'കുരുതിക്കളി'- ജ്യോതി ശങ്കര്‍ എഴുതിയ കഥ

വൈകിട്ട്, ഗിസയുടെ സന്ദേശം വരും മുന്നേ അയാള്‍ക്കൊരു മദ്യപാന പദ്ധതിയേ ഇല്ലായിരുന്നു
'കുരുതിക്കളി'- ജ്യോതി ശങ്കര്‍ എഴുതിയ കഥ

പിന്നില്‍ പുഴയാണ്. പോര്‍ട്ടിക്കോയിലിരുന്ന് ഒരു പെഗ് കൂടി വലിക്കുംമുന്നേ പ്ലേറ്റിലെ കടലയില്‍നിന്നും കുറച്ച് കയ്യിലെടുത്ത് ആദിത്യന്‍ പുഴയിലേക്കെറിഞ്ഞു. അമ്മയുടെ വലിയ പൊട്ടുകുത്തിയ പരന്നമീനുകള്‍ അപ്പോള്‍ തന്നെ അവയെ കൊത്തിക്കൊണ്ടുപോയി. വൈകിട്ട്, ഗിസയുടെ സന്ദേശം വരും മുന്നേ അയാള്‍ക്കൊരു മദ്യപാന പദ്ധതിയേ ഇല്ലായിരുന്നു. ആര്‍ത്തവത്തിന്റെ വരവറിയിച്ച ചുവപ്പ് ചോര്‍ന്നപ്പോളാകണം അവള്‍ അത്തരമൊരു സന്ദേശമയച്ചത്. ഇനി ജീവിതത്തിന്റെ നിറം അല്പനാളത്തേക്കെങ്കിലും ചുവപ്പാണ്. കിടക്കവിരികളില്‍, കഴുകാനിടുന്ന വസ്ത്രങ്ങളില്‍, ബാത്റൂമിലെ ടൈലുകളില്‍ അവരുടെ പ്രതീക്ഷ തെറ്റിച്ച ചോരത്തുള്ളികള്‍ പടര്‍ന്നുകിടക്കും. വിഷാദം നിറഞ്ഞ ദിവസങ്ങളില്‍ നിശ്ശബ്ദതയുടെ അര്‍ദ്ധവിരാമങ്ങളായിരിക്കും അവര്‍ക്കിടയില്‍ അധികവും. 

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രമരഹിതവും അന്തമില്ലാത്തതുമായ ചോരപോക്കിന്റെ ചരിത്രവുമായി പരിശോധനാമുറികള്‍ കയറിയിറങ്ങുമ്പോള്‍ ആദിത്യനും ഗിസയ്ക്കും ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ. ചാന്ദ്രമാസങ്ങളില്‍ കൃത്യതയോടെ വന്നുപോകുന്ന ആര്‍ത്തവം എന്നതിലുപരി, ഒരു കുഞ്ഞിനുവേണ്ടിയായിരുന്നു അവരുടെ അലച്ചില്‍ മുഴുവനും. 

മരുന്നുകള്‍ കഴിച്ചുതുടങ്ങുമ്പോള്‍ത്തന്നെ അവള്‍ തടിക്കും. ആ തടിപ്പിലേക്ക് ആവേഗപ്പെടാന്‍ എപ്പോളും അയാള്‍ കൊതിക്കും, ദീര്‍ഘനേരം അവള്‍ക്കുറക്കമുണ്ടാകും, താടിയില്‍ നീളന്‍രോമം വരും, രതിക്കിടെ മുഖങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ അയാള്‍ ആ നീളന്മുടിയെ കടിച്ചുപൊട്ടിക്കാന്‍ നോക്കും, നിരയൊത്ത പല്ലുകള്‍ക്കിടയില്‍ പെടാതെ അതു വഴുതിനീങ്ങും, പിന്നീടൊരിക്കല്‍ ടിക് ശബ്ദത്തോടെ അയാളതിനെ പൊട്ടിച്ചെടുക്കും, മനോഹരമായ നിര്‍വൃതിയോടെ തന്റെ നാവിന്‍തുമ്പില്‍നിന്നും ആ മുടി അയാള്‍ പുറത്തുകാട്ടും. ഓരോ തവണയും ആര്‍ത്തവം കൃത്യതയുള്ളതാകുമ്പോള്‍ അവര്‍ സന്തോഷിച്ചു. തൊട്ടടുത്ത തവണ അത് മുറതെറ്റുന്നതും ഒരു ജീവന്‍ ബീജാവാപം ചെയ്യുന്നതും അവര്‍ സ്വപ്നം കണ്ടു. ആ ദിവസങ്ങളില്‍ ആദിത്യന്‍ നേരത്തെ വീട്ടിലെത്തുകയും അവര്‍ പരസ്പരം പ്രണയപ്പെടുകയും ചെയ്യും. എങ്കിലും വീണ്ടും വീണ്ടും കനവ് തെറ്റിച്ച് ഗിസ ചോരയൊഴുക്കി, അസാധാരണമാംവിധം. ഓരോ പരാജയങ്ങളും അവരില്‍ നിശ്ശബ്ദതയുടെ, കാണാതിരിക്കലുകളുടെ മൂടി വിരിച്ചു. അപ്പോളൊക്കെ പുഴവക്കിലെ ആ മദ്യശാലയില്‍ മീന്‍കുഞ്ഞുങ്ങളെ നോക്കിയിരുന്ന് അയാള്‍ ലഹരിയേറ്റു. പുഴവെള്ളത്തില്‍ പൊന്തിവരാറുള്ള കറുത്ത പൊട്ടുള്ള മീനുകള്‍ ചോരയില്‍ കുളിച്ച തീണ്ടാരിത്തുണികള്‍ എരിച്ചുകളയുന്ന അമ്മയെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. 

