോദിച്ചു:

'താനിവിടെ ഫസ്റ്റ് ടൈമാണോ?'
'അതെ മാഡം.' ഞാന്‍ പറഞ്ഞു. 
'തിരക്കുേണ്ടാ? എനിക്കൊരു ഫേവര്‍ വേണമായിരുന്നു.'
'ഡെലിവറികളുണ്ട്. എന്താണ് മാഡം?'
'വൈകിയാലും കുഴപ്പമില്ല. ഒരു കുപ്പി വോഡ്ക വാങ്ങണം. കെയര്‍ടേക്കര്‍ ലീവിലായതുകൊണ്ടാണ്.'
എന്തുപറയണമെന്നറിയാതെ ഞാനവരുടെ മുഖത്തേക്കു നോക്കി. ഇരുപത്തിയഞ്ചിനോടടുത്തു പ്രായം. ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍. ഹെന്ന ചെയ്ത ചുരുണ്ട മുടി. നാല്പതുകാരിയുടെ ഗൗരവം.
'മദ്യശാല പൂട്ടുന്നപക്ഷം ബാറില്‍ നിന്നായാലും മതി. രണ്ടായിരത്തിന്റെ നോട്ട് നീട്ടി അവര്‍ പറഞ്ഞു. എനിക്കറിയാം ഇത് നിങ്ങളുടെ ജോലിയല്ലെന്ന്.'
ഇത്രയും പണം ഇതിനാവശ്യമുണ്ടോ എന്ന ചോദ്യം ഞാന്‍ മനപ്പൂര്‍വ്വം വിഴുങ്ങി.
'മാഡത്തിന്റെ പേര്?'
'വേഗ' അവര്‍ പറഞ്ഞു. 'ഞാനൊരു ട്രാവല്‍ ഏജന്‍സിലെ ഓവര്‍സീസ് ടൂര്‍ ഗൈഡാണ്. എപ്പോഴും വിദേശത്തായിരിക്കും. തനിക്ക് ബുദ്ധിമുട്ടാവില്ലെന്നു കരുതുന്നു.'
'നോക്കട്ടെ മാഡം. ഞാന്‍ പറഞ്ഞു. മദ്യശാലയിലൊന്നും ഞാന്‍ പോയിട്ടില്ല. അതുകൊണ്ട് ലൊക്കേഷന്‍ നിശ്ചയം പോരാ.'
'അതറിയാനോ ബുദ്ധിമുട്ട്. ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ മതി. തന്റെ നമ്പരു തന്നേക്ക്. അവിശ്വാസം കൊണ്ടല്ല. എന്റെ രീതിയാണ്.' എന്റെ നമ്പര്‍ ഫീഡ് ചെയ്ത് അവര്‍ വാതിലടച്ചു.
ഡെലിവറിക്കിടയില്‍ വീണുകിട്ടിയ സമയത്ത് ഞാന്‍ ബിവറേജിലെത്തി മുന്തിയ ഇനം വോഡ്ക വാങ്ങി. ഫ്‌ലാറ്റിലേക്ക് തിരിച്ചു. എന്നെ കണ്ടതും അസാധാരണമായ ചിരിയോടെ അവര്‍ അകത്തേക്ക് ക്ഷണിച്ചു. 
'ഡ്യൂട്ടി കഴിഞ്ഞോ?'
'ഇല്ല. രണ്ടു മൂന്ന് ഓര്‍ഡര്‍ വന്നുകിടക്കുന്നുണ്ട്.'
വോഡ്കയും ബില്ലും ബാക്കി വന്ന തുകയും കൈമാറി ഞാന്‍ വിശാലമായ സ്വീകരണമുറിയില്‍ ഭവ്യതയോടെ നിന്നു. അവര്‍ നീട്ടിയ മുന്നൂറ് രൂപ നിരസിച്ചെങ്കിലും അമിത സ്വാതന്ത്ര്യത്തോടെ അവരത് എന്റെ കീശയില്‍ തിരുകി. 
'എവിടെയാണ് മാഡത്തിന്റെ നാട്?' ഞാന്‍ ചോദിച്ചു.
'വെള്ളമുണ്ട. വയനാട്ടിലാ.'
വയനാട് എന്ന സ്ഥലനാമം എന്റെ കാതുകളില്‍ കാവല്‍ക്കാരനെപ്പോലെ നിന്നു.
'എത്ര കാലമായി ഈ ജോലിയില്‍?'
'രണ്ട് വര്‍ഷം മുംബൈയിലായിരുന്നു. ട്രാവല്‍ കോഴ്‌സൊക്കെ അവിടെ ചെയ്തു. ഫ്‌ലാറ്റില്‍ തനിച്ചാണോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല. കിച്ചണില്‍ ആരുടേയോ കാലടികള്‍ പതിയുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. 
'ഞാനിറങ്ങട്ടെ മാഡം' മരവിച്ച മനസ്സോടെ ഞാന്‍ പറഞ്ഞു. 
'ഓക്കെ, താങ്ക്‌സ്.' വാതിലിനു പുറത്തിറങ്ങിയിട്ടും കാലുകള്‍ ചലിക്കുന്നതായി എനിക്ക് തോന്നിയില്ല. സ്ഥലകാലസംഭ്രമം എന്നെ ഏറെ ദൂരം പിന്‍തുടര്‍ന്നു. ഫ്‌ലാറ്റിന്റെ കവാടം കടന്ന് അടുത്ത പോയിന്റിലേക്കുള്ള ദൂരത്തിനിടക്ക് എന്റെ മനസ്സില്‍ മംഗളന്റെ രൂപം തെളിഞ്ഞു. അയാള്‍ വയനാട്ടുകാരനാണെന്നല്ലേ പറഞ്ഞത്. സന്ദേഹങ്ങള്‍ എന്നെ ആപാദചൂഡം വിഴുങ്ങി.             
അന്നു രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. ശീതകാലക്കാറ്റുപോലെ വേഗയുടെ മുഖവും ചലനങ്ങളും വിടരാത്ത ചിരിയും എന്നെ സ്പര്‍ശിച്ചുകൊണ്ടിരുന്നു. സുവര്‍ണ്ണയെ വിളിച്ചെങ്കിലും അവള്‍ ഫോണെടുത്തില്ല.