അത്തരത്തില്‍ നാലാമത്തേയോ അഞ്ചാമത്തേയോ പരാജയത്തിലാണ് ഗിസ കൗതുകമുള്ള ഒരു ശീലം തുടങ്ങിവച്ചത്. ചാവറിയിച്ചുകൊണ്ട് ചുവപ്പിറങ്ങുന്ന ദിവസങ്ങളിലെ വര്‍ത്തമാനപ്പത്രങ്ങള്‍ അവള്‍ കയ്യിലെടുക്കും. അതിലെ ബാലമരണങ്ങളുടെ വാര്‍ത്തകള്‍, വായനയുടെ പകുതിയിലേക്കെത്തുമ്പോള്‍ അവള്‍ വിതുമ്പിയിട്ടുണ്ടാകും. അടിവയറ്റില്‍ വെറുതെ തഴുകി, എന്റെ കുഞ്ഞേയെന്നു വിതുമ്പി, ആ പത്രവാര്‍ത്ത മുറിച്ചെടുക്കും. ഒരു വലിയ നോട്ടുപുസ്തകത്തില്‍ അവ ശ്രദ്ധയോടെ പതിച്ചുവയ്ക്കും. 

അമ്മയ്‌ക്കൊപ്പം നെല്ലിക്കായ ശേഖരിക്കാന്‍ പോയപ്പോള്‍ പാമ്പുകടിയേറ്റു മരിച്ച ഒരു കുഞ്ഞിനെക്കുറിച്ചായിരുന്നു ആ നോട്ടുപുസ്തകത്തിന്റെ ആദ്യം. നെല്ലിമരത്തിന്റെ വേരുകളില്‍ ചിതല്‍പ്പുറ്റില്‍ പിണഞ്ഞുകിടക്കുകയായിരുന്നു അത്. അതിന്റെ ഇരട്ടനാക്കിന്റെ ചലനം ക്ഷണം പോലെയാകാം കുഞ്ഞിനു തോന്നിയത്.  

കുളിക്കടവില്‍ ഒഴുകിപ്പോയവര്‍, പനി ബാധിച്ചു മരിച്ചവര്‍, കല്ലുവെട്ടാംകുഴിയിലേക്ക് ഊളിയിട്ടവര്‍, അങ്ങനെ അങ്ങനെ കുഞ്ഞുങ്ങളുടെ ചിത്രപുസ്തകം വീര്‍ത്തുകെട്ടിക്കൊണ്ടിരുന്നു. തന്റെ കുഞ്ഞിനൊപ്പം മരിച്ചുപോയ കുഞ്ഞുങ്ങള്‍ എന്നുതന്നെയാണ് അവരെ ഗിസ വിളിച്ചത്. അവര്‍ ഒരുമിച്ചു കൈകള്‍ കോര്‍ത്തു യാത്ര ചെയ്യുന്നതും അവള്‍ സങ്കല്പിച്ചു. 

നാലു വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു ഒടുവിലത്തെ തവണ ചേര്‍ക്കപ്പെട്ടത്. അന്നു കാലത്തെ ഉണരുമ്പോള്‍ കിടക്കവിരിയില്‍ പതിഞ്ഞ ചുവപ്പ് ചാവറിയിപ്പാണെന്ന് അവള്‍ക്കു മനസ്സിലായി. പുരികങ്ങളെ വശങ്ങളിലേക്ക് വിരല്‍കൊണ്ട് വിടര്‍ത്തി അല്പനേരം കൂടി കിടക്കമേലിരുന്നു. പിന്നെ ആദിത്യനെ വിളിച്ചുണര്‍ത്തി. ചോരപ്പാടുകളെ ഒറ്റനോട്ടത്തിലൊതുക്കി ജനാലയ്ക്കലേക്ക് മുഖം തിരിച്ചു അയാള്‍ കിടന്നു. 

അന്നേ ദിവസം ദിനപ്പത്രം മറിക്കുമ്പോള്‍ പടുമരണങ്ങളുടെ കള്ളിയില്‍നിന്നാണ് അവളാ കുഞ്ഞിനെ കണ്ടെടുത്തത്. ചിരിക്കുന്ന പെണ്‍കുട്ടി, വീട്ടില്‍നിന്നും അല്പം ദൂരെയായി കരിയില പൊതിഞ്ഞ പുരയിടത്തിലാണ് കുട്ടി കിടന്നത്. നുറുങ്ങിയ കൈകാലുകളും മുറിവുമുണ്ടായിട്ടും കുട്ടികള്‍ക്കു മാത്രം സാധ്യമായ സ്വച്ഛതയോടെ, ഇലകള്‍കൊണ്ടു തീര്‍ത്ത ശയ്യയില്‍ അവള്‍ കിടന്നു. അരികുകള്‍ ക്രമമില്ലാത്ത രീതിയില്‍ ഗിസ ആ വാര്‍ത്ത ചീന്തി, ബാലമരണങ്ങള്‍കൊണ്ട് നിറഞ്ഞ ചിത്രപ്പുസ്തകത്തില്‍ പതിച്ചു. പിന്നെ എപ്പോഴത്തേയും പോലെ ആ താളിലെ ശേഷിച്ച സ്ഥലത്ത് ഗുണനചിഹ്നമിട്ടു. ഇനിയൊരിക്കലും അതില്‍ ഒരു കുഞ്ഞിന്റെ പടം പതിക്കാതിരിക്കാനുള്ള വിരാമമാണ്. ആ വിരാമത്തിന്റെ അതിരുകളാണ് ഇപ്പോള്‍ ഉടഞ്ഞിരിക്കുന്നത്. മറ്റൊരിക്കല്‍ക്കൂടി ജീവന്‍ തുടയിടുക്കിലൂടെ വാര്‍ന്നുപോയിരിക്കുന്നു. 

നിര്‍ബ്ബന്ധിത വിരമിക്കല്‍ കിട്ടുന്നവരുടെ പട്ടിക പുറത്തുവരുന്ന ദിവസമായിരുന്നു അന്ന്. ചങ്കിടിപ്പോടെ പട്ടിക ആദിത്യനും മറിച്ചുനോക്കി. എന്നെങ്കിലും അതില്‍പ്പെടുമെന്ന് ഉറപ്പാണ്. പിന്നെ അയാള്‍ ഫോണ്‍ നിശ്ശബ്ദമാക്കി വച്ചു. ഇടയ്ക്ക് ഗിസ വിളിച്ചപ്പോള്‍ ഫോണെടുത്തതുമില്ല. സാധാരണയായി രണ്ടു കാര്യങ്ങള്‍ക്കാണ് ഈ അടുത്ത ദിവസങ്ങളില്‍ അവള്‍ വിളിക്കുക, ഒന്ന് നാപ്കിന്‍ വാങ്ങാന്‍, അതല്ലെങ്കില്‍ ഒരു പ്രെഗ്നന്‍സി കിറ്റ് വാങ്ങാന്‍. കിറ്റ് വാങ്ങാന്‍ അയാള്‍ പതിവായി ഒരേ മരുന്നുകടയില്‍ പോയിരുന്നില്ല. ഓരോ തവണയും ടൗണിലെ ഓരോ മരുന്നുകടയാണ് തെരഞ്ഞെടുക്കുക. അതുമായി ഗിസ അകത്തേക്ക് പോകുമ്പോളൊക്കെ പിറവിയുടെ ഇരട്ടവരകള്‍ അയാള്‍ സ്വപ്നം കണ്ടു. ഒരുപാടുനേരം റിങ് ചെയ്തിട്ടും ഫോണെടുക്കാത്തതിനാലാകണം  അവളൊരു സന്ദേശമയച്ചത്. 

ആവര്‍ത്തിച്ചു വരുന്ന വിഷാദനിമിഷങ്ങള്‍ വിരസതയുടേയും മുന്‍വിധിയുടേയും ഭാരംകൊണ്ട് തമാശയാകുന്നതുകൊണ്ടുതന്നെ അങ്ങനെയാണ് അവള്‍ എഴുതിയതും. 
''തക്കാളിപ്പൊതി പൊട്ടി. ചുവപ്പ്.''
പ്രതീക്ഷിച്ചിരുന്നപോലെ നിരാശയുടെ കൊള്ളിയാന്‍ അയാളെ കടന്നുപോയി. ജോലി നഷ്ടമായ ഒരു സുരക്ഷാ ജീവനക്കാരന്റെ കരച്ചില്‍ അയാള്‍ക്കിപ്പോള്‍ ജനാലയിലൂടെ കാണാം. കമ്പനിയില്‍ എല്ലായിടത്തും ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഉയരങ്ങളും മതിലുകളും കടന്നുപോകുന്ന കാഴ്ചകള്‍. അതുകൊണ്ടുതന്നെയാകണം അയാളെ പിരിച്ചുവിട്ടതും. 

അന്നു വൈകുന്നേരം ആദിത്യന്‍ പുഴക്കരയിലെ ബാര്‍ തെരഞ്ഞെടുത്തു. നന്നേ തിരക്കാണ്. രണ്ടുപേര്‍ക്കിരിക്കാവുന്ന ഒരു മേശ പോര്‍ട്ടിക്കോയില്‍ ഒഴിവു വന്നപ്പോള്‍ അങ്ങോട്ടേക്കിരുന്നു. പതിവുപോലെതന്നെ വരാന്‍പോകുന്ന ചോരയൊഴുക്കിന്റെ ദിനങ്ങളെ സങ്കല്പിച്ചു.  മറ്റൊരു പെഗിനായി കയ്യുയര്‍ത്തി വിളിക്കുമ്പോള്‍ അതു കണ്ടിട്ടെന്നപോലെ ഒരാള്‍ അടുത്തേക്കുവന്നു. ഇരുട്ടില്‍ അയാള്‍ ഒരു രൂപം മാത്രമായാണ് അടുത്തേക്ക് വന്നത്. 

ഇരുന്നോട്ടെ എന്ന ആംഗ്യത്തോടെ രണ്ടു പെഗ്ഗുമായി അയാള്‍ ആദിത്യനു നേരെ എതിരെയിരുന്നു. കയ്യില്‍ കരുതിയ സോഡ മദ്യത്തിലേക്ക് പതപ്പിച്ചു വീഴ്ത്തി വേഗത്തില്‍ കുടിച്ചു. രുചി പടര്‍ന്നിറങ്ങിയപോലെ താടി തടവി. ഇപ്പോള്‍ ആദിത്യന് അയാളുടെ മുഖം കാണാം. വിഷാദം കൊന്നിട്ട കണ്ണുകള്‍. ഏകാന്തതയുടെ നരപ്പ്, ഒരേ ബിന്ദുവിലേക്കുള്ള നോട്ടം, താടിരോമങ്ങളെ താലോലിക്കല്‍ അതായിരുന്നു അയാള്‍. അപ്പോളേക്കും വെയ്റ്റര്‍ ആദിത്യന്റെ അടുത്തേയ്‌ക്കെത്തി. ഒരു പെഗ്ഗും ബില്ലും ഓര്‍ഡര്‍ ചെയ്തു. എതിരെയിരിക്കുന്നയാള്‍ ഫോണ്‍വിളിയിലാണ്. പിന്നെ ഒരു പെഗ്ഗ് കൂടി വലിച്ചു, പുറത്തേക്കിറങ്ങിപ്പോയി. വിഷാദം ഇടിച്ചുതാഴ്ത്തിയ തോളെല്ലുകളായിരുന്നു അയാളുടേത്. 