രാവിലെ അച്ചുകൂടത്തിലെത്തുന്നതിനു മുന്‍പ് മംഗളനെ കാണണമെന്നും ജന്മനാടിന്റെ പേര് ചോദിക്കണമെന്നും തീരുമാനിച്ചു. നഗരം ചുറ്റി മേല്‍പ്പാലത്തിനടിയിലെത്തുമ്പോള്‍ സൂര്യന്‍ ആകാശത്തുനിന്ന് അകന്നുപോയിരുന്നു. റോഡരികില്‍ വണ്ടി നിര്‍ത്തി നോക്കുമ്പോള്‍ മംഗളന്റെ കുടുസ്സുമുറിക്കു മുന്നില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു. എല്ലാവരും മുറിക്കുള്ളിലേക്ക് തലയിട്ട് നിശ്ശബ്ദരായി നില്‍ക്കുകയാണ്. ഞാന്‍ ആള്‍ക്കുട്ടത്തിനിടയിലൂടെ നൂണ്ട് അകത്തേക്കു നോക്കി. കത്തുന്ന ഗ്യാസ് ലൈറ്റിന്റെ വെളിച്ചത്തില്‍ നീണ്ടുനിവര്‍ന്ന് നിശ്ചലം കിടക്കുന്ന മംഗളന്‍. കറുത്ത ശീലകൊണ്ട് കഴുത്തുവരെ മൂടിയിട്ടുണ്ട്. അനാദിയായ മരണത്തിന്റെ സ്ഥൂലഗ്രഹണം. മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ നിറകണ്ണുകളോടെ ബീഹാറുകാരന്‍ യാദവന്‍. ആളുകളെ വകന്നു മാറ്റി ആരോ ചുവന്ന നിറമുള്ള ബാനര്‍ വലിച്ചുകെട്ടുന്നുണ്ട്. അതില്‍ ഇങ്ങനെയെഴുതിയിരുന്നു: മംഗളന്‍ വെള്ളമുണ്ടയ്ക്ക് പ്രണാമം. വെള്ളമുണ്ട എന്ന നാമം എന്റെ ബോധം മറികടന്നു ബധിരമായി. മരണമുറിയിലേക്ക് കണ്ണെറിഞ്ഞ് കടന്നുപോകുന്നവരെ നോക്കി ഞാന്‍ അവിടെത്തന്നെ നിന്നു. മംഗളന്റെ കയ്യെഴുത്തു കടലാസ്സിലെ 'ചരമനേദ്യം' എന്ന കവിതയിലെ മുറിഞ്ഞ വരികള്‍ ഓര്‍ത്തെടുക്കാന്‍ നോക്കി. നീലാംബരി ഫ്‌ലാറ്റിന്റെ നാലാം നിലയിലെ വാതിലില്‍ പ്രത്യക്ഷപ്പെട്ട വേഗയുടെ മുഖം ശകുനവ്യാധിയായി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.

അടുത്ത കടയിലെ ഏതോ ഒരു യുവാവ്, പച്ചിലയില്‍വെച്ച പാതിമുറിഞ്ഞ ദോശത്തുണ്ട് റോഡരികില്‍ വിടര്‍ത്തിവച്ച് നാലുപാടും നോക്കി. എവിടെനിന്നോ ഒരു ശോഷിച്ച കാക്ക പറന്നു വന്ന് പച്ചില കൊത്തിപ്പറിച്ചു. 

അനന്തരം ശവദാഹത്തിനു യാത്രയാകാന്‍ മംഗളനെ ദേവവണ്ടിയിലേക്ക് താങ്ങിക്കിടത്തുമ്പോള്‍ യാദവന്റെ ചെറിയ കണ്ണുകള്‍ കലിക്കുന്നത് ഞാന്‍ കണ്ടു. വണ്ടിയിലവശേഷിച്ച കൃഷ്ണരൂപം ആരുടേയോ കൈതട്ടി താഴേക്ക് പതിച്ച് നാലായിപ്പിളര്‍ന്നു. അതില്‍ ചവിട്ടി യാദവന്‍ ശവവണ്ടിയുമായി ശ്മശാനത്തിലേക്ക് നീങ്ങി. പിന്നിലായി നടന്ന നാലഞ്ചുപേരൊടൊപ്പം ഞാനും കൂടി. അനാഥമരണങ്ങള്‍ക്ക് അവകാശികളില്ലാത്തതെന്തേയെന്ന സന്ദേഹം വേരിറങ്ങവെ ഞാന്‍ തിരികെ നടന്ന് ബൈക്കുമായി വേഗയുടെ ഫ്‌ലാറ്റിലേക്ക് കുതിച്ചു. ഫ്‌ലാറ്റിന്റെ വാതിലില്‍ ഇങ്ങനെയൊരു സന്ദേശം പതിച്ചിരുന്നു. ഞാന്‍ നീണ്ട യാത്രയിലാണ്... ഒരുപക്ഷേ മടങ്ങിവന്നേക്കാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com