ഗിസയുടെ ഫോണ്‍വിളികള്‍ നിരന്തരമായപ്പോള്‍ ആദിത്യനും പോകാനൊരുങ്ങി. എഴുന്നേല്‍ക്കാന്‍ നേരമാണ് ആദിത്യന്‍ ആ കാഴ്ച കണ്ടത്. എതിരെയിരുന്നയാള്‍ ഫോണ്‍ മറന്നുപോയിരിക്കുന്നു. കണ്ണാടിച്ചില്ലിലൂടെ പുറത്ത് അയാള്‍ നില്‍ക്കുന്നതു കാണാം. ആദിത്യന്‍ ഫോണ്‍ കയ്യിലെടുത്ത് പിന്നാലെ നടന്നു. അയാള്‍ വേഗത്തില്‍ത്തന്നെ ചലിക്കുന്നുണ്ട്. ആദിത്യന്‍ കണ്ണാടിച്ചില്ലിനോളമെത്തുമ്പോള്‍ അയാള്‍ വാതില്‍ക്കല്‍, ആദിത്യന്‍ വാതില്‍ക്കലെത്തുമ്പോള്‍ അയാള്‍ പടിക്കല്‍, ബാറിനു മുന്നിലെ കോണ്‍ക്രീറ്റ് പാതയില്‍ പൊടുന്നനെ അയാള്‍ അപ്രത്യക്ഷനായി. 

ആളെ കാണാതായപ്പോള്‍ ബാറില്‍ത്തന്നെ മടക്കിക്കൊടുക്കാമെന്നു കരുതുമ്പോളാണ് വീണ്ടും ആ രൂപം പ്രത്യക്ഷപ്പെട്ടത്. കലുങ്കിനോട് ചേര്‍ന്നുള്ള വെള്ളിവെളിച്ചത്തില്‍ അയാള്‍ പ്രത്യക്ഷപ്പെട്ടു. കനപ്പെട്ട ചുമലുകള്‍ കൂടുതല്‍ കീഴേക്കാക്കി, കൈവീശി വേഗത്തില്‍ പോകുന്ന അയാള്‍. ആദിത്യന്‍ ഇരുട്ടു മുറിച്ചു അയാള്‍ക്കു പിന്നേ പാഞ്ഞു. ഇരുട്ടുമാത്രമായ ഒരിടത്തെത്തിയപ്പോള്‍ എന്തോ ഒന്നു പിടഞ്ഞുതെറിക്കുന്നു. നായയായിരിക്കും എന്നാണ് ആദ്യം കരുതിയത്. ചൂഴ്ന്നു നോക്കിയാല്‍ അറിയാം അതൊരു മനുഷ്യനാണെന്ന്. 
ആദിത്യന്‍ വെളിച്ചം തെളിച്ചു. ഒരു മനുഷ്യന്‍, കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. വലതുകൈ വെട്ടിമാറ്റിയിട്ടേ ഉള്ളൂ. മണ്‍തരികള്‍ പിടിച്ച അറ്റുപോയ മണിബന്ധത്തില്‍ ചോര പൊടിയാന്‍ തുടങ്ങുന്നു. പതിയെപ്പതിയെ അതു ചുവന്നു. ചുവക്കും തോറും ആളുടെ ചലനമറ്റു. ഓടുന്ന ഒരാളെ അനുകരിച്ചനുകരിച്ച് അയാള്‍ ഇല്ലാതായി. 

ഉഷ്ണം പാര്‍ത്തുപോന്ന ആദിത്യന്റെ ദേഹം തണുത്തുറഞ്ഞു. മുട്ടുകള്‍ ബലംകെട്ടു. നന്നേ ബദ്ധപ്പെട്ട് വേഗത്തില്‍ കവലയിലേക്ക് നടന്നു. ആദ്യം കണ്ട ബസില്‍ വീട്ടിലേക്കു തിരിച്ചു. ബസിലിരിക്കുമ്പോളൊക്കെ കൈകളില്‍, വസ്ത്രങ്ങളില്‍, ചെരുപ്പുകളില്‍, ചോര പുരണ്ടിട്ടുണ്ടോയെന്നയാള്‍ നോക്കി. ചെരുപ്പില്‍ പറ്റിയ മണ്‍തരികള്‍ ചോര കുഴഞ്ഞതുപോലെ അയാള്‍ക്കു തോന്നി. ബസില്‍ നിലത്ത് അതു ചവിട്ടിക്കളയാന്‍ അയാള്‍ ശ്രമിച്ചു. പിന്നെ അപരിചിതന്റെ ഫോണ്‍ ഭദ്രമായി ബാഗിനുള്ളില്‍ വച്ചു. ചെല്ലുമ്പോള്‍ ഗിസ പതിവു വിഷാദത്തില്‍ തന്നെയാണ്. നാപ്കിന്‍ വാങ്ങിയോ എന്നവള്‍ ബാഗ് തുറന്നുനോക്കി. ഇല്ലെന്നു കണ്ടപ്പോള്‍ ഒരു ടവല്‍ കയ്യിലെടുത്തു.
 
ചോരപോക്കിന്റെ ദിവസങ്ങളില്‍ അധികം മിണ്ടാതെ ദീര്‍ഘനേരം ഉറങ്ങാതെ കിടക്കാറുണ്ട് രണ്ടുപേരും. ചിന്തകളുടെ നിശ്വാസം പരസ്പരം കേള്‍ക്കാവുന്ന വിധത്തില്‍. കിടക്കുമ്പോള്‍ ആദിത്യന്റെ ചിന്ത മുഴുവന്‍ മരിച്ചുപോയ ആ മനുഷ്യനെക്കുറിച്ചായിരുന്നു. അയാളുടെ പിടച്ചില്‍ അറ്റുപോയ മാംസഭാഗത്തെ ചോരയുടെ ഉര്‍വ്വരതകള്‍, വെളിയിലേക്ക് എന്തോ പറയുവാനായി തള്ളി വന്ന നാവ്, ഒടുവിലത്തെ കാഴ്ചക്കെന്നപോലെ തുറിച്ച കണ്ണ്. എങ്കിലും ആരായിരിക്കും അതു ചെയ്തത്. വിഷാദിയുടെ ചുമലുകളുള്ള ആ മനുഷ്യനാകുമോ. 
അയാള്‍ ഒരു നിമിഷം ഇരുട്ടിലേക്ക് മറഞ്ഞത് ആദിത്യന്‍ കണ്ടതാണ്. കയ്യില്‍ കരുതിയ കത്തികൊണ്ട് കൃത്യം നടത്തിയിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം വേഗത്തില്‍ നടന്നുപോയതും. മരണം കണ്ട് ചുറ്റും നോക്കുമ്പോള്‍ അയാള്‍ തിരക്കില്‍ എങ്ങോ മറഞ്ഞിരുന്നു. ഒരുപാടുനേരം പൊടിഞ്ഞ വിയര്‍പ്പിനു ശേഷമാണ് ഗിസയെ പുണര്‍ന്നൊന്നുറങ്ങിയത്. നീണ്ടുപോകാത്ത അര്‍ദ്ധമയക്കങ്ങളായിരുന്നു ഒക്കെയും. 
രാവിലെ കുളിമുറിയുടെ തറയില്‍ ചോരത്തുള്ളികള്‍ കണ്ടപ്പോള്‍ അയാള്‍ക്ക് തലേന്നത്തെ അറ്റ കൈപ്പത്തി ഓര്‍മ്മവന്നു. മൃതിയുടെ സൂക്ഷിപ്പുപുരയാണ് ആ വീടെന്നു തോന്നി. മുറയ്ക്കും മുറതെറ്റിയും വീര്‍ത്തുപൊട്ടുന്ന അണ്ഡം, ബാലമരണങ്ങളുടെ അടുക്കിക്കെട്ടിയ പട്ടിക അങ്ങനെ മൃതി പാത്തിരിക്കുന്ന ഇടത്തേക്കാണ് ഒരു ഒടുക്കത്തിന്റെ കാഴ്ചകൂടി കയറിവരുന്നത്. അന്നു മുഴുവന്‍ വീട്ടില്‍ ചെലവഴിക്കാന്‍ അയാള്‍ തീരുമാനിച്ചു. 

''പോകുന്നില്ലേ?'' ചടഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ ഗിസ അയാളോട് ചോദിച്ചു.
''ഇല്ല. ഇന്നു പോകുന്നില്ല.''
''എന്തേ?'' ടവല്‍ നാലായി മടക്കുന്നതിനിടെ അവള്‍ ചോദിച്ചു. 
''കമ്പനി എല്ലാര്‍ക്കും നോട്ടീസ് കൊടുക്കുന്നുണ്ട്. വേറേതെങ്കിലും നോക്കണം.''
''നിങ്ങള്‍ക്കും കിട്ടിയോ?'' ടവല്‍ തിരുകുന്നതിനിടെ അവള്‍ ചോദിച്ചു. 
''ഇല്ല കിട്ടും. അതിനു മുന്‍പേ നോക്കണം. വേറൊന്നും കിട്ടിയില്ലെങ്കില്‍ എല്ലാം കൂടി എങ്ങനെയെന്നാണ്. വാടക, മരുന്ന്.''' 
''അതോര്‍ത്തിട്ടാണോ ഇത്ര മുറുക്കം.'' അയാളുടെ തല തഴുകുമ്പോള്‍ ഗിസ ചോദിച്ചു.
''അതുംകൂടി.''

മുഴുമിക്കാത്ത പാതികളവിന്റെ ഭാരവുംകൊണ്ട് ആദിത്യന്‍ എഴുന്നേറ്റു. ഇറയത്തു കിടന്ന പത്രം ചുളിവ് നീക്കാതെ അകത്തേക്കെറിഞ്ഞു, പുറത്തിറങ്ങി കവലയിലേക്ക് നടന്നു. ചായപ്പീടികയില്‍ അല്പനേരം ചെലവഴിച്ചു. പിന്നെ ഒരു കവര്‍ നാപ്കിനും വാങ്ങി മടങ്ങിയെത്തി. അപ്പോളേക്കും പത്രത്തില്‍നിന്നും ട്രെയിന്‍ തട്ടി മരിച്ച കുഞ്ഞിന്റെ വാര്‍ത്ത ചീന്തുകയായിരുന്നു അവള്‍. അല്പം മുന്‍പ് കണ്ട അന്‍പാര്‍ന്ന വാത്സല്യത്തിന്റെ കണികപോലുമില്ലാതെ നിത്യവിഷാദിയെപ്പോലെ മുഖം തെല്ലുമേ ഉയര്‍ത്താതെ അവളിരുന്നു. 
അവധിദിനങ്ങളില്‍ മാത്രം കണ്ടുശീലിച്ച ഗിസയുടെ പകലുറക്കങ്ങള്‍ നോക്കി ഒരാഴ്ച അയാള്‍ വീട്ടില്‍ത്തന്നെയിരുന്നു. സുഖമില്ലെന്നു സഹപ്രവര്‍ത്തകരോടും ജോലി തേടുകയാണെന്ന് അടുത്ത സുഹൃത്തുക്കളോടും പറഞ്ഞു. ദിനപ്പത്രങ്ങളേയും ടെലിവിഷനേയും പാടേ അവഗണിച്ചു. ഉള്ളുരുകുന്ന ചൂടും അനാദിയായ ഹൃദയമിടിപ്പും അയാളുടെ മയക്കങ്ങളെ ചൂഴ്ന്നുനിന്നു. 
''എന്തുപറ്റിയെന്നു പറ.'' ചോരയൊഴുക്കിന്റെ ദിനങ്ങള്‍ കഴിഞ്ഞിട്ടും  പ്രണയപ്പെടാനാകാത്ത അയാളെ നോക്കി ഗിസ ചോദിച്ചു.
ആദിത്യന്‍ മിണ്ടിയില്ല.

''ജോലിയുടെ കാര്യം ഓര്‍ത്താണോ? അതോ?'' അവളുടെ ചോദ്യത്തിന് ഒന്നു മൂളിയ ശേഷം അയാള്‍ എഴുന്നേറ്റിരുന്നു. 
''നീയൊരാള്‍ മരിക്കുന്നത് കണ്ടിട്ടുണ്ടോ?'' ഇരിക്കുന്നതിനിടെ ആദിത്യന്‍ ചോദിച്ചു. 
''ഉണ്ടല്ലോ. എന്റെ അച്ഛമ്മ.''
''അതല്ല പടുമരണങ്ങള്‍. പിടച്ച് പിടച്ച്.''
''ഇല്ല. ഇപ്പോള്‍ എന്തു പറ്റി.'' വിരസതയോടെ അവള്‍ ചോദിച്ചു. 
''ഞാനത് കണ്ടു.''
''ആരുടെ?''
''കഴിഞ്ഞയാഴ്ച കൃത്യമായി പറഞ്ഞാല്‍ നാപ്കിന്‍ വാങ്ങാന്‍ മറന്ന അന്ന്.''
''എവിടെ വച്ച്?''
''നീ പത്രത്തില്‍ എങ്ങാനും കണ്ടോ ടൗണില്‍ നടന്ന കൊല.''
''ഓ ഒരാളെ കഴുത്തുമുറിച്ചു കൊന്നു.''
''കണ്ടോ കണ്ടോ?'' ഉറപ്പിക്കാനായി അയാള്‍ ചോദിച്ചു.
''കണ്ടു. അയാളെ ടൗണിലെ ഒരു ബാറിനു മുന്നില്‍ വച്ച്...''
''അയാളെ കൊന്നത് ആരാണെന്നു ഞാന്‍ കണ്ടു.''
''ആര്?''

ഇത്തവണ അവള്‍ കൗതുകത്തോടെ എഴുന്നേറ്റിരുന്നു. മുണ്ട് നിവര്‍ത്തിയുടുത്ത് ആദിത്യന്‍ എഴുന്നേറ്റു ബാഗിനുള്ളില്‍നിന്നും അപരിചിതന്റെ മൊബൈല്‍ പുറത്തെടുത്തു. 

''ഈ ഫോണിന്റെ ഉടമ.'' അതു ഗിസയ്ക്ക് നേരെ നീട്ടി അയാള്‍ പറഞ്ഞു. 
''നിങ്ങള്‍ കണ്ടോ?'' ഫോണ്‍ കയ്യില്‍ വാങ്ങുമ്പോള്‍ ഗിസ ചോദിച്ചു. 
''കണ്ടില്ല. പക്ഷേ, ഉറപ്പാണ്. ഞാനാ ഫോണ്‍ പൊലീസിനു കൊടുക്കട്ടെ?''
''അവര്‍ തമ്മില്‍ അടിപിടി ഉണ്ടായോ? ബാറില്‍ വച്ചുള്ള തര്‍ക്കമാണ് കാരണം എന്നാണ് പത്രത്തില്‍.''
''ഇല്ല അടിപിടി ഉണ്ടായില്ല.''
''പിന്നെ?''
''ഇരുട്ടില്‍ അയാള്‍ ഓടിപ്പോകുന്നത് ഞാന്‍ കണ്ടു.''
''അയാള്‍ പേടിച്ചു ഓടിപ്പോയതാണെങ്കിലോ?'' നിറഞ്ഞ കൗതുകത്തോടെ കിടക്കയില്‍നിന്നു പുറത്തേക്കിറങ്ങി അവള്‍ ചോദിച്ചു. പിന്നെ അയാള്‍ക്ക് അടുത്തേക്ക് ചെന്നു സംസാരം തുടര്‍ന്നു:

''അയാളല്ല ഇതു ചെയ്തതെങ്കില്‍ ഉപദ്രവമാവില്ലേ, കൊന്നയാളെ പൊലീസ് കണ്ടുപിടിക്കട്ടെ. ഇതിലേക്ക് ആരെങ്കിലും വിളിക്കുന്നോയെന്നു നോക്കാം.'' അതും പറഞ്ഞ് അവള്‍ ഫോണ്‍ അലമാരയ്ക്കു മുകളിലേക്കു തിരുകി. ജീവിതത്തിന്റെ നിത്യതയിലേക്ക് ഇറങ്ങിവരാത്തതൊക്കെ അവരവിടെയാണ് സൂക്ഷിക്കുക ഒന്നോ രണ്ടോ കോണ്ടം പാക്കറ്റുകള്‍, ഒരു ചൂടാറാപ്പെട്ടി, നീളന്‍ കുടകള്‍, അവയ്ക്കിടയിലേക്ക് ഗിസ ഫോണ്‍ തിരുകി. 

പിന്നെ കമ്പനിയില്‍ പോകുമ്പോഴൊക്കെ പുഴക്കരയിലെ ബാറിനു മുന്നിലൂടെയുള്ള വഴി അയാള്‍ ഒഴിവാക്കി. അഥവാ പോകേണ്ടിവന്നാലും വലത്തേക്ക് തുറക്കുന്ന ജനാലയ്ക്കരികില്‍ ഇരിക്കാനും അയാള്‍ ഇഷ്ടപ്പെട്ടില്ല. മനുഷ്യന്‍ പിടഞ്ഞുകിടന്ന ഇടത്തിനെ യാത്രയ്ക്കിടയില്‍ ഒളികണ്ണിട്ടു നോക്കുമ്പോള്‍ അവിടം ശൂന്യമാണെന്നു തോന്നി. മറ്റു ജോലികള്‍ തേടിയുള്ള അലച്ചിലില്‍ക്കൂടി ഉണ്ടായിരുന്നതിനാല്‍ പിന്നീടുള്ള ഒരു മാസം പൊതുവെ അലസമായിരുന്നു. 

മറ്റൊരു കമ്പനിയില്‍ ജോലി തരപ്പെട്ട് സൗകര്യത്തിനായി വീടൊഴിഞ്ഞു പോകുന്നതിനായി അടുക്കിക്കെട്ടുമ്പോളാണ് അപരിചിതന്റെ ഫോണ്‍ ആദിത്യന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയാളത് ചാര്‍ജ് ചെയ്യാനായി വച്ചു. ഒറ്റക്കണ്ണ് പൂട്ടി കള്ളത്തരം മറയ്ക്കുന്ന ചങ്ങാതിയെപ്പോലെ അത് കണ്ണു തുറന്നു. അടുത്ത അഞ്ചു നിമിഷത്തിനുള്ളില്‍ ഒരു ചലച്ചിത്രഗാനത്തിന്റെ അകമ്പടിയോടെ ആരോ അതിലേക്ക് വിളിച്ചു. ആദിത്യന്‍ ഫോണെടുത്തു. 

അതയാള്‍ തന്നെയാണ് കട്ടിയുള്ള താടിരോമങ്ങളില്‍ തട്ടിച്ചിതറുന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോള്‍ ആദിത്യനു തോന്നി. ഫോണിന്റെ അടയാളങ്ങള്‍ വിവരിച്ച് അയാള്‍ സംസാരിക്കുകയാണ്. വീട്ടിലേക്ക് വന്നാല്‍ ഫോണ്‍ മടക്കിനല്‍കാമെന്ന് ആദിത്യനും പറഞ്ഞു. 
''നിങ്ങള്‍ എവിടെയാണെന്നു പറയൂ ഞാന്‍ വരാം.'' അയാള്‍ ആവേശത്തോടെ ചോദിച്ചു. 
''റെയില്‍വേ പാതയ്ക്ക് അടുത്തുള്ള റോഡ്'' - ആദിത്യന്‍ അടയാളം പറഞ്ഞുനിര്‍ത്തുമ്പോള്‍ അയാള്‍ പിറ്റേന്നു വൈകിട്ട് എത്തിച്ചേരാമെന്ന് ഉറപ്പുനല്‍കി. 

അടുത്ത ദിവസം പുറപ്പെടാന്‍ നേരം ആദിത്യന്‍ അയാളുടെ ഫോണ്‍ ഗിസയെ ഏല്പിച്ചു. അന്നു കമ്പനിയിലെ ഒടുവിലത്തെ ദിനമാണ്. സുഹൃത്തുക്കളോട് യാത്രപറയണം, കുറച്ചു പണവും കിട്ടാനുണ്ട്. ഉച്ചയോടെ എത്തുമെന്ന് ഉറപ്പ് പറഞ്ഞു അയാളിറങ്ങി. 
''ഒരു മാസത്തിലധികമായി, വരുമ്പോള്‍ കിറ്റ് കൂടി വാങ്ങിക്കോ?'' വിരലുകള്‍ ഒരേ നിരയില്‍ നിവര്‍ത്തിപ്പിടിച്ചുകൊണ്ട് ഗിസ പറഞ്ഞു. അയാള്‍ ചെറുതായി ചിരിച്ചു. 

അന്ന് ആദിത്യന്‍ പിന്നെയും പുഴക്കരയിലെ ബാറില്‍ കയറി. നിരന്നിരിക്കുന്നവരില്‍ അയാളുണ്ടോയെന്നു സൂക്ഷം നോക്കി. രണ്ടു പെഗ്ഗ് കഴിച്ചു പുറത്തിറങ്ങി, ഒരു മനുഷ്യന്‍ പിടഞ്ഞു തീര്‍ത്ത ഇടത്തെ നോക്കി. ആ ടൗണില്‍ പ്രെഗ്നന്‍സി കിറ്റ് വാങ്ങാനായി ആദ്യം കയറിയ മരുന്നുകടയില്‍ ഒന്നുകൂടി ചെന്നു. ഒരെണ്ണം വാങ്ങി ബാഗില്‍ വച്ച് വീട്ടിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് എത്താമെന്നു പറഞ്ഞുവെങ്കിലും വൈകുന്നേരമേ എത്താന്‍ കഴിഞ്ഞുള്ളൂ. 

വീട്ടിലെത്തുമ്പോള്‍ ഇറയത്ത് അയാളിരിപ്പുണ്ട്. വിഷാദംകൊണ്ട് കണ്ണുകള്‍ കൂടുതല്‍ ഉള്ളിലേക്ക് താണിരുന്നു. താടിരോമങ്ങള്‍ കൂടുതല്‍ നരച്ച, ഭാരം കൂടുതല്‍ തൂങ്ങിയ ചുമലുകളുള്ള മനുഷ്യന്‍. ഗിസ ഉണ്ടാക്കിക്കൊടുത്ത കാപ്പി കഴിച്ച് നിലത്തേക്ക് തന്നെ നോക്കിയിരിപ്പായിരുന്നു അയാള്‍. ആദിത്യന്റെ വരവ് കണ്ടിട്ടെന്ന വണ്ണം എഴുന്നേറ്റുനിന്നു. ഒരു കൊല ചെയ്യാന്‍ കഴിയാത്തവണ്ണം അശക്തനായിരുന്നു ആ മനുഷ്യന്‍. ഇരുവരും കണ്ടുമുട്ടലിന്റെ നിമിഷത്തില്‍ പരസ്പരം അഭിവാദ്യം ചെയ്തു. 
''ആളെ കണ്ടില്ലേ?'' അകത്തേക്ക് ചെല്ലുമ്പോള്‍ ഗിസ ചോദിച്ചു.
''കണ്ടു.''
''ആള് കുറേ ദിവസം വിളിച്ചു കിട്ടിയില്ല എന്ന്.''

അതുപറഞ്ഞ് അവളാ ഫോണ്‍ ആദിത്യനു നല്‍കി. പിന്നെ ബാഗില്‍നിന്നു കിറ്റ് പുറത്തേക്കെടുത്തു ആദിത്യന്‍ ഫോണ്‍ പുറത്തേക്കു കൊണ്ടുവന്ന് അയാള്‍ക്കു നീട്ടി. അയാളത് ആര്‍ത്തിയോടെ വാങ്ങി. വിറയ്ക്കുന്ന കൈകളോടെ പൂട്ട് തുറന്നു. നഷ്ടമായതെന്തോ പരതി. പിന്നെയൊരു പാട്ട് പ്ലേ ചെയ്ത് ഫോണ്‍ ചെവിയോട് ചേര്‍ത്തുവച്ചു. ഒരു കുഞ്ഞിന്റെ ശബ്ദത്തിലുള്ള പാട്ട്. പൂവുകളില്ലാത്ത മുറ്റത്തുനിന്നും പൂമ്പാറ്റയുടെ പുറകേ പാഞ്ഞ് പൂന്തോട്ടത്തില്‍ എത്തുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു ആ പാട്ട്. ആ പാട്ട് മുറിഞ്ഞുപോകുമ്പോളൊക്കെ കൊഞ്ചുന്ന ശബ്ദത്തില്‍ അവളാരുടേയോ സഹായം തേടുന്നുണ്ട്. പാട്ടു കഴിയുമ്പോളേക്കും അയാള്‍ വിതുമ്പുന്നുണ്ടായിരുന്നു. പിന്നെ ഉറക്കെ കരഞ്ഞു. ഒരു പുരുഷന്‍ അത്രയും ഉറക്കെ കരയുന്നത് ആദിത്യനു കടിഞ്ഞൂല്‍ക്കാഴ്ചയായിരുന്നു. 

''മകളാണ്. മകളാണ്.'' ഉമിനീരൊട്ടിയ വായ തുറന്ന് ഇടയ്ക്ക് അയാള്‍ പറഞ്ഞു. കരച്ചിലടക്കാന്‍ നോക്കുമ്പോളൊക്കെ താടിരോമങ്ങളെ തുളച്ചുകൊണ്ട് അയാളുടെ ചുണ്ടുകള്‍ പുറത്തുചാടി. അല്പനേരം കഴിഞ്ഞു കൈകള്‍ പരത്തി കണ്ണുകളൊപ്പി.  മുറ്റത്തേക്കിറങ്ങി റബ്ബര്‍ ചെരിപ്പ് ധരിച്ചു. 

''നാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ.'' അത്രകൂടി പറഞ്ഞ് അയാള്‍ നടവഴിയിലേക്കിറങ്ങി. 
കാഴ്ചപ്പാടുകളില്‍നിന്നും അയാള്‍ മാഞ്ഞുപോയിട്ടും ആ നിലവിളി ഇറയത്തു അലച്ചുനിന്നു. മൃതിയെക്കുറിച്ചുള്ള മറ്റൊരോര്‍മ്മകൂടി വീടുകയറി പാര്‍ത്തു. ജനാലയഴികള്‍ക്കിടയില്‍ അയാള്‍ പോയവഴി നോക്കിനിന്നശേഷം ഗിസ കുളിമുറിയിലേക്ക് കയറി. ജനിയുടെ സമാന്തര രേഖകള്‍ തെളിയുന്നതും കാത്ത് ആദിത്യനിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com